Monday, June 15, 2009

എനിക്കെന്താ ഒരു കൊറവ് ?.........

https://www.facebook.com/groups/1498796040413252/permalink/1588383508121171/

കൊച്ചൂട്ടിയുടെ പലചരക്ക് കടക്ക് മുൻപിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു വെച്ചൂരെ ശ്രീദേവി. രാവിലെ ഏഴരമണിക്കുള്ള ബസ്സ് പിടിച്ച് വേണം ശ്രീദേവിക്ക് നഗരത്തിലുള്ള പാരലൽ കോളേജിലെത്താൻ. അവൾ അവിടെ ബി.എ ക്ക് പഠിക്കുകയാണ്. പഠിക്കാനത്ര ആഗ്രഹമൊന്നും ഉണ്ടായിട്ടല്ല. പക്ഷെ വെറുതെ വീട്ടിലിരിക്കുന്ന ബോറടി ഒഴിവാക്കാമല്ലോ, കാലത്തെ യൂണിഫോം ധരിച്ച് പോവുകയുമാവാം. കന്യാസ്ത്രീകൾ നടത്തുന്ന കോളേജിൽ ഈ ഒരു കാര്യമേ അവൾക്കിഷ്ടപ്പെടാതെയുള്ളൂ , അതവരുടെ യൂണിഫോം ധരിപ്പിക്കലാണ്. ഇത്ര നല്ല പ്രായത്തിൽ ഇങ്ങനെ പ്ലെയിൻ നിറങ്ങളിലുള്ള പാവാടയും ബ്ലൌസും ഇട്ട്, ഒരു മേക്കപ്പും ചെയ്യാതെ , നിരാഭരണരായി പിള്ളേരെ കോളേജിൽ വരാൻ നിർബന്ധിക്കണത് അവരുടെ തനിക്കുശുമ്പാണെന്നാണ് അവൾക്ക് തോന്നീട്ടുള്ളത്. ശ്രീദേവിക്കങ്ങനെയൊക്കെ തോന്നാം, വെളുത്ത നിറവും ചുരുണ്ട തലമുടിയും അവയവ ഭംഗി തികഞ്ഞ ദേഹവുമുള്ള അവളെപ്പോലെയാണോ കരിഞ്ഞുണങ്ങിയ ദേഹവും എലിവാലു പോലത്തെ തലമുടിയുമുള്ള ഭൂരിഭാഗം കുട്ടികൾ? നല്ല കുപ്പായോം ആഭരണോം ഒന്നും ചാർത്തീല്ലെങ്കിലും ശ്രീദേവിയെപ്പോലെയുള്ളവരെ കാണുമ്പോൾ ആ കുട്ടികൾക്ക് നന്നെ വിഷമം തോന്നും. കന്യാസ്ത്രീകൾക്ക് എല്ലാവരെയും പഠിപ്പിക്കേണ്ടേ? പിന്നെ വെച്ചൂരെ വീട്ടിലെ പെണ്ണ്, അതും ഒരു വലിയ കേമത്തം തന്നെ. പണ്ട് ധനസ്ഥിതി കുറച്ച് മോശമായിരുന്നെങ്കിലും ശ്രീദേവിയുടെ അച്ഛന്റെ പ്രയത്നം കൊണ്ട് ഇപ്പോൾ ഒക്കെ ഒരുവിധം ഭംഗിയായിട്ട് കഴിഞ്ഞു പോകുന്നുണ്ട്. ഗോപാലൻ നായർക്ക് ശ്രീദേവിയെ കേമമായി പഠിപ്പിക്കണമെന്ന് ആശയുണ്ടായിരുന്നു. അതിനു ശ്രീദേവിക്ക് വായിക്കണതു വല്ലതും തലയിൽ കേറേണ്ടേ? സത്യം പറയാലോ , ഗോപാലൻ നായരെ പേടിച്ചിട്ടും ബസ്സിലൊക്കെ കയറി പട്ടണത്തിൽ പോകാനുള്ള ആഗ്രഹം കൊണ്ടും മാത്രമാണ് ശ്രീദേവി കോളേജിൽ പോകുന്നത്.
അവൾ പഠിച്ച് ജോലിക്ക് പോയി സമ്പാദിച്ചിട്ട് വേണ്ട തറവാട് കഴിയാൻ എന്ന് ഗോപാലൻ നായർ ഇടക്കിടക്ക് വീമ്പ് പറയാറുണ്ട്, ഈയിടെയായി പറച്ചിലിന് ഊക്ക് കൂടിവരികയുമാണ്. ശ്രീദേവിയെ വേഗം തന്നെ കല്യാണം കഴിപ്പിച്ചേക്കുമെന്ന് വിശാലുവമ്മയും – ശ്രീദേവിയുടെ അമ്മ – പറയാൻ തുടങ്ങിയതോടെ നല്ലൊരു കല്യാണസദ്യയും കാത്തിരുപ്പായി നാട്ടുകാരുമെന്നു പറഞ്ഞാൽ മതിയല്ലോ. അതുകൊണ്ടാണ് ഞായറാഴ്ച ശ്രീദേവിയെ പെണ്ണ് കാണാൻ ഒരു ചെക്കൻ വന്ന വിവരം നാട്ടിലെല്ലാവരും വേഗം അറിഞ്ഞത്. കേട്ടവർ കേൾക്കാത്തവരോടും കണ്ടവർ കാണാത്തവരോടും മണത്തവർ മണക്കാത്തവരോടും പറഞ്ഞു. അപ്പോഴതാ, തിങ്കളാഴ്ച രാവിലെ, ശ്രീദേവി ഒന്നും സംഭവിക്കാത്തതു പോലെ കോളേജിൽ പോവാൻ ബസ്സ് കാത്ത് നിൽക്കുന്നു. കൊച്ചൂട്ടിക്ക് വിവരങ്ങളറിയാതെ ശ്വാസം മുട്ടുകയായിരുന്നു. അതുകൊണ്ട് ചുറ്റിവളക്കാനൊന്നും നിൽക്കാതെ നേരെയങ്ങോട്ട് കാര്യമന്വേഷിച്ചു.
“കുട്യേ കാണാൻ ന്നലെ ആളോള് വന്നിരുന്നൂന്ന് ആരോ പറഞ്ഞേയ്, ഞായീ പീടികേലിരിക്കണ കാരണം ഇങ്ങനെ ഓരോരുത്തരോരോന്ന് പറേണത് കേക്കും, അതോണ്ട് ചോയിക്യേ,“
“ഉവ്വെന്റെ കൊച്ചൂട്യേമേ, ചെക്കനും അച്ഛനും അമ്മേം അമ്മാമനും അമ്മായീം ഒക്കെയായിട്ട് നല്ല ആളുണ്ടായിരുന്നു. ഉഴുന്നു വടേം മിച്ചറും ഉപ്പുമാവും പഴംനുറുക്കും ഒക്കെ നല്ലോണം ചെലുത്തേം ചെയ്തു, പിന്നെ ചായേം അസ്സലായിട്ട് കുടിച്ചു.“
ശ്രീദേവിയുടെ സ്വരത്തിൽ പരിഹാസമാണോ അതോ വെറും കൌതുകമാണോ എന്ന് കൊച്ചൂട്ടിക്ക് മനസ്സിലായില്ല.
“അതിപ്പോ വെച്ചൂരേ വീട്ട്ല് വന്നാ തിന്നാനെന്താ കൊറവ് എന്റെ മോളേ, വിശാലു അമ്മേടേ കൈപ്പുണ്യം നിക്കറീയില്ലേ, എന്നിട്ട് ചെക്കൻ എങ്ങനെണ്ട്? കുട്ടി നല്ലോണം പോലെ നോക്കിയോ?“
‘അത്ര അധികൊന്നും നോക്കീല്യ,‘ ശ്രീദേവി ഒരു സുഖവുമില്ലാത്ത ഒച്ചയിൽ മെല്ലെ പറഞ്ഞു.
“അതിപ്പോ നല്ല തറവാട്ടീപ്പെറന്ന പെൺകുട്യോള് അങ്ങനെ ആണങ്ങള്ടെ മോത്തോക്കി ഇരിക്ക് ല്യാ. ഞീം ധാരാളം സമേണ്ടല്ലോ അപ്പോ വയറ് നെറച്ചും കാണ്ണാം. ചെക്കൻ എന്താ പറഞ്ഞേ, എന്നത്തേക്ക്ണ്ടാവും പൊടമുറി?“
‘പൊടമുറീം കൊടമുറീം ഒന്നൂല്യാ, അയാൾക്ക് എന്നെ പിടിച്ച്ല്യാത്രേ‘ ശ്രീദേവി താഴോട്ട് നോക്കിക്കൊണ്ട് പിറുപിറുത്തു. എത്ര ശ്രമിച്ചിട്ടും അത് പറയുമ്പോൾ അവളുടെ ശബ്ദം ചിലമ്പിച്ചു.
കൊച്ചൂട്ടിക്കത് അവിശ്വസനീയമായിരുന്നു. ശ്രീദേവിയെ വേണ്ടെ ചെക്കന്? പിന്നെ ഏത് സുന്ദരിക്കോതയെ ആണവനു വേണ്ടത്? ഈ ആണുങ്ങളുടെ ഒരു കാര്യം, പെണ്ണിന് എന്തൊക്കെയുണ്ടായാലും അതൊന്നുമല്ലാത്ത വേറേ എന്തോ ഒരു സാധനമാണവർക്ക് വേണ്ടത്. എന്നിട്ട് ജീവിതകാലം മുഴുവൻ കിട്ടാത്ത ആ സാധനം തേടിനടന്നിട്ട് കൈയിൽ കിട്ടിയ നൂറ് സാധനവും അവരു കാണാണ്ട് പോകും, അങ്ങനെ കിട്ടിയതെല്ലാം തട്ടിക്കളയും. ഒടുവിലൊന്നും ബാക്കിയുണ്ടാവില്ല. അപ്പോ പെണ്ണിനെ കരേപ്പിച്ചും പിള്ളേരെ വെഷമിപ്പിച്ചും ഇടക്ക് സ്വയം കരഞ്ഞും ജന്മങ്ങ് ഒടുങ്ങും.
“അതിപ്പൊ, എന്തായാള് അങ്ങനെ പറയാൻ? അയാള് നിന്നെ ശരിക്ക് കണ്ടില്ലേ?“
‘എനിക്ക് എങ്ങനെയാ അറിയ്യാ ന്റെ കൊച്ചുട്യേമേ? ചെലപ്പൊ അയാൾടെ കണ്ണില് മത്ത കുത്തീട്ട്ണ്ടാവും. അല്ലാണ്ട് എനിക്കെന്താ ഒരു കൊറവ്? തലമുടീല്ല്യേ, വെളുത്ത നെറല്ല്യേ, പഠിപ്പ്ല്ല്യേ, പിന്നെ കാശ് എത്ര വേണച്ചാലും അച്ഛൻ കൊടുക്കൂലോ.‘ ശ്രീദേവി തന്റെ അഴകാർന്ന മുടിപ്പിന്നൽ അരുമയോടെ എടുത്ത് മാറത്തേക്കിട്ടു കൊണ്ട് ഒന്ന് ഞെളിഞ്ഞു.
കൊച്ചൂട്ടിക്ക് വലിയ വിഷമം തോന്നി, എന്നാലും ആ ചെക്കൻ അങ്ങനെ പറഞ്ഞു കളഞ്ഞല്ലോ. വെച്ചൂരെ വീട്ടിനു തന്നെ ഒരു നാണക്കേടായി.
“ഒരു നാണക്കേടായീലോ മോളെ, പോട്ടെ സാരല്യാ. ഗോപാലൻ നായര് വേറെ നല്ല ചെക്കനെ കൊണ്ടരും. ഈ നാണക്കേട് മോളങ്ങട്ട് മറന്ന് കള.“
എന്തുകൊണ്ടോ ശ്രീദേവിയുടെ മറുപടി വളരെ ശാന്തമായിരുന്നു.
“എനിക്കെന്ത് നാണക്കേടാ ന്റെ കൊച്ചൂട്ട്യേമേ, അയാൾക്കല്ലേ നാണക്കേട് ? പരിചയൊന്നൂല്യാത്ത ഒരു വീട്ടിൽ വരാ, നല്ലോണം ചായേം പലഹാരോം തട്ടാ, എന്ന്ട്ട് അവടത്തെ പെൺകുട്യേ പിടിച്ച്ല്യാന്ന് പറഞ്ഞ് പൂവ്വാ. നാണള്ളോര് ഇങ്ങനെ കാണീക്കോ?“
കൊച്ചൂട്ടിക്ക് ഒന്നും പറയാൻ സമയം കിട്ടിയില്ല. അപ്പോഴേക്കും ബസ്സ് വന്നു.

