Tuesday, October 27, 2020

പുതിയ പുസ്തകം




ചിത്രകാരി അരുണയാണ് എച്ചുമുവിന്റെ കുറിപ്പുകൾ ഫേസ്ബുക്കിൽ വരുമ്പോൾ എന്നോടത് വായിക്കുവാനും പുസ്തകമാക്കുവാനും പറയുന്നത്.
എന്നാലത് ഡീസി ബുക്‌സിന്റെ ചുണക്കുട്ടികൾ എഗ്രിമെന്റാക്കി. അടുത്തത് ലോഗോസ്, പിന്നെ ഇന്ദുലേഖ, ചിന്ത...
അടുത്തത് ഡോൺ ബുക്‌സ്...
ഇരുപുറവും എച്ുമുവിന്റെ ചിത്രമാണ്.
അരുണയെക്കൊണ്ട് വരപ്പിക്കമെന്നായിരുന്നു ചിന്ത.
പക്ഷെ അരുണയ്ക്ക് തിരക്കോടു തിരക്കായി,
ലേ ഔട്ട് ചെയ്തിരിക്കുന്നത് കണ്ണൂരെ പ്രിയസുഹൃത്തും സഖാവുമായ രാജീവനാണ്.
ടൈറ്റിൽ എഴുതിയത് പ്രിയ NGS കുമാറും.
ആദ്യ പുസ്തകം അരുണയ്ക്കാണ്. രണ്ടാമത്തെ കോപ്പി രാജീവനും
എച്ച്മു ഒപ്പിട്ട കോപ്പികൾ കുറെയെങ്കിലും സംഘടിപ്പിക്കാനുള്ള ശ്രമവും ഉണ്ട്.
എന്തായാലും പുസ്തകം പ്രസ്സിലേക്കു പോയി...
പ്രിയപ്പെട്ട കുമാരൻസാറേ, അങ്ങേയ്ക്കുള്ള കോപ്പിയും റെഡിയാണ്.

അയ്യപ്പ നന്മയുടെ അപ്പോസ്തലന്മാർ


24/10/2020

കവി അയ്യപ്പൻറെ ചരമവാർഷികം ആയിരുന്നല്ലോ. അപ്പോൾ എന്നോടും എനിക്ക് നേരിട്ടറിയാവുന്ന അന്നത്തെ പത്തുവയസ്സുകാരിയായ വാവയോടും കവി കാണിച്ച അപമര്യാദയായ പെരുമാറ്റം, ലൈംഗികമായ കടന്നുകയറൽ ഇതെല്ലാം എൻറെ പഴയ പോസ്റ്റ് എടുത്തും ആത്മകഥയിലെ ഭാഗങ്ങൾ പോസ്റ്റ്‌ ചെയ്തും യൂ ട്യൂബ് ലിങ്ക് ഇട്ടും ഒക്കെ എല്ലാവരും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു.
വളരെ മനുഷ്യ വിരുദ്ധമായ രീതിയിൽ സംസാരിക്കുന്ന ആണഹന്തയുടെ എടുപ്പുകുതിരകളേയും ലിംഗമാണ് തലച്ചോറ് എന്ന് പ്രഖ്യാപിച്ചു വിജൃംഭിതരാകുന്ന മനുഷ്യ രൂപം ധരിച്ചവരേയും കണ്ടു.
വിശദീകരണങ്ങൾ അവർക്ക് മനസ്സിലാവില്ല.
ചികിത്സയില്ലാത്ത ലിംഗരോഗബാധിതരാണവർ. അയ്യപ്പൻ എന്നെ ഉപദ്രവിച്ചതിന് തെളിവ് വേണമത്രെ...ചില ജഡ്ജിമാരുടെ തീട്ടൂരമാണ്. തെളിവ് വഴിയേ പോകുന്നവരുടെ മുന്നിൽ വെയിലത്തുണക്കാനുള്ളതല്ലല്ലോ.
ഞാൻ ആദരിക്കുന്ന പല സ്ത്രീകളും ഈ ലിംഗരോഗബാധിതരുടെ പുലഭ്യം കേൾക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്.
പക്ഷേ,
ഇതുകൊണ്ടൊന്നും അയ്യപ്പൻ എന്നോടും ആ പത്തുവയസ്സുള്ള വാവയോടും ചെയ്തതൊന്നും ഇല്ലാതാവുകയില്ല. അത് മാറ്റിപ്പറയപ്പെടുകയില്ല. അത് ഉണങ്ങാമുറിവാണ്. അതിന് ചൂട്ടുപിടിച്ചവരും ആ ഉണങ്ങാമുറിവിൻറെ ദുസ്വപ്നമാണ്.
അയ്യപ്പൻ മരിച്ചതുകൊണ്ടോ കവിതകൾ എഴുതിയതുകൊണ്ടോ എന്നോടും ആ വാവയോടും ചെയ്ത ഹീനപ്രവൃത്തി അനുഭവിച്ച ഞങ്ങളാൽ മാപ്പാക്കപ്പെടുകയില്ല.
ആർക്കും അയ്യപ്പനെ ആരാധിക്കാം...കവിത വായിച്ചു പുളകം കൊള്ളാം.. അമ്പലങ്ങൾ പണിയാം... സ്നേഹിച്ചുകൊണ്ടേയിരിക്കാം..
എന്നോടും ആ വാവയോടും അയ്യപ്പനന്മ വിളമ്പരുത്....

Monday, October 26, 2020

എഫ് ബി ലൈവ്

       എഫ് ബി ലൈവ്  

(ഒന്ന്)
             

                   (രണ്ട്)

                       https://www.facebook.com/echmu.kutty/videos/1644525065726781 

 കാണാത്തവർക്ക് ദേ ലിങ്ക്

 
----------------------------------------------------------------
                                                   ഞാൻ ഇതുവരെ live വന്നിട്ടില്ല.. വരാൻ ആഗ്രഹം... വന്നാൽ എൻറെ കൂട്ടുകാർക്ക് ഇഷ്ടപ്പെടുമോ? എന്നോട് സംസാരിക്കുമോ?
എങ്ങും പോവാതെ ആരേയും കാണാതെ ഇങ്ങനെ ഇരുന്നിട്ടാവും ഇത്തരം ഒരു ആശ.... 

 ------------------------------------------------------------

അപ്പോ ഞാൻ live വരണത് ഇഷ്ടമാണ് ല്ലേ... എന്നാൽ നാളേ വൈകീട്ട് ഒര് നാലുമണിക്ക് വരാം...

-------------------------------------------------------------
          

മറക്കല്ലേ... ഇന്ന് വൈകുന്നേരം നാല് മണിക്ക് ഞാൻ live വന്നുകളയും കേട്ടോ... ങാ...
-----------------------------------------------

ചൊക്ളി 46

26/10/2020

ജേമ്സ് ഒന്നു കാണാണ്ട് അല്ല സെലീനെനെ കെട്ടീത്. അളിയമ്മാര് രണ്ടാള് പേർഷക്കാരല്ലേന്നും. ഒര് വിസ കിട്ട്യാ കടല് കടക്കാല്ലോന്ന് വെച്ചിട്ടന്ന്യാ. അന്തോണി മാപ്പിളക്ക് അതൊരു കുരുത്തക്കേടന്നെ ആയി. ജേമ്സ് ഇഷ്ടിയപ്പണിക്ക് പൂവ്വാണ്ട് സെലീനേനം കൂട്ടി എന്നും കുന്നും അന്തോണി മാപ്പ്ളേരെ കുടുമ്മത്ത് വന്നിരിക്കും. മാപ്പിള തോറ്റ്..
മൊയ്തീൻക്കരേ ഒര് ബന്തൂന് ഓട്ടർഷ വിറ്റ് ആ കാശും കൊട്ത്ത് പ്രാഞ്ചീസ് ഒര് വിസ ഇണ്ടാക്കി ജേമ്സിനെ ദൂഭേലെത്തിച്ച്. പ്രാഞ്ചീസ് പിന്നങ്ങട് വാടകേലെടുത്താ ഓട്ടർഷ ഓടിച്ചേർന്നേ….ഇഞ്ഞീം ഇണ്ട് നാല് പെങ്ങമ്മാര്...കെട്ടിച്ച് വിടാൻ…
ചൊക്ളി പറ്റ്മ്പളൊക്കെ തൃസ്സക്കുട്ടീരെ കൈയില് കാശ് വെച്ചൊട്ക്കും. മൂന്നേരം പള്ള നെറച്ചും ത് ന്നാൻ തരണ്ട്. അത് മറ്ക്കാൻ പാട്ണ്ടോ..
പപ്പനീരേ കുടീം ചൊക്ളി മെനക്കന്നെ ഇട്ട്. അടിച്ച് വാരേം തൊടയ്ക്കേം മാറാമ്പ് ല് തട്ടേം ഒക്കെ ചീത്. അത് ര്മ്മേം മിറ്റത്തും അട്ക്കളേൻറവ്ടേം പററ്ണതൊക്കീം നട്ട്. തൃസ്സക്കുട്ടി ഒക്കെ പറയ്ക്കും. കാന്താരി ആയാലും തഴ്താമ്യായാലും ചൊറിയേണായാലും മുരിങ്ങേല്യായാലും ഒക്കെ എട്ക്കും. അത് ചൊക്ളി കാര്യാക്ക്ല്യാ. പപ്പിനി വര്മ്പോ വാട്ക കൊട്ക്കണന്ന് വെച്ച് കൊറച്ച് കാശും എല്ലാ മാസ്സോം സൂച്ചിച്ച്ണ്ട്.
അയ്യപ്പൻകുന്ന് ല് അമ്പലം പണിയാൻ ഒരായിച്ച എട്ത്ത്ല്ല. കുഞ്ഞ്യോരമ്പ് ലാണ് പണ്തത്. ഇന്നാലും ഒക്കേണ്ടായി. ഇഞ്ഞീപ്പോ വല്താക്കാലോ എന്തോരം വേണെങ്കിലും. എല്ലാരേലും ദൂഭേല്ത്തെ കാശ്ണ്ട്. പള്ളീം അമ്പലോം പണ്ണ്യാൻ എല്ലോരും നല്ലോണം കൊടുക്കും ചിയ്യും. ന്നട്ട് അവടെ ചെന്ന് പാത്ത് രിക്കാലോ വയറ് നെറച്ചും… അയ്യപ്പോ..എന്ക്കിനീം കാശ്ണ്ടാക്കിയരണേ അപ്പോ ഞാവടെ നിന്ക്കൊര് സൊർണ്ണക്കിരിടം കൊണ്ടന്ന് തരാന്ന്..
എൻറെ മോളേ ദൂഭേക്കാരൻ കെട്ടിക്കൊണ്ടോയാ അയ്യപ്പാ നിൻക്ക് ഞായൊരു സൊർണ്ണമാല ഇടീപ്പിക്കാന്ന്..
പള്ളീൽക്ക് അങ്ങനെ കേറീട്ട്ല്ല. കോടംകര പള്ളി അടിച്ച് വാരാനും ചായം പെരട്ടാനും പുല്ല് ചെത്താനും ഒക്കെ പോയിണ്ട്. നല്ല ഊണും കാപ്പീം തരും. അയിന് ക്രിസ്ത്യാനിയോളെ കയിഞ്ഞിട്ടേ വേറെ ആള് ള്ളോ.. പോത്തായാലും പോർക്കായാലും മണി മണി പോലത്തെ ചോറായാലും എന്താ ഒര് സാദ്.. വയറ് അങ്ങട് നെറയും. നല്ലോണം പണീട്പ്പിക്കാനും അവര്ക്ക് ഒര് തൊരാ.. ത് ന്നാൻ തന്ന്ട്ട് പണീട്ക്കാൻ പറ്ഞ്ഞാ ചൊക്ളിക്ക് ഒര് വെഷമം ല്ല.
അന്നും പഴേത് പുതീത് ന്ന് കൂക്കി ചെട്ടിച്ചിത്തള്ളേരേ ഒപ്പം നട്ക്കാര്ന്നു. മേത്തമ്മാര്ടെ വീടോള്ല് കൊറെ പാട്ടേം തകരോം പിളാസ്റ്റിക്കിൻറെ സാനങ്ങളും കിട്ടും. ചെലര് വല്ല പഴേ ബനിയാനും തരും. ഇന്തുക്കള് ഇപ്പൊ എല്ലരും കാവി മുണ്ടണ് വീട്ല് ഉട്ക്കല്. അത് കിട്ടാറ്ണ്ട്. ചെട്ടിച്ചിത്തള്ളേരേ സാരി ഉട്ക്കല് ത് ര്ശ്ശൂര് പോമ്പ്ളാണ്. പണീരേ നേരത്ത് ഞൈറ്റിന്ന് ഒര് ഒറേണ് ഇടണ്ത്.
ഇപ്പ പെണ്ണങ്ങള് അദികോം ആ ഒറേന് ഇടണ്. ദൂഭേൽ ജോലീള്ള ആണങ്ങള് അരേല് നിക്കാത്ത ഒര്
ഉമ്മിണി നെറള്ള മുണ്ട് ഉട്ക്ക്ണ്ട്. ചൊക്ളിക്ക് കീട്ടീണ്ട് അങ്ങത്തെ മുണ്ട്.
പെട്ടെന്നനെ ആകെ ഒര് കൊഴപ്പം.. അയ് വേല് പോലീസ് ജീപ്പന്നെ.. മൊയ്തീൻ ക്കേരെ കട അടച്ച്.. എന്താണ്ട് ഇണ്ട് ഇമ്മക്ക് പൂവ്വാന്ന് ചെട്ടിച്ചത്തള്ള. ഇന്നാ പൂവ്വന്നേ..
വീടെത്തീപ്പളക്കും അറിഞ്ഞു..
രാമമ്പലം പണിയാൻ പോയോര് അവ്ടെ ഒര് മേത്തൻ പള്ളി പൊളിച്ചൂന്ന്…
ആ പള്ളീരെ ഉള്ളിലാന്ന് രാമൻണ്ടായേ..
ചൊക്ളിക്ക് അതിശായി. രാജകുമാരൻ ല്ലേന്നും രാമൻ.. എന്തിറ്റ്നാണ് മേത്തമ്മാരേ പള്ളീപോയി ജനിച്ച്?
ഇന്തുക്കളും മോശല്യാ.. അവ്ടെ രാമൻണ്ടായീച്ചാല് അത് പൊളിക്കേണ് വേണ്ടത്… നന്നായി നോക്കല്ലേ ചിയ്യാ…
പ്രാഞ്ചീസ് വരട്ടേന്ന് വിചാരിച്ച് ചൊക്ളി കാത്തിര്ന്നു.
വൈന്നാരം നസീറിക്കേം നവാസിക്കേം വന്ന്..
അതൊര് വരവന്നേര്ന്ന്…

ചൊക്ളി 45

24/10/2020

അന്തോണി മാപ്പിള കടമുറി മൊയ്തീൻ ക്കക്ക് കൊട്ത്തു. എന്ന്ട്ട് മൊയ്തീൻ ക്കേടേ ബീക്കറീല് പണിക്കാരനായി. അത് പ്രാഞ്ചീസ് ന് അത്തറ ഇഷ്ടായില്ല. ഇന്നാലും അപ്പൻ വീട്ട്ല് വെറ്തേ ഇരിക്കണ്ടല്ലോന്ന് വെച്ച് പ്രാഞ്ചീസ് പോട്ടേന്നാ വച്ച്.
കുപ്പി പാട്ട തകരം പഴേത് പുത്യേത് ഒക്കെ വിളിച്ച് നടക്കുമ്പോ ചെട്ടിച്ചിത്തള്ളേണ് പ്ർദാന മന്ത് രീടെ പോളിച്ച പറേണത്. അവരെ നാട്ട്കാരനാന്ന്. പത്ത് പയിനാറ് ബാഷ പറേന്ന്. ഒര് കഷണ്ടിത്തലേനാ..അത് കടലാസ്സീക്കണ്ട്. ആ രാമേന്ദരസാമി ഡോക്കിട്ടറടെ മോറാണ് നോക്കുമ്പേ.. ചെട്ടിച്ചിത്തള്ളേരേ ബന്തുവാണാവോ ഇഞ്ഞി പ്ർദാന മന്ത് രി. ആവില്ല്യ… ആണെങ്ങ്യേ തള്ള ഇബ്ടെ വന്ന് തെണ്ടിത്തിര്ഞ്ഞ് നട്ക്ക്ല്ലാല്ലോ.
പോളീം ദേവസ്സിം കാശയച്ച് തൊടങ്ങീപ്പന്നെ അന്തോണിമാപ്പ്ള സെലീനക്ക് കല്യാണം നോക്കിയൊടങ്ങി. പതിനെട്ടായിട്ടേള്ളൂന്നും വല്ല കമ്പൂട്ടറ് പടിച്ചാ നല്ലതാന്നും ബില്ലടിക്കാന്നും ഒക്കെ പ്രാഞ്ചീസ് പറഞ്ഞോക്കി. ത് ര് ശ്ശൂര് വി ന്നാ പി ന്നാ അങ്ങ്നെ പടിപ്പിക്കണ സലണ്ട്ന്നൊക്കെ പറഞ്ഞാലും മാപ്പിള ഒന്നും കേട്ട്ല്ല.
ചെറ്മൻ ചെക്കൂൻറെ കുടീരട്ത്ത് ഇഷ്ടിയപ്പാടത്ത് പണിട്ക്കണ ജേമ്സ് ന്ന് പേര്ള്ള ഒര് ചെക്കൻണ്ട്. അവനെക്കൊണ്ടാ കെട്ടിച്ച് സെലീനേനെ..
പോത്തെറച്ചീം കപ്പേം ചോറും മീനച്ചാറും ആര്ന്ന് ഉച്ചയ്ക്ക് തിന്നാൻ. സെലീനേം ചെക്കനേം പ്രാഞ്ചീസ് ഓട്ടർഷേല് കൊണ്ടോയി. പിന്നിള്ളോര് ഇഷ്ടിയപ്പാടത്തൂടെ നടന്ന് പോയി..ജേമ്സിൻറെ വീട്ട്ല്ക്ക്..
ചൊക്ളി പോയില്ല. കല്യാണത്ത്ലാകെ ഇഷ്ടം ചോറ് ത് ന്നാനാണ്. ഇഷ്ടിയപ്പാടത്തൂടെ നട്ക്കാൻ വല്ല പ്രാന്ത് ണ്ടാ.ചൊക്ളി വന്നകാലത്ത് ആ പാടം ഇങ്ങ്നെ പച്ചച്ച് കെട്ക്കാര്ന്ന്. മറിയപ്പാറേരേ മോളീക്കേറി നോക്ക്യാലും കാണേര്ന്ന്. നല്ല പച്ചപ്പാര്ന്ന് . പാടത്തൂടെ നടന്ന് ന്നെ തൃശ് ശൂര് വരെ പുവ്വാന്നൊക്കെ ഗോപാലേട്ടനും ദേവുവമ്മേം പറയാറ്ണ്ടാരുന്നു.
ഇപ്പോ പാടല്ല… പച്ചേല്ല.. ഇഷ്ടികപ്പാടാണ്. എന്തോരം ആണങ്ങളും പെണ്ണങ്ങളും ഇണ്ട് പാടത്ത് വെല്യ വെല്യ കുയ്യോളും കുയിച്ച് ഇഷ്ടികേണ്ടാക്കി ചൂള വെക്കണോര്. പെലച്യാമ്പളക്കും ഒര് ഒച്ചീം വിളീണ്.
വീടോളും എന്തൊരാ കൂടീത്..പേർഷേലാ ദൂഭേലാ പോയൊരോക്കിം വീട് പുതീതാക്കി..അദികം കാശ്ള്ളോര് പുത്യേ വീടന്നെ ഇണ്ടാക്കി…
അയിൻറെടക്കീണ് സന്യാസിയോള് വന്ന് പാറോൾടെ മോളില് ഒര് വിരിപ്പൊക്കെ ഇട്ട് ഇര്പ്പായത്. ബാലേന്ദരൻ, സുകുമാഷ്, വാറോട്ട് മനേലെ വല്യതമ്പ്രാൻ, രാമേന്ദരസാമി ഡോക്കിട്ടറ്, തുന്നക്കാരൻ ശങ്കരൻ… എല്ലാരുണ്ട് ഇടയ്ക്ക്ടെ മിണ്ടലാണ് ...പാട്ടാണ്.. പാർത്തിക്കലാണ്. ആളോള് പറഞ്ഞനേരം കൊണ്ട് കൂടി വര്ണ്ടാര്ന്നു. നോക്കീപ്പോ എല്ലാ ഇന്തുക്കളും ഇണ്ട്.
അയ്യപ്പൻ കുന്ന്, അല്ലെങ്കി വാറോട്ട് മനക്കുന്ന് എന്നന്നെ പറേണം മറിയപ്പാറേടെ പേര് ന്ന് എല്ലരും പറഞ്ഞു. അവടെ ചെറ്യൊര് അയ്യപ്പൻറമ്പലം വേണന്നും തീർച്ചേയി. പിന്നെങ്ങ്ന്യാ മറിയപ്പാറാന്ന് വിളിക്കാ..
ഇപ്പ ആ വഴീക്കോടേ വണ്ടിയോള്ല് പാഞ്ഞു പോണോരക്ക് ഒന്നറീല്ല, അവിടെ അയ്യപ്പൻകുന്ന് ആയീതും കുന്നിൻറെ ചുറ്റാടും മേത്തമ്മാര് ടെ വീടോളും കൊർച്ച് അകലന്ന്യായിട്ട് മേത്തമ്മാര് ടെ വെളുവെളാ തെളങ്ങണ പള്ളി വന്നതും ഇങ്ങ്നേണ്ന്ന്.
അയ്യപ്പൻറെ അമ്പലം.അയ്യപ്പൻ കുന്ന് നാലും കൂട്യ വഴീല്. ഇത്തിരി നീങ്ങീട്ട് വെള്ത്ത വല്യ മേത്തൻ പള്ളി… മറിയപ്പാറേല്.
ബസ്സില് പോമ്പ്ളാണ് ചെലോര് ഇന്തുക്കള് അയ്യപ്പൻ കുന്നി എറങ്ങുമ്പോ മേത്തമ്മാര് മറിയപ്പാറേരേ അവടെ എറങ്ങും. ക്രിസ്ത്യാനിയോള് അയ് വേൻറപ്പറത്ത് പിന്നെ മൊളച്ച് വന്ന കന്യാശ്രീ മടത്തിൻറെ പേരും പറഞ്ഞ് എറങ്ങും.
പ്രാഞ്ചീസ് പറേണതാണ് തീട്ടം, അപ്പി, കണ്ടി ന്ന് മാറിമാറിപ്പറഞ്ഞാലും കുണ്ടീന്ന് വരണ സാനം ഒന്നന്നേല്ലന്ന്.
ഇന്തുക്കള്ടെ ആ വല്യ മേളം കയിഞ്ഞപ്പളാണ് അറിഞ്ഞേ കൊറെപ്പേര് പോണ്ട്ന്ന് ആ രാമൻ ജനിച്ചോടത്തക്ക്. ആ പഴേ രതം അവടേ വര്ണ്ട്ന്നാ പറേണ്ണ്. അവ്ടെ രാമമ്പലം വെക്കാണ്ട് പറ്റ്ല്ല. അയിന് എല്ലാ വീടോളീന്നും ഇഷ്ടിയേം കൊണ്ടോണ്ട്ന്ന്.
ചൊക്ളി ഒന്നും കൊടത്ത്ല്ല. സുകുമാഷ് വിടോ...പിടിച്ച പിടിക്ക് നൂറുറുപ്പിയ എട്ത്ത്.
പിന്നെ ചൊക്ളി വിജാരിച്ച്.. ആ പോട്ടേ.. രാമമ്പലത്ത്നല്ലേ. ജക്കുമോന് രാമമ്പലത്ത്ൻറെ അനിഗ്രേം കിട്ടട്ടേന്നും...

