Thursday, February 20, 2020

എന്റെ പുസ്തകങ്ങൾ ഇവിടങ്ങളിൽ ലഭിക്കും.
                                                               

എന്റെ അഞ്ച് പുസ്തകങ്ങൾ വാട്ട്സപ്പ് മെസേജ് വഴിയൊ ഫോൺ ചെയ്തൊ വീപിപി ആയി ലഭിക്കുവാൻ താഴെ കൊടുക്കുന്ന നമ്പറുമായി ബന്ധപ്പെടുക.
വാട്ട്സപ്പ് / ഫോൺ: 9562 540 981
                                             
                                               

2. എച്‌മുക്കുട്ടിയുടെ കഥകൾ  (43 കഥകൾ)
ചിന്ത പബ്ളിക്കേഷൻസ്

3. ജീവിതമാണ്. (അനുഭവക്കുറിപ്പുകൾ)
മാതൃഭൂമി ബുക്ക് ഷോപ്പുകൾ,
തൃശൂർ കറന്റ് & ഗ്രീൻ ബുക്ക്സ്,
ഇന്ദുലേഖ നെറ്റ് വർക്ക് സ്റ്റോർ
എന്നിവിടെ ലഭിക്കും.


http://www.indulekha.com/jeevithamanu-memoirs-echmukutty…
--------------------------------------------------

4. ഇതെന്റെ രക്തമാണിതെന്റെ മാസമാണെടുത്തുകൊള്ളുക (ആത്മകഥ)
DC Books,
Maple Books,
Amazone,
DC Online
എന്നിവിടെ ലഭിക്കും.

DC books
https://onlinestore.dcbooks.com/…/ithente-rakthamanithente-…
Amazon
https://www.amazon.in/…/pro…/9352827872/ref=cx_skuctr_share…

Kerala Bookstore
https://keralabookstore.com/…/ithente-rakthamanithe…/13164/…

-----------------------------------------------------------
5. വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്. (നോവൽ)
6. വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ. (നോവൽ)
ലോഗോസ് ബുക്ക്സ്
ലോഗോസ് ഓൺലൈൻ
എന്നിവിടെ കിട്ടും.

പുസ്തകം ലഭിക്കുന്ന ചില സ്റ്റാളുകൾ:
Logos Books,
Vilayoor post,
Pattambi
679 309

edappal - shona books
trivandrum - MK books, Statue and Ideal books, ss kovil road
thrissur - green books, mg road
palakkad - vaikhari books, near town stand
calicut - arya books, stadium complex
thalassery - open books, mg road
Ernamkulam - CICC Books, Press club road

9809978193


നമ്പറിൽ വിളിച്ചാലും വീപിപി ആയി പുസ്തകം ലഭ്യമാണ്.

http://www.readersshoppe.com/home/index.php
---------------------------------------------------
ഇപ്പോൾ ഷാർജ പുസ്തകോത്സവത്തിലും നാലു പുസ്തകങ്ങളും ലബ്യമാണ്.
Hall no 7
Staal ZB 10
Z4 Books


7.  അമ്മീമ്മക്കഥകൾ
(ലഭ്യമല്ല)   

എച്മു ക്കുട്ടിയുടെ കഥകൾ


10/02/2020

ബുധനാഴ്ച 12.02.2020
വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച്
എൻറെ ചെറുകഥാസമാഹാരം 'എച്മു ക്കുട്ടിയുടെ കഥകൾ' പ്രകാശനം ചെയ്യപ്പെടുന്നു..

ചിന്ത പബ്ളിക്കേഷൻസ് ആണ് പുസ്തകം വിപണിയിലെത്തിക്കുന്നത്. എല്ലാ ദേശാഭിമാനി പുസ്തകശാലകളിലും 'എച്മുക്കുട്ടിയുടെ കഥകൾ' ലഭ്യമാകും. പുസ്തകത്തിൻറെ വില 260.00 രൂപയാണ്.

