Sunday, January 31, 2016

അമ്മയ്ക്കും ഇല്ലേ മോഹങ്ങള്‍..

‘ ഒരു ചിന്ന ഗെറ്റ് ടുഗെദര്‍ , ചിത്തി കണ്ടിപ്പാ വരണം’ എന്നായിരുന്നു അരുമയുള്ള കൊഞ്ചലില്‍ ആ ക്ഷണം.
വിളിച്ചത് കൂട്ടുകാരിയുടെ മകളാണ്. പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കൂട്ടുകാരിയാണെങ്കിലും വയസ്സിനു മൂത്ത ആ കഠിനാധ്വാനിയോട് എനിക്ക് വലിയ ബഹുമാനമാണ്. തകര്‍ന്നു തരിപ്പണമായിപ്പോയ ജീവിതത്തെ ഓരോ കല്ലായി പെറുക്കിയടുക്കി കെട്ടിടമുയര്‍ത്തുന്നതു പോലെ ശരിയാക്കി കൊണ്ടു നടന്നതെങ്ങനെയെന്ന് ഞാന്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയിട്ടുണ്ട്.
മദ്യത്തിന്‍റെ ഗുണങ്ങളേയും മദ്യപന്‍റെ അവകാശങ്ങളേയും മദ്യപന്‍ എന്ന പാവത്താനേയും സര്‍ക്കാറും പൊതു സമൂഹവും ഒന്നിച്ചു ചേര്‍ന്ന് മദ്യപരോട് ചെയ്യുന്ന അതിക്രമങ്ങളേയും പറ്റി സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ കേട്ടും വായിച്ചും മനസ്സിലാക്കുമ്പോഴെല്ലാം ഞാന്‍ രുഗ്മിണിയെയും അവളുടെ ചുമ്മാ തൂവിപ്പോയ ജീവിതത്തേയും ഓര്‍ക്കും.
പതിനേഴു വയസ്സില്‍ കല്യാണം കഴിച്ച് ഭര്‍തൃഗൃഹത്തില്‍ വന്നത് എത്ര സങ്കല്‍പങ്ങളോടെയും ആശകളോടെയുമാണെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു.
ചെന്നൈയിലെ മൈലാപ്പൂര്‍ ഭാഗം മുഴുവന്‍ സ്വന്തം പേരിലാക്കണം ,
കല്യാണ്‍ ജുവല്ലറിയിലെ സ്വര്‍ണം മുഴുവന്‍ വാങ്ങി മാറിമാറി ധരിക്കണം,
കാഞ്ചീപുരത്ത് നെയ്യുന്ന പട്ടുസാരികളെല്ലാം അലമാരിയില്‍ അടുക്കി വെയ്ക്കണം,
റോക്കറ്റില്‍ കയറി ചന്ദ്രനില്‍ പോകണം,
അങ്ങനെ സാക്ഷാത്കരിക്കാന്‍ ഒരു വഴിയുമില്ലാത്ത ആശകളും ആര്‍ത്തികളുമൊന്നുമല്ല രുഗ്മിണിക്കുണ്ടായിരുന്നത്. ഭര്‍ത്താവിന്‍റെ കൈയും പിടിച്ചിരുന്ന്, ആ തോളില്‍ തല ചായിച്ച് പ്രണയ സിനിമകള്‍ കാണണം, നിലാവുള്ള രാത്രികളില്‍ ഭര്‍ത്താവോടിക്കുന്ന വാഹനത്തില്‍ കയറി യാത്ര ചെയ്യണം, ഭര്‍ത്താവിന്‍റെ കൂടെ ഹോട്ടലില്‍ പോയി ആഹാരവും ഐസ് ക്രീമും കഴിക്കണം അങ്ങനെയൊക്കെ..
പതിനേഴു വയസ്സിന്‍റെ കുട്ടിമോഹങ്ങള്‍ ...
ജീപ്പും കാറും കുറെ വേലക്കാരും ഒക്കെയുള്ള വീടായിരുന്നു അത്. രുഗ്മിണിയുടെ വീട്ടില്‍ കാര്യങ്ങളെല്ലാം ഒരു മാതിരി നടന്നു പോകുമെന്നല്ലാതെ അത്ര അധികം പണം നീക്കിയിരിപ്പുണ്ടായിരുന്നില്ല. അസാധാരണ വശ്യതയുള്ള സൌന്ദര്യവും പത്തു പൊരുത്തവും തികഞ്ഞ ജാതകവുമായതുകൊണ്ടാണ് ധനികരുടെ വീട്ടില്‍ മരുമകളാവാന്‍ കഴിഞ്ഞതു തന്നെ.
