ഇക്കഴിഞ്ഞ
ദിവസങ്ങളിലെ നെടുങ്കന്‍ ട്രെയിന്‍
യാത്രകളിലൊന്നിലാണ് അസാധാരണമായ അഭൂതപൂര്‍വമായ ആരാധനാ പരിവേഷത്തോടെ ഞാനൊരു മോഷ്ടാവിനെപ്പറ്റി
കേട്ടത്. വടക്കു നിന്നെത്തിയ ഒരു ഹൈ ടെക് കള്ളന്‍...... അയാള്‍ കക്കാന്‍ കയറിയ വിധം, ക്യാമറയെ നോക്കി പുഞ്ചിരിച്ച വിധം, ഏറ്റവും ആധുനികമായ സുരക്ഷിതത്വ സംവിധാനങ്ങളെ തീര്‍ത്തും
പരിഹസിച്ചുകൊണ്ട് മോഷ്ടിച്ച വിധം എന്ന്
വേണ്ട ആ പെരും കള്ളന്‍റെ മോഡസ് ഓപ്പറാന്‍ഡിയെപ്പറ്റി
മനസ്സിലാക്കാന്‍ പ്രയാസം തോന്നിയ ഒരു
തരം ആരാധനയോടെ സഹയാത്രികര്‍ വിസ്തരിച്ച് സംസാരിച്ചു. അഭ്യസ്തവിദ്യരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായിരുന്നു അവരെല്ലാവരും തന്നെ. അയാളുടെ
ജന്മസ്ഥലം, പഠിച്ച സ്കൂള്‍,
ചെറുപ്പത്തിലേ മോഷണത്തില്‍ പ്രദര്‍ശിപ്പിച്ച അനുപമമായ കഴിവ് , ഉണ്ടാക്കിയ കോടിക്കണക്കിനു രൂപയുടെ കളവു മുതലുകള്‍ എന്നു തുടങ്ങി ആകാവുന്നത്ര വിശദ വിവരങ്ങള്‍ സഹയാത്രികര്‍
ആവേശത്തോടെ കൈമാറി. സാധാരണ തല്ലിപ്പൊളി കള്ളന്മാരെപ്പൊലെ ദാരിദ്ര്യം കൊണ്ട്
മോഷ്ടിക്കാന്‍ ഇറങ്ങിയതല്ല,
പകരം സുഖമായി ആഡംബരത്തോടെ
കഴിയാന്‍ വേണ്ടി മോഷ്ടാവായതാണത്രെ, ബണ്ടി
ചോര്‍. അയാളുടെ കഥ ഒട്ടനവധി സിനിമകള്‍ക്ക് പ്രേരണയായിട്ടുണ്ട് പോലും. ചെറിയ താടിയും വിഷാദം തുളുമ്പുന്ന കണ്ണുകളുമുള്ള
ഒരു ചെറുപ്പക്കാരന്‍, കാമുകി വഞ്ചിച്ചതാണ് ബണ്ടിചോര്‍
കള്ളനായി തീരാന്‍ കാരണമെന്നും അല്ലെങ്കില്‍ ഇത്ര മിടുക്കുള്ള അയാള്‍ ഒന്നാന്തരമൊരു
ഡിറ്റക്ടീവായി തീരുമായിരുന്നെന്നും പറഞ്ഞു. ഇനിയുമൊരാള്‍ ബണ്ടിചോറിനെ പോലീസ്
ഡിപ്പാര്‍ട്ടുമെന്‍റില്‍ ഉടനടി നിയമിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. സ്ത്രീകള്‍
വഴി പിഴച്ചു പോകുന്നതോ അശ്ലീല സിനിമ കാണുന്നതോ പോലെയുള്ള അതിഘോരമായ തെറ്റുകള്‍
