Wednesday, February 26, 2014

ഇതും ഒരു പൂന്തോട്ടമാണ്. ഇവിടെ....


( ഫേസ് ബുക്കിലെ യാത്രാഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. )

ഞാനും  കൂട്ടുകാരനും തമ്മില്‍  ഉണ്ടാവുന്ന വഴക്കുകള്‍ ഏറിയ കൂറും  വേസ്റ്റ് എന്നതിനെപ്പറ്റിയാണ്. ഗൃഹഭരണത്തിലെ എന്‍റെ  ചില്ലറയും ചിലപ്പോള്‍  ഗുരുതരവുമായ വീഴ്ചകള്‍,  അനിയന്ത്രിതമായ  ചില കൊതികള്‍, ചില വാശികള്‍  ഒക്കെ ആവശ്യത്തിലുമധികം വേസ്റ്റ്  ഉണ്ടാക്കുന്നു എന്ന കാരണം കൊണ്ട് പലപ്പോഴും അതിനിശിതമായി വിമര്‍ശിക്കപ്പെടാറുണ്ട്.  ന്യായീകരണമൊന്നും എഴുന്നള്ളിക്കാന്‍  കിട്ടാത്തപ്പോള്‍ ഞാന്‍ ഒരു സ്കൂള്‍ക്കുട്ടിയെപ്പോലെ  ങീ .. ങീ  എന്ന് കരഞ്ഞു  കാണിക്കുകയും  അല്ലാത്തപ്പോള്‍ ഒരു പെണ്‍ പുലിയെപ്പോലെ ഉഗ്രമായി  ചീറുകയും ചെയ്യും.  ഈ രണ്ടടവിലും  കൂട്ടുകാരന്‍  തികച്ചും അസ്തപ്രജ്ഞനാവാറാണ് പതിവ് .  

ഇമ്മാതിരിയുള്ള ഒരു ഉശിരന്‍ തര്‍ക്കത്തിനിടയിലാണ് പൊടുന്നനെ അതു  നിറുത്തി   പെട്ടെന്ന് പുറപ്പെടൂ,  നമുക്ക് ചണ്ഡീഗഡ് വരെ പോവാം.. എന്ന് പറഞ്ഞതും ഞാന്‍ ചടപെടേന്ന് തയാറായതും. അക്കാലങ്ങളില്‍  കുറച്ചു  പ്രോജക്ടുകള്‍ ഹിമാചലില്‍ നടക്കുന്നുണ്ടായിരുന്നു. പലപ്പോഴും സോലാനിലേക്കും ചൈലിലേക്കും മറ്റും പോകുന്ന വഴി  ചണ്ഡീഗഡ്  ബസ് സ്റ്റാന്‍ഡില്‍ പാതിരാത്രികളിലെത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും ആ  നഗരത്തില്‍  സമാധാനമായി ഒട്ടും  സമയം ചെലവാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യയിലെ  ആദ്യത്തെ പ്ലാന്‍ഡ്  സിറ്റിയാണ് ചണ്ഡീഗഡ്. 1951ല്‍ ലെ കൊര്‍ബ്യൂസിയര്‍ എന്ന ഫ്രഞ്ച്  ആര്‍ക്കിടെക്റ്റിന്‍റെ വീക്ഷണത്തില്‍ ചെയ്യപ്പെട്ട  നഗര സംവിധാന രീതിയാണ് ചണ്ഡീഗഡിലുള്ളത്. പിയറി ജനേററ്റ്, മാക്സ് വെല്‍ ഫ്രൈ ,ജയിന്‍ ഡ്രൂ  തുടങ്ങിയ വാസ്തുശില്‍പികളും ഈ നഗര സംവിധാനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

തണുപ്പ് കാലമായിരുന്നു. ഉത്തരേന്ത്യയുടെ തണുപ്പ്  ഒട്ടും ആര്‍ദ്രമല്ല.  തൊലിയും ചുണ്ടുകളും ഒരു നീറ്റലോടെ പൊട്ടിക്കുന്ന മുരടന്‍ തണുപ്പാണവിടെയുള്ളത്. സവാള തണുപ്പുകാലത്ത് ചൂടു നല്‍കിയും  ചൂടു കാലത്ത്  തണുപ്പ്  നല്‍കിയും ചര്‍മ സംരക്ഷണം ചെയ്യുന്നതായി ഉത്തരേന്ത്യക്കാര്‍ പൊതുവേ  വിശ്വസിക്കുന്നു.  സവാള  ഒരു പൊതു  തെരഞ്ഞെടുപ്പ്  പ്രശ്നമായിപ്പോലും വളരുന്നത്    ഉത്തരേന്ത്യന്‍ കാലാവസ്ഥയുമായി ഇത്രമാത്രം  അഭേദ്യമായി  അത്  ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. 

ദില്ലിയിലെ  ഐ എസ് ബി ടി യില്‍ നിന്ന് ബസ്സില്‍ കയറുമ്പോള്‍  ഷട്ടറുകള്‍ താഴ്ത്തിയിട്ട ബസ്സിലാകെ സവാളയുടെ മണം  പരന്നിരുന്നു.  രാത്രി ഭക്ഷണമായ റൊട്ടിക്കൊപ്പം  എല്ലാവരും പൊക്കണ കണക്കിനു സവാള  അകത്താക്കിയിട്ടുണ്ട്. അതും  നോര്‍ത്തിന്ത്യന്‍  ബസ്  യാത്രയുടെ  ഭാഗമാണ്. ഇടയ്ക്കിടെ  പരക്കുന്ന അസഹ്യമായ  ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍  ഇത്തിരി  നേരം  വിന്‍ഡോ  ഷട്ടറുകള്‍ തുറക്കുക മാത്രമേ വഴിയുള്ളൂ.അപ്പോള്‍   സൂചി  പോലെ കുത്തുന്ന തണുപ്പ് അതിന്‍റെ  രാക്ഷസീയമായ  വായ് മലര്‍ക്കേ തുറന്ന് നമ്മളെ  വിഴുങ്ങും. 

സോക്സും ഷൂസും സ്വറ്ററും ഷാളും തൊപ്പിയുമെല്ലാമായി  ഞങ്ങള്‍  സീറ്റില്‍  ചുരുണ്ടു കൂടി. പാട്ട  ബസ്സ്  തുമ്മിയും ചുമച്ചും   അതിന്‍റെ യാത്ര  ആരംഭിച്ചു. ഇരുനൂറ്റന്‍പതു കിലോ മീറ്റര്‍ ഓടിത്തീര്‍ക്കാന്‍  നാലഞ്ചു മണിക്കൂറുകള്‍  എടുക്കാതിരിക്കില്ല. പാനിപ്പത്തും  കുരുക്ഷേത്രവും അമ്പാലയും  ഒക്കെ  പിന്നിട്ട്   അവിടെയെത്തുമ്പോഴേക്കും  നേരം പുലരും. 

ഹിന്ദു  ദേവതയായ ചണ്ഡിയുടെ  താമസ്ഥലമാണ് ചണ്ഡീ ഗഡ്. വടക്കു പടിഞ്ഞാറന്‍ ഹിമാലയത്തിന്‍റെ  തുടര്‍ച്ചയായ ശിവാലിക് ഗിരിനിരകളുടെ  താഴ്വരയിലാണ് ഈ നഗരം . സമുദ്രനിരപ്പില്‍  നിന്ന്  ഏകദേശം  ആയിരം മീറ്റര്‍ ഉയരത്തില്‍. ജമ്മുവിലും സിംലയിലും മഞ്ഞ് വീണാല്‍ ചണ്ഡീഗഡ്  കിടുകിടാ എന്ന്  കുളിര്‍ന്നു വിറക്കും.  അതേ സമയം  ചൂടു കാലത്താവട്ടെ 42‍ 44  ഡിഗ്രിയോളം  ചൂടില്‍  വറന്ന് പൊരിയുകയും ചെയ്യും.

നമുക്ക് സ്വാതന്ത്ര്യം കിട്ടിയ  കാലത്താണ് ചണ്ഡീഗഡ് പിറക്കുന്നത്. കെ  എ അബ്ബാസിന്‍റെ നോവലായ സാഥ് ഹിന്ദുസ്ഥാനിയില്‍  പഞ്ചാബിന്‍റെ  ആ വിഭജനത്തെപ്പറ്റിയും  ഇന്ത്യയുടെ പഞ്ചാബ്  പ്രദേശത്തു നിന്ന് മുറിച്ചെടുക്കപ്പെട്ട ഹര്യാനയെപ്പറ്റിയും ചണ്ഡീഗഡ്  പഞ്ചാബിന്‍റെയും  ഹര്യാനയുടെയും തലസ്ഥാനമാകുന്നതിനെപ്പറ്റിയും ഒക്കെ പരാമര്‍ശങ്ങളുണ്ട്. ആ നോവല്‍  അതേ പേരില്‍ ഹിന്ദി  സിനിമയായപ്പോള്‍ നമ്മുടെ  മധു അതില്‍ അഭിനയിച്ചു. അമിതാബ്  ബച്ചന്‍റെ  ആദ്യത്തെ പടവും  അതായിരുന്നു. 

ലെ കോര്‍ബ്യൂസിയര്‍  എന്ന ഫ്രഞ്ചു വാസ്തു ശില്‍പിയുടെ തുറന്ന കൈ ശില്‍പങ്ങള്‍ എന്ന  ആശയ ത്തിലെ  26  മീറ്റര്‍  ഉയരമുള്ള ഏറ്റവും വലിയ  ശില്‍പം  ചണ്ഡീഗഡിലാണുള്ളത്. അദ്ദേഹത്തിന്‍റെ  അടയാളമാണ്  തുറന്ന കൈ. സ്വീകരിക്കുയും നല്‍കുകയും ചെയ്യുന്ന ആശയങ്ങളെ തുറന്ന കൈ  പ്രതിനിധീകരിക്കുന്നു.  