Wednesday, October 21, 2020

ബാബു


17/10/2020

ബാബു, ആരാന്നാ?
രാജകീയ നായയാ ബാബു. ന്ന്ച്ചാൽ നല്ല ഒന്നാന്തരം അൽസേഷൻ.
തവിടിന്റെ നെറം, ഒത്ത വലുപ്പം, തേറ്റപ്പല്ല്, ഇടി കുടുക്കം മാതിരി കൊരയ്ക്കണ അവന്റെ മുമ്പിൽ ചെന്ന് പെടണോൻ…..ങാ, പെട്ടോന്റെ പെട്ടഫലം. പെട്ടോരൊക്കെ തോരാണ്ട് മൂത്രിച്ച് അണച്ചോണ്ട് ഓടി.
കാശിനു വാങ്ങീതല്ല, ദാനം കിട്ടീതാണ്. ആര്ക്ക്? സാമിക്ക്….അയിനും ണ്ട് ഒരു കാരണം. പറേമ്പോ ത്തിരി നാറ്റണ്ട് . വേണങ്കി മുണ്ടോണ്ട് മൂക്ക് പൊത്താ.
ഒരു പോലീസാരൻ മരുന്നിന് വന്നു, വന്നപ്പോ എളിമ, ചമ്മല്, പെടപ്പ്…..അസുകം സൊയം വാങ്ങീത്, അറിയാണ്ട് പകർന്ന്യല്ല. അയാള് മുറീലിരുന്ന് പൊറുപൊറു വെച്ചത് കേട്ടീരുന്നു, വരാന്തേൽയ്ക്ക്, പോരെങ്കി ജനലിക്കൂടി കാണാര്ന്നു. ഞാനപ്പോ ആ വാഴേടെ തടം കെളയ്ക്കായിരുന്നൂ. “വഴി നട്ക്കണ ചെല പെണ്ണങ്ങളെ, ലോഡ്ജീന്നും ഹോട്ടലീന്നും എറങ്ങി വരണ ചെല ചെറ്റോളെ, പാലത്തിന്റെ അടീലെ ഇരുട്ടില് പതുങ്ങണ അസത്തുക്കളെ പിടിച്ച് റ്റേഷനീ കൊണ്ടോവുമ്പോ പറ്റണ നാറ്റക്കേസാ. നമ്മ്ടെ നാട്ടിലു കോടതി കാലത്ത് പതിനൊന്നു മണിയ്ക്കല്ലേ തൊട്ങ്ങാ…അതു കാരണം രാത്രി മുഴോൻ ആ അശ്രീകരങ്ങള് റ്റേഷനില് ണ്ടാവും. അപ്പോ പോലീസ് ആണുങ്ങൾക്കും തോന്ന്ല്ല്യേ ചില്ലറ നേരമ്പോക്കിന് പൂതി…ഡോക്ടറേ. നമ്മള് എല്ലാരും മനിഷ്യമ്മാരല്ലേ?അതാപ്പോ , നീറ്റം, കുരു, വെള്ളം വരല്…. ഒന്നും തോന്നില്ല, തോന്നിയാ പ്രാണ സഞ്ചാരം…“
സാമി ങ്ങ്നെ ചുടണ മാതിരി നോക്കി……ന്നട്ട് മരുന്നെഴ്തി. അപ്പോ ആ പോലീസാരന്റെ കൈയില് സാമിയ്ക്ക് കൊടക്കാൻ അന്തശ്ശ്ള്ള ഒരു നോട്ട്ല്ല.
“അത് ശരി ,മരുന്നു വെറ്തെ വേണല്ലേ?“ എന്നായി സാമി. ഒന്നിരുത്തി നോക്കീട്ട് കടുപ്പ്ത്തില് പറ്ഞ്ഞു. “ഈ സൂക്ക്ട്ന് വെറ്തെ മരുന്ന് തരാമ്പ്റ്റല്യാ.“ ങ്ങനെയൊന്നും കൊനഷ്ട് പറയാത്ത തങ്കപ്പെട്ട മൻഷ്യനാ. അപ്പോ കാര്യം സ്വയമ്പനാക്കാൻ പോലീസ് കൊണ്ടുക്കൊട്ത്തതാ ഇബനെ, പോലീസാര്ക്കും ണ്ടല്ലോ നായ വളർത്തല്…… ആ കൂട്ടത്തീന്ന് കിട്ട്യ ശിങ്കാ‍ണ് ബാബു.
ന്താ ഒരു ശേവ്‍ര്യം! നായയാണെങ്കി ങ്ങനെരിയ്ക്കണം! പകൽ മുഴോൻ അവനെ കൂട്ട്ലിടും. കൊറെ ആള്ക്കാര് നിത്യോം വര്ന്ന വീടല്ലേ, അതും ആവത് ല്യാത്തോര്. അയ്യോ! അമ്മേ..ആവൂന്നൊക്കെ കര്ഞ്ഞ് വര്ണ മനുഷ്യര്ടെ മുമ്പിൽയ്ക്ക് ബാബു കൊരച്ച്ണ്ട് പാഞ്ഞു ചെന്നാ പിന്നെ അവര്ക്ക് വല്യ സികിത്സൊന്നും വേണ്ട്യരില്ല….
രാത്രീലാ അവനെ തൊയിരത്ത്ല് വിടണത്. പറമ്പിലെ എല്യോളേം പെരുച്ചാഴിയോളേയും ഒക്കെ അവൻ അമക്കണത് അപ്പോ തന്ന്യാ. കാര്യം രാജകീയനാ ന്നാലും ഈ ജന്തുക്കളെ അവനും ഇഷ്ടാന്നേയ്. പറേമ്പോ എല്ലാം പറേണ്ടേ?. അവൻ ഈ മഠത്തിലൊന്നും കഴീണ്ടോനല്ല……ഈ വെണ്ടയ്ക്ക സാമ്പാറും കയ്പയ്ക്ക മെഴുക്കേരട്ടിയും അപ്പളോം തിന്ന്ട്ടാ ഒരു അൽസേഷൻ നായ ജീവിക്ക്ണ്ടത്? അയിനും പൊറമേ കൊറച്ചു മോരും കുടിച്ചാ മതിയാ? ഒരു പൂണൂലും ഇടീപ്പിച്ച് കൊറച്ച് മന്ത്രോം കൂടി ആയാ ഭേഷായി……നായയ്ക്കും വേണേയ് തലേലെഴുത്ത്!
അതെയതെ, കാറിൽ ചിറ്റാനൊക്കെ കൊണ്ടൂവും. നായ സൂട്ടും കോട്ടുട്ട് കാറിലിരിയ്ക്കാനാ ജനിച്ചേ? ങ്ങള് പെണ്ണങ്ങള്ടെ ഒരു പ്രശ്നം ഇതാ. ചക്ക് ന്ന് പറ്ഞ്ഞാ അപ്പോ കൊക്ക് ന്ന് തിരിയും. തിന്നണ കാര്യം പറേമ്പോ കാറിന്റെ കാര്യം പറേര്ത്. ചോറിനു പകേരം കാറെട്ത്ത് ഉരുട്ടി വിഴ്ങ്ങ്യാ മത്യോ ? ങാ, അത് പോട്ടെ, അപ്പോ അവന്റെ തീറ്റക്കാര്യം, അത് പറയാം……ആ തേറ്റപ്പല്ലോണ്ട് ഒരു കഷണം എറച്ചി അവൻ മത്യാവോളം കടിച്ചു വലിച്ച്ണ്ടാ? പാവം, സാമ്പാറും മോളോഷ്യോം കൂട്ടി ചോറുണ്ണും……ഉരുളക്കിഴങ്ങ് കറീം കൂട്ടി ചപ്പാത്തി തിന്നും…….കാണുമ്പോ കരച്ചില് വരും… നായയ്ക്ക് നായേടെ ജീവിതാ‍ണ് വേണ്ടത്, പൂണൂലിട്ട മനുഷ്യന്റെ ജീവിതല്ല…..
അതെ, കൂറ് ങ്ങള് പറഞ്ഞ മാതിരിയാ. അല്ലെങ്കി അന്ന് പാമ്പ് വന്ന് ചവിട്ട് പടീല് കെടന്ന ദിവസം സാമി മരിച്ച് പോണ്ടതാര്ന്നു. ഇവൻ സാമ്യേ അനങ്ങാൻ സമ്മതിയ്ക്കാണ്ട് ഒറ്റ നിൽ‌പ്പാ. സൂക്ഷിച്ച് നോക്ക്യപ്പഴല്ലേ, നല്ല മൂത്ത അണലിയാര്ന്നു! സാമി അകന്ന് നിന്നപ്പോ അവൻ അണലീന്റെ പണ്യാ കഴിച്ച്. അവന് വല്ല കടീം കിട്ടിയോന്ന് പേടിച്ച്ട്ട് രാത്രി മുഴോൻ പല വട്ടം സാമി ണീറ്റ് വന്നു. അവൻ ചൊങ്കനല്ലേ, നായ രാജാവ്. അവന് ഒന്നും പറ്റീരുന്നില്ല.
ങ്ങള് ത്ര്യോക്കെ ചുറ്റാട് നോക്കാറ്ണ്ടോ? പെണ്ണങ്ങള് ങ്ങ്നെ ചുറ്റാട് ഒന്നും നോക്കലില്ല. അതോണ്ട് ത്രയ്ക്കുള്ള വിവരേണ്ടാവുള്ളൂ. ശരിയാ, ശരിയാ…ആ പൂച്ച വന്ന ദൂസത്തെ തെരക്കും ബഹളോം ഞാൻ മറന്നട്ട്ല്ല്യാ. ങ്ങള് പിന്നേം കാറിന്റെ കാര്യം പറഞ്ഞ്………പൂച്ച കാറിലാ വന്നത്. അതാ, അതിന്റെ തലേലെഴുത്ത് കേമംന്ന് പറയ്യാൻ കാരണം? അതേ, പൂച്ചയ്ക്ക് പൂച്ച്ടെ ജീവിതം കിട്ടണം. അല്ലാണ്ട് കാലത്ത് കാറോടിച്ച് പോയ്യാലും വന്നാലും അതല്ല, പൂച്ച്ടെ ഭാഗ്യം…..ഇതാ ങ്ങള് പെണ്ണ്ങ്ങൾടെ കൊഴപ്പം, ആര്ക്ക് എന്താ വേണ്ടേന്ന് ങ്ങക്ക് ശരിയ്ക്കും അറീല്ല…വേണ്ടാത്തോര്ക്ക് വാരിക്കോരി വെള്മ്പും, പിന്നാലെ നട്ന്ന് കാലിന്റെ തോല് തേഞ്ഞാലും ആർത്തീല് കാത്തിരിയ്ക്കണ വേണ്ടോരെ കരിം പഷ്ണിക്കിടും. ഹേയ്, അതൊന്നൂല്യാ. അത് പോട്ടെ , ഓരോരോ വിജാരങ്ങള്….അതൊക്കെ ഇനി പറ്ഞ്ഞ്ട്ടെന്ത്നാ?
ബാബു മര്യാദക്കാരനാ…..ങ്ങള് അത് പറേര്ത്…….ആദ്യത്തെ ദൂസം ആ പൂടപ്പൂച്ചേ ഓടിച്ചു, കൊരച്ച് പേടിപ്പിച്ചു. അത് നേരന്നെ. അവന്റെ വീട്ടില് വേറെ ആളു വന്നാ കണ്ണടച്ച് ഇരിയ്ക്കാമ്പറ്റോ. അപ്പോ ലഹളേണ്ടാക്കി. പൂച്ച മിടുക്കത്തി……അവള് നേരെ അകത്തേയ്ക്ക് പോയി, ഗമേല്……ബാബു കൊറെ കൊരച്ച് അടങ്ങി… ഇപ്പോ അവര്ക്ക് വല്ല വഴക്കൂണ്ടോന്നും? പൂടപ്പൂച്ചേടെ കുഞ്ഞി മക്കളേം കൂടി ബാബു പേടിപ്പിക്ക്ണില്ല്യ, അവനറിയാം. അതിവിടുത്തെയാന്ന്….. ഒന്നിച്ചിരുത്തീട്ടല്ലേ ഫോണില് ഫോട്ടൊ കീച്ചീത് കഴിഞ്ഞൂസം…….
നായേടെ ബുദ്ദ്യൊന്നും പൂച്ചയ്ക്ക് കിട്ട്ല്ല…..ങ്ങള് പഞ്ചാരയിട്ട് പാലു കുടിപ്പിച്ചിട്ടൊന്നും ഒരു കാര്യല്ല. നായേടെ നന്നീം പൂച്ചയ്ക്ക് ഈ ജമ്മത്ത് കിട്ട്ല്ല. ബാബു മല്ലിയക്കുട്ട്യേ കടിച്ചത് നന്നീം നെറോം ഇല്ല്യാഞ്ഞിട്ട്ല്ല……അവര് കളിയ്ക്കാരുന്നു….അപ്പോ പൊട്ട ബുദ്ദിയ്ക്ക് പാവാടേലാന്ന് വിയാരിച്ച് കടിച്ചത് തൊടേലായിപ്പോയി…….കുട്ടി കരഞ്ഞപ്പോ ബാബു ഞെട്ടീ പരോശായത് ങ്ങള് കണ്ട്ല്ല്യേ? അവൻ പിന്നെ ഒരു തുള്ളി വെള്ളം കുടിച്ചിട്ട്ല്ല്യ. ഒറ്റ ഇരുപ്പാന്നു, ചത്ത മാതിരി. മിണ്ടാമ്പറ്റീങ്ങേ പറഞ്ഞേനേ തെറ്റ് പറ്റീതാന്ന്. വളത്തീ വളത്തീ, നോക്കീ, എണ്ണേപ്പിച്ചൂ, കുൾപ്പിച്ചൂ ,മാമു കൊട്ത്തൂന്ന് നാഴിയ്ക്ക് നാപ്പതു വട്ടം പറഞ്ഞാ മതീട്ടില്ല്യാ. യ്യ് മിണ്ടാപ്രാണീടെ മനസ്സ് കാണ്ണ്ണം. അല്ലാണ്ട് ഇതൊക്കെ ങ്ങ്നെ പറഞ്ഞ്ട്ട് ന്താ വിശേഷം? ന്ന്ട്ട് അവന് നന്ദീല്യാന്ന്! അവന് നന്നീല്ല്യെങ്കി പിന്നെ ആര്ക്കാ അത്ണ്ടാവാ ആവോ?
ഇതും പെണ്ണ്ങ്ങൾടെ ഒരു തരാ‍ണ്. അവരു പറയണ ഭാഗം ജയിയ്ക്കാൻള്ള്ത് മാത്രാ അവര്ക്ക് കാണാമ്പ്റ്റാ, പിന്നെ അതന്നെ ങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും, നമശ്ശിവായ ചൊല്ല്ണ മാതിരി. മുഴോൻ കാര്യങ്ങള് കാണില്ല്യ. .
ങ്ങള് ന്ത്നാന്നും ആ പട്ട്യേ കല്ലെട്ത്തെറിയണത്? അവള് ഒരു പാവം…..തെണ്ടിപ്പട്ടിയാന്ന് ച്ച്ട്ട് കല്ലെട്ത്തെറിയണോ? അവളക്ക് റാണീന്ന് പേരു വെച്ചോര് മിട്ക്കുള്ളോര്ന്നെയാ. കണ്ടാലും ഒരു റാണീടെ പോല്യാ. വല്ല നല്ല നായയ്ക്കും ജൻച്ചതാവും…… എറിയണ്ടാന്നും, അതിനെ….അത് പ്ടീന്റപ്പ്റത്തല്ലേ നിക്ക്ണത്?
ങ്ങള് ആ കൂട്ടാൻ കഷണം മുറിയ്ക്കണത് നിറ്ത്തീട്ട് ഇങ്ങ്ട്ട് വന്നിരിയ്ക്കോ….ഒരൂട്ടം പറ്ഞ്ഞരാം.
ശർദ്ദേല് കേക്ക്ണം.
ങ്ങളു കേട്ടൊ, അത്? കേട്ട്ല്ല്യേ….അവര് തമ്മാമ്മില് വർത്താനം പറേണത്…….അതേന്ന്. ബാബൂം റാണീം വർത്താനം പറേണതാ. അവൻ വിളിയ്ക്കേം അവളു വിളി കേക്കേം ചെയ്യണതാ. അത് കൊരയ്ക്കണതല്ല. ബാബു ങ്ങനെ യേശ്വാസ് പാടണ മാതിരിയാ കൊരയ്ക്കല്? അവര്ക്ക് നല്ല പരിച്യണ്ട്. രാത്രീല് അവനെ തൊറന്ന്ടുമ്പോ അവളും വരല്ണ്ടാവും ….അതാ, അവള് പകലും കാണാൻ വന്ന്തേയ്. അവര്ക്കൂണ്ടാവുല്ല്യേന്ന് തമ്മാമ്മില് സ്നേഹോം കാണാനും മിണ്ടാനും ആശേം പൂതീം. മനിഷ്യമ്മാര്ക്ക് മാത്രല്ല, ഈ മോഹോക്കെണ്ടാവാ.
ങ്ങള് ചിറിയ്ക്കണ്ടാ…..ആ പടി തൊറ്ന്ന് കൊട്ത്താ കാണാം അവള് ഓടി വരണത്. അവന്റെട്ക്കേ പോണതും. അതൊറപ്പാണ്ന്ന്. ആ മോത്ത് കാണാം അവള്ടെ ആശ……മഹാപാപം കിട്ടും കല്ലെട്ത്തെറിഞ്ഞാല്. ആ കൂടു തൊറ്ന്ന് അവനെ എറ്ക്കി വിടോന്നേയ്, അവളും അവനും കൂടി കണ്ടോട്ടെന്നും..ഇപ്പോ ആരും വരില്ലാന്നേയ്.
ങ്ങളീ ഒരൂട്ടം വിഡ്ഡിപ്പെണ്ണ്ങ്ങ്ടെ മാതിരി ആവര്ത്. ബാബൂം റാണീം തമ്മാമ്മില് സ്നേയിച്ചാൽ മ്മ്ക്കെന്ത് ചേതാ…..
ന്തായാലും ഇന്ന് വൈന്നേരം ബാബു ഈട്ന്ന് പൂവാണ്. കുട്ട്യേ കടിയ്ക്കണ നായ ഇബ്ടെ വേണ്ടാന്ന്. കാര്യം കുട്ട്യേ കുത്തിവെയ്ക്കാൻ അച്ഛൻ തന്നെണ്ട് വീട്ട്ല്. എന്നാലും കടിയ്ക്കണ നായേ വീട്ട്ല് നിറ്ത്താൻ പറ്റ്ല്യാ. ങ്ങ്ക്ക് കുട്ട്യാ വല്ലീത് അതോ പട്ട്യാ ന്ന് അമ്മ്യാര് ചോയിച്ചാ പിന്നെ സാമീടെ വായേല് എന്ത്ത്തുരാ വരാ? ഡോക്ട്രായാലും തേങ്ങ്യായാലും…അമ്മ്മാര്ക്കാ മക്കളോട് അപ്പ്ടി സ്തായീന്നല്ലേ…അച്ഛ്മ്മാര് എന്നും വെറ്ഥേക്കാര്…
സാമി പിന്നെ ഒന്നും പറ്ഞ്ഞില്ല്യ. നിയ്ക്ക് അത് കണ്ട്ട്ട് വെഷമായി. ബാബൂന് ഒര് പരിചേല്യാത്ത വീടും ആൾക്കാരും ഒക്കെയാവുമ്പോ സങ്ക്ടം ആവുല്ല്യേ?ദണ്ണ്ം വരുല്ല്യേ? ആരാ അത് ആലോയിയ്ക്കാൻള്ള്ത്? അവന് ഒരബ്ദ്ദം പറ്റി..അയിന് നാട് കട്ത്തേ? അമ്മ്യാര് പെറ്റ മോനാച്ചാ ഇങ്ങ്നെ പറ്യോ? അമ്മ്യാര് പറ്ഞ്ഞാലും സാമി കേക്കോ?
അപ്പോ ത്തിരി നേരം…..ബാബൂം റാണീം സന്തോഷിച്ചോട്ടേന്നും.. ങ്ങക്ക് സന്തോഷം കണ്ടാ വെഷ്മം ആവൂങ്കില് അകത്തേയ്ക്ക് പോയി ടി വി കണ്ടോളോന്നേയ്. അല്ലെങ്കി പുണ്യം കിട്ടാൻ നമശ്ശിവായ ജപിച്ചോളോ. അല്ലാണ്ട് ഞാനെന്താ ഇപ്പോ പറയാ…
ആ പടീം ആ കൂടും ഒന്നു തൊറന്ന്ട്ട് അകത്തേയ്ക്ക് പൊക്കോളോന്നേയ്…

എൻറെ കുമാരിചേച്ചി


ഇതാ എൻറെ കുമാരിചേച്ചി...

വാസന്തി എന്ന സിനിമയിലെ പിന്നണിഗായിക...

ആകാശം കടലാസ്സാക്കി....എന്ന് പാടിയ നീനാ വേണുഗോപാൽ.

 ---------------------------------------------------------
 സംസ്ഥാന അവാർഡുകൾ മൂന്നാലെണ്ണം നേടിയ വാസന്തി എന്ന സിനിമയിൽ എൻറെ കുമാരി ചേച്ചിയുടെ ഗാനം.
എന്നും എന്നെ സ്നേഹിക്കുക മാത്രം ചെയ്ത കുമാരി ചേച്ചി...
അറുപത്തിമൂന്ന് വയസ്സിൽ ആദ്യമായി സിനിമയിൽ പിന്നണി പാടിയ ചേച്ചി എല്ലാവരുടേയും പ്രചോദനമാണ്....ഒരുപക്ഷേ, ലോകസിനിമയിൽ പോലും ആരും ഈ പ്രായത്തിൽ ആദ്യമായി പിന്നണി പാടിക്കാണില്ല.
ആയിരം ഉമ്മകൾ...