ബണ്ടിചോറിനു സഹിക്കാന്‍ പറ്റുമായിരുന്നില്ലെന്ന് അറിയിച്ച മധ്യവയസ്ക്കന് വിമന്‍സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ബണ്ടിചോര്‍ ഭംഗിയായി ഭരിക്കുമെന്നതില്‍
സംശയമേതുമുണ്ടായിരുന്നില്ല. കോടിക്കണക്കിനു രൂപയുടെ കളവു കാണിച്ച ശബരിനാഥ് കേരള
മുഖ്യമന്ത്രിയാവാന്‍ സര്‍വഥാ യോഗ്യനാണെന്ന് അക്കാലത്ത് അഭിപ്രായപ്പെട്ടിരുന്നവരുടെ
ഒരു പ്രതിനിധിയായി തോന്നിച്ചു ഈ മധ്യവയസ്ക്കന്‍. തെളിവെടുപ്പിനു കൊണ്ടു വന്നപ്പോള്‍
വീട്ടുടമയോട് ഐ ആം സോറി എന്ന് പറയാനുള്ള മര്യാദ കാണിച്ചു ബണ്ടി ചോറെന്ന്
ഇംഗ്ലീഷിന്‍റെ അതിപ്രസരമുള്ള മലയാളത്തില്‍ ഒരു യാത്രക്കാരി തന്‍റെ നിരീക്ഷണം പങ്കുവെച്ചു.
മാധ്യമങ്ങള്‍ക്ക്
അവ അച്ചടിയോ ഇലക്ട്റോണിക്കോ ആവട്ടെ,
ഒരു കുപ്രസിദ്ധ മോഷ്ടാവിനെപ്പറ്റി
ഇത്രയേറെ വിവരങ്ങള്‍ നല്‍കാന്‍ ആവുന്നതിന്‍റെ താല്‍പര്യമെന്താണ്? വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും രുചിക്കുന്ന
വിഭവങ്ങള്‍ ആണ് ഞങ്ങള്‍ വിളമ്പുന്നതെന്നാണല്ലോ പൊതുവേ എല്ലാകാലത്തും മാധ്യമഭാഷ്യം. അങ്ങനെയാണെങ്കില്‍
ഒരു ജനതയെന്ന നിലയില്‍ പെരുംകള്ളന്മാരേയും കുറ്റവാളികളേയും ആരാധിക്കുന്ന മനസ്സാണോ
നമ്മുടേത്? എല്ലാത്തരം അധമകൃത്യങ്ങളെക്കുറിച്ചും
നെടുനെടുങ്കന്‍ ചര്‍ച്ചകള്‍ ചെയ്ത് , ഒരു
കാഴ്ചക്കാരന്‍റെ നിസ്സംഗതയോടെ അക്രമങ്ങളെയും അധമകൃത്യങ്ങളെയും നോക്കി നില്‍ക്കുക മാത്രം ചെയ്യുന്നവരാണോ നാം?
രാജ്യത്ത്
നടമാടുന്ന ഒട്ടനവധി അനീതികളും അക്രമങ്ങളുമുണ്ട്. അവയിലെ ക്രൂരമായ തീച്ചക്രങ്ങളില്‍
കുടുങ്ങിപ്പിടഞ്ഞ് രക്തമൊലിപ്പിക്കുന്നവരും ജീവന്‍ വെടിയുന്നവരുമായ സഹോദരങ്ങള്‍, ചുരുങ്ങിയ തോതിലാണെങ്കിലും തളരാതെ, തോറ്റു കൊടുക്കാതെ സമരങ്ങള്‍ നയിക്കുന്നവരും
മുന്നോട്ടു കൊണ്ടു പോകുന്നവരുമായ വെറും സാധാരണക്കാര്‍.......... അവരില്‍ ആരെപ്പറ്റിയും നമുക്കറിയില്ല.