റോഡുകളാണ് ചണ്ഡീഗഡിന്‍റെ നാഡികള്‍. തിരശ്ചീനമായ  പാതകള്‍ തെക്കുകിഴക്കായും ലംബമായ  പാതകള്‍ വടക്കു  പടിഞ്ഞാറായും  അടയാളപ്പെടുത്തിയിരിക്കുന്നു.  മിക്കവാറും  റോഡുകളൂടെ ഇരുവശങ്ങളിലും  മരങ്ങള്‍  വെച്ചു പിടിപ്പിക്കപ്പെട്ടിട്ടുണ്ട്.  ആലുകളുടേയും യൂക്കാലിപ്റ്റസിന്‍റേയും അശോകമരങ്ങളുടെയും മള്‍ബെറിയുടേയുമായി  പച്ചച്ച  ചണ്ഡീഗഡില്‍  പൂന്തോട്ടങ്ങള്‍  അനവധിയാണ്.  

നഗരത്തില്‍ എവിടെ എന്ത് എങ്ങനെ  എന്നൊക്കെ കൃത്യമായി  അടയാളപ്പെടുത്തപ്പെട്ടിട്ടൂണ്ട്. ഉദാഹരണത്തിനു പല സെക്ടറുകളായി തിരിക്കപ്പെട്ട  നഗരത്തിലെ ഹരിതമേഖലകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. 7  V  കളെന്ന് അറിയപ്പെടുന്ന പ്രധാന റോഡുകളില്‍  V1, V2, V3, V4 എന്നിവയില്‍ മാത്രമേ  ബസ്സ് ഗതാഗതം ഉള്ളൂ. സെക്ടര്‍  17  ലെ  സെന്‍റര്‍ പ്ലാസയിലും വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. നഗരത്തില്‍  വ്യക്തികളൂടെ  പ്രതിമകള്‍ സ്ഥാപിക്കുന്നതിലും വിലക്കുണ്ട്. ക്യാപിറ്റോള്‍ കോമ്പ്ലക്സിന്‍റെ വടക്കു  ഭാഗത്ത് മറ്റു കെട്ടിടങ്ങള്‍  നിര്‍മ്മിക്കാന്‍  പാടില്ല. 

നഗരശിരസ്സായി ക്യാപിറ്റോള്‍ കോമ്പ്ലക്സിനേയും ഹൃദയമായി  സിറ്റി സെന്‍ററിനേയും ശ്വാസകോശങ്ങളായി  ലെഷര്‍  വാലി പൂന്തോട്ടത്തേയും കൈകാലുകളായി  വിവിധ  വിദ്യാഭ്യാസ സാംസ്ക്കാരിക സ്ഥാപനങ്ങളേയും രക്തചംക്രമണമായി റോഡുകളേയുമാണത്രേ  കൊര്‍ബ്യൂസിയര്‍  ഭാവനയില്‍  കണ്ടത്. ആ  സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചു.  

സെക്ടര്‍  ഒന്നില്‍ നിന്നാരംഭിച്ച്  സെക്ടര്‍ 53  വരെ നീളുന്ന  എട്ട് കിലോ മീറ്ററോളമുള്ള  ലെഷര്‍ വാലി പൂന്തോട്ടത്തെ പോലെ അനവധി പൂന്തോട്ടങ്ങള്‍    നഗരത്തിലുണ്ട്. സെക്ടര്‍  ഒന്നിലെ രാജേന്ദ്രപാര്‍ക്ക്, സെക്ടര്‍ മൂന്നിലെ ബോഗയിന്‍  വില്ല ഗാര്‍ഡന്‍,  സെക്ടര്‍  16 ലെ  റോസ് ഗാര്‍ഡന്‍, ശാന്തി കുഞ്ജ്,  സെക്ടര്‍ 36 ലെ ചെമ്പരത്തിപ്പൂന്തോട്ടം, സുഗന്ധപ്പൂന്തോട്ടം,  സെക്ടര്‍  33 ലെ  പാട്ടുപാടുന്ന ഫൌണ്ടനുള്ള  ടെറസ്സ് ഗാര്‍ഡന്‍  അങ്ങനെ അനവധി അനവധി  നയനമനോഹരമായ തോട്ടങ്ങള്‍. .. എവിടെത്തിരിഞ്ഞു നോക്കിയാലും പൂക്കളും പച്ചച്ച  മരങ്ങളും ഇലകളുമായി  ചണ്ഡീഗഡ്  കണ്ണുകള്‍ക്ക് മറക്കാനാവാത്ത കുളിര്‍മ  നല്‍കുന്നു. 

 ചെടികളും  പൂക്കളും  കൊണ്ടല്ലാതെ  നിര്‍മ്മിക്കപ്പെട്ട   സവിശേഷമായ  ഒരു  തോട്ടം ചണ്ഡീഗഡിലുണ്ട്.   ഒറ്റയാളിന്‍റെ  അധ്വാനം.    അധ്വാനം  അദ്ദേഹം  പതിനെട്ട് വര്‍ഷത്തോളം  ഇത്രയും  പ്ലാന്‍ ചെയ്ത്  നിര്‍മ്മിക്കപ്പെട്ട  ഒരു  നഗരത്തിന്‍റെ  അധികൃതരില്‍  നിന്ന് മറച്ചു വെച്ചു.  ചെറിയ  ഒരു തോട്ടമായിരുന്നില്ല  അത്. അധികൃതരുടെ  കണ്ണില്‍പ്പെടുമ്പോഴേക്ക്    തോട്ടത്തിന്‍റെ വിസ്തീര്‍ണം  ഏകദേശം പന്ത്രണ്ട് ഏക്കറോളമായിരുന്നു. ഇപ്പോഴത് നാല്‍പത്  ഏക്കറിലേക്ക് വളര്‍ന്നു  കഴിഞ്ഞു. ലെ കൊര്‍ബ്യൂസിയര്‍ നിര്‍മ്മിച്ച സുഖ്നാ ലേക്കിന്‍റെ  തീരത്താണ്  തികച്ചും വ്യത്യസ്തമായ ആ പൂന്തോട്ടം. 

ആ തോട്ടം നേക്ചന്ദിന്‍റെ റോക് ഗാര്‍ഡന്‍  എന്നറിയപ്പെടുന്നു.

അതൊരു വിചിത്രലോകമായിരുന്നു. അതുണ്ടാക്കിയിരുന്നത്  വ്യവാസായികമായ മാലിന്യങ്ങള്‍ കൊണ്ടായിരുന്നു,  വീടുകളിലെ മാലിന്യം  കൊണ്ടായിരുന്നു,  കെട്ടിട നിര്‍മ്മാണത്തിലെ  മാലിന്യം കൊണ്ടായിരുന്നു.  

എനിക്ക് ഒരു അടി കിട്ടിയതുമാതിരി തോന്നി. 

മാലിന്യം സൃഷ്ടിക്കുന്നതില്‍  യാതൊരു  ന്യായീകരണവുമില്ലെന്ന്  എനിക്ക്  മനസ്സിലായി. അത് വീഴ്ചകൊണ്ടായാലും കൊതികൊണ്ടായാലും വാശികൊണ്ടായാലും അജ്ഞതകൊണ്ടായാലും.. 

പ്രപഞ്ചത്തിനോടും  സഹജീവികളോടും ഉത്തരവാദിത്തമുള്ളവര്‍ ഏറ്റവും കുറച്ച് മാലിന്യമേ സൃഷ്ടിക്കു. ഏറ്റവും കുറച്ച്  ഉപഭോഗമേ  നടത്തൂ..  

വളകള്‍, കുപ്പികള്‍, ഇലക്ട്രിക്കല്‍  അവശിഷ്ടങ്ങള്‍, സിങ്കുകള്‍, പൊട്ടിയ റ്റൈലുകള്‍, കുപ്പി പിഞ്ഞാണങ്ങള്‍,  ഗ്ലാസ്സുകള്‍ ... എന്നു വേണ്ട  കൈയില്‍ തടയുന്ന എന്തും  നേക്ചന്ദ്  ശില്‍പങ്ങളാക്കി  മാറ്റിയിട്ടുണ്ട്. വല്ലഭനു പുല്ലുമായുധം  എന്നു  പറയുന്നതു  ചുമ്മാതല്ല.  ആ ശില്‍പങ്ങളുടെയും അവയ്ക്കിടയിലൂടെ ഒഴുകുന്ന അനവധി കൊച്ചരുവികളുടെയും  പലതരം മനോഹരപുഷ്പങ്ങളുടെയും  മധ്യത്തില്‍  നില്‍ക്കുമ്പോള്‍  ഞാന്‍  ഒരാള് വിചാരിച്ചാല്‍  എന്താവാനാ, ഈ ലോകത്തിലെ  വല്ലതും  മാറ്റാന്‍ പറ്റ്വോ   എന്ന സാധാരണമായ വിഡ്ഡിച്ചോദ്യത്തിന്‍റെ  നിരര്‍ഥകതയും എല്ലാ  ജീര്‍ണ വ്യവസ്ഥകളോടുമുള്ള സമരസപ്പെടലും  നമുക്ക്  ശരിക്കും ബോധ്യമാകും.

