Wednesday, October 17, 2018

നാഴി ഇടങ്ങഴി പറ...

https://www.facebook.com/photo.php?fbid=977155395797088&set=a.526887520823880.1073741826.100005079101060&type=3&theater

ഇതെല്ലാം അമ്മീമ്മയുടെ അളവ് പാത്രങ്ങളായിരുന്നു. സ്രഷ്ടാവ് അമ്മീമ്മയുടെ വീടുണ്ടാക്കിയ മഹാനായ കേശവനാശാരി തന്നെ.

നാഴികൊണ്ടാണ് അമ്മീമ്മ എന്നും ചോറു വെക്കാനുള്ള അരിയളന്നെടുക്കുക. നാഴി ശ്രേഷ്ഠമായ ഒരു പാത്രമായി കരുതപ്പെട്ടിരുന്നു. എന്നും ഭക്ഷണത്തിനാവശ്യമായ അരിയെടുത്തു തരുന്ന ജീവനുള്ള ഒന്നായിരുന്നു നാഴി. നാഴിയെ ആദരവില്ലാതെ സ്പര്‍ശിക്കുക, അതില്‍ ബലം പിടിക്കുക, അത് വലിച്ചെറിയുക, വെയിലത്തും മഴയത്തും വെക്കുക ഇമ്മാതിരി കാര്യങ്ങളൊക്കെ ആര് ചെയ്താലും ക്ഷമിക്കാന്‍ പാടില്ലെന്ന് അമ്മീമ്മ പറയുമായിരുന്നു. ഈ അളവുപാത്രങ്ങളെ അപഹസിക്കുന്നത് കര്‍ഷകനെ അപഹസിക്കുന്നത് പോലെയാണ്. കര്‍ഷകനെ കളിയാക്കുന്ന നാട്ടില്‍ ഉറപ്പായും ഭക്ഷ്യക്ഷാമം ഉണ്ടാകും എന്ന് അവര്‍ എപ്പോഴും താക്കീത് തരുമായിരുന്നു.

ഇടങ്ങഴി അങ്ങനെ നിത്യം ഉപയോഗിക്കേണ്ടി വരില്ല. കൂടുതല്‍ ആളുകളും ജോലിക്കാരും ഭക്ഷണം കഴിക്കാന്‍ ഉള്ളപ്പോഴാണ് ഇടങ്ങഴിയില്‍ അരി അളന്നെടുക്കുക. പലഹാരങ്ങള്‍ക്ക് അരിപ്പൊടി ഉണ്ടാക്കാനും അരിക്കൊണ്ടാട്ടവും ബ്ടാവും അപ്പളവും ഉണ്ടാക്കാനും ഇടങ്ങഴിയില്‍ അളന്നെടുക്കല്‍ പതിവുണ്ട്. അമ്മീമ്മയുടെ മേല്‍നോട്ടത്തില്‍ ച്യവനപ്രാശം ഉണ്ടാക്കാന്‍ ശങ്കരന്‍ നായരും ജാനകിയമ്മയും വരുമ്പോള്‍ ചില മരുന്നുകളൊക്കെ അളക്കുന്നതും ഇടങ്ങഴിയിലാണ്. നാഴിക്കു പറഞ്ഞ സകല ആദരവുകളും ഇടങ്ങഴിക്കും ഉണ്ട്.

പറയാണ് ഏറ്റവും മുന്തിയ ആള്‍. നെല്ല് അളക്കുന്നത് പറകൊണ്ടാണ്. അരിമാവുകൊണ്ട് കോലമെഴുതിയാണ് പറ എടുക്കുക തന്നെ. ഞങ്ങള്‍ക്ക് നല്ല ഒന്നാന്തരം കുത്തരിച്ചോറാണ് അമ്മീമ്മ നല്‍കിയിരുന്നത്. സര്‍ക്കാര്‍ രേഖകളില്‍ പഴയ ജന്മി ആയതുകൊണ്ട് റേഷന്‍ കാര്‍ഡ് വളരെക്കാലം പണിപ്പെട്ടിട്ട് മാത്രമേ അമ്മീമ്മയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. നെല്ലു വാങ്ങി പുഴുങ്ങി ഉണക്കി മില്ലില്‍ കൊണ്ടുപോയി കുത്തിക്കൊണ്ടു വന്ന്‍ കയ്ക്കുന്ന വേപ്പില, ഗ്രാമ്പു, കറുവാപ്പട്ട തുടങ്ങിയവയൊക്കെ അരിയില് ഇട്ട് കീടങ്ങള്‍ കേറാതെ അടച്ചു സൂക്ഷിക്കും. നെല്ലളക്കുന്ന വിദ്വാനായതുകൊണ്ടും അമ്പലത്തിലെ ദേവിയും ശാസ്താവുമൊക്കെ വീട്ടില്‍ വന്ന് പറയെടുക്കുമ്പോള്‍ എഴുന്നുള്ളിച്ച ആനയ്ക്കും തുള്ളുന്ന വെളിച്ചപ്പാടിനും മുന്നില്‍ അരിമാവിന്റെ കോലമണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതുകൊണ്ടും പറയ്ക്ക് ഒരു ദൈവിക പരിവേഷമായിരുന്നു.

ഈ മൂന്നു പേര്‍ക്കും ശരിക്കും ജീവനുണ്ടെന്നു കരുതിയിരുന്ന കാലമായിരുന്നു ബാല്യം. അതുകൊണ്ട് ആദരിക്കണമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്തിരുന്നു. 'അയാള്‍ കൃഷിക്കാരനാ... പറമ്പില്‍ പണിയെടുത്ത് ജീവിക്കുന്നവനാ... അധ്വാനിയാ' എന്നൊക്കെ വലിയ ഗമയോടെ പറയേണ്ട കാര്യമാണെന്ന് അമ്മീമ്മ പഠിപ്പിച്ചിരുന്നു. പോസ്റ്റ്‌ ഗ്രാജുവേഷനും എഞ്ചിനീയറിങ്ങുമൊക്കെ പഠിച്ചെങ്കിലും ഈ പാഠം ഞങ്ങള്‍ മൂന്നുപേരും ഇന്നും മറന്നിട്ടില്ല.

ഇത് കേരളത്തിൽ തന്നെയാണ്

https://www.facebook.com/echmu.kutty/posts/976233252555969


ഇത് കേരളത്തിൽ തന്നെയാണ്... തകർന്നു പോകുന്നു എല്ലാ ആഘോഷ ആരവങ്ങൾക്കുള്ളിലും....

                                               

കോഴിമുട്ട വിളക്ക്

https://www.facebook.com/photo.php?fbid=974950462684248&set=a.526887520823880.1073741826.100005079101060&type=3&theater

                                       

ഈ വിളക്കിന് ജീവിതത്തില്‍ വലിയ സ്ഥാനമായിരുന്നു അമ്മീമ്മയുടെ വീട്ടില്‍ താമസിക്കുന്ന കാലത്ത്. വീട്ടില്‍ അന്നേ വൈദ്യുതി ഉണ്ടായിരുന്നുവെങ്കിലും ഗ്രാമമായിരുന്നതുകൊണ്ട് എപ്പോഴും അതു മുടങ്ങുമായിരുന്നു. അമ്മീമ്മ എന്നും ഇരുട്ടും മുമ്പ് കോഴിമുട്ട വിളക്കുകളെ , ( മൂന്ന് വിളക്കുകള്‍ ഉണ്ടായിരുന്നു) തുടച്ച് തിരിയൊക്കെ തയാറാക്കി മണ്ണെണ്ണ ഒഴിച്ച് ഫാളിന്‍ ആക്കി നിറുത്തും. പിന്നെ ഒരു നിലവിളക്ക്, മൂന്നു ബാറ്ററിയുടെ ഒരു ടോര്‍ച്ച് ഇതൊക്കെ സൂര്യന്‍ ടാറ്റാ പറയും മുമ്പേ ഇരുട്ടിനെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുണ്ടാവും. നാമം ജപിക്കുന്നതു പോലെ നിത്യവും ഇത് തെറ്റാതെ ചെയ്ത് രാത്രി മുഖം വീര്‍പ്പിച്ചു കണ്ണടച്ചുകളയുന്ന വൈദ്യുതിയെ അമ്മീമ്മ ഭംഗിയായി തോല്‍പ്പിക്കും.

ഉത്തരവാദിത്തബോധവും ചുമതലയും ഇത്രയും കൃത്യമായി പുലര്‍ത്തിയിരുന്ന മറ്റൊരാളെ എനിക്ക് സങ്കല്‍പിക്കാന്‍ കൂടി ഇപ്പോള്‍ പറ്റുന്നില്ല. ജീവിതം മുന്നോട്ട് പോകുന്തോറും അമ്മീമ്മ എന്‍റെ മനസ്സില്‍ വളരെ വിശാലമായ ക്യാന്‍വാസില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നു.

ഗ്ലാസ് ചിമ്മിനിയുടെ കോഴിമുട്ട ആകൃതിയാണ് വിളക്കിന് അങ്ങനൊരു വിളിപ്പേര്‍ കൊടുത്തത്. പതിനാലാം നമ്പര്‍ വിളക്കെന്നും പറയുമായിരുന്നു, മാതുവും പാറുക്കുട്ടിയും അമ്മീമ്മയുടെ മറ്റു വീട്ടുസഹായികളും ഒക്കെ. അതിന്‍റെ കാരണമെന്താണെന്ന് എനിക്കിപ്പോള്‍ ഒട്ടും ഓര്‍മ്മ വരുന്നില്ല.

ഞങ്ങള്‍ക്ക് പഠിക്കാന്‍ യാതൊരു ബുദ്ധിമുട്ടും വരരുതെന്ന് അമ്മീമ്മയ്ക്ക് തികഞ്ഞ നിര്‍ബന്ധമായിരുന്നു. അതിനായി രണ്ടുപേര്‍ക്കും ഓരോ വിളക്ക് എന്നും റെഡിയായിരിക്കും. പഠിത്തം കഴിഞ്ഞാലും ഞാന്‍ കുത്തിയിരുന്ന് പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ലോകക്ലാസ്സിക്കുകളില്‍ പലതും ഈ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഞാന്‍ കരണ്ടു തിന്നിട്ടുള്ളത് . പലപ്പോഴും ചുമരിലെ സ്വന്തം നിഴലിനെ നോക്കി ഞെട്ടുകയും ചെയ്തിട്ടുണ്ട്. ഭയം തോന്നാതിരിക്കാന്‍ ഒരു സൂത്രമെന്ന നിലയില്‍ അമ്മീമ്മയും റാണിയും ഉറങ്ങുന്ന കിടക്കകള്‍ക്കരികില്‍ ഇരുന്ന് ഞാന്‍ ഡ്രാക്കുളയേയും എക്സോര്‍സിസ്റ്റിനേയും ഭൂതരായരേയും മറ്റും പരിചയപ്പെട്ടു. എന്നിട്ട് പകല്‍ പോലും കിടുകിടാ വിറയ്ക്കുകയും ചെയ്തു.

ഒറ്റക്ക് താമസിച്ചിരുന്ന, അതും ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന ബ്രാഹ്മണരുടെയും സവര്‍ണരുടേയും എതിര്‍പ്പിനെ നേരിട്ടുകൊണ്ട് താമസിച്ചിരുന്ന അമ്മീമ്മയ്ക്ക് രാത്രികളിലെ ഈ വെളിച്ചമില്ലായ്മ വളരെ വൈഷമ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പാമ്പും എലിയും പെരുച്ചാഴിയുമൊക്കെ വലിയ പ്രശ്നങ്ങളായിരുന്നു. കൊച്ചുകുട്ടികളായിരുന്നതുകൊണ്ട് ഇവരെ കാണുമ്പോള്‍ ഭയപ്പെട്ട് ഉറക്കെ നിലവിളിച്ച് കരയുകയെന്നതല്ലാതെ വേറെ കാര്യമായ സഹായമൊന്നും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാനും പറ്റുമായിരുന്നില്ലല്ലോ .

പതിനഞ്ച് വയസ്സില്‍ രാത്രി രണ്ടു മണിക്ക് കിണറിനരികേയുള്ള മോട്ടോര്‍ഷെഡ്ഡില്‍ വീഴുന്ന മഴ മോട്ടോറിനെ നനയ്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ ധൈര്യമായി പുറത്തിറങ്ങിപ്പോയപ്പോള്‍ അമ്മീമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. 'എന്‍റെ മോള്‍ മുതിര്‍ന്നിരിക്കുന്നു'വെന്ന അഭിമാനം ആ കണ്ണുനീരില്‍ അന്ന് ഞാന്‍ കണ്ടു.

പാമ്പിനെ തുരത്താന്‍ എന്നും വൈകുന്നേരം വെളുത്തുള്ളിയും കായവുമൊക്കെ അരച്ചു കലക്കി വീട്ടിനു ചുറ്റും തളിക്കുമായിരുന്നു അമ്മീമ്മ. എന്നിട്ടും രണ്ടു മൂന്നു തവണ പാമ്പ് വീട്ടിന്‍റെ അടുത്ത പരിസരത്ത് വന്നിട്ടുണ്ട്. അടുക്കളയില്‍ പാമ്പ് കയറിയ ദിവസം അമ്മീമ്മ ഒരു പുതപ്പിട്ട് മൂടി അതിനെ അടിച്ചുകൊന്നു. അത് അവര്‍ക്ക് ഒത്തിരി മനോവിഷമം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു. വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ് അമ്മാതിരി അകൃത്യം ചെയ്യേണ്ടി വന്നതെന്ന് അവര്‍ പിന്നീട് ദു:ഖിച്ചിട്ടുണ്ട്. 'നീ എന്‍റെ അടുക്കളയില്‍ കയറി വന്നാല്‍ ഞാന്‍ പിന്നെ എന്തു ചെയ്യും ? ' എന്നായിരുന്നു അമ്മീമ്മ ശംഖുവരയന്‍ പാമ്പിനോട് ചോദിച്ചത്... എങ്കിലും ചെയ്തത് അതിക്രമമായിപ്പോയി, ജീവനെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ വളരെക്കാലം വിഷമിച്ചിരുന്നു. അവസാനമായി ഞാന്‍ കണ്ടപ്പോള്‍ പോലും സ്വന്തം അകൃത്യം അവര്‍ മറന്നിരുന്നില്ല.

ഒരു റാന്തല്‍ വിളക്ക് വാങ്ങണമെന്ന് അമ്മീമ്മ ഒത്തിരി ആഗ്രഹിച്ചിരുന്നു. അങ്ങനെ പണം സ്വരുക്കൂട്ടിവെച്ച് മോഹിച്ച് വാങ്ങിയ വിളക്കിലാകട്ടെ വളരെ പെട്ടെന്ന് ദ്വാരം വീണു . ദ്വാരം അടക്കാന്‍ കുറെ പരിശ്രമിച്ചെങ്കിലും അത് ഒരിയ്ക്കലും നടക്കുകയുണ്ടായില്ല. പിന്നീട് ആരു പറഞ്ഞിട്ടും റാന്തലിനെ വിശ്വസിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. കോഴിമുട്ട വിളക്ക് , പുത്തന്‍ റാന്തലിന്‍റെ പ്രഭയില്‍ മങ്ങിപ്പോയിരുന്ന സ്വന്തം പ്രതാപം അങ്ങനെ വീണ്ടെടുത്തു.

വൈദ്യുതി മുടങ്ങാത്ത വെളിച്ചം പരത്തുന്ന വീട് അമ്മീമ്മ എക്കാലവും സ്വപ്നം കണ്ടിരുന്നു. പക്ഷെ, അമ്മീമ്മ കടന്ന് പോകുമ്പോഴും ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ പാകത്തില്‍ ഞങ്ങള്‍ മൂന്നു പേരില്‍ ആര്‍ക്കും പ്രാപ്തി നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ന് ആ വീടിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും വൈദ്യുതി മുടങ്ങാതെ കാക്കാനും എന്‍റെ കുഞ്ഞനിയത്തിക്ക് സാധിക്കുന്നുണ്ട്. പക്ഷെ, നിറദീപമായിരുന്ന നിത്യ ഐശ്വര്യമായിരുന്ന അമ്മീമ്മ ഇല്ല....

പല്ലാങ്കുഴി

https://www.facebook.com/photo.php?fbid=972408619605099&set=a.526887520823880.1073741826.100005079101060&type=3&theater

                                                  

രണ്ടു പേര്‍ ഒരു ബോര്‍ഡിന്‍റെ ഇരുവശത്തും ഇരുന്ന് ബോര്‍ഡിലെ കുഴികളില്‍ മഞ്ചാടിമണി അല്ലെങ്കില്‍ പുളിങ്കുരു എണ്ണിയിട്ട് കളിക്കുന്ന ഒരു ഇന്‍ഡോര്‍ ഗെയിമാണത്. കൂടുതലും പെണ്‍കുട്ടികള്‍ കളിക്കുന്നത്. ഈ ബോര്‍ഡ് അമ്മീമ്മ കേശവനാശാരിയെക്കൊണ്ട് ഉണ്ടാക്കിക്കുകയായിരുന്നു. തറവാട്ടില്‍ ഉണ്ടായിരുന്ന പോലെ വലുപ്പമുള്ള ഒരു ബോര്‍ഡ് വേണമെന്ന് തന്നെയായിരുന്നു അമ്മീമ്മയുടെ ആഗ്രഹം. അതിനു വേണ്ടത്ര തടി വാങ്ങാനുള്ള പണമൊന്നും പക്കലുണ്ടായിരുന്നില്ലെങ്കിലും ഒരു ബോര്‍ഡ് ഉണ്ടാക്കാന്‍ അമ്മീമ്മ തീരുമാനിച്ചു. അങ്ങനെ കിട്ടിയതാണ് ഈ മിനിയേച്ചര്‍ പല്ലാങ്കുഴി ബോര്‍ഡ് .

അയല്‍പ്പക്കങ്ങളില്‍ ബ്രാഹ്മണഭൂരിപക്ഷമായിരുന്നതുകൊണ്ട് ഞങ്ങള്‍ ജാതിയില്ലാത്ത കുട്ടികള്‍ തീര്‍ച്ചയായും വല്ലാതെ ഒറ്റപ്പെട്ടിരുന്നു. ചെറുപ്പകാലങ്ങളില്‍ നേരിടേണ്ടി വരുന്ന ഇത്തരം ഭ്രഷ്ട് മനസ്സിലുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങാന്‍ ഒത്തിരി കാലമെടുക്കും. ഞങ്ങള്‍ക്ക് ആ മുറിവുകള്‍ ഉണങ്ങാനുള്ള അവസരം ജീവിതമൊരിക്കലും തന്നില്ല. ജാതിയും മതവും അല്‍പം അസാധാരണമായ കുടുംബബന്ധങ്ങളും എന്നും ഞങ്ങളെ അധിക്ഷേപിച്ചുകൊണ്ടിരുന്നു.... ജീവിതത്തിലെ സകല ബന്ധങ്ങളിലും, അപമാനവും നിന്ദയും നിത്യപ്പരിചയമായാല്‍ പിന്നെ അവയെ നേരിടാന്‍ നമ്മളറിയാതെ തന്നെ ഒരു പ്രതിരോധം തയാറായിക്കഴിയും. അങ്ങനെ ജാതിയും മതവും ഇല്ലായ്മകളും ചൂണ്ടിക്കാട്ടി അധിക്ഷേപിക്കാത്തവരോടാണെങ്കില്‍ അനല്‍പമായ ആദരവും ഞങ്ങളറിയാതെ തന്നെ ഉണ്ടാകും.

പല്ലാങ്കുഴി കളിക്കാന്‍ ഞാനും അനിയത്തിയും മാത്രം മതിയല്ലോ. ഞങ്ങള്‍ പരസ്പരം വാശിയോടെ കളിച്ചു രസിക്കുമായിരുന്നു. തുടര്‍ച്ചയായി ഞാന്‍ ജയിച്ചാല്‍ റാണി ഏങ്ങലടിച്ചു കരയും . അതുകൊണ്ട് ഇടയ്ക്കിടെ ഞാന്‍ തോറ്റുകൊടുക്കുമായിരുന്നു. അവള്‍ പിണങ്ങിയാല്‍, കരഞ്ഞാല്‍ പിന്നെ ഞാന്‍ ആരുടെ കൂടെ കളിക്കും? അതുകൊണ്ടു കൂടിയായിരുന്നു മന:പൂര്‍വമുള്ള എന്‍റെ തോല്‍വി.
മഞ്ചാടിമണികള്‍ പെറുക്കാന്‍ റാണി അതിവിദഗ്ദ്ധയായിരുന്നു. ചപ്പു ചവറൊക്കെ മാറ്റി മഞ്ചാടിമണികള്‍ ഒരു നിധി കിട്ടിയ സന്തോഷത്തോടെ അവളുടെ കുഞ്ഞിക്കൈകള്‍ നിറച്ചും പെറുക്കിക്കൊണ്ടു വരും. ചപ്പു ചവറുകള്‍ക്കിടയില്‍ പാമ്പുണ്ടാവുമോ പഴുതാരയുണ്ടാവുമോ കട്ടുറുമ്പുണ്ടാവുമോ എന്നൊന്നും അവള്‍ ഉല്‍ക്കണ്ഠപ്പെട്ടിരുന്നില്ല. മേല്‍നോട്ടം വഹിക്കുമെങ്കിലും എനിക്ക് ഭയമായിരുന്നു അതിനൊക്കെ. എന്നാല്‍ കളിക്കാനുള്ള കോപ്പുകള്‍ അതെന്തു തന്നെയായാലും ഒരുക്കു കൂട്ടാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഇരുപത്തിനാലു മണിക്കൂറും എന്തെങ്കിലുമൊക്കെ കളിക്കാന്‍ അവള്‍ തയാറുമായിരുന്നു.

ഇനി പല്ലാങ്കുഴിയുടെ ചരിത്രം കുറച്ച് വിശദീകരിക്കാം. തെക്കേ ഇന്ത്യ മുഴുവന്‍ പ്രചാരമുള്ള ഒരു ഗെയിമാണിത്. തമിഴില്‍ പല്ലാങ്കുഴി എന്നും മലയാളത്തില്‍ കുഴിപ്പറ എന്നും കന്നഡയില്‍ അലിഗുലിമനെ എന്നും തെലുങ്കില്‍ വാമനഗുണ്ടലു എന്നുമാണീ കളിക്ക് പേര്. തെക്കേ ഇന്ത്യക്കാര്‍ അതിലും തമിഴര്‍ കൂട്ടമായി കുടിയേറിയ പല വിദേശരാജ്യങ്ങളിലും അതായത് ശ്രീലങ്കയിലും മലേഷ്യയിലും ട്രിനിടാഡിലും ഗയാനയിലും ഇന്‍ഡോനേഷ്യയിലും സുമാത്രയിലും ജാവയിലും ഒക്കെ ഈ കളിയുണ്ട്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ സിനിമ പോലെ...
രണ്ടു പേരാണ് ഇത് കളിക്കുക. ബോര്‍ഡിന്‍റെ ഇരുവശത്തും ഏഴു കുഴികള്‍ വെച്ച് പതിനാലു കുഴികള്‍ ഉണ്ടാകും. പതിനാലുകുഴിയാണ് പറഞ്ഞു പറഞ്ഞു പല്ലാങ്കുഴി ആയത്. നൂറ്റിനാല്‍പത്താറു മഞ്ചാടിക്കുരുക്കളോ പുളിങ്കുരുക്കളോ വേണം . ഏറ്റവും കൂടുതല്‍ കുരുക്കള്‍ കളിച്ചു സമ്പാദിക്കുന്നയാള്‍ ജയിക്കും.

