
നോവല്‍ 7
അവനു നാലാണ്ടെത്തിയത് കുറിപ്പില്‍ എഴുതി അവസാനിപ്പിച്ചതു പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല.
അവളുടെ പതിനെട്ടുകാരിയായ വീട്ടു സഹായി ഒന്നര രണ്ട് വര്‍ഷം കൂടെ നിന്നു. നല്ലൊരു കുട്ടിയായിരുന്നു അവള് . സ്നേഹമയിയായിരുന്നു. മകനെ അവള് വാല്സല്യത്തില് കുളിപ്പിച്ചു. കൃത്യസമയത്ത് ആഹാരം നല്കി.. കൊഞ്ചിച്ചു. അവന്റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയുമെല്ലാം ഒരു മടിയും കൂടാതെ കോരിക്കളഞ്ഞു. എപ്പോഴും കൈയിലെടുത്തു ചക്കരേ ചക്കരേ എന്ന് വിളിച്ചു നടന്നു.
അമ്മ എന്ന നിലയില്‍ മകനെ ഓര്‍ത്ത് വല്ലാതെ ആധിയും വേവലാതിയും കൊള്ളേണ്ടി വന്നിരുന്നില്ല അവള്‍ക്ക് അക്കാലത്ത്.
അവളുടെ ജോലിയും അതിനോടനുബന്ധിച്ച ഉത്തരവാദിത്തങ്ങളും ജോലിയില്‍ നിന്ന് അവള്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങളും സമ്മാനങ്ങളും ഒന്നും തന്നെ അവളുടെ ഭര്‍ത്താവിനു പൊറുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ ശമ്പളം വര്‍ദ്ധിക്കുന്നതും ജോലിയില്‍ അധികാരം കൂടുന്നതും അവള് സ്വന്തം ജോലി മേഖലയില്‍ പ്രശസ്തയാകുന്നതും അയാളെ പരിഭ്രാന്തനാക്കുന്നുണ്ടായിരുന്നു.
അവള്‍ക്കൊപ്പം ശമ്പളവര്‍ദ്ധന ഉണ്ടാവാത്തത് അയാള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. സ്വന്തം ഓഫീസിനോട് കഠിനമായ വെറുപ്പും അവളുടെ ഓഫീസിനോട് അടങ്ങാത്ത പകയും അയാള്‍ക്ക് തോന്നിത്തുടങ്ങി. അവള്‍ക്ക് ശമ്പളം കൂടുന്നത് അവളുടെ കഴിവു കൊണ്ടാണെന്ന് അംഗീകരിക്കാന്‍ അയാള്‍ക്ക് നല്ല വൈമനസ്യമുണ്ടായിരുന്നു . അവള് സഹപ്രവര്‍ത്തകരായ പുരുഷന്മാര്ക്കൊപ്പം കൊഞ്ചിക്കുഴയുന്നുണ്ടാവുമെന്നും അവള്‍ക്ക് കിട്ടുന്ന സമ്മാനങ്ങളും ആനുകൂല്യങ്ങളും കൈക്കൂലിയായിരിക്കുമെന്നും അതുകൊണ്ടു തന്നെ അയാള്‍ ഉറപ്പിച്ചു.
അയാള്‍ക്കായിരുന്നു എന്‍ജിനീയറിംഗില്‍ അവളേക്കാള്‍ മാര്‍ക്ക് കൂടുതല്‍.. അയാള്‍ക്കാണ് ഫ്രിഡ്ജോ വാഷിംഗ് മെഷീനോ മിക്സിയോ പോലെയുള്ള വീട്ടുപകരണങ്ങള്‍ കേടു വന്നാല്‍ നന്നാക്കാന്‍ അറിയുക, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും അയാള്‍ക്ക് പച്ചവെള്ളം പോലെ ഹൃദിസ്ഥമാണ്, ബള്‍ബും ട്യൂബ് ലൈറ്റും ഒക്കെ മാറ്റിയിടാന്‍ അയാള്‍ക്കാണ് സാധിക്കുക. ഇതിനൊക്കെ പുറമേ അയാള്‍ കഴിവുറ്റ ബലവാനായ പുരുഷനാണ്. .... അവളേപ്പോലെ അബലയും ചപലയും ആയ വെറും ഒരു പെണ്ണല്ല.
അങ്ങനെ ഒരു സാധാരണ സ്ത്രീ സാധാരണ ചെയ്യുന്ന ജോലികള്‍ ഒന്നും ചെയ്യാതെ അതിനൊരു വീട്ടു വേലക്കാരിയെ നിയമിച്ച് വീട് നടത്തുന്നതിനോടും പുറത്ത് പോയി ഉദ്യോഗം ഭരിക്കുന്നതിനോടും അയാള്‍ക്ക് ഒട്ടും പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് വീട്ടിലെ ഓരോ നിസ്സാര വീഴ്ചയും അയാളെ അതിഭയങ്കരമായി രോഷം കൊള്ളിച്ചു.
ഊണിനു പപ്പടം ഇല്ലെങ്കില്‍ ..
തുണി മടക്കിയിട്ടിട്ടില്ലെങ്കില്‍...
പൈപ്പില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്നുണ്ടെങ്കില്‍ ...
ജനല്‍ തുറന്ന് കിടക്കുന്നുണ്ടെങ്കില്‍ ...
വാതില്‍ അടഞ്ഞു കിടക്കുകയാണെങ്കില്‍ ..
ചുരുക്കത്തില്‍ എന്തിനും ഏതിനും അയാള്‍ മീശപിരിക്കുകയും അവളോട് ചുമരില്‍ കയറാന്‍ കല്പിക്കുകയും ചെയ്യുന്ന പോലീസുകാരനായി.
ഓഫീസില്‍ നിന്ന് സമ്മാനമായി കിട്ടിയ ഒരു ഇലക്ട്രിക് തുന്നല്‍ യന്ത്രം അവള്, വീട്ടു സഹായി പെണ്‍കുട്ടിയ്ക്ക് കൈമാറിയത് അയാള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. സഹായി പെണ്‍കുട്ടി തയിക്കാന്‍ ഇരിക്കുമ്പോഴൊക്കെ അയാള്‍ പ്രളയ ഭൈരവനെപ്പോലെ അലറി. അവളേയും അവളുടെ യജമാനത്തിയേയും കണ്ണുപൊട്ടുന്ന വിധത്തില്‍ ചീത്ത പറഞ്ഞു.
