Monday, October 22, 2012

ദുഷിച്ച കാലത്തിന്‍റെ ചീത്ത വര്‍ത്തമാനങ്ങള്‍ ......


( കുടുംബ മാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ഒക്ടോബര്‍ 19 നു പ്രസിദ്ധീകരിച്ചത്  )


ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഹരിയാനക്ക്  എന്‍റെ മനസ്സില്‍  ഒരു പ്രത്യേക സ്ഥാനമുണ്ട്. പലതരം  ജോലികള്‍ ചെയ്ത് അവിടെ കുറെക്കാലം ജീവിച്ചതുകൊണ്ട് മാത്രമല്ല, അത്.  അടുത്തു പരിചയപ്പെടാനിടയായ ആ  ഭൂഭാഗത്തിന്‍റെയും കാലാവസ്ഥയുടേയും  പ്രത്യേകതകളും  മനുഷ്യരിലെ  വൈവിദ്ധ്യവും  അനുഭവങ്ങളിലെ  അനന്ത വിചിത്രമായ  വൈരുദ്ധ്യവും അതിനു കാരണമാണ്.  

അമ്പതു ഡിഗ്രിയോളം (സെന്‍റിഗ്രേഡ്)  ചൂട്  ഉയരുന്ന ഘോര വേനലിനും  ഒരു ഡിഗ്രിയോളം തണുപ്പുറയുന്ന മഞ്ഞു  കാലത്തിനും  മധ്യേ,  മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടിക്കാടുകള്‍ക്കും  അല്‍പാല്‍പം   മഴ ചാറൂന്ന മണ്‍സൂണ്‍ കാലത്തെ ചില്ലറ പച്ചപ്പിനും ഇടയില്‍, കീക്കറും മല്‍ബെറിയും  സീസമും ബാബുലും  യൂക്കാലിയും  ഹരിയാനയുടെ  അടയാള വൃക്ഷങ്ങളായി  മുന്നില്‍ നിരന്നു നില്‍ക്കും.  ചിലപ്പോഴൊക്കെ  പീലി വിടര്‍ത്തിയാടുന്ന മയിലുകള്‍  വീടിന്‍റെ മേല്‍ക്കൂരയില്‍  വന്നിരിക്കും . മാര്‍ച്ച് മാസത്തിലെ   വസന്തപഞ്ചമിക്കാലത്ത്  കുയിലുകള്‍ മധുരമധുരമായി  പഞ്ചമം പാടും .....

പാളത്താറോ   അല്ലെങ്കില്‍ പൈജാമയോ അരയില്‍  കെട്ടി,  നീണ്ട കൈയുള്ള മേല്‍  കുപ്പായവും കനത്ത തലപ്പാവും ധരിച്ച പുരുഷന്മാര്‍ ഉറച്ച ശബ്ദത്തില്‍ മാത്രം സംസാരിച്ചുകൊണ്ട്   പാതയോരത്തെ മരച്ചുവട്ടില്‍  ഹുക്കയും വലിച്ചിരിക്കുമായിരുന്നു. പാവാടയോ  സല്‍വാറോ അരയിലുറപ്പിച്ച്    കോളറുള്ള  നീണ്ട ഷര്‍ട്ടും വര്‍ണ്ണ ശബളമായ ദുപ്പട്ടയും ധരിച്ച സ്ത്രീകളുടെ  കനത്ത  പാദസരങ്ങളും കുപ്പിവളകളും  ചെമ്മണ്ണു നിറഞ്ഞ നാട്ടിടവഴികളില്‍  കിലും കിലും എന്ന്  മുഴങ്ങിയിരുന്നു. ദുപ്പട്ട കൊണ്ട് മുഖം മൂടി പരപുരുഷന്മാരെ  മാത്രമല്ല, ഒരളവോളം ഈ  ലോകത്തെ തന്നെ, സ്വന്തം  കാഴ്ചയില്‍ നിന്നും പുറത്താക്കി, മണ്ണടുപ്പുകളില്‍ കനമുള്ള റോട്ടികള്‍ ചുട്ട്, കന്നുകാലികള്‍ക്കുള്ള പുല്ലുകെട്ടുകള്‍ തിരിയുന്ന   ഇരുമ്പ് കത്തി കൊണ്ട് കുനുകുനാ അരിഞ്ഞ്, ആണ്‍കുട്ടികളെ മാത്രം പ്രസവിക്കാന്‍ നേര്‍ച്ചയിട്ട് അവര്‍ ജീവിച്ചു.

