Monday, May 21, 2018

ഇന്ന് വാവാണ്..


കര്‍ക്കടക വാവ്..

ബലിയിടുന്ന ദിവസം. തിരുവല്ലത്ത്, വര്‍ക്കലയില്‍, ആലുവായില്‍.. തിരുന്നാവായയില്‍ കാശിയില്‍, കുരുക്ഷേത്രത്തില്‍, ഗയയില്‍, ഹരിദ്വാരില്‍, ഹൃഷികേശില്‍, ജഗന്നാഥ് ഘട്ടില്‍.. നമ്മുടെ ഭാരതദേശത്ത് ഇങ്ങനെ ഒത്തിരി ഒത്തിരി സ്ഥലത്ത് ബലിയിടല്‍ നടക്കുന്നുണ്ടാവും..

ആരൊക്കേയോ ആര്‍ക്കൊക്കേയോ വേണ്ടി..

ഞാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിയ്ക്കലേ ബലിയിട്ടിട്ടുള്ളൂ.
അത് ഹൃഷികേശിലായിരുന്നു.. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്. അച്ഛനും അമ്മീമ്മയും പോയതിനു ശേഷം..

നല്ല തിരക്കായിരുന്നു അവിടെ. എല്ലാ നാട്ടില്‍ നിന്നുമുള്ളവരുടെ ഉറ്റവരേയും ഉടയവരേയും കൊണ്ട് ഗംഗാ തടം നിറഞ്ഞിരുന്നു. നീണ്ട ബലത്തായ ഇരുമ്പ് ചങ്ങലകളില്‍ പിടിച്ചുകൊണ്ടു വേണം ഗംഗയില്‍ ഇറങ്ങി മുങ്ങാന്‍.. അതിശക്തമായ ഒഴുക്കും വെള്ളത്തിന്റെ ഹിമശൈത്യവും അപകട സാധ്യത കൂട്ടിയിരുന്നു.

മരണം എത്തിനോക്കാത്ത ബന്ധങ്ങള്‍ ഈ പ്രപഞ്ചത്തിലില്ലെന്നും നമ്മള്‍ എല്ലാവരും എപ്പോഴും മരിച്ചവരുടെ ബന്ധുക്കളാണെന്നും എന്നോടു പറഞ്ഞ കുട്ടി ലാമയെ ഞാനപ്പോള്‍ ഓര്‍മ്മിച്ചു. കുഞ്ഞു മരിച്ച സങ്കടത്തില്‍ പൊട്ടിക്കരയുന്ന അമ്മയോട് ആരും മരിയ്ക്കാത്ത വീട്ടില്‍ നിന്ന് കടുക് മേടി ച്ചു കൊണ്ടുവരാന്‍ ബുദ്ധന്‍ അരുളിച്ചെയ്ത കഥ പറയുമ്പോഴാണ് കുട്ടിലാമ മരണവുമായി നമുക്കുള്ള ശാശ്വതബന്ധത്തെപ്പറ്റി വാചാലനായത്.

ബലിയിടാനുള്ള പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന പുണൂല്‍ ധാരികള്‍ അച്ഛനുള്ള ബലി വളരെ ഭംഗിയായി ഇടീച്ചു. അമ്മീമ്മ അമ്മയുടെ ജ്യേഷ്ഠത്തിയാണെന്നും അവര്‍ക്ക് മക്കളില്ലെന്നും പറഞ്ഞപ്പോള്‍ പൂണൂല്‍ധാരികളുടെ താല്‍പര്യം ഗണ്യമായി കുറഞ്ഞു. എന്നാല്‍ മകളായി ത്തന്നെ എല്ലാ കര്‍മ്മങ്ങളും ചെയ്യാനാണ് വന്നിരിക്കുന്നതെന്ന് അറിയിക്കേ അവര്‍ ഉഷാറായി.. മന്ത്രങ്ങള്‍ ചൊല്ലി.. എന്നാലും എല്ലാ ക്രമങ്ങളും പൂര്‍ണമാക്കിയില്ല... കുറെ സ്‌റ്റെപ്പുകള്‍ അവര്‍ സൌകര്യപൂര്‍വം ഒഴിവാക്കി..

അമ്മീമ്മയ്ക്ക് മക്കളില്ലല്ലോ എന്ന ന്യായീകരണം.. ഇത്രയൊക്കെ മതി.. എന്ന ആശ്വസിപ്പിക്കല്‍..

അമ്മീമ്മ മരിച്ചപ്പോള്‍ നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ സ്ത്രീകള്‍ കൂട്ടമായി വന്നിരുന്നു.. 'എന്റെ ടീച്ചറെ' എന്ന് അവരില്‍ പലരും വിങ്ങിപ്പൊട്ടിയിരുന്നു. അവരൊക്കെ ' എന്റെ അമ്മേ' എന്ന് വിളിക്കുന്നതിനു പകരമാണ് ' എന്റെ ടീച്ചറെ' എന്ന് വിളിച്ചത്. അത് അവര്‍ക്കും അമ്മീമ്മയ്ക്കും മാത്രം അറിയാവുന്ന ഹൃദയ പിന്തുണകളുടെ പങ്കുവെയ്ക്കലുകളായിരുന്നുവല്ലോ.

ബ്രാഹ്മണരുടെ ശ്മശാനത്തില്‍ അമ്മീമ്മയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒരു തരത്തിലുള്ള ജാതി മത ചിന്തകളുമില്ലാതെ ജീവിച്ച അമ്മീമ്മ അങ്ങനെ ഒരു പ്രത്യേക ജാതിച്ചുടലയില്‍ അവസാനിക്കേണ്ട വ്യക്തിയുമായിരുന്നില്ല . അതുകൊണ്ടു തന്നെ പൊതുശ്മശാനത്തില്‍ കൂട്ടിയ ചിത കത്തിയ്ക്കാന്‍ ജാതിയും മതവും നോക്കാതെ ശിഷ്യന്മാരില്‍ പലരും തയാറായി ..

മരണാനന്തരകര്‍മ്മങ്ങളിലോ മറ്റ് ആചാരങ്ങളിലോ ഒന്നും അമ്മീമ്മ അല്‍പം പോലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാവണം ഹൃഷികേശിലെ പൂജാരിയോട് അയാള്‍ ചെയ്തത് ന്യായമായില്ലെന്ന് ഞാന്‍ തര്‍ക്കിക്കുമ്പോള്‍ ഗംഗയുടെ വെണ്‍നുരയലകളില്‍ അമ്മീമ്മയുടെ ചിരി കാണാമായിരുന്നു.

പിന്നീടിന്നുവരെ ഞാന്‍ ബലിയിട്ടിട്ടില്ല.

അമ്മയ്ക്കും ഇല്ലേ മോഹങ്ങള്‍..' ഒരു ചിന്ന ഗെറ്റ് ടുഗെദര്‍ , ചിത്തി കണ്ടിപ്പാ വരണം' എന്നായിരുന്നു അരുമയുള്ള കൊഞ്ചലില്‍ ആ ക്ഷണം.

വിളിച്ചത് കൂട്ടുകാരിയുടെ മകളാണ്. പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കൂട്ടുകാരിയാണെങ്കിലും വയസ്സിനു മൂത്ത ആ കഠിനാധ്വാനിയോട് എനിക്ക് വലിയ ബഹുമാനമാണ്. തകര്‍ന്നു തരിപ്പണമായിപ്പോയ ജീവിതത്തെ ഓരോ കല്ലായി പെറുക്കിയടുക്കി കെട്ടിടമുയര്‍ത്തുന്നതു പോലെ ശരിയാക്കി കൊണ്ടു നടന്നതെങ്ങനെയെന്ന് ഞാന്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയിട്ടുണ്ട്.

മദ്യത്തിന്റെ ഗുണങ്ങളേയും മദ്യപന്റെ അവകാശങ്ങളേയും മദ്യപന്‍ എന്ന പാവത്താനേയും സര്‍ക്കാറും പൊതു സമൂഹവും ഒന്നിച്ചു ചേര്‍ന്ന് മദ്യപരോട് ചെയ്യുന്ന അതിക്രമങ്ങളേയും പറ്റി സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ കേട്ടും വായിച്ചും മനസ്സിലാക്കുമ്പോഴെല്ലാം ഞാന്‍ രുഗ്മിണിയെയും അവളുടെ ചുമ്മാ തൂവിപ്പോയ ജീവിതത്തേയും ഓര്‍ക്കും.

പതിനേഴു വയസ്സില്‍ കല്യാണം കഴിച്ച് ഭര്‍തൃഗൃഹത്തില്‍ വന്നത് എത്ര സങ്കല്‍പങ്ങളോടെയും ആശകളോടെയുമാണെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു.

ചെന്നൈയിലെ മൈലാപ്പൂര്‍ ഭാഗം മുഴുവന്‍ സ്വന്തം പേരിലാക്കണം ,

കല്യാണ്‍ ജുവല്ലറിയിലെ സ്വര്‍ണം മുഴുവന്‍ വാങ്ങി മാറിമാറി ധരിക്കണം,

കാഞ്ചീപുരത്ത് നെയ്യുന്ന പട്ടുസാരികളെല്ലാം അലമാരിയില്‍ അടുക്കി വെയ്ക്കണം,

റോക്കറ്റില്‍ കയറി ചന്ദ്രനില്‍ പോകണം,

അങ്ങനെ സാക്ഷാത്കരിക്കാന്‍ ഒരു വഴിയുമില്ലാത്ത ആശകളും ആര്‍ത്തികളുമൊന്നുമല്ല രുഗ്മിണിക്കുണ്ടായിരുന്നത്. ഭര്‍ത്താവിന്റെ കൈയും പിടിച്ചിരുന്ന്, ആ തോളില്‍ തല ചായിച്ച് പ്രണയ സിനിമകള്‍ കാണണം, നിലാവുള്ള രാത്രികളില്‍ ഭര്‍ത്താവോടിക്കുന്ന വാഹനത്തില്‍ കയറി യാത്ര ചെയ്യണം, ഭര്‍ത്താവിന്റെ കൂടെ ഹോട്ടലില്‍ പോയി ആഹാരവും ഐസ് ക്രീമും കഴിക്കണം അങ്ങനെയൊക്കെ..

പതിനേഴു വയസ്സിന്റെ കുട്ടിമോഹങ്ങള്‍ ...

ജീപ്പും കാറും കുറെ വേലക്കാരും ഒക്കെയുള്ള വീടായിരുന്നു അത്. രുഗ്മിണിയുടെ വീട്ടില്‍ കാര്യങ്ങളെല്ലാം ഒരു മാതിരി നടന്നു പോകുമെന്നല്ലാതെ അത്ര അധികം പണം നീക്കിയിരിപ്പുണ്ടായിരുന്നില്ല. അസാധാരണ വശ്യതയുള്ള സൌന്ദര്യവും പത്തു പൊരുത്തവും തികഞ്ഞ ജാതകവുമായതുകൊണ്ടാണ് ധനികരുടെ വീട്ടില്‍ മരുമകളാവാന്‍ കഴിഞ്ഞതു തന്നെ.

മദ്യമായിരുന്നു മുപ്പതുകാരനായ ഭര്‍ത്താവിന്റെ ഏറ്റവും അടുത്ത ബന്ധു. കല്യാണം കഴിപ്പിച്ചാല്‍ ഒക്കെ നേരേയാവുമെന്നത് നമ്മുടെ ഒരു പൊതുവിശ്വാസമാണല്ലോ. അങ്ങനെ അപ്പാവിനും അമ്മയ്ക്കും ഗുരുക്കന്മാര്‍ക്കും വാധ്യാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും അതുവരെ നേരേയാക്കാന്‍ പറ്റാത്ത ഒരാളെ നേരെയാക്കേണ്ട ചുമതല പതിനേഴു വയസ്സില്‍ തന്നെ രുഗ്മിണിയുടെ ചുമലിലായി.

അയാള്‍ ഒട്ടും നേരെയായില്ല.

രുഗ്മിണിക്ക് ഒരു മകള്‍ ജനിച്ചുവെന്നതാണ് ആ കല്യാണത്തിന്റെ ഒരേയൊരു ഫലം.
മദ്യം അയാളെ കുടിക്കുകയായിരുന്നതുകൊണ്ട് പറമ്പുകളും പാടങ്ങളും ബാങ്ക് ബാലന്‍സും ജീപ്പുമൊക്കെ പടിയിറങ്ങിപ്പോകുന്നത് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അയാളുടെ അപ്പാവും അമ്മയും ഈ ലോകത്തില്‍ നിന്ന് യാത്ര പറഞ്ഞതോടെ സഹോദരങ്ങള്‍ക്കും അയാളുടെ കുത്തഴിഞ്ഞ ജീവിതത്തില്‍ താല്‍പര്യമില്ലാതായി.

