Thursday, August 30, 2012

ഓണം വന്നോണം വന്നോണം വന്നു.......


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ആഗസ്റ്റ് 24 ന് പ്രസിദ്ധീകരിച്ചത്. )

മലയാളി എവിടെ ആയിരുന്നാലും ഓണം ആഘോഷിക്കുമെന്ന് ഞാന്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. കിട്ടുന്ന സൌകര്യങ്ങളില്‍ ആകാവുന്ന വിഭവങ്ങള്‍ ഒരുക്കി പറ്റാവുന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ ഓണം ആഘോഷിക്കാന്‍ മലയാളിക്കു ഒരു പ്രത്യേക താല്‍പര്യമുണ്ട്. ഉള്ളതു പറയുകയാണെങ്കില്‍ കേരളത്തിലെ ആഘോഷങ്ങളേക്കാള്‍ പകിട്ടോടെയാണു മറു നാടുകളില്‍ പ്രവാസി മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. കഴിയുന്നത്ര വിപുലമായ ചടങ്ങുകളും ആകാവുന്നത്രയും ജനപങ്കാളിത്തവും ആഘോഷങ്ങള്‍ക്ക് പൊലിപ്പു കൂട്ടുന്നു. മലയാളി എന്ന കൂട്ടുകെട്ടിന്‍റെയും ആത്മബോധത്തിന്‍റെയും ഏറ്റവും വര്‍ണ്ണാഭമായ പ്രകടനമാണു എല്ലാ ഓണാഘോഷങ്ങളും. ഓണാഘോഷത്തിനു വേണ്ടീ മാത്രമാണോ പലപ്പോഴും മലയാളികളുടെ സൌഹൃദക്കൂട്ടായ്മക്കമ്മിറ്റികള്‍ രൂപം കൊള്ളുന്നതെന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തില്‍ ആവേശഭരിതമാണു ഓണാഘോഷങ്ങള്‍. നാലു ബംഗാളികള്‍ ഒരുമിച്ചു കൂടിയാല്‍ അവിടെ ഒരു ദുര്‍ഗ്ഗാ പൂജയും മല്‍സ്യച്ചന്തയുമുണ്ടാകും എന്ന് പറയുന്നതു പോലെ മലയാളി എവിടെയുണ്ടോ അവിടെ ഓണവൂമുണ്ട്. ബീഹാറികളെ  മറുനാട്ടില്‍  ച്ഛട്ട് പൂജ ആഘോഷിച്ചാല്‍ മൂക്കില്‍ വലിച്ചു കയറ്റിക്കളയുമെന്ന്  എല്ലാവരും പേടിപ്പിക്കാറുള്ളതു പോലെ നമ്മള്‍ ഓണമാഘോഷിച്ചാല്‍ നല്ല ചുട്ട പെട വെച്ചു തരുമെന്നൊന്നും ഇതുവരെ ഒരു മറുനാട്ടുകാരും നമ്മളെ ഭീഷണിപ്പെടുത്തിയിട്ടുമില്ല.

അങ്ങനെ സ്വന്തം നാടായ കേരളത്തില്‍ ജീവിക്കുന്ന നല്ല അസ്സല്‍ സ്വദേശി മലയാളിക്കും ഈ ലോകത്തിലെ സകലമാന രാഷ്ട്രങ്ങളിലും ജീവിക്കുന്ന തങ്കപ്പെട്ട പ്രവാസി മലയാളിക്കും ഒരുപോലെ ആഘോഷിക്കാനുള്ള ഉല്‍സവമായി ഓണമിതാ ഇത്തവണയും എത്തിക്കഴിഞ്ഞു. കാലവര്‍ഷം വേണ്ട പോലെ പെയ്തില്ലെങ്കിലും അരിക്കും പച്ചക്കറികള്‍ക്കും തമിഴ് നാടിനേയും ആന്ധ്രയേയും വളരെക്കൂടുതല്‍ ആശ്രയിക്കണമെങ്കിലും കര്‍ക്കിടകം പകുതിയാവുമ്പോഴേക്കും ഓണമെന്ന വികാരം കേരളത്തിലെ  എല്ലാ മലയാളി മനസ്സുകളേയും മെല്ലെ മെല്ലെ വശീകരിക്കാനാരാംഭിക്കും. ഇത്തവണയും അതിനു മാറ്റമൊന്നുമില്ല. അതുകൊണ്ടു തന്നെ ഭൂരിഭാഗം പേരും വളരെ കേങ്കേമമായിട്ടല്ലെങ്കില്‍പ്പോലും മോശമല്ലാത്ത രീതിയില്‍ ഓണമാഘോഷിക്കുന്നുണ്ട്. പലതരം ഷോപ്പിംഗ് മാമാങ്കങ്ങളും എണ്ണിയാലൊടുങ്ങാത്തത്രയും സൌജന്യ വാഗ്ദാനങ്ങളും വിലക്കിഴിവുകളും മറ്റുമായി ഓണച്ചന്തകളും ഗവണ്മെന്‍റ് തന്നെ സ്വന്തം മുന്‍കൈയില്‍ നടപ്പിലാക്കുന്ന ഓണാഘോഷ പരിപാടികളും എല്ലാം ഏതു തരം പോക്കറ്റുള്ളവരുടേയും ഉല്‍സവത്തിനു കൊഴുപ്പ് കൂട്ടുന്നു. വര്‍ഷത്തിലൊരിക്കല്‍ നാടു കാണുവാന്‍ വരുന്ന മാവേലിമന്നനു നിരാശയുണ്ടാവാതിരിക്കട്ടെ എന്ന് എല്ലാവരും ആത്മാര്‍ഥമായി കരുതുന്നുണ്ടെന്ന് തീര്‍ച്ചയായും  തോന്നും  