പന്ത്രണ്ട് വര്‍ഷമായി
AFSPA യ്ക്കെതിരേ നിരാഹാരം കിടക്കുന്ന സഹോദരി ഏതു
സ്കൂളില്‍ പഠിച്ചുവെന്ന് നമുക്കറിയില്ല. ഉയര്‍ന്ന
ജാതിക്കാര്‍ നടവഴികളടച്ച് കെട്ടിയുയര്‍ത്തിയ മതിലില്‍ കയറി വീഴാതെ ഞാണിന്മേല്‍
കളിച്ച് സ്കൂളില്‍ പോകേണ്ടി വരുന്ന താഴ്ന്ന ജാതിക്കാരായ പിഞ്ചു കുട്ടികളെക്കുറിച്ച്
നമ്മള്‍ ആലോചിക്കാറില്ല. രണ്ട് രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കാന്‍
പരിശ്രമിക്കുന്നയാളുടെ പ്രയത്നത്തെ പറ്റി സ്ത്രീകള്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല. സ്ത്രീകള്‍ മൂടി മറയ്ക്കാത്തതുകൊണ്ട്
പീഡനം നടക്കുന്നുവെന്ന് എല്ലാവരും എല്ലായ്പ്പോഴും പറഞ്ഞുറപ്പിക്കുന്ന നമ്മുടെ
നാട്ടില്‍ വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ ജയിലുകളില്‍ അടയ്ക്കപ്പെടുന്ന
സ്ത്രീകളുമുണ്ടെന്ന് നമ്മള്‍
മനസ്സിലാക്കുന്നില്ല. സാധാരണ ജനങ്ങള്‍ക്ക് ദിവസത്തില്‍ മൂന്നു മണിക്കൂര്‍ മാത്രം വൈദ്യുതി ലഭ്യമാവുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടെന്നത് നമുക്കൊരു
ഉല്‍ക്കണ്ഠയല്ല. ജീവിതമാര്‍ഗവും കാടും
കരയും കടലും ആകാശവും നഷ്ടപ്പെടുത്താതിരിക്കാന്‍ ഏതു തരം പ്രതിബന്ധത്തിനു മുന്നിലും തളരാതെ വര്‍ഷങ്ങളോളം സമരം ചെയ്യുന്ന
സാധാരണക്കാരന്‍ വെറും കള്ളനാണെന്നും അയാള്‍ക്ക് വൈദേശിക സഹായം
ലഭ്യമാകുന്നുണ്ടെന്നും പറയാനും പ്രചരിപ്പിക്കാനും
അതു തൊണ്ട തൊടാതെ വിഴുങ്ങാനും നമ്മള്‍
തയാറാണ്.
അക്രമങ്ങളിലും
മോഷണങ്ങളിലും പങ്കെടുക്കുന്നവരേയും
ചെയ്യുന്നവരേയും കുറിച്ച് പൊടിപ്പും
തൊങ്ങലും വെച്ച് എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുന്നതു പോലെ എല്ലാത്തരം അക്രമങ്ങള്‍ക്കെതിരേയും
സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെക്കുറിച്ച് എഴുതാനും ചിത്രീകരിക്കാനും നമ്മുടെ
മാധ്യമങ്ങളും വലിയ താല്‍പര്യം
കാണിക്കാറില്ല. കാരണം അങ്ങനെ എഴുതാത്തതിന്‍റെ പേരില്‍ ജനങ്ങള്‍ ഒരു മാധ്യമത്തേയും ഇന്നുവരെ തങ്ങളുടെ പടിക്കു
പുറത്താക്കിയിട്ടില്ലല്ലോ
കള്ളന്മാരുടേയും
കുറ്റവാളികളുടേയും കഴിവുകളെക്കുറിച്ച് രോമാഞ്ചം കൊള്ളുന്ന ജനതയെ കൂടുതല്‍ വലിയ
കള്ളന്മാരും കൂടുതല്‍ വലിയ കുറ്റവാളികളും കീഴടക്കിയാല്‍ അതില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല.
രോമാഞ്ചത്തിന്‍റെ സുഖദമായ ലഹരി മുന്നില്‍
നിവരുന്ന അപകടത്തെ എല്ലായ്പോഴും മറച്ചു പിടിക്കാറല്ലേയുള്ളൂ.