എൻറെ കുഞ്ഞേ... സീതക്കുട്ടീ


 14/10/2020

എൻറെ കുഞ്ഞേ... സീതക്കുട്ടീ Sita Mary Thomas
Echmu Kuttyയുടെ 'ഇതെന്റെ രക്‌തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക'
ഈ പുസ്തകം ഇറങ്ങിയ അന്ന് മുതൽ എഴുതാനിരുന്നതാണിത്. ഒടുവിലിപ്പോൾ ഓഡിയോ പുസ്തകത്തോടൊപ്പം ചേർത്തു വെയ്ക്കാനായിരുന്നിരിക്കാം നിയോഗം.
എച്ച്മു. പണ്ടെന്നോ എല്ലാവരുടെയും (കുട്ടിയായ എന്റെയും) ഓർമ്മകളിൽ നിന്ന് ഓടിപ്പോയൊരാൾ. അല്ല 'ഒളിച്ചോടി'പ്പോയൊരാൾ. മുപ്പതു വർഷങ്ങൾ കഴിഞ്ഞ് എച്ച്മു എന്ന പേരിൽ തിരിച്ചു വന്ന് ഓർമ്മകുറിപ്പുകൾ എഴുതിത്തുടങ്ങിയപ്പോൾ കോളിളക്കങ്ങൾ ഒരുപാടുണ്ടായി.
പണ്ട്, ആ നാട്ടിലന്ന് അപൂർവ്വവസ്തുവായിരുന്ന ചുരിദാറിട്ട്, ആ വലിയ ഇഷ്ടികവീട്ടിൽ ചുറുചുറുക്കോടെ ഓടിനടന്നിരുന്ന അവരെ കൺനിറയെ നോക്കി അദ്‌ഭുതത്തോടെ ഒരു കൊച്ചുസീത നിന്നിരുന്നു. പിന്നീടിപ്പോൾ അതിനേക്കാളേറെ അദ്‌ഭുതത്തോടെയാണ് അവരുടെ രണ്ടാം വരവും അതിനു ശേഷമുള്ള സംഭവങ്ങളും നോക്കി നിൽക്കുന്നത്.
അവർ ശാന്തമായി, നിർഭയമായി ഒരു കോണിലുരുന്ന് എഴുതി. എല്ലാവരും അവരെ മറന്നു തുടങ്ങിയിരുന്നെങ്കിലും അവർ ആരെയും മറന്നിരുന്നില്ല.അവരുടെ ഓർമ്മകൾക്ക് നല്ല തെളിച്ചമായിരുന്നു. ഒരുപാട് ആഴമുണ്ടായിരുന്നു ആ അമ്മയ്ക്കും കുഞ്ഞിനുമേറ്റ മുറിവുകൾക്ക്. എച്ച്മു തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ആ മുറിവുകളിൽ ലേപനമാവാൻ ആർക്കും സാധിക്കില്ല.
ഓരോന്നും എണ്ണിപ്പെറുക്കിയെടുത്ത്, കൃത്യമായ ഡീറ്റെയിലിങ്ങോടെ അവർ സോഷ്യൽ മീഡിയയുടെ താളുകളിൽ കുറിച്ചിട്ടു. അവരുടെ അനുഭവങ്ങളുടെ മൂർച്ചയിൽ പലർക്കും സാരമായി പരിക്ക് പറ്റി. ജനമനസ്സുകളിലെ ഒരുപാട് വിഗ്രഹങ്ങൾ ഉടഞ്ഞു. പലരും അലർച്ചയും ബഹളവും ഭീഷണിയുമായി പ്രതിഷേധം രേഖപ്പെടുത്തി. ഒരുപക്ഷെ ഇങ്ങനെയൊരു തുറന്നെഴുത്ത് അവരിൽ പലരും പണ്ട് സ്വപ്നം പോലും കണ്ടിരിക്കില്ല. അങ്ങനെയൊരു നേരിയ തോന്നലെങ്കിലും അന്നവർക്ക് ഉണ്ടായിരുന്നെങ്കിൽ ചിലരെങ്കിലും ചിലതെല്ലാം ചെയ്യാതിരുന്നേനെ. (അന്ന് എഴുതിയത്: shorturl.at/imLQ4)
എച്ച്മുവിന്റെ ഇന്റർവ്യൂകൾക്കായി മാധ്യമങ്ങൾ മത്സരിച്ചു. പല ചോദ്യങ്ങൾക്കും മുന്നിൽ എങ്ങനെയിത്ര സമചിത്തതയോടെ അവർ ഇരുന്നു എന്ന് അദ്‌ഭുതപ്പെട്ടു. അവർക്കു നേരെ വന്ന ഭീഷണികൾ അവരെ എങ്ങനെ ബാധിക്കും എന്നോർത്തെനിക്ക്‌ ആധി തോന്നി. കാരണം എന്റെ കുഞ്ഞോർമ്മയിലെ ചേച്ചി കലപില കൂട്ടി നടക്കാൻ മാത്രം അറിയാവുന്ന ഒരു സാധുജന്മമായിരുന്നു. ഒരു കുഞ്ഞ് അടയ്ക്കാകുരുവി. പക്ഷേ ദുരനുഭവങ്ങളുടെ അഗ്നിപരീക്ഷ തരണം ചെയ്തൊരാളുടെ മനോബലമാണ് ഞാൻ തീരെ കുറച്ചു കണ്ടത്. കൊടുങ്കാറ്റും പേമാരിയുമൊന്നും അവരെ തൊട്ടതേയില്ല. അവർ എന്നും ശാന്തതയോടെ, സ്ഥൈര്യത്തോടെ നില കൊണ്ടു.
ഇതൊരു പുസ്തകമായി മാറാനും കടമ്പകൾ ഏറെയുണ്ടായിരുന്നു. അത് കഴിഞ്ഞ് പുസ്തകപ്രകാശനച്ചടങ്ങ് സംഘടിപ്പിക്കാൻ പോലും പ്രതിബന്ധങ്ങൾ ധാരാളമുണ്ടായി. ഒടുവിൽ എല്ലാം തരണം ചെയ്ത് പുസ്തകം ഇറങ്ങുകയും പുസ്തകശാലകളിലെ ബെസ്റ്റ്സെല്ലർ പട്ടികകളിൽ ഇടം നേടുകയും ചെയ്തു. പക്ഷെ അപ്പോഴും പല പുസ്തകമേളകളിലെയും ചർച്ചകളിൽ അവർക്കൊരിരിപ്പിടം ഉണ്ടായില്ല. അതൊന്നും അവരെ ബാധിച്ചതേയില്ല. ഒരിക്കലും ബാധിക്കുകയുമില്ല. ഇതിനേക്കാൾ ഭീകരമായതെല്ലാം നേരിട്ടിട്ടുള്ളവളാണ്. അവളെയാണ് ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കുന്നത്. ഇതൊക്കെ അസത്യമായിരിക്കുമെന്നും ഇങ്ങനെയൊന്നും നടക്കാൻ സാധ്യതയില്ലെന്നൊക്കെ ഇന്നും പറയുന്നവർക്കുള്ള മറുപടി ക്ളീഷേ ആയി മാറിയ ഈ വാചകം തന്നെയാണ്:
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം -നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്."
-ആടുജീവിതം, ബെന്യാമിൻ
അവർ ഇന്നിത് എഴുതിയില്ലായിരുന്നെങ്കിൽ അവരെ 'വീടു പണിയാൻ വന്ന ആർക്കിടെക്റ്റിന്റെ കൂടെ ഒളിച്ചോടിപ്പോയ ചീത്ത സ്ത്രീ' ആയി ഒരുപാട് പേർ എന്നും കരുതിപ്പോന്നേനെ. ഒരുപാട് വാതിലുകൾ, എന്റേതുൾപ്പടെ, അവരുടെ മുന്നിൽ എന്നും അടഞ്ഞു കിടന്നേനെ. അവരെയും വാവയെയും കട്ടോണ്ടു പോയ കണ്ണന് നല്ല ഇടി കൊടുക്കണം എന്നൊക്കെ കുട്ടിക്കാലത്ത് ഈ നരന്ത് പോലത്തെ ഞാൻ ഭയങ്കര തീരുമാനമൊക്കെ എടുത്തിരുന്നു. പക്ഷെ ഇന്നറിയാം, ചെറുതോ വലുതോ ആയ ഒരു പ്രഹരത്തിനും തകർക്കാനാവാത്തത്ര ഉറപ്പോടെയാണ് അദ്ദേഹം അവരെ രണ്ടുപേരെയും ചേർത്തു നിർത്തിയതെന്ന്. വളമായും ജലമായുമാണ് എന്നുമെന്നും കൂടെ നിൽക്കുന്നത് എന്ന്.
Storytel മലയാളം ൽ കേൾക്കാം ഈ പുസ്തകം:
https://www.storytel.com/.../1837146-Ithente...
[Storytel എന്ന ആപ്പ് App storeഇൽ (iPhone/iPad) നിന്നോ Google Play storeഇൽ (Android) നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. Subscription: Rs. 299/ month. Unlimited ആണ്. എത്ര പുസ്തകങ്ങൾ വേണമെങ്കിലും കേൾക്കാം.]
https://www.facebook.com/sitamarythomas/posts/3631290063583055

രാം വിലാസ് പാസ്വാൻ



                    

രാം വിലാസ് പാസ്വാൻ എന്ന കേന്ദ്രമന്ത്രിയെ എനിക്ക് അറിയില്ല. രാഷ്ട്രീയ നിലപാടുകൾ ഇഷ്ടമായിരുന്നു മില്ല. കാറിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. വി പി സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാസ്വാൻ ലേബർ മിനിസ്റ്റർ ആയിരുന്നു.
എൻറൊപ്പം സൈറ്റിൽ ജോലി ചെയ്തിരുന്ന ജപ്പസ് പാസ്വാൻ, തപ്പസ് പാസ്വാൻ എന്നീ രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. അവരാണ് പാസ്വാൻ എന്നാൽ മഹാമോശം ജാതിയാണെന്ന് എനിക്ക് പറഞ്ഞു തന്നത്. സിവിൽ എൻജിനീയർമാരായ അഗർവാളും സക്സേനയും ഒക്കെ പാസ്വാൻ സഹോദരങ്ങളെ തെണ്ടിപ്പട്ടികളോടെന്ന വണ്ണം ആട്ടിക്കൊണ്ട് മര്യാദ ഇല്ലാതെ പെരുമാറുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.
എൻറെ കഠിന ജീവിതകാലമായിരുന്നു അത്. ഞാൻ ഭക്ഷണം ഉപേക്ഷിച്ചിരുന്ന കാലം.
ഈ പാസ്വാൻമാർ രാംവിലാസ് പാസ്വാൻറെ മന്ത്രി മന്ദിരത്തിൽ പോയി ഉച്ചഭക്ഷണം കഴിക്കും. ആർക്കും അവിടെ വെറുതെ ഭക്ഷണം കിട്ടുമായിരുന്നു. ഞാനും പാസ്വാൻമാരോടൊപ്പം പോയി അവിടത്തെ കാൻറീനിൽ നിന്ന് റൊട്ടിയും ദാലും പച്ചമുളകും സവാള ചീവിയതും കഴിച്ചിട്ടുണ്ട്. പിന്നെ പച്ചവെള്ളവും കുടിക്കും.
രാംവിലാസ് പാസ്വാൻറെ അടുക്കളച്ചെലവും വെള്ളച്ചെലവും ദേശീയപത്രങ്ങളിൽ വലിയ തമാശവാർത്തകളായിരുന്നു.
ഉണ്ണാൻ വകയില്ലാത്തവൻ മന്ത്രി ആയാൽ എന്ന മട്ടിൽ...
കാരണം പാസ്വാൻ എന്ന നീചജാതിപ്പേരാണല്ലോ രാംവിലാസിൻറെ ഒപ്പമുള്ളത്.
രാംവിലാസ് ശർമ്മ ആയിരുന്നുവെങ്കിൽ ആ അന്നദാനത്തെപ്പറ്റി എത്ര പറഞ്ഞാലും ഭാരതീയർക്ക് മതി വരുമായിരുന്നില്ല.
RIP Mr. Ram Vilas Paswan.

ചൊക്ളി 44


21/10/2020
ചൊക്ളി ചായം മുക്കി എഴുതാര്ന്നു. ഇത് അവ്സാനത്തെ എഴ്ത്താന്നും അട്ത്ത തെരഞ്ഞെടുക്ക്ല്ല്ല് പിളാസ്റ്റിക്കിൻറെ കടലാസ് ബോറ്ഡോള് വര്ന്നും രാഗവേട്ടൻ പറ്ഞ്ഞു. ഇപ്പളന്നെ തൃശൂര് പട്ണത്തില് ഒക്കെ അതാന്ന് ഒട്ടിക്കണ്. അത് കീറി എട്ത്ത് പായ ആയിട്ട് വിരിച്ച് കെട്ക്കാം. തെണ്ടിത്തിര്ഞ്ഞ് നട്ക്കണോര് ഒക്കെ അത് വിരിച്ചൊറങ്ങേം പൊതക്കേം കൂരേമ്മേ വിരിക്കേം ഒക്കെ ചിയ്യുന്ന് രാഗവേട്ടൻ നീട്ടിപ്പരത്തി.
നല്ല ചൂടാര്ന്ന് പകല്. മേഗണ്ടായി പടിഞ്ഞാറ് മാനത്തൊക്കേ… നല്ല പുഴുക്കോണ്ടാര്ന്ന്. ഇന്നാലും മഴ ഒരു തുള്ള്യാ പൊടിഞ്ഞില്ല..
എയ്ത്ത് കയിഞ്ഞ് വന്ന് കുളിച്ച് തൃസ്സക്കുട്ടി കൊട്ത്തയച്ച ചാളക്കറീം ചോറും തിന്ന്മ്പളാണ് റോട്ടിലാകേ ഒച്ചേം വിളീം … പോളി ഓടിപ്പോയി നോക്കി കെതച്ചോണ്ട് വന്ന് പറ്ഞ്ഞു..
'ആ രാജീവ ഗാന്ധീനെ ഒരു ബോംബിലാ തീർത്തു. പണിയ്യാ കഴിഞ്ഞു. തമിഴ് നാട്ടിലേര്ന്ന് സംഭവം. നൂറൂ കഷണായീന്നാ പറേണ്.. തമിഴമ്മാരാ പണി പറ്റിച്ചത്..'
ചൊക്ളിക്ക് വല്ലാണ്ട് തോന്നി.. പ്രാഞ്ചീസും ഏൻറ്റു. കൊറച്ചേരം മറിയപ്പാറ അങ്ങാടീല് ചെന്ന് നിന്ന്. മൊയ്തീൻ ക്ക കട അടച്ചേര്ന്നു. ടീ വീ പെട്ടി കാണാൻ ഒര് വഴീല്ല.
ഹൈവേക്കോടേ കോളാമ്പി മൈക്കും വെച്ച് കാറോള് ഇങ്ങനെ പോണ്ട്.
അങ്ങനെ അത് തീർച്ച്യായി. ആ അമ്മേം രണ്ടു ആമ്മക്കളും തീർന്ന്.
എന്തിറ്റ് രാജ്യം ബരിച്ചിറ്റ് എന്താ.. ഇങ്ങനെ പട്ടീയോൾട്ടേ കൂട്ട് ചാവാനാണ് തലേല് വരച്ചേക്കണ്.
ചൊക്ളി അന്ന് ഒറങ്ങിയില്ല.
പിന്നെ ഒര് മൂന്നാലൂസത്ത്ക്ക് അങ്ങാടീല് ഒര് എനക്കണ്ടായിട്ടില്ല. പ്രാഞ്ചീസ് ആണ് പറഞ്ഞേ.. 'കോങ്ക്രസ്സ് പാറ്ട്ടി ചത്തൂ ടാ. അതൊര് വല്യ ചാവാണ്. ചത്തൂന്ന് ഇപ്പ പറഞ്ഞാ ആരും സമ്മേയ്ക്കില്ല. നീയ്യോക്കിക്കോ അത് ചത്ത്… ശരിക്കും ചത്ത്. ഇഞ്ഞി ബാലേന്ദരൻറെ ഇന്തു പാറ്ട്ടിയാ വരാ.'
കൊളമ്പ് നാട്ടീന്ന് ആരാണ്ടും വന്ന് രാജീവകാന്തീനെ കൊല്ലുന്ന് ബാലേന്ദരൻ പണ്ട് പറഞ്ഞ്ത് ചൊക്ളിക്ക് ഓർമ്മേലാ വന്നു. അതെഴുന്നളളിച്ചപ്പൊ പ്രാഞ്ചീസ് ചിരിക്കണ്..
'ചൊക്ളിയെ, ഇന്തുക്കള്ക്ക് മാത്രല്ല കോങ്ക്രസ്സ് കാരുക്കും അറിയാർന്ന്ടാ അയ്യാള് വെടിതീരുന്ന്.. ബോംബ് പൊട്ടണോട്ത്ത് ഒറ്റ ആള്ണ്ടായില്ല്യ… അയ്യാളും ആ പൊട്ടിച്ച പെണ്ണും..ദനൂന്നാ മകര്ന്നാ പേര്ള്ള ഒര് പെണ്ണ്. അത് കൊളമ്പ്ന്നന്നെ വന്നതാ. ഇയ്യാളെ കൊല്ലാനായിട്ട്. ആ മനിഷേൻ കാറീന്ന് എറങ്ങീപ്പോ മാലീട്ട് ജയ് വിളിച്ച കോങ്ക്രസ്സ് കാരൊക്കേ ബോംബാ പൊട്ടണ നേരം നോക്ക്യാ മാറീ നിന്ന്….നീയ്യോക്കിക്കോ ഈ കേസ് തെളിയൂല്യാ… പ്രാഞ്ചീസാ പറേണേ.. കൈയീ കിട്ട്ണോരേയൊക്കെ വെടി വെച്ച് കൊല്ലും. പിന്നെ അവര്ക്ക് ചായേം ഇട്ളീം വേടിച്ച് കൊടുത്തോരേയും കുപ്പായം കൊടുത്തോരേം ഒക്കെ പിടിച്ചു ജയിലിലിടും. ചാവണ വരേ വിടേ ഇല്ല ജയിലീന്ന്..കൊല്ലാൻ ആരാ ഏർപ്പാടാക്ക്യേന്ന് ഒര് കാലത്തും ഇമ്മടെ നാടും നാട്ടാരും പൊറത്തറീല്ല…
അങ്ങന്യാണ്ടാ ചൊക്ളിയേ നാട് ബരിക്കല്..
ചതീം കള്ളത്തരോം പറ്റിപ്പും ആണ് നാട് ബരിക്കല്ന്ന് ചൊക്ളിക്ക് തോന്നി.
പ്രാഞ്ചീസ് തിര്ത്തി. 'അങ്ങ്നെ അല്ലടാ.. ഒരു കൈയ്യും കണക്കൂല്യാണ്ട് കാശ് വന്ന് മറിണ സലാണ് ഈ ബരണം.കാശും അദികാരോം
ആര്ക്കാടാ വേണ്ടാത്തെ… അപ്പൊ കള്ളത്തരോം ചദീം പറ്റിപ്പും ഒക്കെണ്ടാവും.
മഴക്കാലത്താരിന്നു ഓട്ട്ട്ടല്.. കേരളന്നുള്ള ചൊക്ളിരെ എടത്ത് ആ അപ്പാപ്പൻ തന്നെവന്നു. രവ്യേട്ടനെത്തല്ലിക്കൊല്ലാൻ പോല്ലീസാരെ വെച്ച അപ്പാപ്പൻ തന്നേണ് മുക്കിയ മന്ത് രി. മനഷേര് ഒക്കേം എല്ലാ കാര്യങ്ങളും എത്തറ വേഗ്ത്തില് മറക്കുന്ന് ചൊക്ളിക്ക് തിരിഞ്ഞു.
അയിൻറെടക്ക് പോളിക്കും ദേവസ്സിക്കും നവാസിക്ക വീസ അയച്ച് കൊട്ത്തു. അവരെ ഓട്ടല്ണ്ട്.. അവ്ടീണ് പണി. വിസേം ടിക്കറ്റും ണ്ടാര്ന്ന്. പിള്ളേര് വേഗാ പോയി. ആരേം കാത്ത് നിന്ന്ല്ല. അന്തോണിമാപ്പ്ള മൊയ്തീൻക്കക് പണയപ്പാടായി അപ്പ്യന്നെ.. പിള്ളേര് നയിച്ച്ട്ട് വേണ്ടേ അഞ്ച് പെമ്മക്കളേ കെട്ടിച്ച് വിടാൻ…
മൊയ്തീൻക്കക്ക് കട ഇനീം വല്താക്കണന്ന്ണ്ട്. അന്തോണി മാപ്ളേരെ കടമുറീം കിട്ട്യാ നല്ലതന്നേയാണ്. ആദിക്ക് മറിയപ്പാറേരേ വടെ അവര് മാത്രാര്ന്ന് മേത്തമ്മാര്. ഇപ്പ്യങ്ങനെയല്ല.. എർണ്ണാകൊളത്തിക്കും പാലക്കാട്ടിക്കും പോണ അയ് വേ വശത്തൊക്കീം മന്സ് ല് ന്ന് പേരോള് ഒള്ള മേത്തമ്മാര് ടെ വീടോളാ.
ബാലേന്ദരനും സുകുമാഷും പറേണത് മേത്തമ്മാരടെ കൈയിലപ്പടി കൊഴൽപ്പണാണ്ന്നാ. ചൊക്ളിക്ക് അത് തിരിഞ്ഞ്‌ല്ല.. എന്തിറ്റാവോ കൊഴൽപ്പണം?പണം കൊഴല് പോലെ ഇരിക്കോ അതോ ഇഞ്ഞി ഒര് കൊഴലന്നേരിക്കോ പണം?
എന്തിറ്റായാ എന്താ.. ജക്കു മോനേം കൂടി ഒന്ന് കാണാമ്പറ്റാത്ത ഗെഡുവുള്ള ചൊക്ളീന് കൊഴൽപ്പണം അന്നേഴീക്കണത്.
ചൊക്ളി ജാനൂനെ ഒട്ടും മറന്നേർന്നില്ല.. അവള് സ്നേഹം കാട്ടീത് കള്ളത്തരാര്ന്നൂന്ന് വിജാരിക്കാനും ചൊക്ളിക്ക് പറ്റ്ണ്ടാര്ന്നില്ല. അത്തരേം സ്നേഹം ആരും തന്ന്ട്ട് ല്ല ന്നാലോയിക്കുമ്പോ ചൊക്ളീൻറെ കണ്ണ്ല് വെള്ളം പൊട്ടും.
മേത്തമ്മാര് പെണ്ണങ്ങളെ ചൊക്ളിക്ക് അങ്ങട്ട് ഇഷ്ടായി. ആ അയ് വേരെ എതക്കും നട്ക്കിലും ചൊക്ളി കുത്തീയ മന്താരോം കോളാമ്പീം ചെമ്പരത്തീം അര്ളീം ഒക്കെ ഉമ്മച്ച്യോള് വെള്ളം ഒയിച്ച് നോക്കണ്ട്. എന്തിറ്റ് തേങ്ങ്യാവോ കലക്കി ഒഴിക്ക്ന്.. നല്ല ആരോഗ്യണ്ട് ആ ചെടിയോളക്ക്…
എറ്ച്ചീം മീനും കഴ്കിയ വെള്ളാണ് ഉമ്മച്ച്യോള് ഒഴിക്കണേന്നാ സുകുമാഷ് പറേണത്. മാഷും ബാലേന്ദരനും കൊറെ കുട്ടിത്തേവാങ്കോളും ഉണ്ട്. ഇന്തു, പട്ടര്, നായര്, കാശ്ള്ള ചോമ്മാര്.. അദണ് ലോകം. വെങ്ങിട്ടു ഡോക്കിട്ടറെ സാമീന്നന്ന്യാ വിളിക്കല്.
മറിയപ്പാറേരേ പേര് മാറ്റി അയ്യപ്പൻകുന്ന്ന്ന് ആക്കണന്ന് ഇന്തുക്കള് ബലം പിടിച്ച ദൂസാത്രെ ആരാണ്ടും ഒരു പഴേ രതോടിച്ച് ആ അമ്പലം തൊറന്ന നാട്ടിൽക്ക് പോയീത്.
ചൊക്ളിക്ക് ചിറി വന്നു. എവിട്ന്ന് കിട്ട്യാവോ പഴേ രതം.. നല്ല ഒരു കാറീലോ ബസ്സീലോ കേറി പൂവ്വായ്ര്ന്നില്ലേ അയ്യാള്ക്ക്..
ഇഞ്ഞി ഗോർമ്മേണ്ടോള് പറഞ്ഞൊടങ്ങോ മനിഷേമ്മാര് രതം ഓടിച്ചൊടങ്ങണന്ന്..
അയ് വേ കൂടേ രതങ്ങള് ഓടണ ആലോയ്ച്ചപ്പോ ചൊക്ളിക്ക് പിന്നേം പിന്നേം ചിറി വന്നു.


