Monday, October 22, 2012

ദുഷിച്ച കാലത്തിന്‍റെ ചീത്ത വര്‍ത്തമാനങ്ങള്‍ ......


( കുടുംബ മാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ഒക്ടോബര്‍ 19 നു പ്രസിദ്ധീകരിച്ചത്  )


ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഹരിയാനക്ക്  എന്‍റെ മനസ്സില്‍  ഒരു പ്രത്യേക സ്ഥാനമുണ്ട്. പലതരം  ജോലികള്‍ ചെയ്ത് അവിടെ കുറെക്കാലം ജീവിച്ചതുകൊണ്ട് മാത്രമല്ല, അത്.  അടുത്തു പരിചയപ്പെടാനിടയായ ആ  ഭൂഭാഗത്തിന്‍റെയും കാലാവസ്ഥയുടേയും  പ്രത്യേകതകളും  മനുഷ്യരിലെ  വൈവിദ്ധ്യവും  അനുഭവങ്ങളിലെ  അനന്ത വിചിത്രമായ  വൈരുദ്ധ്യവും അതിനു കാരണമാണ്.  

അമ്പതു ഡിഗ്രിയോളം (സെന്‍റിഗ്രേഡ്)  ചൂട്  ഉയരുന്ന ഘോര വേനലിനും  ഒരു ഡിഗ്രിയോളം തണുപ്പുറയുന്ന മഞ്ഞു  കാലത്തിനും  മധ്യേ,  മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടിക്കാടുകള്‍ക്കും  അല്‍പാല്‍പം   മഴ ചാറൂന്ന മണ്‍സൂണ്‍ കാലത്തെ ചില്ലറ പച്ചപ്പിനും ഇടയില്‍, കീക്കറും മല്‍ബെറിയും  സീസമും ബാബുലും  യൂക്കാലിയും  ഹരിയാനയുടെ  അടയാള വൃക്ഷങ്ങളായി  മുന്നില്‍ നിരന്നു നില്‍ക്കും.  ചിലപ്പോഴൊക്കെ  പീലി വിടര്‍ത്തിയാടുന്ന മയിലുകള്‍  വീടിന്‍റെ മേല്‍ക്കൂരയില്‍  വന്നിരിക്കും . മാര്‍ച്ച് മാസത്തിലെ   വസന്തപഞ്ചമിക്കാലത്ത്  കുയിലുകള്‍ മധുരമധുരമായി  പഞ്ചമം പാടും .....

പാളത്താറോ   അല്ലെങ്കില്‍ പൈജാമയോ അരയില്‍  കെട്ടി,  നീണ്ട കൈയുള്ള മേല്‍  കുപ്പായവും കനത്ത തലപ്പാവും ധരിച്ച പുരുഷന്മാര്‍ ഉറച്ച ശബ്ദത്തില്‍ മാത്രം സംസാരിച്ചുകൊണ്ട്   പാതയോരത്തെ മരച്ചുവട്ടില്‍  ഹുക്കയും വലിച്ചിരിക്കുമായിരുന്നു. പാവാടയോ  സല്‍വാറോ അരയിലുറപ്പിച്ച്    കോളറുള്ള  നീണ്ട ഷര്‍ട്ടും വര്‍ണ്ണ ശബളമായ ദുപ്പട്ടയും ധരിച്ച സ്ത്രീകളുടെ  കനത്ത  പാദസരങ്ങളും കുപ്പിവളകളും  ചെമ്മണ്ണു നിറഞ്ഞ നാട്ടിടവഴികളില്‍  കിലും കിലും എന്ന്  മുഴങ്ങിയിരുന്നു. ദുപ്പട്ട കൊണ്ട് മുഖം മൂടി പരപുരുഷന്മാരെ  മാത്രമല്ല, ഒരളവോളം ഈ  ലോകത്തെ തന്നെ, സ്വന്തം  കാഴ്ചയില്‍ നിന്നും പുറത്താക്കി, മണ്ണടുപ്പുകളില്‍ കനമുള്ള റോട്ടികള്‍ ചുട്ട്, കന്നുകാലികള്‍ക്കുള്ള പുല്ലുകെട്ടുകള്‍ തിരിയുന്ന   ഇരുമ്പ് കത്തി കൊണ്ട് കുനുകുനാ അരിഞ്ഞ്, ആണ്‍കുട്ടികളെ മാത്രം പ്രസവിക്കാന്‍ നേര്‍ച്ചയിട്ട് അവര്‍ ജീവിച്ചു.

കേരളത്തില്‍ നിന്ന്  ഹരിയാണവി  പുരുഷന്മാരാല്‍   വിവാഹം കഴിച്ചുകൊണ്ടു പോകപ്പെട്ട അനവധി ദരിദ്ര പെണ്‍കുട്ടികളുണ്ട്. ആസൂത്രിതമായ പെണ്‍ഭ്രൂണഹത്യ നിമിത്തം ഹരിയാനയില്‍  സ്ത്രീകളുടെ എണ്ണം നന്നെക്കുറഞ്ഞതുകൊണ്ടാണു അമ്മാതിരി കല്യാണങ്ങള്‍ ഉണ്ടായതത്രെ.  ആ മലയാളി പെണ്‍ കുട്ടികളെക്കുറിച്ച്  കുറച്ചു കാലം മുന്‍പ് ചില റിപ്പോര്‍ട്ടുകള്‍ വായിച്ചതായി ഓര്‍മ്മയുണ്ട്. ഹരിയാനയില്‍ ഭാഷ പോലും ശരിക്കറിയാത്ത അവര്‍ എങ്ങനെയാവും സ്വന്തം ജീവിതം നയിക്കുന്നുണ്ടാവുകയെന്ന്  അന്നെന്ന പോലെ ഇന്നും ഞാന്‍ ആകുലപ്പെടുന്നുണ്ട്. 


ഹരിയാനയുടെ  നഗരങ്ങളില്‍ നേര്‍ത്ത ദുപ്പട്ടകൊണ്ട്  മുഖംമൂടി കാറോടിക്കുന്ന ഹരിയാണവി സ്ത്രീകളെ കണ്ട് ഞാന്‍ കണ്ണും തള്ളിയിരുന്നിട്ടുണ്ട്.  സ്കൂട്ടറില്‍ കാറ് തട്ടിയപ്പോള്‍  സ്കൂട്ടര്‍  യാത്രക്കാരന്‍, അരിശത്തോടെ വണ്ടിയോടിച്ചിരുന്ന  ആ സ്ത്രീയുടെ  കരണത്തടിച്ചതും ഞാന്‍ കണ്ടിട്ടുണ്ട്. താഴ്ന്ന ജാതിക്കാരിയായ വേലക്കാരി  കഴുകി വെച്ച പാത്രങ്ങള്‍ ഗ്യാസ് സ്റ്റൌവിന്‍റെ നീലത്തീനാളത്തില്‍  അഗ്നിശുദ്ധി വരുത്തുന്ന ഉയര്‍ന്ന ജാതിക്കാരിയെ  ആദ്യം കണ്ടതും  ഹരിയാനയിലായിരുന്നു. 
 
