Tuesday, January 7, 2020

അവൾ ജീവിച്ചു തുടങ്ങിയ ദിവസം.

                                     
ഇന്നത്തെ ദിവസം എനിക്ക് വളരെ പ്രത്യേകമാണ്..

എൻറെ മോളെ സ്നേഹിക്കുന്നുവെന്നും അവളുടെ കൂടെ സന്തോഷമായി ജീവിക്കാൻ ആശിക്കുന്നുവെന്നും അറിയിച്ച ചെറുപ്പക്കാരനൊപ്പം അവൾ ജീവിച്ചു തുടങ്ങിയ ദിവസം.

ജാതിമതഭേദവും ആഡംബരവും ഒട്ടുമില്ലാതെ നമ്മുടെ ഭരണഘടനയും നിയമവുമനുസരിച്ചുള്ള നടപടിക്രമങ്ങൾ മാത്രം പാലിച്ച് കുട്ടികളുടെ സന്തോഷം ആ ജീവിതത്തിൻറെ ഏറ്റവും പ്രധാന അലങ്കാരമായ ദിവസം..

കണ്ണനെന്ന മോളുടെ പാപ്പാ ചിരിച്ചുകൊണ്ട് കരഞ്ഞ ദിവസം...

ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ജാതിയും മതവും ആഡംബരവും ഇല്ലാത്തതുമായ നടപടിക്രമങ്ങൾ എത്രമേൽ പ്രധാനമാണെന്നും , നമ്മുടെ ഭരണഘടനയും അതിലൂന്നിയ വിവാഹനിയമവും അതിലും എത്രയോ ആയിരം ഇരട്ടി പ്രധാനമാണെന്നും ഞങ്ങൾ തിരിച്ചറിയുന്ന ദിവസം..

Sneha Sathyan, Raji Menon, Bindu Krishnan,


                                                         
19/12/19
                                                                       Sneha Sathyan


31/12/19
Raji Menon



29/12/19
Bindu Krishnan


ഇന്ത്യ മതരാജ്യമാവരുത്

                          
എല്ലാ മതരാജ്യങ്ങളും ന്യൂനപക്ഷമതക്കാരെ ഏതെങ്കിലും തരത്തിലൊക്കെ പീഡിപ്പിച്ച ചരിത്രമാണ് ലോകത്തിലുള്ളത്. ഈ ഇന്ത്യയും മതരാജ്യമാവാൻ പോകുന്നുവെന്നാണ് ഇപ്പോൾ പലരും ആഗ്രഹിക്കുകയും സമാധാനിക്കുകയും ചെയ്യുന്നത്. ഇന്ത്യക്ക് ചുറ്റും മതരാജ്യങ്ങളുള്ളപ്പോഴും കുറെയൊക്കെ ജനാധിപത്യം ഇവിടെ പുലർന്നത് സത്യമായും ഭരണഘടനയിലെ മതേതരത്വത്തിൻറെ ബലം കൊണ്ടാണ്. അല്ലാതെ ഹിന്ദുമതം സ്നേഹത്തിൻറെ മാത്രം മതമായതുകൊണ്ടല്ല.

ഇന്ത്യക്ക് ഹിന്ദു മതരാജ്യമാവാം.. പിന്നീട് ജനാധിപത്യ രാജ്യമാവാൻ കഴിയുമോ , കഴിയുമെങ്കിൽ തന്നെ അത് എന്ന് ഇതൊക്കെ ആലോചിക്കേണ്ടതാണ്...

ഇന്ത്യ ഹിന്ദു മതരാജ്യമായാൽ എല്ലാ മതന്യൂനപക്ഷങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും സ്ത്രീകളും കുഞ്ഞുങ്ങളും താഴ്ത്തപ്പെട്ട ജാതിക്കാരും കൃത്യമായ അജണ്ടകളോടെ ഇനിയും കൂടുതൽ പീഡിപ്പിക്കപ്പെടും.

ഇന്ത്യ ഹിന്ദു മതരാജ്യമാവുന്നതുകൊണ്ടുള്ള ലാഭം അനുഭവിക്കാൻ കഴിയുക ധനികരായ ഉയർന്ന ജാതിക്കാർ ക്ക് മാത്രമാണ്. അതിലും സ്ത്രീകളും കുഞ്ഞുങ്ങളും ഒരുപടി താഴെക്കിടയിൽ തന്നെയായിരിക്കും...

ഇന്ത്യ മതരാജ്യമാവരുത്... ജനാധിപത്യ രാജ്യമായിത്തുടരണം...

ആഗ്രഹമാണ്...