Tuesday, October 20, 2020

ഹത്റാസ് പോലേയുള്ള ദുരന്തങ്ങൾ.., ആൺകോയ്മക്ക് എത്ര വേണമെങ്കിലും.., പെൺകുട്ടിയുടെ ചിത.., ഭാഗ്യലക്ഷ്മി ചേച്ചി, ശ്രീ ലക്ഷ്മി, ദിയ.., പ്രിയങ്ക ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഒറ്റ.., ഗാന്ധിജി കഷ്ടരാത്രിയിൽ പിറന്നവൻ.., ഹത്റാസിലെ പോലീസ്‌ സി സി ടി വി രംഗങ്ങൾ എടുത്തില്ല.., സിദ്ദീഖ് കാപ്പനെ യൂ പി

                                                 


ഹത്റാസ് പോലേയുള്ള ദുരന്തങ്ങൾ സംഭവിക്കുക. ജനങ്ങളിൽ ചിലരെ മാത്രം മതി എന്ന് ഗവൺമെന്റ് ഔദ്ധത്യത്തോടെ തീരുമാനിക്കുക. ദുരന്തം നേരിടേണ്ടി വന്ന കുടുംബത്തിനെ പിൻതുണച്ചവർക്ക് എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഗവൺമെന്റ് പറയുക...
സ്ത്രീകൾക്ക് ഇന്ത്യയിലെ സ്ത്രീകൾക്ക് ഒന്നിച്ച് ഹത്റാസിൽ പോകാൻ തോന്നേണ്ടേ?
ഒറ്റക്കെട്ടായി... നമ്മൾ ഒന്നിച്ചാൽ ഒന്നിച്ചു പോയാൽ...
നമുക്ക് നോവുന്നില്ലേ... നമ്മുടെ നാവ് അരിഞ്ഞുകളഞ്ഞതായി തോന്നുന്നില്ലേ... നമ്മൾ ഓരോരുത്തരും പീഢിപ്പിക്കപ്പെട്ടതായി തോന്നുന്നില്ലേ...
ജനാധിപത്യ രാജ്യമാണ്.. ഏകാധിപതി ഭരിക്കുന്ന ഇടമല്ല.
രാജ്യദ്രോഹക്കുറ്റം ചുമത്തുമത്രേ.....
-------------------------------------------------------------------------------------------------------------------

എച്മുവിന്‍റെ പെണ്ണുങ്ങള്‍ – ഉയിര്‍പ്പിച്ചൈ മട്ടും…


നവമലയാളി 17/01/2016
                        


ശരവണന്‍റെ അച്ഛന്‍, കണ്ണന്‍റെ ജീവിതം എങ്ങനെയായിരുന്നു … ?

അതിങ്ങനെയായിരുന്നു. മദ്യപാനിയായ അച്ഛന്‍റെ എല്ലാ അക്രമങ്ങളും അടിയും തൊഴിയും ഭക്ഷണം ചവുട്ടി അരയ്ക്കലും തലപിടിച്ച് ചുമരിലിടിയ്ക്കലും കരണത്തടിയ്ക്കലും നിത്യവും സഹിച്ച് കണ്ണന്‍ വളര്‍ന്നു. തമിഴ് നാടിന്‍റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍.. പേത്തണ്ണി നിത്യം കുടിച്ചാല്‍ മനിതനുക്ക് ശരിയാന പേയ് പിടിയ്ക്കുമെന്ന് കണ്ണനറിയുമ്പോള്‍ അവന് പത്തു വയസ്സേയുള്ളൂ.കാരണം അന്നാണ് അമ്മ അവനെ വിട്ടിട്ട് പോയത്.. അമ്മ അച്ഛന്‍റെ അടി കൊണ്ടും പട്ടിണി കിടന്നും ഒരു മുഴു ഭ്രാന്തിയെപ്പോലെ ആയിക്കഴിഞ്ഞിരുന്നു. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ലോകത്തേയ്ക്ക് പോകാന്‍ അവര്‍ ഒരു പുടവക്കഷണം മാത്രമേ ചെലവാക്കിയുള്ളൂ. കണ്ണന്‍ ‘അമ്മാ,അമ്മാ‘ എന്ന് നെഞ്ചു പൊട്ടി വിളിച്ചിട്ടും അമ്മ കണ്ണു തുറന്നില്ല.

കണ്ണന്‍ ഒരു അനാഥപ്പയലായി.. ഭാര്യ ഇല്ലാതായപ്പോഴും അവന്‍റെ അച്ഛന് മദ്യത്തെപ്പറ്റി മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. അയാള്‍ ഒരു മദ്യരോഗി ആയിക്കഴിഞ്ഞിരുന്നുവല്ലോ.

എത്രനാള്‍ തെണ്ടിത്തിന്നും കണ്ണന്‍? എത്രനാള്‍ ആള്‍ക്കാര്‍ അവനു വെറുതേ വല്ലതും കൊടുക്കും?എല്ലാറ്റിനും പരിധികളുണ്ടല്ലോ. അവന്‍ പതുക്കെപ്പതുക്കെ ജോലികള്‍ ചെയ്യാന്‍ ആരംഭിച്ചു…ചെറിയ തീറ്റക്കടകളില്‍ മലക്കറി നുറുക്കുക, ഗ്ലാസ് കഴുകുക, ഇല തുടയ്ക്കുക.. അരി അരയ്ക്കുക,അങ്ങനെ ചെയ്യാത്ത ജോലികളില്ല. ഒരു അനാഥപ്പയലിനു ചെയ്യാന്‍ പാടില്ലാത്ത ജോലിയെന്താണ് ഈ ഭൂമിയില്‍ ഉള്ളത്?

അങ്ങനെയിരിക്കെയാണ് തീറ്റക്കട നടത്തുന്ന പാട്ടിയുടെ കൊച്ചു മോളുടെ അഡ്ഡിയല്‍ കാണാതെ പോകുന്നത്…

ആ കൊഴന്തയ്ക്കൊപ്പം നേരം കിട്ടുമ്പോഴൊക്കെ വിളയാടാറുള്ളത് കണ്ണനാണ്. അവനല്ലാതെ ആരെടുത്തിരിക്കും അത്? അവനല്ലേ അനാഥ ദരിദ്രപ്പയല്‍? മോഷണവും ആര്‍ത്തിയുമൊക്കെ തമിഴ് നാട്ടിലെന്നല്ല, ഈ ഭൂമിയിലാകമാനം ദരിദ്രനും അനാഥനും മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. അതെ .. അപ്പോള്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ …

ഗ്രാമീണരുടെ അടികൊണ്ട് പൊറുതി മുട്ടിയ കണ്ണന്‍ എല്ലാം സമ്മതിച്ചു… അഡ്ഡിയല്‍ എടുത്തു തരാമെന്ന് വാഗ്ദാനം ചെയ്ത് ഏതെല്ലാമോ ഗ്രാമവഴികളിലൂടെ ഓടിയ കണ്ണന്‍ എങ്ങനെയോ ഒരു ട്രെയിനില്‍ പൊത്തിപ്പിടിച്ചു കയറി..

ഏതോ കമ്പാര്‍ട്ട്മെന്‍റിന്‍റെ ഏതോ സീറ്റിനടിയില്‍ കിടന്ന് കിതപ്പടക്കിത്തളര്‍ന്നു തെരുവു പട്ടിയെപ്പോലെ കുഴഞ്ഞ, ആ പത്തു വയസ്സുകാരന്‍ ഉറങ്ങിപ്പോയി… ഗ്രാമീണര്‍ക്ക് ട്രെയിനിനൊപ്പം ഓടിയെത്താനായില്ല.

നാട്ടിന്‍ പുറം അങ്ങനെ നന്മകളാല്‍ സമൃദ്ധമൊന്നുമല്ല, അതൊക്കെ വല്ല നാടന്‍ പാട്ടിലും പഴഞ്ചൊല്ലിലും പറഞ്ഞു രസിക്കാമെന്നേയുള്ളൂ … സുഖമായി ജീവിച്ചവര്‍ക്ക് പറഞ്ഞുണ്ടാക്കാവുന്ന കഥയിലെ വരികളെന്ന് മാത്രമേയുള്ളൂ.

ആ ട്രെയിന്‍ ചെന്നു നിന്നത് ദില്ലി മഹാനഗരത്തിലായിരുന്നു.

ഞാന്‍ കണ്ണനെ കാണുമ്പോള്‍ കണ്ണന് ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ ഐ എ എസ് കാരുടെ കോളനികളില്‍ അടിച്ചു വാരാനും തുടയ്ക്കാനും റൊട്ടിയും സബ്ജിയുമുണ്ടാക്കാനും പോകും. കവിളത്തും പാദങ്ങളിലുമെല്ലാം മഞ്ഞള്‍ പൂശി, ശകലം മുല്ലപ്പൂവും ചൂടിയിരിക്കുമെങ്കിലും ആഹാര ദാരിദ്ര്യത്താല്‍ മെലിഞ്ഞ ഒരു സ്ത്രീയായിരുന്നു അവര്‍ . തണുപ്പ് കാലത്ത് അവര്‍ സ്വറ്ററുകള്‍ നിര്‍മ്മിച്ചു വിറ്റു. ചൂടുകാലത്ത് മണ്‍ കലത്തില്‍ പലതരം പച്ചിലകള്‍ അരച്ച് കലക്കി ഐസും ചേര്‍ത്ത് ദാഹശമനി ഉണ്ടാക്കി വിറ്റു. വടയും ദോശയും ചട്ണിയും സാമ്പാറും എന്നും എപ്പോഴും അവരുടെ പക്കല്‍ ലഭ്യമായിരുന്നു.

കണ്ണന്‍ തന്‍റെ അതിഭീകരമായ ബാല്യ കാലത്തെ വല്ലപ്പോഴുമൊക്കെ ഓര്‍മ്മിച്ചിരുന്നു..അതു പോലെ ദില്ലിയിലെ കഠിന ദുരിതകാലത്തെയും .. ഗുരുദ്വാരകളിലെ ലങ്കറുകളില്‍ ഭക്ഷണം കഴിച്ചിരുന്നതിനെ …ഒരു മുസ്ലിമായി അഭിനയിച്ച് നോമ്പ് തുറകളില്‍ ചെന്ന് കൂടുന്നതിനെ,കീറസ്സഞ്ചിയിലും പോക്കറ്റിലും ആഹാരം വാരി നിറച്ച് പിടിയ്ക്കപ്പെടുമ്പോള്‍ പ്രാണന്‍ പിടച്ച് ഓടി വല്ല പൈപ്പുകളിലും കേറി ഒളിച്ചിരിയ്ക്കുന്നതിനെ, എവിടെ സൌജന്യഭക്ഷണമുണ്ടെങ്കിലും അവിടെ ചെന്നു നിന്നിരുന്നതിനെ, റോഡുകളില്‍ അന്തിയുറങ്ങിയിരുന്നതിനെ.. സര്‍ദാര്‍ജിമാര്‍ തരുന്ന കമ്പിളിപ്പുതപ്പ് ഇരന്നു വാങ്ങിയിരുന്നതിനെ , പോലീസുകാര്‍ ശാരീരികമായും മാനസികമായും ദ്രോഹിച്ചിരുന്നതിനെ.. ഒരു സ്ത്രീയുടേ പിമ്പായതിനെ… സെപ്റ്റിക് ടാങ്കുകള്‍ വെടിപ്പാക്കുന്നതിനെ …ആ ദുരിതമൊക്കെ കേള്‍ക്കുമ്പോള്‍ നക്സലിസവും തീവ്രവാദവും തീര്‍ച്ചയായും ശരിയാണെന്നും പലരുടേയും തലകള്‍ വെട്ടുന്നത് ആവശ്യമാണെന്നും ഒക്കെ നമുക്ക് തോന്നിപ്പോകും..

ഒടുവില്‍ ഒരു പത്തിരുപത്തിരണ്ട് വയസ്സായപ്പോള്‍ കണ്ണന് ഒരു ജോലി കിട്ടി …സ്ഥിരം ജോലി.ഭാര്യയും മക്കളും അമേരിയ്ക്കയില്‍ താമസിക്കുന്ന ഒരു പാഴ്സി വൃദ്ധന്‍റെ കുക്കുദ്യോഗം.വൃദ്ധനാണെങ്കിലും പാഴ്സി അസാധാരണമായ, അപാരമായ കഴിവുകളുടെ ഉടമയായിരുന്നു.ഇന്ത്യയില്‍ കണ്‍സള്‍ട്ടന്‍സി എന്ന പ്രസ്ഥാനം ആരംഭിച്ചത് അദ്ദേഹമായിരുന്നു. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏകദേശം തൊണ്ണൂറ്റിനാലു വയസ്സില്‍ മരിയ്ക്കും വരെ ആ പ്രസ്ഥാനം അദ്ദേഹം വിജയകരമായി ലാഭകരമായി മുന്നോട്ട് കൊണ്ടു പോയി. ഇന്ത്യയിലെ പേരുകേട്ട പല കണ്‍സള്‍ട്ടന്‍റുമാരും അദ്ദേഹത്തിന്‍റെ അരുമ ശിഷ്യരാണ്.

കണ്ണന്‍ അവിടെ കുക്കു മാത്രമായിരുന്നില്ല.

ഫോട്ടോകോപ്പി എടുക്കുന്ന ആളായി… ബാങ്കില്‍ പോകുന്നവനായി… .. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവനായി.. ഇലക്ട്രിസിറ്റി ബില്ലും ഫോണ്‍ ബില്ലും അടയ്കുന്നവനായി… അവിടെ അടിച്ചു വാരിത്തുടച്ചിരുന്ന പാത്രങ്ങള്‍ കഴുകിയിരുന്ന അലമേലു എന്ന അനാഥപ്പെണ്ണിനു കണ്ണന്‍ എല്ലാമെല്ലായി…

കണ്ണനേക്കാള്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചിരുന്നവളായിരുന്നു അലമേലു.അതങ്ങനെയായിരിക്കുമല്ലോ. അക്കാവുടെ ഭര്‍ത്താവില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ അലമേലു പകല്‍ മുഴുവന്‍ പല വീടുകളില്‍ അടിച്ചു വാരി, പാത്രം കഴുകി. എന്നാലും രാത്രി അക്കാവുടെ വീട്ടില്‍ തന്നെ പോയി താമസിക്കാനേ അവള്‍ക്ക് പറ്റുമായിരുന്നുള്ളൂ. അപ്പോള്‍ അയാള്‍ അവളെ പലപ്പോഴും കീഴ്പ്പെടുത്തി. അക്കാവിനേയും മക്കളേയും ഓര്‍ത്ത് അലമേലു കണ്ണീരിലുരുകിത്തീര്‍ന്നു. അതുകൊണ്ടു തന്നെ അലമേലുവിന്‍റെയും കണ്ണന്‍റേയും കല്യാണത്തിനു ആ ഓഫീസിലെ ആള്‍ക്കാര്‍ മാത്രമേ പങ്കെടുത്തുള്ളൂ. ഇരുവര്‍ക്കും വീട്ടുകാരുണ്ടായിരുന്നില്ല.

പാഴ്സി മുതലാളി കൈയയച്ചു സഹായിച്ചു.സമ്പന്നരുടെ ആ കോളനിയില്‍ മുതലാളിയുടെ ഔട്ട് ഹൌസില്‍ കണ്ണനും അലമേലുവിനും പാര്‍ക്കാന്‍ അദ്ദേഹം അനുമതി കൊടുത്തു.

ദില്ലിയിലെ അതിസമ്പന്നരുടെ ആ കോളനിയില്‍ ധനികരായ പെണ്ണുങ്ങള്‍ നടത്തുന്ന കിറ്റിപാര്‍ട്ടികള്‍ സുലഭമായിരുന്നു. കണ്ണനും ഭാര്യ അലമേലുവും കൂടി പാര്‍ട്ടികളുടെ പറ്റാവുന്നത്ര ഓര്‍ഡറുകള്‍ പിടിയ്ക്കും.. വിഭവങ്ങള്‍ ഉണ്ടാക്കി എത്തിയ്ക്കും..

ഏതുകാലത്തു കാണുമ്പോഴും തണുപ്പു കാലമായാലും ചൂടുകാലമായാലും കണ്ണന്‍റെ മുഖത്തും ഭാര്യയുടെ മുഖത്തും കഴുത്തിലുമെല്ലാം വലിയ വലിയ ചൂടുകുരുക്കള്‍ പൊന്തിയിരിക്കും.. സദാ എരിയുന്ന അടുപ്പിനരികേ നിന്നു നിന്ന് കിട്ടുന്ന സമ്പാദ്യമാണ്..

എപ്പോള്‍ വീട്ടില്‍ ചെന്നാലും കണ്ണന്‍ ദോശ ചുട്ടു തരും… വടയും ചട്ണിയും തരും..കുംഭകോണം ഡിഗിരിക്കാപ്പി തരും. അവരുണ്ടാക്കി വിളമ്പിയ ദോശയുടേയും വടയുടെയും വെറൈറ്റി റൈസിന്‍റെയും ഒന്നും സ്വാദ് മരിച്ചാലും എനിക്കോ അനിയത്തിക്കോ മറക്കാന്‍ കഴിയില്ല. അവിടെ കത്തിച്ചിരുന്ന ചന്ദനത്തിരിയുടെ സുഗന്ധം, പുള്ളൈയാര്‍ സ്വാമിയുടെയും കാര്‍ത്തികേയന്‍റെയും വിഗ്രഹം… മുല്ലമാലയുടെയും ജമന്തിപ്പൂക്കളുടേയും പുതുമ സാമ്പാറിന്‍റെ രുചികരമായ സ്വാദ്… ഡിഗിരിക്കാപ്പിയുടെ നറുമണം..

ഒരേയൊരു മകനായ ശരവണനെ നന്നായി പഠിപ്പിക്കുക …കണ്‍സള്‍ട്ടന്‍റുമാരുടെ ഇംഗ്ലീഷും അവരുടെ ഗമയും പരിഷ്ക്കരിച്ച വിലയേറിയ കുപ്പായങ്ങളും ബൈക്കുകളും കാറുകളും എല്ലാം കണ്ണനെ ആത്മാര്‍ഥമായും കൊതിപ്പിച്ചിരുന്നു. ശരവണന്‍ അങ്ങനെ ആയിത്തീരണം എന്നതായിരുന്നു ആ ദമ്പതിമാരുടെ ഒരേ ഒരു കനവ്.

മകന്‍ മിടുക്കനായി പഠിച്ചു,.. അവനു തമിഴന്‍റെ ഇംഗ്ലീഷോ ഹിന്ദിയോ ഭാഷാച്ചുവകള്‍ ഉണ്ടായിരുന്നില്ല. അവന്‍ ഒരു തനി വടക്കേ ഇന്ത്യക്കാരന്‍ യുവാവായി തന്നെ വളര്‍ന്നു.

ദില്ലി എന്‍ജിനീയറിംഗ് കോളേജില്‍ അവനു സീറ്റ് കിട്ടിയ ദിവസം കണ്ണന്‍ സമനില തെറ്റിയവനെപ്പോലെ കാണുന്നവരുടെ മുന്നിലെല്ലാം പൊട്ടിക്കരഞ്ഞു.അലമേലു എന്ന അമ്മ കരഞ്ഞില്ല. ‘ പഠിച്ചു വരട്ടും അഴഹാ … ‘ എന്ന് മാത്രം പറഞ്ഞ് അവര്‍ ഒരു സ്ഥിതപ്രജ്ഞയെപ്പോലിരുന്നു. എന്‍റെ അനിയത്തിയോട് അവള്‍ ജോലി ചെയ്യുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ശരവണനെ ജോലിയ്ക്കെടുക്കണമെന്ന് അലമേലു മുന്‍കൂര്‍ വാഗ്ദാനം മേടിച്ചു.

അവന്‍ മിടുക്കനായിരുന്നു പഠിയ്ക്കാന്‍… കാണാനും കോമളനായിരുന്നു. അല്‍പം ഇരുണ്ട നിറത്തില്‍ അവനൊരു സുന്ദരനായ ശ്രീകൃഷ്ണവിഗ്രഹത്തിന്‍റെ ആകര്‍ഷണീയതയുണ്ടായിരുന്നു.അവന്‍ മധുരമധുരമായി തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. തെറ്റില്ലാത്ത ഉച്ചാരണത്തോടെ ഹിന്ദി ഗാനങ്ങള്‍ പാടി. ആര്‍ കെ പുരത്തെ മലൈയ് മന്ദിറില്‍ ഭക്തിയോടെ പ്രാര്‍ഥനകള്‍ ഉരുവിട്ടു.

നന്നായി പഠിച്ചിരുന്ന ശരവണന്‍റെ ജീവിതത്തിലേയ്ക്ക് അതിസുന്ദരിയായ ഒരു പഞ്ചാബിത്തരുണി കടന്നു വന്നത് കോളേജില്‍ പഠിയ്കുമ്പോഴാണ്. അവള്‍ വെളുത്തു ചുവന്ന മിടുമിടുക്കിയായിരുന്നു.ഇംഗ്ലീഷില്‍ അനര്‍ഗളമായി അവള്‍ സംസാരിച്ചു. അവളുടെ ഷാമ്പൂ തേച്ച് ഉലര്‍ന്ന മുടിയുടെ മോഹിപ്പിക്കുന്ന സുഗന്ധം ശരവണനെ മത്തു പിടിപ്പിക്കാതിരുന്നില്ല. ബദാംഹല്‍വയും പഞ്ചാബി പുലാവുമെല്ലാം അവള്‍ അവനെക്കൊണ്ട് കഴിപ്പിച്ചു. കര്‍വാ ചൌത്തും ഭായിദൂജും ലോഡിയുമെല്ലാം അവനു പരിചയമായി..

കാര്യങ്ങള്‍ അങ്ങനെ തന്നെയാണ് നീങ്ങിയത്.

അവര്‍ അഗാധമായ പ്രണയത്തിലായി. വിവരങ്ങളറിഞ്ഞ കണ്ണന്‍ ശരിയ്ക്കും ഭയന്ന് വിറച്ച് പോയി. പഞ്ചാബികളെന്നാല്‍ മഹാ ഭയങ്കരന്മാരാണെന്ന ധാരണയും വിശ്വാസവും ആ അച്ഛനുണ്ടായിരുന്നു. ‘ വേണ്ടപ്പനേ, നമുക്ക് ഇതെല്ലാം ശരി വരാത്…’ എന്നദ്ദേഹം പലപാട് പറഞ്ഞു … ചിലപ്പോള്‍ കോപാകുലനായി പിന്നെയും ചിലപ്പോള്‍ സങ്കടപ്പെട്ടു.

ശരവണന്‍ കുലുങ്ങിയില്ല. പൂനത്തിനപ്പുറം ഈ ഭൂമിയിലൊന്നുമില്ല എന്ന് അവന്‍ ഉറച്ചു നിന്നു.

പൂനത്തിന്‍റെ വീട്ടുകാര്‍ക്ക് സഹിയ്ക്കാനാവുന്ന കാര്യമായിരുന്നില്ല. എങ്കിലും ഒരേയൊരു മകള്‍…മകളുടെ ഇഷ്ടം എന്ന നിലയില്‍ തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കുക എന്ന നിയമപ്രകാരം അവര്‍ ഒടുവില്‍ അതിനു വഴങ്ങി.

നല്ല നിലയില്‍ വിവാഹനിശ്ചയം നടന്നു. കണ്ണന്‍റെയും അലമേലുവിന്‍റെയും കണ്ണുകളില്‍ സന്തോഷവും പരിഭ്രമവും ഭയവും ഉല്‍ക്കണ്ഠയും എല്ലാം ചേര്‍ന്ന സമ്മിശ്ര വികാരങ്ങളാണുണ്ടായിരുന്നത്. ശരവണന്‍റെ ഭാവി വധുവായ പൂനം ഒരു അപ്സരകന്യകയെപ്പോലെ മനോഹരവസ്ത്രങ്ങളില്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. അവളില്‍ ലജ്ജയും പ്രേമവുമല്ലാതെ, അഹങ്കാരമോ ധാര്‍ഷ്ട്യമോ പുച്ഛമോ ഒന്നും ലേശം പോലും കാണാനുണ്ടായിരുന്നില്ല.

ഞാനും അനിയത്തിയും കണ്ണന്‍റെ ഭാര്യയെ സമാധാനിപ്പിച്ചു. ‘ പൂനം നല്ല മാട്ടുപൊണ്ണായിരുപ്പള്‍ … കവലപ്പെടാതുങ്കോ ‘

അതു കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ശരവണനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയ കുറ്റമൊന്നുമായിരുന്നില്ല. പൂനത്തിനെ ബലാല്‍സംഗം ചെയ്തുവെന്ന് അവള്‍ നല്‍കിയ പരാതിയുടെ പേരിലാണ് പോലീസ് ശരവണനെ അറസ്റ്റ് ചെയ്തത്.

കണ്ണന്‍ തകര്‍ന്നു പോയി.. അവനങ്ങനെ ചെയ്യില്ല എന്ന് കരുതുമ്പോഴും ചെയ്തിരിക്കുമോ എന്ന സംശയം കണ്ണനെ അലട്ടി.