മദ്യമായിരുന്നു മുപ്പതുകാരനായ ഭര്‍ത്താവിന്‍റെ ഏറ്റവും അടുത്ത ബന്ധു. കല്യാണം കഴിപ്പിച്ചാല്‍ ഒക്കെ നേരേയാവുമെന്നത് നമ്മുടെ ഒരു പൊതുവിശ്വാസമാണല്ലോ. അങ്ങനെ അപ്പാവിനും അമ്മയ്ക്കും ഗുരുക്കന്മാര്‍ക്കും വാധ്യാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും അതുവരെ നേരേയാക്കാന്‍ പറ്റാത്ത ഒരാളെ നേരെയാക്കേണ്ട ചുമതല പതിനേഴു വയസ്സില്‍ തന്നെ രുഗ്മിണിയുടെ ചുമലിലായി.
അയാള്‍ ഒട്ടും നേരെയായില്ല.
രുഗ്മിണിക്ക് ഒരു മകള്‍ ജനിച്ചുവെന്നതാണ് ആ കല്യാണത്തിന്‍റെ ഒരേയൊരു ഫലം.
മദ്യം അയാളെ കുടിക്കുകയായിരുന്നതുകൊണ്ട് പറമ്പുകളും പാടങ്ങളും ബാങ്ക് ബാലന്‍സും ജീപ്പുമൊക്കെ പടിയിറങ്ങിപ്പോകുന്നത് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അയാളുടെ അപ്പാവും അമ്മയും ഈ ലോകത്തില്‍ നിന്ന് യാത്ര പറഞ്ഞതോടെ സഹോദരങ്ങള്‍ക്കും അയാളുടെ കുത്തഴിഞ്ഞ ജീവിതത്തില്‍ താല്‍പര്യമില്ലാതായി.
മദ്യം ധനത്തെ മാത്രമല്ല അയാളുടെ എല്ലാ ബന്ധങ്ങളേയും കുടിച്ചു വറ്റിച്ചുകൊണ്ടിരുന്നു.
രുഗ്മിണി ബാങ്കില്‍ നിന്ന് കടമെടുത്ത് ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നു. കടമടയ്ക്കാനായി ,മകളെ വളര്‍ത്തി വലുതാക്കാനായി രാവും പകലും സ്ത്രീകളുടെ മുടി വെട്ടി, നഖങ്ങള്‍ വെടിപ്പാക്കി, മുഖത്തും തലയിലും ദേഹത്തുമെല്ലാം പലതരം ക്രീമുകളിട്ടുഴിഞ്ഞു, തലമുടിയില്‍ ചായം തേപ്പിച്ചു, അനാവശ്യരോമങ്ങള്‍ നീക്കിക്കൊടുത്തു, മസ്സാജ് ചെയ്തു. വധുവിനെ ഒരുക്കാന്‍ പോയി, തുന്നല്‍പ്പണികള്‍ ചെയ്തു.. ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി ഉണ്ടാക്കി... ആം വേയുടേയും ടപ്പര്‍ വെയറിന്‍റേയും വില്‍പന നടത്തി..
ഭര്‍ത്താവ് മദ്യത്തില്‍ നീന്തിത്തുടിച്ചും മുങ്ങി നിവര്‍ന്നും കാലം കഴിച്ചു. ആവശ്യമുള്ളപ്പൊഴൊക്കെ ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന് ബഹളം വെച്ചു. രുഗ്മിണിയെ തല്ലി, സാധനങ്ങള്‍ അടിച്ചു പൊട്ടിച്ചു. ആരെങ്കിലും രുഗ്മിണിയുടെ ഭാഗം പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ‘ദേ, ഞാനിവളെ വില്ക്കുകയാ .. ആര്‍ക്ക് വേണമെങ്കിലും വാങ്ങാം.. നൂറു രൂപ ഒരു തരം നൂറു രൂപ രണ്ടു തരം ’ എന്നൊക്കെ വിളിച്ചു കൂവി.
