Sunday, December 19, 2010

അന്ത്രു…...

പാതി രാത്രിയിൽ പെയ്ത മഴയ്ക്ക് ഭ്രാന്തായിരുന്നു.
ഹുങ്കാരത്തോടെ വീശിയടിച്ച കാറ്റിൽ മരങ്ങളുടെ കൊമ്പുകൾ ഒടിഞ്ഞു വീണു.
എങ്കിലും രാവിലെയായപ്പോഴേയ്ക്കും മഴക്കോളെല്ലാമകന്ന് മാനം പൂർണമായും തെളിഞ്ഞിരുന്നു.
വാർത്തയറിഞ്ഞ എല്ലാവരും ഞെട്ടിത്തെറിച്ചുപോയി.
‘കുട്ടപ്പൻ നായരെ ആരോ വെട്ടിക്കൊന്നു‘
കള്ളു ഷാപ്പിന്റെ മുൻപിലാണ് ശവം കിടന്നിരുന്നത്. ആയുധമൊന്നും പരിസരത്ത് കണ്ടില്ല. രക്തം വാർന്നൊഴുകിയതെല്ലാം മഴയിൽ ഒലിച്ച് പോയിരിയ്ക്കുന്നു. ആകെ ചളിപിളിയായതുകൊണ്ട് ശവത്തിനരികെ കാൽപ്പാടുകളുമില്ല.
മരം വെട്ടുകാരൻ ശങ്കുരുവും സഹായിയായ ഗോപിയും ആളുകളെ ശവത്തിനരികെ ചെല്ലുന്നതിൽ നിന്നും വിലക്കി.
‘കൊലയാ, കൊല. കളിയ്ക്കണ കളിയല്ല. പോലീസ്കാര് വരട്ടെ. അത് വരെ അനങ്ങാണ്ട് നിക്കണം. അടുത്ത് ചെല്ലണ്ട. കോടതി കേറി ജമ്മം പാഴാവും.‘
എല്ലാവരും കടുത്ത ഭയത്തോടെയും വല്ലാത്ത ഒരു വെറുങ്ങലിപ്പോടെയും മാറി നിന്നു.
കുട്ടപ്പൻ നായരോട് ആർക്കാണ് ഇത്ര വിരോധം?
കുറെ അശ്ലീല തമാശകൾ പറയുമെന്നല്ലാതെ മറ്റൊരു കുഴപ്പവും കാണിയ്ക്കാത്ത ഒരാൾ. ഭാര്യയും മക്കളുമായി കഴിഞ്ഞു കൂടുന്നു. നല്ല ഈശ്വര വിചാരമുള്ളവൻ. തറവാടിയായ സ്ഥാനി. ഇതിനൊക്കെ പുറമേ ഇഷ്ടം പോലെ സ്വത്തും പണവുമുണ്ട്.
ആർക്കും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
പെണ്ണുങ്ങളിൽ ചിലർ പരസ്പരം നോക്കി കണ്ണിറുക്കി. അതു പിന്നെ അങ്ങനെയാണല്ലോ. ആണുങ്ങളുടെ ചില സ്വഭാവങ്ങൾ അവരേക്കാളും നന്നായി പെണ്ണുങ്ങൾക്കാണല്ലോ അറിയുക
കുട്ടപ്പൻ നായർക്ക് ചില്ലറ ദൌർബല്യങ്ങളൊക്കെ ഉണ്ടായിരുന്നു.
വളരെ നേർമ്മയായ ഒറ്റ മുണ്ട് മാത്രം ധരിച്ചുകൊണ്ടുള്ള നാട് ചുറ്റലായിരുന്നു അതിലൊന്ന്. നല്ല വെളുത്ത് തുടുത്തിരുന്ന നായർ ആകാവുന്നത്ര സ്വന്തം ശരീര സൌഭാഗ്യം പ്രദർശിപ്പിച്ചു. സ്ത്രീകളെ കാണുമ്പോൾ, ആളും തരവും വിജനതയും നോക്കി മുണ്ട് ഒന്നഴിച്ച് വിടർത്തി ഉടുക്കാറുമുണ്ടായിരുന്നു.
മറ്റൊരു ദൌർബല്യം ഒന്നു രണ്ട് വീടുകളിൽ അസമയത്ത് കുട്ടപ്പൻ നായർ കയറിച്ചെല്ലുമായിരുന്നു എന്നതാണ്. ആ വീടുകളിൽ വേറെ ചിലരും അങ്ങനെ പോവാറുണ്ടായിരുന്നു. അവിടെ ഉണ്ടായ വല്ല കുഴപ്പവുമായിരിയ്ക്കുമോ കൊലയ്ക്കു നിദാനമായതെന്ന് ഓർമ്മിച്ച് പെണ്ണുങ്ങൾ തല പുകച്ചു.
ആ വീടുകളിലെ പതിവുകാരായ മറ്റ് ആണുങ്ങൾക്കും അല്പാല്പം പരിഭ്രമം തോന്നുന്നുണ്ടായിരുന്നു.
കുട്ടപ്പൻ നായരുടെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി അവർ ഭാര്യ വീട്ടിലാണ്. അവരെ ആരു ചെന്ന് സങ്കടം അറിയിയ്ക്കുമെന്നോർത്തപ്പോൾ ഗ്രാമീണർ വിവശരായി.
നല്ലൊരു സ്ത്രീയാണ് നായരുടെ ഭാര്യ. ഗ്രാമത്തിലെ എല്ലാ സ്ത്രീകളോടും സൌഹൃദം പുലർത്തുന്ന വീട്ടമ്മ. കുട്ടപ്പൻ നായരുടെ ശീലക്കേടുകൾ ഗ്രാമീണർ സഹിച്ചതിനു പുറകിൽ നല്ലവളായ ഭാര്യയുടെ സൌശീല്യവുമുണ്ടെന്നത് ഒരു പരമാർത്ഥമാണ്.
പതിനൊന്ന് മണിയോടടുപ്പിച്ച്, ഒരു ജീപ്പ് നിറയെ പോലീസ് വന്നു.
പോലീസുകാർ ആദ്യം തന്നെ കൂട്ടം കൂടി നിന്ന ഗ്രാമീണർക്ക് നേരെ ലാത്തി വീശി, അവരെ അകറ്റി.
‘ആരെടാ ആദ്യം ശവം കണ്ടത്?‘
കുട വയറും പിരിച്ചുവെച്ച കൊമ്പൻ മീശയുമുള്ള ഒരു പോലീസുകാരൻ ഉറക്കെ ചോദിച്ചു.
മൂത്രമൊഴിയ്ക്കാൻ മുട്ടിയ ഗ്രാമീണർ ശബ്ദിച്ചില്ല.
‘മര്യാദയ്ക്ക് പറഞ്ഞോ. ആരാടാ ഇത് ചെയ്തത്?‘
ഗ്രാമീണരുടെ വിറയൽ പെരു വിരലിൽ നിന്ന് നിറുകന്തലയോളമെത്തി.
‘സത്യം പറഞ്ഞാ എല്ലാർക്കും നല്ലത്, അല്ലെങ്കിൽ ന്താ വേണ്ടേന്ന് ഞങ്ങക്കറിയാം. പോലീസുകാരോട് കളിയ്ക്കല്ലേ, പുതിയേ പുതിയേ കളികള് ഇണ്ടാക്കി കളിപ്പിയ്ക്കണോരാ ഞങ്ങള്………’
ഇത്രയുമായപ്പോൾ രാമൻ മാഷ് പറഞ്ഞു, ‘ഞാനാ ആദ്യം കണ്ടത്, കാലത്ത് അമ്പലത്തിൽക്ക് വരുമ്പോ….‘
ചെറുപ്പക്കാരനായ എസ് ഐ മാഷ്ടെ ശബ്ദ്ം കേട്ട് തിരിഞ്ഞു നോക്കി, അടുത്ത് വന്നു തൊഴുതു.
‘മാഷ്, ഇവിടെ……….ന്നെ ഓർമ്മ്ണ്ടോ? ന്നെ…… പഠിപ്പിച്ചിട്ടുണ്ട്… ഞാൻ ഗോവിന്ദൻ കുട്ടി.‘
അല്പനേരം അയാളെ സൂക്ഷിച്ച് നോക്കിയ മാഷ്ടെ മുഖം തെളിഞ്ഞു.
പിന്നെ കാര്യങ്ങൾ വളരെ വേഗത്തിൽ നീങ്ങി. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ആദ്യ റൌണ്ട് ചോദ്യം ചെയ്യൽ കഴിച്ചുവെങ്കിലും പോലീസുകാർ മര്യാദ കൈ വിട്ടില്ല.
കൊല നടന്നതാരും കണ്ടിട്ടില്ല. കള്ള് ഷാപ്പുകാരൻ ഒമ്പത് മണിയ്ക്ക് ഷാപ്പടയ്ക്കുമ്പോൾ കുട്ടപ്പൻ നായർ കുശലം പറഞ്ഞ് നടന്നു പോയതാണ്.
പിന്നെ നായർക്ക് ഷാപ്പിൽ വരേണ്ട കാര്യമില്ല. ഇനി വേറെ എവിടെയെങ്കിലും വച്ച് കൊന്നതിനു ശേഷം ഇവിടെ കൊണ്ടിട്ടതാകുമോ?
പോലീസുകാർ ടേപ്പ് പിടിച്ച് അളവെടുക്കുമ്പോഴാണ് കണ്ടത്, കുട്ടപ്പൻ നായരുടെ പുലി നഖം കെട്ടിച്ച സ്വർണമാല ഒരു കേടും പറ്റാതെ കഴുത്തിൽ തന്നെ കിടക്കുന്നു! മാത്രവുമല്ല, ഏലസ്സ് കെട്ടിയ അരഞ്ഞാണവും വലത്തെ കൈയിലെ, ഉലക്കച്ചുറ്റ് മോതിരവും ഒക്കെ ശവത്തിന്മേലുണ്ട്. നല്ല പൊലിമയുള്ള കനപ്പെട്ട സ്വർണം!
രാമൻ മാഷ് കാണും മുൻപേ ആരെങ്കിലും ശവം കണ്ടിരുന്നെങ്കിൽ ആഭരണങ്ങൾ അടിച്ച് മാറ്റുമായിരുന്നില്ലേ?
പോലീസ്കാർക്കും ആ വിചാരമായിരുന്നു മനസ്സിൽ. ജനങ്ങൾ കാൺകേ ആഭരണങ്ങളുടെ കണക്കെടുപ്പ് വേണ്ടി വന്നില്ലേ? രഹസ്യമായിട്ടായിരുന്നെങ്കിൽ എന്തെല്ലാം സാധ്യതകളുണ്ടാകുമായിരുന്നു!
‘അപ്പോ കക്കാനല്ല.‘ എസ് ഐ പിറുപിറുത്തു.
ആരായിരിയ്ക്കും? എന്തിനായിരിയ്ക്കും?
വലിയ വാക്കത്തിയും പിടിച്ച്, അല്പമൊരു ഞൊണ്ടലോടെ അന്ത്രു അപ്പോഴാണ് അവിടെ പ്രത്യക്ഷപ്പെട്ടത്.
അനാഥനും ദരിദ്രനുമായ കൂലിപ്പണിക്കാരനാണ് അന്ത്രു. പത്തു വയസ്സുള്ളപ്പോൾ ഒരു പാണ്ടി ലോറിയിൽ കയറി ആ ഗ്രാമത്തിൽ വന്നു പറ്റി. ചില്ലറപ്പണികളൊക്കെ ചെയ്ത് അവിടെത്തന്നെ വളർന്ന് അവൻ ഒരു ഒത്ത ആണായി.
ഏതു നാറ്റം പിടിച്ച പണിയ്ക്കും ഒരു മടിയും അറപ്പും കൂടാതെ അന്ത്രു വരും.
എല്ലാവരും ഉൽക്കണ്ഠയോടെ നിൽക്കുമ്പോൾ അവൻ നേരെ ചെന്ന് എസ് ഐയുടെ മുൻപിലേയ്ക്ക് കൈകൾ നീട്ടിപ്പിടിച്ചു.
അന്ത്രുവോ?
രാമൻ മാഷ് ഒരു താക്കീതിന്റെ ഒച്ചയിൽ വിലക്കി, ‘ഡാ, അന്ത്രൂ നീയെന്ത് വിഡ്ഡിത്തരാ കാട്ട്ണേ? ഇങ്ങ്ട് നീങ്ങിക്ക്.’
വല്ലാത്ത ഒരു തരം ഇളിച്ചു കാട്ടലായിരുന്നു അതിനുള്ള ഉത്തരം.
‘നീയാണോ ഇയാളെ കൊന്നത്?‘ എസ്. ഐ ഇടിവെട്ടും പോലെ ചോദിച്ചു.
‘ആ, അതെ. ഞാന്തന്ന്യാ………‘ അന്ത്രുവിന്റെ മറുപടി വളരെ ശാന്തമായിരുന്നു.
കൂടി നിന്ന എല്ലാവരും വിറച്ചു പോയി.
അന്ത്രു ഒരാളെ കൊല്ലുകയോ? പോലീസുകാരെ കണ്ട് അവന് പ്രാന്തായിപ്പോയെന്നാണ് ഗ്രാമീണർക്ക് ആദ്യം തോന്നിയത്.
കുടവയറൻ പോലീസുകാരൻ അന്ത്രുവിന്റെ വാക്കത്തിയിലേയ്ക്ക് വിരൽച്ചൂണ്ടി അലറി, ‘ഇതോണ്ടാണാടാ നായിന്റെ മോനെ നീ ആളെ കാച്ചീത്?‘
അവൻ ഒരു ഭാവഭേദവുമില്ലാതെ തല കുലുക്കി.
പോലീസുകാർക്ക് അരിശം പുകയുകയായിരുന്നു. ഇങ്ങനെയുമുണ്ടോ മനുഷ്യർ? സ്വർണം എടുത്തില്ല എന്നത് സാരമില്ലാന്നു വെയ്ക്കാം, കത്തിയും പിടിച്ച് കൊലപാതകി തന്നെ മുൻപിൽ വന്ന് നിൽക്കുകയെന്ന് വെച്ചാൽ……..പിന്നെ പോലീസുകാരുടെ പവറ് എങ്ങനെയാണ് ഒന്ന് കാണിയ്ക്കുന്നത്?
ഇതോടെ കേസ് തീർന്നില്ലേ?
ആൾക്കാരെ വിരട്ടി അധികാരത്തിന്റെ ഗമ കാണിച്ച് ചില്ലറ തുട്ടൊക്കെ കൈയിൽ മേടിയ്ക്കാൻ പറ്റിയേനെ അപ്പോഴേയ്ക്കും ഈ നാശം പിടിച്ചവനെ കെട്ടിയെടുത്തല്ലോ.
കൂടുതൽ ചോദ്യങ്ങളൊന്നും അന്ത്രുവിനോട് ചോദിയ്ക്കാതെ ശവം പോസ്റ്റുമാർട്ടത്തിനയക്കാൻ ഏർപ്പാടാക്കിയിട്ട് അവനെ വിലങ്ങു വെച്ച് ജീപ്പിൽ കയറ്റി പോലീസുകാർ സ്ഥലം വിട്ടു.
അവനെ അന്വേഷിച്ച് സ്റ്റേഷനിൽ ആരും വരുന്നില്ലെന്ന് കണ്ടപ്പോഴാണ് ഈ കേസിൽ നിന്ന് യാതൊരു ലാഭവുമുണ്ടാവാൻ പോകുന്നില്ലെന്ന് പോലീസുകാർക്ക് മനസ്സിലായത്.
അവർ അവനെ ചോദ്യം ചെയ്യാൻ തുടങ്ങി.
ആദ്യം ചുടുചുടെന്ന് ഉശിരൻ രണ്ട് പെട കരണക്കുറ്റിയ്ക്ക് കൊടുത്തു. കുടവയറൻ പോലീസുകാരനായിരുന്നു ഏറ്റവുമധികം കലി. അയാൾ മൂന്നാമതും അടിയ്ക്കാനോങ്ങിയപ്പോൾ എസ് ഐ തടഞ്ഞു.
‘മതിയെടോ, കൊന്നൂന്ന് അവൻ പറഞ്ഞല്ലോ, ഇനീപ്പോ അടിച്ച് പറയിപ്പിയ്ക്കാൻ………ബാക്കി കാര്യങ്ങള് അറിഞ്ഞാ പോരേ?‘
അന്ത്രു നിശബ്ദനായി തല കുനിച്ച് നിൽക്കുകയാണ്. അടി കൊണ്ടപ്പോൾ ദേഹമാകെ വെന്തു പുകയുന്നതു പോലെ തോന്നി അവന്. ഇവരിനീം പിടിച്ച് തല്ലുമോ? പോലീസുകാർ ഒരു മന:സാക്ഷിയുമില്ലാത്ത ജന്തുക്കളാണെന്ന് അന്ത്രു കേട്ടിട്ടുണ്ട്.
ഇതു വരെ ഇങ്ങനെ ഒരു തലേലെഴുത്തുണ്ടായിട്ടില്ല.
എസ് ഐ അവന്റെ താടി ലാത്തികൊണ്ട് ഉയർത്തി, എന്നിട്ട് ചോദിച്ചു, ‘എന്തിനാടാ നീ അത് ചെയ്തത്? മര്യാദയ്ക്ക് സത്യം പറഞ്ഞോ, അല്ലാണ്ട് നീ ജീവനോടെ ഇവിട്ന്ന് പോവില്ല.’
‘കുട്ടപ്പ്ൻ നായര് തൊള്ളേത്തോന്നീത് പറഞ്ഞ്പ്പോ സകിച്ചില്ല്, ന്നെപ്പറ്ഞാ സാരല്യാ, ആ ച്ത്തോയ അമ്മേ പറ്ഞ്ഞ്, അപ്പൊ സകിച്ചില്ല്യ്, അതാങ്ങനെ പറ്റീത് ‘
അന്ത്രു പുലമ്പി.
‘ഏതാ ടാ ആ അമ്മ്?‘ കുടവയറൻ പൊലീസ് അറപ്പിയ്ക്കുന്ന ഒരു അശ്ലീലാംഗ്യത്തോടെയാണ് അമറിയത്.
‘വേണ്ടെടോ, ഞാൻ ചോദിക്കാം. താൻ ചെല്ല്.‘ എസ് ഐ സിഗരറ്റ് കത്തിച്ച് വലിയ ഒരു പുകയൂതി അന്ത്രുവിന്റെ മുഖത്തേയ്ക്ക് വിട്ടുകൊണ്ട് സ്വന്തം കീഴുദ്യോഗസ്ഥനെ വിലക്കി.
അയാൾ എന്തോ പിറുപിറുത്തുകൊണ്ട് സ്ഥലം വിട്ടു.
‘നിന്റെ അമ്മയ്ക്കാണോടാ നായര് പറഞ്ഞത്?‘ എസ് ഐ കനത്ത ശബ്ദത്തിൽ ചോദിച്ചു.
‘എന്റമ്മ്യായിരുന്നെങ്കി………..നിക്ക്തിനിള്ള യോഗല്ല്യാല്ലോ സാറെ‘………ഇപ്പോൾ അന്ത്രുവിന്റെ ഒച്ച ഇടറി.
‘ടാ, കഴ്വേറി, നിന്റെ നാടകം കാണാനല്ല്, മര്യാദയ്ക്ക് മണി മണി പോലെ ഒള്ള കാര്യങ്ങട് പറഞ്ഞോ. അതാ നല്ലത്. അല്ലെങ്കി എന്റെ തനിക്കൊണം നീയറിയും’ എസ് ഐയ്ക്ക് കോപം വന്നു.
‘ഇന്നലെ രാത്രീക്ക് ഞാമ്മ്ടെ ദേവൂന്റോടെ പോയീര്ന്ന്. ഒന്നിനും ആയിട്ട് പോയതല്ല. പത്ത് പൈസണ്ടായില്ല്യ കൈയില്. പിന്നവള് വല്ലൂം തരോ? കാശ് കൊട്ക്ക്മ്പോ തന്നെ അവളക്ക് ഞാനൊക്കെ വല്ലോണം പോല്യാ. കാശിന് സ്തായിണ്ടാവുല്യാല്ലോ, പണിയ്ല്ലേണ്ടാവാ?
തിണ്ണേല് വെറ്തേ ഇരിക്ക്മ്പ്ളാ കുട്ടപ്പ്ൻ നായര് വന്ന്ത്. ഞാനപ്പോ തന്നെ എറങ്ങിപ്പോന്നു. ന്ന്ട്ട് ആ കള്ള്ഷാപ്പ്ന്റെ വ്രാന്തേല് ഇരിക്ക്യേര്ന്ന് ………’
‘നിന്ക്ക് വീട്ടിപ്പോയി പണ്ടാറടങ്ങാര്ന്ന്ല്യേ?‘
‘സങ്കടാര്ന്ന് സാറെ, അതാ‘
‘ദേവൂന്റവ്ട്ന്ന് ഒന്നും തരാവാഞ്ഞോണ്ട് അല്ല്ടാ, നീ കൊള്ളാലോടാ…. നായിന്റെ മോനെ….. ‘എസ് ഐ ഒരു വൃത്തികെട്ട ചിരിയോടെ, ലാത്തി ഉയർത്തി അന്ത്രുവിന്റെ അടി വയറ്റിൽ ഒരു കുത്തു കൊടുത്തു.
അവൻ പിടഞ്ഞു പോയി
‘അല്ലാ ന്റെ സാറെ, മിനിഞ്ഞാന്നാ ആ മാത്തോത്തെ തറവാട്ട്ലെ അമ്മ മരിച്ച്. കാലുമ്മേ വെഷക്കല്ല് കാച്ചീട്ട് നട്ക്കാൻ പറ്റാണ്ട് ഞാൻ രണ്ടൂസം അവടയ്ക്ക് പോയില്ല്യ്. അപ്പോ ആരും ഒന്ന് തിരിഞ്ഞ് നോക്കീല്ല് ആ അമ്മേ, പൂട്ട്യേ മുറീലു കെടന്ന് ഒരിറ്റ് വെള്ളെറക്കാണ്ട് മരിച്ച് ആ പാവം. അതാരുന്ന് ന്റെ സങ്കടം………
ഇടർച്ചയോടെ അവൻ പറഞ്ഞു.
‘ഞാനാ ഓർമ്മേം വെളിവുല്ലാത്ത അതിനെ നോക്ക്യേർന്ന്തേയ്. ദൂസം അമ്പ്തുർപ്യ തരും, ആ അമ്മേടെ മരുമോള്. കുള്പ്പിക്കേം തുണി അലക്കേം കഞ്ഞി കൊട്ക്കേം വേണം. ഓർമ്മ്ല്യാത്ത ആ അമ്മ തീട്ടം വാരി എറിയ്യും. എപ്പളും തുപ്പലം ഒലിപ്പിയ്ക്കും, ഒക്ക്പ്പാടെ കണ്ടാ നല്ല പ്രാന്ത്ന്നെ’
‘പെയേള്ള പെണ്ണൊര്ത്തീനെ നോക്കാൻ നിന്നെപ്പോലെ ഒത്ത ആണാ പോണ്? വയസ്സായീച്ചാലും പെണ്ണ്ല്ലേ ജാതി? നാട്ട്ല് ഒരു പെണ്ണ്ണ്ടായില്ലേ? അതോ നെനക്ക് ആ മരുമോളേം ഒരു നോട്ടംണ്ടാരുന്നോടാ?‘
‘അയ്യോ ന്റെ പൊന്ന് സാറെ, ഇല്ല്യാത്ത്ത് പറേല്ലെ. ………. അയിന് ബോധല്യല്ലോ. ബോധല്ലെങ്കി ആണും പെണ്ണും തമ്മ്ല് ന്താ ഒരു വെറ്റ്യാസം സാറെ? സൊന്തം പെണ്ണ്ങ്ങളെ ഒരു പ്രാന്തി തള്ള്ടെ തീട്ടോം മൂത്രോം കോരാൻ ആണങ്ങള് വിടോ?അവനാന്റെ ആണങ്ങളെ പെണ്ണ്ങ്ങളും വിടൂല്യാ. ഞാനാരൂല്യാത്തോനല്ലേ ന്റെ സാറെ. നിക്ക് ഏത് പണീം ചീതൂടെ? ന്നെ ആരാ പോണ്ടാന്ന് പറയാൻ…………‘
അന്ത്രു ഇടത്തെ കൈപ്പടം ഉയർത്തി കണ്ണു തുടച്ചു.
‘നിന്റെ പ്രാന്തിത്തള്ള ചത്തതിന് നീയെന്തിനാടാ ആ നായരെ കുത്തീത്?‘ എസ് ഐ അന്ത്രുവിനെ ഉഗ്രമായി നോക്കിക്കൊണ്ട്, മുരണ്ടു. എന്നിട്ട് പല്ലിട തോണ്ടി കാർക്കിച്ചു തുപ്പി.
‘ന്നെ, ന്റെ മോനേന്ന് ഈ ലോകത്ത്ലാകെ വിളിച്ചേക്കണത് ആ അമ്മ്യാ സാറെ, ബോധല്ല്യേരിയ്ക്കും, സൂക്കേടേരിയ്ക്കും, ന്നാലും ഒരു ദൂസം ഞാൻ കുളിപ്പിച്ച് തോർത്തി മുണ്ട് ചിറ്റിയ്ക്കുമ്പോ ന്റെ കയിമ്മ്ല് പിടിച്ച്ട്ട് വിളിയ്ക്കാ ന്റെ മോനേന്ന്…………..
പിന്നേ ഒരൂസം കഞ്ഞി കൊടുക്കുമ്പോ ന്റെ പൊന്നു മോൻ കഞ്ഞ്യുടിച്ചോന്ന് ചോയിച്ച് സാറെ‘
അന്ത്രു വിങ്ങിക്കൊണ്ട് തുടർന്നു.
‘ന്റെ അന്ത്രൂന്നോ… ന്റെ മോനേന്നോ….. ഈ ലോകത്ത്ല് വേറാരും ഒരിക്കേലും ന്നെ വിളിച്ച്ട്ടല്ല്യാ…..
‘ടാ, നിന്റെ കഥാപ്രസംഗം നിറ്ത്തീട്ട് കാര്യം പറഞ്ഞില്ലെങ്കി, നീയെന്റെ കൈയീന്ന് മേടിയ്ക്കും‘ എസ് ഐയ്ക്ക് കലി വന്നു കഴിഞ്ഞിരുന്നു.
അവൻ കുടിനീരിറക്കി, കിതച്ചു.
‘ദേവൂന്റവ്ട്ന്ന് പോന്നേന് ഞായ്ന്ത്നാ മോറും കേറ്റിപ്പിട്ച്ച് നട്ടപ്പാതരയ്ക്ക് ഇവ്ടെ കുത്തിരിയ്ക്ക്ണേന്ന് നായര് ചോയ്ച്ച്. ഇക്കണ്ട നാള് ആ പ്രാന്തി തള്ളടെ ചന്തീമ്മേം മൊലേമ്മേം ഒക്കെ തൊട്ട് സുഖട്ത്ത്ട്ട് മ്ത്യായില്ലേ നിന്ക്ക് ന്നാ പണ്ടാറക്കാലൻ ഇളിച്ചോണ്ട് ചോയച്ച്പ്പോ ന്റെ നെല തെറ്റിപ്പോയീ സാറെ…….. എളീലു വാക്കത്തീണ്ടാർന്നു. ഞായെന്താ കാട്ട്യേന്ന് ഒരു ബോധല്യാണ്ടായി. ഒരു പിശാശന്ന്യാ ന്റെ മുമ്പീ ഇളിച്ച് നിക്കണേന്ന്ങ്ങ്ട് തോന്നി……….
ഓടായിരുന്ന്, അയാള് ദേവൂന്റോട്ന്ന് എറ്ങ്ങി വരണ കണ്ട്പ്പോ തന്നെ ന്റെ കുടീൽക്കങ്ങട് ഓട്യാ മത്യാരുന്ന്………..‘
ഗോവിന്ദൻ കുട്ടി എസ് ഐ അര നിമിഷം പതറിപ്പോയി.
ആ അര നിമിഷത്തിൽ അയാളും ഒരമ്മയുടെ മകൻ മാത്രമായിത്തീർന്നു.