മദ്യം ധനത്തെ മാത്രമല്ല അയാളുടെ എല്ലാ ബന്ധങ്ങളേയും കുടിച്ചു വറ്റിച്ചുകൊണ്ടിരുന്നു.

രുഗ്മിണി ബാങ്കില്‍ നിന്ന് കടമെടുത്ത് ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നു. കടമടയ്ക്കാനായി ,മകളെ വളര്‍ത്തി വലുതാക്കാനായി രാവും പകലും സ്ത്രീകളുടെ മുടി വെട്ടി, നഖങ്ങള്‍ വെടിപ്പാക്കി, മുഖത്തും തലയിലും ദേഹത്തുമെല്ലാം പലതരം ക്രീമുകളിട്ടുഴിഞ്ഞു, തലമുടിയില്‍ ചായം തേപ്പിച്ചു, അനാവശ്യരോമങ്ങള്‍ നീക്കിക്കൊടുത്തു, മസ്സാജ് ചെയ്തു. വധുവിനെ ഒരുക്കാന്‍ പോയി, തുന്നല്‍പ്പണികള്‍ ചെയ്തു.. ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി ഉണ്ടാക്കി... ആം വേയുടേയും ടപ്പര്‍ വെയറിന്റേയും വില്‍പന നടത്തി..

ഭര്‍ത്താവ് മദ്യത്തില്‍ നീന്തിത്തുടിച്ചും മുങ്ങി നിവര്‍ന്നും കാലം കഴിച്ചു. ആവശ്യമുള്ളപ്പൊഴൊക്കെ ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന് ബഹളം വെച്ചു. രുഗ്മിണിയെ തല്ലി, സാധനങ്ങള്‍ അടിച്ചു പൊട്ടിച്ചു. ആരെങ്കിലും രുഗ്മിണിയുടെ ഭാഗം പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ 'ദേ, ഞാനിവളെ വില്ക്കുകയാ .. ആര്‍ക്ക് വേണമെങ്കിലും വാങ്ങാം.. നൂറു രൂപ ഒരു തരം നൂറു രൂപ രണ്ടു തരം ' എന്നൊക്കെ വിളിച്ചു കൂവി.

അങ്ങനെ വില്‍പനച്ചരക്കായി ലേലം വിളിക്കപ്പെട്ടിട്ടും രുഗ്മിണി തളര്‍ന്നില്ല. ജോലി ചെയ്യാതിരുന്നില്ല. മകളെ ശ്രദ്ധിക്കാതിരുന്നില്ല.

ബന്ധുക്കള്‍ പറഞ്ഞു. ' അവള് തന്റേടക്കാരിയാ.. കാണാനും കൊള്ളാം. പിന്നെന്താ അവള്‍ക്ക് കഴിയാന്‍ ബുദ്ധിമുട്ട്? '

'ഭാര്യ വിചാരിച്ചാ ഭര്‍ത്താവിന്റെ കുടി നിറുത്താന്‍ വല്ല പ്രയാസവുമുണ്ടോ? അപ്പോ അവള്‍ക്കതില്‍ താല്‍പര്യമില്ല.'

'അതെങ്ങനെയാ ? അവള്‍ക്ക് ഓടിപ്പാഞ്ഞ് അഴിഞ്ഞാടി നടക്കാന്‍ പറ്റ്വോ അയാള് കുടി നിറുത്തി അവളോട് കുടുമ്മത്തിരിക്കാന്‍ പറഞ്ഞാല്‍... '

അങ്ങനെ മദ്യപിച്ച് മദ്യപിച്ച് അയാള്‍ ഒരു ദിവസം വല്ലാതെയങ്ങ് ഉറങ്ങിപ്പോയി.. എണീക്കാന്‍ പറ്റാത്ത ഉറക്കം.

രണ്ടു മുറി വാടക വീട്ടില്‍ അയാളുടെ ശവശരീരത്തിനരികില്‍ രുഗ്മിണി കല്ലു പോലെ ഇരിക്കുന്നതു കണ്ട് എല്ലാവരും അവളുടെ മനക്കട്ടിയെ പുലഭ്യം പറഞ്ഞു.

' അവള് വല്ല വെഷോം കൊടുത്തിട്ടുണ്ടാവും. അല്ലാണ്ട് ഇങ്ങനെ ഇരിക്കാന്‍ കഴിയ്വോ? ഒന്നൂല്യങ്കിലും അവള്‍ടെ കൊച്ചിന്റെ തന്ത്യല്ലേ? ഒന്നു ഒറക്കെ കരഞ്ഞൂടെ അവള്‍ക്ക് '

' ശവം പോസ്റ്റ് മോര്‍ട്ടം ചെയ്യണം ' അത് ആരുടെ ആവശ്യമായിരുന്നു എന്നറിഞ്ഞില്ല, പെട്ടെന്ന് ആ ആവശ്യത്തിനു ചൂടു പിടിച്ചു. തിരിയിട്ട് കത്തിച്ച നാളികേര വിളക്കുകള്‍ക്കിടയില്‍ ദര്‍ഭപ്പുല്ലിന്മേല്‍ ശാന്തമായി കിടന്നിരുന്ന അയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മരണമറിഞ്ഞെത്തിയ ബന്ധുക്കള്‍ എല്ലാവരും സന്നദ്ധരായി.

രുഗ്മിണി അപ്പോഴും കല്ലു പോലെ ഇരുന്നു.

പോസ്റ്റ് മോര്‍ട്ടത്തില്‍ ഒന്നും തെളിഞ്ഞില്ല. മദ്യപിച്ച് കരള്‍ ഇല്ലാതായി, കിഡ്‌നി തകര്‍ന്നു, പിന്നെ വളരെ കഷ്ടപ്പെട്ട് ഓടിയിരുന്ന ഹൃദയവും പതുക്കെ നിലച്ചു.

മകള്‍ നല്ല പോലെ പഠിക്കുന്ന കുട്ടിയായിരുന്നു. അവള്‍ എന്‍ജിനീയറിംഗ് പഠിച്ചു. ക്യാമ്പസ് സെലക് ഷനില്‍ ജോലിയും നേടി. അവളെ സ്‌നേഹിക്കാനും വിവാഹം കഴിക്കാനും തയാറായി കോളേജിലെ സീനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ വരികയും ചെയ്തു.

രുഗ്മിണിക്കൊപ്പം അവളൂടെ അനിയത്തിയെന്ന പോലെ ആ ചെറുപ്പക്കാരന്റെ വീട്ടില്‍ ഞാനും പോയി വന്നു. എനിക്ക് വലിയ ആഹ്ലാദമുണ്ടായി. ആ വീട്ടിലുള്ളവര്‍ തികഞ്ഞ മാന്യതയോടെയാണ് ഉയര്‍ന്ന സംസ്‌ക്കാര സമ്പന്നതയോടെയാണ് പെരുമാറിയത്. ചെറുക്കന്റെ വീടു കാണാന്‍ ചെന്ന ഞങ്ങള്‍ രണ്ടു സ്ത്രീകളെ സ്വീകരിച്ച് ' നിങ്ങളുടെ വീട്ടില്‍ ആണുങ്ങളാരുമില്ലേ? നിങ്ങള്‍ക്ക് കൂടെ വരാന്‍ മറ്റു ബന്ധുക്കളൊന്നുമില്ലേ' എന്നും മറ്റുമുള്ള വേദനിപ്പിക്കുന്ന, അനാഥത്വം തോന്നിപ്പിക്കുന്ന ചോദ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചില്ല.

തിരിച്ചു വരുമ്പോള്‍ രുഗ്മിണി ബസ്സിലിരുന്നു പൊട്ടിക്കരഞ്ഞു. എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. രുഗ്മിണിയുടെ തഴമ്പ് വീണ പരുപരുത്ത കൈകള്‍ അമര്‍ത്തിപ്പിടിച്ചു ഞാന്‍ വെറുതെ ഇരുന്നു.

മകളുടെ പിറന്നാളോ , അല്ലെങ്കില്‍ ആദ്യമായി അവള്‍ക്ക് ശമ്പളം കിട്ടിയതോ അങ്ങനെ എന്തിനെ ങ്കിലുമാവും ഗെറ്റ്ടുഗദര്‍ എന്നായിരുന്നു എന്റെ വിചാരം.

അധികം ആരും ഉണ്ടായിരുന്നില്ല.

മകളുടെ വരനും അവന്റെ അച്ഛനമ്മമാരും ഉണ്ടായിരുന്നു.

രുഗ്മിണി ഭംഗിയായി അണിഞ്ഞൊരുങ്ങിയിരുന്നു. ആ മുഖത്ത് അല്‍പം ലജ്ജയോ ജാള്യതയോ അങ്ങനെ എന്തോ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു. എന്നാലും അണിഞ്ഞൊരുങ്ങി സുന്ദരിയായി കാണപ്പെട്ട രുഗ്മിണിയെക്കണ്ട് എനിക്ക് അല്‍ഭുതവും ആഹ്ലാദവും തോന്നി.

മകളാണ് വിവരം പറഞ്ഞത്.

' അമ്മയെ ഞാന്‍ വിവാഹം കഴിപ്പിച്ചു ചിത്തി. ജോലിയും കല്യാണവുമെല്ലാമായി ഞാന്‍ ഇവിടുന്നു താമസം മാറ്റിപ്പോവും. അപ്പോ ഷി വില്‍ ബി ആള്‍ എലോണ്‍. അമ്മയുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ വിവാഹം കഴിക്കേണ്ടെന്നാണ് ഞാന്‍ തീരുമാനിച്ചത്. അത് ഇവര്‍ക്കെല്ലാവര്‍ക്കും ശരിക്കും ബോധ്യമായി. '

ഞാന്‍ ആ ചെറിയ പെണ്‍കുട്ടിയുടെ കരം കവര്‍ന്നു.

' നെറ്റു വഴിയാണ് എല്ലാം ശരിയായത്. അദ്ദേഹത്തിന്റെ ആദ്യ കല്യാണമാണ്. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.'

'ഹി വില്‍ ബി ഹിയര്‍ അറ്റ് എനി മോമെന്റ്. ഹി ഈസ് ഓണ്‍ ദ വേ' രുഗ്മിണിയുടെ ഭാവി ജാമാതാവായിരുന്നു അത് . ഒന്നു നിറുത്തീട്ട് അവന്‍ തുടര്‍ന്നു. ' അമ്മ അങ്ങനെ തനിച്ചാവാന്‍ പാടില്ല. അമ്മയുടെ ജീവിതത്തിലെ ഒരു മോഹവും ഇന്നു വരെ സാധിച്ചിട്ടില്ല. അമ്മയ്ക്കുമില്ലേ മോഹങ്ങള്‍..'

ഞാന്‍ രുഗ്മിണിയെ കെട്ടിപ്പിടിച്ചു. പിന്നെ മകളേയും അവളുടെ വരനേയും...

Sunday, May 20, 2018

ഓണപ്പുടവയുടെ ഊടും പാവും .


ഓണത്തിനും ദീപാവലിക്കും അമ്മീമ്മ കുറച്ചധികം പുതിയ തുണികള്‍ വാങ്ങുമായിരുന്നു. വില കൂടിയ തുണികളൊന്നുമല്ല, പൂക്കളുള്ള ചീട്ടി, വെളുത്ത മല്‍മല്‍, കോടിക്കളറുള്ള ജഗന്നാഥന്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സാധാരണ തുണികള്‍ .. ജഗന്നാഥനും മല്‍മലും ഷിമ്മീസുകളും മറ്റ് അടിവസ്ത്രങ്ങളും തയിക്കാനും ചീട്ടി അഥവാ പരുത്തിത്തുണി ഉടുപ്പുകള്‍ തയിക്കാനും ഉപയോഗിച്ചിരുന്നു.