നടുവിലുള്ള കുഴിയില്‍ രണ്ട് കുരുക്കള്‍ മാത്രം ഇട്ട് ബാക്കി കുഴികളിലൊക്കെ പന്ത്രണ്ട് കുരുക്കള്‍ വീതം നിറക്കും. ആദ്യം കളിക്കുന്നാള്‍ തന്‍റെ ഏതേലും കുഴിയില്‍ നിന്ന് കുരുക്കള്‍ എടുത്ത് വലതു വശത്തേക്കുള്ള കുഴികളില്‍ ഓരോ കുരു വീതം ഇട്ട് കളി ആരംഭിക്കും. സ്വന്തം ഭാഗത്തെ കുഴികള്‍ തീര്‍ന്നാല്‍ എതിരാളിയുടെ കുഴികളില്‍ കുരുക്കള്‍ ഇടാം. അങ്ങനെ കുരുക്കള്‍ ഇട്ട് സ്വന്തം വശത്തെ ഒരു കുഴി ഒഴിഞ്ഞാല്‍ അതിനപ്പുറത്തെ കുഴിയിലെ കുരുക്കള്‍ കളിക്കുന്ന ആളുടെ സ്വത്തായിത്തീരും. അതുപോലെ കുരു ഇടുമ്പോള്‍ ഒരു കുഴിയില്‍ ആറു കുരുക്കള്‍ വന്നാല്‍, ആ കുരുക്കള്‍ മുഴുവന്‍ കുരു ഇട്ടയാള്‍ക്ക് എടുക്കാം. അടുത്ത കുഴിയിലെ കുരുക്കള്‍ നേരത്തേതു പോലെ ഇട്ടുകൊണ്ട് കളി പിന്നെയും തുടരാം. എന്നാല്‍ തുടര്‍ച്ചയായി രണ്ട് കുഴികള്‍ ഒഴിഞ്ഞാല്‍ പിന്നെ കുരുക്കള്‍ നേടാനോ കളി തുടരാനോ കഴിയില്ല. അപ്പോള്‍ അടുത്ത ആള്‍ ഈ രീതിയില്‍ കളി ആരംഭിക്കും. എല്ലാ കുരുവും വിന്യസിച്ചു തീരുമ്പോള്‍ ഒരു വട്ടം കളി പൂര്‍ത്തിയാകും.

രണ്ടാം വട്ടം കളിയിലാണ് പ്രശ്നങ്ങള്‍. കൂടുതല്‍ കുരുക്കള്‍ കൈയിലുള്ള ആള്‍ക്കായിരിക്കും കളിയില്‍ മേല്‍ക്കൈ. ആദ്യവട്ടം കളിയില്‍ തോറ്റയാള്‍ക്ക് കുഴികള്‍ നിറക്കാന്‍ മാത്രം കുരുക്കള്‍ കൈവശം ഉണ്ടാവില്ല. ഒഴിഞ്ഞ കുഴികള്‍ വെറും കുഴികളായി അറിയപ്പെടും. ആദ്യവട്ടം കളിയില്‍ ആദ്യം കളിച്ചയാള്‍ രണ്ടാം വട്ടം കളിയില്‍ രണ്ടാമതേ കളിക്കു. വെറും കുഴികള്‍ കളിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. കളിച്ച് കുരുക്കള്‍ നേടി വെറും കുഴികള്‍ നിറയ്ക്കാന്‍ പറ്റുകയാണെങ്കില്‍ അവ പിന്നെയും കളിയില്‍ ചേര്‍ക്കാം . കളിച്ച് കളിച്ച് ഒരു കുഴിയില്‍ നിറയ്ക്കാന്‍ ആറു കുരുക്കള്‍ തികയുന്നില്ലാത്ത സ്ഥിതി വന്നാല്‍ അവിടെ കളി തീരും.

കണക്കില്‍ ഞാന്‍ മോശമായിരുന്നെങ്കിലും ഈ കളിയില്‍ ഞാന്‍ മിടുക്കിയായിരുന്നു. പക്ഷെ, കളിയില്‍ തോറ്റ് റാണി കരയുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ മണ്ടന്‍കളിച്ച് അവളെ ജയിപ്പിക്കും. ഞങ്ങള്‍ക്ക് ഞങ്ങളല്ലേ കളിക്കാന്‍ കൂട്ടുണ്ടായിരുന്നുള്ളൂ

പാല്‍ക്കുപ്പികള്‍

https://www.facebook.com/photo.php?fbid=970948086417819&set=a.526887520823880.1073741826.100005079101060&type=3&theater


വിദേശനിര്‍മിതമായ പാല്‍ക്കുപ്പികളാണിത്. അമ്മ വളരെ കാര്യമായി സൂക്ഷിച്ചു വെച്ചിരുന്നത്. ഇരുവശത്തും റബര്‍ നിപ്പിള്‍ ഇട്ട് അടയ്ക്കേണ്ടത്. ഇതിലാണ് ഞാനും അനിയത്തി റാണിയും അമ്മീമ്മയ്ക്കൊപ്പം താമസിക്കുമ്പോള്‍ പാല്‍ കുടിച്ചിരുന്നത്.

എനിക്ക് ആറു വയസ്സു വരെ ഈ കുപ്പിയില്ലാതെ പാലോ വെള്ളമോ ജൂസോ ഒന്നും കുടിക്കാന്‍ കഴിയുമായിരുന്നില്ല. ഗ്ലാസ് ചുണ്ടില്‍ തൊടീക്കാതെ ഗ്ല ഗ്ല എന്ന ശബ്ദത്തോടെ പാലും കാപ്പിയും വെള്ളവുമൊക്കെ കുടിക്കാന്‍ പഠിക്കണമെന്ന് അമ്മീമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. നമ്മള്‍ എന്തെങ്കിലും കുടിക്കുമ്പോള്‍ ഒരാള്‍ വന്നാല്‍ എച്ചില്‍ ആക്കാതെ കുടിച്ചാലേ അയാള്‍ക്കും അതു പങ്ക് വെക്കാനാവൂ. പഴമോ ബ്രഡോ പലഹാരങ്ങളോ ഒന്നും കടിച്ചു തിന്നാന്‍ അമ്മീമ്മ അനുവദിച്ചിരുന്നില്ല. അത് പൊട്ടിച്ച് തുണ്ടങ്ങളാക്കി വായിലിടണം. എപ്പോഴും പങ്കുവെയ്ക്കാന്‍ തയാറുള്ള ഒരു മനസ്സുണ്ടാവണമെന്നത് അമ്മീമ്മയുടെ ഉറച്ച തീരുമാനമായിരുന്നു. ഈ വിദ്യയെല്ലാം ആദ്യം സ്വായത്തമാക്കിയത് അനിയത്തി റാണിയാണ്. അവള്‍ മിടുമിടുക്കിയായപ്പോഴും ദുര്‍ബലയായ ഞാന്‍ ഈ പാല്‍ക്കുപ്പിയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല.

ഞാന്‍ മുലപ്പാല്‍ ഒട്ടും തന്നെ കുടിച്ചിട്ടില്ലായിരുന്നു. എന്നാല്‍ റാണിയ്ക്ക് ആ ഭാഗ്യമുണ്ടായിരുന്നു. പക്ഷെ, ഒരു വയസ്സില്‍ അമ്മീമ്മയ്ക്കൊപ്പം താമസിച്ച് തുടങ്ങിയപ്പോള്‍ അവള്‍ക്കും മുലപ്പാല്‍ ഇല്ലാതായി. എങ്കിലും രാത്രി ഉറങ്ങണമെങ്കില്‍ മുല കുടിക്കണമെന്നത് അവളുടെ നിര്‍ബന്ധമായിരുന്നു. അമ്മീമ്മ തന്‍റെ ഒട്ടും ഉടയാത്ത, പുരുഷസ്പര്‍ശമേറ്റിട്ടില്ലാത്ത, ചുരക്കാത്ത മുലകള്‍ അവള്‍ക്ക് കുടിക്കാന്‍ കൊടുക്കും. ആ നിമിഷം തന്നെ അവള്‍ ഉറങ്ങുകയും ചെയ്യും.

എനിക്ക് ഒരുകാലത്തും മുലകുടിക്കാന്‍ ആഗ്രഹം ഉണ്ടായിട്ടില്ല. റാണിക്ക് എന്ത് മണ്ണാങ്കട്ടയാണ് ഈ മുല കുടിക്കുന്നതില്‍ നിന്ന് കിട്ടുന്നതെന്ന് ഞാനൊത്തിരി സമയം ആലോചിച്ചിട്ടുണ്ട്. എന്‍റെ കുഞ്ഞ് മുല കുടിച്ചപ്പോഴാണ് അത് അമ്മയ്ക്ക് നല്‍കുന്ന നിര്‍വൃതിയെപ്പറ്റി ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. അന്ന് അമ്മീമ്മ എന്‍റെ മനസ്സില്‍ ഒരു പൂര്‍ണദേവിയായി ഉയര്‍ന്നു. എത്ര വലിയൊരു കാര്യമാണ് അമ്മീമ്മ ചെയ്തിരുന്നതെന്ന് അന്നാണ് എനിക്ക് ബോധ്യമായത്. പത്തു വയസ്സുവരെ അമ്മീമ്മയുടെ മുല കുടിച്ചാണ് റാണി എന്നും ഉറങ്ങിയിരുന്നത്. സ്വന്തം കുഞ്ഞിന് മടുക്കും വരെ, സ്വയം കുഞ്ഞ് അതു വേണ്ടെന്ന് വെയ്ക്കും വരെ മുലകൊടുത്ത് റാണി തന്‍റെ അമ്മധര്‍മ്മം പൂര്‍ണമായും നിറവേറ്റി. എനിക്ക് അതും സാധിച്ചില്ല.

ഇപ്പോള്‍ അമ്മ സൂക്ഷിച്ചുവെച്ച ഈ പാല്‍ക്കുപ്പികളും ഓര്‍മ്മകളും മാത്രം ബാക്കി... എന്നിട്ടും അതു കാണുമ്പോള്‍ ചെറിയൊരു സുരക്ഷിതത്വബോധം... അമ്മയുടേയും അമ്മീമ്മയുടേയും നെഞ്ചിടിപ്പുകള്‍ തന്നിരുന്ന സുരക്ഷിതത്വബോധം... സ്നേഹത്തിന്‍റെ അതീവ വശ്യമായ നറുമണം...

Tuesday, October 16, 2018

ഒരു പഴയ ചിത്രം

https://www.facebook.com/photo.php?fbid=968144990031462&set=a.526887520823880.1073741826.100005079101060&type=3&theater


രണ്ടു വയസ്സുള്ള ഞാൻ.. ആറു മാസമുള്ള റാണി... അമ്മ... ഒരു പഴയ ചിത്രം

                                                       

പ്രോഗ്രാം

https://www.facebook.com/echmu.kutty/posts/962985167214111


ഞാൻ ഈ പരിപാടി യിൽ പങ്കെടുക്കുന്നു.

                                         


                                                        


https://www.facebook.com/photo.php?fbid=964123737100254&set=a.526887520823880.1073741826.100005079101060&type=3&theater

സ്ത്രീ ശബ്ദം മാസികയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരികളുടെ സംഗമം... ഡോ. ലീലാവതി ടീച്ചർ സംസാരിക്കുന്നു.
                                               

ദ അള്‍ട്ടിമേറ്റ് മറ്റേണിറ്റി

https://www.facebook.com/echmu.kutty/posts/961123294066965

രണ്ടു പേരും എന്‍റെ കൂട്ടുകാരികളാണ്. ആരോടാണധികം സ്നേഹമെന്ന് ചോദിക്കരുത്. എനിക്ക് പറയാന്‍ കഴിയില്ല. അത്ര അടുപ്പമുണ്ട്. ആരാണ് കൂടുതല്‍ നന്മയുള്ളവള്‍ എന്നും ചോദിക്കരുത്. അതിനും എനിക്കുത്തരമില്ല.

അവര്‍ ചേച്ചിയും അനിയത്തിയുമാണ്. എന്നേക്കാള്‍ അല്‍പം മുതിര്‍ന്നവര്‍. വിവാഹിതര്‍. അവരുടെ ഭര്‍ത്താക്കന്മാരുടെ നീണ്ട തലമുടി കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ട് നിന്നിട്ടുണ്ട്. ആ, അതു തന്നെ.... അവര്‍ സര്‍ദാര്‍ജിമാരായിരുന്നു. ഞായറാഴ്ചകളില്‍ തലമുടി ഷാമ്പൂവും കണ്ടീഷണറും ഒക്കെ ഇട്ട് കഴുകിയുണക്കാനിടുന്നത് കാണേണ്ട കാഴ്ചയാണ്. അവരുടെ അമ്മ തന്‍റെ ആണ്‍ മക്കളുടെ ഇരുണ്ടുകനത്തതലമുടിയില്‍ വിരലോടിച്ചുകൊണ്ട് തണുപ്പു കാലത്തെ വെയില്‍ കാഞ്ഞ് ഇരിക്കുന്നുണ്ടാവും. ചേച്ചിയും അനിയത്തിയുമായ ഭാര്യമാര്‍ പലതരം പക്കോഡകളുണ്ടാക്കി മസാല ചേര്‍ത്ത ചായയുമായി അവര്‍ക്കൊപ്പം കൂടും. ഗൃഹസൌഭാഗ്യത്തിന്‍റെ ആ മനോഹര ചിത്രം കണ്ട് ഞാന്‍ ആഹ്ലാദിക്കും. സ്നേഹിക്കുന്നവരെ ചുമ്മാ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും നിര്‍വൃതിയും അളവറ്റതാണ്.

അനിയത്തിയായ പര്‍വീണ്‍ ആദ്യം ഗര്‍ഭിണിയായി. ആഹ്ലാദം പൂത്തിരി കത്തിച്ച ദിവസങ്ങളായിരുന്നു പിന്നീട്. അമ്മായിയമ്മ മരുമകളുടെ തലമുടി പറാന്തെ( നമ്മുടെ കുഞ്ചലം) വെച്ച് പിന്നി നീട്ടിയിടും. പറാന്തെ അവര്‍ക്കൊരു വിശേഷപ്പെട്ട കേശാഭരണമാണ്. കല്യാണം, സന്തോഷാവസരങ്ങള്‍, ഉല്‍സവങ്ങള്‍ ഇതിനെല്ലാം നിര്‍ബന്ധമാണ് ഈ കുഞ്ചലം. സ്വര്‍ണത്തിലും വെള്ളിയിലും ഒക്കെ പല ഡിസൈനുകളില്‍ ഉണ്ടാക്കി സൂക്ഷിക്കുന്ന ഭീകര പണക്കാരും ഉണ്ട്. സില്‍ക്ക് നൂലിലെങ്കിലും നിര്‍ബന്ധമായും ഒരെണ്ണം എല്ലാവരും ഉണ്ടാക്കി വെച്ചിരിക്കും. ഫുല്‍ക്കാരി ദുപ്പട്ടയും പാട്യാലാ സല്‍വാര്‍ കമ്മീസും പോലെ പഞ്ചാബിപ്പെ ണ്ണുങ്ങളുടെ തിരിച്ചറിയല്‍ അടയാളമാണ് ഈ പരാന്തെയും. കൈ നിറച്ചും കുപ്പി വളകള്‍ കിലും കിലും എന്ന് ശബ്ദമുണ്ടാക്കുന്നുണ്ടാവും. നല്ല വസ്ത്രങ്ങള്‍... ധാരാളം പലഹാരങ്ങള്‍, ഒരു പെണ്ണിനെ എങ്ങനൊക്കെ അലങ്കരിക്കുകയും അവളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യാമോ അതിലെല്ലാവരും മല്‍സരിക്കുകയായിരുന്നു. പര്‍വീണിന്‍റെ സൌഭാഗ്യം കണ്ട് കണ്‍കുളിരാത്തവര്‍ ആരുമുണ്ടായിരുന്നില്ല ആ പരിസരത്തില്‍....

അങ്ങനെ കാത്തു കാത്ത് പര്‍വീണിന് ഉണ്ണിയുണ്ടായി. നല്ല തക്കിടിമുണ്ടനായ ഒരു ആണ്‍കുട്ടി. എല്ലാവരും കുഞ്ഞിനെ ഓമനിച്ച് ഓമനിച്ച് വളര്‍ത്തി. അമ്മായിഅമ്മയ്ക്ക് സ്വര്‍ഗം കൈവന്ന സന്തോഷമായിരുന്നു.

ചേച്ചി അല്‍ക്ക ഗര്‍ഭിണിയായതേയില്ല. പിന്നെ അവര്‍ ചികില്‍സകള്‍ ആരംഭിച്ചു. അലോപ്പതി , ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി... ഒന്നും ഫലിച്ചില്ല. അല്‍ക്കയെ ആരും വഴക്കൊന്നും പറഞ്ഞിരുന്നില്ല. എങ്കിലും അല്‍ക്കയുടെ കണ്ണുകള്‍ പിന്നെപ്പിന്നെ തോരാതായി. അനിയത്തിയുടെ മകനെ എപ്പോഴും എടുത്തു നടക്കുകയും കൊഞ്ചിക്കുകയും ചെയ്യുമെങ്കിലും അല്‍ക്ക ദു:ഖിതയായിരുന്നു.

അപ്പോഴാണ് പര്‍വീണ്‍ രണ്ടാമതും ഗര്‍ഭിണിയായത്.
അതറിഞ്ഞ് എല്ലാവരും ആഹ്ലാദിച്ചു. ആദ്യഗര്‍ഭകാലത്തെ സ്നേഹപരിചരണങ്ങള്‍ എല്ലാം ആവര്‍ത്തിച്ചു. സന്തോഷം മാത്രമേ അവിടെ കളിയാടിയിരുന്നുള്ളൂ.

അല്‍ക്ക ശരിക്കും അസ്വസ്ഥയായി. അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് ഏകദേശം അവള്‍ക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു. അവളുടെ കരച്ചില്‍ താങ്ങാന്‍ പറ്റാതെ വന്നപ്പോഴാണ് ദില്ലിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങി ഭര്‍ത്താവ് ഭോപ്പാലിലേക്ക് പോയത്. അമ്മയ്ക്ക് മകനെ പിരിയാന്‍ നല്ല സങ്കടമുണ്ടായിരുന്നു. പക്ഷെ, അല്‍ക്കയെ വേദനിപ്പിക്കാന്‍ അവര്‍ ഒട്ടും ആഗ്രഹിച്ചില്ല.

പര്‍വീണിന്‍റെ പ്രസവമടുത്തപ്പോള്‍ അല്‍ക്ക ദില്ലിയിലേക്ക് വന്നു. അനിയത്തിയെ സ്നേഹത്തോടെ വാല്‍സല്യത്തോടെ പരിചരിച്ചു, അമ്മായിഅമ്മയ്ക്കൊപ്പം സന്തോഷമായി നിന്നു.

പര്‍വീണ്‍ ഇപ്രാവശ്യം ജന്മം നല്‍കിയത് ഒരു പെണ്‍കുഞ്ഞിനാണ്. തുടുത്തു ചുവന്ന് സുന്ദരിയായ ഒരു മാലാഖക്കുട്ടി.

പ്രസവത്തിന്‍റെ ആലസ്യം മാറി, ശരിയായ ബോധത്തിലേക്കുണര്‍ന്നപ്പോള്‍ പര്‍വീണ്‍ കട്ടിലില്‍ എണീറ്റിരുന്ന് കുഞ്ഞിനെ കൈയില്‍ വാങ്ങിച്ചു. എന്നിട്ട് ഒന്നുമ്മവെയ്ക്കുക പോലും ചെയ്യാതെ കുഞ്ഞിനെ അല്‍ക്കയെ ഏല്‍പ്പിച്ചു......

'ചേച്ചിയ്ക്ക് മകളുണ്ടായി എന്ന് കരുതിക്കൊള്ളൂ' വെന്ന് പറഞ്ഞ് നിറഞ്ഞു ചിരിച്ചു.

എല്ലാവരും ഞെട്ടിപ്പോയി. പര്‍വീണിനു ഒരു കുലുക്കവുമുണ്ടായിരുന്നില്ല. അവള്‍ ആ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ എല്ലാവരും അവളുടെ തീരുമാനത്തിനു കീഴടങ്ങി.

ആനന്ദം കൊണ്ട് അന്ധരായിത്തീര്‍ന്ന അല്‍ക്കയും ഭര്‍ത്താവും മകളേയും കൊണ്ട് ഭോപ്പാലിലേക്കും പിന്നീട് ആസ്ട്രേലിയയിലേക്കും ജീവിതം പറിച്ചു നട്ടു. മകളെ കൈയിലേന്തി നില്‍ക്കുന്ന അല്‍ക്കയുടെ മുഖം ഞാനൊരിക്കലും മറക്കുകയില്ല. അത്രമേല്‍ ദിവ്യമായിരുന്നു അത്. അതിലും ദിവ്യമായിരുന്നു പര്‍വീണിന്‍റെ മുഖം.

അമ്മായിയമ്മ ഇടയ്ക്ക് ഓസ്ട്രേലിയയിലേക്ക് പോകും. മാലാഖയെ കണ്ടു വരും. പര്‍ വീണ്‍ ആ കുഞ്ഞ് അവളുടേയാണെന്ന് ഇന്നുവരെ ആരോടും അവകാശപ്പെട്ടിട്ടില്ല, തമാശയായിട്ടു പോലും. പര്‍വീണിന്‍റെ സഹോദരസ്നേഹവും ഹൃദയനൈര്‍മല്യവും കാണുമ്പോള്‍ മദര്‍ മേരി എന്ന് വിളിക്കാന്‍ എനിക്ക് തോന്നിയിട്ടുണ്ട്.

ചിലരെയൊക്കെ പരിചയപ്പെടുമ്പോള്‍ അടുത്തറിയുമ്പോള്‍ ആരെക്കൂടുതല്‍ സ്നേഹിക്കണം ബഹുമാനിക്കണം എന്ന് എനിക്ക് സംശയം വരാറുണ്ട്. ഇക്കാര്യത്തിലും അതുണ്ട്.

