Wednesday, September 8, 2010

പൂവനും പിടയും മുട്ടയും


ആ അഞ്ചു പുരുഷന്മാരും ആർക്കും മുഖം കൊടുക്കാതെ തങ്ങളുടെ ഊഴവും കാത്ത് നിശ്ശബ്ദരായിരുന്നു. എത്ര മാത്രം ഗതികെട്ടത് കൊണ്ടാണ് ഇവിടെയിങ്ങനെ സമയം ചെലവാക്കേണ്ടി വന്നതെന്ന് സങ്കടപ്പെടുകയായിരുന്നു അയാൾ. മറ്റു നാലു പേർക്കും ആ സങ്കടം തന്നെ ഉള്ളിലുണ്ടെന്നയാൾക്കുറപ്പുണ്ട്. അല്ലെങ്കിൽ ഒരേ വിധം അപ്രസന്നമായ മുഖഭാവം എല്ലാവർക്കും കൈവന്നതെങ്ങനെയായിരിയ്ക്കും?

ടി വി സ്ക്രീനിൽ മലയാളം പടങ്ങളിലെ ഗാനങ്ങൾ തെളിയുന്നുണ്ടായിരുന്നു. അതു കാണുകയാണെന്ന വ്യാജേനെ എല്ലാവരും ടി വിയിലേയ്ക്ക് മാത്രം ശ്രദ്ധിച്ച്, ഒന്നു പുഞ്ചിരിയ്ക്കുക പോലും ചെയ്യാതെ പരസ്പരം ഒഴിവാക്കിക്കൊണ്ടിരുന്നു.

നേരത്തെ വന്ന ഒരു നിർഭാഗ്യവാൻ ഡോക്ടറുടെ മുറിയിൽ കയറിയിട്ടുണ്ട്. അയാൾ എന്തൊക്കെ പറഞ്ഞാവുമോ സങ്കടപ്പെടുന്നത്? അതെല്ലാം കേട്ട് കഴിഞ്ഞിട്ട് വേണമല്ലോ ബാക്കിയുള്ളവരെ അകത്തേയ്ക്ക് വിളിയ്ക്കാൻ.

പഴയ വർത്തമാനക്കടലാസ്സുകൾ മാറ്റി പുതിയവ വെയ്ക്കുവാൻ വന്ന അറ്റൻഡറുടെ മുഖത്ത് ഒരു പരിഹാസം തുളുമ്പി നിൽക്കുന്നത് അയാൾ കണ്ടു. നേരത്തെ റിസപ്ഷനിലിരുന്ന കഷണ്ടിക്കാരനും ഇതേ മുഖഭാവമായിരുന്നില്ലേ എന്നയാൾ സംശയിച്ചു. അവരൊക്കെ തികഞ്ഞ ഭാഗ്യവാന്മാരായിരിയ്ക്കാം. അവരെ ‘അച്ഛാ‘ എന്ന് വിളിയ്ക്കാൻ സ്വന്തം രക്തത്തിൽ പിറന്ന മക്കൾ നിര നിരയായി നിൽക്കുന്നുണ്ടായിരിയ്ക്കാം. അല്ലെങ്കിൽ അവരുടെ കാറ്റു തട്ടിയാൽ പോലും ഭാര്യമാർ പച്ചമാങ്ങയ്ക്കും പുളിങ്ങയ്ക്കും കൊതിയ്ക്കുന്നുണ്ടായിരിയ്ക്കാം.

അയാൾക്ക് വലിയ കയ്പു തോന്നി.

ഈ ലോകത്തിലെ ഏതു മണ്ടനും ഏതു മൊശകോടനും ചുമ്മാ പുല്ലു പോലെ സാധിപ്പിയ്ക്കുന്ന ഈ കാര്യം തന്നെക്കൊണ്ട് മാത്രം പറ്റാതെ പോയതെന്ത്?

ആദ്യത്തെ ഒരു വർഷം ആഹ്ലാദം നിറഞ്ഞ ദാമ്പത്യ ജീവിതമാണ് നയിച്ചത്. ഇടയ്ക്ക് മുത്തശ്ശിയോ മറ്റോ വിശേഷമൊന്നും ആയില്ലേ എന്ന് ചോദിയ്ക്കുന്നതൊഴിച്ചാൽ ആർക്കും സുമ ഗർഭിണിയാവാത്തതിൽ വലിയ ഉൽക്കണ്ഠയൊന്നുമുണ്ടായിരുന്നില്ല.

ചില ദിവസങ്ങളിൽ കള്ളച്ചിരിയോടെ ഒരു ചുവന്ന ഹൌസ് കോട്ടും ധരിച്ച് വയറു വേദനിയ്ക്കുന്നുവെന്ന് പറഞ്ഞ് അവൾ കിടക്കയിൽ കമിഴ്ന്നു കിടന്നു.

കാലം പോകെ , എല്ലാവരുടെയും മുഖത്ത് കുറേശ്ശ ആധിയുടെ രേഖകൾ തെളിഞ്ഞപ്പോൾ സുമയുടെ നിറഞ്ഞ കണ്ണുകളിലും ‘നമുക്ക്……….?‘ എന്ന ചോദ്യമുയർന്നു തുടങ്ങിയത് അയാൾ കണ്ടില്ലെന്നു നടിച്ചു.

അവൾ തന്നിലേയ്ക്ക് ചുരുങ്ങി ഒതുങ്ങുന്നതായി തോന്നിയെങ്കിലും എല്ലാ രാത്രികളിലും ആവേശത്തോടെ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് ഉരുവിട്ടു, ‘നീ സങ്കടപ്പെടണ്ട, ഇത്തവണ ഒരുത്തൻ ജനിയ്ക്കും.‘

ആരും ജനിച്ചില്ല.

പിന്നെപ്പിന്നെ ചുവന്ന ഹൌസ് കോട്ടിട്ട അവളുടെ മുഖം കള്ളച്ചിരിയ്ക്കു പകരം നെടു വീർപ്പുകൾ മാത്രം ഉതിർത്തു.

സുമ കാണുന്ന അമ്പലങ്ങളിലെല്ലാം പോകാനാരംഭിച്ചത് അപ്പോഴാണ്. ഓരോ നേർച്ച കഴിഞ്ഞ് വരുമ്പോഴും അവളുടെ മുഖം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പ്രസാദമായി തുളുമ്പി, പിന്നീട് പള്ളികളിലും ജാറങ്ങളിലേയ്ക്കും അവളുടെ കാലുകൾ നീണ്ടു.

പക്ഷെ, തൊഴുതവരൊന്നും അവളെ അനുഗ്രഹിച്ചില്ല.

അമ്മയ്ക്ക് സുമയോട് അകാരണമായ ദേഷ്യം വരുന്നുണ്ടെന്ന് തോന്നിയ ഒരു ദിവസം ‘അമ്മയെന്തിനാ കോപിയ്ക്കുന്നതെ‘ന്ന് ചോദിച്ചപ്പോഴാണ് അമ്മ ചട്ടുകം നിലത്തേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് അലറിയത്.

‘അതതെ, എനിയ്ക്ക് ദേഷ്യം വന്നതാ കുറ്റം? ഒരു മച്ചിയേം വെച്ച് ഇപ്പോ പെറും ഇപ്പോ പെറും ന്ന് നോക്കി ഇരിയ്ക്കാൻ തൊടങ്ങീട്ട് കൊല്ലം മൂന്നാവാനാ പോണേ. പണ്ടത്തെ കാലാച്ചാൽ ആറുമാസായിട്ട് ഗർഭായില്ലെങ്കി ആണങ്ങള് വേറെ പെണ്ണിനെയങ്ങട് കൊണ്ട് രും. അല്ലാണ്ടിങ്ങനെ……. നിന്റെ ഒരു കൊച്ചിനെ കാണാൻ നിക്ക് ആശേണ്ടാവില്ല്യേ, ഇനീപ്പോ ന്താ ചെയ്യാ?”