ഒഴിവു സമയത്ത്  വേസ്റ്റ്  ശേഖരിക്കുകയും  സുഖ്നാലേക്കിനടുത്ത വലിയൊരു  പാറവിളുമ്പില്‍ അവയെ  കലാപരമായി സജ്ജീകരിക്കുകയുമായിരുന്നു നേക് ചന്ദ്. 1902ല്‍ തന്നെ സംരക്ഷിത വനമായി രേഖപ്പെടുത്തപ്പെട്ട ആ  പാറവിളുമ്പുള്‍പ്പെട്ട വനത്തില്‍  കെട്ടിടങ്ങള്‍  ഒന്നും  നിര്‍മ്മിക്കുവാന്‍  കഴിയുമായിരുന്നില്ല. അധികാരികളുടെ അലസമായ ഈ   അശ്രദ്ധയിലാണ് നേക്ചന്ദ്  തന്‍റെ  മനോഹരമായ ശില്‍പപ്പൂന്തോട്ടം സജ്ജീകരിച്ചത്.  1957ല്‍ ഈ പൂന്തോട്ടം നിര്‍മ്മിച്ചു തുടങ്ങിയെങ്കിലും അധികാരികള്‍ തോട്ടത്തെ  കണ്ടെത്തിയത് 1975ലായിരുന്നു. കണ്ടെത്തിയ  നിമിഷം തന്നെ പൊളിച്ചു കളയല്‍ ഭീഷണിയും  ബുള്‍ഡോസറുമായി അവര്‍ രംഗത്തെത്തി.  എന്നാല്‍ ആ  ശില്‍പസൌകുമാര്യം  നുകര്‍ന്ന പൊതുജനങ്ങളുടെ അതിരില്ലാത്ത ആശ്ചര്യവും ഉറച്ച പിന്തുണയും നേക്ചന്ദിനെ  തുണച്ചു. പരിമിതമായ ജനാധിപത്യം പുലരുന്ന നമ്മുടെ  നാട്ടില്‍, ഒരല്‍ഭുതം  പോലെ തികച്ചും പൊതുജനഹിതത്തിനു വഴങ്ങി അതൊരു  പാര്‍ക്കായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍   നിര്‍ബന്ധിതമായി  ..  അതിനുശേഷം സര്‍ക്കാര്‍ സഹായത്തോടെ  തന്നെ മാലിന്യം ശേഖരിക്കാന്‍ നേക്ചന്ദ്  നഗരത്തിന്‍റെ  പലഭാഗങ്ങളില്‍ സ്ഥാപനങ്ങളെ   ഏര്‍പ്പാടു ചെയ്തു.  

എന്നോ മണ്‍ മറഞ്ഞ് പോയ ഒരു സാങ്കല്‍പിക രാജധാനിയുടെയും ( സുഖ്റാണി )  നഗരത്തിന്‍റേയും പ്രതീതി  നല്‍കുന്ന  മട്ടിലൊരു ശില്‍പീകരണമാണ് റോക് ഗാര്‍ഡനിലുള്ളത്. വളച്ചു  വാതിലുകളും നടവഴികളും ഒട്ടനവധി പടിക്കെട്ടുകളും നീര്‍ച്ചോലകളും  അവിടെ  നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. നടുമുറ്റങ്ങളും  പോര്‍ച്ചുകളും ആംഫി തിയേറ്ററും ഒരു  ആധുനിക ഗ്രാമത്തിന്‍റെ മാതൃകയും   മറ്റും  വേറെയുമുണ്ട്.  എല്ലാം കുപ്പികളുടെ  അടപ്പുകള്‍  കൊണ്ട്...മഡ്ഗാഡുകൊണ്ട് , സൈക്കിളീന്‍റെ  ഹാന്‍ഡില്‍  ബാറുകൊണ്ട്.. ഇലക്ട്രിക്കല്‍  വയറുകളും  ഫിറ്റിംഗുകളും കൊണ്ട്.. എന്തിനധികം  കൈയില്‍ കിട്ടിയ  ഏതു  വേസ്റ്റുകൊണ്ടും നേക്ചന്ദ്  ആകര്‍ഷകമായ സൌന്ദര്യം ചമച്ചിട്ടുണ്ട്  ... ഏകദേശം അയ്യായിരത്തിലധികം ഇത്തരം  ശില്‍പങ്ങള്‍ ആ പൂന്തോട്ടത്തെ  അലങ്കരിക്കുന്നു. 

ജീവ പരിണാമത്തിലെ സൂക്ഷ്മജീവിതം  മുതല്‍  വന്‍ ജന്തുക്കളുടെ ശരീര മാതൃകകള്‍  വരെ  റോക് ഗാര്‍ഡനില്‍ നേക്ചന്ദ് സൃഷ്ടിച്ചിട്ടുണ്ട്.  ശരിക്കും ഒരു  വാസ്തുവിദ്യാ വിസ്മയമാണീ  പൂന്തോട്ടം. ദിവസം  ആയിരക്കണക്കിനു മനുഷ്യര്‍  ഇവിടം സന്ദര്‍ശിക്കുന്നു. ഈ  വിസ്മയത്തിനു മുന്നില്‍  കണ്ണും മിഴിച്ചു  നില്‍ക്കുന്നു. 

ഞാനും നിന്നു. 

തൊട്ടപ്പുറത്താണ് താറാവുകൂട്ടങ്ങളും സൈബീരിയന്‍ കൊക്കുള്‍പ്പടെയുള്ള ദേശാടനക്കിളികളും നീന്തുന്ന സുഖ്നാ തടാകം. മനോഹരമായ  ഒരു കാഴ്ചയായിരുന്നു  തടാകം  സമ്മാനിച്ചത്. ശിവാലിക് കുന്നുകളിലൂടെ ഒഴുകി വരുന്ന  നീര്‍ച്ചോലകളെ അതി സമര്‍ഥമായി ഉപയോഗിച്ച്  ലെ കൊര്‍ബ്യൂസര്‍  സംവിധാനം  ചെയ്ത കൃത്രിമത്തടാകമാണത്. ചുവപ്പുരാശിയുടെ പൊന്‍പൊടി വിതറുന്ന  സൂര്യാസ്തമയത്തെയും ഇരുണ്ട കാര്‍മേഘം മൂടിയ  വിദൂര ചക്രവാളത്തേയും മഴവില്ലു വിരിയുന്ന  തുഷാരബിന്ദുക്കളില്‍ നനഞ്ഞ പുലര്‍ കാലത്തേയും    തടാകക്കരയിലിരുന്ന് ചണ്ഡീഗഡ്  നഗരം  ആസ്വദിക്കുന്നു.  

നഗര ശില്‍പികളായിരുന്ന കൊര്‍ബ്യൂസറിന്‍റെ  ടീം  സുഖ്നാ തടാകത്തിനോട്  എന്തുമാത്രം  അടുപ്പം പുലര്‍ത്തിയിരുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമായി ടീമിലെ  വാസ്തുശില്‍പിയായിരുന്ന പിയേറി ജനറേറ്റിന്‍റെ ചിതാഭസ്മം സുഖ്നാ ലേക്കിലൊഴുക്കിയത് എപ്പോഴും ചൂണ്ടിക്കാണിക്കാപ്പെടാറുണ്ട്. അതുമാതിരിയുള്ള  ചൂണ്ടിക്കാണിക്കലുകളില്‍ എനിക്കത്ര വിശ്വാസമൊന്നും തോന്നിയില്ലെങ്കിലും ആ തടാകത്തിന്‍റെ നിര്‍മ്മാണവും അതിന്‍റെ  സംരക്ഷണത്തിനായി ആ  വാസ്തുശില്‍പികള്‍ ചെയ്തിരിക്കുന്ന ആസൂത്രണങ്ങളും അനന്യമെന്ന് സമ്മതിക്കാതെ തരമില്ല. തടാകത്തിനു ചുറ്റും വാഹന ഗതാഗതം നിരോധിച്ചതും , ചെളിയടിയാതെ നീര്‍ച്ചോലകള്‍ക്ക് ഒരു വിശാലമായ ക്യാച്മെന്‍റ്  ഏരിയ നിര്‍മ്മിച്ച്  എപ്പോഴും   വെള്ളത്തിന്‍റെ  ഒഴുക്ക്  സുഗമമാക്കാന്‍  ശ്രമിച്ചതും  തീര്‍ച്ചയായും അഭിനന്ദനം  അര്‍ഹിക്കുന്ന വിദൂരവീക്ഷണങ്ങളാണ്. 

ഒരു നഗരം സംവിധാനം ചെയ്യുന്നത് ഏറ്റവുമടുത്ത  ഭാവിയിലെ നൂറു കൊല്ലങ്ങളെയെങ്കിലും  കണക്കിലെടുത്തുകൊണ്ടാവണമല്ലോ  അല്ലേ..

Friday, February 21, 2014

ജീവിതത്തിന്‍റെ ബാന്‍ ഡ് വിഡ് ത്തില്‍ ഒരു കാക്ക


കാക്ക ഇല്ലാത്ത ഒരിടമുണ്ടോ ഈ ദുനിയാവിലെന്ന് നമുക്ക് സംശയം തോന്നും.  പ്രത്യേകിച്ചും  ഒരു  മലയാളിക്ക്. കാക്കേ കാക്കേ കൂടെവിടെ  എന്ന്  കുഞ്ഞുവാവ അരിപ്പല്ലു കാട്ടി  കൊഞ്ചിച്ചോദിക്കുന്നതു  മുതല്‍ ബലിച്ചോറു കൊടുത്ത്    ഭൂമിയില്‍ നിന്നൊരു ആത്മാവിനെ യാത്രയയക്കും വരെ കാക്ക ഒപ്പമുണ്ടാകുന്നു.  നമ്മുടെ ജീവിതവുമായി ഇത്ര നിരന്തരമായ ബന്ധം  പക്ഷികളില്‍ കാക്ക മാത്രമേ വെച്ചു പുലര്‍ത്തുന്നുള്ളൂ. ആ  നിലയ്ക്ക്  പുസ്തകത്തിന്‍റെ തലക്കെട്ട്  മനുഷ്യജീവിതത്തിന്‍റെ തന്നെ  ആകെത്തുകയായി മാറുന്ന ഒരു  പരാമര്‍ശമായിത്തീരുന്നു. 

പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണി  അവതാരിക എഴുതിയ ഈ പുസ്തകത്തെപ്പറ്റി  യഥാര്‍ഥത്തില്‍  കൂടുതല്‍  പരിചയപ്പെടുത്തലൊന്നും ആവശ്യമില്ല. കാരണം  പുസ്തകമെന്താണെന്ന്  അദ്ദേഹം തന്നെ  വളരെ വ്യക്തമാക്കി വിശദീകരിക്കുന്നുണ്ട്.  അതുകൊണ്ടു തന്നെ വായനക്കാരി എന്ന  നിലയില്‍  ആസ്വാദകപക്ഷത്തു നിന്ന്  നടത്തുന്ന ഒരു  ചെറിയ  പരിശ്രമം മാത്രമാണീ  കുറിപ്പ്. എല്ലാറ്റിനെപ്പറ്റിയും എടുത്ത് പറഞ്ഞ്  ആസ്വാദനം വായിച്ചാല്‍  മതി, സിനിമ കാണേണ്ടതില്ല എന്ന നിലയിലുള്ള ഒരു  വിശദീകരണം ഈ കുറിപ്പിലില്ല.  പുസ്തകത്തിലെ ചില  കഥകള്‍  മാത്രം എന്‍റെ കണ്ണിലൂടെ..  ബാക്കി  കഥകള്‍ വായനക്കാരുടെ കണ്ണിലൂടെ തന്നെയാവണം.. പൂസ്തകം തരുന്ന ഊര്‍ജ്ജം വലിച്ചെടുക്കാന്‍ വായനക്കാരോരുത്തരും  ബാധ്യസ്ഥരാണല്ലോ ...  

ജീവിതത്തിന്‍റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക എന്ന പേരില്‍ എഴുതപ്പെട്ടിട്ടുള്ള ഒരു  കഥയുണ്ട് ഈ സമാഹാരത്തില്‍. ബന്ധങ്ങളിലെ ഇഴയടുപ്പം തിരിച്ചറിയാന്‍  പോലും കഴിവില്ലാത്തവരാണ് സാധാരണയായി  മനുഷ്യര്‍. അവര്‍ക്കത്   ബോധ്യമാകുന്നത്  ഒരിക്കലും തിരികെ കിട്ടാത്ത വിധം ബന്ധങ്ങള്‍  നഷ്ടമാകുമ്പോള്‍ മാത്രമാണ്. നഷ്ടമായതിനെ തിരികെ ലഭിക്കുന്നുവെന്ന പ്രതീതി നേടുവാന്‍ ഏതൊരു അസാധാരണ ബിംബത്തേയും  മനുഷ്യമനസ്സ്  കൂട്ടുപിടിക്കും. ഈ കഥയിലെ കമലമ്മയ്ക്ക് അതൊരു അചേതന വസ്തുവായ റേഡിയോ ആണ്...ഒരു  സചേതന സാന്നിധ്യമായ കാക്കയും. പ്രത്യേകിച്ച് വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടല്‍  കൂടി  ചിത്രീകരിക്കുമ്പോള്‍...കാക്കയില്‍  മരിച്ചവരുടെ സാന്നിധ്യം ആരോപിക്കുന്നത് നമ്മുടെ  സംസ്ക്കാരവുമാണ്.  ഇത്ര  വിശദമാക്കാതെ പറയാതെ പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍  സുന്ദരമാകുമായിരുന്നില്ലേ  എന്നും രണ്ടാം  വായനയില്‍ സംശയം  തോന്നുന്നുണ്ട്.  എങ്കിലും ജീവിതം അവരെ കടന്നുപോയവരുടെ ഈ  കഥ വായനക്കാരെ  നൊമ്പരപ്പെടുത്തുന്നു .  കൈമള്‍ എന്ന ഭര്‍ത്താവും  കമലമ്മ  എന്ന ഭാര്യയും സ്നേഹത്തിന്‍റെ പുതിയൊരു ഭാഷ്യം തീര്‍ക്കുന്നു. മക്കള്‍ അറിയാതെ പോകുന്ന  അച്ഛനമ്മമാരെ  വായനക്കാര്‍  തീവ്ര വേദനയോടെ തിരിച്ചറിയുകയും ചെയ്യുന്നു.

ഹോളോബ്രിക്സില്‍  വാര്‍ത്തെടുത്ത  ഒരു ദൈവം എന്ന കഥയില്‍  അല്‍പം പോലും വിപണനസാധ്യതയില്ലാത്ത വെറും മനുഷ്യത്വത്തിനെപ്പറ്റിയാണ്  കഥാകൃത്ത്  പറയുന്നത്. എന്തുകണ്ടാലും ഒന്നും തോന്നാത്ത കുറെ മനുഷ്യര്‍ ലോകത്തില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു. വേച്ചു വേച്ചു നടന്നു പോകുന്ന അമ്മൂമ്മമാരുടെ ഏകാന്തമായ ലോകം... ജീവിതത്തിന്‍റെ അവസാനകാലത്തെത്തി നില്‍ക്കുന്ന അവരെയും  തങ്ങളുടെ ബിസിനസ്  വലുതാക്കാന്‍ എങ്ങനെ  ഉപയോഗിക്കാമെന്ന് അന്വേഷിക്കുന്ന വര്‍ത്തമാനകാലത്തിന്‍റെ  കൊടും ക്രൂരതകളോടും  നൃശംസതകളോടും ഇടപെടേണ്ടി വരുമ്പോള്‍ ഈ കഥയും ഇതിലെ കഥാപാത്രങ്ങളും മിഴിവോടെ മനസ്സില്‍ തെളിയുകയും നന്മയുടെ ഒരു തിരിവട്ടമെങ്കിലും ഉള്ളിലുണ്ടാവണമെന്ന് നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു. മാലാഖ പോലെയുള്ള നഴ്സിന്‍റെ തെളിമയുള്ള ചിത്രീകരണം നന്മകൊണ്ടു മാത്രമേ തിന്മയെ ജയിക്കാനാവൂ എന്ന കഥാകൃത്തിന്‍റെ വിശ്വാസമായും വായിക്കാം.

ഒരു എക്സ് റേ  മെഷീന്‍റെ  ആത്മഗതമെന്ന് പേരിട്ട  കഥയിലെ  യന്തിരന്‍ പേച്ചായി  കുഞ്ഞിന്‍റെ  കഷ്ടപ്പാടാണ് തെളിഞ്ഞു വരുന്നത്. മനുഷ്യരുടെ  നെഞ്ചിന്‍ കൂടും   നിശ്വാസങ്ങളുമെല്ലാം  ചേര്‍ന്നു നില്ക്കുന്ന ഒരു എക്സ് റെ  മെഷീന് മനുഷ്യരെപ്പറ്റിയും ആധികാരികമായി പറയുവാനായേക്കും. ഒത്തിരി ഗവേഷണങ്ങള്‍ ഒക്കെ ചെയ്ത് മെഷീനുകള്‍ക്ക് ബുദ്ധിയും വികാരങ്ങളുമുണ്ടാക്കാന്‍   ശ്രമിക്കുന്നുണ്ട്  ശാസ്ത്രജ്ഞന്മാര്‍ പലരും.  യഥാര്‍ഥത്തില്‍ മനുഷ്യര്‍ക്ക്  മറ്റു മനുഷ്യരേയോ മനുഷ്യകുഞ്ഞുങ്ങളെപ്പോലുമോ  ആവശ്യമേയില്ല  എന്നു തോന്നും ചിലരെ കാണുമ്പോള്‍ ... അവര്‍ക്ക് പറ്റിപ്പോയ ഒരു ശാരീരിക അബദ്ധം  മാത്രമായിരുന്നു കുഞ്ഞുങ്ങള്‍ എന്നും തോന്നും...പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഈ കഥയില്‍ എല്ലാവരുടെ വശവും അവതരിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും കുഞ്ഞിന്‍റെ നിസ്സഹായതയും അനാഥത്വവും  മനസ്സിനെ  വല്ലാതെ സ്പര്‍ശിക്കും.  വര്‍ത്തമാനത്തിന്‍റെ രീതിയില്‍ പ്രത്യേകമായ ശൈലിയുപയോഗിച്ച്  എഴുതിയതുകൊണ്ട് ചിലര്‍ക്കെങ്കിലും വായന അല്‍പം ക്ലിഷ്ടമായിത്തോന്നിക്കൂടെന്നില്ല.