റാണി, അമ്മ, കണ്ണൻറെ കുടുംബാംഗങ്ങൾക്കൊപ്പം


28/12/19
അനിയത്തി റാണി
                                                                               
25/12/19
അമ്മയുടെ പഴയ ഒരു ഫോട്ടോ
                                                                           
                                                                 
16/12/19
കണ്ണൻറെ കുടുംബാംഗങ്ങൾക്കൊപ്പം

Monday, January 6, 2020

നമുക്ക് എന്തിനാണ് പൗരത്വ ബില്ല് ?

  

നമുക്ക് എന്തിനാണ് പൗരത്വ ബില്ല് ?

അത് പാർലിമെന്റിൽ വരുന്നത് തടയാൻ പറ്റിയില്ല.

ഇനി അത് പാസ്സാക്കുന്നതും തടയാൻ പറ്റില്ലേ..

നമ്മൾ എന്തുതരം ജനതയാണ്...

നമ്മൾ പല കടലാസ്സുകൾ നല്കി നമുക്ക് ഈ നാട്ടിൽ ജീവിക്കാൻ അർഹതയുണ്ടെന്ന് നമ്മൾ തെരഞ്ഞെടുത്തയച്ചവരിൽ ചിലർ ചേർന്ന് തീരുമാനിച്ച നിയമത്തെ ബോധ്യപ്പെടുത്തി ഈ നാട്ടിൽ ജീവിക്കണമോ..

അപ്പോൾ എന്താണ് നമ്മുടെ ജന്മഭൂമി.. ?

പൗരത്വബില്ല് പാസ്സായാൽ ... പിന്നെ ജനാധിപത്യം ഇല്ല..

അതു മാത്രമല്ല അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ ഇല്ലാതാകും..

നമ്മൾ മൗനമായിരിക്കുന്നതെന്ത്...
നമുക്ക് നാണം പോലും തോന്നുന്നില്ലേ...

നമുക്ക് ഈ ബില്ലിനെ തടയാൻ കഴിയില്ലേ... നമ്മൾ തടയേണ്ടേ...

KL Jocab 10/12/19
                                                           
                                       

Saturday, January 4, 2020

ചൊക്ളി 2


                                         


( രണ്ട് )

അന്തോണി മാപ്ള തട്ടീതും ആട്ടീതും പട്ടിയെ അല്ല, ഒരു ചെക്കനെ ആരുന്നു. ചെക്കൻ ഉരുണ്ട് പെരണ്ട് എണീറ്റ് ഒറക്കെ നെലോളിച്ചപ്പോ മാപ്ള പേടിച്ചു വെറച്ചു. ആകെ ആന്തിപ്പോയി. 'ൻറെ മാതാവേ ഇദേതാ ഈ കുരിശ് ' ന്ന് ഏങ്ങീത് ഇത്തിരി ഉറക്കെത്തന്നെ ആയി.

ചെക്കനോട് 'നെലോളി നിർത്തെടാ'ന്ന് കല്പിച്ചു മാപ്ള കട തുറന്ന് ഫോട്ടം തുടച്ചിട്ട് മെഴുകുതിരി കത്തിച്ചു മാതാവിനെ ഒന്നു നല്ലോണം സൂക്ഷിച്ചു നോക്കി... ഒന്നും അങ്ങട്ടു പറഞ്ഞില്ല. തിരീം കെടുത്തി മുട്ടേം അടുക്കീട്ട് തോർത്തോണ്ട് കാല്പെട്ടിപ്പുറം ഒന്നു തുടച്ചു അതിന്മേലിരുന്നു. എന്നിട്ട് ചെക്കനോട് വിശേഷം തിരക്കി.

ഏതാണ്ട് പത്തു വയസ്സ് ചെന്ന ചെക്കന് പേര് തന്നെ ഇല്ല... തന്തേം തള്ളേം ഇല്ല.. ഒരു കാല് പിള്ളവാതം വന്നണക്ക് ചൊക്ളിയാണ്. അബദ്ധത്തില് വിളിച്ചതാണെന്ന് വെച്ചാലും അവൻ ചൊക്ലി തന്നെയാന്ന് കണ്ട് മാപ്ള സമാധാനപ്പെട്ടു.

പിന്നെ ഒന്നും ചോദിച്ചില്ല. ദേവുഅമ്മ വന്നു ചായക്കട തുറന്നണക്കേ ചെക്കനും പുട്ടും കടലേം പഴം പുഴുങ്ങീതും പപ്പടോം ചായേം പള്ള നെറച്ചും മേടിച്ചു കൊടുത്തു. ചെക്കൻ ചിറീം തുടച്ച് വന്നപ്പോൾ അമ്പതു പൈസേം കൊടുത്തു.