ആ സ്വരത്തിൽ കോപവും നിരാശയും പകയുമെല്ലാമുണ്ടായിരുന്നു.

അമ്മയോട് മിണ്ടാതിരിയ്ക്കുവാൻ കുറച്ച് കർശനമായിത്തന്നെ പറഞ്ഞ് മുറിയിലേയ്ക്ക് ചെന്നപ്പോൾ സുമ പൊട്ടിക്കരയുന്നതാണ് കണ്ടത്. അമ്മയുടെ വാക്കുകൾ അവളെ വല്ലാതെ തകർത്തിരിയ്ക്കുന്നു.

അമ്മയുടെ ക്രൂരമായ നിലപാടാണ് ആ ആഴ്ചയിൽ തന്നെ ഡോക്ടറുടെ അടുത്തെത്തിച്ചത്.

ചില്ലറ വല്ല പ്രശ്നവുമുണ്ടെങ്കിൽ പോലും അതു സുമയ്ക്കാവുമെന്ന അടിയുറച്ച ബോധ്യമായിരുന്നു. അതാണ് അത്ര അനായാസമായി, ഉൽക്കണ്ഠയൊന്നുമില്ലാതെ ഡോക്ടറെ സമീപിയ്ക്കാനുള്ള മനസ്സുണ്ടായത്.

ആദ്യ പരിശോധനകളിൽ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. സുമയ്ക്ക് വിദ്ഗ്ധമായ പരിശോധന വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവളെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു.

‘നിസ്സാര ട്രാഫിക് ബ്ലോക്കാണ്, ഒരു വിസിൽ വിളിച്ച് റോഡ് ക്ലിയർ ചെയ്യുമ്പോലെ. ഇതൊക്കെ ഇപ്പോ തീരും. പിന്നത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം’

എന്തൊരാത്മവിശ്വാസമായിരുന്നു!

നീർ നിറഞ്ഞ മിഴികളുമായി അപ്പോൾ നിശ്ബ്ദയായിരുന്നുവെങ്കിലും രാത്രിയിൽ മറ്റൊരുവളെ വിവാഹം കഴിയ്ക്കാൻ പറഞ്ഞ് ഭ്രാന്തിയെപ്പോലെ പൊട്ടിക്കരയുകയും മോഹാലസ്യപ്പെട്ട് വീഴുകയുമായിരുന്നു സുമ. അവളെ സമാധാനിപ്പിയ്ക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടതായി വന്നു.

ആ സുമയാണോ ഇപ്പോൾ…………

അയാളുടെ നെഞ്ചിലെ പിടച്ചിൽ ഒരു പൊള്ളുന്ന നിശ്വാസമായി അന്തരീക്ഷത്തിലമർന്നു.

പരിശോധനകൾ നടന്നിരുന്ന കാലമത്രയും സുമ മൂകയായിരുന്നു. അതി ഭയങ്കരമായ ഒരു ദുരന്തത്തെ അവൾ മുൻപിൽ കാണുന്നതായി തോന്നി. രാത്രികളിൽ ഉറങ്ങാതെ മുറിയ്ക്കുള്ളിൽ ചുറ്റി നടക്കുന്നതിന് പലപ്പോഴും ശാസിക്കേണ്ടി വന്നു. ഇടയ്ക്കെല്ലാം കാരണമൊന്നും കൂടാതെ തന്നെ അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞു.

ഒടുവിൽ പരിശോധനകളെല്ലാം തീർന്ന ദിവസം, എല്ലാം പകൽ പോലെ വെളിപ്പെട്ട ആ ദിവസം, ഡോക്ടറുടെ മുറിയിൽ ഇരുന്നുരുകിത്തീരുമ്പോൾ സുമ പറഞ്ഞു, ‘ ഒരു തരി പോലും എന്റെ കുഴപ്പമാവരുതേ എന്ന ഒറ്റ പ്രാർത്ഥനയായിരുന്നു എനിയ്ക്ക്. ദൈവം എന്റെ വിളി കേട്ടു.‘

അയാൾക്ക് പുച്ഛം തോന്നി, വെറുപ്പും അറപ്പും തോന്നി.

ഇത്ര സ്വാർത്ഥയോ ഇവൾ?

അവളുടെ പ്രാർത്ഥനകളിൽ എന്നും അവൾ മാത്രമായിരുന്നുവോ?

എന്നാലും ………

വീട്ടിലെത്തിയ സുമയുടെ ആകൃതി തന്നെ മാറിപ്പോയതായി അയാൾക്കനുഭവപ്പെട്ടു. ഫോൺ ചെയ്ത് എല്ലാവരോടും അവൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിയ്ക്കുമ്പോൾ ആ സ്വരത്തിൽ ആഹ്ലാദവും ആത്മവിശ്വാസവും തുളുമ്പി.

അമ്മ നിറഞ്ഞ കണ്ണുകളോടെ ടി വിയിലേയ്ക്ക് നോക്കി നിശബ്ദയായിരുന്നു.

അച്ഛൻ പത്രത്തിലേയ്ക്ക് മുഖം പൂഴ്ത്തി.

പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ ഉണർന്നിട്ടും അയാൾ വെറുതെ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.

മുറ്റമടിയ്ക്കാൻ വരുന്ന തള്ളയോട് സുമ സംസാരിയ്ക്കുന്നത് അയാൾ മുഴുവനായും കേട്ടില്ല, പക്ഷെ, തള്ളയുടെ മറുപടി വ്യക്തമായിരുന്നു.

‘സൂട്ടും കോട്ടുമിട്ട് മയിസ്രേട്ടായി നടന്ന്ട്ട് എന്താ പലം? കെട്യേ പെണ്ണിനെ പെറീയ്ക്കാൻ പറ്റാത്ത തലേലെഴ്ത്തായില്ല്യേ? മോളടെ ഒരു തലേ വര! എന്താർന്നു അമ്മേടെ ചാട്ടംന്ന് നിശ്ശല്ല്യേ, മച്ചീ മച്ചീന്ന്…..ഇപ്പൊ ന്തായി?’

വൈകുന്നേരം ഓഫീസിൽ നിന്നു മടങ്ങുമ്പോൾ അച്ഛൻ വരാന്തയിലിരുന്ന് ആഴ്ചപ്പതിപ്പ് വായിയ്ക്കുന്നുണ്ടായിരുന്നു

അച്ഛന്റെ മുഖത്തെ വേദനയൂറുന്ന സഹതാപം അയാളെ ചുട്ടു പൊള്ളിച്ചു.

അയാളുടെ ലോകം രണ്ടായി മുറിയുവാൻ തുടങ്ങുകയായിരുന്നു, ഭാര്യയെ ഗർഭിണിയാക്കാൻ സാധിച്ച വിജയികളായ പുരുഷന്മാരുടെയും അതിനു സാധിയ്ക്കാതെ പോയ പരാജിതരായ പുരുഷന്മാരുടേയും തമ്മിൽ പൊരുത്തമില്ലാത്ത ലോകം. അതുകൊണ്ട് അച്ഛനോടും ഒന്നും സംസാരിയ്ക്കാൻ അയാൾക്ക് തോന്നിയില്ല.

സുമയിൽ വന്ന മാറ്റം അവിശ്വസനീയമായിരുന്നു. അമ്പരപ്പിയ്ക്കുന്നതായിരുന്നു.

അമ്പലത്തിൽ പോവുന്ന ഏർപ്പാട് പൂർണമായും അവസാനിപ്പിച്ച അവൾ, പ്രഭാതത്തിലും സന്ധ്യയ്ക്കും വിളക്ക് കൊളുത്തുവാൻ പോലും തയാറായില്ല.