Thursday, December 2, 2010

തെരട്ടിപ്പാൽ

പാലു കുറുക്കി പഞ്ചസാര ചേർത്ത് വറ്റിച്ചെടുക്കുന്ന ഒരു പലഹാരമാണ് തെരട്ടിപ്പാൽ. തമിഴ് ബ്രാഹ്മണരുടെ വിശിഷ്ട ഭോജ്യമായ ഈ പലഹാരത്തെക്കുറിച്ച് ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ ‘വേരു‘കളിൽ പരാമർശിച്ചിട്ടുണ്ട്.
വി കെ എൻ തീർച്ചയായും പറഞ്ഞിട്ടുണ്ട്. രുചിയേറിയ ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ച് അദ്ദേഹത്തോളം ആസ്വാദ്യതയോടെ മറ്റാരും എഴുതിയിട്ടില്ല.
ഞാനും പറയാൻ പോവുകയാണ്.
നല്ല ഉരുളിയിൽ ധാരാളം പാലൊഴിച്ച് മിതമായ രീതിയിൽ തീ കത്തിച്ച് പാൽ കുറുകി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് വറ്റിച്ചെടുക്കണം. കൊതിപ്പിയ്ക്കുന്ന നറു നെയ്യിന്റെ മണമുള്ള ഈ പലഹാരം ഇലച്ചീന്തിൽ വിളമ്പി കൈകൊണ്ട് തോണ്ടി തിന്നാൽ ആത്മാവ് രുചിയുടെ കൊടുമുടികളിൽ വിലയം പ്രാപിയ്ക്കും.
ഈ പലഹാരം ഇന്നും ബേക്കറികളിൽ കിട്ടാറില്ല.
വടക്കേ ഇന്ത്യക്കാരന്റെ പാൽ പേഡയും പാൽ ഗോവയുമൊക്കെ ബേക്കറികളിൽ കാണാറുണ്ട്. എങ്കിലും തനതു രുചിയുള്ള തെരട്ടിപ്പാൽ കണ്ടിട്ടില്ല.
തെരട്ടിപ്പാലിന് വരന്റെയും വധുവിന്റേയും അമ്മായിയമ്മയുടെയും ജീവിതത്തിൽ ഒരു പ്രധാന പദവിയുണ്ട്.
വരനെ ഈശ്വരനായി സങ്കല്പിച്ച് കാൽ കഴുകി മന്ത്രങ്ങൾ ചൊല്ലി പ്രത്യേക പൂജ ചെയ്താണ് വധുവിന്റെ അച്ഛൻ വിവാഹ സമയത്ത് സ്വീകരിയ്ക്കുക.
അപ്പോൾ അമ്മായിയമ്മ മരുമകന് സ്പെഷ്യലായി ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരമാണിത്. എന്റെ മകൾക്കൊപ്പമുള്ള നിന്റെ ജീവിതം തെരട്ടിപ്പാൽ പോലെ മാധുര്യമുള്ളതായിരിയ്ക്കട്ടെ എന്ന പ്രാർഥനയോടെയാണ് ഈ പലഹാരം തന്റെ ജാമാതാവിന് ഏത് മാമിയാരും സമർപ്പിയ്ക്കുന്നത്.
മരുമകൾ സ്വന്തം വീട്ടിൽ നിന്ന് ഭർതൃ ഗൃഹത്തിലേയ്ക്ക് പോകുമ്പോഴും മാമിയാർക്ക് കാഴ്ച വെയ്ക്കുവാൻ തെരട്ടിപ്പാൽ കൊണ്ട് പോകും. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധവും എപ്പോഴും മധുരകരമായിരിയ്ക്കണമല്ലോ.
അമ്മീമ്മ ഞങ്ങൾക്ക് തെരട്ടിപ്പാൽ ഉണ്ടാക്കിത്തന്നിരുന്നു. ഞാനും അനിയത്തിയും അവരുടെ കൈപ്പുണ്യം ആസ്വദിച്ചാണ് വളർന്നത്. ബേക്കറിപ്പലഹാരങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ ഒട്ടും സ്ഥാനമുണ്ടായിരുന്നില്ല.
എല്ലാ പച്ചക്കറികളും ഞങ്ങളുടെ അരയേക്കർ പറമ്പിൽ ലഭ്യമായിരുന്നു. രാവിലെ പറമ്പിൽ നിന്നു പറിയ്ക്കുന്ന വെണ്ടയ്ക്കയും പാവയ്ക്കയും മത്തനും പയറും കായുമെല്ലാം ചേർത്ത് ഉണ്ടാക്കുന്ന അതീവ രുചികരമായ വിഭവങ്ങൾ അവർ ഞങ്ങൾക്ക് വിളമ്പി.
ഹരിതശ്രീയൊഴുകുമായിരുന്ന ആ പറമ്പ് തരിശിട്ട് ഞങ്ങൾ ഇപ്പോൾ മെഗാ മാർട്ടുകളിൽ നിന്ന് വാടിയതും കീടനാശിനികളിൽ മുങ്ങിക്കുളിച്ചതുമായ പച്ചക്കറികൾ വാങ്ങിയ്ക്കുന്നു. മച്ചും തട്ടുമുള്ള വീട് എലിയേയും മരപ്പട്ടിയേയും ചിതലിനേയും ഏൽപ്പിച്ച് നഗരങ്ങളിലെ കോൺക്രീറ്റ് ഫ്ലാറ്റുകളിലും എടുപ്പുകളിലും വൻ വാടക കൊടുത്ത് അന്തിയുറങ്ങുന്നു.
സ്വയം പുച്ഛം തോന്നാതിരിയ്ക്കാൻ പലതരം കാരണങ്ങൾ തപ്പിപ്പിടിയ്ക്കുന്നു. ഞങ്ങൾക്കെല്ലാം അമ്മീമ്മയേക്കാൾ ഉയർന്ന വിദ്യാഭ്യാസയോഗ്യതകളും അവസരങ്ങളുമുണ്ടല്ലോ. അതുകൊണ്ട് കാരണങ്ങളും ന്യായങ്ങളും ഞങ്ങളുടെ നാവിൻ തുമ്പിൽ സമൃദ്ധമായി വിളയാടുന്നു.
ഇന്നും ആ വീട്ടിൽ പോകുമ്പോൾ അമ്മീമ്മ ‘കോന്തേ, ഇങ്കെ വറയാ’ എന്നു വിളിയ്ക്കുന്നതു പോലെ തോന്നും.
ആ രൂപവും ആ വിളിയും എല്ലാം ഓർമ്മകൾ മാത്രമായി.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന്.

വർഷങ്ങൾക്കു മുൻപ് ഒരു ശനിയാഴ്ച……….
അമ്മീമ്മയ്ക്ക് സ്കൂളിൽ പോകേണ്ടാത്ത അവധി ദിവസത്തിൽ…….
തെരട്ടിപ്പാൽ ഉണ്ടാക്കാൻ അമ്മീമ്മ തീരുമാനിയ്ക്കുന്നു.
തങ്കമ്മ വലിയ ഒരു പാത്രത്തിൽ പാൽ കൊണ്ടു വരുന്നു, ഗോവിന്നൻ ചാരു കസേലത്തുണി കൊണ്ടുള്ള സഞ്ചി നിറച്ചും പഞ്ചസാര എത്തിയ്ക്കുന്നു, പാറുക്കുട്ടി ഓട്ടുരുളിയും നീളമുള്ള ചട്ടുകവും തേച്ചു മിനുക്കുന്നു, വലിയ വാഴയില വെട്ടിവെയ്ക്കുന്നു, ഗോവിന്നൻ ഹും ഹും എന്ന ഈണക്കത്തിൽ നല്ല ഉണങ്ങിയ വിറക് മഴു വെച്ച് കീറി അടുക്കള വരാന്തയിൽ അടുക്കുന്നു ……… അങ്ങനെ എല്ലാം തയാർ.
എനിയ്ക്ക് ഏഴും അനിയത്തിയ്ക്ക് അഞ്ചും വയസ്സും പ്രായം.
ഇടയ്ക്കിടെ അടുക്കളയിൽ വന്നു എത്തി നോക്കുന്ന ഞങ്ങളോട് അമ്മീമ്മ പറഞ്ഞു.
‘ഇന്നം കൊഞ്ചം നേരം…….‘
അതെ, ഇനിയും കുറച്ചു നേരം. എപ്പോഴാണ് ഈ കുറച്ചു നേരമൊന്നു കഴിഞ്ഞു കിട്ടുന്നത്?
മനസ്സ് നിറയെ തെരട്ടിപ്പാലാണ്. അതിന്റെ മധുരവും സ്വാദുമാണ്.
പലഹാരത്തിന്റെ കൊതിപ്പിയ്ക്കുന്ന മണം നാലുപാടും പരന്നപ്പോൾ കാത്തിരിയ്ക്കുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടായിത്തീർന്നു.
അവസാനം അമ്മീമ്മ പറഞ്ഞു. ‘തെരട്ടിപ്പാൽ റെഡിയായിട്ടുണ്ട്, പക്ഷെ നല്ല ചൂടാണ്, ഇത്തിരി നേരം ആറിയാൽ അത് വിളമ്പിത്തരാം. അതിനു മുൻപ് ഞാൻ പറമ്പിൽ ഒന്നു ചുറ്റി നടന്നിട്ട് വരാം. വല്ലതുമൊക്കെ പെറുക്കി വെയ്ക്കാനുണ്ടാവും.’
അത് അമ്മീമ്മയുടെ ഒരു ശീലമായിരുന്നു. ദിവസത്തിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും പറമ്പിൽ ചുറ്റി നടക്കുക, എല്ലാ ചെടികളോടും മരങ്ങളോടും കുശലം ചോദിയ്ക്കുക, അവയെ ഒന്നു സ്പർശിയ്ക്കുക….. അവർക്കെല്ലാം ജീവനുണ്ടെന്നും അവരെല്ലാം ഞങ്ങളുടെ അടുത്ത ബന്ധുക്കളാണെന്നും ഉള്ള മട്ടിലാണ് അമ്മീമ്മ പെരുമാറിയിരുന്നത്. ഞങ്ങളും അത് പൂർണമായും വിശ്വസിച്ചു പോന്നു.
ആയിരം പുള്ളൈകൾക്ക് സമനാണ് ഒരു മരമെന്ന് അമ്മീമ്മ പറയാറുണ്ടായിരുന്നു.
ഞങ്ങൾ അക്ഷമയോടെ കാത്തിരുന്നു.
ഒടുവിൽ അനിയത്തി പറഞ്ഞു. ‘നീ വാ, നമുക്ക് അടുക്കളേൽ പോയി നോക്കാം.‘
അടുക്കള മുഴുവൻ സുഗന്ധമുയർത്തിക്കൊണ്ട്, വാഴയില ചൂടിയ ഉരുളിയിൽ തെരട്ടിപ്പാലിരിയ്ക്കുകയാണ്.
ഞാനും അവളും കൂടി വളരെ മെല്ലെ ആ വാടിയ വാഴയില എടുത്തു മാറ്റി.
ബുദ്ധിമതിയായ അവൾ നിർദ്ദേശിച്ചു, ‘ പത്ക്കെ ഒന്നു തൊട്ട് നോക്ക്‘
ഒരു വിരൽ കൊണ്ട് തോണ്ടിയാൽ എനിയ്ക്ക് കഷ്ടിച്ച് ഒന്ന് നക്കി നോക്കാനേ സാധിയ്ക്കു. അവൾക്കും കൊടുക്കണ്ടേ? നക്കിയ വിരൽ നന്നായി കഴുകാതെ പിന്നെ പാത്രത്തിൽ തൊടാൻ പാടില്ല. അപ്പോൾ  രണ്ടു വിരലെങ്കിലും കൊണ്ട് തൊട്ട് നോക്കണം.
അങ്ങനെയാണെങ്കിൽ നാലു വിരലും വെച്ച് തൊട്ടാൽ രണ്ട് പേർക്കും ധാരാളം സ്വാദു നോക്കാൻ പറ്റുമല്ലോ.
ഞാൻ പാത്രത്തിലേയ്ക്ക് വിരലുകൾ താഴ്ത്തി.
വിഷുക്കാലത്തെപ്പോലെ ഭയങ്കര ശബ്ദത്തിൽ പടക്കം പൊട്ടുന്നതായി എനിയ്ക്കു തോന്നി.
അത്യുച്ചത്തിലായിരുന്നു എന്റെ കരച്ചിൽ.
കട്ടിക്കുഴമ്പു പരുവത്തിലിരുന്ന തെരട്ടിപ്പാൽ വിരലുകളിൽ പശ പോലെ പിടിച്ചിരുന്നു. ആ വേദനയുളവാക്കിയ ഞടുക്കം എന്നിൽ നിന്ന് പിന്നീടൊരിയ്ക്കലും മാഞ്ഞ് പോയില്ല.
ജീവൻ പോകുന്നതു മാതിരി ഞാൻ അലറിക്കരഞ്ഞപ്പോൾ അമ്മീമ്മ കിതപ്പോടെ ഓടി വന്നു. പച്ചവെള്ളം കൊണ്ട് ധാര കോരവേ വിരലുകളിലെ തൊലി കൂടിയും അടർന്നു വീണു.
വല്ലാതെ ഭീതിപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു അത്.
പിന്നീട് തേൻ കോരിയൊഴിച്ചു.
എന്റെ അലറിക്കരച്ചിൽ പതുക്കെപ്പതുക്കെ തേങ്ങലായി മാറി, കണ്ണീരുണങ്ങിയിട്ടും തേങ്ങൽ എന്നെ കുലുക്കിക്കൊണ്ടിരുന്നു.
പിന്നെപ്പിന്നെ തേങ്ങലും അമർന്നു………
അപ്പോൾ അനിയത്തി എന്റെ അടുത്ത് വന്നിരുന്നു. പൊള്ളിക്കുടന്ന വിരലുകളിൽ മെല്ലെ ഊതി.
എന്നിട്ട് കടുക് പൊട്ടുന്നതു പോലെ പറഞ്ഞു.
‘നീ ഇത്ര വെല്യോരു പൊട്ട്നാന്ന് ഞാനറിഞ്ഞില്ല്. ഒന്ന് തൊട്ട് നോക്കാനല്ലേ പറഞ്ഞ്ത്? അതില് വെരലു മുക്കിപ്പിടിയ്ക്കാൻ പോയെന്തിനാ?‘
തീനാക്കിന്റെ രുചി കാലമെനിയ്ക്കു ആദ്യം പകർന്നു തന്നത് അന്നായിരുന്നു.
വേവിച്ച് പിളർത്തുന്ന അതിന്റെ പുതു രുചികൾക്കുള്ള തയാറെടുപ്പിനു വേണ്ടിയാവാം.

Monday, November 15, 2010

ഫെലുദാ, ഷെർലക് പിന്നെ കാഫ്ക

ഇങ്ങനെ ചുവരിൽ നിറയെ എഴുതി വെച്ചിരിയ്ക്കണതെന്തിനാ എന്നാണോ?
കഥ പറയാനാ.

ഫെലുദാ
(കഥാകാലം പത്തു മുതൽ പതിമൂന്നു വയസ്സു വരെ)
അതെ, അദ്ദേഹമാണ് പ്രദോഷ് സി മിത്തർ. പ്രൈവറ്റ് ഡിറ്റക്ടീവ്………. ഫെലു മിത്തർ എന്ന് വിളിപ്പേരുള്ള, കുട്ടിയുടെ സ്വന്തം ഫെലുദാ - എന്നു വെച്ചാൽ ഫെലുച്ചേട്ടൻ.
കുട്ടിയ്ക്കേതാണ്ട് പത്തു വയസ്സുള്ളപ്പോഴാണ് ഫെലുദായുടെ ചിത്രം ആദ്യമായി കാണുന്നത്.
ഫെലുദാ ചിത്രത്തിൽ നിന്നും നേരെ കേറിയിരുന്നത് കുട്ടിയുടെ മനസ്സിലാണ്.
കുട്ടി വിചാരിച്ചു.
എന്റെ ഫെലുദാ.
ഫെലുദായുടെ ബുദ്ധിശക്തി, നിരീക്ഷണ പാടവം, നിർഭയത്വം, ഏതു വിഷയത്തെക്കുറിച്ചും സംസാരിയ്ക്കുവാനുള്ള കഴിവ്, ഗ്രീക്ക് ഭാഷയിലുള്ള ജ്ഞാനം, വറുത്ത മത്സ്യം കഴിയ്ക്കുമ്പോഴുള്ള സന്തോഷം, കുറിപ്പുകൾ എഴുതുന്ന നീല പുസ്തകം, …………..
ഇങ്ങനെ ഫെലുദായെക്കുറിച്ച് എല്ലാം കുട്ടി വായിച്ച് മന:പാഠമാക്കിയിരുന്നു.
ഗ്രീക്ക് ഭാഷയിലെ അക്ഷരമാല ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ……….എന്ന ക്രമത്തിൽ ഒമേഗ വരെ എഴുതുവാൻ ഡിക് ഷ്നറി നോക്കി കുട്ടി പരിശീലിച്ചു.
ഹേയ്, ഒട്ടും കള്ളത്തരമല്ല.
ഒരിത്തിരി പോലും ഗമയുമല്ല.
അത്രയ്ക്കും സ്നേഹമായിരുന്നു.
ആ അക്ഷരങ്ങളിൽ സ്വന്തം പേരും ഫെലുദായുടെ പേരും കുട്ടിയ്ക്ക് എഴുതുവാൻ കഴിഞ്ഞിരുന്നു.
നോട്ബുക്കിന് നീല നിറം വരുത്താൻ വേണ്ടി നീലക്കടലാസ്സിട്ട് പൊതിഞ്ഞു, പേജുകളുടെ വശങ്ങളിൽ നീല ക്രയോൺ കൊണ്ട് മുറുക്കി വരച്ചു.
ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മാഷമ്മാരും ടീച്ചർമ്മാരും കുട്ടിയ്ക്ക് പുസ്തകങ്ങൾ വൃത്തിയായും ഭംഗിയായും സൂക്ഷിയ്ക്കാനറിയില്ലെന്ന് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു.
പഠിപ്പിയ്ക്കണവരെല്ലാവരും എന്നും എപ്പോഴും അങ്ങനെയാണല്ലോ.
ബംഗാളികളെ അറിയാനായി കുട്ടി ബംഗാളി കവിതകളും കഥകളും നോവലുകളും തേടിപ്പിടിച്ചു വായിയ്ക്കാനാരംഭിച്ചു.
സ്വർണക്കോട്ടയെന്ന പുസ്തകത്തിലാണ് ഫെലുദായുടെ ചിത്രം കണ്ടത്. അപ്പുറത്തെ വീട്ടിൽ താമസിച്ചിരുന്ന മുരളിച്ചേട്ടനെക്കൊണ്ട് ആ പടം കുട്ടി വലുതാക്കി വരപ്പിച്ചു.
ഒരുപാട് അപേക്ഷിയ്ക്കേണ്ടി വന്നു അതിന്.
നന്നായി വരയ്ക്കുന്ന, പത്താം ക്ലാസ്സിൽ പഠിയ്ക്കുന്ന ഒരുഗ്ര പ്രതാപശാലിയല്ലേ ചേട്ടൻ?
‘നീ ഇപ്പോ പോ, പിന്നെയാവട്ടെ‘
‘കൊറെ പഠിയ്ക്കാനുണ്ട്‘
പലവട്ടം ഓടിച്ച് വിട്ടെങ്കിലും ഒടുവിൽ പടം വരച്ച് കിട്ടി.
കാൽ പായ കടലാസ്സിന്റെ വലുപ്പം മാത്രമേ ആ പടത്തിനുണ്ടായിരുന്നുള്ളൂ.
എങ്കിലും ചേട്ടൻ പറഞ്ഞു.
‘ഇത് ഗംഭീര പടാ. നീയ് സൂക്ഷിച്ച് വെയ്ക്കണം. കൊർച്ച് കാലം കഴിഞ്ഞ് വിറ്റാൽ ഒരുപാട് കാശ് കിട്ടും, ആൾക്കാര് പിലുപിലുന്നനെ വരും പടം വാങ്ങാൻ, ഞാൻ ……പിന്നെ……നിനക്കായതോണ്ട് വെറുതെ തന്നതാ……‘
മിനുത്ത് നേർമ്മയേറിയ പ്ലാസ്റ്റിക് കടലാസ് കൊണ്ട് കുട്ടി, പടം പൊതിഞ്ഞ് ഒരു കാർഡ്ബോർഡിൽ ഒട്ടിച്ചു. അതിനു ശേഷം എപ്പോഴും പഠനമേശപ്പുറത്ത് ഫെലുദാ കുട്ടിയെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
അച്ഛന്റെ കാർക്കശ്യമേറിയ ശബ്ദമുയരുമ്പോൾ, ക്രീ നിറമുള്ള ചൂരൽ പുളഞ്ഞുകൊണ്ട് അമ്മയുടെ ദേഹം ചുവപ്പിയ്ക്കുമ്പോൾ ഓരോ രാത്രിയിലും പേടിച്ച് കിടുങ്ങി വിങ്ങിവിങ്ങിക്കരഞ്ഞ് കുട്ടി ഫെലുദായെ വിളിച്ചു നോക്കി , പലവട്ടം.
കുട്ടിയുടെ ഫെലുദാ വന്നില്ലൊരിയ്ക്കലും……….

ഷെർലക്
(പതിമൂന്നു വയസ്സു മുതൽ പതിനേഴു വരെ)
ഷെർലക്കിനെ പരിചയപ്പെടുമ്പോൾ പെൺകുട്ടിയ്ക്ക് പതിമൂന്ന് വയസ്സു കഴിഞ്ഞിരുന്നു. ബൊഹീമിയയിലെ രാജാവിനോട് ഐറിൻ ആഡ്ലർ എന്ന ബുദ്ധിമതിയായ കലാകാരിയെക്കുറിച്ച് ഷെർലക് സംസാരിച്ചത് കേട്ട് അവൾ കോരിത്തരിച്ചു.
അതായിരുന്നു തുടക്കം.
രാജാവിന്റെ ഷേക് ഹാൻഡ് പോലും ഒഴിവാക്കി, ഐറിന്റെ ഫോട്ടോ മാത്രം പ്രതിഫലമായി വാങ്ങി മടങ്ങുന്ന അന്തസ്സുള്ള ഷെർലക്കിനെ പെൺകുട്ടി മനസ്സിൽ എന്നേയ്ക്കുമായി കുടി വെയ്ക്കുകയായിരുന്നു.
പിന്നീട് ഡോക്ടർ വാട്സൻ ഷെർലക്കിന്റെ മേശയ്ക്കുള്ളിൽ ഐറിന്റെ ഫോട്ടൊ കണ്ടെത്തുമ്പോൾ ആഹ്ലാദത്താൽ അവൾ ചിരിച്ചു.
ഷെർലക് പെൺകുട്ടിയുടെ സ്വപ്നങ്ങളെ മഴവില്ലാൽ വർണ്ണാഭമാക്കി.
നിരീക്ഷണവും, സമർപ്പണവും കലയാണെന്ന് ഷെർലക് അവളോട് മന്ത്രിച്ചു. നിർഭയത്വത്തെയും സത്യസന്ധതയെയും നിശ്ചയ ദാർഢ്യത്തെയും കുറിച്ച് വാചാലനായി.
ഷെർലക്കിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പുറം ചട്ടയിൽ ഒരു പടമുണ്ടായിരുന്നു. ആ പുസ്തകം  സ്വന്തം മുറിയിൽ സാമാന്യം ഉയരത്തിൽ പ്രതിഷ്ഠിച്ച് എല്ലായ്പോഴും അദ്ദേഹത്തെ അവൾ കണ്ടുപോന്നു.
ഇംഗ്ലീഷ് കവിതകളും കഥകളും നോവലുകളും വശ്യമായ നറുമണത്തോടെയും വന്യമായ ലഹരിയോടെയും അവളെ അഗാധമായ സമുദ്രങ്ങളിലേയ്ക്കും ഉന്നതമായ പർവത ശിഖരങ്ങളിലേയ്ക്കും മാറി മാറി ഊഞ്ഞാലാട്ടി.
മദ്യപനെങ്കിലും ഉയർന്ന ഉദ്യോഗസ്ഥനായ അങ്കിൾ വീട്ടിൽ നിത്യ സന്ദർശകനായിരുന്ന കാലം കൂടിയായിരുന്നു അത്.
അങ്കിളിന്റെ അധികാര പരിധിയെക്കുറിച്ച് അവളുടെ അച്ഛൻ എന്നും ആവശ്യത്തിലുമധികം വാചാലനായി.
പെൺകുട്ടിയെ വല്ലാതെ, നോവിയ്ക്കുന്ന അവൾക്കൊരിയ്ക്കലും മനസ്സിലാക്കാനാവാതിരുന്ന ചില വിചിത്രമായ ശീലങ്ങൾ അങ്കിൾ പുലർത്തിയിരുന്നു.
‘നീ ഇബ്ടെ വാ, ചോദിയ്ക്കട്ടെ‘
ലഹരിയിൽ കുഴഞ്ഞ നാവുമായി അയാൾ വിളിച്ചു.
ഇരുട്ടിന്റെ കൂർത്ത നഖങ്ങളും പരുക്കൻ മീശത്തുമ്പും അയാളാണ് പെൺകുട്ടിയ്ക്ക് ആദ്യം കാണിച്ചു കൊടുത്തത്. ഭയം കൊണ്ട് വെറുങ്ങലിച്ചു പോയ അത്തരം രാത്രികളിൽ അവൾ ഷെർലക്കിനെ വിളിച്ച് കരഞ്ഞു.
കാണുവാനും സംസാരിയ്ക്കുവാനും കൂടെ താമസിയ്ക്കുവാനും അവൾ ഉൽക്കടമായി മോഹിച്ച ഒരാളായിരുന്നു ഷെർലക്.
കൊക്കേയിൻ ലഹരിയിൽ മയങ്ങിയതാവാം ഷെർലക് ഒരിയ്ക്കലും ആ കരച്ചിൽ കേട്ടില്ല, കേസ് ഏറ്റെടുത്തതുമില്ല………..

കാഫ്ക
(പതിനേഴു മുതൽ പ്രായപൂർത്തിയാവും വരെ………………….)
കാഫ്ക മൂത്താരെക്കുറിച്ച് ആദ്യം പറഞ്ഞത് വി കെ എൻ ആയിരുന്നു.
നല്ല രസം തോന്നി.
ചങ്കു മൂത്താര്, പപ്പ്നു മൂത്താര്, കാഫ്ക മൂത്താര്……….
മൂത്താര് മിലേനയ്ക്കെഴുതിയ കത്തുകൾ വായിച്ചപ്പോൾ അവൾ കണ്ണീരിൽ കുതിർന്നു. ഈ ലോകത്തിന്റെ ഒരു നിയമവും സ്നേഹത്തിനു ബാധകമല്ല എന്നവൾക്ക് മനസ്സിലായി.
വഴിയറിയാതുഴറേണ്ടുന്ന വിഭ്രാന്തിയുടെ കൊട്ടാരവും ഉച്ചസൂര്യൻ പോലുമുരുകുന്ന വിചാരണയും കാഫ്ക അവൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു.
ക്ഷയരോഗത്തിന്റെ ഇരുണ്ടു ചുവന്ന വർണ്ണപ്പൊട്ടുകളിൽ ആ മിഴികൾ കൂമ്പുന്നത് അവൾ കണ്ടു……
കാഫ്കയുടെ മുഖചിത്രമുള്ള പുസ്തകം തലയിണയിൽ ഒപ്പം വെച്ചാണ് അവൾ ഉറങ്ങുവാൻ കിടന്നിരുന്നത്. പുസ്തകത്തെ പുതപ്പിയ്ക്കുവാനും അവൾ മുതിർന്നു.
രോഷാകുലനായ അവളുടെ ഭർത്താവ് പിന്നീട് കാഫ്കയെ പിച്ചിക്കീറി കത്തിച്ചു കളയുകയായിരുന്നു.
കൈകാലുകൾ അകത്തിപ്പരത്തി കിടക്കുമ്പോഴെല്ലാം പശുവിന്റെ മുഖച്ഛായയും അകിടുമുള്ള ഒരു ഷട്പദത്തെക്കുറിച്ച് അവൾ കാഫ്കയോട് മന്ത്രിച്ചു…………..
അപ്പോഴേയ്ക്കും അവൾക്ക് പ്രായപൂർത്തിയായിക്കഴിഞ്ഞിരുന്നു.
പ്രായപൂർത്തിയായ മനുഷ്യർ ഫെലുദയ്ക്കും ഷെർലക്കിനും കാഫ്കയ്ക്കും വേണ്ടി കരയാറില്ല.

