Wednesday, October 27, 2010

അയ്മ്പതു ശതമാനം

                                                                   
വേലായുധൻ കുട്ടീന്ന് പറേണ വേലാട്ടിയ്ക്ക് കള്ള് ഷാപ്പ് കത്തിയ്ക്കാനാ തോന്നണത്.
എല്ലാ കഴുവേറി മക്കളും ഇര്ന്ന് ചിരിക്കന്ന്യാണ്. ചന്ദ്രീടെ കാര്യം പറയുമ്പോ എല്ലാര്ക്കും സന്തോഷം. വേലാട്ടിടെ തിക്ക്മുട്ട് ആര്ക്കും അറിയണ്ട.
കഴിഞ്ഞ തവണ മാർക്കിസ്റ്റുകൾക്ക് ഓട്ട് കൊടുക്കാൻ പാടില്ല്യാര്ന്നു. അതോണ്ടാണ് ഈ കൊഴപ്പം വന്നത്. അച്ചുമ്മാനും പെണറായിയ്ക്കും ഒന്നും വേലാട്ടീന്റെ ദണ്ണം കാണണ്ടല്ലോ. അവര്ടെ വീട്ട്കാരൊക്കെ കുടുമ്മത്തിരുന്നോളുവേരിയ്ക്കും.
കോങ്കറ്സ്സ്കാരായിരുന്നൂന്ന്ച്ചാൽ ഒര് കാലത്തും ങ്ങനെ ചതിയ്ക്കില്ലാര്ന്നൂ.അവര് പെണ്ണ്ങ്ങൾടെ വില്ല് ഇപ്പോ ശര്യാക്കാം ഇപ്പോ ശര്യാക്കാംന്ന് പറേണതല്ലാണ്ട് ഒന്നും ചെയ്ത് ങ്ങ്നെ കഷ്ടപ്പാട്ണ്ടാക്കീല്ല്യാ. ഇനീപ്പൊ വല്ല്തും അങ്ങ്നെ വേണ്ടി വന്നാത്ത്ന്നെ അവര്ടെ സൊന്തം ചെല പെണ്ണ്ങ്ങളെ അവടീം ഇവടീം പേരിന് നിറ്ത്തി കാര്യങ്ങട് തീർത്തേനെ.
ഇതിപ്പോ അങ്ങന്യാണോ? പെണ്ണങ്ങള് മാത്രേള്ളൂ ഈ നാട്ട്ല് എന്ന മട്ട്ലാ ഈ തെരഞ്ട്പ്പ്.
ചന്ദ്രിയോട് സ്ഥാനാർത്തിയാവാൻ സമ്മതല്ല എന്ന് പറ്യ്യാൻ ചട്ടം കെട്ടീരുന്നതാ. എന്നാലും പെണ്ണല്ലേ യാതി. നാലാള് പൊക്കീപ്പോ അങ്ങട് മാനത്ത്ക്ക് പൊങ്ങി.
അവളാത്രെ ഈ വാർഡില് മത്സരിയ്ക്കണ്!
വീട്ട്ല് എത്തട്ടെ, നാലെണ്ണം പൊട്ടിച്ച് ഈ സൂക്കേടാ മാറ്റും. വേലാട്ടിയ്ക്കറീല്ലേ അവളെ നെലയ്ക്ക് നിറ്ത്താൻ.
കാര്യം കുടുമ്മശ്രീല് അവള് ഇണ്ട്. അച്ചാറും പലഹാരോം ഇണ്ടാക്ക്ണ പണീം ചെയ്യ്ണ്ട്. കുറ്റ്ം പറ്യാൻ ഒന്നുല്ല. ആയിരം രൂപയൊക്കെ കിട്ട്ണൂം ഇണ്ട്. അവളുക്ക് തിരോന്തരത്ത് വെച്ച് കുടുമ്മശ്രീ മേടത്തിന്റെ കൈയീന്ന് സമ്മാനോം കിട്ടി.
ആ കാശും കൂടി കൊടുത്ത്ട്ടാ ജോസ്കോല് പോയി കമ്മലും വളേം വാങ്ങീത്. തെകയാത്ത കാശ് ആണിനെപ്പോലെ അന്തസ്സായി വേലാട്ടി കൊട്ത്തു. അവള് പണ്ടം കെട്ടി സന്തോഷിയ്ക്കട്ടെ.