എന്റെ ഒരു സഹപാഠിനിയുടെ അച്ഛനായിരുന്നു പരിസരത്തെ ആസ്ഥാന തയ്യല്‍ക്കാരന്‍. അദ്ദേഹത്തിനു വലിയ ഡിസൈന്‍ സെന്‍സൊന്നും ഉണ്ടായിരുന്നില്ല. ഫ്രില്ലുകള്‍, ബോ, ഷോ ബട്ടണ്‍, എംബ്രോയിഡറി എന്നതിനെയൊക്കെ അദ്ദേഹം പൂര്‍ണമായും അവഗണിച്ചു. എത്ര പറഞ്ഞുകൊടുത്താലും അദ്ദേഹത്തിന്റെ തയ്യലില്‍ അമ്മീമ്മ പ്രതീക്ഷിക്കുകയും ആശിക്കുകയും ചെയ്ത ഒരു പൂര്‍ണത കിട്ടിയിരുന്നില്ല. അതുകൊണ്ട് ആ കുപ്പായങ്ങളില്‍ ഞങ്ങളുടെ സൌന്ദര്യം വേണ്ടത്രയും മിന്നിത്തിളങ്ങുന്നില്ലെന്ന് അമ്മീമ്മ വിശ്വസിച്ചിരുന്നു. ഞാനും അനിയത്തിയും പരമ സുന്ദരിമാരും ബഹു മിടുക്കികളുമാണെന്നായിരുന്നു എന്നും അമ്മീമ്മ കരുതിയിരുന്നത്.
ആദിമമനുഷ്യരുടെ പോലെ വിരൂപമായ മുഖവും ശരീരവുമാണ് ഉള്ളതെന്ന് സദാ ചൂണ്ടിക്കാട്ടി, വെളുത്ത നിറത്തിന്റേയും കൊഴുത്തുരുണ്ട ശരീരത്തിന്റെയും മറ്റും അഹങ്കാരത്തോടെ ഞങ്ങളെ നിരന്തരം നിന്ദിക്കുന്നവരുമായി വണക്കത്തോടെ ഇടപഴകേണ്ട ഗതികേടു വന്നതില്‍ അതുകൊണ്ടു തന്നെ പില്‍ക്കാലത്ത് അമ്മീമ്മ വല്ലാതെ വേദനിക്കുകയും ദു:ഖിക്കുകയും ചെയ്തിരുന്നു.

ഒരു മധ്യവേനല്‍ അവധിക്കാലത്താണ് അമ്മീമ്മ പഴയൊരു തയ്യല്‍ മെഷീന്‍ വാങ്ങിയത്. അല്‍പം ദൂരെയുള്ള ഒരു ബ്രാഹ്മണഗൃഹത്തിലെ പാട്ടിയുടേതായിരുന്നു ആ മെഷീന്‍. കൈകൊണ്ടും കാലുകൊണ്ടും തയിക്കാനുള്ള സൌകര്യം അതിലുണ്ടായിരുന്നു. അതിന്റെ എന്തൊക്കെയോ ഭാഗങ്ങള്‍ ഏതോ ഒരു കാലത്ത് വിദേശ നിര്‍മിതമായിരുന്നുവത്രേ. അതിനൊരു സ്‌പെഷ്യല്‍ രാജകീയ ആഢ്യത്വമുണ്ടെന്ന് ഉടമസ്ഥയായ പാട്ടി അഭിമാനത്തോടെ കരുതിയിരുന്നു.

പണ്ട് കാലത്ത് അമ്മീമ്മയുടെ തറവാട്ടു മഠത്തില്‍ തുണികള്‍ തയിച്ചിരുന്ന തയ്യല്‍ക്കാരനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കണ്ട് ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു പിന്നീട് അമ്മീമ്മ ചെയ്തത്. സമൃദ്ധമായ വാര്‍ദ്ധക്യത്താല്‍ അതീവ ക്ഷീണിതനായിരുന്നങ്കിലും അമ്മീമ്മയെ പഠിപ്പിക്കാന്‍ അദ്ദേഹം യാതൊരു മടിയും പ്രയാസവും കാണിച്ചില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്‍ഭുതം തോന്നി ... നന്നെ പ്രായമായിട്ടും അദ്ദേഹത്തിന്റെ കണ്ണിനു കാഴ്ചക്കുറവോ കൈകള്‍ക്ക് വിറയലോ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചാറു കിലോ മീറ്റര്‍ ദൂരം സൈക്കിള്‍ ചവുട്ടി വന്ന് കിതപ്പോടെ കുറച്ചു നേരം വരാന്തയില്‍ ചുവരും ചാരി വിശ്രമിച്ചിരുന്നു അദ്ദേഹം. വലുപ്പമുള്ള ഇലച്ചീന്തില്‍ അമ്മീമ്മ വിളമ്പിക്കൊടുക്കുന്ന ഉപ്പുമാവും, വെളുത്ത പൂക്കളുള്ള വിദേശ നിര്‍മിതമായ ചില്ലുഗ്ലാസില്‍ ഒഴിച്ചുകൊടുക്കുന്ന തുടുത്ത ചായയും കുറെ സമയമെടുത്ത് കഴിച്ചു തീര്‍ക്കുമായിരുന്നു. അതുകഴിഞ്ഞ് തയ്യല്‍ മെഷീന്റെ പുറകിലിരുന്ന് അദ്ദേഹം ഭക്തിപൂര്‍വം കുരിശു വരച്ച് 'എന്റെ ഈശോയേ' എന്ന് ജപിക്കും. പിന്നെ കത്രികയും ന്യൂസ് പേപ്പറും സ്‌കെയിലും മാര്‍ക്കിംഗ് ചോക്കും തുണികളുമെല്ലാമായി ഒരു ദടപിടലോടെ അമ്മീമ്മയെ തയ്യല്‍ പഠിപ്പിച്ചു തുടങ്ങും .

വീടിനു പുറത്ത് മേടവെയില്‍ ഉരുകിത്തിളച്ചു കിടക്കും. മുളങ്കൂട്ടങ്ങള്‍ ദീനമായി കരയുന്നുണ്ടാവും. ചെമ്പോത്തും പോത്താംകീരികളും മൈനകളുമെല്ലാം തിളയ്ക്കുന്ന വെയില്‍ കുടിച്ച് മരത്തണലുകളീല്‍ ചാഞ്ഞു മയങ്ങുന്നുണ്ടാവും..

അമ്മീമ്മ അതിയായ ഉല്‍സാഹത്തോടെ തയ്യല്‍ പഠിച്ചുകൊണ്ടിരുന്നു. സൂക്ഷിച്ചില്ലെങ്കില്‍ വിരലില്‍ സൂചി കയറുമെന്ന് ആ അധ്യാപകന്‍ അമ്മീമ്മയെ എപ്പോഴും താക്കീതു ചെയ്യാറുണ്ടായിരുന്നു. ആ വിരട്ടല്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത പേടി തോന്നും. അതുകൊണ്ട് അദ്ദേഹം ക്ലാസ് കഴിഞ്ഞ് പോകുന്നതുവരെ ഞങ്ങള്‍ ഇടയ്ക്കിടെ രാമനാമം ചൊല്ലും. പോരാത്തതിനു അര്‍ജുനന്‍ , ഫല്‍ഗുനന്‍ എന്നും ചൊല്ലുമായിരുന്നു. ഇതൊക്കെയാണെങ്കിലും തയ്യല്‍ പഠിക്കേണ്ട എന്ന് അമ്മീമ്മയോട് ഉറപ്പിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
സ്ത്രീകളുടെ വസ്ത്രങ്ങളെല്ലാം സാമാന്യം ഭംഗിയായി തയിക്കാന്‍ ആ മധ്യ വേനലവധിക്കാലത്ത് അമ്മീമ്മ പഠിച്ചു. പിന്നീട് വിവിധ തരം തയ്യലുകളുടെ വസന്തകാലമായിരുന്നു വീട്ടില്‍ .

റേഷന്‍ കടയില്‍ നിന്നു കിട്ടുന്ന തുണികളും അമ്മിമ്മയുടെ പഴയ സാരികളും ധാരാളം ഞൊറിവുകളുള്ള പാവാടകളായും ഫ്രോക്കുകളായും രൂപം മാറി. കട്പീസ് സെന്ററില്‍ നിന്ന് അമ്മ കൊണ്ടുത്തരുന്ന തുണിക്കഷണങ്ങള്‍ വേണ്ട രീതിയില്‍ യോജിപ്പിച്ച് അമ്മീമ്മ നല്ല ഡിസൈനര്‍ ഉടുപ്പുകള്‍ തയിച്ചു തരുമായിരുന്നു. ആപ്ലിക് വര്‍ക്ക് ചെയ്ത ഭംഗിയുള്ള തലയിണ ഉറകളും കിടക്കവിരികളും അമ്മീമ്മയുടെ വിരലുകളില്‍ നിന്നും ജന്മം കൊണ്ടു. ബംഗാളി സ്ത്രീകള്‍ പഴയ സാരികള്‍ അടുക്കടുക്കായി കൂട്ടിത്തയിച്ചുണ്ടാക്കുന്ന പുതപ്പുകള്‍ അസാമാന്യ കലാവിരുതോടെയാണ് അമ്മീമ്മ നിര്‍മ്മിച്ചത്. ആ പുതപ്പുകള്‍ എനിക്കും അനിയത്തിക്കും ഒരേ പോലെ ഇഷ്ടമായിരുന്നു. അമ്മീമ്മയുടെ പഴയ സാരികള്‍ കൊണ്ട് ഉണ്ടാക്കിയ ആ പുതപ്പുകളില്‍ നിന്ന് ഞങ്ങള്‍ക്ക് സദാ അവരുടെ സുഗന്ധം കിട്ടിപ്പോന്നു. ആ സുഗന്ധം ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന വൈകാരിക സുരക്ഷിതത്വമാകട്ടെ നിസ്സീമമായിരുന്നു.

ഓണത്തിനെന്നല്ല ഒരു ആഘോഷത്തിനും അച്ഛന്‍ അങ്ങനെ കൃത്യമായി തുണികളൊന്നുമെടുക്കാറില്ല. അത്തരം കാര്യങ്ങളിലൊന്നും അച്ഛന് ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല. എങ്കിലും വളരെ വല്ലപ്പോഴും അല്ലെങ്കില്‍ വളരെ ദുര്‍ലഭമായി എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഉടുപ്പുകള്‍ വാങ്ങിത്തരികയും ഉണ്ടായിട്ടുണ്ട്.
ഓണത്തിനു അച്ഛന്‍ മേടിച്ചു തന്നതെന്ന് പറഞ്ഞ് സ്‌കൂളില്‍ എല്ലാവരും പുത്തനുടുപ്പുകള്‍ കാണിക്കുമ്പോള്‍ ഞങ്ങള്‍ അല്‍പം പരവശരാകാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അമ്മയും അമ്മീമ്മയും മേടിച്ചു തന്ന ഉടുപ്പുകളെന്ന് പറയുമ്പോഴും അവയെ തൊട്ടുകാണിക്കുമ്പോഴും വേണ്ടത്ര ഗമ പോരെന്നു തോന്നിയിരുന്നു. അച്ഛന്‍ മേടിച്ചു തന്ന ഉടുപ്പാണെന്ന് പറയുവാന്‍ സാധിക്കുമ്പോഴാണ് ശരിക്കും ഗമ കിട്ടുന്നതെന്നായിരുന്നു അക്കാലത്തൊക്കെ വിചാരം. അങ്ങനെ പറയാന്‍ സാധിക്കാത്തതില്‍ അന്നേരം വല്ലാത്ത സങ്കടവുമുണ്ടായിട്ടുണ്ട്.

ബോംബെ ഡൈയിംഗിന്റെയും ഹാന്റ്റെക്‌സിന്റെയുമൊക്കെ ക്ലോത്ത് ക്ലബ്ബില്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ പണമടച്ചാണ് ഓണത്തിനും വിഷുവിനുമൊക്കെ അമ്മ ഉടുപ്പ് എടുത്ത് തന്നിരുന്നത്. കട് പീസ് സെന്ററിലും എന്‍ ടി സിയിലും ഒക്കെ അമ്മയ്ക്ക് ക്ലോത്ത്ക്ലബ്ബുകളില്‍ അംഗത്വമുണ്ടായിരുന്നു. സ്വന്തം ശമ്പളത്തില്‍ നിന്ന് ഞങ്ങള്‍ മുതിരും വരെ ഇങ്ങനെ എല്ലാക്കൊല്ലവും പണമടച്ചു അമ്മ ഭേദപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങിച്ചു തന്നുകൊണ്ടിരുന്നു.