ത്യജിക്കുക എന്നത് പഞ്ചാബി രക്തത്തിന്‍റെ ഒരു സവിശേഷതയാണ്. പലപ്പോഴും ഞാനത് കണ്ടിട്ടുണ്ട്. മനസ്സില്ലാമനസ്സോടെയുള്ള ത്യജിക്കലല്ല, പൂര്‍ണ മനസ്സോടെയുള്ള ത്യജിക്കല്‍... പിന്നീടൊരിക്കലും അവകാശപ്പെടാതെ ചൂണ്ടിക്കാട്ടാതെ എന്നേക്കുമായുള്ള ത്യജിക്കല്‍...

ഓള്‍ ഈസ് വെല്‍ ദാറ്റ് എന്‍ഡ്സ് വെല്‍ എന്നാണല്ലോ.

സ്പോര്‍ട്സ് ആന്‍ഡ് ഗേംസ് ഡേ

https://www.facebook.com/echmu.kutty/posts/960045917508036

നന്നേ കുട്ടിയായിരിക്കുമ്പോള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗേംസ് ഡേ എന്ന് അമ്മീമ്മ പറഞ്ഞു കേട്ടുള്ള ഒരു പരിചയമാണ് ഉണ്ടായിരുന്നത്. ആ ദിവസങ്ങളില്‍ സ്ക്കൂളില്‍ നിന്നു വരുമ്പോള്‍ അമ്മീമ്മ എന്തെങ്കിലും പലഹാരം കൊണ്ടുവന്നിരുന്നു. സൂപ്പര്‍ വിഷനുള്ള ടീച്ചര്‍മാര്‍ക്ക് അങ്ങനെ വല്ലതും കൊടുത്തിരുന്നിരിക്കാം. എന്തായാലും സ്പോര്‍ട്സ് ആന്‍ഡ് ഗേംസ് ഡേ എന്നാല്‍ പലഹാരമാണെന്ന് ഞാന്‍ ചെറുപ്പത്തില്‍ ധരിച്ചുവെച്ചിരുന്നു.

ആദ്യമായി താല്‍പര്യം തോന്നിയത് ടെന്നീസു കളിയോടാണ്. ടി ഷര്‍ട്ട് എന്നാല്‍ ടെന്നീസ് ഷര്‍ട്ട് എന്ന അറിവോടെയാണ് ആ താല്‍പര്യം വന്നു കൂടിയത്. ടെന്നീസ് കളി എനിക്ക് കണ്ടാല്‍ മനസ്സിലാകുന്ന ഒന്നാണ്. ക്രിസ് എവര്‍ട്ട്, ബ്യോണ്‍ ബോര്‍ഗ്, ബോറിസ് ബെക്കര്‍, ജോണ്‍ മെക്കെന്‍റോ, പീറ്റ് സാം പ്രസ്, സ്റ്റെഫിഗ്രാഫ്, മരിയ ഷറപ്പോവ, സെറീന വില്യംസ്, വീനസ് വില്യംസ്, ആന്ദ്രെ അഗാസി, റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍.... അങ്ങനെ ടെന്നീസ് ചക്രവര്‍ത്തിമാരും ചക്രവര്‍ത്തിനിമാരും എന്‍റെ ഇഷ്ടക്കാരായിരുന്നു. മാര്‍ട്ടിന നവരാത്രിലോവ എന്ന് എന്‍റെ അച്ഛന്‍ പറയുന്നതു പോലെ പറയാനും താല്‍പര്യമായിരുന്നു. നമ്മുടെ അമൃതരാജ് സഹോദരന്മാരും, ലിയാന്‍ഡര്‍ പേസും, മഹേഷ് ഭൂപതിയും, സാനിയ മിര്‍സയും എന്‍റെ മനസ്സില്‍ ഇടം പിടിച്ചവര്‍ തന്നെ. സ്കോളര്‍ഷിപ്പ് ഒക്കെ മേടിച്ച് പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥിനി ആയതുകൊണ്ട് ജനറല്‍നോളജ് കുറെ കേമമായിരുന്നു. കളിക്കാരെയും കളികളേയും ഒക്കെ പറ്റി ചെറിയ ധാരണകള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. ജോണ്‍ മെക്കന്‍റോയുടെ സീരിയസ് എന്ന ആത്മകഥയും അഗാസിയുടെ ഓപ്പണ്‍ എന്ന ആത്മകഥയും എന്നെ മോഹിപ്പിച്ച വായനകളാണ്.

സുനില്‍ ഗവാസ്ക്കറുടെ ആത്മകഥയായ സണ്ണി ഡേയ്സ് ശരിക്കും പലഹാരം തിന്നുമ്പോലെയാണ് വായിച്ചു തീര്‍ത്തത്. ക്രിക്കറ്റ് കളിയോട് വലിയ താല്‍പര്യം ഇല്ലായിരുന്നു. എന്നാലും കളിക്കാരെയൊക്കെ കേട്ട് പരിചയമായിരുന്നു. ക്രിക്കറ്റ് കളി ഇരുന്നു കാണുവാന്‍ എനിക്ക് ഒരിക്കലും മനസ്സുണ്ടായിട്ടില്ല. ബ്രയാന്‍ ലാറയുടെ ബീറ്റിംഗ് ദ ഫീല്‍ഡ്, ഇമ്രാന്‍ ഖാന്‍റെ ഇമ്രാന്‍, ഇയാന്‍ ബോതമിന്‍റെ ഹെഡ് ഓണ്‍, കപില്‍ ദേവിന്‍റെ സ്റ്റ്രെയിറ്റ് ഫ്രം ദ ഹാര്‍ട്ട് , വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ ദ ഡെഫെനിറ്റീവ് ഓട്ടോബയോഗ്രഫി ഇതൊക്കെ ഞാന്‍ കുത്തിയിരുന്നു വായിച്ചിട്ടുണ്ട്. ക്രിക്കറ്റ് കാണുന്നതിലും ഇഷ്ടം എനിക്ക് ബുക്കുകള്‍ വായിക്കാനായിരുന്നു. കളി എത്ര ശ്രമിച്ചിട്ടും എനിക്ക് ശരിക്ക് മനസ്സിലാകുമായിരുന്നില്ല. എന്നെ അതു മനസ്സിലാക്കിക്കാന്‍ തുനിഞ്ഞവരൊക്കെ പോടീ കഴുതേ എന്ന് പുലമ്പി എണീറ്റ് പോയിട്ടുണ്ട്.

പതിനഞ്ചു വയസ്സില്‍ ഞാന്‍ നന്നായി ബാഡ്മിന്‍റണ്‍ കളിക്കുമായിരുന്നു. അക്കാലങ്ങളില്‍ അമ്മയ്ക്കും അച്ഛനും കുഞ്ഞനിയത്തി ഭാഗ്യയ്ക്കും ഒപ്പമാണ് ഞാന്‍ പാര്‍ത്തിരുന്നത്. ടൌണിലെ സ്കൂളില്‍ ചേര്‍ന്ന എനിക്ക് അമ്മീമ്മയുടെ ഗ്രാമത്തിലെ വീട്ടില്‍ നിന്നുള്ള യാത്ര അനാരോഗ്യകരമാകുന്നുവെന്ന് അമ്മയ്ക്ക് തോന്നി. പിന്നെ പത്താംക്ലാസ്സല്ലേ.. കേമമായിട്ട് പഠിക്കണമല്ലോ. എനിക്ക് അമ്മീമ്മയെ വിട്ട് പോരാന്‍ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എങ്കിലും പോരേണ്ടി വന്നു. പറ്റുമ്പോഴെല്ലാം ഞാന്‍ അമ്മീമ്മയേയും റാണിയേയും തേടിച്ചെന്നിരുന്നു. എന്നാലും അങ്ങനെ താമസം മാറ്റിയത് എന്‍റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്നായിരുന്നു. അമ്മീമ്മയ്ക്ക് എന്നെ മനസ്സിലാകാതെ വന്ന കാലം അങ്ങനെയാണ് ആരംഭിച്ചത്.

ടൌണിലെ വീട്ടിന്‍റെ അയല്‍പ്പക്കത്ത് താമസിച്ചിരുന്നത് ഡിസ്ട്രിക്ട് വെഹിക്കിള്‍ ഓഫീസര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ അനിയന്‍റെ ഒപ്പമായിരുന്നു എന്‍റെ ബാഡ്മിന്‍റണ്‍ കളി. കളിയിലുള്ള എന്‍റെ മിടുക്കും കഴിവും കണ്ട് ശരിക്കും ആ അനിയന്‍ അല്‍ഭുതപ്പെട്ടു. കാരണം എനിക്ക് കളിയില്‍ ഒരു ട്രെയിനിംഗും അതുവരെ ലഭിച്ചിട്ടുണ്ടായിരുന്നില്ല. എന്‍റൊപ്പം കളിക്കുക മാത്രമല്ല അച്ഛനോട് ഇങ്ങനെ ശുപാര്‍ശയും ചെയ്തു. 'ഇവളെ ഇനി കോളേജിലൊന്നുമല്ല ചേര്‍ക്കേണ്ടത്. ബാഡ്മിന്‍റണ്‍ കളിയില്‍ കോച്ചിംഗ് കൊടുത്ത് നല്ല ഒന്നാന്തരം ഒരു താരമാക്കണം. ഇവള്‍ക്കുള്ളില്‍ ആ കളിയുടെ തീയുണ്ട്. ഇവള്‍ നമ്മുടെ നാട്ടിനു ഒത്തിരി മെഡലുകള്‍ കൊണ്ടുവരും.'

അതൊന്നും ആരും ശ്രദ്ധിച്ചതു കൂടിയില്ല.

ബോളിവുഡ് സിനിമാതാരം ദീപികാ പദുക്കോണിന്‍റെ അച്ഛന്‍ പ്രകാശ് പദുക്കോണ്‍ മനസ്സിലിടം പിടിച്ചിരുന്നു വളരെക്കാലം. അദ്ദേഹത്തെക്കുറിച്ച് എഴുതിക്കാണുന്നതെല്ലാം ഞാന്‍ ആര്‍ത്തിയോടെ വായിച്ചിരുന്നു. എന്നാല്‍ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് തലയും കുത്തി വീണതോടെ ബാഡ്മിന്‍റണ്‍ കളിയോടും ആ താല്‍പര്യത്തോടും ഞാന്‍ സ്വയം വിട പറഞ്ഞു.


ഫുട്ബോള്‍ മല്‍സരത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 'കാല്‍പന്താട്ടുപോട്ടി' എന്ന തമിഴ് വാക്ക് എന്നെ ഒത്തിരി രസിപ്പിച്ചതുകൊണ്ടാണ്. അങ്ങനെ പറയുവാന്‍ തന്നെ എനിക്ക് നല്ല രസം തോന്നി. പെലെയെക്കുറിച്ച് വായിച്ചാണ് ഞാന്‍ ഫുട്ബോള്‍ കളിയില്‍ താല്‍പര്യമുള്ളവളായി മാറുന്നത്. സ്കൂളില്‍ ഉശിരോടെ ഫുട്ബോള്‍ കളിച്ചിരുന്ന സണ്ണിയും മാര്‍ക്കോസുമൊക്കെ എന്‍റെ ആരാധന പിടിച്ചു പറ്റിയിരുന്നു. മറഡോണയും സിദാനും ഡേവിഡ് ബെക്കാമും റൊനാള്‍ഡോയും മാത്രമല്ല, പാപ്പച്ചനും, സത്യനും, വിജയനുമെല്ലാം എന്‍റെ ഇഷ്ടക്കാരായിരുന്നു. ഉത്തരേന്ത്യന്‍ ജീവിതകാലത്ത് വളരെ അടുപ്പമുണ്ടായിരുന്ന ബംഗാളി സുഹൃത്തുക്കള്‍ക്കൊപ്പം രാവു പകലാക്കി, കട്ടന്‍ ചായയും കുടിച്ചിരുന്ന് ഫുട്ബോള്‍ മല്‍സരങ്ങള്‍ കാണുക സ്ഥിരം പതിവായിരുന്നു. ബംഗാളികള്‍ക്ക് ഫുട്ബോള്‍ രക്തത്തില്‍ കലര്‍ന്നു പോയ ഒരു വികാരമാണ്, മല്‍സ്യം പോലെ. എന്‍റെ ഏറ്റവും അടുത്ത ബംഗാളി സുഹൃത്ത് ഒരു കാലിഡപ്പ വെച്ച് ഫുട്ബോള്‍ കളിക്കുന്നത് കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്.

എല്ലാ കളികളോടും കളിക്കാരോടും പ്രത്യേക താല്‍പര്യവും തികഞ്ഞ ആരാധനയുമു ണ്ടെങ്കിലും എഴുത്തുകാരെപ്പോലെ അവരും മനുഷ്യത്വം കുറവായും അല്‍പത്തം കൂടുതലായും പ്രകടിപ്പിക്കുമ്പോള്‍ എനിക്ക് വല്ലാതെ വിഷമമാവാറുണ്ട്. പിന്നെ എല്ലാവര്‍ക്കും എപ്പോഴും പൊളിറ്റിക്കലി കറക്ട് ആവാന്‍ സാധിക്കില്ലെന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കും. എപ്പോഴും പൊളിറ്റിക്കലി കറക്ട് ആവുക ഏറ്റവും വിഷമം പിടിച്ച ഒരു നിലപാടാണ്. നമ്മള്‍ ഒറ്റപ്പെട്ടു പോകാന്‍ ആ നിലപാട് മാത്രം മതി.

എല്ലാവര്‍ക്കും നല്ലൊരു ഫുട്ബോള്‍ കാലം ആശംസിക്കുന്നു.

ഒരു അവാര്‍ഡ്

https://www.facebook.com/echmu.kutty/posts/957471041098857

എത്ര വലിയ ഒരു അവാര്‍ഡ്.... എനിക്ക് തികഞ്ഞ ആഹ്ലാദം തോന്നുന്നു. അനിയാ... വാക്കുകളൊന്നുമില്ല നിനക്ക് മറുപടിയായി... സ്നേഹം മാത്രം.

                                                

ഇലഞ്ഞിപ്പുമണമൊഴുകി വരുന്നു .

https://www.facebook.com/echmu.kutty/posts/957277251118236

ഒരു അപ്സരസ്സായിരുന്നു കൊച്ചു. നല്ല വെളുത്തമുണ്ടും ചുട്ടിയുള്ള തോര്‍ത്തും ചുവപ്പോ അല്ലെങ്കില്‍ പച്ചയോ ജാക്കറ്റും ധരിച്ച് വണ്ടിന്‍പുറം പോലെ മിന്നുന്ന മുടി അമര്‍ത്തിച്ചീകി അല്‍പം ഉയരത്തില്‍ കെട്ടിവെച്ച് കൊച്ചു നടന്നുവരുന്നതു കണ്ടാല്‍ ആരും ഒന്നു നോക്കിനിന്നുപോകും. അതുകൊണ്ട് അസൂയ സഹിക്കാതെ ആളുകള്‍ മണ്ണാത്തിക്കൊച്ചു എന്ന് വിളിച്ചു പരിഹസിച്ചിരുന്നു. അങ്ങനെയാണല്ലോ മനുഷ്യരുടെ ഒരു രീതി. അമ്മീമ്മ ഒരിക്കലും മണ്ണാത്തി എന്ന് വിളിക്കാന്‍ അനുവദിച്ചിരുന്നില്ല. മണ്ണാത്തി, വേലത്തി, വെളുത്തേടത്തി എന്നൊന്നും നമ്മുടെ തുണികള്‍ കൊണ്ടുപോയി അലക്കി വെളുപ്പിച്ചുകൊണ്ടുവരുന്നവരെ വിളിക്കാന്‍ പാടില്ല. അത് മര്യാദകേടാണ്. അതുകൊണ്ട് ഞങ്ങള്‍ ആരേയും അങ്ങനെ വിളിച്ചിരുന്നില്ല. മനുഷ്യരെ കണ്ടാല്‍ ജാതിയും മതവുമൊന്നും അറിയാന്‍ പറ്റില്ലെന്നും അത് അന്വേഷിക്കുന്നത് 'മുണ്ട്ക്കടിയിലെ ജെട്ടിയാ കോമണമാ' എന്ന് തപ്പിനോക്കുന്നതു പോലെ തരംതാണ ഏര്‍പ്പാടാണെന്നും അമ്മീമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടാവണം ഒരാളുടെ ജാതിയെന്ത് മതമെന്ത് എന്ന ചോദ്യങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ഒരിക്കലും ഉയരാതിരുന്നത്.

കൊച്ചു വരുന്നത് ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. കിടക്കവിരികള്‍, തലയിണയുറകള്‍, തോര്‍ത്തുമുണ്ടുകള്‍, ചാരുകസേലത്തുണി ഇതൊക്കെ അലക്കി വെളുപ്പിച്ച് ചേര്‍ക്കുരുകൊണ്ട് ക. ടീ എന്ന് അമ്മീമ്മയുടെ കല്യാണം ടീച്ചര്‍ എന്ന പേരിനെ ചെറുതാക്കി എഴുതിവെച്ച് വീട്ടില്‍ എത്തിക്കും. ആ അലക്ക് കെട്ട് തുറക്കുമ്പോഴേ നല്ല സുഗന്ധമാണ്. വീട്ടില്‍ നമ്മള്‍ എങ്ങനെ അലക്കിയാലും കൊച്ചു അലക്കുമ്പോലെ ആവില്ല. അത്ര വൃത്തിയാവില്ല. ആ സുഗന്ധവും കിട്ടില്ല. പിന്നെ കൊച്ചു തുണി മടക്കുന്നതും ഒരു സ്പെഷ്യലാണ്. കൃത്യമായി നീളവും വീതിയും ഒപ്പിച്ച്.. ഒരേ പോലെ. ആ തുണികള്‍ അലമാരയില്‍ അടുക്കി വെച്ചിരിക്കുന്നതു കാണാന്‍ തന്നെ എന്തൊരു ചേലാണ്!

കുറെ കഥയുണ്ടാവും കൊച്ചുവിന്‍റെ പക്കല്‍.. അമ്മീമ്മയോട് പറയാന്‍.. അതൊക്കെ ഞങ്ങള്‍ക്കും കേള്‍ക്കാം. സ്നേഹവാനായ ഭര്‍ത്താവായിരുന്നു കൊച്ചുവിന്‍റെ. അയാളുടെ സ്നേഹംകൊണ്ടാണ് ഇത്ര കഠിനമായി അധ്വാനിച്ചിട്ടും കൊച്ചു ഇങ്ങനെ ദീപനാളം പോലെ സുന്ദരിയായിരിക്കുന്നത് എന്ന് അമ്മീമ്മ പറയും. സ്നേഹിക്കുന്ന ഭര്‍ത്താവുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഭംഗിക്ക് കുറവ് വരില്ല എന്നാണ് അമ്മീമ്മയുടെ പക്ഷം.

വൈലറ്റ് നിറമുള്ള ഒരു ബുക്കിലാണ് കൊച്ചുവിന്‍റെ അലക്ക് കണക്കുകള്‍ അമ്മീമ്മ എഴുതി വെയ്ക്കുക. കുറച്ചു മുതിര്‍ന്നപ്പോള്‍ ആ ജോലി ഞാന്‍ ഏറ്റെടുത്തു. എന്നെ ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ ഇട്ട് പുഴുങ്ങി കിടക്കവിരി പോലെ വെളുപ്പിച്ചു തരാന്‍ പറയുമ്പോഴൊക്കെ കൊച്ചു അരിപ്പല്ലുകള്‍ കാട്ടി തന്‍റെ തൂമന്ദഹാസം പൊഴിക്കും. എന്നിട്ട് പറയും... 'എന്തിനാ വെളുപ്പിക്കണേ... കുട്ടിക്ക് തേനിന്‍റെ നെറല്ലേ? എന്തു ഭംഗ്യാ ഈ നെറത്തിനു ...'

എനിക്ക് സന്തോഷമാവും. സുന്ദരിപ്പാറുവായ കൊച്ചുവാണ് പറയുന്നത് ... എന്‍റെ നിറത്തിനു ഭംഗിയുണ്ടെന്ന്... എന്നെ കറുമ്പി, കാക്ക, പാറാട, കാക്കത്തമ്പുരാട്ടി എന്ന് വിളിക്കുന്നവരൊക്കെ എവിടെയെങ്കിലും പോയിത്തുലയട്ടെയെന്ന് എന്‍റെ തല അഭിമാനത്തിലുയരും.

സ്നേഹിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന സ്ത്രീകള്‍ എപ്പോഴും പ്രസാദമുള്ള മുഖത്തോടെ പ്രത്യക്ഷപ്പെടുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും മധുരവാക്കുകള്‍ മറ്റുള്ളവരോട് പറയുകയും ചെയ്യുമെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് കൊച്ചുവാണ്.

ഭര്‍ത്താവ് നല്ല മൊരിഞ്ഞ പരിപ്പുവട പൊതിഞ്ഞുകൊണ്ടുവന്നുകൊടുത്തതും പൂയം കാണാന്‍ കൊണ്ടുപോയപ്പോള്‍ രണ്ട് കൈയിലും ഇടാന്‍ പല നിറത്തില്‍ കുപ്പിവളകള്‍ വാങ്ങിക്കൊടുത്തതും ചുവപ്പുകരയുള്ള സെറ്റുമുണ്ട് മേടിച്ചുകൊടുത്തതും അങ്ങനെ ഒരുപാടു കുഞ്ഞുകുഞ്ഞു കാര്യങ്ങളുണ്ടാവും കൊച്ചുവിനു അമ്മീമ്മയോട് പറയാന്‍.. ആ മുഖത്തെ സന്തോഷവും ചിരിയും കാണുമ്പോള്‍ അതെല്ലാം വീട്ടിലും പ്രസരിക്കുന്നതു പോലെ നമുക്ക് തോന്നും.

കൊച്ചുവിനു മാങ്ങ, വള്ളി നാരങ്ങ, കറിവേപ്പില, പുര കെട്ടാന്‍ വേണ്ട ഓല തുടങ്ങി വീട്ടിലെ പറമ്പില്‍ സമൃദ്ധമായി ഉണ്ടായിരുന്നതെല്ലാം അമ്മീമ്മ കൊടുക്കുമായിരുന്നു. അലക്കുകെട്ടില്‍ നിന്നുയരുന്ന സുഗന്ധത്തിനു കാരണമെന്തെന്ന് ഞങ്ങള്‍ കുട്ടികള്‍ ചോദിക്കുമ്പോള്‍ കൊച്ചു തന്‍റെ വിശ്വവശ്യമായ പുഞ്ചിരി സമ്മാനിക്കും. ഒന്നും പറയില്ല. പിന്നെ അമ്മീമ്മയാണ് പറഞ്ഞു മനസ്സിലാക്കിയത് ചില കാര്യങ്ങള്‍ അങ്ങനെ വെളിപ്പെടുത്താന്‍ മനുഷ്യര്‍ക്ക് വൈമനസ്യം ഉണ്ടാവും. അത് പിന്നെയും പിന്നെയും ചോദിക്കരുത്, മര്യാദകേടാണ്.