അവള് നല്ല പെണ്ണാണ്. വല്യ വാശ്യൊന്നും കാട്ടീട്ടില്ല. കാട്ടീന്ന് തോന്നിയപ്പളൊക്കെ ചെകിട് അടിച്ച് പൊളിച്ചിട്ടൂണ്ട്ന്ന് വെച്ചോ. ആണിനെ പേടിച്ച് കഴീണം പെണ്ണ്, ന്നാലെ കുടുമ്മത്തിനൊറപ്പ്ണ്ടാവൂ.
കുടുമ്മശ്രീലു ചെന്ന് അച്ചാറും പലഹാരോണ്ടാക്കണ പോലല്ല, പഞ്ചായത്ത്ല് മത്സരിയ്ക്കല്. അത് വേലാട്ടിയ്ക്ക് ഇഷ്ടല്ല.
ആണങ്ങള് പണീം കഴിഞ്ഞ് വരുമ്പോ പെണ്ണങ്ങള് വീട്ട്ല് ഇണ്ടാവണം. ഒരിറ്റ് ചായ വെള്ളത്തിനും ഇത്തിരി ചൂട് വെള്ളം കാച്ചി കുളിപ്പെരേ വയ്ക്കാനും മീൻ വെച്ച് വെളമ്പിത്തരാനും ഒക്കെ. തണപ്പ്ത്ത് ഒന്നു പിടിച്ചൂട്ടി നേർത്തെ കെടക്കണംന്ന് തോന്നിയാ പെണ്ണ് വീട്ട്ല് വേണ്ടേ?
പെണ്ണങ്ങള് ജയ് വിളിച്ച് നാട് നന്നാക്കാൻ ഓടിപ്പാഞ്ഞ് നടന്നാ കെട്യോന്മാര് എന്തെടുക്കുംന്നാ ഈ പാർട്ടീക്കാരു വിചാരിച്ചേ?
ഈറ കൊണ്ട് വേലാട്ടി ആഞ്ഞു തുപ്പി.
അയ്മ്പതു ശതമാനം പെണ്ണ്ങ്ങളാത്രേ പഞ്ചായ്ത്ത്ന്! അപ്പോ അത്രേം കുടുമ്മം തൊലഞ്ഞൂന്നാ അർത്തം. പാർട്ടില് അതിന് പെണ്ണ്ങ്ങളില്ലേ ആവോ? അല്ലെങ്കീ പെണ്ണങ്ങൾടെ വാക്ക് കേക്കണതാണ് കേമംന്ന് വിചാരിയ്ക്കണ ചെല കോന്തമ്മാര് ആണങ്ങൾടെ വീട്ട്ന്ന് പെണ്ണങ്ങളെ എറക്കിയാലും മതിയായിര്ന്ന്.
ഈ വേലാട്ടീന്റെ കുടുമ്മം കലക്കീട്ട് വേണോ വാർഡില് ആളെ നിറ്ത്താൻ.
‘കീഴ്ക്കടെള്ള പെണ്ണ്ങ്ങളെ വേണം മത്സരിപ്പിയ്ക്കാൻ. മ്മ്ടെ മേത്ത് കേറണ പെണ്ണ്ങ്ങള് പറ്റ്ല്യ . അവറ്റ പറഞ്ഞാ കേക്കില്ല.’പാർട്ടി മെമ്പ്ര് പറ്ഞാണ്, വേലാട്ടി കേക്കെ. എന്ന്ട്ട് ഒരു വെടലച്ചിരീം. അത് ഇങ്ങനെ കത്തിക്കെട്ക്കാ വേലാട്ടീന്റെ ഉള്ളില്.
ജയിച്ച്ങ്ങട് ചെന്നാ എന്തൊക്ക്യാവോ അവര് പറഞ്ഞാ കേപ്പിക്കാ?
ഇമ്മ്ടെ നാട്ട്ല് ഇള്ളതൊക്കെ ആണങ്ങളുടെ പാർട്ടികളല്ലേ? ആണങ്ങള് അപ്പ്ടി മയക്കി പഞ്ചാരേട്ട് പറഞ്ഞാലും അവമ്മാരടെ ഉള്ളിലിരുപ്പ് എന്താവുംന്ന് വേലാട്ടിയ്ക്ക് അറീല്ലേ? അതിനു കാലത്ത് വേലാട്ടീം നല്ല ഉശിര്ള്ള ഒരാണല്ലേ?
പെണ്ണങ്ങള് ഭരിച്ചിട്ട് നാടൊന്നും നന്നാവാൻ പോൺല്ല. ഇന്ദ്രാഗാന്ധി ഭരിച്ചു, ജയലളിത ഭരിച്ചു, എന്ത് തേങ്ങ്യാ ഇണ്ടായത്?
