Friday, March 29, 2013

ആരോഗ്യവും കരുത്തുമുള്ള കുഞ്ഞുങ്ങള്‍ ............



https://www.facebook.com/echmu.kutty/posts/131880780328603

 ( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 മാര്‍ച്ച് 15  നു  പ്രസിദ്ധീകരിച്ചത്. )

നീന്തല്‍ പഠിക്കാനെത്തിയ പെണ്‍കുട്ടികളോട്  അധ്യാപകന്‍ പറഞ്ഞു.  നിങ്ങള്‍ കൊച്ചു കുട്ടികളെപ്പോലെയല്ല, മധ്യവയസ്ക്കരായ  ആന്‍റിമാരെപ്പോലെയിരിക്കുന്നു.  

കുട്ടികള്‍ തല താഴ്ത്തി.... 

അവരുടെ  അമ്മമാരായ ഞങ്ങളും  സ്വന്തം തലകള്‍ ആകാവുന്നത്ര താഴ്ത്തിപ്പിടിച്ചു. 

വല്ലാതെ  പഴുത്തു പോയ, മാംസളമായ  ചില പഴങ്ങളെപ്പോലെയായിരുന്നു  അമ്മമാരില്‍  പലരും. കരുത്തുള്ള,  ആരോഗ്യമുള്ള സ്ത്രീ ശരീരത്തെക്കുറിച്ച്  മിക്കവാറും  അമ്മമാര്‍ക്ക്  യാതൊരു ധാരണയുമുണ്ടായിരുന്നില്ല.  ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാനനുയോജ്യമായ  ശരീരമാണ് പെണ്‍കുട്ടികള്‍ക്ക്  വേണ്ടതെന്ന് കരുതി  പട്ടിണി കിടക്കാന്‍ പലപാട് പ്രേരിപ്പിച്ചും പട്ടിണി കിടത്തിയുമാണ് പല അമ്മമാരും  പെണ്‍കുഞ്ഞുങ്ങളെ  വളര്‍ത്തിയിരുന്നത്. എന്നിട്ടും   എടീ തടിച്ചി ... എടീ മന്തിപ്പാറു  എന്നും മറ്റുമുള്ള പേരുകള്‍  അമ്മമാരും തങ്ങളുടെ പെണ്‍കുട്ടികളെ സാധിക്കുമ്പോഴെല്ലാം  വിളിച്ചുകൊണ്ടിരുന്നു. 

കുട്ടികള്‍ ഇതെല്ലാം തങ്ങളുടെ   അധ്യാപകനോട്  തുറന്നു  പറയുമെന്ന് അമ്മമാര്‍ ഒരിക്കലും കരുതിയിരുന്നില്ല.  

ഹരിയാനയില്‍ ജീവിച്ച കാലത്താണ്  നീന്തല്‍ പഠിപ്പിച്ചിരുന്ന അവിടത്തുകാരനായ   അധ്യാപകനെ  ഞാന്‍  പരിചയപ്പെട്ടത്. ആണ്‍കുട്ടികളേയും മുതിര്‍ന്ന  പുരുഷന്മാരെയും  മാത്രമല്ല   മുതിര്‍ന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും അദ്ദേഹം നീന്താന്‍ പഠിപ്പിച്ചിരുന്നു. ഞങ്ങള്‍ കുറച്ചു സ്ത്രീകള്‍ പെണ്മക്കളെ നീന്താന്‍ പഠിപ്പിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും ഒരു പുരുഷ അധ്യാപകനെക്കുറിച്ച്  മനസ്സു നിറയെ വിവിധ തരം സംശയങ്ങളില്‍   പെരുത്ത തീവ്ര  ഉല്‍ക്കണ്ഠകളുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍  കണ്ടു മനസ്സിലാക്കുവാന്‍  ഞങ്ങള്‍, കൂട്ടമായി സ്ക്കൂളുകളിലും ചില ക്ലബ്ബുകളിലും മറ്റും പോയി.  സംശയത്തിന്‍റേയും ആധികളുടേയും ഉല്‍ക്കണ്ഠകളുടെയും  പച്ചയും മഞ്ഞയും നീലയുമായ  കണ്ണടകള്‍ ധരിച്ച്  മെലിഞ്ഞു കിളരം കൂടിയ  ആ നീന്തല്‍വിദഗ്ദ്ധനെ ഉറ്റുനോക്കി.  

 കടുത്ത  പുരോഗമനവാദികളെന്ന് ഭാവിക്കുന്നവര്‍  പോലും,  സാധിക്കുമ്പോഴെല്ലാം പെണ്‍വസ്ത്രങ്ങളില്‍ ദൃശ്യമാകുന്ന  പീഡനാഹ്വാനങ്ങളെയും  പ്രേരണകളെയും  പറ്റി തീവ്രമായി  പരവശരാകുന്ന ഈ ആധുനിക  ഹൈ ടെക്  കാലത്ത്  സാധാരണക്കാരനും ഗ്രാമീണനുമായ   കായികാധ്യാപകന്‍റെ  നിലപാടുകള്‍  തികച്ചും വിസ്മയകരമായിരുന്നു.  നീന്തല്‍  വസ്ത്രം ധരിച്ച് പഠിക്കാനെത്തുന്ന തന്‍റെ  വിദ്യാര്‍ഥികളില്‍  അദ്ദേഹത്തിനു സ്ത്രീശരീരവും പുരുഷശരീരവും ദൃശ്യമായില്ല, പകരം ശിഷ്യ ശരീരങ്ങള്‍ മാത്രമേ ദൃശ്യമായുള്ളൂ. വാസ്തവം പറയുകയാണെങ്കില്‍ കുട്ടികളുടെ അമ്മമാര്‍ക്ക്  പോലും  അത്തരമൊരു  മനോഭാവം ഉണ്ടായിരുന്നില്ല. അതായിരിക്കാം എല്ലാ കുട്ടികളും  അദ്ദേഹത്തോട്  സ്വന്തം മനോവിഷമങ്ങളും വേദനകളും മറകളില്ലാതെ  പങ്കുവെച്ചത്.  