കേരളത്തില്‍ നിന്ന്  ഹരിയാണവി  പുരുഷന്മാരാല്‍   വിവാഹം കഴിച്ചുകൊണ്ടു പോകപ്പെട്ട അനവധി ദരിദ്ര പെണ്‍കുട്ടികളുണ്ട്. ആസൂത്രിതമായ പെണ്‍ഭ്രൂണഹത്യ നിമിത്തം ഹരിയാനയില്‍  സ്ത്രീകളുടെ എണ്ണം നന്നെക്കുറഞ്ഞതുകൊണ്ടാണു അമ്മാതിരി കല്യാണങ്ങള്‍ ഉണ്ടായതത്രെ.  ആ മലയാളി പെണ്‍ കുട്ടികളെക്കുറിച്ച്  കുറച്ചു കാലം മുന്‍പ് ചില റിപ്പോര്‍ട്ടുകള്‍ വായിച്ചതായി ഓര്‍മ്മയുണ്ട്. ഹരിയാനയില്‍ ഭാഷ പോലും ശരിക്കറിയാത്ത അവര്‍ എങ്ങനെയാവും സ്വന്തം ജീവിതം നയിക്കുന്നുണ്ടാവുകയെന്ന്  അന്നെന്ന പോലെ ഇന്നും ഞാന്‍ ആകുലപ്പെടുന്നുണ്ട്. 


ഹരിയാനയുടെ  നഗരങ്ങളില്‍ നേര്‍ത്ത ദുപ്പട്ടകൊണ്ട്  മുഖംമൂടി കാറോടിക്കുന്ന ഹരിയാണവി സ്ത്രീകളെ കണ്ട് ഞാന്‍ കണ്ണും തള്ളിയിരുന്നിട്ടുണ്ട്.  സ്കൂട്ടറില്‍ കാറ് തട്ടിയപ്പോള്‍  സ്കൂട്ടര്‍  യാത്രക്കാരന്‍, അരിശത്തോടെ വണ്ടിയോടിച്ചിരുന്ന  ആ സ്ത്രീയുടെ  കരണത്തടിച്ചതും ഞാന്‍ കണ്ടിട്ടുണ്ട്. താഴ്ന്ന ജാതിക്കാരിയായ വേലക്കാരി  കഴുകി വെച്ച പാത്രങ്ങള്‍ ഗ്യാസ് സ്റ്റൌവിന്‍റെ നീലത്തീനാളത്തില്‍  അഗ്നിശുദ്ധി വരുത്തുന്ന ഉയര്‍ന്ന ജാതിക്കാരിയെ  ആദ്യം കണ്ടതും  ഹരിയാനയിലായിരുന്നു. 
 
ചൂടും പൊടിയും ഉയരുന്ന  നഗരങ്ങളിലെ   വീതിയേറിയ   റോഡുകളില്‍ സദാ പടു കൂറ്റന്‍ വാഹനങ്ങള്‍ ഇരമ്പി. എന്നാലും അവക്കിടയിലും  ധാരാളം  ഒട്ടകവണ്ടികളും  പോത്തുവണ്ടികളും  ഗോതമ്പ് വൈക്കോലും വിവിധ തരം പച്ചക്കറികളും മറ്റും  വഹിച്ച്  ചന്തകളെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. നഗരങ്ങളിലെ  കൂറ്റന്‍ മാളുകളില്‍,  തിരക്കില്‍ പെട്ട  മനുഷ്യര്‍  ശ്വാസം മുട്ടുമ്പോഴും  വെള്ളി വെളിച്ചത്തിന്‍റെ പ്രഭയില്‍   കെന്‍റെക്കി  ഫ്രൈഡ് ചിക്കന്‍ തിന്നുകൊണ്ടിരുന്നു. കൊക്കൊകോള  കുടിച്ചുകൊണ്ടിരുന്നു.

ഹരിയാന ഇന്ത്യയിലെ ധനാഢ്യമായ ഒരു സംസ്ഥാനമാണ്. ഗ്രാമീണരായ കോടീശ്വരന്മാര്‍  ഏറ്റവുമധികമുള്ള സ്ഥലം. പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയിലെ മൂന്നാം സ്ഥാനവും   നിക്ഷേപത്തില്‍ ഏറിയ പങ്കും ഉള്ള ഹരിയാന, തെക്കന്‍ ഏഷ്യയിലെ ഏറ്റവുമധികം വികസിച്ച   പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളില്‍ ഒന്നാണ്. കൃഷിയിലും പാലുല്‍പാദനത്തിലുമെന്ന പോലെ മോട്ടോര്‍  വാഹന നിര്‍മ്മാണത്തിലും വിവര സാങ്കേതിക വിദ്യയിലും ഹരിയാനയുടെ ഗ്രാമങ്ങളും നഗരങ്ങളും മുന്‍പന്തിയിലാണ്.  ഉരുക്കും കടലാസ്സും തുണിയും  തടിയും  അവിടെ  വന്‍ വ്യവ സായങ്ങളത്രെ.  തെക്കന്‍ ഏഷ്യയിലെ  തന്നെ  ഏറ്റവും  വലിയ,  രണ്ടാമത്തെ റിഫൈനറി ഹരിയാനയിലെ പാനിപ്പത്തിലാണുള്ളത്. വന്‍കിട  കോര്‍പറേറ്റു സ്ഥാപനങ്ങള്‍  ഈ സംസ്ഥാനത്തെ  തങ്ങളുടെ  ഏറ്റവും പ്രിയപ്പെട്ട  താവളമാക്കി കഴിഞ്ഞു.  ഗുഡ്ഗാവ്,  യമുനാനഗര്‍, പാനിപ്പത്ത്,  പഞ്ചകുള, ഫരീദാബാദ്  ഇങ്ങനെ ഒരുപിടി നഗരങ്ങള്‍  ഹരിയാനയുടെ വ്യാവസായിക  കേന്ദ്രങ്ങളാണ്.