തമിഴ്മ്മാരും ഹിന്ദീക്കാരും ആണങ്ങളും പെണ്ണങ്ങളും പൊക്കണോം തൂക്കി നമ്മ്ടെ നാട്ട്ലും കൂടി തെണ്ടിത്തിരിഞ്ഞ് വന്ന് കഴീണൂ. തനി പരോശായിട്ട്. കണ്ടാ കഞ്ഞി കിട്ടാത്ത വക. ഇങ്ങനെ കൊറെ ആൾക്കാരെ ഊരു തെണ്ടാൻ വിടീയ്ക്കാനാണാ പെണ്ണങ്ങള് ഭരിയ്ക്ക്ണ്?
വീട്ടിൽ കയറിയതും വേലാട്ടി ഉറക്കെ വിളിച്ചു.
‘ഇവ്ടെ വാടീ നായിന്റെ മോളെ…’
ചന്ദ്രിയ്ക്ക് നല്ല പരിഭ്രമണ്ടായിരുന്നു. വേലാട്ടിയ്ക്ക് ഇഷ്ടല്ല എന്ന് പാർട്ടിക്കാരോട് ആവുന്നത്ര പറഞ്ഞു നോക്കീതാ. കല്യാണീടീച്ചറും കൂടി നിർബന്ധിച്ചപ്പോ എതൃത്ത് നിക്കാൻ പറ്റിയില്ല. കുടുംബശ്രീ ലെ പ്രവർത്തനം ത്ര കേമായത് ടീച്ചറ് പറ്ഞ്ഞൊക്കെ കേട്ടപ്പളാ. തിരോന്തരത്ത് ച്ച് വല്യ മേടത്തിന്റെ കൈയീന്ന് സമ്മാനം മേടിയ്ക്കാൻ പറ്റീതും അതു കൊണ്ടല്ലേ?
ഹാള് നെറച്ചും ആൾക്കാര്ണ്ടാര്ന്നു.
അന്ന്ത്ത് മാതിരി കാത് മൂളണ ഒരു കൈയടി ജീവിതത്തിലിന്നേ വരെ കേട്ട്ട്ട്ല്ല.
ആ സന്തോഷം പറ്ഞ്ഞാ അങ്ങോര്ക്ക് തിരിയില്ല.
കെട്ടും മൂട്ട്ന്ന് മാറിയാ പെണ്ണങ്ങള് മ്മ്ടെ കൈവിട്ട് പെഴച്ച് പോവോന്നാ സകല ആണങ്ങൾടേം ദണ്ണം. ന്റെ കണ്ണ് തെറ്റിയാ ന്റെ പെണ്ണിനേം കൊണ്ട് മറ്റേ ആണ് ഓടോന്ന് പേടിച്ച്ട്ടാ ഓരോ ആണും കഴീണത്. ന്ന്ട്ട് പെണ്ണങ്ങളാ പെണ്ണ്ങ്ങൾടെ ശത്രുക്കള്ന്ന് തൊള്ള പൊളിയ്ക്കേം ചിയ്യും.
പൊറത്തേയ്യ്ക്ക് വന്ന ചന്ദ്രിടെ മൊഖടച്ചാണ് അടി വീണത്.
അവള് തെറിച്ച് പോയി. വേലാട്ടിയ്ക്ക് കലിയാരുന്നു. കലിയടങ്ങോളം അവളെ ചവ്ട്ടിക്കൂട്ടി. അറീന്ന തെറിയോളൊക്കെ അലറി.
കാറലും നെലോളീം കേട്ട് അയലത്ത്കാര്ക്കൊപ്പം കല്യാണി ടീച്ചറും കൃഷ്ണൻ മാഷും വന്നു. മാഷ് വേലാട്ട്യെ പിടിച്ച് മാറ്റി.
വേലാട്ടിയ്ക്ക് ഈറോണ്ട് പ്രാന്ത് കേറി, മാഷ്ടെ മുമ്പിലന്നെ നാലടിയാ കൊടുത്ത്, ചന്ദ്രീടെ ചെപ്പയ്ക്ക്. മാഷും ടീച്ചറും ഒന്ന് പേടിച്ചൂന്ന് കണ്ടപ്പോ വായ തൊറന്നങ്ങട് അലറി.
‘ഇവ്ള് ന്റെ പെണ്ണാ, ഞാൻ ഇവ്ളെ തല്ലും കൊല്ലും, അതെന്റെ ഇഷ്ടാ, ആരാ ചോദിയ്ക്കാൻ വരണ്? ഇവ്ള് ഒരു പഞ്ചായത്ത്നൂല്ല്യാ, അവ്ളെ നിര്ത്തി ആരും ങ്ങനെ ഞെളീണ്ട.‘