ഒടുവില്‍ ആ പെണ് കുട്ടി പരാജയം സമ്മതിച്ചു. അവള് ജോലി വിട്ട് പോവുകയാണെന്ന് ഒഴിഞ്ഞു.
അടുത്ത പെണ് കുട്ടിയുടെ പേര് മില്‍തസ് എന്നായിരുന്നു. മില്‍തസിനെ അവള് മിലി എന്ന് വിളിച്ചു.
മിലി ഒരു മാസമേ നില്ക്കാന് തയാറായുള്ളൂ.
അടുത്തത് ആസ്സാംകാരിയായ ഒരു സ്ത്രീയായിരുന്നു. ആ സ്ത്രീക്ക് ഓഫീസ് ജോലിക്കു പോകുന്ന അവളെ തീരെ ഇഷ്ടമായിരുന്നില്ല. അവള്‍ക്ക് ഭര്‍ത്താവിനൊപ്പം ബിരുദമുണ്ടെന്നതും ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടെന്നതും ആ വീട്ടുസഹായിക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ അവളുടെ ഭര്‍ത്താവിനോട് മാത്രമേ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടുള്ളൂ.
എങ്കിലും മോനെ പെറ്റ് വീട്ടു വേലക്കാരുടെ കൈയില്‍ വലിച്ചെറിഞ്ഞു കൊടുത്ത് ജോലിക്കു പോകുന്ന അവളെ എന്നും അയാള്‍ ചീത്ത വിളിച്ചു. മകന് ഉരുട്ടി മിഴിച്ച കണ്ണുകളുമായി അവളെ തുറിച്ചു നോക്കി. അവന് ഒന്നും മനസ്സിലാകുന്ന പ്രായമായിരുന്നില്ലല്ലോ. പിന്നെ അവനു മുലകൊടുക്കുന്ന അവളെ വെറുത്തു തുടങ്ങാനുള്ള വിവരം അപ്പോള്‍ അവന് ആയിരുന്നുമില്ല.
'അടിക്ക് നിന്റെ അമ്മയെ അടിക്ക്' എന്ന് അയാള്‍ പറയുമ്പോഴൊക്കെ ' കുഞ്ഞിക്കൈ നിവര്‍ത്ത് അവന് അമ്മയുടെ മുഖത്തടിച്ചു. ' കടിക്ക് നിന്റെ അമ്മയെ കടിക്ക് 'എന്ന് അയാള്‍ പറയുമ്പോഴൊക്കെ അവന് പാല്‍പ്പല്ലുകള്‍ കൊണ്ട് അവളെ കടിച്ചു . അതെല്ലാം ഒരു കളിയായി മാത്രമേ അവള് അപ്പോഴൊക്കെയും എടുത്തുള്ളൂ. അവന്റെ മൃദുലമായ കുഞ്ഞിക്കൈകള്‍ കൊണ്ടുള്ള അടികളും പാല്‍പ്പല്ലുകള്‍ കൊണ്ടുള്ള കടികളും അവള്‍ക്ക് വിഷമമൊന്നും നല്‍കിയില്ല . അതില്‍ അപകടകരമായി എന്തെങ്കിലുമുണ്ടെന്ന് അവള്‍ക്ക് മനസ്സിലായതേയില്ല.
അയാളോട് തനിയെ ജോലി ചെയ്തു വീടു പുലര്ത്തു എന്നും അവള് പണി രാജി വെച്ച് അയാള്‍ പറയുമ്പോലെ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാമെന്നും അവള് പറഞ്ഞു നോക്കി. വരുമാനം വളരെ ഗണ്യമായി കുറയുമെന്ന സത്യത്തിനു മുന്നില്‍ അവള് ജോലിക്ക് പോകേണ്ടത് അയാളുടെയും ആവശ്യമായിരുന്നു. എങ്കിലും അത് അംഗീകരിക്കാന്‍ അയാള്‍ ഒരു കാലത്തും ഒരുക്കമായിരുന്നില്ല.
( തുടരും )

നോവല്‍ 6
അവളുടെ ഭര്‍ത്താവിനു കലി കയറുകയായിരുന്നു.
ഇങ്ങനെയുണ്ടോ ഒരു തള്ള ! കുഞ്ഞിനെ മുല കുടിപ്പിക്കാന്‍ അറിയാത്ത ഒരു ജന്തു .
അയാളും കണ്ടിട്ടുണ്ട് , പെറ്റെണീറ്റ് നാലാം ദിവസം ഒക്കത്ത് കൊച്ചിനേം എടുത്ത് മുലക്കണ്ണ് അതിന്റെ വായില്‍ തിരുകി ചുറുചുറുക്കോടെ വീട്ടുപണികള്‍ ചെയ്യുന്ന പെണ്ണുങ്ങളെ.
അയാള്‍ പല്ലു ഞെരിച്ചുകൊണ്ട് പ്രാകി.
' പണ്ടാരം, നിനക്കെന്തിനാണ് ഈ കറുത്ത് തടിച്ച മുലകള്‍ ? അത് പറിച്ചു കളയ്. കൂടെ ജോലി ചെയ്യുന്ന ആണുങ്ങളെ വശീകരിക്കാനാണോ അത് ഇങ്ങനെ വീര്‍പ്പിച്ചു വെച്ചിരിക്കുന്നത്?'
അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.
മകന്റെ വായില്‍ ആ ഉപ്പുനീര് വീണു.
മുലയില്‍ കുറച്ച് പാലുണ്ട്. പക്ഷെ, അവനു മതിയാകുന്നില്ല, അവന് അടഞ്ഞ ശബ്ദത്തില്‍ ചിണുങ്ങിക്കരയുന്നു.
അയല്പ്പക്കത്തു താമസിച്ചിരുന്ന വൃദ്ധയായ ഒരു അമ്മൂമ്മയും അവളുടെ വീട്ടു വേലക്കാരിയും കുഞ്ഞിന്റെ പീഡിയാട്രീഷനും അവളെ സഹായിച്ചു.