'എവടക്കാച്ചാ പൊക്കോ.. ഇവടെ നിന്നിട്ട് ഒരു കാര്യോം ല്യ. ഓടിക്കോ നീയ്.. '

അന്തോണി മാപ്ള വേറെ എന്ത് ര്ത്താ ചെയ്യണ്? മാതാവ് എല്ലാ കൊല്ലോം തൃസ്സ്യക്കുട്ടിക്ക് ഓരോ മക്കളെ കൊടുക്കും. വീട് നെറച്ചും മക്കളാ. എട്ടുപത്തെണ്ണം ണ്ട്. ഒരു പണിക്കാരൻ ചെക്കനെ വെച്ചാ അതിൻറെ അണ്ണാക്കിൽക്കും വല്ലതും ഇടണ്ടേ.. അതും ചെലവല്ലേ. എല്ലാററിനും ഓടാൻ മാപ്ള തന്നെയ്ക്കല്ലേന്നും?

ചെക്കൻ കണ്ണ് ഉരുട്ടി മിഴിച്ചു നോക്കി നിക്കാണ്.. എങ്ങട്ടും പോണ കോളില്ല.. ആട്ടിയെറക്കണതെങ്ങനെയാ.. ഒന്നൂല്ലെങ്കിലും ഒരു മനുഷ്യക്കൊച്ചല്ലേ. ആരേ പേടിച്ചില്ലെങ്കിലും മാതാവിനെ, കർത്താവിന്റെ അമ്മേ പേടിക്കണം.

അന്തോണി മാപ്ള വലഞ്ഞു. ഒക്കെ മാതാവിന്റെ കളിയാണ്. തൃസ്സ്യക്കുട്ടിയോട് പറഞ്ഞാ വല്ല കഞ്ഞോള്ളം ഓട്ടക്കിണ്ണത്തീ പാർന്നിട്ടായാലും ചെക്കനെ ഒരു പണിക്കാക്കാന്ന് കേക്കണ്ടി വരും. .. പെണ്ണങ്ങൾക്ക് അങ്ങന്യാ..പെറ്റിട്ടാ മതി പറഞ്ഞാ മതി. ആരാ ചെലവിന് അന്നേഴിക്കണത്?

പത്തു മണി നേരായപ്പോഴേക്കും ചൊക്ലീടെ കാര്യം എല്ലാരും അറിഞ്ഞു. അവൻറെ മൂട് കീറിയ ട്രൗസറ് കണ്ട് ഗോപാലേട്ടൻ ഒരു പഴേ തോർത്തു കൊടുത്തു. ചൊക്ളി അപ്പോത്തന്നെ തോർത്തു വാങ്ങി ട്രൗസറിൻറെ മീതെ ചുറ്റി. മിടുക്കൻ. ജീവിക്കാൻ വശണ്ട് .

അനാഥാലയത്തിലാക്കാം, കോടംകരേലെ പള്ളീല് കൊണ്ടു പോയി അച്ചനെ ഏല്പിക്കാം.. ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞതല്ലാണ്ട് നേരുച്ച്യായിട്ടും ഒരു തീരുമാനായില്ല.. ആരോരുല്യാത്ത ചൊക്ലി പണിക്ക് നിന്നോട്ടേന്ന് എല്ലാരുക്കും മനസ്സില് ണ്ട്. ആരെങ്കിലും അന്നേഴിച്ച് വന്നാലോ പിന്നക്ക് ന്ന്ള്ള പേടീണ്ട്. പണിക്ക് നിർത്തി വല്ല കാശും കൊടുത്ത് സ്ഥിരായി തീറ്റിപ്പോറ്റാൻ പറ്റ് ല്യാന്നും വിചാരണ്ട്.

കാര്യം പഴുത്ത കൂഴച്ചക്കടന്തിയായി. ചൊക്ലി ആകെ എടങ്ങേറിലാക്കി മനുഷ്യരേന്ന് പറഞ്ഞാ മതീലോ. ഇതിനിടക്ക് ദേവുഅമ്മ കപ്പ പുഴുങ്ങീതും കാന്താരി ഉടച്ചതും പാലും പഞ്ചാരേം ഇല്ലാത്ത ചായ വെള്ളോം കൊടുത്തു ചൊക്ളിക്ക്. തിന്നണ ആർത്തി കണ്ടപ്പോ ഗോപാലേട്ടന് കഷ്ടം തോന്നി.. വെശപ്പ് ഒരു വല്ലാത്ത ചെകുത്താനാണ്. അത് പിടിച്ചാ പിന്നെ നാണോം മാനോം വെളിവും ഒന്നുല്യാണ്ടാവും. അല്ലെങ്കി ഊരും പേരും ആളും ഒന്നുല്ലാത്തോര് ക്ക് എന്ത് നാണം.. എന്ത് മാനം.. എന്ത് വെളിവ്..?