2011ലെ സെന്‍ സെസ്  റിപ്പോര്‍ട്ടനുസരിച്ച്  ഹരിയാണവി പുരുഷന്മാരില്‍ എണ്‍പത്തഞ്ചു ശതമാനവും സ്ത്രീകളില്‍ അറുപത്താറു ശതമാനവും സാക്ഷരരത്രെ. സ്ത്രീ പുരുഷ ലിംഗാനുപാതമാണെങ്കില്‍  എണ്ണൂറ്റിയെഴുപതിനു ആയിരം എന്ന നിരക്കിലാണ്. 

ഇങ്ങനെയെല്ലാം  പ്രൌഢി  പറയുന്ന ഹരിയാനയില്‍  ഇപ്പോള്‍ വല്ലാത്ത കാലമാണ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ പതിനഞ്ചോളം പെണ്‍കുട്ടികള്‍  കൂട്ടബലാല്‍സംഗത്തിനിരയായി എന്നും അതിലൊരു പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നും വാര്‍ത്തകള്‍ പറയുന്നു. മറ്റൊരു പെണ്‍കുട്ടിയുടെ പിതാവ് അപമാനവും നിസ്സഹായതയും നിമിത്തം  ജീവനൊടുക്കിയെന്നും കുറച്ചു പുരുഷന്മാര്‍ ചേര്‍ന്ന്  ഒരു പെണ്‍കുട്ടിയെ  മാനഭംഗപ്പെടുത്തുമ്പോള്‍ ഒരു പോലീസുദ്യോഗസ്ഥന്‍ സംഭവസ്ഥലത്ത് കാവല്‍ നിന്നിരുന്നുവെന്നും നമ്മള്‍ കേള്‍ക്കുന്നു. സ്വാഭാവികമായും പോലീസ് ആ  കേസ്  രജിസ്റ്റര്‍  ചെയ്യാന്‍  വിസമ്മതിക്കുന്നു. മാനഭംഗം  ചെയ്യപ്പെട്ടവരെല്ലാം താഴ്ന്ന ജാതിയില്‍പ്പെട്ട  പെണ്‍കുട്ടികളും മാനഭംഗം ചെയ്തവരെല്ലാം ഉയര്‍ന്ന ജാതികളിലെ പുരുഷന്മാരും ആയിരുന്നുവെന്നത്  തികച്ചും യാദൃശ്ചികമായിരിക്കുമോ?  ഉയര്‍ന്ന ജാതി പുരുഷന്മാര്‍ മാത്രം  പ്രാമുഖ്യം വഹിക്കുന്ന ഖാപ് പഞ്ചായത്തുകള്‍  എന്തായാലും അവസരത്തിനൊത്ത്  ഉയര്‍ന്നിട്ടുണ്ട്.  വിവാഹപ്രായം  നിശ്ചയിക്കുന്ന  നിയമം എടുത്തു  കളയണമെന്ന്  പഞ്ചായത്തുകള്‍  ആവശ്യപ്പെട്ടു കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ശാരീരിക വളര്‍ച്ചയുണ്ടാവുമ്പോള്‍  അവരെ ഉടനെ തന്നെ വിവാഹം കഴിപ്പിച്ചില്ലെങ്കില്‍ ഇമ്മാതിരി പ്രശ്നങ്ങള്‍  ഇനിയും  ഉണ്ടാവുമെന്ന്  ഖാപ്  പഞ്ചായത്തുകള്‍ മുന്നറിയിപ്പ്  നല്‍കുന്നു. പെണ്‍കുട്ടികളെ നന്നെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്നതാണ്  ബലാല്‍സംഗം ഒഴിവാക്കാനുള്ള  വഴിയെന്ന  ഖാപ് പഞ്ചായത്തിന്‍റെ ആശയം പലര്‍ക്കും അതീവ രുചികരമായി തോന്നുന്നു. തന്നെയുമല്ല, സംഭവിച്ചതെല്ലാം അങ്ങനെ  മാനഭംഗങ്ങളൊന്നുമല്ലെന്നും മിക്കവാറും സംഭവങ്ങളില്‍ പെണ്‍കുട്ടികളുടെ പൂര്‍ണ സമ്മതമുണ്ടായിരുന്നുവെന്നും ഖാപ് പഞ്ചായത്തുകള്‍ പറയുമ്പോള്‍ ചിത്രം ഏകദേശം പൂര്‍ത്തിയാകുന്നു.