അങ്ങനെ വില്‍പനച്ചരക്കായി ലേലം വിളിക്കപ്പെട്ടിട്ടും രുഗ്മിണി തളര്‍ന്നില്ല. ജോലി ചെയ്യാതിരുന്നില്ല. മകളെ ശ്രദ്ധിക്കാതിരുന്നില്ല.
ബന്ധുക്കള്‍ പറഞ്ഞു. ‘ അവള് തന്‍റേടക്കാരിയാ.. കാണാനും കൊള്ളാം. പിന്നെന്താ അവള്‍ക്ക് കഴിയാന്‍ ബുദ്ധിമുട്ട്? ‘
‘ഭാര്യ വിചാരിച്ചാ ഭര്‍ത്താവിന്‍റെ കുടി നിറുത്താന്‍ വല്ല പ്രയാസവുമുണ്ടോ? അപ്പോ അവള്‍ക്കതില്‍ താല്‍പര്യമില്ല.’
‘അതെങ്ങനെയാ ? അവള്‍ക്ക് ഓടിപ്പാഞ്ഞ് അഴിഞ്ഞാടി നടക്കാന്‍ പറ്റ്വോ അയാള് കുടി നിറുത്തി അവളോട് കുടുമ്മത്തിരിക്കാന്‍ പറഞ്ഞാല്‍... ‘
അങ്ങനെ മദ്യപിച്ച് മദ്യപിച്ച് അയാള്‍ ഒരു ദിവസം വല്ലാതെയങ്ങ് ഉറങ്ങിപ്പോയി.. എണീക്കാന്‍ പറ്റാത്ത ഉറക്കം.
രണ്ടു മുറി വാടക വീട്ടില്‍ അയാളുടെ ശവശരീരത്തിനരികില്‍ രുഗ്മിണി കല്ലു പോലെ ഇരിക്കുന്നതു കണ്ട് എല്ലാവരും അവളുടെ മനക്കട്ടിയെ പുലഭ്യം പറഞ്ഞു.
‘ അവള് വല്ല വെഷോം കൊടുത്തിട്ടുണ്ടാവും. അല്ലാണ്ട് ഇങ്ങനെ ഇരിക്കാന്‍ കഴിയ്വോ? ഒന്നൂല്യങ്കിലും അവള്‍ടെ കൊച്ചിന്‍റെ തന്ത്യല്ലേ? ഒന്നു ഒറക്കെ കരഞ്ഞൂടെ അവള്‍ക്ക് ‘
‘ ശവം പോസ്റ്റ് മോര്‍ട്ടം ചെയ്യണം ‘ അത് ആരുടെ ആവശ്യമായിരുന്നു എന്നറിഞ്ഞില്ല, പെട്ടെന്ന് ആ ആവശ്യത്തിനു ചൂടു പിടിച്ചു. തിരിയിട്ട് കത്തിച്ച നാളികേര വിളക്കുകള്‍ക്കിടയില്‍ ദര്‍ഭപ്പുല്ലിന്മേല്‍ ശാന്തമായി കിടന്നിരുന്ന അയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മരണമറിഞ്ഞെത്തിയ ബന്ധുക്കള്‍ എല്ലാവരും സന്നദ്ധരായി.
രുഗ്മിണി അപ്പോഴും കല്ലു പോലെ ഇരുന്നു.
പോസ്റ്റ് മോര്‍ട്ടത്തില്‍ ഒന്നും തെളിഞ്ഞില്ല. മദ്യപിച്ച് കരള്‍ ഇല്ലാതായി, കിഡ്നി തകര്‍ന്നു, പിന്നെ വളരെ കഷ്ടപ്പെട്ട് ഓടിയിരുന്ന ഹൃദയവും പതുക്കെ നിലച്ചു.
മകള്‍ നല്ല പോലെ പഠിക്കുന്ന കുട്ടിയായിരുന്നു. അവള്‍ എന്‍ജിനീയറിംഗ് പഠിച്ചു. ക്യാമ്പസ് സെലക് ഷനില്‍ ജോലിയും നേടി. അവളെ സ്നേഹിക്കാനും വിവാഹം കഴിക്കാനും തയാറായി കോളേജിലെ സീനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ വരികയും ചെയ്തു.