നിങ്ങളില്‍  പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നായിരുന്നു യേശു പറഞ്ഞത്. അരൂപിയുടെ തിരുവെഴുത്തുകള്‍ വായിക്കുമ്പോള്‍  എന്താണ് പാപമെന്ന് പിന്നെയും പിന്നെയും ആലോചിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. ഉപബോധമനസ്സില്‍ പോലും സഹായ മനസ്ഥിതി വെച്ചു പുലര്‍ത്തുന്ന മരിയയെപ്പോലെയുള്ള  ഒരു  മനസ്സിനുടമ പാപിയാകുന്നതെപ്പോഴാണ്?  വായിച്ചു  കഴിയുമ്പോള്‍ ഒരു പാതിരാകുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസിയെ പോലെ മനസ്സിനെ വിമലീകരിക്കുന്നു ഈ കഥ. തിരുപ്പിറവിയുടെ നന്മയില്‍ അവതരിപ്പിക്കപ്പെടുന്ന  കഥയിലെ അന്തരീക്ഷവും  വായനക്കാരെ  തൊടാതെ കടന്നുപോവുകയില്ല. ജീവിതത്തിന്‍റെ  തീക്ഷ്ണ ഗന്ധം കഥയില്‍  പരന്നുകിടക്കുമ്പോഴും  പ്രമേയം അത്ര പുതുമയുള്ളതായില്ല , അവതരണത്തില്‍ അല്‍പം  അതിവാചാലതയും കടന്നു വന്നു എന്നീ ന്യൂനതകള്‍ കഥയില്‍ കാണുന്നുമുണ്ട്. 

ബൂലോഗം.കോം  നടത്തിയ ചെറുകഥാ മല്‍സരത്തില്‍ മികച്ച രണ്ടാമത്തെ കഥയായി തെര ഞ്ഞെടുക്കപ്പെട്ട   ശവംനാറിപ്പൂ   വിസ്ഫോടനാത്മകമായ   ഒരു രചനയാണ്.  കഥ അക്ഷരങ്ങളിലൂടെ നിലവിളിക്കുന്നു... ഓരോ  വായനയും മനസ്സിനെ ആഴത്തില്‍  അസ്വസ്ഥമാക്കും. ചിന്തിപ്പിക്കും.  മൂര്‍ച്ചയും കാഠിന്യവുമുള്ള ഒരു സൂചി കൊണ്ട്  കുത്തുന്നതു പോലെ  സദാ നൊമ്പരപ്പെടുത്തും. തീവ്രമായ ആഖ്യാനപരിസരങ്ങളുള്ള ഈ കഥ ഒറ്റ വായനയില്‍ ചിലപ്പോള്‍ വഴങ്ങിത്തന്നില്ലെന്നു  വരാം ... അതേസമയം ഒരു രണ്ടാം വായനയ്ക്ക്  ആരേയും മോഹാവേശിതരാക്കുകയും അങ്ങനെ കഥയ്ക്കുള്ളിലേക്ക് ആകര്‍ഷിച്ചടുപ്പിക്കുകയും ചെയ്യും.  ചുഴി പോലെ വലിച്ചു താഴ്ത്തുന്ന ഒരു  ക്രൌര്യം  ഈ വരികളിലുണ്ട്.. കുളിരണ് കുറിച്ചീ   എന്ന  നാടന്‍ ശീല്  ഭയാനകമായ ഒരു  ആഭിചാരകര്‍മ്മത്തിന്‍റെ   മന്ത്രോച്ചാരണമായി  അഗ്നി കൊളുത്തുന്നു. ആദ്യം കാളിയപ്പനായും പിന്നെ കണ്ണകിയായും.. ഒടുവില്‍  കഥയെ മനസ്സിലേക്ക്  ആവാഹിക്കുന്ന  വായനക്കാരനായും.. 

ആണ്‍ ഞരമ്പ് രോഗികളുടെ വാര്‍ഡില്‍ പത്ത്  കട്ടിലുകളാണുള്ളത്. അവയിലെല്ലാം ചെന്ന് വര്‍ത്തമാനം പറഞ്ഞു  വന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന മനുഷ്യ ജീവിതം ഇത്രയേ ഉള്ളൂ എന്ന് നമ്മള്‍ തിരിച്ചറിയും. സൂക്ഷ്മമായ നിരീക്ഷണങ്ങളില്‍ സമ്പന്നമായ വരികള്‍. വായനക്കാരുടെ  രക്തസമ്മര്‍ദ്ദമുയരുന്നത്  ഒരുപക്ഷെ,  രോഗാതുരമായ സമൂഹത്തിന്‍റെ  അതീവവൈയക്തികമായ അവസ്ഥകളിലേക്ക്  കഥാകൃത്ത് വെളിച്ചമുതിര്‍ക്കുന്നതുകൊണ്ടു  കൂടിയാവാം. ഈ ഒരു കഥയില്‍ തുടങ്ങി അനവധി കഥകളായി വലുതാകുന്ന കഥയാണിത് അല്ലെങ്കില്‍  ഓരോ കഥയായി വളരുന്ന ഓരോ കട്ടിലുകളുടെ മുറി...  ആ മുറിയുടെ കഥ.  നോവലോ തിരക്കഥയോ മറ്റോ ആയി ജൈവിക വളര്‍ച്ച നേടാന്‍ കഴിയുന്ന  കഥാപാത്രങ്ങളെ  ഒരു കഥയില്‍ സമ്മേളിപ്പിക്കുന്നത്  എഴുത്തുകാരന്‍റെ രചനാ  കൈയടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ നിന്നുമുള്ള നിലയ്ക്കാത്ത ചോരയിറ്റലുകള്‍ ഈ ആശുപത്രിക്കട്ടിലുകളില്‍ നമുക്ക്  കാണാനാവും. 

പഴയ ശീലിലുള്ള ഒരു കഥ പറച്ചിലാണ് ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി എന്ന  കഥയിലുള്ളത്. പ്രതീക്ഷിക്കാന്‍ ഒരു നന്മയും  ബാക്കിയില്ലാത്ത  അവസാനം.  മറ്റൊരാള്‍  മരിക്കുന്നത് ആഗ്രഹിക്കുക, ധനത്തിന്‍റെ  പ്രൌഡി കാണിക്കാനായി  ബന്ധങ്ങളുടെ  ജൈവികതയെ   വിസ്മരിച്ചുകൊണ്ട്  ശവപ്പെട്ടി അയക്കുക, ഒടുവില്‍  അനാഥയും ഏകാകിനിയുമായ സ്ത്രീയെ സംരക്ഷിക്കേണ്ട സ്റ്റേറ്റിന്‍റെ  പ്രതീകമായി വരുന്ന  പോലീസാകട്ടെ അവളെ ഉപദ്രവിക്കുകയും ചെയ്യുന്നു.  വില്‍പനക്കാരുടെ ലാഭം എവിടെയാണ്... വാങ്ങുന്നവര്‍   നഷ്ടപ്പെടുന്നിടുത്തോ? ദാരിദ്ര്യമാണ് ഇവിടെ വില്‍പനക്കാരെന്‍റെ  ആര്‍ത്തിയായി പരകായപ്രവേശം ചെയ്യുന്നത് . ആ   ദൈന്യം വായനക്കാരെ വേദനിപ്പിക്കും. അപ്പന്‍റെ  മരണം കാത്തിരിക്കുന്ന മകനും ഇമ്മാനുവല്‍ മരിച്ച ശേഷം തനിച്ചായിപ്പോകുന്ന സാറയും  മനപ്രയാസമുണ്ടാക്കുമെങ്കിലും കഥയുടെ അവസാനം എന്തായിരിക്കുമെന്ന് ആദ്യമേ  ഊഹിക്കാനാവുന്നുവെന്നത്  ഒരു കുറവായി കരുതാം. 

ഈ പുസ്തകത്തില്‍ തീരെ ആവശ്യമില്ലായിരുന്നു എന്നെനിക്ക്  തോന്നിയ ഒരു കഥയാണ് പ്രസവിക്കാന്‍   താല്‍പര്യമുള്ള  യുവതികളുടെ ശ്രദ്ധയ്ക്ക്... പുതുതായി ഒന്നും പറയാന്‍ കഴിഞ്ഞില്ല ഈ കഥയ്ക്ക്.. അവതരണവും ഒട്ടും ആകര്‍ഷകമായില്ല. സൌന്ദര്യപരമായ പരിചരണവും നന്നായില്ല.   ആധുനികമായ കഥാസങ്കേതങ്ങളുള്ള ഒരു പുസ്തകത്തില്‍  പെട്ടെന്ന്  ഏതോ  പഴയ നൂറ്റാണ്ടിലെ മൂഢവിശ്വാസങ്ങളുടെ  കറുത്ത നിഴല്‍ പരക്കുമ്പോലെ തോന്നി  ഈ കഥ വായിച്ചപ്പോള്‍... ഇത്ര ലാളിത്യത്തോടെ ഇമ്മാതിരിയൊരു സങ്കീര്‍ണമായ പ്രശ്നത്തെ സമീപിക്കേണ്ടിയിരുന്നില്ല. 