അലമേലുവിനു സ്വബോധം നഷ്ടപ്പെട്ടുവോ എന്ന് എല്ലാവരും ഭയന്നു. അത്രമാത്രം സങ്കടമായിരുന്നു അവര്‍ക്ക്. മകനില്‍ താനൊരിയ്ക്കലും അറിയാതിരുന്ന ഒരു മൃഗമുറങ്ങിയിരുന്നുവോ എന്നോര്‍ക്കുമ്പോഴൊക്കെ അലമേലു കക്ക നീറും പോലെ ആവിയില്‍ വെന്തു .

പൂനം ഇങ്ങനെ ഒരു കള്ളം പറയേണ്ട കാര്യമില്ലല്ലോ എന്ന് അവര്‍ വിലപിച്ചു. ശരവണന്‍ അങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും അവര്‍ ഒപ്പം വിലപിയ്ക്കാതിരുന്നില്ല.

ശരിയാണ്. ഒരമ്മയ്ക്ക് മക്കള്‍ എന്നും കൈയില്‍ കിടന്നു കളിച്ചവരാണ്. മുല കുടിച്ചവരാണ്. ഒരു തുണിയുമുടുക്കാതെ മലര്‍ന്നു കിടന്നുറങ്ങിയവരാണ്. മൂത്രത്തിലും അപ്പിയിലും നിന്ന് അവരെ കോരിയെടുത്ത് കഴുകിച്ച് തുടച്ച് പൌഡറിട്ട് ആയിരം ഉമ്മകള്‍ കൊടുത്ത് കാക്കേ പൂച്ചേ എന്ന് പറഞ്ഞ് മാമു കൊടുത്തവരാണ്. മക്കളുടെ മംഗിണിയിലും ചന്തിയിലും തെരുതെരെ ഉമ്മവെയ്ക്കാത്ത ഒരമ്മയും ഈ ഭൂമുഖത്തുണ്ടാവില്ല. മക്കളുടെ മംഗിണിയില്‍ ചൊറിയന്‍ പുഴു കടിച്ചതും ട്രൌസറിന്‍റെ സിബ്ബ് കുടുങ്ങിയതും ക്രീം പുരട്ടി ഊതി ഉമ്മവെച്ചതും എല്ലാം അമ്മമാരുടെ മനസ്സിലുണ്ടാകും. അവരെ നെഞ്ചത്ത് കമിഴ്ത്തിക്കിടത്തി ചന്തിയില്‍ തട്ടി ഉറക്കാത്ത ഒരു ദിവസം പോലും അമ്മമാര്‍ക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അവരെ ഇരു കൈയിലും കോരിയെടുത്ത് മുഖത്തിനു നേരെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ആ ചോരിവായില്‍ നിന്നു വഴിയുന്ന തുപ്പല്‍ തേന്‍ പോലെ ആസ്വദിക്കുന്നവരാണ് അമ്മമാര്‍. മക്കളുടെ പ്രൈവറ്റ് പാര്‍ട്സ് എന്ന സ്വകാര്യഭാഗങ്ങള്‍ മറ്റൊരാളെ വേദനിപ്പിക്കാന്‍ പ്രാപ്തമാകും എന്നൊക്കെ ഒരമ്മയുടെ തലയില്‍ വളരെ പതുക്കെ മാത്രമേ രേഖപ്പെടുകയുള്ളൂ. കാരണം അമ്മയാവുന്നത് അങ്ങനെ ഒരു പതിനായിരക്കണക്കിനു ശാരീരികവും മാനസികവും ആത്മീയവുമായ പ്രക്രിയകളിലൂടെയാണ്.തന്നില്‍ നിന്ന് വേര്‍പെട്ട ഒരു ശരീരമാണ് തന്‍റെ കുഞ്ഞ് എന്ന ബോധത്തിലേയ്ക്ക് ഒരമ്മ വളരുന്നത് അനവധി അനവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

അലമേലുവിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

പോലീസ് കണ്ണന്‍റെ കൈയിലുണ്ടായിരുന്ന പണമെല്ലാം പിഴിഞ്ഞു രക്തമൂറ്റിക്കുടിച്ചു. ശരവണനെ കേടുപാടുകള്‍ ഇല്ലാതെ പുറത്തിറക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കാരണം പൂനം പരാതി പിന്‍വലിക്കാന്‍ തയാറായിരുന്നില്ല.

അവര്‍ക്കിടയില്‍ എന്തു സംഭവിച്ചു എന്ന് കണ്ണനോ അലമേലുവിനോ മനസ്സിലായില്ല. എങ്കിലും അവസാന പരിശ്രമമെന്ന നിലയില്‍ അലമേലു എന്ന അമ്മ പൂനത്തിനെ കാണാന്‍ പോയി.താണു വീണു കേണപേക്ഷിച്ചിട്ടേ അവര്‍ക്ക് അവളെ കാണാനായുള്ളൂ.

അവളും തകര്‍ന്നു പോയിരുന്നുവെന്ന് ആ അമ്മയ്ക്ക് മനസ്സിലായി. അവര്‍ക്ക് അധികമൊന്നും അവളോട് അപേക്ഷിക്കാനുണ്ടായിരുന്നില്ല. അവളുടെ മുന്നില്‍ മുട്ടുകാലില്‍ നിന്ന് മകന്‍റെ ‘ ഉയിര്‍ പിച്ചൈ‘ മാത്രം അവര്‍ ചോദിച്ചു.

അവളും പൊട്ടിക്കരഞ്ഞു പോയി.

അതുവരെയുള്ള അവരുടെ എല്ലാ സമ്പാദ്യവും ആ പെണ്‍കുട്ടിയ്ക്ക് കാഴ്ചവെച്ച് കണ്ണനും അലമേലുവും എന്നേയ്ക്കുമായി ദില്ലി വിട്ടു.

ഇന്നവര്‍ തമിഴ് നാട്ടിലാണ്. ആരുമറിയാത്ത ഒരു ഇടത്ത് ദോശയും വടയും പൊങ്കലും ഉണ്ടാക്കി വിറ്റ് ഒരു കുടിലില്‍ അന്തിയുറങ്ങുന്നു. പരസ്പരം മുഖത്തോടു മുഖം നോക്കാതെ ഒരക്ഷരം തമ്മില്‍ ഉരിയാടാതെ… കണ്ണന്‍ ഇപ്പോള്‍ നിത്യവും പേത്തണ്ണി ശാപ്പിടുന്നുണ്ട്. അലമേലുവിനും ശാപ്പിടണമെന്നുണ്ട്. ചിലപ്പോള്‍ വൈകാതെ അലമേലുവും ശാപ്പിട്ടു തുടങ്ങുമായിരിക്കും.

ശരവണനും എവിടേയോ ജോലി ചെയ്യുന്നുണ്ട്.

എച്മുവിന്‍റെ പെണ്ണുങ്ങള്‍ – വെട്ടിമാറ്റലുകളുടെ ബാക്കിപത്രങ്ങള്‍….


നവമലയാളി26/05/2016
                          


സ്വാതന്ത്ര്യലബ്ധിയോടടുപ്പിച്ചുണ്ടായ വിഭജനത്തിന്‍റെയും അഭയാര്‍ഥി പ്രവാഹത്തിന്‍റെയും മുറിവുകള്‍ ഉത്തരേന്ത്യയിലിന്നും സജീവമാണ്. റെഫ്യൂജി കോളനികളെന്ന് പേരു കേട്ട ദില്ലിയിലെ ലജ്പത് നഗര്‍, കരോള്‍ബാഗ്, രാജീന്ദര്‍ നഗര്‍,ജോര്‍ബാഗ്.. എന്ന് വേണ്ട എല്ലായിടത്തും ഒളിപ്പിച്ചു വെച്ച സങ്കടവും വേദനയും അമര്‍ഷവും പ്രതിഷേധവും പുകയുന്ന അനവധി മിഴികള്‍ ദൃശ്യമാവും..

പിന്നെയും ഉണ്ടായല്ലോ മറ്റൊരു അഭയാര്‍ഥി പ്രവാഹം… ഇന്ത്യയുടെ നടുംപുറത്തു സ്വാതന്ത്ര്യലബ്ധിയോടെ നീറിപ്പിടിച്ച ഉണങ്ങാവ്രണത്തിനു പുറമേ വയറ്റത്തുണ്ടായ പുണ്ണു മാതിരി ബംഗ്ലാദേശില്‍ നിന്നുമുള്ള അഭയാര്‍ഥി പ്രവാഹം..

അവര്‍ക്ക് തീരെ കഴിയാന്‍ വകയുണ്ടായിരുന്നില്ല. ദാരിദ്ര്യപ്പേക്കോലങ്ങളായിരുന്നു അധികം പേരും. ആ അഭയാര്‍ഥികളില്‍ കുറേപ്പേര്‍ കല്‍ക്കത്തക്കാരായ ബംഗാളികളായി. അവരുടെ അടുത്ത തലമുറയിലുള്ളവര്‍ ഇപ്പോള്‍ ഇന്ത്യ മുഴുവനുമുണ്ട്… കേരളത്തില്‍ ജോലിക്കു വരുന്ന ബംഗാളികളില്‍ അധിക ഭാഗവും ഈ പാവപ്പെട്ടവരുടെ അനന്തര തലമുറകളാണ്… ദില്ലിയിലും അനുബന്ധ പട്ടണങ്ങളിലും വീട്ടു ജോലിക്ക് വരുന്ന സ്ത്രീകളധികവും ആ പട്ടികയിലുള്ളവര്‍ തന്നെ. കുറച്ചു കൂടി ധനശേഷിയും ഗമയും പൊങ്ങച്ചവുമുള്ള പടിഞ്ഞാറന്‍ ബംഗാളി പെണ്ണുങ്ങളെ അനുകരിയ്ക്കാന്‍ അവര്‍ ബോധപൂര്‍വം പരിശ്രമിക്കുന്നതും കാണാം.. ‘ഹൊം കല്‍ക്കത്താബാസി’ എന്ന് പരിചയപ്പെടുത്തുന്നതില്‍ തന്നെ ഉണ്ട് ബോധിപ്പിക്കുന്ന ഉറപ്പുകളുടെ ആ വേരുകളില്ലായ്മ.

മൊഞ്ജു എന്ന മഞ്ജു അങ്ങനെ ബംഗ്ലാദേശ് വിട്ട് വന്ന അമ്മയുടെ മകളാണ്. വലിയൊരു ചേരിയില്‍ താമസിക്കുന്നു. അവള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ട്.. സൈക്കിള്‍ ഉണ്ട്.പതിനെട്ട് വയസ്സേ ഉള്ളുവെങ്കിലും ഭര്‍ത്താവും ഒരു കുഞ്ഞുമുണ്ട്.. ഒരു കോളണിയിലെ പല ഫ്ലാറ്റുകളില്‍ വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുന്നു.

അടുത്ത കുഞ്ഞ് വയറ്റിലിരുപ്പുണ്ട്… കുഞ്ഞ് എന്നല്ല കുഞ്ഞുങ്ങള്‍ എന്നാണ് മഞ്ജുവിന്‍റെ വിചാരം. ഇരട്ടക്കുട്ടികള്‍ മഞ്ജുവിന്‍റെ ഒരു തീരാക്കൌതുകമാണ്.

അവളുടെ അമ്മ ഇരട്ടക്കുട്ടിയായിരുന്നുവത്രേ. അപ്പോള്‍ മോഷിമായും അമ്മയും ഒരു പോലെ ഇരിക്കുമോ എന്ന് ഞാന്‍ ചോദിച്ചു.

മഞ്ജുവിന്‍റെ മുഖം ഇരുണ്ടു… പിന്നെ അവള്‍ക്ക് സങ്കടമായി…

നമുക്ക് പരിചയമില്ലല്ലോ അത്തരം നഷ്ടപ്പെടലുകള്‍.. വാസ്തുഹാര എന്ന സിനിമ മാത്രമാണ് കിഴക്കന്‍ ബംഗാളിന്‍റെ കഷ്ടങ്ങളുമായി ബന്ധപ്പെട്ട് നമുക്ക് ഓര്‍മ്മയില്‍ വരിക..

മോഷിമായെ ലഹളക്കാര്‍ പിടിച്ചുകൊണ്ടു പോയി.. അമ്മ രക്ഷപ്പെട്ടു. അമ്മയുടെ അമ്മ നഷ്ടപ്പെട്ടു പോയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ തുടുത്തു ചുവന്ന ഒരു കനലായി നെഞ്ചില്‍ ആവാഹിച്ച് ഒടുവില്‍ വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും കരയുകയും ചിരിക്കുകയും ചെയ്തു. വസ്ത്രങ്ങള്‍ അവര്‍ക്ക് ഭാരമായി. വൃത്തി അവര്‍ക്ക് അനാവശ്യമായി.. ഭക്ഷണം എത്ര കഴിച്ചാലും പോരാതായി.

അതുകൊണ്ട് മഞ്ജുവിന്‍റെ കഠിനമനസ്ക്കനായ അച്ഛന്‍ ആ അമ്മൂമ്മയെ വീട്ടില്‍ കയറ്റാതായി. തന്നെയുമല്ല, സ്വന്തം സഹോദരിയെ മുസ്ലിമുകള്‍ പിടിച്ചുകൊണ്ടു പോയെന്ന് പറയുകയോ അവരെ ഓര്‍ത്ത് കണ്ണീരൊഴുക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് അച്ഛന്‍ കല്‍പിച്ചു. അച്ഛന്‍റെ ഉദ്ധൃത ഹിന്ദുത്വത്തിനു ആ ഓര്‍മ്മയും ആ കണ്ണീരും മഹാ അപമാനമായി തോന്നി. അതുകൊണ്ട് അമ്മ ഓര്‍മ്മയേയൂം കണ്ണീരിനേയും ചവച്ചു തിന്നുമായിരുന്നു. എങ്കിലും അതൊരിക്കലും ദഹിച്ചില്ല…

വീട്ടില്‍ നിന്നിറക്കി വിടപ്പെട്ട അമ്മൂമ്മയാകട്ടെ അമ്മയുടേയും മഞ്ജുവിന്‍റെയും സഹോദരങ്ങളുടെയും മുന്നിലൂടെ അങ്ങനെ അലഞ്ഞു നടന്നു മരിച്ചു..

വളരെ ശാന്തമായ സ്ഥലങ്ങളില്‍ ജനിച്ച് ജീവിച്ച് മരിക്കുന്നവര്‍ക്കൊന്നും ഇമ്മാതിരി വ്യസനങ്ങളും നിസ്സഹായതയും മനസ്സിലാവില്ലെന്ന് മഞ്ജു എന്നെ തുറിച്ചു നോക്കി.

മഞ്ജുവിന്‍റെ അമ്മയ്ക്ക് അത്യാവശ്യം പഠിപ്പൊക്കെയുണ്ട്… ബംഗ്ലാദേശില്‍ സ്ക്കൂളില്‍ പഠിക്കുകയായിരുന്നു. അമ്മ ഇപ്പോഴും ബോര്‍ഡറില്‍ കാവല്‍ നില്‍ക്കുന്ന അതിര്‍ത്തി രക്ഷാ സേനയിലെ ഭടന്മാര്‍ക്ക് അഞ്ഞൂറു രൂപ കൈമടക്കീട്ട് പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ ബംഗ്ലാദേശില്‍ പോയി വരും. അവിടെ തന്നെ പിടിച്ചു നില്‍ക്കുന്ന ചില ബന്ധുക്കളൊക്കെയുണ്ട്. അവരെ കാണുമ്പോഴും ആ ഭൂമിയെ സ്പര്‍ശിക്കുമ്പോഴും അമ്മയ്ക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. ഒരു ആകാംക്ഷയുണ്ട്. ആ അലച്ചിലുകളില്‍ എന്നെങ്കിലും തന്‍റെ സഹോദരിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞേക്കുമെന്ന ആശയുണ്ടായിരുന്നിരിക്കാം. ഭൂപടങ്ങള്‍ മാറ്റി വരയ്ക്കുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല. …

മുജിബുര്‍ റഹ്മാന്‍റെ നേതൃത്വത്തില്‍ നടന്ന മുക്തിബാഹിനി എന്ന പോരാട്ടമാണല്ലോ ബംഗ്ലാദേശിനെ സൃഷ്ടിച്ചത്. അതിനിടയില്‍ ഒരുപാട് മനുഷ്യ ജീവിതങ്ങള്‍ ഇങ്ങനെ അലഞ്ഞു നടന്ന് നരകിച്ച് അവസാനിച്ചു.. രാജ്യങ്ങള്‍ ഉണ്ടാവുമ്പോഴും ഇല്ലാതാവുമ്പോഴും ഭ്രാന്തു പിടിയ്ക്കുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ഒക്കെ ചെയ്യുന്ന ജീവിതങ്ങള്‍ ഒരു കണക്കിലും പെടാറില്ല.

വെട്ടിമാറ്റലുകളുടെ ബാക്കി പത്രങ്ങള്‍ മാത്രമാണവ.

മഞ്ജുവിന് ഇരട്ടക്കുട്ടികള്‍ പിറക്കട്ടെ ..