ചൂടും പൊടിയും ഉയരുന്ന  നഗരങ്ങളിലെ   വീതിയേറിയ   റോഡുകളില്‍ സദാ പടു കൂറ്റന്‍ വാഹനങ്ങള്‍ ഇരമ്പി. എന്നാലും അവക്കിടയിലും  ധാരാളം  ഒട്ടകവണ്ടികളും  പോത്തുവണ്ടികളും  ഗോതമ്പ് വൈക്കോലും വിവിധ തരം പച്ചക്കറികളും മറ്റും  വഹിച്ച്  ചന്തകളെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. നഗരങ്ങളിലെ  കൂറ്റന്‍ മാളുകളില്‍,  തിരക്കില്‍ പെട്ട  മനുഷ്യര്‍  ശ്വാസം മുട്ടുമ്പോഴും  വെള്ളി വെളിച്ചത്തിന്‍റെ പ്രഭയില്‍   കെന്‍റെക്കി  ഫ്രൈഡ് ചിക്കന്‍ തിന്നുകൊണ്ടിരുന്നു. കൊക്കൊകോള  കുടിച്ചുകൊണ്ടിരുന്നു.

ഹരിയാന ഇന്ത്യയിലെ ധനാഢ്യമായ ഒരു സംസ്ഥാനമാണ്. ഗ്രാമീണരായ കോടീശ്വരന്മാര്‍  ഏറ്റവുമധികമുള്ള സ്ഥലം. പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയിലെ മൂന്നാം സ്ഥാനവും   നിക്ഷേപത്തില്‍ ഏറിയ പങ്കും ഉള്ള ഹരിയാന, തെക്കന്‍ ഏഷ്യയിലെ ഏറ്റവുമധികം വികസിച്ച   പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളില്‍ ഒന്നാണ്. കൃഷിയിലും പാലുല്‍പാദനത്തിലുമെന്ന പോലെ മോട്ടോര്‍  വാഹന നിര്‍മ്മാണത്തിലും വിവര സാങ്കേതിക വിദ്യയിലും ഹരിയാനയുടെ ഗ്രാമങ്ങളും നഗരങ്ങളും മുന്‍പന്തിയിലാണ്.  ഉരുക്കും കടലാസ്സും തുണിയും  തടിയും  അവിടെ  വന്‍ വ്യവ സായങ്ങളത്രെ.  തെക്കന്‍ ഏഷ്യയിലെ  തന്നെ  ഏറ്റവും  വലിയ,  രണ്ടാമത്തെ റിഫൈനറി ഹരിയാനയിലെ പാനിപ്പത്തിലാണുള്ളത്. വന്‍കിട  കോര്‍പറേറ്റു സ്ഥാപനങ്ങള്‍  ഈ സംസ്ഥാനത്തെ  തങ്ങളുടെ  ഏറ്റവും പ്രിയപ്പെട്ട  താവളമാക്കി കഴിഞ്ഞു.  ഗുഡ്ഗാവ്,  യമുനാനഗര്‍, പാനിപ്പത്ത്,  പഞ്ചകുള, ഫരീദാബാദ്  ഇങ്ങനെ ഒരുപിടി നഗരങ്ങള്‍  ഹരിയാനയുടെ വ്യാവസായിക  കേന്ദ്രങ്ങളാണ്.

2011ലെ സെന്‍ സെസ്  റിപ്പോര്‍ട്ടനുസരിച്ച്  ഹരിയാണവി പുരുഷന്മാരില്‍ എണ്‍പത്തഞ്ചു ശതമാനവും സ്ത്രീകളില്‍ അറുപത്താറു ശതമാനവും സാക്ഷരരത്രെ. സ്ത്രീ പുരുഷ ലിംഗാനുപാതമാണെങ്കില്‍  എണ്ണൂറ്റിയെഴുപതിനു ആയിരം എന്ന നിരക്കിലാണ്. 

ഇങ്ങനെയെല്ലാം  പ്രൌഢി  പറയുന്ന ഹരിയാനയില്‍  ഇപ്പോള്‍ വല്ലാത്ത കാലമാണ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ പതിനഞ്ചോളം പെണ്‍കുട്ടികള്‍  കൂട്ടബലാല്‍സംഗത്തിനിരയായി എന്നും അതിലൊരു പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നും വാര്‍ത്തകള്‍ പറയുന്നു. മറ്റൊരു പെണ്‍കുട്ടിയുടെ പിതാവ് അപമാനവും നിസ്സഹായതയും നിമിത്തം  ജീവനൊടുക്കിയെന്നും കുറച്ചു പുരുഷന്മാര്‍ ചേര്‍ന്ന്  ഒരു പെണ്‍കുട്ടിയെ  മാനഭംഗപ്പെടുത്തുമ്പോള്‍ ഒരു പോലീസുദ്യോഗസ്ഥന്‍ സംഭവസ്ഥലത്ത് കാവല്‍ നിന്നിരുന്നുവെന്നും നമ്മള്‍ കേള്‍ക്കുന്നു. സ്വാഭാവികമായും പോലീസ് ആ  കേസ്  രജിസ്റ്റര്‍  ചെയ്യാന്‍  വിസമ്മതിക്കുന്നു. മാനഭംഗം  ചെയ്യപ്പെട്ടവരെല്ലാം താഴ്ന്ന ജാതിയില്‍പ്പെട്ട  പെണ്‍കുട്ടികളും മാനഭംഗം ചെയ്തവരെല്ലാം ഉയര്‍ന്ന ജാതികളിലെ പുരുഷന്മാരും ആയിരുന്നുവെന്നത്  തികച്ചും യാദൃശ്ചികമായിരിക്കുമോ?  ഉയര്‍ന്ന ജാതി പുരുഷന്മാര്‍ മാത്രം  പ്രാമുഖ്യം വഹിക്കുന്ന ഖാപ് പഞ്ചായത്തുകള്‍  എന്തായാലും അവസരത്തിനൊത്ത്  ഉയര്‍ന്നിട്ടുണ്ട്.  വിവാഹപ്രായം  നിശ്ചയിക്കുന്ന  നിയമം എടുത്തു  കളയണമെന്ന്  പഞ്ചായത്തുകള്‍  ആവശ്യപ്പെട്ടു കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ശാരീരിക വളര്‍ച്ചയുണ്ടാവുമ്പോള്‍  അവരെ ഉടനെ തന്നെ വിവാഹം കഴിപ്പിച്ചില്ലെങ്കില്‍ ഇമ്മാതിരി പ്രശ്നങ്ങള്‍  ഇനിയും  ഉണ്ടാവുമെന്ന്  ഖാപ്  പഞ്ചായത്തുകള്‍ മുന്നറിയിപ്പ്  നല്‍കുന്നു. പെണ്‍കുട്ടികളെ നന്നെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്നതാണ്  ബലാല്‍സംഗം ഒഴിവാക്കാനുള്ള  വഴിയെന്ന  ഖാപ് പഞ്ചായത്തിന്‍റെ ആശയം പലര്‍ക്കും അതീവ രുചികരമായി തോന്നുന്നു. തന്നെയുമല്ല, സംഭവിച്ചതെല്ലാം അങ്ങനെ  മാനഭംഗങ്ങളൊന്നുമല്ലെന്നും മിക്കവാറും സംഭവങ്ങളില്‍ പെണ്‍കുട്ടികളുടെ പൂര്‍ണ സമ്മതമുണ്ടായിരുന്നുവെന്നും ഖാപ് പഞ്ചായത്തുകള്‍ പറയുമ്പോള്‍ ചിത്രം ഏകദേശം പൂര്‍ത്തിയാകുന്നു.

