Thursday, September 19, 2019

അമ്മച്ചിന്തുകൾ 47

                                       
ദുരിതപൂർണമായിരുന്നു ആ വർഷം മുഴുവനും.. പരീക്ഷകൾ മോശമായത് മാത്രമല്ല, ഞങ്ങൾ ഓരോരുത്തരും ക്രമമായി സ്വന്തം ജീവിതനരകങ്ങളിലേക്ക് നീങ്ങിപ്പോകുന്നതിൻറെ തുടക്കവുമായിരുന്നു അത്.

എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും അറിയിച്ച ഒരു ചെറുപ്പക്കാരൻ വാഹനാപകടത്തിൽ മരണപ്പെടുന്ന അനുഭവം ഉണ്ടായത് പരീക്ഷ യോടടുപ്പിച്ചാണ്. മരണത്തിലൂടെ അയാൾ എൻറെ നിത്യവേദനയായി മാറി. അയാളുടെ സ്നേഹത്തെ വേണ്ട ത്ര ആത്മാർഥമായി എടുത്തില്ലെന്ന തോന്നൽ എന്നെ എപ്പോഴും കുറ്റബോധത്തിലെത്തിക്കാറുണ്ട്. ഹൃദയാർപ്പണം ചെയ്യുമ്പോൾ അവിശ്വസിച്ചതും ഇയാൾക്ക് വേറേ പണിയൊന്നുമില്ലേ എന്ന് കരുതിയതും തെറ്റായിപ്പോയിയെന്ന് ഞാൻ വേദനിച്ചു. പ്രീഡിഗ്രിയെന്നല്ല, പിന്നീട് ഞാൻ എഴുതിയ ഒരു പരീക്ഷയും നന്നായില്ല. എൻറെ അധ്യാപകരുടെ പ്രതീക്ഷകൾ ക്കൊത്തുയരാൻ ജീവിതത്തിലൊരിക്കലും എനിക്ക് കഴിഞ്ഞതുമില്ല.

അയാളെപ്പറ്റി ഒന്നും അച്ഛനറിഞ്ഞില്ല. അത് ഭാഗ്യമായെന്ന് ഞാൻ കരുതീട്ടുണ്ട്. കുറച്ചുകാലത്തേ പരിചയമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അയാൾ ഈ ഭൂമി വിട്ടു പോയല്ലോ.

അയാൾ ഒന്നും പറയാതെ ഒരു നിമിഷത്തിൽ ഇല്ലാതായപ്പോഴാണ് എൻറെ മനസ്സ് കുറ്റബോധം കൊണ്ട് വിങ്ങിയത്. ആത്മാർഥതയേയും സ്നേഹത്തേയും വേണ്ടത്ര നന്നായി മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ലെന്ന് ഞാൻ എന്നും എന്നെ കുറ്റപ്പെടുത്തി. ജീവിതത്തിൽ ഓരോരോ സ്നേഹനിരാസങ്ങളിലും അപമാനങ്ങളിലും നിന്ദകളിലും പെട്ടുഴലുമ്പോൾ അയാളുടെ സ്നേഹത്തെ വേണ്ടപ്പോൾ വേണ്ട രീതിയിൽ മനസ്സിലാക്കിയില്ലല്ലോ പിശാചേ നീ, എന്ന് എന്നിലെ ഞാൻ എന്നിലെ എന്നെ ശപിച്ചു ഭസ്മമാക്കാൻ ആശിച്ചു.

ആ ഓർമ്മയെ ഞാനിങ്ങനെ കുറിച്ചിട്ടിട്ടുണ്ട്.

നീല ഡയലുള്ള വാച്ച് .

തിരക്കേറിയ നഗര വീഥിയിലേയ്ക്കാണ് കോളേജിന്റെ മെയിൻ ഗേറ്റ് തുറക്കുന്നത്. അവിടെ ആരെങ്കിലും കാത്ത് നിന്നാല്‍ പോലും കാണാൻ വിഷമമാണ്. റോഡ് മുറിച്ച് നടന്ന് പുരാതനവും അതീവ വിസ്തൃതവുമായ മൈതാനം താണ്ടി മാത്രമേ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പോകാനാവൂ. കോളേജ് വിട്ടാൽ ഒറ്റ മിനിറ്റ് പോലും പാഴാക്കാതെ അങ്ങോട്ട് ഓടണം, എത്തേണ്ട താമസം ക്ലാസ്സ് തുടങ്ങുകയായി.

ഭാവി ഡോക്ടർമാരും എൻജിനീയർമാരും ശ്രദ്ധിച്ചിരുന്ന് പഠിയ്ക്കുകയും ധിറുതിയിൽ നോട്ട് കുറിയ്ക്കുകയും ചെയ്യും.

എനിക്ക് വലിയ ആശയൊന്നുമുണ്ടായിരുന്നില്ല, ഒരു ഡോക്ടറാകാൻ. പക്ഷേ, അമ്മയ്ക്ക് ഞാന്‍ ഡോക്ടറാകണമെന്നുണ്ടായിരുന്നു. ഞാൻ മെഡിസിനു പഠിയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ് അമ്മയെ വേദനിപ്പിയ്ക്കാൻ കഴിയില്ല. അതു കൊണ്ട് മാത്രം ഞാന്‍ ആത്മാർത്ഥമായി ശ്രമിച്ചു പോന്നു.

ഒരു ദിവസം പച്ചപ്പുല്ലു നിറഞ്ഞ മൈതാനത്തിലൂടെ, തുമ്പികളും ചിത്രശലഭങ്ങളും ആഹ്ലാദത്തോടെ പാറിപ്പറക്കുന്നതും ശ്രദ്ധിച്ച് നടക്കുമ്പോഴാണ് നീല ഡയലുള്ള വാച്ച് കെട്ടിയ ഒരു കൈത്തണ്ട വഴി തടഞ്ഞത്. ഞാന്‍ ഞെട്ടുകയും വിളറുകയും വല്ലാതെ ഭയപ്പെടുകയും ചെയ്തു. ആ പരിഭ്രാന്തിയില്‍ കുനിഞ്ഞു പോയ തല ഉയർത്തി ‘ആരാണിത്‘ എന്നു രൂക്ഷമായി നോക്കാൻ ഒരു മിനിറ്റ് താമസിച്ചു പോയി.

അപ്പോഴേയ്ക്കും അതീവ മൃദുലമായ ഒരു ശബ്ദം എന്നെ തേടിയെത്തി. അത്ര മേൽ മൃദുലമായ, കാരുണ്യവും ദയയുമുള്ള, പൌരുഷം തുളുമ്പുന്ന ഒരു ശബ്ദം ഞാന്‍ അതു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. ക്രോധവും പുച്ഛവും പരിഹാസവും മാത്രം നിറഞ്ഞ ആൺ ഒച്ച കേട്ട് പരിചയിച്ചിരുന്ന എന്‍റെ കാതുകൾക്ക് ആ വാക്കുകൾ സംഗീതമായി തോന്നി.

‘ഞാൻ.... എൻജീനിയറിംഗിനു പഠിയ്ക്കുന്നു. ലാസ്റ്റ് സെമസ്റ്ററായി.’

എന്നില്‍ വിയർപ്പു പൊട്ടി. ശരീരത്തില്‍ ആവി ഉയര്‍ന്നു. ഹൃദയം ഇടിക്കുന്നത് നെഞ്ചിനു പുറത്തായിത്തീര്‍ന്നു.

‘താൻ ഇപ്പോഴേ ഇങ്ങനെ ഭയന്നാലോ? ഞാനൊന്നും പറഞ്ഞില്ലല്ലോ ഇതു വരെ.‘

ഞാന്‍ തലയുയർത്തി, പ്രയാസത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി. സ്നേഹവും കരുണയും തുളുമ്പുന്ന കണ്ണുകളാണ് അയാളുടേതെന്ന് എനിക്ക് തോന്നി . അല്പം കുഴിഞ്ഞ കവിളുകളും കുറച്ച് വളർന്ന മുഖ രോമങ്ങളും നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളും കിളരം കൂടിയ അയാൾക്ക് സുന്ദരമായ ഒരു വിഷാദച്ഛായ നൽകുന്നുണ്ടായിരുന്നു.

എന്‍റെ ശബ്ദം വിറ പൂണ്ടിരുന്നു.

‘എന്റെ വഴി തടയുന്നതെന്തിനാണ്?‘ ചോദിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തല ചുറ്റുന്നതു മാതിരിയുണ്ടായിരുന്നു. കുറച്ചു നേരം കൂടി നിന്നാൽ അവിടെത്തന്നെ ഉരുണ്ട് വീണു മരിച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.

‘ എനിയ്ക്ക് തന്നെ ഇഷ്ടമാണെന്നു പറയാൻ. പഠിത്തം കഴിഞ്ഞാൽ തനിക്കൊപ്പം ജീവിക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവെന്ന് പറയാൻ‘

ഞാന്‍ ശരം വിട്ടതു പോലെ നടന്നു, അല്ല. ഓടി. ട്യൂഷൻ ക്ലാസ്സിൽ ചെന്ന് ഒന്നു രണ്ട് ഗ്ലാസ്സ് നിറയെ പച്ചവെള്ളം കുടിച്ചു. എന്നിട്ടും ശരീരമാകമാനം വ്യാപിച്ച വേവുന്ന ചൂട് തണുത്തില്ല. അന്ന് പഠിപ്പിച്ച യാതൊന്നും തന്നെ എനിക്ക് മനസ്സിലായില്ല.

ഈ ആൺകുട്ടികൾക്ക് വേറെ ഒരു ജോലിയുമില്ലേ? ഒപ്പം ജീവിയ്ക്കാൻ നടക്കുന്നു!

എനിക്ക് ഒപ്പം ജീവിക്കുക എന്നു കേൾക്കുന്നതേ പേടിയാണ്. പഠിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയെയും കൊണ്ട് വേറെ ഏതെങ്കിലും ഒരു നാട്ടിൽ പോയി താമസിയ്ക്കണമെന്നാണ് എന്‍റെ ആഗ്രഹം. പത്മരാജന്‍റെ ഒരു സിനിമയിലെപ്പോലെ ദൂരെ ദൂരെ സേഫായ ഒരു സ്ഥലത്ത്…………ആ നാട്ടിൽ ഞാനും അമ്മയും കൂടി ഭയമില്ലാതെ കളിച്ചു ചിരിച്ച് തമാശയൊക്കെ പറഞ്ഞ് സന്തോഷമായി ജീവിയ്ക്കും. നല്ല ഭക്ഷണമുണ്ടാക്കി ആഹ്ലാദത്തോടെ കഴിയ്ക്കും, പ്ലേറ്റുകൾ വലിച്ചെറിയാൻ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ ഊണുമുറി. ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട്, അമ്മ പറയുന്ന കഥകൾ ശ്രദ്ധിച്ച്, കൈകാലുകള്‍ കൊണ്ട് കലഹിക്കാന്‍ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ കിടപ്പുമുറി.

മുതിര്‍ന്നു വരുന്തോറും അച്ഛനും അമ്മയും തമ്മിലൂള്ള കലഹങ്ങള്‍ എനിക്ക് താങ്ങാവുന്നതിനപ്പുറമായിത്തീര്‍ന്നു കഴിഞ്ഞിരുന്നു. എന്തുകാരണമായാലും അച്ഛന്‍ അമ്മയോട് ശാരീരികമായി കലഹിക്കുന്നത് എനിക്കൊരിക്കലും ക്ഷമിക്കാന്‍ സാധിച്ചില്ല.

നാളെ അയാളെ കണ്ടാൽ മുഖത്ത് നോക്കി ഉറപ്പിച്ച് പറയും. പോയി പണി നോക്കാൻ, ഒരുത്തൻ ഇഷ്ടപ്പെടാനും ഒപ്പം ജീവിയ്ക്കാനും ഇറങ്ങിയിരിയ്ക്കുന്നു!

എങ്കിലും രാത്രി വളരെ വൈകുന്നതു വരെ നീല ഡയലുള്ള വാച്ച് കെട്ടിയ കൈത്തണ്ട മനസ്സിനെ ശല്യം ചെയ്തു കൊണ്ടിരുന്നു.

പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അനു ഒരു കള്ളച്ചിരിയുമായി അടുത്ത് വന്നു.

‘ഇന്നലെ നിന്നെ കല്യാണം കഴിയ്ക്കാനൊരാളു വന്നെന്ന് കേട്ടല്ലോ.’

നല്ല ഗൌരവത്തിൽ അവളുടെ മുഖത്ത് തറപ്പിച്ചു നോക്കി.അവൾ യാതൊരു ഭാവഭേദവുമില്ലാതെ പിന്നെയും ചിരിച്ചു.

‘നീ എന്നെ നോക്കി പേടിപ്പിയ്ക്കണ്ട, പാവം! അയാൾ എന്റെ നെയ്ബറാണ്. എത്ര കാലമായി നിന്നെ സ്വപ്നം കാണുന്നുവെന്നറിയാമോ? ഇന്നലെ അങ്ങു തുറന്നു പറഞ്ഞു പോയി. അത്രയേയുള്ളൂ.‘

‘എനിയ്ക്ക് കേൾക്കണ്ട‘ നല്ല കടുപ്പത്തിലാണ് മറുപടി പറഞ്ഞത്.

പെട്ടെന്ന് അനുവിന്റെ മുഖം കർക്കശമായി.

‘നീ കേൾക്കണം. കേട്ടേ തീരു. എടീ കഴുതേ, ഈ ലോകത്തിലെ വീടുകളെല്ലാം നിന്‍റെ വീടു പോലെയാണോ?

ഒരിക്കലുമല്ല. സ്നേഹവും മര്യാദയും ദയയും ഒക്കെ വീട്ടിലും ധാരാളാമായി പ്രകടിപ്പിക്കുന്ന സാധാരണ മനുഷ്യരും പിറന്നിട്ടുണ്ട് ഈ ഭൂമിയില്. അയാൾ അങ്ങനൊരു മനുഷ്യനാണ്.’

ഒന്നും പറയാൻ തോന്നിയില്ല.

‘അയാൾക്ക് ഒരു ജോലി കിട്ടട്ടെ, അയാളുടെ അമ്മ നിന്റെ വീട്ടിൽ വരും. നിന്റെ പനങ്കുലത്തലമുടി കണ്ട് ആ പാവം ചെറുക്കന്റെ ഞരമ്പുകളൊക്കെ തളർന്ന് പോയിരിയ്ക്കാണ്. അപ്പോഴാണ് അവളുടെ ഒരു ഗമ. ഞാനയാളെ പ്രേമിച്ചേനെ, പണ്ടേ. അതിനയാൾക്ക് എന്നോട് പ്രേമം വരില്ല. ഫ്രോക്കിട്ട് നടന്ന കാലം മുതൽ അറിയണത് കൊണ്ട് അയാൾക്ക് എന്നോട് വാത്സല്യാത്രെ, പ്രേമം നഹി. നിന്നെപ്പോലെ ഒരു അരസികയെയാണ് അയാൾക്കിഷ്ടം.’

ഇതൊക്കെ കേൾക്കാൻ രസമുണ്ട്. സങ്കല്‍പ്പിക്കാന്‍ സുഖമുണ്ട്. അതു മതി. കൂടുതൽ ഒന്നും ആവശ്യമില്ല.

എങ്കിലും എന്നും വൈകുന്നേരം മൈതാനത്തിലെത്തുമ്പോഴേയ്ക്കും കണ്ണുകൾ അയാളെ തേടുവാൻ തുടങ്ങി. നേരത്തെ കണ്ടു കഴിഞ്ഞാൽ കാണാത്ത ഭാവത്തിൽ പോകുകയുമാകാമല്ലോ.എന്നിലെ ആ കള്ളത്തരം എന്നെ അമ്പരപ്പിക്കാതിരുന്നില്ല. പരസ്പരം കാണുന്ന നിമിഷത്തിൽ ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ മുഖം കുനിയ്ക്കുകയോ കണ്ണുകൾ പിൻ വലിയ്ക്കുകയോ ചെയ്തു പോന്നു.

പതുക്കെ പതുക്കെ പരിഭ്രമം കുറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ ഞാന്‍ എന്നെ അറിയാതെ ചിരിച്ചു പോയി . ആ നിമിഷത്തിൽ അയാളുടെ കണ്ണുകൾ പ്രകാശിച്ചു. അത്രയും തിളക്കമുള്ള ഒരു മന്ദഹാസം ഞാന്‍ അന്നു വരെ കണ്ടിരുന്നില്ല. വിസ്മയത്തില്‍ എന്‍റെ കണ്ണുകൾ മിഴിഞ്ഞ് വിടർന്നു.

അയാൾ അടുത്ത് വന്നു പറഞ്ഞു.

‘ഓ, ഒന്നു ചിരിച്ചുവല്ലോ. ഭാഗ്യം!‘

അത് പതിവായി, ഒരു ചെറിയ ചിരി. അപ്പോൾ ആ കണ്ണുകളിൽ പരക്കുന്ന ദീപ്തി ……… എനിക്ക് നിഗൂഢമായ ആഹ്ലാദം തോന്നുവാൻ തുടങ്ങി. എന്‍റെ മണിക്കൂറുകളിൽ നെറ്റിയിലേക്ക് മുടി വീണു കിടക്കുന്ന അയാളുടെ മുഖം സ്ഥാനം പിടിച്ചു. ലോകം ഞാന്‍ കരുതിയിരുന്നത്രയും നിറം കെട്ടതല്ല. പ്രഭാതത്തിന് അമ്മയുടെ കലങ്ങിയ കണ്ണിന്റേതല്ലാത്ത ഒരു ചുവപ്പ് നിറമുണ്ട്, കിളികളുടെ പാട്ടിന് തേങ്ങലിന്റേതു മാത്രമല്ലാത്ത ഒരു ഈണമുണ്ട്, ജനല്‍ കര്‍ട്ടന്‍ തട്ടിത്തെറിപ്പിക്കുന്ന കാറ്റിനു പൂക്കളൂടെ സുഗന്ധമുണ്ട്. ഓങ്ങിവരുന്ന കൈയിനും കൂടി അപരിചിതമായ ഒരു മൃദുലതയുണ്ട്, നിലാവിന് കണ്ണീരിന്റെ തിളക്കത്തിലും വെള്ളിച്ചായം പുരട്ടുവാൻ കഴിയും…….

ഉറങ്ങാൻ തുടങ്ങുമ്പോൾ ഞാന്‍ തലയിണയോട് മന്ത്രിച്ചു, ‘ ഞാൻ ഉറങ്ങീ…..നീയോ? പഠിച്ചതു മതി, ഇനി ഉറങ്ങിക്കോളൂ...ഇല്ലെങ്കില്‍ ക്ഷീണമാവും..’

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി, ഞാന്‍ അയാളോട് ഒരുപാട് സംസാരിയ്ക്കുന്നുണ്ടെന്ന്. ആരും കാണാതെ, ആരും കേൾക്കാതെ, മറ്റാർക്കും മനസ്സിലാവാത്ത ഭാഷയിൽ അയാളോടു മാത്രമായി …….ഞാന്‍ ആരും കാണാതെ ചിരിച്ചു, കരഞ്ഞു, ചിലപ്പോൾ നാണിച്ചു….മടിച്ചു മടിച്ച് വിരൽ നീട്ടി അയാളെ തൊട്ടു. കുളിമുറിയിൽ നിൽക്കുമ്പോൾ മാറു മറയും വിധം തോർത്തുടുത്തു. എന്നിട്ടും അയ്യേ! എന്ന് എന്നോടു തന്നെപലകുറി മന്ത്രിച്ചു. എല്ലായ്പോഴും അയാൾ അരികിലുണ്ടെന്ന തോന്നലിൽ തനിച്ച്, എന്ന ഭീതിയും ആകുലതയും, എന്നിൽ നിന്നൂർന്നു പോയി. അന്നുവരെ എനിക്കപരിചിതമായിരുന്ന ഒരു മധുരമുള്ള ലജ്ജ എത്ര ശ്രമിച്ചാലും ഊരി മാറ്റാനാവാത്ത നനുത്ത കുപ്പായമായി എന്നെ പൊതിഞ്ഞു.

മനസ്സ് ഓളം വെട്ടിയപ്പോഴും ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ചന്ദ്രനിൽ നിന്നിറങ്ങി വരുന്ന രാജകുമാരനെക്കുറിച്ച് , രാജകുമാരന്‍ കാണിയ്ക്കുന്ന സുന്ദരസ്വപ്നങ്ങളെക്കുറിച്ച്, ലോകത്തിന് പെട്ടെന്ന് മഴവിൽ വർണ്ണം പകർന്നതിനെക്കുറിച്ച്….

ഭയമുണ്ടായിരുന്നു, ഉള്ളിൽ. രാജകുമാരൻ വന്നതു പോലെ പ്രകാശ വീചികളുടെ തേരിൽ ഒന്നും പറയാതെ തിരിച്ചു പോയാലോ. വീണ്ടും തനിച്ചായിപ്പോയാലോ..ഈ അരുമയുള്ള ആനന്ദം തൽക്കാലം ആരോടും പറയേണ്ട..

പരീക്ഷാക്കാലം ആരംഭിക്കുകയായിരുന്നു. കോളേജില്‍ ഓട്ടോഗ്രാഫുകള്‍ കണ്ണീര്‍പ്പുഴകളില്‍ നീന്തുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസങ്ങളും ശോകഗാനങ്ങളും കോളേജിനെ നീലിമയോലുന്ന വിഷാദത്തിലാഴ്ത്തിയിരുന്നു.

അവസാനത്തെ ക്ലാസ്സിന്‍റെ ദിവസം ... അന്ന് അയാള്‍ എന്‍റൊപ്പം മൈതാനത്തിലൂടെ നടക്കുവാന്‍ തയാറായി... കുറെ കുട്ടികള്‍ പന്തുകളിക്കുന്നുണ്ടായിരുന്നു. തുമ്പികളും പല വര്‍ണങ്ങളുള്ള ചിത്രശലഭങ്ങളും പാറിപ്പറക്കുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാമിടയിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു.

അടുത്ത ദിവസം ബാംഗളൂരില്‍ ട്രെയിനിംഗിനു പോകുന്നതിനെപ്പറ്റിയും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് എന്നെ സ്വന്തമാക്കുമെന്നതിനെപ്പറ്റിയും ... ഒക്കെ അയാള്‍ സംസാരിച്ചു. ഒട്ടും ചാപല്യമില്ലാതെ.. പ്ലാന്‍ വരച്ച് ഒരു കെട്ടിടത്തെപ്പറ്റി വിശദീകരിക്കുന്ന സൂക്ഷ്മതയോടെ..

ഞാന്‍ ഒന്നും പറഞ്ഞില്ല. ആ ആഗ്രഹത്തിന്‍റെ തീക്ഷ്ണതയും വാക്കുകളിലെ സത്യസന്ധതയുമൊന്നും അപ്പോഴെനിക്ക് കൃത്യമായി വെളിവായിരുന്നില്ല. പതിനേഴു വയസ്സ് ജീവിതത്തേയോ മനുഷ്യരേയോ തിരിച്ചറിയാനുള്ള ബുദ്ധിയോ വിവരമോ പക്വതയോ ഇല്ലാത്ത പ്രായമാണ്.