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഇതൊക്കെ എന്തോണം? പണ്ടല്ലേ ഓണം?  ഞങ്ങളുടെ ചെറുപ്പകാലത്തല്ലേ ആഘോഷമുണ്ടായിരുന്നത്? അന്നു പൂക്കളമിടാനുള്ള പൂക്കള്‍ തന്നെ എത്ര തരമായിരുന്നു? രാവിലെ പൂ പറിക്കാന്‍ പോകുന്നത് തന്നെ എത്ര കേമമായിട്ടായിരുന്നു ..... ഇന്നൊരു നല്ല തുമ്പക്കുടം കിട്ടാനുണ്ടോ? ഒരു കാശിത്തുമ്പയോ കണ്ണാന്തളിയോ ഉണ്ടോ? അന്നൊക്കെ എത്ര വലിയ വാഴയിലയിലാണു ഉച്ചയ്ക്ക് ഊണു കഴിച്ചിരുന്നത് എന്നും മറ്റുമുള്ള പോയ കാല വാഴ്ത്തുപാട്ടുകളും കഥകളും സുലഭമായി കേള്‍ക്കാവുന്ന ഒരു ഉല്‍സവാഘോഷം കൂടിയാണു ഓണം. പെട്ടെന്ന് എല്ലാവരും ഏതോ പഴയ കാലത്ത് ജീവിക്കുന്നവരായിത്തീരുകയും അന്നത്തെ ഉല്‍സവവും ആഘോഷവുമാണു യഥാര്‍ഥമെന്ന് പ്രഖ്യാപിക്കുന്നവരായി മാറുകയും ചെയ്യുന്നു. ഇക്കാലത്തെ കുട്ടികളില്‍ നമ്മുടെ ഇമ്മാതിരിയുള്ള ഭൂതകാലപ്രണയം ഉണര്‍ത്തുന്ന സൂക്ഷ്മമായ ചിന്താക്കുഴപ്പങ്ങളും അതിനെ മറികടക്കുവാന്‍ അവരുപയോഗിക്കുന്ന ചില്ലറ സൂത്രപ്പണികളും ചുമ്മാ യാതൊരു മുന്‍ വിധികളുമില്ലാതെ കണ്ടു നിന്നതാണു എന്നില്‍ ഈ ചിന്തയുണ്ടാക്കിയതെന്ന് തീര്‍ച്ചയായും പറയാം.

ഫ്ലാറ്റു സമുച്ചയങ്ങളില്‍ ജീവിക്കുമ്പോള്‍ പല പ്രായത്തിലുള്ള കുട്ടികളുമായി അടുത്തിടപഴകുവാന്‍ അവസരമുണ്ടാകും, തീര്‍ച്ചയായും നമുക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം. നാലു മാസംമുതല്‍ പതിനാറു വയസ്സു വരെ പ്രായമുള്ള വിവിധ കുട്ടികളുടെ ഇടയില്‍ കഴിഞ്ഞുകൂടുന്ന ഒരാളില്‍ ഇമ്മാതിരി ചിന്തകളുണ്ടാവുന്നതും അതുകൊണ്ടു തന്നെ തികച്ചും സ്വാഭാവികമായിരിക്കാം. എന്തായാലും ഒരു കുഞ്ഞു കളിക്കാഴ്ച അല്ലെങ്കില്‍ എന്‍റെ ഒരു അനുഭവമിങ്ങനെ......

കുട്ടികള്‍ ഓണം കളിക്കുകയായിരുന്നു. വളരെ കുറച്ച് നാള്‍ മാത്രം കേരളം കണ്ടിട്ടുള്ളവരാണു അധികം പേരും. മാതാപിതാക്കന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ള,  ഏഷ്യാനെറ്റ് ടി വി യില്‍ കണ്ടിട്ടൂള്ള ശ്യാമ സുന്ദര കേര കേദാര ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ഉല്‍സവാഘോഷം. ഹിന്ദുക്കള്‍ മാത്രമല്ല ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഓണമാഘോഷിക്കും. അതെങ്ങനെ സാധിക്കുമെന്ന് ഒരു മൊട്ടത്തലയന്‍ സംശയം കൊണ്ടു. അവന്‍റേത് ചെറിയ സംശയമായിരുന്നില്ല. ആനത്തലയോളം പോന്ന വലിയ സംശയമായിരുന്നു. ആ അറിവു പകര്‍ന്ന ഉണ്ടക്കണ്ണിയ്ക്ക് കൂടുതല്‍ വിശദീകരിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവളുറപ്പിച്ചു പറഞ്ഞ. പപ്പ പറഞ്ഞു തന്നതാണ്. ഇനിയും സംശയമുണ്ടെങ്കില്‍ പപ്പയോട് നേരിട്ട് ചോദിക്കാം. മൊട്ടത്തലയന്‍ തല്‍ക്കാലം നിശബ്ദനായെങ്കിലും അവന്‍റെ മനസ്സടങ്ങിയിട്ടില്ലെന്ന് ആ കുഞ്ഞു കണ്ണുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. 

അവര്‍ ഇരുണ്ട പച്ച നിറമുള്ള പുതപ്പ് മതിലിന്മേല്‍ വിരിച്ച് ശ്യാമ സുന്ദരമായ പച്ചക്കുന്നുണ്ടാക്കി. പല നിറമുള്ള കടലാസ്സും തുണിത്തുണ്ടങ്ങളുമായി അവരുടെ തുമ്പയും തുളസിയും മുക്കുറ്റിയും മന്ദാരവും കണ്ണാന്തളിയും കൃഷ്ണകിരീടവും. ചുരയ്ക്കയില്‍ കളര്‍ പുരട്ടിയപ്പോള്‍ തൃക്കാക്കരയപ്പനായി. കളര്‍ച്ചോക്കുപൊടിയും ക്രയോണ്‍ കഷ്ണങ്ങളും തീപ്പെട്ടിക്കോലുകളും പച്ചവെള്ളവും കൊക്കോകോളയും കൊണ്ട് കാളനും ഓലനും അവിയലും പായസവും പ്രഥമനുമുണ്ടാക്കി. ഇളം നീല പ്ലാസ്റ്റിക് പായില്‍ ജലാശയവും വെളുത്ത കുഷ്യനില്‍ ഒരു വള്ളവും ജനിച്ചു. വലിയ സ്കെയില്‍ പിടിച്ച് തുഴഞ്ഞുകൊണ്ട് കുട്ടികള്‍ ആഹ്ലാദത്തോടെ പാടി , തിത്തിത്താരാ തൈ.......