അന്നേരത്ത് അന്തോണി മാപ്ള നെരപ്പലകീട്ട് കട പൂട്ടി. തോർത്തും തലേലിട്ട് വീട്ടിലിക്ക് നടന്നു. ഉച്ചി പൊളിയണ വെയിലാണ്. തോർത്തിട്ടിട്ടൊന്നും ഒരു കാര്യവും ഇല്ല. എന്നാലും വെറുതേ ഒരു സമാധാനത്തിന്..

വീട്ടില് മാപ്ള ആരോടും ഒന്നും പറഞ്ഞില്ല. തൃസ്സ്യക്കുട്ടി കവടികിണ്ണം നെകക്കേ ചൂടു കഞ്ഞീം നല്ലോണം തേങ്ങാക്കൊത്തിട്ട് മൂപ്പിച്ച അച്ചിങ്ങേം ഒണക്കമുള്ളൻ വറുത്തതും വെളമ്പി. എങ്ങും നോക്കാണ്ട് കഞ്ഞി കുടിച്ചു. കുടിച്ചു കഴിഞ്ഞിട്ടാ പിള്ളേര് കുടിച്ചോന്ന് ചോദിച്ചത് തന്നെ.


മൂന്നു മണിക്ക് ഇച്ചിരി കട്ടനും മോന്തി അങ്ങാടീല് വന്നപ്പോ ചൊക്ലീടെ കാര്യം മൊയ്തീൻ ഏറ്റേക്കണു. ആ പ്രാന്തനൂണ്ട് ആറേഴു മക്കള്. പിന്നെ ചൊക്ളീനേം വളർത്തോ? ഒക്കെ അന്നേഴിച്ച് കേട്ട് പറഞ്ഞ് വന്നപ്പോ കഥ ഇങ്ങനേണ്..

ദേവുഅമ്മക്ക് വെള്ളം കോരാനും ഇടക്കെടക്ക് കടപ്പണ്ടം എടുത്തുകൊണ്ടരാനും ആള് വേണം. ഗോപാലേട്ടന് നമ്പൂരാര്ക്കും പട്ടമ്മാര്ക്കും വാര്യമ്മാര്ക്കും നായമ്മാര്ക്കും അത്യാവശ്യത്തിന് വല്ല പച്ചക്കറീം എത്തിക്കാൻ ആളു വേണം. ചൊക്ലീടെ ജാതി ഏതാന്ന് ഗോപാലേട്ടൻ പറഞ്ഞാമതി.
തെണ്ടിത്തിരിഞ്ഞു വന്ന ചെക്കനായതോണ്ട് കിളിച്ചതും മുളച്ചതുമൊന്നും ആരോടും പറേണ്ടല്ലോ. ഗോപാലേട്ടൻറെ പോലേ കിരീയം വെള്ളായ്മയാന്ന് തന്നെ കാച്ചാം. കിരീയം നായരിലും മുന്തിയ ഒരു ജാതി ഈ ഭൂലോകത്തില്ലാന്ന് ഗോപാലേട്ടനറിയാം. അതിന് ആരുടേം ശിപാർശ വേണ്ട. ഇപ്പ ഇത്തിരി കാശു കുറഞ്ഞൂന്ന് മാത്രം. ആന മെലിഞ്ഞാലും തൊഴുത്തില് നിക്കില്ല..ചൊക്ളിയാണെങ്കി തോർത്തുടുത്തത് എടത്തോട്ടല്ല, അവൻ മേത്തനല്ലാന്ന് അതു കണ്ടപ്പോഴേ ഉറപ്പായി.

അതൊന്നും കേട്ടിട്ട് മൊയ്തീൻ ഒരക്ഷരം പറയണില്ല. അയാള് എന്തോ തീരുമാനിച്ച പോലേയാണ്.

തീരുമാനം ഇത്രേള്ളൂ..

ചൊക്ളി അങ്ങാടീല് ഗോപാലേട്ടനും ദേവുഅമ്മക്കും വേണ്ട സഹായങ്ങള് ചെയ്യും. ഗോപാലേട്ടൻ ചൊക്ളിക്ക് ഇപ്പോ കെടക്കാനുള്ള രണ്ടു ചാക്കും ഒരു പഴേ പുതപ്പും പിന്നെ എല്ലാ മാസോം ഒരുറുപ്പികേം കൊടുക്കും. ദേവുഅമ്മ ഭക്ഷണം ഉള്ളപ്പോ വയറു നിറയെ കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇല്ലാത്തപ്പോ ഗോപാലേട്ടൻ എന്തെങ്കിലും വീട്ടിലുണ്ടാക്കിയത് കൊടുത്താൽ മതി. മൊയ്തീൻ ചൊക്ളിക്ക് ഉറങ്ങാൻ തൊഴുത്തിൻറെ മുമ്പിലുള്ള വരാന്ത റെഡിയാക്കീട്ടുണ്ട്. കാലത്തെണീറ്റ് ആ തൊഴുത്ത് ഒന്നു ചൊവ്വാക്കാനും മുറ്റടിക്കാനും സഹായിച്ചാ ചെക്കന് കടുംകാപ്പി മറിയംബി കൊടുക്കും.