കുറെ മുതിര്‍ന്ന ശേഷമാണ് ഞാന്‍ ആ സുഗന്ധത്തെ മനസ്സിലാക്കിയത്... അത്... ആ അലക്കിയ തുണിക്കെട്ടില്‍ നിന്ന്... പടര്‍ന്നിരുന്നത് ഇലഞ്ഞിപ്പൂമണമായിരുന്നു.

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നുവെന്നത് യേശുദാസിന്‍റെ പാട്ടു മാത്രമല്ല, അപ്സരസ്സായിരുന്ന കൊച്ചുവിന്‍റെ ഓര്‍മ്മകൂടിയാണ്.

Monday, October 15, 2018

സൈന്യവും പോലീസും

https://www.facebook.com/echmu.kutty/posts/951958374983457

ഏതു നാട്ടിലായാലും ഭരണാധികാരികള്‍ക്കൊപ്പമായിരിക്കും അവര്‍. അതാണ് അവരുടെ ജോലി. അധികാരത്തിനും ഭരണത്തിനും കാവലായിരിക്കുക. അവര്‍ക്ക് അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കൊപ്പമാവാന്‍ ഒരിയ്ക്കലും പറ്റില്ല. ജനങ്ങളെ സംശയിക്കുക, അവരുടെ സ്വാതന്ത്ര്യത്തെ പറ്റാവുന്നത്ര നിയന്ത്രിക്കുക, ജനങ്ങളുടെ വിധേയത്വം ഉറപ്പു വരുത്തുക ഇതൊക്കെ സൈന്യവും പോലീസും ചെയ്തേ തീരു.' പാങ്ങില്ലെങ്കില്‍ പട്ടാളക്കാരനാവുക' എന്നും 'ആര്‍ക്കും പോലീസാവാം' എന്നും പറഞ്ഞ് ജനങ്ങള്‍ സമാധാനിക്കും. സൈന്യവും പോലീസും ഒപ്പം നില്‍ക്കുമെന്ന് ഒരു രാജ്യത്തിലെ ജനങ്ങളും തമാശയായിപ്പോലും കരുതുന്നുണ്ടാവില്ല.

ലോകം മുഴുവനുമുള്ള സൈന്യത്തിന്‍റേയും പോലീസിന്‍റെയും അധികാരാതിക്രമങ്ങളെപ്പറ്റി ഒത്തിരി വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭരണാധികാരികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും സ്വന്തം വ്യക്തിത്വവൈകല്യങ്ങള്‍ നിസ്സഹായരുടെ പുറത്ത് അടിച്ചേല്‍പ്പിക്കുമ്പോള്‍ കിട്ടുന്ന വികലമായ മാനസികസംതൃപ്തിക്കുവേണ്ടിയും സൈന്യവും പോലീസും ജനങ്ങളെ ഭയത്തിന്‍റെയും പീഡനത്തിന്‍റെയും മുള്‍മുനയില്‍ നിറുത്താറുണ്ടെന്നും വ്യക്തമായി അറിയാം, യൂണിഫോമിന്‍റെ മഹത്വത്തെപ്പറ്റി വാചാലരാകുന്നവര്‍ ആ വസ്ത്രത്തില്‍ക്കയറിക്കഴിയുമ്പോള്‍ വ്യക്തിയില്‍ സംഭവിക്കുന്ന അധികാരപരിവര്‍ത്തനത്തെപ്പറ്റി നിശ്ശബ്ദത പാലിക്കും. രാജ്യസ്നേഹം എന്നത് യൂണിഫോമിനോടുള്ള അപ്രമാദിത വിധേയത്വമാണെന്നാണല്ലോ പൊതുവേ പറഞ്ഞുപഠിപ്പിക്കുക. സ്കൂളിലും നാട്ടിലും വീട്ടിലും പുസ്തകത്തിലും സിനിമയിലും നാടകത്തിലും പാട്ടിലുമൊക്കെ...

പരാതിയുമായി സമീപിക്കേണ്ടി വരുമ്പോഴാണ് അധികാരലഹരി ജനങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ എത്രത്തോളം കടലാഴങ്ങള്‍ തീര്‍ത്തിട്ടുണ്ടെന്ന് ശരിക്കും അറിയുക. അപ്പോള്‍ അനുഭവപ്പെടുന്ന നിസ്സഹായതയ്ക്ക് പകരം വെയ്ക്കാനുള്ള യാതൊരു സംവിധാനവും നിര്‍ഭാഗ്യവശാല്‍ നമ്മുടെ പരിമിത ജനാധിപത്യത്തില്‍ ഇല്ല.

സൈന്യം നന്നായി പെരുമാറുമെന്ന് വിശ്വസിക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു ഞാന്‍. മണിപ്പൂര്‍ പോലെയും ജമ്മു കാശ്മീര്‍ പോലെയുമുള്ള സംസ്ഥാനങ്ങളില്‍ സൈന്യം എന്നും ജനങ്ങള്‍ക്കെതിരെ ആയിരുന്നുവെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. എനിക്കും കഴിഞ്ഞിരുന്നു. അതുകൊണ്ട് ഒരു ദിവസം കേരളാ എക്സ്പ്രസ്സിന്‍റെ ജനറല്‍ ബോഗിയില്‍ നിറയെ സൈനികര്‍ വന്നിരുന്നപ്പോള്‍ ഞാന്‍ അട്ടയെപ്പോലെ ചുരുണ്ടു. അവര്‍ വന്നു, ബെഡ്ഡുകളും ഹോള്‍ഡാളുകളുമെല്ലാം അട്ടിയിട്ടു. ഉച്ചത്തില്‍ സംസാരിക്കുകയും പഹാഡിപ്പാട്ടുകള്‍ പാടുകയും ചെയ്തു. ആറു ഏഴും പേര്‍ സ്വരുമയോടെ ഒരു സീറ്റില്‍ ഇരുന്നു. ഞാന്‍ പൂച്ചയെപ്പോലെ പതുങ്ങി അവരുടെ ശ്രദ്ധയില്‍ പെടാന്‍ പോലും എനിക്കാഗ്രഹമുണ്ടായിരുന്നില്ല.

അപ്പോഴാണ് അവര്‍ക്കൊപ്പം ഒന്നു രണ്ട് സ്ത്രീകളുമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. പക്ഷെ, അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സൈന്യത്തിന്‍റെയും പോലീസിന്‍റെയും യൂണിഫോമിട്ട സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കര്‍ക്കശമായിട്ടാണ് പെരുമാറുക. അവിശ്വാസം മാത്രം സ്ഫുരിക്കുന്ന, സംശയം നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായാണ് അവര്‍ നമ്മളെ നോക്കുക തന്നെ.

ജനറല്‍ കമ്പാര്‍ട്ടുമെന്‍റിന്‍റെ സകല അസൌകര്യങ്ങള്‍ക്കുമുള്ളില്‍ രണ്ടര ദിവസത്തെ യാത്ര ഇവര്‍ക്കൊപ്പമായല്ലോ എന്ന് ഞാന്‍ പരിതപിച്ചു. ജീവിതം അസഹനീയവും യാതനാനിര്‍ഭരവും ആയിരുന്നതുകൊണ്ടും മറ്റു മാര്‍ഗമൊന്നുമില്ല എന്നറിയുന്നതുകൊണ്ടും ഞാന്‍ നിശ്ശബ്ദയായിരുന്നു. സൈനികര്‍ തീവണ്ടിയില്‍ കയറിയാല്‍ സൌകര്യമായി മദ്യപിക്കും. മദ്യപിച്ച് നില തെറ്റിയാല്‍ പിന്നെ പതുക്കെ തൊടാന്‍ മുതിരും. അല്ലെങ്കില്‍ നേരത്തെ ചെയ്ത തീവണ്ടിയാത്രയില്‍ ചെയ്യാന്‍ പറ്റിയ പാവാടപൊക്കല്‍ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വിളമ്പും. ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും എനിക്ക് പലയാത്രകളിലും ശരിക്കും പ്രാന്തു പിടിച്ചിട്ടുണ്ട്.

അപ്പോള്‍ പട്ടാളക്കാരിമാരില്‍ ഒരുവള്‍ എനിക്കൊരു ലഡ്ഡു നീട്ടി. ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ പ്രസവരക്ഷയ്ക്ക് കഴിക്കുന്ന പഞ്ചീരി ലഡ്ഡുവായിരുന്നു അത്. ധാരാളം നെയ്യും പലതരം നട്സും വറുത്ത ഗോതമ്പുപൊടിയും ചേര്‍ത്ത് ഉണ്ടാക്കുന്ന അതൊരെണ്ണം തിന്ന് ഒരു ഗ്ലാസ് പാലും കുടിച്ചാല്‍ പിന്നെ ഉച്ചയാവും വരെ വിശക്കില്ല. ഞാന്‍ ഭക്ഷണമൊന്നും കരുതിയിരുന്നില്ല. അതുകൊണ്ട് മടിക്കാതെ അതു വാങ്ങി. 'കഴിച്ചോളൂ, ഇഷ്ടം പോലെയുണ്ട് 'എന്ന് മറ്റേ പട്ടാളക്കാരി ഉദാരമതിയായി.

പുരുഷ സൈനികര്‍ മദ്യപിച്ചിരുന്നു. പക്ഷെ, അവര്‍ അപമര്യാദയായി പെരുമാറുകയോ അശ്ലീലസംഭാഷണങ്ങള്‍ ഉരുവിടുകയോ ഒന്നുമുണ്ടായില്ല. ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയിലുമെല്ലാം അവര്‍ പാന്‍ട്രിയില്‍ പോയി എനിക്കുള്ള ഭക്ഷണം കൂടി വാങ്ങിക്കൊണ്ടുവന്നു. രാത്രിയായപ്പോള്‍ എനിക്കായി അവരിലൊരാള്‍ സ്വന്തം ഹോള്‍ഡാള്‍ തീവണ്ടിയുടെ തറയില്‍ വിരിച്ചിട്ട് , കുഴഞ്ഞ നാവോടെയാണെങ്കിലും സമാധാനമായി ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു, 'ഞങ്ങള്‍ കാവലുണ്ട്. ഒന്നുമുണ്ടാവില്ല. ഭയപ്പെടുകയേ വേണ്ട' എന്നായിരുന്നു സൈനികന്‍റെ അറിയിപ്പ്. ഭയപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്ന് പരമനഷ്ടങ്ങളുടെ ദുരിതജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നുവല്ലോ. അതുകൊണ്ട് ഞാന്‍ അതില്‍ കിടന്ന് കണ്ണടച്ചു... പിന്നെ മെല്ലെ ഉറങ്ങി.

പിറ്റേന്ന് പുലര്‍ന്നപ്പോള്‍ ആ സൈനികരുമായി കൂടുതല്‍ അടുപ്പം കൈവന്നു. സമയം പോകെ അവര്‍ മനസ്സുതുറന്ന് സംസാരിച്ചു തുടങ്ങി . 'ബ്ലഡി' എന്നതാണ് സൈന്യത്തിലെ ഏറ്റവും ആവര്‍ത്തിക്കപ്പെടുന്ന വാക്കെന്നാരംഭിച്ച് , കുടുംബത്തില്‍ നിന്ന് അകന്നു കഴിയേണ്ട സ്ഥിതിവിശേഷത്തെപ്പറ്റി, വ്യക്തിപരമായ സങ്കടങ്ങളെപ്പറ്റി, ഒരു കത്തും ഒരു ഫോണ്‍കാളുമെല്ലാം അവര്‍ക്കെത്ര പ്രധാനമാണെന്നതിനെപ്പറ്റി, പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന ജോലിയുടെ കാഠിന്യത്തെപ്പറ്റി, സൈന്യത്തിലെ ജാതിവ്യവസ്ഥയെപ്പറ്റി, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അധികാരഗര്‍വിനേപ്പറ്റി, സൈന്യത്തിലെ അഴിമതിയെപ്പറ്റി, വിടുപണിയെടുക്കേണ്ടിവരുന്നതിനെപ്പറ്റി, വ്യാജ ഏറ്റുമുട്ടലുകളെപ്പറ്റി, രാഷ്ട്രീയക്കാര്‍ സൈന്യത്തെ അവരുടെ കളിപ്പാട്ടമാക്കുന്നതിനെപ്പറ്റി.... പിന്നെ തീര്‍ച്ചയായും ചില സൈനികര്‍ സ്വന്തം നിരാശയും വേദനയും അമര്‍ഷവും ജനങ്ങളുടെ പുറത്ത് തീര്‍ക്കുന്നതിനെപ്പറ്റി.... ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി, ചിലപ്പോള്‍ സ്വന്തം ബോസിന്‍റെ നേരെ വെടിയുതിര്‍ക്കുന്നതിനെപ്പറ്റി...

എനിക്കല്‍ഭുതമൊന്നും തോന്നുന്നുണ്ടായിരുന്നില്ല. ഉയര്‍ന്ന സൈനികോദ്യഗസ്ഥരുടെ ധാര്‍ഷ്ട്യവും ഗര്‍വും അവര്‍ക്ക് കെട്ടിടങ്ങള്‍ പണിതുകൊടുക്കേണ്ടി വന്നപ്പോള്‍ അനുഭവപ്പെട്ടിട്ടുള്ളതാണ്. താഴ്ന്ന സൈനികോദ്യോഗസ്ഥരെ വെറും അടിമകളായിത്തന്നെയാണ് കാണുന്നതെന്നും അപ്പോഴെല്ലാം ഞാന്‍ നേരിട്ട് മനസ്സിലാക്കീട്ടുള്ളതാണ്. താഴ്ന്ന റാങ്കിലെ സൈനികരുടെ മുഖത്ത് അടിക്കാന്‍ പോലും മടി കാണിക്കാത്ത ഉയര്‍ന്ന സൈനികോദ്യോഗസ്ഥരുണ്ട്.

കേരളാ എക്സ്പ്രസ്സ് യാത്ര അവസാനിപ്പിക്കുമ്പോഴേക്കും ഞങ്ങള്‍ ഉറ്റസുഹൃത്തുക്കളായി മാറിയിരുന്നു. അവരെല്ലാം ഇപ്പോഴും ഇന്ത്യാമഹാരാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ കാവല്‍ നില്‍ക്കുന്നുണ്ട് . മിക്കവാറുമെല്ലാം കഷ്ടപ്പെടുകയും ചിലപ്പോഴെല്ലാം സന്തോഷിക്കുകയും ചെയ്യുന്നുണ്ട്.

എന്നാലും...

എന്നാലും.... ആരെങ്കിലും സൈന്യത്തില്‍ ചേര്‍ന്നുവെന്നറിയുമ്പോള്‍ എനിക്ക് ഇപ്പോഴും സങ്കടം വരും.

പോലീസുകാരുമായുള്ള പരിചയം ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ ഉണ്ട്. അന്നൊക്കെ അച്ഛന്‍ ജയില്‍ ഡോക്ടറായിരുന്നു. അതുകൊണ്ട് പോലീസുകാര്‍ അച്ഛനെ കാണാന്‍ ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്സില്‍ വരും. അനിയത്തി റാണി 'പാനിത്തട്ടേ' എന്ന് വിളിച്ചിരുന്ന ഫ്രാന്‍സിസ് എന്ന പോലീസുകാരനും 'കണ്ണ് മാമന്‍' എന്ന് ഞാന്‍ വിളിച്ചിരുന്ന അഹമ്മദ് കണ്ണ് എന്ന പോലീസുകാരനും അവര്‍ പകര്‍ന്നു തന്ന സ്നേഹവും ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.

സൈനികരെപ്പോലെ തന്നെയാണ് പോലീസുകാരും. ഇരുതലമൂര്‍ച്ചയുള്ള വാളുകള്‍. അടുപ്പം വയ്യ.. വഴക്കും വയ്യ. സൈനികരേക്കാള്‍ കുറച്ചുകൂടി ജനകീയരാണ് പോലീസുകാര്‍, അതുകൊണ്ടു തന്നെ നമുക്ക് ജീവിതത്തിലൊരിക്കലെങ്കിലും അവരുമായി ഇടപെടേണ്ടി വരും. ചിലപ്പോള്‍ അതു നല്ലതായിരിക്കും .... ചിലപ്പോള്‍ ദുരിതപൂര്‍ണമായിരിക്കും.

അമ്മീമ്മയുടെ വീട്ടില്‍ കള്ളന്‍ കയറിയപ്പോഴും അമ്മീമ്മയെ കള്ളന്മാര്‍ പ്രഹരിച്ചപ്പോഴും അതിര്‍ത്തിത്തര്‍ക്കമുണ്ടായപ്പോഴും അമ്മീമ്മയുടെ സഹോദരന്മാര്‍ നല്‍കിയ കേസിന്‍റെ ആവശ്യത്തിനും ഒക്കെ കയറിയിറങ്ങി ചെറുപ്പന്നേ പോലിസ് സ്റ്റേഷന്‍ പരിചിതമായിത്തീര്‍ന്നു. സ്റ്റേഷന്‍ റൈട്ടരും എസ് ഐയും സി ഐയും ഹെഡ് കോണ്‍സ്റ്റബിളും കോണ്‍സ്റ്റബിളും ഡി വൈ എസ് പിയും എസ് പിയും വിഷമമേതും കൂടാതെ ഉച്ചരിക്കാവുന്ന പദങ്ങളായി മാറി.

മുതിര്‍ന്ന് വ്യക്തിജീവിതദുരിതങ്ങളുടെയും പെരുംനഷ്ടങ്ങളുടേയും പരാതികളുമായി സമീപിക്കേണ്ടി വന്നപ്പോഴാണ് ആണധികാരത്തിന്‍റെ അശ്ലീലത പോലീസിനെ എത്രമാത്രം ജനാധിപത്യവിരുദ്ധമാക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. അവിടെ നിന്ന് പെണ്ണെന്ന നിലയില്‍ ന്യായമൊന്നും ലഭിക്കില്ലെന്നും അപമാനം മാത്രമേ കിട്ടൂ എന്നും വളരെവേഗം ബോധ്യമായി.

പോലീസുകാര്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടേയും നിയമങ്ങളുടേയും കാവലാളുകളാണ്. അതില്‍ ന്യായമുണ്ടോ നീതിയുണ്ടോ എന്നൊന്നും നോക്കേണ്ട ബാധ്യത അവര്‍ക്കില്ല. എല്ലാത്തരം സമരങ്ങള്‍ക്കും അത് വ്യക്തിനിഷ്ഠമോ സമൂഹനിഷ്ഠമോ ആവട്ടേ... പോലീസ് അതിന് എതിരായിരിക്കും. സമരങ്ങളെ ഏതു മാര്‍ഗമുപയോഗിച്ചും അടിച്ചൊതുക്കലാണ് അവരുടെ ജോലി.

സൈന്യത്തില്‍ ഉള്ള എല്ലാ വൃത്തികേടുകളും പോലീസിലുമുണ്ട്. കൈക്കൂലി, അഴിമതി, സ്വജനപക്ഷപാതം, മാനസികമായും ശാരീരികമായും വൈകാരികമായും ലിംഗപരമായും ഉള്ള ചൂഷണം, രാഷ്ട്രീയക്കാരുടെ ചട്ടുകമാവല്‍, വ്യാജ ഏറ്റുമുട്ടലുകള്‍, ജാതിവ്യവസ്ഥ, കുടുംബവുമായി അകന്നു കഴിയേണ്ട സാഹചര്യം, കഠിനമെങ്കിലും ചീത്ത മാത്രം പ്രതിഫലമായിക്കിട്ടുന്ന ജോലിഭാരം, അപകടം പറ്റിയാല്‍ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ, നിരാശയും പ്രതിഷേധവും അസഹ്യമാകുമ്പോള്‍ വേണ്ടതിനും വേണ്ടാത്തതിനും നാട്ടുകാരോട് മെക്കിട്ട് കയറുന്ന പോലീസ് ശൌര്യം... എല്ലാം പോലീസിലുമുണ്ട്.

കഴിഞ്ഞ ദിവസത്തെ യാത്രയില്‍ വിലങ്ങ് വെച്ച ഒരു കുറ്റവാളിയേം കൊണ്ട് പോലീസുകാര്‍ ഒപ്പമുണ്ടായിരുന്നു. ഒരു കൈയില്‍ വിലങ്ങിട്ടിരുന്ന അയാളെ ട്രെയിനിലെ എല്ലാവരും സാകൂതം ശ്രദ്ധിച്ചിരുന്നു. അയാളെ ഭദ്രമായി ബെര്‍ത്തില്‍ വിശ്രമിക്കാന്‍ വിട്ട് രണ്ട് പോലീസുകാരും ഉലക്ക വിഴുങ്ങിയതു പോലെ മിഴി പൂട്ടാതെ കാവലിരുന്നു. നേരാനേരങ്ങളില്‍ ചായ വേണോ, ചോറു വേണോ എന്നൊക്കെ കൃത്യമായി അന്വേഷിച്ചു. അയാള്‍ ഊണു വേണ്ടെന്ന് പറഞ്ഞപ്പോള്‍ യാത്ര തീരുമ്പോഴേക്കും ക്ഷീണമാകുമെന്നും ആഹാരം കഴിക്കണമെന്നും അവര്‍ നിര്‍ബന്ധിച്ചു. അയാള്‍ കൈകഴുകാന്‍ പോകുമ്പോഴും ടോയ്ലറ്റില്‍ പോകുമ്പോഴും ഒപ്പം പോയി. പരസ്പരം സംസാരിച്ചിരുന്ന് സമയം കൊല്ലുകയായിരുന്നെങ്കിലും പോലീസുകാരുടെ ശ്രദ്ധ മുഴുവന്‍ മുകളിലെ ബര്‍ത്തില്‍ വിശ്രമിക്കുന്നയാളില്‍ തന്നെയായിരുന്നു.

ആ പോലീസുകാരുടെ മനസ്സിനെക്കുറിച്ചോര്‍ക്കുകയായിരുന്നു ഞാന്‍. കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നതുകൊണ്ട് പണമെല്ലാം ചെലവായി എന്നും അമ്മയ്ക്ക് സുഖമില്ലെന്നും ഒക്കെ എല്ലാവരേയും പോലെ അവരും പറയുന്നുണ്ടായിരുന്നു. വീടിനു വാടക ഈ മാസം കൊടുക്കാന്‍ പറ്റിയിട്ടില്ലെന്നും പറ്റുകടയില്‍ കാശേറിയെന്നും അവര്‍ക്ക് പ്രശ്നമുണ്ട്. എന്നാല്‍ അവര്‍ സംസാരിക്കുന്നത് മുഴുമനസ്സോടെ അല്ല. പാതി മനസ്സും കണ്ണും ബെര്‍ത്തില്‍ വിശ്രമിക്കുന്നയാള്‍ക്കൊപ്പമാണ്. ശാരീരികമായി ഫിറ്റ് എന്ന് പറയാമെങ്കിലും മാനസികമായി അവരെത്ര ഭാരം ചുമക്കുന്നുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു.