ഭരണാധികാരികളായ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ എല്ലാകാലത്തും എല്ലാ നാട്ടിലും ചില കണക്കുകള്‍ മാത്രമാണ്.  ക്രൈം റെക്കോര്‍ഡ്സ്  ബ്യൂറോയുടെ ഫയലുകളില്‍  സൂക്ഷിക്കപ്പെടുന്ന, ഇടക്കും മുറക്കും പാര്‍ലമെന്‍റില്‍  മേശപ്പുറത്ത് വെക്കാന്‍ കരുതി വെച്ചിട്ടുള്ള ചില കണക്കുകള്‍. പലപ്പോഴും ഭരിക്കുന്ന ഗവണ്മെന്‍റിനെ കരിവാരിത്തേക്കാന്‍ കല്‍പിച്ചു കൂട്ടി ഉണ്ടാക്കിയിട്ടുള്ള കള്ളക്കഥകളായും അതുകൊണ്ട്  തന്നെ വെറുതെ  പൊലിപ്പിച്ചു കാണിക്കുന്ന സംഖ്യകളായും സ്ത്രീകളുടെ ഈ അതിരില്ലാത്ത അപമാനം  രൂപാന്തരപ്പെടാറുണ്ട്.  ചില ഭരണാധികാരികള്‍ ഇതൊക്കെ എല്ലാ നാട്ടിലും സംഭവിക്കുന്നുണ്ടല്ലോ, ചില നാടുകളില്‍  ഇതിലധികം മോശമായി സ്ത്രീകള്‍ അപമാനിക്കപ്പെടുന്നുണ്ടല്ലോ, അതിനെക്കുറിച്ച്  ആരും ഒന്നും  പറയാത്തതെന്താ എന്ന താരതമ്യവും നിസ്സാരീകരണവും നടത്തുന്നു . പ്രതിപക്ഷ രാഷ്ട്രീയക്കാരാവട്ടെ, ഈ അപമാനവും കണ്ണീരും ഉപയോഗിച്ച്  അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാവുമോ എന്നു നോക്കുന്നു. സ്ത്രീ പ്രശ്നങ്ങളെക്കുറിച്ച്  ഉല്‍ക്കണ്ഠപ്പെടുന്ന പല സംഘടനകള്‍ക്കും ഏതു പ്രശ്നത്തിലാണു ആദ്യം ഇടപെടേണ്ടതെന്നതു മുതല്‍ സമരരൂപം എന്തായിരിക്കണമെന്ന കാര്യത്തില്‍ വരെ  തികച്ചും  അവ്യക്തമായ, ബാലിശമായ  നിലപാടുകളാണുണ്ടാവുന്നത്. പൊതു സമൂഹത്തിനാണെങ്കില്‍  സ്ത്രീകള്‍  ബലാല്‍സംഗം ചെയ്യപ്പെടുന്നതൊരു വാര്‍ത്തയേ  അല്ല. സാധാരണ മനുഷ്യരെ ഏറ്റവും അധികം സ്വാധീനിക്കുന്ന  സിനിമയിലും  ടിവിയിലും ഒക്കെ  ഒരു പെണ്ണിനെ അടക്കിയൊതുക്കി, ചൊല്‍പ്പടിക്കു നിറുത്താന്‍, അങ്ങനെ പൌരുഷത്തിന്‍റെ കേമത്തം  കാണിക്കാന്‍ പുരുഷന്‍റെ  പക്കലുള്ള  ഏറ്റവും നല്ല വഴിയായി ബലാല്‍സംഗത്തേയും ഗര്‍ഭം ധരിപ്പിക്കലിനേയും തന്നെയാണ്  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും  ലിയ പൊങ്ങച്ചത്തോടെയും ആവേശത്തോടെയും  അവതരിപ്പിക്കുന്നത്.   

ശാരീരികമായ പരിക്കുകള്‍ക്കു പുറമേ  ബലാല്‍സംഗം  ഒരു സ്ത്രീയിലുണ്ടാക്കുന്ന അപമാനവും വേദനയും  മാനസികമായ തകര്‍ച്ചയും ചിതറലും  മനുഷ്യരാല്‍  കണ്ടുപിടിക്കപ്പെട്ടിട്ടുള്ള  സ്കെയിലുകള്‍ക്ക് അളക്കാനാവാത്തതാണ്. ബലാല്‍സംഗം ചെയ്ത പുരുഷനെയും, അയാളെ ന്യായീകരിക്കുന്ന എല്ലാറ്റിനേയും  കഠിനമായ പ്രതികാരദാഹത്തോടെ അവള്‍ എപ്പോഴും മനസ്സിലെങ്കിലും  വധിച്ചുകൊണ്ടിരിക്കും .  ബലാല്‍സംഗം ചെയ്തവനെ കല്യാണം  കഴിച്ച്, പ്രശ്നം പരിഹരിക്കാനാവശ്യപ്പെടുന്ന നിയമജ്ഞരും അതിനെ രോമാഞ്ചത്തോടെ അനുകൂലിക്കുന്ന നമ്മുടെ സമൂഹവും സാഹിത്യവും സിനിമയുമൊന്നും ഒരിക്കലും കാണാന്‍ കൂട്ടാക്കാത്ത ഉണങ്ങാവ്രണമാണ് ബലാല്‍സംഗം ചെയ്യപ്പെട്ടവളുടെ  നീറുന്ന മനസ്സ്.  കഠിനമായ  നിസ്സഹായതകൊണ്ട്  അവള്‍  മൂകയായിരുന്നേക്കാം. പക്ഷെ,  മനസ്സ് എന്നും പുകയുന്ന ഒരു  അഗ്നിപര്‍വതമായിരിക്കും.

വിചിത്രങ്ങളായ  അന്യായസംഹിതകളെയും  നട്ടാല്‍  കുരുക്കാത്ത  പച്ചക്കള്ളങ്ങളേയും ആചാരമായും  സംസ്ക്കാരമായും വിശ്വാസമായും ദൈവനീതിയായും  ഭരണതന്ത്രജ്ഞതയായും  ചിലപ്പോള്‍  വിപ്ലവമായും വ്യാഖ്യാനിച്ച്  നമ്മള്‍ കൂടുതല്‍ കൂടുതല്‍ അഗ്നിപര്‍വതങ്ങളെ പലയിടങ്ങളിലായി  സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ചില പ്രത്യേക  ലാഭങ്ങള്‍ക്കായി  ക്രൂരമായ അന്യായങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. അതുകൊണ്ടാണു  ബലാല്‍സംഗം നമുക്കൊരു സ്ത്രീ പ്രശ്നം മാത്രമാകുന്നത്. സ്ത്രീ യുടെ ശരീരത്തിന്‍റെ പ്രത്യേകതയാണതിനു കാരണമെന്ന് നമ്മള്‍  തീരുമാനിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നത്.

ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മനസ്സിനെ അവളുടെ വേദനയെ, അപമാനത്തെ  നമ്മള്‍ എല്ലാവരും, ഒരിക്കലും അത്തരമൊരു അധമകൃത്യം  അനുഭവിക്കാന്‍  ഇടയില്ലാത്ത സ്ത്രീകളും, ഏതു സാഹചര്യത്തിലും  ആ അധമകൃത്യം ചെയ്യാത്ത  പുരുഷന്മാരും ഒത്തൊരുമിച്ച്  അവരവരുടെ  വേദനയായും അപമാനമായും തിരിച്ചറിയുന്ന കാലത്ത്  ബലാല്‍സംഗം  ഒരു പെണ്‍ പ്രശ്നം മാത്രമല്ലാതായി തീര്‍ന്നേക്കാം. അന്നു നമ്മള്‍ പെണ്‍ ശരീരത്തിനെയും അവളുടെ ഉടുപുടവകളേയും  സാഹചര്യങ്ങളേയും ബലാല്‍സംഗത്തിനുള്ള കാരണവും പ്രേരണയുമായി ചൂണ്ടിക്കാട്ടാതിരുന്നേക്കാം.... 