ഓണത്തിനു എല്ലാവര്‍ക്കും തുണികള്‍ കൊടുക്കുന്നത് അമ്മീമ്മയുടെ പതിവായിരുന്നു. പാലും പച്ചക്കറിയും മറ്റും കൊണ്ടുതരുന്നവര്‍ക്ക്, പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക്, വീട്ടു ജോലിക്ക് സഹായിക്കുന്നവര്‍ക്ക് എല്ലാം അമ്മീമ്മ മറക്കാതെ ജഗന്നാഥന്‍ മുണ്ടും ബ്ലൌസും തോര്‍ത്തുമൊക്കെ ഓണപ്പുടവയായി നല്‍കും. ഞങ്ങള്‍ക്കും പൂക്കളുള്ള ചീട്ടിത്തുണിയുടെ കുപ്പായങ്ങള്‍ തയിച്ചു തരും. എന്നാല്‍ സ്വന്തമായി യാതൊന്നും വാങ്ങുകയില്ല .

ഉത്രാടത്തിന്റെ അന്ന് കൃത്യമായി ഉച്ചയൂണിനു മുമ്പ് ഒരു നെയ്ത്തുകാരന്‍ വീട്ടില്‍ വന്നിരുന്നു. അയാള്‍ കൊണ്ടുവരുന്ന പരുക്കന്‍ സാരിയായിരുന്നു എല്ലാ വര്‍ഷവും അമ്മീമ്മയുടെ ഓണപ്പുടവ. ഞങ്ങള്‍ കുട്ടികള്‍ക്ക് ആ പുടവ ഒട്ടും ഇഷ്ടമായിരുന്നില്ല. പരമ ദയനീയമായിരുന്നു അതിന്റെ ഡിസൈന്‍. എല്ലാ വര്‍ഷവും ഒരേ പോലെ ചെറുതും വലുതുമായ കള്ളികള്‍ സാരി മുഴുവന്‍ അങ്ങനെ പടര്‍ന്നു കിടക്കും. സാരിയുടെ മുന്താണിക്കോ ബോര്‍ഡറിനോ ഒന്നും ഒരു എടുപ്പുമുണ്ടാവുകയില്ല. കളര്‍ കോമ്പിനേഷനുകളാകട്ടെ അതിലും പരിതാപകരം. വെളുപ്പോ മങ്ങിയ വെളുപ്പോ ആയിരിക്കും ബേസ് കളര്‍. അതില്‍ മഞ്ഞയോ മങ്ങിയ പച്ചയോ അതുമല്ലെങ്കില്‍ ഓറഞ്ചോ ഒക്കെ യാതൊരു കലാബോധവുമില്ലാതെ നെടുകെയും കുറുകെയും നെയ്തിട്ടുണ്ടാകും. തുണിയാണെങ്കിലോ തികച്ചും പരുക്കന്‍. .. പലവട്ടം അലക്കി അവിടവിടെ നൂലു പൊന്തിയ പോലെ അല്ലെങ്കില്‍ ഉരക്കടലാസ്സ് പോലെ ... വല്ല കര്‍ട്ടനോ ബെഡ് ഷീറ്റോ മറ്റോ ആക്കാനേ ആ സാരി കൊള്ളുകയുള്ളൂ എന്ന് ഞാനും അനിയത്തിയും ഉറച്ചു വിശ്വസിച്ചു.

എന്തിനാണ് അമ്മീമ്മ ഈ പരുക്കന്‍ സാരി വാങ്ങുന്നതെന്നും തിരുവോണത്തിന്റെ അന്ന് അതുടുക്കുന്നതെന്നും ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം അതുടുത്തുകൊണ്ട് സ്‌കൂളിലേക്ക് പോകുന്നതെന്നും ഞങ്ങള്‍ക്ക് മനസ്സിലായതേ ഇല്ല.
കുറച്ച് മുതിര്‍ന്നപ്പോള്‍ അതും പറഞ്ഞ് ഞങ്ങള്‍ അമ്മീമ്മയോട് ഉശിരോടെ തര്‍ക്കിച്ചു..

'സാരീണ്ട് ടീച്ചറെ' എന്നയാള്‍ പറയുമ്പോള്‍ അമ്മീമ്മ അയാളുടെ പക്കലുണ്ടാവാറുള്ള ചില സാരികളൊക്കെ തൊട്ടു നോക്കും. എന്നിട്ട് ആദ്യം തന്നെ കുറച്ച് തോര്‍ത്തുമുണ്ടുകള്‍ വാങ്ങും.

' ടീച്ചറെ, സാരി' എന്ന് അയാള്‍ വീണ്ടും പറയും.

' കൈനീട്ടായിട്ടുള്ള സാരിയാ. ടീച്ചര്‍ക്കാണ് ആദ്യം.. ടീച്ചര്‍ വാങ്ങിയാ മുഴുവനും വിറ്റ് പോവും. സാരി എട്ക്കണം ടീച്ചറെ.. '

ഇങ്ങനെയാണ് ആ സാരി വില്‍പന.

അതു കഴിഞ്ഞ് അമ്മീമ്മ അയാള്‍ക്ക് വലിയൊരു നാക്കിലയില്‍ ഗോതമ്പുപായസമടക്കമുള്ള ഉത്രാടസ്സദ്യ വിളമ്പും.

അയാളുടെ വിശ്വാസത്തെ വേദനിപ്പിക്കാന്‍ അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അതൊരു വെറും നല്ല മനസ്സു മാത്രവുമായിരുന്നില്ല. അയാളുടെ അധ്വാനത്തെയും അവര്‍ ഏറെ വില മതിച്ചിരുന്നു. അയാളുടെ അധ്വാനവും വിശ്വാസവും മാത്രമായിരുന്നു ആ അനാകര്‍ഷകമായ ഓണപ്പുടവയുടെ ഊടും പാവും. അതിനെ നിസ്സാരമായിക്കരുതാന്‍ അമ്മീമ്മ തയാറായിരുന്നില്ല. ഞങ്ങള്‍ കുട്ടികളും ആ സാരിയെ അതുകൊണ്ടു തന്നെ നിസ്സാരമായി കാണാന്‍ പാടില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു.

ഓണാവധിക്കു ശേഷം സ്‌കൂളിലെ മറ്റ് ടീച്ചര്‍മാര്‍ സ്വര്‍ണക്കസവുള്ള കേരളാസ്സാരിയും അതീവ മൃദുലമായ മറ്റ് പട്ടു സാരികളും ഉടുത്തു വരുമ്പോള്‍ അമ്മീമ്മ മാത്രം ഉരക്കടലാസ്സു പോലെയുള്ള നെയ്ത്തുസ്സാരി ധരിച്ച് സ്‌കൂളിലെത്തി. യാതൊരു കലാബോധവുമില്ലാത്ത വിചിത്ര നിറങ്ങള്‍ പടര്‍ന്നതും വില കുറഞ്ഞതുമായ ആ ഓണപ്പുടവ ധരിച്ചിട്ടും അവര്‍ ഒരു നക്ഷത്രം പോലെ ജ്വലിച്ചു. അത് തീര്‍ച്ചയായും മറ്റൊരാളുടെ അധ്വാനത്തെ ഒട്ടും ചൂഷണം ചെയ്യാതെ,അതിനെ തികച്ചും വിലമതിക്കുന്ന അവരുടെ മനസ്സിന്റെ സൌന്ദര്യം കൊണ്ടു തന്നെയായിരുന്നു.

ആരേയും ഒന്നിനു വേണ്ടിയും ചൂഷണം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു മനസ്സിനുടമയാവുന്നത് ഒട്ടും എളുപ്പമല്ലല്ലോ.

Friday, May 18, 2018

പച്ചകളാണ് ഈ വയനാട്
പ്രഭാതമായപ്പോഴും രാത്രിയുടെ മഴപ്പാട്ട് അനസ്യൂതം മുഴങ്ങുന്ന ഒരു മനോഹരവാദ്യത്തെ ഓര്‍മ്മിപ്പിച്ചു. എണീക്കാന്‍ നല്ല മടി തോന്നിയെങ്കിലും പുലരും മുന്‍പേ യാത്ര ആരംഭിക്കണമെന്നറിയുന്നതുകൊണ്ട് വേഗം തന്നെ ഞാന്‍ തയാറായി. എന്‍ഡേവര്‍ ആയിരുന്നു ഇത്തവണയും ഒപ്പം. സഹയാത്രികരില്‍ വാസ്തുശില്‍പികളും സാങ്കേതിക വിദഗ്ദ്ധരും വനംവകുപ്പുദ്യോഗസ്ഥരുമുണ്ടായിരുന്നു.

പുതിയ കാലത്തെ വാസ്തുശില്‍പികളില്‍ പലരിലും ധാരാളിത്തത്തിന്റെ ഉത്പന്നമായ അലക്ഷ്യമാക്കലുകള്‍ വളരെയേറെയുണ്ടെന്ന് ഈ യാത്ര എന്നെ പഠിപ്പിച്ചു. അവരെ പറഞ്ഞിട്ടും കാര്യമില്ല. അവരിലധികംപേരും പൊതുവേ സമൃദ്ധിയുടെ മടിത്തട്ടില്‍ ഒറ്റക്കുട്ടികളായി വളര്‍ന്നവരാണ്. സാധനങ്ങള്‍ പാഴാക്കുക എന്നതൊരു അനുഷ്ഠാനംപോലെ ശീലിച്ചവരാണ്. അത് ആഹാരമായാലും വെള്ളമായാലും കടലാസ്സായാലും പെട്രോളായാലും; ബിഗ് ബസാറിലെ റാക്കുകളില്‍നിന്ന് അവര്‍ക്ക് ആഹാരം കിട്ടുന്നു. മിനറല്‍ വാട്ടറെന്ന കുപ്പിവെള്ളം കുടിക്കുന്നു. വലിയ സ്‌റ്റേഷനറി കടകളില്‍ നിന്നോ ഓണ്‍ലൈനായോ വരയ്ക്കാനും കണക്ക് കൂട്ടാനുമാവശ്യമായ വസ്തുക്കളൊക്കെ പണംകൊടുത്ത് ഇഷ്ടംപോലെ വാങ്ങുന്നു. അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകള്‍ വീശി പെട്രോളോ ഡീസലോ വണ്ടികളുടെ ടാങ്കുകളില്‍ നിറയ്ക്കുന്നു. അവര്‍ക്ക് മറ്റുള്ളവരുടെ അധ്വാനമെന്നോ പൊതുസമ്പത്തെന്നോ ഉള്ള സങ്കല്‍പങ്ങള്‍ക്ക് ഒട്ടും വ്യക്തതയുണ്ടാവുന്നില്ല. നമ്മുടേതു മാതിരിയൊരു ദരിദ്രരാജ്യത്ത് എന്തുസാധനവും ഏതുസമയവും ഏതുസമ്പത്തും പാഴാക്കിക്കളയുക എന്നതൊരു ക്രിമിനല്‍ കുറ്റമാണെന്ന് അവര്‍ പഠിച്ചിട്ടില്ല. എന്റെ തലമുറയില്‍പ്പെട്ട അധികംപേരുമാണെങ്കില്‍ സാമ്പത്തിക സുരക്ഷിതത്വമെന്ന ഒറ്റ ലക്ഷ്യത്തിലൂന്നി ജീവിച്ചതുകൊണ്ട്, അത്തരം കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നതില്‍ ഒട്ടും ശ്രദ്ധ വെച്ചതുമില്ല.

ബുദ്ധിപരമായി, ശാസ്ത്രീയമായി നമ്മുടെ സമ്പത്തും സമയവുപയോഗിക്കണമെന്ന് ശാഠ്യം പിടിച്ച ലാറിബേക്കറിന്റെ നിര്‍മ്മാണരീതികളെ ഇത്തരം പുതുതലമുറക്കാര്‍ പരിചയപ്പെടാന്‍ ശ്രമിച്ചാലോ?ആ അല്‍ഭുതക്കാഴ്ചയായിരുന്നു ഇത്തവണത്തെ എന്റെ യാത്രയുടെ അടിയൊഴുക്ക്.