അമ്മയാകാനുള്ള ദാഹത്തെപ്പറ്റി ഫോണിലൂടെ ഉറക്കെയുറക്കെ കൂട്ടുകാരികളോടും ബന്ധുക്കളോടും സുമ സംസാരിച്ചു. ഓരോ തരിയിലും അതു പ്രദർശിപ്പിയ്ക്കുമ്പോഴും അപാരമായ കാരുണ്യവും ദയയും ശബ്ദത്തിൽ നിറച്ചു മാത്രം സംഭാഷണം ഉപസംഹരിയ്ക്കാൻ അവൾ മനസ്സു വെയ്ക്കുകയും ചെയ്തു.

‘പക്ഷെ, ആശയിണ്ടെങ്കിലും നിക്ക് ചേട്ട്നാ എല്ലാറ്റിലും വലുത്, ങ്ങ്നെയായിപ്പോയീന്ന് വെച്ച് ചേട്ട്നെ കളയാൻ പറ്റോ?‘

അയാൾക്ക് മരിച്ചാൽ മതിയെന്നു പോലും തോന്നുകയായിരുന്നു. ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകുമായിരിയ്ക്കാം.

ഒരു രാത്രി അയാൾ പറഞ്ഞു, ‘നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം.‘ സത്യത്തിൽ അയാൾക്ക് പറയാനാഗ്രഹമുണ്ടായിരുന്നത് ‘നമുക്ക് പിരിയാം‘ എന്നായിരുന്നു. അതു പറയാനാവാത്ത സ്വന്തം ദുർബലതയിൽ ലജ്ജിച്ചുകൊണ്ടാണ് ദത്തെടുക്കുന്നതിനെക്കുറിച്ച് അയാൾ സംസാരിച്ചത്.

സുമ തേച്ചു മിനുക്കിയ കത്തി പോലെ പുഞ്ചിരിച്ചു, അവളുടെ ആ മുഖവും കരുതലോടെയുള്ള വാക്കുകളും അയാൾ ജീവിതത്തിലൊരിയ്ക്കലും മറക്കുകയില്ല.

‘ദത്തോ? അതൊന്നും വേണ്ട, ചേട്ടാ.അത് ശരിയാവില്ല. എന്ത് സ്വഭാവള്ള കുട്ട്യാ വരാന്നാര്ക്കാ അറിയാ? വേറൊരാൾടെ കൊച്ചിനെക്കൊണ്ട് ചേട്ടനെ അച്ഛാന്ന് വിളിപ്പിയ്ക്കണ മഹാപാപം ഞാനായിട്ട് ചെയ്യിപ്പിക്കില്ല. ഞാനിങ്ങനെ കഴിഞ്ഞോളാം, അല്ലാണ്ടിപ്പോ ന്താ ചെയ്യാ?’

അയാളെ നിലം പരിശാക്കിയിട്ട് ഒന്നും സംഭവിയ്ക്കാത്തതു പോലെ അവൾ മുഖത്ത് ഒരു ക്രീം തേച്ചു പിടിപ്പിയ്ക്കാൻ തുടങ്ങീ.

അതെ, സ്വന്തമായി അച്ഛനാവാൻ ത്രാണിയില്ലാത്തവൻ അങ്ങനെ അച്ഛനായി ഞെളിയേണ്ട.

വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്ങളിൽ ജനിച്ച് ഇരുപതിരുപത്തഞ്ച് വയസ്സ് വരെ വളർന്ന്, പിന്നെ വിവാഹിതരായി, പരസ്പരം ഭാര്യയെന്നും ഭർത്താവെന്നും വിളിച്ച് ജീവിയ്ക്കുന്നതിലും എളുപ്പമായിരിയ്ക്കില്ലേ ഒരു പിഞ്ചു കുഞ്ഞിനെ വളർത്തി അതിനെക്കൊണ്ട് അച്ഛാ എന്നും അമ്മേ എന്നും വിളിപ്പിയ്ക്കുന്നത് എന്നു ചോദിയ്ക്കാൻ തോന്നിയെങ്കിലും അയാൾ മിണ്ടിയില്ല.

ചിലപ്പോഴെങ്കിലും അയാൾ സ്വപ്നം കണ്ടു.

ഒരൽഭുതം പോലെ സുമ ഗർഭിണിയാകുന്നു.

ഒറ്റത്തവണ മതി.

ഒരിയ്ക്കൽ മാത്രം.

തലയൊന്നുയർത്തിപ്പിടിയ്ക്കാൻ മാത്രം.

ആണാണെന്നറിയിയ്ക്കാൻ മാത്രം.

ആ വിവരമറിയുന്ന നിമിഷം സുമയുടെ മുഖത്ത് നോക്കി ഒന്നു ചിരിയ്ക്കണം. ഒരു ആണിന്റെ ചിരി.

ഈ ഡോക്ടർ വലിയ മിടുക്കനാണത്രെ, ഏതെങ്കിലും നേരിയ പഴുതുണ്ടെങ്കിൽ അദ്ദേഹം വഴിയുണ്ടാക്കിത്തരുമെന്നാണ് കേൾവി.

കൺസൾട്ടിംഗ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അയാൾ തിരിഞ്ഞു നോക്കി.

ടി വി യിൽ പുതിയൊരു ഗാനമുയർന്നു.

‘പൂവന്റെ മുന്നിൽ പിട വന്ന് തിരിഞ്ഞാൽ മുട്ടയിട്ട് മുട്ടയിട്ട്……..‘

71 comments:

Abdulkader kodungallur said...

ഈശ്വരാ..... ആദ്യത്തെ വെടി ഞാന്‍തന്നെ പൊട്ടിക്കാം
പതിവ് പോലെ എച്ചുമുക്കുട്ടി ഗോളടിച്ചു. ആസ്വാദക ഹൃദയങ്ങളെ കയ്യിലെടുക്കുന്ന എഴുത്ത് . വിവാഹം കഴിഞ്ഞിട്ടും അമ്മയാകാന്‍ കഴിയാത്ത പെണ്‍ മനസ്സിനേക്കാള്‍ അച്ഛനാകാന്‍ കഴിയാത്ത പുരുഷമാനസ്സിന്റെ വ്യഥകളും , നൊമ്പരങ്ങളും , കുടുംബത്തിലെ കുത്തുവാക്കുകളും , നിസ്സഹായാവസ്ഥയും എല്ലാം വളരെ തന്മയത്വത്തോടെ അതി മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. ഭാവുകങ്ങള്‍

Jishad Cronic said...

ഹായ് ചേച്ചിയെ... രാവിലെ തോട്ട് 1 - 2 സൂപ്പെര്‍മാര്‍ക്കെറ്റില്‍ പോയിട്ടും കറികുള്ള നാളികേരം കിട്ടിയില്ല, അത് കൊണ്ട് ഞാന്‍ ആകെയുള്ള നാളികേരം മാറ്റിവെച്ചു ഒരു മത്തങ്ങ ഉടക്കട്ടെ ?

((((((((( ട്ടോ )))))))

അയ്യോ ആകെ പൊട്ടി ചിതറിയല്ലോ ? പിന്നെ കഥയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.. കാരണം ഞാന്‍ ഒരു പുതിയകുടുംബനാഥന്‍ ആണേ....

ആളവന്‍താന്‍ said...