അതുവരെ........

എനിക്കൊപ്പമുണ്ടായിരുന്ന സരസ്വതിയേയും മുന്നിയെയും കോമളിനേയും ലളിതയേയും അവരുടെ പെണ്മക്കളേയും ഒരാന്തലോടെ ഞാന്‍ ഓര്‍മിച്ചു പോകുന്നു. അവരെല്ലാവരും  വളരെ താഴ്ന്ന  ജാതിക്കാരായ ഹരിയാണവി ദരിദ്രരായിരുന്നു. ഖാപ് പഞ്ചായത്തുകള്‍ക്കും ഭരണാധികാരികള്‍ക്കും നമ്മുടെ തിളക്കമേറിയ  സമൂഹത്തിനും ഒട്ടും ആവശ്യമില്ലാത്തവര്‍. ... .


51 comments:

Echmukutty said...

ബലാല്‍സംഗം ചെയ്യപ്പെട്ടവര്‍ക്ക്, ചെയ്യപ്പെടുന്നവര്‍ക്ക്, ഇനിയും ചെയ്യപ്പെടാന്‍ പോകുന്നവര്‍ക്ക് അവരുടെ വേദനകള്‍ക്കും കണ്ണീരിനും മുന്നില്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...

SREEJITH NP said...

പഞ്ചാത്തു മേലാളന്‍മാര്‍ കിഴിഞ്ഞ ബുധിക്കാര്‍ തന്നെ. വിവാഹ പ്രായം കുറച്ചാല്‍ വിവാഹം എന്നാ പേരില്‍ കിളിന്തു പെണ്‍കുട്ടികളെ അവര്‍ക്ക് സ്വന്തമക്കമല്ലോ. നിയമപരമായ വിവാഹം ആയത്കൊണ്ട് പോലിസ്‌ കേസും ഇല്ല. ചുരുക്കിപറഞ്ഞാല്‍ 'ബാലികാ പീഡനം' അന്തപുരത്തിലേക്ക് മാറ്റി. കൊള്ളാം ഇന്ത്യ തിളങ്ങുന്നുണ്ട്.

aboothi:അബൂതി said...

തീര്‍ച്ചയായും ബലാല്‍കാരം ഒരു സ്ത്രീയോട്‌ ഒരു പുരുഷന്‌ അല്ലെങ്കില്‍ ഒരു കൂട്ടം പുരുഷന്‍മാര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന അക്രമത്തിണ്റ്റെ പരമാവധിയാണ്‌. പുരുഷന്‍മാരുടെ നീചമനസ്സില്‍ നിന്നു തന്നെയാണ്‌ ബലാല്‍ക്കാരം ഉടലെടുക്കുന്നത്‌. ആധുനിക സമൂഹം ചിലപ്പോഴെങ്കിലും ഇരയുടെ ഭാഗത്തു നില്‍ക്കാതെ മാനസിക അവസ്ഥകളുടെ കാര്യം പറഞ്ഞ്‌ വേട്ടക്കാരണ്റ്റെ കൂടെ നില്‍ക്കാറുണ്ട്‌. ഓരോ ബലാത്സംഗങ്ങളും സമൂഹത്തോടുള്ള വെല്ലുവിളിയാണ്‌. അതൊരു സ്ത്രീയോടുള്ള കടന്നു കയറ്റം മാത്രമല്ല..

noorA said...

ബലാല്‍സംഗം ചെയ്യപ്പെടുന്നതിനെക്കാള്‍ ഭീകരമാണ് ബലാല്‍ സംഗതോടുള്ള സമൂഹത്തിന്‍റെ നിലപാട്.ചരിത്രങ്ങളില്‍ വായിച്ചിട്ടുണ്ട്, പണ്ട് അറേബ്യയിലെ അന്ധകാര കാലഘട്ടങ്ങളില്‍ പുരുഷന്‍റെ ശക്തി തെളിയിക്കാന്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ അവര്‍ മറ്റുള്ളവരുടെ സ്ത്രീകളെ ആക്രമിക്കുമായിരുന്നുവെന്ന് . ഇതിപ്പോ അത്യാധുനിക യുഗത്തില്‍ കുലീനരെന്നു പറയുന്ന ചിലരുടെയും, പെണ്ണിനെ ആര്‍ത്തിയോടെ മാത്രം നോക്കുന്ന പുരുഷന്‍റെയും ഒളിഞ്ഞിരിക്കുന്ന വിചാരം മേല്‍പറഞ്ഞത്‌ തന്നെയല്ലേ..സ്വന്തം നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ പെണ്ണിന്‍റെ മോഞ്ഞിനെയും വസ്ത്ര ധാരണ രീതിയും കുറ്റം പറയുന്ന പുരുഷനെ അടക്കാന്‍ ഇനിയും കുറെ ടെസ്സ മാര്‍ ജനിക്കേണ്ടി വരുമോ?

വീ കെ said...

"ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മനസ്സിനെ അവളുടെ വേദനയെ, അപമാനത്തെ നമ്മള്‍ എല്ലാവരും, ഒരിക്കലും അത്തരമൊരു അധമകൃത്യം അനുഭവിക്കാന്‍ ഇടയില്ലാത്ത സ്ത്രീകളും, ഏതു സാഹചര്യത്തിലും ആ അധമകൃത്യം ചെയ്യാത്ത പുരുഷന്മാരും ഒത്തൊരുമിച്ച് അവരവരുടെ വേദനയായും അപമാനമായും തിരിച്ചറിയുന്ന കാലത്ത് ബലാല്‍സംഗം ഒരു പെണ്‍ പ്രശ്നം മാത്രമല്ലാതായി തീര്‍ന്നേക്കാം. അന്നു നമ്മള്‍ പെണ്‍ ശരീരത്തിനെയും അവളുടെ ഉടുപുടവകളേയും സാഹചര്യങ്ങളേയും ബലാല്‍സംഗത്തിനുള്ള കാരണവും പ്രേരണയുമായി ചൂണ്ടിക്കാട്ടാതിരുന്നേക്കാം.... "
അങ്ങനെ ഒരു കാലം വരുമോ.. അതും ഈ ആഗോള സാമ്പത്തിക ക്രമത്തിന്റെ സാഹചര്യത്തിൽ...?!!

Gopan Kumar said...

ശക്തി കുറഞ്ഞ എന്തിനെയും ബലാല്‍സംഗം ചെയ്യുന്ന പ്രവണത ഒരു രോഗമായി പടര്ന്നുകൊണ്ടേ ഇരിക്കുന്നു
അത് മനസ്സായാലും ,ശരീരമായാലും,വ്യവസ്ഥിതിയായാലും
സ്വയം ശക്താമാകുക തന്നെ ഇതിനു പരിഹാരം ,
വിലപിക്കല്‍ ഒന്നും നേടിത്തരില്ല കൂടുതല്‍ ആക്രമിക്കപെടുകയല്ലാതെ.

നല്ല ലേഖനം
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഹരിയാണവി എന്ന് പറഞ്ഞാല്‍ ഹരിയാനക്കാര്‍ എന്നാവും അല്ലെ?
എല്ലാം മനസ്സിലാകുന്ന ഒരു കാലം....
നന്നായി ലേഖനം.

വര്‍ഷിണി* വിനോദിനി said...

തന്നിഷ്ടപ്രകാരമില്ലാതെ പ്രാപിക്കുന്ന സ്വന്തം പുരുഷനെ കൂടി മനസ്സു കൊണ്ട്‌ അംഗീകരിക്കാത്തവളാണു സ്ത്രീ..
അവൾക്കു കൽപ്പിക്കുന്ന വിധി കൊള്ളാം..