പിറ്റേന്ന് ഡോക്ടറെ കാണാന്‍ മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ അവിടെയുമുണ്ടായിരുന്നു, വിലങ്ങിട്ട കൈയുമായി ഒരാള്‍. കാവലിനു രണ്ട് പോലീസുകാര്‍. അയാള്‍ കരയുകയായിരുന്നു. പോലീസുകാര്‍ മാറി മാറി സമാധാനിപ്പിക്കുകയും... അയാള്‍ രാത്രി ഉറങ്ങുന്നില്ലെന്നും നേരാംവണ്ണം ആഹാരം കഴിക്കുന്നില്ലെന്നും പോലീസുകാര്‍ ഡോക്ടറെ അറിയിച്ചു. മാനസികമായി വല്ലാതെ തകര്‍ന്നു പോയ ഒരാളെയുംകൊണ്ട് അതും തികച്ചും കാരുണ്യപൂര്‍വം മാത്രം പെരുമാറിക്കൊണ്ട് ഡോക്ടറോട് സംസാരിക്കുന്ന പോലീസുകാര്‍ എനിക്ക് അല്‍ഭുതമായി തോന്നി.

എന്നാലും...

എന്നാലും... ആരെങ്കിലും പോലീസില്‍ ചേര്‍ന്നു എന്ന് കേള്‍ക്കുമ്പോള്‍ എനിക്കിപ്പോഴും സങ്കടം വരും.

പച്ചക്കറി വില്‍ക്കുന്ന ഔസേപ്പ് മാപ്ല.

https://www.facebook.com/echmu.kutty/posts/950324875146807

എന്താണെന്നറിയില്ല, ഞാനിന്ന് രാവിലെ ഔസേപ്പ് മാപ്ലയെ ഓര്‍ത്തു. വയറും പുറവും ഒന്നായി ഒട്ടിയ പോലെ മെലിഞ്ഞു നീണ്ട് , മുഴുക്കഷണ്ടിയുള്ള തലയില്‍ ഒരു തുണി ചുറ്റി ബണ്‍ പോലെയാക്കി അതിന്മേല്‍ പച്ചക്കറി വട്ടിവെച്ച് ആടിയാടി ആ പാവം നടന്നു വരും. വിയര്‍ത്തു കുളിച്ചിട്ടാവും വരിക. വരുമ്പോള്‍ രണ്ട് രണ്ടര മണിയായിട്ടുണ്ടാവും. ശനിയാഴ്ച ദിവസങ്ങളില്‍ മാത്രമേ ഔസേപ്പ് മാപ്ല വരുള്ളൂ. അന്ന് അമ്മീമ്മയ്ക്ക് സ്കൂളുണ്ടാവില്ല. അമ്മീമ്മ ഉമ്മറത്തെ വരാന്തയിലിരുന്ന് മാതൃഭൂമി പത്രം വിസ്തരിച്ചു വായിക്കുന്ന നേരമാണത്.

വന്നാലുടനെ പച്ചക്കറി വട്ടി താഴെയിറക്കി വെയ്ക്കും. തലയിലെ ബണ്‍ തുണിയെടുത്ത് വിയര്‍പ്പു തുടയ്ക്കും. അത് വട്ടത്തില്‍ കറക്കി വീശിക്കൊണ്ട് ഭാരം ചുമന്ന് നടന്നു വന്ന കിതപ്പും ചൂടുമാറ്റും. ഇതൊന്നും അമ്മീമ്മ ശ്രദ്ധിക്കുകയേ ഇല്ല. ഇക്കാര്യങ്ങളൊക്കെ കഴിഞ്ഞ ശേഷമാണ് പച്ചക്കറിക്കച്ചവടം.

ആദ്യം എല്ലാ പച്ചക്കറിയും വരാന്തയില്‍ നിരത്തി വെക്കും. ആ വട്ടിയില്‍ ഇല്ലാത്ത പച്ചക്കറിയൊന്നും ഈ ലോകത്തില്‍ വിളയുന്നേയില്ല എന്നായിരുന്നു എന്‍റേയും അനിയത്തിമാരുടേയും ഏറെക്കാലത്തെ വിശ്വാസം. ഏത് പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടാലും ഔസേപ്പ് മാപ്ല കൊണ്ടുവരും. ഈയാഴ്ച പറ്റിയില്ലെങ്കില്‍ അടുത്താഴ്ച. പിന്നെ രാസവളങ്ങളും മറ്റും ചേര്‍ക്കുകയില്ല. സ്വന്തം കൃഷിയിടത്തില്‍ പച്ചിലവളവും ചാണകവും ഗോമൂത്രവും ആട്ടിന്‍കാട്ടവുമൊക്കെയാണ് ഉപയോഗിക്കുക. അതുകൊണ്ട് മാപ്ല കൊണ്ടുവരുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ ഞങ്ങള്‍ കുട്ടികള്‍ ഇങ്ങനെ തടിച്ചുരുണ്ട് മിടുക്കത്തികളായിത്തീരും.

കുമ്പളങ്ങ പച്ചമുളക് കീറിയിട്ട് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വെന്തുകഴിയുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇറക്കിവെയ്ക്കുക. ഒരിടങ്ങഴി ചോറുണ്ണാന്‍ ഇതു മാത്രം മതി. അത്ര സ്വാദാണ് ഔസേപ്പ് മാപ്ലയുടെ നെയ്ക്കുമ്പളങ്ങയ്ക്ക്.

പിന്നെ സ്വര്‍ണവര്‍ണമുള്ള മത്തങ്ങ കടുകും അരിയും ചുമന്ന മുളകും പൊട്ടിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച് ഉലര്‍ത്തിയത് കൂട്ടി ഒരിടങ്ങഴി കഞ്ഞി കുടിക്കാം. അത്ര മേന്മയാണ് മാപ്ല കൊണ്ട് വരുന്ന മത്തങ്ങയ്ക്ക്.

ചുരുക്കത്തില്‍ സകല പച്ചക്കറിയും ഇങ്ങനെ കെങ്കേമമാണ്. 'അപ്പോ എല്ലാം ഇറക്കി വെയ്ക്കട്ടേ.. ടീച്ചറ് കാശ് തര്വോ' എന്ന് മാപ്ല വട്ടി കാലിയാക്കും.

അമ്മീമ്മ അപ്പോഴാണ് മുഖമുയര്‍ത്തി നോക്കുക . എന്നിട്ട് ചോദിക്കും. 'എന്താദ് ഔസേപ്പേ... ഇവടെ കല്യാണൊന്നൂല്യ. ഇത്രേം പച്ചക്കറി എന്തിനാ? '

'കൊറേശ്ശേ എടുത്ത് കൂട്ടാന്‍ വെച്ചാ മതീന്ന് '

അപ്പോള്‍ അമ്മീമ്മ ഏതെങ്കിലും രണ്ട് മൂന്ന് തരം പച്ചക്കറികള്‍ എടുക്കും. പിന്നെ വില പറയലാണ്. മാപ്ല പത്തു രൂപ എന്നു പറഞ്ഞാല്‍ അഞ്ചു രൂപയാക്കും അമ്മീമ്മ.

'നിങ്ങളു നല്ലോരു തറവാട്ടില്‍ പിറന്നിട്ട് ഇങ്ങനെ പിച്ചത്തരം പറേരുതെന്ന് ' മാപ്ല ഉശിരോടെ കയര്‍ക്കും.

അമ്മീമ്മയും വിടില്ല. 'എനിക്ക് നിധിയൊന്നൂല്ല്യാ.. ഞാനൊരു പാവം ടീച്ചറാ. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടണ ശമ്പളത്തിലാ ഞാന്‍ ജീവിക്കണേ. നിന്‍റെ വെള്ളിക്കുമ്പളങ്ങേം സ്വര്‍ണമത്തങ്ങേം ഒന്നും എനിക്ക് വേണ്ട. കൊണ്ടുപോക്കോ.'

'ടീച്ചറ് ഒരു ഒമ്പതു രൂപ തന്നാ മതി' എന്നാവും ഔസേപ്പ് മാപ്ലയുടെ മറുപടി അപ്പോള്‍.
'അഞ്ചു രൂപ' എന്ന് തന്നെ അമ്മീമ്മ പറയും.

മാപ്ലക്ക് ദേഷ്യം വരും . എല്ലാ പച്ചക്കറിയും ഒരോന്നായി എടുത്ത് തിരികേ വട്ടിയില്‍ വെയ്ക്കും. 'ദ്ദി.. ദ്ദീ.. ഞാന്‍ വല്ല ചീത്തേം വിളിച്ചു പറേം .. അഞ്ചുറുപ്പികേയ്.. ഞാന്‍ തരില്ല. പോവ്വാ ഞാന്‍.. ആ രാജിമ്യാരുടെ മഠത്തിലോ വിജയമ്യാരുടെ മഠത്തിലോ കൊണ്ടോയി കൊടുക്കട്ടെ.. '

അമ്മീമ്മ ഒന്നും പറയില്ല.

ഗേറ്റ് വരെ നടന്നെത്തുമ്പോഴേക്കും അതായത് മൂവാണ്ടന്‍ മാവിന്‍റെ അടുത്തായാല്‍ 'എട്ടു രൂപ' എന്നാക്കും മാപ്ല. അമ്മീമ്മ അപ്പോഴും അഞ്ചു രൂപയില്‍ നില്‍ക്കും. 'ദ്ദി ദ്ദി .. ടീച്ചറാന്നും വല്യോരു മഠത്തിലെയാന്നും ഞാന്‍ മറക്കും. വല്ല ചീത്തേം പറയും. ങാ ' എന്നു കയര്‍ക്കും. ഗേറ്റിനു മുമ്പ് ഒരു കടുമാങ്ങ മാവുണ്ട്... മുല്ലവള്ളി പടര്‍ന്നു കയറിയ ഒരു സുന്ദരന്‍ മാവ്. അവിടെ എത്തുമ്പോള്‍ വില ഏഴു രൂപയാകും. അമ്മീമ്മ അനങ്ങില്ല. ഗേറ്റിങ്കല്‍ നിന്ന് പിന്നേം ചോദിക്കും. 'അവസാനായിട്ട് ചോദിക്കാ... ആറു ഉറുപ്പിക തര്ണ്ടോ നിങ്ങള്... ?'

അപ്പോള്‍ അമ്മീമ്മ സമ്മതിക്കും. അങ്ങനെ പച്ചക്കറിക്കച്ചവടം നടക്കും. ഇറച്ചീം മീനും കഴിക്കാത്തതുകൊണ്ട് പരോശായ ഞങ്ങള്‍ കുട്ടികള്‍ക്ക് നല്ല നല്ല കൂട്ടാനുകള്‍ വെച്ചുകൊടുത്ത് തടിയും നിറവും വെപ്പിക്കാന്‍ പറഞ്ഞ് മാപ്ല പഞ്ചായത്തിനിരിക്കും. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ ഒരു സഹോദരിയോടെന്നപോലെ തുറന്നു സംസാരിക്കും. ഭാര്യ പിണങ്ങിയത്, മോള്‍ക്ക് വരണ കല്യാണാലോചനക്കാരൊക്കെ ഒടുക്കത്തെ സ്ത്രീധനം ചോദിച്ച് ഉപദ്രവിക്കുന്നത്, ആട് കയറഴിഞ്ഞു പോയത്, കിണറ്റില്‍ വെള്ളം വറ്റാറായത്... അങ്ങനെ എല്ലാം . ഒടുവില്‍ ഒരു ചായ ചോദിച്ചു മേടിച്ചു കുടിക്കും.

പിന്നെ പോവാന്‍ എണീറ്റിട്ട് ഒരു പറച്ചിലുണ്ട്... 'നിങ്ങടേന്ന് കൈനീട്ടം വാങ്ങിയാ ഒഴിഞ്ഞ വട്ടിയായിട്ട് പോവാം കുടുമ്മത്തേക്ക്... ദ്ദി.. ദ്ദി.. അതാ ... വട്ടീം ചൊമന്ന് ഈ പടീലു ആദ്യം വരണേ.. '

അമ്മീമ്മ പൂര്‍ണമായും കിടപ്പിലായപ്പോള്‍ മാപ്ല കാണാന്‍ വന്നിരുന്നു. ഒരക്ഷരം പറഞ്ഞില്ല. കണ്ണില്‍ നിന്ന് കുടുകുടെ വെള്ളമൊഴുകി... തലയിലെ ബണ്‍ തുണിയെടുത്ത് അതു തുടച്ചിട്ട് നെടുംകുത്തനെ അങ്ങ് നടന്നു പോയി. ...

അധികം വൈകാതെ ഔസേപ്പ് മാപ്ലയെ കര്‍ത്താവ് വിളിച്ചു. അന്ന് അമ്മീമ്മ വല്ലാതെ സങ്കടപ്പെട്ടു കരഞ്ഞുവെന്ന് അമ്മ പറഞ്ഞ് ഞങ്ങള്‍ അറിഞ്ഞു......

ചിത്രം

https://www.facebook.com/photo.php?fbid=948813585297936&set=a.526887520823880&type=3&theater

നീണ്ട തലമുടിയുമായി ഒരു ബ്ലാക് ആൻഡ് വൈറ്റ് കാലത്ത്....

                                                     

ഒഡോമസ് ക്രീം

https://www.facebook.com/echmu.kutty/posts/945717245607570

താമസിക്കുന്ന വാടകവീടിന്റെ പറമ്പ് വൃത്തിയാക്കാൻ ഒരു ബംഗാളി വന്നിരുന്നു. ഒരു ഗ്ലാസ് കാപ്പിയും അയാളെ കൊതുകുകടിക്കാതിരിക്കാനുള്ള ഒഡോമസ് ക്രീമും ഒന്നിച്ചാണ് അയാൾക്ക് നൽകിയത്. കണ്ണ് തെറ്റിയിരുന്നെങ്കിൽ ആ ക്രീം അയാൾ കാപ്പിയിൽ കലർത്തി കുടിച്ചെനേ...

പാവം. അയാൾക്ക് ആ ക്രീം പരിചയമുണ്ടാവുമെന്ന് കരുതിയ ഞാനാണ് മണ്ടി. ദരിദ്ര ഗ്രാമീണ ഇന്ത്യയുടെ പ്രതീകമാണ് അയാൾ. അവർക്ക് വെള്ളവും വെളിച്ചവും വീടും സൗകര്യങ്ങളും ഒന്നുമില്ല. പഠിപ്പും അറിവും ഇല്ല.

കൊതുകും രോഗങ്ങളും ദാരിദ്ര്യവും പട്ടിണി യും മാത്രമാണ് ആരു ഭരിച്ചാലും സ്വാതന്ത്ര്യം കിട്ടി എത്ര വർഷം കഴിഞ്ഞാലും അവർക്ക് സ്വന്തം....

മധുരനാളുകള്‍ 2

https://www.facebook.com/echmu.kutty/posts/952961898216438

തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ - രണ്ട്

അസാധാരണമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് വളരെ സാധാരണമായ ജീവിതബന്ധങ്ങള്‍ ഇല്ലാതെയാകും എന്ന പാഠമാണ് ജീവിതം എനിക്ക് പകര്‍ന്നു നല്‍കിയത്. അത് തിരിച്ചറിയും വരെ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ എന്ന് ഞാന്‍ ആലോചിക്കുകയും അതില്‍ വല്ലാതെ വേദനിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ എനിക്ക് അത്തരം ആലോചനകളും വേദനകളും അല്‍ഭുതങ്ങളും ഇല്ല. ജീവിച്ചത്രയും കാലം ഞാനിനി ജീവിക്കുകയില്ലെന്നും ആയുസ്സിലെ ഓരോ ദിവസവും കുറഞ്ഞുവരികയാണെന്നും ഉള്ള ബോധ്യം എന്നെ അതിരറ്റ് സന്തോഷിപ്പിക്കുന്നുണ്ട്.

അച്ഛന്‍ അങ്ങനെ ചെയ്യുമോ എന്ന ചോദ്യം നേരിടേണ്ടി വരുന്നത് കഠിനമായ ഒരു ജീവിതപരിതസ്ഥിതിയാണ്. രാജ്യം നിങ്ങള്‍ക്കെതിരാണ് എന്ന് പറയുന്നത് പോലെയാണ് അച്ഛന്‍ നമുക്ക് എതിരാണെന്ന് പറയുമ്പോള്‍ .... രാജ്യം അങ്ങനെ വെറുതേ എതിരാവുകയില്ലല്ലോ... അപ്പോള്‍ നിങ്ങളില്‍ തീവ്രവാദത്തിന്‍റെ, അനുസരണയില്ലായ്മയുടെ, പ്രതിഷേധങ്ങളുടെ, രാജ്യത്തിലെ നിയമങ്ങളോടുള്ള എതിര്‍പ്പിന്‍റെ വിത്തുകള്‍ മുളപൊട്ടുന്നുണ്ടാവണം. അത് സാധാരണ പൌരധര്‍മ്മത്തിനു വിരുദ്ധമാണ്.

അതു പോലെയാണ് കുടുംബമെന്ന ദേശത്തിന്‍റെ പ്രസിഡന്‍റായ അച്ഛന്‍. 'കുട്ടി എന്താ പറയുന്നത്? അച്ഛന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്തായാലും അച്ഛനല്ലേ? 'എന്ന ചോദ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് ജീവിക്കുക ഒരു കുഞ്ഞിനെസ്സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. എളുപ്പമല്ലെന്ന് മാത്രമല്ല ഒരു കുഞ്ഞിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗതികേടാണ്, അച്ഛനങ്ങനെ ചെയ്യുമോ എന്ന ചോദ്യം കേട്ടുകൊണ്ട് ജീവിക്കുകയെന്നത്. കാരണം ആ അച്ഛന്‍ ആ പ്രത്യേക കുഞ്ഞിന്‍റെ മാത്രം അച്ഛനാണ്. തങ്ങളുടേ ആരുടേയുമല്ല എന്ന സാധാരണയുക്തി മനുഷ്യര്‍ക്ക് മനസ്സിലാവില്ല. അവരെ അത് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും പാഴ് വേലയാണെന്ന് ജീവിതം എന്നെ നിത്യവും പഠിപ്പിക്കുന്നുണ്ട്.

ഞാന്‍ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തയാള്‍ക്കും അതായിരുന്നു വലിയ പ്രശ്നം. 'നീ എന്താ പറയുന്നത് ? ' എന്ന അവിശ്വാസത്തിന്‍റെ ശബ്ദം അയാളില്‍ നിന്നുയര്‍ന്നപ്പോള്‍ ഞങ്ങളുടെ ബന്ധത്തിന്‍റെ ആഴം എനിക്ക് മനസ്സിലായി. അമ്മയുടേ തീവ്ര വേദനകളോ അച്ഛനോടുള്ള തീരെ നനുത്ത പ്രതിഷേധങ്ങളോ പോലും അയാള്‍ക്ക് തിരിയുന്നുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ പരിശ്രമിച്ചു... എല്ലാം പറ്റുന്ന പോലെയൊക്കെ മനസ്സിലാക്കിക്കൊടുക്കാന്‍... ഫോണ്‍ ചെയ്തു... നീണ്ട കത്തുകള്‍ എഴുതി. ... ' ഇതാ നോക്കു.. ഇങ്ങനെയാണ് ഇക്കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടാവുന്നത് 'എന്ന് വിശദീകരിച്ചു. തമ്മില്‍ കണ്ടു സംസാരിച്ചു. കാരണം അയാള്‍ നഷ്ടപ്പെടരുതെന്ന് എനിക്ക് ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു.

പ്രയോജനമൊന്നുമുണ്ടായില്ല.

പിന്നെ എനിക്ക് മനസ്സിലായി.. അമ്മ, അച്ഛന്‍, രക്തബന്ധങ്ങള്‍ ഇവയ്ക്കൊക്കെ ചില അംഗീകരിക്കപ്പെട്ട മാനകങ്ങളുണ്ട്. ആ മാനകങ്ങള്‍ക്കപ്പുറത്തേക്ക് കൊക്കുകള്‍ നീണ്ട, നഖങ്ങള്‍ നീണ്ട ബന്ധങ്ങളെ മനസ്സിലാക്കുക, ഇടറിപ്പോകുന്ന ജീവിതത്തെ അറിയുക, ആ ഇടര്‍ച്ചകളിലെ കൌശലത്തേയും കെണികളേയും കളവുകളേയും വേറിട്ടു കാണുക ഇതൊന്നും ഒട്ടും എളുപ്പമല്ല. അനുഭവിക്കുന്നവര്‍ക്ക് പോലും ശരിക്കു വ്യക്തമാവാത്ത അസാധാരണതകളെ കേള്‍വിയിലൂടെയോ എഴുത്തിലൂടെയോ ഭാഷണത്തിലൂടെയോ ഒക്കെ പരിചയപ്പെടുത്തുന്നത് പ്രയാസം തന്നെ.' ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ വന്നുപോം പിഴയുമര്‍ഥശങ്കയാല്‍ ... 'എന്നല്ലേ ...

ലോകമെമ്പാടുമുള്ള സന്തുഷ്ടകുടുംബങ്ങള്‍ക്ക് ഒരേ കഥയായിരിക്കുമെങ്കിലും അസന്തുഷ്ടകുടുംബങ്ങള്‍ക്ക് ഓരോന്നിനും ഓരോ കഥയാണുണ്ടാവുകയെന്ന് എഴുതിയത് ടോള്‍സ്റ്റോയ് ആണ്. അത് എത്ര വലിയ വാസ്തവമാണെന്ന് ഞാന്‍ ജീവിച്ചു തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

അങ്ങനെ ആരംഭിച്ചതു പോലെ അത്രയും പെട്ടെന്ന് തന്നെ തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍ എന്നോട് വിട പറഞ്ഞു.

മധുരനാളുകള്‍ 1

https://www.facebook.com/echmu.kutty/posts/944540779058550

തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍

പ്രീഡിഗ്രി എഴുതിക്കഴിഞ്ഞ അവധിക്കാലമായിരുന്നു. മാനസികമായി ഞാന്‍ തകര്‍ന്ന് തരിപ്പണമായ ഒരു കാലം. അമ്മയുടെ ചെക് അപ്പിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നേയും അച്ഛനമ്മമാര്‍ ഒപ്പം കൂട്ടി . എനിക്ക് ഒരു മാറ്റം വേണമെന്ന് അമ്മയ്ക്ക് തോന്നിയിരുന്നു.