ഹരിചന്ദനം എന്ന  കഥയിലും  സ്ത്രീയും സ്ത്രീയും തമ്മില്‍  ഒരു സ്നേഹം പാടില്ല  അത്  ശരിയാവില്ല എന്ന പ്യൂരിട്ടന്‍ വിശ്വാസത്തെ  താലോലിക്കുന്ന സാധാരണ  സങ്കല്‍പം തന്നെയാണ്. അതിനെ  ഉറപ്പിക്കാനെന്നതു പോലെ എഴുതപ്പെട്ടിട്ടുള്ള  വാചകങ്ങള്‍ ... ജീവിതവിശ്വാസങ്ങള്‍.. എന്നിട്ടും  സ്ത്രീപുരുഷ  ബന്ധമാണ് അത്യാവശ്യമെന്ന് അതായിരിക്കണം സത്യമെന്ന്  വായനക്കാരെ  വിശ്വസിപ്പിക്കാന്‍ കഥയ്ക്ക് കഴിഞ്ഞിട്ടുമില്ല.   ജീവിത വിജയം എന്ന സങ്കല്‍പത്തിനു  മറ്റൊരു  പുതിയ  മുഖവും കഥ  പ്രദര്‍ശിപ്പിച്ചില്ല.  ഒരു നവ്യാനുഭൂതി  പകര്‍ന്നു  തരാന്‍ പര്യാപ്തമായില്ല .. വന്‍ശമ്പളം പറ്റുന്ന  ടെക്കി ജീനിയസ്സുകളാണ് ചന്ദനയും ഹരിതയുമെങ്കിലൂം ആ രീതിയില്‍ സാധാരണ ജീവിതവും ഉയര്‍ന്ന ബുദ്ധിശക്തിയുമൊക്കെ അവര്‍ക്കുമുണ്ടെന്ന് കഥാകൃത്ത്  പറയുന്നുവെങ്കിലും  ലെസ് ബിയനുകള്‍  എന്ന നിലയിലെ അവരുടെ  വ്യക്തിത്വത്തിനു ഒട്ടും  തിളക്കം പോരാ.  അവരുടെ ഭൂമിക സാധാരണ സ്ത്രീപുരുഷ ദാമ്പത്യം പൂക്കുന്നിടത്ത്,  മറ്റു യാതൊരു മാര്‍ഗ്ഗവുമില്ലെന്ന മട്ടില്‍ ചലനമറ്റു നില്‍ക്കുന്നു. 

തൊണ്ണൂറ്റഞ്ചു പേജുകളിലായി പതിനഞ്ചു കഥകളുള്ള ഈ പുസ്തകം  പുറത്തിറക്കിയിരിക്കുന്നത് സൈകതം ബുക്സാണ്. കെട്ടിലും  മട്ടിലും മനോഹരമായ ഈ പുസ്തകത്തില്‍  സംഭവിച്ചു പോയ ഗുരുതരമായ ഒരു പിഴവ് സൈകതം പോലെ കഴിവുറ്റ  പ്രസാധകരില്‍  നിന്നുണ്ടാവാന്‍ പാടില്ലായിരുന്നു. നല്ല കഥകളുടെ  ഈ സമാഹാരത്തിനെ കവിത എന്ന് പുറം കവറില്‍ അച്ചടിച്ചിറക്കിയത്  അക്ഷന്തവ്യമായ  അപരാധമാണ്. ഒഴിവാക്കാമായിരുന്ന  അക്ഷരപ്പിശകുകളും വായനയെ ദുരിതപ്പെടുത്തുന്നു. ഒരു സാധാരണ വായനക്കാരി എന്ന നിലയില്‍ അതിലെനിക്ക് ശക്തമായ  പ്രതിഷേധമുണ്ട്.  

കൂടുതല്‍ പുതുമയുള്ള  ആവിഷ്ക്കാരങ്ങളിലേക്കും തന്‍റെ   തന്നെ രചനകളെ നിശിത വിചാരണ ചെയ്യുന്ന  കരുത്തുറ്റ  കഥാ സന്ദര്‍ഭങ്ങളിലേക്കും  വളരുവാന്‍ മനോരാജിനു കഴിയട്ടെ .  ഇടങ്ങളില്‍ പരിമിതപ്പെട്ടുപോകാതെ അദ്ദേഹത്തിന്‍റെ  രചനകള്‍ എല്ലാ അതിരുകളെയും ഭേദിക്കട്ടെ. അപ്പോള്‍ കൂടുതല്‍  നല്ല  കഥകള്‍  വായിക്കാന്‍ എനിക്കും അവസരമുണ്ടാകുമല്ലോ എന്ന സ്വാര്‍ഥതയോടെ...

Thursday, February 13, 2014

നീല ഡയലുള്ള വാച്ച് .


തിരക്കേറിയ നഗര വീഥിയിലേയ്ക്കാണ് കോളേജിന്റെ മെയിൻ ഗേറ്റ് തുറക്കുന്നത്. അവിടെ ആരെങ്കിലും കാത്ത് നിന്നാല്‍ പോലും  കാണാൻ വിഷമമാണ്. റോഡ് മുറിച്ച് നടന്ന് പുരാതനവും അതീവ വിസ്തൃതവുമായ മൈതാനം  താണ്ടി മാത്രമേ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പോകാനാവൂ. കോളേജ് വിട്ടാൽ ഒറ്റ മിനിറ്റ് പോലും പാഴാക്കാതെ അങ്ങോട്ട്  ഓടണം, എത്തേണ്ട താമസം ക്ലാസ്സ് തുടങ്ങുകയായി.

ഭാവി ഡോക്ടർമാരും എൻജിനീയർമാരും ശ്രദ്ധിച്ചിരുന്ന് പഠിയ്ക്കുകയും ധിറുതിയിൽ നോട്ട് കുറിയ്ക്കുകയും ചെയ്യും.

എനിക്ക്  വലിയ ആശയൊന്നുമുണ്ടായിരുന്നില്ല, ഒരു  ഡോക്ടറാകാൻ. പക്ഷേ, അമ്മയ്ക്ക് ഞാന്‍  ഡോക്ടറാകണമെന്നുണ്ടായിരുന്നു. ഞാൻ മെഡിസിനു പഠിയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ് അമ്മയെ വേദനിപ്പിയ്ക്കാൻ കഴിയില്ല. അതു കൊണ്ട് മാത്രം ഞാന്‍  ആത്മാർത്ഥമായി ശ്രമിച്ചു പോന്നു.

ഒരു ദിവസം പച്ചപ്പുല്ലു നിറഞ്ഞ മൈതാനത്തിലൂടെ,  തുമ്പികളും ചിത്രശലഭങ്ങളും ആഹ്ലാദത്തോടെ പാറിപ്പറക്കുന്നതും  ശ്രദ്ധിച്ച് നടക്കുമ്പോഴാണ് നീല ഡയലുള്ള വാച്ച് കെട്ടിയ ഒരു കൈത്തണ്ട വഴി തടഞ്ഞത്. ഞാന്‍  ഞെട്ടുകയും വിളറുകയും വല്ലാതെ ഭയപ്പെടുകയും ചെയ്തു. ആ പരിഭ്രാന്തിയില്‍ കുനിഞ്ഞു പോയ  തല ഉയർത്തി ആരാണിത്എന്നു രൂക്ഷമായി നോക്കാൻ  ഒരു മിനിറ്റ് താമസിച്ചു പോയി.

അപ്പോഴേയ്ക്കും അതീവ മൃദുലമായ ഒരു ശബ്ദം എന്നെ തേടിയെത്തി. അത്ര മേ മൃദുലമായ, കാരുണ്യവും ദയയുമുള്ള, പൌരുഷം  തുളുമ്പുന്ന ഒരു ശബ്ദം ഞാന്‍  അതു വരെ കേട്ടിട്ടുണ്ടായിരുന്നില്ല.  ക്രോധവും പുച്ഛവും പരിഹാസവും മാത്രം നിറഞ്ഞ ഒച്ച കേട്ട് പരിചയിച്ചിരുന്ന എന്‍റെ  കാതുകക്ക്   വാക്കുക സംഗീതമായി തോന്നി.

ഞാ.... എജീനിയറിംഗിനു പഠിയ്ക്കുന്നു. ലാസ്റ്റ് സെമസ്റ്ററായി.

എന്നില്‍  വിയപ്പു  പൊട്ടി.  ശരീരത്തില്‍ ആവി ഉയര്‍ന്നു. ഹൃദയം  ഇടിക്കുന്നത്  നെഞ്ചിനു പുറത്തായിത്തീര്‍ന്നു.

താ ഇപ്പോഴേ ഇങ്ങനെ ഭയന്നാലോ? ഞാനൊന്നും പറഞ്ഞില്ലല്ലോ ഇതു വരെ.

ഞാന്‍  തലയുയർത്തി, പ്രയാസത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി. സ്നേഹവും കരുണയും തുളുമ്പുന്ന കണ്ണുകളാണ് അയാളുടേതെന്ന് എനിക്ക്  തോന്നി . അല്പം കുഴിഞ്ഞ കവിളുകളും കുറച്ച് വളർന്ന മുഖ രോമങ്ങളും നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളും കിളരം കൂടിയ അയാൾക്ക് സുന്ദരമായ ഒരു വിഷാദച്ഛായ നൽകുന്നുണ്ടായിരുന്നു. 

എന്‍റെ  ശബ്ദത്തില്‍ വിറ പൂണ്ടിരുന്നു.

എന്റെ വഴി തടയുന്നതെന്തിനാണ്?‘ ചോദിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തല ചുറ്റുന്നതു മാതിരിയുണ്ടായിരുന്നു. കുറച്ചു നേരം കൂടി നിന്നാൽ  അവിടെത്തന്നെ ഉരുണ്ട് വീണു മരിച്ചു പോകുമെന്ന്  ഞാന്‍  ഭയന്നു. 

എനിയ്ക്ക് തന്നെ ഇഷ്ടമാണെന്നു പറയാൻ. പഠിത്തം കഴിഞ്ഞാൽ തനിക്കൊപ്പം  ജീവിക്കണമെന്ന്  ആഗ്രഹിയ്ക്കുന്നുവെന്ന് പറയാൻ

ഞാന്‍ ശരം വിട്ടതു പോലെ നടന്നു, അല്ല. ഓടി. ട്യൂഷൻ ക്ലാസ്സിൽ ചെന്ന് ഒന്നു രണ്ട് ഗ്ലാസ്സ് നിറയെ പച്ചവെള്ളം കുടിച്ചു. എന്നിട്ടും ശരീരമാകമാനം വ്യാപിച്ച വേവുന്ന ചൂട് തണുത്തില്ല. അന്ന്  പഠിപ്പിച്ച യാതൊന്നും തന്നെ എനിക്ക് മനസ്സിലായില്ല. 