ചെടികള്‍ നിറഞ്ഞ പച്ചക്കുന്ന് എന്ന് പറഞ്ഞു തന്നതേയുള്ളൂ പപ്പാ. ഇവിടെ ഒരു ചെടി പോലുമില്ല. അന്നേരം ചെടികളുടെ കുന്ന് എങ്ങനെയിരിക്കും?’ നീല ടൈല്‍ പതിച്ച നീന്തല്‍ക്കുളത്തിലേക്ക് നോക്കി ഒരു ചപ്രത്തലമുടിക്കാരി പറഞ്ഞു. ഇവിടെ ചെടികളുടെ കുന്നു മാത്രമല്ല ഈ കുളത്തില്‍ ഒരു വഞ്ചിയും ഇല്ലല്ലോ. അവളുടെ പരാതി അങ്ങനെ ശരി വച്ചെങ്കിലും മൊട്ടത്തലയന്‍ തുടര്‍ന്ന് വിശദീകരിച്ചു. അതുകൊണ്ടല്ലേ നമ്മള്‍ പുതപ്പും പായും കുഷ്യനും ഒക്കെ വെച്ച് ഓണം കളിച്ചത്.... എന്നാലും എല്ലാവരും കൂടി എങ്ങനെയാ ഓണം ആഘോഷിക്കുന്നത്?...’ അതാണ് അവന് ആലോചിച്ചിട്ടും മനസ്സിലാവാതെ പോയത്.

നമ്മള്‍ മുതിന്നവര്‍ എന്തൊക്കെയാണു നഷ്ടപ്പെടുത്തിക്കളയുന്നതെന്ന് കുട്ടികള്‍ അറിയാതെ പറഞ്ഞു പോവുകയായിരുന്നു. അതില്‍ക്കൂടുതല്‍ പറയാന്‍ അവര്‍ക്ക് അറിയുമായിരുന്നില്ല. പൂക്കളും ചെടികളും കുന്നുകളും പുഴയും എല്ലാവരും ഒരു മനസ്സോടെ പങ്കെടുക്കുന്ന ആഘോഷങ്ങളും നമുക്ക് അന്യം നിന്നു പോവുകയാണ്. അതൊക്കെയുണ്ടായിരുന്നു, അങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന് നമ്മള്‍ പറയുന്നതു കേട്ട് പകുതി വിശ്വാസത്തില്‍ അവര്‍ സ്വന്തം ചിന്താക്കുഴപ്പങ്ങളെ അവരുടേതായ രീതിയില്‍ നേരിടുവാന്‍ ശ്രമിക്കുകയാണ്. ഒരു ചെടിക്കുന്നുണ്ടാക്കാനോ അല്ലെങ്കില്‍ വഞ്ചി കളിക്കാനുള്ള ഒരു ജലാശയം സംരക്ഷിക്കാനോ എല്ലാവരും ഒത്തൊരുമിച്ച് ഒന്നും ചെയ്യാനാവാതെ, നമ്മള്‍ മുതിര്‍ന്നവര്‍ കുട്ടികളുടെ മുമ്പില്‍ ചില അല്‍ഭുതക്കഥകള്‍ വിളമ്പുന്നവരായി അവിശ്വസനീയരായിത്തീരുന്നു. നമുക്ക് ഉണ്ടായിരുന്നു എന്ന് പറയുവാനല്ലാതെ ഇപ്പോള്‍ ഉണ്ട് എന്ന് പറയുവാന്‍ ഇപ്പറഞ്ഞതൊന്നുമില്ലാതെയാവുന്നു. കാരണം വലിയ വാചകങ്ങള്‍ എഴുതുകയും പറയുകയും ചെയ്യുന്ന നമുക്ക് ഇതര മതവിശ്വാസിയെ കാണാന്‍പോലും ആഗ്രഹമില്ല. ചാണകം മെഴുകി പൂക്കളമിടാനുള്ള മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റോ ടൈലോ ഇടാതെ ഉറക്കംവരില്ല, കുന്നുകള്‍ തുരന്ന് പാടം നികത്താതെ യാതൊരു നിര്‍വാഹവുമില്ല.   കാണാതാവുന്ന കണ്ണാന്തളിപ്പൂക്കളുടെ പടം വില കൂടിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്രെയിം ചെയ്താല്‍ മതി, അമ്മാതിരിയുള്ള  ഒരു പൂ വിരിയിക്കാന്‍ സാധിക്കുമോ എന്ന് നമ്മള്‍ ശ്രമിക്കുകയില്ല.

ചിങ്ങമാസത്തില്‍ ഇരുണ്ട് മൂടിയ മാനവുമായി, മുഖം വീര്‍പ്പിച്ചു കരയുന്ന കുട്ടിയെ പോലൊരു മഴയുമായി നമ്മളിപ്പോള്‍ ഓണവെയിലിനെക്കുറിച്ചും ഓണനിലാവിനെക്കുറിച്ചും എഴുതുകയും പറയുകയും പാടുകയും ചെയ്യുന്നു. നമ്മുടെ കുട്ടികള്‍ അവിശ്വസനീയമായ മിഴികളോടെ നമ്മെ ഉറ്റുനോക്കുന്നു.