26 comments:
ഇന്ന് എന്ത്വിവാദമാവണമെന്നും ആര്ഒക്കെ പ്രസക്തിനെടുംമെന്നും ആരൊക്കെ കുപ്രസിദ്ധിയില്‍ എത്തുമെന്നും തീരുമാനിക്കുന്നത് മാധ്യമങ്ങളാണ് .
അവനവന്റെ ഉള്ളിലെ ചോട്ടാ കള്ളന്മാര്‍ക്ക് പെരിയ കള്ളനോട് തോന്നിയ ആരാധന.. ഹ.. ഹ..
ബണ്‍ടി ചോര് കയറിയ വീടിരിക്കുന്ന ജില്ലയില്‍ താമസ്സിക്കാന്‍ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യം...
ആരാധന...ആരാധന.
കൊച്ചുണ്ണിയെ ആരാധിച്ച നാടല്ലെ നമ്മുടെ
മാധ്യമങ്ങള്‍ ക്ക് സമൂഹത്തിനോട് ഉണ്ടാവേണ്ട കടപ്പാട് എന്ന് പറയുന്ന സാധനം ഇന്നില്ല അത് കൊണ്ട് തന്നെ ഇത്തരം പ്രസക്തമല്ലാത്ത വിഷയങ്ങളെ ചര്‍ച്ച ചെയ്തു പ്രചരിപ്പിച്ചു അനാവശ്യം മാനം നല്‍കുന്നു, അവരുടെ ലക്‌ഷ്യം അവരുടെ മാര്കെട്ടിംഗ് മാത്രമാണ്
മസാലക്ക് ഗുണമോന്നുമില്ലങ്കിലും അതിട്ടാലല്ലേ ആഹാരം ചിലവാകൂ
ചാനല്‍ക്കടകളില്‍ എല്ലാം ഇപ്പോള്‍ മസാലച്ചോറു മാത്രമേ ഉള്ളു
ആശംസകള്‍
രാഷ്ട്രീയകക്ഷികളായാലും,മറ്റേതൊരു സംഘടനകളായാലുംസംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവരവരുടെ കൂടാരങ്ങളിലേക്ക് സഹര്‍ഷം എതിരേറ്റുകൊണ്ടുവരുന്നത് പ്രൌഢിയോടെ ഉയരങ്ങളില്‍ താരശോഭയോടെ വിലസിയിരുന്നവരെയാണ്.ആശയവും,ആദര്‍ശവും നിഷ്കാമകര്‍മ്മവും ഇന്നത്തെ സമൂഹത്തിന് അന്യമായി വരികയാണല്ലോ!അധികാരികള്‍ ആരായാലെന്താ,എന്തായാലെന്താ എന്ന ചിന്താഗതി...!അത് അപകടത്തിലേക്കാണ്!!!,..!സ്വാര്‍ത്ഥികള്‍ പെരുകുകയും,ആദര്‍ശശാലികളായവര്‍ നിഷ്പ്രഭരാകുകയും ചെയ്യുന്ന അവസ്ഥാവിശേഷം.
ബണ്‍ടി ചോര്‍ ആരാധന ഉദാഹരണം!
എത്ര എത്ര.....ഇനിയും നമുക്കായി..........
ആശംസകള്‍
നമ്മുടെ ചിന്തകളും , കാഴ്ചപാടുകളും , ഇഷ്ടങ്ങളുമൊക്കെ മാറി പൊയീ ..
അല്ലെങ്കില്‍ ആരൊക്കെയോ മാറ്റി മറിച്ചു നമ്മളേ ...
അതില്‍ മാധ്യമങ്ങള്‍ക്ക് ശക്തമായ പങ്കുണ്ട് എന്നത് സത്യം തന്നെ ..