ഭരണാധികാരികളായ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ എല്ലാകാലത്തും എല്ലാ നാട്ടിലും ചില കണക്കുകള്‍ മാത്രമാണ്.  ക്രൈം റെക്കോര്‍ഡ്സ്  ബ്യൂറോയുടെ ഫയലുകളില്‍  സൂക്ഷിക്കപ്പെടുന്ന, ഇടക്കും മുറക്കും പാര്‍ലമെന്‍റില്‍  മേശപ്പുറത്ത് വെക്കാന്‍ കരുതി വെച്ചിട്ടുള്ള ചില കണക്കുകള്‍. പലപ്പോഴും ഭരിക്കുന്ന ഗവണ്മെന്‍റിനെ കരിവാരിത്തേക്കാന്‍ കല്‍പിച്ചു കൂട്ടി ഉണ്ടാക്കിയിട്ടുള്ള കള്ളക്കഥകളായും അതുകൊണ്ട്  തന്നെ വെറുതെ  പൊലിപ്പിച്ചു കാണിക്കുന്ന സംഖ്യകളായും സ്ത്രീകളുടെ ഈ അതിരില്ലാത്ത അപമാനം  രൂപാന്തരപ്പെടാറുണ്ട്.  ചില ഭരണാധികാരികള്‍ ഇതൊക്കെ എല്ലാ നാട്ടിലും സംഭവിക്കുന്നുണ്ടല്ലോ, ചില നാടുകളില്‍  ഇതിലധികം മോശമായി സ്ത്രീകള്‍ അപമാനിക്കപ്പെടുന്നുണ്ടല്ലോ, അതിനെക്കുറിച്ച്  ആരും ഒന്നും  പറയാത്തതെന്താ എന്ന താരതമ്യവും നിസ്സാരീകരണവും നടത്തുന്നു . പ്രതിപക്ഷ രാഷ്ട്രീയക്കാരാവട്ടെ, ഈ അപമാനവും കണ്ണീരും ഉപയോഗിച്ച്  അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാവുമോ എന്നു നോക്കുന്നു. സ്ത്രീ പ്രശ്നങ്ങളെക്കുറിച്ച്  ഉല്‍ക്കണ്ഠപ്പെടുന്ന പല സംഘടനകള്‍ക്കും ഏതു പ്രശ്നത്തിലാണു ആദ്യം ഇടപെടേണ്ടതെന്നതു മുതല്‍ സമരരൂപം എന്തായിരിക്കണമെന്ന കാര്യത്തില്‍ വരെ  തികച്ചും  അവ്യക്തമായ, ബാലിശമായ  നിലപാടുകളാണുണ്ടാവുന്നത്. പൊതു സമൂഹത്തിനാണെങ്കില്‍  സ്ത്രീകള്‍  ബലാല്‍സംഗം ചെയ്യപ്പെടുന്നതൊരു വാര്‍ത്തയേ  അല്ല. സാധാരണ മനുഷ്യരെ ഏറ്റവും അധികം സ്വാധീനിക്കുന്ന  സിനിമയിലും  ടിവിയിലും ഒക്കെ  ഒരു പെണ്ണിനെ അടക്കിയൊതുക്കി, ചൊല്‍പ്പടിക്കു നിറുത്താന്‍, അങ്ങനെ പൌരുഷത്തിന്‍റെ കേമത്തം  കാണിക്കാന്‍ പുരുഷന്‍റെ  പക്കലുള്ള  ഏറ്റവും നല്ല വഴിയായി ബലാല്‍സംഗത്തേയും ഗര്‍ഭം ധരിപ്പിക്കലിനേയും തന്നെയാണ്  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും  ലിയ പൊങ്ങച്ചത്തോടെയും ആവേശത്തോടെയും  അവതരിപ്പിക്കുന്നത്.   

ശാരീരികമായ പരിക്കുകള്‍ക്കു പുറമേ  ബലാല്‍സംഗം  ഒരു സ്ത്രീയിലുണ്ടാക്കുന്ന അപമാനവും വേദനയും  മാനസികമായ തകര്‍ച്ചയും ചിതറലും  മനുഷ്യരാല്‍  കണ്ടുപിടിക്കപ്പെട്ടിട്ടുള്ള  സ്കെയിലുകള്‍ക്ക് അളക്കാനാവാത്തതാണ്. ബലാല്‍സംഗം ചെയ്ത പുരുഷനെയും, അയാളെ ന്യായീകരിക്കുന്ന എല്ലാറ്റിനേയും  കഠിനമായ പ്രതികാരദാഹത്തോടെ അവള്‍ എപ്പോഴും മനസ്സിലെങ്കിലും  വധിച്ചുകൊണ്ടിരിക്കും .  ബലാല്‍സംഗം ചെയ്തവനെ കല്യാണം  കഴിച്ച്, പ്രശ്നം പരിഹരിക്കാനാവശ്യപ്പെടുന്ന നിയമജ്ഞരും അതിനെ രോമാഞ്ചത്തോടെ അനുകൂലിക്കുന്ന നമ്മുടെ സമൂഹവും സാഹിത്യവും സിനിമയുമൊന്നും ഒരിക്കലും കാണാന്‍ കൂട്ടാക്കാത്ത ഉണങ്ങാവ്രണമാണ് ബലാല്‍സംഗം ചെയ്യപ്പെട്ടവളുടെ  നീറുന്ന മനസ്സ്.  കഠിനമായ  നിസ്സഹായതകൊണ്ട്  അവള്‍  മൂകയായിരുന്നേക്കാം. പക്ഷെ,  മനസ്സ് എന്നും പുകയുന്ന ഒരു  അഗ്നിപര്‍വതമായിരിക്കും.