ഈ ആൺകുട്ടികൾക്ക് വേറെ ഒരു ജോലിയുമില്ലേ? ഒപ്പം ജീവിയ്ക്കാ നടക്കുന്നു! 

എനിക്ക് ഒപ്പം  ജീവിക്കുക എന്നു കേൾക്കുന്നതേ പേടിയാണ്. പഠിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയെയും കൊണ്ട് വേറെ ഏതെങ്കിലും ഒരു നാട്ടിൽ പോയി താമസിയ്ക്കണമെന്നാണ് എന്‍റെ  ആഗ്രഹം.  പത്മരാജന്‍റെ  ഒരു  സിനിമയിലെപ്പോലെ ദൂരെ ദൂരെ സേഫായ ഒരു സ്ഥലത്ത്…………ആ നാട്ടിൽ ഞാനും അമ്മയും കൂടി ഭയമില്ലാതെ കളിച്ചു ചിരിച്ച് തമാശയൊക്കെ പറഞ്ഞ് സന്തോഷമായി ജീവിയ്ക്കും. നല്ല ഭക്ഷണമുണ്ടാക്കി ആഹ്ലാദത്തോടെ കഴിയ്ക്കും, പ്ലേറ്റുകൾ വലിച്ചെറിയാൻ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ ഊണുമുറി. ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട്, അമ്മ പറയുന്ന കഥകൾ ശ്രദ്ധിച്ച്, കൈകാലുകള്‍ കൊണ്ട്  കലഹിക്കാന്‍ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ കിടപ്പുമുറി. 

മുതിര്‍ന്നു വരുന്തോറും  അച്ഛനും അമ്മയും തമ്മിലൂള്ള  കലഹങ്ങള്‍ എനിക്ക് താങ്ങാവുന്നതിനപ്പുറമായിത്തീര്‍ന്നു കഴിഞ്ഞിരുന്നു. എന്തുകാരണമായാലും അച്ഛന്‍ അമ്മയോട്  ശാരീരികമായി കലഹിക്കുന്നത് എനിക്കൊരിക്കലും  ക്ഷമിക്കാന്‍ സാധിച്ചില്ല.

നാളെ അയാളെ കണ്ടാൽ മുഖത്ത് നോക്കി ഉറപ്പിച്ച് പറയും. പോയി പണി നോക്കാൻ, ഒരുത്തൻ ഇഷ്ടപ്പെടാനും  ഒപ്പം ജീവിയ്ക്കാനും ഇറങ്ങിയിരിയ്ക്കുന്നു! 

എങ്കിലും രാത്രി വളരെ വൈകുന്നതു വരെ  നീല ഡയലുള്ള വാച്ച് കെട്ടിയ കൈത്തണ്ട മനസ്സിനെ ശല്യം ചെയ്തു കൊണ്ടിരുന്നു. 

പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അനു ഒരു കള്ളച്ചിരിയുമായി അടുത്ത് വന്നു.

ഇന്നലെ നിന്നെ കല്യാണം കഴിയ്ക്കാനൊരാളു വന്നെന്ന് കേട്ടല്ലോ.

നല്ല ഗൌരവത്തിൽ അവളുടെ മുഖത്ത് തറപ്പിച്ചു നോക്കി.അവൾ യാതൊരു ഭാവഭേദവുമില്ലാതെ പിന്നെയും ചിരിച്ചു.

നീ എന്നെ നോക്കി പേടിപ്പിയ്ക്കണ്ട, പാവം! അയാൾ എന്റെ നെയ്ബറാണ്. എത്ര കാലമായി നിന്നെ സ്വപ്നം കാണുന്നുവെന്നറിയാമോ? ഇന്നലെ അങ്ങു തുറന്നു പറഞ്ഞു പോയി. അത്രയേയുള്ളൂ.

എനിയ്ക്ക് കേൾക്കണ്ടനല്ല കടുപ്പത്തിലാണ് മറുപടി പറഞ്ഞത്.

പെട്ടെന്ന് അനുവിന്റെ മുഖം കർക്കശമായി.

നീ കേൾക്കണം. കേട്ടേ തീരു. എടീ കഴുതേ, ഈ ലോകത്തിലെ വീടുകളെല്ലാം നിന്‍റെ വീടു  പോലെയാണോ? 

 ഒരിക്കലുമല്ല.  സ്നേഹവും മര്യാദയും ദയയും ഒക്കെ വീട്ടിലും ധാരാളാമായി  പ്രകടിപ്പിക്കുന്ന സാധാരണ മനുഷ്യരും പിറന്നിട്ടുണ്ട് ഈ ഭൂമിയില്. അയാൾ അങ്ങനൊരു മനുഷ്യനാണ്.

ഒന്നും പറയാൻ തോന്നിയില്ല.

അയാൾക്ക് ഒരു ജോലി കിട്ടട്ടെ, അയാളുടെ അമ്മ നിന്റെ വീട്ടിൽ വരും. നിന്റെ പനങ്കുലത്തലമുടി കണ്ട് ആ പാവം ചെറുക്കന്റെ ഞരമ്പുകളൊക്കെ തളർന്ന് പോയിരിയ്ക്കാണ്. അപ്പോഴാണ് അവളുടെ ഒരു ഗമ. ഞാനയാളെ പ്രേമിച്ചേനെ, പണ്ടേ. അതിനയാൾക്ക് എന്നോട് പ്രേമം വരില്ല. ഫ്രോക്കിട്ട് നടന്ന കാലം മുതൽ അറിയണത് കൊണ്ട് അയാൾക്ക് എന്നോട് വാത്സല്യാത്രെ, പ്രേമം നഹി. നിന്നെപ്പോലെ ഒരു അരസികയെയാണ് അയാൾക്കിഷ്ടം.

ഇതൊക്കെ കേൾക്കാൻ രസമുണ്ട്. സങ്കല്‍പ്പിക്കാന്‍  സുഖമുണ്ട്. അതു മതി. കൂടുതൽ ഒന്നും ആവശ്യമില്ല.

എങ്കിലും എന്നും വൈകുന്നേരം മൈതാനത്തിലെത്തുമ്പോഴേയ്ക്കും കണ്ണുകൾ അയാളെ തേടുവാൻ തുടങ്ങി. നേരത്തെ കണ്ടു കഴിഞ്ഞാൽ കാണാത്ത ഭാവത്തിൽ പോകുകയുമാകാമല്ലോ.എന്നിലെ  ആ കള്ളത്തരം എന്നെ അമ്പരപ്പിക്കാതിരുന്നില്ല.  പരസ്പരം കാണുന്ന നിമിഷത്തിൽ ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ മുഖം കുനിയ്ക്കുകയോ കണ്ണുകൾ പിൻ വലിയ്ക്കുകയോ ചെയ്തു പോന്നു. 

പതുക്കെ പതുക്കെ പരിഭ്രമം കുറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ ഞാന്‍  എന്നെ അറിയാതെ  ചിരിച്ചു പോയി . ആ നിമിഷത്തിൽ അയാളുടെ കണ്ണുകൾ പ്രകാശിച്ചു. അത്രയും തിളക്കമുള്ള ഒരു മന്ദഹാസം ഞാന്‍ അന്നു വരെ കണ്ടിരുന്നില്ല. വിസ്മയത്തില്‍  എന്‍റെ  കണ്ണുകൾ മിഴിഞ്ഞ് വിടർന്നു.

അയാൾ അടുത്ത് വന്നു പറഞ്ഞു.

, ഒന്നു ചിരിച്ചുവല്ലോ. ഭാഗ്യം!

അത് പതിവായി, ഒരു ചെറിയ ചിരി. അപ്പോ ആ കണ്ണുകളി പരക്കുന്ന ദീപ്തി ……… എനിക്ക് നിഗൂഢമായ ആഹ്ലാദം തോന്നുവാ തുടങ്ങി. എന്‍റെ  മണിക്കൂറുകളി നെറ്റിയിലേക്ക് മുടി വീണു കിടക്കുന്ന അയാളുടെ മുഖം സ്ഥാനം പിടിച്ചു. ലോകം ഞാന്‍ കരുതിയിരുന്നത്രയും നിറം കെട്ടതല്ല. പ്രഭാതത്തിന് അമ്മയുടെ കലങ്ങിയ കണ്ണിന്റേതല്ലാത്ത  ഒരു ചുവപ്പ് നിറമുണ്ട്, കിളികളുടെ പാട്ടിന് തേങ്ങലിന്റേതു മാത്രമല്ലാത്ത ഒരു ഈണമുണ്ട്, ജനല്‍ കര്‍ട്ടന്‍ തട്ടിത്തെറിപ്പിക്കുന്ന  കാറ്റിനു  പൂക്കളൂടെ  സുഗന്ധമുണ്ട്. ഓങ്ങിവരുന്ന കൈയിനും കൂടി   അപരിചിതമായ ഒരു മൃദുലതയുണ്ട്,  നിലാവിന് കണ്ണീരിന്റെ തിളക്കത്തിലും  വെള്ളിച്ചായം പുരട്ടുവാ കഴിയും…….

ഉറങ്ങാൻ തുടങ്ങുമ്പോൾ ഞാന്‍  തലയിണയോട് മന്ത്രിച്ചു, ഞാൻ ഉറങ്ങീ..നീയോ? പഠിച്ചതു മതി,  ഇനി ഉറങ്ങിക്കോളൂ...ഇല്ലെങ്കില്‍ ക്ഷീണമാവും..  