സാധാരണയായി  ശരീര ഭംഗിക്കുതകുന്ന തരം വ്യായാമം മാത്രമേ  പെണ്‍കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കപ്പെടാറുള്ളൂ. കരുത്തുള്ള,  ഉറച്ച ശരീരം  ആണ്‍കുട്ടികള്‍ക്കും മേദസ്സില്ലാത്ത ഒതുങ്ങിയ അഴകളവുകളുള്ള ശരീരം പെണ്‍കുട്ടികള്‍ക്കും എന്നതാണല്ലോ ഒരു പൊതുകാഴ്ചപ്പാട്.  മിക്കവാറും കായികാധ്യാപകര്‍  അവരില്‍  സ്ത്രീകളും പുരുഷന്മാരും  ഉള്‍പ്പെടുമെങ്കിലും  ഈ മനോഭാവം  വെച്ചു പുലര്‍ത്തുന്നവരായാണ്  എനിക്ക് തോന്നിയിട്ടുള്ളത്. ഈ  അടുത്ത കാലത്ത്  മഹാരാഷ്ട്രയിലെ ചില അധ്യാപകരുമായി ഇടപഴകാന്‍ അവസരമുണ്ടായത്  എന്‍റെ    തോന്നലിനെ പിന്നെയും ശരി വെക്കുകയായിരുന്നു .  സ്കൂളുകളിലെ ഫിസിക്കല്‍  ട്രെയിനിംഗ് പീര്യഡുകളില്‍ പെണ്‍കുട്ടികള്‍  അനായാസകരമായ വല്ല  ചെറു കളികളിലും ഏര്‍പ്പെടുകയോ  വെറുതെ സിനിമാക്കഥകള്‍ പറഞ്ഞിരിക്കുകയോ ചെയ്യുന്നത് ഒട്ടും അസ്വാഭാവികമായി  വീക്ഷിക്കപ്പെടുന്നില്ല. കൂടുതല്‍ ഓടുന്നത് ചാടുന്നത്  ഒക്കെ സ്ത്രീ ശരീരത്തിനു  വലിയ ഹാനിയുണ്ടാക്കുമെന്ന്  വിളിച്ചു പറയുന്നത്,  ഈയടുത്തയിടയ്ക്കും നമ്മള്‍ കേള്‍ക്കുകയുണ്ടായല്ലോ.  നേരത്തെ, ഇന്ത്യയുടെ അഭിമാനമായ  പി ടി ഉഷയോടും  പ്രൊഫസര്‍ എം കൃഷ്ണന്‍ നായരുള്‍പ്പടെ  അങ്ങനെ പറയുകയും ലേഖനങ്ങള്‍ എഴുതി  ആ വിതണ്ഡവാദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 

നന്നായി ഭക്ഷണം കഴിച്ച് ,   ഉപയോഗിക്കാതിരുന്നാല്‍ കോലംകെട്ടു പോകുന്ന ശരീരമെന്ന യന്ത്രത്തെ എണ്ണയിട്ട്  മിനുക്കും മാതിരി  വ്യായാമം ചെയ്ത്  തികച്ചും സുസജ്ജമാക്കി വെക്കണമെന്ന്  ആ ഗ്രാമീണനായ അധ്യാപകനെപ്പോലെ  തന്‍റെ ശിഷ്യരെ  ഉപദേശിക്കുന്നവര്‍  ഒരു പക്ഷെ, വിരളമായിരിക്കാം. അദ്ദേഹത്തിന്‍റെ   വ്യത്യസ്തമായ വാക്കുകള്‍  ഞാന്‍ മറക്കാത്തതും അതുകൊണ്ടായിരിക്കാം.  

ആണ്‍കുട്ടികളോട്  ആരോഗ്യവും ആത്മവിശ്വാസവുമുള്ളവരായി വളരാന്‍ നിര്‍ദ്ദേശിച്ച  അദ്ദേഹം പെണ്‍കുട്ടികളോട് ആഭരണങ്ങളിലും വസ്ത്രങ്ങളിലും മാത്രം  ഒതുങ്ങുന്ന , പെയിന്‍റു  പൂശിയ  ബൊമ്മകളാവരുതെന്നും ആരോഗ്യവും കരുത്തുമുള്ള ശരീരത്തിന്‍റെയും  മനസ്സിന്‍റേയും  ഉടമകളാവണമെന്നും  പറയാന്‍ മറന്നില്ല.  ചായങ്ങള്‍  പുരട്ടിയ കൃത്രിമ സൌന്ദര്യത്തേക്കാള്‍ കരുത്തിന്‍റേയും  ആരോഗ്യത്തിന്‍റേയും  തിളക്കമാണ് യഥാര്‍ഥത്തില്‍  പെണ്‍കുട്ടികള്‍ക്ക് വേണ്ടത്.  ആരോഗ്യമുള്ള  മനസ്സിന്  അന്തരാളഘട്ടങ്ങളില്‍ മനസ്സാന്നിധ്യം  നഷ്ടപ്പെടുവാന്‍ കൂടുതല്‍ സമയമെടുക്കും. മനസ്സാന്നിധ്യമുള്ളവരെ കീഴ്പ്പെടുത്തുക അത്ര  എളുപ്പവുമാവില്ല. 