വിചിത്രങ്ങളായ  അന്യായസംഹിതകളെയും  നട്ടാല്‍  കുരുക്കാത്ത  പച്ചക്കള്ളങ്ങളേയും ആചാരമായും  സംസ്ക്കാരമായും വിശ്വാസമായും ദൈവനീതിയായും  ഭരണതന്ത്രജ്ഞതയായും  ചിലപ്പോള്‍  വിപ്ലവമായും വ്യാഖ്യാനിച്ച്  നമ്മള്‍ കൂടുതല്‍ കൂടുതല്‍ അഗ്നിപര്‍വതങ്ങളെ പലയിടങ്ങളിലായി  സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ചില പ്രത്യേക  ലാഭങ്ങള്‍ക്കായി  ക്രൂരമായ അന്യായങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. അതുകൊണ്ടാണു  ബലാല്‍സംഗം നമുക്കൊരു സ്ത്രീ പ്രശ്നം മാത്രമാകുന്നത്. സ്ത്രീ യുടെ ശരീരത്തിന്‍റെ പ്രത്യേകതയാണതിനു കാരണമെന്ന് നമ്മള്‍  തീരുമാനിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നത്.

ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മനസ്സിനെ അവളുടെ വേദനയെ, അപമാനത്തെ  നമ്മള്‍ എല്ലാവരും, ഒരിക്കലും അത്തരമൊരു അധമകൃത്യം  അനുഭവിക്കാന്‍  ഇടയില്ലാത്ത സ്ത്രീകളും, ഏതു സാഹചര്യത്തിലും  ആ അധമകൃത്യം ചെയ്യാത്ത  പുരുഷന്മാരും ഒത്തൊരുമിച്ച്  അവരവരുടെ  വേദനയായും അപമാനമായും തിരിച്ചറിയുന്ന കാലത്ത്  ബലാല്‍സംഗം  ഒരു പെണ്‍ പ്രശ്നം മാത്രമല്ലാതായി തീര്‍ന്നേക്കാം. അന്നു നമ്മള്‍ പെണ്‍ ശരീരത്തിനെയും അവളുടെ ഉടുപുടവകളേയും  സാഹചര്യങ്ങളേയും ബലാല്‍സംഗത്തിനുള്ള കാരണവും പ്രേരണയുമായി ചൂണ്ടിക്കാട്ടാതിരുന്നേക്കാം.... 

അതുവരെ........

എനിക്കൊപ്പമുണ്ടായിരുന്ന സരസ്വതിയേയും മുന്നിയെയും കോമളിനേയും ലളിതയേയും അവരുടെ പെണ്മക്കളേയും ഒരാന്തലോടെ ഞാന്‍ ഓര്‍മിച്ചു പോകുന്നു. അവരെല്ലാവരും  വളരെ താഴ്ന്ന  ജാതിക്കാരായ ഹരിയാണവി ദരിദ്രരായിരുന്നു. ഖാപ് പഞ്ചായത്തുകള്‍ക്കും ഭരണാധികാരികള്‍ക്കും നമ്മുടെ തിളക്കമേറിയ  സമൂഹത്തിനും ഒട്ടും ആവശ്യമില്ലാത്തവര്‍. ... .


പാര്‍പ്പിടം ജന്മാവകാശമാണെന്ന്......


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ഒക്ടോബര്‍  5   നു  പ്രസിദ്ധീകരിച്ചത്. )

എല്ലാ വര്‍ഷവുമെന്ന പോലെ ഇക്കൊല്ലവും ഒക്ടോബര്‍ മാസത്തെ ആദ്യ തിങ്കളാഴ്ച വേള്‍ഡ് ഹാബിറ്റാറ്റ് ഡേ ആയി ആചരിക്കപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടന 1984  ല്‍ നയ്റോബിയില്‍ വെച്ചാണ് ഇത്തരമൊരു അന്താരാഷ്ട്ര ദിനാ ചരണത്തിനു തുടക്കം കുറിച്ചത്. നമ്മൂടെ വന്‍ നഗരങ്ങളേയും ചെറു പട്ടണങ്ങളേയും കുറിച്ച് മാത്രമല്ല, കിടപ്പാടം എന്ന അടിസ്ഥാനപരമായ മനുഷ്യാവകാശത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ദിനം  കൂടിയാണ് ഇത്. ഭാവി തലമുറയുടെ ആവാസപരിതസ്ഥിതിയിലെ ഉല്‍ക്കണ്ഠകളില്‍  നമുക്കെല്ലാം നിര്‍വഹിക്കാനുള്ള ചുമതലകളുടെ കൂട്ടായ ഉത്തരവാദിത്തത്തെക്കുറിച്ചും ഈ ദിനം നമ്മോടു ചിലതെല്ലാം പറയുന്നുണ്ട്.  
   