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി, ഞാന്‍  അയാളോട് ഒരുപാട് സംസാരിയ്ക്കുന്നുണ്ടെന്ന്. ആരും കാണാതെ, ആരും കേൾക്കാതെ, മറ്റാർക്കും മനസ്സിലാവാത്ത ഭാഷയിൽ അയാളോടു മാത്രമായി …….ഞാന്‍  ആരും കാണാതെ ചിരിച്ചു, കരഞ്ഞു, ചിലപ്പോൾ നാണിച്ചു.മടിച്ചു മടിച്ച് വിരൽ നീട്ടി അയാളെ തൊട്ടു. കുളിമുറിയിൽ നിൽക്കുമ്പോൾ  മാറു മറയും വിധം തോർത്തുടുത്തു. എന്നിട്ടും അയ്യേ! എന്ന്  എന്നോടു തന്നെപലകുറി മന്ത്രിച്ചു. എല്ലായ്പോഴും അയാൾ അരികിലുണ്ടെന്ന തോന്നലിൽ   തനിച്ച്,  എന്ന ഭീതിയും ആകുലതയും, എന്നിൽ നിന്നൂർന്നു പോയി. അന്നുവരെ എനിക്കപരിചിതമായിരുന്ന ഒരു മധുരമുള്ള ലജ്ജ എത്ര ശ്രമിച്ചാലും ഊരി മാറ്റാനാവാത്ത നനുത്ത  കുപ്പായമായി എന്നെ പൊതിഞ്ഞു.

മനസ്സ് ഓളം വെട്ടിയപ്പോഴും ഞാന്‍  ആരോടും  ഒന്നും പറഞ്ഞില്ല. ചന്ദ്രനിൽ നിന്നിറങ്ങി വരുന്ന രാജകുമാരനെക്കുറിച്ച് , രാജകുമാരന്‍  കാണിയ്ക്കുന്ന സുന്ദരസ്വപ്നങ്ങളെക്കുറിച്ച്, ലോകത്തിന് പെട്ടെന്ന് മഴവിൽ വർണ്ണം പകർന്നതിനെക്കുറിച്ച്.

ഭയമുണ്ടായിരുന്നു, ഉള്ളിൽ. രാജകുമാരൻ വന്നതു പോലെ പ്രകാശ വീചികളുടെ തേരിൽ ഒന്നും പറയാതെ തിരിച്ചു പോയാലോ. വീണ്ടും തനിച്ചായിപ്പോയാലോ..ഈ അരുമയുള്ള ആനന്ദം തൽക്കാലം ആരോടും പറയേണ്ട.. 

പരീക്ഷാക്കാലം ആരംഭിക്കുകയായിരുന്നു. കോളേജില്‍  ഓട്ടോഗ്രാഫുകള്‍ കണ്ണീര്‍പ്പുഴകളില്‍ നീന്തുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസങ്ങളും ശോകഗാനങ്ങളും  കോളേജിനെ  നീലിമയോലുന്ന വിഷാദത്തിലാഴ്ത്തിയിരുന്നു. 

അവസാനത്തെ ക്ലാസ്സിന്‍റെ ദിവസം ... അന്ന് അയാള്‍ എന്‍റൊപ്പം മൈതാനത്തിലൂടെ  നടക്കുവാന്‍ തയാറായി... കുറെ കുട്ടികള്‍ പന്തുകളിക്കുന്നുണ്ടായിരുന്നു. തുമ്പികളും പല വര്‍ണങ്ങളുള്ള  ചിത്രശലഭങ്ങളും പാറിപ്പറക്കുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാമിടയിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു. 
  
അടുത്ത ദിവസം  ബാംഗളൂരില്‍ ട്രെയിനിംഗിനു പോകുന്നതിനെപ്പറ്റിയും  ജോലിയില്‍ പ്രവേശിച്ചു  കഴിഞ്ഞാല്‍  ഏറ്റവും പെട്ടെന്ന്  എന്നെ സ്വന്തമാക്കുമെന്നതിനെപ്പറ്റിയും ... ഒക്കെ അയാള്‍ സംസാരിച്ചു. ഒട്ടും  ചാപല്യമില്ലാതെ.. പ്ലാന്‍ വരച്ച്  ഒരു  കെട്ടിടത്തെപ്പറ്റി  വിശദീകരിക്കുന്ന സൂക്ഷ്മതയോടെ.. 

ഞാന്‍ ഒന്നും പറഞ്ഞില്ല. ആ  ആഗ്രഹത്തിന്‍റെ  തീക്ഷ്ണതയും  വാക്കുകളിലെ സത്യസന്ധതയുമൊന്നും  അപ്പോഴെനിക്ക്  കൃത്യമായി വെളിവായിരുന്നില്ല. പതിനേഴു വയസ്സ് ജീവിതത്തേയോ   മനുഷ്യരേയോ  തിരിച്ചറിയാനുള്ള  ബുദ്ധിയോ വിവരമോ  പക്വതയോ  ഇല്ലാത്ത പ്രായമാണ്. 

ഞാന്‍  ട്യൂഷന്‍ ക്ലാസ്സിന്‍റെ ഗേറ്റു  കടക്കുമ്പോള്‍ അയാള്‍ റോഡിനപ്പുറത്ത് നിന്ന്  കൈവീശി. ഞാന്‍  ചിരിച്ചു. ഒരു നിമിഷം എന്നെ ഉള്ളിലേക്ക്  വലിച്ചെടുക്കുന്നതു പോലെ  നോക്കി നിന്നിട്ട് അയാള്‍ തിരിഞ്ഞു നടന്നു. ഇപ്പോഴും  എനിക്കതെല്ലാം ഓര്‍മ്മയുണ്ട്... തല  ഉയര്‍ത്തിപ്പിടിച്ചുള്ള  ആ നടത്തം.. വെളുപ്പില്‍  ചെമ്പും ഇളം നീലയും വരകളുള്ള ഷര്‍ട്ട്..  

സ്റ്റഡി ലീവിന്‍റെ എട്ടാമത്തെ ദിവസമായിരുന്നു.  

അതിരാവിലെയാണ് അനു ഫോണ്‍ ചെയ്തത്.  ഭാഗ്യത്തിനു  ഞാന്‍  മാത്രമേ ഉണര്‍ന്നിരുന്നുള്ളൂ.  അനുവിന്‍റെ ശബ്ദം  മാത്രമല്ല അവള്‍ തന്നെയും  മരിച്ചു പോയിരുന്നു... എന്നോടത്  പറയുമ്പോള്‍ ... 

വെറും  ഒരപകടം  മാത്രമായിരുന്നു... വന്‍ നഗരങ്ങളിലെ നിരത്തുകളില്‍  സാധാരണ സംഭവിക്കുന്ന ഒന്ന്.. 

ഞാന്‍  കണ്ണുകള്‍ മുറുക്കിയടച്ച്  വായ് പൊത്തിപ്പിടിച്ച്  കുളിമുറിയിലേക്ക് ഓടി...  ഷവര്‍ തുറന്നു വിട്ടു... ഒരു കട്ട  സോപ്പ്  മുഴുവന്‍  അലിഞ്ഞു തീരുവോളം കുളിച്ചു.. 

പിന്നെ എനിക്ക്  ഒന്നും പഠിക്കാന്‍  കഴിഞ്ഞില്ല... ഞാന്‍  മെഡിസിനു പഠിക്കണമെന്ന അമ്മയുടെ  ആശയും എന്‍റെ  അധ്യാപകരുടെ  പ്രതീക്ഷയും  ഒന്നും  ഞാന്‍ നിറവേറ്റിയില്ല... അപ്പോള്‍ മാത്രമല്ല,  പിന്നീടൊരിക്കലും.

ഏഴെട്ടു മാസങ്ങള്‍ കടന്നു പോയിരിക്കും. 

 ഒരു ദിവസം അപ്രതീക്ഷിതമായി അനു ഫോണ്‍ ചെയ്തു... അവള്‍ അതിനകം എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും  മെഡിക്കല്‍ കോളേജില്‍ ചേരുകയും ചെയ്തിരുന്നു. അവള്‍ കൂടുതല്‍ തിരക്കുകളിലേക്ക് കൂപ്പുകുത്തിയതുകൊണ്ട്  ഞങ്ങള്‍  തമ്മില്‍  അങ്ങനെ കാണാറൂണ്ടായിരുന്നില്ല,  സംസാരിക്കാറൂണ്ടായിരുന്നില്ല.

പിറ്റേന്നു ഒരു  പതിനൊന്നു മണിയോടെ അനു  അയാളുടെ അമ്മയേയും കൂട്ടിക്കൊണ്ട്  വീട്ടിലെത്തി. വീട്ടില്‍  ഞാന്‍  മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവര്‍ ഒന്നും പറഞ്ഞില്ല. കണ്ണിമയ്ക്കാതെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാനും  ഒന്നും പറഞ്ഞില്ല. അവര്‍ക്ക് തനിച്ചു  താമസിക്കാന്‍ വയ്യാത്തതുകൊണ്ട്  ബോംബെയിലുള്ള  ജ്യേഷ്ഠത്തിയ്ക്കൊപ്പം  താമസിക്കാന്‍  തീരുമാനിച്ചുവെന്ന്  ഒടുവില്‍  അനു  എന്നോട് വെളിപ്പെടുത്തി.  അവര്‍  അപ്പോഴും  ഒന്നും  പറഞ്ഞില്ല.  അത്  സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. 

വിറക്കുന്ന വിരലുകള്‍ കൊണ്ട്  എന്‍റെ  കൈകള്‍  കൂട്ടിപ്പിടിച്ച്  അവര്‍   മൌനമായിരുന്നു.