നന്ദി..!

വിനുവേട്ടന്‍ said...

പഞ്ചായത്ത് തലവന്മാർ കണ്ടുപിടിച്ച പരിഹാരം കൊണ്ട് ഈ പ്രശ്നം തീരുമെങ്കിൽ വിവാഹത്തിനുള്ള പ്രായപരിധി രണ്ട് വയസ്സ് എന്നെങ്കിലും ആക്കേണ്ടി വരും... പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കാലമല്ലേ... സമൂഹം എന്നും പുരുഷമേധാവിത്വത്തിനൊപ്പമാണെന്നതാണെന്നാണ് വേദനിപ്പിക്കുന്ന സത്യം... സംസ്കാരം ഓരോ പുരുഷന്റെയും മനസ്സുകളിൽ എന്ന് ഉടലെടുക്കുന്നുവോ അന്നേ ഇതിൽ നിന്നൊരു മോചനം ഉണ്ടാകൂ...

vettathan g said...

സവര്‍ണ്ണരായ പുരുഷന്മാര്‍ നീതി നിര്‍വ്വചിക്കുന്ന സ്ഥലമാണ് ഹരിയാന.അവര്‍ക്ക് സ്ത്രീ ഒരു ശരീരം മാത്രമാണു.ആ ശരീരത്തിനുള്ളിലെ രക്തം ഒഴുകുന്ന മനസ്സ് ഒരാളും കാണുന്നില്ല.നിയമജ്ഞ്ര്‍ പോലും.

ajith said...

കാഠിന്യമേറിയ ശിക്ഷ
മാതൃകാപരമായ വിചാരണ
നീതിപൂര്‍വമായ വിധികള്‍

ഇത്രയേ വേണ്ടൂ. പക്ഷെ ആര്‍ ചെയ്യും?

ഇലഞ്ഞിപൂക്കള്‍ said...

ശാരീരികമായ പരിക്കുകള്‍ക്കു പുറമേ ബലാല്‍സംഗം ഒരു "സ്ത്രീയിലുണ്ടാക്കുന്ന അപമാനവും വേദനയും മാനസികമായ തകര്‍ച്ചയും ചിതറലും മനുഷ്യരാല്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സ്കെയിലുകള്‍ക്ക് അളക്കാനാവാത്തതാണ്. ബലാല്‍സംഗം ചെയ്ത പുരുഷനെയും, അയാളെ ന്യായീകരിക്കുന്ന എല്ലാറ്റിനേയും കഠിനമായ പ്രതികാരദാഹത്തോടെ അവള്‍ എപ്പോഴും മനസ്സിലെങ്കിലും വധിച്ചുകൊണ്ടിരിക്കും ."

ഈ ലേഖനത്തിന്‍റെ മുഴുവന്‍ ഗൌരവവും ഈ വരികളിലുണ്ട്..

മറ്റൊരാള്‍ said...

Incredible India.

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം.കടുത്ത ശിക്ഷ നല്‍കുന്ന അറേബ്യന്‍ രാജ്യങ്ങളിലം ഇപ്പോള്‍ പെണ്‍ വാണിഭം തകര്‍തിയായി നടക്കുകയാണല്ലൊ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...


ഭീതിതവും ഒപ്പം വിജ്ഞാനപ്രദവും ആയ പോസ്റ്റ്‌ .സ്ത്രീകളുടെ പരിതാപകരമായ അവസ്ഥ മാറ്റാന്‍ നിയമനിര്‍മ്മണമോ ശിക്ഷയോ കൊണ്ട് മാത്രം മാറില്ല. പുരുഷന്റെ ഇടുങ്ങിയ ഇത്തരം ചിന്താഗതി മാറ്റാനുള്ള ഒറ്റമൂലി തന്നെ നിര്‍മ്മിക്കേണ്ടി വരും.

മുകിൽ said...

വായിച്ചു .എച്മമു്്ുു്്ിി..ടടകക

ഭാനു കളരിക്കല്‍ said...

എച്ചുമു ബ്ലോഗ് എഴുത്ത് നിര്‍ത്തി ഉത്തരേന്ത്യയിലെ ഏതെങ്കിലും നക്സല്‍ ഗ്രൂപ്പില്‍ ചേരണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.
തമാശയല്ല. പണ്ടൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു റിക്രൂട്ട്മെന്റ് ചെയ്യാറുണ്ട്. അത്തരം റിക്രൂട്ട്മെന്റില്‍ പെട്ട് പാകിസ്ഥാനില്‍ പെട്ടുപോയ സഖാക്കള്‍ ഉണ്ട്.

jayanEvoor said...

ദുഷിച്ച കാലം... ദുഷിച്ച കാലം...
മണ്ണും പെണ്ണും ദിനം തോറും കടിച്ചു പറിക്കപ്പെടുന്ന കാലം....

പരിഹാരമെന്തെന്ന് ഒരു പിടിയുമില്ല...

ശ്രീ said...

കുറിപ്പ് പ്രാധാന്യമുള്ളത് തന്നെ. എങ്കിലും ഇത്തരം വാര്‍ത്തകള്‍ വായിച്ചു വായിച്ച് കഴിയുന്നതും ഇതു പോലുള്ള മനസ്സിനെ അസ്വസ്ഥമാക്കുന്ന ലേഖനങ്ങള്‍ ഈയിടെയായി ഒഴിവാക്കുകയായിരുന്നു പതിവ്.

Pradeep Kumar said...

ഭൗതികസംസ്കാരവും, അഭൗതികസംസ്കാരവും തമ്മിലുള്ള വലിയൊരു വിടവ് ഇന്ത്യൻ ഗ്രാമങ്ങളുടെ പ്രത്യേകതയാണ്. ഭൗതികമായ വലിയ വികസനങ്ങൾ, ആധുനിക ജീവിതസൗകര്യങ്ങൾ, വിലകൂടിയ കാറുകൾ, ഷോപ്പിങ്ങ് മാളുകൾ, വ്യവസായ പദ്ധതികൾ എല്ലാം കടന്നു വരുമ്പോഴും, മനസ്സിന്റെ ഉള്ളറകളിലെ സംസ്കാരം അതിന് സമാന്തരമായി വികാസം പ്രാപിക്കാതെ പോവുന്നു.... മദ്ധ്യകാലത്തിന്റെ മൂല്യബോധത്തിൽ നിന്ന് വളരെ പതിയെ വളരുന്ന മനസ്സാണ് ഇന്നും ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖമുദ്ര.....

നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു എച്ചുമു.....

എം.അഷ്റഫ്. said...

പഴുതുകളാണ്. സ്ത്രീകളോട് മാത്രമല്ല, ബലാല്‍ക്കാരമല്ലാതെ മറ്റെന്താണ് ഇവിടെ നടക്കുന്നത്. കൈയൂക്കുള്ള സമ്പന്നരും രാഷ്ട്രീയക്കാരും സ്ത്രീകളടക്കമുള്ള ദര്‍ബലരെ നിസ്സഹായരാക്കുന്നു.

K@nn(())raan*خلي ولي said...

എന്താണ് പറയേണ്ടത്!
കഴിഞ്ഞ രണ്ടു ദിവസായി ഈ ബ്ലോഗിലൂടെ അലയുന്നു.
എല്ലാത്തിനും കൂടി ഇതിലൂടെ വല്ലതും പറയാമെന്നു വെച്ചാല്‍ എന്താണ് പറയേണ്ടത്!
എന്നത്തേയും പോലെ ചാട്ടുളിയായി ഈ പോസ്റ്റും തുളച്ചു കയറുന്നു!

ente lokam said...