തീവണ്ടിയിലെ രാത്രി യാത്രയില്‍ ഞാന്‍ ഒട്ടും ഉറങ്ങിയില്ല. കണ്ണ് മിഴിച്ച് കിടന്ന് പിന്നിലേക്കോടി മറയുന്ന വിവിധ ദേശങ്ങളെ കണ്ടുകൊണ്ടിരുന്നു. കൂടുതലും ഇരുട്ട് പുതച്ച ദേശങ്ങള്‍. അവിടവിടെ മങ്ങിയ വെളിച്ചം. തീവണ്ടി മുറിയിലെ പലതാളത്തിലുള്ള കൂര്‍ക്കം വലികള്‍ ... അങ്ങനെ തീരെ ഉറങ്ങാതെ ബെര്‍ത്തില്‍ കമിഴ്ന്ന് കിടന്ന് തിരുവനന്തപുരം നഗരത്തിന്‍റെ വെളിച്ചങ്ങളിലേക്കും പതുക്കെ പൊട്ടി വിടരുന്ന പ്രഭാതത്തിലേക്കും ഞാന്‍ എത്തിച്ചേര്‍ന്നു.

അന്ന് കൂടെ യാത്ര ചെയ്ത ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുണ്ടായിരുന്നു. സലിം എന്ന പേരില്‍ ... തൃശ്ശൂര്‍ ജില്ലയിലെ അഷ്ടമിച്ചിറ സ്വദേശി... അയാളും എന്നെപ്പോലെ ഉറങ്ങാതിരുന്നു നേരം വെളുപ്പിക്കുകയായിരുന്നു. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം അയാള്‍ ചൂണ്ടിക്കാണിച്ചു തന്നു. എന്‍ട്രന്‍സ് പരീക്ഷകളെപ്പറ്റിയും ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയും എന്തൊക്കേയോ സംസാരിച്ചു.

ഒരാഴ്ച തിരുവനന്തപുരത്ത് ചെലവാക്കി ഞാനും അമ്മയും അച്ഛനും. .. ആ ദിവസങ്ങളിലാണ് എന്നെ സ്നേഹിക്കുകയും വിവാഹം കഴിക്കാനാഗ്രഹിക്കുകയും ചെയ്ത ഒരു യുവകോമളനെ ഞാന്‍ കണ്ടുമുട്ടിയത്. അയാളുടെ വീട്ടില്‍ ഞങ്ങള്‍ മൂന്നാലു ദിവസം താമസിച്ചു. എന്‍റെ മുട്ടുവരെ നീണ്ട തലമുടി 'വെപ്പു മുടിയാണോ' എന്ന് ചോദിച്ച് അയാള്‍ അതു പിടിച്ചു വലിച്ചു നോക്കി. ചിരിക്കാന്‍ മറന്നു പോയിരുന്ന എനിക്ക് അന്നേരം വല്ലാതെ ചിരി വന്നു.

അതായിരുന്നു തുടക്കം.

പിന്നീട് ഞങ്ങള്‍ കോട്ടയത്തു വെച്ചു കണ്ടു, അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. മഴയത്ത് കുടയും പിടിച്ച് ചെളിവെള്ളം കുത്തിയൊലിക്കുന്ന ഇടവഴികളിലൂടെ നടന്ന് ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് കല്യാണത്തോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. മാട്രിമണിയെന്ന ഏര്‍പ്പാടിനെ ഒരു ടെറര്‍ ആയി മാത്രമേ എനിക്ക് കാണാനാകുന്നുള്ളൂ എന്ന് ഞാന്‍ അയാളോട് പറഞ്ഞു. എന്നെ വൈവാഹികബന്ധത്തിന്‍റെ മാധുര്യത്തെക്കുറിച്ച് ബോധ്യമാക്കിത്തരികയെന്നത് ഒരു ചുമതലയായി ഏറ്റെടുത്തു വിജയിപ്പിക്കുമെന്ന് അയാള്‍ വാക്കു നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം ഒടുവില്‍ പതുക്കെപ്പതുക്കെ എന്‍റെ പ്രതിരോധങ്ങള്‍ കുറഞ്ഞു വന്നു.

അമ്മയോട് ചോദിച്ച് സമ്മതം വാങ്ങിയിട്ടാണ് ഞാന്‍ അയാളെ വിവാഹം കഴിക്കാമെന്ന് വാക്കു പറഞ്ഞത്.

ഞങ്ങള്‍ പരസ്പരം നീണ്ട കത്തുകള്‍ എഴുതി. അമ്മമാരുടെ മേല്‍വിലാസങ്ങളില്‍ അയച്ചു. ഞങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞ് തത്താപൊത്താന്ന് നടന്നു തുടങ്ങുമെന്ന് അയാള്‍ എനിക്ക് എഴുതി. കുഞ്ഞിന്‍റെ ആ നടത്തം സങ്കല്‍പിച്ച് ഞാന്‍ ആനന്ദിച്ചിരുന്നു. എന്നെ ടേയ്, എന്നാണ് അയാള്‍ വിളിച്ചിരുന്നത്. ആ വിളി എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിഷ്കളങ്കമായ കത്തുകള്‍ ആയിരുന്നു ഞങ്ങളുടേത്. അവയില്‍ ലൈംഗികച്ചുവയോ കാമമോ ഒന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് സാധിക്കുമ്പോഴെല്ലാം ഫോണില്‍ സംസാരിച്ചു. പരിഭവിച്ചു, ചില്ലറ സ്നേഹക്കലഹങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമായിരുന്നു. അയാള്‍ ജോലി പരീക്ഷകള്‍ക്കും മുഖാഭിമുഖത്തിനും ഒക്കെ പോകുമ്പോള്‍ എന്നെ കാണാന്‍ വേണ്ടി മാത്രം ചിലപ്പോള്‍ റൂട്ട് മാറ്റി എന്‍റെ വീട്ടിലേക്ക് വന്നു.

അക്കാലങ്ങളില്‍ ഞാന്‍ എപ്പോഴും തിരുവനന്തപുരത്ത് പോകാന്‍ ആഗ്രഹിച്ചു. ചിലപ്പോള്‍ ആ ആഗ്രഹം സാധിച്ചില്ല.. ചിലപ്പോള്‍ സാധിച്ചു. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ അയാള്‍ എനിക്ക് റ്റു സര്‍, വിത് ലൌ എന്ന സിഡ്നി പോയിറ്ററുടെ അതിമനോഹരമായ സിനിമ കാണിച്ചു തന്നു. അരുവിക്കര ഡാമില്‍ കൂട്ടിക്കൊണ്ടു പോയി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഓണാഘോഷം അയാള്‍ക്കൊപ്പമാണ് ഞാന്‍ കണ്ടത്. യേശുദാസിന്‍റെയും മാധുരിയുടേയും ഗാനമേളകള്‍ കേട്ടു. ഞങ്ങള്‍ തനിച്ചായിരുന്നില്ല. അയാളുടെ അമ്മയും പെങ്ങളുമൊക്കെയുണ്ടായിരുന്നു.

എസ് കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയിലെ ശ്രീധരന്‍റെ കല്യാണത്തലേന്ന് എഴുതപ്പെട്ട ഡയറിക്കുറിപ്പ് പോലെ എന്നെ വധുവായി സ്വീകരിക്കുന്ന പുണ്യദിനത്തെക്കുറിച്ച് അയാള്‍ ഡയറിയിലെഴുതിയത് എനിക്ക് കാണിച്ചു തന്നു അയാളുടെ പെങ്ങള്‍. അന്ന് ഞാന്‍ ഒത്തിരി ആഹ്ലാദിച്ചു. അയാള്‍ മനോഹരമായി എഴുതുന്നുവെന്നതുകൊണ്ടും ഞാന്‍ അയാളുടെ ജീവിതത്തില്‍ കടന്നു ചെല്ലുന്നത് ഒരു പുണ്യമായി അയാള്‍ കാണുന്നുവെന്ന അറിവുകൊണ്ടും...

എന്‍റെ വീട്ടില്‍ അഗ്നിപര്‍വതം പുകയും പോലെ വേദനകളും വിഷമങ്ങളും തിങ്ങി നിറഞ്ഞ ഒരു കാലം കൂടിയായിരുന്നു അത്. അച്ഛന്‍റെ വനിതാസുഹൃത്തുക്കള്‍, അവരുടെ ഭര്‍ത്താക്കന്മാര്‍ എന്നിവരെല്ലാം ചേര്‍ന്ന് ഞങ്ങള്‍ അമ്മയുടേയും മൂന്നു പെണ്‍കുട്ടികളുടേയും ജീവിതത്തെ കത്തിച്ചു ചാമ്പലാക്കിക്കൊണ്ടിരുന്ന കാലം. അമ്മയും ഞങ്ങളും സഹിച്ച അപമാനത്തിനോ കുടിച്ച കണ്ണീരിനോ ഒരു അളവും കണക്കും ഇല്ലാതിരുന്ന കാലം. ഡയാന രാജകുമാരി സ്വന്തം ദാമ്പത്യത്തെ വിശേഷിപ്പിച്ചതു പോലെ 'ഇറ്റ്സ് എ ബിറ്റ് പോപ്പുലേറ്റഡ് ....' അങ്ങനെ ആള്‍ത്തിരക്കു കൂടിയ ദാമ്പത്യമായിരുന്നു അമ്മയുടേയും അച്ഛന്‍റേയും...

അസാധാരണമായ ജീവിതാനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വളരെ സാധാരണമായ ബന്ധങ്ങള്‍ നമുക്ക് സാധിക്കാതെ വരും എന്നാണ് ഞാന്‍ പഠിച്ച ഒരു ജീവിതപാഠം.

ഏറെസ്സഹിച്ച അമ്മയുടെ വളരെ ദുര്‍ബലമായ പ്രതിഷേധങ്ങള്‍ പോലും മനസ്സിലാക്കാനാവുന്നവര്‍ കുറവായിരുന്നു. അച്ഛനെ ന്യായീകരിക്കാനാണ് എല്ലാവരും തയാറായത്. വൈഭവമുള്ള പെണ്ണാകുന്നില്ല അമ്മയെന്നും അച്ഛനെ അമ്മയില്‍ തന്നെ കെട്ടിയിടാനുള്ള കഴിവില്ല അമ്മയ്ക്കെന്നും എല്ലാവരും പറഞ്ഞു. അമ്മയുടെ ജീവിതകാലമത്രയും പറഞ്ഞുകൊണ്ടേയിരുന്നു.

ഞാന്‍ സ്നേഹിക്കുകയും വിവാഹം കഴിക്കാനാഗ്രഹിക്കുകയും ചെയ്തവനും അച്ഛന്‍റെ രീതികള്‍ മനസ്സിലായില്ല. അമ്മയോടുള്ള എതിര്‍പ്പ് അച്ഛനെ ഏതറ്റം വരെ എത്തിക്കുമെന്ന് തിരിച്ചറിയാന്‍ മാത്രമുള്ള പക്വതയും പാകതയുമൊന്നും ഒരു ഇരുപത്തിരണ്ടുകാരനില്‍ പ്രതീക്ഷിക്കുന്നതും വിഷമകരമായിരുന്നു.

കാര്യങ്ങള്‍ മനസ്സിലാകാന്‍ കുറച്ചു സമയമെടുത്തെങ്കിലും ഞാന്‍ ആ ആഘാതത്തില്‍ നിന്നും പെട്ടെന്ന് കരകയറി. കാരണം അതിനേക്കാളുമൊക്കെ വളരെ വലിയ ആഘാതങ്ങള്‍ എന്നെ കാത്ത് ജീവിതനടവഴികളില്‍ ഇരിപ്പുണ്ടായിരുന്നു. അവയിലേക്ക് നടന്നടുക്കേണ്ടത് എന്‍റെ നിയോഗമായിരുന്നുവല്ലോ.

Sunday, October 14, 2018

രണ്ട് പ്രഭാതനടത്തക്കാര്‍

https://www.facebook.com/echmu.kutty/posts/943523212493640

- സ്ഥലം ഇന്‍ സ് പെക്ടര്‍ക്ക് ചുമ്മാ വായിക്കാനൊരു ആത്മഹത്യാക്കുറിപ്പ് .

എപ്പോഴാണ് രാവിലെകളിലെ ഒരു മണിക്കൂര്‍ നീളുന്ന ഞങ്ങളുടെ ഉശിരന്‍ നടത്തമാരംഭിച്ചതെന്ന് ഓര്‍മ്മയില്ല. കുറെക്കാലമായിട്ടുണ്ടാവും.. ചുരുങ്ങിയത് പതിനെട്ട് പത്തൊമ്പതു കൊല്ലമായിട്ടുണ്ടാവും..

രാത്രി ഉറക്കം കുറഞ്ഞുപോകുന്നതിനു ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു.. ആ കാരണങ്ങളെ പരിഹരിക്കാന്‍ എനിക്കു സ്വയം കഴിയുമായിരുന്നില്ല. അതുകൊണ്ട് പ്രഭാതത്തില്‍ ഉണരുന്നത് വളരെ എളുപ്പമായിത്തീര്‍ന്നു. ഉറങ്ങാത്തയാള്‍ക്ക് ഉണരാന്‍ ബുദ്ധിമുട്ടില്ല.. അലാറങ്ങളോ വിളിച്ചുണര്‍ത്തലുകളോ ഒന്നും ആവശ്യമില്ല.. ഒരു കോട്ടുവാ ഇടുന്ന മാതിരി രാത്രി ഉറങ്ങാത്തയാള്‍ പ്രഭാതത്തിലേക്ക് എത്തിച്ചേരും..

പിന്നെ ധിറുതിയില്‍ പ്രഭാതകര്‍മ്മങ്ങള്‍, ബര്‍മുഡയും ബനിയനും സോക്സും ഷൂസും ധരിയ്ക്കല്‍, കതകു പൂട്ടി പുറത്തിറങ്ങല്‍ ഇതൊക്കെയായി .... അതും കഴിഞ്ഞ് കൈകള്‍ വീശിവീശി നടപ്പു ആരംഭിക്കുകയായി.. ശ്രദ്ധിച്ച് സൂക്ഷിച്ച് ഷൂ നിലത്തുരയാതെ.. അതു നിലത്തുരഞ്ഞാല്‍ എന്‍റെ ഭര്‍ത്താവിനു ദേഷ്യം വരും. വര്‍ഷങ്ങളായി ഇത് തുടരുന്നു.. താമസസ്ഥലങ്ങള്‍ പലത് മാറി , നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും മാറി.. പ്രഭാതത്തിലെ നടപ്പ് മാത്രം മാറിയില്ല. തന്നെയുമല്ല ഞാനിപ്പോള്‍ മടുപ്പ് സഹിക്കാന്‍ വയ്യാതെ വൈകുന്നേരവും നടക്കാന്‍ തുടങ്ങിയിരിക്കുന്നു.

വ്യായാമം ചെയ്യുകയെന്നത് എന്‍റെ ഭര്‍ത്താവിനു നിര്‍ബന്ധമാണ്. നിര്‍ബന്ധമെന്നല്ല അങ്ങനെ ഒരു കാര്യം ചെയ്തില്ലെങ്കില്‍ അദ്ദേഹം നിയന്ത്രിക്കാനാവാത്ത വിധം അസ്വസ്ഥനായിത്തീരും. എന്തിനാണത് ചെയ്യുന്നതെന്ന് സത്യം പറഞ്ഞാല്‍ എനിക്കല്‍ഭുതമാണ്. വളരെ എളുപ്പത്തില്‍ ആഹ്ലാദം തരുന്ന ഒരു വ്യായാമത്തെ തീരെ ഒഴിവാക്കി നടത്തവും ഓട്ടവും ചാട്ടവും ഗരുഡാസനവും പവനമുക്താസനവും സൂര്യനമസ്ക്കാരവും ഒലക്കേടെ മൂടുമൊക്കെ ചെയ്തിട്ട് എന്താണ് പ്രയോജനം എന്ന് എനിക്കറിയില്ല. വ്യായാമം ചെയ്ത് കിതയ്ക്കുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ എനിക്ക് ശരിക്കും അറപ്പാണ് തോന്നുക.

ജീവിതം ഇങ്ങനെ കൃത്യമായി പോയതിനു പ്രധാനപ്പെട്ട കാരണം എന്‍റെ ഇളക്കമില്ലാത്ത അനുസരണാശീലമാണ്.

ഞാന്‍ എന്തിനാണ് ഒരു ഭാര്യയായി കഴിഞ്ഞു കൂടുന്നതാവോ? വേറെ ജോലിയൊന്നും ഇല്ലാത്ത തുകൊണ്ടാവണം, അല്ലെങ്കില്‍ പരിശ്രമിച്ച് ജോലി നേടിയെടുക്കാനുള്ള കഴിവ് കുറഞ്ഞു പോയതുകൊണ്ടാവണം, അതുമല്ലെങ്കില്‍ വീട്ടിലിരുന്ന് സുഖിച്ച് മടിയും അലസതയും പിടിച്ചതുകൊണ്ടാവണം.

എനിക്ക് ഒന്നും ചിന്തിക്കേണ്ടതില്ല, ഈ ജീവിതത്തില്‍. പറയുന്നതു കേട്ടാല്‍ മതി. പിന്നെ ഒരു പ്രശ്നവുമില്ല. ഭര്‍ത്താവ് പറയും. ഞാന്‍ കേള്‍ക്കും ... എന്നിട്ട് അതു ചെയ്യും. എത്ര എളുപ്പം. ഇത്ര എളുപ്പമുള്ള ഒരു ജോലി ഈ പ്രപഞ്ചത്തില്‍ വേറെ എവിടെ കിട്ടും?

കാര്യം പരമസുഖമാണ്. ഭര്‍ത്താവ് ഉയര്‍ന്ന ജോലിക്കാരനാണ്. നല്ല ശമ്പളമുണ്ട്. കാറും ഡ്രൈവറും വേലക്കാരുമുണ്ട്. അങ്ങനെ പണച്ചെലവിനെ പറ്റി വ്യാകുലപ്പെടാറില്ല . വല്ലപ്പോഴും ബാങ്ക് പാസ്സ് ബുക് നോക്കുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യം ഉത്തരം കൊടുത്താല്‍ മതി പിന്നെ പ്രശ്നമൊന്നുമില്ല. എന്തിനു ചെലവാക്കി എന്ന് അറിയില്ലയെന്നോ ഓര്‍മ്മയില്ലയെന്നോ പറഞ്ഞാല്‍ അദ്ദേഹത്തിനു അസ്സലായിട്ട് ദ്വേഷ്യം വരും. അപ്പോള്‍ എനിക്ക് കണക്കിനു കിട്ടുകയും ചെയ്യും. മിക്കവാറും നാക്കുകൊണ്ട്... വല്ലപ്പോഴും കൈകൊണ്ടും..

കൈ കൊണ്ട് കിട്ടാന്‍ ഞാന്‍ അധികം നിന്നു കൊടുത്തിട്ടില്ല. എനിക്ക് നല്ല ഓര്‍മ്മശക്തിയാണ്. ഏത് ഏ ടി എം ല്‍ നിന്ന് പണമെടുത്തു എന്നു മുതല്‍ എന്തിനൊക്കെ ചെലവാക്കി എന്നെല്ലാം ശരിക്കും ഓര്‍മ്മയുണ്ടാവും. നോട്ടിന്‍റെ നമ്പര്‍ പോലും മറന്നു പോവില്ല. എന്‍റെ ഓര്‍മ്മശക്തിയെ ഭര്‍ത്താവ് എന്നും ഭയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഓര്‍മ്മ കൂര്‍പ്പിച്ചു വെക്കുന്നതില്‍ ഞാന്‍ എന്നും ശ്രദ്ധിച്ചു പോരുകയും ചെയ്തിരുന്നു. വെറും വയറ്റില്‍ ബ്രഹ്മിനീരു കുടിക്കുക എന്‍റെ ഒരു പ്രധാന ദിനചര്യയായിരുന്നു. അടുക്കളത്തോട്ടത്തിലെ ബ്രഹ്മി പുഷ്ടിയായി നില്‍ക്കുന്നത് അതുകൊണ്ടാണ്. പിന്നെ ഇന്‍റര്‍നെറ്റിലെ ബ്രെയിന്‍ ഗെയിമുകള്‍ പറ്റാവുന്നതെല്ലാം ഞാന്‍ കളിക്കുമായിരുന്നു. മിക്കവാറും എല്ലാറ്റിലും ഉഷാറായി ജയിക്കുകയും ചെയ്യും.

ജീവിതത്തിന്‍റെ തുടക്കത്തില്‍ ഞാന്‍ വളരെ വാം ആയ ഒരു ഭാര്യയായിരുന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് ഒരു ലോഭവും ഞാന്‍ കാണിച്ചിരുന്നില്ല. എനിക്ക് അദ്ദേഹത്തെ തൊടാനും കെട്ടിപ്പിടിക്കാനും ഉമ്മവെയ്ക്കാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. കൈമുട്ടിലും മൂക്കിന്‍റെ തുമ്പത്തും കണ്‍പോളയിലും ചെവിക്കു പുറകിലും എന്നു വേണ്ട പറ്റാവുന്നിടത്തൊക്കെ ഞാന്‍ സ്നേഹ ചുംബനങ്ങള്‍ ചൊരിയുമായിരുന്നു.

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി അദ്ദേഹത്തിനു അതിലൊന്നും വലിയ താല്‍പര്യമില്ലെന്ന്.. പ്രകടനങ്ങള്‍ സ്നേഹം ഇല്ലാത്തവരാണ് കാണിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. അങ്ങനെ ഞാന്‍ അതില്‍ നിന്ന് മെല്ലെ മെല്ലെ പിന്മാറി.

എനിക്ക് എന്‍റെ ഭര്‍ത്താവിനോട് അങ്ങനെ അത്ര വളരെ ഇഷ്ടമൊന്നുമില്ല ഈയിടെ ആയിട്ട് . കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോവാന്‍ ഒരാളില്ലാതെ സാധിക്കില്ല എന്നതുകൊണ്ട് തോന്നുന്ന ഒരു ആശ്രിതത്വം മാത്രമാണെനിക്ക് സത്യം പറഞ്ഞാല്‍ ആദ്യം മുതലേ ഉണ്ടായിരുന്നതെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. അതിനെ സ്നേഹമെന്ന് ഞാന്‍ വിളിച്ചു പോന്നു. എങ്കിലും ഞാന്‍ ഒരു തികഞ്ഞ കള്ളിയായിരുന്നു. അത് അദ്ദേഹം അറിയാതിരിക്കാന്‍ ഞാന്‍ എപ്പോഴും കിണഞ്ഞു ശ്രമിക്കുമായിരുന്നു.