Tuesday, November 2, 2010

പൂച്ചമ്മ

അദ്ദേഹവുമായി പിരിഞ്ഞതിനു ശേഷം മഹാ നഗരത്തിൽ ഞാൻ താമസിച്ചിരുന്നത് ഇടുങ്ങിയ, വൃത്തി ഹീനമായ ഒരു തെരുവിലായിരുന്നു.
എപ്പോഴും ബഹളം വെയ്ക്കുന്ന ആളുകളും പശുക്കളും കഴുതകളും തിങ്ങി നിറഞ്ഞ തെരുവായിരുന്നു അത്.
ചാണകത്തിന്റെയും മലത്തിന്റെയും കേടു വന്ന പച്ചക്കറികളുടേയും മടുപ്പിയ്ക്കുന്ന ഗന്ധം തെരുവിലേയ്ക്ക് തുറക്കുന്ന വാതിലുള്ള ആ മുറിയിലും സദാ കെട്ടി നിന്നു.
അദ്ദേഹത്തിന്റെ കൂടെ കഴിയുന്ന കാലത്ത് ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.
അച്ഛന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവും മാത്രമാണു കുഞ്ഞെന്ന് അദ്ദേഹവും ബന്ധുക്കളും പ്രഖ്യാപിച്ചു.
വിളയിറക്കാവുന്ന ഭൂമി മാത്രമാണ് അമ്മയെന്നും ആ ഭൂമിയ്ക്കൊരിയ്ക്കലും വിളയുടെ ഉടയോനാവാൻ കഴിയുകയില്ലെന്നും ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് എല്ലാവരും അഭിപ്രായപ്പെട്ടു.
അധികാരവും പദവിയുമുള്ള അദ്ദേഹത്തിന്റെ ജോലിയും ധനസമ്പത്തും സുഹൃത് ബന്ധങ്ങളും ഈ ഉറപ്പിന്മേൽ അരക്കു മുദ്രയും പതിപ്പിച്ചു.
കുഞ്ഞിനെ പ്രസവിച്ചുവെന്നും അതിനെ സ്നേഹിയ്ക്കുന്നുവെന്നും മാത്രമായിരുന്നു എനിയ്ക്കാകെ ബോധിപ്പിയ്ക്കാനുണ്ടായിരുന്നത്.
അതുകൊണ്ട് കുഞ്ഞിനെ ഒന്ന് കാണുവാനും താലോലിയ്ക്കുവാനും മഹാ നഗരത്തിലെ വിവിധ കോടതികളിൽ കയറിയിറങ്ങേണ്ടത് എന്റെ ദിനചര്യയുടെ ഒരു ഭാഗമായിത്തീർന്നു.
ഞാൻ താമസിച്ചിരുന്ന കുടുസ്സു മുറിയിൽ മിനി എന്ന പൂച്ചയായിരുന്നു എന്റെ റൂം മേറ്റ്.
വെളുവെളുത്ത് അതീവ മൃദുലമായ രോമങ്ങളിൽ പടരുന്ന മഞ്ഞയും കറുപ്പും നിറങ്ങളിൽ അവൾ പരമ സുന്ദരിയായിരുന്നു.
ഞാൻ മണ്ണിഷ്ടികയെണ്ണുന്ന ജോലിയ്ക്ക് പോകുമ്പോൾ അവൾ അയല്പക്കങ്ങളിൽ കറങ്ങി നടക്കും. അടുത്തുള്ള ചെറിയ മാർക്കറ്റിലെ റൊട്ടിക്കടയിലും ഇറച്ചിക്കടയിലും പോയിരിയ്ക്കും. അവിടെ നിന്നെല്ലാം അവൾക്ക് വയറു നിറച്ച് ഭക്ഷണവും ലഭിക്കും.
പിന്നെ അവളുടെ കൂട്ടുകാരുമൊത്ത് മധുരകരമായ, ആഹ്ലാദകരമായ നിമിഷങ്ങൾ പങ്ക് വെയ്ക്കും.
വൈകുന്നേരം ഞാൻ മടങ്ങി വരുമ്പോൾ അവളും തിരിച്ചെത്തും. ചിലപ്പോൾ എന്റെ ഒപ്പം, അല്ലെങ്കിൽ കുറച്ച് കഴിഞ്ഞിട്ട്.
വരുമാനം കുറഞ്ഞ, ചെറിയ ജോലിയിൽ നിന്ന് എനിയ്ക്ക് കോടതിച്ചെലവുകളൊന്നും നൽകുവാൻ കഴിയുമായിരുന്നില്ല.
പോരാത്ത പണത്തിനായി ഞാൻ ജോലി കഴിഞ്ഞ് വന്ന് കൊച്ച് കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു.
മിനി എന്റെ ട്യൂഷൻ വിദ്യാർത്ഥികൾക്കൊപ്പം നിശബ്ദയായി ഇരിയ്ക്കും. ഒരു പേനയും പുസ്തകവും നൽകിയാൽ അവളും എഴുതുമെന്നും ക്ലാസ്സ് മനസ്സിലായില്ലെങ്കിൽ സംശയങ്ങൾ ചോദിയ്ക്കുമെന്നും എനിക്ക് തോന്നുമായിരുന്നു.
കുട്ടികൾ പോയിക്കഴിഞ്ഞാൽ, അടിച്ചു വാരി വെള്ളം തളിച്ച് നിലം തുടച്ച ശേഷം ഒരു പുൽപ്പായ വിരിച്ച് ഞാനുറങ്ങാൻ കിടക്കുമ്പോൾ മിനി അടുത്ത് കിടക്കും.
കുഞ്ഞിന്റെ പടം നോക്കി ഉറങ്ങാതെ കണ്ണീരൊഴുക്കുകയും പിച്ചും പേയും പറയുകയും ചെയ്യുന്ന ഗതികെട്ടതും ദയനീയവുമായ എന്റെ മാതൃത്വത്തെ അവൾ കണ്ണിമയ്ക്കാതെ വീക്ഷിച്ചു.
ഞാനുറങ്ങും വരെ കൂട്ടു കിടക്കാനുള്ള സൌമനസ്യവും അവൾ എന്നും പ്രദർശിപ്പിച്ചുപോന്നു.
തലോടുമ്പോൾ അവൾ കുറുകും. ആ നിമിഷങ്ങളിലൊന്നിൽ അവളുടെ കണ്ണുകൾക്കും മുഖത്തിനും കുഞ്ഞിന്റെ ച്ഛായയുണ്ടാകുമായിരുന്നു.
മുട്ട കഴിയ്ക്കാത്ത, പാൽ കുടിയ്ക്കാത്ത ഞാൻ അവൾക്ക് മുട്ടയും പാലും വാങ്ങി കൊടുക്കും.
എന്റെ വീട്ടുടമസ്ഥൻ ആഗ്രഹം പ്രകടിപ്പിച്ചു.
‘നിന്റെ പൂച്ചയായാൽ മതിയായിരുന്നു.’
ആ കണ്ണുകളിലെ തിളക്കം എന്നെ ഭയപ്പെടുത്തി.
ഒരു ദിവസം ബഹുമാനപ്പെട്ട കോടതി എന്റെ അപേക്ഷ നിഷ്ക്കരുണം തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചു.
അതു കേട്ട് കോടതി മുറിയിൽ ബോധരഹിതയായി വീണ എന്നെ, മുഖം വീർപ്പിച്ചുകൊണ്ടാണെങ്കിലും കാറിൽ വീട്ടിലെത്തിയ്ക്കുവാനുള്ള മനസ്സുണ്ടായി എന്റെ വക്കീലിന്.
അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
പണം ധാരാളമായി ചെലവാക്കുമ്പോഴല്ലേ അവകാശങ്ങളെക്കുറിച്ച് നമുക്ക് എല്ലാവരേയും ധരിപ്പിയ്ക്കാൻ കഴിയുക?
അല്ലാതെ എപ്പോഴും കുഞ്ഞിന്റെ പേരു ഉരുക്കഴിയ്ക്കുകയും കണ്ണീരൊഴുക്കുകയും ബോധം കെട്ട് വീഴുകയുമൊക്കെ ചെയ്തതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
എങ്കിലും ‘നമുക്ക് മേൽക്കോടതിയിൽ അപ്പീൽ പോകാം, രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിലേയ്ക്ക് വരൂ‘ എന്ന് നിർദ്ദേശിച്ചിട്ടാണ് വക്കീൽ മടങ്ങിയത്.
കുഞ്ഞിനു വേണ്ടിയുള്ള ഈ കേസിൽ ഇനി വിജയിയ്ക്കുമെന്ന യാതൊരു പ്രതീക്ഷയും എനിയ്ക്കില്ലായിരുന്നു.
അന്ന് ഞാൻ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു.
അരുതെന്ന് കൈ പിടിച്ച് തടയാനാരുമില്ലാത്ത വിധം ഏകാകിനിയായിരുന്നുവല്ലോ, ഞാൻ.
പ്രതീക്ഷിയ്ക്കാനൊന്നും ബാക്കിയില്ലാതായതിന്റെ ഭാരമില്ലായ്മ എന്നെ ഉന്മാദിനിയാക്കി.
ഫാനിൽ ചുന്നി കെട്ടി തൂങ്ങി മരിയ്ക്കാമെന്നാണ് കരുതിയത്. ആർക്കെങ്കിലും എന്തെങ്കിലും കുറിപ്പ് എഴുതി വെയ്ക്കണമോ എന്ന് ഒരു നിമിഷം ആലോചിച്ചു. ഉരുകിത്തിളയ്ക്കുന്ന കോടതി മുറിയിൽ വാദിച്ച് വിശദീകരിയ്ക്കപ്പെട്ടതും അമ്പേ പരാജയപ്പെട്ട്, തകർന്ന് തരിപ്പണമായതുമായ ഈ ജീവിതത്തെക്കുറിച്ച് എന്താണിനി എഴുതിയിടുവാനുള്ളത്?
കുഞ്ഞിന്റെ അരുമയായ മുഖം മനസ്സിലുയർന്നപ്പോൾ എന്റെ കണ്ണുകളിലൂടെ രക്തം കണ്ണീരായി ഒഴുകി.
നിസ്സാരയായ അമ്മ.
യാചകിയായ അമ്മ.
അനാഥങ്ങളായിത്തീർന്ന പ്രാർത്ഥനകളുടെ അമ്മ.
നിരന്തരമായ ബോധ്യപ്പെടുത്തലുകളിൽ പരിപൂർണ പരാജയമടഞ്ഞ അമ്മ.
ആ നിമിഷത്തിലാണ് മിനി ജനലിലൂടെ മുറിയിലേയ്ക്ക് ചാടിയത്. അവൾ എനിയ്ക്കു ചുറ്റും ഓടി നടന്നു. ‘മ്യാവൂ‘ എന്ന് പരിഭ്രമത്തോടെ വിളിച്ചു. പത്രക്കടലാസ്സുകളിലേയ്ക്ക് മുഖം തിരുകി. നഖങ്ങൾ കൊണ്ട് തറയിൽ മാന്തി. അസാധാരണമായ ഒരു തിടുക്കവും അക്ഷമയും കാണിച്ചു.
അവളെ ശ്രദ്ധിയ്ക്കേണ്ടി വന്ന ഞാൻ മനസ്സിലാക്കി… മിനി പ്രസവിയ്ക്കാൻ പോവുകയാണ്. അതിനുള്ള സൌകര്യമാണവൾ തേടുന്നത്.
പത്രക്കടലാസ്സുകളും കീറിയ അരിച്ചാക്കും ഒരു കടലാസ്സ് പെട്ടിയിൽ വിരിച്ച് ഞാനവൾക്ക് പ്രസവ മുറിയുണ്ടാക്കി. ഉൽക്കണ്ഠയോടെ അവളുടെ ചലനങ്ങൾ ശ്രദ്ധിച്ചു.
മൂന്നു പൂച്ചക്കുഞ്ഞുങ്ങൾ എന്റെ കണ്മുന്നിൽ പിറന്നു വീണു.
പ്രസവിച്ചെണീറ്റ മിനിയ്ക്ക് പാൽ കൊടുത്തപ്പോൾ അവൾ പഴയതു പോലെ കുറുകി. മടിയിൽ കിടന്ന് സമാധാനമായി വിശ്രമിച്ചു.
ആ അമ്മയെ തലോടുമ്പോൾ എന്നിലെ അമ്മ ചാരമായിരുന്നില്ല. കിതപ്പോടെ ചിറകടിയ്ക്കുന്ന പക്ഷിയായിരുന്നു.
പൂച്ചക്കുഞ്ഞുങ്ങൾ കണ്ണ് തുറന്ന ദിവസമാണ് ഞാൻ പരാതിയുമായി മേൽക്കോടതിയെ സമീപിച്ചത്.

Wednesday, October 27, 2010

അയ്മ്പതു ശതമാനം

വേലായുധൻ കുട്ടീന്ന് പറേണ വേലാട്ടിയ്ക്ക് കള്ള് ഷാപ്പ് കത്തിയ്ക്കാനാ തോന്നണത്.
എല്ലാ കഴുവേറി മക്കളും ഇര്ന്ന് ചിരിക്കന്ന്യാണ്. ചന്ദ്രീടെ കാര്യം പറയുമ്പോ എല്ലാര്ക്കും സന്തോഷം. വേലാട്ടിടെ തിക്ക്മുട്ട് ആര്ക്കും അറിയണ്ട.
കഴിഞ്ഞ തവണ മാർക്കിസ്റ്റുകൾക്ക് ഓട്ട് കൊടുക്കാൻ പാടില്ല്യാര്ന്നു. അതോണ്ടാണ് ഈ കൊഴപ്പം വന്നത്. അച്ചുമ്മാനും പെണറായിയ്ക്കും ഒന്നും വേലാട്ടീന്റെ ദണ്ണം കാണണ്ടല്ലോ. അവര്ടെ വീട്ട്കാരൊക്കെ കുടുമ്മത്തിരുന്നോളുവേരിയ്ക്കും.
കോങ്കറ്സ്സ്കാരായിരുന്നൂന്ന്ച്ചാൽ ഒര് കാലത്തും ങ്ങനെ ചതിയ്ക്കില്ലാര്ന്നൂ.അവര് പെണ്ണ്ങ്ങൾടെ വില്ല് ഇപ്പോ ശര്യാക്കാം ഇപ്പോ ശര്യാക്കാംന്ന് പറേണതല്ലാണ്ട് ഒന്നും ചെയ്ത് ങ്ങ്നെ കഷ്ടപ്പാട്ണ്ടാക്കീല്ല്യാ. ഇനീപ്പൊ വല്ല്തും അങ്ങ്നെ വേണ്ടി വന്നാത്ത്ന്നെ അവര്ടെ സൊന്തം ചെല പെണ്ണ്ങ്ങളെ അവടീം ഇവടീം പേരിന് നിറ്ത്തി കാര്യങ്ങട് തീർത്തേനെ.
ഇതിപ്പോ അങ്ങന്യാണോ? പെണ്ണങ്ങള് മാത്രേള്ളൂ ഈ നാട്ട്ല് എന്ന മട്ട്ലാ ഈ തെരഞ്ട്പ്പ്.
ചന്ദ്രിയോട് സ്ഥാനാർത്തിയാവാൻ സമ്മതല്ല എന്ന് പറ്യ്യാൻ ചട്ടം കെട്ടീരുന്നതാ. എന്നാലും പെണ്ണല്ലേ യാതി. നാലാള് പൊക്കീപ്പോ അങ്ങട് മാനത്ത്ക്ക് പൊങ്ങി.
അവളാത്രെ ഈ വാർഡില് മത്സരിയ്ക്കണ്!
വീട്ട്ല് എത്തട്ടെ, നാലെണ്ണം പൊട്ടിച്ച് ഈ സൂക്കേടാ മാറ്റും. വേലാട്ടിയ്ക്കറീല്ലേ അവളെ നെലയ്ക്ക് നിറ്ത്താൻ.
കാര്യം കുടുമ്മശ്രീല് അവള് ഇണ്ട്. അച്ചാറും പലഹാരോം ഇണ്ടാക്ക്ണ പണീം ചെയ്യ്ണ്ട്. കുറ്റ്ം പറ്യാൻ ഒന്നുല്ല. ആയിരം രൂപയൊക്കെ കിട്ട്ണൂം ഇണ്ട്. അവളുക്ക് തിരോന്തരത്ത് വെച്ച് കുടുമ്മശ്രീ മേടത്തിന്റെ കൈയീന്ന് സമ്മാനോം കിട്ടി.
ആ കാശും കൂടി കൊടുത്ത്ട്ടാ ജോസ്കോല് പോയി കമ്മലും വളേം വാങ്ങീത്. തെകയാത്ത കാശ് ആണിനെപ്പോലെ അന്തസ്സായി വേലാട്ടി കൊട്ത്തു. അവള് പണ്ടം കെട്ടി സന്തോഷിയ്ക്കട്ടെ.
അവള് നല്ല പെണ്ണാണ്. വല്യ വാശ്യൊന്നും കാട്ടീട്ടില്ല. കാട്ടീന്ന് തോന്നിയപ്പളൊക്കെ ചെകിട് അടിച്ച് പൊളിച്ചിട്ടൂണ്ട്ന്ന് വെച്ചോ. ആണിനെ പേടിച്ച് കഴീണം പെണ്ണ്, ന്നാലെ കുടുമ്മത്തിനൊറപ്പ്ണ്ടാവൂ.
കുടുമ്മശ്രീലു ചെന്ന് അച്ചാറും പലഹാരോണ്ടാക്കണ പോലല്ല, പഞ്ചായത്ത്ല് മത്സരിയ്ക്കല്. അത് വേലാട്ടിയ്ക്ക് ഇഷ്ടല്ല.
ആണങ്ങള് പണീം കഴിഞ്ഞ് വരുമ്പോ പെണ്ണങ്ങള് വീട്ട്ല് ഇണ്ടാവണം. ഒരിറ്റ് ചായ വെള്ളത്തിനും ഇത്തിരി ചൂട് വെള്ളം കാച്ചി കുളിപ്പെരേ വയ്ക്കാനും മീൻ വെച്ച് വെളമ്പിത്തരാനും ഒക്കെ. തണപ്പ്ത്ത് ഒന്നു പിടിച്ചൂട്ടി നേർത്തെ കെടക്കണംന്ന് തോന്നിയാ പെണ്ണ് വീട്ട്ല് വേണ്ടേ?
പെണ്ണങ്ങള് ജയ് വിളിച്ച് നാട് നന്നാക്കാൻ ഓടിപ്പാഞ്ഞ് നടന്നാ കെട്യോന്മാര് എന്തെടുക്കുംന്നാ ഈ പാർട്ടീക്കാരു വിചാരിച്ചേ?
ഈറ കൊണ്ട് വേലാട്ടി ആഞ്ഞു തുപ്പി.
അയ്മ്പതു ശതമാനം പെണ്ണ്ങ്ങളാത്രേ പഞ്ചായ്ത്ത്ന്! അപ്പോ അത്രേം കുടുമ്മം തൊലഞ്ഞൂന്നാ അർത്തം. പാർട്ടില് അതിന് പെണ്ണ്ങ്ങളില്ലേ ആവോ? അല്ലെങ്കീ പെണ്ണങ്ങൾടെ വാക്ക് കേക്കണതാണ് കേമംന്ന് വിചാരിയ്ക്കണ ചെല കോന്തമ്മാര് ആണങ്ങൾടെ വീട്ട്ന്ന് പെണ്ണങ്ങളെ എറക്കിയാലും മതിയായിര്ന്ന്.
ഈ വേലാട്ടീന്റെ കുടുമ്മം കലക്കീട്ട് വേണോ വാർഡില് ആളെ നിറ്ത്താൻ.
‘കീഴ്ക്കടെള്ള പെണ്ണ്ങ്ങളെ വേണം മത്സരിപ്പിയ്ക്കാൻ. മ്മ്ടെ മേത്ത് കേറണ പെണ്ണ്ങ്ങള് പറ്റ്ല്യ . അവറ്റ പറഞ്ഞാ കേക്കില്ല.’പാർട്ടി മെമ്പ്ര് പറ്ഞാണ്, വേലാട്ടി കേക്കെ. എന്ന്ട്ട് ഒരു വെടലച്ചിരീം. അത് ഇങ്ങനെ കത്തിക്കെട്ക്കാ വേലാട്ടീന്റെ ഉള്ളില്.
ജയിച്ച്ങ്ങട് ചെന്നാ എന്തൊക്ക്യാവോ അവര് പറഞ്ഞാ കേപ്പിക്കാ?
ഇമ്മ്ടെ നാട്ട്ല് ഇള്ളതൊക്കെ ആണങ്ങളുടെ പാർട്ടികളല്ലേ? ആണങ്ങള് അപ്പ്ടി മയക്കി പഞ്ചാരേട്ട് പറഞ്ഞാലും അവമ്മാരടെ ഉള്ളിലിരുപ്പ് എന്താവുംന്ന് വേലാട്ടിയ്ക്ക് അറീല്ലേ? അതിനു കാലത്ത് വേലാട്ടീം നല്ല ഉശിര്ള്ള ഒരാണല്ലേ?
പെണ്ണങ്ങള് ഭരിച്ചിട്ട് നാടൊന്നും നന്നാവാൻ പോൺല്ല. ഇന്ദ്രാഗാന്ധി ഭരിച്ചു, ജയലളിത ഭരിച്ചു, എന്ത് തേങ്ങ്യാ ഇണ്ടായത്?
തമിഴ്മ്മാരും ഹിന്ദീക്കാരും ആണങ്ങളും പെണ്ണങ്ങളും പൊക്കണോം തൂക്കി നമ്മ്ടെ നാട്ട്ലും കൂടി തെണ്ടിത്തിരിഞ്ഞ് വന്ന് കഴീണൂ. തനി പരോശായിട്ട്. കണ്ടാ കഞ്ഞി കിട്ടാത്ത വക. ഇങ്ങനെ കൊറെ ആൾക്കാരെ ഊരു തെണ്ടാൻ വിടീയ്ക്കാനാണാ പെണ്ണങ്ങള് ഭരിയ്ക്ക്ണ്?
വീട്ടിൽ കയറിയതും വേലാട്ടി ഉറക്കെ വിളിച്ചു.
‘ഇവ്ടെ വാടീ നായിന്റെ മോളെ…’
ചന്ദ്രിയ്ക്ക് നല്ല പരിഭ്രമണ്ടായിരുന്നു. വേലാട്ടിയ്ക്ക് ഇഷ്ടല്ല എന്ന് പാർട്ടിക്കാരോട് ആവുന്നത്ര പറഞ്ഞു നോക്കീതാ. കല്യാണീടീച്ചറും കൂടി നിർബന്ധിച്ചപ്പോ എതൃത്ത് നിക്കാൻ പറ്റിയില്ല. കുടുംബശ്രീ ലെ പ്രവർത്തനം ത്ര കേമായത് ടീച്ചറ് പറ്ഞ്ഞൊക്കെ കേട്ടപ്പളാ. തിരോന്തരത്ത് ച്ച് വല്യ മേടത്തിന്റെ കൈയീന്ന് സമ്മാനം മേടിയ്ക്കാൻ പറ്റീതും അതു കൊണ്ടല്ലേ?
ഹാള് നെറച്ചും ആൾക്കാര്ണ്ടാര്ന്നു.
അന്ന്ത്ത് മാതിരി കാത് മൂളണ ഒരു കൈയടി ജീവിതത്തിലിന്നേ വരെ കേട്ട്ട്ട്ല്ല.
ആ സന്തോഷം പറ്ഞ്ഞാ അങ്ങോര്ക്ക് തിരിയില്ല.
കെട്ടും മൂട്ട്ന്ന് മാറിയാ പെണ്ണങ്ങള് മ്മ്ടെ കൈവിട്ട് പെഴച്ച് പോവോന്നാ സകല ആണങ്ങൾടേം ദണ്ണം. ന്റെ കണ്ണ് തെറ്റിയാ ന്റെ പെണ്ണിനേം കൊണ്ട് മറ്റേ ആണ് ഓടോന്ന് പേടിച്ച്ട്ടാ ഓരോ ആണും കഴീണത്. ന്ന്ട്ട് പെണ്ണങ്ങളാ പെണ്ണ്ങ്ങൾടെ ശത്രുക്കള്ന്ന് തൊള്ള പൊളിയ്ക്കേം ചിയ്യും.
പൊറത്തേയ്യ്ക്ക് വന്ന ചന്ദ്രിടെ മൊഖടച്ചാണ് അടി വീണത്.
അവള് തെറിച്ച് പോയി. വേലാട്ടിയ്ക്ക് കലിയാരുന്നു. കലിയടങ്ങോളം അവളെ ചവ്ട്ടിക്കൂട്ടി. അറീന്ന തെറിയോളൊക്കെ അലറി.
കാറലും നെലോളീം കേട്ട് അയലത്ത്കാര്ക്കൊപ്പം കല്യാണി ടീച്ചറും കൃഷ്ണൻ മാഷും വന്നു. മാഷ് വേലാട്ട്യെ പിടിച്ച് മാറ്റി.
വേലാട്ടിയ്ക്ക് ഈറോണ്ട് പ്രാന്ത് കേറി, മാഷ്ടെ മുമ്പിലന്നെ നാലടിയാ കൊടുത്ത്, ചന്ദ്രീടെ ചെപ്പയ്ക്ക്. മാഷും ടീച്ചറും ഒന്ന് പേടിച്ചൂന്ന് കണ്ടപ്പോ വായ തൊറന്നങ്ങട് അലറി.
‘ഇവ്ള് ന്റെ പെണ്ണാ, ഞാൻ ഇവ്ളെ തല്ലും കൊല്ലും, അതെന്റെ ഇഷ്ടാ, ആരാ ചോദിയ്ക്കാൻ വരണ്? ഇവ്ള് ഒരു പഞ്ചായത്ത്നൂല്ല്യാ, അവ്ളെ നിര്ത്തി ആരും ങ്ങനെ ഞെളീണ്ട.‘
അപ്പോ ആരാണ്ടും പറഞ്ഞു, ‘അത് ശര്യാ. അവനാന്റെ വീട്ട് ലെ തല്ലും വഴ്ക്കും മാറീട്ട് ല്ലേ ചന്ദ്രിയ്ക്ക് നാട് നോക്കാമ്പ്റ്റാ. അച്ചാറും പലഹാരോണ്ടാക്കണ മാതിരിയ്ല്ല പഞ്ചായത്ത്ലെ പണീ.’
‘സ്വന്തം കെട്ട്യോനെ ശരിയ്ക്കാക്കാൻ പറ്റാത്തോളാണ് നാട് ശരിയ്ക്കാക്കാൻ പോണ്‘
‘നീയ് സത്യം ചെയ്തു പറേടീ, ഇപ്പോ സത്യം ചെയ്യ്. നീയ് പോൺല്യാന്നു‘ ചന്ദ്രീടെ തലമുടീല് പിടിച്ച് ആട്ടീട്ട്, വേലാട്ടി കൈയോങ്ങി.
ചന്ദ്രി വല്യ് ഒച്ചേല് കരഞ്ഞോണ്ട്, വേലാട്ടി പറഞ്ഞ പോലെ സമ്മതിച്ചു.
മൊഖോം പൊത്തി കൊഴഞ്ഞ് വീണ അവളെ വലിച്ച് അകത്തേക്ക് ഇട്ടിട്ട് വാതല് പൊറത്ത് ന്നും കുറ്റീട്ടു.
‘കൂത്തിച്ചി, പൊറത്തെറങ്ങിയാ അറ്ക്കും ഞാൻ‘
വെറ്ങ്ങ്ലിച്ച് നിന്ന മാഷും ടീച്ചറും ബാക്കി എല്ലാരും പോണ വരെ കാർക്കിച്ച് തുപ്പീം തെറി പറഞ്ഞും മിറ്റത്ത് നടന്ന്.
‘കുടുംബ വഴക്കിലിടപെടരുത്, അതാണ് ശരി. അപ്പോഴേ പറഞ്ഞതല്ലേ? തന്റെ നിർബന്ധം കൊണ്ട് വന്നിട്ട്…….ഞാനിപ്പോൾ നാണം കെട്ടു‘ മാഷ് മടുപ്പ്ല് പിറുപിറുക്ക്ണതും ടീച്ചറ് മുണ്ടാണ്ട് കൂടെ പോയതും കണ്ട്.
അത് കഴിഞ്ഞ് എല്ലാരും പോയപ്പോ വേലാട്ടി വാശിക്ക് തിരിച്ച് ഷാപ്പിലെത്തി. അപ്പ്ഴാച്ചാല് അവ്ട്ത്തെ മുഴോൻ കള്ളും കുടിച്ച് വറ്റിയ്ക്കാൻള്ള ദാഹോണ്ടായി. രണ്ട് കുപ്പിയും കൂടി അകത്താക്കിയിട്ട് വേലാട്ടി മാർക്സിസ്റ്റുകാരെ കുടുമ്മം കലക്ക്യോളെന്ന് പ്രാകി. ടീച്ചറേം മാഷേം പ്രാകീപ്പോ ഇത്തിരി ഒച്ച കൊറ്ച്ചു. ന്തായാലും മ്മ്ടേ അയലക്കം ല്ലേ.
കൈത്തണ്ടയ്ക്ക് നല്ല ബലള്ള വേലാട്ടീടെ പെണ്ണാണ് ചന്ദ്രി. അവള് വീട്ടിനു പൊറത്തിറങ്ങില്ല്യാന്നും അതോണ്ട് വേറാരേങ്കിലും കൊണ്ടന്ന് പഞ്ചായത്താക്കാനും വേലാട്ടി പാർട്ടിയോട് അങ്ങട് പറഞ്ഞാ കൊട്ത്ത്.
നല്ല എരിവുള്ള പാർട്ടിക്കാരൊന്നും അപ്പോ ഷാപ്പില്ണ്ടാരുന്നില്ല. കുറച്ച് തമിഴന്മാരും ഹിന്ദിക്കാരും മാത്രേ ണ്ടാരുന്നുള്ളൂ. അവരൊന്നും വേലാട്ടിയെ ശ്രദ്ധിച്ചൂല്ല.
കുറച്ച് നേരം കൂടി കുത്തിയിരുന്ന് പലതും പുലമ്പിയിട്ട് വേലാട്ടി മുണ്ടഴിച്ച് തലയിൽ കെട്ടി ഇഴഞ്ഞിഴഞ്ഞ് വീട്ടിലേയ്ക്ക് പോയി.
അല്ലാ, ഈ കോലത്ത്ല് വേറെ എങ്ങ്ടാ പോവാമ്പ്റ്റാ?

Thursday, October 21, 2010

വെറും പത്തു പൈസ

കുട്ടി അഞ്ചാം ക്ലാസ്സിലാണ് പഠിയ്ക്കുന്നത്.

ആ വലിയ സ്കൂളിലെ ഏറ്റവും ചെറിയ ക്ലാസ്സിൽ.

വീട്ടിൽ നിന്ന് കുറെ ദൂരെയായിരുന്നു സ്കൂൾ. ഒന്നുകിൽ ബസ്സു വരുന്ന റോഡിലൂടെ പോകണം. അല്ലെങ്കിൽ ഇടവഴിയിലൂടെ നടന്ന് പാടവും അതിനുശേഷമുള്ള കൊച്ച് റബർത്തോട്ടവും കടന്ന് വേണം സ്കൂളിലെത്താൻ.

ബസ്സ് ഓടുന്ന വഴിയേക്കാൾ കുട്ടിയ്ക്കിഷ്ടം ഇടവഴിയും പാടവും റബർത്തോട്ടവും ചവുട്ടി പോകാനായിരുന്നു. ഇടയ്ക്കിടെയുള്ള കിളികളുടെ ചിലയ്ക്കലും കേട്ട് പേരറിയാത്ത പൂക്കളുടെ മണവും ശ്വസിച്ച് പച്ചിലച്ചാർത്തിനുള്ളിൽ സൂര്യ രശ്മികൾ ഒളിച്ചു കളിയ്ക്കുന്നതും കണ്ട്, ഒരു പച്ചച്ച ഗുഹ മാതിരി നീണ്ട് കിടക്കുന്ന ഇടവഴിയിലൂടെ മെല്ലെ മെല്ലെ നടക്കാൻ കുട്ടി ആഗ്രഹിച്ചു.

ഇളം നീലയും ചുവപ്പും മഞ്ഞയും നിറമുള്ള തുമ്പികളെ ആ വഴിയിൽ ധാരാളമായി കാണാമായിരുന്നു. സുന്ദരിക്കോതകളായ മഞ്ഞക്കിളികളും തലയിൽ ചുവന്ന തൂവാല കെട്ടിയ മരം കൊത്തിയും മനോഹരമായ നീലയുടുപ്പിട്ട പൊന്മാനും രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പഠിച്ച് കണ്ണും ചുവപ്പിച്ച് വരുന്ന ചെമ്പോത്തും എല്ലാം കലപില കൂട്ടുന്ന നാട്ടുവഴിയിലൂടെ കൊച്ചു കാലടികൾ പെറുക്കി വെച്ച് കുട്ടി സ്കൂളിൽ പോയി വന്നു.

നാലു കാലുള്ള നങ്ങേലിപ്പെണ്ണിനെ കോലു നാരായണൻ കട്ടോണ്ട് പോയതല്ല വായ മുഴുക്കെ തുറന്ന് ശാപ്പാടടിച്ചതാണ് എന്ന് കുട്ടിയ്ക്ക് മനസ്സിലായത് ആ പാടത്തായിരുന്നു. കോലു നാരായണനെ കണ്ട് പേടിച്ച് വിറച്ച് പോയെങ്കിലും നാരായണൻ കുട്ടിയെ തീരെ ശ്രദ്ധിയ്ക്കാതെ ധിറുതിയായി സ്വന്തം ജോലി നോക്കി കടന്നുപോയി.

മഞ്ഞക്കിളിയെ കണ്ടാൽ മധുരം കിട്ടുമെന്ന് പറയുന്നത് മുഴുവനൊന്നും ശരിയല്ലെന്ന് മനസ്സിലാക്കിയതും അക്കാലത്താണ്. മധുരം ലഭിച്ചില്ലെന്നു മാത്രമല്ല, കണക്കിൽ മാർക്ക് കുറഞ്ഞതിനും ഇംഗ്ലീഷിൽ സ്പെല്ലിംഗ് തെറ്റിച്ചതിനുമൊക്കെ അടിയും കൊള്ളേണ്ടി വന്നു. എന്നാൽ മഞ്ഞക്കിളികളാവട്ടെ കുട്ടിയുടെ തലയ്ക്കു മുകളിലൂടെ നിത്യവും പാറിപ്പറക്കുമായിരുന്നു.

ചെമ്പോത്താണ് ചകോരമെന്ന് കുട്ടിയോട് പറഞ്ഞത് വാര്യത്തെ രാജനാണ്. വേറൊരു കാര്യവും കൂടി രാജന് പറയാനുണ്ടായിരുന്നു. കുചേലൻ ചെമ്പോത്തിനെ ശകുനം കണ്ടിട്ടാണത്രെ ശ്രീകൃഷ്ണനെ കാണാൻ പോയത്. അതുകൊണ്ട് സ്കൂളിൽ പോവുമ്പോൾ ചെമ്പോത്ത് ശകുനമായി വരികയാണെങ്കിൽ ടീച്ചർമാർ ദേഷ്യപ്പെടുകയോ തല്ലുകയോ ഒന്നുമില്ലെന്നും ഒന്നും പഠിച്ചില്ലെങ്കിലും പരീക്ഷയ്ക്ക് നൂറിൽ നൂറു മാർക്ക് കിട്ടുമെന്നും രാജൻ പറഞ്ഞു. അതിനു ശേഷം കുട്ടിയ്ക്ക് ചെമ്പോത്തിനെ കാണുന്നത് വലിയ സന്തോഷമാണ്.