നല്ലത് ചെയ്യുന്നവരെ , നല്ലതിലേക്ക് നടക്കുന്നവരെ ,
നമ്മുക്ക് വേണ്ടി പ്രയത്നിക്കുന്നവരെ ഓര്‍ക്കുവാന്‍ പൊലും
നാം ശ്രമിക്കാറില്ല , അതിന് വെളിച്ചമേകേണ്ട മാധ്യമങ്ങള്‍
ഒരു ദിവസത്തെ അന്തി തിരി പൊലെ അന്നു തന്നെ കെടുത്തും ..
സ്വാര്‍ത്ഥ ലാഭങ്ങളോ , മറ്റ് പലവിധ ഗുണങ്ങളൊ മുന്നില്‍
കണ്ടാണൊരൊ വാര്‍ത്തകളും മറക്കുന്നതും , വെളിച്ചം കാണുന്നതും ..
ചില വീര കൃത്യങ്ങള്‍ ഈയിടായീ പൊലിപ്പിച്ച കാണിക്കുന്നുണ്ട് .
ഏത് അധര്‍മ്മത്തിനും മേലേ , ചില നന്മകളേ കൂട്ടി ചേര്‍ത്ത്
കറുപ്പിനേ വെളുപ്പാക്കുന്ന ഒരു പ്രവണത കൂടി വരുന്നു ...
( പിന്നേ നമ്മുടെ ഭരണ കസേരകളില്‍ ഇരിക്കുന്ന വലിയ കള്ളന്മാരെ
വച്ച് നോക്കുമ്പൊള്‍ , ബണ്ടി നല്ലൊരു കള്ളന്‍ തന്നെ , അദ്ധ്വാനിക്കുകയെങ്കിലും
ചെയ്യുന്നല്ലൊ )
മാധ്യമങ്ങളും പൊതുജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളൂമേതെന്നു നോക്കുക,പിന്നെ നമുക്ക് ഒരു സംശയവുമുണ്ടാവില്ല,എന്തുകൊണ്ട് ബണ്ടിക്കള്ളൻ ഇത്രയേറെ ആഘോഷിക്കപ്പെടുന്നെന്ന്. എങ്കിലും എച്ചുമുക്കുട്ടിയുടെ ഈ ആശങ്കപ്പെടലിന് വലിയൊരു പ്രസക്തിയുണ്ട്.
ഇവിടെ മ മാധ്യമങ്ങൾ തന്നെയാണു കുറ്റവാളികൾ
1992ല്‍ ഹര്‍ഷത് മേത്തയെ ഇന്ത്യന്‍ പ്രാധാനമന്ത്രിയാക്കണം അല്ലെങ്കില്‍ ധനകാര്യമന്ത്രി എങ്കിലും ആക്കണം എന്നു വ്യാപകമായ മുറവിളി ഉണ്ടായിരുന്നു.മികവ് കാണിക്കുന്ന പെര്‍വേര്‍ട്ടുകള്‍ എന്നും ജനത്തിന് ആരാധനാ പാത്രങ്ങളാണ്. പത്രം,ദൃശ്യ മീഡിയ എന്നിവയെക്കുറിച്ച് പറയാതിരിക്കയാണ് ഭേദം.പോസിറ്റീവ് ആയ ഒന്നിലും അവര്‍ക്ക് താല്‍പ്പര്യമില്ല. മറ്റുള്ളവരുടെ കുറ്റങ്ങളിലും കിടപ്പറ രഹസ്യങ്ങളിലും അഭിരമിക്കുന്നവരുടെ കൂട്ടായ്മയായി മീഡിയ അധപ്പതിച്ചിരിക്കുന്നു.
ഭയങ്കര ഒന്നാം ഖണ്ഡിക. ഇത്രയധികം quips ഒരുമിച്ച് Rap musicല്‍ മാത്രമേ കേട്ടിട്ടുള്ളൂ. രസായി.
വായിച്ച കമെന്റുകളൊക്കെ ഒന്നിനൊന്നു മെച്ചം. അതൊക്കെത്തന്നെ എനിക്കുപറയനുള്ളതും. 'അമൃതംഗമയ'യും 'വെട്ടത്താ'നും പറഞ്ഞത് ഇഷ്ടപ്പെട്ടു.