ഞാന്‍ ട്യൂഷന്‍ ക്ലാസ്സിന്‍റെ ഗേറ്റു കടക്കുമ്പോള്‍ അയാള്‍ റോഡിനപ്പുറത്ത് നിന്ന് കൈവീശി. ഞാന്‍ ചിരിച്ചു. ഒരു നിമിഷം എന്നെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നതു പോലെ നോക്കി നിന്നിട്ട് അയാള്‍ തിരിഞ്ഞു നടന്നു. ഇപ്പോഴും എനിക്കതെല്ലാം ഓര്‍മ്മയുണ്ട്... തല ഉയര്‍ത്തിപ്പിടിച്ചുള്ള ആ നടത്തം.. വെളുപ്പില്‍ ചെമ്പും ഇളം നീലയും വരകളുള്ള ഷര്‍ട്ട്..

സ്റ്റഡി ലീവിന്‍റെ എട്ടാമത്തെ ദിവസമായിരുന്നു.

അതിരാവിലെയാണ് അനു ഫോണ്‍ ചെയ്തത്. ഭാഗ്യത്തിനു ഞാന്‍ മാത്രമേ ഉണര്‍ന്നിരുന്നുള്ളൂ. അനുവിന്‍റെ ശബ്ദം മാത്രമല്ല അവള്‍ തന്നെയും മരിച്ചു പോയിരുന്നു... എന്നോടത് പറയുമ്പോള്‍ ...

വെറും ഒരപകടം മാത്രമായിരുന്നു... വന്‍ നഗരങ്ങളിലെ നിരത്തുകളില്‍ സാധാരണ സംഭവിക്കുന്ന ഒന്ന്..

ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ച് വായ് പൊത്തിപ്പിടിച്ച് കുളിമുറിയിലേക്ക് ഓടി... ഷവര്‍ തുറന്നു വിട്ടു... ഒരു കട്ട സോപ്പ് മുഴുവന്‍ അലിഞ്ഞു തീരുവോളം കുളിച്ചു..

പിന്നെ എനിക്ക് ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല... ഞാന്‍ മെഡിസിനു പഠിക്കണമെന്ന അമ്മയുടെ ആശയും എന്‍റെ അധ്യാപകരുടെ പ്രതീക്ഷയും ഒന്നും ഞാന്‍ നിറവേറ്റിയില്ല... അപ്പോള്‍ മാത്രമല്ല, പിന്നീടൊരിക്കലും.

ഏഴെട്ടു മാസങ്ങള്‍ കടന്നു പോയിരിക്കും.

ഒരു ദിവസം അപ്രതീക്ഷിതമായി അനു ഫോണ്‍ ചെയ്തു... അവള്‍ അതിനകം എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും മെഡിക്കല്‍ കോളേജില്‍ ചേരുകയും ചെയ്തിരുന്നു. അവള്‍ കൂടുതല്‍ തിരക്കുകളിലേക്ക് കൂപ്പുകുത്തിയതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ അങ്ങനെ കാണാറൂണ്ടായിരുന്നില്ല, സംസാരിക്കാറൂണ്ടായിരുന്നില്ല.

പിറ്റേന്നു ഒരു പതിനൊന്നു മണിയോടെ അനു അയാളുടെ അമ്മയേയും കൂട്ടിക്കൊണ്ട് വീട്ടിലെത്തി. വീട്ടില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവര്‍ ഒന്നും പറഞ്ഞില്ല. കണ്ണിമയ്ക്കാതെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാനും ഒന്നും പറഞ്ഞില്ല. അവര്‍ക്ക് തനിച്ചു താമസിക്കാന്‍ വയ്യാത്തതുകൊണ്ട് ബോംബെയിലുള്ള ജ്യേഷ്ഠത്തിയ്ക്കൊപ്പം താമസിക്കാന്‍ തീരുമാനിച്ചുവെന്ന് ഒടുവില്‍ അനു എന്നോട് വെളിപ്പെടുത്തി. അവര്‍ അപ്പോഴും ഒന്നും പറഞ്ഞില്ല. അത് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

വിറക്കുന്ന വിരലുകള്‍ കൊണ്ട് എന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് അവര്‍ മൌനമായിരുന്നു.

Monday, September 16, 2019

ഒത്തിരി ഒത്തിരി സ്നേഹം....Sudhakutty KS

                                                                                                                                       

എന്നെ കുറിച്ച് അഭിമാനം തോന്നുന്ന... എന്നെ അറിയുന്ന എൻറെ ചേച്ചി....
ഒത്തിരി ഒത്തിരി സ്നേഹം....Sudhakutty KS

എച്ച്മുക്കുട്ടിക്ക് സ്നേഹത്തോടെ ,

എറണാകുളത്തെ പ്രശസ്തമായ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ മുറിക്ക് പുറത്ത് പൂർണ ഗർഭിണിയായ മകളുമൊത്ത് ഇരിക്കുകയായിരുന്നു ഞാൻ.

"ദാ അമ്മേടെ എച്മുക്കുട്ടിയല്ലേ , ത് "
ശ്രീക്കുട്ടി ശബ്ദം താഴ്ത്തി ചോദിച്ചു.

അതെ, അത് അവൾ തന്നെ .
ഒപ്പം അതിസുന്ദരിയായ മകളും ഭർത്താവും. ഒളികണ്ണിട്ട് നോക്കാനേ എനിക്ക് ധൈര്യം ഉണ്ടായുള്ളൂ. ഓടി ചെന്ന് ചേർത്ത് പിടിക്കണമെന്ന് തോന്നിയെങ്കിലും... കുടുംബത്തിന്റെ സ്വകാര്യത വലുതാണ്. അതിനാൽ ഞാനാ ഭാഗത്തേക്ക് നോക്കിയതേയില്ല.
കണ്ട മാത്രയിൽ തിരിച്ചറിയാൻ തക്ക അടുപ്പം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുമില്ല.
അവളെ വായിച്ചിരുന്നു. ഇടക്ക് ചാറ്റ് ചെയ്യുമായിരുന്നു.
ചെക്കപ്പിനെത്തിയവരുടെ പേര് രേഖപ്പെടുത്തുമ്പോൾ അവളുടെ മകൾ പേര്
തെല്ലുച്ചത്തിൽ ഉരുവിട്ടു. ആ പേര് അത്ര മനോഹരമായി ഉച്ചരിക്കാൻ അവൾക്കേ കഴിയൂ.
" എന്തൊരു ആക്സന്റ്, എന്തൊരു കോൺഫിഡൻസ് "
എന്റെ മകൾ കാതിൽ മന്ത്രിച്ചു.
എച്മു ഇരുന്നിടത്തേയ്ക്ക് ഞാൻ അപ്പോഴും നോക്കിയില്ല.
ചുഡിദാറിട്ട കാല്പാദങ്ങളിലേക്ക്‌ ഇടയ്ക്കൊന്ന് പാളി നോക്കി. അത് പൊള്ളിയമർന്ന് കരുവാളിച്ചിട്ടാണോ? തീക്കനലിലൂടെയായിരുന്നല്ലോ നടത്തം.
ഈ മകളെ പ്രസവിക്കാനാണല്ലോ പാതിരാത്രിയിൽ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേയ്ക്ക് നിരാലംബയായ ഒരു ഒപൺകുട്ടി യാത്ര ചെയ്തതെന്നോർത്ത് എന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു. അവളുടെ
പ്രസവകാല ദൈന്യതകളോരോന്നായ് എന്റെയുള്ളിൽ തിടം വച്ചുണർന്നു.

എന്റെ പ്രിയ ചങ്ങാതി കെ.എ ബീനയാണ് എച്മുവിന്റെ ജീവിതം വായിക്കാൻ എന്നോടാവശ്യപ്പെട്ടത്. എന്റെ അനുഭവങ്ങളടെ നിസ്സാരത അങ്ങനെയാണ് എനിക്ക് ബോധ്യപ്പെട്ടത്.

അഷിതയും എച്ച്മുവും ജീവിതം പറഞ്ഞ് എന്നെ തളർത്തിക്കളഞ്ഞുവെന്ന് ഫേസ്ബുക്കിൽ ഞാനൊരു കുറിപ്പിട്ടപ്പോൾ പരിചയക്കാരായ ചിലർ ഫോണിൽ വിളിച്ചു ,ഇതൊക്കെ നേരാവുമോ എന്നറിയാൻ.
അവർക്കറിയാത്ത, അവരനുഭവിക്കാത്ത ചില നേരുകൾ അവരെങ്ങനെ ഉൾക്കൊള്ളും? അതവരുടെ കുറ്റമല്ല.

ദുരനുഭവങ്ങളാൽ വൃണപ്പെട്ടു പോയവർക്ക് നുണ പറയാനാവില്ല. തീവ്ര നൊമ്പരങ്ങൾ ഉള്ളിൽ പേറുന്നവർക്ക് പളപളപ്പുള്ള ഭാഷയിൽ പൊതിഞ്ഞ് ജീവിതം എഴുതാനാവില്ല. അവരുടെ വാക്കുകൾ നന്മ വറ്റാത്ത മനസ്സുകളിൽ കണ്ണാടിച്ചീളുകളായ് പതിഞ്ഞ് ചോരച്ചാലുകളുണ്ടാക്കും.

നളിനി ജമീല ജീവിതം എഴുതുമ്പോഴും സരിതാ എസ് നായർ അവർ നടന്ന വഴികളെപ്പറ്റി പറയുമ്പോഴും കന്യാമoത്തിനുള്ളിൽ സന്യാസിനി വിതുമ്പുപ്പോഴും ഷക്കീല എന്ന താരം ചാനലിൽ വന്ന് വളച്ചുകെട്ടില്ലാതെ സ്വജീവിതം വിളമ്പുമ്പോഴും പുറംപൂച്ച് വെടിഞ്ഞ് പുറത്ത് വരുന്നത് സത്യമെന്ന് കരുതാനാണ് എനിക്കിഷ്ടം.
പൊള്ളയായ വിശ്വാസങ്ങളുടെ ഉരകല്ലിൽ ഏറ്റക്കുറച്ചിലോടെ ചിലർ അതിനെ തരാതരത്തിൽ വിശകലനം ചെയ്യുകയും പരിഹസിക്കുകയും നിർവൃതിയടയുകയും ചെയ്യും.
അയാൾക്കൊരു പ്രണയമുണ്ടെന്നറിഞ്ഞിട്ടും ഈ പെൺകുട്ടി ചാടിപ്പുറപ്പെട്ടതെന്തിന് എന്ന്
എച്മുക്കുട്ടിയെ വായിച്ച് എന്നോട് കെറുവിച്ചു ,പ്രശസ്തയായ ഒരു വനിത.
അവരോടെന്ത് പറയാൻ 🤔
പ്രണയകാലത്ത് വിപ്ലവം പറയുകയും , ഇരുട്ടി വെളുക്കും മുൻപ് പ്രണയത്തെ തള്ളിപ്പറഞ്ഞ് മറ്റൊരാളോടൊപ്പം ജീവിതം പങ്കിടുകയും ചെയ്യുന്ന ചില ആദർശശാലികൾ പിൽക്കാലത്ത് കടുത്ത സദാചാരവാദികളെന്ന അപരനാമധേയത്താൽ അറിയപ്പെടും!

എച്ച്മുക്കുട്ടിയുടെ ജീവിതകഥയിൽ പരാമർശിക്കപ്പെട്ട , ഒരിക്കൽ എനിക്ക് പ്രിയങ്കരരായിരുന്ന എല്ലാവരെയും ഞാൻ വെറുത്തു പോയി .
ഡി.വിനയചന്ദ്രൻ എന്ന കവി ഇപ്പോൾ എന്റെ ഇഷ്ട ഗുരുനാഥനല്ല.സാറാ ജോസഫ്, ഗീതാ ഹിരണ്യൻ അങ്ങനെയെത്രയെത്ര പേർ മനസ്സിൽ നിന്ന് വേർപെട്ട് പോയി. സദാചാരവാദിയായത് കൊണ്ടല്ല ,ന്യായാന്യായങ്ങൾ ചികഞ്ഞിട്ടുമില്ല. തീർത്തും നിസ്സഹായയായ ഒരു പെൺകുട്ടിയെ തുണയ്ക്കാത്തവരെ സ്നേഹിക്കാനാവാത്തത് കൊണ്ട്. സുഹൃത്തിന്റെ ഭാര്യയിൽ നഖമുന ആഴ്ത്തുന്നവൻ കവിയായിട്ടെന്ത് കാര്യം ?
" സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ -
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും "
എന്ന് പാടിയ ഒരു കവി എന്റെ ജന്മനാട്ടിൽ ഉണ്ടായിരുന്നേയ് ....

എച്ച്മുവിന്റെ ദുരന്തകഥയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പങ്കെന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ ബാലൻ ഏറ്റു പറഞ്ഞു ,

" അവൾ എന്നെക്കുറിച്ച് എഴുതിയതെല്ലാം സത്യം .അവളുടെ മുന്നിൽ നിശബ്ദം തലതാഴ്ത്തി കൈ കെട്ടി നിൽക്കാം ഞാൻ, എത്ര തല്ല് തന്നാലും എന്റെ ചെയ്തികൾക്ക് പ്രതിഫലമാകില്ല" .

വിശന്ന് പൊരിഞ്ഞപ്പോൾ ഭക്ഷണവും തല ചായ്ക്കാനിടവും നൽകിയ ചങ്ങാതിമാരുടെ ദയയിൽ ഊറ്റം കൊണ്ട ഊരുതെണ്ടിയുടെ പിഴയ്ക്ക് മറ്റെന്ത് പരിഹാരം ?

എച്മൂ ,അപരിചിതത്വം നടിച്ച് നിന്നെ കണ്ടില്ലെന്നെ മട്ടിൽ പോകാൻ എനിക്കായില്ല. നീ ഇരുന്ന ഭാഗത്തേക്ക് വന്നപ്പോൾ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് അതുവരെ പരസ്പരം കണ്ടിട്ടില്ലെങ്കിലും ഉൾവിളിയെന്നോണം നീ എഴുന്നേറ്റു. നെഞ്ചോട് ചേർത്തപ്പോൾ ആ ഹൃദയതാളം ഞാൻ വ്യക്തമായും കേട്ടു . പിഞ്ഞിച്ചിതറി,
കൂട്ടിക്കെട്ടിയെടുത്ത ആ മിടിപ്പ് എനിക്ക് സുപരിചിതമായിരുന്നു ...
നിന്റെ മകളുടെ മുഖത്തു അപ്പോൾ വിരിഞ്ഞ ചന്തമുള്ള അമ്പരപ്പ്
എന്നും എന്റെ ഓർമയിലുണ്ടാകും ✍️
https://www.facebook.com/komalezhuthu.sudha/posts/2394403733971739

സ്നേഹം നിഷ

                                                               

ഇത്രേം നല്ല കുറിപ്പ്... ഒത്തിരി സന്തോഷം തോന്നുന്നു.
സ്നേഹം നിഷ. Nisha Dilip

ജീവിതം എഴുതുന്നവൾ

എച്ച്മുകുട്ടിയെ വായിക്കാൻ തുടങ്ങിയത് എന്നു മുതലാണെന്ന് കൃത്യമായി ഓർമ്മയില്ല. കുറച്ചു കൊല്ലങ്ങളായിക്കാണും... ബ്ലോഗിങ്ങിൽ സജീവമായിരുന്ന കാലത്ത് എച്ച്മുവിന്റെ കഥകൾ സ്ഥിരം വായിച്ചിരുന്നു. ഇടയ്ക്കൊക്കെ മെസഞ്ചർ വഴി അങ്ങോട്ടുമിങ്ങോട്ടും സംവദിച്ചിരുന്നു. 'അമ്മീമക്കഥകൾ' വായിച്ച ശേഷമാവണം ഒരാത്മബന്ധം തോന്നിത്തുടങ്ങിയത്. എന്നാൽ പോകെപ്പോകെ എച്ച്മുവിനെ ഞാൻ വായിക്കാതെയായി. ആ കഥകളിലെ ദു:ഖവും കഥാപാത്രങ്ങളുടെ വേദനയും എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോഴാണത്.

എങ്കിലും ഇടയ്ക്കൊക്കെ എച്ച്മുവിനോട് കുശലം ചോദിക്കാതിരുന്നിട്ടില്ല. അമ്മ പോയെന്നറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. അപ്പോൾ ഒന്നു കാണണമെന്നും ഒന്നും പറയാതെ കെട്ടിപ്പിടിയ്ക്കണമെന്നും അതിയായ ആഗ്രഹം തോന്നി.

പിന്നെ ഞാൻ എച്ച്മുവിനെ തുടർച്ചയായി വായിച്ചത് ഫേസ്ബുക്കിലൂടെ സ്വന്തം ജീവിതകഥ പറയാൻ തുടങ്ങിയപ്പോഴാണ്. എനിയ്ക്ക് സങ്കല്പിയ്ക്കാൻ പോലുമാകാത്തത്ര ദുരിതവും ദു:ഖവും താണ്ടിയാണ് അവർ ഇവിടെയെത്തി നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ തരിച്ചിരുന്നു. പലപ്പോഴും അവരെഴുതിയത് വായിച്ച് കണ്ണുനിറഞ്ഞ്, ഹൃദയം വിങ്ങി ഒന്നും പറയാനാവാതെ ഇരുന്നുപോയി. ഒന്നോ രണ്ടോ തവണ മാത്രം മൗനിയാവാൻ കഴിയാതെ എന്തൊക്കെയോ കമന്റായി കുറിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

എച്ച്മുവിന്റെ ജീവിതകഥ ഒരു പക്ഷേ ഞാൻ അതു വരെ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത അവസ്ഥാന്തരങ്ങളെക്കുറിച്ചും നിത്യേന വെന്തുരുകുന്ന സ്ത്രീ ജന്മങ്ങളെക്കുറിച്ചും ഉള്ള ഒരു തുറന്നു കാട്ടൽ കൂടിയായിരുന്നു. ഓരോ അദ്ധ്യായത്തിന് കീഴിലും കണ്ടിരുന്ന പ്രതികരണങ്ങൾ ഇതൊരു എച്ച്മുക്കുട്ടിയുടെ മാത്രം പ്രശ്നമല്ല - ഏറ്റക്കുച്ചിലോടെ അതനുഭവിച്ച് നീറുന്ന പല സ്ത്രീകളും സമൂഹത്തിലുണ്ട് എന്ന തിരിച്ചറിവു കൂടിയായിരുന്നു.

അതുകൊണ്ടു തന്നെ എച്ച്മുവിന്റെ എഴുത്ത് അവർക്കു വേണ്ടിക്കൂടിയാണ് എന്ന് എനിക്കു തോന്നി. ശബ്ദമില്ലെന്ന് ധരിച്ചവർക്കും ശബ്ദമുണ്ടെന്ന് ഒരു ഓർമ്മപ്പെടുത്തൽ... ഇന്നത്തെ നിസ്സഹായവസ്ഥയിലും ഒരു നല്ല നാളെ ഉണ്ടാവാം എന്ന പ്രതീക്ഷ.. ജീവിതം അവസാനിപ്പിയ്ക്കാതെ ഒന്നു കൂടി പൊരുതി നോക്കാനുള്ള ധൈര്യം, ദൂരെയാണെങ്കിലും പ്രതീക്ഷയുടെ ഇത്തിരിവെട്ടം - അതൊക്കെയാണ് അവർക്കത് നല്കുന്നത് എന്നെനിയ്ക്ക് തോന്നി.
**************************
ഇത്തവണ നാട്ടിലെത്തിയപ്പോൾ ഫേസ്ബുക്കിൽ യാദൃച്ഛികമായാണ് എച്ച്മുവിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന്റെ വിവരം കണ്ടത്. പ്രകാശനത്തിന് തൃക്കൂരിലേയ്ക്ക് പോവാനാവില്ലെന്ന് ഉറപ്പായിരുന്നു. (അന്നെനിയ്ക്ക് വേറെ എന്തോ തിരക്കുണ്ടായിരുന്നു) ആശംസകൾ അറിയിച്ച് മെസേജയച്ചു. നാട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ പറ്റിയ ഒരു ദിവസം പറഞ്ഞാൽ കാണാൻ വരാമെന്നായി എച്ച്മു. എന്നാൽ കൃത്യമായി അതും പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

ഒടുവിൽ എറണാകുളത്ത് കുറച്ച് ദിവസമുണ്ടാവും എന്നു പറഞ്ഞപ്പോൾ ആ വഴി വരികയാണെങ്കിൽ വിളിക്കാമെന്ന് പറഞ്ഞ് നമ്പറും വാങ്ങി. അപ്പോഴും ഒട്ടും ഉറപ്പില്ലായിരുന്നു കാണാനാവുമെന്ന്. കുറേ കാലമായ കാത്തിരുപ്പിന് എന്നെങ്കിലും ഒരന്ത്യമുണ്ടാവുമല്ലോ....

ഒരത്യാവശ്യകാര്യത്തിന് എറണാകുളത്ത് പോകേണ്ടതുണ്ടായിരുന്നു. പോയ സ്ഥിതിക്ക് അവിടെയുള്ള രണ്ടു മൂന്ന് സുഹൃത്തുക്കളെയും കണ്ടു. എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ കൂടെയായിരുന്നു അന്ന് താമസിച്ചത്. വൈകുന്നേരം എച്ച്മുവിനെ വിളിച്ച് പിറ്റേന്ന് ഒന്ന് കാണാൻ സാധിക്കുമോ എന്നന്വേഷിച്ചു. (എച്ച്മുവിന് തിരക്കാണ് എന്ന് പറഞ്ഞാൽ പിറ്റേന്ന് രാവിലെ നേരത്തെ തന്നെ തിരിച്ചു പോവാം അല്ലെങ്കിൽ കണ്ടിട്ട് ഉച്ചയോടെ മടങ്ങാം എന്നായിരുന്നു എന്റെ പ്ലാൻ) ഭാഗ്യത്തിന് എച്ച്മുവിനു പ്രത്യേകിച്ച് തിരക്കൊന്നുമില്ലായിരുന്നു. പിറ്റേന്ന് ടൗണിൽ ഒരിടത്ത് കാണാം എന്നു പറഞ്ഞ് ഫോൺ വെച്ചു.