 അരക്ഷിതമായ  ആത്മവിശ്വാസമില്ലാത്ത  മനസ്സുള്ള മനുഷ്യരാണ്  സ്വന്തം കേമത്തം എങ്ങനെയെങ്കിലുമൊക്കെ  പ്രദര്‍ശിപ്പിക്കാനായി  ആക്രമിക്കുകയും  ദ്രോഹിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന  സ്വഭാവം വളര്‍ത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം  പറഞ്ഞു. സ്വന്തം പെണ്‍കുഞ്ഞുങ്ങളെ അനേകം  അനാവശ്യമായ വേലിക്കെട്ടുകളില്‍ കുടുക്കി,  ജനിച്ച വീട്ടില്‍  പോലും നിസ്സഹായരും  അനാഥരുമാക്കുന്ന ന്യായവും  ആചാരവും സങ്കല്‍പവും  വിശ്വാസവുമൊക്കെ ഇനിയും നമുക്കാവശ്യമുണ്ടോ  എന്നും അവരെ  ഈ ലോകത്തിന്‍റെ  കാരുണ്യത്തിനു സമര്‍പ്പിക്കാതെ  താന്‍പോരിമയുള്ളവരാക്കി വളര്‍ത്തിക്കൂടെയെന്നും  ആ ഗ്രാമീണനായ അധ്യാപകന്‍ ഞങ്ങള്‍  രക്ഷാകര്‍ത്താക്കളോട് ചോദിക്കാതിരുന്നില്ല.

Sunday, March 24, 2013

ധനം, സ്വത്ത്, സമ്പാദ്യം……പെണ്ണിന്റെ കാര്യമാണ് പറയുന്നത്….


https://www.facebook.com/nattupacha/posts/229608627178782

 ( 2013 മാര്‍ച്ച്  23 ന് നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത് )

സ്ത്രീയ്ക്ക് സ്വന്തം പേരിൽ സ്വത്തുണ്ടാവേണ്ട യാതൊരു കാര്യവുമില്ലെന്ന് അമ്മീമ്മയുടെ അപ്പാവിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അവരുടെ സഹോദരന്മാരും ഈ ബോധ്യത്തിലാണ് വളർന്നതും ജീവിച്ചു പോന്നതും. 

അപ്പാ അഞ്ചോ ആറോ ക്ലാസ്സ് മാത്രമേ പഠിച്ചിരുന്നുള്ളൂ. എന്നാൽ സഹോദരന്മാർ ഉയർന്ന വിദ്യാഭ്യാസം നേടിയവരും ബോംബെയും മദ്രാസും കൽക്കട്ടയും ഡൽഹിയും പോലെയുള്ള വൻ നഗരങ്ങളിൽ ഉന്നതോദ്യോഗം വഹിയ്ക്കുന്നവരുമായിരുന്നു.

സ്ത്രീകളുടെ അവകാശങ്ങളുടെയും ചുമതലകളുടെയും കാര്യത്തിൽ മാത്രം അവർക്ക് തമ്മിൽ ഒരു അഭിപ്രായ ഭിന്നതയുമുണ്ടായിരുന്നില്ല.

അമ്മീമ്മയുടെ ഭർതൃഗൃഹത്തിൽ സ്വത്ത് ഭാഗം വെച്ചപ്പോൾ, മൂവായിരത്തി അഞ്ഞൂറ് രൂപ തങ്ങളുടെ മകൻ അകാരണമായി ഉപേക്ഷിച്ചതുകൊണ്ട് മാത്രം ജീവിതമില്ലാതായിപ്പോയ അമ്മീമ്മയെന്ന പന്ത്രണ്ട് വയസ്സുകാരി മരുമകൾക്ക്  കൊടുക്കുകയുണ്ടായത്രെ. 

അക്കാലത്ത്   അതാരും കേട്ടിട്ടു കൂടിയില്ലാത്ത അതിശയമാണ്. തന്നെയുമല്ല അത് വളരെ വലിയ ഒരു തുകയുമാണ്.  അത്രയും  പണം ഒറ്റയ്ക്കായ  ഒരു സ്ത്രീക്ക്  ഒട്ടും  ആവശ്യമില്ലാത്തതല്ലേ? അതുകൊണ്ട്  ആ പണം പോലും അപ്പാ അമ്മീമ്മയ്ക്കല്ല നൽകിയത്. വന്‍ നഗരങ്ങളില്‍  ജോലിചെയ്തിരുന്ന അപ്പാവിന്‍റെ  ആണ്മക്കൾക്ക് അയച്ച് കൊടുക്കുകയായിരുന്നു. ആണ്മക്കള്‍  വാടക വീടുകളില്‍  ബുദ്ധിമുട്ടി കഴിയുന്നത് അപ്പാവിനു പരമസങ്കടമായി തോന്നി. അവര്‍ക്ക്  എത്രയും പെട്ടെന്ന്  ജോലിയിടങ്ങളില്‍  സ്വന്തം വീടുകളുണ്ടാവണമെന്ന് അദ്ദേഹത്തിനു  ആശയുണ്ടായിരുന്നു. 