ചേച്ചീ.. നല്ല കഥ. അത് സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചു. ആശംസകള്‍.!
പിന്നെ ഇതേ തീമില്‍ ഞാന്‍ ഒരു കഥ എഴുതിയിരുന്നു. എന്തോ, പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഇന്നലെ ഞാന്‍ ആ കഥ ഒന്ന് കൂടി വായിച്ചപ്പോള്‍ തോന്നി, എന്തേ അന്ന് എഴുതി തീര്‍ത്തില്ല എന്ന്... ഇപ്പോള്‍ ഈ കഥ വായിച്ചപ്പോള്‍ വീണ്ടും അതോര്‍ത്തു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്..എച്ചു...
നന്നായിരിക്കുന്നു...എന്റെ ഒരു സഹ പ്രവര്‍ത്തനും ഇതുപോലൊരു അവസ്ഥയിലാണ്..9 വര്‍ഷമായി അവരുടെ കല്യാണം കഴിഞ്ഞിട്ട്..
ദൈവം ഇതു വരെ അവരെ കനിഞ്ഞിട്ടില്ല..

വയ്സ്രേലി said...

എച്മു...
എന്താ ഞാന്‍ വായിച്ചതു!!
എനികിത് വളരെ അങ്ങ് ഇഷ്ട്ടായി.
ഈ പറഞ്ഞതൊക്കെ നടക്കുന്ന സത്യമായി എനിക്ക് തോന്നുന്നൂ.
വായിച്ചതൊക്കെ ആരുടെ പരാജയമായി ഞാന്‍ കാണണം? ഒരു സ്ത്രീയുടെയോ അതോ..
എച്മുവിന്റെ ഏറ്റവും നല്ല ബ്ലോഗ്‌ ഞാന്‍ വായിച്ചതു ഇതായിരിക്കും. ഇത് ഞാന്‍ ഒരു പത്തുവട്ടം കൂടി വായിക്കും.

ആശംസകള്‍.

Sabu Hariharan said...

സദ്യ കഴിച്ച് വന്നപ്പോൾ, ചോറ്‌ തീർന്നു പോയി.. ആരോട് പരാതി പറയും ?

Sidheek Thozhiyoor said...

നന്നായി എഴുതി എച്ചു...ഇതുവരെയുള്ളതില്‍ മെച്ചമെന്ന് തോന്നുന്നു...ആശംസകള്‍

A said...

I read your story at one take. So eager to jump from word to word. I think this is your best story so far. You penetrated into the depths of a male psyche who felt failing even in front of his own lady. Narrated it so well. Keep writing.

Muralee Mukundan , ബിലാത്തിപട്ടണം said...

അയാൾക്ക് മരിച്ചാൽ മതിയെന്നു പോലും തോന്നുകയായിരുന്നു.....
ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ?
ഈ കളി അങ്ങിനെയുള്ളതാണ്...


ഒരാണിന് ആണത്വമില്ലെങ്കിൽ അവൻ വെറും പിണം ആണ് കേട്ടൊ എച്ചു.

തകർത്തു തരിപ്പണമാക്കി !

ശ്രീനാഥന്‍ said...

നന്നായി കഥ, സുമയുടെ കാര്യത്തിൽ വന്നപ്പോൾ പതിവുപോലെ സ്ത്രീയുടെ പക്ഷത്തല്ല കഥാകാരി എന്നു തോന്നി, അമ്മയോടുള്ളത് അവനു കൊടുത്തു തീർത്തതിലെ നീതികേടു കൊണ്ടാവാം അത്, ഇരു കഥാപാത്രങ്ങളുടേയും മനസ്സിൽ കഥാകാരി കയറിനോക്കുന്ന ഈ കഥ നല്ല ആഴമുള്ള ഒന്നായി മാറി. പിന്നെ ആ ടിവി ഗാനം വേണ്ടിയിരുന്നില്ല അവസാനമെന്നു തോന്നി.

ശ്രീ said...

ഇത്തവണ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ് ആണല്ലോ ചേച്ചീ...

കൊള്ളാം
:)

Anees Hassan said...

നൂറുമടങ്ങ് മെച്ചപ്പെട്ട എഴുത്ത്, ഇതേ താളം നിലനിര്‍ത്തുകയെന്ന കഠിനമായ ജോലിയാണിനി...

ദിവാരേട്ടN said...

ഈയിടെ വായിച്ച നല്ല കഥകളില്‍ ഒന്ന്. കഥയുടെ "ട്വിസ്റ്റ്‌" വളരെ നന്നായി.
കഥയുടെ പേരില്‍ [Heading] മാത്രം ദിവാരേട്ടന്‍ ആ ക്വാളിറ്റി കാണുന്നില്ല [പറയുന്നതില്‍ മുഷിയില്ലെന്ന് കരുതട്ടെ]
!! ആശംസകള്‍ !!

the man to walk with said...

വളരെ നന്നായി..
പരസ്പരം ഒരു മത്സരം നിലനിര്‍ത്തി അവസാനം വരെ..
അതെ അവസാനം വരെ അത് നിലനില്‍ക്കുക തന്നെ ചെയ്യും
ആശംസകള്‍

ഒരു യാത്രികന്‍ said...

എച്മു....വളരെ വ്യത്യസ്തമായി കഥ പറഞ്ഞു. പുരുഷന്റെ ആകുലതകള്‍ പൂര്‍ണമായും ഉള്‍കൊണ്ടുള്ള രചന. വളരെ ഇഷ്ടമായി.......സസ്നേഹം

Wash'Allan JK | വഷളന്‍ ജേക്കെ said...

സൂക്ഷ്മഭാവങ്ങള്‍ ഒട്ടും ചോരാതെ ആവിഷ്കരിച്ചു... ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു.

അല്ലെങ്കിലും ഇന്നും ആദ്യം ടെസ്റ്റുകള്‍ വേണ്ടുന്നത് സ്ത്രീകള്‍ക്കാണല്ലോ. പുരുഷന്റെ ടെസ്റ്റ്‌ ഏറെ ലളിതം ആണെങ്കിലും..
പണ്ടൊക്കെ വാദം കേള്‍ക്കാതെ മച്ചികളായി വിധിക്കപ്പെട്ടര്‍ക്ക് വേണ്ടി സുമ പകരം വീട്ടുകയാണോ?

Umesh Pilicode said...

ആശംസകള്‍

റോസാപ്പൂക്കള്‍ said...

എച്ചു ഈ കഥയും വളരെ നന്നായി. കഥയുടെ ട്വിസ്റ്റു വളരെ ഇഷ്ടപ്പെട്ടു

Bijith :|: ബിജിത്‌ said...

എച്ചുമുവിന്റെ പുതിയ കഥകളില്‍ സംഭാഷണം പഴയ ശൈലിയില്‍ ആണെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വളരെ പുതിയ ചിന്തകള്‍ തന്നെ. പഴമയെ കെട്ടിപിടിച്ചു ഇരിക്കുകയും വേണം എന്നാല്‍ മോഡേണ്‍ ആവുകയും വേണം എന്ന ഒരു പ്രതിസന്ധി നേരിടുന്നവരുടെ കാഴ്ചകള്‍...

ഇഷ്ടമായി കഥ

Faisal Alimuth said...

വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്ങളിൽ ജനിച്ച് ഇരുപതിരുപത്തഞ്ച് വയസ്സ് വരെ വളർന്ന്, പിന്നെ വിവാഹിതരായി, പരസ്പരം ഭാര്യയെന്നും ഭർത്താവെന്നും വിളിച്ച് ജീവിയ്ക്കുന്നതിലും എളുപ്പമായിരിയ്ക്കില്ലേ ഒരു പിഞ്ചു കുഞ്ഞിനെ വളർത്തി അതിനെക്കൊണ്ട് അച്ഛാ എന്നും അമ്മേ എന്നും വിളിപ്പിയ്ക്കുന്നത്..!

ഇഷ്ടമായി ..!!

ramanika said...

