Thursday, January 7, 2021

ചൊക്ളി 58


14/12/2020 

പപ്പിനീരെ കാര്യങ്ങള് ഏതേരോം ഇങ്ങ്നെയ്യാണ്. അവളക്ക് വെശമം ണ്ടായ കൊറേ ഗഡുവുകള്ണ്ട്. ചെല നേതാക്കമ്മാര് മരിച്ചോയ ദൂസങ്ങള്ണ്ട്. അന്നൊക്കെ അവള് ത്‌ര്ശ്ശൂര് ജാദേല്ക്ക് പൂവ്വും. കാന്തിജീം നേരൂം മരിച്ചൂസം അവള്‌രെ ഒര് ജാദേണ്ട്. ചെലപ്പോ തന്ന്യാവും. അല്ലെങ്കി കോങ്ക്രസ്സ്കാരൊപ്പം.
കോപ്പാല്ന്ന്ങ്ങാണ്ട് പേര്ള്ള നാട്ട്ല് എന്തിറ്റാണ്ട് തീട്ടഗേസ് ഒറക്കത്തീ മൂക്കീക്കേറീപ്പോ മനുഷേര് കൊറേങ്ങട് മര്ച്ചു. അതിനും അവള് ജാദക്ക് പൂവ്വും. അദാരേ കൂട്യാന്ന് ചൊക്ളീക്കറീല്ല. പിന്ന കിഷ്ണ പിള്ളാന്നാ നായ്ര്ന്നാ പേര്ള്ള ഒരാള് പാറ്ട്ടിക്കാരനന്നെ പാമ്പ് കടിച്ച് മരിച്ച്ണ്ട് ന്ന്. പിന്ന്യൊര് കേ കേജിയാ ഏ കേ ജിയാ അങ്ങ്നെണ്ട് ഒരാള്. അവര് മരിച്ചൂസോം ജാദേണ്ട് അവളരെ.
അവളക്ക് പിരാന്താണ്. ആണിൻറെ ചോട്ട്ല് കെട്ക്കാത്ത സൂക്കടാന്നൊക്കെ ചെല തെണ്ട്യോള് പറേണത് ചൊക്ളി കേക്കാറ്ണ്ട്. പറേണ ആള്ക്കാരെ അത്തറ കള്ളത്തരോന്നും പപ്പിനിക്ക് ഇല്യാന്ന് ചൊക്ളിക്കറീം.
അന്തോണി മാപ്ള പറേണത് അവള് ഇബട്യോന്നും ജനിക്കണ്ട പെണ്ണല്ലാന്നാ..വല്ല സായിപ്പുനാട്ട്ലും ജനിക്കണ്ട ഉശിരൻ പെണ്ണാന്നാ..
അവള് ചൊണേല് ചെന്ന് മൊയ്തീൻക്ക്യോട് ഒര് കടമുറീ ചോയിച്ചൂസാ അദ്. മാപ്ള അങ്ങ്നെ പറഞ്ഞ്ത്. മൊയ്തീൻകാജി ഒന്ന് ഞെട്ടീങ്കിലും സമ്മേയ്ച്ചു. അങ്ങനീന് അവള് പപ്പിനി ലെഡിമേഡ് തൊട്ങ്ങീത്.
ഇപ്പോ ആരും മൊയ്തീൻക്കാന്ന് വിളിക്ക്ലില്ല. കജ്ജ് ചീതെപ്പിന്നേ കാജീന്നാ വിളിക്കല്. പിന്നെ
ഉമ്മിണി കാശായീലോ..അത്‌നും ഒര് വെലല്ല്യേ വേറേന്ന.
പെണ്ണങ്ങള്ടേം കുഞ്ഞിപ്പെങ്കുട്ട്യോളുടേം എല്ലാ ഉടുപ്പുണ്ട് പപ്പിനീരെ ലെഡിമേഡ്‌ല്. കാൽത്ത്
ഏയ്‌മണിക്ക് കട തൊറക്കും വൈന്നാരം
ഏയ്‌മണിക്ക് അടക്കും. പിന്നെ ഈ ജാദേല്ക്ക് പോണ ദൂസോം അവളരെ കട തൊറ്ക്കൂല്യ.. തുണിയോള് വേടിച്ച് പല മാതിരി വെട്ടി തയിപ്പോട് തയിപ്പണ് അവള്.
ചൊക്ളി കെട്ടിടം പണിക്കന്നെ പോയീ. പിന്നെ ഒയിവ് നേരത്ത് രവ്യേട്ടാന്നും ജക്കൂന്നും പേരിട്ട് കണ്ണിക്കണ്ട മരങ്ങള് നട്ട്.