മുപ്പതു വയസ്സു  തികഞ്ഞതിനു ശേഷം നിരാഹാരമുള്‍പ്പടെയുള്ള  സമരം ചെയ്ത്  അക്ഷരം പഠിയ്ക്കുകയും ടീച്ചറായി ജോലി നേടുകയും ചെയ്ത അമ്മീമ്മ സ്വന്തം മഠത്തിലെ തീവ്ര വിപ്ലവകാരിയായിരുന്നു.

പിന്നീട്  കുറച്ച്  നാളുകള്‍ക്കു  ശേഷം അപ്പാ അവർക്കായി ഒരു വീട് വാങ്ങിക്കൊടുക്കുവാൻ തീരുമാനിച്ചു. എങ്കിലും ഒരു വ്യവസ്ഥ കൂടി ആധാരത്തിലെഴുതണമെന്ന് ശഠിയ്ക്കുവാൻ അദ്ദേഹം മറന്നില്ല. വീടും പറമ്പും അമ്മീമ്മയുടെ മരണശേഷം സഹോദരന്റെ മകന് സ്വാഭാവികമായി ലഭ്യമാകുമെന്നതായിരുന്നു ആ വ്യവസ്ഥ. അവർ മരിയ്ക്കുവോളം വീടിന്റെയും പറമ്പിന്റേയും ഒരു സൂക്ഷിപ്പുകാരി മാത്രമായിരിയ്ക്കും എന്നർത്ഥം.

അമ്മീമ്മ  സ്വന്തം തുച്ഛ  ശമ്പളം ആ  പറമ്പിനും വീടിനും വേണ്ടി അപ്പാവെ ഏൽപ്പിച്ചിരുന്നു. എന്നിട്ടു പോലും   വീട് അവർക്ക് മാത്രമായി കൊടുക്കാൻ ആ കൈ വിറച്ചു. മനസ്സ് അറച്ചു. ബുദ്ധി മടിച്ചു.

ഒറ്റയ്ക്കായ ഒരു സ്ത്രീയ്ക്ക് എന്തിനാണ് സ്വത്ത് ?

വീട് ഇപ്പോൾ തന്നെ കൊച്ചുമകന്റെ പേരിൽ തീറാധാരം നടത്തിക്കൊള്ളുവാൻ അമ്മീമ്മ പറഞ്ഞു. ഒരു ചങ്ങലയായി ആ വീട് അവർ ആഗ്രഹിച്ചില്ല.

ഭർത്താവുപേക്ഷിച്ച, മക്കളില്ലാത്ത തന്റെ മകളെ അപ്പാ സൂക്ഷിച്ചു നോക്കി. അവളുടെ മുഖത്തെ നിശ്ചയദാർഢ്യവും അഭിമാനവും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ആ വീടും പറമ്പും അമ്മീമ്മയ്ക്ക്  അപ്പാ തീറാധാരം ചെയ്തു കൊടുത്തു.  കഷ്ടിച്ച് എണ്ണൂറു രൂപയായിരുന്നു അദ്ദേഹത്തിന് ആകെ മൊത്തം വന്ന ചെലവ്.  അദ്ദേഹത്തിന്‍റെ ആകെ സ്വത്തില്‍ അതീവ നിസ്സാരത്തിലൊരംശം പോലും ആ വീടിനായി  ചെലവാക്കേണ്ടി  വന്നില്ല.  

വര്‍ഷങ്ങള്‍ക്ക് ശേഷം  അപ്പാ മരിച്ചപ്പോൾ, സ്വന്തം സഹോദരന്മാരുമായി ആ വീടിനു വേണ്ടിയാണ് അമ്മീമ്മയ്ക്ക് കേസ് പറയേണ്ടി വന്നത്. 

അമ്മീമ്മയുടെ അനിയത്തി ജാതിയിൽ താഴ്ന്ന ഒരാളെയാണു വിവാഹം കഴിച്ചത്. ആ വിവാഹത്തിന്റെ പൂർണ ഉത്തരവാദിത്തം സഹോദരന്മാർ അമ്മീമ്മയുടെ തലയിൽ കെട്ടിവച്ചു. അപ്പോൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ഒരു ഗ്രാമത്തിലെ  മുഴുവന്‍  ബ്രാഹ്മണ്യത്തിന്റെയും അഭിമാന പ്രശ്നമായി മാറി.  ഒരു ചെറിയ വീട് വാങ്ങി  ഏകാകിനിയായ മകൾക്ക് മാത്രമായി നൽകിയ അപ്പാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യാനുള്ള അവസരവും   ആണ്മക്കൾക്കങ്ങനെ എളുപ്പത്തില്‍  തുറന്നു കിട്ടി .  അനര്‍ഹമായ സ്വത്ത് നേടിയ അമ്മീമ്മയ്ക്കും  ബ്രാഹ്മണ്യത്തിനു തീരാത്ത മാനക്കേടുണ്ടാക്കിയ അനിയത്തിയ്ക്കും എതിരെയാണു കേസ് നടന്നത്.