 തൃശൂരു നിന്ന് കോട്ടയ്ക്കല്‍ വരെയുള്ള ദൂരം എന്‍ഡേവര്‍ പറക്കുകയായിരുന്നു. അതിരാവിലെ വാഹനങ്ങളൊഴിഞ്ഞ റോഡില്‍ യാത്ര സുഗമമായി. കുറ്റിയാടി വഴി പോയി ചുരം കയറാമെന്നായിരുന്നു വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞത്. കുഞ്ഞോം എന്ന സ്ഥലത്തായിരുന്നു ചെന്നെത്തേണ്ടിയിരുന്നത്. കോട്ടയ്ക്കല്‍ എത്തിയപ്പോള്‍ പ്രഭാതഭക്ഷണമാവാമെന്നായി. ഇടതടവില്ലാതെ നേരിയ മഴ പൊഴിയുന്നുണ്ടായിരുന്നു. രാവിലത്തെ കുളിരില്‍ ഹോട്ടലുകള്‍ തുറന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
വേഗം ഭക്ഷണം കഴിക്കണമെന്നും മഴ ഉറച്ചാല്‍ ചുരം കയറുന്നത് പ്രയാസമാകുമെന്നും െ്രെഡവര്‍ ഓര്‍മ്മിപ്പിച്ചു. അത് കേട്ടപാടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏകദേശം മുഴുവനായിത്തന്നെ പുതിയ തലമുറക്കാരായ വാസ്തുശില്‍പികള്‍ പാഴാക്കിക്കളഞ്ഞു. ഇന്ത്യയിലെ മറ്റ് നാടുകളേക്കാള്‍ കേരളത്തില്‍ പട്ടിണി കുറഞ്ഞിട്ടുണ്ടാവാം. എങ്കിലും നന്നായി വിശക്കുന്ന, ഹോട്ടല്‍ പലഹാരങ്ങളെ ആര്‍ത്തിയോടെ നോക്കുന്ന കുട്ടികള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്.

കുറ്റിയാടിയിലെത്തി ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ സുഖകരമായ തണുപ്പും കുളിരും കാറിനുള്ളിലേക്ക് ഒഴുകിയിറങ്ങി. വയനാടന്‍ മലനിരകള്‍ പച്ചച്ചും നീലിച്ചും അപൂര്‍വ സുന്ദരങ്ങളായി കാണപ്പെട്ടു. ഒരു ഹെയര്‍പിന്‍ വളവ് തിരിയുമ്പോഴായിരിക്കും നീര്‍ച്ചോലകളെ രഹസ്യങ്ങളില്‍ ഒതുക്കിപ്പിടിച്ചുകൊണ്ട് നീലിമയോലുന്ന പച്ചവര്‍ണത്തില്‍ ഒരു മല പൊടുന്നനെ പ്രത്യക്ഷപ്പെടുക. മഴയെ ഗര്‍ഭം ധരിച്ച മേഘങ്ങള്‍ ആ മലകളെ വാല്‍സല്യത്തോടെ മുത്തമിടുന്നതു കാണാമായിരുന്നു. വിദൂരതകളില്‍ ഉതിരുന്ന നനുത്ത മഞ്ഞുകണങ്ങളുടെ വെണ്‍പുക അത്യുന്നതങ്ങളിലെ മയില്‍വര്‍ണമുള്ള മലകളെ അരുമയോടെ ചുറ്റിപ്പടര്‍ന്നു.

കുഞ്ഞോം ഫോറസ്റ്റ് സ്‌റ്റേഷനിലായിരുന്നു ആദ്യം എത്തിയത്. പുതിയ സ്‌റ്റേഷനും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും പണിയുന്നതായിരുന്നു പ്രോജക്ട്. സാങ്കേതിക വിദഗ്ധരുടെ ആദ്യ സന്ദര്‍ശനം.

അട്ടകള്‍ പതുങ്ങുന്ന കാട്ടുവഴികളില്‍ നേരത്തെ പെയ്ത മഴവെള്ളത്തില്‍ കുതിര്‍ന്ന് ചെളിയിലഴുകിപ്പിടിച്ച ഇലകള്‍ ചിതറിക്കിടന്നിരുന്നു. വഴിയിലെ കാട്ടുകല്ലുകള്‍ നേരിയ പച്ചരാശിയും പൂശി കുറച്ചു വഴുക്കലുകള്‍ നല്‍കി. കാട്ടുപോത്തുകള്‍ അതിക്രമിച്ചു കയറാതിരിക്കാന്‍ വൈദ്യുതി കടത്തിവിട്ട കമ്പികള്‍കൊണ്ട് വേലി കെട്ടിത്തിരിച്ചതിനപ്പുറത്ത് കടും പച്ചക്കാട്. അതിന്റെ പച്ചമണം. മഴവെള്ളം കുത്തിയൊലിക്കുന്ന കാട്ടുവഴികള്‍…

ടേപ്പ് പിടിച്ചു സാങ്കേതിക വിദഗ്ധര്‍ അളവെടുത്തു തുടങ്ങുമ്പോഴേ വനംവകുപ്പുദ്യോഗസ്ഥര്‍ അഗ്രം വളഞ്ഞ കത്തികൊണ്ട് മരങ്ങളുടെ ചില്ലകളും ചെറുചെടികളുമെല്ലാം വെട്ടിക്കളയാന്‍ ആരംഭിച്ചിരുന്നു. കാതലില്ലാത്ത മരങ്ങളൊന്നും അവരുടെ കണ്ണില്‍ മരങ്ങളേയല്ല, വളര്‍ച്ചയെത്താത്ത ചെടികള്‍ ചെടികളുമല്ല. വനത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ ഒരുപക്ഷെ,അങ്ങനെയാവുമായിരിക്കാം. പഞ്ചസാരമലയില്‍ ഇരിക്കുമ്പോള്‍ പഞ്ചസാരയുടെ വില നമ്മെ അലട്ടാത്തതുപോലെ. എങ്കിലും ആ പരിഗണനയില്ലായ്മ എന്നെ അലട്ടാതിരുന്നില്ല. അത്ര വേഗത്തിലാണവര്‍ പച്ചത്തലപ്പുകളെ വെട്ടിനിരത്തിയിരുന്നത്.


ചായയും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മീറ്റിംഗുകളില്‍ ലഭ്യമാവുന്ന ഗുഡ് ഡേ ബിസ്‌ക്കറ്റും ജോലിക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. അപ്പോഴേക്കും ഞങ്ങളെ ഉറ്റുനോക്കാനും വിലയിരുത്താനും രണ്ടു മൂന്നു കുരങ്ങന്മാര്‍ മരക്കൊമ്പുകളില്‍ സ്ഥാനംപിടിച്ചു. ചായയും ബിസ്‌ക്കറ്റുമൊന്നും അവരുടെ ശ്രദ്ധ ഒട്ടും തെറ്റിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ പറഞ്ഞു കേട്ടറിഞ്ഞതു പോലെ മനോഹരമായ സ്വര്‍ണവാലുമിളക്കി ഒരു മലയണ്ണാനും ഹാജരായി.

ആനകളും കടുവയും ഇറങ്ങുന്ന കാടാണതെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ വിശദീകരിച്ചു. കടുവ വളരെ വളരെ ദുര്‍ലഭമെങ്കിലും തീര്‍ത്തും ഇല്ലെന്ന് പറഞ്ഞുകൂടാ. ആനക്കൂട്ടങ്ങള്‍ വരാറുണ്ടെങ്കിലും ഒറ്റയാനകളാണ് അധികമെന്നും അവര്‍ പറയാതിരുന്നില്ല.

 കാട്ടിലെ മഴ കനത്തു പെയ്തപ്പോള്‍ ഞങ്ങള്‍ വനിതാ ഗാര്‍ഡുമാരുടെ ജോലിസ്ഥലത്ത് പോയി അവരുമായി കുറച്ചുനേരം സംസാരിച്ചിരുന്നു. പകലൊക്കെ അവര്‍ക്കും ഫീല്‍ഡ് ഡ്യൂട്ടി ഉണ്ടെന്നും പതിവു വഴിത്താരകളിലൂടെ ഉള്ള സഞ്ചാരത്തില്‍ കാട്ടിനുള്ളില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചാല്‍ അവര്‍ക്ക് പെട്ടെന്ന് അറിയാന്‍ കഴിയുമെന്നും കാട്ടിനുള്ളില്‍ കഴിയുന്നവരില്‍ വളരെ വിശ്വസ്തരായ ഇന്‍ഫോര്‍മാര്‍ ഉണ്ടെന്നും അവര്‍ എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും വനിതാ ഗാര്‍ഡുമാര്‍ പറഞ്ഞു.

 പുരുഷന്മാരായ വനംവകുപ്പുദ്യോഗസ്ഥര്‍ കുടുംബങ്ങളില്‍ നിന്നകന്ന് അധികവും സ്‌റ്റേഷനില്‍ തന്നെയാണ് താമസിക്കുന്നത്. ഒട്ടും സൌകര്യമില്ലാത്ത ഡോര്‍മിറ്ററികളിലും ജീര്‍ണാവസ്ഥയിലായ ക്വാര്‍ട്ടേഴ്‌സിലുമാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. പാമ്പും തേളും പഴുതാരയും ഒക്കെയാണ് അവരുടെ നിത്യസന്ദര്‍ശകര്‍.

ഉച്ചഭക്ഷണത്തിനു സ്ത്രീകള്‍ നടത്തുന്ന ഒരു ഹോട്ടലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെയ്ക്കലും വിളമ്പലും സ്ത്രീകളുടെ പണിയായതുകൊണ്ട് ആഹാരത്തിന് ഒരു വീട്ടുസ്വാദുണ്ടെന്ന് എല്ലാവരും ശരിവെച്ചു. ഊണു കഴിക്കുമ്പോഴും ആഹാരം പാഴാക്കുന്നതില്‍ പുതുതലമുറ വാസ്തുശില്‍പികള്‍ പരസ്പരം മല്‍സരിച്ചു. ഊര്‍ജ്ജോപഭോഗം, സമ്പത്തിനെ ശരിയായി വിനിയോഗിക്കല്‍, മനുഷ്യാധ്വാനം.. ലാറിബേക്കറെക്കുറിച്ച് ഇനിയും ഒത്തിരി അറിയാനുണ്ട് അവര്‍ക്കെന്ന് എനിക്ക് ബോധ്യമായി. അവരെ ആരാണ് അതൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ പോകുന്നതെന്ന ഉല്‍ക്കണ്ഠയും എന്നെ അലട്ടി.


കുഞ്ഞോമില്‍ നിന്ന് പോയത് ബാണാസുരമുടിയുടെ താഴ്വാരത്തിലുള്ള മക്കിയാട് സ്‌റ്റേഷനിലേക്കായിരുന്നു. സ്‌റ്റേഷന്റെ അപ്പുറമാണ് കബനീ നദിയിലെ ബാണാസുര സാഗര്‍ അണക്കെട്ട്. മൂന്നു നിലകളിലായി മുന്നൂറുമീറ്റര്‍ ഉയരത്തില്‍ നിന്നുപതിയ്ക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടവും അടുത്തു തന്നെ. ഇതു രണ്ടും കാണാന്‍ കഴിഞ്ഞില്ല. മഴ വാശിയോടെ പെയ്തു നിറയുകയായിരുന്നു. മഴക്കാലത്ത് മീന്‍മുട്ടി വെള്ളച്ചാട്ടം പല യാത്രികരുടേയും ജീവനെടുക്കാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ താക്കീതു തന്നു.

പച്ച നിറത്തിന്റെ ധാരാളിത്തമായിരുന്നു എവിടേയും. വെണ്‍തേക്ക് എന്ന മരം വെട്ടിമാറ്റി സ്‌റ്റേഷനും ക്വാര്‍ട്ടേഴ്‌സുകളും പണിയുക എന്നതിനോട് യോജിപ്പില്ലാത്ത സാങ്കേതിക വിദ്ഗ്ദ്ധര്‍ കുറച്ചുകൂടി ഉള്ളിലേക്ക് ഉള്ളിലേക്ക് എന്ന് അളവെടുത്ത് പോകുമ്പോള്‍ കാട് അതിന്റെ കടും പച്ചക്കുടയോടെ ഞങ്ങളെ ആവാഹിച്ചുകൊണ്ടിരുന്നു. നല്ല മഴയില്‍ കാട്ടിനുള്ളില്‍ നില്‍ക്കുന്നത് അപൂര്‍വമായ ഒരു ആഹ്ലാദമായി തോന്നി.

മക്കിയാട് സ്‌റ്റേഷനില്‍ വനിതാ ഉദ്യോഗസ്ഥരില്ല. ഇവിടേയും സൌകര്യങ്ങള്‍ വളരെ വളരെ കുറവാണ്. സ്‌റ്റേഷന്‍ കെട്ടിടത്തിനപ്പുറത്ത് ഒരു ക്വാര്‍ട്ടേഴ്‌സ് ഉണ്ടെങ്കിലും അതിലും കാര്യമായി സൌകര്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.

ജോലിയുടേയും ജീവിതത്തിന്റേയും ഏകാന്തയും മടുപ്പും കൊണ്ടാവണം കുറെ കാന്താരിമുളകും വഴുതനയും വെണ്ടയുമൊക്കെയടങ്ങുന്ന പച്ചക്കറികള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ സ്‌റ്റേഷന്റെ മുറ്റത്തും കാട്ടുവഴികളിലും നട്ടുവളര്‍ത്തുകയും സാമാന്യം നന്നായി അവയെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്.