ഗോപന്കുമാര്,ഇലഞ്ഞിപ്പൂക്കള്‍ ,
വര്‍ഷിണി ......

ചേര്‍ത്ത് വായിക്കുന്നു..ആശംസകള്‍
എച്മു...‍

Cv Thankappan said...

സാമ്പത്തികവളര്‍ച്ചയിലായാലും, അത്യാധുനികമായ സൌകര്യങ്ങളുടെ കാര്യത്തിലായാലും മനുഷ്യന്‍ ഇന്ന്
ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌..,.
പക്ഷേ,മനുഷ്യമനസ്സ് ഇന്നും പണ്ടത്തെ
ആ ഘോരവനത്തില്‍ തന്നെയാണ് വാസം!!!
നന്നായി ലേഖനം
ആശംസകള്‍

Sabu M H said...

സായുധ വിപ്ലവം തനിയെ വരികയില്ല.. കൊളുത്തി പിടിക്കാൻ പാകത്തിൽ തിരി നീട്ടി കാത്തിരിക്കുന്നു..അതുടനുണ്ടാവും എന്നു തന്നെ തോന്നുന്നു..

അനില്‍കുമാര്‍ . സി. പി. said...

അടിച്ചമര്‍ത്തപ്പെട്ടവൃറെ പൊട്ടിത്തെറി അനതിവിദൂരമാകില്ല എന്നൊരു നല്ല സ്വപ്നം എങ്കിലും കാത്തുവെക്കാം അല്ലെ?

വളരെ ശക്തമാണ് ഈ എഴുത്തും എച്മൂ.

റോസാപൂക്കള്‍ said...

ഹരിയാനയിലെ പഞ്ചായത്ത് പ്രമുഖര്‍ പെണ്കുഞ്ഞുങ്ങള്‍ പിറന്നു വീഴുംപോഴേ വിവാഹം കഴിപ്പിക്കട്ടെ.അപ്പോള്‍ അവിടെ കുഞ്ഞുങ്ങളുടെ പീഠനം ഉണ്ടാവിലല്ല്ലോ.

സേതുലക്ഷ്മി said...


അക്ഷര വിദ്യാഭ്യാസം കൂടിയ കേരളത്തിലും എന്താണ് നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍...
എവിടെയാണ് പരിഹാരം!

keraladasanunni said...

ശ്രി അജിത്തിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. സ്ത്രീകളെ ബലാല്‍ക്കാരം 
ചെയ്യുന്നവരേയും കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് വിടുന്നവരേയും 
പണത്തിന്നുവേണ്ടി അന്യരെ കൊല ചെയ്യുന്ന ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരേയും എത്രയും പെട്ടെന്ന് വിചാരണ ചെയ്ത് ശിക്ഷിക്കുന്ന സമ്പ്രദായം ഉണ്ടാവണം. അന്നേ നാട്ടില്‍ 
സമാധാനം ഉണ്ടാവൂ.

ഇട്ടിമാളു said...

പൂച്ചയുടെ നനുത്തുപതുത്ത പാദങ്ങളില്‍ അപ്രതീക്ഷിതമായ് ആഴ്ന്നിറങ്ങാന്‍ കാത്തിരിക്കുന്ന മൂര്‍ച്ചയേറിയ നഖങ്ങളില്ലെ.. തരളിതമാവാന്‍ മാത്രമറിയുന്ന ദളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഞണ്ടിന്‍ ദ്രംഷ്ടകള്‍ പരിണാമത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഉരുത്തിരിയുമായിരിക്കുമല്ലെ.. അത് സ്വന്തം പുരുഷനായാലും പരപുരുഷനായാലും അഭിലഷണീയമല്ലാത്ത ഏതവസരത്തിലും..

ഇട്ടിമാളു said...
This comment has been removed by the author.
sumesh vasu said...

ഇതിനൊക്കെ കഠിനമായ ശിക്ഷയാണു വേണ്ടത്... എന്തു ചെയ്യാൻ. ചിലരിതിനൊക്കെ പരിഹാരമായി വേശ്യാവ്യത്തി നിയമവിധേയമാക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ നിസഹായരായ കുറേ പെൺകുട്ടികളെ അതിലേക്ക് നിയമത്തിന്റെ പിന്തുണയോടെ വലിച്ചിഴയ്ക്കാനേ അതുപകരിക്കൂ,..

നല്ല ലേഖനം എച്മുവേച്ചീ... പോസ്റ്റെഴുതുമ്പോ ജാലകം അഗ്രഗേറ്ററിലോ,ഫേസ്ബുക്കിലെ ബ്ലോഗേർസ് ഗ്രൂപ്പിലോ ആഡ് ചെയ്യുമോ ? കാരണം ഇവിടെ പോസ്റ്റ് വരുന്നതറിയാനാവുന്നില്ല.

Gireesh KS said...

പ്രിയപ്പെട്ട ചേച്ചി,
ബലാല്‍സംഗങ്ങള്‍ പ്രബുദ്ധരെന്നവകാശപ്പെടുന്ന നമ്മുടെ കേരളത്തിലും ഉണ്ടല്ലോ അനവധി. ഇന്നത്തെ പത്രത്തില്‍ അഞ്ചോളം വാര്‍ത്തകള്‍ വായിച്ചു. വെളിച്ചം കാണാത്തവ എത്രയെന്നു ഈശ്വരന് അറിയാം. അഭിനന്ദനങള്‍ ഈ പോസ്റ്റിനു.
സ്നേഹത്തോടെ,
ഗിരീഷ്‌

Salam said...

ഹരിയാനയുടെ ചിത്രങ്ങള്‍ പോസ്റ്റിന്റെ തുടക്കത്തില്‍ വരച്ചിട്ടത് ഏറെ മനോഹരമായി. ആ രസത്തോടെ വായിച്ചു വരുമ്പോഴാണ് അത് സമകാലിക കരാളതകളിലെക്ക് എത്തിചേര്‍ന്നത്‌. മെലിഞ്ഞു കൊണ്ടിരിക്കുന്ന മൂല്ല്യവിചാരങ്ങള്‍ ആണ് ഈ അവസ്ഥക്ക് ഒരു കാരണം. പിന്നെ നിയമം നടപ്പാക്കുന്നതിലെ പോരായ്മ.
വായിച്ചു കഴിഞ്ഞാലും മനസ്സിനെ മഥിക്കുന്നതായിരിക്കും നല്ല എഴുത്ത്. എച്ച്മുവിന്റെ എഴുത്തിന് ഇത് എപ്പോഴും സാധിക്കുന്നു.

valsyayanan kamasuthra said...

ഹരിയാണവി എന്നുതന്നെയാണോ?
ഇവമ്മാരെയൊക്കെ ചുട്ട തെരണ്ടിവാല് കൊണ്ടടിക്കണം..


വാത്സ്യായനന്‍ ഒരു സവര്‍ണ്ണനാണേ..
ഇഷ്ടായി..
ഒന്നു ഹരിയാനേലേക്കൊന്നു പോയാലോന്നൊരാലോചന...

ഛെ..ഛെ..ഛെ..
എന്തൊക്കെയായീ ചിന്തിക്കുന്നത്?
പശുക്കുട്ടിയെഴുതിയ എഴുത്ത് വാത്സ്യായനന്റെ മനസ്സിനെ
വല്ലാതെ വിഷമിപ്പിച്ചൂട്ടോ..

shabnaponnad said...