അവള് രണ്ട് ദിവസം പീഡിയാട്രിഷന്റെ ക്ലിനിക്കില്‍ പോയി അഡ്മിറ്റായി. അങ്ങനെ പാല് കൊടുക്കാന്‍ പഠിച്ചു. മകനെ വേണ്ട രീതിയില്‍ മാറോട് ചേര്‍ത്ത് പിടിയ്ക്കുന്നതെങ്ങനെയെന്നും അവന്റെ ചോരിവായില്‍ മുലക്കണ്ണ് ആവശ്യമുള്ളത്രയും കടത്തിവെയ്കുന്നതെങ്ങനെയെന്നും അവള് ശരിയായി മനസ്സിലാക്കി.
ഡോക്ടര്‍ അവളെ അഭിനന്ദിച്ചു. തന്നെയുമല്ല മുല കുടിപ്പിക്കാന്‍ പ്രയാസമനുഭവിച്ച് അവരെ സമീപിക്കുന്ന പല സ്ത്രീകളേയും അവര്‍ അവളുടേ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു. അവള് അവര്‍ക്കെല്ലാം ഫീഡിംഗ് ടീച്ചറായി.
വയറു നിറയെ മുലപ്പാല്‍ കിട്ടുവാന്‍ തുടങ്ങിയപ്പോള്‍ മകന് മിടുക്കനായി , കരച്ചില് നിറുത്തി. മെല്ലെ മെല്ലെ അവന് അവളുടെ ആത്മാവിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും ആനന്ദമായി മാറി.
എങ്കിലും അവള്‍ക്ക് പ്രസവാവധി നല്കാന് കമ്പനി തയാറായില്ല. നാലുമാസം ശമ്പളമില്ലാത്ത അവധി എടുക്കേണ്ടി വന്നു . ജോലി നഷ്ടപ്പെടാതിരുന്നത് ഭാഗ്യമെന്നായിരുന്നു അവളുടെ അന്നേരത്തെ വിചാരം.
അതുകഴിഞ്ഞ് ജോലിക്ക് പോവാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞിനു മുലയൂട്ടാനായി ഉച്ചനേരത്ത് വീട്ടിലേക്ക് വരാന്‍ എന്തു മാര്‍ഗമെന്ന് അവള് ചുഴിഞ്ഞാലോചിച്ചത്. സ്വന്തം പേരില്‍ കടമടയ്ക്കുന്ന കാറുണ്ടെങ്കിലും അത് ഭര്‍ത്താവിന്റെ പക്കലായിരുന്നുവല്ലോ. അവള്‍ക്ക് വണ്ടി ഓടിയ്ക്കാന്‍ അറിയുകയും ഇല്ല.
ഓഫീസിന്റെ മെയിന്‍ ഗേറ്റ് കടന്ന് റോഡിലൂടെ നടക്കുകയാണെങ്കില്‍ കുറഞ്ഞത് രണ്ട് കിലോ മീറ്ററെങ്കിലും നടന്നാലേ അവള്‍ക്ക് ഫ്ലാറ്റിലെത്താന് പറ്റൂ. എന്നാല്‍ സൈറ്റിനകത്ത് കൂടി നടന്നാല്‍ പ്രധാന മതിലിനോട് ചേര്‍ന്നായിരുന്നു അവളുടെ ഫ്ലാറ്റ് നിലകൊണ്ടിരുന്നത്.
അവള് കെട്ടിടം പണിക്കാരെ സ്വാധീനിച്ച് മതിലിന്റെ ഇഷ്ടികകള്‍ ഇളക്കിവെപ്പിച്ചു. അതിനുള്ളിലൂടെ നുഴഞ്ഞിറങ്ങി അതിവേഗം ഫ്ലാറ്റിന്റെ മുമ്പിലെത്തി അവനു മുലകൊടുത്ത് അതേ പോലെ മതില് നുഴഞ്ഞു കയറി സൈറ്റിലും ഓഫീസിലും മടങ്ങിച്ചെന്നു.
അവന് മതിയാകും വരെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നു.. നാലാണ്ടെത്തും വരെ...
പിന്നെ അവനു മുലകുടി മടുത്തു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയുടെ മുലകളില്‍ മെല്ലെ കൈവെച്ചാലും അവനു ഉറക്കം വരാന്‍ തുടങ്ങി.. മുല കുടിക്കുന്നതിലെ സുരക്ഷിതത്വം അവനു അമ്മയുടെ മുലകളില്‍ ഒന്നു സ്പര്‍ശിച്ചാലും കിട്ടുമെന്നായി.
അവന് ഒരു ആണ്‍കുട്ടിയായി വളരുകയായിരുന്നു.
( തുടരും )

നോവല്‍ 5
' പ്രായമായ പെണ്ണിനു സ്വാഭാവികമായി പ്രസവിക്കാന്‍ പറ്റില്ല. സിസേറിയന് വേണ്ടി വരും , എത്ര രൂപ ചെലവാകുമെന്നറിയില്ല,' അഡ്മിറ്റായ നിമിഷം മുതല്‍ അവളുടെ ഭര്‍ത്താവ് വേവലാതി പൂണ്ടു. പണം കൂടുതല്‍ സമ്പാദിക്കുന്നത് അവളാണെങ്കിലും അതിന്റെ ചെലവിനെപ്പറ്റി അയാള്‍ എന്നും ശ്രദ്ധാലുവായിരുന്നു. ആഡംബരങ്ങള്‍ ഒന്നും പാടില്ലെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
നഴ്സ്മാര് ഭര്‍ത്താവിന്റെ ഉല്‍ക്കണ്ഠയെ ശരി വെച്ചു. അവരൊക്കയും മുപ്പതു വയസ്സിനു മുന്‍പ് രണ്ട് തവണ പ്രസവിക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവതികളാണ്.
' പെണ്ണിനു കരിയര്‍ അല്ല വലുത്, കുടുംബമാണ് , അതുകൊണ്ട് ജോലിയില്‍ ഉയര്‍ന്നു പോകാന്‍ നില്‍ക്കാതെ ആദ്യമേ പ്രസവിക്കണമായിരുന്നു.' അവര്‍ ഉപദേശിച്ചു.
വിവാഹിതയായത് വൈകിയാണെന്ന് പറയുന്നതും മോശമല്ലേ? അതുകൊണ്ട് അവള് ഒരു മറുപടിയും നല്‍കിയില്ല.