നീലക്കൊടുവേലി എന്നൊരു അൽഭുത മരുന്നുണ്ടെന്നും അതിന്റെ വേര് ചെമ്പോത്തിന്റെ കൂട്ടിൽ കാണുമെന്നും രാജനറിയാമായിരുന്നു. ആ കൂടാണെങ്കിൽ ഇതു വരെ കണ്ടു പിടിയ്ക്കാൻ സാധിച്ചിട്ടില്ല. ആ വേരു കിട്ടിയാൽ പിന്നെ രാജനാരാ? ചക്രവർത്തിയാണ്, ചക്രവർത്തി.

രാജനിതൊക്കെ പറഞ്ഞുകൊടുക്കുന്നത് അവന്റെ അച്ഛമ്മയാണ്. അവർക്കറിഞ്ഞു കൂടാത്ത കാര്യങ്ങളില്ല.

റബർത്തോട്ടത്തിൽ നിന്ന് കുട്ടിയും രാജനും കൂടി റബർക്കുരുക്കൾ പെറുക്കി. രാജന്റെ ട്രൌസർക്കീശയിൽ നിക്ഷേപിച്ചു. കുരു നിലത്തുരച്ച് കൈയിന്മേൽ വെച്ചാൽ ചൂടേറ്റ് തൊലി പൊള്ളുമെന്ന് രാജൻ പറഞ്ഞു. ആ റബർക്കുരുക്കൾ കൊണ്ട് കല്ലു കളിയ്ക്കുന്നമാതിരി കളിയ്ക്കാമെന്നും അമ്മാനമാടാമെന്നും കുട്ടി മനസ്സിലാക്കി.

ഈ ഭാഗ്യമൊക്കെ പൊയ്പോയത് വളരെ പെട്ടെന്നായിരുന്നു.

അമ്പലത്തിൽ വഴിപാട് കഴിപ്പിച്ച അപ്പമായിരുന്നു അന്നത്തെ നാലുമണിപ്പലഹാരം. നല്ല മണവും സ്വാദുമുണ്ടായിരുന്ന അപ്പം കുട്ടി നാലെണ്ണം തിന്നുവെന്നത് നേരാണ്. അതിന് ഇങ്ങനെ പനി വരണോ? ഇത്രയധികം ചർദ്ദിയ്ക്കണോ?

എന്തായാലും പതിനഞ്ചു ദിവസം സ്കൂൾ മുടങ്ങി.

പിന്നെ സ്ക്കൂളിൽ പോകാമെന്ന് തീരുമാനിച്ചതിന്റെ തലേന്നാണ് കുട്ടി വിവരമറിഞ്ഞത്. റബ്ബർത്തോട്ടവും അതിനടുത്തുള്ള പാടവുമൊക്കെ ആരോ വാങ്ങി വളരെ ഉയരത്തിൽ മുള്ളുവേലി നിർമ്മിച്ച് വഴിയടച്ചു കഴിഞ്ഞിരിയ്ക്കുന്നുവത്രെ. ഇടവഴിയിലൂടെ മണ്ണു നിറച്ച ലോറികൾ വന്ന് പാടം നികത്തുകയാണ്. അവിടെ ഒരു വലിയ ആയുർവേദ ഹോസ്പിറ്റൽ വരുന്നു, അതിലെ ജോലിക്കാർക്ക് താമസിയ്ക്കാനാവശ്യമായ വീടുകൾ വരുന്നു, അങ്ങനെ എന്തൊക്കെയോ വരുന്നു.

ആശുപത്രി വന്നാൽ നാട് നന്നാകും, സ്ഥലത്തിന് വില കൂടും.

മുതിർന്നവരെല്ലാം പറയുന്നത്, ആശുപത്രിയും ഫാക്ടറികളും വലിയ വലിയ അമ്പലങ്ങളും മറ്റും നാട്ടിൽ ധാരാളമായി വരണമെന്നാണ്. അപ്പോഴാണ് റോഡൊക്കെ ശരിയായി നല്ല നല്ല വണ്ടികൾ ഓടാൻ തുടങ്ങുക. അങ്ങനെയാണ് നാട്ടിലെല്ലാവരും കാശുകാരായി മാറുക.

എന്തായാലും ടാറിട്ട പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മാത്രമേ ഇനി സ്കൂളിൽ പോകാൻ പറ്റൂ.

കുട്ടി ബസ്സിൽ പോയാൽ മതി എന്ന് വീട്ടിൽ തീരുമാനമായി.

കുട്ടിയുടെ അഭിപ്രായം ആരും ചോദിച്ചില്ല. എങ്കിലും കുട്ടി പ്രതിഷേധിച്ചു നോക്കി. ‘എനിയ്ക്ക് നടന്നു പോവാനാ ഇഷ്ടം‘ എന്ന് പറഞ്ഞു നോക്കി. പക്ഷെ, മുതിർന്നവർക്ക് എല്ലാം അറിയാമല്ലോ, അതുകൊണ്ട് അവരാരും അതൊന്നും കേട്ടതു പോലുമില്ല.

വേറെ വഴിയൊന്നുമില്ലാതെ കുട്ടി ബസ്സിൽ പോകാൻ തുടങ്ങി. പത്ത് പൈസയായിരുന്നു ബസ്സ് ചാർജ്. അങ്ങനെ കുട്ടി എന്നും ഇരുപത് പൈസ ചെലവാക്കിപ്പോന്നു.

ആഴമുള്ള കുഴികളും ഇളകിക്കിടക്കുന്ന കരിങ്കൽക്കഷണങ്ങളും നിറഞ്ഞ ടാറിട്ട റോഡിലൂടെ ബസ്സ് ആടിക്കുലുങ്ങി നീങ്ങുമ്പോൾ കുട്ടി വീഴാതിരിയ്ക്കാൻ വല്ലാതെ ശ്രമപ്പെട്ടുകൊണ്ടിരുന്നു. ആരുടെയൊക്കെയോ കൈയിലും കാലിലും ബസ്സിലെ കമ്പികളിലും മാറി മാറിപ്പിടിച്ച് കുട്ടി മടുത്തു.

പലരുടെ കൈയിലും നല്ല ചൂടുള്ള ചോറു നിറച്ച സ്റ്റീൽ പാത്രങ്ങൾ ഉണ്ടായിരുന്നു. അറിയാതെ അതിൽ തൊടേണ്ടി വന്നപ്പോഴൊക്കെ കുട്ടി പിടഞ്ഞു. പലതരം പൌഡറുകളുടേയും വിയർപ്പിന്റേയും ബീഡിപ്പുകയുടെയും സമ്മിശ്ര ഗന്ധത്തിൽ കുട്ടിയ്ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

ഇടയ്ക്കിടെയുള്ള സഡൻ ബ്രേക്കുകളായിരുന്നു മറ്റൊരു ദ്രോഹം. അപ്പോൾ കുട്ടി ബാലൻസു തെറ്റി വീഴാൻ പോകും, തന്നെയുമല്ല വേറെയാരെങ്കിലുമൊക്കെ അതുപോലെ പത്തോന്ന് കുട്ടിയുടെ പുറത്തു വന്നു വീഴുകയും ചെയ്യും.

പഴയതു പോലെ നടന്നു പോകാൻ കുട്ടി കൊതിച്ചു.

ചെമ്പോത്തും പൊന്മാനും മഞ്ഞക്കിളിയുമൊക്കെ എവിടെപ്പോയിരിയ്ക്കുമോ ആവോ? തുമ്പികളും ചിലപ്പോൾ കൂടെ പോയിരിയ്ക്കും.

കോലു നാരായണനെ കാണുകയൊന്നും വേണ്ട, എന്നാലും എവിടെപ്പോയിരിയ്ക്കും എന്നറിയാനാഗ്രഹമുണ്ട്.

അങ്ങനെ ശ്രമപ്പെട്ട് ബസ്സിൽ യാത്ര ചെയ്യുന്ന കാലത്ത് ഒരു വൈകുന്നേരം കുട്ടി സ്ക്കൂളിൽ നിന്നു മടങ്ങുകയായിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. കൊള്ളാവുന്നതിലുമധികം യാത്രക്കാരെ കുത്തി നിറച്ച് ചുമച്ചും തുപ്പിയും നീങ്ങിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് എന്തുകൊണ്ടോ അന്ന് കുട്ടിയുടെ പക്കൽ നിന്ന് കണ്ടക്ടർ പൈസ വാങ്ങുകയുണ്ടായില്ല. തിരക്കിൽ അയാൾ വിട്ടു പോയതായിരിയ്ക്കാം.

ബസ്സിറങ്ങി പഞ്ചായത്ത് കിണറിന്റെ അടുത്ത് എത്തിയപ്പോഴാണ് ചുരുട്ടിപ്പിടിച്ചിരിയ്ക്കുന്ന കൈയിൽ പത്ത് പൈസാത്തുട്ടുണ്ടെന്ന് കുട്ടി അറിഞ്ഞത്. ബസ്സുകൂലി കൊടുത്തില്ലെന്ന് ഓർമ്മിച്ചപ്പോൾ കുട്ടി പേടിച്ചു പോയി.

ഇനിയിപ്പോഴെന്തു ചെയ്യും?

കുട്ടി നിലവിളിച്ചുകൊണ്ട് ബസ്സിനു പുറകെ ഓടി.

ബസ്സ് കൂടുതൽ ആളുകളെ കുത്തിനിറച്ച് പുറപ്പെട്ടതേയുള്ളൂ. കുട്ടി ബസ്സിന്റെ പുറകേ ഓടി വരുന്നതു കണ്ടപ്പോൾ, ആരോ ബെല്ലടിച്ചതു കൊണ്ടാവാം ബസ്സ് പെട്ടെന്ന് നിന്നു.

കണ്ടക്ടർ വാതിൽക്കൽ നിന്ന് തല പുറത്തേക്കിട്ട് അന്വേഷിച്ചു, ‘എന്താ കുട്ടീ, എന്തു പറ്റി?‘

കുട്ടി കിതച്ചു.

‘ദേ, പൈസ. എന്റെ ബസ്സു കൂലി വാങ്ങീല്ല.‘

ബസ്സിലിരുന്ന മുതിർന്നവരെല്ലാം ഹ ഹ ഹ എന്ന് പൊട്ടിച്ചിരിച്ചു.

‘അയ്യേ! ഒരു പത്ത് പൈസയ്ക്കാ ഇങ്ങനെ ഓടീത്……….’

മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവിനാണ്, ഏതു പ്രവൃത്തിയ്ക്കാണ്, ഏതു കാലത്തിനാണ്, എപ്പോഴാണ് വിലയിടിയുകയും ഉയരുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും കുട്ടിയ്ക്ക് അപ്പോഴുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ എല്ലാവരും പൊട്ടിച്ചിരിച്ചതിന്റെ കാരണം കുട്ടിയ്ക്ക് മനസ്സിലായതുമില്ല.

Monday, September 20, 2010

സുഖാണോ .……….

എപ്പളും സുഖാന്ന് പറേണംന്നാ.
അതെന്താ എപ്പളും?
അങ്ങനെ വേണംന്നാ. പിന്നെ സന്തോഷോം വേണംന്നാ.
അങ്ങനെ വേണന്ന് ആരാ പറഞ്ഞേ?
അച്ഛനാ. അല്ലെങ്കീ പിന്നെം പഷ്ണിയാവൈയ്.
അമ്മ എന്ത് പറഞ്ഞു?
അമ്മ ചത്ത് പോയി.
അയ്യോ! എപ്പോ?
കൊറെ നാളായി, വീട്ട്ല് തിന്നാൻ ഒന്നൂല്ലാത്ത ഒരീസം ങ്ങ്നെ നീലച്ച് കെടന്ന്. ആശൂത്രി കൊണ്ട് പോയപ്പോഴേയ്ക്കും ……..
ഈ സ്ഥലത്ത് എങ്ങനെ വന്നു?
മാമൻ കൊണ്ടന്നതാ.
എവിട്ന്ന്?
വീട്ട്ന്ന്. പണീട്ത്താ വയറ് നെറ്ച്ചും തിന്നാൻ തരുന്ന് പറഞ്ഞ്.
ഇവ്ടെ ആരാള്ള്ത്.?
മാമന്മാരും മാമിമാരും.
എന്താ ഇബ്ടെ പണി?
രാത്രീല് വരണോര്ക്ക് ചോന്ന വെള്ളോം ചിക്കനും കൊട്ക്കല്. പിന്നെ പാത്രം കഴ്കണം.
ആരാ വരാ ഇതൊക്കെ കഴിയ്ക്കാൻ?
ലോറി ഓടിയ്ക്കണ മാമൻമാരും കാറോടിയ്ക്കണ മാമൻമാരും അങ്ങനെ എല്ലാരും വരും.
എത്ര കാശ് കിട്ടും?
കാശില്ല.
അതെന്താത്?
അച്ഛന് കൊറെ കാശ് എന്നെ കൊണ്ടന്ന അന്ന്ന്നെ കൊട്ത്ത്, മാമൻ.
വെശ്ക്കണുണ്ടോ?
ഇല്യാ, ലേശം ചോന്ന വെള്ളോം അഞ്ചാറ് റൊട്ടീം കാലത്ത് തന്ന്. കൊറെ ഉമ്മേം തന്ന്.
ഹെന്ത്?.. ഹാര്?
മാമന്മാര് എന്നും തരും. രാത്രീല് തോനെ ചിക്കനും ചോന്ന വെള്ളോം തരും, എല്ലാരും മാറി മാറി കൊറെ ഉമ്മ തരും. പിന്നെ ഷീണാവുമ്പോ ഒറങ്ങും.
അകത്തേയ്ക്ക് വാടീ പിശാചേ , കടേല് ചായ കുടിയ്ക്കാൻ വരണോരോട് കൊഞ്ചാണ്ട്…….
അയ്യോ! മാമി വിളീക്ക്ണ്ട്. ഇനി ഇബ്ടെ നിന്നാ ചവിട്ട് കിട്ടും.
ഞാൻ……. ഞാൻ……
ചായ കുടിച്ചോളോ…… നല്ല ചായ്യ്യാ….. യാത്രാഷീണം മാറ്ട്ടെ…….

അഴുക്കും പൊടിയും രക്തവും പുരണ്ട ഉണങ്ങാത്ത വ്രണങ്ങളും ഒരു പ്ലാസ്റ്റിക് ബക്കറ്റിലൊതുങ്ങുന്ന സ്ഥാവരജംഗമങ്ങളുമായി എന്റെ ജീവിതം ഞാനലഞ്ഞു തീർക്കവേ………
നാഷണൽ ഹൈവേയിലെ ചായക്കടയിൽ…….. ഒരു പത്തുവയസ്സുകാരി…………………..
കാലക്കണക്കുകളുടെ മറുപുറങ്ങളിൽ പോലും എന്റെ പ്രജ്ഞയെ കുത്തിക്കവരുന്ന ആ ചെമ്പിച്ച മിഴികൾ………..
വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിയ്ക്കുന്നു.

Wednesday, September 8, 2010

പൂവനും പിടയും മുട്ടയും

ആ അഞ്ചു പുരുഷന്മാരും ആർക്കും മുഖം കൊടുക്കാതെ തങ്ങളുടെ ഊഴവും കാത്ത് നിശ്ശബ്ദരായിരുന്നു. എത്ര മാത്രം ഗതികെട്ടത് കൊണ്ടാണ് ഇവിടെയിങ്ങനെ സമയം ചെലവാക്കേണ്ടി വന്നതെന്ന് സങ്കടപ്പെടുകയായിരുന്നു അയാൾ. മറ്റു നാലു പേർക്കും ആ സങ്കടം തന്നെ ഉള്ളിലുണ്ടെന്നയാൾക്കുറപ്പുണ്ട്. അല്ലെങ്കിൽ ഒരേ വിധം അപ്രസന്നമായ മുഖഭാവം എല്ലാവർക്കും കൈവന്നതെങ്ങനെയായിരിയ്ക്കും?

ടി വി സ്ക്രീനിൽ മലയാളം പടങ്ങളിലെ ഗാനങ്ങൾ തെളിയുന്നുണ്ടായിരുന്നു. അതു കാണുകയാണെന്ന വ്യാജേനെ എല്ലാവരും ടി വിയിലേയ്ക്ക് മാത്രം ശ്രദ്ധിച്ച്, ഒന്നു പുഞ്ചിരിയ്ക്കുക പോലും ചെയ്യാതെ പരസ്പരം ഒഴിവാക്കിക്കൊണ്ടിരുന്നു.

നേരത്തെ വന്ന ഒരു നിർഭാഗ്യവാൻ ഡോക്ടറുടെ മുറിയിൽ കയറിയിട്ടുണ്ട്. അയാൾ എന്തൊക്കെ പറഞ്ഞാവുമോ സങ്കടപ്പെടുന്നത്? അതെല്ലാം കേട്ട് കഴിഞ്ഞിട്ട് വേണമല്ലോ ബാക്കിയുള്ളവരെ അകത്തേയ്ക്ക് വിളിയ്ക്കാൻ.

പഴയ വർത്തമാനക്കടലാസ്സുകൾ മാറ്റി പുതിയവ വെയ്ക്കുവാൻ വന്ന അറ്റൻഡറുടെ മുഖത്ത് ഒരു പരിഹാസം തുളുമ്പി നിൽക്കുന്നത് അയാൾ കണ്ടു. നേരത്തെ റിസപ്ഷനിലിരുന്ന കഷണ്ടിക്കാരനും ഇതേ മുഖഭാവമായിരുന്നില്ലേ എന്നയാൾ സംശയിച്ചു. അവരൊക്കെ തികഞ്ഞ ഭാഗ്യവാന്മാരായിരിയ്ക്കാം. അവരെ ‘അച്ഛാ‘ എന്ന് വിളിയ്ക്കാൻ സ്വന്തം രക്തത്തിൽ പിറന്ന മക്കൾ നിര നിരയായി നിൽക്കുന്നുണ്ടായിരിയ്ക്കാം. അല്ലെങ്കിൽ അവരുടെ കാറ്റു തട്ടിയാൽ പോലും ഭാര്യമാർ പച്ചമാങ്ങയ്ക്കും പുളിങ്ങയ്ക്കും കൊതിയ്ക്കുന്നുണ്ടായിരിയ്ക്കാം.

അയാൾക്ക് വലിയ കയ്പു തോന്നി.

ഈ ലോകത്തിലെ ഏതു മണ്ടനും ഏതു മൊശകോടനും ചുമ്മാ പുല്ലു പോലെ സാധിപ്പിയ്ക്കുന്ന ഈ കാര്യം തന്നെക്കൊണ്ട് മാത്രം പറ്റാതെ പോയതെന്ത്?

ആദ്യത്തെ ഒരു വർഷം ആഹ്ലാദം നിറഞ്ഞ ദാമ്പത്യ ജീവിതമാണ് നയിച്ചത്. ഇടയ്ക്ക് മുത്തശ്ശിയോ മറ്റോ വിശേഷമൊന്നും ആയില്ലേ എന്ന് ചോദിയ്ക്കുന്നതൊഴിച്ചാൽ ആർക്കും സുമ ഗർഭിണിയാവാത്തതിൽ വലിയ ഉൽക്കണ്ഠയൊന്നുമുണ്ടായിരുന്നില്ല.

ചില ദിവസങ്ങളിൽ കള്ളച്ചിരിയോടെ ഒരു ചുവന്ന ഹൌസ് കോട്ടും ധരിച്ച് വയറു വേദനിയ്ക്കുന്നുവെന്ന് പറഞ്ഞ് അവൾ കിടക്കയിൽ കമിഴ്ന്നു കിടന്നു.

കാലം പോകെ , എല്ലാവരുടെയും മുഖത്ത് കുറേശ്ശ ആധിയുടെ രേഖകൾ തെളിഞ്ഞപ്പോൾ സുമയുടെ നിറഞ്ഞ കണ്ണുകളിലും ‘നമുക്ക്……….?‘ എന്ന ചോദ്യമുയർന്നു തുടങ്ങിയത് അയാൾ കണ്ടില്ലെന്നു നടിച്ചു.

അവൾ തന്നിലേയ്ക്ക് ചുരുങ്ങി ഒതുങ്ങുന്നതായി തോന്നിയെങ്കിലും എല്ലാ രാത്രികളിലും ആവേശത്തോടെ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് ഉരുവിട്ടു, ‘നീ സങ്കടപ്പെടണ്ട, ഇത്തവണ ഒരുത്തൻ ജനിയ്ക്കും.‘

ആരും ജനിച്ചില്ല.

പിന്നെപ്പിന്നെ ചുവന്ന ഹൌസ് കോട്ടിട്ട അവളുടെ മുഖം കള്ളച്ചിരിയ്ക്കു പകരം നെടു വീർപ്പുകൾ മാത്രം ഉതിർത്തു.

സുമ കാണുന്ന അമ്പലങ്ങളിലെല്ലാം പോകാനാരംഭിച്ചത് അപ്പോഴാണ്. ഓരോ നേർച്ച കഴിഞ്ഞ് വരുമ്പോഴും അവളുടെ മുഖം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പ്രസാദമായി തുളുമ്പി, പിന്നീട് പള്ളികളിലും ജാറങ്ങളിലേയ്ക്കും അവളുടെ കാലുകൾ നീണ്ടു.

പക്ഷെ, തൊഴുതവരൊന്നും അവളെ അനുഗ്രഹിച്ചില്ല.

അമ്മയ്ക്ക് സുമയോട് അകാരണമായ ദേഷ്യം വരുന്നുണ്ടെന്ന് തോന്നിയ ഒരു ദിവസം ‘അമ്മയെന്തിനാ കോപിയ്ക്കുന്നതെ‘ന്ന് ചോദിച്ചപ്പോഴാണ് അമ്മ ചട്ടുകം നിലത്തേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് അലറിയത്.

‘അതതെ, എനിയ്ക്ക് ദേഷ്യം വന്നതാ കുറ്റം? ഒരു മച്ചിയേം വെച്ച് ഇപ്പോ പെറും ഇപ്പോ പെറും ന്ന് നോക്കി ഇരിയ്ക്കാൻ തൊടങ്ങീട്ട് കൊല്ലം മൂന്നാവാനാ പോണേ. പണ്ടത്തെ കാലാച്ചാൽ ആറുമാസായിട്ട് ഗർഭായില്ലെങ്കി ആണങ്ങള് വേറെ പെണ്ണിനെയങ്ങട് കൊണ്ട് രും. അല്ലാണ്ടിങ്ങനെ……. നിന്റെ ഒരു കൊച്ചിനെ കാണാൻ നിക്ക് ആശേണ്ടാവില്ല്യേ, ഇനീപ്പോ ന്താ ചെയ്യാ?”

ആ സ്വരത്തിൽ കോപവും നിരാശയും പകയുമെല്ലാമുണ്ടായിരുന്നു.

അമ്മയോട് മിണ്ടാതിരിയ്ക്കുവാൻ കുറച്ച് കർശനമായിത്തന്നെ പറഞ്ഞ് മുറിയിലേയ്ക്ക് ചെന്നപ്പോൾ സുമ പൊട്ടിക്കരയുന്നതാണ് കണ്ടത്. അമ്മയുടെ വാക്കുകൾ അവളെ വല്ലാതെ തകർത്തിരിയ്ക്കുന്നു.

അമ്മയുടെ ക്രൂരമായ നിലപാടാണ് ആ ആഴ്ചയിൽ തന്നെ ഡോക്ടറുടെ അടുത്തെത്തിച്ചത്.

ചില്ലറ വല്ല പ്രശ്നവുമുണ്ടെങ്കിൽ പോലും അതു സുമയ്ക്കാവുമെന്ന അടിയുറച്ച ബോധ്യമായിരുന്നു. അതാണ് അത്ര അനായാസമായി, ഉൽക്കണ്ഠയൊന്നുമില്ലാതെ ഡോക്ടറെ സമീപിയ്ക്കാനുള്ള മനസ്സുണ്ടായത്.

ആദ്യ പരിശോധനകളിൽ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. സുമയ്ക്ക് വിദ്ഗ്ധമായ പരിശോധന വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവളെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു.

‘നിസ്സാര ട്രാഫിക് ബ്ലോക്കാണ്, ഒരു വിസിൽ വിളിച്ച് റോഡ് ക്ലിയർ ചെയ്യുമ്പോലെ. ഇതൊക്കെ ഇപ്പോ തീരും. പിന്നത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം’

എന്തൊരാത്മവിശ്വാസമായിരുന്നു!

നീർ നിറഞ്ഞ മിഴികളുമായി അപ്പോൾ നിശ്ബ്ദയായിരുന്നുവെങ്കിലും രാത്രിയിൽ മറ്റൊരുവളെ വിവാഹം കഴിയ്ക്കാൻ പറഞ്ഞ് ഭ്രാന്തിയെപ്പോലെ പൊട്ടിക്കരയുകയും മോഹാലസ്യപ്പെട്ട് വീഴുകയുമായിരുന്നു സുമ. അവളെ സമാധാനിപ്പിയ്ക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടതായി വന്നു.

ആ സുമയാണോ ഇപ്പോൾ…………

അയാളുടെ നെഞ്ചിലെ പിടച്ചിൽ ഒരു പൊള്ളുന്ന നിശ്വാസമായി അന്തരീക്ഷത്തിലമർന്നു.

പരിശോധനകൾ നടന്നിരുന്ന കാലമത്രയും സുമ മൂകയായിരുന്നു. അതി ഭയങ്കരമായ ഒരു ദുരന്തത്തെ അവൾ മുൻപിൽ കാണുന്നതായി തോന്നി. രാത്രികളിൽ ഉറങ്ങാതെ മുറിയ്ക്കുള്ളിൽ ചുറ്റി നടക്കുന്നതിന് പലപ്പോഴും ശാസിക്കേണ്ടി വന്നു. ഇടയ്ക്കെല്ലാം കാരണമൊന്നും കൂടാതെ തന്നെ അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞു.

ഒടുവിൽ പരിശോധനകളെല്ലാം തീർന്ന ദിവസം, എല്ലാം പകൽ പോലെ വെളിപ്പെട്ട ആ ദിവസം, ഡോക്ടറുടെ മുറിയിൽ ഇരുന്നുരുകിത്തീരുമ്പോൾ സുമ പറഞ്ഞു, ‘ ഒരു തരി പോലും എന്റെ കുഴപ്പമാവരുതേ എന്ന ഒറ്റ പ്രാർത്ഥനയായിരുന്നു എനിയ്ക്ക്. ദൈവം എന്റെ വിളി കേട്ടു.‘

അയാൾക്ക് പുച്ഛം തോന്നി, വെറുപ്പും അറപ്പും തോന്നി.

ഇത്ര സ്വാർത്ഥയോ ഇവൾ?

അവളുടെ പ്രാർത്ഥനകളിൽ എന്നും അവൾ മാത്രമായിരുന്നുവോ?

എന്നാലും ………

വീട്ടിലെത്തിയ സുമയുടെ ആകൃതി തന്നെ മാറിപ്പോയതായി അയാൾക്കനുഭവപ്പെട്ടു. ഫോൺ ചെയ്ത് എല്ലാവരോടും അവൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിയ്ക്കുമ്പോൾ ആ സ്വരത്തിൽ ആഹ്ലാദവും ആത്മവിശ്വാസവും തുളുമ്പി.

അമ്മ നിറഞ്ഞ കണ്ണുകളോടെ ടി വിയിലേയ്ക്ക് നോക്കി നിശബ്ദയായിരുന്നു.

അച്ഛൻ പത്രത്തിലേയ്ക്ക് മുഖം പൂഴ്ത്തി.

പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ ഉണർന്നിട്ടും അയാൾ വെറുതെ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.

മുറ്റമടിയ്ക്കാൻ വരുന്ന തള്ളയോട് സുമ സംസാരിയ്ക്കുന്നത് അയാൾ മുഴുവനായും കേട്ടില്ല, പക്ഷെ, തള്ളയുടെ മറുപടി വ്യക്തമായിരുന്നു.

‘സൂട്ടും കോട്ടുമിട്ട് മയിസ്രേട്ടായി നടന്ന്ട്ട് എന്താ പലം? കെട്യേ പെണ്ണിനെ പെറീയ്ക്കാൻ പറ്റാത്ത തലേലെഴ്ത്തായില്ല്യേ? മോളടെ ഒരു തലേ വര! എന്താർന്നു അമ്മേടെ ചാട്ടംന്ന് നിശ്ശല്ല്യേ, മച്ചീ മച്ചീന്ന്…..ഇപ്പൊ ന്തായി?’

വൈകുന്നേരം ഓഫീസിൽ നിന്നു മടങ്ങുമ്പോൾ അച്ഛൻ വരാന്തയിലിരുന്ന് ആഴ്ചപ്പതിപ്പ് വായിയ്ക്കുന്നുണ്ടായിരുന്നു

അച്ഛന്റെ മുഖത്തെ വേദനയൂറുന്ന സഹതാപം അയാളെ ചുട്ടു പൊള്ളിച്ചു.

അയാളുടെ ലോകം രണ്ടായി മുറിയുവാൻ തുടങ്ങുകയായിരുന്നു, ഭാര്യയെ ഗർഭിണിയാക്കാൻ സാധിച്ച വിജയികളായ പുരുഷന്മാരുടെയും അതിനു സാധിയ്ക്കാതെ പോയ പരാജിതരായ പുരുഷന്മാരുടേയും തമ്മിൽ പൊരുത്തമില്ലാത്ത ലോകം. അതുകൊണ്ട് അച്ഛനോടും ഒന്നും സംസാരിയ്ക്കാൻ അയാൾക്ക് തോന്നിയില്ല.

സുമയിൽ വന്ന മാറ്റം അവിശ്വസനീയമായിരുന്നു. അമ്പരപ്പിയ്ക്കുന്നതായിരുന്നു.

അമ്പലത്തിൽ പോവുന്ന ഏർപ്പാട് പൂർണമായും അവസാനിപ്പിച്ച അവൾ, പ്രഭാതത്തിലും സന്ധ്യയ്ക്കും വിളക്ക് കൊളുത്തുവാൻ പോലും തയാറായില്ല.

അമ്മയാകാനുള്ള ദാഹത്തെപ്പറ്റി ഫോണിലൂടെ ഉറക്കെയുറക്കെ കൂട്ടുകാരികളോടും ബന്ധുക്കളോടും സുമ സംസാരിച്ചു. ഓരോ തരിയിലും അതു പ്രദർശിപ്പിയ്ക്കുമ്പോഴും അപാരമായ കാരുണ്യവും ദയയും ശബ്ദത്തിൽ നിറച്ചു മാത്രം സംഭാഷണം ഉപസംഹരിയ്ക്കാൻ അവൾ മനസ്സു വെയ്ക്കുകയും ചെയ്തു.

‘പക്ഷെ, ആശയിണ്ടെങ്കിലും നിക്ക് ചേട്ട്നാ എല്ലാറ്റിലും വലുത്, ങ്ങ്നെയായിപ്പോയീന്ന് വെച്ച് ചേട്ട്നെ കളയാൻ പറ്റോ?‘

അയാൾക്ക് മരിച്ചാൽ മതിയെന്നു പോലും തോന്നുകയായിരുന്നു. ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകുമായിരിയ്ക്കാം.