തിന്മയെ മഹത്വ വല്കരിക്കുകയും നന്മയെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ അതിന്റെ മൊത്തക്കച്ചവടക്കാരായ മാധ്യമങ്ങളും ചേര്‍ന്ന് ഇങ്ങിനെ ഒക്കെ ആകിയില്ലെന്കിലെ അത്ഭുതമുള്ളൂ.
ആരെങ്കിലും ഒരു നന്മ പറഞ്ഞാല്‍ അതിനെ എതിര്‍ക്കാന്‍ എല്ലാവരുമുണ്ട്
ഒരു തിന്മയാണ് പറയുന്നതെങ്കില്‍ അതാണ് പുരോഗമനം
നന്മയും തിന്മയും തീരുമാനിക്കുന്നത് ചില കപട ബുജികളാണ് എന്നത് എത്ര വേദനാ ജനകം..
സ്വന്തം നിലനില്‍പിന്നായി ചീത്തയെ നല്ലതാക്കുന്ന മാജിക് അറിഞ്ഞില്ലെങ്കില്‍ പിന്നെന്ത് മാധ്യമം?
നമ്മള്‍ കാണേണ്ടവരും വെറുതെ തര്‍ക്കിക്കേണ്ടവരും മാത്രം.....
റിനി ശബരി പറഞ്ഞത് പോലെ വലിയ കള്ളന്മാർ ഭരിക്കുന്നിടത്ത് എന്തിനോടും ആരാധന തോന്നുന്നതിൽ അത്ഭുതമില്ല...
ഏതു മനുഷ്യന്റെ മനസിലും ഒരു കള്ളന്‍ ഒളിച്ചിരിപ്പുണ്ട് എച്മു ! :)
പ്രിയപ്പെട്ട ചേച്ചി,
ഈ കുറിപ്പും ഇഷ്ടമായി
ഈ നാട് ഇനി എന്നാവോ ഒന്ന് നന്നാവുക.
സ്നേഹത്തോടെ,
ഗിരീഷ്
നാം എന്ത് ചിന്തിക്കണം എന്ത് കഴിക്കണം എന്ത് ധരിക്കണം എന്നൊക്കെ മറ്റുള്ളവര്‍ തീരുമാനിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ നമുക്ക് ചിന്തിക്കാന്‍ ഇതൊക്കെയാണ് ഇന്ന് ഉള്ളത്.
ഒരിക്കല്‍ ദുബായ് സന്ദര്‍ശിച്ച കെ എന്‍ രാമചന്ദ്രന്‍ എന്ന CPI (ML) നേതാവ് ഇവിടെ നിന്നും ഇറങ്ങുന്ന ഖലീജ് റ്റൈംസ് എന്ന പത്രം കണ്ട് അത്ഭുതപ്പെട്ടത് ഓര്‍ത്തു പോകുന്നു. രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യത്തെ "പത്രം" ഇടതുപക്ഷ ആശയങ്ങള്‍ നിറഞ്ഞ ദേശീയവും അന്താരാഷ്ട്രീയവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടാണ് അദ്ദേഹം അത്ഭുതം കൂറിയത്.
നമ്മുടെ പത്രങ്ങള്‍ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കുടുംബ കഥകളും ആഘോഷിക്കുകയാണ്. അതുവഴി രാജ്യം നേരിടുന്ന സാമ്പത്തീക തകര്‍ച്ചകള്‍, ഭരണാധികാരികളുടെ അഴിമതികള്‍ എല്ലാം തന്നെ ഭദ്രമായി മൂടി വെക്കുകയും ചെയ്യുന്നു.
ലോകം എന്നും ഇങ്ങനെയൊക്കെത്തന്നെയാണ് എച്ച്മൂ. കല്ലു-കരട്-കാഞ്ഞിരത്തടി മുതൽ മുള്ളു-മുരട്-മൂർഖൻ പാമ്പുവരെയുള്ള ലോകം. അതിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.