Thursday, June 11, 2009

അത്രയും കാലം ആയിരുന്നത്…………..

https://www.facebook.com/groups/1498796040413252/permalink/1587074101585445/

ടീച്ചർ ജോലിയിൽ നിന്ന് പിരിഞ്ഞിട്ട് പതിനഞ്ച് വർഷമാകുന്ന ദിനമായിരുന്നു അത്. ജോലിയിൽ നിന്ന് പിരിഞ്ഞതോർക്കുമ്പോഴെല്ലാം കടുത്ത ഒരു വിഷാദം അവരെയാകമാനം വന്ന് പൊതിയാറുണ്ട്. എന്ന് വെച്ചാൽ ഇതു വരെ ആരും ജോലിയിൽ നിന്ന് പിരിഞ്ഞിട്ടില്ലേ എന്ന് ചോദിക്കാൻ വരട്ടെ. നമ്മളെപ്പോലെ കുടുംബോം കുട്ടികളും പ്രാരബ്ധോം ഒന്നും അവർക്കുണ്ടായിരുന്നില്ല. അതു കൊണ്ട് അവർ ഒരു മുഴുവൻ സമയ ടീച്ചർ ആയിരുന്നുവല്ലോ. സ്കൂളിൽ അവർ എന്നും പോയി, ഭംഗിയായി പഠിപ്പിച്ചു, മറ്റ് ടീച്ചർമാരെപ്പോലെ ഭർത്താവിനും കുട്ടികൾക്കും വേണ്ടി അവധിയെടുക്കേണ്ട ഒരു കാര്യവും അവർക്കുണ്ടായിരുന്നില്ല. എല്ലാ ടീച്ചർമാരുടെയും അവധി ക്ലാസ്സുകൾ അവർ സന്തോഷത്തോടെ ഏറ്റെടുത്തു, ആകാവുന്ന എല്ലാ സഹായവും അവർ എന്നും എല്ലാവർക്കും ചെയ്തു പോന്നു. അവരുടെ സഹായവും സൌമനസ്യവും സ്വീകരിച്ച എല്ലാവരും ‘അയ്യോ, അവരൊരു പാവം, സ്വന്തായിട്ട് ആരുല്യാത്തോണ്ട് ആർക്ക് വേണ്ടിയാ അവരു ജോലീട്ക്കാ, എല്ലാര്ക്കും വല്ലതും ഒക്കെ ചെയ്തു കൊടുക്കുമ്പോ നേരോം പോയിക്കിട്ടും’… എന്നു സഹതപിക്കുവാനും മറന്നില്ല. നമുക്ക് പിന്നെ ഈ നാട്യം ജന്മനാ കിട്ടുന്നതാണല്ലോ. നമ്മൾക്ക് സഹായമൊന്നും ആവശ്യമില്ല, പിന്നെ സഹായിക്കാൻ വന്ന ആൾക്ക് ഒരുപകാരമായിക്കോട്ടെ എന്ന മട്ടിലുള്ള ഒരിരുപ്പ്. ടീച്ചർ പക്ഷെ അതൊന്നും ഒരു പ്രശ്നമായി കണ്ടതേ ഇല്ല. വിരൽത്തുമ്പിൽ പോലും കുലീനത്വം തുളുമ്പുന്ന അവർ തികഞ്ഞ സച്ചരിതയും ധർമിഷ്ഠയുമായിരുന്നു.

ഇനിയിപ്പോൾ ടീച്ചർക്ക് കല്യാണോം കുടുംബോം ഉണ്ടാവാത്തതിനെപറ്റി ആലോചിച്ച് കാട് കയറാനും പോണ്ട. അങ്ങനെ പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാനൊന്നും ഇല്ലായിരുന്നുവെന്ന് കൂട്ടിയാൽ മതി. ആദ്യം ചില ആലോചനകളൊക്കെ വരികയുമുണ്ടായി.പക്ഷെ, എന്തുകൊണ്ടോ ഒന്നും നടക്കുകയുണ്ടായില്ല. വലിയ സംഭവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ജീവിതം മാത്രമെ ടീച്ചർക്ക് ഉണ്ടായിരുന്നുള്ളൂവെന്നർഥം.

ആദ്യകാലങ്ങളിലൊക്കെ ടീച്ചർ വൻ നഗരങ്ങളിൽ താമസമാക്കിയ സ്വന്തം കൂടപ്പിറപ്പുകളെ പറ്റി വല്ലതുമൊക്കെ പറഞ്ഞിരുന്നു. പിന്നെപ്പിന്നെ ആ പതിവ് അവരുപേക്ഷിച്ചു. കൂടപ്പിറപ്പുകൾക്കെല്ലാം കുടുംബവും കുട്ടികളും ഉണ്ടായിരുന്നു. പണ്ടൊക്കെ അവർ വല്ലപ്പോഴും ടീച്ചറെ കാണാൻ ദൂരയാത്രകൾ ചെയ്ത് ആ ഉറക്കം തൂങ്ങി ഗ്രാമത്തിൽ വന്നെത്തിയിരുന്നുവെങ്കിലും സ്വന്തം കുട്ടികൾ വലുതായിത്തുടങ്ങിയപ്പോൾ അവരുടെ വരവ് കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ ഇല്ലാതെയാവുകയായിരുന്നു. അവർക്കും കുട്ടികളുടെ പഠിപ്പ്, ജോലിയിലെ ട്രാൻസ്ഫർ അങ്ങനെ നൂറായിരം പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടായിരുന്നുവല്ലോ. കാലം പോകെ പോകെ അവർക്കും വാർദ്ധക്യം ബാധിച്ചു, അവരും സ്വന്തം മക്കളുടെ ആശ്രയത്തിലായി മാറി. എല്ലാറ്റിനും പുറമേ വൻ നഗരങ്ങളിൽ പാർത്ത് പാർത്ത് അവരൊക്കെയും അതത് നഗരവാസികളായി മാറുകയും ചെയ്തിരുന്നു. ആ ഉറക്കം തൂങ്ങി ഗ്രാമം അവർക്ക് തികച്ചും അനാകർഷകമായിത്തീർന്നു . ടീച്ചർക്കും കൂടപ്പിറപ്പുകൾക്കും തമ്മിൽ ഒരു വഴക്കോ വൈരാഗ്യമോ ഒന്നുമില്ലായിരുന്നു, കേട്ടൊ.. പാതയോരത്ത് പൂക്കാതെയും തളിർക്കാതെയും എന്നാൽ പട്ട് പോകാതെയും നിൽക്കുന്ന കുറ്റിച്ചെടിയെപ്പോലെ ഒരു ജീവിതമായിരുന്നു ടീച്ചറുടേത്.

സ്കൂളിലെ ജോലിയും സ്വന്തം വീട്ടിലെ ജോലിയും തീർന്നു മിച്ചം വരുന്ന സമയം ടീച്ചർ ദേവദർശനം ചെയ്തു, മഹിളാസമാജത്തിലും ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിലും പോയി. ഗ്രാമത്തിലെ വായനശാലയിൽ ചെന്നു പുസ്തകങ്ങൾ കൊണ്ടു വന്നു വായിച്ചു. പുരാണഗ്രന്ഥങ്ങളും ബംഗാളീ നോവലുകളുടെ വിവർത്തനങ്ങളുമായിരുന്നു ടീച്ചർക്കു പഥ്യം. കൈയും കഴുത്തും കണ്ണും തളരുവോളം സാരികളിൽ ചിത്രത്തുന്നൽ ചെയ്ത് പലർക്കും സമ്മാനിച്ചു. തന്റെ കൊച്ചു പുരയിടത്തിൽ പൂച്ചെടികൾ നട്ടു വളർത്തി, പൂക്കളും അവർ എല്ലാവർക്കുമായി പങ്കുവെച്ചു.