കഥ വളരെ നന്നായി
ഈ വരികള്‍ -വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്ങളിൽ ജനിച്ച് ഇരുപതിരുപത്തഞ്ച് വയസ്സ് വരെ വളർന്ന്, പിന്നെ വിവാഹിതരായി, പരസ്പരം ഭാര്യയെന്നും ഭർത്താവെന്നും വിളിച്ച് ജീവിയ്ക്കുന്നതിലും എളുപ്പമായിരിയ്ക്കില്ലേ ഒരു പിഞ്ചു കുഞ്ഞിനെ വളർത്തി അതിനെക്കൊണ്ട് അച്ഛാ എന്നും അമ്മേ എന്നും വിളിപ്പിയ്ക്കുന്നത് എന്നു ചോദിയ്ക്കാൻ തോന്നിയെങ്കിലും അയാൾ മിണ്ടിയില്ല.-
മനസ്സില്‍ തറച്ചു !!!!

Unknown said...

ഇത് പോലെ വേണം എഴുത്ത് ..പെണ്‍ എഴുത്ത് എന്ന് പറഞ്ഞു മാറ്റി നിര്ത്തുന്നവര്‍ക്ക് ഇത് പ്രഹരം ആണ് .......
പെണ്‍ എഴുത്തുകാര്‍ അതിന്റെ വല പൊട്ടിച്ചു പുറത്തു ചാടാന്‍ തുടങ്ങിരിക്കുന്നു ..ഇത് ഒരു തുടക്കം ആവട്ടെ ..ആശംസകള്‍

എന്‍.ബി.സുരേഷ് said...

എച്മുവിന്റെ മിക്ക കഥകളിലുമുള്ള ജീവിത പരിസരമാണിവിടെയും. കുടുംബം. അവിടെ പലവിധ കാരണങ്ങളാൽ ചേരാതെ പോകുന്ന ആണും പെണ്ണും. അടിസ്ഥാന പരമായി അവർ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ. അതിന്റെ വിശദാംശങ്ങൾ.

ഈ വിഷയം നമ്മൾ ഒരു പാട് കഥകളിൽ കണ്ടിട്ടുണ്ട്. പക്ഷേ അതിൽ നിന്നൊരു കുതിച്ചു ചാട്ടം എന്താച്ചാൽ, അനപത്യതാ വ്യസനത്തിൽ ആണും പെണ്ണും സങ്കടപ്പെടുന്ന പതിവുരീതിയിൽ നിന്നു വ്യത്യസ്ഥമായി ആണും പെണ്ണും അതിനെ ഈഗോ പ്രോബ്ലമാക്കി എടുക്കുന്നു എന്നതാണ്.
ആൺ വീട്ടുകാർ പെണ്ണിനെ അതേജോവധം ചെയ്യാൻ ശ്രമിച്ചതിനു അവൾ പ്രതികാരം ചെയ്യുന്നു. കീഴടങ്ങുന്നത് പെണ്ണല്ല ആണണ് എന്നതാണ് കഥയെ മാറ്റി നിർത്തുന്നത്.

ക്ലൈമാക്സിൽ അങ്ങനെയൊരു പാട്ടല്ല് ഞാൻ പ്രതീക്ഷിച്ചത്.

പിന്നെ ഒരുപാട് കഥകളിൽ ഫ്ലാഷ്ബാക് രീതിയിൽ ഒരേ രേഖയിൽ കഥ പറഞ്ഞുപോകാൻ എച്മു ശ്രമം നടത്തുന്നു. അതിതീവ്രമായ കഥ മാറുന്നത് ആഖ്യാനത്തിൽ വരുന്ന മാറ്റം കൊണ്ടു കൂടിയാണ്.
ഖണ്ഡിക തിരിക്കുന്ന രീതി പോലും മാറുന്നില്ല.
അതിശക്തമായ മനുഷ്യാനുഭവങ്ങളെ, ജീവിതമുഹൂർത്തങ്ങളെ അതിലാഘവമായി സമീപിക്കാതിരിക്കുക. കഥയുടെ നന്മ ഏറ്റെടുത്തുകൊണ്ടാണ് ഇത് പറയുന്നത്.

keraladasanunni said...

നല്ല കഥ. ഇഷ്ടപ്പെട്ടു.

പട്ടേപ്പാടം റാംജി said...

വളരെ സിമ്പിളായി അവതരിപ്പിച്ചു. വായനക്ക് നല്ല ഒഴുക്ക്. എന്തിനും ഏതിനും ആദ്യം സ്ത്രീകള്‍ കേള്‍ക്കേണ്ടി വരുന്ന പഴിയുടെ അര്‍ത്ഥമില്ലായ്മ
വ്യക്തതയോടെ അവതരിപ്പിച്ചു.
ഇഷ്ടപ്പെട്ടു.

അനില്‍കുമാര്‍ . സി. പി. said...

പലരും പലപ്പോഴും എഴുതിയ വിഷയം, പക്ഷെ ഇവിടെ നിസ്സഹായനായ ഒരു പുരുഷന്റെ പെര്‍സ്പെക്ടീവിലൂടെ, എച്‌മുവിന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് മനോഹരമായ ഒരു കഥയായി.

പ്രയാണ്‍ said...

നന്നായിട്ടുണ്ട്..........ആദ്യഭാഗം വളരെ ഇഷ്ടമായി.........രണ്ടാംഭാഗം ഉള്‍ക്കൊള്ളാന്‍ മനസ്സിനൊരു മടിപോലെ....... :)

Ajay said...

എല്ലാ കുറ്റവും പേറാന്‍ പാവം പെണ്ണൂങ്ങള്‍. സുമയുടേ മാറ്റം നന്നായി
കലക്കി നല്ല ഒരു ‍STORY
MALAYALAM TYPE IN THIS MACHINE IS PRETTY DIFFICULT
AJAY

കണ്ണനുണ്ണി said...

എഴുത്തിന്റെ ക്രാഫ്റ്റും സബ്ജെക്ടിലെ വിത്യസ്തതയും..ഇതാ കൂടുതല്‍ മുന്നില്‍ നില്ക്കുന്നതെന്നറിയില്ല.
പക്ഷെ ഒന്ന് പറയാം ...തീര്‍ച്ചയായും നല്ലൊരു കഥ.

Manoraj said...

ഈ കഥയില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നുണ്ട്. പ്രമേയത്തില്‍ കൊണ്ട് വന്ന മനോഹരമായ ട്വിസ്റ്റ്. ഒരിക്കലും അത് ഒരു ട്വിസ്റ്റ് ആയി വായനക്കാരനു തോന്നാതിരിക്കാന്‍ എച്മു ശ്രദ്ധിക്കുകയും ചെയ്തു. അതിനേക്കാളേറെ ഒരേ പാറ്റേണില്‍ കഥ പറഞ്ഞിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായി ഈ കഥ പറഞ്ഞു. ഈ ശ്രമത്തിന്.. അതില്‍ വിജയിച്ചതിന് ഒരു കൈയടി..

നനവ് said...

കഥ നന്നായി...വിവാഹബന്ധം എത്രയേറെ ആഴമുള്ള ഒന്നാണെന്ന് സ്ത്രീയും പുരുഷനും മനസ്സിലാക്കാതിരിക്കുമ്പോൾ,നിന്റെ സങ്കടങ്ങൾ നിന്റേതിനേക്കാൾ എന്റേതായി ഏറ്റെടുക്കാൻ തയ്യാറാകാത്തപ്പോൾ,ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നു..

വേണുഗോപാല്‍ ജീ said...

പല നീണ്ട ബ്ലോഗുകൾ വായിക്കുമ്പൊഴും ഇതെന്താ തീരാത്തെ, എന്നൊരു തോന്നൽ ഉണ്ടാകും. എച്മുകുട്ടിയുടെ ബ്ലോഗ് വായക്കുമ്പൊൾ തീരരുതേ എന്നും. നന്നായിരുന്നൂ ഇതും. പല സാമൂഹിക വിഷയങ്ങളും തന്മയത്ത്വമായി കഥയിൽ അവതരിപ്പിക്കാനുള്ള എച്മുകുട്ടിയുടെ കഴിവപാരം... ആശംസകൾ...