എന്നാലും എല്ലാറ്റിനുമിടയില്‍ ഇതൊരു ഓണക്കാലമാണ്. എല്ലാവര്‍ക്കും നല്ലൊരു ഓണമുണ്ടാവണം . കള്ളവും ചതിയും പൊളിവചനവുമില്ലാത്ത നല്ലൊരു കാലം പിറക്കണം.

ഓണം വന്നോണം വന്നോണം വന്നു..........       

Sunday, August 26, 2012

അവന്മാരും, അവളുമാരും , പിന്നെ ക്ലാസിക്കല്‍ പദവി തേടുന്ന ഭാഷയും...........


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ജൂലായ് 13ന് പ്രസിദ്ധീകരിച്ചത്. ) 

ഇടക്കിടെ കൂടും കുടുക്കയും ചട്ടിയും കലവുമായി വീടു മാറേണ്ടി വരുന്ന പെണ്ണുങ്ങള്‍ക്കറിയാം, അടുക്കള മാറിയാല്‍ ആറുമാസത്തെ പഞ്ഞമാണെന്ന് . ഒഴിഞ്ഞു പോന്ന വീട്ടിലുപയോഗിച്ചിരുന്ന പല ചില്ലറ ഉപകരണങ്ങളും പുതിയ വീട്ടില്‍ മുഖം വീര്‍പ്പിച്ചിരിക്കുകയേയുള്ളൂ. പുതിയ ഇടത്തെ പ്ലഗ് പോയിന്‍റുകള്‍ അവയ്ക്ക് സ്വീകാര്യമല്ല. അവിടെയുണ്ടായിരുന്ന ബുക് ഷെല്‍ഫിന് ഇവിടെ ഒതുങ്ങിയിരിക്കാന്‍ ഇടമില്ല, ഇടറി നീണ്ടു നില്‍ക്കുന്ന നഖം പോലെ അതു വാതിലടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് തള്ളി നില്‍ക്കും. ബ്രഷില്ല ,ചൂലില്ല അങ്ങനെ പലതുമില്ല, ഉള്ളതെല്ലാം പല പല പൊതികളിലാണ്. പരതിയെടുക്കാന്‍ സമയം വേണം. അതുവരെ സുഭിക്ഷമായ പഞ്ഞം തന്നെ. ആ കാലം കടന്നു കൂടുന്നതിന്‍റെ ഭാഗമായാണു ഒരു ഈര്‍ക്കില്‍ ചൂല്‍ അന്വേഷിച്ചിറങ്ങിയ ഞാന്‍ ആയിരം ചുളിവുകള്‍ മുഖത്തുള്ള അമ്മൂമ്മയുടെ മുമ്പിലെത്തിയത്. പല വര്‍ണങ്ങളിലുള്ള പ്ലാസ്റ്റിക് ചൂലുകള്‍ എല്ലാ കടകളിലുമുണ്ട്. പക്ഷെ, ഈര്‍ക്കില്‍ ചൂലിനാണെങ്കില്‍ കൊച്ചുകൊച്ചു കടകളോ അമ്മൂമ്മയോ തന്നെ വേണം. അമ്മൂമ്മ സദാസമയവും ഈര്‍ക്കില്‍ ചൂല്‍ ഉണ്ടാക്കി വില്‍ക്കുന്നു. ഏതുവേണമെങ്കിലും എടുക്കാം. പോരെങ്കില്‍ ചൂലുണ്ടാക്കുമ്പോള്‍ തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് അമ്മൂമ്മ പാടുന്നു,മച്ചാനെ പാത്തീങ്കളാ.......അപ്പോള്‍ അമ്മൂമ്മയ്ക്ക് പൊടുന്നനെ പതിനേഴു വയസ്സായി, പ്രായം.

അമ്മൂമ്മ ഇളയരാജയുടെ കടുത്ത ആരാധികയാണ്. അദ്ദേഹം ഒരു വലിയ സംഭവമാണെന്നാണ് അമ്മൂമ്മ പറയുന്നത്. സപ്തസ്വരങ്ങള്‍ അദ്ദേഹത്തിനു പാദസേവയും ചെയ്തു താണു വണങ്ങി നില്‍ക്കുകയാണത്രെ! ഞാന്‍ അതിശയത്തോടെ അമ്മൂമ്മ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ സ്വരത്തിലെ ആരാധന, ബഹുമാനം, ആദരവ്.... അദ്ദേഹം എന്ന് പറയുമ്പോള്‍ തൊട്ടെടുക്കാവുന്ന അരുമ, ഭക്തി ...എങ്ങനെയാണ് ഇത്രമേല്‍ ഒരു സംഗീത സംവിധായകനെ , ഒരു കവിയെ, ഒരു നടനെ, ഒരു പാട്ടുകാരനെ, ഒരു നടിയെ, ഒരു ഗായികയെ ഒക്കെ സ്വന്തം പോലെ കരുതുന്നത്? അവരുടെ പഴയ മുഖ്യമന്ത്രി എഴുത്തുകാരനും സിനിമാക്കാരനുമായ ഒരു കലാകാരനായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരു പഴയകാല സിനിമാ നടിയായിരുന്നല്ലോ.

ഭാഷയുടെ പ്രത്യേകത മാത്രമാണോ എന്നറിയില്ല, തമിഴരുടെ പ്രയോഗങ്ങള്‍ പലപ്പോഴും അല്‍ഭുതപ്പെടുത്തുന്നവയാണ്. ദ്രാവിഡത്തനിമയുടെ സംസ്ക്കാരിക ഔന്നത്യം ഇതുമാതിരി ഭാഷാപ്രയോഗങ്ങളിലാവുമോ തമിഴ് മക്കള്‍ കാത്തു സൂക്ഷിക്കുന്നത്?