 മഴവെള്ളത്തില്‍ കുതിര്‍ന്ന് വഴുക്കലുള്ള കാട്ടുവഴികളില്‍ നടക്കുമ്പോള്‍ പരിചയക്കുറവ് നിമിത്തം ഞാന്‍ കാലിടറി കൈകുത്തി ഭംഗിയായി വീണു. എങ്കിലും ഒന്നുരഞ്ഞതല്ലാതെ കൂടുതല്‍ അപകടമൊന്നും ഉണ്ടായില്.

എസ്‌റ്റേറ്റുടമസ്ഥനായിരുന്ന വെള്ളക്കാരന്‍ കല്യാണം കഴിച്ച ആദിവാസി സ്ത്രീയെക്കുറിച്ചും അവരുടെ നീലക്കണ്ണുള്ള മക്കളെക്കുറിച്ചും കേട്ടു. സായിപ്പ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയപ്പോള്‍ ഇവിടത്തെ എസ്‌റ്റേറ്റും മറ്റും ആദിവാസി സ്ത്രീയുടെ പേരില്‍ എഴുതി നല്‍കിയിട്ടാണു പോയതത്രേ. പൊതുവെ വഞ്ചിതരാവാന്‍ മാത്രം വിധിക്കപ്പെട്ട ആദിവാസികളുടെ കഥകേട്ട് പരിചയിച്ച എനിക്ക് ഈ കഥ അല്‍പം അവിശ്വസനീയമായി തോന്നി. ബാണാസുരന്‍മുടി മഴ പെയ്യുമ്പോള്‍ മഴത്തൂവലുകളിലൊളിച്ചും മഴമാറുമ്പോള്‍ പച്ചപ്പുല്ലുകള്‍ തെളിയിച്ച് കണ്ണിറുക്കി കാട്ടിയും എന്നോടു പറഞ്ഞു; 'ഇനിയെത്ര കഥകളുണ്ട്… ഒരിക്കലൊന്നു വന്നതല്ലേയുള്ളൂ… ഇനിയും വരൂ…'

(ചിത്രങ്ങള്‍ ഗൂഗിള്‍)


അടരാതെ കൊഴിയുന്നവര്‍


എനിക്ക് അതൊരു വലിയ വാര്‍ത്തയായിരുന്നു. അല്‍പം പോലും വിശ്വസിക്കാന്‍ കഴിഞ്ഞതുമില്ല. അത്ര ഇഴപിരിയാത്ത പ്രണയമായിരുന്നു അവര്‍ തമ്മില്‍. മനോജും ജാനിയും തമ്മില്‍.. ആരേയും കുറ്റപ്പെടുത്താന്‍ എനിക്ക് തോന്നുന്നുമില്ല.

ഡോ മനോജ് വക്കീലായ ജാനിയെ എന്തുമാത്രം തീക്ഷ്ണമായി പ്രേമിച്ചിരുന്നുവെന്ന് എനിക്ക് അറിയാം. മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങി മനോജ് പറക്കുമായിരുന്നു ലോകോളേജിന്‍റെ വാതുക്കലേക്ക് ... അവരുടെ സ്നേഹം കണ്ട് അതിശയിക്കാത്ത ആരുമുണ്ടായിരുന്നില്ല രണ്ട് കോളേജുകളിലും.

ഞാന്‍ പഠിത്തം ഉഴപ്പി. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നത് നിസ്സാരകാര്യമല്ല. നല്ലോണം പഠിക്കണം. അതു ഞാന്‍ ചെയ്തില്ല. വീട്ടിലെ വഴക്കുകളും പ്രശ്നങ്ങളും ഓര്‍ത്ത് സങ്കടപ്പെട്ട് എന്നോട് സ്നേഹമാണെന്ന് പറഞ്ഞ ഒരു ഓട്ടോ ഡ്രൈവര്‍ക്കൊപ്പം നാടു വിട്ടു. എന്‍റെ സഹോദരങ്ങളെ വേദനിപ്പിച്ചു.. എകാകിനികളാക്കി. അവരുടെ വിലയും നിലയും ഒന്നും അറിയാത്ത രണ്ട് തരം താണ മനുഷ്യരുടേ ഭാര്യമാരാവാന്‍ വിധിയ്ക്കപ്പെട്ട അവര്‍ ജീവിതകാലമത്രയും എന്നെ പ്രാകിക്കൊണ്ടിരുന്നു.

വാശിക്കാരനും വഴക്കുകാരനും കള്ളുകുടിയനും ഭാര്യയെ തല്ലുന്നവനും ഒക്കെ ആയിരുന്നെങ്കിലും എന്‍റെ ഇറങ്ങിപ്പോക്ക് അപ്പനെ ശരിക്കും തളര്‍ ത്തീ രുന്നു. അപ്പനുമമ്മയും വീടും കടയും വിറ്റ് മറ്റൊരു നാട്ടിലേക്ക് തന്നെ ചേക്കേറിയത് അതുകൊണ്ടാണ്.

ഞാനിതൊന്നും അറിഞ്ഞില്ല. എല്ലാം അറിഞ്ഞപ്പോഴേക്കും വല്ലാതെ വൈകിപ്പോയി. തിരിച്ചു പിടിക്കാന്‍ പറ്റാത്തവിധം ജീവിതം കുത്തിയൊലിച്ചു പോയി.

അനീഷിനു ആദ്യമൊക്കെ എന്നെ വലിയ കാര്യമായിരുന്നു. മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന പെണ്ണ് എന്ന് ഗമയുണ്ടായിരുന്നു. പിന്നെപ്പിന്നെ മെഡിക്കല്‍ കോളേജില്‍ പഠിക്കുക ഒട്ടും വലിയ കാര്യമല്ല എന്നയാള്‍ക്ക് തോന്നിത്തുടങ്ങി.

അപ്പോള്‍ ഞാന്‍ ഓടിപ്പോന്ന ഒരു പെണ്ണ് മാത്രമായി അധ:പതിച്ചു.

അങ്ങനത്തെ പെണ്ണുങ്ങള്‍ക്ക് ഒരു അവകാശവുമില്ല നമ്മുടെ നല്ലവരുടേതായ സമൂഹത്തില്‍. വേലി ചാടുന്ന പയ്യിനു കോലുകൊണ്ട് മരണം. അത് അന്വര്‍ഥമായി...

അയാള്‍ എന്നെ വിറ്റ് ഒഴിവാക്കി.

പിന്നെ കോലുകൊണ്ട് മരിക്കലായി എന്നും.

അങ്ങനെ കഴിഞ്ഞാഴ്ച ഒരു രാത്രി കുപ്പികൊണ്ടാണ് മരിക്കേണ്ടി വന്നത്, എല്ലാം കഴിഞ്ഞ് എണീറ്റ് പോവാന്‍ നേരം ആ നായിന്‍റെ മോന്‍ കാശിനു പകരം കുപ്പിയാണ് തിരുകി വെച്ചത്, അത് ഊരിയെടുത്തെങ്കിലും ചോര നിലച്ചില്ല. അപ്പോഴേക്കും ബോധവും പോയി.

പോലീസുകാര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ കൊണ്ടുവന്നാക്കി. അനാഥരെയും അവിശുദ്ധരേയും ഗതികെട്ടവരേയും ഒക്കെ ചികില്‍സിക്കേണ്ട ജോലി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കുണ്ടല്ലോ. കാറില്ല, കാണാന്‍ ഭംഗിയില്ല എന്നൊന്നും പറഞ്ഞ് അവര്‍ക്ക് രോഗികളെ ഒഴിവാക്കാന്‍ പാടില്ലല്ലോ.

അങ്ങനെയാണ് ആഴം കൂടിയ മുറിവുമായി ഞാന്‍ ആശുപത്രിയില്‍ എത്തിയത്. അതും പോലീസ് കേസുമായി..

ബോധം വന്നപ്പോള്‍ ഞാന്‍ കണ്ടത് മനോജിന്‍റെ മുഖമായിരുന്നു. ആ കിടപ്പിലും ഞാന്‍ ചൂളി...എനിക്ക് ലജ്ജയും അപമാനവും കൊണ്ട് മരിക്കണമെന്ന് തോന്നി.

ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണ്.... ഇപ്പോള്‍ മനോജ് ഡോക്ടറുടെ വേഷത്തില്‍ ഞാന്‍ ... ഏതു വേഷത്തിലാണ്?

ഓപ്പറേഷന്‍ കഴിഞ്ഞ് എന്നെ നല്ല സൌകര്യമുള്ള മുറിയിലേക്കാണ് മാറ്റിയത്. മനോജിന്‍റെ കരുണയാണതെന്ന് എനിക്ക് മനസ്സിലായി, പോലീസ് മൊഴിയെടുക്കാന്‍ വന്നപ്പോഴും മനോജ് ഒരു രക്ഷാകര്‍ത്താവിന്‍റെ റോള്‍ വഹിക്കുക തന്നെ ചെയ്തു. അവര്‍ എന്നോട് സംസാരിക്കുന്ന ഭാഷയും മനോജിനോട് സംസാരിക്കുന്ന ഭാഷയും വിഭിന്നമാണെന്ന് ഞാന്‍ കേട്ട് മനസ്സിലാക്കി. അതങ്ങനെയാവാനല്ലേ തരമുള്ളൂ. ഞങ്ങളുടെ നിലവാരങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടല്ലോ.

എനിക്ക് ദൈവത്തിനോടായിരുന്നു അപ്പോള്‍ കോപം തോന്നിയത്. എന്നെ ഈ അവസ്ഥയില്‍ പഴയ സഹപാഠിയുടെ കാരുണ്യത്തില്‍ കൊണ്ടുവന്നാക്കേണ്ട കാര്യമില്ലായിരുന്നു. ഞാന്‍ വഴി മാറി, ഭൂമി മാറി സഞ്ചരിച്ചു കഴിഞ്ഞു...എത്രയോ കാതം. പിന്നിപ്പോള്‍ ഇങ്ങനെ ഒരു കണ്ടുമുട്ടലിന്‍റെ ആവശ്യമെന്ത് ?

എനിക്ക് ഭേദമായിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ജാനിയെ അന്വേഷിച്ചത്, മനോജിന്‍റെ മുഖത്ത് എത്ര നിയന്ത്രിച്ചിട്ടും ഭാവവ്യത്യാസമുണ്ടായി.എനിക്കത് മനസ്സിലാവുകയും ചെയ്തു. അനേകം പുരുഷന്മാര്‍ക്കൊപ്പം കിടപ്പറയില്‍ സമയം ചെലവാക്കിയാല്‍ അവരുടെ പുരികം അനങ്ങുന്നതു കൂടി എന്തിനാണെന്ന് നമുക്ക് മനസ്സിലാകും.

'അത്... ഷീന.. ഷീന' എന്ന് മനോജ് വിക്കി... എന്നിട്ട് ഒറ്റശ്വാസത്തില്‍ മുഴുമിച്ചു. 'ഞങ്ങള്‍ പിരിഞ്ഞു. '

ഇപ്പോള്‍ ഞെട്ടിയത് ഞാനാണ്.

അന്ന് പിന്നെ ഞാന്‍ ഒന്നും സംസാരിച്ചില്ല. ആരോടും... തൂപ്പുകാരിയോടും അറ്റന്‍ഡറോടും ഒന്നും...അവര്‍ക്കൊക്കെ വിഷമമുണ്ടായിരുന്നു. സാറിനു ഈ സ്ത്രീയെ എങ്ങനെ പരിചയം എന്നോര്‍ത്ത്...അവര്‍ കഥകള്‍ ഉണ്ടാക്കാതിരിക്കട്ടെ എന്ന് കരുതി ഞാന്‍ അവരൊടൊക്കെ അല്‍പാല്‍പം സംസാരിച്ചു പോന്നു. ലേഡീ ഡോക്ട്രര്‍മാര്‍ക്കായിരുന്നു അക്കാര്യമോര്‍ത്ത് ഏറ്റവും ബുദ്ധിമുട്ട്. അവരോട് ഞാന്‍ ഒന്നും സംസാരിച്ചതേയില്ല. അവര്‍ വരുമ്പോഴൊക്കെ ഞാന്‍ കണ്ണുമടച്ച് ശവം പോലെ കിടന്നു കൊടുത്തു. അവരില്‍ ചിലരൊക്കെ പഴയ സഹപാഠിനികളായിരുന്നു. എങ്കിലും ഞങ്ങള്‍ പരസ്പരം അപരിചിതരായി അഭിനയിച്ചു ഫലിപ്പിച്ചു.