അപ്പോ ആരാണ്ടും പറഞ്ഞു, ‘അത് ശര്യാ. അവനാന്റെ വീട്ട് ലെ തല്ലും വഴ്ക്കും മാറീട്ട് ല്ലേ ചന്ദ്രിയ്ക്ക് നാട് നോക്കാമ്പ്റ്റാ. അച്ചാറും പലഹാരോണ്ടാക്കണ മാതിരിയ്ല്ല പഞ്ചായത്ത്ലെ പണീ.’
‘സ്വന്തം കെട്ട്യോനെ ശരിയ്ക്കാക്കാൻ പറ്റാത്തോളാണ് നാട് ശരിയ്ക്കാക്കാൻ പോണ്‘
‘നീയ് സത്യം ചെയ്തു പറേടീ, ഇപ്പോ സത്യം ചെയ്യ്. നീയ് പോൺല്യാന്നു‘ ചന്ദ്രീടെ തലമുടീല് പിടിച്ച് ആട്ടീട്ട്, വേലാട്ടി കൈയോങ്ങി.
ചന്ദ്രി വല്യ് ഒച്ചേല് കരഞ്ഞോണ്ട്, വേലാട്ടി പറഞ്ഞ പോലെ സമ്മതിച്ചു.
മൊഖോം പൊത്തി കൊഴഞ്ഞ് വീണ അവളെ വലിച്ച് അകത്തേക്ക് ഇട്ടിട്ട് വാതല് പൊറത്ത് ന്നും കുറ്റീട്ടു.
‘കൂത്തിച്ചി, പൊറത്തെറങ്ങിയാ അറ്ക്കും ഞാൻ‘
വെറ്ങ്ങ്ലിച്ച് നിന്ന മാഷും ടീച്ചറും ബാക്കി എല്ലാരും പോണ വരെ കാർക്കിച്ച് തുപ്പീം തെറി പറഞ്ഞും മിറ്റത്ത് നടന്ന്.
‘കുടുംബ വഴക്കിലിടപെടരുത്, അതാണ് ശരി. അപ്പോഴേ പറഞ്ഞതല്ലേ? തന്റെ നിർബന്ധം കൊണ്ട് വന്നിട്ട്…….ഞാനിപ്പോൾ നാണം കെട്ടു‘ മാഷ് മടുപ്പ്ല് പിറുപിറുക്ക്ണതും ടീച്ചറ് മുണ്ടാണ്ട് കൂടെ പോയതും കണ്ട്.
അത് കഴിഞ്ഞ് എല്ലാരും പോയപ്പോ വേലാട്ടി വാശിക്ക് തിരിച്ച് ഷാപ്പിലെത്തി. അപ്പ്ഴാച്ചാല് അവ്ട്ത്തെ മുഴോൻ കള്ളും കുടിച്ച് വറ്റിയ്ക്കാൻള്ള ദാഹോണ്ടായി. രണ്ട് കുപ്പിയും കൂടി അകത്താക്കിയിട്ട് വേലാട്ടി മാർക്സിസ്റ്റുകാരെ കുടുമ്മം കലക്ക്യോളെന്ന് പ്രാകി. ടീച്ചറേം മാഷേം പ്രാകീപ്പോ ഇത്തിരി ഒച്ച കൊറ്ച്ചു. ന്തായാലും മ്മ്ടേ അയലക്കം ല്ലേ.
കൈത്തണ്ടയ്ക്ക് നല്ല ബലള്ള വേലാട്ടീടെ പെണ്ണാണ് ചന്ദ്രി. അവള് വീട്ടിനു പൊറത്തിറങ്ങില്ല്യാന്നും അതോണ്ട് വേറാരേങ്കിലും കൊണ്ടന്ന് പഞ്ചായത്താക്കാനും വേലാട്ടി പാർട്ടിയോട് അങ്ങട് പറഞ്ഞാ കൊട്ത്ത്.
നല്ല എരിവുള്ള പാർട്ടിക്കാരൊന്നും അപ്പോ ഷാപ്പില്ണ്ടാരുന്നില്ല. കുറച്ച് തമിഴന്മാരും ഹിന്ദിക്കാരും മാത്രേ ണ്ടാരുന്നുള്ളൂ. അവരൊന്നും വേലാട്ടിയെ ശ്രദ്ധിച്ചൂല്ല.
കുറച്ച് നേരം കൂടി കുത്തിയിരുന്ന് പലതും പുലമ്പിയിട്ട് വേലാട്ടി മുണ്ടഴിച്ച് തലയിൽ കെട്ടി ഇഴഞ്ഞിഴഞ്ഞ് വീട്ടിലേയ്ക്ക് പോയി.
അല്ലാ, ഈ കോലത്ത്ല് വേറെ എങ്ങ്ടാ പോവാമ്പ്റ്റാ?