ഒരു രാത്രി അയാൾ പറഞ്ഞു, ‘നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം.‘ സത്യത്തിൽ അയാൾക്ക് പറയാനാഗ്രഹമുണ്ടായിരുന്നത് ‘നമുക്ക് പിരിയാം‘ എന്നായിരുന്നു. അതു പറയാനാവാത്ത സ്വന്തം ദുർബലതയിൽ ലജ്ജിച്ചുകൊണ്ടാണ് ദത്തെടുക്കുന്നതിനെക്കുറിച്ച് അയാൾ സംസാരിച്ചത്.

സുമ തേച്ചു മിനുക്കിയ കത്തി പോലെ പുഞ്ചിരിച്ചു, അവളുടെ ആ മുഖവും കരുതലോടെയുള്ള വാക്കുകളും അയാൾ ജീവിതത്തിലൊരിയ്ക്കലും മറക്കുകയില്ല.

‘ദത്തോ? അതൊന്നും വേണ്ട, ചേട്ടാ.അത് ശരിയാവില്ല. എന്ത് സ്വഭാവള്ള കുട്ട്യാ വരാന്നാര്ക്കാ അറിയാ? വേറൊരാൾടെ കൊച്ചിനെക്കൊണ്ട് ചേട്ടനെ അച്ഛാന്ന് വിളിപ്പിയ്ക്കണ മഹാപാപം ഞാനായിട്ട് ചെയ്യിപ്പിക്കില്ല. ഞാനിങ്ങനെ കഴിഞ്ഞോളാം, അല്ലാണ്ടിപ്പോ ന്താ ചെയ്യാ?’

അയാളെ നിലം പരിശാക്കിയിട്ട് ഒന്നും സംഭവിയ്ക്കാത്തതു പോലെ അവൾ മുഖത്ത് ഒരു ക്രീം തേച്ചു പിടിപ്പിയ്ക്കാൻ തുടങ്ങീ.

അതെ, സ്വന്തമായി അച്ഛനാവാൻ ത്രാണിയില്ലാത്തവൻ അങ്ങനെ അച്ഛനായി ഞെളിയേണ്ട.

വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്ങളിൽ ജനിച്ച് ഇരുപതിരുപത്തഞ്ച് വയസ്സ് വരെ വളർന്ന്, പിന്നെ വിവാഹിതരായി, പരസ്പരം ഭാര്യയെന്നും ഭർത്താവെന്നും വിളിച്ച് ജീവിയ്ക്കുന്നതിലും എളുപ്പമായിരിയ്ക്കില്ലേ ഒരു പിഞ്ചു കുഞ്ഞിനെ വളർത്തി അതിനെക്കൊണ്ട് അച്ഛാ എന്നും അമ്മേ എന്നും വിളിപ്പിയ്ക്കുന്നത് എന്നു ചോദിയ്ക്കാൻ തോന്നിയെങ്കിലും അയാൾ മിണ്ടിയില്ല.

ചിലപ്പോഴെങ്കിലും അയാൾ സ്വപ്നം കണ്ടു.

ഒരൽഭുതം പോലെ സുമ ഗർഭിണിയാകുന്നു.

ഒറ്റത്തവണ മതി.

ഒരിയ്ക്കൽ മാത്രം.

തലയൊന്നുയർത്തിപ്പിടിയ്ക്കാൻ മാത്രം.

ആണാണെന്നറിയിയ്ക്കാൻ മാത്രം.

ആ വിവരമറിയുന്ന നിമിഷം സുമയുടെ മുഖത്ത് നോക്കി ഒന്നു ചിരിയ്ക്കണം. ഒരു ആണിന്റെ ചിരി.

ഈ ഡോക്ടർ വലിയ മിടുക്കനാണത്രെ, ഏതെങ്കിലും നേരിയ പഴുതുണ്ടെങ്കിൽ അദ്ദേഹം വഴിയുണ്ടാക്കിത്തരുമെന്നാണ് കേൾവി.

കൺസൾട്ടിംഗ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അയാൾ തിരിഞ്ഞു നോക്കി.

ടി വി യിൽ പുതിയൊരു ഗാനമുയർന്നു.

‘പൂവന്റെ മുന്നിൽ പിട വന്ന് തിരിഞ്ഞാൽ മുട്ടയിട്ട് മുട്ടയിട്ട്……..‘

Thursday, August 26, 2010

പ്രാന്തത്തി

ദിനേശന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഇങ്ങനത്തെ ഒരു മണ്ടനെയാണല്ലോ ദൈവം തന്റെ ചേട്ടനായി ഭൂമിയിലേയ്ക്ക് പറഞ്ഞു വിട്ടത്. എക്കേടും കെട്ട് ഏതു വഴിയ്ക്കെങ്കിലും തുലഞ്ഞു പോകട്ടെ എന്ന് വിചാരിച്ച് മൌനമായിരിയ്ക്കാനും കഴിയുന്നില്ല. അനിയനാണെന്നു കരുതി ചേട്ടൻ കാണിയ്ക്കുന്ന അബദ്ധങ്ങൾക്കെല്ലാം ഒത്ത് മൂളാനൊക്കുമോ?

ചേടത്തിയമ്മയാണ് എല്ലാറ്റിനും കാരണം.

അവരിവിടെ വന്നു കയറിയ ദിവസം തന്നെ എന്തോ ഒരു കുഴപ്പമുണ്ടെന്ന് തോന്നാഞ്ഞിട്ടല്ല. ആർക്കും പറഞ്ഞാൽ ബോധ്യമായില്ലെങ്കിലോ എന്നു വിചാരിച്ച് മിണ്ടാതിരുന്നതാണ്.

ഒരു പൊടിയ്ക്ക് സ്വർണം ധരിയ്ക്കാതെയാണ് അവർ വന്നത്. കല്യാണം രജിസ്റ്റർ ചെയ്യുമ്പോൾ താലി കെട്ടുന്നത് അവർക്കിഷ്ടമില്ലാത്തതുകൊണ്ട് ചേട്ടൻ അതും ഒഴിവാക്കി. വലിയ പകിട്ടൊന്നുമില്ലാത്ത ചുരിദാറുമിട്ട് ഒരു വധു കയറി വരിക! അമ്മാവന്മാർക്കും വല്യമ്മമാർക്കും മറ്റ് ബന്ധുക്കൾക്കുമൊക്കെ വല്ലാത്ത കുറച്ചിലാണുണ്ടായത്.

അമ്മയും അച്ഛനും കൂടി ചേട്ടന്റെ പ്രേമത്തെ അംഗീകരിച്ചതിന് കിട്ടിയ സമ്മാനമാണിതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

ആഡംബരമൊഴിവാക്കുന്നത് നല്ലത് തന്നെ, എന്നു വെച്ച് താലി കെട്ടാതെയും പട്ടു സാരിയുടുക്കാതെയും മുല്ലപ്പൂ ചൂടാതെയും കല്യാണം കഴിയ്ക്കണോ?

അമ്മയ്ക്ക് നാലാളുടെ മുൻപിൽ നാണം കെട്ടുവെന്ന സങ്കടം അന്നു തുടങ്ങിയതാണ്. മനസ്സു നിറഞ്ഞ് വിളക്കു കൊളുത്തിക്കയറ്റിയതായിരുന്നില്ല അമ്മ. ചേട്ടനെ വേദനിപ്പിയ്ക്കണ്ട എന്നു വെച്ച് സഹിയ്ക്കുകയായിരുന്നു.

ചേട്ടത്തിയമ്മ ആരോടും ഒരക്ഷരം പോലും കയർത്ത് സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നുമില്ല. ആദരവോടെ മാത്രമേ പെരുമാറുകയുള്ളൂ. എപ്പോഴും ഒരു പുഞ്ചിരിയുണ്ടാവും മുഖത്ത്. മൂളിപ്പാട്ടും പാടി സന്തോഷമായി മാത്രമേ അവരെ ഇതു വരെ കാണാൻ പറ്റിയിട്ടുള്ളൂ.

അതു പക്ഷെ, ഈ ലോകത്തു നടക്കുന്ന യാതൊന്നും അവരെ ബാധിയ്ക്കുന്നില്ല എന്ന മട്ടിലൊരു സന്തോഷമാണെന്നാണ് തോന്നുന്നത്. അതാണു എല്ലാവർക്കും ഇത്ര ഉൾഭയം.

അവരുടെ ശീലങ്ങളെല്ലാം വിചിത്രമായിരുന്നു.

പാലും തൈരും വെണ്ണയും നെയ്യുമൊന്നും അവർ കഴിയ്ക്കാറില്ല. സസ്യഭക്ഷണം മാത്രം. അതും ഒരു കിളി തിന്നുന്ന അത്രയും മതി.

മുളപ്പിച്ച പയറും തേങ്ങ ചുരണ്ടിയതും ക്യാരറ്റും തക്കാളിയും വെള്ളരിയ്ക്കയുമാണ് ഇഷ്ടാഹാരം. വാഴപ്പിണ്ടിയും കുമ്പളങ്ങയും കൂടിയായാൽ അവർക്ക് സദ്യയായി.

ചിക്കനും മട്ടണും ബീഫും മത്സ്യവുമെല്ലാം ഇഷ്ടം പോലെ തട്ടിവിട്ടിരുന്ന ചേട്ടൻ അവരുടെ സ്വാധീനത്തിൽ ഒരു പരിപൂർണ സസ്യഭുക്കായി മാറി. അമ്മയുണ്ടാക്കുന്ന ബീഫ് ഉലർത്തിയതും കൊഞ്ചു കറിയും പോലും ഉപേക്ഷിച്ചു.

‘എന്നാലും അവള് വന്നപ്പോ എന്റെ മോന് ഞാൻ വെച്ച ഭക്ഷണം കൂടി വേണ്ടാണ്ടായി‘ എന്നും പറഞ്ഞാണ് അമ്മ അന്ന് സങ്കടപ്പെട്ടത്.

ഒരു പെൺകോന്തൻ തന്നെയാണ് ചേട്ടൻ.

അടുക്കളയിൽ അവരെ ഒരു സഹായിയായി കാണാൻ മാത്രമേ അമ്മ തയാറായുള്ളൂ. തന്റെ ഭാര്യ ഉഷയെ അടുക്കള ഏല്പിയ്ക്കുന്ന മാതിരി അമ്മ ഒരിയ്ക്കലും അവരെ അടുക്കള ജോലികൾ ഏല്പിച്ചില്ല. ആ പാചക നൈപുണ്യം അമ്മയ്ക്ക് അംഗീകരിയ്ക്കാനായിരുന്നില്ല.

പ്ലാസ്റ്റിക്കും പേപ്പറും ഒക്കെ ഉപയോഗിയ്ക്കുന്നതിലാണ് പിന്നെ പ്രശ്നം ഉണ്ടായത്. ആരു ഷോപ്പിൽ പോകാൻ തുടങ്ങിയാലും അവരോടി വന്ന് രണ്ട് തുണി സഞ്ചി കൈയിൽ പിടിപ്പിയ്ക്കും. ഷോപ്പിൽ നിന്ന് പ്ലാസ്റ്റിക് കവറുകൾ വാങ്ങാതിരിയ്ക്കാമല്ലോ എന്നൊരു ന്യായവും പറയും. എങ്ങനെയാണാവോ ഇത്രയും ശ്രദ്ധിച്ച് മറ്റുള്ളവരുടെ നീക്കങ്ങൾ അറിയുന്നത്?

പ്ലാസ്റ്റിക് കവറുകളും കുപ്പികളും കടലാസ്സും ബാറ്ററിയും ചപ്പും ചവറും ഒക്കെ വേർതിരിച്ച് ചാക്കിലാക്കി കെട്ടി വയ്ക്കുന്നതും അതൊക്കെ വാങ്ങിക്കൊണ്ട് പോകുന്ന ചില സന്നദ്ധപ്രവർത്തകർക്ക് കൊടുക്കുന്നതുമാണ് അവരുടെ ഒരു പ്രധാന ജോലി. വേസ്റ്റ് തരം തിരിയ്ക്കുന്നതിൽ വലിയ ആഹ്ലാദമാണ്. കുപ്പി പാട്ട തകരം പെറുക്കുകാരുടെ എം ഡി യാവാനുള്ള എല്ലാ യോഗ്യതകളും തികഞ്ഞ ഒരു സ്ത്രീ.

ഒരു വശം മാത്രം ഉപയോഗിച്ച പേപ്പറുകളൊക്കെ അടുക്കി ക്ലിപ്പിട്ട് വെയ്ക്കും. അതിലാണ് അവരെഴുതുന്നതത്രയും. എല്ലാവരോടും അങ്ങനെ ചെയ്യാൻ പറഞ്ഞു നോക്കുകയും ചെയ്യും.

ഒട്ടും മടുക്കാതെ ഇതൊക്കെ കൃത്യമായി ഇങ്ങനെ ചെയ്യുന്നതിന് അവരെ കഴിഞ്ഞേ വേറെയാരുമുള്ളൂ.

പിന്നെയുമുണ്ട് കിറുക്കുകൾ.

ടാപ്പുകൾ ഫുൾ ഫോഴ്സിൽ തുറക്കരുതെന്നും അനാവശ്യമായി ഇലക്ട്രിസിറ്റി ചെലവാക്കരുതെന്നും അവർ എല്ലാവരോടും പറഞ്ഞു. ഫാനോ ലൈറ്റോ ഓണായി കിടക്കുന്നതു കണ്ടാലുടനെ ഓടി വന്ന് ഓഫ് ചെയ്യുക അവരുടെ പതിവായിരുന്നു. എല്ലാവരുടെയും മേൽ അവർക്കെപ്പോഴും ഒരു കണ്ണുണ്ടാവും.

ചെടികൾ കൊണ്ടു വന്ന് നടുകയും അവയ്ക്ക് വെള്ളമൊഴിച്ച് വളമിട്ട് ശുശ്രൂഷിയ്ക്കുകയും ചെയ്യുന്നത് നല്ലത് തന്നെ. പക്ഷെ,വീട്ടിൽ ഒരു കമ്പോസ്റ്റ് കുഴിയുണ്ടാക്കി അതിൽ ഇന്നയിന്ന സാധനങ്ങൾ ഇട്ട് ആ വളം മാത്രം ഉപയോഗിച്ച് ചെടികൾ വളർത്തണമെന്നായാലോ?

കള പറിയ്ക്കരുതെന്നും ചപ്പും ചവറുമൊന്നും കത്തിയ്ക്കരുതെന്നും മരങ്ങളൊന്നും മുറിയ്ക്കരുതെന്നും ആശിച്ചാലോ?

തീർന്നില്ല, മാരണം. പുകയിലക്കഷായവും തുരിശു ലായനിയും ഉപയോഗിച്ച് വേണം കീടങ്ങളെ അകറ്റാനത്രെ!

വല്ല റോസോ ഓർക്കിഡോ ഒക്കെ നട്ട് പിടിപ്പിച്ചാൽ നാലാൾ വരുമ്പോൾ കാണാനൊരു ഗമയുണ്ട്. അതിനു പകരം ചെറൂള, കൃഷ്ണക്രാന്തി, ബ്രഹ്മി, കയ്യോന്നി…….ഈ ജാതി ആർക്കും വേണ്ടാത്ത ചെടികളും തനി നാടൻ പച്ചക്കറികളുമാണ് അവർക്കിഷ്ടം. കുറെ ചെമ്പരത്തിയും നട്ടിട്ടുണ്ട്. പൂത്താൽ അവരുടെ ചെവിയിൽ തന്നെ വെയ്ക്കാം. നല്ല ചേർച്ചയായിരിയ്ക്കും .

ചേടത്തിയമ്മയുടെ തടവിലായി എന്നും പറഞ്ഞാണ് അമ്മയുടെ സങ്കടം.

‘അവള് പറേണോട്ത്ത് വേണ്ടേ ഞാൻ മുള്ളാനും തുപ്പാനും? എന്റൊരു തലേലെഴുത്ത് !‘

അതു കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.

പെൺകുട്ടികളുടെ ഭർത്താക്കന്മാർ ഭാര്യാഗൃഹത്തിന്റെ ശീലങ്ങളും രീതികളുമെല്ലാം അപരിഷ്കൃതമാണെന്ന് പറയാറുണ്ടെങ്കിലും ആൺകുട്ടികളുടെ ഭാര്യമാർ ഭർതൃഗൃഹവുമായി ഇണങ്ങിച്ചേരുന്നതല്ലേ നാട്ടു നടപ്പ്. ഭർതൃഗൃഹം പരിഷ്ക്കരിയ്ക്കാൻ സ്ത്രീകൾ സാധാരണ തുനിയാറില്ല.

ഉഷയ്ക്ക് ഇത്തരം പരിഷ്ക്കാരഭ്രമമൊന്നുമില്ല. ഉണ്ടായാൽ നിർത്തേണ്ടിടത്ത് നിറുത്താൻ തനിയ്ക്കറിയാം. ചേട്ടനല്ല ഈ ദിനേശൻ.

ആകെ മൂന്നാലു പരുത്തിക്കുപ്പായങ്ങളേയുള്ളൂ അവർക്ക്. കല്യാണത്തിനായാലും പാർട്ടികൾക്കായാലും അതുമിട്ട് ഇറങ്ങിക്കോളും. തലമുടി ബോബ് ചെയ്തതുകൊണ്ട് ഇലയും പൂവുമൊന്നും ചൂടേണ്ട. കുളിച്ച് ഒരുങ്ങിയിറങ്ങാൻ അഞ്ചു മിനുട്ട് തികച്ച് എടുക്കില്ല. തലയുയർത്തിപ്പിടിച്ച് അവർ നടന്ന് വരുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്.

ചേട്ടൻ അഭിമാനത്തോടെയും ആരാധനയോടെയും അവരെ നോക്കിയിരിയ്ക്കുന്നതു കാണുമ്പോൾ ചിരി വരും. ഉഷ ചിലപ്പോൾ അമ്മയെ നോക്കി അമർത്തിച്ചിരിയ്ക്കുന്നതു കാണാം.

ഇടയ്ക്കിടെ ലൈബ്രറിയിലേയ്ക്ക് ഒരു പോക്കുണ്ട്. അവർക്കൊഴിച്ച് വേറെയാർക്കും വായിച്ചാൽ മനസ്സിലാവാത്ത ചില പുസ്തകങ്ങൾ കൊണ്ടു വരും. അമ്മയും ഉഷയും വായിയ്ക്കുന്ന വനിതയും ഗൃഹലക്ഷ്മിയുമൊന്നും മറിച്ചു കൂടി നോക്കില്ല.

റോഡിലോ ബസ്സിലോ ഒക്കെ വച്ച് വല്ല കമന്റും കേട്ടാൽ, ആരെങ്കിലും ഒന്നു തോണ്ടുകയോ മറ്റോ ചെയ്താൽ പ്രതികരിച്ചേ മടങ്ങൂ. കുടുംബക്കാരായ പെണ്ണുങ്ങൾക്ക് സാധാരണ ഇത്തരം കാര്യങ്ങൾ പരസ്യപ്പെടുന്നത് ഇഷ്ടമാവാറില്ല. ഇത് നേരെ തിരിച്ചാണ്. അതുകൊണ്ടെന്തായി? രണ്ട് പ്രാവശ്യം പോലീസ് സ്റ്റേഷനിലും പോകേണ്ടി വന്നു. പരാതി കൊടുത്താൽ പിന്നെ അതിന്റെ പിന്നാലെ നടക്കാതെ പറ്റുമോ?

അമ്മയ്ക്ക്തോടെ മതിയായി. അന്നാണ് അമ്മ പറഞ്ഞത്, ‘ഓ! ആരെങ്കിലും ഒന്നു തോണ്ടുമ്പളേയ്ക്കും അലിഞ്ഞു പോന്ന ഒരു ചാരിത്ര്യക്കുടുക്ക!’

ചേട്ടന്റെ തലേലെഴുത്ത്. അല്ലാതെന്താ?

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന രീതിയിൽ, സ്ത്രീകളിൽ കാണാറുള്ള ഒരു തരം ഭയമുണ്ടല്ലോ, അതവരെ തൊട്ടു തീണ്ടിയിട്ടില്ല. മുറ്റത്ത് ഒരു മൂർഖൻ പാമ്പിനെ കണ്ട ദിവസം പോലും അവർ ഭയന്നില്ല, തന്നെയുമല്ല അതിനെ കൊല്ലരുതെന്ന് ആവുന്നത്ര വിലക്കുകയും ചെയ്തു.

ആരും അത് ചെവിക്കൊണ്ടില്ലെങ്കിലും.

ജന്തുസ്നേഹം കലശലാണ്, അതുകൊണ്ട് പരിക്കേറ്റ ഏതു മൃഗത്തെ കണ്ടാലും വീട്ടിലേയ്ക്ക് കൊണ്ട് വരും. അതിന്റെ അസുഖം മാറ്റിയിട്ടേ പറഞ്ഞു വിടൂ. അത്തരം ശല്യങ്ങൾ അമ്മയെ ഇത്തിരിയൊന്നുമല്ല വെറുപ്പിച്ചിട്ടുള്ളത്.

പാവം അമ്മ.

കമ്പ്യൂട്ടർ എൻജിനീയറായ ചേട്ടന് അന്യായ ശമ്പളമാണ് കിട്ടുന്നതെന്ന് അവർ പറഞ്ഞപ്പോൾ ഒന്നിലും ഇടപെടാത്ത സമാധാന പ്രിയനായ അച്ഛനും കൂടി മൂക്കത്ത് വിരൽ വെച്ചു പോയി. ആ ശമ്പളം കൊണ്ടല്ലേ ഇത്ര ആർഭാടമായി കഴിയാൻ സാധിയ്ക്കുന്നത്?

അവർക്കതിനുമുണ്ടല്ലോ ഒരു സ്പെഷ്യൽ അഭിപ്രായം.

ആർഭാടമായി ജീവിയ്ക്കുന്നത് തെറ്റാണത്രെ.

അഞ്ചാറു തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുന്നത്, വിലപിടിച്ച വസ്ത്രങ്ങൾ വാങ്ങുന്നത്, വജ്രം പതിച്ച സ്വർണാഭരണങ്ങൾ ധരിയ്ക്കുന്നത്, വില കൂടിയ നല്ല കാറിൽ സഞ്ചരിയ്ക്കുന്നത്…………….

അവരുടെ നോട്ടത്തിൽ എല്ലാം പാടില്ലാത്ത കാര്യങ്ങളാണ്.

അവരുടെ ദിവ്യവാണിയിൽ മയങ്ങി ചേട്ടൻ എട്ട് കിലോ മീറ്റർ ദൂരെയുള്ള ഓഫീസിലേയ്ക്ക് സൈക്കിളിൽ പോകാൻ തുടങ്ങി. അമ്മയ്ക്ക് അതു തീരെ സഹിയ്ക്കാൻ സാധിച്ചിട്ടില്ല.

ചേട്ടന് ക്ഷീണമാവില്ലേ, ബസ്സും കാറും ഓടണ വഴിയല്ലേ, അപകടമെന്തെങ്കിലും വന്നാലോ എന്നാണ് അമ്മയുടെ ആധി.

‘അവൾക്ക് ഭർത്താവിനെ വേറെ കിട്ടും, എനിക്ക് മോൻ വേറെ കിട്ട്ല്യ‘ എന്നു പിറുപിറുക്കുമ്പോൾ അമ്മ പല്ലു കടിയ്ക്കുന്നുണ്ടായിരുന്നു.

അത്യാവശ്യത്തിലധികമായി എന്തുപയോഗിയ്ക്കുന്നതും ഒന്നിനും നിവൃത്തിയില്ലാത്തവരോടുള്ള ക്രൂരതയാണെന്ന് അവർ പറഞ്ഞപ്പോൾ അച്ഛന്റേയും അമ്മയുടേയും മുഖം കറുത്തു.

കഷ്ടിച്ച് ചെലവ് കഴിഞ്ഞ് പോയിരുന്ന ആ പഴയ കാലം അവരിരുവരും ഇപ്പോൾ ഓർക്കാൻ പോലും ആഗ്രഹിയ്ക്കുന്നില്ല.

അതുകൊണ്ട് തന്നെ ധനമുണ്ടാകുമ്പോൾ വന്നു കൂടുന്ന വിലയും നിലയുമൊന്നും കാര്യമില്ലെന്നുള്ള ചേടത്തിയമ്മയുടെ വാദം അമ്മയ്ക്കും അച്ഛനും അസഹ്യമായിരുന്നു.

ചേട്ടൻ ജോലി രാജി കൊടുത്ത് ഒരു മൂന്നാലേക്കർ പറമ്പ് വാങ്ങി അവരു രണ്ട് പേരും കൂടി കൃഷിയൊക്കെ ചെയ്ത്, ജീവിയ്ക്കാനാവശ്യമുള്ള സാധനങ്ങൾ ആ പറമ്പിൽ നിന്ന് തന്നെ ഉണ്ടാക്കി അങ്ങനെ കഴിയുന്നതാണ് ചേടത്തിയമ്മക്കിഷ്ടം.

പഴയ കെട്ടിടങ്ങൾ പൊളിച്ച് വില്പനയ്ക്ക് വച്ചിരിയ്ക്കുന്നവരുടെ അടുത്ത് നിന്ന് കെട്ടിടം വെയ്ക്കാനാവശ്യമായ പദാർത്ഥങ്ങൾ വാങ്ങി വീട് വെച്ച് ഓല കൊണ്ടോ പുല്ലു കൊണ്ടോ മേഞ്ഞ് അതിൽ താമസിയ്ക്കുവാനാണ് അവരാഗ്രഹിയ്ക്കുന്നത്.

അമ്മയും അച്ഛനും ചത്തിട്ട് മതി, ആ അക്രമം കാണിയ്ക്കുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ അവരും ചേട്ടനും കൂടി ചിരിച്ചതേയുള്ളൂ.

ഓഫീസിൽ നിന്നെത്തി വൈകുന്നേരത്തെ ചായ കുടിയ്ക്കുകയായിരുന്നു. ഉഷ കൊഞ്ചലോടെ അടുത്ത് വന്നിരുന്നു.

‘ഈ ചേട്ടത്തീടെ കാര്യമറിഞ്ഞോ‘ എന്ന് അവൾ ചോദിച്ചപ്പോഴാണ് കാര്യമെന്താണെന്നന്വേഷിച്ചത്.

ഉഷ മടിച്ച് മടിച്ച് സംസാരിച്ചു.

‘ചേട്ടത്തിയ്ക്കു മുൻപേ അനിയത്തി പ്രസവിയ്ക്കൂലോ എന്ന് അടുക്കളയിൽ നിൽക്കണ കുട്ടിയമ്മ അവരോട് പറഞ്ഞുവത്രെ.‘

‘നിന്റെ ഗർഭം ഞാനുണ്ടാക്കിത്തന്നതല്ലേ, അതിന് കുട്ടിയമ്മയ്ക്കെന്താ?‘

‘ഈ ദിനേശേട്ടൻ, മുഴുവൻ കേൾക്കാണ്ട് ഓരോന്ന് പറയാച്ചാൽ ഞാനിനി ഒന്നും പറയണില്ല.‘

‘എന്നാൽ ശരി, നീ പറയ്.‘

‘അപ്പോ കുട്ടിയമ്മേ നോക്കി വെറുതേ ചിരിച്ചിട്ട് ചേട്ടത്തി എന്നോട് പറഞ്ഞതാ. അവർക്ക് ശരീരം കൊണ്ട് അമ്മയാവാനൊന്നും ആശല്യാത്രെ.‘

‘നീയെന്താ പറഞ്ഞോണ്ട് വരണേ? അമ്മയാവാൻ ആശയില്ലാത്ത പെണ്ണുങ്ങള് ഈ ഭൂമീലില്ല. ഇതുവരെ ജനിച്ചിട്ടില്ല, ഇനി ജനിയ്ക്കാനും പോണില്ല.‘

വലിയ ചെലവൊന്നുമില്ലാത്ത ഒരു പൊതു വിജ്ഞാനമാണ് ഉഷയുടെ മുൻപിൽ വിളമ്പിയത്.

‘അതേതെ. അതും പറഞ്ഞ് ഇരുന്നാ മതി. ചേട്ടനും അവരും കൂടി ഒരു കുട്ടിയെ ദത്തെടുക്കാൻ പോവ്വാത്രെ. എത്ര അനാഥ കുട്ടികളുണ്ട് ഈ ലോകത്തില്. അതിലൊരാൾക്ക് നല്ല ജീവിതമുണ്ടാക്കാൻ പറ്റിയാ നന്നായില്ലേന്നാ അവരു ചോദിയ്ക്കണേ. ഇല്ലാത്ത ഒരു കുട്ടിയെ ഭൂമിയിലേയ്ക്ക് കൊണ്ടന്ന് വളർത്തണേനു പകരം ഉള്ള കുട്ടികളെ നോക്കല്ലേ വേണ്ടേന്ന്.’

ഈ സ്ത്രീ എന്തിനുള്ള പുറപ്പാടാണ്? പ്രാന്ത് മൂത്ത് വല്ല ചാക്കന്റേയും പോക്കന്റേയുമൊക്കെ കൊച്ചിനെയും ഏറ്റിക്കൊണ്ട് വരുമോ? ഏതോ ഒരു അശ്രീകരം പിടിച്ച കുട്ടി വന്ന് തന്നെ കൊച്ചച്ഛാ എന്നു വിളിയ്ക്കുന്ന ഗതികേടാവുമോ? അതോ ഇനി അവർ തന്നെ നേരത്തെ രഹസ്യമായി പ്രസവിച്ച കുട്ടിയുണ്ടായിരിയ്ക്കുമോ വല്ല ദിക്കിലും?

ചേട്ടൻ ഇത്ര ഒരു മന്തനായിപ്പോയല്ലോ. അവരുടെ കിറുക്ക് കൊണ്ട് ചേട്ടന് വന്നു ഭവിയ്ക്കാവുന്ന ഗതികേടിനെക്കുറിച്ച് ഉഷയോടും പിന്നെ അച്ഛനമ്മമാരോടും വിശദമായി സംസാരിയ്ക്കണമെന്നുറപ്പിച്ചിട്ടാണ് അന്ന് കിടന്നുറങ്ങിയത്.

പക്ഷെ, പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ വൈകി, ഓഫീസിൽ ചെന്നതും ഒരാഴ്ചത്തെ ടൂർ പ്രോഗ്രാം വന്നു. ഇനി സംസാരമെല്ലാം ടൂറ് കഴിഞ്ഞ് വന്നിട്ടേ പറ്റൂ.

ടൂറ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേയ്ക്കും വീട്ടിൽ നല്ല ചർച്ചയായിക്കഴിഞ്ഞിരുന്നു.