ഒരു നാശവും രണ്ട് അശ്രീകരങ്ങളും

   
ധനത്തിന്‍റെ തിളപ്പേറിയ പൌരുഷ അഹങ്കാരം കാണണമെങ്കില്‍ ഉത്തരേന്ത്യയില്‍ തന്നെ വരണമെന്ന് ഇന്നെനിക്ക് തോന്നി. ഞാനും സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിയ്ക്കുന്ന, ഉറപ്പായും റിക്ഷാക്കാരന്‍റെയോ അല്ലെങ്കില്‍ അതിലും താഴ്ന്ന വരുമാനമുള്ള ആരുടേയോ രണ്ട് കുഞ്ഞിമക്കളും കൂടി റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ .... സിഗ്നല്‍ ലൈറ്റ് വിലക്കിയിട്ടും ഭയങ്കരമായ സ്പീഡില്‍ ഓടിച്ചു വന്ന നമ്മുടെ സ്വദേശി, മള്‍ട്ടി നാഷണലായ ടാറ്റയുടെ ജഗ്വാര്‍ ഒരു തരത്തില്‍ ബ്രേക്കിട്ട് ഞങ്ങള്‍ക്ക് തൊട്ടരികേ നിന്നു.

വണ്ടി ഇടിച്ചു കഴിഞ്ഞു എന്ന ധാരണയില്‍ കുട്ടികള്‍ നീലിച്ചു വെള്ളാമ്പിച്ചു...

കണ്ണന്‍റെയും ഗീതുവിൻറേയും മുഖങ്ങൾ എന്‍റെ മനസ്സിലുയര്‍ന്നു.... 'ഞാന്‍ പോവുന്നു'വെന്ന് കൂവി വിളിക്കണമെന്ന് തോന്നി..

ഭയന്ന് നീലിച്ച കുട്ടികളും ഞാനും കണ്ണും തുറിച്ച് നില്‍ക്കുമ്പോള്‍ ആ ധനികന്‍ അലറി...

'എവിടെ പോകുന്നു നാശമേ നിന്‍റെ രണ്ട് അശ്രീകരങ്ങളേയും കൂട്ടി... റോഡ് വണ്ടികള്‍ക്ക് ഓടാനാണെന്ന് അറിയില്ലേ...എന്തിനാ ഇങ്ങനെ ഇറങ്ങി നടന്ന് തന്തയില്ലാത്ത കൊച്ചുങ്ങളെ ജനിപ്പിക്കുന്നത്? '

ഞാനും കുട്ടികളൂം ഫുട്പാത്തിലേയ്ക്ക് കയറും മുന്‍പേ ആ രാക്ഷസീയ ധനികത മുന്നോട്ടു കുതിച്ചു...

എനിക്ക് ഒരു കല്ലെ‍ടുത്ത് എറിഞ്ഞ് ആ തല പൊട്ടിയ്ക്കാന്‍ ആഗ്രഹമുണ്ടായി...കുട്ടികള്‍ ഉറക്കെ ശപിച്ചു. ' ടയര്‍ പഞ്ചറാകട്ടേ ആ പിശാചിന്‍റെ...'

നിസ്സഹായര്‍ പ്രതിഷേധിക്കുന്നത് .....

അരുന്ധതി റോയ് കള്ളുകുടിക്കുന്നതിൽ

          
അരുന്ധതി റോയ് കള്ളുകുടിക്കുന്നതിൽ ആ വക്കീലിനെന്താവോ?

1990 കളാണ് കാലം.. അന്ന് ഹഡ്കോയുടെ ഓഫീസ് ലോധിറോഡിലെ ഒരു വലിയ കെട്ടിടമാണ്. ഇന്നത്തെപ്പോലെ ഇന്ത്യാ ഹാബിറ്റാറ്റ് സെൻററല്ല.

ലോധി ഗാർഡൻസ് അക്കാലത്ത് അനവധി പക്ഷികളുടെ ആവാസസ്ഥലമായിരുന്നു. മയിലുകൾ ലോധി റോഡ് ക്രോസ് ചെയ്തു പോകുന്നത് നോക്കി ഞാൻ ആ റോഡിൻറെ ഫുട്പാത്തിലിരിക്കുകയാണ്.

എൻറെ മോള് എനിക്കു നഷ്ടപ്പെട്ട കാലമാണ്. നല്ല വേഗതയിൽ ഓടി വരുന്ന പട്ടാളട്രക്കുകൾക്ക് എന്നെ അട വെച്ചാലോ എന്ന് എപ്പോഴും ആലോചിക്കുന്ന നേരം.