അന്ന് രാവിലെ , ജോലിയിൽ നിന്ന് പിരിഞ്ഞു പോന്ന ദിവസത്തെക്കുറിച്ച് പതിവുള്ള വിഷാദഭാരത്തോടെ ഓർമ്മിച്ചുകൊണ്ടാണു ടീച്ചർ അരിയിലെ കല്ലു പെറുക്കിക്കൊണ്ടിരുന്നത്. അതു വരെ എന്തായിരുന്നുവോ അതല്ലാതെയായി പെട്ടെന്ന് എന്ന നൈരാശ്യം ടീച്ചറെ കഴിഞ്ഞ പതിനഞ്ച് വർഷമായി വിടാതെ പിന്തുടർന്നിരുന്നു. ടീച്ചർ എത്രമാത്രം ഒരു ടീച്ചറായിരുന്നുവെന്ന് അറിയാൻ പറ്റാത്തവർക്ക് അവരുടെ ഈ വിഷമം എങ്ങനെയാണു മനസ്സിലാവുക?

അപ്പോഴാണു ഇലക്ട്രീഷ്യൻ പ്രഭാകരൻ ഒരു പാസ്പോർട്ട് അപേക്ഷയുമായി കയറി വന്നത്. ടീച്ചർ മുറം നീക്കിവെച്ച് നിറഞ്ഞ സൌഹാർദത്തോടെ ചിരിച്ചു , “വാ വാ പ്രഭേ… എന്താ വിശേഷിച്ച് ?...“
“ഈ അപേക്ഷ ഒന്നു പൂരിപ്പിക്കണം ടീച്ചറെ. ഞാനും കടൽ കടന്ന് ദുബായി ഒക്കെ ഒന്നു പോയി വരാം.എനിക്കും നാലു കാശുണ്ടാവണ്ടേ. എന്നും ഇങ്ങനെ അരിഷ്ടിച്ച് കഴിഞ്ഞ് എനിക്ക് മടുപ്പായി ടീച്ചറെ..“

എല്ലാവരും നന്നായി കാണാൻ മാത്രം ആഗ്രഹിക്കുന്ന ടീച്ചർക്ക് സന്തോഷമല്ലെയുള്ളൂ പ്രഭാകരനെ സഹായിക്കുവാൻ? അപേക്ഷ പൂരിപ്പിച്ച് കഴിഞ്ഞപ്പോൾ ടീച്ചർ ഒരു പാത്രം നല്ല സംഭാരം കൊണ്ടു വന്നു കൊടുത്തു. അയാൾ ഗ്ല്ഗ്ല് ശബ്ദത്തോടെ അതു കുടിക്കുന്നത് ടീച്ചർ കൌതുകത്തോടെ ശ്രദ്ധിക്കുകയായിരുന്നു. വീട്ടു മുറ്റത്തു നിൽക്കുന്ന മൂവ്വാണ്ടൻ മാവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ട് , പാത്രം തിരിച്ചേൽപ്പിക്കുമ്പോൾ അയാൾ ചിന്താധീനനാവുന്നത് ടീച്ചർക്കും മനസ്സിലായി.
അല്പനേരം കൂടി ചെലവാക്കി ഇറങ്ങാൻ തുടങ്ങവെ, പ്രഭാകരൻ പെട്ടെന്നു പറഞ്ഞു. “ഈ മാവ് ആൾ അത്ര ശരിയല്ല ടീച്ചറെ, വയസ്സനായി, എപ്പഴാ ഇടിഞ്ഞു പൊളിഞ്ഞു മണ്ടേല് വീഴാന്ന് പറയാൻ പറ്റില്യ. പെരേൽക്ക് ചാഞ്ഞിട്ടാ നിക്കണേ. ഇബനെ അങ്ങട് കാച്ചിക്കളയ്യാ നല്ലത്.“

അയ്യോ! അത് വേണ്ട പ്രഭേ എത്ര കാലായി ഈ മുറ്റത്ത് നിൽക്കണു , ഇതേ വരെ ഒരു കൊമ്പും കൂടി വീണുപദ്രവം ചെയ്തിട്ടില്യ. അതവിടെ അങ്ങട് നിന്നോട്ടെ.

പ്രഭാകരന് ടീച്ചറുടെ നിഷേധം ബോധ്യമായില്ല. മാവിനു വയസ്സായിരിക്കണത് നമ്മൾ കണ്ടറിയേണ്ടേ? അതിങ്ങനെ കാണാണ്ടിരുന്നാൽ ആർക്കാണു കേട് ? ഞാനിതാ വീഴാൻ പോകുന്നുവെന്ന് വിളിച്ച് പറയാൻ മാവിന് പറ്റുമോ ? ഇത്ര കാലം സ്കൂളിലൊക്കെ പഠിപ്പിച്ച ടീച്ചർക്ക് അറിവില്ലാണ്ടാവാൻ മാർഗമില്ല. പിന്നെ എന്തെങ്കിലും ഒരു കുഴപ്പമുണ്ടായാൽ ടീച്ചറു തന്നെ പരവശപ്പെടേണ്ടി വരും. ടീച്ചർക്കും ചെറുപ്പല്ല, വയസ്സേറി വരികയാണ്…… അങ്ങനെ പലതും അയാൾ ന്യായങ്ങളായി പറഞ്ഞെങ്കിലും ടീച്ചർ ഒട്ടും ഇളകിയില്ല. മാവു മുറിക്കേണ്ടതില്ലെന്ന് ടീച്ചർ ഉറപ്പിച്ച് പറഞ്ഞു.

‘തെരക്കൊന്നൂല്യാണ്ട് നല്ലോണം ആലോചിച്ച് ചെയ്താ മതി ടീച്ചറെ ‘ എന്ന് യാത്ര പറഞ്ഞു പ്രഭാകരൻ പോയപ്പോഴാണ് ടീച്ചർ മൂവാണ്ടൻ മാവിനെ ശ്രദ്ധിച്ച് നോക്കിയത്. കാര്യം പ്രഭയോട് മുറിക്കേണ്ട എന്ന് പറഞ്ഞുവെങ്കിലും മാവ് പുരയിലേക്ക് വീഴാൻ പാടില്ല എന്ന് ടീച്ചർക്കറിയാമല്ലോ. മാവിനു വാട്ടമുണ്ടോ, മാവ് പുരയിലേക്ക് ചാഞ്ഞിട്ടുണ്ടോ എന്നൊക്കെ അവർ നോക്കാതിരുന്നില്ല. കുറച്ച് നേരം സൂക്ഷിച്ച് നോക്കിയിട്ട് ഹേയ് ഒരു കുഴപ്പവുമില്ല എന്ന് ടീച്ചർ സമാധാനിച്ചു.

എങ്കിലും അന്നത്തേതിനു ശേഷം എന്നും ടീച്ചർ മാവിനെ പ്രത്യേകമായി ശ്രദ്ധിക്കാൻ തുടങ്ങി. ടീച്ചറുടെ കൊച്ചു പുരയിടത്തിലാകെ തണുപ്പ് പരത്തിക്കൊണ്ട് നിന്ന ആ മാവിനു കുറച്ച് വയസ്സേറിയെന്നതു ശരി തന്നെ. പക്ഷെ, ആ മാവില്ലാത്ത വീട്ടു മുറ്റത്തെക്കുറിച്ച് ടീച്ചർക്കു മാത്രമല്ല നാട്ടുകാർക്കും കൂടി ഓർമ്മിക്കാൻ പറ്റുന്നില്ലെന്നതാണു സത്യം. മൂവ്വാണ്ടൻ മാവാണെങ്കിലും അത് എല്ലാ കൊല്ലവും ആരോ പറഞ്ഞു വെച്ചിട്ടുള്ളതു പോലെ കുറേശ്ശേ കായ്ച്ചു. എത്ര കുറവു കായ്ച്ചാലും ടീച്ചർക്ക് അധികമാകും. ഒരാൾ തനിച്ച് എത്ര മാങ്ങ തിന്നാനാണ്, ? അതുകൊണ്ടെന്താ ബാക്കി എല്ലാവർക്കും ആ മാങ്ങകൾ ഇഷ്ടം പോലെ കിട്ടിപ്പോന്നു. ആ മാവിന്റെ തണലിൽ കസേരയിട്ടിരുന്ന് ടീച്ചർ പുസ്തകങ്ങൾ വായിച്ചു , ചിത്രത്തുന്നൽ ചെയ്തു, നല്ല പഴുത്ത മധുരമൂറുന്ന മാമ്പഴങ്ങൾ എല്ലാവർക്കും നിറഞ്ഞ സന്തോഷത്തോടെ നൽകി. മാവിൽ ചെറു ചെറു മാങ്ങകൾ കൊച്ച് കുലകളായി തൂങ്ങി കിടക്കുന്നതു കാണുമ്പോൾ വാത്സല്യം വഴിയുന്ന കണ്ണുകളോടെ ടീച്ചർ മാവിനെ നോക്കി പുഞ്ചിരിക്കുമായിരുന്നു. അങ്ങനെയൊരു മാവിനെ വെറുതെ കാച്ചിക്കളയുകയോ ?

പാലു കൊണ്ടു വരുന്ന തങ്കമ്മയായിരുന്നു അടുത്തതായി മാവു വെട്ടിക്കളയണമെന്നു ടീച്ചറോട് പറഞ്ഞത്. മാവ് കൂടുതൽ കൂടുതൽ പുരയിലേക്ക് ചാഞ്ഞിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചപ്പോൾ ടീച്ചർക്ക് പരിഭ്രമം തോന്നി.

“വെട്ടി വെറകാക്കിയാ മതി ടീച്ചറെ, ആ വെട്ടുകാരോട് പറഞ്ഞാ അവരന്നെ കൊണ്ടോയ്ക്കോളും. ടീച്ചറ് കഷ്ടപ്പെടണ്ട. സമയം വൈകിക്കണ്ട. പണ്ടാരം പിടിച്ച മാവ് പെരേമ്മെ വീണാ എന്താ കാട്ടാ എന്റെ ടീച്ചറെ“ എന്ന് തങ്കമ്മ ഉൽക്കണ്ഠപ്പെട്ടു.