തുടക്കത്തിലേ സ്വയം ഒരു തികഞ്ഞ ഗുരുവായിച്ചമഞ്ഞു എന്നെയും എന്‍റെ വീട്ടുകാരേയും തീരെ ബുദ്ധിയും ബോധവും വിവരവും ഇല്ലാത്തവരാക്കിയും പണക്കൊതിയുള്ളവരായും കാണിക്കുന്നത് അദ്ദേഹത്തിന്‍റെ ഒരു ശിലമായിരുന്നു ഞാന്‍ പരിഭവിച്ചും പിണങ്ങിയും സങ്കടപ്പെട്ടും ഒക്കെ നോക്കി. കാര്യമില്ല എന്ന് തികച്ചും ബോധ്യമായപ്പോള്‍ ' ആ ഞങ്ങള്‍ ബുദ്ധിയും ബോധവും വിവരവും ഇല്ലാത്തവര്‍, പണക്കൊതിയുള്ളവര്‍ എന്ന് ഞാനങ്ങ് അംഗീകരിച്ചു. അതിന്മേലുള്ള വിഷമം അങ്ങനെ പെയ്തു തീര്‍ന്നു. ബുദ്ധിയും ബോധവും വിവരവും ഇല്ലാത്തവര്‍ക്കും പണക്കൊതിയുള്ളവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കണമല്ലോ. പിന്നെ അദ്ദേഹത്തിനു ഒത്തിരി ബുദ്ധിയുണ്ടല്ലോ . അതു മതിയെന്ന് ഞാനും നിശ്ചയിച്ചു. ഭര്‍ത്താവിനു എന്തേലും അബദ്ധം പറ്റിയാല്‍ അതുകൊണ്ടു തന്നെ ഞാന്‍ രഹസ്യമായി ആഹ്ലാദിച്ചിരുന്നു. വലിയ ബുദ്ധിമാനല്ലേ എന്നിട്ടും ഇങ്ങനെ പറ്റിയല്ലോ... കണക്കായിപ്പോയി

അദ്ദേഹം പറയുന്നതിനപ്പുറം പോയിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്ക് ബോധ്യമായതിനു പല കാരണങ്ങളുമുണ്ടായിരുന്നുവെങ്കിലും എന്നെ ഏറ്റവും ഉലച്ചത് എന്‍റെ ശരീരം പോലും അദ്ദേഹത്തിനു വേണ്ട എന്ന തിരിച്ചറിവാണ്. ആദ്യമാദ്യം അങ്ങനെ ആയിരുന്നില്ല. വല്ലപ്പോഴുമൊക്കെ അദ്ദേഹം അതാവശ്യപ്പെട്ടിരുന്നു. ലൈംഗികബന്ധം കഴിയുമ്പോള്‍ ഞാന്‍ തൊടാതെ മാറിക്കിടക്കണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. സങ്കടവും കരച്ചിലും അനാഥത്വവും ഒക്കെ അന്നേരം തോന്നുമെങ്കിലും ഞാന്‍ അത് സഹിച്ചു പോന്നു. പിന്നെപ്പിന്നെ ആ ചെറിയ താല്‍പര്യം കൂടി അദേഹത്തിനു കുറഞ്ഞു വന്നു. ഞാന്‍ മുന്‍കൈ എടുത്താലും ഉണരാത്ത ശരീരമായി അദ്ദേഹത്തിന്‍റെ. അങ്ങനെ പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടായിരുന്നില്ല ആ ശരീരത്തിനു കേട്ടൊ.

പ്രസവിക്കാത്തവള്‍ മച്ചി മലടി എന്നൊക്കെ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ എന്നെക്കുറിച്ച് സ്വകാര്യമായി പറഞ്ഞിരുന്നു. പക്ഷെ, ആരും അത് തുറന്ന് പറഞ്ഞിരുന്നില്ല. കാരണം എല്ലാവരും പരിഷ്ക്കാരികളും മനോധര്‍മ്മമ്മുള്ളവരും പെരുമാറ്റമര്യാദകള്‍ ഏറ്റവുമധികം പഠിച്ചിട്ടൂള്ളവരുമായിരുന്നു.

അദ്ദേഹത്തെ എന്‍റെ ശരീരത്തിലേക്കാകര്‍ഷിക്കാന്‍ ഞാന്‍ വനിതാമാഗസിനുകളില്‍ കാണുന്ന നിര്‍ദ്ദേശങ്ങളൊക്കെ അനുസരിച്ചു നോക്കി. സീ ത്രൂ നൈറ്റി ധരിച്ചു. ബെഡ് റൂം കലാപരമായി ഒരുക്കി. പെര്‍ഫ്യും സ്പ്രേ ചെയ്തും മുല്ലമാലകള്‍ ചാര്‍ത്തിയും സുഗന്ധമുണ്ടാക്കി. പതിഞ്ഞ ശബ്ദത്തില്‍ മാദകമായ ഇംഗ്ലീഷ് ഗാനങ്ങള്‍ വെച്ചു. വസ്ത്രങ്ങള്‍ സ്ഥാനം തെറ്റി കിടക്കുന്നത് അറിയാത്തമട്ടില്‍ പാതി നഗ്നത വെളിപ്പെടുത്തിക്കൊണ്ട് ഉറക്കം നടിച്ചു കിടന്നു.

എന്നാല്‍ അതിലൊന്നും അദ്ദേഹം വഴുക്കി വീണില്ല.

ഞാനും തോല്‍ക്കാന്‍ തയാറായിരുന്നില്ല.

അതുകൊണ്ട് യാതൊരു നാണവും കൂടാതെ അദ്ദേഹത്തിനെ മുറുകെ കെട്ടിപ്പിടിച്ചും നഗ്നയായി ആ ശരീരത്തിലമര്‍ന്ന് കിടന്നും 'കമോണ്‍ ഡൂ ഇറ്റ്.. എനിക്ക് നിങ്ങളെ കൊതിയാകുന്നു. നിങ്ങളെ എനിക്ക് വേണ'മെന്ന് പുലമ്പി. ഒരിയ്ക്കലല്ല പലവട്ടം.

'കിടന്നുറങ്ങു പെണ്ണെ' എന്ന് അദ്ദേഹം എന്നെ അപ്പോഴെല്ലാം നിഷ്ക്കരുണം തൂത്തെറിഞ്ഞു.

വല്ലാതെ അപമാനിതയാവുമെങ്കിലും ഭാര്യ ഭര്‍ത്താവിനോട് എന്തായാലും പൊരുത്തപ്പെടുക എന്ന ദാമ്പത്യത്തിലെ സുവര്‍ണനിയമവുമായി ഒത്തു പോവുകയേ വഴിയുള്ളൂ എന്നെനിക്ക് ഒടുവില്‍ മനസ്സിലായി. വേലക്കാരെയെല്ലാം ഒഴിവാക്കി വീട്ടു പണികള്‍ മുഴുവന്‍ ഒറ്റയ്ക്ക് ചെയ്ത് ഞാന്‍ എന്‍റെ ദേഹത്തെ തളര്‍ത്താന്‍ ശ്രമിച്ചു. കാമമുണര്‍ത്തുമെന്ന് പറഞ്ഞ് കേട്ടിട്ടുള്ള എല്ലാ ആഹാരസാധനങ്ങളും വേണ്ടാ എന്നു വെച്ചു. ആസക്തികള്‍ ഉണരാതിരിക്കാന്‍ ഒരു വിധവയെപ്പോലെ അത്താഴവും ഉപേക്ഷിച്ചു. അഥവാ എന്നിട്ടും മനസ്സ് പാളിപ്പോയാല്‍ ഞാന്‍ പാതിരായ്ക്ക് തണുത്ത വെള്ളമൊഴിച്ചു കുളിക്കും.

സിനിമാതാരങ്ങളെ മനസ്സില്‍ സങ്കല്‍പിച്ച് സന്തോഷം കണ്ടെത്താന്‍ പരിശ്രമിച്ചെങ്കിലും അതില്‍ ഞാന്‍ ഒട്ടും വിജയിച്ചില്ല. അവരെയൊന്നും ജീവനുള്ള മനുഷ്യരായി എനിക്ക് പരിചയമില്ലല്ലോ. എല്ലാവരും വ്യത്യസ്ത കഥാപാത്രങ്ങള്‍... അവര്‍ക്കൊക്കെ പ്രണയിക്കാന്‍ വേവ്വേറെ സ്ത്രീകഥാപാത്രങ്ങളും... അതിനിടയില്‍ എന്നെ കൊണ്ടുവെയ്ക്കാന്‍ ഒട്ടും ഇടമില്ലായിരുന്നു.

പിന്നെ ലൈംഗികത ഭര്‍ത്താവിനു മാത്രമേ വേണ്ടൂ എന്നാണല്ലോ നമ്മുടെ രീതി. അതുകൊണ്ട് ഇക്കാര്യം ആരോടും പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എല്ലാ സ്ത്രീകളും ഭര്‍ത്താവിനു വേണ്ടതുകൊണ്ട് കിടന്നു കൊടുക്കുന്നുവെന്ന മട്ടിലാണ് പറയുക. 'അതൊരു സുഖമല്ലേ എനിക്കും അതിഷ്ടമാണ്.. വേണമെന്ന് ആഗ്രഹം തോന്നാറുണ്ടെന്ന് ' സ്ത്രീകള്‍ പറയുകയേ ഇല്ല. 'എനിക്ക് അങ്ങനെ ആഗ്രഹമൊന്നുമില്ല. അദ്ദേഹത്തിനു വേണം അതുകൊണ്ട് വിരോധം പറയാറില്ല. അങ്ങനെ പറഞ്ഞാല്‍ കിട്ടുന്നേടം നോക്കിപ്പോയാലോ?' ഇത്ര സംയമികളായ സ്ത്രീകളോട് ചെന്ന് 'ഞാനിങ്ങനെ കൊതിക്കുന്നു'വെന്നൊക്കെ പറഞ്ഞാല്‍ ചീത്തപ്പേരു കിട്ടാന്‍ വേറെ കാരണം വല്ലതും വേണോ?

ഒരു സെക്സോളജിസ്റ്റ് ഡോക്ടറെ കാണാമെന്ന് ഞാന്‍ പറഞ്ഞതാണ് ഇന്ന് ആകെ കുഴപ്പമായത്. അദ്ദേഹം സ്വയം അത് ചെയ്യുമെന്നായിരുന്നു ഇത്രയും വര്‍ഷക്കാലം എന്‍റെ വിചാരം. എന്നാല്‍ എന്‍റെ ആഗ്രഹം അതും അദ്ദേഹത്തിനു മാത്രം സാധിച്ചു തരാന്‍ പറ്റുന്ന ആഗ്രഹം അതിനെക്കുറിച്ച് അദ്ദേഹത്തിനു ഒരു താല്‍പര്യവുമില്ലെന്ന് എനിക്ക് പതുക്കെപ്പതുക്കെ മനസ്സിലായി. അതുകൊണ്ടാണ് നാണം കെട്ട് ഞാന്‍ ഡോക്ടറെ കണ്ടു നോക്കാം നമുക്കെന്ന് ഒടുവില്‍ പറഞ്ഞത്.

അത് എന്‍റെ ഭര്‍ത്താവിനു ക്ഷമിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഞാന്‍ അതികാമമുള്ളവളാണെന്നും അതി കാമം മഹാ ദൂഷ്യമാണെന്നും അദ്ദേഹം അലറി. എന്‍റെ കവിളിലേക്ക് പടര്‍ന്നിറങ്ങുന്ന മുടിയിഴകളും ഓറഞ്ചല്ലി പോലുള്ള ചുണ്ടുകളും മേല്‍ച്ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളും എഴുന്നു നില്‍ക്കുന്ന മുലഞെട്ടുകളും ഒരു സില്‍ക് നൂലു പോലും ഇറങ്ങാത്ത വിധം തിങ്ങി നിറഞ്ഞ മുലകളും ആഴം കൂടിയ പൊക്കിള്‍ക്കുഴിയും കാലുകള്‍ക്കിടയിലെ ത്രികോണത്തില്‍ കാണപ്പെടുന്ന കറുത്തു കരുത്തുറ്റ രോമരാജിയും നീണ്ടുരുണ്ട തുടകളും എല്ലാം അതികാമത്തിന്‍റെ ലക്ഷണങ്ങളാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. എന്നെ തേവിടിശ്ശി എന്നും അറുവാണിച്ചി എന്നും വിളിക്കാനും എന്‍റെ കരണം മതിവരുവോളം അടിച്ചു പുകയ്ക്കാനും അദ്ദേഹം മടിച്ചില്ല.

അപമാനം കൊണ്ടും വേദന കൊണ്ടും ഞാന്‍ മരവിച്ചു നിന്നു പോയി.

ജീവിതത്തിലെ അധികകാലവും എന്നെ അപമാനിക്കുകയായിരുന്ന പുരുഷന്‍ നാണം മറയ്ക്കാന്‍ വാങ്ങിത്തന്ന ഉടയാടകള്‍ എനിക്കിനി ആവശ്യമില്ല. അതാണ് ഈ ഭൂമിയിലേക്ക് വന്ന രൂപത്തില്‍ ഞാന്‍ മടങ്ങിപ്പോകുന്നത്. നഗ്നയായി കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്നത് .

മീര.

മഴ നൊമ്പരങ്ങള്‍

https://www.facebook.com/echmu.kutty/posts/941417689370859

'ദില്ലി മണ്‍സൂണ്‍ ഈസ് ഫോര്‍ ത്രീ ഡേയ്സ് 'എന്നാണ് അവിടത്തെ എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുമാരുമൊക്കെ പറയുക. അതുകൊണ്ട് കെട്ടിടം പണിയൊന്നും നിറുത്തിവെയ്ക്കേണ്ടതില്ല. മഴ അങ്ങു വരും... ആര്‍ത്തലച്ചു പെയ്യും.. എല്ലാ വഴികളിലും വെള്ളം കെട്ടി നില്‍ക്കും... പിന്നെ മഴ വന്നതു പോലെ പോകും.

ഞങ്ങള്‍ അത് വിശ്വസിച്ചു. അങ്ങനെ ഉഷാറായി വിവിധ ചേരികളിലെ പണികള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഒരു ആര്‍ക്കിടെക്ടും മൂന്ന് സിവില്‍ എന്‍ ജിനീയര്‍മാരും കണക്കെഴുത്തുകാരിയായ ഞാനും കുറെ തൊഴിലാളികളും... ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പലതരം ജോലിക്കാര്‍.. എല്ലാവരും ഉല്‍സാഹിച്ച് പണിയെടുക്കുകയാണ്. ലാറിബേക്കര്‍ ടൈപ്പ് കെട്ടിടനിര്‍മ്മാണരീതികള്‍ ഇന്ത്യന്‍ തലസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക ദൌത്യത്തിലായിരുന്നു ഞങ്ങള്‍.

ആ ദിവസം രാവിലെയാണ് മലയാളികളായ മേസന്മാരിലൊരാള്‍ ഓടി വന്ന് എന്നോട് ഓഫീസില്‍ നിന്ന് സൈറ്റിലേക്ക് വരാന്‍ പറഞ്ഞത്. അയാള്‍ക്ക് നല്ല കിതപ്പുണ്ടായിരുന്നു. മാത്രമല്ല കരച്ചിലും വരുന്നുണ്ടായിരുന്നു. 'എന്തു പറ്റീ' എന്ന് ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ ഗദ്ഗദത്തോടെ പറഞ്ഞു. 'മാഡം, താങ്ങാന്‍ പറ്റുന്നില്ല. ചോര പോലെ ഒരു കൊച്ചിനേം കൊണ്ട് പണിയെടുക്കാന്‍ വന്നിരിക്കയാണ്. അതിനെ മണ്ണില്‍ ഒരു തുണി വിരിച്ച് കിടത്തീട്ടുണ്ട്. ആ അമ്മേടേ മേലൊക്കെ ചോര... കണ്ടിട്ട് പേടിയാവുന്നു..'

ഞാന്‍ കരിങ്കല്ലുകള്‍ക്കും ഇഷ്ടികകള്‍ക്കും വാനം കോരിയിട്ട മണ്‍ കൂനകള്‍ക്കും ഇടയിലൂടെ ഓടി...

അവിടെച്ചെന്നു നോക്കുമ്പോള്‍ കഷ്ടിച്ച് പതിനെട്ട് തികഞ്ഞിട്ടുള്ള അമ്മ കരിങ്കല്ല് ഉയര്‍ത്തി തലയില്‍ വെയ്ക്കുകയും ചോര പൂക്കുറ്റി പോലെ കുതിച്ചൊഴുകുകയുമാണ്. അവള്‍ അത് കാര്യമാക്കുന്നില്ല. ചോരയല്ലേ ... അതൊഴുകും എന്ന മട്ടില്‍. അത്ര നിസ്സാരമായി. എലിയേക്കാള്‍ ചെറിയ ഒരു കുഞ്ഞ് തുണിക്കഷണത്തില്‍ കിടക്കുന്നു.

ചോദിച്ചറിഞ്ഞു വരുമ്പോള്‍ പ്രസവിച്ചിട്ട് നാലു ദിവസമായിട്ടേയുള്ളൂ. പെണ്‍ കുഞ്ഞിനെ പെറ്റിട്ടതുകൊണ്ട് ഭര്‍ത്താവ് കളഞ്ഞിട്ടു പോയി.

കഴിഞ്ഞ നാലു ദിവസമായി പട്ടിണിയായിരുന്നു. ഇന്നും വീട്ടിലിരുന്നാല്‍ പിന്നേം പട്ടിണിയാകും. ..

എനിക്ക് കണ്ണുകള്‍ വേവുന്നതു പോലെ തോന്നി. ഹൃദയം നിലയ്ക്കുമെന്ന് ഞാന്‍ ഭയന്നു.

അവളോട് ജോലി നിറുത്താനും വിശ്രമിക്കാനും ഭക്ഷണത്തിനുള്ള പണം തരാമെന്നും പറഞ്ഞ് രൂപ കൊടുത്ത് തല്‍ക്ഷണം ഞാന്‍ പറഞ്ഞു വിട്ടു. ഉച്ചയ്ക്ക് ബാക്കി എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും എനിക്കും ആ മേസനും ഒരു കഷണം റൊട്ടി പോലും ഇറങ്ങിയില്ല. ഞങ്ങളുടെ മുന്നില്‍ കുതിച്ചൊഴുകുന്ന ചോരയുടെ പേടിപ്പിക്കുന്ന നിറവും മടുപ്പിക്കുന്ന ഗന്ധവുമായിരുന്നു.

ഞങ്ങള്‍ എല്ലാവരും ആ സൈറ്റില്‍ തന്നെയാണ് താമസിച്ചിരുന്നത്. താല്‍ക്കാലിക പാര്‍പ്പിടങ്ങളില്‍... രാത്രി അപ്രതീക്ഷിതമായി ഇടി വെട്ടി.. ആകാശം കുത്തിത്തുറക്കുന്ന മാതിരി മിന്നലുണ്ടായി. ഞാന്‍ പേടിച്ചു വിറച്ചു. പിന്നെ മഴ പെയ്യാന്‍ തുടങ്ങി. അതങ്ങനെ നിസ്സാരമഴയൊന്നുമായിരുന്നില്ല. തുമ്പിക്കൈ വണ്ണത്തില്‍ വെള്ളം ചൊരിഞ്ഞുകൊണ്ട് ഭീകര മഴ. ആരെങ്കിലും കെട്ടിപ്പിടിക്കാന്‍ കൂടെയുണ്ടെങ്കില്‍ , ചോരാത്ത മേല്‍പ്പുരയുണ്ടെങ്കില്‍, വാതിലിനടിയിലൂടെ വെള്ളം അകത്തു കയറുന്നില്ലെങ്കില്‍, ചൂടു ചായയും പരിപ്പുവടയും തിന്നാനുണ്ടെങ്കില്‍, ചൂടു ചോറും കറിയും ഉണ്ടെങ്കില്‍ ഒക്കെ മാത്രമാണ് മഴയുടെ സൌന്ദര്യവും സൌരഭ്യവും നമുക്ക് മനസ്സിലാവുക. അല്ലെങ്കില്‍ ശരിക്കും പേടിയാകും...

അപ്പോഴാണ് എലി കരയുന്ന ശബ്ദത്തില്‍ ആരോ എന്‍റെ തകര ഷീറ്റടിച്ച വാതിലില്‍ തട്ടി വിളിച്ചത്. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അവളാണ്. ആ പതിനെട്ടുകാരിയായ അമ്മ... കൂടെ ചോരക്കുഞ്ഞുമുണ്ട്.. വീശിയടിക്കുന്ന തൂവാനത്തില്‍ അവള്‍ നനഞ്ഞൊലിക്കുകയാണ്. ...

വലിയ കഥയൊന്നുമില്ല... പെണ്ണിനെ പെറ്റവളെ ഭര്‍ത്താവിനു വേണ്ടാതായാല്‍ പിന്നെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കും വേണ്ട.. അതുകൊണ്ട് ഒരു കൂട്ടുകാരിയുടെ ഒറ്റമുറി വീട്ടില്‍ ഇരിക്കുകയായിരുന്നു. മഴ വന്നപ്പോള്‍ അവിടെ എല്ലാവര്‍ക്കും അകത്തു കിടക്കേണ്ടി വന്നു. അപ്പോള്‍ അവള്‍ക്ക് കിടക്കാന്‍ ഇടമില്ല... ഇന്ന് മാഡത്തിന്‍റെ ഒപ്പം നിറുത്താമോ? മുറിയുടെ ഒരു മൂലയില്‍ ഇരുന്നോളാം .... രാവിലെ അകന്ന ബന്ധത്തിലെ ആരോ എവിടേയോ ഉണ്ട്.. അങ്ങോട്ട് പോക്കോളാം..

എനിക്ക് മഴ വെറുത്തു.. തൂവാനം വെറുത്തു. തോക്കുണ്ടായിരുന്നെങ്കില്‍ ആകാശത്തേക്ക് വെടിവെച്ച് മഴയെ കൊല്ലണമെന്ന് , അങ്ങനെയെങ്കിലും ഒരു വിപ്ലവകാരിയാവണമെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ അതിനൊന്നും എനിക്ക് പ്രാപ്തിയില്ലല്ലോ.

എന്‍റെ പാവാടയും ഷര്‍ട്ടും ചോര തടുത്തു നിറുത്താന്‍ സാനിറ്ററി പാഡുകളും കൊടുത്ത് കുഞ്ഞിനെ തുടച്ച് പുതപ്പില്‍ പൊതിഞ്ഞ് അതിനു പാലുകൊടുക്കാന്‍ ഞാന്‍ അവളോട് പറഞ്ഞു. പിന്നെ ഞാന്‍ ചായ ഉണ്ടാക്കി ... മട്ടിയും ചായയും കഴിച്ച് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കിയിരുന്നു...

ഇന്ത്യാ മഹാരാജ്യത്തിന്‍റെ തലസ്ഥാനം മഴയില്‍ കുതിരുന്നുണ്ടായിരുന്നു അപ്പോഴും...
മധുരിമയാര്‍ന്ന മഴപ്പേച്ചുകള്‍ എനിക്ക് വഴങ്ങാത്തത് അവളും ആ കുഞ്ഞും എന്നില്‍ എപ്പോഴും ജീവിക്കുന്നതുകൊണ്ടാണ്.