കണ്ണൻ ഹഡ്കോയുടെ ഓഫീസിൽ നിന്നും ഇറങ്ങി വന്നു. കണ്ണനറിയാം മിണ്ടിയാൽ ഞാൻ പൊട്ടിപ്പൊട്ടിക്കരയുമെന്ന്... അതുകൊണ്ട് തൊട്ടപ്പുറത്തുള്ള ഒരു കുഞ്ഞിച്ചായക്കടയിലെ ആടുന്ന ബെഞ്ച് ചൂണ്ടി നമുക്ക് ചായ കുടിക്കാമെന്ന് ആംഗ്യവും കാട്ടി എന്നേ നിർബന്ധിച്ച് അങ്ങോട്ടു നയിക്കുന്നതിനിടയിൽ പുറകീന്ന് നല്ല വടക്കൻ ചുവയിൽ ഒരു വിളി കേട്ടു..

പപ്പൻ..പപ്പൻ..

ഞങ്ങൾ ഞെട്ടിപ്പോയി... ഈ ദില്ലിയിൽ ആരാണ് ഇങ്ങനെ വിളിക്കാൻ...

നോക്കിയപ്പോൾ ഒറീസ്സക്കാരൻ ആർക്കിടെക്റ്റ് ഗോലക് ആണ്. ഗോലക് കോസ്ററ്ഫോർഡിൽ കണ്ണൻറെ ഒപ്പം ജോലി ചെയ്തിരുന്നു. എന്നെ അറിയുമായിരുന്നു ഗോലക്.

അദ്ദേഹം ഞങ്ങളെ അന്നൊരു തെരുവ് നാടകത്തിൻറെ റിഹേഴ്സലിനു കൊണ്ടു പോയി. കോട്ല മുബാരക് പൂരിലെ ഒരു ഫ്ളാറ്റിൽ... അവിടെ അരുന്ധതീ റോയ് ഉണ്ടായിരുന്നു. അവരെ അന്നാണ് ഞാൻ ആദ്യം കാണുന്നത്.

അന്നവർ ഗോവൻ വാസം മതിയാക്കിയിരുന്നു. ഒന്നും എഴുതീരുന്നില്ല. പ്രശസ്തയായിരുന്നില്ല. നന്നെ മെലിഞ്ഞ ഒരു സ്ത്രീ... ആർക്കിടെക്റ്റായിരുന്നെങ്കിലും പണവും ഉണ്ടായിരുന്നില്ല അവരുടെ പക്കൽ..

അവരുടെ അമ്മ മേരി റോയ് ലാറിബേക്കറിൻറെ ഉറ്റ സുഹൃത്തായിരുന്നുവല്ലോ. കോട്ടയത്ത് അവർ നടത്തുന്ന കോർപ്പസ് ക്രിസ്റ്റി സ്കൂൾ ബേക്കറിൻറെ നിർമ്മിതിയായിരുന്നു.

ലാറിബേക്കറും കോസ്റ്റ്ഫോർഡും ആയിരുന്നു ഞങ്ങൾക്കിടയിൽ സംഭാഷണത്തിനു കാരണമായത്. ഞാൻ സംസാരിച്ചില്ല.. വെറുതെ ഒന്നു പുഞ്ചിരിച്ചു...

പിന്നീട്.. അവർ എഴുതി.. ഇന്ത്യയിലേക്ക് ബുക്കർ സമ്മാനം കൊണ്ടു വന്നു.. പിന്നേയും എഴുതി.. അവരിൽ ഉറങ്ങിക്കിടന്ന ആക്ടിവിസം ഉജ്ജ്വലമായി.. അതിശയകരമായ ഉൾക്കാഴ്ചയോടെ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങി...

അവർക്ക് മൂന്നു കോടി കിട്ടിയെന്ന് അസൂയപ്പെടുന്നവർ ഒരുപാടുണ്ട്.. അവർക്ക് അനർഹമായ പ്രശസ്തി കിട്ടിയെന്ന് രോഷം കൊള്ളുന്നവർ ഒത്തിരിയുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളിൽ പുച്ഛമുള്ളവർ അനേകമുണ്ട്. ഇതിനെല്ലാം പുറമേ അവരെ വെറും പെണ്ണ് എന്ന് ചൂണ്ടിക്കാട്ടി അപമാനിക്കുന്നവരും ഏറെയുണ്ട്.

വക്കീൽ ഇതെല്ലാം ചേർന്ന ഒരു സാംപിൾ മാത്രം...