സഹോദരന്മാർ ആയിരക്കണക്കിന് രൂപ പ്രതിമാസ വരുമാനമുള്ള ഉന്നതോദ്യോഗസ്ഥരും അ മ്മീമ്മ വെറുമൊരു  സ്കൂൾ ടീച്ചറുമായിരുന്നു. 

പത്താം ക്ലാസ്സും ടി ടി സിയും മാത്രം ജയിച്ച വലിയ ലോകപരിചയമൊന്നുമില്ലാത്ത ഒരു സ്ത്രീ.  കഷ്ടിച്ച്  നൂറ്റമ്പത് രൂപ ശമ്പളം പറ്റിയിരുന്നവള്‍.  അതുവരെ ജീവിച്ചു പോന്ന അപ്പാവിന്‍റെ  എട്ടുകെട്ട്  മഠത്തില്‍  നിന്ന്  ഒരു ദിവസം രാവിലെ ഉടുത്ത സാരിയോടെ  പടിയിറക്കി വിടപ്പെട്ടവള്‍.  ഒരു ഗ്രാമം ഒന്നടങ്കം  വാടക വീടു  നല്‍കാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടും  പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചവള്‍. അതുകൊണ്ടു തന്നെ ഒത്തിരി ശ്രമങ്ങള്‍ക്ക്  ശേഷം   വാടകയ്ക്ക് ലഭിച്ച, ഇടിഞ്ഞു പൊളിഞ്ഞ  വിറകുപുരയില്‍ മനസ്സുറപ്പോടെ  ഒറ്റയ്ക്ക് പാര്‍ത്തവള്‍.

പണത്തിന്‍റെ അതിരില്ലാത്ത ബലം,  അതിന്‍റെ പ്രപഞ്ചം  തുളക്കുന്ന ധിക്കാരം , അതിനോടുള്ള  ഉപാധികളില്ലാത്ത  ആര്‍ത്തി ഇതെല്ലാം എന്തെന്ന് എനിക്ക് ആദ്യമായി ബോധ്യമാക്കിത്തന്നത്   ഈ അവസാനിക്കാത്ത സിവില്‍ കേസിന്‍റെ  നൂലാമാലകളാണ്.  പണമില്ലാത്തവരുടെ  ഒടുങ്ങാത്ത  ദൈന്യവും ആര്‍ക്കും പിച്ചിച്ചീന്താവുന്ന  അവരുടെ ഗതികെട്ട അഭിമാനവും എന്‍റെ കണ്‍മുന്നില്‍  സദാ ദയനീയമായി വെളിപ്പെട്ടു  നിന്നു.   സഹോദരിമാര്‍ക്കെതിരെയും മരിച്ചു പോയ അപ്പാവിനെതിരേയും ആ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ രക്തബന്ധമെന്ന  എടുത്താല്‍  പൊങ്ങാത്ത  തമാശയെ എനിക്കു കാട്ടിത്തരികയായിരുന്നു . മനുഷ്യ മനസ്സിന്‍റെ  അതിക്രൂരമായ  കൌടില്യവും  കള്ളത്തരങ്ങളോടുള്ള  അതിന്‍റെ  സ്വാഭാവികമായ താദാത്മ്യവും എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളത്.  
  
നല്ല പ്രാക്റ്റീസും ഇഷ്ടം പോലെ വരുമാനവുമുള്ള പൂണൂല്‍ധാരിയായ ആഢ്യ ബ്രാഹ്മണനും അമ്മീമ്മയുടെ അടുത്ത  ബന്ധുവും  കൂടിയായ  വക്കീല്‍,  കേസു വാദിക്കാന്‍ ഫീസായി ആവശ്യപ്പെട്ടത് ആയിരം രൂപയായിരുന്നു. അമ്മീമ്മ ഞടുങ്ങിയതിനെപ്പറ്റിയും   അവരുടെ ശരീരം ചെറുതായി വിറ പൂണ്ടതിനെപ്പറ്റിയും വളരെ നാളുകള്‍ക്കു ശേഷം  പാറുക്കുട്ടിയാണ് എന്നോട്  വിശദീകരിച്ചത്.  ഒരു നിമിഷം ഒന്നു പതറിയെങ്കിലും  ഉറച്ച സ്വരത്തില്‍ അവര്‍ പറഞ്ഞുവത്രെ.

നാന്‍ തരുവേന്‍.  രൂപാ മുഴുവന്‍ തരുവേന്‍.
 
എവിടുന്ന് കൊടുക്കുമെന്നാണ് ? ആയിരം രൂപ വലിയൊരു സംഖ്യയല്ലേ

എന്തായാലും തളരാതെ അവര്‍ കേസു മുന്നോട്ടു കൊണ്ടു പോയി.   ഒച്ചിനേക്കാള്‍  പതുക്കെ  ഇഴയുന്ന നമ്മുടെ  ജുഡീഷ്യറിയുടെ ഭാരിച്ച പല്‍ച്ചക്രങ്ങള്‍ക്കടിയില്‍ പെട്ടു വീര്‍പ്പുമുട്ടിക്കൊണ്ട്,  വിശ്വാസത്തോടെ ആശ്രയിക്കാന്‍ ഭര്‍ത്താവിന്‍റെയോ മകന്‍റേയോ ചുമലുകളില്ലാതെ തികച്ചും  ഏകാകിനിയായ ഒരു സ്ത്രീ നടത്തിയ സമരം. ആ നീണ്ട  സമരത്തില്‍  കോടതികളും വക്കീലുമാരും പലവട്ടം   മാറുകയും അവരുടെ ഫീസിലും അമ്മീമ്മയുടെ  ശമ്പളത്തിലും വ്യത്യാസമുണ്ടാവുകയും ചെയ്തു. 