പിറ്റേന്ന് പുറപ്പെടുമ്പോൾ വിളിച്ച് പറയാമെന്ന് പറഞ്ഞതു പ്രകാരം ഞാൻ വിളിച്ചെങ്കിലും എച്ച്മുവിനെ അപ്പോൾ ഫോണിൽ കിട്ടിയില്ല (എറണാകുളത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും ട്രാഫിക്കും മഴയും മൂലം സ്വയം ഡ്രൈവ് ചെയ്യാൻ മടിച്ച് ബസ്സിന്‌ പോകാൻ നിന്ന എനിയ്ക്ക് എൻ്റെ കൂട്ടുകാരി ഒരു കാർ ഏർപ്പാടാക്കി തന്നു). കാണാമെന്ന് പറഞ്ഞയിടത്ത് എത്തിയിട്ടും എച്ച്മുവിനോട് സംസാരിയ്ക്കാനായില്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച് കുറച്ചു നേരം ഇരുന്നു. ടൗണിൽ വേറെയും ഒന്നു രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. അതു കഴിഞ്ഞ ശേഷം വീണ്ടും ശ്രമിക്കാമെന്ന് തീരുമാനിച്ചു.

അങ്ങനെ കുറേ നേരത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം വീണ്ടും ശ്രമിച്ചപ്പോൾ എച്ച്മുവിനോട് സംസാരിയ്ക്കാനായി. നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് തന്നെ കാണാം എന്നയുറപ്പിൽ അവിടെയെത്തി. എച്ച്മുവും ഉടനെ അവിടെയെത്തും എന്നറിയിച്ചു.

ഏതാനും മിനിറ്റുകൾ നീണ്ട ആ കാത്തിരിപ്പിന് അതിലുമധികം ദൈർഘ്യം തോന്നി. കാറിൽ നിന്ന് പുറത്തിറങ്ങി അക്ഷമയോടെ നോക്കി നില്ക്കേ റോഡിന്റെ അപ്പുറത്ത് കണ്ടു - ഞാനെവിടെയുണ്ടെന്നറിയാൻ ഫോൺ വിളിക്കുന്ന എച്ച്മുവിനെ. ഇതു വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ചിരപരിചിതമായ മുഖം - ഇതാ ഇവിടെ തന്നെയുണ്ട് എന്ന് പറഞ്ഞ് കൈയുയർത്തി കാണിച്ചപ്പോൾ എച്ച്മു റോഡ് ക്രോസ് ചെയ്ത് അടുത്തെത്തി.

സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുകയായിരുന്നു ആദ്യം തന്നെ. ഇതുവരെ പറയാൻ കഴിയാതിരുന്ന സ്നേഹവും കരുതലും ഒക്കെ അതിലുണ്ടായിരുന്നു. പിന്നെ കുറച്ചു നേരം - അര മണിക്കൂർ പോലും ഉണ്ടായിരുന്നോ ആവോ - സംസാരിച്ചു. പറയണമെന്ന് കരുതിയ പലതും പറഞ്ഞില്ല. എച്ച്മുവിന്റെ എഴുത്ത് ഒരു പാട് സ്ത്രീകൾക്ക് പ്രതീക്ഷ നല്കുമെന്നാണ് വിശ്വാസം എന്ന് പറയാൻ മറന്നില്ല. എന്തൊക്കെ നരകങ്ങൾ താണ്ടിയിട്ടാണെങ്കിലും ഇന്നിവിടെ നില്ക്കുന്നതിന്ന് നന്ദിയും പറഞ്ഞു. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്തത് എന്റെ മുഖത്തു നിന്നും എച്ച്മു വായിച്ചെടുത്തു എന്നാണ് എന്റെ വിശ്വാസം.

ഒടുവിൽ കണ്ണനോടും മോളോടുമൊക്കെയുള്ള സ്നേഹാന്വേഷണങ്ങൾ പറഞ്ഞ് യാത്ര ചോദിച്ചു. തിരക്കിനിടയിലും എനിയ്ക്കായി അല്പ സമയം തന്നതിന് എൻ്റെ സന്തോഷവും നന്ദിയും... പുതിയ പുസ്തകമായ 'ജീവിതമാണ്' എനിയ്ക്ക് വേണ്ടി എച്ച്മു കരുതിയിരുന്നു. അതിൽ എച്ച്മുവിന്റെ കൈയ്യൊപ്പ് വാങ്ങവേയാണ് എച്ച്മുവിനായി ഞാൻ കൊണ്ടുവന്ന കൊച്ചു സമ്മാനം കൂട്ടുകാരിയുടെ വീട്ടിൽ എന്റെ ബാഗിൽത്തന്നെയിരിയ്ക്കുകയാണ് എന്നത് ഓർമ്മ വന്നത്. (ഇനിയത്തെ കൂടിക്കാഴ്ച്ചയിൽ അത് എച്ച്മുവിന് കൊടുക്കാമെന്ന് സ്വയം ആശ്വസിക്കുകയാണ് ഞാനിപ്പോൾ)

നാട്ടിൽ നിന്നും തിരിച്ചുള്ള വിമാനയാത്രയിലാണ് 'ജീവിതമാണ്' വായിച്ചുതുടങ്ങിയത്. ഇവിടെയെത്തി കുറച്ച് ദിവസം കഴിഞ്ഞാണ് അത് വായിച്ചവസാനിപ്പിച്ചത്. ഒരു കഥയോ നോവലോ വായിക്കുന്ന ലാഘവത്തോടെ ജീവിതങ്ങളെ വായിക്കുന്നതെങ്ങനെ?

അതിലെ പല ജീവിതങ്ങളും മുൻപ് എച്ച്മുവിന്റെ ബ്ലോഗിലും മറ്റും വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വായിച്ചപ്പോഴും അവയുടെ തീക്ഷണതയ്ക്ക് ഒട്ടും കുറവില്ല. ഓരോന്നും ഹൃദയത്തെ പൊളളിയ്ക്കുന്ന അനുഭവങ്ങൾ... നമ്മിൽ പലരും കാണാത്ത, അഥവാ കണ്ടാലും കണ്ടില്ലെന്ന് നടിയ്ക്കുന്ന ആ ജീവിതങ്ങളെ തുറന്നു കാണിച്ചതിന് എച്ച്മുവിന് നന്ദി.

ചുറ്റുമുള്ളവരുടെ വേദനകൾ കാണാനും അറിയാനും അതിന് ചെറിയതെങ്കിലുമൊരു ആശ്വാസം പകരാനും കഴിയുന്നവർ വിരളമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും എച്ച്മുവിന്റെ എഴുത്ത് വളരെ പ്രസക്തമാണ്. കാരണം എച്ച്മു എഴുതുന്നത് ഭാവനയിൽ വിരിഞ്ഞുണ്ടാവുന്ന കേവല കഥകളല്ല - അതിലും തീവ്രമായ ജീവിതാനുഭവങ്ങളാണ്. അത് കൊണ്ടു കൂടിയാണ് എച്ച്മു തീർച്ചയായും വായിക്കപ്പെടേണ്ട എഴുത്തുകാരിയാവുന്നത്.
https://www.hrudayathaalangal.in/2019/09/blog-post.html

profile picture.

                             
                                                                           

അമ്മച്ചിന്തുകൾ 46

                                                             
അച്ഛൻറെ എല്ലാ ബന്ധുക്കളും വാഹനാപകടമറിഞ്ഞ് ഓടിയെത്തി. അമ്മ അച്ഛൻറെ ചേട്ടനോടും ചേച്ചിയോടും ഇക്കാര്യമെല്ലാം തുറന്നു പറയുകയും അച്ഛനെ ഉപദേശിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അനിയത്തിമാർക്ക് ചേട്ടനോട് അങ്ങനെ ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ. അനുസരണയും ചൊല്ലുവിളിയും ബഹുമാനവുമുള്ള അനിയത്തിമാരാണവർ. ആർക്കൊപ്പവും ഒളിച്ചോടാത്തവർ. പിന്നെ അവർ അമ്മയെ പൂർണ വിശ്വാസത്തിലെടുക്കുവാൻ തയാറുമല്ല. അച്ഛൻറെ ചേട്ടനും ചേച്ചിയും വിവരങ്ങളെല്ലാം കേട്ടിരുന്നെങ്കിലും ഒറ്റ ച്ചോദ്യം കൊണ്ട് അവർ അമ്മയുടെ കരച്ചിലിനും പറച്ചിലിനും പൂർണ വിരാമമിട്ടു.

'ഞങ്ങളോടാലോചിച്ചിട്ടാണോ ഈ കല്യാണം കഴിച്ചത്?'

അമ്മ പിന്നെ ശബ്ദിച്ചില്ല.

ഞങ്ങളുടെ താല്പര്യത്തിന് തികച്ചും വിരുദ്ധമായിരുന്നു അമ്മയുടെ ഈ സഹായം തേടൽ... അച്ഛൻറെ ബന്ധുക്കളോട് അമ്മ ഒരു സഹായവും ചോദിക്കണ്ട, അവർ കൂടുതൽ വേദനിപ്പിക്കുമെന്ന് ഞങ്ങൾ അമ്മയെ വിലക്കീരുന്നു. അമ്മ ഞങ്ങളുടെ വാക്ക് കേട്ടില്ല.

ഞങ്ങൾ നേരത്തേ പറഞ്ഞില്ലേ..എന്നിട്ടും ഞങ്ങളെ അമ്മ കാര്യമാക്കിയില്ലല്ലോ. എന്തു പ്രയോജനമുണ്ടായി ഇപ്പോൾ ? എന്ന് ഞങ്ങൾ മൂന്നു പേരും അമ്മയെ വാക്മുനയിൽ കോർത്ത് നിശിതമായി വിചാരണ ചെയ്തു.

പിന്നീട് വളരെക്കാലം കഴിഞ്ഞാണ് അത്തരം ചോദ്യങ്ങളുന്നയിക്കുന്നത് അമ്മയെ കൂടുതൽക്കൂടുതൽ ഏകാകിനിയാക്കുകയായിരുന്നു വെന്ന് ഞങ്ങളും മനസ്സിലാക്കിയത്. അപ്പോഴേക്കും സമയം ഒത്തിരി മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു.

തൃശൂരിലെ ഒരു മഞ്ഞപ്പത്രം അച്ഛൻ പാതിരാത്രിയിൽ നാടകനടിമാരുമൊത്ത് വാഹനാ പകടത്തിലായതിനെ വലിയ വാർത്തയാക്കീരുന്നു. അച്ഛനെ ഒരു അഴിമതി വീരനായും മരുന്നുകൾ മോഷ്ടിച്ചു വില്ക്കുന്നവനായും മറ്റും ചിത്രീകരിച്ചിരുന്നു. കള്ളമായിരുന്നു ആ ചിത്രീകരണം. അച്ഛൻ ജോലിയിൽ ഒരു അഴിമതി യും ഒരിക്കലും കാണിച്ചിട്ടില്ല. ഈ പത്രം കൃത്യമായി തിരുവനന്തപുരത്തെ ഹെൽത്ത് സർവീസ് ഡയറക്ടറേറ്റിൽ എത്തിയ കാര്യം ഞങ്ങൾ വളരെ വൈകിയാണറിഞ്ഞത്.

അങ്ങനെ തൊട്ടരികേ വന്ന മരണത്തെ തോല്പിച്ച് അച്ഛൻ വീട്ടിലെത്തി. ഭാഗ്യയും റാണിയും മൗനം കവചമായി ധരിച്ചു. ഞാൻ മാത്രമേ സംസാരിക്കുന്നുള്ളൂവെന്നും അത് എനിക്ക് ജളത്വമുള്ളതുകൊണ്ടാണെന്നും അക്കാലങ്ങളിൽ അച്ഛൻ കരുതി. അദ്ദേഹം എൻറെ ആ ജളത്വത്തെ പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. 'ജളാമതേ കർണാ' എന്നാണു വിശേഷണം.

അമ്മീമ്മയടക്കം അഞ്ചു സ്ത്രീകളുള്ള ഞങ്ങളുടെ വീട്ടിൽ എല്ലാവരും രാവിലെ എണീക്കുമ്പോൾ എത്ര വാക്ക് പറയണമെന്നും അതിൽ തന്നെയും എത്ര കുറച്ചു വാക്കുകൾ ഉപയോഗിച്ച് കാര്യം പറഞ്ഞു തീർക്കാമെന്നും ഗവേഷണം ചെയ്ത കാലമായിരുന്നു അത്. ഞങ്ങൾ മൂന്നോ നാലോ പേർ വല്ലപ്പോഴും ഒന്നിച്ചു കൂടുമ്പോൾ, അതും മറ്റാരും കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടു മാത്രം എല്ലാവരും പരസ്പരം പതുക്കെപ്പതുക്കെ സംസാരിച്ചു പോന്നു.

അക്കാലത്ത് ഒരു നട്ടുച്ചയ്ക്ക് ഒരാൾ വന്ന് അച്ഛനോട് തട്ടിക്കയറി. അയാളുടെ പെങ്ങളെ, കോഴി എന്നു പേരുള്ള ആ സുഹൃത്തു വഴി അച്ഛൻ ദ്രോഹിക്കാൻ ശ്രമിച്ചു വെന്നായിരുന്നു ആരോപണം. അച്ഛൻ പോലീസിനെ വിളിക്കുമെന്ന് പലവട്ടം പറഞ്ഞുവെങ്കിലും ഒരിക്കൽ പോലും വിളിക്കുകയുണ്ടായില്ല.

ഒടുവിൽ അയാൾ 'ഈ കുഞ്ഞിനെ ആരെങ്കിലും ദ്രോഹിക്കാൻ വന്നാലോ' എന്ന് എന്നെ വിരൽ ചൂണ്ടി. അച്ഛൻ 'ഒന്നും ചെയ്യാതെ ആരും ദ്രോഹിക്കാൻ വരില്ലെ'ന്ന് അയാളെ നിസ്സാരമാക്കിയപ്പോൾ അയാൾ ഒരു നിമിഷം കത്തുന്ന കണ്ണുകളുമായി അങ്ങനെ തറഞ്ഞു നിന്നു.

എനിക്ക് സത്യമായും പേടിയായി.ഞാൻ കൈകൂപ്പി അയാളെ തൊഴുതു... ദയവു ചെയ്തു പോകണമെന്ന് ആവശ്യപ്പെട്ടു.

വാക്കില്ലാതെ കുറച്ചു നേരം നിന്നിട്ട്, അയാൾ മെല്ലെ ഇറങ്ങിപ്പോയി.

ഇതും തുടക്കമായിരുന്നു. പലവട്ടം പല പുരുഷന്മാരാൽ ഇതാവർത്തിക്കപ്പെട്ടു. വീട്ടുവരാന്ത ഞങ്ങൾ കുട്ടികൾ അങ്ങനെ പൂർണമായും ഉപേക്ഷിച്ചു.

ഞങ്ങൾക്ക് ജീവിതം മതിയായിക്കഴിഞ്ഞിരുന്നു. പരീക്ഷ ജയിക്കൽ, ഉന്നത വിദ്യാഭ്യാസം നേടൽ, ജീവിതത്തിൽ ആരെങ്കിലും ഒക്കെ ആയിത്തീരൽ അങ്ങനെ എല്ലാം വ്യർഥമാണെന്ന തോന്നൽ ഞങ്ങളുടെ ഉള്ളിൽ കിടന്നു ഉണങ്ങാ മുറിവായി നീറി.

നഴ്സ് മാലാഖ ജീവിതത്തിലേക്ക് വന്നപ്പോൾ മുതൽ അച്ഛൻ സ്വന്തം ജാതിപ്പേര് വെച്ച് അറിയപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം ആ ജാതിസംഘടനയിൽ അംഗമായി. എല്ലാ മാസവും ജാതിപ്പേരു ചേർത്ത അഭിസംബോധനയോടെ സംഘടന അച്ഛനു കത്തയച്ചു.
ഞങ്ങൾ മക്കളിൽ കടുത്ത അനാഥത്വം സൃഷ്ടിച്ച ഒരു കാര്യമായിരുന്നു ഇത്.

ബ്രാഹ്മണജാതിയെ കളിയാക്കും, അവർക്ക് ബന്ധങ്ങളില്ലെന്ന് പറയും, ധനാർത്തിയാണെന്ന് ചൂണ്ടി ക്കാണിക്കും എന്നല്ലാതെ ജാതിയും മതവും അച്ഛൻ വീട്ടിലൊരിക്കലും ചർച്ച ചെയ്തിരുന്നില്ല. മതം മനുഷ്യ നെ മയക്കുന്ന കറപ്പാണെന്ന് പറ്റുമ്പോഴെല്ലാം പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുമായിരുന്നു.

ചില ബ്രാഹ്മണരോട് അച്ഛനു മാത്രമല്ല ഞങ്ങൾക്കും അത്യധികം കോപമുണ്ടായിരുന്നു. അമ്മയുടെ വീട്ടിലെ അവസാനിക്കാത്ത ആ കോടതിക്കേസ്സ് ഞങ്ങളേയും മടുപ്പിച്ചിരുന്നുവല്ലോ.

അച്ഛൻ വളരെ മുമ്പ് തന്നെ മിശ്രവിവാഹം കഴിച്ച് ജാതിയെ വെല്ലുവിളിച്ചുവെന്ന് എല്ലാവരേയും പോലെ ഞങ്ങളും വിശ്വസിച്ചു. അതിൽ ശരിക്കും അഭിമാനിച്ചു. ഞങ്ങൾക്ക് ജാതിയില്ലെന്ന് വളരേക്കാലം മുമ്പേ അച്ഛൻ സ്കൂളിൽ എഴുതിക്കൊടുത്തിരുന്നു. ഞങ്ങളുടെ ആ ഗമപ്പത്തിയിലാണ് ജാതി സംഘടനക്കാരുടെ കടന്നു വരവോടെ അടിയേറ്റത്.

അച്ഛൻറെ മക്കളാവാൻ ഞങ്ങൾക്കോ ഭാര്യയാവാൻ അമ്മയ്ക്കോ യോഗ്യതയില്ലെന്നും അതുകൊണ്ടാണ് ഞങ്ങൾക്ക് ജാതിയില്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ' ഈ വീട്ടിലെ ന്തിനാ അച്ഛാ നമുക്ക് ഒരു ജാതിസംഘടന' എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു അച്ഛൻ തന്നത്.

ജാതിയാണോ യോഗ്യത എന്ന പെരുത്ത ചോദ്യം ഞങ്ങൾ വിഴുങ്ങി. പിന്നീട് അച്ഛൻറെ മക്കൾ എന്നു പറയുമ്പോഴൊക്കേയും എങ്ങുനിന്നെന്നറിയാത്ത വിധം ഒരു ജാതി മുന കൂർത്തു വന്ന് ഞങ്ങളെ സദാ നൊമ്പരപ്പെടുത്തീരുന്നു. ഒരു ജാതിയോടും ആഭിമുഖ്യമില്ലാതായതും ജാതിപ്പേര് പറഞ്ഞു അപമാനിക്കപ്പെടാനോ ബഹുമാനിക്കപ്പെടാനോ ഏതെങ്കിലും ജാതിയിലോ ഏതെങ്കിലും മതത്തിലോ ഐക്യപ്പെടാനോ പറ്റാതായതും അങ്ങനെയാണ്.

അതുവരെ അമ്മ ഒരു ചോക്ലേറ്റ് പോലും അച്ഛനറിയാതെ വാങ്ങി ഞങ്ങൾക്ക് തന്നിരുന്നില്ല. ഈ വാഹനാപകടം അമ്മയെ വലിയൊരു അളവിൽ മാറ്റിത്തീർത്തു. അച്ഛൻ കൊണ്ടുപോവുന്ന അസ്മത്തുള്ളാഖാൻ സായ് വിൻറെ തുണിക്കട, ജയ ബേക്കറി, വി പി എൻ സ്വാമിയുടെ പലചരക്ക് കട , കോട്ടയ്ക്കൽ ആര്യവൈദ്യശാല, നടുവിലാലിനരികിലെ പച്ചക്കറി ക്കട, കാഞ്ചന ഇവിടങ്ങളിലായിരുന്നു അമ്മയുടെ സ്ഥിരം ഷോപ്പിങ്. വർഷത്തിലൊരിക്കൽ എൻ ടി സിയിലും ഹാൻടെക്സിലും അമ്മ പോയി. തൃശൂരിൽ മറ്റ് ഏതു കട വന്നാലും അമ്മ അങ്ങനെ അറിയുമായിരുന്നില്ല.

അമ്മ സ്വന്തം ഹോബികളായ ജ്യോതിഷവും ചെടി വളർത്തലും ഉഷാറാക്കി. തനിച്ച് ഷോപ്പിംഗ് ചെയ്തു. ഇഷ്ടപ്പെട്ട ചില്ലറ സാധനങ്ങളും കുറച്ച് നല്ല സാരികളും വാങ്ങിച്ചു. ഇന്നാലോചിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് ഞാൻ തകർന്നിട്ടില്ല എന്ന് എല്ലാവരേയും വിശ്വസിപ്പിക്കാനും സ്വയം വിശ്വസിക്കാനുമുള്ള ശ്രമമായിരുന്നു അമ്മ നടത്തിയിരുന്നത്.

ആ ശ്രമത്തിൽ അമ്മ കുറച്ചൊക്കെ ജയിച്ചെന്നും ഇല്ലെന്നും പറയാം.

ഞങ്ങളുടെ പരീക്ഷകൾ ഒന്നും നന്നായില്ല. പഠിക്കാതെയല്ല, പഠിക്കുന്നത് മറന്നു പോവലായിരുന്നു പ്രധാന പ്രശ്‌നം.

സേക്രഡ് ഹാർട്ട് കോൺവെൻറിൽ കുത്തിയിരുന്ന് കരഞ്ഞിരുന്ന ഭാഗ്യയെ കെമിസ്ട്രി പഠിപ്പിച്ചിരുന്ന ഭഗീരഥി ടീച്ചർ എപ്പോഴും സമാധാനിപ്പിക്കുകയും പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നത് ഒരിക്കലും മറക്കാൻ കഴിയില്ല

Monday, September 9, 2019

പ്രചോദിത


01/09/19                                                                     
01/09/19                                                                                


30/08/19


29/08/19

നീലപ്പാപ്പാത്തികൾ

                                              
ഒന്തപ്പീന, കല്ലഗ്ളി, ഓക്കെപുള്ളേ....

എന്തര് പറയണത് എന്നാണോ?

മിനി വിഷ് Mini Vish പാടീരുന്നതാണ് ഒന്തപ്പീന. അവരുടെ നീലപ്പാപ്പാത്തികൾ എന്ന പുസ്തകത്തിൽ ഒന്തപ്പീന എന്നൊരു കുറിപ്പുണ്ട്. സിനിമാ ക്കഥ മുഴുവൻ പറഞ്ഞ് രസം കൊല്ലിയാവാൻ പാടില്ലാത്തത് കൊണ്ട് എല്ലാവരും നീലപ്പാപ്പാത്തികൾ വാങ്ങി ഒന്തപ്പീനയെ അറിയുക. വേണെങ്കിൽ ഒരു കുളു തരാം. ഒന്തപ്പീനാന്ന് പറഞ്ഞാ ഫൗണ്ട് എ പീനട്ട് ന്നാണ്. ഒന്തപ്പീനയുടെ ശേഷം ഭാഗം അറിയാൻ നീലപ്പാപ്പാത്തികൾ വായിക്കുക.