കാപ്പിപ്പൊടി അച്ചൻ


31/01/2020

ഞാൻ കാപ്പിപ്പൊടി അച്ചനെന്നേ പറയൂ. ഫോട്ടോയോ വീഡിയോ യോ ഇടില്ല. വനിതാ മാസികകളിലും പിന്നെ പല അച്ചടി മാധ്യമങ്ങളിലും അച്ചൻ നന്മശാസ്ത്രം വിളമ്പുന്നത് രുചിച്ചിട്ടുണ്ട്.

സ്ത്രീ വിരുദ്ധതയാണ് അച്ചൻറെ പ്രഭാഷണങ്ങളുടെ അടിക്കല്ല്. അതുകേട്ട് സ്ത്രീകൾ കുലുങ്ങിച്ചിരിക്കും. ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ അച്ചൻ കളിയാക്കുമ്പോൾ സാരി ഉടുത്ത പെണ്ണുങ്ങൾ ചിരിക്കും. അതാണല്ലോ പെണ്ണുങ്ങളുടെ ചിരിയുടെ ഒരു രീതി.

അച്ചൻറെ മുസ്‌ലിം വിരുദ്ധത കേട്ട് എനിക്ക് അൽഭുതമേയില്ല. സ്ത്രീ വിരുദ്ധത നേരിയ തോതിലെങ്കിലും പുലർത്തുന്നവർ ദരിദ്ര വിരുദ്ധരായിരിക്കും, ദളിത് വിരുദ്ധരായിരിക്കും, ദുർബല വിരുദ്ധരായിരിക്കും, അപരജാതിമതവിരുദ്ധരായിരിക്കും, സമത്വവിരുദ്ധരായിരിക്കും. സർവോപരി മനുഷ്യവിരുദ്ധരായിരിക്കും. ഇതിൽ ആൺപെൺഭിന്നലിംഗ ഭേദമില്ല.

കമ്യൂണിസ്റ്റിനെ ഉരച്ചു നോക്കുക. ഒരു പണ്ഡിതമൂഢൻ പ്രത്യക്ഷപ്പെടുന്നത് കാണാം. അനാഥയായ സ്ത്രീയോടുള്ള അവൻറെ നിലപാടെന്ന മർമ്മസ്ഥാനത്തായിരിക്കണം ഉരച്ചു നോക്കേണ്ടത് എന്നു പറഞ്ഞത് ലെനിനാണ്.

സ്ത്രീവിരുദ്ധർ ആത്യന്തികമായി പ്രപഞ്ചവിരുദ്ധരായിരിക്കും എന്ന് ഞാൻ ലെനിൻറെ മേല്പറഞ്ഞ വാചകങ്ങളെ ഓർമ്മിച്ചുകൊണ്ടു തന്നെ എഴുതട്ടെ.

Wednesday, February 19, 2020

റിപ്പബ്ലിക് ദിനം... ചില ഓർമ്മകൾ2020 ലെ ഈ ദിവസത്തിന് മറ്റൊരിക്കലുമില്ലാതിരുന്ന പ്രത്യേകതയുണ്ട്. ഇന്ത്യ നമ്മൾ എല്ലാവരുടേയും റിപ്പബ്ലിക് ആണ്. സവർണ ഹൈന്ദവതയുടേയോ അത് തീരുമാനിക്കുന്നവരുടേയോ അല്ല എന്ന് നമ്മൾ ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട ദിവസമാണിന്ന്..

ചെറുപ്പകാലത്ത് റേഡിയോയിൽ റിപ്പബ്ലിക് ദിനത്തിൻറെ ശബ്ദരേഖ കേൾക്കാറുണ്ട്. അമ്മീമ്മയുടെ ശിഷ്യരിൽ ചിലർ പട്ടാളക്കാരും സൈന്യത്തിലെ സിവിലിയൻ ഓഫീസർമാരും ആയി തൃക്കൂരിലുണ്ടായിരുന്നു . അവർ ദില്ലിയിൽ ജോലി ചെയ്തിട്ട് അവധിക്ക് വരുമ്പോൾ റിപ്പബ്ലിക് ദിനപരേഡിൻറെ വർണ ശബളിമയെക്കുറിച്ച് വിവരിക്കും... അതു കേട്ട് ഞങ്ങൾ, ഞാനും റാണിയും അന്തം വിട്ടിരുന്നിട്ടുണ്ട്. മാതൃഭൂമി പത്രത്തിലെ വിവരണങ്ങൾ വള്ളിപുള്ളി വിടാതെ വായിച്ച് ആ പരേഡ് സങ്കല്പിച്ചു നോക്കും.