കാലത്തിന് അനുയോജ്യമായ ലേഖനം...
നന്നായിട്ടുണ്ട്...
വരുംകാലങ്ങളിലെങ്കിലും സ്ത്രീകളുടെ കണ്ണുനീരിനറുതിയുണ്ടാവുമെന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കാം... അല്ലെ..?

ചിന്തകള്‍ക്കിടം നല്‍കുന്ന ഈ നല്ല പോസ്റ്റിന് ഒരായിരം അഭിനന്ദനങ്ങള്‍....

the man to walk with said...

:(

ജയരാജ്‌മുരുക്കുംപുഴ said...

കാലിക പ്രസക്തം, എല്ലാത്തിനും അവസാനം ഉണ്ട്ടകും, പ്രതീക്ഷയോടെ ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... അയാളും ഞാനും തമ്മില്‍ ....... വായിക്കണേ.........

കൈതപ്പുഴ said...

നല്ല ലേഖനം.നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു എച്ചുമു....

http://vazhikalil.blogspot.com/ said...

ഇങ്ങ് വയനാടും,വൈറ്റിലയും ദൂരെ ഹരിയാനയിലും പെണ്‍ദുരന്തങ്ങളില്‍ അതിന്റെ കഥാ ഗതിയും പര്യവസാനവുമൊന്നു തന്നെ.പെണ്ണിന്റെ മാനഹാനി ,വായിക്കാന്‍ രസമുള്ളവാര്‍ത്തകളിലൊന്നും.
മാറ്റമുണ്ടാകുന്നൊരുകാലം ആശിക്കുന്നു എച്ചുമുവിനൊപ്പം ഞാനും..

sulekha said...

ബലാല്‍സംഗം ചെയ്യപ്പെടുന്നതിനെക്കാള്‍ വലിയ വേദനയാണ് പിന്നീടു സമൂഹം അവള്‍ക്കു വെച്ച് നീട്ടുന്നത്

മാനത്ത് കണ്ണി //maanathukanni said...

ഈ വാങ്ങ്മയചിത്രങ്ങള്‍ ഗംഭീരമായിരിക്കുന്നു .
ഉത്തരെന്ദ്യയുടെ നാട്ടുജീവിതങ്ങള്‍ നന്നായി വരച്ചുചെര്‍ത്തു .

തലമറച്ചു വണ്ടിയോടിച്ച പെണ്ണിനെ ആണ് ഒരുത്തന്‍ കാരണതാടിച്ചതും ...മറ്റും ..
ഡല്‍ഹിയില്‍ ഞാന്‍ അങ്ങനൊരു കാഴ്ച കണ്ടു .ഹെല്‍മറ്റു കൊണ്ട് ഒരുത്തന്‍ ഒരുപെന്ണിനെ തല്ലുന്നു .
തിരക്കുള്ള റോഡില്‍ ..നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കുമോ ?

ChethuVasu said...

എചമു വളരെ നന്നായി .. പക്ഷെ എച്മു പറഞ്ഞപ്പോള്‍ കുറഞ്ഞു പോയോ എന്ന് സംശയം ! കാരണം ബലാല്‍സംഗം എന്നത് പലയിടത്തും ഏറെ പ്രിയങ്കരമായ ഒരു വിനോദ ഉപാധിയാണ് !. ശക്തിയില്ലതവന് അവന്റെ മകളെയോ , ഭാര്യയെയോ മറ്റു ഒരിക്കലും സംരക്ഷിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ജനാധിപത്യം , നിയമങ്ങള്‍ എന്നിവ നഗരങ്ങളില്‍ ജീവിക്കുന്ന ചുരുക്കം ഇന്ത്യക്കാരുടെ ചില കാപട്യങ്ങള്‍ അല്ലെങ്കില്‍ വിവരമില്ലായ്മ മാത്രം ..സമൂഹത്തിന്റെ നിയമങ്ങള്ലും രാഷ്ട്രത്തിന്റെ നിയമങ്ങളും ഇന്ത്യയില്‍ വ്യത്യസ്തമാണ് .. ഒന്ന് യധാര്തമായുള്ളത് രണ്ടാമതെത് നമുക്ക് പരിഷ്കൃതര്‍ എന്ന് സ്വയം വിശ്സിപ്പിക്കാനും അന്തര്‍ ദേശീയ സമൂഹത്തോട് കൊട്ടിഘോഷിക്കാനും ഉള്ളത് ..

പക്ഷെ ഇത് ഇന്നോ ഇന്നലെയോ വന്നു ഭാവിച്ച ഒന്നല്ല , ആയിരകണക്കിന് വര്‍ഷങ്ങള്‍ ആയി നിലനില്ക്കുന്ന ഒരു സംസ്കാരത്തിന്റെ തുടര്‍ച്ചയാണ് ഇത് ..ഓരോ യുദ്ധങ്ങളും ലക്ഷക്കണക്കിന്‌ അടിമകളെയും ദാസികളെയും ( നല്ല പേര് !!) ശ്രുഷ്ടിക്കുന്നു ...അതിന്റെ തുടര്‍ച്ചകള്‍ ഇന്നും പല രീതിയും സമൂഹത്തെ സ്വാധീനിക്കുന്നു . ഇത് കേവലം പുരുഷന്മാരുടെ മാത്രം ചിന്താഗതിയല്ല. ഇത്തരം സമൂഹങ്ങളിലെ സ്ത്രീകളും തങ്ങളേക്കാള്‍ ദുര്‍ബലര്‍ എന്ന് കരുതുന്ന സ്ത്രീകലെ തങ്ങളുടെ പുരുഷന്മാര്‍ ഉപയോഗിക്കുന്നവരില്‍ തെറ്റ് കാണുന്നില്ല .. സമൂഹത്തിന്റെ പൊതു ബോധത്തിനപ്പുറം ചിന്തിക്കാന്‍ മാത്രം സ്വതത്ര ചിന്തയോ പരിഷ്കൃത ബോധമോ തൊട്ടു തീണ്ടിയില്ലതവര്‍ അങ്ങെന്‍ തന്നെയല്ലേ കരുതൂ..

എന്തിനു ! ഇത് സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവര്‍ക്കും ബാധകമനു .. അവരും തങ്ങളേക്കാള്‍ ശക്തി കുറഞ്ഞവരെ ചൂഷണം ചെയ്യുവാന്‍ ശ്രമിക്കുകയാണ് .. ഒരേ സമയം ഇരകളും വേട്ടക്കരുമാകുന്നവര്‍ . അവരും സമൂഹത്തിന്റെ പൊതു ബോധത്തെ അനുകരിക്കുന്നു ..സ്വാഭാവികം ..!!പക്ഷെ ചൂഷണത്തിന്റെയും ക്രൂരതയുടെയും കാര്യത്തില്‍ ആരും മോശക്കാര്‍ അല്ല .!

ആയിരം ദാസികളുള്ള രാജാക്കന്മാരെയും , രാജകുമാരന്മാരെയും അവരുടെ കഥകളെയും യുധവിജയങ്ങളെ ഇഷ്ടപ്പെടുകയും അവരുട വാഴ്ത്തിപാടി വീരാരാധന നടത്തുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണ് നമ്മുടേത്‌ .. മുതല്‍ കൊള്ളയടിക്കാനും സ്ത്രീകളെ ബലാല്‍സംഗം ചെയ്യാനോ അടിമയാക്കി ഉപയോഗിക്കണോ വേണ്ടിയായിരുന്നു പല 'വീര യോദ്ധാക്കളും " യുദ്ധങ്ങള്‍ ചെയ്തിരുന്നത് .. യുദ്ധത്തിലൂടെയും കയ്യൂക്കിളുടെയും തട്ടിയെടുത്ത ദാസിമാരുടെയും അടിമപ്പെണ്ണ്‍ങ്ങളുടെയും ജീവിതങ്ങള്‍ക്ക് മറ്റെന്തു കഥയാണ്‌ പറയാന്‍ ഉള്ളത് ...ഇന്ന് നാം കാണുന്നത് 'തുടര്‍ച്ചകള്‍ ' മാത്രമാണ് .. തിരിച്ചറിയേണ്ടത് അപരിഷ്കൃതമായ ഒരു ഭൂതകാലതെയാണ് ... കൊട്ടി ഘോഷിക്കപ്പെടുന്ന സാങ്കല്പികമായ ഒരു സുവര്‍ണ ഭൂതകാലമല്ല യാഥാര്‍ത്ഥ്യം !