ഇനി മ്മ്ടെ കല്ലഗ്ളി.

ഇക്കാര്യം മിനി വിഷ് ൻറെ നീലപാപ്പാത്തികളുടെ ആശംസാനേരത്ത് ഞാൻ പറഞ്ഞിരുന്നു.

എന്നാലും ഇപ്പൊ ഒന്നും കൂടി പറയാം....

രവീന്ദ്രനാഥ ടാഗോറാണ് ഈ പ്രാർത്ഥന പാടിയിരുന്നത്. വെറും കല്ലഗ്ളി അല്ല അത്.

'കല്ലഗ്ളി പുല്ലഗ്ളി സിങ്ഗീ മെല്ലലിം മെല്ലലിം മെല്ലലിം '

ജീവിത സ്മൃതികൾ എന്ന ടാഗോറിൻറെ ആത്മകഥയിലാണ് ഈ പ്രാർഥനയുള്ളത്. ഏത് ഭാഷയാണെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. നമ്മക്കും മനസ്സിലായില്ല. അതുകൊണ്ട് കുളൂം ഇല്ല.

വളരെക്കഴിഞ്ഞ് ഫുൾ ഓഫ് ഗ്ളീ സിങിങ് മെറിലി മെറിലി മെറിലി എന്ന് ടാഗോർ പുല്ലഗ്ളി സിങ്ഗീ മെല്ലലിം മെല്ലലിം മെല്ലലിം എന്നതിനെ മനസ്സിലാക്കിയെടുത്തു..പക്ഷേ, ഹാ, കഷ്ടം.. കല്ലഗ്ളീ ടാഗോറിന് ഒരിക്കലും പിടികൊടുക്കാത്ത ബ്ളാക്ഹോളായിത്തന്നെ നിലകൊണ്ടു. അത് താൻടാ കല്ലഗ്ളിയുടെ പവർ.

ഓക്കെ പുള്ളേ...

ഇത് അനിയത്തി ഭാഗ്യേടെയാണ്. അവൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാനുള്ള തയാറെടുപ്പായിരുന്നു. അങ്ങനെ ഇംഗ്ലീഷ് നഴ്സറി റൈംസ് ഒക്കെ ചൊല്ലും. അതിലാണ് റിങ്ങാ റിങ്ങ് ഓഫ് റോസസ്... ഓക്കേ പുള്ളേ റോസസ്... എന്ന് കേട്ടത്. അമ്മ കുറെ തിരുത്തീട്ടും പോക്കറ്റ് ഫുൾ ഓഫ് പോസീ
സ് എന്നാവാൻ ഓക്കേപുള്ളേ റോസസിനും കാലമൊത്തിരി വേണ്ടി വന്നു...

എനിക്കും റാണിക്കും നോ കുളു ആയിരുന്നു ഈ ഓക്കേപുള്ളേയിൽ.. ഞങ്ങൾ രണ്ടും ശുദ്ധ നാട്ടിൻ പുറം മലയാളം മീഡിയത്തിലാരുന്നുവല്ലോ അന്നേരം പഠിച്ചിരുന്നത്.

അങ്ങനൊക്കെയാണ് വാക്കുകൾ... ങാ.

കണ്ണനും കണ്ണൻറമ്മയും പിന്നെ ഞാനും...

     
04/09/19
 27/08/19
                                                  വെറുതെ...

Sunday, September 8, 2019

ഭൂമികുലുക്കങ്ങൾ, സുനാമിത്തിരകൾ....2

                                           

ഭൂമികുലുക്കങ്ങൾ വരുമെന്നും തീപ്പിടുത്തങ്ങൾ ഉണ്ടാവുമെന്നും കാട്ടുതീ പടരുന്നത് കാണേണ്ടി വരുമെന്നും ഇതെല്ലാം അതീവ വേദനാകരമാണെന്നും ഞാൻ പോകെപ്പോകെ മനസ്സിലാക്കി.ഇമ്മാതിരി ദുരന്തങ്ങളിൽ നേരിട്ടിടപെടുമ്പോൾ ഞാൻ എന്ന ഞാനിൻറെ നിസ്സാരതയും എനിക്ക് ബോധ്യമായി. ഭൂമി ഉറച്ചു തുമ്മിയാൽ ഞാൻ... ഞാൻ.... എന്നൊരു കാര്യമേ അവശേഷിക്കില്ല... എന്നിട്ടും ഓരോ ദുരന്തം തീരുമ്പോഴേക്ക് മനുഷ്യർ എല്ലാം മറക്കും. ഒരു നില്ക്കപ്പൊറുതി കിട്ടിയാൽ മനുഷ്യമനസ്സുകളിൽ ദുരന്തമേല്പിച്ച ആഘാതങ്ങൾ ഒടുങ്ങുകയും പകരം തല്ക്കാലത്തേക്ക് നീക്കിവെക്കപ്പെട്ട വിഭാഗീയചിന്തകൾ ഉണർന്നെഴുന്നേല്ക്കുകയും ചെയ്യും. ആദിമകാലത്ത് കൂട്ടങ്ങളെ ഭരിക്കാനുള്ള സൗകര്യത്തിന് വേണ്ടി ആരംഭിച്ച വിഭാഗീയത യുഗങ്ങൾ കൊണ്ട് മനുഷ്യരുടെ
മനസ്സിൽ പിടിച്ചാൽ വട്ടമെത്താത്ത നോക്കിയാൽ അറ്റം കാണാത്ത സെക്കോയ മരങ്ങൾ പോലെ വേരുറച്ചു കഴിഞ്ഞു. ഞാനിൽ നിന്നും ഞാൻ ഉൾപ്പെടുന്ന എല്ലാ മേന്മകളിൽ നിന്നും മനുഷ്യർക്ക് മോചനം നേടാനേ പറ്റുന്നില്ല. അതു പറ്റാത്തതുകൊണ്ട് മനുഷ്യർക്ക് സമത്വമോ അതിലൂന്നിയ സമാധാനമോ പ്രാപ്യവുമല്ല.

ഇത് ശരിക്കുമറിയുന്നവർ ഈ വിഭാഗീയതകളെ വെള്ളവും വളവും ഇട്ട് തഴപ്പിച്ച് വ്യക്തിപരമായ അധികാരം മുതൽ മതപരമായ അധികാരവും രാഷ്ട്രീയാധികാരവും കൈയാളുന്നു.

ദുരന്തഭൂമികകളിൽ അധികാര സമവാക്യങ്ങൾ വലിയ അലോസരങ്ങൾ സൃഷ്ടിക്കാറുണ്ട്.

2001 ലെ ഗുജറാത്ത് ഭൂകമ്പമുണ്ടാവുമ്പോൾ ഹര്യാനയിലാണ് പാർപ്പ്. റിപ്പബ്ളിക് ദിനമാണ്. നല്ല തണുപ്പുള്ള പ്രഭാതം. ....അടുക്കളയിൽ നിന്നും പുറത്തേക്ക് കടന്നപ്പോൾ വാതിൽ ഉയരുന്നു... താഴുന്നു... കലണ്ടർ പെൻഡുലമാകുന്നു. രണ്ടു മിനിറ്റ്‌ എന്നതൊരു വലിയ കാലയളവാണ്. ഭൂമി വഴുതിപ്പോകുന്നു... പിന്നെ ആ ഇരമ്പമുയരുന്നു...

തലകറക്കമല്ല... ഭൂമിയാണ് ആക്രോശിക്കുന്നത് എന്ന് അപ്പോൾ മനസ്സിലായി...

ശരിക്കും ഭയന്നുപോയി.. ആ സെക്ടറിലെ എല്ലാവരും പുറത്ത് മൈതാനത്തിൽ എത്തിക്കഴിഞ്ഞിരുന്നു. തുടർ ചലനങ്ങൾ ഭയന്ന് ആരും വീടുകളിലേക്ക് കയറിയില്ല.

ഗുജറാത്തിലേ നഷ്ടം ഭയാനകമായിരുന്നു. കണ്ണനെന്ന് ഞാൻ വിളിക്കുന്ന എൻറെ കൂട്ടുകാരൻ അവിടെ ചെന്ന ദിവസം രാത്രിയിൽ ഫോൺ ചെയ്തു. ആദ്യത്തെ ഹലോ പറച്ചിലിന് ശേഷം കേട്ടത് നെഞ്ചു പൊട്ടിക്കരയുന്ന ശബ്ദ വും അടക്കാനാവാത്ത തേങ്ങലുമാണ്..

'സഹിക്കാൻ വയ്യ... ഒന്നും താങ്ങാൻ വയ്യ. ഞാൻ എന്ത് ഡിസൈൻ ചെയ്യും എന്ത് വരയ്ക്കും... എനിക്കൊന്നുമറിയില്ല.'

ഒപ്പം പോയവരെല്ലാം തന്നെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു.

ലോകം മുഴുവനും സഹായിച്ചു. പണം ലോഭമില്ലാതെ ഒഴുകി വന്നു. മനുഷ്യരുടെ അദ്ധ്വാനം എല്ലാ മേഖലയിലും സുലഭമായിരുന്നു.

പലതരം നാടുകളിൽ നിന്നും വന്ന വിചിത്രമായ വേഷങ്ങൾ ധരിച്ച മനുഷ്യർ ടെൻറുകളിൽ താമസിച്ചിരുന്നു. ആ കാലത്താണ് ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിനയിച്ചിരുന്ന ക്യോം കി സാസ് ഭി കഭി ബഹു ഥി എന്ന സീരിയൽ ടി വിയിൽ വന്നിരുന്നത്. ആ ടെൻറുകളിൽ പാർത്തിരുന്ന സർവവും നഷ്ടപ്പെട്ട മനുഷ്യർ ഈ സീരിയലിൽ ആഴ്ന്നു മുങ്ങി അവരവരുടെ വേദന മറക്കാൻ ശ്രമിക്കുന്നത് ശരിക്കും അൽഭുതപ്പെടുത്തീട്ടുണ്ട്. മനുഷ്യരുടെ അതിജീവനത്വര ഏതു കച്ചിത്തുരുമ്പിലും പിടി മുറുക്കും.

ഉപ്പുപാടങ്ങളുടെ നാടായ കച്ച് തകർന്നു തരിപ്പണമായിരുന്നു. ഭുജിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. കച്ചിനേയും ഭുജിനേയും പിച്ചവെപ്പിക്കാൻ കണ്ണൻറെ നേതൃത്വത്തിൽ ആറുമാസം അവിടെ അലഞ്ഞു നടന്ന് ഒത്തിരി പേർ ഒത്തിരി അദ്ധ്വാനിച്ചിട്ടുണ്ട്. വല്ലാത്ത ഒരു കാലമായിരുന്നു അത്. എവിടെ നിന്ന് എന്തിൻറെ ആരുടെ അവശേഷിപ്പുകൾ കിട്ടുമെന്നറിയാത്ത അതിഭീകര ദിനങ്ങൾ... ഒരു പാവക്കുട്ടി, ഒരു ചെപ്പ് കുപ്പിവളകൾ... ചിലപ്പോൾ ഒരു കൈത്തണ്ട..... ഒരു പാദം...

എന്തിനു ജീവിക്കണം.. എന്തിനു ജോലി ചെയ്യണം.... എന്തിനു ഭക്ഷണം കഴിക്കണം എന്നൊക്കെ തോന്നിപ്പോയ ആധിയും ഭീതിയും മാത്രം നിറഞ്ഞ ഒട്ടനവധി ദിവസങ്ങൾ....

2004 ഡിസംബറിലെ സുനാമിയും ഒരിക്കലും മറക്കാൻ സാധിക്കാത്ത വേദനകൾ തന്നെയാണ് നല്കിയത്.

ആൻഡമാൻ നിക്കോബർ ദ്വീപുകളും നാഗപട്ടണവുമായിരുന്നു പ്രവൃത്തിയിടങ്ങൾ. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി അവിടം സന്ദർശിച്ചശേഷം കണ്ണൻറെ കൂടെ ഉണ്ടായിരുന്നവരിൽ മാനസികമായി തകർന്നു പോയവരുണ്ട്. ഡിപ്രഷന് മരുന്നു
കഴിക്കേണ്ടി വന്നവരുണ്ട്. കണ്ണൻ രണ്ടാഴ്ചയോളം ഉറങ്ങിയിരുന്നില്ല. നാഗപട്ടണത്തെ കളക്ടർ ഒരു സർദാർജി ആയിരുന്നു. അദ്ദേഹവുമായി നിരന്തര സമ്പർക്കമുണ്ടായിരുന്നു അക്കാലങ്ങളിൽ..

നാഗപട്ടണത്തെ ദുരന്തം വിവരണാതീതമായിരുന്നു. സർവതും നഷ്ടപ്പെട്ട മനുഷ്യർ... പരമ ദാരിദ്ര്യം.. ഹരേ രാമ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ വകയായി നല്ല തോതിലുള്ള ദുരിതാശ്വാസപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. എല്ലാ ഇൻറർ നാഷണൽ ഏജൻസികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ഹരേ രാമക്കാരെ മറക്കാൻ കഴിയാത്തത് അതുകൊണ്ടൊന്നുമല്ല. വളരെ വിലയേറിയ ഗുണമേന്മയുള്ള സസ്യഭക്ഷണം മാത്രം മല്സ്യത്തൊഴിലാളികൾക്ക് മൂന്നു നേരം വിളമ്പുകയും അന്നേരമെല്ലാം വിഷ്ണുവിൻറെ അവതാരമായ മല്സ്യത്തെ ബന്ധനത്തിലാക്കി വധിച്ച് സ്വന്തം സുഖഭോഗങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ഭയപ്പെടുത്തുകയും അതുകൊണ്ടാണ് സുനാമി വന്നതെന്ന് ആ മനുഷ്യരെ കുറ്റപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ്.

എന്തിനാണ് ഇങ്ങനെ ദുരന്തനിവാരണത്തിന് നമ്മൾ ശ്രമിക്കുന്നത്?

ആ ഭക്ഷണം കഴിക്കുന്ന മല്സ്യത്തൊഴിലാളി സ്ത്രീകൾ ഭയന്നു വിറച്ചു. അവർ സമസ്തവും നഷ്ടപ്പെട്ടവരാണ്. അവരുടെ ഉപജീവനമാർഗം, അവരുടെ അധ്വാനം എല്ലാം പാപമാണെന്ന് പറയുന്നത് എങ്ങനെ സഹിക്കാൻ കഴിയും? മീൻ കുളമ്പ് ഇല്ലാത്ത ഭക്ഷണം അവർക്ക് പറ്റില്ല. ആ സ്ത്രീകളുടെ തോരാത്ത കണ്ണീരിൽ യുക്തിബോധം കുത്തിവെക്കാൻ എളുപ്പമായിരുന്നില്ല. അമ്മാ എന്നുച്ചരിച്ചാൽ മതി അവർ തകർന്നു പോകുമായിരുന്നു.കളക്ടർ ഹരേരാമക്കാരോട് സേവനം മതിയാക്കാൻ പറഞ്ഞു... ഒടുവിൽ..

കന്യാകുമാരിയിലെ ദുരന്തബാധിത സ്ഥലത്ത് കണ്ണൻറെ ലുക്കിലെ മുസ്‌ലിം ച്ഛായ വലിയ കുഴപ്പമുണ്ടാക്കി. ഹിന്ദുത്വ സംഘടനകൾക്ക് സംശയവും കോപവും ഉണ്ടായി. മലയാളത്തിലെ സിനിമാതാരം ബൈജുവൊക്കെ ആയിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്.

ദുരന്തങ്ങളിലും ജാതി മതം തപ്പുന്നത് മനുഷ്യർ ഇന്ന് തുടങ്ങിയതൊന്നുമല്ല. അതൊക്കെ നേരത്തേയും ഉണ്ട്.

ഇന്നലെ എല്ലാം ഉണ്ടായിരുന്നവർ ഇന്ന് ഒന്നുമില്ലാത്തവരായി മാറുന്നത് പ്രകൃതി ദുരന്തങ്ങളിൽ മാത്രമല്ല. രാഷ്ട്രീയ ദുരന്തങ്ങളിലും അതങ്ങനെയാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദു രാഷ്ട്രമെന്ന് വാദിച്ചവരെല്ലാം പിന്നീട് നടന്ന വിഭജനത്തിനും ഇന്നും തുടരുന്ന ലഹളകൾക്കും വഴക്കുകൾക്കും കാരണക്കാരാണ്. കാരണം അതത് രാജ്യത്ത് സാമാന്യം ഭേദപ്പെട്ട ജീവിതം നയിച്ചവരായിരുന്നു പലായനം ചെയ്യേണ്ടി വന്ന ജനങ്ങളിലധികം പേരും. എന്നിട്ട് നമ്മൾ നിത്യ വിരോധമല്ലാതെ ഒന്നും നേടിയില്ല.

ഞാൻ, ഞാനിൻറെ, ഞാനുൾപ്പെട്ടതിൻറെ, ഞാൻ വിശ്വസിക്കുന്നതിൻറെ എന്ന പലതരം അഹന്തകൾ അഴിച്ചു കളഞ്ഞ് ഒത്തൊരുമിക്കാതെ നമ്മേ തേടി വരുന്ന ഒരു ദുരന്തത്തേയും നമുക്ക് ഫലപ്രദമായി നേരിടാൻ കഴിയില്ല.

ഞാൻ ചില പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ഓർക്കാം....1

                                                 

ചെറുപ്പത്തിൽ തുള്ളിക്കൊരു കുടം പേമാരി, കാതടപ്പിക്കുന്ന ഇടിവെട്ട്, കണ്ണഞ്ചിക്കുന്ന മിന്നൽ ഇതായിരുന്നു എൻറെ പ്രകൃതി ദുരന്തം. വാഴകളും കവുങ്ങുകളും വീണു പോവുക, ഓല കെട്ടിയ വീടുള്ളവർ അമ്മീമ്മയോട് വന്ന് ഓല ചോദിക്കുക ഇതൊക്കെ അന്നത്തെ ഓർമകളാണ്. അമ്മീമ്മയുടെ വീട്ടിലെ തെങ്ങുകൾ ചെറുതായിരുന്നു. വെട്ടാവുന്ന ഓലയൊക്കെ അമ്മീമ്മ കൊടുക്കും. പിന്നെ ബലമുള്ള കമ്പുകൾ, കോട്ടൺ സാരികൾ കൂട്ടിത്തയിച്ച പുതപ്പ്, സഹായം ചോദിച്ചു വരുന്നവർക്ക് അവർ വരുന്ന നേരത്ത് വീട്ടിലുള്ള ആഹാരം ഇതെല്ലാം അമ്മീമ്മ കൊടുക്കും. ഞങ്ങളുടെ ഉടുപ്പുകളും അമ്മീമ്മയുടെ സാരികളും കൊടുക്കും . തുണി തേക്കുന്ന പരിപാടി ഇല്ലാരുന്നത് കൊണ്ടും ഇന്നത്തെ പോലെ പുത്തൻ വസ്ത്രങ്ങൾ അലമാരകളിൽ അടുക്കി വെച്ചിരിക്കുന്ന രീതി ഇല്ലാത്തതുകൊണ്ടും അലക്കി മടക്കി വെച്ച ഉടുപ്പുകളാണ് കൊടുക്കുക. അടിവസ്ത്രങ്ങൾ കൊടുക്കാറില്ല.

'കർക്കിടത്തിൽ എൻറെ സ്തുതി പാടി നീ വീടുകളിൽ ചെന്നാൽ രണ്ടു നേരം കഞ്ഞി കുടിക്കുന്നവർ ഒരു നേരത്തെ കഞ്ഞിയും രണ്ടു മുണ്ടുള്ളവർ ഒരു മുണ്ടും തരുമെടാ , എന്ന് ശിവൻ പാണനാർക്ക് അനുഗ്രഹം കൊടുത്തിട്ടുണ്ടത്രേ. അപ്പോൾ നമ്മൾ മോരും ചോറും ഉപ്പും കടുമാങ്ങയും കഴിക്കുന്നുവെങ്കിൽ അതെല്ലാം ചോദിക്കുന്ന മറ്റുള്ളവർക്കും കൊടുക്കണം. നമ്മൾ ഒന്നും ഇവിടെ നിന്നും ഈ ഭുമിയിൽ നിന്നും കൊണ്ടു പോവില്ല.'

എല്ലാം കൊടുക്കണം. ഒന്നും കൂട്ടിവെക്കരുത്. അനാവശ്യമായി ഒന്നും അനുഭവിക്കരുത്. ആരേയും ഒരു തരത്തിലും ചൂഷണം ചെയ്യരുത്. അമ്മീമ്മ, അമ്മ, കണ്ണൻ ഈ മൂന്നുപേർക്കും ഇക്കാര്യത്തിൽ നല്ല യോജിപ്പാണ്. അതു കേട്ട് ജീവിക്കാനുള്ള പരിശ്രമമാണ് എന്നും എൻറെ ജീവിതം. എത്രയായാലും പൂർണമായി വിജയിക്കാൻ കഴിയാത്ത ഒരു പരീക്ഷ... കൂടുതലായോ ഉപഭോഗമെന്ന് സദാ കുറ്റബോധം തോന്നിപ്പിക്കുന്ന ഒരു പരീക്ഷ.. ആർത്തിയും അത്യാവശ്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ജീവിതമെന്ന് ഓർമ്മിപ്പിക്കുന്ന ഒരു പരീക്ഷ...

ദില്ലിയിൽ താല്ക്കാലിക പാർപ്പിടത്തിൽ കെട്ടിട നിർമ്മാണജോലികളിൽ പങ്കെടുത്തു ജീവിക്കുമ്പോഴാണ് ഉത്തരകാശി ഭൂമികുലുക്കം വരുന്നത്. രണ്ടായിരത്തോളം പേർ മരിച്ചു. രാത്രി മൂന്നുമണിയോടെ എൻറെ താല്ക്കാലികപാർപ്പിടം വിറച്ചു തുള്ളി. സ്പൂണും മറ്റും താഴെ വീണു. എനിക്കാരുമില്ലാത്ത ഒരു കാലമായതുകൊണ്ടും ഉറക്കമേ വരാത്ത രാത്രികളായതുകൊണ്ടും ഞാൻ ഈ ചലനവും അതിൻറെ ഭീതിയും ഭൂമി കാലിന്നടിയിൽ നിന്ന് തെന്നിമാറുന്ന അനുഭവവും അന്നേരത്തെ ഇരമ്പവും ശരിക്കറിഞ്ഞു. ഒക്ടോബർ മാസത്തിലായിരുന്നു ആ ഭൂമികുലുക്കം. ഐ ഐ ടി കാൺപൂരിൻറെ പഠനമനുസരിച്ച് അമ്പതിനായിരം വീടുകൾക്ക് തകരാറു പറ്റി.