ഇനി ഇപ്പോള്‍ എന്തായാലും മുപ്പത്തഞ്ചു വയസ്സ് എണ്ണിയെണ്ണിക്കുറയ്ക്കാന് കഴിയുമോ?
ഇല്ല. അവള് മലവെള്ളം പോലെ കുത്തിയൊലിച്ചു വരുന്ന വേദനയെ പല്ലു കടിച്ച് സഹിച്ച് മൌനമായി കിടന്നു.
തൊട്ടപ്പുറത്തുണ്ടായിരുന്ന ഇരുപതുകാരി വേദന സഹിക്കാന്‍ തയാറല്ലെന്നും ഉടനെ സിസേറിയന് വേണമെന്നും നിലവിളിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഒട്ടൂം സമയം കളയാതെ അതിനു തയാറായി.
വൈകുന്നേരമായിട്ടും പ്രസവ വേദന വേണ്ടത്ര തീക്ഷ്ണമാകുന്നില്ലെന്ന് നഴ്സുമാര്‍ പരവശരായി , സിസേറിയന് വേണ്ടി വരുമെന്നും വയറ്റിലുള്ളത് പെണ് കുട്ടിയായതുകൊണ്ടാണ് ഇത്ര ബുദ്ധിമുട്ടുണ്ടാവുന്നതെന്നും അവര്‍ പലപാട് പറഞ്ഞു.
പെണ്‍കുട്ടി പിറന്നേക്കുമോ എന്ന ആശങ്ക അവളുടെ ഭര്‍ത്താവിന്റെ മുഖത്ത് കാളിമയുണ്ടാക്കി.
പക്ഷെ, വൈകീട്ട് ഏഴു മണി നാല്പതു മിനിറ്റായപ്പോള്‍ അവള് തികച്ചും സ്വാഭാവികമായി പ്രസവിച്ചു. അതും ഒരു ആണ്‍കുഞ്ഞിനെ തന്നെ.
രണ്ടേകാല്‍ കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പൂര്‍ണ വളര്‍ച്ചയുള്ള ഒരു ആണ്‍കുഞ്ഞായിരുന്നു അത്.
ഗര്‍ഭകാലത്തെ നിരന്തരമായ നടപ്പും അനവധി നിലയുള്ള കെട്ടിടങ്ങള്‍ പരിശോധിക്കുന്ന ജോലിയുമെല്ലാം ചേര്‍ന്ന് നല്കിയ വ്യായാമം അവളെ , മുപ്പത്തഞ്ചു തികഞ്ഞിട്ടും സിസേറിയനില്‍ നിന്ന് ഒഴിവാക്കിയെടുത്തു എന്ന് വേണം കരുതാന്‍...
വ്യായാമം ചെയ്യുന്നത് ഏതു പ്രായത്തിലും നല്ലതു തന്നെ .
കുഞ്ഞിന്റെ ള്ളേ..ള്ളേ എന്ന കരച്ചില് അവളുടെ കാതില്‍ മുഴങ്ങുമ്പോള്‍ ലേഡി ഡോക്ടര്‍ അവളെ അഭിനന്ദിച്ചു. ' മിടുക്കി , യൂ ഹാവ് ഡണ്‍ ഇറ്റ്. സ്വാഭാവിക പ്രസവത്തോളം വരില്ല, ഒരു സിസേറിയനും വാക്വം എക്സാട്രക് ഷനും ഒന്നും . കണ്‍ഗ്രാജുലേഷന്‍സ്. '
അവള് ക്ഷീണത്തോടെ, തളര്‍ച്ചയോടെ, കിതപ്പോടെ മന്ദഹസിച്ചു.
(തുടരും)

നോവല്‍ 4
ഒരു ഗര്‍ഭിണിയെ കൈയില്‍ കിട്ടിയാല്‍ പിന്നെ ഡോക്ടര്‍മാര്‍ കുറെ ടെസ്റ്റുകള്‍ ചെയ്യിക്കും. എല്ലാം ഗര്‍ഭത്തിന്റേയും ഗര്‍ഭിണിയുടെയും നന്മയ്ക്കാണെന്നാണ് വെപ്പ്.
ആയിരിക്കും.
പക്ഷെ, എല്ലാ ടെസ്റ്റിനും അവള്‍ക്ക് തനിച്ചാണ് പോവേണ്ടിയിരുന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറോ റിക്ഷാക്കാരനോ ഓഫീസ് വണ്ടിയുടെ ഡ്രൈവറോ മാത്രമായിരുന്നു അവള്‍ക്ക് കൂട്ട്.
അവര്‍ക്കൊന്നും സൌകര്യമില്ലാത്ത ദിവസങ്ങളില്‍ അവള് തനിച്ചും പോയി.. അതിപ്പോള്‍ ബ്ലഡ് ടെസ്റ്റോ അള്‍ട്രാസൌണ്ടോ സ്കാനോ എന്തു തന്നെയായാലും ശരി.
ഈ ടെസ്റ്റുകളുടെയൊന്നും യാതൊരു കാര്യവുമില്ലെന്ന് ഭര്‍ത്താവ് സിദ്ധാന്തിച്ചു,
ഡോക്ടര്‍മാര്‍ പണം പിടുങ്ങുകയാണ്. പണ്ട് ആരെങ്കിലും ഇതൊക്കെ ചെയ്തിരുന്നുവോ? പെണ്ണുങ്ങള് വീട്ടു പണികള്‍ക്കിടയില്‍, നെല്ലു കുത്തുന്നതിനിടയില്‍, ചവറടിച്ചു കത്തിക്കുന്നതിനിടയില്‍ ചുമ്മാ പുഷ്പം പോലെ അങ്ങ് പ്രസവിക്കും...
അയാളുടെ അമ്മ എത്ര എളുപ്പത്തിലാണ് ആറേഴു വട്ടം പ്രസവിച്ചത് !