എത്ര ആലോചിച്ചിട്ടും മനോജും ജാനിയും വേര്‍പിരിയുന്നെതെങ്ങനെയെന്ന് എനിക്ക് മനസ്സിലായില്ല. ലോകത്തിന്‍റെ തകരാറാവണം. അല്ലാതെ അവരുടെ കുറ്റമാവാന്‍ വഴിയില്ല.

എന്തൊരു സ്നേഹമായിരുന്നു അവര്‍ തമ്മില്‍...

ആണുങ്ങളുടെ പൊതുവായ സ്വാര്‍ഥതയും കള്ളത്തരങ്ങളും കൈയിലുള്ള ഒരാളായി മനോജിനെ സങ്കല്‍പ്പിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. സഹപാഠിയായതിന്‍റെ ഗുണം അല്ലെങ്കില്‍ ദോഷം.
ഒപ്പം നിന്ന് സംസാരിക്കാന്‍ പറ്റാത്ത അത്രയും അധ:പതനം എനിക്കുണ്ടായല്ലോ എന്നോര്‍ത്ത് ഞാന്‍ ഉള്ളില്‍ കേണു.

മുറിവ് പൊറുത്തുവെങ്കിലും അതുണ്ടാക്കിയ ആഘാതം ഭയങ്കരമായിരുന്നു, ഇനി ഒരു വേശ്യയുടെ ജോലിക്ക് പോകരുതെന്ന് ഞാന്‍ ഉറപ്പിച്ചു. ഈ നാട് വിട്ട് പോകണം. എവിടെങ്കിലും കുട്ടികളെ നോക്കുന്ന ആയയോ മറ്റോ ആയി ജോലി ചെയ്യണം. ആരും അറിയാത്ത നാട്ടില്‍.. വണ്ടിക്കൂലിക്ക് തന്നെ ഇരക്കേണ്ടി വരും. എന്നാലും... ഇത്രേം ക്രൂരത ഇനി താങ്ങാന്‍ വയ്യ. ഇപ്പോള്‍ മനോജിന്‍റെ ദയ ഇവിടെ ലഭ്യമായി എന്നുവെച്ച് എല്ലായിടത്തും അത് കിട്ടുകയില്ലല്ലോ .

പേവാര്‍ഡിലെ താമസവും വിശ്രമവും കൃത്യസമയത്തുള്ള ആഹാരവും പരിചരണവുമെല്ലാം എന്നെ അതിവേഗം രോഗവിമുക്തയാക്കി. അനേകകാലങ്ങളായി ഇത്തരം പരിചരണങ്ങള്‍ ഒന്നും എനിക്ക് കിട്ടിയിരുന്നില്ല. അതാവാം ശരീരം അതിവേഗം അങ്ങനെ പ്രതികരിച്ചത്.

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ദിവസം മനോജ് എന്നെ യാതൊരു മടിയുമില്ലാതെ സ്വന്തം ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ടുപോയി. ഒത്തിരി മടിച്ചാണ് പൂമരങ്ങള്‍ കാവല്‍ നിന്നിരുന്ന ആ നല്ല വീട്ടിലേക്ക് ഞാന്‍ കാലെടുത്ത് കുത്തിയത്. ജാനിയില്ലാത്ത ആ വീട്ടില്‍ എന്‍റെ സാന്നിധ്യമെന്തിനെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

എന്‍റെ മടിയും അകല്‍ച്ചയും മനോജിനെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.

ഞാന്‍ മുഖത്തടിച്ചതു പോലെ പറഞ്ഞു. 'ഒരു വേശ്യയ്ക്ക് ഇമ്മാതിരി ജീവിതമൊന്നും രുചിക്കുകയില്ല. ഞാന്‍ സ്വതന്ത്രയായ പക്ഷിയാണ്. ഒരു വീട്ടുവേലക്കാരിയായി ഞാന്‍ ഒതുങ്ങുകയില്ല. '

മനോജ് ഞെട്ടി

'ഷീന യൂ ആര്‍ മൈ ക്ലാസ്മേറ്റ് .....മറ്റൊന്നും എനിക്ക് കേള്‍ക്കണ്ട. മറ്റൊരു വാക്കും ദയവ് ചെയ്ത് പറയുകയും വേണ്ട. '
ഞാന്‍ വീണ്ടൂം ചൂളി. അത്തരം വാക്കുകള്‍ ഞാന്‍ എന്നെ പരിചയപ്പെടുത്താന്‍ ഇവിടെയെങ്കിലും ഉപയോഗിച്ചു കൂടാ.
പതുക്കെപ്പതുക്കെ ഞാന്‍ പൊരുത്തപ്പെടാന്‍ ശീലിച്ചു. എനിക്ക് ആയ ജോലിയോ ഹോം നഴ്സ് ജോലിയോ അറ്റന്‍ ഡര്‍ ജോലിയോ ശരിയാകും വരെ ഞാന്‍ അവിടെ താമസിച്ചാല്‍ മതിയെന്ന് മനോജ് ശാഠ്യം പിടിച്ചു.
ഞാന്‍ വഴങ്ങി... എനിക്ക് പോകാന്‍ ഇടവുമില്ലായിരുന്നല്ലോ.
ജാനിയുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ഒന്നും ആ വീട്ടിലില്ലെന്ന് എനിക്ക് വേഗം മനസ്സിലായി. മനോജിന്‍റെയും മകന്‍റെയും വലിയൊരു ചിത്രമുണ്ട്. ഒരെണ്ണമേയുള്ളൂ. മറ്റൊന്നുമില്ല.
മകന്‍ ജാനിക്കൊപ്പമാണ്. എന്നും വിളിക്കും മനോജിനെ. അല്ലെങ്കില്‍ മനോജ് വിളിക്കും. ഒരുപാട് സമയം സംസാരിക്കും. അമ്മ എന്തെടുക്കുന്നുവെന്ന് എന്നും ചോദിക്കാതിരിക്കില്ല മനോജ്.

എനിക്ക് അതിശയം തോന്നി. ഒരു ദിവസം ഞാന്‍ ചോദിക്കുക തന്നെ ചെയ്തു. വീട്ടില്‍ ജാനിയെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും ഇല്ലെങ്കിലും എന്നും അവളെ അന്വേഷിക്കുന്ന വിചിത്രമായ വിവാഹമോചനത്തെപ്പറ്റി..
അല്‍പം പരുങ്ങലോടേ മനോജിന്‍റെ മറുപടി കിട്ടി...
'മറക്കാന്‍ എളുപ്പമല്ല ഷീന.. ഒരു കൊല്ലം ക്ലിനിക്കല്‍ ഡിപ്രഷനു മരുന്നു കഴിച്ചു . എന്നിട്ടാണ് ഞാന്‍ നോര്‍മലായത്. അതുകൊണ്ട് എല്ലാം ഒഴിവാക്കി.....ഒട്ടുപൊട്ടും കുപ്പിവളയുമടക്കം എല്ലാം.. എനിക്ക് പിടിച്ചു നില്‍ക്കാന്‍...'
ഇപ്പോള്‍ എനിക്ക് പാവം തോന്നി.
എന്നാലും... എന്നാലും... എന്തിനായിരിക്കും? എന്തായിരിക്കും ?
മനോജ് ഒന്നും വിട്ടു പറയില്ലെന്ന് അധികം വൈകാതെ എനിക്ക് മനസ്സിലായി. അത് ഒരു ചര്‍ച്ചയാക്കേണ്ട വിഷയമല്ല. സ്വകാര്യമായ ഒരു മുറിവാണ്... അതും ആഴത്തിലേറ്റ മുറിവ്.

പിന്നെ ഞാന്‍ അത് കാര്യമാക്കാതെയായി...

അങ്ങനെ ഒരു ദിവസമാണ് രാത്രിയില്‍ ജാനി വിളിച്ചത്. ഞാന്‍ തന്നെയാണ് ഫോണെടുത്തതും. 'ഷീന, പ്ലീസ് മനോജെവിടേ?' എന്നായിരുന്നു പരിഭ്രമത്തിലുള്ള ജാനിയുടെ ചോദ്യം.

ഞാന്‍ ഞെട്ടിപ്പോയി.

ഞാനിവിടെ ഉണ്ടെന്നു വരെ ജാനിക്കറിയാം.

മനോജ് കുളിക്കുകയാണെന്നും ഉടന്‍ തിരിച്ചു വിളിക്കാന്‍ പറയാമെന്നും ഞാന്‍ വിക്കലോടേ ജാനിയെ അറിയിച്ചു.
മനോജ് തിരിച്ചു വിളിക്കും മുമ്പേ ജാനി വീണ്ടൂം വിളിച്ചു. തല തോര്‍ത്തിക്കൊണ്ടാണ് മനോജ് ഫോണില്‍ സംസാരിച്ചത്..
ഞാന്‍ അമ്പരന്നു പോയി.
നീ പേടിക്കാതെ... ഒരു പനിയല്ലേ? ഞാനീ ഫോണീനറ്റത്തില്ലേ? അവന് ഞാന്‍ പറഞ്ഞ മരുന്നൊക്കെ കൊടുക്ക്. എടീ ഞാനില്ലേ.. ചുമ്മാ വിഷമിക്കല്ലേ.. എന്തുണ്ടേലും എപ്പോ വേണേലും വിളിച്ചോ. അവനൊന്നും വരില്ല"
അഗാധമായ സ്നേഹം കൊണ്ട് മനുഷ്യര്‍ വേര്‍ പിരിയുകയും ചെയ്യുമെന്ന് എനിക്കാ നിമിഷം വെളിവായി. പൊരുത്തപ്പെടാത്ത ശീലങ്ങള്‍ പരസ്പരം വേദനിപ്പിക്കുന്ന നിമിഷത്തില്‍ അഗാധമായ സ്നേഹമുള്ളവര്‍ പിരിയുന്നു. എല്ലാം വിരോധം കൊണ്ടു മാത്രമുള്ള വിവാഹമോചനങ്ങളല്ല. അത് സാധാരണ മനുഷ്യര്‍ തെറ്റിദ്ധരിച്ചു പോവുന്ന കാര്യം മാത്രമാണ്.

പിന്നീടൊരിക്കലും മനോജിനോട് ഞാന്‍ ഒന്നും ചോദിച്ചില്ല.


Wednesday, May 16, 2018

ധനമെന്ന ആയുധം
അച്ഛന്‍റെ മകളായി ജീവിക്കുന്ന കാലത്താണ് ആ അനുഭവമുണ്ടായത്. അമ്മയുടെ അകന്ന ബന്ധത്തില്‍ പെട്ട ഒരു സഹോദരന്‍ നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലില്‍ ഭക്ഷണം കഴിച്ചിട്ട്, കൊടുക്കാന്‍ പണമില്ലാതെ അപമാനിതനാവുന്ന കാഴ്ച ...

അച്ഛനൊപ്പം മസാലദോശ തിന്നാന്‍ പോയതായിരുന്നു. എന്ത് സവിശേഷ സന്ദര്‍ഭമായിരുന്നു അതെന്ന് ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ല. എന്തായാലും പതിനഞ്ചു തികയും മുമ്പാണ്. പതിനഞ്ചു വയസ്സിനുശേഷം അങ്ങനെ ഒരു കാര്യമുണ്ടായിട്ടില്ല.

അച്ഛന്‍ അവസാനമായി ഒരു ഉമ്മ തന്നതും ആ വയസ്സിനു മുന്‍പാണ്.

എല്ലാവരും ഉച്ചത്തില്‍ തട്ടിക്കയറുന്നതു കണ്ടാണ് മസാലദോശയില്‍ നിന്ന് ഞാന്‍ മുഖമുയര്‍ത്തിയത്. അച്ഛന്‍ നേരത്തെ അത് ശ്രദ്ധിച്ചിരുന്നിരിക്കണം. അച്ഛന്‍റെ മുഖം ചിന്താകുലമായിരുന്നു.

പണമില്ലെന്നറിഞ്ഞിട്ടും എന്തിനു ഭക്ഷണം കഴിച്ചു എന്നതായിരുന്നു അവിടത്തെ പ്രശ്നം. ആ മനുഷ്യന്‍ അതീവദയനീയമായ മുഖത്തോടെ നില്‍ക്കുകയല്ലാതെ ഒരക്ഷരം മറുപടി പറയുന്നുണ്ടായിരുന്നില്ല. വിശപ്പ് അയാളുടെ മാനാഭിമാനങ്ങളെ ചോര്‍ത്തിക്കളഞ്ഞിരിക്കാം. അതുകൊണ്ടു തന്നെ എന്തു പറയുമെന്ന് വിഷമിക്കുകയാവണം. വാക്കുകള്‍ കിട്ടാതെ വേദനിക്കുകയാവണം.