ഉത്തർകാശി തകർന്ന് തരിപ്പണമായിരുന്നു. കല്ല് ചുവരും സ്ലേറ്റ് മേച്ചിലും ചറുപിറോന്ന് വീണിരുന്നു. അതിനു നടുവിൽ കീറിയ തുണികളും ജീവിത ക്ളേശത്തിൻറെ ആയിരം ചുളിവുകളുമായി പാവപ്പെട്ട മനുഷ്യർ ശൂന്യതയിലേക്ക് നോക്കിയിരുന്നിരുന്നു.

അന്ന് ഭൂകമ്പത്തിന്റെ കാരണങ്ങളെപ്പറ്റി ഒത്തിരി പഠനം നടക്കുകയും അതെല്ലാം പല കാരണങ്ങളാൽ സർക്കാരിൻറെ അലമാരിയിൽ പൂട്ടിവെക്കപ്പെടുകയും ചെയ്തു. വിദഗ്ധരുടെ പഠനമൊന്നും ആർക്കും അങ്ങനെ ഉപയോഗിക്കാൻ തോന്നാറില്ലല്ലോ. ജീവിത മാർഗം നഷ്ടമായ പാവപ്പെട്ടവർ യാചകരെപ്പോലെ ഒരു വഴി തുറന്നു തരൂ എന്ന് കേണുകൊണ്ടിരുന്നു. ലാറിബേക്കർ ഉത്തർകാശി സന്ദർശിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ നല്കുകയുമുണ്ടായി..അതൊന്നും ആരും ശ്രദ്ധിച്ചില്ല.

അതിനൊക്കെ എത്രയോ കാലം മുമ്പ് ആലപ്പുഴയെ വെള്ളക്കെട്ടെല്ലാം ഒഴിവാക്കി , പഴയ കെട്ടിടങ്ങളെ നവീകരിച്ച് നല്ലൊരു പട്ടണമായി രൂപകൽപന ചെയ്തു ബേക്കർ ഗവൺമെന്റിന് റിപ്പോർട്ട് കൊടുത്തിരുന്നു ഒടുവിൽ ഏതോ സർക്കാർ ഓഫീസിൻറെ മൂലക്ക് പൊടിയേറ്റ് കിടന്ന ആ റിപ്പോർട്ട് ആരോ കണ്ടെത്തുകയും പിന്നീട് അത് കോസ്റ്റ്ഫോർഡിൻറെ താല്പര്യത്തിൽ ആലപ്പി ദ വെനീസ് ഓഫ് ഈസ്റ്റ് എന്ന ഒരു പുസ്തകമായി പുറത്ത് വരികയും ചെയ്തു... അത്രമാത്രം.

ഇപ്പോഴും വെള്ളക്കെട്ടുകൾ ആലപ്പുഴക്ക് സ്വന്തം...

അടുത്തത് 1993 ലെ ലത്തൂർ ഭൂമികുലുക്കമായിരുന്നു. സെപ്റ്റംബർ 3 ന് രാവിലെ നാലുമണിക്ക് മുമ്പേ ആയിരുന്നു സംഭവം. പതിനായിരം പേർ മരിച്ചു പോയി. മുപ്പതിനായിരം പേർക്ക് പരിക്ക് പറ്റി . അൻപതിലധികം ഗ്രാമങ്ങൾ പൊടിഞ്ഞു തകർന്നു.

ലത്തൂരിലും ലാറി ബേക്കർ എത്തിയിരുന്നു. പെട്ടെന്ന് കോൺക്രീറ്റ് മന്ദിരങ്ങൾ ഉയർത്തി എല്ലാവരും സുരക്ഷിതരായി എന്ന് പ്രഖ്യാപിച്ചാൽ പോരാ എന്നും ജനങ്ങളെ ശരിക്കും സുരക്ഷിതരാകണമെന്നും അവർക്ക് ജീവസന്ധാരണോപാധികൾ ലഭിക്കുമെന്നുറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞത് ആർക്കും പിടിച്ചില്ല. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ വേണ്ട വിധത്തിൽ പാലിക്കപ്പെട്ടില്ല.

ഹാം റേഡിയോ ഓപ്പറേറ്റർമാർ ഒത്തിരി സഹായം ചെയ്ത ഒരു സംഭവമായിരുന്നു ലത്തൂർ ഭൂമി കുലുക്കം. തകർന്നു പോയ എല്ലായിടത്തും ഓടിയെത്തി വിവരങ്ങൾ വേണ്ട രീതിയിൽ പുറത്തെത്തിച്ചത് അവരായിരുന്നു. ആ സേവനമൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന ങ്ങളും ഇൻറർനാഷണൽ കമ്യൂണിറ്റിയും പല മെഡിക്കൽ കോളേജുകളും അനവധി ഡോക്ടർമാരും കണക്കില്ലാത്തത്ര സാധാരണ മനുഷ്യരും അന്നും ഇന്നും എൻറെ സുഹൃത്തായ ജയ്ഗോപാലും രാപ്പകലില്ലാതെ അദ്ധ്വാനിച്ചാണ് ലത്തൂരിനെ മെല്ലെ പിച്ച നടത്തിയത്.

ചമോളിയിൽ അനുഭവപ്പെട്ട ഭൂമികുലുക്കം തൊണ്ണൂറു വർഷ ത്തിനിടയിൽ, ആ മേഖലയിൽ സംഭവിച്ച ഏറ്റവും ശക്തമായ ഒന്നായിരുന്നു. 1999 മാർച്ച് 29 നു രാത്രി പന്ത്രണ്ടരക്കായിരുന്നു അത്. ആളപായം കുറവായിരുന്നു. എങ്കിലും അമ്പതിനായിരത്തോളം കെട്ടിടങ്ങൾ നശിച്ചു. രണ്ടായിരം ഗ്രാമങ്ങൾ പൊട്ടിപ്പൊളിഞ്ഞു. ഭീകരമായ ഉരുൾപൊട്ടലുകൾ കൊണ്ട് രക്ഷാപ്രവർത്തനം ഒട്ടും തന്നെ എളുപ്പമായിരുന്നില്ല.

ഉത്തരേന്ത്യ മുഴുവനും വിറച്ചു... ഈ കുലുക്കത്തിൽ.. ദില്ലിയിൽ ശാസ്ത്രിഭവനത്തിൽ വിള്ളലുകൾ ഉണ്ടായി. യാതൊരു തത്വദീക്ഷയുമില്ലാതെ നിർമിക്കപ്പെട്ടിട്ടുള്ള ദില്ലിയിലെ കെട്ടിടങ്ങൾ ഒന്നു പോയിട്ട് കാൽ ഭൂമിക്കുലുക്കത്തിനില്ലെന്നുള്ള ആലോചനകൾ അപ്പോൾ ഉഷാറായി ആരംഭിച്ചു.

ചമോളിയിലെ മഴയും പരിസരങ്ങളിലെ ഉഗ്രമായ ഉരുൾപ്പൊട്ടലുകളും എല്ലാം നഷ്ടപ്പെട്ട ജനങ്ങളും സൈനിക ർക്കു പോലും ബുദ്ധിമുട്ടായിത്തീർന്ന രക്ഷാപ്രവർത്തനങ്ങളും ചെളിയിലും ചേറിലും കുഴഞ്ഞു പോയ എൻറെ കൂട്ടുകാരനേയും ഒന്നും മറക്കാൻ പറ്റില്ല.

ലാറിബേക്കർ ചമോളി ഭൂമികുലുക്കത്തിൻറെ പശ്ചാത്തലത്തിൽ എഴുതിയതാണ് എർത്ത്ക്വേക്ക് ,
ചമോളി എ ഹാൻഡ് ബുക്ക് ഓൺ എർത്ത് ക്വേക്ക് എന്നീ രണ്ടു പുസ്തകങ്ങൾ...

എനിക്ക് എൻറെ പരിമിതമായ അറിവും ദുരന്തങ്ങളിലുള്ള ഇടപെടലും വെച്ച് നമുക്കു ശരിയായ കാഴ്ചപ്പാടുകളുള്ള ഭരണാധികാരികളുടെ കുറവുണ്ടെന്ന് വല്ലാതെ തോന്നിയിട്ടുണ്ട്. അഞ്ചു വർഷത്തെ ദീർഘ വീക്ഷണം ഉള്ളവർ. ...എല്ലാത്തരം വിഭാഗീയതയേയും പ്രോൽസാഹിപ്പിക്കുന്ന മീഡിയോക്രിറ്റിയുടെ ഉസ്താദുമാർ... അധികാരപ്രദർശനമാണെല്ലാറ്റിലും വലുതെന്ന് കരുതുന്നവർ...

വലിയ അധികാരങ്ങളുടെ പിൻതുണയില്ലാതെ നമ്മൾ ഇത്തരം ജോലികളിലേർപ്പെടുമ്പോഴാണ് ദുരന്തവും ദുരന്തബാധിതരും നമ്മേ സ്വപ്‌നങ്ങളിൽപ്പോലും അവരുടെ അസ്ഥികൾകൊണ്ട് മുറുകെപ്പുണരുക. നമ്മുടെ കണ്ണുകളേയും ബോധത്തേയും പോലും തീവെച്ചു നശിപ്പിക്കുക..

ഭൂമിക്കുലുക്കങ്ങൾ പൊട്ടിക്കരയിച്ച ഓർമ്മകളിൽ നിന്നും....

സുനാമിത്തിരകളിൽ നിന്നും

ഇനിയും എഴുതാം...

അമ്മച്ചിന്തുകൾ 45

                                     
അമ്മ ഒരുപാട് കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു. പുരുഷൻ അങ്ങനെയുമാണ്, കുടുംബം തകരരുത് എന്ന വിചാരത്തിൽ മൗനം പാലിച്ചിരുന്നതാണ് അമ്മ. അവർ എത്ര പാവമായിരുന്നുവെന്ന് പിന്നീടുള്ള കാലമത്രയും ഞങ്ങൾ പരിതപിച്ചിട്ടുണ്ട്. വീടിൻറെ ദൈനംദിന നടത്തിപ്പിനെ തകർത്തു കളയാത്തിടത്തോളം കാലം അച്ഛൻറേ എല്ലാ പെരുമാറ്റങ്ങളും അമ്മ പൊറുത്തു. ഞങ്ങളേയും അച്ഛനല്ലേ നിങ്ങളുടെ അച്ഛനല്ലേ എന്നു ചോദിച്ചു സമാധാനിപ്പിച്ചു നിറുത്തി. എല്ലാം ശരിയാവുന്ന നന്നാവുന്ന ഒരു കാലം വരുമെന്ന് ആശിപ്പിച്ചു. അമ്മീമ്മയും അതു തന്നെയാണ് പറഞ്ഞിരുന്നത്. അവരിരുവരും അത്ര ബുദ്ധി യില്ലാത്തവരൊന്നുമായിരുന്നില്ല. എങ്കിലും ഞങ്ങൾ അഞ്ചു പെണ്ണുങ്ങളുടെ ജീവിതത്തിൽ നല്ലതു വരാനായി പറ്റാവുന്ന കച്ചിത്തുരുമ്പുകളിലെല്ലാം അവർ മുറുക്കിപ്പിടിച്ചു. ഈ വിശ്വാസവും അങ്ങനെയായിരുന്നു.

പക്ഷേ, എല്ലാറ്റിനും ഒരു പരിധി ഉണ്ടാവുമല്ലോ എന്നും. എല്ലാ സഹനത്തിനും അവസാനം ഉണ്ടായേ പറ്റൂ. കാരണം സഹനം എന്നും ഏകപക്ഷീയമത്രേ!

ഓഫീസേഴ്സ് ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ നാടകങ്ങളുണ്ടാകും. കളക്ടർ, ജഡ്ജി, പോലീസ് സൂപ്രണ്ട് അങ്ങനൊക്കെയുള്ള വലിയ സ്ഥാനികളായ അധികാരികളാണ് പ്രധാന വേഷത്തിൽ വരിക. അച്ഛൻ എല്ലാ നാടകത്തിലും ഉണ്ടാവും. കെ പി ഏ സി സുലോചനയെ കല്യാണം കഴിക്കാനാവാത്ത സങ്കടം ചിലപ്പോൾ ഈ നാടകനടനത്തിലൂടെ മറികടക്കാൻ അദ്ദേഹത്തിനായിരിക്കാം. എന്തായാലും നാടകനടിമാരുമായി കാറിൽ ചുറ്റി സഞ്ചരിക്കാൻ അച്ഛനിഷ്ടമായിരുന്നു.

അങ്ങനെ ഒരു പാതിരാത്രിയിൽ അച്ഛൻ വലിയൊരു കാറപകടത്തിൽ ചെന്ന് വീണു. കഴുത്തിലെ എല്ലിനാണ് തകരാറ് പിണഞ്ഞത്. മരണം തൊട്ടു വിളിച്ച ഒരപകടമായിരുന്നു. പുറമേക്ക് മുറിവുകൾ ഒന്നും കാണപ്പെട്ടിരുന്നില്ല. ഒരു ഓർത്തോപെഡിക് സർജനു മാത്രം മനസ്സിലാവുന്ന ഗൗരവമായിരുന്നു പരിക്ക്. അച്ഛനെ ഡോ. കെ. എസ്. പിള്ളയാണ് ചികിത്സിച്ചത്.

അപകടം നടന്നത് നാടകനടിമാർക്കൊപ്പം യാത്ര ചെയ്യുമ്പോഴായതുകൊണ്ട് അമ്മയെ ആരും വിവരമറിയിച്ചിരുന്നില്ല. രാവിലെ പത്ത് മണിക്ക് ഡോ. രാഹുലനാണ് പോസ്റ്റ് ഓഫീസിൽ വന്ന് അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയത്.

അച്ഛൻ റൂമിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അമ്മ എത്തുമ്പോൾ നഴ്സ് മാലാഖ അവിടെയുണ്ട്.

സാധാരണ ഏതു സ്ത്രീയും ഇങ്ങനെ ഒരവസ്ഥയിൽ ആ സ്ത്രീ എങ്ങനെ ആദ്യം എത്തിയെന്ന് അരിശപ്പെടും. പക്ഷേ, അമ്മ അങ്ങനെ ബഹളമുണ്ടാക്കിയില്ല. അച്ഛൻ റെ കട്ടിലിൽ അവരാണ് ഇരുന്നിരുന്നത്.

എന്നാലും അമ്മയെ കണ്ടപ്പോൾ ആ മാലാഖക്കും അച്ഛനും കോപം വന്നു. അവർ എണീററിട്ട് അച്ഛനെ ശ്രദ്ധിക്കാത്ത കുററത്തിന് അമ്മയെ വിചാരണ ചെയ്യാൻ തുടങ്ങി. ഈ അനുഭവം പിന്നീട് ഞങ്ങൾക്കായി സംവരണം ചെയ്തു കിട്ടുകയായിരുന്നു. മാലാഖ റോഡിൽ വെച്ച് ചീത്ത വിളിക്കുക, അവരുടെ ഭർത്താവ് റെയിൽവേ സ്റ്റേഷനിലും ഞങ്ങളുടെ വീട്ടിലും കയറി വന്ന് ഞങ്ങൾ മക്കളേയും അമ്മയേയും തെറി പറയുക..., തീരെ അപരിചിതരായ പുരുഷന്മാർ വീട്ടിൽ വന്ന് ബഹളം കൂട്ടുക ഇതൊക്കെ പതിവാകുന്നതിൻറെ തുടക്കം ആ ദിവസത്തിലായിരുന്നു.

അപ്പോൾ അമ്മ ആദ്യമായി മാലാഖയോട്
കയർത്ത് സംസാരിച്ചു. അച്ഛൻറെ മുറിയിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.... അതിൻറെ ശിക്ഷ എത്രകാലം അനുഭവിപ്പിച്ചിട്ടും അച്ഛനു മതിവന്നില്ല.

ആ സമയത്ത് റാണിയും ഭാഗ്യയുമായിരുന്നു അയ്യന്തോളിലെ വീട്ടിൽ അമ്മയച്ഛന്മാർക്കൊപ്പം ഉണ്ടായിരുന്നത്. റാണി സെന്റ് മേരീസ് കോളേജിൽ ഫസ്റ്റ് ഗ്രൂപ്പ് എടുത്തു പ്രീഡിഗ്രിക്ക് പഠിച്ചു തുടങ്ങിയിരുന്നു. തൃക്കൂർ സർവോദയ സ്കൂളിൽ നിന്നും ടോപ്പർ ആയാണ് അവൾ പത്താം ക്ളാസ്സ് പാസ്സായത്. അതൊന്നും അഭിനന്ദിക്കപ്പെട്ടില്ലെന്നത് നിസ്സാരമാണ്... ആരും അതറിയുക പോലും ചെയ്തില്ലെന്ന നിലയിൽ നോക്കുമ്പോൾ....

അമ്മീമ്മ തനിച്ചാവാതെ ശ്രദ്ധിക്കുക എന്ന തീരുമാനത്തിൽ റാണി മാറി നില്ക്കുന്ന ദിവസങ്ങളിൽ ഞാനോ ഭാഗ്യയോ തൃക്കൂരിൽ നില്ക്കുമായിരുന്നു.

അത്തരം ഒരു ദിവസമാണ് അച്ഛന് ഈ അപകടം പറ്റിയത്. അച്ഛനു വേണ്ട മരുന്നുകളും ട്രാക്ഷൻ ഇടാനാവശ്യമായ സാമഗ്രികളും എല്ലാം റാണിയാണ് സംഘടിപ്പിച്ചത്. അച്ഛനു വേദന കുറയണമെന്ന് തന്നെയായിരുന്നു റാണിയുടേയും ഭാഗ്യയുടേയും ആഗ്രഹം...

എത്രയായാലും എന്തായാലും അച്ഛൻ സ്വന്തം എന്ന വികാരം ഞങ്ങളിൽ നിന്ന് മുഴുവനായും മാഞ്ഞുപോയിരുന്നില്ല.

ആ ആശുപത്രി ദിനങ്ങൾ ഇന്നും മറക്കാൻ പറ്റാത്തത് അതുകൊണ്ടു കൂടിയാണ്. അച്ഛനൊപ്പം അധികം സമയം ചെലവാക്കിയപ്പോൾ നഴ്സ് മാലാഖക്ക് അച്ഛനിലുള്ള സ്വാധീനം റാണി മനസ്സിലാക്കാൻ തുടങ്ങി.

അമ്മയേം റാണിയേം വീട്ടിലാക്കി ഡ്രൈവർ മടങ്ങി യപ്പോൾ റാണി ഒരു ഡിറ്റക്ടീവിനെപ്പോലെ ഭാഗ്യയോട് പറഞ്ഞു. 'കാർ പോകുന്നത് മാലാഖയെ ആശുപത്രിയി മുറിയിലേക്ക് കൊണ്ടു വരാനാണ്.'

ഭാഗ്യ വിശ്വാസത്തിലെടുത്തില്ല. അവൾ തർക്കിച്ചു. 'അച്ഛൻ സ്വന്തം പേരു ചീത്തയാക്കില്ല... അങ്ങനെ അടുപ്പമൊന്നും കാണില്ല. നീ വെറുതെ ഓരോന്ന് വിചാരിച്ച് വിഷമിക്കുകയാണ് '

എന്തായാലും ഇരുവരും ഉടനെ തന്നെ ഒരു ഓട്ടോയിൽ കയറി ആശുപത്രിയിൽ എത്തി.

ഡ്രൈവർ ആവുന്നത് ശ്രമിച്ചു... അവരെ മുറിയിൽ കയറ്റാതെ നോക്കാൻ...

'ഞങ്ങളുടെ അച്ഛനാ ..മുറീല്. ഞങ്ങളെ ആരാ എന്തിനാ തടയണത്?'

ഡ്രൈവർ പിന്നെ ശബ്ദിച്ചില്ല.

നഴ്സ് മാലാഖയെ കണ്ട് ഭാഗ്യ തകർന്നു തരിപ്പണമായി... റാണിയും പൊട്ടിത്തകർന്നു. അവൾ അങ്ങനെ പറഞ്ഞുവെങ്കിലും അത് സംഭവിക്കില്ല എന്ന് തന്നെയാണ് കരുതിയിരുന്നത്.

എൻറെ അറിവ് ശരിയാണെങ്കിൽ ഭാഗ്യയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ വിശ്വാസത്തകർച്ചയായിരുന്നു അത്. അവൾ അതിനു ശേഷം വേറൊരു പെൺകുട്ടിയായിത്തീർന്നു. പഴയ ഭാഗ്യ പിന്നെ മുഴുവനായി ഒരിക്കലും തിരിച്ചു വന്നില്ല.

ഞാൻ കോളേജിലായിരുന്നു ഇതൊക്കെ നടക്കുമ്പോൾ... റാണിയും ഭാഗ്യയും ഉച്ചയൂണിൻറെ സമയത്ത് കോളേജിൽ വന്ന് എന്നെ കണ്ടു. അവർ കരയുകയായിരുന്നു. ഞാനും അന്ന് ഒത്തിരി കരഞ്ഞു. ...

ഞങ്ങളുടെ ജീവിതം നടുക്കടലിലേക്ക് നീങ്ങുകയായിരുന്നുവല്ലോ.

അമ്മച്ചിന്തുകൾ 44

                                                      
അച്ഛന് ഹൈക്കോടതി വിധി നടത്തിക്കണമെന്ന് ഒട്ടും ആശയില്ലായിരുന്നു. അമ്മീമ്മക്ക് സ്വന്തമായി ഒരു വീടുണ്ടായത് തന്നെ വലിയ തെറ്റായിപ്പോയി എന്ന വീക്ഷണത്തിലേക്ക് അക്കാലമായപ്പോഴേക്കും അച്ഛൻ നടന്നെ ത്തിക്കഴിഞ്ഞിരുന്നുവല്ലോ.

അമ്മയും അമ്മീമ്മയും ഇരിങ്ങാലക്കുടയിലെ അഡ്വ. പനമ്പിള്ളി രാഘവമേനോനെ കേസിനായി ഏർപ്പെടുത്തി. ജായ്ക്കാൾ അവർക്കൊപ്പം തന്നെ നിന്നു. മീനാൾ ഡോ പല്പുവിൻറെ മരുമകനായ അഡ്വ. പുരുഷോത്തമനെയാണ് വക്കാലത്ത് ഏല്പിച്ചത്. അതിനു കാരണം പുരുഷോത്തമൻ വക്കീലിൻറെ മകൾ മീനാളുടെ മകൾക്കൊപ്പമാണ് ദില്ലിയിലെ ലേഡി ഹാർഡിഞ്ജ് മെഡിക്കൽ കോളേജിൽ മെഡിസിൻ പഠിച്ചത് എന്നതായിരുന്നു.

അങ്ങനെ കേസിന് നടപ്പ് വീണ്ടും ആരംഭിച്ചു. ഇത്തവണ ഞങ്ങൾ കുട്ടികൾ അമ്മക്കും അമ്മീമ്മക്കും വേണ്ടി വക്കീലുമാരെ കാണുക, ഫീസ് ഒടുക്കുക, എഴുത്തുകുത്തുകൾ നടത്തുക അതെല്ലാം ചെയ്തിരുന്നു.