Thursday, October 21, 2010

വെറും പത്തു പൈസ

          


കുട്ടി അഞ്ചാം ക്ലാസ്സിലാണ് പഠിയ്ക്കുന്നത്.

ആ വലിയ സ്കൂളിലെ ഏറ്റവും ചെറിയ ക്ലാസ്സിൽ.

വീട്ടിൽ നിന്ന് കുറെ ദൂരെയായിരുന്നു സ്കൂൾ. ഒന്നുകിൽ ബസ്സു വരുന്ന റോഡിലൂടെ പോകണം. അല്ലെങ്കിൽ ഇടവഴിയിലൂടെ നടന്ന് പാടവും അതിനുശേഷമുള്ള കൊച്ച് റബർത്തോട്ടവും കടന്ന് വേണം സ്കൂളിലെത്താൻ.

ബസ്സ് ഓടുന്ന വഴിയേക്കാൾ കുട്ടിയ്ക്കിഷ്ടം ഇടവഴിയും പാടവും റബർത്തോട്ടവും ചവുട്ടി പോകാനായിരുന്നു. ഇടയ്ക്കിടെയുള്ള കിളികളുടെ ചിലയ്ക്കലും കേട്ട് പേരറിയാത്ത പൂക്കളുടെ മണവും ശ്വസിച്ച് പച്ചിലച്ചാർത്തിനുള്ളിൽ സൂര്യ രശ്മികൾ ഒളിച്ചു കളിയ്ക്കുന്നതും കണ്ട്, ഒരു പച്ചച്ച ഗുഹ മാതിരി നീണ്ട് കിടക്കുന്ന ഇടവഴിയിലൂടെ മെല്ലെ മെല്ലെ നടക്കാൻ കുട്ടി ആഗ്രഹിച്ചു.

ഇളം നീലയും ചുവപ്പും മഞ്ഞയും നിറമുള്ള തുമ്പികളെ ആ വഴിയിൽ ധാരാളമായി കാണാമായിരുന്നു. സുന്ദരിക്കോതകളായ മഞ്ഞക്കിളികളും തലയിൽ ചുവന്ന തൂവാല കെട്ടിയ മരം കൊത്തിയും മനോഹരമായ നീലയുടുപ്പിട്ട പൊന്മാനും രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പഠിച്ച് കണ്ണും ചുവപ്പിച്ച് വരുന്ന ചെമ്പോത്തും എല്ലാം കലപില കൂട്ടുന്ന നാട്ടുവഴിയിലൂടെ കൊച്ചു കാലടികൾ പെറുക്കി വെച്ച് കുട്ടി സ്കൂളിൽ പോയി വന്നു.

നാലു കാലുള്ള നങ്ങേലിപ്പെണ്ണിനെ കോലു നാരായണൻ കട്ടോണ്ട് പോയതല്ല വായ മുഴുക്കെ തുറന്ന് ശാപ്പാടടിച്ചതാണ് എന്ന് കുട്ടിയ്ക്ക് മനസ്സിലായത് ആ പാടത്തായിരുന്നു. കോലു നാരായണനെ കണ്ട് പേടിച്ച് വിറച്ച് പോയെങ്കിലും നാരായണൻ കുട്ടിയെ തീരെ ശ്രദ്ധിയ്ക്കാതെ ധിറുതിയായി സ്വന്തം ജോലി നോക്കി കടന്നുപോയി.