വേള്‍ഡ് ഹാബിറ്റാറ്റ് ഡേയുടേ ആരംഭ കാലത്തെ  മുദ്രാവാക്യമായിരുന്നു പാര്‍പ്പിടം എന്‍റെ ജന്മാവകാശമാണെന്നത്......തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ മുദ്രാവാക്യങ്ങള്‍ ലോക ആവാസ പരിതസ്ഥിതിയിലെ  വൈവിധ്യമാര്‍ന്ന  വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നുകയുണ്ടായി. വീടില്ലാത്തവര്‍ക്കെല്ലാം വീട് എന്നതായിരുന്നു 1987 ലെ മുദ്രാവാക്യം.  നമ്മുടെ അയല്‍പ്പക്കം 1995 ലേയൂം ഭാവി നഗരങ്ങള്‍ 1997 ലേയും സുരക്ഷിത നഗരങ്ങള്‍ 1998 ലേയും മുദ്രാവാക്യങ്ങളായിരുന്നു. നഗര ഭരണത്തിലെ സ്ത്രീ പ്രാതിനിധ്യം 2000 ത്തിലും ചേരികളില്ലാത്ത നഗരങ്ങള്‍ 2001ലും ആവേശകരമായ ഏറ്റുവിളികളായി. നഗരങ്ങളിലെ ജലലഭ്യതയും ശുചിത്വവും 2003 ലെ  ആവശ്യമായി ഇടം പിടിച്ചു. amdp¶ \Kc§fpw \nÀ½nXnbpsS  Ahkc§fpw എന്നതാണ്  ഈ വര്‍ഷത്തെ മുദ്രാവാക്യം.

ഏകദേശം 1.6 ബില്യണ്‍ മനുഷ്യര്‍ വളരെയേറെ  മോശപ്പെട്ട പാര്‍പ്പിടങ്ങളിലായി ഈ ഭൂമിയില്‍ കഴിഞ്ഞു കൂടുന്നുണ്ട്. അങ്ങേയറ്റം  ആത്മാര്‍ഥമായ ശ്രദ്ധയും പരിഗണനയും ഇല്ലാത്തപക്ഷം, അടുത്ത മുപ്പതു കൊല്ലത്തില്‍  ലോകമാകമാനമുള്ള ചേരി നിവാസികളുടെ എണ്ണം 2 ബില്യണായി വര്‍ദ്ധിക്കുമത്രെ. നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് അഞ്ചു തലമുറകളായിട്ട്  ഒരു  പാര്‍പ്പിടവുമില്ലാതെ ജീവിക്കുന്ന  അനവധി മനുഷ്യരുണ്ട് , ഇന്ത്യയിലെ അതീവ ഗുരുതരമായ  പാര്‍പ്പിട  പ്രശ്നത്തിന്‍റെ വേരുകള്‍ വര്‍ഷങ്ങള്‍ക്ക് പുറകിലേക്കും നീളുന്നുണ്ടെന്നര്‍ഥം.  ഏകദേശം നാല്‍പത്തൊമ്പതിനായിരം ചേരികളിലായി തികച്ചും ദയനീയമായ ജീവിത സാഹചര്യങ്ങളില്‍  93 മില്ല്യണ്‍    മനുഷ്യരാണ്, ഇന്ത്യയില്‍ ജീവിക്കുന്നതെന്ന് അറിയുമ്പോള്‍ നമ്മള്‍ കൈവരിച്ചു എന്നവകാശപ്പെടുന്ന സാമ്പത്തിക പുരോഗതിയുടെ മുഖം ഒരു  മേക്കപ്പുകളുമില്ലാതെ വെളിപ്പെടുകയാണ്. 