കൊച്ചുകുഞ്ഞിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം എന്നും അവര്‍ എന്നുമാണു പറയുന്നത്. 'അദ്ദേഹം രാവിലെ പാല്‍ കുടിച്ചില്ല, അവര്‍ ഞാനിറങ്ങുമ്പോള്‍ നിറുത്താതെ കരഞ്ഞു എന്നൊക്കെ പറയുന്നത് മൂന്നും നാലും വയസ്സുള്ള ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കുറിച്ചായിരിക്കും. വെറുതേ അവന്‍, അവള്‍ എന്നൊക്കെ മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നത് തികഞ്ഞ മര്യാദകേടായി വ്യാഖ്യാനിക്കപ്പെടുന്നു.സമവയസ്ക്കര്‍ പരസ്പരം അങ്ങനെ പറയാറില്ലെന്നല്ല, മുതിര്‍ന്നവര്‍ ഡേയ്, എന്നും ഡീ എന്നും കുട്ടികളെ വിളീക്കാറില്ലെന്നല്ല. എങ്കിലും പൊതുവേ മര്യാദയോടെയുള്ള ഭാഷാപ്രയോഗങ്ങള്‍ കേട്ടു നില്‍ക്കുക ആഹ്ലാദകരമാണ് . പച്ചക്കറിയും മറ്റും വില്‍ക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ എല്ലാവരുടേയും അമ്മമാരും ചേച്ചിമാരുമാണ്. പ്രത്യക്ഷത്തില്‍ തന്നെ കരുത്തരും ധനികരുമായ വന്‍ കക്ഷികളാണ് എന്ന് തോന്നിപ്പിക്കുന്നവര്‍ പോലും ചേച്ചീ, എന്നോ അമ്മേ എന്നോ ഒക്കെ തികഞ്ഞ മര്യാദയോടെ ആ പാവപ്പെട്ട സ്ത്രീകളോട് സംസാരിക്കുന്നത് കേട്ട് ഞാന്‍ അല്‍ഭുതപ്പെട്ടു നിന്നു. പണത്തിന്‍റെയും കരുത്തിന്‍റേയും ധാര്‍ഷ്ട്യം ആ ഭാഷയില്‍ പ്രകടമാകുന്നുണ്ടായിരുന്നില്ല. തീര്‍ച്ചയായും അത് മറ്റു പല മേഖലകളിലും സമൃദ്ധമായി വെളിപ്പെടുന്നുണ്ടാവുമെങ്കിലും.

ഈയിടെ പത്തുപതിനഞ്ചു വയസ്സുള്ള കുറച്ചു മലയാളി കുട്ടികളുടെ കൂടെ, അവരുടെ അഭ്യസ്തവിദ്യരായ മാതാപിതാക്കന്മാര്‍ക്കൊപ്പം സമയം ചെലവാക്കാന്‍ ഒരു അവസരമുണ്ടായി. ആ അനുഭവമാണ് സാധാരണ തമിഴന്‍റെ ഭാഷാപ്രയോഗങ്ങളെ കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ പ്രേരണയായത്.

കുട്ടികള്‍ നല്ല അറിവുള്ളവരായിരുന്നു. എന്തായാലും കുട്ടികളല്ലേ എന്ന് സാധാരണമായി മുതിര്‍ന്നവരുടെ പ്രതാപം കാണിച്ച്, നിസ്സാരമാക്കാന്‍ പറ്റാത്ത വിധത്തില്‍ സാമര്‍ഥ്യവും മിടുക്കുമുള്ള കുട്ടികള്‍. അവര്‍ ധാരാളം സംസാരിച്ചു. പല വിഷയങ്ങളെക്കുറിച്ചും മുതിര്‍ന്നവരേക്കാള്‍ വിവരവും വിജ്ഞാനവുമുണ്ടായിരുന്നു അവര്‍ക്ക് . പൊടുന്നനെയാണ് പായസത്തില്‍ കല്ലു കടിക്കുന്നതു പോലെ, ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച അവനെക്കുറിച്ച് കേള്‍ക്കേണ്ടി വന്നത്. ഞെട്ടല്‍ ഒതുക്കാനാവാത്ത അമ്പരപ്പില്‍ ഞാന്‍ കുട്ടികളെയും അവരുടെ അമ്മയച്ഛന്മാരെയും മിഴിച്ചു നോക്കി. അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവര്‍ക്ക് ജ്ഞാനപീഠം കിട്ടിയ മുതിര്‍ന്ന കവി മാത്രമല്ല, വിപ്ലവകാരിയും വൃദ്ധനുമായ രാഷ്ട്രീയനേതാവും ഭരത് അവാര്‍ഡ് നേടിയ നടനും , സപ്തസ്വരങ്ങളെ കൈയിലിട്ട് അമ്മാനമാടിയ സംഗീത സംവിധായകനും എല്ല്ലാം അവന്മാരാണ്. എഴുത്തുകാരികളും രാഷ്ടീയക്കാരികളും കലാകാരികളും എല്ലാം അവളുമാര്‍. അതില്‍ അവരുടെയൊന്നും പ്രായം ഒരു പ്രശ്നമല്ല, നമ്മുടെ നാട്ടിനും ഭാഷയ്ക്കും കലകള്‍ക്കും അവര്‍ നേടിത്തന്ന ബഹുമാനവും ആദരവും കീര്‍ത്തിയും പ്രശ്നമല്ല.കെ ആര്‍ ഗൌരിയമ്മയെ, സുഗതകുമാരിയെ ഒക്കെ അങ്ങനെ പരാമര്‍ശിക്കാന്‍ കഴിയുമെങ്കില്‍, പിന്നെ എന്തുപറയാനാണ് ?