മഞ്ഞക്കിളിയെ കണ്ടാൽ മധുരം കിട്ടുമെന്ന് പറയുന്നത് മുഴുവനൊന്നും ശരിയല്ലെന്ന് മനസ്സിലാക്കിയതും അക്കാലത്താണ്. മധുരം ലഭിച്ചില്ലെന്നു മാത്രമല്ല, കണക്കിൽ മാർക്ക് കുറഞ്ഞതിനും ഇംഗ്ലീഷിൽ സ്പെല്ലിംഗ് തെറ്റിച്ചതിനുമൊക്കെ അടിയും കൊള്ളേണ്ടി വന്നു. എന്നാൽ മഞ്ഞക്കിളികളാവട്ടെ കുട്ടിയുടെ തലയ്ക്കു മുകളിലൂടെ നിത്യവും പാറിപ്പറക്കുമായിരുന്നു.

ചെമ്പോത്താണ് ചകോരമെന്ന് കുട്ടിയോട് പറഞ്ഞത് വാര്യത്തെ രാജനാണ്. വേറൊരു കാര്യവും കൂടി രാജന് പറയാനുണ്ടായിരുന്നു. കുചേലൻ ചെമ്പോത്തിനെ ശകുനം കണ്ടിട്ടാണത്രെ ശ്രീകൃഷ്ണനെ കാണാൻ പോയത്. അതുകൊണ്ട് സ്കൂളിൽ പോവുമ്പോൾ ചെമ്പോത്ത് ശകുനമായി വരികയാണെങ്കിൽ ടീച്ചർമാർ ദേഷ്യപ്പെടുകയോ തല്ലുകയോ ഒന്നുമില്ലെന്നും ഒന്നും പഠിച്ചില്ലെങ്കിലും പരീക്ഷയ്ക്ക് നൂറിൽ നൂറു മാർക്ക് കിട്ടുമെന്നും രാജൻ പറഞ്ഞു. അതിനു ശേഷം കുട്ടിയ്ക്ക് ചെമ്പോത്തിനെ കാണുന്നത് വലിയ സന്തോഷമാണ്.

നീലക്കൊടുവേലി എന്നൊരു അൽഭുത മരുന്നുണ്ടെന്നും അതിന്റെ വേര് ചെമ്പോത്തിന്റെ കൂട്ടിൽ കാണുമെന്നും രാജനറിയാമായിരുന്നു. ആ കൂടാണെങ്കിൽ ഇതു വരെ കണ്ടു പിടിയ്ക്കാൻ സാധിച്ചിട്ടില്ല. ആ വേരു കിട്ടിയാൽ പിന്നെ രാജനാരാ? ചക്രവർത്തിയാണ്, ചക്രവർത്തി.

രാജനിതൊക്കെ പറഞ്ഞുകൊടുക്കുന്നത് അവന്റെ അച്ഛമ്മയാണ്. അവർക്കറിഞ്ഞു കൂടാത്ത കാര്യങ്ങളില്ല.

റബർത്തോട്ടത്തിൽ നിന്ന് കുട്ടിയും രാജനും കൂടി റബർക്കുരുക്കൾ പെറുക്കി. രാജന്റെ ട്രൌസർക്കീശയിൽ നിക്ഷേപിച്ചു. കുരു നിലത്തുരച്ച് കൈയിന്മേൽ വെച്ചാൽ ചൂടേറ്റ് തൊലി പൊള്ളുമെന്ന് രാജൻ പറഞ്ഞു. ആ റബർക്കുരുക്കൾ കൊണ്ട് കല്ലു കളിയ്ക്കുന്നമാതിരി കളിയ്ക്കാമെന്നും അമ്മാനമാടാമെന്നും കുട്ടി മനസ്സിലാക്കി.

ഈ ഭാഗ്യമൊക്കെ പൊയ്പോയത് വളരെ പെട്ടെന്നായിരുന്നു.

അമ്പലത്തിൽ വഴിപാട് കഴിപ്പിച്ച അപ്പമായിരുന്നു അന്നത്തെ നാലുമണിപ്പലഹാരം. നല്ല മണവും സ്വാദുമുണ്ടായിരുന്ന അപ്പം കുട്ടി നാലെണ്ണം തിന്നുവെന്നത് നേരാണ്. അതിന് ഇങ്ങനെ പനി വരണോ? ഇത്രയധികം ചർദ്ദിയ്ക്കണോ?