അങ്ങനെ കീഴ്ക്കോടതിയും ജില്ലാ കോടതിയും  ഒത്തിരിത്തവണ കയറിയിറങ്ങി,  പല വക്കീല്‍ ഓഫീസുകളില്‍ നിരന്തരമായി  തപം ചെയ്തതിനു ശേഷം, വിധിക്കു കാത്തു നിന്ന  അമ്മീമ്മയോട്  ഒടുവില്‍ ബഹുമാനപ്പെട്ട  ഹൈക്കോടതി  പറഞ്ഞു.

വീട് അമ്മീമ്മയുടേതാണ്. അത് അവര്‍ക്ക് തോന്നും പടി കൈകാര്യം ചെയ്യാം. മുറിച്ച് കഷ്ണമാക്കി അടുപ്പത്തിട്ട് വേവിക്കുകയോ , വലിയ ഒരു  കുഴി കുത്തി കുഴിച്ചിടുകയോ ഇടിച്ചു പൊടിച്ച്  കടലില്‍  കലക്കുകയോ ആവാം. ഈ  മഹാപ്രപഞ്ചത്തില്‍ ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല.

വിധി കേട്ട ദിവസം  എന്നേയും അനിയത്തിയേയും ചേര്‍ത്തു പിടിച്ചുകൊണ്ട്  അമ്മീമ്മ പൊട്ടിക്കരഞ്ഞു.  അതിനു ശേഷമോ അതിനു മുന്‍പോ  അവര്‍  അങ്ങനെ കരയുന്നത് ഞങ്ങള്‍  കണ്ടിട്ടുണ്ടായിരുന്നില്ല.

 കേസുമായി ബന്ധപ്പെട്ട എല്ലാ  പ്രശ്നങ്ങളും ഒതുങ്ങിയപ്പോഴേക്കും അമ്മീമ്മയുടെ  സമരം  നീണ്ട മുപ്പതു വര്‍ഷം പിന്നിട്ടിരുന്നു.  

ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മിച്ചത് എന്തിനാണെന്നാണോ?  
  
സ്ത്രീകളുടെ പല തരം  അവകാശങ്ങള്‍  ,  സമത്വം,  സ്വാതന്ത്ര്യം  എന്നൊക്കെയുള്ള വേണ്ടാതീനങ്ങള്‍  പറഞ്ഞ്  പുരുഷന്മാരെ കണക്കില്ലാതെ   ബുദ്ധിമുട്ടിക്കുന്ന  സ്ത്രീകളെ പാഠം പഠിപ്പിക്കാന്‍, നിലയ്ക്ക്  നിറുത്താന്‍ പല പല നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കപ്പെടുന്നത്  വായിച്ചു പോകുകയായിരുന്നു.....ഞാന്‍ . ഈയിടെ  ഒരു ദിവസം  ഇന്‍റര്‍നെറ്റില്‍... 

അപ്പോള്‍ ഒരാള്‍ എഴുതിയിരിക്കുന്നത്  വായിക്കാനിടയായി.   തൊണ്ണൂറു ദിവസം  ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക്  അഞ്ചു പൈസ  ചെലവിനു  കൊടുക്കാതിരുന്നാല്‍  മതി. എല്ലാ പണവും സ്വത്തും അധികാരവും കഴിവും   പുരുഷന്മാര്‍  സ്വന്തം സുഖങ്ങള്‍ക്കായി ചെലവാക്കിയാല്‍ മതി.    സമസ്ത പെണ്ണുങ്ങളും പട്ടിണി  കിടന്നും   കിടക്കാനിടമില്ലാതെയും  തുണിയുടുക്കാനില്ലാതെയും   നരകിച്ച്  നരകിച്ച്   ശരിക്കും ഒരു പാഠം  പഠിക്കും....

എത്ര പേര്‍ അനുകൂലിച്ചു സംസാരിച്ചുവെന്ന്  വായിച്ചു നോക്കാന്‍  ഞാന്‍ ശ്രമിച്ചില്ല.



Thursday, March 21, 2013

ദൈവം പ്രസാദിച്ചു വരം തരണമെന്ന്....


https://www.facebook.com/echmu.kutty/posts/407462529349424

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 മാര്‍ച്ച്  8   നു  പ്രസിദ്ധീകരിച്ചത്. )