അവളുടെ അവശതയും ജോലിത്തിരക്കും അയാളില്‍ കോപതാപങ്ങള്‍ മാത്രമേ ഉണ്ടാക്കിയുള്ളൂ. പലപ്പോഴും അരിശം മൂത്ത് പാകപ്പെടുത്തിയ ആഹാര സാധനങ്ങള്‍ അയാള്‍ വലിച്ചെറിഞ്ഞു. രാത്രി മുഴുവന്‍ അവളെ അതി നിശിതമായി കുറ്റപ്പെടുത്തി. മുപ്പത്തിനാലുകാരിയും അനാരോഗ്യവതിയുമായ ഒരു കറുത്ത വൃദ്ധയെ കല്യാണം കഴിയ്ക്കേണ്ടി വന്ന സ്വന്തം ഗതികേടിനെ പഴിച്ചു.
അവള്‍ക്ക് മറുപടികള്‍ ഉണ്ടായിരുന്നില്ല.
കഠിനമായ ജോലിത്തിരക്കിലും മനസ്സമാധാനമില്ലായ്മയിലും ആയതുകൊണ്ട് അവള്‍ക്ക് കുഞ്ഞിനെ ഓര്‍ത്ത് പുളകം കൊള്ളാനൊന്നും കഴിഞ്ഞതേയില്ല. പ്രോജക്ട് തീര്‍ക്കലും ടാര്‍ഗെറ്റ് മുട്ടിക്കലും എങ്ങനെയെങ്കിലും വീട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കലും ഒക്കെയായിരുന്നു അവളുടെ ലക്ഷ്യം. ജോലി നഷ്ടപ്പെടാതെ നോക്കലായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. അതുകൊണ്ട് ഗര്‍ഭത്തിന്റെ ഒരു റൊമാന്സും അവളുടെ ജീവിതത്തില്‍ കടന്നു വന്നില്ല.
ഗര്‍ഭം പൂര്‍ത്തിയായി വരുമ്പോഴാണ് ഒരു കാറു വാങ്ങാമെന്ന് അവള്‍ക്ക് തോന്നിയത്, കുഞ്ഞിനു സ്കൂട്ടറിലും ഓട്ടോയിലും ഒക്കെ പോവുന്നതിനേക്കാള്‍ എളുപ്പമായിരിക്കില്ലേ കാര്‍ യാത്ര എന്നവള്‍ വിചാരിച്ചു. അങ്ങനെ സ്വന്തം ശമ്പളത്തിന്റെ ബലത്തില്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് അവള് ഒരു കുഞ്ഞു മാരുതി കാര്‍ സ്വന്തമാക്കി.
അവളുടെ ഭര്‍ത്താവിനു കാര്‍ ഓടിയ്ക്കാന്‍ അറിയുമായിരുന്നില്ല. എന്നാലും പുതുതായി കിട്ടിയ കളിപ്പാട്ടത്തെ കൈകാര്യം ചെയ്യുന്ന കൌതുകത്തില്‍ ഡ്രൈവിംഗ് പഠിയ്ക്കാന്‍ അയാള്‍ നന്നായി ഉല്‍സാഹിച്ചു. ... കാര്‍ അരുമയോടെ അയാളുടെ കരങ്ങളില്‍ പൂര്‍ണമായും ഒതുങ്ങി.
അങ്ങനെ ആ ദിവസം വന്നു..
നാളെ അഡ്മിറ്റാവണമെന്ന് ഡോക്ടര്‍ അവളോട് പറഞ്ഞു.
അവള് അന്നും ഓഫിസില്‍ പോയി. നിറവയറുമായി പെട്ടി ലിഫ്റ്റില്‍ കയറി... കാറ്റത്ത് ആകാശത്തില്‍ ഊഞ്ഞാലാടി... എല്ലാ ചെക്കിംഗും പൂര്‍ത്തിയാക്കി.. രാത്രി ഒമ്പതുമണി വരെ മീറ്റിംഗില്‍ പങ്കെടുത്തു. അത് കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ നടന്ന് അവള് വീട്ടിലെത്തി. വീട്ടില്‍ കൊണ്ടു വിടട്ടേ എന്ന് ഓഫീസ് അധികാരികളൊ ഞാന്‍ വിളിയ്ക്കാന്‍ വരട്ടേ എന്ന് ഭര്‍ത്താവോ ചോദിച്ചില്ല.
ഗര്‍ഭം അവളുടെ മാത്രം പ്രശ്നമായിരുന്നുവല്ലോ.
അന്ന് വൈകുന്നേരം അവള്‍ക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു വീട്ടു സഹായിയെ കിട്ടി. പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ..
ദൈവം അനുഗ്രഹിക്കുന്നത് ചിലപ്പോള്‍ ഇങ്ങനെയൊക്കെയായിരിക്കും ... അല്ലേ
( തുടരും )

നോവല്‍ 3
ആര്‍ത്തവം പെണ് ശരീരത്തിന്റെ ഭയങ്കര കുറ്റമാണ്.. അതിനു പലതരം ശിക്ഷകളുണ്ട്. പറ്റാവുന്നിടത്തു നിന്നെല്ലാം അകറ്റിനിറുത്തപ്പെടുന്നതും അശുദ്ധയെന്ന് വിളിക്കപ്പെടുന്നതും ആ ശിക്ഷകളുടെ ഭാഗമായാണ്.
ഗര്‍ഭവും അങ്ങനെയാണ്.. അത് ധരിച്ചവളുടെ പ്രശ്നം, അവളുടെ കുറ്റം. ..
പുരുഷന്മാര് അധികമുള്ള ഓഫീസില്‍ മൂത്രമൊഴിക്കുന്ന ഇടം മുതല്‍ അവളെ ശിക്ഷിച്ചു തുടങ്ങും. ശാരീരിക പ്രത്യേകതകള്‍ കൊണ്ട് നിന്നു മൂത്രമൊഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുരുഷന്മാര്ക്ക് ടോയ്ലറ്റ് സീറ്റിന്റെ വൃത്തിയെ പറ്റിയോ അതില്‍ തെറിച്ചു വീണിട്ടുള്ള അന്യരുടെ മൂത്രത്തുള്ളികളെപ്പറ്റിയോ വേവലാതി കൊള്ളേണ്ട കാര്യമില്ല.