എന്തായാലും പതിനഞ്ചു ദിവസം സ്കൂൾ മുടങ്ങി.

പിന്നെ സ്ക്കൂളിൽ പോകാമെന്ന് തീരുമാനിച്ചതിന്റെ തലേന്നാണ് കുട്ടി വിവരമറിഞ്ഞത്. റബ്ബർത്തോട്ടവും അതിനടുത്തുള്ള പാടവുമൊക്കെ ആരോ വാങ്ങി വളരെ ഉയരത്തിൽ മുള്ളുവേലി നിർമ്മിച്ച് വഴിയടച്ചു കഴിഞ്ഞിരിയ്ക്കുന്നുവത്രെ. ഇടവഴിയിലൂടെ മണ്ണു നിറച്ച ലോറികൾ വന്ന് പാടം നികത്തുകയാണ്. അവിടെ ഒരു വലിയ ആയുർവേദ ഹോസ്പിറ്റൽ വരുന്നു, അതിലെ ജോലിക്കാർക്ക് താമസിയ്ക്കാനാവശ്യമായ വീടുകൾ വരുന്നു, അങ്ങനെ എന്തൊക്കെയോ വരുന്നു.

ആശുപത്രി വന്നാൽ നാട് നന്നാകും, സ്ഥലത്തിന് വില കൂടും.

മുതിർന്നവരെല്ലാം പറയുന്നത്, ആശുപത്രിയും ഫാക്ടറികളും വലിയ വലിയ അമ്പലങ്ങളും മറ്റും നാട്ടിൽ ധാരാളമായി വരണമെന്നാണ്. അപ്പോഴാണ് റോഡൊക്കെ ശരിയായി നല്ല നല്ല വണ്ടികൾ ഓടാൻ തുടങ്ങുക. അങ്ങനെയാണ് നാട്ടിലെല്ലാവരും കാശുകാരായി മാറുക.

എന്തായാലും ടാറിട്ട പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മാത്രമേ ഇനി സ്കൂളിൽ പോകാൻ പറ്റൂ.

കുട്ടി ബസ്സിൽ പോയാൽ മതി എന്ന് വീട്ടിൽ തീരുമാനമായി.

കുട്ടിയുടെ അഭിപ്രായം ആരും ചോദിച്ചില്ല. എങ്കിലും കുട്ടി പ്രതിഷേധിച്ചു നോക്കി. ‘എനിയ്ക്ക് നടന്നു പോവാനാ ഇഷ്ടം‘ എന്ന് പറഞ്ഞു നോക്കി. പക്ഷെ, മുതിർന്നവർക്ക് എല്ലാം അറിയാമല്ലോ, അതുകൊണ്ട് അവരാരും അതൊന്നും കേട്ടതു പോലുമില്ല.

വേറെ വഴിയൊന്നുമില്ലാതെ കുട്ടി ബസ്സിൽ പോകാൻ തുടങ്ങി. പത്ത് പൈസയായിരുന്നു ബസ്സ് ചാർജ്. അങ്ങനെ കുട്ടി എന്നും ഇരുപത് പൈസ ചെലവാക്കിപ്പോന്നു.

ആഴമുള്ള കുഴികളും ഇളകിക്കിടക്കുന്ന കരിങ്കൽക്കഷണങ്ങളും നിറഞ്ഞ ടാറിട്ട റോഡിലൂടെ ബസ്സ് ആടിക്കുലുങ്ങി നീങ്ങുമ്പോൾ കുട്ടി വീഴാതിരിയ്ക്കാൻ വല്ലാതെ ശ്രമപ്പെട്ടുകൊണ്ടിരുന്നു. ആരുടെയൊക്കെയോ കൈയിലും കാലിലും ബസ്സിലെ കമ്പികളിലും മാറി മാറിപ്പിടിച്ച് കുട്ടി മടുത്തു.

പലരുടെ കൈയിലും നല്ല ചൂടുള്ള ചോറു നിറച്ച സ്റ്റീൽ പാത്രങ്ങൾ ഉണ്ടായിരുന്നു. അറിയാതെ അതിൽ തൊടേണ്ടി വന്നപ്പോഴൊക്കെ കുട്ടി പിടഞ്ഞു. പലതരം പൌഡറുകളുടേയും വിയർപ്പിന്റേയും ബീഡിപ്പുകയുടെയും സമ്മിശ്ര ഗന്ധത്തിൽ കുട്ടിയ്ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

ഇടയ്ക്കിടെയുള്ള സഡൻ ബ്രേക്കുകളായിരുന്നു മറ്റൊരു ദ്രോഹം. അപ്പോൾ കുട്ടി ബാലൻസു തെറ്റി വീഴാൻ പോകും, തന്നെയുമല്ല വേറെയാരെങ്കിലുമൊക്കെ അതുപോലെ പത്തോന്ന് കുട്ടിയുടെ പുറത്തു വന്നു വീഴുകയും ചെയ്യും.