അച്ഛൻ ഓഫീസേഴ്സ് ക്ളബ്ബ്, സ്വന്തം കാർ, ആശുപത്രി, നഴ്സ് മാലാഖ, അമ്മയുടെയും മക്കളുടേയും സ്നേഹരാഹിത്യം, അച്ഛൻറെ കുടുംബം തകർത്ത അമ്മീമ്മ എന്ന ഭയങ്കരി എന്നീ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ചു. മറ്റൊന്നും തന്നെ അച്ഛനെ അലട്ടിയില്ല.

വില്ലൻ ചുമ മാറി ഒരു മാസം മാത്രമേ ഞാൻ കോളേജിൽ പോയുള്ളൂ. എനിക്ക് കടുത്ത പനി പിടിപെട്ടു. ഭൂമി കാല്ക്കീഴിൽ നിന്നകന്ന് മാറുക എന്ന തലചുറ്റൽ ഞാൻ ആദ്യമായി അനുഭവിച്ചത് അന്നാണ്. അതൊരു ശനിയാഴ്ച ഉച്ചയായിരുന്നു. അമ്മ ഓഫീസിൽ നിന്ന് വന്നപ്പോൾ ഞാൻ ഒരു വെളിവുമില്ലാതെ ഇരിക്കുകയാണ്. ഉച്ചക്ക് ഊണു കഴിക്കാൻ വന്ന അച്ഛനു എന്നെ കണ്ട് ഭയങ്കര കോപമാണുണ്ടായത്. എന്നെ ട്യൂഷന് പറഞ്ഞയക്കാനും വീട്ടിൽ ഏകാന്തത ഉണ്ടാക്കാനും അച്ഛൻ ആവുന്നത് പയറ്റി. അമ്മ സംശയം സ്ഫുരിക്കുന്ന ശബ്ദത്തിൽ 'നിങ്ങൾക്ക് എന്തെങ്കിലും പരിപാടിയുണ്ടോ കുട്ടി പോയിട്ട് അത്യാവശ്യമായി ചെയ്തു തീർക്കാൻ ? ' എന്ന് ചോദിക്കും വരെ അച്ഛൻ എൻറെ പനി അഭിനയമാണെന്ന് ആരോപിച്ചുകൊണ്ടിരുന്നു.

ഞാൻ പിന്നീട് ഒന്നും കേട്ടില്ല. സ്വീകരണമുറിയിലെ സോഫയിൽ കിടക്കുകയായിരുന്നു ഞാൻ. ഞാനുറങ്ങിയിരിക്കണം. ഭാഗ്യ അന്ന് തൃക്കൂരിലേക്ക് പോയിരുന്നു. റാണിക്കൊപ്പം കണക്ക് പഠിക്കാനായി... ഞായറാഴ്ച വൈകീട്ട് അവൾ മടങ്ങി വരുമെന്നും പറഞ്ഞിരുന്നു.

കുറേ സമയം കഴിഞ്ഞു ഞാൻ കണ്ണു തുറന്നത് വേറെ ഏതോ ഒരു ലോകത്തിലേക്കായിരുന്നു. എൻറെ ശരീരം ജെല്ലി പോലെ ആണെന്ന് എനിക്ക് തോന്നി. ഞാൻ ഒരു മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. അവിടെ ഒഴുകുന്ന മുഖമുള്ള ഉരുകിപ്പോയ ദേഹമുള്ള രണ്ട് വേതാളങ്ങളുണ്ടായിരുന്നു. വേതാളങ്ങൾക്ക് അച്ഛൻറെയും നഴ്സ് മാലാഖയുടേയും ച്ഛായ തോന്നി...

പിന്നെ എനിക്കൊന്നും ഓർമ്മയില്ല...

നൂറ്റിനാലു ഡിഗ്രി പനിയുണ്ടായിരുന്നുവത്രേ അമ്മ വരുമ്പോൾ എനിക്ക്.. അച്ഛൻ എന്നെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോയിരുന്നു. രാവിലെയും വൈകിട്ടും ആശുപത്രിയിൽ പോകാത്ത ഒരു ദിവസം പോലും അച്ഛൻറെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലല്ലോ.

മരുന്നൊന്നും വേണ്ട, കാണിക്കി പനിയാണെന്നൊക്കെ പറയുകയും അടിച്ചു ഈ കള്ളപ്പനി മാറ്റും എന്നൊക്കെ എന്നോട് ഒത്തിരി ക്ഷോഭിക്കുകയും ചെയ്തുവെങ്കിലും അച്ഛൻ ഒടുവിൽ എന്നെ കുത്തിവെച്ചു. ....

അമീബിയാസിസ് ആയിരുന്നു എനിക്ക്. ഒരു മാസമെടുത്തു അസുഖം മാറാൻ... അന്നൊക്കെ പോലീസ് പിടിക്കില്ല എന്ന ഉറപ്പു കിട്ടിയിരുന്നുവെങ്കിൽ അച്ഛൻ വല്ലതും കുത്തിവെച്ച് എന്നെ വധിക്കുമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്ര വിരോധം എന്നോടദ്ദേഹം കാണിച്ചിരുന്നു.

ഭാഗ്യയും അമ്മയും ആ വിരോധം കുറച്ചൊക്കെ അക്കാലത്ത് മനസ്സിലാക്കുകയും ചെയ്തു. പക്ഷേ, കാരണമായി എനിക്കു പോലും ഒന്നും വ്യക്തമായില്ല...

ഞാൻ വീണ്ടും കോളേജിൽ പോയിത്തുടങ്ങി. ഡോക്ടർ ആവുന്നത് പോയിട്ട് പ്രീഡിഗ്രി പരീക്ഷ ജയിക്കുമോ എന്ന് കൂടി എനിക്ക് സംശയമായിക്കഴിഞ്ഞിരുന്നു. മിസ്സായ ക്ളാസ്സുകൾ എന്നെ സദാ ഭീതിപ്പെടുത്തി. എന്നെ നിർബന്ധിച്ച് സെക്കൻഡ് ഗ്രൂപ്പെടുപ്പിച്ചതിന് ഞാൻ അമ്മയോട് ബഹളം കൂട്ടി. വെറുതേ കരഞ്ഞു പിഴിഞ്ഞു പ്രശ്നമുണ്ടാക്കി. അത്താഴം വിളമ്പിത്തരുമ്പോൾ കഴിക്കാതിരുന്ന് അമ്മയേ നോവിച്ചു.

റാണിയും അമ്മീമ്മയും അരികത്തില്ലാത്തത് എത്ര യായാലും എനിക്ക് പ്രയാസമായിരുന്നു. എൻറെ ആത്മവിശ്വാസം അവരെ ആശ്രയിച്ചായിരുന്നുവല്ലോ വളരെക്കാലമായി നിലകൊണ്ടിരുന്നത്. അതേസമയം അമ്മയും ഭാഗ്യയും എനിക്ക് വളരെ വേണ്ടപ്പെട്ടവരും ആയിരുന്നു.

ഞാൻ അക്കാലത്ത് ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. അച്ഛൻ ആ കുറിപ്പുകൾ പരതിപ്പിടിച്ച് വായിക്കുകയും അതിലെ ഉള്ളടക്കത്തെച്ചൊല്ലി നിത്യവും കലഹിക്കുകയും ചെയ്തു. എന്നെ ചവിട്ടാൻ വന്നിട്ടുണ്ട് ചില ദിവസങ്ങളിൽ... പകയുടേയും പ്രതികാരത്തിന്റെയും ആൾരൂപമായി ജ്വലിക്കുകയായിരുന്നു അന്ന് അച്ഛൻ. എൻറെ എന്ത് എഴുത്താണ് അദ്ദേഹത്തിന്റെ സമനില തെറ്റിച്ചതെന്ന് മനസ്സിലായില്ല. ബഹുമാനം പോരാ എഴുത്തിലെന്നതായിരുന്നു വലിയ തെറ്റ്.

ഞാൻ എപ്പോഴും ആ കണ്ണുകളുടെ നിരീക്ഷണത്തിലായി. നഴ്സ് മാലാഖയും അച്ഛനും തമ്മിലുള്ള ബന്ധം എല്ലാ അതിരുകളേയും ഭേദിച്ചുവെന്നത് അദ്ദേഹത്തിന് എന്നോടുള്ള വൈരാഗ്യമാണ് എന്നെ ബോധ്യമാക്കിത്തന്നത്. ആഴമേറിയ മരണച്ചുഴി പോലെ നഴ്സ് മാലാഖയും അച്ഛനും എൻറെ മനസ്സിൽ സദാ കറങ്ങിക്കൊണ്ടിരുന്നു. അവരെ ഒരുമിച്ചു കണ്ട ഓരോ നിമിഷവും ഞാൻ പിന്നേയും പിന്നേയും ഓർമ്മിച്ചു.

ഒടുവിൽ എനിക്കത് ബോധ്യമായി. അച്ഛൻ കാണിക്കുന്നതിനെല്ലാം കാരണമെന്തെന്നും അങ്ങനെ ഞാനറിഞ്ഞു.
Saturday, September 7, 2019

അമ്മച്ചിന്തുകൾ.43

                                 
അച്ഛന് രുഗ്മിണി അമ്മാളോട് കടുത്ത വിരോധമായിരുന്നു. ആ മൊട്ടച്ചിത്തള്ള അനുഭവിച്ച് മരിച്ചു എന്നാണ് ഡയറിയിലെ കുറിപ്പ്. അമ്മയുടെ അച്ഛൻ ബോധമറ്റു കിടന്നപ്പോൾ ഞങ്ങൾ കാണാൻ ചെന്നിരുന്നല്ലോ. അന്ന് രുഗ്മിണി അമ്മാൾ അച്ഛനോട് ദേഷ്യത്തോടെ സംസാരിച്ചു.. അതിൻറെ പക അച്ഛനിൽ ഒരിക്കലും കെട്ടടങ്ങിയില്ല.

അച്ഛൻ അങ്ങനെ ആയിരുന്നു. എതിർത്താൽ, ചോദ്യം ചെയ്താൽ, അച്ഛൻറെ സൂത്രങ്ങൾ കണ്ടു പിടിച്ചാൽ, എന്തിന് ദേഷ്യപ്പെട്ടാൽ പോലും അദ്ദേഹം മറക്കുകയില്ല. സൗകര്യം കിട്ടുമ്പോഴെല്ലാം കുത്തി നോവിക്കും. അതും പറഞ്ഞ് വഴക്കുണ്ടാക്കും. വർത്തമാനകാലത്തിൽ വഴക്കിന് വഴിയില്ലെങ്കിൽ... പ്രത്യേകിച്ച് വീട്ടിലെല്ലാവരും ചിരിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അച്ഛൻ ഭൂതകാലത്തിൽ ഞങ്ങൾക്ക് സംഭവിച്ചു പോയ തെറ്റുകളേയും ഭാവി കാലത്തിൽ തന്മൂലം ഞങ്ങൾ അനുഭവിക്കേണ്ട ദുരിതങ്ങളേയും പറ്റി സംസാരിച്ചു ദിവസം തുലച്ചു കളയും. ഒത്തിരി സൂക്ഷിച്ചില്ലെങ്കിൽ അമ്മക്ക് അടിയും കിട്ടും.

എന്തിനാണ് ജനിച്ചതെന്ന് സങ്കടപ്പെടാത്ത ഒരു ദിവസം പോലും ഓർമ്മയിലില്ല. ഓടിവരുന്ന ലോറികളുടേയോ ബസ്സുകളുടേയോ മുന്നിൽ ഞങ്ങൾ മൂന്നുപേരും കൂടി കൈകോർത്ത് പിടിച്ച് റോഡ് ക്രോസ് ചെയ്യാൻ അര സെക്കൻഡ് വൈകിച്ചാലോ എന്നാലോചിച്ചിട്ടുണ്ട്. അംഗഭംഗപ്പെട്ട് കിടക്കേണ്ടി വന്നാലോ എന്ന ഭയവും അമ്മക്കും അമ്മീമ്മക്കും പിന്നെ ആരുണ്ടാവും എന്ന ചിന്തയുമാണ് ഞങ്ങളെ അതിൽ നിന്നും എപ്പോഴും പിൻതിരിപ്പിച്ചിട്ടുള്ളത്.

പത്താം ക്ളാസ് കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ പരിഹസിച്ചു. 'നീ എത്ര സുഖത്തിലാണ് ജീവിച്ചത്. കോൺവെൻറിൽ പഠിച്ചു. ഫാനും ഇലക്ട്രിക് ലൈറ്റുമുള്ള നല്ല വീട്ടിൽ താമസിച്ചു. എൻറെ കാറിൽ സ്ക്കൂളിൽ പോയി. വീട്ടുപണി എടുത്തില്ല. കൂലിപ്പണി ചെയ്തില്ല. എന്നിട്ട് മാർക്ക് കിട്ടിയാൽ എന്ത് കാര്യം? റാങ്ക് കിട്ടിയാൽ പോലും കാര്യമില്ല..അപ്പുറത്തെ വീട്ടിലെ കഷ്ടപ്പെട്ടു കഴിയുന്ന ശോഭനക്കുട്ടിക്ക് കിട്ടിയ ഇരുനൂറ്റി നാല്പത് മാർക്കിൻറെ വാലിൽ കെട്ടി അടിക്കാൻ യോഗ്യതയില്ല നിൻറെ മാർക്കിന്...

ഞാൻ മൗനമായിരുന്നു..ശോഭന അമ്മയുടെയും ഞങ്ങളുടെയും അടുത്ത കൂട്ടുകാരിയായിരുന്നു. ടി ബി വന്ന ശേഷം കൈയിനു സംഭവിച്ച ചില്ലറ സ്വാധീനക്കുറവുകളുടെ പരിഹാരത്തിന് അവൾ എന്നും അമ്മയെ സഹായിച്ചു. ഇന്നവൾ ഒരു ഗവൺമെന്റ് സ്കൂളിൽ ഹിന്ദി ടീച്ചറാണ്.

കേരളവർമ്മ കോളേജിൽ നാലുഗ്രൂപ്പിനും ആദ്യലിസ്റ്റിൽ തന്നെ പ്രവേശനം കിട്ടീ. സെൻറ് മേരീസിൽ തേർഡ് ഗ്രൂപ്പിനും ഫോർത്ത് ഗ്രൂപ്പിനും ആയിരുന്നു ആദ്യ ലിസ്റ്റിൽ പ്രവേശനം കിട്ടിയത്. എനിക്ക് തേർഡ് ഗ്രൂപ്പെടുത്ത് പഠിച്ച് അഞ്ചു വർഷത്തെ നിയമപഠനം ചെയ്യാനായിരുന്നു മോഹം..കൂട്ടത്തിൽ ഒരു
എഴുത്തുകാരിയാവാനും ഞാൻ ആഗ്രഹിച്ചു.

അമ്മ സെൻറ് മേരീസിലെ സെക്കൻഡ് ലിസ്റ്റിന് കാത്തില്ല. കുടുംബ സുഹൃത്തായ ഡോ.രാഹുലൻറേ സഹായം തേടി. അങ്ങനെ എനിക്ക് സെക്കൻഡ്ഗ്രൂപ്പ് സെൻറ് മേരീസിൽ തന്നെ കൈവന്നു..

എനിക്ക് നല്ല ലജ്ജയുണ്ടായിരുന്നു. സെൻറ് മേരീസീലെ കുട്ടികൾ നല്ല സ്ററയിലും സ്ററാററസും ഉള്ള വരാരുന്നു..നാടൻ പെൺകുട്ടി കൾ കുറവ്.. പലരും ഇംഗ്ലീഷ് മീഡീയത്തിൽ പഠിച്ചവർ. നല്ലോണം അദ്ധ്വാനിച്ചു പഠിച്ചാലേ എന്തെങ്കിലും കിട്ടൂ എന്നെനിക്കറിയാമായിരുന്നു. എൻറെ പോലത്തെ ഒരു വീടും അതു നിറച്ചും ഇതുമാതിരി പ്രശ്നങ്ങളും ആയിട്ട് എത്രപേർ എൻറൊപ്പം പഠിച്ചിരുന്നു എന്നെനിക്കറിയില്ല. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. അല്പമെങ്കിലും ചില കാര്യങ്ങൾ കരച്ചിൽ ഒതുക്കാനാവാതെ ലതാമേനോൻ എന്ന കൂട്ടുകാരിയോട് പങ്കു വെച്ചിട്ടുണ്ടെന്നേയുള്ളൂ.

ഞാൻ തേക്കിൻ കാട് മൈതാനത്തിലൂടെ നടന്ന് നടുവിലാൽ കടന്ന് പടിഞ്ഞാറെച്ചിറയുടെ അരികിലെ എം. കെ. മേനോൻ മാഷിന്റെ ട്യൂഷൻക്ളാസിൽ പഠിക്കാൻ പോയിരുന്നു. എങ്ങനെയെങ്കിലും ഡോക്ടർ ആയി അമ്മയെ സന്തോഷിപ്പിക്കണമെന്ന് ഞാൻ ആശിച്ചിരുന്നു. എന്നാൽ അത് ഒട്ടും എളുപ്പമായിരുന്നില്ല എനിക്ക്.

ഓഫീസേഴ്സ് ക്ളബ്ബിലെ വാർഷികത്തിന് അനവധിക്കാലം ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ച ഭാഗ്യ എന്നൊരു മോളുണ്ടെന്ന് പറയാൻ അച്ഛനു ചമ്മലായിരുന്നു. അതിലും അപ്പുറമായിരുന്നു അഞ്ചു കൊല്ലം ശാസ്ത്രീയസംഗീതം പഠിച്ച് നൂറു കീർത്തനം പാടാൻ കഴിയുമായിരുന്ന എന്നേയും റാണിയേയും കുറിച്ച് പരാമർശിക്കാനുള്ള മടി. എന്നാലും ഞങ്ങൾ ഒരിക്കൽ നൃത്തവും പാട്ടും അവതരിപ്പിച്ചു. അച്ഛൻ ലജ്ജകൊണ്ട് അന്ന് തകർന്നുപോയി. കലാവാസന തൊട്ടുതെറിക്കാത്ത ഞങ്ങളെ പെറ്റ കുറ്റത്തിന് അമ്മ അന്ന് ഒരുപാട് ചീത്ത കേട്ടു. ഒരു ശ്രുതിപ്പെട്ടി ഒടുങ്ങിയമർന്നു.

അതോടെ കലയെ പൂട്ടി താക്കോൽ ഞങ്ങൾ കടലിലെറിഞ്ഞു. ഓരോന്നായി വേണ്ട വേണ്ട എന്ന് വെക്കാൻ എത്ര എളുപ്പമാണെന്ന് ജീവിതം ഓരോ പടവിലും ഞങ്ങളോട് അതീവ നിശിതമായി വിശദീകരിച്ചിട്ടുണ്ട്.

അച്ഛനും നഴ്സ് മാലാഖയും തമ്മിലുള്ള സ്നേഹം പലരും അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ അമ്മയെ അതറിയിക്കുന്നത് ഞാനാണെന്ന് തന്നെ അച്ഛൻ എന്നും കരുതിയിരുന്നു.

ആ സമയത്താണ് എനിക്ക് വില്ലൻചുമ വന്നത്. അത് വൂപ്പിംഗ് കോഫ് അല്ല, ബാർക്കിംഗ് കോഫ് ആണെന്നും അമ്മീമ്മയുടെ വീട്ടിൽ പോയി നിന്നാൽ മാറുമെന്നുമുള്ള പതിവ് തീയറി ആവിഷ്ക്കരിക്കപ്പെട്ടു. ഞാൻ അസുഖം പിടിച്ചു വീട്ടിൽ പകൽസമയം ഉണ്ടാവരുതെന്നതാണ് അച്ഛൻ റെ ആവശ്യം. 'അവളെ അമ്മേടെ ചേട്ടത്തിയാ വളർത്തിയത്. എന്നാ പ്രശ്നമായാലും അവരുടെ അടുത്ത് പോയി താമസിച്ചാൽ അവൾക്ക് എല്ലാം മാറും. മരുന്നു പോലും വേണ്ട. മനസ്സിൻറെ അടുപ്പത്തിന് അത്ര ബലമാ. രാജത്തിന് അങ്ങനൊരു ബന്ധം ഉണ്ടാക്കാനുള്ള കഴിവില്ല.' എന്നച്ഛൻ പറയുമ്പോൾ പമ്പരവിഡ്ഡികളെപ്പോലെ കേട്ടിരുന്ന് തലയാട്ടുന്ന അച്ഛൻ റെ സുഹൃത്തുക്കളോടെല്ലാം എനിക്ക് പുച്ഛം തോന്നീട്ടുണ്ട്. ഇന്നും തോന്നുന്നുണ്ട്.

രോഗബാധിതയായും അവധിക്കാലത്തും ഒക്കെ ഞാൻ തൃക്കൂർ വീട്ടിൽ ചെല്ലുമ്പോൾ അമ്മീമ്മ കാര്യമായി പരിചരിക്കുമെങ്കിലും ആ മനസ്സിൽ എന്നോട് ഒരു പിണക്കമുണ്ടായിരുന്നു. റാണി അമ്മീമ്മയുടെ മുല കുടിച്ചുറങ്ങുന്ന കുഞ്ഞായിരുന്നു എന്നും അമ്മീമ്മയുടെ ഉള്ളിൽ... അവൾ എന്നെപ്പോലേ അമ്മീമ്മയെ വിട്ടേച്ചു പോവില്ല ഒരിക്കലും എന്നവർ ധരിച്ചിരുന്നു.

റാണി അവളെ ക്കൊണ്ട് കഴിയുന്നത്രകാലം അത് പാലിക്കുകയും ചെയ്തു.

ആദ്യവർഷ പ്രീഡിഗ്രി ക്ളാസ്സ് വില്ലൻ ചുമ കാരണം ഏകദേശം മൂന്നുമാസത്തോളം എനിക്ക് നഷ്ടപ്പെട്ടു. കണ്ണിലെ രക്തക്കുഴലുകൾ ചുമയുടെ ശക്തി കൊണ്ട് പൊട്ടി രക്തം വരുമായിരുന്നു. എന്നാലും അത് വില്ലൻ ചുമയാണെന്ന് അച്ഛൻ സമ്മതിച്ചില്ല. അത് കാണിക്കിചുമയായിരുന്നു.

ഞാൻ ചുമയുമായി കഷ്ടപ്പെടുമ്പോൾ ജീവിതം വല്ലാത്ത ഹെയർപിൻ വളവുകളിലൂടെ ഞങ്ങളെ ഓടിക്കാനാരംഭിച്ചു.

അതിൻറെ ആദ്യപടിയായി തൃശൂർ കോടതിയിൽ അമ്മയുടെ സഹോദരന്മാർ നല്കിയ കേസ് തള്ളിപ്പോയി. ഹൈക്കോടതി വിധി ഉടനടി നടപ്പിലാക്കാൻ തൃശൂർ ജില്ലാ കോടതി ഇരിങ്ങാലക്കുട സബ്കോടതിയോട് നിർദ്ദേശിച്ചു.