അങ്ങനെയുള്ള യൂറോപ്യന്‍ ടോയ്ലറ്റില് സ്ത്രീകള്‍ എപ്പോഴും സങ്കല്പ കസേര എന്ന അഭ്യാസം പരിശീലിക്കുന്നു.. എന്നാല്‍ ഒരു ഗര്‍ഭിണിക്ക് സങ്കല്പകസേര സര്‍ക്കസ്സ് ഒട്ടും എളുപ്പമായിരിക്കില്ല. നിനക്ക് ഗര്‍ഭമുണ്ടെന്ന് കരുതി സഹപ്രവര്‍ത്തകരായ പുരുഷന്മാരുടെ നിന്നു മൂത്രമൊഴിക്കാനുള്ള, മൂത്രമൊഴിച്ചുകൊണ്ട് പേരെഴുതാനുള്ള കഴിവിനെ വേണ്ടെന്ന് വെയ്ക്കാന്‍ പറ്റുമോ? നിസ്സാരമാക്കാന്‍ പറ്റുമോ?
ഒരിയ്ക്കലും പറ്റില്ല.
ഗര്‍ഭിണിയാണെന്ന് കരുതി മള്‍ട്ടി സ്റ്റോറീഡ് ബില്‍ഡിംഗിന്റെ ചെക്കിംഗ് വേണ്ടാ എന്ന് തീരുമാനിക്കാന്‍ കഴിയില്ല. അപ്പോള്‍ തുറന്ന പെട്ടി ലിഫ്റ്റില്‍ പതിനെട്ടും ഇരുപതും നില പൊക്കത്തിലേക്ക് അവളുയര്ന്നുയര്ന്നു പോകും. കാറ്റ് അവളെ അങ്ങോട്ടുമിങ്ങോട്ടും ഉലയ്ക്കും.. അവള്‍ക്ക് മുകളില്‍ ആകാശം കൈയെത്താവുന്ന അകലത്തില്‍ പുഞ്ചിരിക്കും. വയറ്റിലെ കുരുന്നു ജീവനും അവളുടെ ഹൃദയവും വായ്ക്കകത്തേയ്ക്ക് ഇരമ്പിക്കയറി വരും...
പ്രോജക്ട് മാനേജര്‍ ദേഷ്യപ്പെട്ടു.
'പ്രോജക്ട് കമ്പ്ലീറ്റാവേണ്ട ഇന്നേരത്ത് ഇങ്ങനെ ഗര്‍ഭിണിയാവണ കുരിശെന്തിനു എടുത്ത് തലയില്‍ വെച്ചു?'
അവള് തലയും കുനിച്ച് നിന്നു.
കമ്പനി ഉടമസ്ഥന്റെ മകനായിരുന്നു ഏറ്റവും അരിശം.
' ഗര്‍ഭിണിയാവാന്‍ കണ്ട നേരം ..' എന്ന് അയാള്‍ രോഷാകുലനായി.
തന്നെയുമല്ല, ഓരോ നിസ്സാരകാര്യത്തിനും രണ്ട് കിലോമീറ്റര്‍ അകലെയുള്ള അയാളുടെ ഓഫീസില്‍ പോയി കണ്ട് വിശദീകരണം നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അങ്ങനെ നാലു കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു മിക്കവാറും എന്നും തന്നെ ...
ഇതൊരു നിത്യപ്പതിവായപ്പോള്‍ സീനിയര്‍ എന്‍ജിനീയര്‍ക്ക് പാവം തോന്നി. അദ്ദേഹം അവള്‍ക്ക് ഒരു കാറ് ഏര്‍പ്പാടു ചെയ്തു... ചിലപ്പോള്‍ അങ്ങനെ ചില സഹായങ്ങള്‍ ശിക്ഷയുടെ ഇളവായി വീണു കിട്ടാറുണ്ട്..
മനുഷ്യ ജീവിതമല്ലേ... വിശാല ലോകമല്ലേ ... ആരെങ്കിലുമൊക്കെ കാണും ഒരു ഗ്ലാസ് വെള്ളം തരാനും ഒരു കസേര ഇരിക്കാന്‍ തരാനും ഒക്കെ...
തിരികെ വീട്ടിലെത്തുമ്പോള്‍ പാദം മുതല്‍ അരക്കെട്ട് വരെ നീരു വരുമായിരുന്നു. അതു കാണുമ്പോള്‍ അവളുടെ ഭര്‍ത്താവിനു എന്തെന്നില്ലാത്ത അരിശമാണ് തോന്നുക.
' ലോകത്ത് വേറേ പെണ്ണുങ്ങള്‍ക്കൊന്നും ഇങ്ങനെ ഇല്ലല്ലോ. നിനക്ക് മാത്രം എന്താ?' അവളുടെ നീരു വെച്ച കാല് ചിലപ്പോഴെങ്കിലും തടവേണ്ടി വരുന്നത് അയാളെ കോപാക്രാന്തനാക്കിയിരുന്നു.
ഭര്‍ത്താവിനോട് ബഹുമാനമുള്ള പെണ്ണുങ്ങള് അവരുടെ കാല് തടവിത്തരാന്‍ പറയില്ല. അത് അയാളുടെ ഉറച്ച വിശ്വാസമായിരുന്നു.
ഭര്‍ത്താവിനു മാത്രമാണല്ലോ ബഹുമാനം വേണ്ടത്.
ഭാര്യയ്ക്ക് അയാളെ ശുശ്രൂഷിക്കാനുള്ള സേവന മനസ്സുണ്ടായാല് മതി.
( തുടരും )

നോവല്‍ 2
ഒരു പെണ്ണിന്റെ ശമ്പളം...അല്ലെങ്കില്‍ വരുമാനം അത് എത്രയാവാം ? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയുമോ?
എത്രയായിരിക്കണമെന്നതിനെപ്പറ്റി കൃത്യമായ ഒരു കണക്കുണ്ടെന്ന് മനസ്സിലായിട്ടുണ്ടോ?
അത് അവളുടെ ഭര്‍ത്താവിനു കിട്ടുന്നതിനേക്കാള്‍ കുറവായിരിക്കണം എന്നതാണ് ആ കണക്ക്.
കല്യാണം ആലോചിച്ച് വന്ന സകലമാന പേര്‍ക്കും ഈ ഡിമാന്‍ഡ് ഉണ്ടായിരുന്നു. വരനേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്ന വധു പാടില്ല. ' ഈ ജോലി വേണ്ടാന്ന് വെയ്ക്കു.... മള്‍ട്ടി നാഷണല്‍ കമ്പനികള്‍ , പ്രൈവറ്റ് കമ്പനികള്‍, കോര്‍പ്പറേറ്റുകള്‍ എല്ലാവരും തിന്മയുടെ അവതാരങ്ങള്‍ ആണ്... അവിടങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യാതിരിക്കുന്നതാണ് ഉത്തമം.'