ചൊക്ളി ചിരിച്ചു നില്ക്കണ കണ്ട് അന്തോണി മാപ്ള മാതാവിനു സ്തുതി പറഞ്ഞു.

മറിയപ്പാറ അങ്ങാടീല് എല്ലാവരുടേം ആയി എന്നാ ആരുടേം ആരുമല്ലാതെ ചൊക്ലീടെ ജീവിതം അന്നു മുതൽ ആരംഭിച്ചു.

അന്നത്തെ ദിവസത്തിന് വേറൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം അവസാനിച്ചതിൻറെ പിറ്റേന്നായിരുന്നു ആ ദിവസം.. അങ്ങാടീലും ബസ്സുകളിലും വഴികളിലും 'ആ യുദ്ധം തീർന്ന് ..' 'ആ പണ്ടാരം ഒടുങ്ങി..' 'നശൂലം അവസാനിച്ചു 'എന്നു മറ്റും മനുഷ്യർ സമാധാനപ്പെട്ടിരുന്ന ദിവസമായിരുന്നു അത്.

Friday, January 3, 2020

ചൊക്ലി 1

  


പുതിയ നോവൽ ആരംഭിക്കുന്നു.
                            


( ഒന്ന് )

ദേശവിളക്ക് എരിയുന്ന ധനു മാസം ഒന്നാം ദിവസം കൃത്യമായിട്ടും മറിയപ്പാറേടെ പേര് അയ്യപ്പൻ കുന്ന് എന്നാവും..

അതല്ലേന്നും ശരി..പാറ ഒരു സത്യപ്രസ്താവനയാണ്.. അയ്യപ്പൻ കുന്ന് ഒരു കാവ്യാത്മകതയും.

പാറേപ്പിടിച്ച് കുന്നാക്കണത് ഒരു കഴിവാണ്.. കുന്നാവുമ്പോ പച്ചപ്പ്, കുറേ തരം പൂക്കൾ, താഴ് വര, നീർച്ചാല് ഒക്കെ സങ്കല്പിക്കാം. പാറേല് അതിനുള്ള ഒരു വഴീം ഇല്ല.

ആദികാലത്ത് മറിയപ്പാറ ആരുന്നില്ല. അത് അറബ് രക്തള്ള മൊയ്തീൻ പേരിട്ട് വിളിച്ചതാണ്. മൊയ്തീൻറെ ഭാര്യ ഒരു സുന്ദരിക്കോതയായിരുന്നു. 'മേത്തച്ചിയായാലും എന്താ ശ്രീത്തം..വല്ല നമ്പൂരീടേം മോളാവും' എന്ന് ആ ശിവൻറമ്പലത്തിലെ കഴകക്കാരി വാരസ്യാര് പറയാറുണ്ട്. ശിവൻറമ്പലത്തില് നിന്ന് മേത്തൻ, മേത്തച്ചീന്നൊക്കെ എന്തിനാണ് പറേന്നതാവോ? ആ കാലത്തും അവിടെ ഹിന്ദുക്കളെ മാത്രല്ലേ കേറ്റൂ. ഇപ്പോഴും അതേ.. ആ കാലത്ത് തന്നെ വലിയ ഒരു ബോർഡും വെച്ചിട്ടുണ്ടാരുന്നു. ബോർഡ് ഇപ്പോഴും നല്ല പളപളാ തെളങ്ങണ ചായടിച്ച് മിനുക്കി വെച്ചിട്ട്ണ്ട്.

അയ്യപ്പക്ഷേത്രത്തിലാണെങ്കീ പറയാം.. മേത്തൻന്നോ മാപ്ളാന്നോ ഒക്കെ പറയാം. അങ്ങനെ ചോദിച്ചാൽ വാരസ്യാര് ചിരിക്കും. വായ തുറന്ന് ചിരിക്കും..അപ്പോൾ കാവള പൂത്ത മണം പരക്കും...

എന്നിട്ട് തിരിച്ച് ഒറ്റ ചോദ്യാണ്..

ഈ അയ്യപ്പൻറെ അച്ഛൻ ആരാന്നറീല്യേ.. ശിവനാണ്.. മ്മ്ടെ ഈ ശിവൻ.. ഈ ലോകത്തെ മനുഷ്യരൊക്കെ ശിവഗോത്രക്കാരാണ്..