ആ നിർദ്ദേശം അനുസരിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളാതിരിക്കാൻ അമ്മക്കും അമ്മീമ്മക്കും കഴിയുമായിരുന്നില്ല.

അമ്മച്ചിന്തുകൾ 42

                                            
തൃശൂർ ജില്ലാ കോടതിയിൽ അമ്മീമ്മയുടെ സഹോദരന്മാർ കൊടുത്തിരുന്ന മൂന്നാമത്തെ കേസ് ഉഷാറായി നടന്നിരുന്നു. എന്ന് വെച്ചാൽ ഡേറ്റ് നീട്ടുക എന്ന പ്രക്രിയ അനുസ്യൂതം നടന്നുപോന്നുവെന്നർഥം. സഹോദരന്മാരുടെ വക്കീലിന് കേസ് കോടതിയിൽ വിചാരണ ക്ക് വരാതെ നോക്കലായിരുന്നു പ്രധാനജോലി. വിചാരണക്ക് വന്നാൽ കേസ് തള്ളിപ്പോകുമെന്ന് അവർക്ക് അറിയുമായിരുന്നു.

അമ്മയുടെയും അമ്മീമ്മയുടേയും വക്കീലായിരുന്ന സുബ്രഹ്മണ്യയ്യർ കിറുകൃത്യമായി കേസ് പഠിച്ചിരുന്നു. എല്ലാ കേസ് ദിവസവും അദ്ദേഹം കോടതി യിൽ ഹാജരായി. എന്നിട്ട് അന്നത്തെ ഫീസ് വാങ്ങാൻ അയ്യന്തോൾ പോസ്റ്റ് ഓഫീസിൽ പോയി അമ്മയെ കണ്ടു.

ഇതിനൊപ്പം ജാതകക്കേസ്, സസ്‌പെൻഷൻ കേസ് ഒക്കെ അമ്മീമ്മ പൊരുതുന്നുണ്ടായിരുന്നു.

ദില്ലിയിൽ ജീവിച്ചിരുന്ന അമ്മയുട ചേച്ചി മീനാൾ ആ സമയത്ത് തൃക്കൂരിൽ വന്നിരുന്നു. നാഗമ്മാമി എന്ന ചെറിയ ശ്വശ്രുവിൻറെ വീട്ടിലാണ് അവർ പാർത്തത്. അത് അമ്മീമ്മയുടെ വീടിൻറെ നേരേ മുന്നിലായിരുന്നു. അത്തവണ വന്നപ്പോൾ അവർ അമ്മീമ്മയോടും അമ്മയോടും സംസാരിക്കാൻ തയാറായി. അമ്മീമ്മയെ വല്ലാതെ സങ്കടപ്പെടുത്തുകയും ഒപ്പം അതിശയിപ്പിക്കുകയും ചെയ്ത ഒരു കാര്യമായിരുന്നു അത്.

അതിനു മുൻപും ഒന്നു രണ്ടു തവണ അവർ ആ വീട്ടിൽ വന്നു താമസിച്ചിരുന്നു. അവരുടെ മക്കളെ ചെറുപ്പകാലത്ത് അമ്മീമ്മയും എൻറെ അമ്മയും ഒത്തിരി ഓമനിച്ച് വളർത്തിയതുമായിരുന്നു. എന്നാൽ ആ രണ്ടു തവണയും അമ്മീമ്മയെ അവരാരും തന്നെ കണ്ട ഭാവം പോലും കാണിച്ചില്ല. അന്നത്തെ അമ്മീമ്മയുടെ സങ്കടം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. അവരുടെ ശ്രദ്ധ കിട്ടാനായി അമ്മീമ്മ വീട്ടു പറമ്പിലും കുണ്ടനിടവഴിയിലും ഒക്കെ ചെന്നു നിന്നു. കുട്ടികൾ പോലും അവരെ പരിഗണിച്ചില്ല...

അന്ന് അമ്മീമ്മ വീട്ടുകാരുമായുള്ള കേസ് പൊരുതുന്ന കാലമായിരുന്നു.

ഹൈക്കോടതി വിധി വന്ന ശേഷം സ്വാഭാവികമായി അമ്മീമ്മയുടേയും അമ്മയുടേയും സ്ററാറ്റസ് ഉയർന്നിരുന്നുവല്ലോ.

മീനാൾ എന്ന ആ സഹോദരി നെഞ്ച് തകരുന്ന ഒരു ഫോട്ടോ കൈവശം കൊണ്ടു വന്നിരുന്നു. അത് അവർ മൂന്നു പേരുടേയും അമ്മയായ രുഗ്മിണി അമ്മാളുടെ ഫോട്ടോ ആയിരുന്നു. അവർ തൻറെ ഒരു സഹോദരൻറെ വീട്ടിൽ അമ്മയെ ചെന്നു കണ്ടപ്പോൾ എടുത്ത ഫോട്ടോ. അമ്മീമ്മ ആ അമ്മയെ തൃക്കൂർ തറവാട്ടു മഠത്തിൽ ചെന്നു കണ്ടപ്പോൾ ഉണ്ടായിരുന്ന രൂപമേ ആയിരുന്നില്ല അത്. ആ ഫോട്ടോ കണ്ടു എല്ലാവരുടെയും നെഞ്ച് തകർന്നു പോയി.

പരിപൂർണ്ണ അന്ധയായിരുന്നു ആ അമ്മ. പത്തുമക്കൾ സമൃദ്ധമായി പാലു കുടിച്ച ആ മുലകൾ ഉണങ്ങിച്ചുരുണ്ട് നഗ്നമായ നെഞ്ചിൽ രണ്ടു കുരുക്കളായി കാണപ്പെട്ടു. ഒരു കീറിയ തുണി തുടയിടുക്കിലുണ്ടായിരുന്നു. വീതി കുറഞ്ഞ ഒരു ബെഞ്ചിൽ ഇരിക്കുകയായിരുന്നു വാരിയെല്ലുകൾ എണ്ണാവുന്ന ആ മനുഷ്യ രൂപം. മുമ്പിൽ ഒരു കിണ്ണത്തിൽ ഇത്തിരി ഭക്ഷണമുണ്ടായിരുന്നു. അവരുടെ കാല് ബെഞ്ചിനോട് ചേർത്ത് കെട്ടിയിരുന്നു.

ആ മൂന്നു സഹോദരിമാരും വിമ്മിവിമ്മിക്കരഞ്ഞു. അമ്മയെ പരിപാലിക്കാനാവാത്ത മഹാപാപികളെന്ന് സ്വയം നിന്ദിച്ചു.

മക്കൾ അമ്മയെ ദൂരെ കൊണ്ട് കളയുന്നത്, തൊഴുത്തിലിടുന്നത്, പട്ടിക്കൂട്ടിലിടുന്നത്, ഭക്ഷണം കൊടുക്കാതെ കൊല്ലുന്നത്, വീട്ടിൽ നിന്നും അടിച്ചു പുറത്താക്കുന്നത് , പെൺമക്കളെ കാണാൻ അമ്മയെ അനുവദിക്കാതിരിക്കുന്നത് ഇതൊക്കെ ഇപ്പോൾ തുടങ്ങിയതാണെന്ന മട്ടിൽ പലരും ചിത്രീകരിക്കാറുണ്ട്. എന്നും എല്ലാകാലത്തും ഇമ്മാതിരി ആളുകളും ഇത്തരം പ്രവൃത്തികളും ഉണ്ടായിരുന്നു. അതിലൊന്നും യാതൊരു സാമാന്യവൽക്കരണവുമില്ല.

എന്തായാലും അങ്ങനെ നരകിച്ച് നരകിച്ച് കിടന്ന് ഒരു രാത്രി ആരുമറിയാതെ രുഗ്മിണി അമ്മാൾ മരിച്ചു പോയി. പിറ്റേന്ന് ഉച്ചക്ക് അവരെ ശുശ്രൂഷിക്കുന്ന ജോലിക്കാരി വന്നിട്ടേ എല്ലാവരും അതറിഞ്ഞുള്ളൂ.

ഒത്തിരി ധനസമ്പത്തും പുത്രപൗത്രദൗഹിത്രസ്സമ്പത്തും ഉണ്ടായിരുന്ന, പ്രതാപിയായ സുബ്ബരാമയ്യരുടെ ഭാര്യ, ഗുരുവായൂരിലെ കുന്നപ്പിള്ളി മഠം വാണ സ്വാതന്ത്ര്യ സമരസേനാനിയും ക്രിമിനൽ വക്കീലുമായിരുന്ന ധനികൻറെ മൂത്തമകൾ... അവർ അങ്ങനെയാണ് ഈ ഭൂമിയിൽ നിന്നും യാത്രയായത്.

എൻറെ അമ്മയുടെ കണ്ണുകൾ ഇടക്ക് നനയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്നേരമെല്ലാം അമ്മ സ്വന്തം അമ്മയെ ഓർക്കുകയായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്.

അമ്മച്ചിന്തുകൾ 41

                                        
സ്കൂൾ കാലം പതുക്കെ അങ്ങ് തീരുന്നു. അക്കാലത്ത്
താമസിക്കുന്ന ഹൗസിംഗ് കോളനിയിലെ ഒരു പയ്യൻ കുറച്ചു കാലമായി എന്നെ ശല്യം ചെയ്തിരുന്നു. മുട്ടി മുട്ടിയില്ല എന്ന മട്ടിൽ അതിവേഗം അടുത്തുകൂടി സൈക്കിൾ ഓടിക്കുക, വഴിയിൽ വെള്ളമുണ്ടെങ്കിൽ കാലുകൊണ്ട് അത് അടിച്ചു തെറിപ്പിച്ച് എൻറെ യൂണിഫോമിലാക്കുക, മുട്ടോളമെത്തുന്ന മുടി മെടഞ്ഞിട്ട് ഞാൻ നടന്ന് പോവുമ്പോൾ പിടിച്ചു വലിച്ചാൽ ദേ, തിരിപ്പൻ വീഴുമെന്ന് കൂവുക, എന്നെത്തിരിഞ്ഞു നോക്കി നോക്കി സൈക്കിൾ ഓടിച്ച് മരത്തിൽ ചെന്നിടിച്ച് വീഴുക... അങ്ങനെ ഒരു നിത്യ ശല്യം.

ആയിടക്ക് ഞങ്ങൾ പാർക്കുന്ന കോളനിയിലെ തന്നെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ ഞാൻ കംബൈൻഡ് സ്ററഡിക്ക് പോയിരുന്നു. ഇതറിഞ്ഞ് ആ കൂട്ടുകാരിയുടെ വീട്ടിനു മുന്നിലായി അവൻറെ സൈക്കിൾ പ്രകടനങ്ങൾ. മുതിർന്നവർ ആരുമില്ലെന്ന ഉറപ്പിൽ സൈക്കിളിലിരുന്ന് ഗംഭീരമായി പ്രേമാർപ്പണവും ഹൃദയാർപ്പണവും ഒക്കെ നടത്തി അവൻ. കൂട്ടുകാരിയുടെ അമ്മ എന്ന ആൻറി എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവർ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അവൻ സൈക്കിളുമായി ഒറ്റ മൂച്ചിൽ മുന്നോട്ട് പാഞ്ഞു.

എൻറെ വിവർണമായ മുഖം കണ്ട് ആൻറി എന്നെ ഉപദേശിച്ചു.. 'ഇത് ഇപ്പ സാരല്യാ.. പക്ഷേ, മോള് ചീത്തപ്പേര് വര്ത്തരുത്. പിന്നെ ജീവിച്ചിട്ട് കാര്യം ല്ല. അനീത്തിമാരടെ ജീവിതം വിഷമാക്കരുത്. ആൺകുട്ടികളുടെ മുഖത്ത് പോലും നോക്കരുത്. അത് വല്യ പ്രയാസമാവും... '

എൻറെ മനസ്സാകെ കലങ്ങി. ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, ആരോട് പറയും അത് ?

എൻറെ സങ്കടം അമ്മയോട് പറഞ്ഞപ്പോൾ 'അവൻറെ അച്ഛൻ കുട്ടീടെ അച്ഛൻറെ ഫ്രണ്ടല്ലേ...തീർച്ചയായും അച്ഛൻ സംസാരിച്ചു കാര്യങ്ങൾ ശരിയാക്കും 'എന്ന ഉറപ്പാണ് അമ്മയും തന്നത്.

എത്രയായാലും എൻറെ അച്ഛനല്ലേ... എന്നെ അറിയാതിരിക്കുമോ എന്ന് ഞാൻ കരുതി.. ദേഷ്യപ്പെട്ട് അമ്മയെ അടിക്കുമെങ്കിലും സങ്കുചിത മനസ്സും സ്വാർഥതയും ഉണ്ടെങ്കിലും എൻറെ അച്ഛനല്ലേ.. എന്നെ അറിയും.. അറിയാതിരിക്കുമോ

രാത്രി പത്തുമണിക്ക് അച്ഛൻ ഓഫീസേഴ്സ് ക്ളബ്ബിലെ ചീട്ടുകളിയും കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ഞാൻ ഈ സംഭവമൊക്കെ വിവരിച്ചു. അദ്ദേഹം ഉടൻ തന്നെ സുഹൃത്തിൻറെ വീട്ടിലേക്ക് പോയി. ആ പയ്യൻറെ അമ്മ വലിയ ബഹളമുണ്ടാക്കി. അവർ വളർത്തിയ മകൻ അങ്ങനൊന്നും ചെയ്യില്ല..ഞാൻ കണ്ണു കാണിച്ചിട്ടാവും അവന് അബദ്ധം വല്ലതും പറ്റീട്ടുണ്ടാവുക എന്ന് പറഞ്ഞ് അവർ നെഞ്ചിൽ ഇടിച്ചു കരഞ്ഞു. അങ്ങനെ അയല്പക്കത്തെ രണ്ട് മൂന്ന് വീടുകളിൽ കൂടി കാര്യങ്ങൾ പരന്നു.

അച്ഛനും ആ പയ്യൻറെ അച്ഛനും കൂടി എൻറെ കൂട്ടുകാരിയുടെ വീട്ടിൽ തെളിവെടുപ്പിന് പോയി. കൂട്ടുകാരിയുടെ അമ്മയായ ആൻറി ആരേം വെറുപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവർ പറഞ്ഞു.. 'ആരോ എന്തോ റോഡിൽ നിന്നും വിളിച്ചു പറഞ്ഞു. എനിക്ക് ആളെ അറിയാൻ പറ്റീല്ല. മോളോട് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഇടകൊടുക്കരുതെന്ന് ഉപദേശിച്ചിട്ടുണ്ട്. എൻറെ മോൾക്ക് ഇന്നത്തെ തീയതി വരെ ഒരു പ്രശ്നവും ആരിൽ നിന്നും നേരിട്ടിട്ടില്ല. കാരണം ഞാൻ അത്ര ഭംഗിയായിട്ടാണ് മോളേ വളർത്തുന്നത്. '

പയ്യൻറെ അച്ഛൻ സ്വയം പുകഴേന്തി വിജൃംഭിതനായാണ് മടങ്ങി വന്നത്. എൻറെ അച്ഛൻ വീട്ടു മുറ്റത്ത് നിന്നിരുന്ന പോളിയാൽതിയാ മരത്തിൽ നിന്ന് ഒരു കമ്പ് ഒടിച്ചെടുത്തു. എന്നെ അടിക്കാൻ ഭാവിച്ചപ്പോൾ ആ അങ്കിളും അകത്ത് നിന്നും ഓടി വന്ന ഭാഗ്യയും കൂടി അച്ഛനെ പിടിച്ചു മാററി. 'നുണ പറയുന്ന സ്വഭാവമൊക്കെ ഞാൻ അടിച്ചു മാറ്റും 'എന്ന് അച്ഛൻ അലറി. അച്ഛൻറെ കണ്ണുകൾ കത്തുന്നുണ്ടായിരുന്നു. സിഗരറ്റിൻറെ ഒരു കഷണം കനലായി അച്ഛൻറെ ചുണ്ടിൽ പറ്റി നിന്നിരുന്നു.

അമ്മയെയും അമ്മീമ്മയേയും അച്ഛൻ ഒത്തിരി ചീത്ത വിളിച്ചു. ഒരു നുണച്ചിയായി എന്നെ വളർത്തിയതിന്... എന്നെ നാട്ടുകാർ വളഞ്ഞു നിന്ന് തല്ലിക്കൊല്ലുമെന്ന് പ്രവചിച്ചു. .....അച്ഛന് അത് തടയാൻ ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞു.

നുണച്ചി എന്ന സ്ഥാനം അങ്ങനെ ആ കോളനിയിൽ എനിക്ക് പരന്ന് കിട്ടി. അതൊരു മുൻ കരുതലായിരുന്നു ബുദ്ധിമാനായ അച്ഛൻറെ.

അച്ഛൻ എന്ന സുരക്ഷാഭിത്തിയുടെ മണലുറപ്പ് എനിക്ക് വ്യക്തമായ രാത്രി കൂടി ആയിരുന്നു അത്.

അന്ന് ഞങ്ങൾ ഞാനും ഭാഗ്യയും ഉറങ്ങിയില്ല. ഒരുതരം ഭീതി ഞങ്ങളെ വലയം ചെയ്തു. കട്ടൻ കാപ്പി കുടിച്ച്‌ പുസ്തകം വായിക്കുകയാണെന്ന വ്യാജേനെ പരസ്പരം മുഖം കൊടുക്കാതെ ഞങ്ങൾ നേരം വെളുപ്പിച്ചു.

ഞാൻ പിന്നീട് ആ വീട്ടിൽ കംബൈൻഡ് സ്ററഡിക്ക് പോയില്ല. നാലു ദിവസം കഴിഞ്ഞപ്പോൾ കൂട്ടുകാരി എന്നെ നിർബന്ധിച്ച് അവളുടെ വീട്ടിൽ കൊണ്ടു പോയി.അവളുടെ അമ്മ പൂവു പോലെ മൃദുലമായ പാലപ്പവും
പഞ്ചസാര ചേർത്ത് മധുരിപ്പിച്ച തേങ്ങാപ്പാൽക്കുഴമ്പും കാപ്പിയും സൽക്കരിച്ചു.

ഇത്തരം പ്രശ്നങ്ങൾ ഒതുക്കി തീർക്കണമെന്നും നാലാളെ അറിയിച്ച് കൂടുതൽ കുഴപ്പമാക്കരുതെന്നും അവർ എനിക്ക് ജീവിതോപദേശം നല്കി. 'വീട്ടിലെ പുരുഷന്മാരോട് അവരാരായാലും ഇത്തരം കാര്യങ്ങൾ പറയരുത്. അച്ഛനും അങ്കിളും തമ്മിൽ വഴക്കായി കത്തിക്കുത്തൊക്കെ ആയാൽ ആർക്കു പോയി... അച്ഛനില്ലെങ്കി അമ്മക്ക് ഈ ക്ലർക്കുദ്യോഗവും
വെച്ച് നിങ്ങൾ മക്കളെ വേണ്ട പോലെ നോക്കാനാവീല്ല. ഈ കോളണിയിലെ ആരേയും മോളായിട്ട് വെറുപ്പിക്കരുത്. കല്യാണാലോചനയൊക്കെ വരുമ്പോൾ അത് വലിയ ദോഷം ചെയ്യും. '

ഞാൻ തലയാട്ടി. ആൻറിയെ വിശ്വസിക്കരുതെന്ന് , ഒന്നിനും ആശ്രയിക്കരുതെന്ന് ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു.

അമ്മച്ചിന്തുകൾ 40

                                 
ഞാൻ ഭാഗ്യയോട് സംസാരിച്ചു. അവൾ അത് യാദൃച്ഛികമായിരിക്കുമെന്ന് എന്നോട് പറഞ്ഞു. അച്ഛന് മറ്റുള്ളവരുടെ മുമ്പിൽ അതീവ ഹൃദ്യനാവാനുള്ള പ്രത്യേക കഴിവിനേയും ഞങ്ങൾ ക്കറിയാമല്ലോ. ആ ഒരു കാരണവുമാവാം അതിൻറെ പിന്നിലെന്നും അവൾ ആലോചിക്കാതിരുന്നില്ല..അവർ വീട്ടിൽ വന്ന് പതിവായി അച്ഛനെ കാണുന്നുണ്ടെന്നും അന്നത്തെ ഫോൺ കളികളും എനിക്കോർമ്മയുണ്ടെന്നും ഞാൻ അവളോട് എഴുന്നള്ളിച്ചു. ഞങ്ങൾക്ക് ഇരുവർക്കും ഒരെത്തും പിടിയും കിട്ടിയില്ല. അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് അവൾ പറഞ്ഞു. എത്രയായാലും എനിക്കും റാണി ക്കും ഉള്ളതിലധികം ഒരടുപ്പം അവൾക്ക് അച്ഛനോട് ഉണ്ടായിരുന്നു. അച്ഛനും അമ്മയും തമ്മിൽ പ്രശ്‌നമൊന്നുമില്ലാത്ത ദിവസങ്ങളിൽ അച്ഛൻ ഊണുകഴിക്കുമ്പോൾ അവൾ ഒരു ചോറുരുള വാങ്ങിക്കഴിക്കും. അച്ഛൻറെ മേൽ കാല് കയറ്റി വെച്ച് ഉറങ്ങും. ഇത്തരം നിമിഷങ്ങൾ ജീവിതത്തിൽ അധികമുണ്ടാകുവാനല്ലേ മനുഷ്യർ ആഗ്രഹിക്കുക? അച്ഛന് അങ്ങനെ ആഗ്രഹമുണ്ടായിരുന്നില്ലെന്ന് കരുതാനേ എനിക്കിപ്പോൾ പറ്റുന്നുള്ളൂ.

അമ്മ അക്കാലത്ത് ഞാൻ ഡോക്ടർ ആവണമെന്ന നിർബന്ധം ആരംഭിച്ചിരുന്നു. എനിക്ക് നിയമം പഠിച്ച് ജഡ്ജിയാവാനാരുന്നു ആശ. ജഡ്ജിമാർക്ക് അത്യധികം ജോലിഭാരമാണെന്നും എത്ര വിഷയങ്ങൾ പഠിച്ചാലും അവരുടെ അദ്ധ്വാനം തീരില്ലെന്നും അമ്മ എന്നെ സദാ നിരുൽസാഹപ്പെടുത്തി. നോക്കുമ്പോൾ കാര്യം ശരിയാണ്. അയ്യന്തോളിലേ എല്ലാ ജഡ്ജസ് ക്വാർട്ടേഴ്സുകളിലും പാതിരാ വരെ വിളക്കെരിയുന്നുണ്ടാവും. വളരെ ചുരുക്കം ജഡ്ജിമാരേ സോഷ്യൽ ലൈഫിൽ പങ്കെടുത്തു കാണാറുള്ളൂ. ശിക്ഷ വിധിക്കുന്നതൊക്കെ വലിയ മനപ്രയാസമുണ്ടാക്കും. അതൊന്നും എനിക്ക് താങ്ങാൻ പറ്റില്ലെന്ന് അമ്മ വിശ്വസിച്ചു. അമ്മയുടെ സുഹൃത്തായിരുന്ന സിസിലി എന്ന മജിസ്‌ട്രേറ്റ് ബന്ധുക്കളുടേയോ ഭർത്താവിൻറെ തന്നേയോ ചതിയിൽപ്പെട്ട് കൈക്കൂലിക്കാരിയെന്ന ചീത്തപ്പേരിൽ അറസ്റ്റ് വരിച്ച് ജയിലിൽ പോയ കഥ അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ ഓർമ്മയിലുമാവാം അമ്മ എന്നോട് ഡോക്ടർ ആവണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങി.