ഭാനു കളരിക്കല്‍ said...

kadha parayaanulla echumuvinte kazhivu ee kadhaye sundaramaakkunnu. vishayam athrakkum puthumayillenkilum vaayanakkarane pidichiruththunnathu athonnu maathramaanu.

Jazmikkutty said...

എച്ച്മുവിന്റെ ലോകത്തേക്ക് ആദ്യമായാണ് ഞാന്‍ വന്നത്...ഇന്നലെ..ആദ്യത്തെ കഥ വായിച്ചു കണ്ണെടുക്കാതെ,കമന്റ്സ് പോലും നോക്കാതെ ബ്ലോഗിലെ മൊത്തം കഥകളും ഒറ്റയിരിപ്പില്‍ ഞാന്‍ വായിച്ചു തീര്‍ത്തു..എല്ലാം ഒന്നിനൊന്നു മെച്ചം...'കല'യില്‍ ഒരു അരുന്ധതീ റോയിയെ ഞാന്‍ കാണുന്നു...

Vayady said...

കുട്ടികളുണ്ടാകാത്ത എല്ലാ സാഹചര്യത്തിലും ആദ്യം കുറ്റപ്പെടുത്തുന്നത് സ്ത്രീകളെയാണ്‌. പിന്നീട് പുരുഷനാണ്‌ പ്രശ്നം എന്ന് തെളിയുന്നതു വരെ സ്ത്രീയെ എല്ലാവരും കുറ്റവാളിയെ പോലെ കരുതും. ആര്‍ക്കും പുരുഷനെ സംശയമില്ല. ഇതെന്തു വിവേചനം?

എത്രയോ അനാഥകുട്ടികളുണ്ട് ഈ ലോകത്ത്. അതിലൊരു കുട്ടിയെ ദത്തെടുത്താല്‍ തീരാവുന്നതല്ലേയുള്ളു ഈ പ്രശ്നം? അതിനു പകരം പരസ്പരം പഴിചാരി ജീവിതം പാഴാക്കുന്നത് വിഡ്ഡിത്തമല്ലേ

എച്ചുമൂ നല്ല കഥ. അഭിനന്ദങ്ങള്‍.

ജ്യോതീബായ് പരിയാടത്ത് said...

അയാളുടെ ലോകം രണ്ടായി മുറിയുവാൻ തുടങ്ങുകയായിരുന്നു, ഭാര്യയെ ഗർഭിണിയാക്കാൻ സാധിച്ച വിജയികളായ പുരുഷന്മാരുടെയും അതിനു സാധിയ്ക്കാതെ പോയ പരാജിതരായ പുരുഷന്മാരുടേയും തമ്മിൽ പൊരുത്തമില്ലാത്ത ലോകം. അതുകൊണ്ട് അച്ഛനോടും ഒന്നും സംസാരിയ്ക്കാൻ അയാൾക്ക് തോന്നിയില്ല.

echmuve...

തട്ടാൻ said...

വളരെ നന്നായിരിയ്കുന്നു.

“ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ?“
ആയിക്കഴിഞ്ഞിരിക്കുന്നു.

“ മക്കളില്ലെങ്കിൽ മക്കളില്ലെന്നൊറ്റ ദു:ഖമേ,
മ്ക്കളുണ്ടെങ്കിൽ, മരണക്കിടക്കയിൽ
മക്കളേയോർത്തു വിളിയ്ക്കുന്നു…………“

കാലാ കാലങ്ങളായി നമ്മുടെ പൂർവികർ ചങ്കു പൊട്ടി വിളിച്ചുകൊണ്ടിരിയ്ക്കുന്നു.

ചിലരാണെങ്കിൽ, “ഇതു പോലുള്ള ഒരു പാട് പുസ്തകങങൾ വായിചു ‘’ മറന്നു കളയുന്നു.

അധികം വായിക്കാൻ ഭാഗ്യമില്ലാത്ത എന്നെപ്പോലുള്ളവർക്കു വേണ്ടി,
എച്ചുമു എഴുതിക്കൊണ്ടിരിയ്കുക.

തട്ടാൻ said...

വളരെ നന്നായിരിയ്കുന്നു.

“ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ?“
ആയിക്കഴിഞ്ഞിരിക്കുന്നു.

“ മക്കളില്ലെങ്കിൽ മക്കളില്ലെന്നൊറ്റ ദു:ഖമേ,
മ്ക്കളുണ്ടെങ്കിൽ, മരണക്കിടക്കയിൽ
മക്കളേയോർത്തു വിളിയ്ക്കുന്നു…………“

കാലാ കാലങ്ങളായി നമ്മുടെ പൂർവികർ ചങ്കു പൊട്ടി വിളിച്ചുകൊണ്ടിരിയ്ക്കുന്നു.

ചിലരാണെങ്കിൽ, “ഇതു പോലുള്ള ഒരു പാട് പുസ്തകങങൾ വായിചു ‘’ മറന്നു കളയുന്നു.

അധികം വായിക്കാൻ ഭാഗ്യമില്ലാത്ത എന്നെപ്പോലുള്ളവർക്കു വേണ്ടി,
എച്ചുമു എഴുതിക്കൊണ്ടിരിയ്കുക.

മുകിൽ said...

വളരെ നല്ലത്, എച്മു. ഈയൊരു വിഷയത്തെ പ്രതി കുടുംബങ്ങളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ സാധാരണ അവതരിപ്പിക്കുന്നതിൽ നിന്നു വ്യത്യസ്തമായി അവതരിപ്പിച്ചു. മുട്ട ഇടുന്നവർക്കും ഇടീക്കുന്നവർക്കും കിട്ടി കണക്കിന്. ഇതിലെ ചില വാചകങ്ങൾ സൂപ്പർ ആണ്.അതുകൊണ്ടൂ മുന്നേറുക. ആശംസകൾ.

Muyyam Rajan said...

ഭാവുകങ്ങള്‍ !

Muyyam Rajan said...

ഭാവുകങ്ങള്‍ !

Rare Rose said...

ഈ കഥയും പതിവു പോലെ ഇഷ്ടായി..

എങ്ങനെയാണു ഇത്രയും ചുഴിഞ്ഞു ഓരോരുത്തരുടെയും ഉള്ളിലേക്ക് നോക്കാനാവുന്നതെന്നോര്‍ത്ത് അത്ഭുതം തോന്നുന്നു.അതു തന്നെയാവും അല്ലേ എഴുത്തുകാരന്റെ വിജയവും..

Gopakumar V S (ഗോപന്‍ ) said...

“വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്ങളിൽ ജനിച്ച് ഇരുപതിരുപത്തഞ്ച് വയസ്സ് വരെ വളർന്ന്, പിന്നെ വിവാഹിതരായി, പരസ്പരം ഭാര്യയെന്നും ഭർത്താവെന്നും വിളിച്ച് ജീവിയ്ക്കുന്നതിലും എളുപ്പമായിരിയ്ക്കില്ലേ ഒരു പിഞ്ചു കുഞ്ഞിനെ വളർത്തി അതിനെക്കൊണ്ട് അച്ഛാ എന്നും അമ്മേ എന്നും വിളിപ്പിയ്ക്കുന്നത് എന്നു ചോദിയ്ക്കാൻ തോന്നിയെങ്കിലും അയാൾ മിണ്ടിയില്ല“
സത്യം, ചില ചിന്തകള്‍ ഭ്രാന്തമാണെന്നു തോന്നും, പക്ഷേ.... വളരെ നന്നായിട്ടുണ്ട്....ആശംസകള്‍ ...