തന്നേക്കാള്‍ നേരെ ഇരട്ടി വരുമാനമുള്ള പെണ്ണിനെ സ്വീകരിക്കാന്‍ തയാറായവനോട് അങ്ങനേം ഒരു ബഹുമാനമുണ്ടായി.
'അവള്‍ക്ക് നല്ല ജോലിയാണല്ലോ... എനിക്കെന്തായാലും ഒന്നിനും ബുദ്ധിമുട്ടേണ്ടി വരില്ലെന്ന' കല്യാണസമ്മതത്തിനോട് ഒരു ആദരവുണ്ടായി..
പരിചയത്തിന്റെ ലോകത്തുള്ള കാക്കയും ഉറുമ്പും അടക്കം എല്ലാവരും ആളാം വീതം ഉപദേശം തന്നു.
' അദ്ദേഹത്തിനു കോമ്പ്ലക്സ് ഉണ്ടാവാതെ നോക്കേണ്ടത് നിന്റെ ചുമതലയാണ് കേട്ടോ. നീ വല്യ കമ്പനിയില്‍... ഇരട്ടി ശമ്പളത്തില്‍ ... അദ്ദേഹമാണ് നിന്റെ പരമാധികാരി എന്ന രീതിയിലേ എവിടേം പെരുമാറാവൂ. പുരുഷന്മാര്ക്ക് കോമ്പ്ലക്സ് ഉണ്ടായാല്‍ പിന്നെ വലിയ ബുദ്ധിമുട്ടാണ് ജീവിക്കാന്‍... നീ എപ്പോഴും മറ്റു സ്ത്രീകളേക്കാള്‍ കുറച്ച് കൂടുതല്‍ എളിമപ്പെട്ട് നില്‍ക്കണം. '
ഒരേ ബിരുദമുള്ള, അതും റാങ്കും മാര്‍ക്കും ഒക്കെ കൂടുതലൂള്ള പുരുഷന് ജോലിയുടെ ഏണിപ്പടവുകള്‍ കയറാന്‍ വളരെ എളുപ്പമാണ്.. അയാള്‍ മനസ്സു വെച്ചാല്‍ ...അതു അയാള്‍ അദ്ധ്വാനിച്ച് കയറട്ടെ അങ്ങനെ നിന്റൊപ്പവും തീര്‍ച്ചയായും നിന്നേക്കാള്‍ മേലെയും എത്തട്ടെ, നിന്റെ ജോലിയും പദവിയും അയാള്‍ക്ക് അതിനൊരു പ്രചോദനമാവട്ടെ എന്ന് ആരും പറഞ്ഞില്ല. പകരം നീ അയാള്‍ക്ക് കുറവ് തോന്നിപ്പിയ്ക്കാതെ ജീവിയ്ക്കണം എപ്പോഴും ബഹുമാനം പ്രദര്‍ശിപ്പിച്ചുകൊണ്ട് , വിനയപ്പെട്ടുകൊണ്ട് എന്ന് കാണുന്നവരെല്ലാം സാധിക്കുമ്പോഴൊക്കെ പറഞ്ഞു തന്നു.
കല്യാണം വേണ്ടത് പെണ്ണിനു ..
കുടുംബം വേണ്ടത് പെണ്ണിനു...
മാതൃത്വം അനുഭവിച്ച് സായൂജ്യം നേടേണ്ടത് പെണ്ണിനു...
സ്നേഹവും സുരക്ഷിതത്വവും വേണ്ടത് പെണ്ണിനു..
ഇതെല്ലാം ആണിന്റെ മാത്രം പക്കല്‍ ബാങ്കില്‍ ഇട്ടിട്ടുള്ള , ആണിനെ ഊണിലും ഉറക്കത്തിലും സദാ പ്രീണിപ്പിച്ച് കൂടെ നിറുത്തിയാല്‍, സംതൃപ്തനായ ആണിനാല്‍ ദയാപൂര്‍വം അനുഗ്രഹിക്കപ്പെട്ടാല്‍ പെണ്ണിനു മേല്‍ വര്‍ഷിക്കപ്പെടുന്ന സൌഭാഗ്യങ്ങളാണ്.
കൂടുതല്‍ ശമ്പളം, ഉയര്‍ന്ന ജോലി , മുപ്പത്തിനാലു വയസ്സെന്ന പ്രായം, ഇരുണ്ട നിറം... ആദിവാസിയുടേയോ ദളിതയുടേയോ മുഖച്ഛായ ഇതൊക്കെ അവളെന്ന പെണ്ണിന്റെ ഒരിയ്ക്കലും പരിഹരിയ്ക്കാനാവാത്ത കുറവുകള്‍ ആയിരുന്നു.
അപ്പോഴാണ് അവളുടെ ഈ കുറവുകള്‍ക്കിടയിലും പുരുഷന് കനിഞ്ഞു നല്കിയ അടുത്ത സൌഭാഗ്യമായി, അമ്മയെന്ന പദവിയിലേക്ക് അവള് നടക്കുവാന്‍ തുടങ്ങിയത്. ഗര്‍ഭം ധരിച്ചാലും പത്തു മാസം ചുമന്നാലും പ്രസവിച്ചാലും പിന്നെ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് വളര്‍ത്തിയാലും ഒന്നും പുരുഷന് നിക്ഷേപിച്ച ആ ബീജത്തിന്റെ മഹത്വത്തിനൊപ്പം വരില്ലല്ലോ അവളുടെ പ്രയത്നമൊന്നും തന്നെ...
അപ്പോള്‍ അവള് ആ പാഠം വായിച്ചിരുന്നില്ല. ...
ജീവിതം യാതൊരു തിരക്കും പ്രകടിപ്പിക്കാത്ത ഒരു ഗുരുവാണ്. പാഠങ്ങള്‍ എല്ലാം ഒറ്റയടിയ്ക്ക് ആരേയും പഠിപ്പിക്കുകയില്ല... മെല്ലെ മെല്ലെ ഒരോന്നോരോന്നായി ആവശ്യം പോലെ സമയമെടുത്തേ പഠിപ്പിക്കുകയുള്ളൂ...കാരണം ജീവിതപ്പരീക്ഷ നമ്മള് തനിച്ചു മാത്രം എഴുതേണ്ടതാണ്.. ഓരോരുത്തരുടേയും സിലബസ്സും പരീക്ഷാതീയതിയും സമയവും ഫലവും ഒക്കെ വേറെവേറെയാണ്...