ആരംഭ കാലത്ത്  പാര്‍പ്പിടം ജന്മാവകാശമെന്നൊക്കെ മുദ്രവാക്യം വിളിച്ചെങ്കിലും പിന്നീട് പിന്നീട് നഗരത്തിന്‍റെയും നഗരവാസികളുടേയും പ്രശ്നങ്ങളായിരുന്നു ലോക ആവാസദിനത്തിന്‍റെ അടിയന്തിര പരിഗണനയില്‍ കടന്നുവന്നത്. 1984നു ശേഷമുള്ള മുദ്രാവാക്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഒരാള്‍ക്ക്  ഈ മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാകും. ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഒഴിയുകയും നഗരങ്ങളില്‍ അവര്‍  നിറയുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു വ്യതിയാനം സ്വാഭവികമാകാം. കൃഷിനഷ്ടവും  ദാരിദ്ര്യവും വീട്ടാനാകാത്ത കടങ്ങളും ആത്മഹത്യകളും  നിമിത്തം ആളൊഴിഞ്ഞ  ഗ്രാമങ്ങള്‍ വില്‍പനക്കു വെച്ച വിദര്‍ഭയും  ജീവിതമാര്‍ഗം തേടിയെത്തിയ  ജനങ്ങള്‍ ഇരമ്പിപ്പെയ്യുന്ന മുംബൈയും നേരിടുന്ന പ്രശ്നങ്ങളില്‍ ഏതിനാണു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് എങ്ങനെയാണു തീരുമാനിക്കുക?
  
2011 ലെ ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ട്  അനുസരിച്ച്  ഇന്‍ഡ്യയില്‍ മിസ്സോറാമില്‍ മാത്രമാണു എല്ലാവരുടേയും തലയ്ക്കു മുകളില്‍  കൂരകള്‍  ഉള്ളത്. ഭക്ഷണവും വസ്ത്രവും കഴിഞ്ഞാല്‍ വേണ്ടുന്ന പാര്‍പ്പിടമെന്ന അടിസ്ഥാന സൌകര്യത്തിന്‍റെ പരിതാപകരമായ ഈ അവസ്ഥ വര്‍ഷത്തില്‍ ഒരിക്കല്‍ ആചരിക്കപ്പെടുന്ന ഒരു  പ്രത്യേക ദിവസത്തിന്‍റെ പേരില്‍ മാത്രം  മനസ്സിലാക്കപ്പെടുവാനുള്ളതല്ല. പാര്‍പ്പിടം ഉള്ളവന്‍റേയും ഇല്ലാത്തവന്‍റേയും പൊതു ബോധത്തെ നിരന്തരം അലട്ടുവാന്‍ തുടങ്ങുമ്പോഴാണു  സമൂഹത്തിന്‍റെ ചുമതലയായി  അത് പരിവര്‍ത്തിതമാകുക. അമ്മാതിരി ഒരു പരിവര്‍ത്തനം  രൂപപ്പെടാത്തിടത്തോളം കാലം ഒരു പാര്‍പ്പിടമുള്ളവന്‍ രണ്ടും രണ്ടുള്ളവന്‍ മൂന്നും മൂന്നുള്ളവന്‍ നാലും എന്ന കണക്കില്‍ പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കുന്നതില്‍ മനുഷ്യര്‍ യാതൊരു മടിയുമില്ലാതെ മല്‍സരിക്കും. അപ്പോള്‍ തല ചായ്ക്കാനിടമില്ലാത്തെവരെ കാണാനോ കേള്‍ക്കാനോ പരിചയപ്പെടുവാനോ കഴിയാതാവും.  അവര്‍ക്ക് വീടു നിര്‍മ്മിക്കാനുള്ള ആലോചനകളും പദ്ധതികളും പണച്ചെലവും  എല്ലാം തികഞ്ഞ അസംബന്ധവും അനാവശ്യവും അതുകൊണ്ടു തന്നെ അടിയന്തിരമായി അവസാനിപ്പിക്കേണ്ടതുമായിത്തീരും, പലപ്പോഴും മുന്‍ കാല പ്രാബല്യത്തോടെ. 

രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ആഴത്തില്‍ തുരങ്കം വെയ്ക്കുന്നവരാണ് എന്നും സബ്സിഡി വേണ്ടവരും  സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തേടുന്നവരുമായ ദരിദ്രവാസികള്‍. അത്തരം പാവപ്പെട്ടവര്‍ക്ക്  വേണ്ടി വരുന്ന ഭക്ഷണം മുതല്‍  ജീവന്‍ രക്ഷാ ഔഷധങ്ങള്‍ വരെ  നീളുന്ന എല്ലാ പദ്ധതികളും രാജ്യത്തിന്‍റെ സമ്പത്ത് ഒരു അളവും  കണക്കുമില്ലാതെ  നശിപ്പിക്കുന്നവയാണ് എന്നാണല്ലോ വിവിധ തരം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് എല്ലാ സാമ്പത്തിക ശാസ്ത്ര വിശാരദന്മാരും നമ്മോട്  പറയുന്നത്. 