വീകെ said...

ഈ അടുത്ത കാലത്ത് വായിച്ച കഥകളിൽ വളരെ മച്ചമെന്ന് പറയാവുന്ന ഒരു കഥ...
നന്നായിരിക്കുന്നു...

ആശംസകൾ....

ദിയ കണ്ണന്‍ said...

wow..again another different beautiful story...
you are the best... :)

ഒഴാക്കന്‍. said...

സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചു!!

ചാണ്ടിച്ചൻ said...

"ആ അഞ്ചു പുരുഷന്മാരും ആർക്കും മുഖം കൊടുക്കാതെ തങ്ങളുടെ ഊഴവും കാത്ത് നിശ്ശബ്ദരായിരുന്നു"
ഇത് വായിച്ചപ്പോ, എന്റെ ചാണ്ടിബുദ്ധിയില്‍ തെളിഞ്ഞത്, പാഞ്ചാലിയുമായി ബന്ധപ്പെട്ട എന്തോ കഥയാണെന്നായിരുന്നു...

എച്മുക്കുട്ടിയെ മറ്റു ബ്ലോഗുകളിലെ പല കമന്റുകളിലും കണ്ടു പരിചയമുണ്ടെങ്കിലും വായിക്കുന്നത് ആദ്യമായാ...നേരത്തെ ഇവിടെ വരാത്തതില്‍ വല്ലാത്ത നഷ്ടബോധവും, കുറ്റബോധവും തോന്നുന്നു....
ഒട്ടനവധി വീടുകളില്‍ നടക്കുന്ന ഒരു സംഭവത്തെ വളരെ സ്വാഭാവിക രീതിയില്‍ പകര്‍ത്തിയിരിക്കുന്നു...അഭിനന്ദനങ്ങള്‍....

ഈയൊരു സംഭവത്തെ മാത്രം മുതലെടുത്ത്‌ ജീവിക്കുന്ന ഒരുപാട് ഡോക്ടേഴ്സ് ഇന്ന് കേരളത്തിലുണ്ടെന്നുള്ളത് ഒരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം മാത്രം....

Ashly said...

കൊളുത്തി വലിയ്ക്കുന്ന എഴുത്ത്.

jayaraj said...

Echmukuttiye, kadha nannayirikkunnu.

perooran said...

beautiful story echu ........

lekshmi. lachu said...

വളരെ വ്യത്യസ്തമായി കഥ പറഞ്ഞു. പുരുഷന്റെ ആകുലതകള്‍ പൂര്‍ണമായും ഉള്‍കൊണ്ടുള്ള രചന. വളരെഇഷ്ടമായി.......

NiKHiL | നിഖില്‍ said...

വ്യത്യസ്തമായ നാട്ടുവഴികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പെണ്ണായിപ്പിറന്നതുകൊണ്ട് ഫെമിനിസം മാത്രേ എഴുതൂ എന്ന് വാശിപിടിക്കുന്ന കൊച്ചമ്മമാരുടെ ഇടയില്‍നിന്നും ഒറ്റ തിരിഞ്ഞ് സ്ഥലികള്‍ തേടുന്നു, കഥ. വിപ്ലവാത്മകമായ നിരീക്ഷണങ്ങള്‍, ഗംഭീരമായിട്ടുണ്ട് അവതരണം.
ചേച്ചീ,അഭിനന്ദനങ്ങള്‍...!

ajiive said...

i just loved the story, my admiration to the story and writer. love to read more.......
i should say excellent. ella aashamsakalum

smitha adharsh said...

കഥ അസ്സലായി..മനസ്സിലാക്കാന്‍ കഴിയുന്നു,അയാളുടെ മനസ്സിന്‍റെ നൊമ്പരങ്ങള്‍..
ഒരിയ്ക്കലെപ്പോഴോ,ഞാനും ഇതേ വിഷയം ഒന്ന് അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.സമയം കിട്ടിയാല്‍ ഒന്ന് നോക്കൂട്ടോ..
മറ്റൊരു വേദനയും,പ്രതീക്ഷയും

http://chirakullapakalkinaavu.blogspot.com/2008/07/blog-post_27.html

Anil cheleri kumaran said...

ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകുമായിരിയ്ക്കാം.

അതിമനോഹരമായ കഥ.

INDULEKHA said...

വിഷയം അവതരിപ്പിക്കാന്‍ അവലംബിച്ച രീതി ഏറെ ഇഷ്ടമയി
പതിവ് പോലെ മറ്റൊരു നല്ല കഥ കൂടി :)

Anonymous said...

"ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകുമായിരിയ്ക്കാം."

ആക്കാതിരിക്കാന്‍ ശ്രമിക്കണം ..അതിനു പരസ്പ്പര വിശ്വാസം വേണം, സ്നേഹം വേണം ...ഇതുവരെ കാണാത്ത കുഞ്ഞിനു വേണ്ടി ഇത്രയും നാള്‍ സ്വന്തത്തെ പോലെ സ്നേഹിച്ച വ്യക്തിയെ കുറ്റപെടുതാനും ഒറ്റപ്പെടുത്താനും കഴിയുന്ന മനസ്സുകള്‍ക്ക് എന്തിന് വേണം ഒരു കുഞ്ഞ് ..അതിന്റെ പേരില്‍ നാളെ പരസ്പരം പഴിചാരനോ.???..നാളെ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ സ്വപ്നം കണ്ടു ആരും ആരെയും വിവാഹം കഴിക്കുന്നില്ല ..അത് കാല ക്രമേണ ജീവിതത്തില്‍ സ്വപ്നമായി പിന്നീട് പലര്‍ക്കും യാഥാര്‍ത്യമായി വരുന്നു എന്ന് മാത്രം ..ആണായാലും പെണ്ണായാലും ദുഖം ഒന്ന് തന്നെ ..പെണ്ണ് കരഞ്ഞു പ്രകടിപ്പിക്കും ..ആണ് കടിച്ചു പിടിച്ച് ഉള്ളില്‍ ഒതുക്കിയും ....നന്നായി എഴുതി ...പെണ്ണിന്റെ മനസ്സിനെ പലപ്പോഴും ഈ അവസ്ഥയില്‍ വരച്ചു കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് പലരും ..അത് ഒരു പക്ഷെ എല്ളുപ്പം ആണ് താനും ...പക്ഷെ അത്തരം മനസ്സുള്ള ആണിന്റെ അവസ്ഥ അതാര്‍ക്കും പലപ്പോഴും വരച്ച് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല ...അത് താങ്കള്‍ക്ക് കഴിഞ്ഞു ...പലതും അതിന്റെ അര്‍ത്ഥത്തില്‍ അറിയണമെങ്കില്‍ അത് അനുഭവിക്കുക തന്നെ വേണം ..അങ്ങിനെയുള്ള ഒരു അവസ്ഥയാണ് ഇത് ...അതിനോടൊപ്പം കൂട്ടിവായിക്കാം ദത്തെടുക്കലും...പല നല്ല കാര്യങ്ങളും പലപ്പോഴും മനുഷ്യന്റെ വികാരങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു ..പുറത്തു നിന്നു നോക്കുമ്പോള്‍ നിസാരം ...അടുത്തു ചെല്ലുമ്പോള്‍ അറിയുന്നു അതിന്റെ സങ്കീര്‍ണാവസ്ഥ!!നന്നായി എഴുതി ഫലിപ്പിച്ചു..ഒരു പാട് പേരുടെ ആരും കേള്‍ക്കാത്ത രോഥനങ്ങള്‍ ഈ പോസ്റ്റില്‍ മുഴങ്ങി കേള്‍ക്കുന്നു ...ആശംസകള്‍ !!!