അപ്പോ കേമായി. ഈ ലോകം മുഴുവനും ശിവൻറെ ആൾക്കാരാണ്. അതീന്ന് സൗകര്യം പോലെ എത്തിപ്പെട്ട ദേശം പോലെ കാലാവസ്ഥ പോലെ ഒക്കെ മാറിയപ്പോഴാണത്രേ മാപ്ളാരും മേത്തന്മാരും ഒക്കെ ഉണ്ടായത്.എന്നിട്ട് പിന്നെ അവര് അവര് ക്ക് തോന്നിയ പോലങ്ങട്ട് ജീവിച്ച് നാനാവിധായീന്ന്..

ഇങ്ങനൊക്കെ ന്യായം പറയണ വാരസ്യാരോട് ആരാ തർക്കിക്കാൻ പോകുന്നത്. പോരാത്തതിന് വായ തുറന്നാൽ കാവള പൂത്ത മണോം.

എന്തു ഗോത്രമായാലും ഇടക്കിടെ പല്ലു തേക്കണതാണ് വാരസ്യാർക്കും ബാക്കിയുള്ളവർക്കും നല്ലത്.

ആ പോട്ടേ...

സുന്നരി മേത്തച്ചീടെ കാര്യാണല്ലോ പറഞ്ഞു വന്നത്..

ഇങ്ങനേണ്ടോ ഒരു സൗന്ദര്യം.. പത്തമ്പത് കൊല്ലം മുമ്പത്തെ കഥയാണ്. ബ്യൂട്ടി പാർലറും കുന്തോം കൊടച്ചക്രോം ഒന്നുമില്ല. വല്ല റോൾഡ് ഗോൾഡ് കച്ചറ മാലയോ രണ്ടു വളയോ കിട്ടും ഭംഗി കൂട്ടാനായിട്ട്.. അതിനന്നേ ബസ്സ് കേറി പോണം... അല്ലെങ്കിൽ വല്ലോരും ഒരു ചില്ലിട്ട പെട്ടീം കൊണ്ടു വന്ന് വരവ് മാലേ...വരവ് വളേന്നൊക്കെ കൂക്കി വിളിക്കണം. അപ്പോ അത് വാങ്ങാൻ കൈയില് കാശും വേണം.

മറിയംബീടെ സൗന്ദര്യം അങ്ങനെ ഒരു വെച്ചുകെട്ടും ഇല്ലാത്ത സത്യായിരുന്നു. ഷീല, ശാരദ ഒക്കെ മറിയംബീടെ അഞ്ചയലോക്കത്ത് വരില്ല..

മൊയ്തീനും അങ്ങനാരുന്നു. പ്രേംനസീർ തോല്ക്കും. എന്ത് ഐശ്വര്യാ..
നല്ല നെഞ്ചൊറപ്പും. മനയ്ക്കൽ ന്ന് ആ പാറപ്പറമ്പ് മേടിച്ചു.. ഒരു കുളം കുത്തി.. പിന്നെ തമര് വെച്ച് കുറെ പാറയൊക്കെ നീക്കി.. ആ പാറ വെച്ച് പെര പണിതു. ഒരു തരി മണ്ണ് കണ്ടാല് മൊയ്തീൻ അപ്പോ അവടൊരു വിത്ത് പാവും. ഒടുക്കം പാറപ്പറമ്പ് അങ്ങട്ട് പച്ചച്ചു.

ലളിത, ദിനേശ്, ആർ.വി. നായർ മോട്ടോഴ്‌സ് ഈ മൂന്ന് ബസ്സും പാറേടെ മുന്നില് കൂടിയാ പോവാ.. ഈ ബസ്സുകൾ തന്നേ ഉള്ളൂ ആലൂര്ന്ന് തൃശൂർക്ക് പോവാൻ...

സാധാരണ നാടുകളിലെപ്പോലെ മനയ്ക്കപ്പടി, ഇല്ലപ്പടി, വാര്യംകെണറ്, അത്താണി, അമ്പല നട, മഠത്തീക്കേറ്റം, പുഴപ്പാലം, കല്ലെട്ടിപ്പാടം, ആലൂര് സെൻററ് ഇങ്ങനൊക്കെ തന്നെ ആയിരുന്നു ആലൂരും ബസ്സ് നിറുത്തണ സ്ഥലങ്ങള്. ഓരോരോ പേരുകള്.... അല്ലാണ്ട് എന്താ..