ടിവി വന്നപ്പോഴാണ് പരേഡ് ലൈവായി കണ്ടു തുടങ്ങിയത്.

ദില്ലിയിലെ ജീവിതകാലത്ത് ആദ്യമാദ്യം യാതൊന്നും തന്നെ എനിക്ക് ആകർഷണീയമായി തോന്നിയിരുന്നില്ല. മോളെ നഷ്ടപ്പെട്ട തീവ്രവേദനയിൽ ഞാൻ രാജ്യത്തിൻറേയോ മതങ്ങളുടേയോ രാഷ്ട്രീയത്തിൻറേയോ വ്യക്തികളുടേയോ ഒരു കെട്ടുകാഴ്ചയേയും തീരേ ശ്രദ്ധിച്ചിരുന്നില്ല.

ഗീതു മോൾ വന്നപ്പോഴാണ് അക്കൊല്ലം ജനുവരി 26 ൻറെ പരേഡിന് പോകണമെന്ന് അവൾ പ്രഖ്യാപിച്ചത്. അതും ഇങ്ങനെ... 'ദെൽഹീല് റിബ്ളബിക് പലേഡ് കാണാമ്പറ്റുംന്നാ വിചാലിച്ചേ... പോയാലല്ലേ കാണാമ്പററൂ.. വെലുതേ പരഞ്ഞാ മതിയോ?'

കുഞ്ഞിക്കണ്ണുകളിൽ ഒരു തരം ദേഷ്യവും വാശിയും പിണക്കവുമാണ്..

അവൾ ഞങ്ങളോട് സ്നേഹത്തിലാവണമെന്നത് ഞങ്ങളുടെ അത്യാവശ്യമാണല്ലോ. അവൾ എന്ന കുഞ്ഞുദേവി ഞങ്ങളിൽ പ്രസാദിക്കണമല്ലോ.

ഞാൻ ഇന്ത്യാഗേറ്റിൻറവിടെ ഉണ്ടായിരുന്ന ടിക്കറ്റ് ഖറിൽ പോയി ഞങ്ങളുടെ മേസന്മാർക്കും മെക്കാട് പണിക്കാർക്കും ഉൾപ്പെടെ ടിക്കറ്റു വാങ്ങിച്ചു. അതിരാവിലെ മൂടൽമഞ്ഞു നിറഞ്ഞ വഴിയിലൂടെ കമ്പിളി വസ്ത്രങ്ങളിൽ പൊതിഞ്ഞ് ഞങ്ങൾ ഒരു ജാഥയായി ആ ജനുവരി 26 ന് യാത്ര ആരംഭിച്ചു.

ചലോ ചലോ രാജ്പഥ് ചലോ..

മോൾ ആവേശത്തിലായിരുന്നു, അവൾ പറയുന്നത് കേൾക്കുന്ന അമ്മയും അച്ഛനും... ഒപ്പമുള്ള ജോലിക്കാർക്കാണെങ്കിൽ അവളാണല്ലോ ബിഗ് ബോസ്.

ബസ്സ് യാത്ര അധികനേരം ഇല്ലായിരുന്നു. നടന്നെത്തുക തന്നെ വേണം. മോൾ എല്ലാവരുടേയും ചുമലുകളിൽ മാറി മാറി ഇരുന്ന് ഉല്ലാസത്തോടെ യാത്ര ചെയ്തു. രാവിലെ ഏഴുമണിയോടെ ഞങ്ങൾ ഒരു സംഘമായി രാജ്പഥിലെ ഇരുപ്പിടങ്ങളിൽ അമർന്നു കഴിഞ്ഞിരുന്നു.

നല്ല തണുപ്പ് അനുഭവപ്പെട്ടു.. ദൂരേയ്ക്ക് കാഴ്ചയും കുറവായിരുന്നു. എന്നാലും എല്ലാവരും സന്തോഷത്തോടെ പരേഡും കാത്തിരുന്നു.