( തുടരും )

നോവല്‍ 1
ഇരുപതു മുതല്‍ മുപ്പതു വയസ്സു വരെയാണ് ഒരു പെണ്ണ് ആദ്യഗര്‍ഭം പേറേണ്ട സുരക്ഷിതകാലം. ഈ സമയത്തിനുള്ളില്‍ എത്ര നേരത്തെ ആവാമോ അത്രയും നല്ലതാണ് അമ്മയ്ക്കും കുഞ്ഞിനും. ..മുപ്പതു കടന്നാല്‍ പിന്നെ ഇരുവര്‍ക്കും ദോഷവുമുണ്ടാകും. വനിതാവാരികകകള്ക്കും ആരോഗ്യമാസികകള്‍ക്കും എല്ലാ ശാഖകളിലെ വൈദ്യശാസ്ത്രത്തിനും ഇക്കാര്യത്തില്‍ ഉറപ്പുണ്ട്... അവര്‍ അത് ആവും മട്ട് വിശദീകരിക്കുകയും ചെയ്യും..
ചില പ്രശസ്ത സിനിമാതാരങ്ങളാണ് ഈ പ്രശ്നം മറി കടന്ന് ആരോഗ്യമുള്ള മക്കളെ പ്രസവിക്കുന്നത്. അവരുടെ ജീവിത സാഹചര്യങ്ങള്‍ ഒരു ഉദ്യോഗസ്ഥയ്ക്ക് ലഭ്യവുമല്ലല്ലോ .
ഭയവും ഉല്‍ക്കണ്ഠയും എന്തെന്നില്ലാത്ത കുറ്റബോധവുമാണ് അവളുടെ മനസ്സ് നിറയെ.
മുപ്പത്തിനാലു വയസ്സും പത്തുമാസവും കഴിഞ്ഞപ്പോഴാണ് ലക്ഷണമേതും കാട്ടാതെ അങ്ങനെ ഒരു കാര്യമുണ്ടായത്. കല്യാണം സംഭവിച്ച് അഞ്ചുമാസം കഴിഞ്ഞപ്പോള്‍...
നിശ്ശബ്ദം. ... ച്ഛര്ദ്ദിയുടേയോ തലചുറ്റലിന്റെയോ വേണ്ടായ്കയുടേയോ ഒന്നും ഒരു ആലഭാരവുമില്ലാതെ...
അയല്‍പ്പക്കക്കാരെയും സുഹൃത്തുക്കളേയും വിവരം അറിയിക്കാനുള്ള ഈ ച്ഛര്ദ്ദിയൊക്കെ ഒന്നു മതിയാക്കിക്കൂടേ എന്ന് ചോദിക്കാറുണ്ടെന്നും അതു കേള്‍ക്കുമ്പോള്‍ ഗര്‍ഭിണി പുഞ്ചിരി തൂകുമെന്നും പിന്നെ അവര്‍ക്ക് മോണിംഗ് സിക് നെസ് വരില്ലെന്നും ഒക്കെ തട്ടിമൂളിക്കാറുള്ള ഡോക്ടര്‍മാരുടെ പൊങ്ങച്ചങ്ങള്ക്ക് ഇടം കൊടുക്കാതെ..
തികച്ചും സ്വാഭാവികമായി.. . രാവിലെ സൂര്യനുദിക്കും പോലെ വൈകീട്ട് അസ്തമിക്കും പോലെ അതീവ സാധാരണമായി... നിസ്സാരമായി...
മൂത്രം പരിശോധിച്ച് പോസിറ്റീവ് എന്ന വിവരമറിയുമ്പോള്‍ രാവിലെ ഒരു പതിനൊന്നുമണിയായിരുന്നു.
' എന്തു കുഞ്ഞായിരിക്കും എന്ന് അറിയണമെന്ന് തോന്നുന്നുണ്ടോ? ' ഡോക്ടറുടെ മുഖത്ത് ബലമായി അമര്‍ത്തിവെച്ച ഒരു കുസൃതിപ്പുഞ്ചിരിയുണ്ട്.
ഒന്നും പറഞ്ഞില്ല.
' എന്റെ കുഞ്ഞാണെങ്കില്‍ അത് ആണായിരിക്കും. എനിക്ക് ആണ്‍കുഞ്ഞേ പിറക്കൂ..' തൊട്ടടുത്താണെങ്കിലും വേറെ ഏതോ ലോകത്തില്‍ നിന്നെന്ന പോലെ ആ ശബ്ദമുയര്‍ന്നു. മുനയുള്ള സൂചികൊണ്ട് ആരോ ആഞ്ഞു കുത്തുന്നതു പോലെ തോന്നി...
പെണ് കുഞ്ഞു പിറന്നാല്‍.. അതെന്റെ അല്ലെന്ന് പറയുമോ? അതോ അതിനെ എടുത്തു ദൂരെ കളയുമോ?
ഇനിയും പിറക്കാത്ത കുഞ്ഞിന്റെ കാലുകള്‍ക്കിടയില്‍, ഈ പെണ്ണിന്റെ, ഈ അമ്മയുടെ ജീവിതം തെളിവുകളായി കോര്‍ക്കപ്പെടുന്നു. ..
ആണ് കുട്ടി മതി എന്ന് ഉറപ്പിയ്ക്കുമ്പോഴും എനിക്ക് ആണ് കുട്ടിയെ ജനിപ്പിക്കാനുള്ള ഊറ്റപ്പെട്ട ആണ്മയുണ്ടെന്ന് പൊങ്ങച്ചപ്പെടുമ്പോഴും അതിനെല്ലാം രൂപം കൊള്ളാന്‍ പെണ്മയും പെണ് ശരീരവും ഉണ്ടായേ പറ്റൂ....
അതോര്‍മ്മിച്ചപ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു നേര്‍ത്ത ചിരി തെളിഞ്ഞു.
( തുടരും )