വാറോട്ടു മനേടെ ഗേറ്റുപടീല് ബസ്സ് നിറുത്തും. നിറുത്താണ്ട് പറ്റില്ല. ആലൂര് ശിവൻറെ അമ്പലം അവരുടെ ആണ്. അപ്പോ മനയ്ക്കപ്പടീ മനയ്ക്കപ്പടീ ന്ന് വിളിക്കും ബസ്സിലെ കിളി. കീഴ്പ്പാടി ഇല്ലത്തിൻറെ മുന്നിലും ഇല്ലപ്പടീ, ആളെറങ്ങാനുണ്ടോന്ന് ബസ്സ് നിറുത്തും. കീഴ്പ്പാടിക്കാരുടെയായിരുന്നു ആലൂര് ദേശം. ശൂലപാണി വാര്യരുടെ വാര്യത്തിൻറവിടെ ഒരു പഞ്ചായത്ത് കിണറുണ്ട്. കിണറ് കുത്തീത് പഞ്ചായത്തേരിക്കും. ഭൂമി വാര്യത്തേയല്ലേ.. അതേ. അപ്പോ വെള്ളം ആരടെ ഭൂമിലാരുന്നു? വാര്യത്തീന്ന് കൊടുത്തോണ്ടല്ലേ പഞ്ചായത്തിന് കെണറ് കുത്താൻ പറ്റിയത്. പഞ്ചായത്ത് കെണറായാലും പറയുമ്പോൾ വാര്യം കെണറ്ന്നെ പറയൂ. മഠത്തീക്കേറ്റത്തെ ആലൂര് മഠത്തിലെയാ ലളിതേം ദിനേശും ബസ്സുകള്. അവിടെ നിറുത്താണ്ട് പറ്റോ.. വിശ്വസ്സാമിക്കും ലളിതമ്മ്യാരുക്കും ബസ്സില് കേറണ്ടേ?

മൊയ്തീനും മറിയുംബീക്കും കൂടി ആറേഴ് മക്കളായി. പാറേടവിടെ എല്ലാവരും കൂടി ബസ്സ് കാത്ത് നില്ക്കണ കണ്ടാൽ അതിശയം തോന്നും. വെളുത്തു ചൊകന്ന്.. അന്ന് മറിയുംബി പർദ്ദയൊന്നും ഇടില്ല. കാച്ചീം കൈക്കുപ്പായവും തട്ടനും.. ബസ്സീന്ന് എറങ്ങണതും നല്ല രസാ.. എടങ്ങഴീം നാഴീം ചിരട്ടേം തവീം കുഞ്ഞിക്കോരീം പോലെ ഓരോന്ന് മൊട്ടത്തലേം തടവി ഇങ്ങനെ ഇറങ്ങും വരിവരിയായിട്ട്..

ഒരു ദിവസം ബസ്സീന്ന് എറങ്ങാൻ നേരത്ത് മൊയ്തീൻ വിളിച്ച് പറഞ്ഞതാണ്... 'ബസ്സ് നിർത്തേയ്..മറിയപ്പാറേടെ അവിടെ നിർത്തേയ്..'

എല്ലാവരും ഞെട്ടി.. ബസ്സീന്നിറങ്ങി പാറേടെ അപ്പുറത്ത് ചെട്ടിക്കേറ്റത്തേക്ക് കെതച്ച് കെതച്ച് നടക്കണ ചെട്ടിച്ചികളും 'കൊശത്തി നാക്കേ അറ്ത്താലും കൊടം രണ്ടു കാശ് 'ന്ന് എപ്പോഴും എല്ലാരുടേം ചീത്ത കേക്കണ കുശത്തികളും പച്ചക്കറികൾ കച്ചോടം ചെയ്യണ ഗോപാലേട്ടനും എല്ലാവരും ഞെട്ടി..

ബസ്സ് തന്നെ ഞെട്ടി..

മൊയ്തീൻ അങ്ങനെ പറയാൻ പാട്വോ? മനയ്ക്കലെ പറമ്പിൻറെ പാറയല്ലേ? അതിനെ മറിയപ്പാറാന്ന് വിളിക്കാൻ പാട്വോ? കാശ് കൊടുത്തു പറമ്പ് വാങ്ങിയാലും മനയ്ക്കലേ പറമ്പിൻറെ ഐശ്വര്യം പോവോ? അതവിടെണ്ടാവും ല്ലേ..

ആ ഐശ്വര്യം കാരണല്ലേ മൊയ്തീൻ നന്നായത്..

ബസ്സീന്നിറങ്ങിയപ്പോൾ മൊയ്തീന് തോന്നി.. നല്ല ശൊങ്കൻ പേരായി ബസ്സ് സ്റ്റോപ്പിന്...

