Thursday, January 7, 2021

ചൊക്ളി 60

19/12/2020

സുകുമാഷ് ഒറപ്പിച്ചന്നേ പറഞ്ഞേര്ന്നു. ഞങ്ങള് ദല്കി പിടിക്കുന്ന്..
അതന്നെ ഇണ്ടായി. മുപ്പാട് പയിനഞ്ചീസം ഇണ്ടായ പർദാനമന്ത്‌രി ല്ലേ.. അയ്യാള് വന്ന്. അയ്യാള് കുടുമ്മോം കുട്ട്യോളുന്നൂല്ലാത്ത മൻഷനാണ്. അപ്പോ കക്ക്ല്ലാന്ന് എല്ലരും പറ്ഞ്ഞു. പപ്പിനി ഒറ്റ ആട്ട്ണ്. അത് പറ്ഞ്ഞോര്യൊക്കെ.
'ഇത്തറ മോശണ്ണ്ച്ചാ എല്ലരും എന്തിറ്റ്നാണ് കുടുമ്മണ്ടാക്കാൻ പറേണ് മറ്റ്ള്ളോരോട്.. കുടുമ്മണ്ടാവ്മ്പോ അയിനാണ് ലെഞ്ചം(കൈക്കൂലി) വാങ്ങ്ണ്ന്നല്ലേ..കക്ക്ണ്ന്ന്ല്ലേ. അദില്ലേങ്കേ എല്ലോരും നല്ലതാന്നല്ലേ.. കുടുമ്മം വേണ്ട.. ആണും പെണ്ണും ഒറ്റയ്ക്ക് പണീട്ത്ത് ജീവിക്കട്ടേ.സത്തിയം ണ്ടാവട്ടെ '
എന്നാലും അവ്ളക്ക് സങ്കടണ്ട്. യാതീം മതോം പറേണോര്ക്കന്ന്യാണ്ല്ലോ ഇത്തറ കാലം കയിഞ്ഞിറ്റും സ്താനങ്ങ്ള് കിട്ട്ണ്.
അവ്ള് അന്ന് തൈച്ചില്ല. കടേലും പോയ്ല്ല. തിന്നാനും ഒന്നുണ്ടാക്കീല്ല.
അവള്‌രെ വെഷമം ചൊക്ളിക്ക് മൻസ്സിലായി. കട്ടഞ്ചായ പനംചക്കര ഇട്ട് മദിരാക്കി കൊട്ത്തു. അവളക്ക് വെല്യ ഇഷ്ടണ് പനഞ്ചക്കരാന്ന് ചൊക്ളിക്കറീം
ബാലേന്ദരനും സുകുമാഷും രാമേന്ദരൻ സാമി ഡോക്കിട്ടറും എല്ലാ ഇന്തുത്തക്കാരും കൂടി ജയ് വിളിച്ച് കൂക്കിപ്പോണ്ട്.
നട്ക്കട്ടേ.. ആഗോഷം നട്ക്കട്ടെ.
മറിയപ്പാറേന്ന് മൂർക്കല്ലൂര് വരേള്ള മേത്തമ്മാര്ടെ അവടെ അനക്കല്ല. അല്ലാ, അവരിപ്പോ എന്തിറ്റാ പറേണ്? എന്ത്റ്റ് കേട്ട്ട്ടാ ജയ് വിളിക്കണ്?
മൂർക്കല്ലൂര് പാലത്തിൻറെ ചോട്ട്ല്ള്ള കടേന്ന് ചൊക്ളി കപ്പബിരിയാണി വേടിച്ചു. പപ്പിനിക്ക് ഇഷ്ടാണ് അത്. അവള് സങ്കടപ്പെട്ട് ഇര്ന്നാ ഒന്നും തിന്നുല്യ, കുടിക്കുല്യ. എന്ന്ട്ട് പിന്നെ ചെന്നിക്കുത്ത് എളകും.
കപ്പ ബിരിയാണി തിന്ന് വായേം മോറും കഴ്കി വന്ന്ട്ട് പപ്പിനി എളന്തിണ്ണേം ചാരി തറേലിര്ന്ന ചൊക്ളീരേ മടീല് വീണാ കര്ഞ്ഞു. ചൊക്ളി ആദിക്ക് പേട്ച്ചാ പോയി. പിന്നെ സമാതാനിപ്പിച്ചു.
'കരേല്ലേ പപ്പിന്യേ..