Thommy said...

:)))

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi...... aashamsakal...........

ഹംസ said...

ഇവിടെ വന്നുപെട്ടപ്പോഴെക്കും സമയം ഏറെ വൈകിയിരുന്നു. നാളെ വായിക്കാം എന്നു കരുതി ചുമ്മാ ആദ്യഭാഗമൊക്കെ വായിച്ചു നോക്കി. അറിയാതെ പിന്നെ മുഴുവനും വായിച്ചിട്ടെ നിറുത്താന്‍ പറ്റിയുള്ളൂ എന്നതാണ് സത്യം .

നല്ല കഥ. ... നന്നായി തന്നെ ഏച്ചുമ്മു എഴുതി..

ആദില പറഞ്ഞ അഭിപ്രായം ഞാന്‍ ഇവിടെ കോപി പേസ്റ്റ് ചെയ്ത് കഴിഞ്ഞു.

vipin said...

മനോഹരം .. ഗംഭീരം .

പേടിരോഗയ്യര്‍ C.B.I said...

വളരെ നന്നായിരുന്നു ... ആശംസകള്‍

Sulfikar Manalvayal said...

എച്മീ .. പതിവ് സ്ത്രീ എഴുത്തുകളില്‍ നിന്നും മാറി ഒരു വിഷയം, അതും സമൂഹത്തിലെ ചിന്തിക്കപ്പെടേണ്ട വിഷയങ്ങള്‍ കഥാ രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഞാന്‍ എന്നും എച്മിയിലെ കഥാകാരിയെ ഇഷ്ടപ്പെടാന്‍ കാരണം.
മറ്റുള്ളവരുടെ കഥകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതും അത് കൊണ്ടാണ്.
ഇത്തരം വിഷയങ്ങള്‍ എച്മു നന്നായി കൈകാര്യം ചെയ്യുന്നു താനും.
നന്നായി എഴുതി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അത് പുരുഷ വ്യഥകള്‍ എഴുതിയത് കൊണ്ട് പറയുന്നതാവും എന്ന് ധരിക്കരുത്.
സത്യായിട്ടും നല്ല ഒഴുക്കോടെ അയാളുടെ മനസിന്‍റെ സങ്കടം പകര്‍ത്തി.

ഇനി ഈ അവസ്ഥയെ കുറിച്ച്. സ്ത്രീ ആയാലും പുരുഷന്‍ ആയാലും ഇത്തരം ഒരവ്സ്ഥ വന്നാല്‍ പരസ്പരം പഴി ചാരാതെ, അത് എന്റെ തെറ്റല്ലെന്ന് ആഘോഷിക്കാതെ മനസിലാക്കി ജീവിക്കാന്‍ ഇനിയും നാം ഒരുപാട് മുന്നോട്ട് പൊവേണ്ടി ഇരിക്കുന്നു.
ദത്തെടുക്കുന്ന കുട്ടികളെ അന്യരായി കാണുന്ന കണ്ണുകള്‍ നാം മാറ്റേണ്‍ടിയിരിക്കുന്നു.
സമൂഹം ഇതൊക്കെ കണ്ടും കെട്ടും പടിക്കട്ടെ അല്ലേ.

Echmukutty said...

ആണത്തത്തിന്റേയും പെണ്ണത്തത്തിന്റേയും കൊടിപ്പടങ്ങൾക്കും മുദ്രാവാക്യം വിളികൾക്കുമിടയിൽ മറക്കപ്പെടുന്ന മനുഷ്യത്തത്തെ തേടി നൊമ്പരം കൊള്ളേണ്ടി വരുന്ന ഒരുപാട് ജീവിതമുഹൂർത്തങ്ങളുണ്ടായിരുന്നു.
ആ വേദനയെ ചെറുതായി ഒന്നു പകർത്താൻ ശ്രമിച്ചതാണ്.
എന്നെ അഭിനന്ദിച്ച എല്ലാവർക്കും നന്ദി.
നിർദ്ദേശങ്ങൾ തന്ന ദിവാരേട്ടനും ശ്രീനാഥനും സുരേഷിനും പ്രത്യേകം നന്ദി.കൂടുതൽ നന്നായി എഴുതുവാൻ പരിശ്രമിയ്ക്കുമെന്ന് അറിയിയ്ക്കട്ടെ.
എന്റെ എല്ലാ സുഹൃത്തുക്കളും വന്നു വായിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തരികയും ചെയ്യണമെന്ന് അപേക്ഷിയ്ക്കുന്നു.
ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്.....

അലി said...

വളരെ വൈകിയാണെത്തിയത്..

നന്നായിരുന്നു എച്മു..വളരെ നന്നായിരുന്നു.

പദസ്വനം said...

ഇതെന്റെ കന്നി വരവ്....

സന്ദര്‍ശനം ഒട്ടുമേ നിരാശാജനകം ആയിരുന്നില്ല....ആഹാ കലകാന്‍ പോസ്റ്റ്‌...
ഇത് ഇരു പക്ഷത് നിന്നും വീക്ഷിക്കാം...
ഒരു പുരുഷന്റെ പരാജയം ഇവിടെ മാത്രം ആകുന്നു...
സ്ത്രീ അടിയറവു പറയുന്നത്, അഥവാ പറയിക്കുന്നത് പുരുഷന്‍ സമ്മതിക്കുന്നതിന് തൊട്ടു മുന്‍പ് വരെയും..
കലക്കന്‍ പോസ്റ്റ്‌....
ബന്ധങ്ങളിലെ സ്വാര്‍ഥത പൊളിച്ചടുക്കുന്നു..
Keep writing dear...

Joji said...

“വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്ങളിൽ ജനിച്ച് ഇരുപതിരുപത്തഞ്ച് വയസ്സ് വരെ വളർന്ന്, പിന്നെ വിവാഹിതരായി, പരസ്പരം ഭാര്യയെന്നും ഭർത്താവെന്നും വിളിച്ച് ജീവിയ്ക്കുന്നതിലും എളുപ്പമായിരിയ്ക്കില്ലേ ഒരു പിഞ്ചു കുഞ്ഞിനെ വളർത്തി അതിനെക്കൊണ്ട് അച്ഛാ എന്നും അമ്മേ എന്നും വിളിപ്പിയ്ക്കുന്നത്...“

വളരെ വ്യത്യസ്തമായി തോന്നുന്നു..

jayanEvoor said...

അനപത്യത പറഞ്ഞു പഴകിയ വിഷയമാണെങ്കിലും തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ചു എച്ച്‌മുക്കുട്ടീ.... ഒട്ടും വിരസമായില്ല.
ക്ലീഷേയിൽ വീണുമില്ല.
അഭിനന്ദനങ്ങൾ!

Vishnupriya.A.R said...

ഒരു സാധാ കഥ ...........നല്ല ഒരു അവതരണം നടത്തി എന്നെ പറയാന്‍ കഴിയുള്ളൂ

Echmukutty said...

എന്റെ എല്ലാ സ്നേഹിതർക്കും നന്ദി.......
ഇനിയും വായിയ്ക്കുമല്ലോ.

Anonymous said...

ഹോ ഈ സുമയെന്താ ഇങ്ങനെ കണ്ണി ചോരയില്ലാതെ...നിസ്വാര്‍ത്ഥ സ്‌നേഹം എന്നൊന്നില്ലേ ഈ ലോകത്ത്...നല്ല കഥ, പക്ഷേ പതിവു പോലെ അമ്പെയ്ത്തു തന്നെ....ലക്ഷ്യം തെറ്റാതെ ഹൃദയത്തിലേക്ക്.
നേരത്തേ വായിച്ചതാ എച്ച്മൂ. കമന്റ് ഇട്ടില്ലെന്നേ ഉള്ളു.