ഇക്കഴിഞ്ഞ ഫെബ്രുവരി  26 ന്  ആയിരുന്നു അഖില ലോക പ്രശസ്തമായ  ആറ്റുകാല്‍ പൊങ്കാല. പല തരത്തില്‍  കണ്ണഞ്ചിക്കുന്ന താരപ്രഭയുള്ളവരും,  പല തരം പോയിട്ട്  ഒരു തരത്തിലും യാതൊരു  പ്രഭയുമില്ലാത്തവരുമായ  മുപ്പത്തഞ്ച്  ലക്ഷം സ്ത്രീകള്‍ തിരുവനന്തപുരത്തെയാകമാനം  പിടിച്ചെടുത്തുകൊണ്ട്  ഇഷ്ടവരദായിനിയായ ആറ്റുകാല്‍  ദേവിയെ  പ്രാര്‍ഥിച്ച്   മണ്‍കലങ്ങളില്‍ പൊങ്കാല  നേര്‍ച്ചയിട്ടു.  കുടിവെള്ളമെത്തിക്കുന്ന പൈപ്പ് നാലിടത്ത്  പൊട്ടിയതുകൊണ്ട്  മെഡിക്കല്‍ കോളേജിലുള്‍പ്പടെ  ശസ്ത്രക്രിയകള്‍  നിറുത്തിവെക്കുകയും  ഏതാണ്ട്  അറുപതു മണിക്കൂറോളം  കുടിവെള്ളമില്ലാതെ  തലസ്ഥാന നഗരം  ദാഹിച്ചു പൊരിയുകയും ചെയ്തെങ്കിലും , പൊങ്കാല മഹോല്‍സവത്തി നെ ഈ ബുദ്ധിമുട്ട്  തരിമ്പും ബാധിച്ചില്ല.  വിവിധ  സംഘടനകളുടെ നേതൃത്വത്തില്‍ തികച്ചും കാര്യക്ഷമമായി  നടത്തപ്പെട്ട അന്നദാനവും കുടിവെള്ള വിതരണവും തന്നെയാവണം  അതിനു  കാരണം.  ജാതിമതഭേദമെന്യേ എല്ലാ ആരാധനാലയങ്ങളും പൊങ്കാലയര്‍പ്പിക്കാനെത്തിയ സ്ത്രീകള്‍ക്ക്  എല്ലാ  സഹായസഹകരണങ്ങളും ഒരു ലോഭവുമില്ലാതെ   നല്‍കുകയുണ്ടായി.  പൊങ്കാലയ്ക്കു ശേഷം എല്ലാ അവശിഷ്ടങ്ങളും  റെക്കോര്‍ഡ്  സമയത്തിനുള്ളില്‍  കുഴിച്ചു മൂടി  നഗരത്തെ തീര്‍ത്തും മാലിന്യമുക്തമാക്കിയ നഗരസഭയുടെ  സേവനവും  അതീവ സ്തുത്യര്‍ഹമായിരുന്നു.   അവിടവിടെ ഉണ്ടായ മാല പൊട്ടിക്കല്‍  പോലെയുള്ള ചുരുക്കം  ചില അത്യാഹിതങ്ങളൊഴിച്ചാല്‍  എല്ലാം ഭംഗിയായി  പര്യവസാനിച്ചു എന്നര്‍ഥം. 

അധിക  ശതമാനം സ്ത്രീകളും  എന്താവും ദേവിയോട് പ്രാര്‍ഥിച്ചിട്ടുണ്ടാവുക?  എന്‍റെ  കുട്ടികള്‍ക്കും ഭര്‍ത്താവിനും  നല്ലതു  മാത്രം വരുത്തണേ,  ഞങ്ങളുടെ ജീവിതത്തില്‍  ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുത്തരുതേ,  നല്ല വീടുണ്ടാവണേ,  ധനമുണ്ടാവണേ, വീട്ടിലെല്ലാവര്‍ക്കും സദ്ബുദ്ധിയുണ്ടാക്കിത്തരണേ എന്നൊക്കെയാവും.  ഇതിപ്പോള്‍ ഏതു  ജാതിമതത്തില്‍ പെട്ട  സ്ത്രീകളായാലും ഇമ്മാതിരിയൊക്കെത്തന്നെയാവില്ലേ  പ്രാര്‍ഥിക്കുന്നത്?  രീതികളിലും ഭാഷയിലും  വ്യത്യാസമുണ്ടാവുമെങ്കിലും  ലോകമെമ്പാടുമുള്ള  ആകെ മൊത്തം  പെണ്‍പ്രാര്‍ഥനകളില്‍ അധിക  പങ്കും ഇങ്ങനെയൊക്കെ തന്നെയായിരിക്കണം.  അല്ലാതെ  മരം വെട്ടാനും മണലൂറ്റാനും  മന്ത്രിയാവാനും  തന്ത്രിയാവാനും ആയുധ വില്‍പനക്കും  ഒക്കെ എന്നെ സഹായിക്കണേ ദൈവമേ എന്നൊന്നും പ്രാര്‍ഥിക്കുന്നത്  സ്ത്രീകള്‍ക്ക്   അത്ര എളുപ്പമല്ലല്ലോ. 

സ്വന്തം വ്യക്തിപരമായ ലാഭങ്ങള്‍ക്കു  വേണ്ടിയല്ലാതെ, ഒരു പൊതുകാര്യത്തിനുവേണ്ടി  പ്രാര്‍ഥിക്കുവാനോ  വ്രതം നോല്‍ക്കുവാനോ   മനുഷ്യര്‍  തയാറാവുമോ  എന്ന  സംശയം  പല തരം  ആരാധനാലയങ്ങള്‍  സന്ദര്‍ശിച്ചിട്ടുള്ള, സന്ദര്‍ശിക്കാറുള്ള   എനിക്ക് എപ്പോഴുമുണ്ടാകാറുണ്ട് .  പൊതുകാര്യം പോകട്ടെ,  തൊട്ടയല്‍പക്കത്തുകാരനു   വീടുണ്ടാവാനോ അയാളുടെ കട  ബാധ്യതകള്‍  തീരാനോ പോലും  അധികം  ആരും വ്രതം നോല്‍ക്കുകയും  ആരാധനാലയങ്ങളില്‍  പോയി  പ്രാര്‍ഥിക്കുകയും  ചെയ്യാറില്ല .  മനുഷ്യര്‍ കൂടുതല്‍  കൂടുതല്‍  ദൈവത്തോട്  യാചിക്കുന്നത്  ഞാന്‍, എന്‍റെ  എന്ന വികാരം മാത്രം  അവരെ അടിമുടി  കീഴ്പ്പെടുത്തുമ്പോഴായിരിക്കുമോ?