കള്ളിമുള്ളുകൾ പൂവിടും കാലം (സ്വാമി അഗ്നിവേശ്), സ്വാമി അഗ്നിവേശ് എന്നോട് പറഞ്ഞു



ദില്ലിയിലെ ജീവിതകാലത്ത് ഏറെ പ്രാവശ്യം കണ്ടിട്ടുള്ള, അങ്ങനെ പരിചിതമായിത്തീർന്ന ഒരു മുഖമാണ് സ്വാമി അഗ്നിവേശിൻറെ. ഒരുപാട് ജനങ്ങളുള്ള സമരങ്ങളിലല്ല, മിക്കവാറും ചെറിയ ആൾക്കൂട്ടത്തിലാവും അദ്ദേഹത്തിന്റെ സ്പെഷ്യൽ തലപ്പാവ് കാണാറ്..
ചെറിയ ആൾക്കൂട്ട സമരങ്ങളെ ആരും അധികം അങ്ങനെ ശ്രദ്ധയിലെടുക്കാറില്ല. ആളു കൂടാത്ത സമരങ്ങൾ നടത്താൻ അസാമാന്യമായ ബോധ്യം വേണം. താൻ ചെയ്യുന്നത് അത്രമേൽ ശരിയാണെന്ന ഉറപ്പ് വേണം.
1987 ൽ രൂപ്കൺവർ സതി അനുഷ്ഠിച്ചപ്പോൾ സ്വാമി അഗ്നിവേശ് രാജസ്ഥാനിലേക്ക് പദയാത്ര നടത്തി. സതി അത്യന്തം മനുഷ്യത്വരഹിതമായ ഒരു ക്രിമിനൽ കുറ്റമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വലിയ പിന്തുണ യൊന്നും അന്നും ആ സമരത്തിന് കിട്ടിയില്ല. രാജസ്ഥാനിൽ സ്ത്രീകളെ നിരത്തി നിറുത്തിച്ച് ഞങ്ങൾക്ക് സതി അനുഷ്ഠിക്കണം എന്ന് വിളിച്ചു പറയിക്കാൻ ധർമ്മസഭ ഉണ്ടായിരുന്നു. ഹിന്ദു മത ആചാരങ്ങളുടെ സംരക്ഷകരായിരുന്നു അവർ. സ്വാമി അഗ്നിവേശിനെ അവർ കായികമായി നല്ല രീതിയിൽ കൈകാര്യം ചെയ്തു.
അടി കിട്ടിയതുകൊണ്ടൊന്നും അദ്ദേഹം സതിയെ അനുകൂലിച്ചില്ല. അത് കടുത്ത ക്രിമിനൽ കുറ്റമാണെന്നും ഭരണഘടനക്ക് എതിരാണെന്നും തന്നെയായിരുന്നു നിയമബിരുദധാരിയായ അദ്ദേഹം ജീവിതകാലം മുഴുവൻ ഉറച്ചു വിശ്വസിച്ചത്. 1987 ലെ കമ്മീഷൻ ഓഫ് സതി പ്രിവൻഷൻ ആക്ടിന് ഒരു പ്രധാനകാരണമായത് സ്വാമി അഗ്നിവേശിൻറെ നിതാന്ത പരിശ്രമമായിരുന്നു.
ആര്യസമാജത്തിൻറെ ആധാരശിലകളിൽ നിന്നുകൊണ്ട് ആര്യസഭ എന്നൊരു രാഷ്ട്രീയ പാർട്ടി അദ്ദേഹം ഉണ്ടാക്കിയിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഇന്ദിരാവിരുദ്ധതരംഗത്തിൽ അദ്ദേഹം ഹര്യാനയിൽ എം എൽ എ ആവുകയും വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്തു. ആ സമയത്താണ് ഇന്ത്യയിൽ വ്യാപകമായി അടിമവേല നടക്കുന്നകാര്യം സ്വാമി അഗ്നിവേശ് തിരിച്ചറിയുന്നത്. അടിമപ്പണി നിറുത്തൽ ചെയ്യിക്കാനും അടിമകളായി ജോലി എടുത്തിരുന്ന കുട്ടികളെ മോചിപ്പിക്കാനും അദ്ദേഹം വിട്ടുവീഴ്ച യില്ലാതെ സമരം ചെയ്തു. ക്വാറികളിൽ നിന്നും തുണിമില്ലുകളിൽ നിന്നും പലഹാരനിർമ്മാണയൂണിറ്റുകളിൽ നിന്നും എന്നു വേണ്ട പറ്റാവുന്ന ഇടത്തു നിന്നെല്ലാം അദ്ദേഹം കുഞ്ഞുങ്ങളെ മോചിപ്പിച്ചു.
ഇത് എളുപ്പത്തിൽ നടക്കുന്ന ഒര് കാര്യമായിരുന്നില്ല. തന്നേയുമല്ല ഇതിൻറെ പ്രത്യാഘാതം കാശുള്ള മുതലാളിമാർക്ക് സ്വാമി അഗ്നിവേശ് ചതുർത്ഥി ചന്ദ്രനായി എന്നതുമാണ്. മന്ത്രിയായിരിക്കലൊക്കെ വേഗം അവസാനിച്ചു കിട്ടി.
കൊലപാതകം ചെയ്തുവെന്നും നിയമം ലംഘിച്ചു എന്നുമുള്ള ആരോപണമാണ് തുടർന്ന് വന്നത്. അടിമ വേല ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് നിർബാധം തുടരും. അത് ചെയ്യിക്കുന്നവരെ പുറത്ത് കൊണ്ട് വരുന്നതും ആ അടിമവേലക്കാരായ കുട്ടികളെ രക്ഷപ്പെടുത്തുന്നതും ഇന്ത്യയിൽ നിയമലംഘനമാണ്. പോലീസ് കേസ് വരും. അതിന് രണ്ട് അറസ്റ്റും ഒന്നരക്കൊല്ലത്തെ ജയിൽവാസവും കിട്ടി സ്വാമി അഗ്നിവേശിന്. ഒടുവിൽ കോടതി കുറ്റവാളിയല്ലെന്ന് കണ്ടു വെറുതേ വിട്ടു.
എനിക്ക് ഗുരുതരമായ ക്ഷയരോഗം ബാധിച്ച് ഞാൻ മരണത്തെ മുന്നിൽ കാണുന്ന നിമിഷങ്ങളിലൊന്നിലാണ് സ്വാമി അഗ്നിവേശിനെ ആദ്യമായി തൊട്ടരികേ കാണുന്നത്. അന്ന് അങ്ങനെ പരിചയമേയില്ല. അറിയാം ...കേട്ടുകേൾവി ഉണ്ട്. വ്യത്യസ്തനായ ഒര് ആക്ടിവിസ്റ്റാണ്. അവിടെ തീർന്നു എൻറെ അറിവ്.
അദ്ദേഹം ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുകയായിരുന്നു എനിക്കെന്താണസുഖമെന്ന്...എല്ലാം കേട്ടിട്ട് എന്നെ സമാധാനിപ്പിക്കാൻ എന്ന വണ്ണം അദ്ദേഹം പറഞ്ഞു… 'നതിംഗ് ടു വറി. യൂ വിൽ ബി ഓൾറൈറ്റ്.'
ഖേൽഗാവ് മാർഗിലും തിഹാർ ജയിലിലും ഒക്കെ ചെറിയ ചെറിയ ലാറിബേക്കർ നിർമ്മിതികൾ ചെയ്തു തുടങ്ങിതിനു ശേഷമാണ് സ്വാമി അഗ്നിവേശ് 'വേറീസ് പത്മ' എന്ന ചോദ്യത്തോടെ ഞങ്ങളുടെ വീട്ടിലേക്ക് ഫോൺ ചെയ്തു തുടങ്ങിയത്. പത്മകുമാർ എന്ന എൻറെ ഭർത്താവിന്റെ പേരിനെ ഉത്തരേന്ത്യക്കാർ പൊതുവെ പദ്മ എന്നും പദം എന്നുമാണ് വിളിക്കാറ്.
സ്വാമി അഗ്നിവേശിന് അങ്ങനെ വലിയ നിർമ്മാണാവശ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ലാത്തി മുളകൊണ്ട് ഒരു കട്ടിലോ മണ്ണുകൊണ്ടുള്ള ഒരു ലിപായിയോ ( മെഴുകൽ ) അങ്ങനെ അതീവ നിസ്സാരമായ കാര്യങ്ങളേ വേണ്ടിയിരുന്നുള്ളൂ. എന്നാലും ഇടയ്ക്ക് വിളിക്കും.
പ്രത്യേകിച്ച് വലിയ കാര്യം ഒന്നുമുണ്ടാവില്ല. എൻറെ ഭർത്താവ് പറയും. 'അദ്ദേഹം തെറ്റിവിളിക്കുന്നതാണ്. വിളിച്ച സ്ഥിതിക്ക് കുശലം ചോദിക്കുന്നതാണ്. '
മാവോയിസ്റ്റുകളും നക്സലൈറ്റുകളും ഉണ്ടാവുന്നത് നമ്മുടെ അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയോടുള്ള പരമദരിദ്രരുടെ ഏറ്റവും അവസാനത്തെ പ്രതിഷേധമെന്ന നിലയ്ക്കാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നാണ് എൻറെ ധാരണ. മാവോയിസ്റ്റുകളുമായി സംസാരിച്ചു പോലീസുകാരെ വിടുവിക്കാൻ ശ്രമിച്ചതു പോലെ പോലീസുകാർ മാവോയിസ്റ്റ് ഗ്രാമങ്ങളെന്ന പേരിൽ തല്ലിത്തകർത്ത ഇടങ്ങളിൽ ചെന്ന് ഗ്രാമീണരെ ആശ്വസിപ്പിക്കാനും സഹായിക്കാനും അദ്ദേഹം മുതിർന്നത് നമ്മുടെ പോലീസിനോ ഭരണകൂടങ്ങൾക്കോ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവിടേയും അദ്ദേഹം തല്ലു കൊള്ളേണ്ടി വന്നു. ഞങ്ങളുടെ ഒപ്പമല്ലെങ്കിൽ പിന്നെ അവരുടെ ഒപ്പമാണ് എന്നതാണല്ലോ ലോകവ്യാപകമായി അമേരിക്ക പഠിപ്പിച്ചിട്ടുള്ളത്. അത് എല്ലാ ഭരണകൂടങ്ങൾക്കും ബാധകമാണ്. ഞങ്ങളുടെ ഒപ്പമാണെങ്കിൽ കണ്ണും പൂട്ടി ഞങ്ങളെ അനുസരിച്ചുകൊള്ളണം.
സ്വാമി അഗ്നിവേശിന് ഒരിക്കലും സാധിക്കാതെ പോയതും അതായിരുന്നു.
ആര്യസമാജത്തിൻറെ സന്യാസി ആയിട്ടു പോലും സമാജത്തിന് അദ്ദേഹത്തിന്റെ ആക്ടിവിസം പൊറുക്കാൻ പറ്റിയില്ല. അവർ അദ്ദേഹത്തെ പുറത്താക്കി.
സാധാരണ സുരക്ഷിത ആക്ടിവിസ്റ്റുകളുടെ പാത ആയിരുന്നില്ല അദ്ദേഹത്തിൻറേത്. ആളുകൾക്ക് അദ്ദേഹം പറയുന്ന പുരോഗമന ആശയങ്ങളെ മനസ്സിലാക്കാനും പ്രയാസമായിരുന്നു. കാരണം സമൂലമായ മാറ്റങ്ങൾ പല മേഖലകളിലും അദ്ദേഹം ആഗ്രഹിക്കുകയും അതിനായി സമരം ചെയ്യുകയും ചെയ്തു.
ആം ആദ്മി പാർട്ടിയുടെ ആൻറി കറപ്ഷൻ മൂവ്മെൻറിൽ ആദ്യം സഹകരിച്ചെങ്കിലും അതിൻറെ ഉൾച്ചിത്രം വ്യക്തമായതോടെ അദ്ദേഹം അതിൽ നിന്ന് പിൻവാങ്ങി. ഇപ്പോൾ അഡ്വ. പ്രശാന്ത് ഭൂഷൺ എല്ലാം തുറന്ന് പറയുകയും ചെയ്തിരിക്കുന്നു.
പെൺഭ്രൂണഹത്യയ്ക്കെതിരെ, അടിമ ജോലിക്കെതിരേ, സതിക്കെതിരേ, മാവോയിസ്റ്റുകളേം നക്സലൈറ്റുകളേയും കണ്ടാൽ ഉടനെ വെടിവെച്ചുകൊല്ലണമെന്ന പൊതുബോധത്തിനെതിരേ, കുറച്ച് മുസ്ലീമുകൾ ടെററിസത്തിൽ വിശ്വസിക്കുന്നുവെച്ച് ലോകത്തുള്ള മുസ്‌ലിമുകളെല്ലാം തീവ്രവാദികളാണെന്ന തീർപ്പാക്കലുകൾക്കെതിരേ, കാശ്മീരി പണ്ഡിറ്റുകൾക്ക് പാർക്കാൻ പ്രത്യേക ഇടം നല്കണമെന്ന ബ്രാഹ്മണ വാദത്തിനെതിരേ എല്ലാം സ്വാമി അഗ്നിവേശ് നിരന്തരം സമരം ചെയ്തു.
മുസ്‌ലിമുകൾക്ക് വന്ദേമാതരം ചൊല്ലാൻ ഇഷ്ടമില്ലെങ്കിൽ അവരെ അതിനു നിർബന്ധിക്കേണ്ട എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ലോകം മുഴുവൻ മനുഷ്യർക്ക് പാസ്പോർട്ടും വിസയും ഇല്ലാതെ സന്ദർശിക്കാൻ കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേശിൻറെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹം ഒരു രാജ്ഭവൻ മാർച്ച് നടത്തി.
എന്നും ദരിദ്രർക്കും അരികുവല്ക്കരിക്കപ്പെട്ടവർക്കും ഒപ്പമായിരുന്നു സ്വാമി അഗ്നിവേശ്. അതുകൊണ്ടാണ് എഴുപത്തേഴു വയസ്സിലൊക്കെ അദ്ദേഹം പലവട്ടം കായികമായി ആക്രമിക്കപ്പെട്ടത്. പുരി ജഗന്നാഥക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് പറയുക, സ്ത്രീകൾക്ക് വിലക്കപ്പെട്ട ഒരു ആരാധനാലയവും ഇന്ത്യയിലുണ്ടാവരുതെന്ന് ആവശ്യപ്പെടുക, അമർനാഥ് ഗുഹയിലെ അൽഭുതശിവലിംഗം കൊടും തണുപ്പിൽ രൂപപ്പെടുന്ന ഐസ്ആകൃതി ആണെന്ന് വാദിക്കുക, ഇന്ത്യൻ സുപ്രീം കോടതിക്കു പോലും ഇത്തരം വാദങ്ങൾ സഹിക്കാൻ കഴിഞ്ഞില്ല. സൂക്ഷിച്ചു സംസാരിക്കണമെന്ന് കോടതി സ്വാമി അഗ്നിവേശിന് താക്കീതു നല്കി.
ഹിന്ദുത്വ വാദികൾക്ക് അത്തവും ചതുർത്ഥിയുമായിരുന്നു സ്വാമി അഗ്നിവേശ്. കിട്ടുന്നേടത്തെല്ലാം അവർ ആ സന്യാസിയെ മൃഗീയമായി അടിച്ചു. തുണി വലിച്ചു കീറി. അദ്ദേഹത്തിന്റെ തലയ്ക്ക് വിലയിട്ടു. ആ അടികളാണ് അദ്ദേഹത്തെ രോഗിയാക്കി മാറ്റിയത്.
എന്നും ദരിദ്രർക്കും അനാഥർക്കും അരികുവല്ക്കരിക്കപ്പെട്ടവർക്കും ഒപ്പം കഴിഞ്ഞ് അവരെ സ്വന്തം അവകാശങ്ങളെ പറഞ്ഞു പഠിപ്പിച്ചു സമരസജ്ജരാക്കിയതാവും ഭരണകൂടങ്ങൾ വലിയ അവാർഡുകളൊന്നും സ്വാമി അഗ്നിവേശിന് നല്കിയില്ല…
മരിച്ചപ്പോഴും അദ്ദേഹം വിമോചിപ്പിച്ചെടുത്ത അടിമകളായിരുന്ന കുട്ടികളും അത്തരം സാധാരണ ഇന്ത്യ ക്കാരും മാത്രമേ സങ്കടപ്പെടാൻ ഉണ്ടായുള്ളൂ. അദ്ദേഹം ഏറ്റുവാങ്ങിയ മർദ്ദനങ്ങളെപ്പറ്റി അന്വേഷിക്കാൻ കോടതി പോലും തയാറായില്ല. അദ്ദേഹത്തിന്റെ ആ അപേക്ഷ പോലും നിരസിക്കപ്പെട്ടു.
ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണമെന്ന് അദ്ദേഹം വിചാരിച്ചിരുന്നു.
ശുഭാപ്തി വിശ്വാസത്തോടെ അദ്ദേഹം എന്നെ ആശ്വസിപ്പിച്ച വാക്കുകൾ ഞാൻ വീണ്ടും ഓർക്കട്ടെ
'നതിംഗ് ടു വറി… യൂ വിൽ ബി ഓൾറൈറ്റ്…'

 

കലാ, വേറീസ് പത്മ?

ഞാൻ പലവട്ടം ഫോണിൽ ഉത്തരം പറഞ്ഞിട്ടുണ്ട്.
ജസ്റ്റ് എ മോമെൻറ്.. ഹിയീസ് കമിംഗ്...
ക്ഷയം പിടിച്ചു ചാകാൻ കിടക്കുന്ന കാലത്ത് സ്വാമി അഗ്നിവേശ് എന്നോട് പറഞ്ഞു.
നതിംഗ് ടു വറി. യൂ വിൽ ബി ഓൾറൈറ്റ്.
ആശുപത്രിയിലെ വരാന്തയിൽ വെച്ചായിരുന്നു അത്.
അദ്ദേഹം ഏറെ അപമാനിക്കപ്പെട്ടു. തുണി പോലും വലിച്ചുരിയപ്പെട്ടു. അടിച്ചു..വലിച്ചിഴച്ചു...
ആർഷഭാരത സംസ്ക്കാരം സ്വാമി അഗ്നി വേശ് എന്ന വൃദ്ധനോട് അവസാന കാലത്ത് പെരുമാറിയതങ്ങനെയാണ്...
അദ്ദേഹം ഒടുവിൽ യാത്രയായിരിക്കുന്നു...

മിഷ്ടി കുഞ്ഞുമോളുടെ അമ്മൂമ്മ.., ഞാനും പ്രിയയും.., കെട്ടിടനിർമാണത്തൊഴിലാളികൾ

 


-------------------------------------------------------------------------

കൊറോണക്കും മുമ്പൊരു കാലത്ത്....കണ്ണൂരിൽ വെച്ച്... ഞാനും പ്രിയയും..

                                   

-----------------------------------------------
                                  


 ഞങ്ങളുടെ ഉത്തരേന്ത്യക്കാരായ കെട്ടിടനിർമാണത്തൊഴിലാളികൾ..

ഞങ്ങളുടെ സ്നേഹിതർ

ഫോട്ടോയ്ക്കായി മാത്രം മാസ്ക് മാറ്റിയതാണേ....

Monday, October 19, 2020

ഭാര്യയുടെ ജോലി


01/10/2020

ഭാര്യയുടെ ജോലി,ആ ജോലിയിൽ അവർക്കുള്ള കഴിവ്, അതിൽ അവർ അംഗീകരിക്കപ്പെടുമ്പോൾ ഭർത്താവിന് തോന്നുന്ന അഭിമാനം, സന്തോഷം, എൻറെ ഭാര്യ ഒന്നാന്തരം ആർക്കിടെക്ട് ആണ് അല്ലെങ്കിൽ ബെസ്റ്റ് ഡോക്ടർ ആണ് എന്നൊക്കെ പറയാൻ കഴിയുന്ന മനസ്സ് അവയെല്ലാം നല്ലോണമുള്ള പുരുഷന്മാർ ഈ പോസ്റ്റ് വായിക്കേണ്ടതില്ല.
ജോലിയുള്ള ഭാര്യാ ഭർത്താക്കന്മാരുടെ ഇടയിലെ ഒരു പൊതു അസുഖത്തെപ്പറിയുള്ള എന്ററെ ചില തോന്നലുകൾ എഴുതുകയാണ് ഞാൻ. കേട്ടും കണ്ടും മടുക്കുമ്പോൾ എനിക്ക് മാത്രമാണോ ഈ തോന്നലെന്നറിയാനാണ് ഈ പോസ്റ്റ്‌. ജോലിയുള്ള സ്ത്രീകൾ മറുപടി പറയുമെന്ന് വിചാരിക്കുന്നു.
വീട്ടമ്മ ഭാര്യയെ ജോലിയില്ലാത്തവൾ എന്നേ ആരും പറയാറുള്ളൂ. വീട്ടിൽ ചെയ്യുന്നത് ജോലി അല്ല, കടമ, ചുമതല എന്നിവ മാത്രം. കടമക്കും ചുമതലക്കും വിലയിടാമോ?.. ഛേ! മ്ളേച്ഛതയല്ലേ അത്...
ഭാര്യ ജോലിക്ക് പോകുന്നതുകൊണ്ടുള്ള അസൗകര്യങ്ങളെപ്പറ്റി എല്ലാവരും പറയുന്നത് കേൾക്കാം. എന്നാൽ അതുകൊണ്ടുള്ള സൗകര്യത്തെപ്പറ്റി ആരും മിണ്ടിയോ പറഞ്ഞോ എഴുതിയോ കേട്ടിട്ടില്ല.
പുരുഷന് ജോലിയാണ് മുഖ്യം. ആ ജോലിയുടെ വളർച്ചയിലൂടെയാണ് അവൻ കേമൻ, കെങ്കേമൻ എന്നൊക്കെ അറിയപ്പെടാറ്. അതുകൊണ്ട് ഓഫീസിൽ ബോസ് നല്കുന്ന എല്ലാ ജോലികളും ആണിന് നേരവും കാലവും നോക്കാതെ ചെയ്തു തീർക്കാനുണ്ട്. ബോസ് ഈസ് ഓൾവേസ് റൈറ്റ് എന്ന് പറയുകയല്ലാതെ അയാളോട് ബഹളമുണ്ടാക്കാൻ പുരുഷൻ ധൈര്യപ്പെടാറുണ്ടോ?
എന്നാൽ ജോലിക്ക് പോകുന്ന സ്ത്രീക്ക് ഇങ്ങനെയൊരു സൗകര്യം ഇല്ല. ജോലി ആദ്യം ബാക്കിയെല്ലാം പിന്നെ എന്ന് വെക്കാവുന്ന സ്വാതന്ത്ര്യം. പുരുഷൻറെ സഹായം അഭ്യർത്ഥിക്കുമ്പോൾ, 'നീ ബോസിനെ പറഞ്ഞു മനസ്സിലാക്കണം, തൻറേടമായി അയാളോട് കാര്യം പറഞ്ഞ് കുഞ്ഞിൻറെയും വീടിൻറേയും അവസ്ഥ ശരിയാക്കണം. ആ ഓർഡർ മാറ്റാൻ പറയണം. നിന്നെ എന്തിനു കൊള്ളാം? വെറുതെ ജോലിക്ക് പോയാൽ പോരാ, അവിടുള്ളവരെ കാര്യം പറഞ്ഞു മനസ്സിലാക്കി നമ്മുടെ വഴിക്കാക്കണം...
എനിക്ക് ലീവ് എടുക്കാൻ പറ്റില്ല.. നിൻറെ പോലത്തെ ജോലിയല്ല എൻറെ ജോലി..'
ജോലിക്കാരായ സ്ത്രീകൾക്ക് ഈ അനുഭവമുണ്ടോ..
അതോ ഞാൻ മാത്രം മനസ്സിലാക്കിയ അപൂർവകാഴ്ചയാണോ?.. അപൂർവ കേൾവിയാണോ?


ഉത്തർപ്രദേശ് പരിചയമുണ്ട്





ഉത്തർപ്രദേശ് പരിചയമുണ്ട്. ദില്ലിയും സഫ്ദർജങ് ഹോസ്പിറ്റലും ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും പരിചയമുണ്ട്...
ഉത്തർപ്രദേശിൽ സവർണർക്ക് അവർണരെ എന്തും ചെയ്യാം..തല്ലാം, കൊല്ലാം, ചുടാം, ബലാത്സംഗം ചെയ്യാം, അംഗഭംഗപ്പെടുത്താം..
മനീഷ വാത്മീകി അമ്മയുടെ ഒപ്പം വയലിൽ പുല്ലരിയുകയായിരുന്നു. ദുപ്പട്ടയുടെ രണ്ടറ്റവും ചേർത്ത് അവളെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നാവ് അറുത്തുകളഞ്ഞിട്ട് പതിനഞ്ചു നാൾ കഴിഞ്ഞു അവൾ മരിച്ചപ്പോഴാണ് പോലീസ് ആ അക്രമികളിൽ നാലുപേരെ അറസ്റ്റ് ചെയ്തത്.
ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്തു വിചാരണ കൂടാതെ ജയിലിൽ ഇടാമെന്ന് ഗവൺമെന്റ് ഉത്തരവ് ഉള്ള നാടാണ് ഉത്തരപ്രദേശ്.
അവിടുത്തെ വലിയ പോലീസ് ഏമാൻ പറഞ്ഞു. ബലാത്സംഗം നടന്നതിന് തെളിവ് ഇല്ലാന്ന്..
കാവി ഉടുത്ത മുഖ്യമന്ത്രി പിന്നെ ദളിതരും മുസ്ലിമുകളും എങ്ങനേങ്കിലും ഒന്നവസാനിച്ച് കിട്ടാൻ എന്തും ചെയ്യാം...അതാണെൻറെ അവതാര ഉദ്ദേശം എന്ന മട്ടിലാണ്...
ചന്ദ്രശേഖർ ആസാദ് സഫ്ദർജങ് ആശുപത്രിയിൽ എത്താതിരിക്കാൻ കാറു തടഞ്ഞും ബൈക്ക് പിടിച്ച് എടുത്തും അധികാരികൾ പറ്റാവുന്നതെല്ലാം ചെയ്തു നോക്കി.
എന്തായാലും മിണ്ടാൻ പറ്റാതെ മനീഷ മരണത്തിന് കീഴടങ്ങി.
കേരളത്തിൽ ബലാത്സംഗം നടന്നാൽ നിങ്ങൾ കാണില്ലേ എന്ന ചോദ്യവുമായി ആരും ഇങ്ങോട്ട് വരേണ്ട.
ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താൽ പെണ്ണിന് പരാതിപ്പെടാൻ പോലും ഒരു നിയമമോ കോടതിയോ ഇല്ലാത്ത രാജ്യത്ത് അന്നേരം മിണ്ടീലല്ലോ..ഇന്നേരം മിണ്ടീലല്ലോ എന്ന് ചോദിക്കുന്നവരെല്ലാം പൊട്ടൻഷ്യൽ ബലാത്സംഗികളാണ്.
ആണായിപ്പിറന്നവർക്ക് ലേശമെങ്കിലും അഭിമാനമുണ്ടെങ്കിൽ അവർ ഒന്നിച്ച് നിന്ന് സകല സ്ത്രീ പീഡനങ്ങൾക്കും എതിരേ പൊരുതണം. കാരണം അത്രമാത്രം ക്രൂരത ആൺവർഗത്തിലെ ചിലർ സ്ത്രീകളോട് ചെയ്തു കഴിഞ്ഞു.
ബലാത്സംഗികളേയും പീഡകരേയും ഏതെങ്കിലും തരത്തിൽ ന്യായീകരിക്കുന്ന ഏതു മനുഷ്യരും ഉള്ളിൽ പേറുന്നത് ബലാത്സംഗികളേയും പീഡകരേയുമാണ്