ഒന്നൂല്യാ തങ്കം, നമ്മൾ വെറുതെ പേടിക്കാണ്, മാവ് വീഴൊന്നൂല്യാ.. എത്ര കാലായി അതീ മുറ്റത്തിങ്ങനെ നിൽക്കണു, ഒന്നും പറ്റ്ല്യാ… എന്നൊക്കെ ടീച്ചർ പറഞ്ഞുവെങ്കിലും അവർക്ക് പഴയതു മാതിരിയുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല.

അരിയിലെ കല്ലു പെറുക്കുമ്പോഴും തൈരു കലക്കുമ്പോഴും തുണികൾ മടക്കി വെക്കുമ്പോഴുമെല്ലാം അവർ ഇടക്കിടെ പുറത്തേക്ക് വന്ന് മൂവ്വാണ്ടൻ മാവിനെ സൂക്ഷിച്ച് നോക്കാനാരംഭിച്ചു. ഓരോ തവണ നോക്കുമ്പോഴും പ്രശ്നമൊന്നുമില്ലെന്ന് പാവം സമാധാനിക്കുകയും ചെയ്തു. എങ്കിലും ടീച്ചറുടെ മനസ്സിൽ മൂവാണ്ടൻ മാവ് ഒരു അശാന്തിയായി കനക്കാൻ തുടങ്ങി.

ഉത്സവത്തിന്റെ നോട്ടീസു തരാൻ വന്നപ്പൊഴാണ് വക്കീൽ ഗുമസ്തൻ കരുണാകരമേനോന് മൂവാണ്ടൻ മാവിനെ വിസ്തരിച്ച് നോക്കാനിട കിട്ടിയത്. വായിലെ മുറുക്കാൻ രസം പിടിച്ച് ചവച്ചുകൊണ്ട് മേനോൻ മാവിനു ചുറ്റും രണ്ട് ചാൽ നടന്നു. പിന്നെ വളരെ ഗൌരവത്തോടെ ടീച്ചറെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ തയാറായി.“മാവു വെട്ടണ്ടാന്ന് ടീച്ചറ് എന്താലോചിച്ച്ട്ടാ പറയണേ, അതീ വീടിന്റെ മോന്തായത്തിൽ ചാഞ്ഞോണ്ട് ഇങ്ങനെ നിൽക്കണത് തന്നെ വല്യ അപകടാ,.. കഷ്ടകാലത്തിന് വല്ല കള്ളന്മാരും അതിന്റെ കൊമ്പുമ്മേ തൂങ്ങി ഓടും പൊളിച്ച് രാത്രി അകത്തേക്ക് എറങ്ങിയാ വയസ്സ് കാലത്ത് ടീച്ചറ് എന്തെടുക്കാനാ ? പേടിച്ച് അപ്ലാ പൂവ്വും നല്ല ജീവൻ. അതേ മാതിരി തന്യാ പാമ്പുകളും, ഒറങ്ങുമ്പോ പാമ്പങ്ങട് നെഞ്ചിൽക്ക് വീണാ കഴിഞ്ഞില്ല്യേ എന്റെ ടീച്ചറെ, അതിപ്പോ തന്നെ അങ്ങട് വെട്ടിക്കളയ്യാ …പകല് തന്നെ ഈ പണ്ടാരം പിടിച്ച മാവു കാരണം വളപ്പിലാകെ ഒരു ഇരുളാ, രാത്രീല് പിന്നെ പറയാൻ ണ്ടാ കാര്യം.“

ടീച്ചർ തീരേ താണ ദുർബലമായ ശബ്ദത്തിൽ പ്രതിഷേധിക്കാൻ ശ്രമിച്ചു , “ഏയ് അങ്ങനെ ഒന്നൂണ്ടാവില്ല്യാ … .“

പക്ഷെ പുറത്തേക്കു കേട്ടത് തന്റെ തന്നെ ശബ്ദമാണോന്ന് പോലും ടീച്ചർക്ക് സംശയമുണ്ടായി. മേനോനാണെങ്കിൽ നിറുത്താതെ തുടരുക തന്നെയാണ്. “ടീച്ചറ് കണ്ടോ?”, മാവിൻ തടിയിലൂടെ വഴിഞ്ഞൊഴുകിയ ഓറഞ്ച് നിറമുള്ള മാവിൻ പശ തന്റെ തടിച്ച വിരലുകൾക്കിടയിലിട്ടുരുട്ടിക്കൊണ്ട് അദ്ദേഹം ടീച്ചറുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ. ‘അത് പശയല്ലേ മാവിന്റെ പശ?’ എന്ന ടീച്ചറുടെ നിസ്സാരമാക്കലിനെ മേനോൻ നിറഞ്ഞ ഗൌരവത്തോടെ പ്രതിരോധിച്ചു.

“പശ തന്നെയാ. എപ്ലാ ഇതിങ്ങനെ ചാടാന്ന് നിശ്ശണ്ടോ, മാവു വീഴാറാവുമ്പളാ, മാവിനു ഉഷ്ണോം പരോശോം ആയീന്നർഥം. ടീച്ചറ് ഇനി തടസ്സോന്നും പറയേണ്ട. ഞാനേയ് ആ അമ്പല നടക്കേ ചെന്ന് നമ്മടെ ശങ്കുരൂനെ പിടീന്ന് ഇങ്ങട് പറഞ്ഞു വിടാം. അവനാവുമ്പോ നല്ല മല്ലാ, നമ്മളെ ദ്രോഹിക്കാണ്ട് പണി അവസാനിപ്പിക്കും.“

എനിക്ക് തീരെ മനസ്സു വരണില്യാ മേന്നേ… എന്ന് ടീച്ചർ ദയനീയമായി പുലമ്പിയപ്പോൾ കരുണാകര മേനോൻ ഏകാകിനിയായ ആ സ്ത്രീയെ അനുകമ്പയോടെ നോക്കി. മയമുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞു, “തെരക്കൊന്നൂല്യാ, ടീച്ചറ് ആലോചിച്ച് വേണ്ട മാതിരി ചെയ്താ മതി.“
ടീച്ചർ ഉണരാനാവാത്ത ഒരു പേടിസ്വപ്നത്തിലെന്ന പോലെ, ഒരിക്കലുമവസാനിക്കാത്ത ഒരു നിലവിളിയിലെന്ന പോലെ പതറിത്തുടങ്ങിയിരുന്നു. വീട്ടു മുറ്റത്തെ ആ മാവ് ടീച്ചറുടെ ഉള്ളിൽ ഒരു രാക്ഷസനെപ്പോലെ വളരാനാരംഭിച്ചു. ഏതു നിമിഷവും കറാകറാ ശബ്ദത്തോടെ മാവ് പുരപ്പുറത്തേക്ക് വീണേക്കുമെന്ന ആധിയിൽ പകലുകളിൽ ടീച്ചർ വെന്തുരുകി. രാത്രികളിൽ ഇരുണ്ട് തണുത്ത സ്വന്തം മുറിയിൽ ഒരു കള്ളന്റെ കത്തി അവരുടെ വാർദ്ധക്യം ബാധിച്ച നാഡീഞരമ്പുകളെ നീലിപ്പിച്ച് പരവശമാക്കി. മുറിയുടെ മേൽത്തട്ടിൽ നിന്ന് ഫണമുയർത്തിച്ചീറ്റി തന്റെ ദുർബല ശരീരത്തിലേക്കൂർന്നു വീഴുന്ന പാമ്പുകളെ ഭയന്ന് ടീച്ചർ രാത്രി മുഴുവൻ എണീറ്റിരുന്ന് പുറം വേദനിപ്പിച്ചു. എനിക്ക് പേടിയാവുന്നുവെന്ന് പറഞ്ഞ് ചുമലിൽ ചാരാനോ നെഞ്ചിൽ മുഖമൊളിപ്പിച്ച് തേങ്ങിക്കരയുവാനോ അവർക്ക് ഒരു വഴിയുമില്ലായിരുന്നു. അപ്പോഴൊക്കെ കിട്ടുന്ന സമാധാനത്തെയും പിന്തുണയേയും കുറിച്ചൊന്നും ആ പാവത്തിനു അറിവുമുണ്ടായിരുന്നില്ല.

അങ്ങനെ ഭയം കൊണ്ട് തകർന്നു പോയപ്പോഴാണു ടീച്ചർ വേച്ച് വേച്ച് അമ്പല നടയിലേക്ക് നടന്നത്. നാട്ടു പാതയിലെ കൂർത്ത കല്ലുകൾ അവരുടെ ചെരിപ്പിടാൻ മറന്ന ശോഷിച്ച പാദങ്ങളെ കുത്തിനോവിച്ചു, മേടസ്സൂര്യൻ പഴക്കം ചെന്ന്, അവിടവിടെ മുടി കൊഴിഞ്ഞു പോയ ആ തലയോട്ടിയെ കുത്തിത്തുളക്കുകയും ചെയ്തു. കിതച്ചുകൊണ്ട് അമ്പലനടയിലെത്തിയ ടീച്ചർ അടഞ്ഞ ശബ്ദത്തിൽ ശങ്കുരുവിനെ അന്വേഷിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. അടിയുറച്ച മാർക്സിസ്റ്റുകാരനായ അവൻ ഒരു മീറ്റിംഗിനു പോയിരിക്കുകയാണെന്നും തിരിച്ച് എത്തിയാലുടൻ വീട്ടിലേക്ക് പറഞ്ഞു വിടാമെന്നും വൈദ്യശാലയിലെ ഗോപാലൻ ടീച്ചർക്കുറപ്പു കൊടുത്തു.

പകൽ സമയമത്രയും മാവിനെയുറ്റു നോക്കിക്കൊണ്ട് മുൻ വശത്തെ വരാന്തയിൽ, തളർന്ന കാൽ വെപ്പുകളോടെ ടീച്ചർ നടന്നു. തൊണ്ട വരളുവോളം അർജുനാ ഫൽഗുനാ ജപിച്ചു, കൂണു പോലെ മുളച്ച ഭയം അമ്പലത്തിലെ ആലോളം ഉയരത്തിൽ വളർന്നപ്പോൾ ടീച്ചർ അകത്തു പോയി കിടന്നു.