കുടുത്തു വെച്ചവള്‍

https://www.facebook.com/echmu.kutty/posts/939894662856495

എറണാകുളത്തു നിന്ന് മടങ്ങുകയായിരുന്നു ഞാന്‍. എ സി ബസ്സാണ്. പതിവു പോലെ അതീവ സുന്ദരമായ മലയാളം ഗാനങ്ങള്‍. ... ഏ സിയുടെ നേരിയ തണുപ്പ്. സുഖകരമായ ഇരിപ്പിടം, പുലര്‍കാലം. ജീവിതത്തില്‍ നടക്കാതെ പോയ കാര്യങ്ങളെല്ലാം നടന്നുവെന്ന് ഞാന്‍ സങ്കല്‍പത്തില്‍ സന്തോഷിക്കുന്നത് ഇമ്മാതിരി ഏകാന്തയാത്രകളിലാണ്.

വൈറ്റില ഹബ്ബില്‍ നിന്ന് നന്നേ മെലിഞ്ഞൊട്ടിയ ഒരു അമ്മൂമ്മയെ രണ്ട് പുരുഷന്മാര്‍ ഇരുവശത്തും പിടിച്ചു നടത്തി മെല്ലെ മെല്ലെ ബസ്സില്‍ കയറ്റിയിരുത്തി. അമ്മൂമ്മ എന്‍റെ തൊട്ടടുത്താണിരുന്നത്. നന്നെ വെളുത്തു ആയിരം ചുളുക്കുള്ള തൊലിയുമായി ഒരു അമ്മൂമ്മ. ക്ഷീണം കൊണ്ട് ആ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇട്ടിരുന്ന നൈറ്റി തോളില്‍ നിന്ന് കിഴിഞ്ഞു പോയത് പുരുഷന്മാരില്‍ ഒരാള്‍ കയറ്റിയിട്ടു. സൌകര്യപൂര്‍വം ഇരുത്തി. ഒരാള്‍ പുറകിലെ സീറ്റില്‍ ഇരുന്നു. മറ്റേയാള്‍ താഴെയിറങ്ങിപ്പോയി ചൂടു ചായ കൊണ്ടുവന്നു അമ്മൂമ്മയ്ക്ക് കൊടുത്തു. അടുത്ത് നിരയിലെ സീറ്റില്‍ അയാളും ഇരുന്നു.

അമ്മൂമ്മയ്ക്ക് തണുക്കുന്നുണ്ടായിരുന്നു. ചായ കഴിഞ്ഞപ്പോള്‍ അയാള്‍ പേപ്പര്‍ഗ്ലാസു പുറത്ത് വേസ്റ്റ് ബാസ്ക്കറ്റില്‍ കൊണ്ടുകളഞ്ഞു. തിരികെ ബസ്സില്‍ വന്ന് ഒരു ഷാളെടുത്ത് അമ്മൂമ്മയെ പുതപ്പിച്ചു. മലയാളികളല്ല എന്നും ഹിന്ദി സംസാരിക്കുന്നവരാണെന്നും എനിക്ക് മനസ്സിലായി. അമ്മൂമ്മയുടെ ആണ്മക്കളാണ് ആ പുരുഷന്മാരെന്നാണ് ഞാന്‍ കരുതിയത്.

ബസ്സ് ഓടാന്‍ തുടങ്ങിയപ്പോള്‍ അമ്മൂമ്മ പതുക്കെ ഉറങ്ങാന്‍ തുടങ്ങി.. തല ചാഞ്ഞ് ചാഞ്ഞ് എന്‍റെ തോളിലേക്കായപ്പോള്‍ പുറകിലെ സീറ്റിലിരുന്നയാള്‍ എന്നോട് ക്ഷമ പറഞ്ഞുകൊണ്ട് അറിയിച്ചു. അവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് പോവുകയാണ്. അമ്മൂമ്മയെ ഡോക്ടറെ കാണിക്കാന്‍... അമ്മൂമ്മ അവരുടെ അമ്മായിയമ്മയാണ്. അവരുടെ ഭാര്യമാര്‍, അതായത് അമ്മൂമ്മയുടെ പെണ്മക്കള്‍ മരിച്ചു പോയി, അവരുടെ മക്കളെ വളര്‍ത്തിയത് അമ്മൂമ്മയാണ്. അതുകൊണ്ട് അമ്മയ്ക്ക് ഒപ്പമാണ് അവര്‍ക്കീ ഭാര്യാമാതാവ്.

എന്‍റെ കണ്ണ് നനഞ്ഞു.

മക്കള്‍ വലുതായി .... അവര്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷെ, അത്ര വലിയ ശമ്പളമുള്ള ജോലിയൊന്നുമല്ല. കഷ്ടിച്ചു കഴിഞ്ഞു കൂടി പോകുന്നവരാണവര്‍. എന്നാലും കേരളത്തിലെ താമസം സൌകര്യപ്രദമാണെന്ന് അയാള്‍ പറഞ്ഞു. നല്ല കൂലി കിട്ടുന്നുണ്ട്. പണിയുണ്ടെങ്കില്‍ ജീവിക്കാന്‍ ഒട്ടും പ്രയാസമില്ല. പിന്നെ വീട് നോക്കാന്‍ അമ്മൂമ്മ ഉണ്ടല്ലോ.

'ഇങ്ങനെ വയ്യാതിരിക്കുന്നതൊന്നും കാര്യമാക്കേണ്ട... ഷേറിണിയാണ് ( സിംഹി ) ആള്‍. വീട് നടത്തിക്കൊണ്ട് പോകാന്‍ എന്തു മിടുക്കാണെന്നോ, ഇത്തിരി കൊണ്ട് എല്ലാവരുടേയും വയറു നിറയ്ക്കും ' എന്ന് അയാള്‍ ശ്വശ്രുവിനെ കലവറയില്ലാതെ പുകഴ്ത്തി.

ഞാനവരുടെ സ്വന്തം മാതാപിതാക്കന്മാരെക്കുറിച്ച് ചോദിച്ചു. അവര്‍ മധ്യപ്രദേശില്‍ ഉണ്ടെന്നും സാധിക്കുമ്പോള്‍ പോയിക്കാണാറുണ്ടെന്നും അയാള്‍ ഉത്തരം നല്‍കി.

'പക്ഷെ, ഞങ്ങളുടെ മക്കളെ ഈ അമ്മയാണ് പോറ്റി വളര്‍ത്തിയത്. എന്തു തന്നെ പകരം ചെയ്താലും അധികമാവില്ല. ഇവരില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ മക്കള്‍ ശൈശവത്തിലേ അവരുടെ അമ്മമാരുടെ പുറകേ പോകുമായിരുന്നു' എന്ന് വാക്കുകള്‍ മുഴുമിക്കുമ്പോള്‍ വികാരഭാരത്താല്‍ അയാളുടെ കണ്ഠമിടറി.

പുറകിലത്തെ സീറ്റില്‍ മുന്നോട്ടാഞ്ഞിരുന്ന് , ഉറങ്ങുന്ന അമ്മായിഅമ്മയുടെ മുടി ഒതുക്കിയും തല വല്ലാതെ ആടിപ്പോകാതെ പതുക്കെ താങ്ങിക്കൊണ്ടുമാണ് ആ മരുമകന്‍ യാത്ര ചെയ്തിരുന്നത്. ...

ഞാന്‍ എന്‍റെ മരിച്ചു പോയ അമ്മയെ ഓര്‍ത്തു... മരുമക്കള്‍ അവര്‍ക്കെന്തെല്ലാം നല്‍കി എന്ന് ഞാന്‍ ഓര്‍ത്തു... അപ്പോള്‍ എത്ര നിയന്ത്രിച്ചിട്ടും എന്‍റെ കണ്ണുകള്‍ കവിഞ്ഞു... കവിഞ്ഞ് ഒഴുകി.
..
അന്നേരമെല്ലാം 'കുടുത്തു വെച്ചവള്‍' ( പുണ്യം ചെയ്തു വെച്ചവള്‍ ) എന്ന് അമ്മീമ്മ പറഞ്ഞിരുന്ന വാക്കിന്‍റെ അര്‍ഥം ആള്‍രൂപമായി എന്‍റെ തൊട്ടപ്പുറത്തെ സീറ്റില്‍ ഉറങ്ങിക്കിടന്നിരുന്നു.

കേരളത്തിൽ ജാതിയും മതവും ആവോളമുണ്ട്

https://www.facebook.com/echmu.kutty/posts/939589452887016

കേരളത്തിൽ ജാതിയും മതവും ആവോളമുണ്ട്. അത് മക്കളെ കൊല്ലും. പെങ്ങളെ കണ്ണീരു കുടിപ്പിക്കും. അമ്മയെ നാടു കടത്തും. കൊല്ലാനും കൊല്ലിക്കാനും താല്പര്യമുള്ള സമൂഹമാണ് നമ്മുടേത്. പുരോഗമനപ്പേച്ചെല്ലാം വെറുതേയാണ്.

ജാതിയും മതവും പറയാൻ കിട്ടുന്ന ഒരവസരവും നമ്മൾ പാഴാക്കാറില്ലല്ലോ. പിന്നെ കൊല്ലാൻ കിട്ടുന്ന അവസരങ്ങൾ കളയാനൊക്കുമോ?

Wednesday, October 10, 2018

ഇംഗ്ലീഷ് ഭാഷയുടെ സൌന്ദര്യം

https://www.facebook.com/echmu.kutty/posts/939148426264452

അമ്മീമ്മയ്ക്കൊപ്പം താമസിച്ചു വളര്‍ന്നതുകൊണ്ട് മലയാളം മീഡിയം സ്കൂളിലായിരുന്നു ഞാനും അനിയത്തി റാണിയും പഠിച്ചത്. അഞ്ചു വയസ്സില്‍ തന്നെ ഇംഗ്ലീഷ് അക്ഷരമാലയും ചില്ലറ വാക്കുകളും കുഞ്ഞുപദ്യങ്ങളും ഒക്കെ അറിയാമായിരുന്നു. എങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷ് ഞങ്ങള്‍ക്ക് ഒട്ടും വശമുണ്ടായിരുന്നില്ല.

മുതിര്‍ന്ന് തുടങ്ങിയപ്പോള്‍ പേള്‍ എസ് ബക്കിന്‍റെയും എമിലി ബ്രോണ്ടിയുടേയും ജെയിന്‍ ഓസ്റ്റിന്‍റെയും ചാള്‍സ് ഡിക്കന്‍സിന്‍റെയും ഒക്കെ പുസ്തകങ്ങള്‍ വായിക്കാനാരംഭിച്ചെങ്കിലും മലയാളം പുസ്തകങ്ങള്‍ വായിക്കുമ്പോഴുള്ള വേഗതയും കഥകളെയും നോവലുകളേയും മറ്റും സങ്കല്‍പിക്കാനുള്ള കഴിവും ഇംഗ്ലീഷ് പുസ്തകങ്ങളില്‍ അത്രയ്ക്ക് കിട്ടിയിരുന്നില്ല. വായിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് അല്‍പം ബോറടിയായി തോന്നുകയും ചെയ്തിരുന്നു. റാണിക്ക് കഥ പറഞ്ഞുകൊടുക്കണമെന്നുള്ളതുകൊണ്ട് വായനയാകട്ടെ എന്‍റെ മാത്രം ജോലിയായിരുന്നു.

ഭാഗ്യയെന്ന കുഞ്ഞനിയത്തിയെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ച് ആദ്യം മുതലേ അമ്മ അവള്‍ക്ക് ഇംഗ്ലീഷില്‍ താല്‍പര്യം ജനിപ്പിച്ചു. ആ ഭാഷ അഞ്ചുവയസ്സില്‍ നല്ലോണം വഴങ്ങിയെങ്കിലും അമ്മയും അച്ഛനും തമ്മിലുള്ള കലഹങ്ങള്‍ക്കിടയില്‍ അവള്‍ പഠിച്ചത് മലയാളം മീഡിയത്തില്‍ തന്നെയാണ്. എങ്കിലും അമ്മ ഇട്ടുകൊടുത്ത ആ അടിത്തറ നല്ല ബലമുള്ളതായിരുന്നു. അവള്‍ എല്ലാ ഇംഗ്ലീഷ് പുസ്തകങ്ങളും ആസ്വദിച്ചു വായിച്ചു. അവളുടെ ഇംഗ്ലീഷ് പദസ്സമ്പത്ത് അസൂയാര്‍ഹമാം വിധം വളര്‍ന്നു. ആ ഭാഷയുടെ സൌന്ദര്യത്തെക്കുറിച്ച് അവള്‍ പറ്റുമ്പോഴൊക്കെ വാചാലയായി. ഇംഗ്ലീഷ് തുറന്നു തരുന്ന ലോകജാലകത്തെപ്പറ്റിയും അവളാണ് ആദ്യം പറഞ്ഞിട്ടുള്ളത്. പ്രൊ. എം കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലത്തില്‍ പറയുന്ന പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്ന് തപ്പിപ്പിടിക്കുന്നതും വായിച്ചു രസിക്കുന്നതും അവള്‍ക്കിഷ്ടമായിരുന്നു.

'ദ വാട്ടര്‍ ബ്ലഷ്ഡ് അറ്റ് ദെയര്‍ ലോര്‍ഡ്സ് സൈറ്റ് ' എന്ന് വെള്ളം വീഞ്ഞാക്കിയ ക്രിസ്തുദൈവികതയെ വര്‍ണിച്ചതിനെക്കുറിച്ചും 'നഖം വെട്ടിയിട്ടതു പോലുള്ള ചന്ദ്രനെന്ന' കല്‍പനയെപ്പറ്റിയും ഒക്കെ അവള്‍ പറഞ്ഞു തന്നിട്ടുണ്ട്. 'ഫ്രറ്റേണിറ്റി' എന്ന വാക്കും 'ഏതു വലിയ സമ്പത്തിന്‍റെയും പുറകില്‍ മറഞ്ഞിരിക്കുന്ന ഒരു കുറ്റകൃത്യമുണ്ടാവും' എന്ന റൂസ്സോ വാക്യവും പരിചയപ്പെടുത്തിയത് അവളാണ്. 'കോമണ്‍സെന്‍സ് ഈസ് ദ മോസ്റ്റ് അണ്‍ കോമണ്‍ തിംഗ് ' എന്ന് അവള്‍ പറയുമായിരുന്നു. 'ദസ് സ്പേക് സരതുഷ്ട്ര' എന്ന നീത്ഷെയുടെ ബുക്ക്, ഖലീല്‍ ജിബ്രാന്‍ കൃതികള്‍ , ആര്‍ട്ട് ഓഫ് ലവിംഗ് എന്ന എറിക്ഫ്രോമിന്‍റെ പുസ്തകം, റൂസ്സോയുടേയും വോള്‍ട്ടയറിന്‍റെയും രചനകള്‍, .... അങ്ങനെ എന്തൊക്കെയോ അവള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടു മാത്രം ഞാന്‍ വായിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ടും മല്‍സരിച്ചാണ് മഹാഭാരതവും ഭാഗവതവും ഷെര്‍ലക് ഹോംസ് കഥകളും വായിച്ചു തീര്‍ത്തത്. ബി എ ക്കും എം എ ക്കും റാങ്ക് വാങ്ങി പാസ്സായി എം ബി എ ക്ക് അഡ്മിഷന്‍ നേടിയ അവളെ ആ കോഴ്സിനു ചേര്‍ക്കാനുള്ള സന്മനസ്സ് അച്ഛന്‍ കാണിച്ചില്ല. ഒരുപാട് ദിവസം പട്ടിണി കിടന്നു കരഞ്ഞിട്ടും അച്ഛന്‍ വഴങ്ങിയില്ല. ഞങ്ങളേക്കാള്‍ നല്ല മക്കള്‍ വേണമെന്നായിരുന്നല്ലോ എന്നും അദ്ദേഹത്തിന്‍റെ ആഗ്രഹം. അതുകൊണ്ടു തന്നെ മനസ്സു തുറന്ന് ഞങ്ങളെ സ്നേഹിക്കാനോ ഞങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളാനോ അദ്ദേഹത്തിനു ഒരിയ്ക്കലും സാധിച്ചിരുന്നില്ല.

മൂന്നു വയസ്സില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ചിത്രരചനാ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ അനിയത്തിയെ അത് സ്വീകരിക്കാന്‍ കൊണ്ടുപോകാന്‍ പോലും വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അവള്‍ കലാമണ്ഡലം ക്ഷേമാവതിയുടെ ശിക്ഷണത്തില്‍ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചു. ആ ടീച്ചറുടെ താല്‍പര്യത്തില്‍ മാത്രം അരങ്ങേറ്റവും മറ്റു ചില ഡാന്‍സ് പരിപാടികളും ചെയ്തു. ഞങ്ങള്‍ മൂന്ന് മക്കള്‍ക്കും കല തൊട്ടു തെറിച്ചിട്ടില്ലെന്ന് പരിഹസിക്കുക മാത്രമേ അച്ഛന്‍ എന്നും ചെയ്തിരുന്നുള്ളൂ. അച്ഛന്‍റെ അംഗീകാരത്തിനു കൊതിച്ചിരുന്ന അമ്മയ്ക്ക് ഇക്കാര്യങ്ങളില്‍ യാതൊന്നും തന്നെ സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞില്ല. അമ്മ മാത്രമല്ല, ഞങ്ങളും അച്ഛന്‍റെ അംഗീകാരത്തിനും പിന്തുണയ്ക്കും എന്നും കൊതിച്ചിരുന്നു. കൊതിക്കുന്തോറും അതൊരു കിട്ടാക്കനിയായിത്തീര്‍ന്നു.

അവളുടെ ഒരുപാട് കഴിവുകള്‍ ആരുമറിയാതെ വെറുതേ പോയി... ജീവിതവും അവളെ കഠിനപരീക്ഷണങ്ങള്‍ക്ക് വിധേയയാക്കി. അതിനെയെല്ലാം അവള്‍ ഉള്ള കഴിവിലും ഉള്ള വരുമാനത്തിലും പിടിച്ചു നിന്നുകൊണ്ട് ബലമായി നേരിട്ടു. കണ്ണീരിനെ കണ്ണില്‍ത്തന്നെ കുഴിച്ചിട്ടു. നെഞ്ചു കടഞ്ഞുകൊണ്ട് വിഷം കുടിച്ചുകൊണ്ട് സ്വന്തം ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. വര്‍ഷക്കണക്കില്‍ കുടുംബക്കോടതിയുടെ വരാന്ത നിരങ്ങുമ്പോഴും അമ്മയെ ആ സങ്കടമൊന്നും അവള്‍ അറിയിച്ചില്ല. 'ചെലവിനു വേണ്ടേ, സ്വത്തു വേണ്ടേ' എന്ന് ചോദിച്ച ജഡ്ജിയോട് കൈകള്‍ കൂപ്പി അവള്‍ പറഞ്ഞു. 'വേണ്ട... എനിക്കോ എന്‍റെ കുഞ്ഞിനോ ഒന്നും ആവശ്യമില്ല. എന്നെ ദയവ് ചെയ്ത് ഈ കുരുക്കില്‍ നിന്ന് വിടുവിച്ചു തന്നാല്‍ മതി.'

അച്ഛനും അമ്മീമ്മയും കടന്നു പോയതിനു ശേഷം അമ്മയ്ക്കൊപ്പം ജീവിച്ച് അമ്മയെ പൂര്‍ണ ചുമതലാബോധത്തോടെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു. അമ്മയുടെ ആത്മാഭിമാനത്തിനു ക്ഷതം പറ്റുന്ന ഒരു കാര്യവും ഒരുകാലത്തും അവളുടെ ഭാഗത്തു നിന്നുണ്ടായില്ല. അമ്മയ്ക് മരുന്നുകള്‍ വൈകുകയോ ആഹാരശീലങ്ങളില്‍ മാറ്റം വരുത്തുകയോ ഒന്നും ഒരിയ്ക്കലും വേണ്ടി വന്നില്ല. അവള്‍ ഏറ്റവും പരിഗണനയോടെയാണ് അമ്മയോട് ഇടപെട്ടിരുന്നത് . അവള്‍ മാത്രമല്ല, അവളുടെ മകളും അങ്ങനെയായിരുന്നു.

ഒരു സൈക്കിള്‍ പോലും ഒരിയ്ക്കലും ചവിട്ടിയിട്ടില്ലാത്ത, റോഡിന്‍റെയോ വാഹനങ്ങളുടേയോ യാതൊരു ശാസ്ത്രവുമറിയാത്ത അവള്‍ കാറു വാങ്ങുകയും കേരളത്തിലങ്ങോളമിങ്ങോളം ഒറ്റയ്ക്ക് കാറോടിക്കുകയും ചെയ്യുന്നു. സ്വന്തം മകളെ മൂല്യങ്ങളും മനുഷ്യത്വവും ചൂണ്ടിക്കാട്ടി ഭംഗിയായി വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ അമ്മീമ്മയുടെ പഴയ വീടിന്‍റെ അറ്റകുറ്റപ്പണികള്‍ അവളുടെ പരിമിതമായ സമ്പാദ്യത്തില്‍ നിന്ന് ചെലവാക്കി ഭംഗിയായി നിവര്‍ത്തിക്കുന്നു.

ഇംഗ്ലീഷ് ഭാഷയുടെ മാത്രമല്ല, സ്വതന്ത്രവും അച്ചടക്കമുള്ളതും അതേസമയം തികച്ചും മനോഹരവുമായ ജീവിതത്തിന്‍റെ ഭംഗിയും നിത്യേനെയെന്നോണം അവള്‍ എനിക്ക് കാണിച്ചു തരുന്നു .

ഒരു ഇളംപച്ച വെല്‍വെറ്റ് ഉടുപ്പ് ധരിച്ച് , സ്പ്രിംഗ് പോലെ ചുരുണ്ട മുടി നിറഞ്ഞ തലയുമായി 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൌണ്‍' എന്നും 'ഐ റോട്ട് എ ലെറ്റര്‍ റ്റു മൈ ഫാദര്‍' എന്നും പാടിക്കൊണ്ട് ഓടിക്കളിച്ചിരുന്ന എന്‍റെ അനിയത്തിയോട് ഇപ്പോള്‍ എനിക്കുള്ളത് തികഞ്ഞ ആദരവും ബഹുമാനവുമാണ്.... സ്നേഹവും വാല്‍സല്യവും പിന്നീടേയുള്ളൂ. ബദാം പരിപ്പ് പോലെയുള്ള ആ കണ്ണുകളില്‍ നീര്‍ നിറച്ച ആരേയും എനിക്ക് സ്നേഹിക്കാനും അംഗീകരിക്കാനും പറ്റുന്നുമില്ല. ... എത്ര ശ്രമിച്ചിട്ടും അവര്‍ക്കൊന്നും മാപ്പു കൊടുക്കാന്‍ എനിക്ക് കഴിയുന്നില്ല.