അടുക്കളയിലെ കുട്ടിയമ്മയ്ക്കാണത്രെ അഭിപ്രായം തുറന്നു പറയാൻ ആദ്യം ധൈര്യം വന്നത്.

‘തലയ്ക്ക് ഇത്തിരി സ്ഥിരതക്കുറവുണ്ടോന്നാ ആദ്യം നോക്കേണ്ടത്.‘

അമ്മയ്ക്ക് അത് ശരിയാണെന്നു നേരത്തെ തോന്നിക്കഴിഞ്ഞിരുന്നു. പക്ഷെ, അത് അമ്മായിയമ്മപ്പോരായി വ്യഖ്യാനിയ്ക്കപ്പെട്ടാലോ എന്നായിരുന്നു പാവത്തിന്റെ ഭയം. അച്ഛനും ഉഷയും കൂടി സംശയം ശരിവെച്ചപ്പോഴാണ് അമ്മയ്ക്ക് മെല്ലെ അക്കാര്യം അവതരിപ്പിയ്ക്കാനായത്.

മനോവേദന കൊണ്ട് അമ്മ കരയുകയായിരുന്നു.

‘അവനെതിർത്താൽ അവള് വല്ല അതിക്രമോം കാണിച്ചാലോ? അവനെന്റെ കണ്മണിയാണ്. ഒരു നട്ട പ്രാന്തത്തീടെ കൂടെ കഴിയാനാണല്ലോ ഈശ്വരൻ വഴി വെച്ചത്. എന്റെ മോനെ…….. ഓർത്തിട്ട് എനിയ്ക്ക് സഹിയ്ക്കണില്ലടാ………‘

ചേടത്തിയമ്മയ്ക്ക് ലേശം ലൂസുണ്ട്. അതാണ് സത്യം.

ചേട്ടന് സമാധാനമായി ജീവിയ്ക്കണമെങ്കിൽ അവരെ ചികിത്സിയ്ക്കുക തന്നെ വേണം.

വീട്ടിലിരുന്ന് ചേട്ടനുമായി ഇക്കാര്യമെങ്ങനെ പറയും? അതുകൊണ്ടാണ് വൈകുന്നേരം ചേട്ടന്റെ ഓഫീസിലെത്തിയത്.

അധികം വളച്ചു കെട്ടാനൊന്നും നിന്നില്ല. അല്ലെങ്കിലും ആ വക പരിപാടിയൊന്നും തനിയ്ക്കറിയില്ല.

കാര്യം പറഞ്ഞപ്പോൾ ചേട്ടൻ കുറച്ച് നേരം നിശ്ശബ്ദനായി ഇരുന്നു.

പിന്നെ പറഞ്ഞതിതാണ്.

‘അവളുടെ പ്രാന്ത് ചികിത്സിച്ച് മാറ്റേണ്ടതല്ല, ദിനേശാ. നിനക്ക് അത് മനസ്സിലാവാത്തതുകൊണ്ടാണ്. ഈ തരം പ്രാന്ത് കൂടീട്ട് അവളെന്നെ ഉപദ്രവിച്ചാലോ എന്നല്ലേ നിന്റെ പേടി? ഞാൻ അത് സഹിച്ചോളാം. അവളുടെ പ്രാന്തു കാരണം വീട്ടിലെല്ലാവർക്കും ബുദ്ധിമുട്ടാവണതിന് എന്താ വഴി എന്നാലോചിയ്ക്കാം. എന്നെ പറ്റി ആധി പിടിയ്ക്കണ്ട.‘

പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. എല്ലാർക്കും അവരവരുടെ തലേലെഴുത്ത് പോലെയേ ജീവിയ്ക്കാനാകൂ.

അക്കാര്യം ഉഷയോട് പറഞ്ഞപ്പോൾ അവളുണ്ട് കണ്ണീരൊലിപ്പിയ്ക്കുന്നു!

ഈ വന്നു കയറുന്ന പെണ്ണുങ്ങളൊക്കെയും പ്രാന്തത്തികളാണോ?

എന്റെ ഈശ്വരാ!..........

Wednesday, August 11, 2010

ബോയ്ഫ്രണ്ട്

(തര്‍ജ്ജനി, ജൂണ്‍ 2010, Volume 6, No. 6 ൽ ഈ കഥ വന്നിരുന്നു.)

അച്ഛാ…

അച്ഛാ……

ഉം.

അച്ഛാ…………….

എന്താ?

എനിക്ക് ..

നിനക്ക്..?

എത്ര വയസ്സായി?

നിനക്കോ? നിനക്ക് ……… ഇരുപതാവാൻ പോകുന്നു.

ആ, അപ്പോ അച്ഛനറിയാം. ഞാൻ ഒരു സുന്ദരീം മിടുക്കീം നല്ല സ്വഭാവള്ള കുട്ടീമല്ലേ?

പിന്നെ അല്ലേ? അച്ഛനക്കാര്യത്തിലൊന്നും ഒരു സംശയവുമില്ല.

എന്നാലേ …….എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം.

ആരെ?

ഇതെന്താ ചെവി കേക്കാത്ത മാതിരി……. എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം.

ഓ. അങ്ങനെ, ബോയ് ഫ്രണ്ട്.

ആ, അതന്നെ, ഒരു ബോയ്ഫ്രണ്ട്. കോളേജിലെല്ലാർക്കും ഉണ്ടച്ഛാ, എന്റെ മിക്കവാറും എല്ലാ കൂട്ടുകാരികൾക്കും ഉണ്ട്.

അതേയോ? അപ്പോ നിനക്കും വേണം. ശരി തന്നെയാ. ആട്ടെ, എന്തിനാ നിനക്ക് ബോയ്ഫ്രണ്ട്?

അത്…… പിന്നെ, ആങ്….കോളേജ് വിടുമ്പോ ഗേറ്റിലു കാത്ത് നിൽക്കാൻ…

അതു മതിയോ?

ഈ അച്ഛൻ……അതൊന്നും പോരാ…….

പിന്നെ?

കൈ പിടിച്ച് ഫുട്പാത്തിലൂടെ നടക്കാൻ……. പിന്നെ ഐസ്ക്രീമും കപ്പലണ്ടീം വാങ്ങിത്തിന്നാൻ…….

നീ വാങ്ങി അവനു കൊടുക്കോ അതോ അവൻ വാങ്ങീട്ട്……..

അങ്ങനെ എപ്പളും ഓസണ്ട……. രണ്ടാളും മാറി മാറി……വാങ്ങിയ്ക്കണം.

വേറെ എന്താ ആവശ്യം?

ങാ…….പിന്നെ കോളേജിന്റെ മുൻപിലെ സി സി ഡി ല് പോയി ഐസ്ഡ് എസ്കിമോ കുടിയ്ക്കണം. നല്ല ചക്കര ബോയ്ഫ്രണ്ടായാ വല്ലപ്പോഴും പി വി ആറില് പോയി ഒരു മൂവീം കാണാം.

ഓ, അപ്പോ അതൊക്കെയാ പരിപാടികള്……

ങാ, പിന്നെ നല്ല നല്ല എസ് എം എസ് അയയ്ക്കണം, ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്യണം.

ശരി.

നല്ല ബുക്കുകളെപ്പറ്റീം സിനിമകളെപ്പറ്റീം പാട്ടുകളെപ്പറ്റീം ഒക്കെ സംസാരിയ്ക്കണം.

അങ്ങനെയാവട്ടെ, ഇങ്ങനൊരുത്തനെ എവിടന്നു കിട്ടും?

അതിനല്ലേ അച്ഛൻ? അച്ഛൻ തേടിക്കണ്ടുപിടിച്ചോണ്ട് വാ.

വല്ല പത്രത്തിലും പരസ്യം കൊടുക്കേ; ഫ്ലാറ്റിന്റെ മുൻപില് ഒരു ബോർഡ് വെക്കേ; എന്റെ കൂട്ടുകാരോടും നമ്മടെ ബന്ധുക്കളോടും പറയേ; അങ്ങനെ ഒക്കെ ചെയ്തു നോക്കാം, ന്താ?

ന്തായാലും തരക്കേടില്ല, എനിക്ക് അടിയന്തിരമായിട്ട് ഒരു ബോയ്ഫ്രണ്ട് വേണം. എന്റെ കൂട്ടുകാരുടെ ഒപ്പം എനിക്കും ഗമേല് നടക്കണം. പിന്നെ ബോയ്ഫ്രണ്ട് അതു പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെ അവരു പറയണ മാതിരി എനിക്കും പറയാലോ, ഇടയ്ക്ക് ഓരോ ഷാളും പേനേമൊക്കെ കാണിച്ച് ഇത് അവൻ വാങ്ങിത്തന്നതാ എന്നു വീമ്പയടിയ്ക്കാലോ…….

അതു ശരി, അപ്പോ അങ്ങനെയാണ് കാര്യങ്ങള്. അച്ഛൻ ശ്രമിയ്ക്കാം, ഈ വക കാര്യങ്ങളില് ഒറപ്പൊന്നും പറയാൻ പറ്റില്ല.

**********************************************

അച്ഛാ…

അച്ഛാ……

ഉം.

അച്ഛാ…………….

എന്താ?

എനിക്ക് ..

നിനക്ക്..?

ബോയ് ഫ്രണ്ടിനെ വേണ്ട.

ഹായ്, ന്താ അത്? അച്ഛൻ ശ്രമിയ്ക്കണ്ട്, ഇത്തിരിം കൂടി ക്ഷമിക്ക്.

വേണ്ടച്ഛാ. അത് ശരിയാവില്ല.

എന്തേ?

വലിയ ബുദ്ധിമുട്ടാ, ഒരു ബോയ് ഫ്രണ്ടിനെ കൊണ്ട് നടക്കാൻ. അത്രമാത്രം പണീട്ക്കാൻ എനിക്കിപ്പോ പറ്റില്ല. അതു മാത്രം പോരല്ലോ. പഠിയ്ക്കേം വേണ്ടേ?

എന്താ പറ്റിയേ?

എന്റെ കൂടെ പഠിയ്ക്കണ സോനമില്ലേ, ഇന്നാള് ഇവിടെ വന്ന് മീനൊക്കെക്കൂട്ടി ഉണ്ടിട്ട് ബഹുത്ത് അച്ഛാ, വെരി റ്റേസ്റ്റി എന്നൊക്കെ പറഞ്ഞ സോനം?

ഉവ്വ്, അവൾക്കെന്തു പറ്റി?

ഒന്നും പറ്റീല്യാ, അവൾക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്. ഒരു കമ്പനീൽ ജോലി ചെയ്യാ, അവര് രണ്ടാൾടേം വീട്ടില് ഒക്കെ അറിയും.

അപ്പോ ബോയ്ഫ്രണ്ട് മാത്രല്ല, ഭാവി വരനും കൂടിയാണ് എന്നുണ്ടോ?

ആദ്യമൊക്കെ ഫ്രണ്ട് എന്നാ പറഞ്ഞിരുന്നേ, പിന്നെ എപ്പോഴോ അങ്ങനേം ആയി എന്നു തോന്നുന്നു. അവൾക്കിപ്പോ അയാൾടെ ഫ്ലാറ്റില് മായീടെ ജോലി കിട്ടീട്ടുണ്ട്.

മായീടെ ജോലിയോ? അച്ഛന് മനസ്സിലായില്ല, മോളേ…….

ഈ അച്ഛൻ…… മായീന്ന് പറഞ്ഞാൽ ശരിയ്ക്കള്ള മായി തന്നെ. അയാൾടെ ഫ്ലാറ്റ് അടിച്ച് വാരിത്തൊടയ്ക്കാ, പാത്രങ്ങള് കഴ്കി വെയ്ക്കാ, അയാൾടെ തുണികള് അലക്കിത്തേച്ച് വയ്ക്കാ, പിന്നെ പലതരം സബ്ജികള്ണ്ടാക്കി ഫ്രിഡ്ജില് വയ്ക്കാ. ആഴ്ചേലാഴ്ചേല് അവള് പോയി ഈ ജോലിയൊക്കെ ചെയ്തു വരും.

അയാൾക്ക് സഹായത്തിനാരുല്യേ…. തനിച്ചാ പാർക്കണേ?

ആ…….തന്നെയാ. വീട്ട്കാരൊക്കെ വളരെ ദൂരെയാ. നാട്ടില്. ജോലി ചെയ്താലും പോരാ, പിന്നേം വലിയ പ്രശ്നങ്ങളാ അച്ഛാ…………

എന്താ മോളെ പ്രശ്നം?

അയാള് അവളെ ഫോണില് വിളിച്ച് എപ്പഴും ചീത്ത പറയും, സബ്ജി മോശായിരുന്നു, അലക്കീപ്പോ ഷർട്ടിലെ ബട്ടൺ എളകിപ്പോയി…… അങ്ങനെയൊക്കെ. പിന്നെ; അവള് ആരോടും മിണ്ടാൻ പാടില്ല. അയാളെ മാത്രേ നോക്കാവൂ. അയാള് വിളിയ്ക്കുമ്പോ ഫോൺ എൻഗേജ്ഡ് ആയിരുന്നാൽ ഭയങ്കര വഴക്കായിത്തീരും. പോരാഞ്ഞിട്ട്……..

പോരാഞ്ഞിട്ട് ?

ഇന്നലെ അയാൾ അവളെ അടിയ്ക്കേം ചെയ്തു.

അയ്യോ!

അവള് ക്ലാസ്സിൽ കേറാണ്ടും പഠിയ്ക്കാണ്ടും ഇരുന്ന് എപ്പഴും കരച്ചിലാ……….

കഷ്ടം!

ബോയ് ഫ്രണ്ട്സുള്ളവരൊക്കെ പറയണത് അവരൊക്കെ അവരുടെ ഫ്രണ്ട്സിന്റെ ഇഷ്ടത്തിനാ എല്ലാ കാര്യങ്ങളും ചെയ്യണേന്നാ. ബോയ്ഫ്രണ്ട്സിനിഷ്ടള്ള ഉടുപ്പാ ഇടാ. ചായ കുടിയ്ക്കണതും കൂടി അവര്ടെ ഇഷ്ടത്തീനാത്രേ. അതാണ് ബോയ്ഫ്രണ്ടിനോടുള്ള സ്നേഹം.

അതവരുടെ ബോയ്ഫ്രണ്ട്സും അങ്ങനെയായിരിയ്ക്കും. ഗേൾഫ്രണ്ട്സിന് ഇഷ്ടള്ളതൊക്കെയേ അവരും ചെയ്യുള്ളൂ.

ഈ അച്ഛൻ …… എന്താ എന്നെ കളിയാക്കാ? ഗേൾസിന്റെ വാക്ക് കേട്ടാൽ ബോയ്സ് പെരുവഴീലാവുംന്നാത്രെ അവര് പറയാ. ബോയ്സിന്റെ വാക്ക് കേട്ട് നടക്കാണ് നല്ല ഗേൾസ് ചെയ്യേണ്ടത്. പിന്നെ ബുദ്ധി കമ്പ്ലീറ്റായിട്ടും ബോയ്സിനാത്രെ ഉള്ളത്.

ഓ. അതു ശരി.

എന്താ അച്ഛൻ ശരീന്ന് പറയണത്?

അല്ലാ, അച്ഛൻ ആലോചിയ്ക്കായിരുന്നു………

അധികം ആലോചിയ്ക്കണ്ട അച്ഛൻ.

അല്ലാ, മോൾക്ക് ഒരു ബോയ്ഫ്രണ്ടിനെ നോക്കല്ലേ അച്ഛൻ? അപ്പോ എല്ലാം ആലോചിയ്ക്കണ്ടേ?

അതാ ഞാൻ പറഞ്ഞേ, എനിക്ക് വേണ്ടാന്ന്.

എല്ലാവരും സോനത്തിന്റെ ബോയ്ഫ്രണ്ടിനെപ്പോലെ ആയിരിയ്ക്കില്ല.

അങ്ങനെ ഞാൻ പറഞ്ഞില്ല, അച്ഛാ.

പിന്നെ?

എനിക്ക്……..

നിനക്ക്?

ഒന്നൂല്യാ അച്ഛാ.

നീ പറഞ്ഞോ, ധൈര്യായിട്ട്…….. അച്ഛനോടല്ലേ?

എനിക്ക്…….ഒരു……ഒരു…….വെറും ബോയ്നെ വേണ്ടാ അച്ഛാ, ഫ്രണ്ടിനെ മതി.

മോളെ………

Friday, July 30, 2010

ഒരു ഗ്രാം തങ്കത്തിൽ…………………

എന്തിനായിരിയ്ക്കും തങ്കക്കുട്ടി അമ്മയെ വരാൻ പറഞ്ഞയച്ചത്?

കപ്പക്കാരി മറിയ അക്കാര്യം പറഞ്ഞപ്പോൾ മുതൽ രമയ്ക്ക് മനസ്സിനു എടങ്ങേറായി. മറിയക്കാണെങ്കിൽ കൂടുതലൊന്നും അറിഞ്ഞു കൂടാ.

വെളിച്ചായ നേരത്ത് തങ്കക്കുട്ടി വേലിയ്ക്കരികെ വന്നു വിളിച്ചുവത്രെ ‘മറിയച്ചേടത്തീ, അമ്മേ ചന്തേല് കാണുല്ലോ, അപ്പോ ഇത്രേടം ഒന്നു വരാമ്പറയണം.‘ അത്രയും പറഞ്ഞ് പെരയ്ക്കകത്തോട്ട് കയറിപ്പോവുകയും ചെയ്തുവത്രെ.

രാവിലത്തെ പങ്കപ്പാടിനിടയ്ക്കായതു കൊണ്ട് മോളോട് ഒന്നും ചോദിച്ചറിയാൻ മറിയയ്ക്ക് അപ്പോ കഴിഞ്ഞതുമില്ല.

‘അവിടെ വിശേഷിച്ചൊന്നൂല്യല്ലോ മറിയേ?‘ എന്ന് ഇതിനിടയ്ക്ക് ഒരു നൂറു കുറി രമ ചോദിച്ച് കഴിഞ്ഞു.

ആ വെപ്രാളം കാണുമ്പോ അന്വേഷിയ്ക്കാതെ പോന്നതിൽ മറിയയ്ക്ക് കലശലായ വിഷമം തോന്നുന്നുണ്ട്.

വെറും പത്തൊൻപത് വയസ്സുള്ള കുട്ടിയെ അങ്ങനെ എടുപിടീന്ന് കല്യാണം കഴിപ്പിയ്ക്കേണ്ട കാര്യമുണ്ടായിരുന്നോ? വല്ല വർക്കീസിലോ മറ്റോ തൂക്കിക്കൊടുപ്പ് ജോലിയോ ജൌളിക്കടയിൽ തുണികളെടുത്ത് കൊടുക്കുന്ന ജോലിയോ ഒക്കെ ചെയ്ത് പത്തു കാശുണ്ടാക്കിയിട്ട് പതുക്കെ പോരേ കല്യാണം എന്നായിരുന്നു രമയുടെ മനസ്സിലിരിപ്പ്.

മറിയയും കൂടി നല്ലോണം ശുപാർശ ചെയ്തിട്ടാണ് തങ്കക്കുട്ടിയെ രാജുവിന് കല്യാണം കഴിപ്പിച്ച് കൊടുത്തത്. അവൻ മറിയേടെ അയൽപ്പക്കക്കാരനാണ്.

പ്ലംബിംഗ് പണിയ്ക്ക് രാജുവിനെ കഴിച്ചേയുള്ളൂ ആരും. നല്ല ആരോഗ്യമുള്ള ചെറുക്കൻ, ചീത്ത സ്വഭാവമൊന്നുമുള്ളതായി മറിയ കേട്ടിട്ടില്ല. അമ്മേം അച്ഛനും അവനും മാത്രം. ചെറുതാണെങ്കിലും ഒരു വീടുണ്ട്. ചേച്ചിയെ നേരത്തെ കല്യാണം കഴിപ്പിച്ചു,

പിന്നെ അവന്റെ അമ്മ ഇത്തിരി നാക്കുകാരിയാണ്. അച്ഛൻ അരകല്ലിന് കാറ്റ് പിടിച്ചത് പോലെ ഇരിയ്ക്കുന്നതാവും തള്ള സാമർഥ്യക്കാരിയാവാൻ കാര്യമെന്ന് മറിയ വിചാരിയ്ക്കാറുണ്ട്.

രാജുവിന് തങ്കക്കുട്ടിയെ കണ്ടപ്പോ ഇഷ്ടമായി. അവന്റെ അമ്മയ്ക്ക് അത്ര പിടിച്ചില്ല. തങ്കക്കുട്ടിയ്ക്കല്ല കുറ്റം. രമേടെ സ്ഥിതിയാണ് കാരണം. അവൾക്ക് കേറിക്കെടക്കാൻ ഒരു വീടും കൂടിയില്ല. ആസ്പത്രീടടുത്ത പുറമ്പോക്കിലൊരു തട്ടിക്കൂട്ട് പെരയിലാണ് താമസം

ആലോചിച്ചാൽ രമേടെ കാര്യം വലിയ കഷ്ടമാണ്. തങ്കക്കുട്ടിയ്ക്ക് ആറുമാസം പ്രായണ്ടായിരുന്നപ്പോളാണ് ഭർത്താവായിരുന്ന പണ്ടാരക്കാലൻ തമിഴത്തീടെ കൂടെ പൊറുതിയായത്. കറുത്തുരുണ്ട ഒരു എണ്ണമൈലിയായിരുന്നു ആ കാക്കാലത്തി. രമേടെ മാതിരി ഒണക്കക്കൊള്ളിയല്ല. നല്ല മൊതലുള്ള ദേഹം.

അവള് അയാളേം കൊണ്ട് നാട് വിട്ടു. പിന്നെ കണ്ടിട്ടില്ല.

രമ ആ കൊശവന്റെ താലീം കഴുത്തിലിട്ട് നെറ്റീലും നെറ്കേലും സിന്ദൂരോം പൂശി മലക്കറി വിറ്റ് കഴിഞ്ഞു കൂടി. അയാള് പോയീന്ന് അവളാരോടും പറയില്ല. ഭർത്താവ് ദാ അപ്പറത്തെ കടേല് പണി ചെയ്യുന്നുണ്ട് എന്ന മട്ടിലാണ് അവളെപ്പോഴും.

അതിലിത്തിരി ലാഭവുമുണ്ട് എന്നു വെച്ചോ. ആണൊരുത്തൻ ചോദിയ്ക്കാനും പറയാനും ഉണ്ടെന്ന് ഭാവിച്ചാ പിന്നെ ബാക്കി ഉണ്ണാക്കന്മാരായ ആണുങ്ങളൊക്കെ ഒരകലത്തില് നിന്നോളും. അല്ലെങ്കിൽ പിന്നെ പറയട്ടെ, വരട്ടെ, തൊടട്ടെ, കെടക്കട്ടെ എന്നും ചോദിച്ച് തൊയിരം തരാതെ പിന്നാലെ കൂടും. വാല് പൊക്കണ കണ്ടാ അറീല്ലേ മനസ്സിലിരിപ്പ്?

തങ്കക്കുട്ടിയെ രാജുവിന് കൊടുക്കാൻ രമ വേഗം സമ്മതിച്ചതും അതുകൊണ്ടാണെന്ന് മറിയയ്ക്ക് നല്ല ബോധ്യമുണ്ട്. ഒരു ആൺ തുണയായല്ലോ.

അവന്റെ വീട്ടുകാർക്ക് പണ്ടം പോരാ, സാരി പോരാ, കല്യാണത്തിന് ആർഭാടം പോരാ എന്നൊക്കെ പലതരം പരാതികളുണ്ടായെങ്കിലും രമ കല്യാണം ഭംഗിയായി നടത്തി.

രാജുവിന് ഒരു മോട്ടോർ സൈക്കിളും മോതിരവും മാലയും കൊടുത്തു.

തങ്കക്കുട്ടീടെ കാതിലും കഴുത്തിലും കൈയിലും പണ്ടങ്ങളൊക്കെ ഇടീച്ച്, ഭേദപ്പെട്ട തുണികളും പാത്രങ്ങളും എരട്ടക്കട്ടിലും മെത്തേം മേശപ്പൊറത്ത് വയ്ക്കണ ഫാനും ഒക്കെയായിട്ടാണ് രാജുവിന്റെ കൂടെ അയച്ചത്. ആ വകയിൽ ഇപ്പോ രണ്ട് ലക്ഷം രൂപ കടവുമുണ്ട്.

വിളുമ്പിൽ ഇത്തിരി സ്വർണക്കസവുള്ള കൈത്തറി സാരിയും ഒരു താലിയും മാലയും മാത്രമാണ് അവൻ തങ്കക്കുട്ടിയ്ക്കായി കൊടുത്തത്.

തങ്കക്കുട്ടിയ്ക്ക് രമ ചാർത്തിച്ച പണ്ടങ്ങളൊക്കെ രാജുവിന്റെ അമ്മ അവര്ക്ക് വിശ്വാസമുള്ള തട്ടാനെക്കൊണ്ട് വന്ന് തൂക്കിയ്ക്കുകയും ഉരച്ച് നോക്കിയ്ക്കുകയും ചെയ്തപ്പോൾ രമയ്ക്ക് മാത്രല്ല മറിയയ്ക്കും നല്ലോണം വിഷമം തോന്നി.

പിന്നെ സമാധാനിച്ചു.

ചെറുക്കന്റെ വീട്ടുകാരല്ലേ? അവർക്കിത്തിരി ഗമയും പൊങ്ങച്ചവും വീറും വാശിയും ഒക്കെ ഉണ്ടാകും. പെൺ വീട്ടുകാർ എപ്പോഴും താഴ്ന്ന് നിൽക്കേണ്ടവരല്ലേ.

രാജു രണ്ട് മാസമായി ദുബായിലേയ്ക്ക് പോയിട്ട്. എഴുത്തും പണവും വന്നു തുടങ്ങീട്ടില്ല. ദുബായിലെത്തീന്ന് പറഞ്ഞു ഒരു ദിവസം അവന്റെ അമ്മ. തങ്കക്കുട്ടിയെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും അവളും വിവരമൊന്നും പറഞ്ഞില്ല.

നല്ല വിശേഷമെന്തെങ്കിലുമാവും കുട്ടിയ്ക്ക് പറയാനുള്ളത്. അതിനാവും അമ്മയോട് വരാൻ പറഞ്ഞത്.

മറിയ രമയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു.

‘ഒക്കെ നല്ലതാവും. വെറുതേ ഓരോന്നാലോചിച്ച് കൂട്ടണ്ട. മൊഖം ഒന്നു തെളിച്ച് പിടിയ്ക്ക്. ഇതിപ്പോ അമ്മേ കാണുമ്പോ കുട്ടി പേടിയ്ക്കുല്ലോ.‘

ബേക്കറിയിൽ നിന്ന് രമ കുറേ മധുര പലഹാരം പൊതിഞ്ഞ് വാങ്ങി. വെറും കൈയോടെ മോളെ കെട്ടിച്ച വീട്ടിലേയ്ക്ക് ചെന്നു കയറുന്നതെങ്ങനെയാണ്? പഴക്കടയിൽ നിന്ന് നേന്ത്രപ്പഴവും മേടിച്ചു.

റേഷൻ കട മുക്കിൽ മറിയയ്ക്കൊപ്പം ബസ്സിറങ്ങുമ്പോൾ രമയ്ക്ക് പരിഭ്രമം തോന്നുന്നുണ്ടായിരുന്നു. പാറക്കോവിലിലേയ്ക്ക് ഒരു വെടി വഴിപാട് നേർന്നു. കുട്ടി സുഖമായിരിയ്ക്കുന്നുവെന്ന് തന്നെ കേൾക്കാൻ ഇട വരണേ!

കാലം വളരെ മോശമാണ്. പണത്തിനോട് എല്ലാവർക്കും ഒരു പോലെ ആർത്തി പെരുത്തിരിയ്ക്കുന്ന കാലം. എപ്പോ വേണമെങ്കിലും എന്തു ദുർബുദ്ധിയും തോന്നാവുന്ന കാലം.

പടിക്കെട്ട് കയറി മുറ്റത്തെത്തിയപ്പോഴേയ്ക്കും തങ്കക്കുട്ടി ഓടി വന്നു.

‘അമ്മേ… അമ്മ വന്നല്ലോ. ഞാൻ ……..‘

രമയുടെ കണ്ണു നിറഞ്ഞു. കുട്ടിയ്ക്ക് വലിയ ക്ഷീണമൊന്നുമില്ല. അവൻ പോയതുകൊണ്ടുള്ള സങ്കടമാവണം മുഖത്തിന് അൽപ്പം വാട്ടമുണ്ട്.

മറിയ ചിരിച്ചു. ‘മോളേ, അമ്മയ്ക്കിത്തിരി നല്ല ചായ ഇട്ട് കൊടുക്ക്. ഉച്ച്യ്ക്ക് ഊണൊന്നും കഴിച്ചിട്ടില്ല. ഞാൻ വീട്ടിലേയ്ക്ക് നടക്കട്ടെ. രമ ഇന്ന് പോണുണ്ടോ?നാളെ നമ്ക്ക്……..’

‘മറിയച്ചേട്ത്തി ഇവിടെ ഇരിയ്ക്കോ, ഇത്തിരി കഴിഞ്ഞിട്ട് പോവാം.‘

മറിയക്ക് പൂർത്തിയാക്കാനവസരം കൊടുക്കാതെ തങ്കക്കുട്ടി ഇടയിൽ കടന്നു.

രമ തളർച്ചയോടെയാണ് വരാന്തയിൽ ഇരുന്നത്. അതു കണ്ടപ്പോൾ മറിയയ്ക്കും വിഷമമായി.

തങ്കക്കുട്ടി രണ്ട് പാത്രം നിറയെ ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ടു വന്നു.

കഞ്ഞിവെള്ളം അകത്തു ചെന്നപ്പോൾ രമയ്ക്ക് ഒരാശ്വാസം തോന്നി. മറിയയും ചിറി തുടച്ച് പാത്രം താഴെ വെച്ചു.

‘അമ്മേം അച്ഛനും എവിടെ മക്കളേ? ഉച്ച മയക്കാണോ?‘

തങ്കക്കുട്ടി മിണ്ടിയില്ല. അവൾ താലിയിൽ തെരുപ്പിടിച്ചുകൊണ്ട് എന്തോ ആലോചിയ്ക്കയായിരുന്നു. രമ ചോദ്യമാവർത്തീച്ചപ്പോഴാണു അവളുടെ മറുപടി വന്നത്.

‘അവരിവിടില്ല, നാത്തൂന്റവിടെയ്ക്ക് പോയിരിയ്ക്കാണ്.‘

കൂടുതലൊന്നും പറയാതെ അവൾ കഞ്ഞിപ്പാത്രങ്ങളുമെടുത്ത് അകത്തേയ്ക്ക് പോയി.