അങ്ങനെയാണ് പിറ്റേന്ന് രാവിലെ മാവു വെട്ടാൻ വന്ന ശങ്കുരുവിന്, ഭയം കൊണ്ട് കണ്ണ് തുറിച്ച് മരിച്ച് കിടക്കുന്ന ടീച്ചറുടെ ശവദാഹത്തിനായി ആ മരം മുറിക്കേണ്ടി വന്നത്.

മൂവാണ്ടൻ മാവ് വെട്ടിമാറ്റിയപ്പോൾ തിളയ്ക്കുന്ന വെയിൽ ടീച്ചറുടെ കൊച്ച് വീട്ടിനെ തപിപ്പിച്ചു. പാതയോരത്ത് പൂക്കാതെയും കായ്ക്കാതെയും വളർന്ന് നിൽക്കുന്ന കുറ്റിച്ചെടിയെപ്പോലെ വെയിലത്ത് തിളയ്ക്കുന്ന ഏകാന്തമായ ഒരു വീട്,

ടീച്ചർ വിട്ടിട്ട് പോയ വീട്.

രോമസൌഭാഗ്യം……രോമയോഗം…….

https://www.facebook.com/echmu.kutty/posts/509948735851092

നമ്മുടെയൊക്കെ തലേലിങ്ങനെ ഇഷ്ടം പോലെ കിളിർത്തു നിൽക്കണ രോമങ്ങൾക്ക് എന്താ ഒരു പവറ് എന്ന് ആലോചിച്ചാൽ തന്നെ, അതൊക്കെ കൊഴിഞ്ഞു തല നല്ല മാനം പോലെ വെടിപ്പാവാനുള്ള ഒരു സ്കോപ്പുണ്ട്. അത്ര പ്രാധാന്യമാ ഈ രോമങ്ങൾക്ക്. അതു നമ്മൾ പെണ്ണുങ്ങളുടെ തലേലാണെങ്കിൽ പിന്നെ സ്കോപ്പിന്റെ അനന്തവിശാല ചക്രവാളമാ തുറന്ന് കിട്ടുന്നത്. പെൺ തലേല് ഈ രോമങ്ങളിങ്ങനെ ആർത്തു പെരുത്ത് കിളിർത്ത് വരാനും വേണ്ടി എന്തോരം എണ്ണയും കൊഴമ്പും ഗുളികകളുമാ മാർക്കറ്റ് നിറച്ചും പരത്തി വെച്ചിരിക്കണത്. ആൺതലക്ക് ആകെപ്പാടെ ഒരു ഗൾഫ്ഗേറ്റ് മാത്രമാണാശ്രയം. പണ്ട് കഷണ്ടി ആണിനൊരു ഗമയായിരുന്നുവത്രെ, ഇന്നിപ്പൊ അതൊരു മോശമാ.

പെൺ തലക്ക് എന്തായാലും നല്ലോണം രോമം ഉള്ളതു തന്നെയാണു അന്തസ്സ്. പെണ്ണായാ തലേം മൊലേം വേണം എന്നാണല്ലോ നമ്മുടെ ബനാനാ ചൊല്ല്. കാലം എത്ര പുരോഗമിച്ചാലും പെണ്ണുങ്ങളുടെ കാര്യത്തിൽ മാത്രം നൂറ്റാണ്ടുകള് കീഴോട്ട് എണ്ണിപ്പോണതാണല്ലോ അതിന്റെ ഒരു രീതി. ജീവിക്കണത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെങ്കിലും പെണ്ണുങ്ങൾക്ക് ചിന്തേം വിചാരോം സങ്കല്പോം വിവരോം അവകാശോം ഒക്കെ പതിനെട്ടോ പതിനേഴോ നൂറ്റാണ്ടുകളിലെപ്പോലെയൊക്കെ പോരേ? നമ്മുടെ സംസ്ക്കാരോം കുടുംബോം സമൂഹോം നല്ലോണം പോലെ പുലരേണ്ടേതിനു വേറെ എന്താ ഒരു മാർഗ്ഗം?

അപ്പോ പെൺ തലക്ക് നല്ല ഉഷാറായ രോമങ്ങൾ നിർബന്ധാണ്. നല്ല രോമസൌഭാഗ്യമുണ്ടെങ്കിൽ പെട്ടെന്ന് മംഗല്യഭാഗ്യം കൂടി തരമാകും. അതാണല്ലോ ഈ രോമങ്ങൾ വളർത്തിയുണ്ടാക്കാൻ നമ്മുടെ അമ്മമാരും അമ്മൂമ്മമാരുംവല്ല്യമ്മമാരും ചെറിയമ്മമാരും അമ്മായിമാരും ചേച്ചിമാരും അനിയത്തിമാരുമടങ്ങുന്ന പെൺജന്മങ്ങൾ ഇത്ര പെടാപ്പാട് പെടുന്നത്. അയ്യോ തലമുടി കൊഴിയുന്നുവെന്ന് പറയുമ്പോൾ പെൺജന്മങ്ങൾക്ക് ജീവൻ പോകുന്ന ദണ്ഡമുണ്ടാകും. ഉണ്ടാകണമെന്ന് സൌന്ദര്യശാസ്ത്രത്തിലും വിവിധ വനിതാ മാസികകളിലും വിധിച്ചിട്ടുണ്ട്.

പെണ്ണിന്റെ സൌന്ദര്യം തികഞ്ഞ പനങ്കുല തലമുടിയിൽ ഒളിച്ചു കളിക്കാനൊക്കെ ആണുങ്ങൾക്ക് ഇഷ്ടം തന്നെ. വടക്കൻ പാട്ടിലെപ്പോലെ സുന്ദരിക്കോതയുടെ തലമുടിയിൽ മറഞ്ഞിരുന്ന കാമുകനാകാനും ഒരു രസമൊക്കെയുണ്ട്. പക്ഷെ ഈ നാശം ചീർപ്പിൽ കണ്ടാൽ, തറയിൽ കണ്ടാൽ അവനു കലി കയറും. പിന്നെയാണ് ഭക്ഷണത്തിൽ കാണുന്നത്. ആ കഞ്ഞിക്കിണ്ണം വലിച്ചെറിഞ്ഞ് ‘അവളുടെ ഒരു മുടി‘ എന്നു ആക്രോശിച്ചില്ലെങ്കിൽ അവനു ആണാവാൻ പറ്റുമോ? ‘കൂട്ടാനിൽ ഒരു മുടി കണ്ടിട്ട് ചേട്ടൻ നാലു ദിവസത്തേക്ക് ആഹാരം കഴിച്ചില്ല‘ എന്ന് വിമ്മിട്ടപ്പെടുകയും തന്നെത്താൻ താഴ്ത്തിക്കാണിക്കുകയും ചെയ്തില്ലെങ്കിൽ അവൾക്ക് പെണ്ണാവാൻ പറ്റുമൊ?

കാര്യങ്ങളിങ്ങനെയൊക്കെയായാലും പഴയ കാലത്ത് ഒരു നാലു വയസ്സുകാരിക്കു പുറം മറഞ്ഞു കിടക്കുന്ന മുടിയുണ്ടാവുന്നതു എന്തു വലിയ ഭാഗ്യമായിട്ടാണ് വിചാരിക്കപ്പെട്ടതെന്ന് പറയാനുണ്ടോ? പുതിയ കാലമായിരുന്നെങ്കിൽ പരസ്യത്തിലൂടെ എന്ത് മാത്രം കാശ് വരാനുള്ള വഴിയായേനെ. പഴയ കാലമായതു കൊണ്ട് പെണ്ണുങ്ങളുടെയും കുട്ടികളുടെയും ‘ഹായ് എന്തോരം തലമുടിയാ‘ എന്ന അതിശയപ്പെടലും അസൂയ നിറച്ച നോട്ടങ്ങളും മാത്രമേ വന്നുള്ളു. നല്ല വെന്ത വെളിച്ചെണ്ണ തേപ്പിച്ചും, പറമ്പിൽ നിൽക്കണ വെള്ളിലത്താളിയും തമിഴന്റെ ചീവക്കായ് പൊടിയും ചേർത്ത് മെഴുക്കിളക്കിയും ഈരെഴ തോർത്ത് കൊണ്ട് ഒപ്പി വെള്ളം കളഞ്ഞും മുടി സിൽക്നൂലു പോലെയാക്കി എടുക്കാൻ കുട്ടീടെ അമ്മീമ്മക്ക് നല്ല വൈഭവമുണ്ടായിരുന്നു. സ്കൂൾടീച്ചറായിരുന്ന അവരുടെ ഏറ്റവും വലിയ സ്വകാര്യ സന്തോഷമായിരുന്നു കുട്ടിയുടെ ആരോഗ്യവും തിളക്കമുള്ളതുമായ തലമുടി. അതു പിന്നിയിട്ട് കനകാമ്പരവും മുല്ലപ്പൂവും ചൂടിച്ച് അവർ കുട്ടിയെ ഒരു പാപ്പാത്തിയാക്കി വളർത്തിക്കൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം കുട്ടീടെ അമ്മ പട്ടണത്തിൽ നിന്ന് അനുജത്തിയേയും ഒക്കത്തേറ്റി വന്നെത്തി. ഒക്കിലിരിക്കുന്ന കുട്ടിക്കു പുറമെ അമ്മയുടെ വയറ്റിലും ഒരു കുട്ടിയുണ്ടായിരുന്നു, അതു ഒരു അനുജനാകുമെന്നു അമ്മയോടു വീട്ടുപണിക്കു സഹായിക്കാൻ വരുന്ന പാറുവമ്മ പറയുന്നതു കുട്ടിയും കേട്ടു. അമ്മക്ക് പക്ഷേ ഒരു സന്തോഷവും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, സദാ കരച്ചിലുമായിരുന്നു.