ടി ബി വന്ന കാലത്തും ഫിസിയോതെറാപ്പിക്ക് വേണ്ടി യും അമ്മ ഒത്തിരി സമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെലവാക്കിയിരുന്നല്ലോ.മെഡിക്കൽ വിദ്യാർത്ഥികളെ കണ്ട് അന്ന് ആ മനസ്സിലൂറിയ മോഹമാണ് ഞാനും ഡോക്ടർ ആവണമെന്ന്....

അമ്മയോട് നോ എന്ന് പറയാൻ എനിക്ക് കഴിയില്ലായിരുന്നു. യെസ് എന്ന് എന്നോട് സ്വയം പറയാനും എനിക്ക് വയ്യായിരുന്നു. അമ്മ സങ്കടപ്പെടുന്നത് എനിക്കിഷ്ടവുമായിരുന്നില്ല.

അച്ഛന് ഞങ്ങൾ എവിടെ പഠിക്കണം എന്തു പഠിക്കണം ഞങ്ങളുടെ പഠിപ്പിൻറെ നിലവാരമെന്ത് ഇക്കാര്യങ്ങളിലൊന്നും യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. ഉപരിപഠനത്തെപ്പറ്റിയോ അതിനു വേണ്ട കോച്ചിംഗിനെപ്പറ്റിയോ ജോലി കിട്ടുന്നതിനെപ്പറ്റിയോ വിവാഹം കഴിപ്പിക്കുന്നതിനെപ്പറ്റിയോ ഒന്നും അദ്ദേഹം ഒരുകാലത്തും അല്പം പോലും
വ്യാകുലപ്പെട്ടിരുന്നില്ല. പകരം ഞങ്ങളുടെ നിസ്സാരവിജയങ്ങൾ പോലും അമ്മയെ ആഹ്ളാദിപ്പിക്കുമല്ലോ എന്നോർത്ത് അച്ഛൻ എന്നും പരവശനായി.

സ്കൂൾ കാലം തീരാറായ ഒരു ദിവസമാണ് അച്ഛൻ നഴ്സ് മാലാഖയോട് വീട്ടിലെ സ്വീകരണമുറിയിൽ സംസാരിച്ചിരിക്കുന്നത് ഞാൻ പിന്നെയും കണ്ടത്. അവരുടെ അടുപ്പം വ്യക്തമായിരുന്നു. അച്ഛൻ പ്രസന്നനും ആഹ്ളാദചിത്തനുമായിരുന്നു. അമ്മയോട് സംസാരിക്കുമ്പോഴുള്ള സ്പർദ്ധ അച്ഛനിൽ ഉണ്ടായിരുന്നില്ല. നഴ്സ് മാലാഖയും അച്ഛനും ഒന്നിച്ചിരിക്കുന്നത് കാണുമ്പോൾ പ്രേംനസീറിനേയും ജയഭാരതിയേയും എനിക്കോർമ്മ വരുമായിരുന്നു.

ഈ ജീവിതമുണ്ടല്ലോ, അതൊരു
വലിയ ചെസ്സുകളിയാണ്. ബുദ്ധിപരമല്ലാത്ത ഒറ്റ മൂവ് മതി... തോൽക്കുന്ന കളി ജീവിതാവസാനം വരെ തുടരാൻ...

'ആൻറീടെ മോനെവിടെ? അന്ന് മൂവി കാണാൻ വന്നപ്പോ മോനുണ്ടാരുന്നില്ലേ... ആ മോൻ?

എന്ന ചോദ്യം എൻറെ ജീവിത ത്തിലെ ഏറ്റവും ബുദ്ധി ശൂന്യമായ മൂവായിരുന്നു.

അവരിരുവരും സാമാന്യം നന്നായി പരിഭ്രമിച്ചു. എൻറെ ദു:സ്വഭാവിയായ അമ്മ ഒന്നുമറിഞ്ഞിട്ടല്ലെന്ന് കരുതി ആശ്വാസത്തോടെയാണ് അവർ സംസാരിച്ചിരുന്നത്. അത് അങ്ങനെയാവാതിരിക്കാനും സാധ്യതയുണ്ടെന്നറിഞ്ഞ നിമിഷം അച്ഛന് ഞാൻ പരമശത്രുവായി മാറി.

പിന്നീട് അമ്മയെ മാത്രമല്ല എന്നേയും പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന് അച്ഛൻ തീരുമാനിച്ചു.

നഴ്സ് മാലാഖ പറ്റുന്ന ദിവസമൊക്കെ
വീട്ടിൽ വന്നിരുന്നു. അവർ ഒന്നിച്ചു സമയം ചെലവാക്കീരുന്നു. അതുകൊണ്ട് അസുഖം തോന്നുമ്പോൾ പോലും എന്നെ വീട്ടിലിരിക്കാൻ അച്ഛൻ അനുവദിച്ചില്ല. എനിക്ക് കാണിക്കി പെയിൻ എന്ന രോഗമേയുള്ളൂ എന്നായിരുന്നു അച്ഛൻറെ നിലപാട്. കാണിക്കി വേദനകൾ, കാണിക്കി പനികൾ, കാണിക്കി അസ്വസ്ഥതകൾ ഇവ മാത്രമേ എനിക്കുള്ളൂവെന്ന് അച്ഛൻ ശഠിക്കുകയും പറ്റാവുന്ന മറ്റ് ഡോക്ടർമാരോടെല്ലാം ഇക്കാര്യം അറിയിക്കുകയും ചെയ്തു. എനിക്ക് അമ്മീമ്മയുടെ അടുത്ത് താമസിക്കാനുള്ള മോഹം കൊണ്ട് ഞാൻ രോഗം നടിക്കുകയാണെന്നും നാലുദിവസം അവിടെ നിറുത്തിയാൽ എൻറെ അസുഖം മാറുമെന്നും എല്ലാമറിയുന്ന ഒരു സൈക്ക്യാട്രിസ്റ്റിനെപ്പോലെ അച്ഛൻ പറയുമ്പോൾ എല്ലാവരും വിശ്വാസത്തിലെടുക്കും. ഞാൻ പകൽ വീട്ടിലുണ്ടാവാതിരിക്കാനുള്ള വിദ്യയാണെന്ന് ആർക്കും മനസ്സിലാവില്ല.

ഒരു ഡെപ്യൂട്ടി കളക്ടറുടെ മകൻ സ്വയം പരിക്കേല്പിച്ചിട്ട് ആരോ അടിച്ചതാണെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയെന്നതാണ് ഈ കഥകൾക്കെല്ലാം തെളിവായി ഉപയോഗിച്ചിരുന്ന മറ്റൊരു കാര്യം... ഇപ്പോഴത്തെ പിള്ളേർ സ്വന്തം കാര്യം നടപ്പായികിട്ടാൻ ഓരോരോ വിദ്യ കൾ കാണിക്കുമെന്ന് പറേന്നത് എല്ലാകാലത്തും എല്ലാവരും ഉപയോഗിക്കുന്ന പഴഞ്ചൊല്ലാണല്ലോ.

കുട്ടികളെ മുതിർന്നവർ എങ്ങനെയൊക്കെയാണ് നിസ്സാരമാക്കുന്നത് അല്ലേ....

അമ്മച്ചിന്തുകൾ 39.

                                                                 
അമ്മയെ ശിക്ഷിക്കാൻ അച്ഛൻ പുതിയ ഒരു മാർഗമായിരുന്നു കണ്ടുപിടിച്ചിരുന്നത്. അതു രാവിലെയേ മനസ്സിലായുള്ളൂ.

വെളുപ്പും പച്ചയും നിറങ്ങളിൽ ഒരു ജലധാരയായി നീണ്ടു ചുരുണ്ട് താഴേക്ക് ഒഴുകി വീഴുന്ന ക്രോട്ടൺസ് ചെടിയുണ്ടായിരുന്നു. അതുപോലെ ഒരു പൂച്ചെണ്ടായി അടിമുടി പൂത്തു നിന്ന ചെറ്റിയും. അനേക വർഷത്തെ അമ്മയുടെ അദ്ധ്വാനം. അതു രണ്ടും തികഞ്ഞ വാശിയോടെ അച്ഛൻ വെട്ടിക്കളഞ്ഞു. രാവിലെ ആ കാഴ്ച അമ്മയിലേല്പിച്ച ഞെട്ടൽ എന്നേം ഭാഗ്യയേയും ശരിക്കും പേടിപ്പിച്ചു. അമ്മ ഒന്നും പറഞ്ഞില്ല. ആ മൗനം വല്ലാതെ ഭയാനകമായിത്തോന്നി ഞങ്ങൾ ക്ക്.

ജഡ്ജിയും വക്കീലുമായുള്ള സൗഹൃദമൊന്നും അച്ഛൻ ഉപേക്ഷിച്ചില്ല. ഒന്നു രണ്ടു തവണ ജഡ്ജിയുടെ ഭാര്യ ഒത്തിരി ഐസ് ക്രീം ഉണ്ടാക്കി ഞങ്ങൾ കുട്ടികൾക്കായി തന്നുവിടുകയും ചെയ്തു.

കണ്ണുണ്ടാകുന്നത് പാപമായിത്തീരുന്ന സാഹചര്യങ്ങൾ പലപ്പോഴും നിർഭാഗ്യക്കാരായ മനുഷ്യരുടെ ജീവിതങ്ങളിലുണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ അകപ്പെടുന്ന മനുഷ്യർക്ക് മിക്കവാറും മരണമാണ് ശിക്ഷയായി വരിക. 'നീ കണ്ടോ? എന്തിനു കണ്ടു? ആ നേരത്ത് അവിടെ എന്തിന് വന്നു? ആരു പറഞ്ഞു നോക്കാൻ? എന്താ അന്ന് പറയാഞ്ഞത്? ഇന്ന് പറേന്നതെന്തിനാ? മിണ്ടാതിരിക്കാൻ വയ്യേ?'എന്നൊക്കെയുള്ള ചോദ്യങ്ങൾ അത്തരം മനുഷ്യർ എന്നും നേരിടേണ്ടി വരും. ഒന്നുകിൽ അവരെ വധിച്ചു കളയുക അല്ലെങ്കിൽ അവർ പറയുന്നതെല്ലാം കള്ളമാണെന്ന് വരുത്തിത്തീർക്കുക, അതുമല്ലെങ്കിൽ അവർക്ക് ഭ്രാന്താണെന്ന് പറയുക ഇതെല്ലാം ലോകത്തിൽ മനുഷ്യർ സാധാരണയായി പയറ്റുന്ന തന്ത്രങ്ങളാണ്. വധശിക്ഷ ലഭിച്ചാൽ അതോടെ അത്തരം മനുഷ്യരുടെ ജീവിതം തീർന്നു പോകുന്നു. അവർ കണ്ട സത്യം സത്യത്തിന്റെ സ്വാഭാവികമായ തിളക്കത്തിൽ പുനർജ്ജനിക്കാം...ജനിക്കാതെയുമിരിക്കാം. എന്നാൽ സ്വഭാവ ഹത്യയും ഭ്രാന്തും ആരോപിക്കപ്പെടുന്ന, കാണാൻ പാടില്ലാത്ത സത്യം കണ്ട മനുഷ്യരുടെ ജീവിതം പരമദയനീയമാണ്. അവർ ഓരോരോ നിമിഷവും മരിച്ചു ജീവിക്കുന്നവരാണ്. ഓരോരോ വാക്കിനും ചലനത്തിനും ലോകത്തിനു മുന്നിൽ തെളിവുകൾ ഹാജരാക്കേണ്ടവരാണ്. എല്ലാവരും അവരെപ്പറ്റി ആധികാരികതയോടെ നുണകൾ പ്രചരിപ്പിക്കുമ്പോൾ അവർ സ്വന്തം ജീവിതത്തിന്റെ തെളിവുകൾ ഉറക്കത്തിൽ പോലും നിരത്തേണ്ടതുണ്ട്.

ഞാൻ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന മനുഷ്യ ജീവിയാണ്. അതുകൊണ്ട് ഉപാധികളില്ലാതെ, പക്ഷേകളില്ലാതെ വിശ്വസിക്കുന്നവരെ കാണുമ്പോൾ എൻറെ ഹൃദയം ഞാനറിയാതെ തുളുമ്പിപ്പോകും.

നഴ്സ് മാലാഖ വീട്ടിൽ വന്ന് അച്ഛനുമായി കൺസൾട്ടേഷൻ റൂമിലിരുന്നു സംസാരിക്കുന്നുണ്ടാവും. അപ്പോൾ അവർ സാരി പുതച്ചിരിക്കും. ആദ്യമൊക്കെ അവർ ഒരു പേഷ്യൻറാണെന്ന് മാത്രമേ ഞങ്ങൾ കരുതീരുന്നുള്ളൂ. ഞാൻ പലവട്ടം അവരെ ഒന്നിച്ചു കണ്ടു...

'എന്താണവർക്ക് അസുഖം' എന്ന് ഞാൻ ചോദിച്ചത് തികച്ചും സാധാരണമായാണ്. പക്ഷേ, അച്ഛൻ കോപിഷ്ഠനായി.

'ആവശ്യമില്ലാത്ത കാര്യങ്ങൾ അറിയേണ്ട... പഠിക്കാനൊന്നുമില്ലേ' എന്നദ്ദേഹം ഒരു ഈച്ചയെയെന്ന പോലേ എന്നെ ആട്ടിയകറ്റി.

എനിക്ക് കാരണം മനസ്സിലായില്ല. എന്തോ സീരിയസ്സായ രോഗമാണവരുടേതന്നാണ് ഞാൻ ധരിച്ചത്. അച്ഛൻറെ ഈ പെരുമാറ്റം എന്നെ ചിന്താക്കുഴപ്പത്തിലാക്കി.

അച്ഛന് പുതിയ ഒരു സുഹൃത്ത് വന്നു. അയാൾ നാട്ടിലറിയപ്പെട്ടിരുന്നത് കോഴി എന്ന പേരിലാണ്. എങ്കിലും 'അയാൾ ഞാൻ നിങ്ങളുടെ അച്ഛൻറെ മൂത്ത മകനാണെ'ന്ന് എന്നോട് ഉദ്ദണ്ഡനാവാൻ മാത്രം സ്ഥാനം അയാൾക്ക് അച്ഛൻ നല്കി. അച്ഛൻറെ കാറ് അയാളുടെ പക്കലായി അധികസമയവും. ഞങ്ങൾക്ക് കാറിൽ പോകണമെങ്കിൽ അയാളുടെ സൗകര്യം നോക്കണം. അയാൾ ഡ്രൈവർ ആയി ഒപ്പം വരും.

കോഴിയുടെ കൂടെയാണ് ഞങ്ങൾ കാറിൽ പോകുന്നതെന്ന് വരുത്തുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. ഞങ്ങൾ അച്ഛൻറെ കാറിനെ കണ്ടില്ലെന്ന് വെക്കാൻ ശീലിച്ചു. ബസ്സു മതി ഞങ്ങൾക്കെന്ന് തീരുമാനിച്ചു. ഞായറാഴ്ച ദിവസം മുഴുവൻ അച്ഛൻ അയാൾക്കൊപ്പം മാത്രമേ സാധാരണയായി ചെലവാക്കിയിരുന്നുള്ളൂ.

ഒരു സിനിമ എൻറെ ജീവിതത്തിലെ വലിയൊരു സംഭവമായി മാറി. അതിനു ശേഷം അച്ഛൻ എന്നെ ഒരിക്കലും സിനിമക്ക് കൊണ്ടു പോയിട്ടില്ല. ഭാഗ്യയെ കൊണ്ടുപോകുമ്പോഴും എന്നെ ഒഴിവാക്കും. എനിക്ക് പഠിക്കാനുള്ള പുസ്തകം വാങ്ങിത്തരാൻ പോലും അതിനു ശേഷം അച്ഛൻ തയാറായിരുന്നില്ല.

അച്ഛൻ ഞങ്ങളറിയാതെ നഴ്സ് മാലാഖയ്ക്കും അവരുടെ മകനും ആ സിനിമക്ക് ടിക്കറ്റ് എടുത്തിരുന്നു. ടീ ഷർട്ടും ഇട്ട് പൗഡറും പൂശി നരച്ചു തുടങ്ങിയ മീശയും മുടിയും കറുപ്പിച്ച് നന്നായി ഷേവ് ചെയ്തു അച്ഛൻ സുന്ദരനായി. അമ്മ ഒരിക്കലും മുടി ഡൈ ചെയ്തില്ല. അങ്ങനെ അച്ഛൻ എന്നും ചെറുപ്പക്കാരനും അമ്മ എന്നും വൃദ്ധയുമായി. അന്നും അങ്ങനാരുന്നു.

അവരും മകനും ഇരിക്കുന്ന നിരയിൽ തന്നെ, അവരുടെ തൊട്ടടുത്ത് തന്നെ ഇരിക്കാമെന്ന് അച്ഛൻ നിഷ്ക്കർഷിച്ചു. തിയേറ്ററിലെ അരണ്ട വെളിച്ചത്തിൽ എങ്ങും നോക്കാതെ ഞങ്ങൾ ഇരിക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്കത് മനസ്സിലായി. അവർ മകനെ അറ്റത്തിരുത്തി അച്ഛനൊപ്പം ഇരിക്കുന്നു. വലത് വശത്ത് അവരും ഇടത് വശത്ത് അമ്മയും...

അന്ന് അച്ഛൻ ചെയ്ത ഫോൺകോളുകൾ ഓർമ്മയിൽ നിരന്നപ്പോൾ എൻറെ തലച്ചോറിൽ എന്തോ ദംശിച്ചു.

അച്ഛൻ ഫോൺ വിളിക്കുന്നു. ചിരിച്ചു മയങ്ങി നാശമാവുന്നു.പിന്നെ ഫോൺ വെക്കുന്നു.
അപ്പോൾ വീണ്ടും ഫോൺ വരുന്നു. വീണ്ടും ചിരിച്ചു മയങ്ങി നാശമാവുന്നു. ഫോൺ വെക്കുന്നു.
പിന്നെ അച്ഛൻ വിളിക്കുന്നു...വെക്കുന്നു. ഫോൺ വരുന്നു.... വെക്കുന്നു..
അപ്പോൾ സിനിമാക്കാര്യം വരുന്നു. ബജി ഇഷ്ടമെങ്കിൽ കടയിലെ ബജി മുഴുവൻ മേടിക്കാമെന്ന വാഗ്ദാനം അച്ഛൻ നല്കുന്നു..

ഞാൻ സിനിമയിലേക്ക് എന്നെ ചേർത്ത് വെച്ചു. പക്ഷേ, ഞാൻ ഒന്നും കണ്ടില്ല. ആ സിനിമ ഏതായിരുന്നുവെന്ന് എനിക്കോർക്കാനേ പറ്റുന്നില്ല.

ഇൻറർവെൽ നേരത്ത് അച്ഛൻ ഒരു ഇരുപത്തഞ്ചുകാരനെപ്പോലെ ചടുപിടെ ഇറങ്ങി, ഒത്തിരി ബജിയും അമ്മക്ക് കോഫിയും കൊണ്ടു വന്നു. വീണ്ടും പോയി ഭാഗ്യക്കും അവരുടെ മകനും ഐസ്ക്രീം കൊണ്ടു വന്നു.

ഹോസ്പിറ്റലിൽ ഒന്നിച്ചു ജോലി ചെയ്യുന്നുവെന്ന് അവരെ അമ്മക്ക് അച്ഛൻ പരിചയപ്പെടുത്തുക കൂടി ചെയ്തപ്പോൾ എനിക്ക് വല്ലാതെ കരച്ചിൽ വന്നു.

ജീവിതം ഞങ്ങളെ ചതിക്കുകയായിരുന്നു. ഒറ്റപ്പെടുത്തുകയായിരുന്നു.

Monday, August 19, 2019

സുപ്രീംകോടതിയോട് ബഹുമാനമാണ്, കാശ്മീർ

                                                               

എനിക്ക് സുപ്രീംകോടതിയോട് ബഹുമാനമാണ്. എന്നാലും ഇതെന്ത് രാജ്യമെന്ന് ഇപ്പോ മാത്രമാണോ അറിഞ്ഞതെന്ന വല്ലാത്ത സങ്കടവും തോന്നുന്നു.

എന്തുമാത്രം നീതിനിഷേധങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ,ചവുട്ടിയരക്കലുകൾ, നിന്ദകൾ, അപമാനങ്ങൾ, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ...

ഇതെന്തു രാജ്യമെന്ന ചോദ്യം ഈ നാട്ടിലെ ദരിദ്രരും ദുർബലരും ദളിതരും എല്ലാത്തരം ന്യൂനപക്ഷങ്ങളും പിന്നെ സ്ത്രീകളും കുഞ്ഞുങ്ങളും തീർച്ചയായും കുറച്ചേറേ പുരുഷന്മാരും എന്നും നെഞ്ചിൽത്തല്ലി ചോദിക്കുന്നുണ്ട്...

മനുഷ്യരെ അവരുടെ സ്വൈരജീവിതത്തെ ഭയപ്പെടുത്തുന്ന അനവധിയനവധി കാര്യങ്ങൾ ഈ രാജ്യത്ത് നിർലജ്ജം നടക്കുന്നുണ്ട്.

ഇപ്പോഴെങ്കിലും ആ ചോദ്യം ചോദിച്ചല്ലോ....

ഇതു മതി എന്നല്ല... ഇനിയമിനിയും കോടിക്കണക്കിനു ചോദ്യങ്ങളും ഉത്തരങ്ങളും ഈ രാജ്യം ആവശ്യപ്പെടുന്നുണ്ട്.

                                             
ഇതാണോ ജനാധിപത്യം ....

കാശ്മീരിൽ ഇപ്പോൾ സംഭവിച്ചതാണോ ജനാധിപത്യം ....

ആണെങ്കിൽ......
ഇന്ത്യ ലോകത്തിലേ എന്തരോ ഒരു വലിയ രാഷ്ട്രമാണെന്ന് പറഞ്ഞു കേട്ടിരുന്നതൊക്കെ ചുമ്മാതാണ്...