അച്ഛന്‍ അയാളുടെ പണം കൊടുക്കുന്നതും അയാളെ സമാധാനിപ്പിക്കുന്നതും ഞാന്‍ കണ്ടു. വണ്ടിക്കൂലിക്കുള്ള പണവും അച്ഛന്‍ കൊടുത്തുവെന്ന് എനിക്ക് മനസ്സിലായി.

അയാള്‍ അടുത്ത് വന്ന് എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, താന്‍ ഇന്ന ആളാണെന്ന് പറഞ്ഞു. ബന്ധം വിശദീകരിച്ചു. അമ്മയെ അന്വേഷിച്ചു.എനിക്ക് ഒന്നും തോന്നിയില്ല. കാരണം മാതാപിതാക്കളുടെ മിശ്രവിവാഹം നിമിത്തം ബന്ധുക്കളുമായി ഒരടുപ്പവും ഇല്ലാതെ തികച്ചും ഒറ്റപ്പെട്ടാണല്ലോ ഞങ്ങള്‍ വളര്‍ന്നത്. ഞാന്‍ ഒരു മര്യാദച്ചിരി ചിരിക്കുകയും ചുമ്മാ തലയാട്ടുകയും ചെയ്തു.

നനഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ നടന്നകന്നു.

പട്ടിണി മനുഷ്യരെ അപമാനിക്കുമെന്ന് ഞാന്‍ കണ്ടു. കച്ചവടം മനുഷ്യരെ വേദനിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ഒരു നേരത്തെ ഭക്ഷണം അത്ര വലിയ ഹോട്ടലിലും പ്രധാന കാര്യമാണെന്ന് ഞാന്‍ പഠിച്ചു. വിളിക്കുമ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെ അമ്മ തരുന്ന ഭക്ഷണം വീടീനു പുറത്തിറങ്ങുമ്പോള്‍ പണം കൊടുത്താല്‍ മാത്രം കിട്ടുന്ന ഒരു ഉല്‍പന്നമാണെന്നും പണമില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നത് ഒരു വലിയ കുറ്റമാവുമെന്നും ഞാന്‍ അറിഞ്ഞു.

അച്ഛനെപ്പറ്റി വളരെ ഉയര്‍ന്ന അഭിപ്രായം തോന്നിയ ഒരു നിമിഷമായിരുന്നു എനിക്കത്. സംഗീതവും രാഷ്ട്രീയവും സിനിമയും പുസ്തകങ്ങളും രോഗീ ചികില്‍സയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിലെന്ന പോലെ ഇമ്മാതിരി മര്യാദകളിലും അച്ഛന്‍ എന്നും മുന്നിലായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ അമ്മയുടെ ബന്ധുക്കളേയും അമ്മയുടെ നാട്ടുകാരേയും എന്നും കാര്യമായിത്തന്നെ അച്ഛന്‍ പരിഗണിച്ചിരുന്നു.

ധനം എന്നെ അതിക്രൂരമായി അപമാനപ്പെടുത്തിയ അനവധി ജീവിതസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്കതിലൊരിക്കലും മറക്കാനാവാത്തത് എന്‍റെ മാതൃത്വത്തിനു വിലയിട്ട വേദനയാണ്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ദരിദ്രനാരായണിക്ക് കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന പ്രഖ്യാപനം... അറിയിപ്പ്.. അത് കേള്‍ക്കുമ്പോള്‍ സര്‍വാംഗം എരിഞ്ഞു കത്തുന്ന ഒരു മുളകിന്‍റെ ചുട്ടുനീറ്റലുണ്ടാകും. മാതൃത്വമെന്നത് ചുമ്മാ ഗര്‍ഭം ധരിച്ച് അങ്ങു പെറ്റാല്‍ കിട്ടുന്ന സുലഭതയല്ല. അത് അതിനുശേഷവും ആവശ്യമുള്ള മറ്റു നൂറായിരം കാര്യങ്ങളും കൂടിച്ചേര്‍ന്നതാണെന്ന് മനസ്സിലാവും.

പിന്നീട് എന്‍റെ എല്ലാ സ്വപ്നങ്ങളിലും യാഥാര്‍ഥ്യങ്ങളിലും ഭ്രമകല്‍പനകളിലും മഞ്ഞപ്പവനും വജ്രഖനികളും കറന്‍സിനോട്ടുകളും നവരത്നങ്ങളും നദികള്‍ പോലെ ഒഴുകി, ഒഴുകിയെന്നേ ഉള്ളൂ. എനിക്കവ കോരിയെടുത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞതേയില്ല. അങ്ങനെയുള്ള എന്നെ അങ്ങു പണക്കാരിയാക്കിക്കളയാമെന്ന് ജീവിതത്തിലിതുവരെ ആരും പറയുകയോ അതിനായി യത്നിക്കുകയോ ഉണ്ടായിട്ടില്ല. എന്‍റെ യത്നങ്ങള്‍ വേണ്ടത്ര വിജയിപ്പിക്കാനാവശ്യമായ മിടുക്കും കഴിവും എനിക്കുണ്ടായിരുന്നതുമില്ല.

ധനമേല്‍പ്പിച്ച ഇത്തരമൊരു ഉണങ്ങാക്കലയുള്ളതുകൊണ്ട് പല വിചിത്രാനു ഭവങ്ങളേയും എനിക്ക് നിറഞ്ഞ പുഞ്ചിരിയോടെ നേരിടാന്‍ കഴിഞ്ഞിട്ടുണ്ട്.

വാടകവീട്ടില്‍ നിന്ന് ഇറക്കിവിടുന്നത് ...

എന്നെ അതിഥികള്‍ക്ക് ആരും തന്നെ പരിചയപ്പെടുത്താതിരിക്കുന്നത്...

വിളിക്കാത്ത കല്യാണത്തിനു അകമ്പടി പോകേണ്ടി വരികയും 'അയ്യോ! ഈ സ്ത്രീയെ ഞങ്ങള്‍ കല്യാണം വിളിച്ചിട്ടില്ലല്ലോ' എന്ന് കേള്‍ക്കുകയും ചെയ്യുമ്പോള്‍ അകമ്പടിക്കു കൊണ്ടുപോയവര്‍ എങ്ങുമെന്നില്ലാതെ ബന്ധുക്കള്‍ക്കിടയില്‍ മറഞ്ഞു പോകുന്നത്...

'അര രൂപ സമ്പാദിച്ചിട്ടുണ്ടോ ജീവിതത്തിലിന്നുവരെ' എന്ന് എപ്പോഴും വിരല്‍ ചൂണ്ടി ചോദിക്കുന്നത്...

എനിക്ക് ധനാര്‍ത്തിയുണ്ടെന്ന് തെളിയിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്...

'ഞാന്‍ അന്യരുടേ ധനം അടിച്ചു മാറ്റാന്‍ നോക്കി'യെന്ന് പ്രഖ്യാപിക്കുന്നത്...

'സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം എടുത്ത് മറ്റുള്ളവരെ സഹായിക്കു..യൂ കാന്‍ എക്സ്പെരിമെന്‍റ് വിത് യുവര്‍ ഓണ്‍ മണി നോട്ട് വിത് അദേഴ്സ് മണി' എന്ന് ഗര്‍ജ്ജിക്കുന്നത്...

ഒത്തിരി ധനം ശരിക്കും ആവശ്യമായിരുന്ന ദൈന്യകാലത്തൊന്നും എനിക്കത് ഒട്ടും ലഭ്യമായില്ല. അതുകൊണ്ട് ന്യായവും നീതിയും ഒന്നും കണക്കിനു വാങ്ങാന്‍ എനിക്ക് കഴിഞ്ഞതുമില്ല.

ധനം, അത്യാവശ്യങ്ങളുള്ളവര്‍ക്ക് ഒരിക്കലും തികയാന്‍ കൂട്ടാക്കാത്തതും കൂട്ടിവെച്ചവര്‍ക്ക് ആരുടെ അത്യാവശ്യത്തേയും എങ്ങനെ വേണമെങ്കിലും നിഷേധിക്കാന്‍ പ്രാപ്തി കൊടുക്കുന്നതുമായ വിചിത്രായുധമാണ്. അത് തരുന്ന സുഖങ്ങളെ മാത്രമല്ല... തരുന്ന സങ്കടങ്ങളേയും വേദനയേയും കൂടി കാണേണ്ടതുണ്ട്..

അമ്മ ആശുപത്രിയില്‍ കിടക്കുന്ന സങ്കടകാലത്ത് ഒരു തവണ എന്‍റെ പക്കല്‍ ബില്ല് അടയ്ക്കാനുള്ള പണം തികഞ്ഞില്ല. ആശുപത്രിയില്‍ നിന്ന് അമ്മയെ ഡിസ് ചാര്‍ജ് ചെയ്യുകയുമാണ്. എന്‍റെ ഹൃദയമിടിപ്പ് അറിയുന്ന ജെന്നി മൂപ്പതിനായിരം രൂപ കൊണ്ടു വന്നു തന്നു. എന്‍റെയും അനിയത്തിയുടേയും പക്കലുണ്ടായിരുന്നതെല്ലാം കൊടുത്തു. ഇനിയും പണം വേണം. ഒരു വഴിയും ഇല്ല. ഒടുവില്‍ പണമില്ലെന്നും അമ്മയെ ആശുപത്രിയില്‍ തന്നെ കിടത്തു എന്നും പണം തന്ന് നാളെ കൊണ്ടുപൊക്കോളാമെന്നും പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ തടഞ്ഞു.

'എച്മുക്കുട്ടി അമ്മയെ കൊണ്ടുപോയ്ക്കൊള്ളൂ, നാളെയോ മറ്റന്നാളോ സൌകര്യം പോലെ വന്നടച്ചാല്‍ മതി'.

ഞാന്‍ ഞെട്ടിപ്പോയി. എച്മുക്കുട്ടിയെ പരിചയമുള്ളവര്‍... എഴുത്തില്‍ നിന്ന് ഇതിലും വലിയ ഏതൊരംഗീകാരമാണ് എനിക്കാവശ്യം ?

എനിക്ക് വാവിട്ട് കരയാന്‍ തോന്നി.

പുസ്തകങ്ങള്‍ രണ്ടെണ്ണമേ പ്രസിദ്ധീകരിച്ചുള്ളൂ.കഥകള്‍ തെരഞ്ഞെടുക്കാന്‍ മാത്രമല്ല അച്ചടിക്കൂലി നല്‍കാനും വായനക്കാരുണ്ടായി, കൂലി നല്‍കാതെ ഇനി ബുക്ക് പ്രസാധനം ചെയ്യാമെന്ന് വാക്ക് തരാന്‍ പ്രമുഖ പ്രസാധകരുമുണ്ടായി..

'എന്തിനാണെഴുതുന്നത് എഴുതുന്ന പോലെയാണോ നീ ജിവിക്കുന്നത് നീയൊരു കാപട്യക്കാരിയല്ലേ' എന്ന ചോദ്യങ്ങള്‍ക്ക് 'എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല' എന്ന തീര്‍പ്പുകല്‍പ്പിക്കലിനു 'ദരിദ്രനാരായണി'യെന്ന വിളിപ്പേരിന് 'പത്തുകാശുണ്ടാക്കാത്തവള്‍' എന്ന കളിയാക്കലിന് എന്‍റെ ഉത്തരം.

അന്ധേബാബ എനിക്ക് പഠിപ്പിച്ചു തന്ന ഉത്തരം.

'അന്ധേബാബാ കൊ കമ്പള്‍ ദോ ഖാനാ ദോ' എന്ന് ദീനമായി നിലവിളിക്കുമ്പോള്‍ പണം നല്‍കിയാല്‍ സ്വീകരിക്കുമായിരുന്നില്ല അദ്ദേഹം. കമ്പിളിയും ആഹാരവും മതി. അന്ധന് പണമെന്തിനാണെന്ന് അദ്ദേഹം ചോദിക്കും.

ഇന്നും എനിക്ക് കാണാന്‍ ഒത്തിരി ആശയുള്ള ഒരാളാണ് സൌത്ത് ദില്ലിയിലെ ഊടുവഴികളിലൂടേ ദീനനായി അലഞ്ഞിരുന്ന ദയനീയമായി നിലവിളിച്ചിരുന്ന ഭിക്ഷുവായ അന്ധേബാബ....