ഓ! അപ്പോൾ അതാണു കാര്യം. അവരിവിടില്ല. തനിച്ചിരിയ്ക്കാൻ വിഷമമായിട്ട് അമ്മയെ കൂട്ട് വിളിച്ചതാണ്. അതിനെന്താ? അവർ വരുന്നതു വരെ ഇവിടെ ഇരിയ്ക്കാം. വരാൻ വൈകുകയാണെങ്കിൽ തനിയ്ക്ക് നാളെ പോയാലും മതിയല്ലോ.

വെറുതേ ഓരോന്നാലോചിച്ച് പേടിച്ചു.

രമ ദീർഘമായി നിശ്വസിച്ചു. മറിയ മുറുക്കാൻ പൊതിയഴിച്ച് ഒന്നു മുറുക്കി.

പുറത്തെയ്ക്ക് വന്ന തങ്കക്കുട്ടി സാരി മാറ്റിയിരുന്നു. വലിയൊരു ബാഗും പിടിച്ചിരുന്നു. അവൾ അതിവേഗം വാതിൽ പൂട്ടി താക്കോൽ മറിയയെ ഏൽപ്പിച്ചു.

‘എണീയ്ക്ക് അമ്മേ, നമുക്ക് വീട്ടിൽ പോകാം. അവരു വരുമ്പോ താക്കോല് മറിയച്ചേട്ത്തി കൊടുക്കും.’

‘നീയെന്താ കാട്ട്ണേ? അവരു വരുമ്പോ നീയിവിടെ ഇല്ലാണ്ടിരിയ്ക്കാൻ പാടുണ്ടോ? ഇതെന്താ കുട്ടിക്കളിയാ? കഴുത്തില് താലി വീണാ പിന്നെ ഭർത്താവും അവര്ടെ വീടും അവര്ടെ അച്ഛനുമമ്മേം ഒക്കെയാ പെൺകുട്ടിയ്ക്ക് പ്രധാനം. അല്ലാണ്ട് പെറന്ന വീടല്ല.’

‘അവരാ പറഞ്ഞേ, എന്റെ വീട്ടില് പോയി നിന്നോളാൻ. ഇനി രാജുവേട്ടൻ വരുമ്പോ ഇങ്ങട്ട് വന്നാ മതീന്ന്‘

‘രാജു എന്നാ വരാ?’

‘രണ്ട് മൂന്നു കൊല്ലം കഴീമ്പോ വരും. വരുമ്പോ എന്റെ പണ്ടങ്ങൾക്ക് പകരം പുതിയത് പണീപ്പിച്ച് തരാം എന്നു പറഞ്ഞിട്ട്ണ്ട്.‘

‘ങേ, അപ്പോ നിന്റെ പണ്ടങ്ങള് എന്ത് ചെയ്തു?‘

‘അതൊക്കെ വിറ്റിട്ടാ, രാജുവേട്ടൻ ദുബായിലേയ്ക്ക് പോയത്. താലി മാല മാത്രം വിറ്റിട്ടില്ല. പക്ഷെ, ആ താലീം മാലേം കറ്ത്ത് കറ്ത്ത് വരാ. അമ്മ ഇതൊന്ന് നോക്കിയേ.കണ്ടോ കറത്തിരിയ്ക്കണത്? സ്വർണം മൂന്നു മാസാവുമ്പോഴേയ്ക്കും ഇങ്ങനെ കറ്ക്കോ അമ്മേ?‘

തങ്കക്കുട്ടി ഊരി നീട്ടിയ കറുപ്പുരാശി പടർന്ന മങ്ങിയ മാലയും താലിയും രമയുടെ വിണ്ടു കീറി പരുത്ത കൈവെള്ളയിൽ, ഒരു ചോദ്യചിഹ്നമായി പുളഞ്ഞു .

Sunday, July 18, 2010

കർക്കടക നോവ്

അഞ്ച് ഏക്ര് പറമ്പില് വെല്യോരു പെര.

എട്ടേട്ടു മെടംന്ന് പറേം.

ആ മിറ്റത്തിന്റെ നടൂല് കൈയ് കോരുത്ത് നിന്നാ വട്ടെത്താത്ത തടീള്ള ഒരു മാവ്. അതങ്ങ്നെ പടര്ന്ന് പന്തലിച്ച് കാടായിറ്റ് കൊടേം പിടിച്ച് ഒറ്റ നിപ്പാ.

വരിഷാ വരിഷം തോനെ മാങ്ങേണ്ട്. മാങ്ങ്ക്കാച്ചാല് ദിത്തറ വെലുപ്പോം തോനെച്ച കഴ്മ്പൂണ്ട്. ഒരെണ്ണം തിന്നാ പള്ള്ങ്ങ്ട് നെറഞ്ഞ് ഏമ്പക്കാ വരും. ദൊക്കെ പറിക്കിണേ വട്ടേര്ന്ന്.

വട്ട് പണിക്കാരനേര്ന്ന്. ഒരു കഴഞ്ച മാമിസം മേത്ത്ന്ന് കിള്ളിയാ പറ്റ്ല്യ. അത്ര മെല്ലിച്ചിട്ട്, കരീഷി കറ്ത്ത്ട്ടേര്ന്ന്, വട്ട്. ആറു മക്കടെ തന്ത, കോതേടെ മൂപ്പൻ.

വട്ടേ, വെറക് കീറ്,

വട്ടേ, കുറുന്തോട്ടീം കഞ്ഞുണ്ണീം പറിയ്ക്ക്,

വട്ടേ, തേക്ക്കൊട്ട നീർത്ത്,

വട്ടേ, വേലി കെട്ട്,

വട്ടേ……..വട്ടേ………

പട്ടമ്മാര് എപ്പളും വിളിക്കും.

വട്ട് ങേ…ങേ….ന്ന് വിളിയേക്കേം എല്ലാ പണീംട്ക്കേം ചിയ്യും.

കോത വാകേം ഇഞ്ചേം താളീം മൈലാഞ്ചീം കൊണ്ടരും. കത്തൂരി മഞ്ഞളും മാങ്ങേരെ ശൂര്ള്ള ഇഞ്ചീം മലഞ്ചെരൂന്ന് പറയ്ക്കും. വെള്ളാരങ്കല്ല് പൊടിച്ചാരിച്ച് കോലപ്പൊടിണ്ടാക്കും. എണ്ണ കാച്ചാൻ പച്ച മരുന്നൊക്കെ കാട്ടിലു തെണ്ട്യ്ടന്ന് തപ്പിപ്പിടിക്കും. ഒക്കെ ചോന്ന് എട്ടേട്ടു മെട്ത്തീ കൊട്ക്കും.

ആറു കുരിപ്പോളും കോതേന്റെ പിന്നാലന്ന്യേ. മൂക്കളേം ഒലിപ്പിച്ച്, തേമ്പ്യ കുണ്ടീം, ഗെരണീന്റെ പൊട്ട്ച്ച പള്ളേം, ഒക്കെയായിറ്റ്………….ഒര് കോണം കൂടില്യാണ്ട്.

എപ്പ നോക്ക്യാലും വെശ്ക്കന്നേ, അവറ്റ്ക്ക്. വെട്ടോഴീല് കാണ്ണ പൂച്ചിക്കേം ഞാറക്കേം പൊട്ടിക്കേം ചെറ്റിപ്പ്ഴോം പറ്ച്ച് തിന്ന് കിട്ടുന്നേടത്ത്ന്നൊക്കെ പച്ച്ള്ളോം കുട്ച്ച് ങ്ങ്നെ നട്ക്കും. തൊള്ളേലിടാൻ ഒന്നും കിട്ടീല്ലെങ്കി അപ്പോ അകറും.

മെട്ത്തീ ച്ല്ല്മ്പോ ത്തിരി നെല്ല് കിട്ടും, വിചേഴാണെങ്കി ഇത്തിരിക്കോളം എണ്ണേം. തവിടാ ചക്കയാ മാങ്ങ്യാ എച്ചിലാ ന്താച്ചാലും കോത രണ്ട് കൈയും നീട്ടും. ക്ടാങ്ങൾടെ തൊള്ളേൽക്ക് വെല്ലോം ഇടണ്ടേ?

അമ്മ്യാരു കുട്ട്യോളു ചോയ്ക്കും, ‘എന്ത് കിട്ട്യാലും നീയും മക്കളും തിന്നും ല്ലേ? തൂരാത്ത വയറാ ല്ലേ?

നീയ് പെരുച്ചാഴിയ്യേം പിടിച്ച് തിന്നുംന്ന് കേട്ടൂലോടീ…. അറയ്ക്കില്ല്യേടീ നിൻക്ക് ?

നിൻക്കൊക്കെ എന്ത് അറ്പ്പ് ല്ലേ?’

കോത തൊള്ള തൊറ്ക്കാണ്ട്ന്നെ, ഇളിച്ചോണ്ട്, കൈയ് നീട്ടി കാണിയ്ക്കും.

കർക്ക്ട മാസം പെറ്ന്നാല് ചത്തൊടുങ്ങ്യാ മതീന്നാവും കോതയ്ക്ക് . മഴാന്ന്ച്ചാല് ങ്ങനീണ്ടോ ഒര് പെയിത്ത്…..………

കുടീല് വെള്ളം ചോർന്നിട്ട് ഇരിയ്ക്കാമ്പ്റ്റ്ല്ല. ഒര് വാഴേല്യോ ചേമ്പെല്യോ തലേല് പൊത്തണം. തിന്നാനും കുടിയ്ക്കാനും ഒന്നുല്ല. പച്ചോള്ളം എന്തോരാ മുക്കിക്കുടിയ്ക്കാ?

മഴേല്ലെങ്കി വല്ലോടത്തും തെണ്ടാൻ പോവ്വേര്ന്ന്.

ക്ടാങ്ങള് ഒന്നുല്യാണ്ടാമ്പോ വല്ല ചെതലോ പുറ്റോക്കെ മാന്തി തിന്നും. മഴേല് അതൂങ്ങട് ഒലിച്ച് പോമ്പോണ്ട്ലോ ദണ്ണട്ക്കും കോത്യ്ക്ക്.

അന്ന് അങ്ങനെന്ന്യാർന്ന്. കർക്ക്ട വാവേര്ന്ന്.

നാലു ദെവസായി വല്ലതും പള്ളേലിക്ക് ഇട്ട്ട്ട്. മിറ്റത്തൂന്ന് പറ്ച്ച കൂണു വാട്ടിയ വെള്ളം ന്നലെ മോന്തിയ്ക്ക് കുടിച്ചതാ.

വായയ്ക്ക് പിത്ത കയ്പ്. കെട്ട നാറ്റം.

ചേമ്പെലേം തലേല് പൊത്തി മെട്ത്തില്ക്ക് വട്ട് പോയീത് വല്ലതും ഇത്തിരി തിന്നാൻ കിട്ടുന്ന്ച്ചട്ട് തന്ന്യാ.

നനഞ്ഞൊലിച്ച് കിടുകിട്ന്നനെ വെറ്ച്ച്ട്ടാ വട്ട് ചെന്നെ.

മാവ്ക്ക്ണ കാരണം മിറ്റത്ത് തോനെ മഴേണ്ടാവല്ല്യ.

തന്തപ്പട്ടര് മുറുക്ക്യോണ്ട് കോലായേ കുത്തിരിക്ക്ണ്ടേര്ന്ന്.

‘ന്താടാ വട്ടേ, മഴേത്ത് എഴുന്നള്ളിയേക്കണത്? ചിങ്ങം പെറ്ക്കാണ്ട് ഒരു പണീല്യാ ബടെ, നീ ചെല്ല്.‘

വട്ട് ഒന്നിളിച്ചു. ഒര് തരി, ഒര് പൊട്ട് എന്തേലും തിന്നാൻ…………..

ചിറ്റ്ലും നോക്കി, മേപ്പ്ട്ടും നോക്കി. അപ്പളാ വട്ട് അത് കണ്ടതേ.

ആ മാവുമ്മ്യൊര് വണ്ടങ്കാച്ചി മാങ്ങ, ചോന്ന് ചോന്ന് ങ്ങനെ നിക്കാ.

‘തമ്പ്രാ……….ആ മാങ്ങ …….പറ്ച്ചോട്ട്മ്പ്രാ…എന്തേലും ….തിന്ന്ട്ട് നാലഞ്ചായിമ്പ്രാ………‘

വട്ട്ന്റെ ആ നെലോളി കേട്ട്പ്പോ തന്തപ്പട്ടര് ഇറേത്ത്ക്ക് നീങ്ങീട്ട് മേപ്പ്ട്ടക്ക് നോക്കി.

വെറ്റേന്റെ തുപ്പല് തെറിപ്പിച്ച്ട്ട് ഒറ്ക്ക്നെ പറ്ഞ്ഞേയ്, ‘ഭേഷ്, മിട്ക്ക്നാ നീയ്, നല്ല സൂക്ഷം കണ്ണിന്, ങാ അത് നീ കേറിപ്പറ്ച്ചോ…….മാങ്ങ്യെങ്കി മാങ്ങ തിന്നോ…..‘,

ന്ന്ട്ടാ അവുത്തേയ്ക്ക് പോയീതേ.

വട്ട് മാവുമ്മേങ്ങ്ട് പൊത്തിപ്പിടിച്ച് കേറി, പണ്ടാറ വഴ്ക്കലേർന്ന്, മഴോണ്ട് കുതർന്ന് നിക്കല്ലേ…

പിട്യാ പോയി…………

വട്ട്ന്റെ ആക്കറേം പൂതീം വെശ്പ്പും ഒക്കെ അപ്പ്ടിയോടെ മാറി……

അന്ന് കോതയ്ക്കും കുരിപ്പോൾക്കും മാത്തിരം നോവേര്ന്ന്…… നാട്ട്കാര്ക്കൊക്കെ വാവേര്ന്ന്.

കർക്ക്ട വാവ്………..

Thursday, July 8, 2010

ഒരു ചോള വിചാരം കൂടി…………………

മണ്ണിഷ്ടികകളുടെ എണ്ണമെടുത്ത് ലോഗ് ബുക്കിലെഴുതുന്ന ജോലി ചെയ്യുന്ന കാലത്താണ് അഭിജീത്തിനെ പരിചയപ്പെട്ടത്.

തുടുത്തു ചുവന്ന സുന്ദരനായ ചെറുപ്പക്കാരൻ എൻജിനീയർ.

മണ്ണ് കുട്ടകളിൽ നിറച്ച്, ഇഷ്ടികയുണ്ടാക്കുന്ന യന്ത്രത്തിനു സമീപത്തായി അളന്നിട്ടിരുന്നത് സ്ത്രീകളായിരുന്നു. സാരി കൊണ്ട് തറ്റുടുക്കുകയും മൂക്കിൽ ഒരു വട്ടക്കുട്ട കമിഴ്ത്തിയതു മാതിരിയുള്ള മൂക്കുത്തി ധരിയ്ക്കുകയും ചെയ്തിരുന്ന കറുത്ത സ്ത്രീകൾ. അവർ പറഞ്ഞിരുന്ന ഗ്രാമ്യമായ ഹിന്ദി എനിക്ക് ഒട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എപ്പോഴും എന്തിനും സംശയം ചോദിച്ചതാവാം അഭിജീത്ത് എന്നെ ശ്രദ്ധിയ്ക്കാൻ കാരണം.

ഞങ്ങൾ വളരെ വേഗം സുഹൃത്തുക്കളായി.

കേരളം കാണുവാൻ അഭിജീത്തിന് വലിയ ആഗ്രഹമായിരുന്നു. എപ്പോഴും കടലിനെക്കുറിച്ച് സംസാരിയ്ക്കുവാൻ അയാൾ ഇഷ്ടപ്പെട്ടു. ഉത്തരേന്ത്യയിൽ ജനിച്ച് വളർന്നവൻ കടൽ കണ്ടിട്ടുണ്ടായിരുന്നില്ല.

ജോലി കഴിഞ്ഞ് ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ ശ്രുതി മധുരമായി ഹിന്ദി ഗാനങ്ങൾ ആലപിയ്ക്കുന്നത് അയാളുടെ പതിവായിരുന്നു.

വൻ നഗരങ്ങൾക്ക് അങ്ങനെയൊരു സൌകര്യമുണ്ട്. പാടാം, ചിരിയ്ക്കാം, പൊട്ടിക്കരയാം………… ഒരാളും തിരിഞ്ഞു നിന്ന് എന്തു പറ്റി എന്ന് ചോദിയ്ക്കില്ല. മനുഷ്യർ ഒരു മഹാസമുദ്രമായി ഒഴുകി നീങ്ങുമ്പോഴും ഓരോരുത്തരും അങ്ങേയറ്റം ഏകാകികളായായിരിയ്ക്കും.

ശനിയാഴ്ച ഉച്ചയ്ക്ക്, ക്യാന്റീനിൽ നിന്ന് രുചിയില്ലാത്ത ഭക്ഷണം നുള്ളിത്തിന്നുമ്പോൾ അഭിജീത്ത് എന്നെ ക്ഷണിച്ചു.

‘നാളെ ലഞ്ച് കഴിയ്ക്കുന്നത് എന്റെ വീട്ടിലാകാം. മാജി നല്ല സർസോം കാ സാഗും മക്കയ് കി റോട്ടിയും സൽക്കരിയ്ക്കും.‘

അങ്ങനെയാണ് ഞായറാഴ്ച രാവിലെ ഒരു പതിനൊന്നു മണിയോടെ ഞാൻ അഭിജീത്തിന്റെ വീട്ടിലെത്തിയത്.

തണുപ്പ് പടിയിറങ്ങാതെ തന്നെ ചൂടിന് വഴിയൊഴിഞ്ഞുകൊണ്ടിരുന്ന കാലമായിരുന്നു.

അഭിജീത്തിന്റെ വൃദ്ധരായ മാതാപിതാക്കന്മാർ എന്നെ ഹാർദ്ദമായി സ്വീകരിച്ചു. അവർക്ക് വയസ്സു ചെന്നതിനു ശേഷം ജനിച്ച മകനായിരിയ്ക്കണം അഭിജീത്ത്. അല്ലെങ്കിൽ അറുപതുകളിലെത്തിക്കഴിഞ്ഞിരിയ്ക്കുന്ന അവർക്ക് ഇരുപതുകളിൽ നിൽക്കുന്ന മകനല്ല കൊച്ചുമകനാണുണ്ടാകേണ്ടിയിരുന്നത്.

ജിലേബി കലർത്തിയ ചൂട് പാൽ തന്ന് സ്വാദിന്റെ ഒരു പുതിയ ലോകം അവരെനിക്ക് മുൻപിൽ തുറന്നു.

കടുകിന്റെ തളിരിലകൾ മസാല ചേർത്ത് വരട്ടിയുണ്ടാക്കുന്ന സർസോം കാ സാഗിന്റെ സുഗന്ധം വീടു മുഴുവൻ പരന്നിരുന്നു. അഭിജീത്തിന്റെ അമ്മ എന്റെ മുൻപിൽ വെറും തറയിലിരുന്ന് മക്കയ് കി റോട്ടിയുണ്ടാക്കാൻ ചോളമാവ് നല്ല ബലം പ്രയോഗിച്ച് കുഴച്ചു കൊണ്ടിരുന്നു.

അവർ വാ തോരാതെ സംസാരിച്ചു. എല്ലാമൊന്നും എനിക്ക് മനസ്സിലായില്ല. അപ്പൊഴൊക്കെ ഇംഗ്ലീഷിൽ വിശദീകരിയ്ക്കാനുള്ള സന്മനസ്സ് അച്ഛൻ പ്രദർശിപ്പിച്ചു. അതിൽക്കൂടുതൽ അദ്ദേഹം സംസാരിച്ചതേയില്ല.

അവർ ശരിയ്ക്കും ലാഹോറുകാരാണ്. രാജ്യം വിഭജിയ്ക്കപ്പെട്ടപ്പോൾ ഇങ്ങോട്ട് പോരേണ്ടതായി വന്നു. ഹിന്ദി സിനിമയിലെ പ്രശസ്ത നടൻ രാജേന്ദർ കുമാർ അവരുടെ ഗ്രാമക്കാരനായിരുന്നുവത്രെ.

ബദാമും പിസ്തയും നിക്കറിന്റെ പോക്കറ്റുകളിൽ നിറച്ച് , ഇടയ്ക്കിടെ കൊറിച്ചുകൊണ്ട് വീടിനു മുൻപിലെ പുൽപ്പരപ്പിൽ ഓടിക്കളിച്ചിരുന്ന ബാല്യകാലത്തെക്കുറിച്ച് അവർ അഹ്ലാദത്തോടെ സംസാരിച്ചു. സ്വന്തം വീട്ടിലെ തടിച്ചു കൊഴുത്തിരുന്ന പശുവിനെയും അതിന്റെ കിടാവിനെയും വാത്സല്യത്തോടെ ഓർമ്മിച്ചു. അയൽക്കാരായിരുന്ന മുസ്ലിം കുടുംബം, ഈദിന് നൽകാറുണ്ടായിരുന്ന മധുരമൂറുന്ന സേവിയയെ ധ്യാനിച്ചു. പാലൂറി വരുന്ന മുഴുത്ത മണികളുള്ള ചോളം ചുട്ടു തിന്നാറുണ്ടായിരുന്ന വൈകുന്നേരങ്ങളെ മാറോടണച്ചു.

എന്തൊരു നല്ല കാലമായിരുന്നു അത്!

പെട്ടെന്ന് ഭീദിതമായ ഭൂകമ്പത്തിന്റെ ആഘാതമേല്പിച്ച് എല്ലാം തല കീഴായി മറിഞ്ഞു.

അന്തസ്സോടെ നല്ല നിലയിൽ കഴിഞ്ഞിരുന്ന അവർക്ക് ഇവിടെ വന്ന് നിലക്കടല വിറ്റും പേപ്പർ ബാഗുകൾ ഉണ്ടാക്കി കടകളിൽ കൊടുത്തും, തുണികൾ ചുമന്ന് നടന്ന് വീടുകളിൽ പോയി വിൽപ്പന നടത്തിയും ജീവിയ്ക്കേണ്ടി വന്നു.

ചിന്നിച്ചിതറിപ്പോയ ജീവിതം ഓരോ ഇഞ്ചായി തുന്നിയെടുക്കണമായിരുന്നുവല്ലോ.

മനുഷ്യർ എത്ര വിചിത്ര ജീവികളാണ്! അവർ തന്നെ എല്ലാറ്റിനെയും നിഷ്ക്കരുണം തച്ചുടയ്ക്കുന്നു, തകർത്തെറിയുന്നു. എന്നിട്ട് ശൂന്യതയിൽ നിന്നു പോലും എല്ലാമെല്ലാം നിർമ്മിയ്ക്കുവാൻ വിയർപ്പൊഴുക്കി അദ്ധ്വാനിയ്ക്കുകയും ചെയ്യുന്നു.

ചോളമാവു കുഴച്ച് നനഞ്ഞ ഒരു തുണികൊണ്ട് മൂടിയ ശേഷം അമ്മ എനിക്ക് അവരുടെ പനിനീർപ്പൂന്തോട്ടം കാണിച്ചു തന്നു. അപ്പോഴാണ് ബാൽക്കണിയ്ക്കപ്പുറത്തെ മുറിയിലെ ചുമരിൽ എന്റെ കണ്ണുകളുടക്കിയത്. വെളുത്ത നിറമുള്ള ഭിത്തിയിൽ ഒരു കെടാ വിളക്ക് കത്തിച്ച് വെച്ചിരിയ്ക്കുന്നു!

എനിയ്ക്കൊന്നും മനസ്സിലായില്ല.

ഫോട്ടോയോ വിഗ്രഹമോ ഇല്ലാതെ ആരുടെ മുൻപിലാണ് ഈ വിളക്കെരിയുന്നത്?

പ്രകാശമെന്ന ഈശ്വരനിൽ മാത്രം വിശ്വസിച്ചുകൊണ്ടാകുമോ ഈ ദീപം കത്തിച്ചിരിയ്ക്കുന്നത്?

എന്റെ ആകാംക്ഷ ഒരു ചോദ്യമായപ്പോൾ അഭിജീത്തിന്റെ അമ്മ ദീർഘമായി നിശ്വസിച്ചു. അതൊരു പൊള്ളുന്ന ജ്വാലയായിരുന്നു.

‘പ്രീതമാണത്, ജിത്തുവിന്റെ ബുവാ. ഫോട്ടൊ ഒന്നുമില്ല. എല്ലാം പോയി. ജീവനും കൊണ്ട് ഓടി വന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടു. അവളേയും ………..’

എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

‘അവളെ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. പൂർണ ഗർഭിണിയായിരുന്നതുകൊണ്ടാവാം എന്നെ വെറുതെ വിട്ടത്. ഭയന്നു വെറുങ്ങലിച്ചു പോയ ഞാൻ, രാത്രി ഒരു മരിച്ച കുഞ്ഞിനെ പ്രസവിച്ചു. ആ ശരീരം ജിത്തുവിന്റെ ദാദിമായ്ക്ക് ഒരു പഴന്തുണിയിൽ പൊതിഞ്ഞ് വണ്ടിയിൽ നിന്ന് പുറത്തേക്കെറിയേണ്ടതായി വന്നു. അവരുടെ ആദ്യത്തെ പൌത്രനെ………

ഞങ്ങൾ ഏറെ കഷ്ടപ്പെട്ട് ഇവിടെയെത്തി. എല്ലാ അഭയാർത്ഥി ക്യാമ്പിലും പോയി, സ്ത്രീകളെ കയറ്റി വന്നിരുന്ന എല്ലാ വണ്ടികളിലും തിരഞ്ഞു. കല്ലിലടിച്ച പൂങ്കുലകൾ പോലെ ഒരുപാട് സ്ത്രീ ശരീരങ്ങൾ, എരിയുന്ന കണ്ണുകളുമായി ഞങ്ങൾ നടന്നു, എവിടെ …….. എവിടെയാണു പ്രീതം? അവളെയും ഈ രൂപത്തിലാകുമോ കണ്ടു കിട്ടുന്നത്?

അതിനിടയിൽ ഒരു ദിവസം, ക്യാമ്പിൽ ആണും പെണ്ണുമായ ആരെല്ലാമോ ഒച്ചവെച്ച് കരയുന്നതിനിടയ്ക്ക്, അർദ്ധബോധത്തിലോ അബോധത്തിലോ കിടന്നിരുന്ന ആ ശരീരം…………

അവളുടെ അമ്മ തൊട്ടപ്പോൾ പ്രീതം നടുങ്ങി, ഞെട്ടിത്തെറിച്ചു. അപ്പോഴും അവൾ മെല്ലെ അരക്കെട്ടുയർത്താൻ ശ്രമിച്ച് കാലുകൾ അകത്തി വിടർത്തിക്കാണിച്ചുകൊണ്ടിരുന്നു…… ……

രണ്ട് മൂന്നു ദിവസത്തിനകം അവൾ മരിച്ചു.

ജിത്തുവിന്റെ ദാദിമാ പിന്നീട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. നീണ്ട മുപ്പതു വർഷം അവർ ഈ നാട്ടിൽ ജീവിച്ചിരുന്നു. ആ കാലമത്രയും …………‘

അംഗഭംഗപ്പെട്ട ഭാഗ്യഹീനമായ ഈ ഭൂമിയുടെ അരക്കെട്ടിൽ നിന്ന് പിന്നെയും പിന്നെയും…… സഹനത്തിന്റെ മറുപുറത്തോളമെത്തുന്ന നിലവിളികൾ ഉയരുന്നു. ആരെല്ലാമോ എവിടെയെല്ലാമോ നുറുങ്ങിയൊടുങ്ങുന്നു, എരിഞ്ഞു ചാമ്പലാകുന്നു.

വെട്ടിയവർക്കും വെട്ടേറ്റവർക്കും, തോൽവി വളരെ നേരത്തെ നിശ്ചയിക്കപ്പെട്ട, ഈ മത്സരത്തിന്റെ അവസാന വൃത്തത്തിൽ ബാക്കിയാകുന്നത്, എരിയുന്ന കനൽ മനങ്ങളും വറ്റാത്ത കണ്ണീർത്തുള്ളികളും ഒരു സമുദ്രത്തിലുമെത്താത്ത രക്തപ്പുഴകളും……………

പ്രകാശം സാക്ഷി.........

Monday, June 28, 2010

ബ്ലാക്ക് & വൈറ്റ്

(ജ്യോതിസ്സിന്റെ പെൺപതിപ്പിൽ - നവമ്പർ 2009 - ഈ കഥ വന്നിരുന്നു.)

അമ്മയ്ക്ക് നല്ല വെളുത്ത നിറമായിരുന്നു, വാർദ്ധക്യത്തിൽ അവർ ചുളിവുകളും പരിക്കുകളും തട്ടിയ തങ്കപ്പാവയായി കാണപ്പെട്ടു.

അച്ഛനാകട്ടെ നന്നെ കറുത്തവൻ, അവരെ ഒന്നിച്ച് കാണുമ്പോൾ പച്ചരിയും എള്ളും പോലെ തോന്നിയിരുന്നു.

അമ്മ, യാതൊരു പരിഗണനകളും ലഭിയ്ക്കാതെ മുപ്പത്താറു നീണ്ട വർഷങ്ങൾ അച്ഛനൊപ്പം ജീവിച്ചു.

അച്ഛന്റെ, കറുത്ത നിറമുള്ള ബന്ധുക്കളാരും അമ്മയെ അദ്ദേഹത്തിന്റെ ഭാര്യയായി കണ്ടില്ല. അതു കൊണ്ട് ഞങ്ങളെ മക്കളായും അവർക്ക് മനസ്സിലാക്കാനായില്ല.

ഒരിക്കൽ പോലും അമ്മായിമാരോ വല്യച്ഛന്മാരോ ഞങ്ങളെ മടിയിലിരുത്തിയിട്ടില്ല. വിരൽ കൊണ്ട് ഞങ്ങളെ സ്പർശിക്കുന്നത് മഹാപാപമായി അവർ കരുതി.

എങ്കിലും എല്ലാവരും പറഞ്ഞു.

‘ആ തള്ളയുടെ നിറം കിട്ടാമായിരുന്നു.’

ഞങ്ങൾ കറുപ്പ് വർണ്ണം കൂടുതലുള്ളവരായിരുന്നു. അല്പനേരം വെയിൽ തട്ടിയാൽ മുഖമാകെ എണ്ണയൊലിച്ചതു പോലെ, വഴുവഴുപ്പുള്ള കാളിമ പടർന്നു. ആത്മവിശ്വാസക്കുറവ് ഞങ്ങളുടെ കറുപ്പ് വർണ്ണത്തെ ഇരട്ടിയാക്കി പൊലിപ്പിച്ചു.

ഏറ് കൊണ്ട മോങ്ങലോടെ, വാൽ കാലുകൾക്കിടയിൽത്തിരുകി ഓടാൻ തുടങ്ങുന്ന കില്ലപ്പട്ടിയുടെ മുഖഭാവമുള്ള കുട്ടികളായിരുന്നു ഞങ്ങൾ.