ഇഞ്ഞിയത്തെ തെരഞ്ഞെട്ക്കല്ല് ഒക്കെ ശരിയാവ്ൺഡീ. പോങ്ങമ്മാര്ക്ക് ഒക്കെ തിരിഞ്ഞൊടങ്ങും കാര്യങ്ങള്. '
അവ്ള് തലേട്ട് ഉര്ട്ട്യോണ്ട് പതം പറേണ്.
ചൊക്ളി അട്ത്ത് കെട്ന്ന്, തലേമ്മേ പിടിച്ച്‌ട്ട് പറഞ്ഞ്. 'നീയൊറങ്ങ് പപ്പിന്യേ, ഇത്തിരി നേരം. നിനക്ക് തൊയിരം കിട്ടും. ഇങ്ങ്നെ നെലോളിക്കണ്ട.'
ചൊക്ളി പപ്പിനീരെ പൊറം തട്‌വീ.. പാറിക്കെട്ക്കണ മുടി ഒത്ക്കി വെച്ച്. സമാതാനപ്പെട്ന്ന് പറ്ഞ്ഞ്.. അവളേനേ പത്ക്കനെ തട്‌വിയോണ്ട് മിണ്ടാണ്ട് കെടന്ന്..
അപ്പള് ആലോയ്ക്കേര്ന്ന് ചൊക്ളി ഇങ്ങ്യനൊക്കെ പെണ്ണങ്ങള്ണ്ടാവോ ഈ ലോക് ത്ത്. രാജിയം നശ്ക്കുന്ന് , ജാതീം മതോം പറ്ഞ്ഞ് നാട്ട്ല് തല്ല്ണ്ടാവര്ത്‌ന്ന് വിജാരിച്ച് മന്സ്സ് വെഷമ്ച്ച് കെട്ക്ക്ണ ഒര് പടിത്തോല്ലാത്ത നാട്ട് പെണ്ണ്.
പെണ്ണങ്ങള്ക്ക് തുണി, പണ്ടം, മേത്തും മോത്തും പെര്ട്ടണ ചെല സാനങ്ങള്, കെട്ട്യോൻ, മക്കള്, അമ്മായമ്മ, വീട് ഇദൊക്കെന്ന്യൊള്ളൂന്നാ എല്ലോരും പറേല്.
പപ്പിനീരെ പോല്യാര്ന്ന് അദികോം പെണ്ണങ്ങള്ന്ന്ച്ചാ ഈ നാട് എന്നന്നേ വേറേ മാര്യായേനേം…ചെൽപ്പൊ ഇമ്മിണി പെണ്ണങ്ങള്ണ്ടാവും ഇതോലേ.. ഓരോരോ നാട്ടോളില്..ഒര്മിച്ച് കാണാമ്പറ്റാണ്ടും മിണ്ടാമ്പറ്റാണ്ടും ഒക്ക്യാവും അവ്‌ര് ങ്ങ്നെ ഇരിക്ക്ണത്. അവരോരേ സ്തലത്ത് ഒച്ചീം വിളീം ഇടുക്ക്ണ്ടാവും.. ഇങ്ങ്നെ കെട്ന്ന് നെലോളിക്ക്ണ്ടാവും. ആരക്കാ അറിയ്യാ
ഓരോ മനോവിചാരത്ത്ല് കെട്ന്ന് ചൊക്ളീം അങ്ങടാ ഒറങ്ങി.
'ഏൻക്കരാ പൊലയാടീ മോനേ'ന്ന് ഒര് ഒച്ചീം പൊറത്ത് ഒര് ചവ്ട്ടും കിട്ടീപ്പളാണ് ചൊക്ളി ചാടിയേൻറ്റത്. പോല്ലീസാര്ണ്. പപ്പിനീരെ നേരേ ലാത്തി ഓങ്ങീത് ചൊക്ളി പോല്ലീസാരൻറെ കാലുമ്മേ തലവെച്ച് 'അവളെ തല്ലല്ലേ ശാറേ'ന്ന് പറഞ്ഞ് സൊന്തം പൊറത്തന്നേ വേടിച്ചു.
രണ്ടാളേം കോടംകര പോലീസ് റ്റേഷനീ കൊണ്ടോയി. നടത്തീറ്റാണ് കൊണ്ടോയ്ത്. പച്ചപ്പകല് നാട്ടാര് കാണ്ച്ചലെ തുണില്യാണ്ട് കെട്ന്നൂന്നാണ് കുറ്റം.
പോലീസ് വല്ലോം പറഞ്ഞാലൊന്നും പപ്പിനീരെ നാവ് എനങ്ങാണ്ടിരിക്കൊന്നൂല്ല.