അമ്മയുടെ വീർത്ത മുഖം കണ്ട് കാരണം തിരക്കിയ അലക്കുകാരിയോട് അടക്കിയ ശബ്ദത്തിൽ പാറുവമ്മ പിറുപിറുത്തു, അതേയ്, മൂത്തോരെ മാനം കെടുത്തി തന്നിഷ്ടത്തിനു ജാതീം മതോം കളഞ്ഞ് സമ്മന്തണ്ടാക്കിയാൽ ഇങ്ങനെയാവും. ഒടുക്കം ആരുണ്ടാവില്ല. കുട്ടിക്ക് കാര്യം മുഴുവൻ തിരിഞ്ഞില്ലെങ്കിലും എന്തൊ പ്രശ്നമുണ്ടെന്ന് മനസ്സിലായി. ഓർമകളാരംഭിക്കുന്ന ചെറുപ്രായത്തിൽ തന്നെ, ചുറ്റും ചൂഴ്ന്ന് നിൽക്കുന്ന കുഴപ്പത്തിന്റെയും പ്രശ്നങ്ങളുടെയും എട്ടുകാലി വലകൾ കുട്ടിയുടെ തലച്ചോറിൽ വ്യാപിക്കാൻ തുടങ്ങിയതങ്ങനെയാണ്.

അനുജത്തിയുടെ തലയിലപ്പടി ചൂടുകുരുവായിരുന്നു, ചിലതെല്ലാം പഴുത്തും പൊട്ടിയുമിരുന്നു. അവൾ അടുത്ത് വരുമ്പോൾ ഒരു നാറ്റമുയരുന്നതായി കുട്ടി അമ്മീമ്മയോട് പരാതിപ്പെട്ടു. അവളുടെ തല പരിശോധിച്ച ശേഷം അമ്മീമ്മയും പാറുവമ്മയും അമ്മയും കൂടി മുടി പറ്റെ വടിച്ച് മരുന്നു പുരട്ടേണ്ടതുണ്ടെന്നു നിശ്ചയിച്ചു.അതനുസരിച്ച് പിറ്റേന്ന് രാവിലെ അമ്മീമ്മ സ്കൂളിൽ പോയി കുറച്ച് കഴിഞ്ഞപ്പോൾ മുടി വെട്ടുന്ന രാമൻ സ്വന്തം പണിസ്സാധനങ്ങളടങ്ങിയ ഒരു മുഷിഞ്ഞ സഞ്ചിയുമായി വന്നെത്തി. അമ്മയുടെ സങ്കടം തുളുമ്പുന്ന മുഖം ശ്രദ്ധിച്ച രാമൻ പാറുവമ്മയോട് വിവരം തെരക്കാനും അവർ അമ്മയെ കുറ്റപ്പെടുത്തുന്ന മറുപടി കൊടുക്കാനും തന്നെയാണ് ആദ്യം സമയം കണ്ടെത്തിയത്. കുട്ടിയുടെ സാന്നിധ്യം, രസം പിടിച്ച് അമ്മയെ വിമർശിക്കുന്ന തിരക്കിൽ അവർ പാടെ വിസ്മരിച്ചു. കുട്ടിക്ക് ആകെപ്പാടെ ഒന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല.

അനുജത്തിയുടെ തലയിൽ രാമൻ കൈ കൊണ്ട് പതുക്കെ ഒന്നു തൊട്ടതേയുള്ളൂ, അവൾ വായ് മുഴുക്കെ തുറന്ന് അതിഭയങ്കരമായ ശബ്ദത്തിൽ കരഞ്ഞു തുടങ്ങി. അമ്മ മടീലിരുത്തീട്ടും കൊഞ്ചിച്ചിട്ടും പഞ്ചാര വായിലിട്ടു കൊടുത്തിട്ടുമൊന്നും അവളുടെ കരച്ചിൽ നിന്നില്ല. അവൾക്ക് പേടിയായിട്ടാണെന്നായിരുന്നു ഒടുവിൽ അമ്മയും പാറുവമ്മയും കൂടി തീരുമാനിച്ചത്. അവളുടെ പേടി മാറ്റാൻ അവർ കണ്ടു പിടിച്ച വഴിയായിരുന്നു അതിഭയങ്കരം! പാറുവമ്മ കുട്ടിയെ വാരിയെടുത്ത് മടിയിലിരുത്തി, എന്നിട്ട് അതിവേഗം മുടിപ്പിന്നലുകളഴിച്ചു. കുട്ടിക്ക് കരയാനോ പ്രതിഷേധിക്കാനോ ഇട കിട്ടും മുൻപേ രാമന്റെ മൂർച്ചയേറിയ കത്രിക കുട്ടിയുടെ തലയിൽ ഓടാൻ തുടങ്ങി. അതു കണ്ടിട്ടാവണം സ്വിച്ചിട്ട പോലെ അനുജത്തി കരച്ചിൽ മതിയാക്കി അമ്മേടെ മടീലിരുന്ന് പഞ്ചാര നുണയാനാരംഭിച്ചു. അതിവേഗം ബഹുദൂരം എന്ന് പറയുമ്പോലെ കുട്ടി ചടപടേന്ന് ഒരു മൊട്ടപ്പാറുവായി മാറി. ട്രാജഡി അവിടെയും തീർന്നില്ല. മൊട്ടച്ചേച്ചിയെ കൺകുളിരേ കണ്ട് രസിച്ചിട്ടും അമ്മേടെ മടീലിരുന്ന് പഞ്ചാര തിന്നിട്ടും രാമൻ തലയിൽ തൊട്ടപ്പോൾ അവൾ പഴയതിലും ഉറക്കെ അലറിക്കരഞ്ഞു. അമ്മയും പാറുവമ്മയും രാമനും പഠിച്ച വിദ്യകളെയെല്ലാം അവൾ സ്വന്തം കരച്ചിലു കൊണ്ട് പൊളിച്ചടുക്കി.

വൈകുന്നേരം സ്കൂൾ വിട്ട് വന്ന അമ്മീമ്മ സ്ത്ബ്ധയായി നിന്ന്, കുട്ടിയെ സൂക്ഷിച്ച് നോക്കി. അവർക്ക് അതിയായ സങ്കടം തിങ്ങുന്നുണ്ടെന്ന് കുട്ടിക്ക് മനസ്സിലായി, എങ്കിലും എന്തു ചെയ്യണമെന്നു കുട്ടിക്ക് അറിഞ്ഞില്ല. കുട്ടി കരഞ്ഞാൽ അമ്മക്ക് സങ്കടമാകുമല്ലോ എന്നും കരയാതെ ബലം പിടിച്ച് നിന്നാൽ കുട്ടിയുടെ സങ്കടം ആർക്കുമറിയാനാവില്ലല്ലോ എന്നും കുട്ടി പരിഭ്രമിച്ചു. കുട്ടിയുടെ കൊച്ച് കണ്ണുകളിൽ ഇതെല്ലാം എഴുതപ്പെട്ടിരുന്നു. ‘നീ ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ‘ എന്നു മാത്രമായിരുന്നു വളരെ നേരത്തെ മൌനത്തിനു ശേഷമുള്ള അമ്മീമ്മയുടെ പ്രതികരണം. അമ്മ സങ്കടപ്പെടുകയും അബദ്ധം പറ്റിയതിൽ വിഷമിക്കുകയും ഒക്കെ ചെയ്തു. അമ്മ അല്ലെങ്കിലും ദുഃഖിതയാണല്ലോ എന്ന സങ്കടം കുട്ടിയെപ്പോലെ അമ്മീമ്മക്കും ഉണ്ടല്ലോ എന്നും കുട്ടി മനസ്സിലാക്കി.

പിന്നെ ദിവസങ്ങൾ പോകെപ്പോകെ കുട്ടിയുടെ തലമുടി വീണ്ടും വളർന്നു, ആദ്യമാദ്യം കുറ്റിമുടിയായി, പതുക്കെ ചീകാറായി, പിന്നെ നിറന്തലയിൽ ഒരു പൊടിപ്പു പോലെ റിബൺ വെച്ച് കെട്ടാറായി. അമ്മ പട്ടണത്തിൽ നിന്ന് വരുമ്പോൾ പല നിറത്തിലുള്ള റിബണുകൾ കൊണ്ടു വന്നു കൊടുത്തു. എന്തു കൊണ്ടോ കുട്ടീടെ അച്ഛന് അവളുടെ തലമുടിയിലൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ഇവരെക്കാൾ നല്ല മക്കളും കൂടുതൽ നല്ല ഭാര്യയും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന ആത്മാനുതാപത്തിന്റെ വിവിധ ഭാവപ്രകടനങ്ങളിലാണ് അച്ഛൻ എന്നും കഴിഞ്ഞു പോന്നത്. അമ്മയുടെ വയറ്റിലിരുന്നതു ഒരു അനുജത്തി തന്നെയായിരുന്നു. അമ്മയും അച്ഛനും അവളെ മാത്രമാണു ഒപ്പം നിർത്തിയത്. അതുകൊണ്ട് കരച്ചിലുകാരിയും കുട്ടീടെ കൂടെ അമ്മീമ്മക്കൊപ്പം ഗ്രാമത്തിൽ തന്നെ കഴിഞ്ഞു. കുട്ടീടെ മുടി വളർന്ന് വരുന്നതു പോലെ അനുജത്തിക്കുട്ടിയും കരച്ചിലൊക്കെ നിർത്തി വലുതാകുകയായിരുന്നു. അവൾക്കു താഴെ വേറൊരാൾ കൂടി വന്ന സ്ഥിതിക്ക് ഇനി കുഞ്ഞു കളിക്കാൻ പാടില്ലല്ലോ എന്ന് അവളും വേഗം മുതിർന്നു.

കുട്ടി ചന്തമുള്ള റിബണും കെട്ടി റോസാപ്പൂവും ചൂടി സ്കൂളിൽ പോകാൻ തുടങ്ങി. ആർക്ക് സമ്മതമുണ്ടായാലും ഇല്ലെങ്കിലും സമയം അങ്ങനെ പോകുമല്ലൊ. വെട്ടിക്കളഞ്ഞ രോമങ്ങളും നഖങ്ങളും വളരുകയും ചെയ്യും ഏകദേശം പതിന്നാലു വയസ്സാകുമ്പോഴേക്കും കാൽമുട്ടിനൊപ്പം എത്തുന്ന, അഴിച്ചിടുമ്പോൾ കറുത്തിരുണ്ട തിരമാലകളെപ്പോലെ തോന്നിപ്പിക്കുന്ന തലമുടിയുടെ ഉടമസ്ഥയായി മാറി അവൾ. അവളുടെ പുറകിൽ ഞാന്ന് കിടക്കുന്ന മുടിപ്പിന്നൽ നോക്കി ഗ്രാമത്തിലെ കുറുമ്പൻ കുട്ടികൾ അവളെ പടവലങ്ങേ എന്നു നീട്ടി വിളിച്ചു. സ്കൂളിലും കോളേജിലുമെല്ലാം അവൾ തലമുടിയുടെ പേരിലും അറിയപ്പെട്ടു. വണ്ടിൻ പുറം പോലെ മിന്നുന്ന ആ മുടിയിലൊന്നു തലോടിയിട്ടു മരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സൌന്ദര്യാരാധകരും ധാരാളമുണ്ടായിരുന്നു.