Thursday, October 15, 2020

ചൊക്ളി 43


14/10/2020

ആള്ക്കാര്ക്ക് എന്തിറ്റ് സൂക്കേടാന്ന് ചൊക്ളിക്ക് മൻസ്സിലായില്ല. പടിച്ച് നിക്കണ മൊക്കള്ക്ക് ജോലി കിട്ട്ല്ലാന്ന് പറഞ്ഞ് ഒരു മുത്തൻ ചെക്കൻ തലേക്കൂടി മണ്ണെണ്ണ കമത്തി തീ വെച്ച്..ദെല്കീല്.. അവ്ടിണ്ണ് പ്ർദാന മന്ത് രി താ മസിക്കണ്.
മൊയ്തീൻക്കെരെ കടെലേ ടീവീ പെട്ടീല് കണ്ട്താ. ആളോളും ബഹളോം പൊല്ലീസും..അടീം പിടീം…
ആലൂര് സെൻററിൻറോടേം വഴക്ക്ണ്ടായി. പേർഷക്കാര്നല്ലേ വിജയൻ..അവരെ കൂട്ടത്ത്ല് അങ്ങ്നെ പട്ടമ്മാര്ക്ക് മാത്തറായിറ്റ് പണി കിട്ട്ണത് ശര്യല്ലാന്നുള്ളോര് ഇണ്ട്. പിന്നെ ഉള്ളാടമ്മാര്ണ്ട്, ചെറുമ്മമാര്ണ്ട്..പറേമ്മാര്ണ്ട്..അങ്ങ്നെ
ഉമ്മിണി ആളോള് ണ്ട്.
ചൊക്ളി പ്രാഞ്ചീസ് നോട് ചോയിച്ചു ഇയ്യ്കണ്ട മന്ഷേമ്മാരൊക്ക്ക്കേ കാശ്മ്മലല്ലേ മാറ്റം.. കൊര്ക്ക്ന്ന് എറങ്ങിയാ പിന്നെ എല്ലരും തീട്ടല്ലേ ഇട്ണ്. പെറീക്കണേം പെറണേം തൂറണേം മുള്ളണേം ചാവണേം ഒര് പോല്യല്ലേ..
പ്രാഞ്ചീസ് ഇടി കുടുങ്ങണന്തി ചിറിച്ചു.
'ചൊക്ളിയേ, നീ നക്സലേറ്റാണ്ടാ.. ഇയ്യ് ങ്ങ്നത്തെ കാരിയോന്നും മിണ്ടണ്ട.. ഓരോരോ യാതിക്കാരും മതക്കാരും കൂടി നിന്നേ തല്ലിക്കൊല്ലും.. ആ നേരത്ത് ഈ ലോകത്തൊള്ള എല്ലാ പാറ്ട്ടിക്കാരും ചെലേപ്പോ തരാതരം പോലെ മാറൂടാ.. ഒക്കെ ഒര് യാതി കളികളാണ്ടാ ചൊക്ളിയേ…
ഒര് കാര് യം ചൊക്ളിക്ക് തിരിഞ്ഞു. കഷ്ടപ്പെട്ട് പണീട്ക്കലല്ലാണ്ട് ആള്കാര് പറ്റിക്കാണ്ട് നോക്കലല്ലാണ്ട് ചൊക്ളിക്കും അതോലേള്ളോര്ക്കും വേറേ ഒര് വഴീല്ല.. ആരും ഒര് സാനോം ആര്ക്കും വെറ്ത്യോന്നും കൊട്ക്കില്ല.പണീട്ത്താ തന്നെ കൊട്ക്ക്ല്ല.. പിന്ന്യാണ് വെറ്തേ കൊട്ക്കണത്…
പിറ്റേസാണ് ആലൂരമ്പലത്ത്ലെ ആലിൻറെ ചോട്ട്ല് വെച്ച് വെങ്ങിട്ടു ഡോക്കിട്ടറ് ഒര് അതിക്രമം കാട്ടീത്. ആലൂര് ദേശത്തെ മനിഷേര് മുഴ്വോൻ അറ്ഞ്ഞും കേട്ടും അമ്പലത്ത്ല് വന്നു.
വെങ്ങിട്ടു ഡോക്കിട്ടറ് ആ പൂണൂല് മുറിച്ചു ആലിൻറെ ചോട്ട്ലാ ഇട്ടു. അതും കയിഞ്ഞ് അങ്ങോര് മറിയപ്പാറേരേ അരീത്ത് ഹൈവേൻറെ ഓരത്തേ വീട് ല്ക്ക് താമസോം മാറ്റി. അമ്യാര് അമ്പലത്ത് ല് നിന്ന് കരേണ്ടാര്ന്നു. സാമീരേ പെമ്മക്കള് അമ്മേ കെട്ടിപ്പിടിച്ചു നില്ക്കണ്ടാര്ന്നു.
എന്തിറ്റ് തേങ്ങ്യാ സാമി കാട്ടണേന്ന് ചൊക്ളിക്ക് തിര്ഞ്ഞ്ല്ല. ദല്കീല് ഏദാണ്ട് ചങ്ക് നോക്കണ ഡോക്കിട്ടറ് പറഞ്ഞൂന്ന്… പൂണൂലിട്ടോര്ക്കേ ബുദ്ധീം വിവ് രോം ഉണ്ടാവുള്ളൂ. മറ്റുള്ളോരെ ഡോക്കിട്ടറാക്ക്ണ് വെറ്തേണേന്ന്...ദല്കീല് വെല്യക്കാട്ടേ ഒര് ആസ് പത്ത് രീണ്ട്ന്ന്. അവ്ടത്തെ ഡോക്കിട്ടറാന്നും ആ പറഞ്ഞ ആള്…
പ്രാഞ്ചീസ് പറേണത് വെങ്ങിട്ടു സാമി ചെയ്തത് വല്ലിയൊര് കാര്യാന്നാ. ബാലേന്ദരനും സുകുമാഷും പട്ടമ്മാരേ വാദ്യാരും കൊറെ പട്ടമ്മാരും നായമ്മാരും കൂടി ചെന്നപ്പോ സാമി ഒററ ആട്ട് ആട്ടീന്ന്..
ദേഹം കീറിമുറിച്ച് പടിച്ചിട്ടാ ഞാൻ ഡോക്ടർ ആയത്. ദേഹങ്ങള് തമ്മില് ഒര് വെത്യാസം ഇല്ലാന്ന് അറിഞ്ഞ അന്ന് തന്നെ പെണ്ണുങ്ങൾക്ക് ഇടാൻ പാടില്ലാത്ത ഈ അഴുക്കനൂല് കണ്ടിച്ച് കളേണ്ടതാരുന്നു. നിങ്ങള് ചെല്ല്.. എന്നെ നിങ്ങടെ ഹിന്ദു പിത്തലാട്ടത്തിന് കിട്ടും എന്ന് കരുതണ്ട..
പ്രാഞ്ചീസ് പറേണത് അതാണ് ഡയലോഗ് ന്ന്.
സാമി ഒര് ആണാണ് ടാ.. എന്തോരം പൂജേം തേങ്ങേം ഒക്കെ നടത്തീറ്റാ ആ പുണൂലിടണേന്നാ പട്ടമ്മാര്.. അത്ങ്ങനെ പറച്ച് കളയാൻ
ഉമ്മിണി ദൈര്യം വേണടാ ചൊക്ള്യേ.. എല്ലാ യാതീലും മതത്തിലും പാറ്ട്ടിയോളിലും നട്ടെല്ലും ചങ്കൊറപ്പും വിവരോം ള്ള ആണങ്ങളും പെണ്ണങ്ങളുണ്ടാർന്നെങ്കി ഈ നാട് എന്ന് നന്നായേനേടാ...
പഴേത് പുതീത് പെറക്കണേൻറെടക്ക് വെങ്ങിട്ടു ഡോക്കിട്ടറ് ടെ അവടെ ചില്ലറപ്പണിയോളും ചൊക്ളിക്ക് കിട്ടി. പൂച്ചെടിയോളും പച്ചക്കറിയോളും ഇണ്ടാക്കാ.. വളം ഇടാ.. സാമീരെ കാറ് കഴ്കാ.. സാമി പറ്റ്ക്കില്ല. നാട്ട്ല് നടപ്പ്ള്ള കൂലിയന്നെ തരും.
എന്തിറ്റൊക്കെ പറഞ്ഞാലും ആ തല്ലൂട്ടക്കാരൻ ബാലേന്ദരൻ പറഞ്ഞ മാതിരി കൂപ്പി സിങ്ങിൻറെ ഗോർമ്മേണ്ട് തോറ്റ്.. കണ്ണിക്കണ്ട കീഴ്ജാതിയോളെ പൊക്കാൻ നടന്ന്ട്ടാണ് കൂപ്പി സിങ്ങ് തോറ്റേന്നും വേറാരാണ്ട് വന്ന്ണ്ട്ന്നും പോളീണ് പറഞ്ഞ്ത്.
ആരേലും വന്നോട്ടെ..
കാര്യങ്ങള് കൊഴപ്പാന്ന് പറേണതാണ് ചൊക്ളിക്ക് തിരിയാത്ത്ത്.
മറിയപ്പാറേരേടവിട്ന്ന് നോക്കുമ്പോ മുമ്പത്തേ അന്തിയല്ല.. ഇടയ്ക്കെടയ്ക്ക് തീവണ്ടിയോള് പോണകാണം. ഓട്ടർഷോള് കൂട്ല് ഓടണ്ട്. മഡത്ത്ലെ ബസ്സ് അഞ്ച് ണ്ട്. താമരച്ചേട്ത്താര്ടെ നാല് ബസ്സ്ണ്ട്. ഒര് ഗോർമ്മേണ്ട് ആനവണ്ടീണ്ട്. ഒരു വിദം എല്ല് ര്ടേം വീട്ട്ല് പേർഷേലാ ദുഭേലാക്കെ പോയിറ്റ്ള്ള ആരെങ്ക്ലും ണ്ട്. പിള്ളേരൊക്കെ പടിക്കാൻ പോണ്ട്.
പിന്നെ പിളാസ്റ്റിക്കിൻറെ
ഉമ്മിണി സാനങ്ങള്ണ്ട്. എടോഴീല് നട്ട ചെടിയോളക്ക് വെള്ളം വീത്താൻ എള്പ്പണ്. അങ്ങത്തെ ഒര് സഞ്ചീല് വെള്ളം പിടിച്ച് വീത്തിയാ മതി. എല്ലാ എടോഴീലും ഇപ്പ ഗോർമ്മേണ്ട് ൻറെ പൈപ്പ് ണ്ട്. രാത് രീല് എടോഴീല് എല്ട്രീക്ക് വെളിച്ചണ്ട്..
ഇന്നാലും കൊഴപ്പം വര്ണ്ട്ന്നാ പോളീം പ്രാഞ്ചീസും രാഗവേട്ടനും ചെറ്മൻ ചെക്കൂം പറേണ്.
അപ്പളാണ് അറിഞ്ഞേ..
പിന്നേം തെരഞ്ഞെട്ക്കല് വരായീന്ന്.
പ്രാഞ്ചീസ് പറയ്യേ.. എന്തോരം കാശാന്നാ ഈ തെരഞ്ഞെട്ക്കലിന് വേണ്ടേ.. നീയ്യോക്കിക്കോ.. ഇബടേ രവ്യേട്ടനെ തല്ലിക്കൊന്ന മുക്കിയമന്ത് രി വരും. ദല്കീല് ഇന്ത് രാ കാന്തീരെ മോനും വരും.. പൊങ്ങിയ യാതിക്കാര് വിജാരിക്കണ പോല്യാ ഇയ്യ് രാജ്യം പൂവ്വാടാ ചൊക്ളിയേ...
പ്രാഞ്ചീസ് പറഞ്ഞ്ത് തെറ്റീന്ന് ചൊക്ളിക്ക് വേഗന്നെ മൻസ്സിലായി.

Sunday, October 11, 2020

ചൊക്ളി 42

 11/10/2020

ചൊക്ളീരെ അച്ചരവര അതികം ണ്ടായില്ല. ഇന്നാട്ട്ല് തെരഞ്ഞ്ട്ക്കല് ഇണ്ടാര്ന്നില്ല. ഇബടെ നായനേര്ന്ന് പറേണ ഒര് മുക്കിയ മന്ത് രീണ്ട്ന്ന്.
ഇന്തായാലും ഇന്ത് രാ കാന്തീരെ മോനല്ല, വേറേ ഒരാളാണ്ന്ന് പ് ർദാന മന്ത് രി. അച്ചരവര കയിഞ്ഞപ്പോ പ്രാഞ്ചീസും ദേവസ്സീം പോളീം കൂടി ചൊക്ളീനെ ശരിക്കും അച്ചരം പടിപ്പിച്ച് തൊടങ്ങി. ചൊക്ളി അന്തോം കുന്തോംല്ലാത്ത പോങ്ങനായി കയിഞ്ഞത് മതീന്നാണ് പോളി പറേണത്. അന്തോണി മാപ്പളേരെ മക്കള്ള് ഏറ്റം വല്യ കാന്താരീ മൊളക്ണാ പോളീ. കഞ്ഞുടിക്കുമ്പോ ഒന്ന് തൊട്ട് നാക്ക്യേ വച്ചാ കുണ്ടീം കൂടി എരിക്കുന്നാ ദേവ്സ്സി പറേണ്.
പകലൊക്കീം കണ്ടതും കടിയതും പെറുക്കീറ്റ് വേറ്യാക്കി ഒരായ്ച്ച കയീമ്പോ ചൊക്ളീം ചെട്ടിച്ചത്തള്ളേം കൂടി ത് രശ്ശൂര് പോയി അത് വിറ്റ് വരും. പ്രാഞ്ചീസ് ണ് കൊണ്ടോവല്. ഇന്നട്ട് സഫേറ്ന്ന് പറേണ്ണ ഒര് ഓട്ടലീന്ന് വയറ് പൊട്ടണ്ണവര്യാ ബിര്യാണി ത് ന്നും. പിന്നൊര് കട്ടഞ്ചായേം..അത്ണ് ഇപ്പ ഈ ലോഗത്ത്ലേ ഏറ്റേം വ
ല്ലിയ സുകം.
വൈന്നാരം വൈന്നാരം അച്ചരം പടിക്കണം. അല്ലേങ്കി പോളി സമ്മേയ്ക്കില്ല.
പിന്നെ എടയ്ക്ക് പ്രാഞ്ചീസ് ബിരാണ്ടി കൊണ്ട് രും. ചെൽപ്പോ റമ്മ്.. ചൊക്ളി വേറാര്ടെ കൂടേം ഇര്ന്ന് കുടിക്ക്ല്ല.. പ്രാഞ്ചീസ് ൻറോടേ മാത്ത് റെ ള്ളൂ. കുടിച്ചാലപ്പോ ജാനൂനേം ജക്കൂനേം ഓർമ്മ വരലായി.. പട്ടി നൊലോളിക്കണന്തി ഓളീട്ട് കരയ്യാൻ തോന്നും.
പ്രാഞ്ചീസ് സമ്മേയ്ക്കില്ല.. അവൻ കരഞ്ഞൊടങ്ങും ആദിക്കന്നേ.. അവന് ഇട്ത്താ പൊങ്ങാത്ത ബാരാണ്. എട്ട് മക്കള്ണ്ട്. അഞ്ച് പെങ്ങമ്മാരാ… ക്രിസ്ത്യാനിയോൾക്ക് കൊറേ സ്രീദനം കൊട്ക്കണം. കെട്ടിക്കാൻ..
ഞങ്ങള് മൂന്നാങ്ങളാര് വിചാരിച്ചാ ഒന്നും നട്ക്ക്ല്ലെൻറെ ചൊക്ള്യേ..പെങ്ങള്മാരാച്ചാ ഓരോറാശ്യം കഞ്ഞികുടിക്കുമ്പളും വല്താവാണ്. പോളീം ദേവസ്സീം ദുബായിപ്പൂവ്വാൻ നോക്കണ്ട്. പോയ്യാ പെങ്ങളുമാരെ പറഞ്ഞയ്ക്കാലോ..
നീയ് ഭാഗ്യള്ളോനാടാ ചൊക്ളി.. ആരേം കെട്ടിക്കണ്ട. ചോറും തിന്ന് കർത്താവേന്നും വിളിച്ച് എവടെ വേണങ്കിലും അങ്ങ്ടാ ഒറങ്ങാം. കെട്ടിക്കണം. പെര നന്നാക്ക്ണം. അമ്മച്ചീനേം അപ്പനേം നോക്കണം. ഈ ജാതി തൊയിരക്കേട് ഒന്ന്ല്ലല്ലോ.
ചൊക്ളിക്ക് ഭാഗ്യ ണ്ട്ന്ന് പറേണ കേക്കുമ്പോ ഒര് സന്തോഷം വരും.വയറ്റിച്ചെന്ന ചോന്നവെള്ളത്തിൻറെയാന്ന് അറീം. ഇന്നാലും അത് കേക്കണത് ഒര് സുകാണ്.
മാസത്ത് ല് ഒരീസാണ് ഇങ്ങ്നെ ഒര് രാത്രി..എപ്പളും എപ്പളും അങ്ങ്നെ പറ്റില്യാല്ലോ. എല്ല്റ്റ്നും ചെലവ് ഇല്ല്യേ..
പഴേത്, പുതീത് ന്ന് വിളിച്ചോണ്ട് കോടംകരേന്ന് ആലൂര് സെൻറര് വരെ എല്ലാ എടോഴീല് കൂടീം ചൊക്ളീം ചെട്ടിച്ചത്തള്ളേം നടക്കും. അത് ചൊക്ളിക്ക് എള്പ്പായി. കാര്യം വീട്ടുകാരത്തിപ്പെണ്ണങ്ങളും അവറ്റോൾടെ കൊരങ്ങൻ ക്ടാങ്ങളും ചണ്ണേ, കുപ്പീണ്ട്, കോപ്പേണ്ട്, കടലാസ് ണ്ട് ചണ്ണേ ചണ്ണേന്ന് കൂക്കുങ്കിലും എടോഴീല് ചൊക്ളി നട്ട മരങ്ങള് ഇങ്ങനെ എലോളും ആട്ടി നിക്കണത് കാണാം.. മരോക്കേ രവ്യേട്ടനും പപ്പിനീം ആണെന്നാ ചൊക്ളിക്ക് തോന്നാ.. അത് ഒര് സന്തോഷല്ലേ..
ജക്കുമാവിനേം ചൊക്ളി ചെന്ന് നോക്കി തൊട്ടും തലോടിം പോരൂം.. എവിട്യായാലും സൊന്തം മോനന്ന്യാ ജക്കൂന്ന് ചൊക്ളിക്ക് തോന്നാറ്ണ്ട്. അപ്പോ ചങ്ക് കടയണ വേതന്യാവും..
ജാനൂന് എങ്ങന്യാ ഇത് സാദിച്ചേന്ന് ചൊക്ളി എപ്പളുമെപ്പളും വിജാരിക്കും പിന്നെ മറക്കാൻ നോക്കും.
അങ്ങനൊരൂസാണ് പ്രാഞ്ചീസിൻറോടെ ഇര്ന്ന് കൊള്ളിപ്പുട്ടും കട്ടഞ്ചായേം എറക്ക്മ്പ്ളാണ് ബാലേന്ദരനും സുകുമാഷും വന്ന്ത്. ചൊക്ളി ഇപ്പ അവ് രെ കണ്ടപോലെന്നെ വിജാരിക്കാറ്ല്ല. ജാനു പോയിറ്റ് ചങ്ക് പൊട്ട്യ കാല്ത്ത് ബാലേന്ദരൻ തമാശ്യാക്കണ്. ഏടുന്നാണ്ടും തെണ്ടിത്തിരിഞ്ഞ് വന്ന ചണ്ണക്കാലന് രണ്ടു കൊല്ലം ഒര് നായര്പെണ്ണിൻറൊപ്പം കെട്ക്കാൻ പറ്റീല്ല്യേന്ന്…
സുകുമാഷും പിന്നീം ആരാണ്ടും ഇന്തുക്കളും ഒക്കെണ്ടാര്ന്നു. അവ് ര് ബാലേന്ദരൻറെ തൊള്ളേം പൊത്തി അങ്ങ്ടാ കൊണ്ടോയി… പിന്നക്ക് ചൊക്ളി അവറ്റിങ്ങളെ കണ്ടാലും കണ്ടപോലേ വിജാരിക്കാറ്ല്ല.
'ടാ, പ്രാഞ്ചീസേ, ഇപ്പ വീഴുടാ ആ കൂ പി സിംഗിൻറെ ഗോർമ്മേണ്ട്. ഇവടെ കേരളത്ത് ല് കണ്ട ചോമ്മാരക്കും കരുവാമ്മാര്ക്കും തട്ടാമ്മാര്ക്കും ഓ ബീ സി ന്ന് പറഞ്ഞ് സംവരണം കൊട്ത്ത മാതിര്യൊര് പര്പാടി… അവ്ടെ നട്ക്ക്ല്ല. ഇബറ്റോള് തലേമ്മേക്കേറി നെരങ്ങാൻ വടക്കമ്മാര് പട്ടമ്മാര് സമ്മതിക്കില്ല..അവടെ ഉയർന്ന ജാതീപ്പെട്ട അമ്മമാരും മക്കളും ഒക്കെ സമരത്തിലാണ്. ഉയർന്ന യാതിക്കാര് മിട്ക്കമ്മാര് പഠിച്ച് വരുമ്പോ അവര്ക്ക് സീറ്റില്ലാണ്ടാക്കണ പര്പാടി അവടെ നട്ക്കല്ല. കോങ്ക്രസ്സും ഇന്തുക്കളും ഇക്കാര്യത്തില് നല്ല യോജിപ്പാ.. നീ നോക്കിക്കോ..നീയും നിൻറെ രാഗവേട്ടനും പോലേള്ള ആള്ക്കാരാ കൊഴപ്പക്കാര്..'
പ്രാഞ്ചീസ് ചാടി ഏൻറ്റു. ചൊക്ളിക്ക് പേടിയാ വന്നു. വഴക്കും വക്കാണോം ആയ്യാലോ.. അപ്പളാണ് തൃസ്സക്കുട്ടി പൊറത്തേക്ക് വന്നത്.
പിന്നെ വാക്കേറ്റം ണ്ടായില്ല.