അമ്മയുടെ ബന്ധുക്കളാകട്ടെ വെളുത്ത ശരീരമുള്ളവരായിരുന്നു. ചെളിയും മലവും പുരണ്ട പന്നിക്കുട്ടികളെ കാണുന്ന അറപ്പോടെ മാത്രമെ അവർ ഞങ്ങളെ വീക്ഷിച്ചുള്ളൂ. കരിം പൂച്ചകളെന്നും കറുത്ത പട്ടാളങ്ങളെന്നും അവർ ഞങ്ങളെ വിശേഷിപ്പിച്ചു.

അച്ഛനേയും അമ്മയേയും ഒന്നിച്ച് കാണുമ്പോൾ ‘ഓ, പുതിയ ഡ്രൈവറാണോ‘ എന്നു ഭാവിക്കുന്നത് അവരുടെ ഒരു വിദ്യയായിരുന്നു.

കുലീനമായ പ്രതികാരം നിർവഹിക്കുന്നതു പോലെ അമ്മയുടെ ഏത് ബന്ധുവിനേയും അമ്മയുടെ ഗ്രാമത്തിന്റെ പേരു പറഞ്ഞു വരുന്ന ഏതൊരാളേയും അച്ഛൻ എന്നും ഉള്ളഴിഞ്ഞ് സഹായിച്ചു പോന്നു.

അമ്മയ്ക്ക് വെളുത്തനിറത്തിന്റെ പേരിൽ അപൂർവമായെങ്കിലും ചില അംഗീകാരങ്ങൾ കൈവരുന്നുണ്ടെന്ന് ഞങ്ങൾക്ക് ചെറിയ കുട്ടികളായിരിക്കുമ്പോൾ പോലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങൾ കറുപ്പ് നിറം മാറ്റാൻ സ്പോഞ്ചു കൊണ്ട് ഉരച്ചു കുളിച്ചു, പച്ച മഞ്ഞളും ചന്ദനവും അരച്ച് പുരട്ടി, നിറം വെളുപ്പിക്കുമെന്ന പരസ്യത്തോടെ മാർക്കറ്റിൽ ലഭ്യമായ പലതരം ക്രീമുകൾ പരീക്ഷിച്ചു. പക്ഷേ പ്ലാസ്റ്റിക് ഇമൽഷൻ പെയിന്റ് തേച്ചാലും പുറത്ത് കാണുമെന്ന വെല്ലുവിളിയോടെ ഞങ്ങളുടെ തൊലി കറുത്ത നിറത്തിൽ തിളങ്ങി.

ഒരു വെളുത്ത കുട്ടിയെ പ്രസവിക്കുവാൻ എനിക്ക് അതി കലശലായ മോഹമുണ്ടായത് അങ്ങനെയാണ്.

മുതിർന്ന സ്ത്രീയായപ്പോൾ ഞാനൊരു വെളുത്ത നിറമുള്ള പുരുഷനെ പ്രേമിച്ചു. അദ്ദേഹത്തിന്റെ റോസ് നിറമുള്ള കൈവിരലുകളും തുടുത്ത കാൽപ്പാദങ്ങളും എന്നെ മോഹിപ്പിക്കാതിരുന്നില്ല. ആ വെളുത്ത നെഞ്ചിൽ കാണപ്പെട്ട കറുത്ത രോമങ്ങളുടെ ശോഭ എന്റെ ഞരമ്പുകളെ ആലസ്യത്തിലാഴ്ത്തി.

പ്രേമം തുളുമ്പുന്ന എന്റെ കറുത്ത മിഴികളിലും ഉറച്ച അവയവഭംഗിയുള്ള ശരീരത്തിലും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘കറുപ്പിന് ഏഴഴകാണ്‘!!!

എന്നിലെ കറുത്ത നിറമുള്ള കാമുകിയെ അദ്ദേഹം ‘ക്റുഷ്ണശിലയുടെ കുളിർമ്മയും താളവുമുള്ള സുന്ദരി‘ എന്നു വിളിച്ചു.

എന്റെ ലോകത്തെ മുഴുവൻ കുടഞ്ഞെറിഞ്ഞ് ഞാൻ ആ വെളുത്ത പുരുഷന്റെ ഭാര്യയായി.

ഭർത്താവിന്റെ വീട്ടിലെ ആടും പശുവും പട്ടിയും പോലും വെളുത്തവരായിരുന്നു. വെണ്മയുടെ അമ്പരപ്പിക്കുന്ന ഒരു ലോകമായിരുന്നു ആ വീട്.

എന്നെ കാണുമ്പോൾ ആ വീട്ടിലെ പുറം പണിക്കാരികൾക്ക് അറപ്പു തോന്നി, അവരെല്ലാവരും വെളുത്തവരായിരുന്നുവല്ലോ.

ഞാനൊരു അഴുക്കായി അവിടെ അടിഞ്ഞു.

വെണ്മയുടെ ധനാഡ്യമായ വീട്ടു സദസ്സുകളിൽ ഒരു വേലക്കാരിയായിപ്പോലും ഇടം കിട്ടാത്ത ജീവിതം എന്നെ തളർത്തി.

കറുത്ത തൊലി മുഴുവൻ വലിച്ചൂരി, വെളുത്ത തൊലി വാരിപ്പുതയ്ക്കാൻ മോഹിച്ച് ഞാൻ ദിവസങ്ങൾ നീക്കിക്കൊണ്ടിരുന്നു.

ആ വെളുത്ത ലോകത്തിൽ എന്നെ കാണുമ്പോൾ എന്റെ ഭർത്താവിന്റെ വെളുത്ത മുഖത്ത് കാളിമയുണ്ടായി. ക്റുഷ്ണശില അദ്ദേഹത്തിന്റെ വെണ്മയിൽ പുരണ്ട ചെളിയായപ്പോൾ ‘എനി തിംഗ് ഔട്ട് ഓഫ് പ്ലേസ് ഈസ് ഡർട്‘ എന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വചനമായിത്തീർന്നു.

എന്റെ പ്രേമം കോണിച്ചുവട്ടിലും സ്റ്റോർ മുറിയിലും വിറകു പുരയിലും നിന്ന് എന്നെ പരിഹസിച്ചു.

കറുത്ത ചെവികളും വെളുത്ത നിറവുമുള്ള ഞങ്ങളുടെ മകനെ, വെളുത്തു തുടുത്ത മനുഷ്യർ തൊടുകയോ മടിയിലിരുത്തുകയോ ചെയ്തില്ല.

ഒരു രാത്രിയിൽ ഭർത്താവ് എന്റെ ശരീരത്തിൽ നിന്നുയർന്നപ്പോൾ ഞാൻ കിടക്കറവെളിച്ചം തെളിയിച്ചു. എനിക്ക് കലശലായ ദാഹമുണ്ടായിരുന്നതു കൊണ്ട് കുറച്ച് വെള്ളം കുടിക്കേണ്ടിയിരുന്നു.

അപ്പോഴാണ് അദ്ദേഹം പറഞ്ഞത്.

‘നാശം, കെടുത്തുന്നുണ്ടോ ആ വിളക്ക്? ഇരുട്ടായതു കൊണ്ടാ ഇതൊക്കെ…….., വെളിച്ചത്തിൽ കണ്ടാൽ തൊടാനറയ്ക്കും, കരിമന്തി, എന്റെ ഗതികേടു കൊണ്ട്… അശ്രീകരം.‘

പിന്നീട് അദ്ദേഹം ശക്തിയായി കാർക്കിച്ചു, ചുവരരികിലുണ്ടായിരുന്ന വാഷ്ബേസിനിലേക്ക് തുപ്പി.

പക്ഷെ, തുപ്പൽ വീണത് വാഷ് ബേസിനിലല്ല, അല്പം മുൻപ് അദ്ദേഹത്തിന്റെ വിരലുകളിൽ ഞെരിഞ്ഞ എന്റെ കറുത്ത മുലകളിലാണ്.

ഞങ്ങളുടെ മകൻ മുല കുടിക്കുന്ന പ്രായമായിരുന്നു.

അന്നു രാത്രി പരിപൂർണമായും അനാഥമായ എന്റെ പ്രേമം സഹനത്തിന്റെ അവസാന കൂടാരവുമഴിച്ചു മാറ്റി.

പിറ്റേന്ന് ഞാൻ ആ വെണ്മയുള്ള വീടിനേയും ആ വെളു വെളുത്ത മനുഷ്യരേയും വിട്ടു പോന്നു.

കറുത്ത ചെവിയും വെളുത്ത നിറവുമുള്ള എന്റെ മകനെയും കൂട്ടി, ഞാൻ പലയിടങ്ങളിലും ജോലി തേടിപ്പോയി.

വെളുത്ത സ്ത്രീകൾക്കുള്ള ജോലികളിൽ നിന്നും ഒഴിവാക്കപ്പെട്ട എനിക്ക് കറുത്ത സ്ത്രീകൾക്കായി നീക്കിവെച്ച ജോലികൾ ചെയ്താണു മകനെ വളർത്തുവാൻ സാധിച്ചത്.

അവൻ ഗോതമ്പു നിറമുള്ള ഒരു സുന്ദരനായിത്തീർന്നു.

‘ഗോതമ്പിന്റെ നിറമുള്ള മകനു ഇത്ര കറുത്ത നിറമുള്ള അമ്മയോ? ‘എന്നു മകന്റെ കാമുകിയുടെ അമ്മ അത്ഭുതപ്പെട്ടു.

അവൻ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു.

ആ പെൺകുട്ടിയുടെ അച്ഛൻ ചിരിച്ചില്ല.

‘വെളുത്ത നിറമുള്ളവരെ കാണുമ്പോൾ കൂടുതൽ കംഫർട്ടബിൾ ആയിത്തോന്നും. കറുത്ത നിറവും ചുരുണ്ട തലമുടിയും എന്തുകൊണ്ടോ, അങ്ങനെയല്ല’

അന്നാണ് കറുത്തവനായ അമേരിക്കൻ പ്രസിഡന്റിന് വധഭീഷണിയുണ്ടെന്ന വാർത്ത വന്നത്.

Tuesday, June 22, 2010

മരണഭയം

‘മിണ്ടരുത്!‘

കരച്ചിലിന്റെ ഒച്ച ഒതുങ്ങുന്നു.

‘ശബ്ദം കേട്ടാ അറക്കും നിന്നെ…..‘

ദീനമായ ഞരക്കവും നിലയ്ക്കുന്നു.

‘ഒറ്റത്തൊഴിയ്ക്ക് നിന്റെ അടിവയറ് കലക്കും….’

നിറഞ്ഞ ഗർഭം താങ്ങിപ്പിടിയ്ക്കുന്നു.

മരണഭയം…….

പുസ്തകങ്ങളിൽ മഹദ് വചനം പറഞ്ഞു.

ധീരൻ ഒരിയ്ക്കൽ മരിയ്ക്കുമ്പോൾ

ഭീരു പലവട്ടം മരിയ്ക്കുന്നു.

ശരിയാണ്.

കഴുത്തു ഞെരിക്കുന്ന വിരലുകൾക്കു മുൻപിൽ

ചവിട്ടാനുയരുന്ന കാലുകൾക്കു മുൻപിൽ

പലവട്ടം മരിച്ചു.

ആ കാലുകളെ ചുറ്റിപ്പിടിച്ച് കണ്ണീരാൽ കഴുകി മുടി കൊണ്ട് തുടച്ചു, വിരലുകളിൽ സുഗന്ധം പുരട്ടി. കൈകൂപ്പി കരഞ്ഞു മറിയുന്ന കണ്ണുകളുമായി ദയയുടെ മന്ത്രം ചൊല്ലി.

എന്നിട്ടും ഭയക്കേണ്ടി വന്നപ്പോൾ അവസാന

രണ്ടക്ഷരത്തിന്റെ ബാക്കിയെ വരമായറിഞ്ഞ്

പാളത്തിന്റെ ഇരുണ്ട് തണുത്ത മടിത്തട്ടിലമർന്നിട്ടും…….

മര്യാദയ്ക്ക് അറിയാത്തതിന്റെ ദണ്ഡവുമായി, പ്രാർത്ഥിച്ച വരം അണ്ഡകടാഹങ്ങളെ വിറപ്പിച്ചുകൊണ്ട്…………….. തൊട്ടപ്പുറത്തു കൂടി പാഞ്ഞകന്നു.

ഭയം ഒരു തീനാക്കായി നക്കിത്തുടങ്ങവേ

ബാക്കിയായത് എന്നത്തേയും ജപമായിരുന്നു.

അർജുനാ ഫൽഗുനാ………

Monday, June 7, 2010

ലാജഹോമം

ശനിയാഴ്ചകളിൽ ഉച്ചയൂണ് കഴിഞ്ഞാൽ വരാന്തയിലിട്ടിരുന്ന ചാരുകസേരയിലിരുന്ന് അമ്മീമ്മ വളരെ വിസ്തരിച്ച് മാതൃഭൂമി പത്രം വായിയ്ക്കും.

ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞപ്പോൾ……………..

അപരിചിതനായ ഒരു വൃദ്ധൻ മടിച്ച് മടിച്ച് പടി കയറി വന്നു. ആ ചലനങ്ങളിൽ പോലും ദൈന്യവും ആത്മവിശ്വാസമില്ലായ്മയും ദൃശ്യമായിരുന്നു.

അയാളെ കണ്ടപ്പോൾ അമ്മീമ്മ പാമ്പിനെ കണ്ടതു പോലെ പരിഭ്രമിച്ചുകൊണ്ട് എണീറ്റു. വിറപൂണ്ട കൈകളിൽ നിന്ന് പത്രം താഴെ വീണു. അവരുടെ മുഖം വിളറി. ദുർബലനായ ആ വൃദ്ധനെ അവർ വല്ലാതെ ഭയപ്പെടുന്നതു പോലെയുണ്ടായിരുന്നു.

അടുത്ത നിമിഷം അയാൾ അമ്മീമ്മയുടെ കാൽക്കൽ കമിഴ്ന്ന് വീണ് ഏങ്ങലടിയ്ക്കുവാൻ തുടങ്ങി. വിങ്ങിക്കരച്ചിലിൽ ആ ശരീരമാകെ കുലുങ്ങുന്നുണ്ടായിരുന്നു. വട്ടക്കഴുത്തുള്ള മുഷിഞ്ഞ ബനിയനുള്ളിൽ നിന്ന് പുറത്ത് കടന്ന വെന്തിങ്ങ അമ്മീമ്മയുടെ കാൽക്കൽ ചുരുണ്ട് കിടന്നു. അതിലെ കുരിശു രൂപം കറുത്ത തറയിൽ വെട്ടിത്തിളങ്ങി.

ഒരു പുരുഷൻ വിങ്ങിപ്പൊട്ടി ഏങ്ങലടിച്ച് കരയുന്നത് ഞാനാദ്യമായി കാണുകയായിരുന്നു.

‘അച്ചപ്പാ എണീക്ക്, എണീക്ക്. മതി.., മതിയാക്ക്……..’ എന്തുകൊണ്ടോ അത് അമ്മീമ്മയുടെ സാധാരണ ശബ്ദമായിരുന്നില്ല.

അച്ചപ്പനോ, ഈ വിചിത്രമായ പേരുമായി ഇയാളെവിടുന്ന് വന്നു?

കുറച്ച് കഴിഞ്ഞപ്പോൾ ഏങ്ങലുകളും ശരീരത്തിന്റെ കുലുക്കവും മെല്ലെ കുറഞ്ഞു . അയാൾ എഴുന്നേറ്റ് മാറി. അതുവരെ ഒരു വിഗ്രഹം പോലെ നിശ്ചലയായി നിന്ന അമ്മീമ്മയിലും അപ്പോൾ ചലനമുണ്ടായി.

തോളിലിട്ടിരുന്ന മുഷിഞ്ഞ തോർത്തുമുണ്ടെടുത്ത് നിറഞ്ഞൊഴുകുന്ന കണ്ണുകളും മുഖവും അയാൾ അമർത്തിത്തുടച്ചു.

‘ഇന്നോട് പൊറുത്ത് തരണം, ഇനിക്ക് മനസ്സമാധാനല്യാണ്ടായിട്ട് വരിഷങ്ങളായി. കർത്താവ് എന്നും രാത്രീല് വന്ന് പറയും അച്ചപ്പാ നീ പാപം ചെയ്തോനാന്ന്. ഇപ്പോ ഇപ്പോ രാത്രി മാത്രല്ലാ, പകലും വരാൻ തൊടങ്ങി. വരുമ്പോ ഒരുഷ്ണെടുക്കാങ്ങനെ, പിന്നെ പരോശോം ദാഹോം,…….. ഇന്നോട് പൊറ്ക്കണം.’

ഗദ്ഗദം അയാളുടെ വാക്കുകളെ വിഴുങ്ങി.

അമ്മീമ്മ ഒന്നും പറഞ്ഞില്ല. അവർ മറ്റേതോ ലോകത്തിലായിരുന്നുവെന്ന് തോന്നി.

‘ഇന്നോട് ചിയ്യാൻ പറഞ്ഞത് ഞാൻ ചീതു. അല്ലാണ്ട് നിക്ക് ങ്ങളോട് എന്ത് വിരോധാ? ഇന്നോട് പൊറുക്ക്ണം.‘ അയാൾ കൈകൂപ്പിക്കൊണ്ട് അപേക്ഷിച്ചു.

‘പോട്ടെ, അച്ചപ്പാ. കാലം എത്ര കഴിഞ്ഞു. അതൊക്കെ ന്റെ മനസ്സീന്നേ പോയി. കാര്യം ആ കാലത്ത് ഞാനൊരുപാട് ദണ്ണപ്പെട്ടൂന്നുള്ളത് നേരന്ന്യാ, പൊഴേല് ചാടിച്ചാവണന്ന് തോന്നീട്ട്ണ്ട്. ന്നാലും ഇപ്പോ സകലതും മറന്നു. ഇനി അതും പറഞ്ഞ് സങ്കടപ്പെടണ്ട.’

അമ്മീമ്മയുടെ ശബ്ദത്തിൽ അസാധാരണമായ ഒരു കണ്ണീർ നനവുണ്ടായിരുന്നു. അതാകട്ടെ അപരിചിതമായ ഏതോ വേദനകളുടെ അടിയൊഴുക്കുകളായി എന്നെ പിടിച്ചുലയ്ക്കുവാൻ തുടങ്ങി.

അമ്മീമ്മ വളരെ പൊടുന്നനെ ആത്മവിശ്വാസവും ധൈര്യവും തുളുമ്പുന്ന സ്വരൂപം വീണ്ടെടുത്തു. അച്ചപ്പനോട് ഇരിയ്ക്കുവാൻ പറഞ്ഞു, അയാളുടെ വീട്ടു വിശേഷങ്ങൾ താല്പര്യപൂർവം അന്വേഷിച്ചു. പാറുക്കുട്ടിയെ വിളിച്ച് വെള്ളം കൊടുക്കാൻ നിർദ്ദേശിച്ചു.

വെള്ളവുമായി പുറത്തേയ്ക്ക് വന്ന പാറുക്കുട്ടിയുടെ മുഖം ഒരു വലിയ ഫുട്ബോൾ പോലെ വീർത്തിരുന്നു. അവർക്ക് അയാളോട് കലശലായ വിരോധമുണ്ടെന്ന് എനിക്ക് മനസ്സിലായി.

‘നിക്ക് കർത്താവിന്റെ കരുണയോണ്ട് വെഷമൊന്നൂല്യാ, മോൻ ദുബായില് ഓട്ടലിൽ നിൽക്കേണ്, മാസാമാസം ബേങ്കിൽക്ക് കാശയയ്ക്കും. പെമ്മക്കളെ രണ്ടാളേം കെട്ടിച്ച് വിട്ട്, അവരടെ മാപ്ലാരും ദൂബായീലന്നെയാ, മീൻ വിക്ക്ണോട്ത്താ പണി. അവറ്റ്ങ്ങൾക്ക് സുഖം തന്ന്യാ. വീട്ട്ല് ഇപ്പോ ഞാനും മേറീം മാത്രേള്ളു.‘

അച്ചപ്പന്റെ ശബ്ദത്തിൽ നിന്ന് സങ്കടം ഒഴിഞ്ഞു പോയിരുന്നു, പകരം അവിടെ അഭിമാനം സ്ഥലം പിടിച്ചു.

അമ്മീമ്മ ചിരിച്ചു.

‘നന്നായി. അപ്പോ കർത്താവ് കൂടെ തന്നെണ്ട്. അതാ വേണ്ടത് എപ്പളും. ദൈവാധീനം.‘

അയാളുടെ മുഖം വാടി.

‘കർത്താവ് എന്നും കൂടേണ്ട്, കുരുത്തക്കേടാ കാട്ട്യേന്ന് പറഞ്ഞ്, ഞാൻ സങ്കടം സഹിയ്ക്കാണ്ട് മേറിയോട് ഒക്കെ പറയ്യ്യേ, അപ്പ അവളാ പറഞ്ഞേ ങ്ങളേ വന്ന് കാണാൻ. അല്ലാണ്ട് കുമ്പ്സേരിച്ച്ട്ട് ഒന്നും ഒരു കാര്യോല്ലാന്ന് അവള് പറഞ്ഞു. ന്റെ ദണ്ണം അവളറീണ പോലെ ആരാ അറീയാ. അപ്പോ ഞാനിങ്ങ്ട് പോരേര്ന്ന്.‘

‘ഇനീം വരുമ്പോ മേരിയേം കൂട്ടിക്കൊണ്ട് വരു.‘

അമ്മീമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വൃദ്ധന്റെ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

അയാൾക്ക് ചായയും അരിക്കൊണ്ടാട്ടം വറുത്തതും പാറുക്കുട്ടി കടുത്ത ദുർമുഖത്തോടെ സൽക്കരിച്ചു.

പ്രീഡിഗ്രി പരീക്ഷ എഴുതിക്കഴിഞ്ഞിരുന്ന എന്നോട് നന്നായി പഠിയ്ക്കണമെന്നും മിടുക്കിയാവണമെന്നും അമ്മീമ്മയെ വയസ്സുകാലത്ത് പൊന്നു പോലെ നോക്കണമെന്നും ഉപദേശിയ്ക്കാൻ അച്ചപ്പൻ മറന്നില്ല.

ഞാൻ തല കുലുക്കി.

മടങ്ങിപ്പോകാൻ എണീറ്റ അയാൾ കൈകൂപ്പി തൊഴുതുകൊണ്ട് അമ്മീമ്മയോട് പറഞ്ഞു, കുമ്മായം പൂശാതെ മുഷിഞ്ഞു കിടക്കുന്ന വീട് വെള്ളയടിയ്ക്കുന്ന പണി കൊടുക്കണമെന്ന്, അമ്മീമ്മ പൂർണ്ണമായും പൊറുത്തുവെന്ന് അപ്പോഴയാൾക്ക് ഉറപ്പാകുമെന്ന്……. അങ്ങനെയെന്തൊക്കെയോ……….

ആദ്യമൊന്നു മടിച്ചെങ്കിലും അമ്മീമ്മ വഴങ്ങി.

വയസ്സൻ വീണ്ടും കരഞ്ഞു.

‘ന്നെ ങ്ങള് പ് രാകര്ത്, ങ്ങടെ പ് രാക്ക് തട്ട്യാ ……….‘

‘അച്ചപ്പൻ കല്പിച്ച് കൂട്ടി ചെയ്തതല്ലല്ലോ. പിന്നെന്ത്നാ അച്ചപ്പനെ ശപിയ്ക്കണേ? വെഷമിയ്ക്കാണ്ട് പോക്കോളൂ. കുമ്മായം പൂശാൻള്ള തയാറൊക്കെയായിട്ട് വന്നാ മതി അട്ത്താഴ്ച.‘

അമ്മീമ്മയെ ഒന്നുകൂടി തൊഴുത്, കണ്ണും മുഖവും വീണ്ടും തുടച്ച്, തളർന്ന കാൽ വെപ്പുകളോടെ അയാൾ പടി കടന്നു പോയി.

പാറുക്കുട്ടി ശരം വിട്ടതുപോലെ അകത്തു നിന്നും പുറത്തേയ്ക്ക് വന്നു. എളിയിൽ രണ്ട് കൈയും വെച്ച് നിവർന്ന് നിന്ന് അമ്മീമ്മയെ സൂക്ഷിച്ച് നോക്കി.

‘ങ്ങക്ക് ന്തിന്റെ സൂക്ക്ടാ? നിങ്ങളല്ലാണ്ട് ആ മാപ്ല്യോട് ഷെമിയ്ക്കോ? അവന്റെ ഒരു കരച്ച്ലും പിഴിച്ച്ലും. ചൂലെടുത്ത് മോന്തയ്ക്ക് നാല് വീശണേന് പകരം……….‘

അവരുടെ വാക്കുകൾ ക്ഷോഭം കൊണ്ടാവണം ഇടറിപ്പൊട്ടി.

‘നീ സമാധാനപ്പെട് പാറൂട്ടി, സാരല്യാ, ഷെമിയ്ക്കണംന്ന് പറഞ്ഞ് നെഞ്ഞ് പൊട്ടി ഒരാള് വരുമ്പോ നമ്മള് ഷെമിയ്ക്കണം. അയാൾടെ മാത്രം കുറ്റല്ലല്ലോ. എന്റെ ഭാഗത്തും തെറ്റ്ണ്ട്. നിക്കും അന്ന് ചെറ്പ്പം . കാര്യങ്ങള് മുഴുവൻ കാണാൻള്ള കഴിവ്ണ്ടായിര്ന്നില്ല.’

‘നിങ്ങ്ടെ ഭാഗത്ത് എന്ത് തെറ്റാണ്ടായേ? ന്നെ കഥ പറ്ഞ്ഞ് പറ്റിയ്ക്കണ്ട. ങ്ങള് ആ മാപ്ലേനോട് ഷെമിച്ചത് നിക്ക് സഹിയ്ക്കാൻ പറ്റ്ണില്യ. അശ്രീകരം…….തല്ലിക്കൊല്ലണം അവനെ…….‘

അമ്മീമ്മ ചിരിച്ചുവെങ്കിലും ആ ചിരിയിൽ വിഷാദം ഓളം വെട്ടിയിരുന്നു.

‘ചേട്ട്നും മന്നീം അപ്പാവും കൂടീ വല്യ വഴക്കായി സ്വത്ത് ഭാഗം തിരിയ്ക്കണംന്ന് തെരക്ക്ണ്ടാക്കി മന്നീടെ വീട്ട്ല് പോയത് മഠത്തില് വല്യ വെഷമായിരുന്നു. ന്ന്ട്ട് ഒരു കൂസലും ഇല്ലാണ്ട് മന്നി നമ്മ്ടെ കടവിൽ കുളിയ്ക്കാൻ വന്നൂന്നറിഞ്ഞപ്പോ എനിക്ക്ങ്ങ്ട് കലി വന്നു. അപ്പാവെ കരേപ്പിച്ചിട്ട് അപ്പാവിന്റെ കടവില് വന്ന് ന്ത്നാ കുളിയ്ക്കണേന്ന് ഒരു ദേഷ്യം. മ്മ്ടെ കിട്ടൻ മൂപ്പ്ന്റെ മോനാ വന്ന് പറഞ്ഞ്ത്. അവന് പത്ത് പന്ത്രണ്ട് വയസ്സെണ്ടാവൂ. ഞാനവനെ അപ്പോ തന്നെ കടവിൽക്ക് ഓടിച്ചു, നിക്ക് കുളിയ്ക്കണം, മന്നി വേഗം കുളിച്ച് പോണംന്ന് പറഞ്ഞയച്ചു. …………..’

ഒരു നിമിഷം നിറുത്തിയിട്ട് അമ്മീമ്മ തുടർന്നു.

‘അതിന്റെ എന്താവശ്യായിരുന്നു നിക്ക്? മന്നി സൌകര്യം പോലെ കുളിച്ച് പൊക്കോട്ടെ എന്നു വെച്ചാ മതിയായര്ന്നു. അവൻ കൊച്ചാണെങ്കിലും ആങ്കുട്ട്യല്ലേ? ആ ചെക്കൻ കുളിയ്ക്കണ മന്നിയെ എത്തി നോക്കീന്നായി കേസ്. ആർത്തി വന്നാ പിന്നെ അച്ഛനും മോനും ആങ്ങളേം പെങ്ങളേം ഒന്നുല്യാന്ന് നിക്ക് അറിയാൻ വൈകി.’

‘അതിന് ഭർത്താവും കുട്ട്യോളും ഒന്നൂല്യാത്ത ഒരു പെണ്ണിനോട് കാട്ട്ണ പണ്യാ കാട്ട്യേ? ച്ഛി……..’

പാറുക്കുട്ടിയുടെ കോപം തെല്ലും ശമിച്ചിട്ടുണ്ടായിരുന്നില്ല.

അമ്മീമ്മ പിന്നെ ഒന്നും പറഞ്ഞില്ല. പത്രവുമെടുത്ത് അകത്തെ മുറിയിലേയ്ക്ക് പിൻ വാങ്ങുകയാണുണ്ടായത്.

ഞാനും പാറുക്കുട്ടിയും ഉമ്മറത്തെ വരാന്തയിൽ തനിച്ചായി.

‘അച്ചപ്പനോട് എന്തിനാ ഇത്ര ദേഷ്യം?‘

അവർ ഒരു നിമിഷം എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് വളരെ താഴ്ന്ന ശബ്ദത്തിൽ പിറുപിറുത്തു.

‘അവൻ ആ തെണ്ടി, അമ്മേടെ ജാക്കറ്റ് വലിച്ച് കീറീട്ട്ണ്ട്, വെട്ട്വോഴീല് വെച്ച്, അമ്പലത്തില് പോക്മ്പോ. നിനക്ക് സാമില്യല്ലോ രാത്രീല് കൂടെ കെട്ക്കാൻ,അപ്പോ ഞാൻ വരട്ടെന്ന് ചോദിച്ചു അവൻ….. കാര്യം മോളടെ അമ്മാമൻ സാമി കാശും കള്ളും കൊട്ത്ത് ഏർപ്പാടാക്കീതാന്ന്ച്ചാലും അവൻ അങ്ങനെ ചെയ്യാൻ പാട്ണ്ടോ? അമ്മേ കെട്ടിപ്പിടിയ്ക്കാൻ നോക്കീന്നും ഉമ്മ വെയ്ക്കാൻ നോക്കീന്നും ഒക്കെ പറഞ്ഞേര്ന്നു അപ്പോ മ്മ്ടെ നാട്ടാരേയ്………നേരറിയില്ല്യ’.

ഹോമത്തിൽ മലരു പൊരിയുന്ന ഗന്ധത്തോടെ, വെള്ളത്തേക്കാൾ കട്ടികൂടിയ, തുടുത്തു ചുവന്ന, ചോര നാട്ടുവഴിയിൽ ഒഴുകിപ്പരന്നു; ചിതറിപ്പോയ മുൾക്കിരീടവും കുരിശിന്റെ വഴികളും കടന്ന്……. മുമ്പോട്ട്…..നിലയ്ക്കാതെ…….