ഈ വിചാരങ്ങളെല്ലാം  മനസ്സിലുണ്ടായിരുന്നതു  നിമിത്തമാണ്   കൂടംകുളത്തു നിന്നെത്തി  ആറ്റുകാലമ്മയ്ക്ക്  പൊങ്കാലയിട്ട, സമരോല്‍സുകരായ ആ  സ്ത്രീകളെ ഒരേ സമയം  അല്‍ഭുതത്തോടെയും എന്നാല്‍  തികഞ്ഞ വേദനയോടെയും മാത്രം  വീക്ഷിക്കേണ്ടി വന്നത് . തിരുവനന്തപുരത്ത് ദുഷ്ടജന ശിക്ഷകയും  ആശ്രിത വല്‍സലയുമായ  ഒരു  അമ്മനുണ്ടെന്നു കേള്‍വിപ്പെട്ട്  വന്നിരിക്കുകയാണവര്‍. അവരുടെ തികച്ചും ന്യായമായ  സമരത്തെ  അടിച്ചമര്‍ത്തുന്ന ഭരണാധികാരികള്‍ക്ക്  നല്ല ബുദ്ധികൊടുത്ത് ഈ  അണു ഉലൈയില്‍ നിന്ന്  അമ്മന്‍ അവരെയും അങ്ങനെ നമ്മുടെ രാജ്യത്തിനെ തന്നെയും  കാപ്പാത്തണമെന്നാണ്  ആ സ്ത്രീകളുടെ  പൊങ്കാല നേര്‍ച്ചയും പ്രാര്‍ഥനയും.
  
അണു ഉലൈ  വേണ്ടാം വേണ്ടാം എന്ന് ആണവ നിലയത്തിന്  എതിരേ  നിരന്തരമായി സമരം ചെയ്യുകയും പോലീസിനാല്‍ ദയാലേശമെന്യേ വേട്ടയാടപ്പെടുകയും ലോക്കപ്പുകളില്‍  പലവട്ടം പൂട്ടിയിടപ്പെടുകയും ചെയ്തിട്ടുള്ള ആ സ്ത്രീകള്‍  അവരുടെ  ബോധ്യങ്ങളില്‍  ഉറച്ചു   നില്‍ക്കുമ്പോഴും തികച്ചും നിസ്സഹായരും ഒറ്റപ്പെട്ടവരുമാണ്.  അവരുടെ സമരവും വേദനയും  കൂടംകുളത്തു നിന്ന് കഷ്ടിച്ച്  നൂറു കിലോ മീറ്റര്‍  ഇപ്പുറത്തുറങ്ങുന്ന തിരുവനന്തപുരത്തിനു പോലും  ഒരു ഉല്‍ക്കണ്ഠയാകുന്നില്ല.   കൂടംകുളത്ത്  എന്തെങ്കിലും  ആണവ ദുരന്തമുണ്ടാകുന്ന പക്ഷം, തിരുവനന്തപുരം എത്ര ഭീകരമായി വിലകൊടുക്കേണ്ടി വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍  പോലും സാധിക്കുകയില്ലെങ്കിലും  കൂടംകുളത്തെ എല്ലാവരും  ബോധപൂര്‍വം  മറന്നു കളയുന്നു.  പകരം വൈദ്യുതി, വികസനം  എന്നു ജപിക്കുന്നു.  ഭാവിതലമുറകളെ  കൂടി കൊലയ്ക്കു കൊടുക്കുന്ന വിധമായിരിക്കണമോ വൈദ്യുതിയും വികസനവും നേടേണ്ടത് എന്ന ചോദ്യം  അധികം ആരേയും  സ്വപ്നത്തില്‍  പോലും അലട്ടുന്നില്ല.  

ആരുമില്ലാത്തവര്‍ക്ക്  ദൈവം തുണയെന്ന് ഞാന്‍  ചെറുപ്പം മുതലേ കേട്ടു  പഠിച്ചിട്ടുണ്ട്.   അങ്ങനെയാണെങ്കില്‍ നമ്മള്‍ മനുഷ്യര്‍  ബോധപൂര്‍വം  അനാഥരാക്കി തീര്‍ക്കുന്നവരെ പരിഗണിക്കാതെ   നമുക്ക് ആശിക്കുന്നത്രയും  വൈദ്യുതിയും വികസനവും  പുരോഗതിയും  ഇഷ്ടം പോലെ  നല്‍കുവാന്‍ ദൈവത്തിനു സാധിക്കുമോ

അങ്ങനെ സാധിക്കുകയില്ല  ദൈവത്തിനെന്ന് പൊങ്കാലയിട്ട്  പ്രാര്‍ഥിച്ച  കൂടംകുളത്തുകാര്‍  സ്ത്രീകളെപ്പോലെ  ഞാനും കരുതുന്നു.