വിവേചനശക്തിയോടെ ചിന്തിക്കുന്നവർ എന്നും ന്യൂനാൽ ന്യൂനപക്ഷമാണ്. അങ്ങനെയുള്ളവരുടെ എണ്ണം കൂട്ടാൻ എച്ച്മുവിന്റെ എഴുത്ത് പ്രേരകമാവട്ടെ എന്ന് ആശംസിക്കുന്നു!
പണമുള്ളവനെ എന്നും ജനങ്ങള്‍ സംശയത്തോടെ മാത്രമേ കണ്ടിട്ടുളൂ അതിനു കാരണം ഉള്ളതില്‍ പകുതിയില്‍ കൂടുതല്‍ പണക്കാരും അതുണ്ടാക്കിയത് നേരായ മാര്‍ഗത്തില്‍ അല്ല എന്നതാന്നു. അപ്പോള്‍ അവരില്‍ ചിലര്‍ക്കെങ്കിലും പണി കിട്ടുമ്പോള്‍ ജനം സന്തോഷിക്കും പണി കൊടുത്തവരെ സപ്പോര്‍ട്ട് ചെയ്യും. അത് സ്വാഭാവികം.
ജനങ്ങളേക്കാള്‍ കൂടുതല്‍ വാര്‍ത്താ ചാനലുകള്‍ ഉള്ള നാട്ടില്‍,എന്ത് ചാണക വാര്‍ത്തയും ഇപ്പോള്‍ ഫ്ലാഷാണ് .വാര്‍ത്താ അവതരണം ബാറ്റന്‍ ബോസിന്റെ കഥ പോലെ സസ്പെന്‍സും സ്ടണ്ടും സെക്സും നിറഞ്ഞ ത്രില്ലര്‍ പോലെ ആയി തീര്‍ന്നു.ജനങ്ങള്‍ക്ക് അറിയേണ്ടത് എന്താണ് എന്നതിനേക്കാള്‍,ജനങ്ങള്‍ എന്ത് അറിഞ്ഞാല്‍ മതി എന്നതിനാണ് ഇപ്പോള്‍ പ്രസക്തി.വിലക്കയറ്റവും വരള്‍ച്ചയും അത്യാവശ്യ മരുന്നുകളുടെ ദൌര്‍ലഭ്യവും ഇവിടെ വിഷയം അല്ല,വല്ലവന്റെയും കുടുംബത്തില്‍ നടക്കുന്ന വിഴുപ്പലക്കലും ചെറ്റ പൊക്കലും തന്നെ പ്രധാന വാര്‍ത്ത..
മത്സരാധിഷ്ഠിത ലോകക്രമം.
പുതിയ തലമുറയ്ക്ക് തെറ്റേത് ശരിയേത് എന്ന് മനസ്സിലാക്കാനുള്ള അവസരം പോലും നഷ്ടമാകുന്നു!!!!
അഭിനവ കൊച്ചുണ്ണിയായി
മാറിയ നമ്മുടെ സ്വന്തം ബണ്ടി
കള്ളനായി ജനിക്കുകയാണെങ്കിൽ ബണ്ടിച്ചോറായി ജനിച്ചാൽ മതിയായിരുന്നൂ ...!
‘മീശമാധവൻ’ മാസങ്ങളോളം ഓടിയതല്ലെ നമ്മുടെ നാട്ടിൽ... ബണ്ടി ചോറിന്റെ കഥകളും അത്തരം ഒരു സംതൃപ്തി ജനത്തിനു തരുന്നുണ്ടാകും.
എല്ലാം ഒരു കെട്ടുകഥ പോലെ..!!
മാധ്യമക്കാര്‍ക്ക് ജീവിക്കേണ്ടേ എച്ചുമൂ ...? ഉദര നിമിത്തം ബഹുഹൃത വേഷം..
ശോഭരാജിനെ പ്രണയിച്ചിരുന്നവരെ ഓര്‍മ്മയില്ലേ....
Post a Comment