ബലാല്‍സംഗം ഹരിയാനയുടെയോ ഉത്തരെന്ദ്യയുടെയോ മാത്രം വിനോദം അല്ല.. ഒരു പക്ഷെ അവരെക്കാള്‍ ബലാല്‍സംഗം ഇഷ്ടപ്പെടുന്നവര്‍ കേരളത്തിലാണ് എന്നാണ് എനിക്ക് തോന്നുന്നത് .. കാരണം മുക്കിലും മൂലയിലും ഉച്ചപ്പടങ്ങള്‍ കളിക്കുന്ന, ആബാല വൃദ്ധര്‍ കാണികല്‍ ആയ - കേരളത്തില്‍ ബാലാസംഗരംഗങ്ങളുടെ ബിറ്റുകള്‍ വരുമ്പോള്‍ ആണ് ഏറ്റവും കൂടുതല്‍ പ്രതികരണം ലഭിക്കാറുള്ളത് .. ഇന്റര്‍നെറ്റില്‍ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ആളുകള്‍ കൂടുതല്‍ തിരയുന്നതും ബലാല്‍സംഗ രംഗങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് കരുതേണ്ടി വരും ...സത്യത്തെ ഭയക്കുന്ന ഒരു പൊതു സമൂഹം ഇത് കണ്ടില്ല എന്ന് നടിക്കും !ഒരു പക്ഷെ ആഗ്രഹം ഇല്ലഞ്ഞിട്ടല്ല പക്ഷെ ധൈര്യം ഇല്ലാത്തതുകൊണ്ടാകാം ഇവിടെ വടക്കേ ഇന്‍ഡ്യയിലെ അത്ര കണ്ടു പരസ്യ ബലാത്സംഗങ്ങള്‍ നടക്കാത്തത് ..( ആരും അറിയപ്പെടാതെ എത്രയോ നടക്കുന്നുണ്ടാകും ..പക്ഷെ ഇരയെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ആരെങ്കിലും അത് പുറത്തു പറയുമോ .!.) പുറമേ കാണിക്കുന്ന കപടമായ മാന്യതക്കുള്ളില്‍ അടിസ്ഥാനപരമായി മനുഷ്യന്‍ ഒരു മൃഗം തന്നെയാണ് ..ഇരയെ കടിച്ചു കീറുന്നതില്‍ ,അല്ലെങ്കില്‍ അത് കാണുന്നതില്‍ ആഹ്ലാദിക്കുന്നവര്‍ .. ഇരയുടെ ദയനീയ പ്രതിരോധം വേട്ടയുടെ സംതൃപ്തിയാകുന്ന വികല മനശാസ്ത്രം ആണ് സംവേടിക്കപ്പെടുന്നതും ആവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ ഉപബോധമാനസ്സിലേക്ക് അലിഞ്ഞു ചേരുന്നതും .. പത്രങ്ങളിലെ പീഡന വാര്‍ത്തകള്‍ രസികന്‍ ഇന്ഫോടയിന്മേന്റ്റ് ആയി മാറുന്നതും അത് കൊണ്ട് തന്നെ ..!നിര്‍ഭാഗ്യകരം എന്ന് പറയട്ടെ അവനെ മനുഷ്യനാക്കാനുള്ള ഒരു ശ്രമവും ഇപ്പോള്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം ! രാജാവ് നഗ്നനാണ് !! Let me tell the truth ! We are never a civilized society , and there is no effort going on make it one !!

ബെഞ്ചാലി said...

മാധ്യമത്തിൽ വായിച്ചു. നല്ല ലേഖനം

kochumol(കുങ്കുമം) said...

വളരെ നല്ലൊരു ലേഖനം എച്ച്മൂ .. നന്നായി അവതരിപ്പിച്ചു...വായിക്കാന്‍ വൈകി ..:(

നാമൂസ് said...

ഞെട്ടിപ്പിക്കുന്നത്.

Echmukutty said...

പോസ്റ്റിലൂടെ കടന്നു പോയി എന്നെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമെന്ന് കരുതുന്നു.

കൊമ്പന്‍ said...

എവിടെ ഒക്കയോ?ഒരു വിങ്ങല്‍ ഉണ്ടാക്കുന്ന എഴുത്ത്
ആശംസകള്‍ എച്മൂ

ഫൈസല്‍ ബാബു said...

ഹരിയാനയെ കുറിച്ച് അധികം അറിയില്ല എങ്കിലും മനസ്സിലുള്ള ചിത്രം ഇങ്ങിനെയൊന്നുമായിരുന്നില്ല .കാലിക പ്രസക്തമായ ഒരു ലേഘനം ,,

ഇന്ത്യയില്‍ നിന്നും വരുന്ന ചില ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞാന്‍ ഇങ്ങു സൌദയിലെ നിയമത്തെ കുറിച്ച് ആലോചിക്കാറണ്ട് ,ഇത്തരം കാടത്തരം കാട്ടുന്നവര്‍ക്ക് ഇവിടെ പരമാവധി ഒരു മാസത്തില്‍ കൂടുതല്‍ ആയുസ്സ് ഉണ്ടാകില്ല ,അതിനുള്ളില്‍ വിചാരണയും വിധിയും നടപ്പാക്കിയിരിക്കും .!!

P V Ariel said...

തികച്ചും കാലോചിതമായ ഒരു കുറിപ്പ്;
എത്താന്‍ വൈകി.
നമ്മുടെ സമൂഹത്തിലെ ഒരു മാറാ രോഗം അത്രേ ഇത്, അധികാരികളും നിയമവും കുറേക്കൂടി കര്‍ക്കശമാക്കിയാല്‍ ഇതിനൊരു പരിഹാരം കണ്ടെത്താം എന്ന് കരുതുന്ന ചിലരെങ്കിലും ഇവിടെ ഉണ്ടാകാം പക്ഷെ, നിയമവും അത് നടപ്പാക്കാന്‍ നിയമിക്കപ്പെട്ടവരും
ഇതിലെ culprits ആയാല്‍ പിന്നെ എന്തു രക്ഷ!
കര്‍ശന നിയമവും അതതുപോലെ നടപ്പിലാക്കുന്ന
ഒരു കൂട്ടരും അത്രേ ഇന്നിന്റെ ആവശ്യം.
ലേഖനം വളരെ നന്നായി എഴുതി എച്മൂ

rafeeQ നടുവട്ടം said...

ഹരിയാനാ ജീവിതത്തിന്‍റെ അകമെരിയുന്ന വരികള്‍ വായിച്ചു.
സാമ്പത്തിക പുരോഗതികള്‍ക്കും രാഷ്ട്ര മേന്മകള്‍ക്കും മായ്ച്ചു കളയാനാവില്ല അരങ്ങുവാഴുന്ന ഈ അപരാധങ്ങള്‍.