മനിഷേര്ക്ക് പുത്യോര് പടിപ്പ്ണ്ട് ഇപ്പോ കെട്ടിടം പണീല്ന്ന് ചൊക്ളിക്ക് തിരിഞ്ഞതും പണീടുക്കണ നേര്ത്താണ്. വാത്തു.. വാത്തു നോക്കും എല്ലരും. വാത്തു ശരിക്ക്നെ ആണോന്ന് നോക്കണ തിര്മേനിമ്മാരും നായമ്മാരും ഒക്കെണ്ട്.. അവര് പറേണ പോല്യാ ഇപ്പ പണിയോള്.. ചെല പണിയോള് പൊളിക്കണത് വരെ ണ്ടായിണ്ട്.
അത് കള്ളത്തട്ടിപ്പാന്നാ പപ്പിനീരെ പറ്ച്ചല്. 'അതൊക്കെ കാശ്ള്ളോരടെ ഒര് കള്ളക്കളീൺഡാ. കൊശോമ്മാരും ചെട്ടിയോളും ചെറ്മനും പെലേനും വെക്കണ കുടീലും ചാളേലും ചെറ്റേലും വല്ല വാത്തുണ്ടാടാ .. നീയെന്തിറ്റാ പറേണ്.. അബര് കെടക്കേണേടത്തിന് വീട്ന്നന്നെ പറേല്ല ആരും. സിലിമേലും കൂടി പറേല്ല. വീട് ണ്ടാക്കാൻ പെർഷേലും ദൂഭേലും ഒക്കെപ്പോയി കൊറേങ്ങട് കാശ്കൊടന്നോരും പിന്നെ ഇന്തുത്തക്കാരും കൂടി കണ്ടുപിടിച്ച ഒരു ചൂത്രാണ്ണ് വാത്തു.'
പപ്പിനി കെതച്ചു.
'പാവ്ങ്ങളാണ് , കൊറ്ഞ്ഞ യാതിക്കാരണ് നാട്ട്ലദീകോം. അവര്‌രെ വീട്ട്ല് വേണ്ടാത്ത വാത്തു കാശ്ള്ളോരേ വീട്ട്യേ എന്താ വരണ്.. അവ്‌രടെ സ്തലങ്ങളീ ന്താ വരണ്.. നീയ് ആലോയ്ച്ച്ണ്ടോ… സൊത്തും പണോം പൂട്ടിവെക്ക്മ്പോ വാത്തു വേണം. നിന്ക്കും എന്ക്കും എന്തീറ്റാ പൂട്ടാൻ.. എന്തിറ്റാ വാത്തു മ്മ്ടെ?'
അവള് കാർപ്പിച്ച് തുപ്പി. അവള് തുപ്പീത് വാത്തുന്യാണോ വാത്തൂം കൊണ്ട് നട്ക്കണോര്യാണോന്ന് ചൊക്ളി ആലോയിച്ചോണ്ടിരുന്നു.
പപ്പിനീരെ കടേല് കൊർച്ച് കാശൊക്കെ വന്നൊടങ്ങീപ്പൊ അവ്ള് ചെറ്യ ഒര് ടീവിപ്പെട്ടി വേടിച്ച് നടൂലെ മുറീല് വെച്ച്. ഇപ്പൊ അദും കാണാം കൊർച്ചേരം. ചൊക്ളിക്ക്ങ്ങ്നെ വല്യ ഇഷ്ടോന്നുല്യ. ഇന്നാലും വല്ല തേങ്ങേണ്ടാവും രാത്ത്‌രീല് കാണാൻ..
എല്ലരും 'അയ്യപ്പോ സാമിയേ' വിളിക്കണ ആ കാലത്ത്ണ് പ്രാഞ്ചീസ് രാത്രി നേരത്ത് വന്ന് പറഞ്ഞ്ത്. 'കോങ്ക്രസ്സ് പാലം വലിച്ച്.. കുജ്റാന്ന് പേര്ള്ള പാക്കിസ്ഥാന്ല് ജനിച്ച പർദാനമന്ത്‌രി തോറ്റ്. ഇഞ്ഞീം വരായി തെരഞ്ഞെട്ക്കല് 'ന്ന്.
പപ്പിനീരെ തൊള്ള വെർതെ ഇര്ക്കോ. അവള് കോങ്ക്രസ്സ്നെ ആട്ടി.
'ഓരോ തടവയും തേർതല്ക്ക് എത്തറ പണം വേണം. ഒക്കെ മ്മള് പാവങ്ങള്ടേം കൂടി പണല്ലേ. അഞ്ചൊല്ലം ബരിക്കാൻ പറ്റാത്ത കെഴങ്ങമ്മാര് എന്തിറ്റ്നാണ് ഇങ്ങ്നെ സറ്ക്കാര് വെയ്ക്കണത്?'
ആരടേ വായേലെ നാവും ഒന്നും മുണ്ടീല്ല.