ബസ്സോടണ വഴീലേക്ക് തള്ളി ഉന്തി നില്ക്കണ പറമ്പിലെ പാറപ്പുറത്ത് മൊയ്തീൻ അന്നു തന്നെ എഴുതി വെച്ചു. 'മറിയപ്പാറ'. ചെങ്കല്ലും കരിക്കട്ടേം എടുത്ത് രണ്ട് നിരയായി എഴുതി. പാറ മൊയ്തീൻറെ പറമ്പിലല്ലേ.. പാടില്ലാന്ന് പറഞ്ഞിട്ട് എന്താ കാര്യന്നാണ് വാറോട്ടു മനയിലെ നമ്പൂതിരിപ്പാട് ചോദിച്ചത്.

ആദ്യം ഞെട്ടീന്ന് വെച്ചാലും ബസ്സുകാര് പതുക്കെപ്പതുക്കെ ആ ബസ്സ്സ്റ്റോപ്പിന് മറിയപ്പാറാന്ന് പേര് സ്ഥിരാക്കി. ചെട്ടിച്ചികളും കുശത്തികളും കൂടിയുള്ള കള്ളവാറ്റിൻറെ രുചി പിടിച്ചു അവിടന്ന് ബസ്സില് കേറണവരുടെ എണ്ണം കൂടിക്കൂടി വന്നപ്പോ പിന്നെ ആ പേര് അങ്ങനെയായി..

മറിയപ്പാറേടവിടെ പതുക്കെ ഒരു അങ്ങാടി വന്നു. അതിനു കാരണം ഒരു വലിയ ഹൈവേ റോഡ് പാലക്കാട്ടേക്കും എറണാകുളത്തേക്കും പോവാൻ പാകത്തിന് അതിലേക്കൂടി വരണുണ്ട് എന്ന വാർത്തയായിരുന്നു. അങ്ങാടീന്ന് പറഞ്ഞാ അത്ര കേമം ഒന്നുല്ല.. ഒരു സ്ലേറ്റില് വില എഴുതിക്കൂട്ടി കാശ് പറയണ അന്തോണി മാപ്ളയുടെ പലചരക്ക് കട,
ഗോപാലേട്ടൻറെ പച്ചക്കറിക്കട, വൈകുന്നേരം മാത്രം കുശവത്തി കൊണ്ടുവരണ മൺകലങ്ങളും ചട്ടികളും, ചെട്ടിച്ചികളുടെ അവിലും മലരും മുട്ടപ്പൊരിയും, ചെറ്മൻ ചെക്കൂൻറെ മീൻ കോർമ്പല്, ദേവുഅമ്മേടെ ഇടയ്ക്കിടെ തുറക്കണ ചായക്കട..

എന്നാലും അത് മറിയപ്പാറ അങ്ങാടിയായി.

അന്തോണി മാപ്ള എന്നും അതിരാവിലെ വന്ന് നിരപ്പലക മാററി കട തുറക്കും. മാതാവിന്റെ ചില്ലിട്ട ഫോട്ടം തോളില് തൂങ്ങണ തോർത്തോണ്ട് ഒന്നു തുടച്ച് ഇത്തിരി നേരത്തേക്ക് ഒരു മെഴുകുതിരി കത്തിച്ചു 'എൻറെ മാതാവേ.. എൻറെ മാതാവേ'ന്ന് വിളിക്കും. അതുകഴിഞ്ഞാ ഉടനെ മെഴുകുതിരി കെടുത്തും. പിന്നെ
കോഴിമുട്ടേം താറാമുട്ടേം വട്ടത്തിലുള്ള കമ്പിക്കൂടില് അടുക്കിതൂക്കിയിടും. മുട്ട വാങ്ങാൻ ചെട്ടിച്ചികള് നേരം പുലരുമ്പോ തന്നെ വരാറുണ്ട്. അവര് വരാൻ വൈകിയാൽ അന്തോണി മാപ്ളക്ക് ആധി കയറും. ഈ മുട്ടയൊക്കെ വെറുതെ കളയേണ്ടി വരോൻറെ മാതാവേന്ന് മാപ്ള ഒച്ചേല്യാണ്ട് ദണ്ഡപ്പെടും..

അന്നും പതിവു പോലെ മാപ്ള വന്ന് നിരപ്പലക എടുക്കാൻ നോക്കുമ്പോഴാണ് കാലിൽ എന്തോ തടഞ്ഞത്. പുലരണല്ലേ ഉള്ളൂ.. ഒരു കറപ്പു രാശീണ്ട്.. എന്ത് മാരണാണാവോന്ന് വിചാരിച്ചു കാലോണ്ട് ഒരു തട്ടു കൊടുത്തു.. കൊടിച്ചിപ്പട്ടിയാന്നാണ് അന്തോണി മാപ്ള വിചാരിച്ചത്. കാലോണ്ട് തട്ടീതുമല്ല ഒച്ചേടുക്കേം ചെയ്തു...

'എണീറ്റു പോടീ ചൊക്ളീ'