അപ്പോള്‍ പിന്നെ പാര്‍പ്പിടം എല്ലാവരുടേയും  ജന്മാവകാശമാണെന്ന കാലഹരണപ്പെട്ട  തല്ലിപ്പൊളി മുദ്രാവാക്യത്തിനു എന്തു പ്രസക്തി? ആണവനിലയങ്ങള്‍ക്കും അണക്കെട്ടുകള്‍ക്കും ഖനികള്‍ക്കും കാര്‍  ഫാക്ടറികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും അതിവേഗ റോഡുകള്‍ക്കുമാണു ശരിക്കും പാര്‍പ്പിടം അല്ലെങ്കില്‍ ഇരിപ്പിടം അല്ലെങ്കില്‍ ഭൂതലം  ആവശ്യമുള്ളത്.  അതുകൊണ്ടാണ്, അതുകൊണ്ടു തന്നെയാണ് വനഭൂമിയുടേയും കൃഷിഭൂമിയുടേയും തീരഭൂമിയുടേയും  ആവാസഭൂമിയുടേയും എല്ലാം രൂപവും ഉടമസ്ഥതയും തരാതരം പോലെ മാറുന്നത്. പെട്ടെന്ന് ഒരു ദിവസം വിചിത്രവും അതുവരെ കേട്ടുകേള്‍വിയില്ലാത്തതുമായ പുതിയ പുതിയ  ബില്ലുകള്‍ ഭൂമിയുടെ  സ്വന്തപ്പെടലുമായി ബന്ധപ്പെട്ട്  നിയമങ്ങളായി അവതാരമെടുക്കുന്നത്. പാവപ്പെട്ട മനുഷ്യര്‍ കടലിലും പുഴയിലും കുതിര്‍ന്നുകൊണ്ട് സമരം ചെയ്യേണ്ടി വരുന്നത്.  ജല പീരങ്കികളും ലാത്തികളും തോക്കുകളും നിങ്ങളെ ഒരു പാഠം  പഠിപ്പിക്കുമെന്ന്  ജനങ്ങളോട് ഉച്ചത്തിലുച്ചത്തില്‍  അലറുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത പട്ടിണിക്കാരായ ജനതയെ തെറ്റായി  സ്വാധീനിക്കുന്ന വൈദേശിക ആശയങ്ങളേയും ധനത്തേയും കുറിച്ച് ഭരണാധികാരികളും സിനിമാതാരങ്ങളും  മാധ്യമപ്പുലികളും  നെടുനെടുങ്കന്‍ ചര്‍ച്ചകള്‍ നടത്തുന്നത്. 

ഇതെല്ലാം കണ്ടും കേട്ടും വായിച്ചും മാത്രമറിയുന്ന, തലയ്ക്ക് മുകളില്‍ അല്‍പം തണലുള്ളവരില്‍ ചിലരെങ്കിലുമൊക്കെ  ഊണു കഴിച്ച് ഒന്നുറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അറിഞ്ഞതെല്ലാം മറന്നു പോകും. സ്വന്തമായി ചിലതെല്ലാമുണ്ടെങ്കിലും  ഇനിയുമൊന്നാവാമെന്ന വിചാരമുണ്ടാവും.  അങ്ങനെ എല്ലാമെല്ലാം  അവസാനമില്ലാത്ത ആര്‍ത്തിയുടെ നീണ്ട പല്ലുകള്‍ക്കിടയില്‍ കുടുങ്ങിപ്പിടയുമ്പോള്‍  പിന്നെയും പിന്നെയും  എന്തൊക്കെയോ ആവശ്യമായി  വരും . മണ്ണും കല്ലും മണലും വെള്ളവും വൈദ്യുതിയും ഭക്ഷണവും വസ്ത്രവും അങ്ങനെ ഈ മഹാ പ്രപഞ്ചത്തിലെ  എല്ലാമെല്ലാം നമുക്ക് മാത്രമായിട്ടുള്ള  ആവശ്യമായിത്തീരും , അപ്പോഴാണു ആ നെടുനെടുങ്കന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍  പറഞ്ഞതെല്ലാം സത്യമായിരിക്കുമെന്ന് തോന്നാന്‍ തുടങ്ങുക .

അതെ, പാവപ്പെട്ടവര്‍  എന്തെല്ലാമോ അവര്‍ക്ക്  വേണമെന്ന് വാശി പിടിക്കുന്നത് കൊണ്ടാണ് രാജ്യം ദരിദ്രമായിത്തീരുന്നത്. അതു ഭക്ഷണമായാലും വസ്ത്രമായാലും  പാര്‍പ്പിടമായാലും മരുന്നായാലും വിദ്യാഭ്യാസമായാലും ജോലിയായാലും ..........

ചിലര്‍ക്ക്  ഈ പ്രപഞ്ചത്തിലെ എന്തെങ്കിലും കിട്ടിയാല്‍  മതി.
മറ്റു ചിലര്‍ക്ക് എല്ലാമെല്ലാം കിട്ടിയാലേ മതിയാവൂ.
ഇനിയും ചിലര്‍ക്ക്  മഹാപ്രപഞ്ചത്തിലെ  യാതൊന്നും കിട്ടുകയില്ല. 

ഐക്യരാഷ്ട്ര സംഘടന ഈ യാതൊന്നും കിട്ടാനിടയില്ലാത്തവര്‍ക്ക്   എന്താണു ജന്മാവകാശമായി കല്‍പിച്ചിട്ടുള്ളത്?