കാൽമുട്ടിനു താഴെക്ക് മുടി വളരുവാൻ അമ്മീമ്മ ഒരിക്കലും അനുവദിച്ചില്ല. സീതക്കും ദ്രൌപതിക്കും മുട്ടിനു താഴെക്ക് നീണ്ട മുടി ദുഃഖം മാത്രമേ നൽകിയുള്ളൂവെന്നായിരുന്നു അവർ അതിനു ന്യായമായി പറഞ്ഞത്. എങ്ങനെ ജീവിക്കുന്നവരായാലും ദുഃഖം വരരുത് എന്നാണല്ലോ ആഗ്രഹിക്കുക. ദുഃഖം പരിചയമുണ്ടല്ലോ എന്നാൽ പിന്നെ വന്നോട്ടെ എന്നാരും വിചാരിക്കാറില്ലല്ലോ. അവളുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. മുട്ടിനു കീഴോട്ട് മുടി വളരാൻ വിടാതെയും ഗ്രാമപരിസരങ്ങളിലുള്ള എല്ലാ അമ്പലങ്ങളിലും വഴിപാടുകൾ കഴിച്ചും വാർദ്ധക്യത്താൽ ബലം കുറഞ്ഞു വരുന്ന സ്വന്തം മനസ്സും നട്ടെല്ലും കൊണ്ട് ആകാവുന്നത്ര പട വെട്ടിയും അവർ അവളെയും അനുജത്തിയെയും ഒരു നിധി കാക്കുന്ന ഭൂതത്തിന്റെ ശുഷ്കാന്തിയോടെ പോറ്റിവളർത്തി.

എല്ലാ ഭൂതങ്ങൾക്കും കഴിവുകൾ ഒരു കാലം കുറയുമെന്നാണല്ലോ നമ്മുടെ കഥകൾ പറയുന്നത്. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഒരിക്കലുമൊരിക്കലും പ്രവേശിക്കാൻ പാടില്ലാത്ത ഒരു പുരുഷജീവിതത്തിലേക്ക് മനസ്സ് നിറയെ പ്രേമവും തികഞ്ഞ സമർപ്പണവും പിന്നെ ആ തലമുടിയുമായി അവൾ ചെന്നു ചേർന്നു. സ്വന്തം മൂലധനത്തിന്റെ പ്രസക്തിയില്ലായ്മ വളരെ പെട്ടെന്നു തന്നെ അവൾക്ക് ബോധ്യപ്പെടാൻ തുടങ്ങി. ആ ജീവിതത്തിന്റെ ഭാഷയും വ്യാകരണവും അവളുടെ എല്ലാ ഗ്രഹണശക്തിക്കും അപ്പുറത്തായിരുന്നു. അവളുടെ ആകാശത്തിൽ ദുരന്തങ്ങളുടെ വെള്ളിടി വെട്ടുകയും ഭൂമിയിൽ കണ്ണീരിന്റെ പ്രളയം തേമ്പുകയും ചെയ്തു. പ്രേമമെന്നത് നിന്ദാപമാനത്തിന്റെയും സമർപ്പണമെന്നത് ദുഃഖയാതനകളുടെയും അർഥാന്തരങ്ങളായി മാറി. തലമുടിയിൽ ചുറ്റിപ്പിടിച്ച് കറക്കിയാൽ തോക്കിൻ കുഴലിലൂടെ വിപ്ലവം വരുത്താമെന്നു വിശ്വസിക്കുന്നവർ പോലും നിന്നിടത്ത് നിന്ന് പിടയുമെന്നും നിറുത്താതെ മൂത്രമൊഴിക്കുമെന്നുമുള്ള വെറും സത്യം അവളുടെ മുൻപിൽ കൊടും വേദനയായി തെളിഞ്ഞു . ആ വേദനക്ക് കൂട്ടായി പലപ്പോഴും അവളുടെ വായിലൂടെയും മൂക്കിലൂടെയും ചുടുരക്തമൊഴുകി. മനുഷ്യകുലത്തിന്റെയാകമാനം ചരിത്രമെടുത്ത് പരിശോധിച്ചാൽ മറ്റൊരാളുടെ രക്തമെന്നും പ്രേമത്തിനും ബലിക്കും വിപ്ലവത്തിനും ചുവപ്പ് പകർന്നിട്ടല്ലേയുള്ളൂ, പിന്നെന്താണു സ്ത്രീയെ ഇത്രമാത്രം വേവലാതിപ്പെടാൻ എന്നാണ് പുരോഗമനക്കാർക്കും ഈശ്വരവിശ്വാസികൾക്കും വിപ്ലവകാരികൾക്കും ഒന്നുപോലെ പറയാനുണ്ടായിരുന്നത്. വീട്ടു മൂർത്തികളായ, നന്മ നിറഞ്ഞ മറിയത്തേക്കാൾ നല്ലവരായ പെണ്ണുങ്ങളും, അവരെ ആകമാനം വാഴ്ത്തിപ്പാടുന്ന തികഞ്ഞ പുണ്യവാന്മാരായ ആണുങ്ങളും പറയുന്നതു പോലെ അങ്ങനെ സകല നന്മകളുടേയും കേദാരം മാത്രമല്ല കുടുംബമെന്നും അതിൽ അങ്ങേയറ്റം നിന്ദ്യവും നീചവുമായ ആർത്തിയും കാപട്യവും നിറഞ്ഞ അനവധി പാക്കേജുകളുണ്ടെന്നും, അതുകൊണ്ടു തന്നെ എല്ലാ തിന്മകളുടെയും കൂടി ഇരിപ്പിടമാകുവാൻ കുടുംബത്തിനു സാധിക്കുമെന്നും അവൾ പഠിച്ചു. നിന്ദാപമാനങ്ങളാൽ ഉരുകിത്തീരുന്ന സ്വന്തം ശരീരഭാഗങ്ങളെ അറുത്തെറിയുവാൻ അവൾ വെമ്പൽ കൊണ്ടുവെങ്കിലും ആത്മാവിൽ ആഘാതമായി ഉറച്ച് പോയ ഭയം നിമിത്തം, നഖവും തലമുടിയും പിന്നെ വെണ്ടക്കയും മുരിങ്ങക്കയും മുറിക്കാനുള്ള കഴിവു മാത്രമെ അവൾക്ക് ഉണ്ടായുള്ളൂ. ഭയം ആകാശത്തിന്റെ അതിരോളം വളർന്ന് ഇനി വളരാൻ കഴിയാതെ പൊട്ടിച്ചിതറിയ ഒരു ദിവസം അവളുടെ കലണ്ടറിലുമുണ്ടായി, ഏതു കൊടിച്ചിപ്പട്ടിക്കും ഒരു ദിവസമുണ്ടാകുമെന്ന സുവർണവചനം പോലെ. മുട്ടൊപ്പമായിരുന്ന മുടിയുടെ നീളം ഏകദേശം പകുതിയിലധികമായി കുറഞ്ഞു കാണപ്പെട്ട ആ ദിവസത്തിൽ, അതു മുഴുവൻ ഒന്നിച്ച് വെട്ടിക്കളഞ്ഞ്, മാനം നോക്കി രോമങ്ങളുമായി അവൾ ആ പുരുഷനിൽ നിന്നകലങ്ങളിലേക്ക് നടന്നു പോയി. അന്നു മുതൽ അവൾ പെൺ തലയും അതിന്റേതു മാത്രമായ സൌന്ദര്യശാസ്ത്രവിധികളും വേണ്ടെന്നു തീർച്ചപ്പെടുത്തി. അപ്പോൾ മാത്രമാണ് അവളുടെ അച്ഛന് തിരമാല പോലിരുന്ന തലമുടിയെ ഓർമ്മ വരാൻ തുടങ്ങിയതും അവൾ മാനം നോക്കി രോമക്കാരിയായതു ഒട്ടും ശരിയായില്ലെന്ന് എല്ലാവരോടും പറയാൻ അച്ഛൻ പെടാപ്പാട് പെട്ടതും.

പൊടുന്നനെ ആൺ തല കിട്ടിയപ്പോൾ, പുണ്യജന്മത്തിൽ നിന്ന് അവധി കിട്ടിയ സമയത്തിൽ ആ തലയുമായി ഇരുന്ന അവളുടെ സമീപം അവളൊരാണാണെന്ന് തെറ്റിദ്ധരിച്ച് ചിലപ്പോഴെങ്കിലും ആണുങ്ങൾ വന്നിരുന്നു. പക്ഷെ, അവൾക്ക് ആൺ തല മാത്രമെ ഉള്ളൂ എന്നറിയുമ്പോഴേക്കും അവരൊക്കെ ആസനത്തിൽ തേളു കുത്തിയതു പോലെ ചാടിയെണീറ്റ് സ്ഥലം മാറിപ്പോയി. വെറും ഭീരുവും ശുദ്ധ പാവവുമായ തന്റെ കുറ്റിത്തലമുടി നോക്കി ധീരരും കേമന്മാരുമായ ആണുങ്ങൾ പെട്ടെന്ന് ഞെട്ടുന്നതു അവൾ ബാലിശമായ ഒരു കൌതുകത്തോടെ കണ്ട് രസിച്ചു. തന്റെ മാനം നോക്കി രോമങ്ങളെ ആർക്കും ചുറ്റിപ്പിടിക്കാനാവില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് കാലിപ്പാട്ട കൊട്ടി ഒരു അടിപൊളി പാട്ടു പാടാൻ തോന്നി.