പഴയതു പോലെ നടന്നു പോകാൻ കുട്ടി കൊതിച്ചു.

ചെമ്പോത്തും പൊന്മാനും മഞ്ഞക്കിളിയുമൊക്കെ എവിടെപ്പോയിരിയ്ക്കുമോ ആവോ? തുമ്പികളും ചിലപ്പോൾ കൂടെ പോയിരിയ്ക്കും.

കോലു നാരായണനെ കാണുകയൊന്നും വേണ്ട, എന്നാലും എവിടെപ്പോയിരിയ്ക്കും എന്നറിയാനാഗ്രഹമുണ്ട്.

അങ്ങനെ ശ്രമപ്പെട്ട് ബസ്സിൽ യാത്ര ചെയ്യുന്ന കാലത്ത് ഒരു വൈകുന്നേരം കുട്ടി സ്ക്കൂളിൽ നിന്നു മടങ്ങുകയായിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. കൊള്ളാവുന്നതിലുമധികം യാത്രക്കാരെ കുത്തി നിറച്ച് ചുമച്ചും തുപ്പിയും നീങ്ങിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് എന്തുകൊണ്ടോ അന്ന് കുട്ടിയുടെ പക്കൽ നിന്ന് കണ്ടക്ടർ പൈസ വാങ്ങുകയുണ്ടായില്ല. തിരക്കിൽ അയാൾ വിട്ടു പോയതായിരിയ്ക്കാം.

ബസ്സിറങ്ങി പഞ്ചായത്ത് കിണറിന്റെ അടുത്ത് എത്തിയപ്പോഴാണ് ചുരുട്ടിപ്പിടിച്ചിരിയ്ക്കുന്ന കൈയിൽ പത്ത് പൈസാത്തുട്ടുണ്ടെന്ന് കുട്ടി അറിഞ്ഞത്. ബസ്സുകൂലി കൊടുത്തില്ലെന്ന് ഓർമ്മിച്ചപ്പോൾ കുട്ടി പേടിച്ചു പോയി.

ഇനിയിപ്പോഴെന്തു ചെയ്യും?

കുട്ടി നിലവിളിച്ചുകൊണ്ട് ബസ്സിനു പുറകെ ഓടി.

ബസ്സ് കൂടുതൽ ആളുകളെ കുത്തിനിറച്ച് പുറപ്പെട്ടതേയുള്ളൂ. കുട്ടി ബസ്സിന്റെ പുറകേ ഓടി വരുന്നതു കണ്ടപ്പോൾ, ആരോ ബെല്ലടിച്ചതു കൊണ്ടാവാം ബസ്സ് പെട്ടെന്ന് നിന്നു.

കണ്ടക്ടർ വാതിൽക്കൽ നിന്ന് തല പുറത്തേക്കിട്ട് അന്വേഷിച്ചു, ‘എന്താ കുട്ടീ, എന്തു പറ്റി?‘

കുട്ടി കിതച്ചു.

‘ദേ, പൈസ. എന്റെ ബസ്സു കൂലി വാങ്ങീല്ല.‘

ബസ്സിലിരുന്ന മുതിർന്നവരെല്ലാം ഹ ഹ ഹ എന്ന് പൊട്ടിച്ചിരിച്ചു.

‘അയ്യേ! ഒരു പത്ത് പൈസയ്ക്കാ ഇങ്ങനെ ഓടീത്……….’

മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവിനാണ്, ഏതു പ്രവൃത്തിയ്ക്കാണ്, ഏതു കാലത്തിനാണ്, എപ്പോഴാണ് വിലയിടിയുകയും ഉയരുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും കുട്ടിയ്ക്ക് അപ്പോഴുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ എല്ലാവരും പൊട്ടിച്ചിരിച്ചതിന്റെ കാരണം കുട്ടിയ്ക്ക് മനസ്സിലായതുമില്ല.