പ്രൊഫസര്‍ എം കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ സിനിമാ നടീനടന്മാരെ എല്ലാവരും അവന്‍ എന്നും അവള്‍ എന്നും മാത്രം വിളിക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ എഴുതിയിട്ടുണ്ടായിരുന്നു. ജനങ്ങള്‍ക്ക് അവരോടുള്ള ആദരവു കുറവിനെയാണു അത് സൂചിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

കലാരചനകളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും നമുക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. ഉണ്ടാകാമെന്നല്ല തീര്‍ച്ചയായും ഉണ്ടാകണം. അവ നമ്മള്‍ വ്യക്തമായി ആര്‍ജ്ജവത്തോടെ, അന്തസ്സുറ്റ രീതിയില്‍ പ്രകടിപ്പിക്കുകയും വേണം. ഏതൊരു ഭാഷയും നിലനില്‍ക്കുക അടുത്ത തലമുറകളിലൂടെ കടന്നുപോവാനാവുമ്പോഴായിരിക്കുമല്ലോ. നമ്മുടെ ഭാഷാ സംസ്ക്കാരമായി അടുത്ത തലമുറ ഇതുപോലെയുള്ള പ്രയോഗങ്ങളെ സ്വീകരിച്ചാല്‍ മതിയോ?

നമ്മുടെ ഭാഷയ്ക് ക്ലാസിക്കല്‍ പദവി ഇനിയും അനുവദിച്ച് കിട്ടേണ്ട ഒന്നാണ്. അതിനുവേണ്ട പല പരിശ്രമങ്ങളൂം നടന്നുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ നമ്മുടെ ഭാഷാ പ്രയോഗങ്ങള്‍ ആദരവോടെ അന്തസ്സുള്ളവയാക്കാന്‍ നമ്മള്‍ മാത്രം പരിശ്രമിച്ചാല്‍ മതിയാകും. സാക്ഷരതയില്‍ ഒന്നാമതായ നമുക്ക് അല്‍പം ശ്രദ്ധയുണ്ടായാല്‍ മതിയാകും. അപ്പോള്‍ നമ്മുടെ കുട്ടികളും നല്ല ഭാഷാ സംസ്ക്കാരം സ്വന്തമാക്കും.

Thursday, August 23, 2012

ചാരിറ്റി ബിഗിന്‍സ്........