ഞങ്ങളുടെ സംഘത്തിൽ ഇന്ത്യയുടെ ഏകദേശം മുഴുവൻ സംസ്ഥാന ങ്ങളുമുണ്ടായിരുന്നു. അവരിലാരും അതുവരെ പരേഡ് കണ്ടിരുന്നില്ല. അവർ എല്ലാവരും തന്നെ പട്ടിണിയും പരിവട്ടവും പ്രാരാബ്ധവുമായി ജീവിതത്തോട് മല്ലിടുന്ന കെട്ടിടനിർമ്മാണത്തൊഴിലാളികൾ മാത്രമായിരുന്നല്ലോ.

ഒമ്പതു മണിക്കാണ് പരേഡ് തുടങ്ങിയത്. നരസിംഹ റാവു പ്രധാനമന്ത്രിയും ശങ്കർ ദയാൽ ശർമ്മ പ്രസിഡന്റുമായിരുന്നു. മുഖ്യ അതിഥിയായി വന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജർ.

മോൾ വളരെ ആഹ്ളാദത്തോടെ പരേഡ് വീക്ഷിച്ചു. ഞങ്ങളുടെ സഹപ്രവർത്തകരും രാജ്യത്തിൻറെ അവതരിപ്പിക്കപ്പെടുന്ന വർണവൈവിധ്യവും സാംസ്കാരിക മഹിമയും സൈനികകേമത്തവും കണ്ട് സന്തോഷചിത്തരായി.. 'ഹം ബഹുത്ത് അച്ഛേ ഹേ, ഹം ബടേ താക്കത്ത് വാലേ ഹേ' എന്നൊക്കെ അവരുടെയെല്ലാം ഹൃദയം രാജ്യസ്നേഹത്താൽ വിജൃഭിംതമായി.

ഒരു പതിനൊന്നു മണിയോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. മോൾ എല്ലാവരുടേയും ചുമലുകളിൽ മാറി മാറി ഇരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു. അതിനിടയിൽ ബംഗാളികളായ കുറച്ച് ജോലിക്കാർ ഒരു കാലിഡബ്ബ തട്ടിക്കളിച്ച് യാത്രാവഴികളിൽ ഒരു ഫുട്‌ബോൾ മൽസരത്തിൻറെ ആവേശം പകർന്നു. ബംഗാളികളുടെ രക്തത്തിൽ ഫുട്‌ബോൾ ഒരു ആവേശമാണെന്ന് അന്ന് തോന്നിപ്പോയി.

പിന്നീട് എല്ലാ വർഷവും അതൊരു പതിവായി.

കുറച്ചു വർഷങ്ങൾക്കു ശേഷം ഫ്ളോട്ടുകൾ ചെയ്യുവാൻ തുടങ്ങിയപ്പോൾ പരേഡിന് വളരേ മുമ്പേ ടാഗോർ ഗാർഡൻസ് എനിക്കും ഗീതുവിനും ചിരപരിചിതമായിത്തീർന്നു. അവിടെ നിറുത്തിയിട്ടിരിക്കുന്ന ഝാംകികളിൽ അനേകമനേകം ഫ്ളോട്ടുകളുടെ പണി നടന്നിരുന്നു. ഫ്ളോട്ടുപണിയുടെ അവസാനസമയമാവുമ്പോഴേക്കും അവിടം സുരക്ഷാ സൈനികരെക്കൊണ്ട് നിറയും.

പരേഡിനു മുൻപ് ഒരു ഫുൾ ഡ്രസ്സ് റിഹേഴ്സൽ ഉണ്ട്. സുരക്ഷാ പരിശോധന കർശനമാവും എന്നാണ് വെപ്പ്. ഇന്ത്യാമഹാരാജ്യത്തിൻറെ സകലമാന സുപ്രധാന വ്യക്തികളും സന്നിഹിതരാവുന്ന പരേഡ് ആണല്ലോ.

നമ്മുടെ സുരക്ഷാ പദ്ധതികളുടെ പാളിച്ചകൾ ശ്രദ്ധയിൽ പെട്ടിട്ടുള്ളതും അങ്ങനെയാണ്. അലക്ഷ്യമായ പരിശോധനകളും പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥരും കൂടി കാണിച്ചു കൂട്ടുന്ന പരിശോധനാപ്രഹസനങ്ങൾ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

പോക്കറ്റിൽ സ്വിസ് നൈഫും കൊച്ചു കൊലേരിയും ആർക്കിടെക്റ്റ് നൈഫുമായി പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തു മടങ്ങാനാവുമെന്നു ഞങ്ങൾ അറിഞ്ഞു.