അങ്ങനെ കഴിഞ്ഞു പോകുന്ന കാലത്താണു ഒരു പോലീസുകാരൻ കറുത്തു മെലിഞ്ഞ ഒരു എട്ടു വയസ്സുകാരിയുടെ വിരലോളം പോന്ന തലമുടി ചുറ്റിപ്പിടിച്ച് കുട്ടിയെ തറയിൽ നിന്നുയർത്തി മോഷണക്കുറ്റം തെളിയിക്കുന്ന ചിത്രം അവൾ ഒരു വഴിയോര പ്രദർശനമായി കണ്ടത്. മുൻപൊക്കെ അവൾ പിടയാറുള്ളതു പോലെ ആ കുഞ്ഞും പിടഞ്ഞു കരയുന്നുണ്ടായിരുന്നു. അപ്പോഴാണു നീളം കുറഞ്ഞ രോമമായാലും പിടിച്ച് വലിക്കാൻ ബുദ്ധിമുട്ടില്ലെന്ന് അവൾക്ക് തിരിഞ്ഞത്. താടിയും തലമുടിയും നീട്ടി വളർത്തിയവരും മേലൊക്കെ ധാരാളം രോമമുള്ളവരുമായ ആണുങ്ങളെ കിട്ടിയാൽ പോലീസുകാർക്ക് ഓണക്കളി കളിക്കാമെന്നും അവൾക്ക് പിടി കിട്ടി. പെണ്ണിനെയാവുമ്പോൾ ബലാത്സംഗം ചെയ്തും കൂടി ഓണക്കളി കൊഴുപ്പിക്കാമെന്നേയുള്ളൂ. കാശും കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങണ പോലെയാണു , കൊഴമ്പും എണ്ണേം താളീം തേച്ച് വളർത്തിയെടുക്കണ രോമത്തിന്റെ കാര്യം. സംഗതി ആണുങ്ങളുടെ താടീം തലമുടീം നോക്കിയാൽ ചെല ജാതി മതങ്ങളെയൊക്കെ അറിയാൻ പറ്റുമെങ്കിലും, ആരെങ്കിലും പിടിച്ച് വലിച്ചാൽ എത്ര ധീരനും വീരനും എന്നും പെണ്ണിന്റെ തലമുടി ചുറ്റിപ്പിടിച്ച് കറക്കുന്ന ഏത് എമണ്ടൻ ആണും മുള്ളിപ്പോവില്ലേ ?

കുറ്റിത്തലമുടിയുള്ള ഒരു പെൺ തലയുടെ സംശയങ്ങൾ, ചില്ലറ ചോദ്യങ്ങൾ, പിന്നെ ചില തീരുമാനങ്ങൾ…….. ചില അനാവശ്യ രോമങ്ങളെപ്പോലെ…..

Wednesday, June 3, 2009

ഞാനറിയുന്ന എന്നെ അറിയുന്ന എന്റെ സ്വകാര്യമായ മാധവിക്കുട്ടിക്ക്…





എന്റെ അച്ഛന്റെയോ സാരമായി എന്നെ വളർത്തിയെടുത്ത വല്യമ്മയുടെയോ ചേതനയറ്റ ശരീരങ്ങൾ ഞാൻ കണ്ടില്ല. അക്കാലങ്ങളിൽ ഞാൻ ഏറെ ദൂരെയായിരുന്നു. ഒരുപാട് പണം ചെലവാക്കിയാൽ മാത്രം എത്തിച്ചേരാൻ സാധിക്കുന്നത്രയും ദൂരെ, ഞാൻ വന്നില്ല, ആ ശരീരങ്ങൾ കണ്ടില്ല. കാണാൻ ആഗ്രഹിച്ചുമില്ല. ഞാൻ ജഡങ്ങളെ ഭയപ്പെടുന്നവളാണ്. എന്റെ യുക്തിബോധം എന്നെ തിരുത്തിയാലും, നിശ്ചലമായ കിടത്തം എന്നിൽ പ്രാക്തന ഭീതികളെ നിറയ്ക്കുന്നു.

എങ്കിലും ഞാനിന്നലെ മാധവിക്കുട്ടിയെ കാണുവാൻ ആഗ്രഹിച്ചു, അവിടെ ഓടിയെത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. ആ ശരീരം ആംബുലൻസിൽ എന്റെ മുൻപിലൂടെ കടന്നു പോയി, മുഖം കാണാൻ കഴിഞ്ഞില്ല. വെളുത്ത തുണിയിൽ പൊതിഞ്ഞ ശരീരം മാത്രമെ എനിക്ക് വെളിപ്പെട്ടുള്ളൂ. പൊടുന്നനെ അതിഭയങ്കരമായ ഒരു നഷ്ടബോധം എന്നെയാകെ പിടിച്ചുലച്ചു. എനിക്ക് പൊട്ടിക്കരയണമെന്നു തോന്നി. ആംബുലൻസിലിരുന്നിരുന്ന അവരുടെ മകൻ എം.ഡി. നാലപ്പാടിനോടും കവി രാവുണ്ണിയോടും കരഞ്ഞു വിളിച്ച്, ഒരു സെക്കൻഡിനു ആ മുഖമൊന്നു കാണിച്ച് തരൂ എന്ന് അപേക്ഷിക്കണമെന്നു തോന്നി, പക്ഷെ ഞാൻ സ്തബ്ധയായി നിന്നതെയുള്ളൂ. കണ്ണീർ നിയന്ത്രിച്ച് എന്റെ കണ്ണുകൾ ചുവന്നു, ശബ്ദം അപരിചിതമായിത്തീർന്നു.

ഏപ്രിൽ മാസത്തിൽ മാധവിക്കുട്ടിക്ക് ന്യൂമോണിയയാണെന്നു അറിഞ്ഞപ്പോൾ മുതൽ അവരുടെ തീവണ്ടി കിതച്ച് കിതച്ച് സ്റ്റേഷൻ വിടുവാൻ തുടങ്ങുകയാണെന്ന് എന്നോട് ആരോ ഇടക്കിടെ പറയുവാൻ തുനിഞ്ഞുവെങ്കിലും ഞാൻ കേൾക്കാനൊരുങ്ങിയില്ല. ഭീരുവായ എനിക്ക് എന്നും ഒരു അര വൈദ്യന്റെയും കാൽ ജ്യോതിഷിയുടെയും മനസ്ഥൈര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ദിവസം നീങ്ങും തോറും ഞാൻ നല്ല വാർത്ത മാത്രം പ്രതീക്ഷിച്ചു. അതു കൊണ്ടാണു മേയ് മുപ്പത്തൊന്നാം തിയതിയിലെ പ്രഭാതം എന്നിൽ ആഘാതമായി അലിഞ്ഞമർന്നത്. എന്റെ കരച്ചിൽ തൊണ്ടയിൽ കുരുങ്ങി സ്വയം കുത്തിമരിച്ചു. അങ്ങനെ ഞാൻ ഒന്നും സംഭവിക്കാത്തതു പോലെ സാധാരണമായി ജീവിക്കാൻ ശ്രദ്ധിച്ചു. എങ്കിലും ഇനിയൊരിക്കലും അവരെ ഞാൻ കാണുകയില്ലല്ലോ എന്ന് ഓർമ്മിച്ചപ്പോഴൊക്കെ, അനാഥമായിത്തീർന്ന എന്റെ ആത്മാവിന്റെ പിടച്ചിലാണ് എന്നെ ആ ആംബുലൻസിനു മുൻപിൽ എത്തിച്ചതെന്ന് ഞാൻ കരുതുന്നു.

ഞാൻ കുറെയേറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്, എന്നെപ്പോലെ ഒരു സാധാരണക്കാരിയെ സംബന്ധിച്ചാണെങ്കിൽ അത് വളരെ അപൂർവമായ ഒരനുഗ്രഹമാണെന്ന് എനിക്കറിയുകയും ചെയ്യാം. എങ്കിലും തൊലിയടർത്തി എറിയപ്പെട്ട എന്റേതു മാതിരിയൊരു ജീവിതത്തിന്റെ രക്തം കിനിയുന്ന അകക്കാമ്പ്, മാധവിക്കുട്ടിയുടെ രചനകളിൽ മാത്രമെ ഞാൻ കണ്ടുള്ളൂ. നുണകൾ എന്ന കൊച്ചുകഥ എന്റെ മനസ്സിന്റെ എക്സറെ ചിത്രമാണ്. നുണ പറയുന്ന സ്വഭാവം അടിച്ചു മാറ്റുന്നവരേയും, കത്തുന്ന സിഗരറ്റിന്റെ കഷ്ണം പറ്റി നിൽക്കുന്ന ചുണ്ടുള്ളവരേയും മാധവിക്കുട്ടിക്ക് എന്നെ കാണാതെ എങ്ങനെ അറിയാൻ കഴിഞ്ഞു? ലോകത്തിന്റെ കാരുണ്യത്തിനും നാട്ടുകൂട്ടപ്പെരുമയുടെ നാവിളക്കലിനുമായി അനാഥമാക്കിയശേഷം, സ്വഭാവഹത്യയുടെ സാക്ഷ്യപത്രമെഴുതിയ പിത്യത്വത്തെക്കുറിച്ച്, ജീവിതമെന്നാൽ അച്ഛന്റെ മക്കളായിപ്പിറന്നതിനുള്ള ശിക്ഷയാണെന്നഴുതിയ മാധവിക്കുട്ടിക്ക് എന്നെ പരിചയമില്ലാതിരിക്കുമോ ? നുണകൾ പറയുന്ന കുഞ്ഞു വളർന്ന് ചേച്ചിയും കാമുകിയും ഭാര്യയും അമ്മയുമാകുമ്പോഴും അവളെ പിന്തുടരുന്ന അയാളുടെ സ്നേഹത്തിന്റെ കുറവുകളെക്കുറിച്ച്, നരിച്ചീറുകളുടെ മണത്തെക്കുറിച്ച്…………., ആത്മാവിലമർന്നു പോയ ഭയത്തെക്കുറിച്ച് ………., അവനവനെ ബലിയാടാക്കുന്ന സത്യസന്ധതയെക്കുറിച്ച്…….. ഞങ്ങൾ ഭയമെന്ന നിശാവസ്ത്രമുടുത്തുകൊണ്ട് ചന്ദനമരങ്ങളുടെ നിഴലിൽ നഷ്ടപ്പെട്ട നീലാംബരി തേടിനടന്നവരായിരുന്നു.

ഞാനറിയുന്ന എന്നെ അറിയുന്ന എന്റെ സ്വകാര്യമായ മാധവിക്കുട്ടിക്ക്………………