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തി 2012 ജൂണ്‍ 30 ന് പ്രസിദ്ധീകരിച്ചത് )
എന്‍റെ.... എന്‍റെ മാത്രം എന്ന് ഈ പ്രപഞ്ചത്തിലൊന്നിനെയും കരുതുവാ പാടില്ലെന്നും എല്ലാം പങ്കുവെയ്ക്കാനുള്ള മനസ്സു വളര്‍ത്തിയെടുക്കണമെന്നും നിരന്തരമായി ഓര്‍മ്മപ്പെടുത്തപ്പെട്ട ഒരു ബാല്യകാലമാണു എനിക്കുണ്ടായിരുന്നത്. ആഹാരവൂം പാനീയങ്ങളൂം കഴിക്കുന്നതില്‍ പോലും അതുമായി ബന്ധപ്പെട്ട കൃത്യമായ ചിട്ടകളും രീതികളുമുണ്ടായിരുന്നു. പഴങ്ങളോ പലഹാരങ്ങളോ ശര്‍ക്കര കഷ്ണങ്ങളോ ഒന്നും കടിച്ചൂ തിന്നുവാന്‍ പാടില്ല. പകരം ചെറു കഷണമായി പൊട്ടിച്ച് ഒട്ടും എച്ചിലാക്കാതെ മാത്രമേ കഴിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. വെള്ളം പോലും ഗ്ലാസി നിന്ന് മൊത്തിക്കുടിക്കുവാ അനുവാദമുണ്ടായിരുന്നില്ല. കഴിക്കുന്ന പലഹാരവും കുടിക്കുന്ന വെള്ളവും പെട്ടെന്ന് അത്യാവശ്യമായി തീരുന്ന മറ്റൊരാള്‍ക്ക് ആ സമയത്ത് തന്നെ കൈമാറാൻ തയാറായിരിക്കണമെന്ന ഉപദേശവൂം എപ്പോഴും കിട്ടിയിരുന്നു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളില്‍നിന്നും എപ്പോഴും പങ്കു പറ്റിക്കഴിയുന്ന നമ്മൾ അങ്ങനെ എക്സ് ക്ലൂസീവ് ആകുന്നത് ഒട്ടും ശരിയല്ലെന്നതിന്‍റെ ആദ്യ പാഠമായിരുന്നു എനിക്കത്. ചെറുപ്പകാലങ്ങളി തീര്‍ത്താ തീരാത്ത വിരോധവും അമര്‍ഷവും മാത്രമേ ഇത്തരം നിര്‍ബന്ധിത ശീലങ്ങ എന്നിലുളവാക്കിയിരുന്നുള്ളൂവെങ്കിലും.
എല്ലാമുണ്ടെങ്കിലും അതിലെന്തെങ്കിലും പങ്കുവെക്കാനുള്ള മനസ്ഥിതി ഉണ്ടാവുന്നത് ലപ്പോഴും അപൂര്‍വമായ ഒരു നന്മ തന്നെയായിരുന്നു ഏതു ദേശത്തും എല്ലാ കാലത്തും. കൊടുക്കുന്നതിലേയും എടുക്കുന്നതിലേയും പ്രാധാന്യങ്ങളിലാകട്ടെ ധനവാനും ദരിദ്രനും കിട്ടിപ്പോരുന്ന പരിഗണനകള്‍ക്ക് തമ്മിൽ മറ്റെല്ലാറ്റിലുമെന്നതു പോലെ വലിയ വ്യത്യാസങ്ങളുമുണ്ട്.
ഒരു സ്ഥലത്ത് എന്തെങ്കിലും,അത് പണമോ കെട്ടിടമോ ആഹാരമോ എന്തായാലും വളരെ അമിതമായി കുന്നുകൂടുന്നത് മറ്റൊരു സ്ഥലത്ത് അവ അത്യാവശ്യത്തിനു പോലും ലഭ്യമാവാതിരിക്കുമ്പോഴാണ്. ഈശ്വരന്‍റെ അനുഗ്രഹമാണ്,ആ പ്രത്യേക വ്യക്തിയുടെ അതി കഠിനമായ അധ്വാനഫലമാണ്, ആര്‍ക്കുമില്ലാത്ത ബുദ്ധിയും കഴിവും ഉള്ളതുകൊണ്ടാണ്, എന്നൊക്കെപ്പറഞ്ഞു എത്ര ന്യായീകരിക്കാന്‍ പരിശ്രമിച്ചാലും ഫ്രഞ്ചു ചിന്തകനായ റൂസ്സോവിന്‍റെ വാക്കുകളില്‍ പറയുന്നത് പോലെ ഓരോ വന്‍ സമ്പത്തിന്‍റെ പുറകിലും മറഞ്ഞിരിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. എങ്കിലും അതിസമ്പന്നന്‍റെ ഔദാര്യത്തേയും ദാനശീലത്തേയും എത്രവേണമെങ്കിലുംവാഴ്ത്തിപ്പാടാന്‍ എല്ലാവരും തയാറായിരിക്കും. കുന്നുകൂടിയിട്ടുള്ള എന്തിന്‍റേയും വളരെ ചെറിയതും അതീവനിസ്സാരവുമായ ഒരു ശതമാനം മാത്രമാവും സൌജന്യമായി ചാരിറ്റി എന്ന ഓമനപ്പേരില്‍ നല്‍കപ്പെടുന്നത്. ഒരു കുന്നിന്‍ താഴ്വാരത്തിലെ ഖനിജങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയശേഷം അവിടെ ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുന്നതു മാതിരി ,അല്ലെങ്കില്‍ ഒരു നാടിന്‍റെ മുഴുവന്‍ ജീവിതമായ നദിയെ സ്വന്തമാക്കിയശേഷം കുറച്ച് കൂള്‍ബാറുകള്‍ നടത്തുന്നതു പോലെ.........എങ്കിലും വാഴ്ത്തുപാട്ടുകള്‍ ആരുടേയും മനംകുളിര്‍പ്പിക്കും.മക്കളുവലുതായി കുറെ പൈസയുണ്ടാക്കീട്ട് അദ്ദേഹത്തെപ്പോലെ ഇല്ലാത്തവര്‍ക്ക് എന്തെങ്കിലുമൊക്കെ കുറച്ച് ചെയ്യണം.എന്നു മകനെ ഉപദേശിക്കുന്ന എല്ലാ അമ്മമാരും അച്ഛന്മാരും ഈ വാഴ്ത്തു പാട്ടുകളില്‍ മനം മയങ്ങിപ്പോകുന്നവരാണ്. ഒരു ദീര്‍ഘ നിശ്വാസത്തോടെ അവര്‍ വാക്കുകള്‍ ഇങ്ങനെ ഉപസംഹരിക്കുംഒന്നുമില്ലെങ്കിലും പുണ്യം കിട്ടുമല്ലോ.
ഒന്നും പ്രതീക്ഷിക്കാതെയാണു സേവനങ്ങളെല്ലാം ചെയ്യുന്നതെന്ന് പറയുമ്പോഴും കുറഞ്ഞ പക്ഷം പുണ്യമോ സ്വര്‍ഗ്ഗരാജ്യമോ സല്‍പ്പേരോ ഒക്കെ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നത് വാസ്തവമാണ്. ഞാന്‍ ചെയ്യുന്ന ഇമ്മാതിരി സേവനങ്ങള്‍ ആരെയുംഅറിയിക്കാറില്ല’‘ ഇടതുകൈ ചെയ്യുന്നത് വലതു കൈ അറിയാറില്ല എന്ന് പറയുന്നവര്‍ക്ക് പോലും പുണ്യവും സ്വര്‍ഗ്ഗരാജ്യവും ഒക്കെ വലിയ പ്രലോഭനങ്ങളാകാറുണ്ട്. തന്‍റെ പ്രവൃത്തി കൊണ്ട് ഒരാളുടെ വേദനയ്ക്ക് അല്‍പ്പം കുറവു വരുന്നതിനൊപ്പം,നമുക്കും ഒരു നന്മയുണ്ടാകുന്നുണ്ടല്ലോ എന്ന ആശ്വാസം. വലിയ ദുരിതങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്കായി ഞാനും എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന മനസ്സമാധാനം. അതൊക്കെയാവണം ഈ സൌജന്യ സേവനങ്ങളില്‍ നിന്ന് നമുക്ക് കിട്ടിപ്പോരുന്നത്. ആത്യന്തികമായി ഈ സേവനങ്ങളെല്ലാം തന്നെ മനുഷ്യ നന്‍മയിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും അതുകൊണ്ടാവണം.
പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍,യുദ്ധവും ആഭ്യന്തര ലഹളകളും ഉണ്ടാവുമ്പോള്‍, പട്ടിണിയും   ദാരിദ്ര്യവും പകര്‍ച്ച വ്യാധികളും നടമാടുമ്പോള്‍ എല്ലാം മനുഷ്യ നന്മ പണമായും ആഹാരമായും വസ്ത്രമായും മരുന്നായും മറ്റും ഒഴുകിയെത്തുന്നത് നമ്മള്‍ കണ്ടീട്ടൂണ്ട്. എന്നാല്‍ തൊട്ടപ്പുറത്തെ ദരിദ്രരും നഗ്നരും രോഗികളും കൈ നീട്ടുമ്പോള്‍ ഈയളവില്‍ സഹാനുഭൂതി എല്ലാവരിലും ഉണരാറില്ല. കേടു വന്ന ഭക്ഷണവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും മറ്റും യാതൊരു വിഷമവുമില്ലാതെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്. നമുക്കാവശ്യമില്ലാത്തതിനെയെല്ലാം നമ്മള്‍ ഉപയോഗിക്കാന്‍ തയാറാവാത്തതിനെയെല്ലാം ഒഴിവാക്കിയെടുക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായി ഇവിടെ എല്ലാവരാലും വാഴ്ത്തപ്പെടുന്ന ചാരിറ്റി അധപതിക്കുന്നു.
സൌജന്യ സഹായം സ്വീകരിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ചു നേരിട്ടൊരു അനുഭവമുണ്ടായതും കൂടി ഇത്തരുണത്തില്‍ ഓര്‍മ്മിയ്ക്കാതിരിയ്ക്കാനാവുന്നില്ല. ഉത്തരാഖണ്ഡിലേ ഭൂകമ്പ ബാധിതരായ, സമസ്തവും നഷ്ടപ്പെട്ട ദരിദ്ര മനുഷ്യരാണു ഗതികേടിന്‍റെയും നിസ്സഹായതയുടെയും ആത്മാഭിമാനക്കുറവിന്‍റെയുമായ ആ മാനസികാവസ്ഥയെക്കുറിച്ച് കണ്ണീരോടെയും അടഞ്ഞു പോയ തൊണ്ടയോടെയും സംസാരിച്ചത്. തീര്‍ത്തും അപരിചിതമായ ആഹാരത്തിന്‍റെയും വസ്ത്രങ്ങളുടേയുമെല്ലാം കൂമ്പാരം കൂടിയ സൌജന്യസഹായസേവനങ്ങള്‍ക്കുള്ളില്‍ അതീവ നിഷ്ക്കളങ്കമായ നന്ദിയോടെ നില്‍ക്കുമ്പോഴും സഹായം തേടിക്കൊണ്ടുള്ള ജീവിതത്തെക്കാള്‍ അധ്വാനിച്ച് അഭിമാനമായി കഴിയാനാവുന്ന ജീവിതമാണു അവര്‍ താല്‍പര്യപ്പെട്ടത്. അക്കാര്യത്തില്‍ പ്രത്യേകമായി ഗവണ്മെന്‍റിനും സന്നദ്ധ സംഘടനകള്‍ക്കും എന്തുചെയ്യാനാകും എന്നറിയാനായിരുന്നു ആ ഗ്രാമീണര്‍ ആഗ്രഹിച്ചത്. ധനം ഇല്ലാത്തവര്‍, മാത്രമല്ല എന്തു തന്നെ ഇല്ലാത്തവരായായാലും സമൃദ്ധമായുള്ളവരില്‍നിന്നും വല്ലപ്പോഴും ലഭ്യമാകുന്ന സൌജന്യം സ്വീകരിച്ച് കഴിഞ്ഞുകൂടുമെന്നും സ്വന്തമായി അധ്വാനിച്ച് ഒന്നും നേടുകയില്ലെന്നും പറയുന്നത് വെറുതെയാണെന്ന് ആ പാവപ്പെട്ടവര്‍ വിളിച്ചു പറയുകയായിരുന്നു.
വാങ്ങുന്നവരേക്കാള്‍ ആവശ്യം കൊടുക്കുന്നവര്‍ക്കായിത്തീരുന്ന ഒന്നായി മാറുന്നു ചാരിറ്റി, പലപ്പോഴും. എങ്ങനെയും പണമുണ്ടാക്കുകയും അതില്‍ ഒരു ചെറിയ ഭാഗം പാവപ്പെട്ടവര്‍ക്കായി ചെലവഴിച്ച് പുണ്യം നേടാമെന്ന് കരുതുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. പുണ്യം നേടുന്നത് മോശമായ പ്രവൃത്തിയാണെന്നല്ല. കൊടുക്കുന്നവരെ സംബന്ധിച്ച് എപ്പോഴും നല്‍കാന്‍ കഴിവുള്ളവര്‍ എന്ന ഉയര്‍ച്ചയും വാങ്ങുന്നവര്‍ക്ക് കൈ നീട്ടി വാങ്ങാനല്ലാതെ ഒന്നും നല്‍കാന്‍ കഴിവില്ലാത്തവര്‍ എന്ന താഴ്ചയും എന്തായാലും ചാരിറ്റിയില്‍ സംഭവിക്കുന്നുണ്ട്. അതിനേക്കാള്‍ എന്തുകൊണ്ടും അഭിലഷണീയമായത് ഓരോ മനുഷ്യര്‍ക്കും ആത്മാഭിമാനത്തോടെ നട്ടെല്ലു നിവര്‍ത്തി നിന്ന് സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ നേടുന്നതിനുള്ള പരസ്പര സഹായമാണ്. പഴയ ഉടുപ്പുകളുടേയോ. ജന്മദിനപ്പാര്‍ട്ടികളുടേയോ ഉല്‍സവ ദിനങ്ങളില്‍ വിളമ്പുന്ന സദ്യയുടേയോ ദാനമായി മാത്രം ആ സഹായം ഒതുങ്ങിപ്പോകരുത്. ജീവിതത്തെ നേരിടുവാന്‍ ആത്മ വിശ്വാസം ഉള്ളവര്‍ക്ക് ഒരു തരത്തിലുള്ള ചാരിറ്റിയും സ്വീകരിക്കേണ്ടിവരില്ലല്ലോ. അതിനുള്ള ധൈര്യവും കരളുറപ്പും പരസ്പരം വളര്‍ത്താന്‍ സഹായിക്കുന്നതാവണം ഒരു ജനതയെന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ട ചാരിറ്റി. ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്‍ക്കുന്ന ഒരു ജനതയുടെ രാജ്യമാവണം നമ്മുടേത്.