ചൊക്ളി 41

08/10/2020

ജാനു പോയിട്ട് അഞ്ചാറ് മാസം കയിഞ്ഞപ്പോ പിന്നീം വന്ന് തെരഞ്ഞ്ട്ക്കല്. രാഗവേട്ടന്ണ് പിന്നീം ചൊക്ളിക്ക് അച്ചരം നോക്കി വരക്കല് പണി കൊട്ത്തേ.. ചൊക്ളിക്ക് ഒരീസം നൂറ് ഉറുപ്പിയേം രാഗവേട്ടൻ കൊട്പ്പിച്ച്. മതിലോള്ളും കെൻറ്റിങ്കരേലും പറ്റ്ണോടത്തൊക്കീം ചൊക്ളി അച്ചരപടം വര്ച്ചു.
പ്രാഞ്ചീസും അവൻറെ എളേ ദേവസ്സീം ആദിക്ക് മൊടങ്ങാണ്ടേ ചൊക്ളിക്ക് വന്ന് കൂട്ട് കെട്ക്കും. അന്തോണി മാപ്ളക്ക് വല്യ വെസനാണ് ചൊക്ളീനേ കാണ്ച്ചലേ…തൃസ്സക്കുട്ടി കഞ്ഞീം കപ്പേം കാന്താരി മൊളക് ചതച്ചതും ഒണക്കമീൻ വറത്തതും കട്ടൻചായേം ആയിട്ട് ചൊക്ളിക്ക് മൊടങ്ങാണ്ട് തിന്നാൻ കൊടക്കും.
പ്രാഞ്ചീസും ദേവസ്സീം അവൻറേ എളേ ചെക്കനും പണിക്ക് പോൺട്. അപ്പോ പണ്ടത്തെ മാതിര്യൊര് ദാരിദ്രം ഇല്ല. അന്തോണി മാപ്പിളക്ക് ഒമ്പതാമത് കർത്താവ് കൊച്ചിനെ കൊട്ത്തില്ല. പണ്ട് പ്രാഞ്ചീസ് അപ്പനോട് അമ്മ ഇനി പെറാൻ പാട്ല്യാന്ന് പറഞ്ഞത് കർത്താവ് ശരിക്കും കേട്ടു.
മഡത്തിലെ മുത്താച്ചി എടയ്ക്ക് കാണാൻ വരും. ചൊക്ളിക്ക് കാണ്ണണന്ന്ല്ലാന്ന് മൻസ്സിലായപ്പോ അവര് വരവ് നിറ്ത്തി.
പോല്ലീസ് ൻറെ ചവ്ട്ടാണാ കാരണന്നറീല്ല ചൊക്ളിക്ക് തണപ്പ്ള്ള രാത്രീക്ക് നല്ല തണ്ടല് കഴപ്പാണ്. ദേവസ്സി തർപ്പൻ തൈലം ഇട്ട് തടവും… വേദന്യാ പറഞ്ഞാല്..
പോല്ലീസ് പിന്നെ ചൊക്ളീനെ അന്നേഴിച്ച് വന്ന്ല്ല.
കതേം കാരിയോം ഒക്കെ പപ്പിനി ഒരീസം കാലത്ത് ഓടിക്കെതച്ച് വന്നപ്പളാ പ്രാഞ്ചീസ് പറഞ്ഞേ… അന്ന് അവള് മൊയ്തീൻക്കേം അന്തോണി മാപ്പ് ളേം പ്രാഞ്ചീസും തൃസ്സക്കുട്ടീം ഒക്കെ കാണ്ച്ചലേ ചൊക്ളീനെ കെട്ടിപ്പിടിച്ചു ഓളീട്ട് കരഞ്ഞു.. എന്താണ്ടൊക്ക്യോ പതം പറഞ്ഞു.
അത്തറേം നാള് മറിയപ്പാറ അങ്ങാടീല് ഒര് മിണ്ടാട്ടം ഇണ്ടാര്ന്നില്ല. ആ നെലോളി പപ്പിനി അങ്ങാടിക്കായിറ്റ് നെലോളിച്ച പോല്യായി. പിറ്റേസം മൊതല് അങ്ങാടീല് ഒര് തൊയിരം കിട്ടി.അവള് എരിഞ്ഞാലക്കൊടേൽക്ക് പൂവ്വാൻ പ്രാഞ്ചീസിൻറെ ഓട്ടർഷേല് കേറീതാര്ന്ന്. അത് അങ്ങാടീലെത്തീപ്പ്ളാണ് അവളരെ നെലോളി...മൊയ്തീൻക്കെനേ കണ്ടപ്പളാണ് …
ജാനു രണ്ടെയ്ത്താ എയ്തി പ്രാഞ്ചീസിൻറെ ഓട്ടർഷേല് ഇട്ട്ട്ടാ പോയിത്. കാൽത്ത് വണ്ടീട്ക്കാൻ വന്നപ്പ്ളാണ് പ്രാഞ്ചീസ് അത് കണ്ട്ത്. അയില് ഒരെയ്ത്ത് മാത്തറേ പ്രാഞ്ചീസ് വെങ്ങിട്ടു സാമിക്ക് കൊടത്തൊള്ളോ. അയില് മഡത്തിൻറെ മാനം പോണ ഒക്കേം ണ്ടാര്ന്ന്.
ജക്കു ദിനേസസാമീരേ കൊച്ചാണ്. ഉഷമ്യാരും രാമേന്ദരസാമിം വിശ്ശൊനാദസ്സാമീം കൂടി ഒര് കല്ലിയാണം കയിപ്പിച്ച് ചൊക്ളീൻറെ ആക്കി. ജാനൂം നല്ലോണം സിന്മ കളിച്ച്. ദിനേസസാമി വേറെ കല്ലിയാണം കയിക്കാൻ പോണത് അവളക്ക് സകിച്ചില്യാ.. ജക്കൂനേം അവളേം കൂട്ടി ദൂഭേൽക്കോറ്റേ പൂവ്വാന്നാത്ത് രേ സാമി പറഞ്ഞേര്ന്നേ. ഇന്നട്ട് ചണ്ണക്കാലൻറൊപ്പം സിന്മ കളിച്ച് കുട്ടീരേ കാരിയം ശരിയാക്കീപ്പോ സാമി പറേണ്..നീ ചണ്ണേരെ ഒപ്പം കെടന്നോളല്ലടീന്ന്. ചണ്ണക്ക് പാല്ല്ലും പായസത്ത്ലും സാമി ഡോക്കിട്ടറ് കൊട്ത്ത ഒറക്കഗുളിയ കല്ക്കിയാ കൊട്ക്കും. ചണ്ണ ഒറങ്ങ്യോളും..പിന്നെ..
ജാനു ഒള്ളൊള്ള കാലോം ചണ്ണേരെ കൂടെ കയിഞ്ഞാ മതീന്ന്… സാമിക്ക് സൊർണ്ണക്കടേള്ള, സാരിക്കടേള്ള, കാറ് കടേള്ള വല്ല്യാക്കാട്ടെ കാശ്കാര്ടെ മഡത്തിലെ ഡോക്കിട്ടറ് അമ്യാരന്നെ വേണന്ന്.
പുത്യേ അമ്യരടെ വാങ്കീം ഒഡ്ഢിയാണോം അഡ്ഡീലും വളോളും ഒക്കെ ദിനേസസാമിയന്ന്യാ അവളക്ക് എട്ത്ത് കൊട്ത്തത്. ഇത് മഡത്തിലാര്ക്കും അറീല്ല. അവള്ക്ക് പുവ്വാൻള്ള വണ്ടീം സാമിയന്ന്യാ ഏറ്പ്പാടാക്കീത്.
ബാക്കിള്ളോര് പൊല്ലീസ് ല് പറഞ്ഞാ പ്രാഞ്ചീസ് എയ്ത്ത് വെങ്ങിട്ടു സാമീരേ അരീത്ത് കൊട്ക്കണം. പിന്നെ പൊല്ലീസ് ഒന്ന്നും വര്ല്ല…
ജക്കു ദിനേസസാമീരെ മോനാന്ന് മുത്താച്ചീം പണ്ക്കാരും ജാനു പോയീസം ചൊക്ളീനോട് പറഞ്ഞേര്ന്നു. അതിയം മിണ്ടാൻ വെങ്ങിട്ടു സാമീം പ്രാഞ്ചീസും സമ്മേയ്ച്ചില്ല..
പിന്നെ ചൊക്ളി ആ വയിക്ക് പോയൂംല്ല.
രണ്ടാമത്തെ എയ്ത്ത് പപ്പിനി വന്നീസാ പ്രാഞ്ചീസ് വായിച്ചത്. ജാനൂന് ചണ്ണേരെ കൂടെ സിന്മ കളിക്കാൻ ഇഷ്ടം ണ്ടായിറ്റ്ല്ല അവളരെ മൻസ്സ് ല് അപ്പ്ളും ദിനേസസാമീം സാമീരേ പങ്കേം മിൻസള്ള കെട്ക്കേം ഒക്കെന്ന്യാര്ന്നു. പ് രാവീട്ട്ണ് അവള് ചണ്ണേരെ കൂടെ കയിഞ്ഞേര്ന്നത്. ചണ്ണേരെ കാശും സൊർണ്ണോം അവള് എടുക്ക്ണത് കൊറെ നാള് കൂടെ കെടന്നേൻറെം വെച്ച് വെള്മ്പേൻറേം ഒക്കെ കൂല്യായിറ്റ് ഇട്ത്താ മതി..
പിന്നെ ദിനേസസാമീരേ അമ്യാരടെ സൊർണ്ണം അവള് കട്ടത് തന്ന്യാ.. അമ്യാര് പാറ്ട്ടീം കയിഞ്ഞ് കുളിക്കാൻ പോയേ നേരത്ത്ണ് അവള് ഒക്കെ ഇട്ത്തത്. നിശ്ശേത്ത്നും കല്ലിയാണത്ത്നും കൊറെ കാറോള് വന്നേല് ഒര് കാറാരനെ അവള് പാട്ട്ലാക്കി അയാൾടെ ഒപ്പാണ് പോയിത്…
ഇഞ്ഞി ജക്കൂനേം വല്താക്കീട്ടേ അവ്ള് ഇന്നാട്ട്ല് വരൊള്ളോ. ദിനേസ സാമീനെ ജക്കൂനെക്കൊണ്ട് അപ്പാന്ന് അവള് വിളിപ്പിക്കും… മഡത്തീന്ന് അവൻറെ പങ്ക് സൊത്തും മേടിക്കും..
ചണ്ണ സകായിച്ചത് ആ നേരത്ത് അവളക്ക് വല്യ കാര്യായി… അതവള് മറക്ക്ല്യാ…
ചൊക്ളി അപ്പ ഒന്ന് ചിറിച്ചു…
പപ്പിനിക്കാണ് നെലോളി വന്ന്ത്. എന്നാലും അപ്പ അവളത് ഒത്ക്കി.
മൊയ്തീൻക്കേരെ ആരാണ്ടും ബന്തക്കാര്ടെ കൂട്യാ പപ്പിനി നിക്കണ്. അവടത്തെ ഉമ്മച്ചീനെ നോക്കലാണ് ഇപ്പ പണി. മൊയ്തീൻക്കേനേം കണ്ട് പിന്നേം ഓട്ടർഷേല് കേറ്മ്പോ ചൊക്ളീനെ നോക്കീതാര്ന്ന് അവള്. അവളരെ ചങ്ക് പൊട്ടി. അതാ അവള് അങ്ങ്നെ തൊള്ളേട്ട് കരഞ്ഞേ…
ചൊക്ളി അച്ചരപടം വരക്കണ കാലം വരെ പഴേത്, പുതീത് ഒക്കെ എട്ക്കണ ചവറ് പെറ്ക്കലായിട്ട് നടന്നു. കോടംകരേന്ന് ആലൂര് സെൻറര് വരേ ചവറ് പെറ്ക്കലായി..ചെട്ടിച്ചത്തള്ള ഒര്ത്തിണ്ടാര്ന്ന് ഒപ്പം…..
പിന്നെ കല്ലെട്ടിപ്പാടത്തെ ചാത്തമ്പലത്തിൻറെ എടോഴീല് മാവ് നട്ടപ്പോ ചൊക്ളി മാവിനെ ജക്കൂന്ന് വിളിച്ച്…
ജക്കൂനേ ചൊക്ളിക്ക് മറക്കാൻ പറ്റ്ണ്ടായില്ലാ…

ചൊക്ളി 40


07/10/2020

ചൊക്ളി ചാടിപ്പെടഞ്ഞ് ഏൻറ്റു. ഒന്നും തിരിഞ്ഞ്‌ല്ല അപ്പോ. ഒറക്കത്തിൻറെ മാറാല പോയിട്ടില്യാ.
'ജാനൂ.. ജാന്വോ' ന്ന് വിളിച്ചപ്പളക്കും പോലീസ്കാരൻ രണ്ടടിയാ കൊട്ത്തു ചെള്ളേമ്മേ..
'എന്താണ്ടാ കൂത്തിച്ചി മോനേ, നീയ്യ് നാടകം കളിക്ക്യാ.. '
ചൊക്ളിരേ തല കറങ്ങി..വായേല് ചോര ചൊവച്ചു.
'സൊർണ്ണോം കട്ട് ആ തെണ്ടിച്ചി നീയറിയാണ്ടാ പോയീത് ല്ലടാ.. ചവ്ട്ടി നിൻറെ തണ്ടല് ഒടിക്കും' പോലീസ് കാരൻ പറേലും നടുമ്പൊറത്ത് ചവിട്ടലും ഒന്നിച്ചാരുന്നു. ചൊക്ളിക്ക് ഇടിമിന്ന്യോണം തോന്നി..
അപ്പളാണ് വെങ്ങിട്ടു സാമി ഡോക്കിട്ടറും പ്രാഞ്ചീസും കൂടി അങ്ങട്ട് വന്നേ.. സാമി പോലീസിൻറെ മുന്നില് നിന്ന്ട്ട് ഒറച്ച് പറ്ഞ്ഞു.
'തൊടര്ത് അവനേ.. നിങ്ങടെ മോള്ളും പോലീസ് ണ്ട്. എനിക്കറീം അവ്ടെ വിവരം കൊട്ക്കാൻ..'
പോലീസ് ഒന്ന് പര്ങ്ങി.
വെങ്ങിട്ടു ഡോക്കിട്ടറ് എല്ലാരേം കൂട്ടി വല്യമഡത്തിൽക്ക് പോയപ്പോ ചൊക്ളി പത്ക്കനെ എണീറ്റ് ജാനൂനേം ജക്കൂനേം അമ്മേനേം വിളിച്ചോക്കി..
വാതല് പൊല്ലീസ് ചവ്ട്ടിപ്പൊളിച്ച്ട്ട് ല്ലാന്ന് ചൊക്ളിക്ക് തിരിഞ്ഞു. അപ്പൊ അത് തൊറന്ന് കെട്ക്കേര്ന്നു. ജക്കൂനെ കെട്ടിപ്പിടിച്ച് ഒറങ്ങിദണ് രാത്രിക്ക്..ജാനു ഒറങ്ങേണ് മുപ്പാട് ഒര് കോപ്പ നെറച്ചും പാലട കുടിക്കാൻ തന്നേരുന്ന്..
'ചൊക്കേട്ടൻ ഒറങ്ങിക്കോ.. മൂന്നാല് ചെമ്പ്ണ്ട്.. അത് ഒന്ന് മെഴക്കീട്ട് ഞായിപ്പൊ വരാ.. ഒന്നൊറങ്ങ്യാ മതീന്നായിണ്ട്… 'എന്നും പറഞ്ഞ് പോയീതാണ് ജാനു..
അവളെപ്പളാണ് വീട്ടീന്ന് ജക്കൂനേം അമ്മേം കൂട്ടി സൊർണ്ണോം കട്ട് പോയീത്.. എങ്ങട്ടാണ് പോയീത്… അവളക്ക് അങ്ങ്നെ പൂവ്വാൻ പറ്റോ..
പൊല്ലീസ്കാര്ക്ക് പ്രാന്താന്ന് തോന്നി ചൊക്ളിക്ക്. കല്യാണ വീടോളിന്ന് സൊർണ്ണം കക്കണോര് ണ്ട്. കള്ളമ്മാര് അട്ത്ത ബന്തുക്കളേരിക്കും. ഇന്നട്ട് പണിക്കാര്ക്കാവും സകല കുറ്റോം.. എല്ലാ കാശാര്ടേം പണീണ് അദ്.
വേതനോണ്ട് എനങ്ങാമ്പറ്റണില്ല.. ഇന്നാലും അട്ക്കുളേലും മുറീലും ഒക്കെ നോക്കീപ്പോ ഒര് സാനല്ല അവ്ടെ.. ജക്കൂൻറെ ചോന്ന കീളീം വാല് പോയ പട്ടീം..കാറും ഒന്ന്ല്ല.. മുണ്ടും തുണീല്ല.. ഇഷ്ടീലിൻറെം അൽമിനിയത്തിൻറേം പാത് റങ്ങള് ഇല്യ..
കള്ളൻ ഇബടേം വന്നാ…
മുത്താച്ചി കാപ്പീം കാച്ചീറ്റ് വന്ന്. അവരേ മോറ് കത്തിക്കരിഞ്ഞ വെറക് പോലെണ്ട്..
വായേലെ ചോരേരേ ചൊവ പോട്ടേച്ച്ട്ട് ചൊക്ളി കാപ്പി വേടിച്ച് കുടിച്ച്..ഇന്നട്ട് ചോയിച്ചു..
'ഇൻറെ ജാനും അമ്മേം മോനുട്ടനും എങ്ങ്ട്ടാ പോയേൻറേ മുത്താച്ച്യേ.. വല്ല വിവരൂണ്ടാ…'
മുത്താച്ചി ചൊക്ളീനെ കെട്ട്യാപിടിച്ച് ഒറക്കൊറക്കെ നെലോളിച്ചൊടങ്ങി. അപ്രത്ത്ന്നും ഇപ്രത്ത്ന്നും ഓരോരുത്തര് വന്ന് ഓരോന്ന് പറഞ്ഞ്പ്പോ… അത് കേട്ടപ്പോ.. ചൊക്ളി പോല്ലീസ് അടിച്ച വേതന്യൊക്കെ മറ്ന്നു.
ആദ്യം ചൊക്ളി ചിറിച്ചു. പിന്നെ പട്ടി നെലോളിക്കണന്തി ജക്ക്വോന്ന് തൊള്ളീട്ടു.
അപ്പളാണ് വെങ്ങിട്ടു സാമി ഡോക്കിട്ടറും പ്രാഞ്ചീസും വന്നേ… സാമി ചൊക്ളി യെ ബലായിറ്റ് സൊന്തം മഡത്തില് ക്ക് കൊണ്ടോയി.
പ്രാഞ്ചീസും ഇണ്ടാര്ന്ന് ഒപ്പം.
ചൊക്ളി ചത്തോണം മഡത്തിലെ തിണ്ണേമ്മേ ഇര്ന്നു. സാമി ആദിക്ക് ഒരു വെളക്ക് ഞെക്കി ചൊക്ളീൻറെ ചെവിടും തൊള്ളേം നോക്കി.. നടുമ്പൊറോം കുനിച്ചും നീർത്തീം നടത്തീം നോക്കി..
പിന്നെന്താണ്ടും ഇങ്ലീശില് പറഞ്ഞു. കേട്ട്ട്ട് പൊല്ലീസ് നെ തെറി പറയ്യാന്നാ ചൊക്ളിക്ക് തോന്ന്യേ..
സാമി കള്ളാസില് മര്ന്നെയ്തി പ്രാഞ്ചീസ് ന് കൊട്ത്തു. അഞ്ഞൂറു ഉറുപ്പിയേം കൊട്ത്തു.
ചൊക്ളീനോട് മര്ന്ന് കയിച്ചണം… രണ്ടീസം കയിഞ്ഞാ വന്ന് കാണ്ണണ്ണം ന്നും പറ്ഞ്ഞു.
ചൊക്ളി തല ആട്ടി.
പ്രാഞ്ചീസ് 'പൂവ്വാടാ' ന്ന് പറ്ഞ്ഞപ്പോ ചൊക്ളിക്ക് തോന്നി ചേര് മരത്തിന്റെ ചോട്ട്ന്ന് ആ താക്കോല് ഇടുക്കണന്ന്… പ്രാഞ്ചീസ് നോട് പറേലും അത് കൊണ്ടരലും അപ്പ്യാ കയിഞ്ഞു. പ്രാഞ്ചീസ് ന് ആകെനെ ഒര് ഈറ പിടിച്ചോണാർന്നു.
പ്രാഞ്ചീസിൻറെ ഓട്ടർഷേല് ചൊക്ളി പൊറപ്പെട്ടു. അപ്പളും വല്യ മഡത്തില് ആലിൻറെ ചോട്ട്ല് പൊല്ലീസ് വണ്ടി കെട്ക്കണ കാണ്ണാര്ന്ന്…
ചൊക്ളിക്ക് കണ്ണ് പൂട്ടി ഇരിക്കാനാ തോന്ന്യേ…

ചൊക്ളി 39

 05/10/2020

രണ്ട് മൂന്നായിച്ച കയിഞ്ഞപ്പളാണ് ചൊക്ളി അത് കണ് ടത്. വായക്ക് തടം കോര്മ്പോ…
ദിനേസസാമി ജക്കൂൻറെ കൈയില് എന്തിറ്റൊ കൊട്ക്കണ്. ജാനൂനോട് നല്ല ഇളിച്ചോണ്ട് മിണ്ടണൂണ്ട്..
സാദാരണ സാമിമാരടെ മക്കളൊന്നും മറ്റൂള്ളോരേ, മൻഷേമ്മാരാന്ന് ന്നെ വിജാരിക്കാറ്ല്ല.കാണാത്ത പോല്യാ പോവ്വാ.. അമ്യാര് കുട്ട്യോളും സാമി കുട്ട്യോളും അങ്ങനേണ്.. പടിത്തണ്ടെങ്കേലും അങ്ങന്യാ...ആകെ ഇച്ചിരെ മൻഷപ്പററ് ഇള്ളത് ആ വെങ്ങിട്ടു സാമി ഡോക്കിട്ടർക്കാ..ചിരിക്കും..വിചേഴം ചോയിക്കും.. തോളത്ത് തട്ടും.. ചെലപ്പൊ അഞ്ചോ പത്ത് രൂപേം തരും. ജക്കൂൻറെ പെറന്നാള്ന് നൂറിൻറെ അഞ്ചു നോട്ടും ഒര് ഒറ്റ ഉറുപ്യ കാശും തന്നു വെങ്ങിട്ടു ഡോക്കിട്ടറ് സാമി.
വെല്യ അട്ക്കളേല് സകായിക്കാൻ നിക്കണ മുത്താച്ചീം കാണച്ച്ലെ തന്യേണ് ല്ലോ ദിനേസ സാമീടേം ജാനൂൻറേം കളീം ചിറീം.
അട്ക്കുളക്കാരി മുത്താച്ചി ഇപ്പോ ചോയിച്ചൊട്ങ്ങും..
എന്തിറ്റാട്യേ തന്ന്ത് തമ്പ് രാൻ?
ചൊക്ളി അങ്ങ്ട് കാലും വലിച്ചേന്തി നടന്നു. അപ്പ ദിനേസസാമിണ്ട് ഇങ്ങട് വരണ്ണൂ..
'ഞാൻ കണ്ടില്ല.. അതാണ് ജാനുൻറെ അടുത്ത് കൊടുത്തത്.. ചൊക്ളി നല്ല ഒരു മനുഷ്യനാണ്. സാധാരണ നല്ല മനുഷ്യര് ഈ ലോകത്തില് ഇപ്പോ കുറവായിട്ടാണ് വരണത്. '
സാമി ചൊക്ളീടെ തോളത്ത് തട്ടി.. എന്നാൽ പോട്ടേന്ന് പറഞ്ഞ് പോവേം ചീതു.
ജാനൂൻറെ മോത്ത് ആകനെ ഒരു തെളിച്ചം.. എൽട്രീക്ക് വെളക്ക് കത്തിച്ചോണം ...എന്താ ജാന്വോന്ന് ചോയിച്ചപ്പോ അവള് വാഴക്കാട്ടിൻറുള്ളിൽക്ക് വന്നു. കൈ തൊറന്ന് കാണിച്ച്.
ആയിരത്തൊന്നുറുപ്യ..
ഞൂറിൻറെ പത്ത് നോട്ടോള്.. പിന്നോര് ഒറ്ററുപ്പിയേം..
ജക്കൂന് എന്തേലും വേടിച്ച് കൊട്ക്കാൻ.. ചൊക്ളി പരോശായിപ്പോയി. ആരും തന്ന്ട്ട്ല്ല മഡത്തീന്ന് ഇത്തരേം കാശ്...ഏവിടുന്നും ആരും തന്ന്ട്ട്ല്ല.
ജാനു മടീല് കാശ് തിര്കി ജക്കൂനേം കൊണ്ട് വല്യ അട്ക്കളേല്ക്ക് ന്നെ പോയി.
പൊറം നാട്ട്ലൊക്കെ പോയി പടിച്ചാ ഇബടത്തെ ചെറ്റശ്ശീലങ്ങള് പൂവ്വേരിക്കും …
അതേരിക്കും..
ചൊക്ളിക്ക് ന്തായാലും സന്തോഷം വന്നു. ജാനൂനോ ജക്കൂനോ എന്തേലും വാങ്ങാലോ..
ജാനൂന് ഇപ്പ്യപ്പായി പുത്യോരു സിനേകണ്ട്. ചെലീസം വെല്യട്ക്കള്ള് പാല് ബാക്കിള്ളത് കൊണ്ടന്ന് കുട്പ്പിക്കല്..
ഇനിക്ക് വേണ്ട്റീയേ നീ കുടിച്ചാന്ന് പറ്ഞ്ഞാല് അവള് സമ്മേയ്ക്കില്ല. എളം ചൂട് പാല് പഞ്ചാരേട്ട് അവള് തന്നാ അന്ന് ഒറങ്ങാനന്നേ ഒര് സുഗാ…
എന്നൂം കിട്ട്ല്യാ.. ഇള്ള ദൂസല്ലേ കൊണ്ട് രാൻ പറ്റ്വോ..അവള് ചെൽപ്പോ ജക്കൂനെ കൊഞ്ചിക്കണന്തിയാ കൊഞ്ചിക്കാ… അപ്പോ ആ പാലൊക്കെയങ്ങട് കുടിക്കന്നെ..
അതും ഒര് സന്തോഷന്നെ.
ദൂസങ്ങള് പൂവ്വുമ്പളാണ് അട്ത്ത കാര്യം വന്നത്…
ദിനേസ സാമി ഡോക്കിട്ടറ് ടെ കല്യാണം തീർശ്ശാക്കല്. അദ് ഒര് ഉൽസോം ആരുന്നു.. പടക്കം പൊട്ടിക്കല്ണ്ടായ്ല്ല.. ആനേം വന്ന്ല്യ.. ബാക്കി ഒക്കെണ്ടാര്ന്ന്. നിശ്ശേം ഇങ്ങന്യാച്ചാ … കല്യാണം ത് ര്ശ്ശൂര് പൂരന്നെ ആവുന്ന് പ്രാഞ്ചീസ് പറ്ഞ്ഞു.
കല്യാണത്ത്ന് ജക്കൂന് വെല കൂടിയ ഉട്പ്പാര്ന്ന് വിശ്ശൊനാദസ്സാമീരേ വക. ചൊക്ളിക്ക് സില്ക്കിൻറെ മുണ്ടും സർട്ടും. ജാനൂനും അമ്മയ്ക്കും പളപള തെള്ങ്ങ്ണ പട്ട് സാരി..
ആരക്കും ഒന്നിനും നേരല്യാ… എല്ലര്ക്കും തെര്ക്കന്നെ.. കല്യാണോം കയിഞ്ഞ് അടുത്തൂസം ഒര് പാറ്ട്ടി ഇണ്ട്… അതും കൂടി കയിഞ്ഞാലാ സാസം വിടാൻ പറ്റുള്ളോന്നാ എല്ലരും പറ്ഞ്ഞേ…
പലകാരങ്ങളും പൂക്കളും ഇണ്ടാക്കലും കൊണ്ടരലും മഡങ്ങള് ഒക്കെ നന്നാക്കലും കാറോള് മാറ്റി വേടിക്കലും എല്ലാ മരത്ത്മ്മ്ലും വൈന്നാരം വൈന്നാരം എൽട്രീക്ക് വെളക്ക് മാല ഇടലും..എമ്പിടി പൂജോളും മന് തര്ങ്ങളും.. വാദ് യാരും സന്യാസിയോളും..
ജാനൂന് ഏത് നേരോം പണി… ചൊക്ളിക്കും പണിയന്നെ. എല്ലര്ക്കും തെരക്കും പണീം...
എന്തിറ്റായാലും ആ പാറ്ട്ടി കയിഞ്ഞേൻറെ പിറ്റേസം കാൽത്ത് ചൊക്ളീനേ ഏൻപ്പിച്ചതേ പോല്ലീസ്കാരാണ്.