'ങ്ങള് ലിവിങാ സാറേ.. ങ്ങ്ള്ക്ക് ങ്ങ്ടോടത്തേ എറാത്ത് കെടന്നൂടേ?'
വനിതാപ്പോലീസ് വന്ന് പപ്പിനീരെ ചെവിടത്തൊന്ന് കൊട്ത്തു.
'അവളരെ ഇംഗ്ലീഷ്.. ലിവിങാത്രേ.. വീട്ട്ല് വ്യഭിചാരണ്. കൂട്ടിക്കൊട്ക്കാൻ ചണ്ണക്കാലനും. പിന്നൊര് തുണിപ്പീടിയേം. പെണ്ണങ്ങളെ ഉടുപ്പോളാ കൂത്തിച്ചി വിക്കോള്ളോ. അവളടെ പൊലയാട്ടത്തിന് അത്ണല്ലോ വേണ്ടത്.'
ചൊക്ളിക്ക് രണ്ടടീം കൂടി കിട്ടി. ന്ന്ട്ട് ലോക്കപ്പീ ഇട്ട്. പപ്പിനീനെ പോലീസ് കാരത്തി ഉള്ളിൽക്ക് കൊണ്ടോയി.
ചൊക്ളി ആ തറേലിര്ന്നാലോയ്ച്ച്..പപ്പിനീനെ ആ പെണ്ണ് വല്ലോം കാട്ടോ ആവോ..
ചെവീല് വണ്ടിൻറന്തി നല്ല മൂളക്കം.. നടു വെട്ടീണ്ട്.. ലാത്തിയോണ്ട് അടിച്ചോട്ത്ത് നല്ല നീറ്റക്കോണ്ട്.
വെങ്ങിട്ടു ഡോക്കിട്ടറും പ്രാഞ്ചീസും കോടംകര പള്ളീലെ അച്ചനും കൂടീണ് റ്റേഷനില് വന്ന്ത്. ഇത്തിരി കയിഞ്ഞപ്പോ മൊയ്തീൻ കാജീം എത്തി.
പപ്പിനീരെ ലെഡിമേഡ് കട കാജീരെ കെട്ട്ടത്ത്ല് ല്ലേ.. അവ്ടെ വരണ പെണ്ണങ്ങളെ പറ്റി പറ്ഞ്ഞ് പോലീസ് പെണ്ണ്. മൊയ്തീൻ കാജീ ചാടിയേൻറ്റ്… ഒച്ചീണ്ടാക്കി
'പോല്ലീസാരെ ഇബടെ മാത്തറം അല്ല ഇള്ളത്. തൊപ്പി പൂവ്വും അറാമായ കാര്യങ്ങള് പറ്ഞ്ഞ്ണ്ട് ബന്നാല്'
പണക്കാരനായ്പ്പോ മൊയ്തീൻക്കക്ക് വന്ന ബലം ശരിക്കനെ കാണ്ണേര്ന്ന് ചൊക്ളി. ഏത് സർക്കാര്ൻറെ പൊല്ലീസായാലും കാശുള്ളോരേ നല്ലോണം ബകുമാനിക്കും. കാശ്ണ് കാരിയം.
വെങ്ങിട്ടു ഡോക്കിട്ടറും പള്ളീലച്ചനും മൊയ്തീൻക്കേം കൂടി പറ്ഞ്ഞോണം പറ്ഞ്ഞ് നിന്ന്.. പ്രാഞ്ചീസ് അങ്ങ്നെ മിണ്ടീല്ല. അവന് പാറ്ട്ടിരേ സറ്ക്കാരാവുമ്പോ ഒന്നും മിണ്ടാൻ പറ്റ്ല്ല. അയിന്ള്ള ഒര് ചങ്കൊറ്പ്പ് ഇല്ല.
ഇന്തായാലും എന്നും കാൽത്ത് റ്റേഷനീ വന്ന് ഒപ്പ്ടണന്ന് പറ്ഞ്ഞ് ചൊക്ളീനേം പപ്പിനീനേം പോല്ലീസ് രാത്രി പത്തുമണിയാപ്പളേക്ക് വിട്ടു.
അന്ന് മൊതലാണ് പപ്പിനി ചൊക്ളീനെ കെട്ടിപ്പിടിച്ചു ഒറങ്ങ്യൊടങ്ങീത്. അവര്ടെ ലിവിങ് അന്ന് രാത്ത്‌രി തൊട്ങ്ങി.