രാജ്യത്തെ തകർക്കുന്നത് ചാവേറുകൾക്ക് ജീവിതലക്ഷ്യമാവുമ്പോൾ പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും സുരക്ഷ യൊരുക്കലെന്നത് ഉദ്യോഗം മാത്രമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് ഇത്തരം പരിപാടികളിൽ പങ്കെടുത്തതുകൊണ്ടാണ്. അത് സങ്കടകരമായ ഒരു സത്യമാണ്. വല്ലപാടും മതി എന്ന രീതി അവസാനിച്ചാലേ നമ്മുടെ കാര്യങ്ങൾ ഭംഗിയാവൂ എന്നർഥം.

എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ..ഇനിയും അനവധിയനവധി റിപ്പബ്ളിക് ദിനങ്ങൾ ആശംസിക്കാൻ നമുക്കോരോരുത്തർക്കും അവസരമുണ്ടാവട്ടെ....

ഐസ് ലാൻഡ് പാർലിമെന്റ് , കർണാടകയിലെ ബീദറിലാണ്

                       

ഐസ് ലാൻഡ് പാർലിമെന്റ് എല്ലാ മതങ്ങളും മാനസിക തകരാറുകളാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന്.... ഇന്നലെ. 60 പേർ അനുകൂലമായ വോട്ടും 3 പേർ പ്രതികൂലമായ വോട്ടും ചെയ്തു.

ശരിക്കും നടന്നതാണെങ്കിൽ എനിക്കത്.ബോധിച്ചു. എനിക്ക് തന്നത്താൻ അങ്ങനെ തോന്നീട്ടുണ്ട്. ഞാനൊരാൾക്ക് തോന്നുന്ന പോലെ അല്ലല്ലോ, ഒരു രാജ്യത്തിൻറെ പാർലിമെന്റിനു തോന്നുന്നത്.

ഐസ് ലാൻഡ് ഇതിനു മുമ്പേയും കുറെ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്.

ബൈബിളിൽ മാനസികപ്രശ്നങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തി. അമേരിക്കയിലെ മതപ്രചാരകരോട് ഐസ് ലാൻഡിലേക്ക് ചെല്ലേണ്ടെന്നു പറഞ്ഞു.

അസാധാരണമായ വിധത്തിൽ മതങ്ങൾ ഹുങ്ക് കാണിക്കുന്ന ഈ കാലത്ത് ഐസ് ലാൻഡ് പാർലിമെൻറിൻറെ പ്രഖ്യാപനം തികച്ചും അവസോരോചിതം തന്നെ..

ഇനി ഇതൊരു ഒരു തമാശയാണെങ്കിൽ പോലും.

                                     
കർണാടകയിലെ ബീദറിലാണ്. 
പരിചയമുള്ള ഇടമാണത്.

എട്ടും പത്തും വയസ്സുള്ള കുട്ടികളെ പോലീസ് ചോദ്യം ചെയ്യുന്നു. പതിനൊന്നു മണിക്കൂർ നേരം..

അവരുടെ വിധവകളായ അമ്മമാരെ അറസ്റ്റ് ചെയ്തിരിക്കുന്നു. സ്കൂളിലെ പ്രധാനാധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നു.

പൗരത്വബില്ലിനെ വിമർശിച്ച് നാടകം അഭിനയിച്ച കുട്ടികളാണ്. ആ നിയമത്തെ അധിക്ഷേപിച്ചതാണ് കുറ്റം.

Sedition എന്ന വകുപ്പാണത്രെ ..എന്ന കുറ്റമാണത്രെ..

ജനാധിപത്യ ഇന്ത്യ.. ഉറക്കെ ഉറക്കെ കരയുന്നു.

കുഞ്ഞുങ്ങളെ പോലീസ് ചോദ്യം ചെയ്യുന്ന ഇന്ത്യയെ കണ്ട്..., അമ്മയെ പോലീസ് പിടിച്ചു കൊണ്ടു പോയതുകൊണ്ട് അയല്പക്കത്തെ വീട്ടിൽ പാർക്കുന്ന ഒമ്പതുവയസ്സുകാരിയുള്ള ഇന്ത്യയെ കണ്ട്...