Tuesday, May 22, 2018

ഗീതപ്പാവ

https://www.facebook.com/echmu.kutty/posts/384561501723150

ബോബ് ചെയ്ത സ്വര്‍ണത്തലമുടി, ഉണ്ടക്കണ്ണുകള്‍, തുടുത്ത കവിളുകള്‍ .. പിന്നെ ചുവന്ന തൊപ്പി .. തറയില്‍ വെച്ച് ഒന്നനക്കിക്കൊടുത്താല്‍ അവള്‍ ഇങ്ങനെ ശേലില്‍ ആടിക്കളിക്കും.

എന്റെ കൂട്ടുകാരന്റെ വീട്ടില്‍ അവള്‍ക്ക് വലിയ സ്ഥാനമാണ്. അതറിയാമെന്നതു പോലെ അവള്‍ ഒത്തിരി ഗമയിലാണ് എന്നെ നോക്കുക. ' ഹും, എന്താ വിശേഷം ? എന്തിനാ ഇപ്പോ വന്നത് ? ' എന്ന മട്ടിലാണ് അവളുടെ രാജകീയമായ ആ ഇരിപ്പ്.

രാവിലെ നാമം ചൊല്ലുകയും ആരതിയുഴിയുകയും ഒക്കെ ചെയ്തു കഴിഞ്ഞാല്‍ കൂട്ടുകാരന്റെ അമ്മ അവളെ ഇപ്പോഴും ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ഇടയ്ക്കിടെ പുന്നാരിക്കും. മടിയില്‍ ഇരുത്തും, താടിക്കു പിടിച്ചു കൊഞ്ചിക്കും . .. എന്നിട്ട് എന്നോട് ചോദിക്കും.

' ഇവളാരാണെന്ന് നിനക്ക് അറിയുമോ? എന്റെ മരുമോളാണിത്.'

' അപ്പോള്‍ ഞാനോ? ' എന്ന് ഞാന്‍ ഒരിക്കലും ചോദിക്കുകയില്ല.

ബാല്യത്തില്‍ മകന്‍ ഈ പാവയെ മടിയിലിരുത്തി കളിപ്പിച്ചിരുന്നതും അവള്‍ക്ക് ഗീത എന്ന് പേരു വിളിച്ചതും മാമു കൊടുത്തിരുന്നതും ഉടുപ്പിടുവിച്ചിരുന്നതും അവളെ കല്യാണം കഴിക്കുമെന്നു പറഞ്ഞിരുന്നതും അമ്മ സരസമായി സന്തോഷത്തോടെ വിവരിക്കും. അപ്പോള്‍ അമ്മയ്ക്ക് ഒരു ഇരുപത്തഞ്ചുകാരിയുടെ മുഖവും ശബ്ദവുമായിരിക്കും.

അതു കാണുന്നത് ഒരു ആഹ്ലാദമാണ്... പ്രഭാതത്തില്‍ വിടര്‍ന്നു വരുന്ന അനേകം നീര്‍മലരുകളെ കണ്ണു നിറയെ കാണും പോലെയുള്ള ഒരു ആഹ്ലാദം.. അമ്മ കഴിഞ്ഞു പോയ കാലങ്ങളെ ഒരു പാവയിലൂടെ എത്തിപ്പിടിക്കുന്നത്... ഞാന്‍ കാണാത്ത അമ്മയുടെ നിറയൌവനത്തെ ചെന്നു തൊടുന്നത് ... നരച്ച താടിയും തലമുടിയുമുള്ള എന്റെ കൂട്ടുകാരന്‍ ഒരു കുഞ്ഞുവാവയായി ആ അമ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങിക്കളിച്ചിരുന്നത്... വാലിട്ടു കണ്ണെഴുതി പൊട്ടുകുത്തിച്ചു തന്നാലേ നഴ്‌സറിയില്‍ പോവൂ എന്ന് വാശി പിടിച്ചു കരഞ്ഞിരുന്നത്...

അതെല്ലാം പറയുമ്പോള്‍ അമ്മയുടെ കൈകള്‍ ഗീതപ്പാവയെ താലോലിക്കുന്നുണ്ടാവും. കഥകള്‍ ഓരോന്നായി അടുക്കോടെ പറഞ്ഞു പറഞ്ഞ് അമ്മയുടെ തൊണ്ട അടയും.. കണ്ണില്‍ വെള്ളം നിറയും.

'അന്നൊക്കെ ഞാനായിരുന്നു അവനു എല്ലാം. ഇപ്പോ അവന് എന്നോട് സംസാരിക്കാന്‍ പോലും നേരമില്ല. .. കേട്ടോടീ ഗീതെ' എന്ന് അമ്മ പാവയോട് പരാതി പറയാതിരിക്കില്ല.

' നീ എന്റെ മരുമോളായി വരുന്നതും കാത്തിരുന്നതായിരുന്നു ഞാന്‍ .. എന്നിട്ട്.. '

അമ്മയ്‌ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാനിരിക്കുന്ന ഞാന്‍ ചിരിക്കുമ്പോള്‍ അമ്മ വാചകം ഇങ്ങനെ പൂര്‍ത്തിയാക്കും..

'പേരു മാത്രമേ മാറിയുള്ളൂ. നിന്റെ പോലെ മൊട്ടത്തലയും ഉണ്ടക്കണ്ണും തുറിയന്‍കവിളും ഒക്കെ ഇവള്‍ക്കുമുണ്ട്. അതിനും പുറമേ , വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും നിന്നേക്കാള്‍ നന്നായി ആടിക്കളിക്കുകയും ചെയ്യും '

എന്നിട്ട് ഒരു തുണ്ടം ഇഡ്ഡലിയോ ഒരു പൊട്ട് ദോശയോ ഒരു കൊഴുക്കട്ടയോ ഒക്കെ അമ്മ എന്റെ വായില്‍ വെച്ചു തരും. ഗീതപ്പാവയെ താലോലിക്കുന്ന ഇടതുകൈയുയര്‍ത്തി എന്റെ മൊട്ടത്തലമുടി ഒന്നൊതുക്കി വെയ്ക്കും.

പാവം അമ്മ .

മരുമകളാണെങ്കിലും ഗീതപ്പാവ, അമ്മയുണ്ടാക്കി സ്‌നേഹത്തോടെ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കില്ലല്ലോ.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാന്‍ കാണാത്ത അമ്മയുടെ നിറയൌവനത്തെ ചെന്നു തൊടുന്നത് ...
നരച്ച താടിയും തലമുടിയുമുള്ള എന്റെ കൂട്ടുകാരന്‍ ഒരു കുഞ്ഞുവാവയായി ആ
അമ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങിക്കളിച്ചിരുന്നത്... വാലിട്ടു കണ്ണെഴുതി പൊട്ടുകുത്തിച്ചു
തന്നാലേ നഴ്‌സറിയില്‍ പോവൂ എന്ന് വാശി പിടിച്ചു കരഞ്ഞിരുന്നത്...

പട്ടേപ്പാടം റാംജി said...

പാവകളി സരസമായി.