രുഗ്മിണിക്കൊപ്പം അവളൂടെ അനിയത്തിയെന്ന പോലെ ആ ചെറുപ്പക്കാരന്‍റെ വീട്ടില്‍ ഞാനും പോയി വന്നു. എനിക്ക് വലിയ ആഹ്ലാദമുണ്ടായി. ആ വീട്ടിലുള്ളവര്‍ തികഞ്ഞ മാന്യതയോടെയാണ് ഉയര്‍ന്ന സംസ്ക്കാര സമ്പന്നതയോടെയാണ് പെരുമാറിയത്. ചെറുക്കന്‍റെ വീടു കാണാന്‍ ചെന്ന ഞങ്ങള്‍ രണ്ടു സ്ത്രീകളെ സ്വീകരിച്ച് ‘ നിങ്ങളുടെ വീട്ടില്‍ ആണുങ്ങളാരുമില്ലേ? നിങ്ങള്‍ക്ക് കൂടെ വരാന്‍ മറ്റു ബന്ധുക്കളൊന്നുമില്ലേ’ എന്നും മറ്റുമുള്ള വേദനിപ്പിക്കുന്ന, അനാഥത്വം തോന്നിപ്പിക്കുന്ന ചോദ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചില്ല.
തിരിച്ചു വരുമ്പോള്‍ രുഗ്മിണി ബസ്സിലിരുന്നു പൊട്ടിക്കരഞ്ഞു. എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. രുഗ്മിണിയുടെ തഴമ്പ് വീണ പരുപരുത്ത കൈകള്‍ അമര്‍ത്തിപ്പിടിച്ചു ഞാന്‍ വെറുതെ ഇരുന്നു.
മകളുടെ പിറന്നാളോ , അല്ലെങ്കില്‍ ആദ്യമായി അവള്‍ക്ക് ശമ്പളം കിട്ടിയതോ അങ്ങനെ എന്തിനെ ങ്കിലുമാവും ഗെറ്റ്ടുഗദര്‍ എന്നായിരുന്നു എന്‍റെ വിചാരം.
അധികം ആരും ഉണ്ടായിരുന്നില്ല.
മകളുടെ വരനും അവന്‍റെ അച്ഛനമ്മമാരും ഉണ്ടായിരുന്നു.
രുഗ്മിണി ഭംഗിയായി അണിഞ്ഞൊരുങ്ങിയിരുന്നു. ആ മുഖത്ത് അല്‍പം ലജ്ജയോ ജാള്യതയോ അങ്ങനെ എന്തോ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു. എന്നാലും അണിഞ്ഞൊരുങ്ങി സുന്ദരിയായി കാണപ്പെട്ട രുഗ്മിണിയെക്കണ്ട് എനിക്ക് അല്‍ഭുതവും ആഹ്ലാദവും തോന്നി.
മകളാണ് വിവരം പറഞ്ഞത്.
‘ അമ്മയെ ഞാന്‍ വിവാഹം കഴിപ്പിച്ചു ചിത്തി. ജോലിയും കല്യാണവുമെല്ലാമായി ഞാന്‍ ഇവിടുന്നു താമസം മാറ്റിപ്പോവും. അപ്പോ ഷി വില്‍ ബി ആള്‍ എലോണ്‍. അമ്മയുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ വിവാഹം കഴിക്കേണ്ടെന്നാണ് ഞാന്‍ തീരുമാനിച്ചത്. അത് ഇവര്‍ക്കെല്ലാവര്‍ക്കും ശരിക്കും ബോധ്യമായി. ‘
ഞാന്‍ ആ ചെറിയ പെണ്‍കുട്ടിയുടെ കരം കവര്‍ന്നു.
‘ നെറ്റു വഴിയാണ് എല്ലാം ശരിയായത്. അദ്ദേഹത്തിന്‍റെ ആദ്യ കല്യാണമാണ്. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ്.’
‘ഹി വില്‍ ബി ഹിയര്‍ അറ്റ് എനി മോമെന്‍റ്. ഹി ഈസ് ഓണ്‍ ദ വേ’ രുഗ്മിണിയുടെ ഭാവി ജാമാതാവായിരുന്നു അത് . ഒന്നു നിറുത്തീട്ട് അവന്‍ തുടര്‍ന്നു. ‘ അമ്മ അങ്ങനെ തനിച്ചാവാന്‍ പാടില്ല. അമ്മയുടെ ജീവിതത്തിലെ ഒരു മോഹവും ഇന്നു വരെ സാധിച്ചിട്ടില്ല. അമ്മയ്ക്കുമില്ലേ മോഹങ്ങള്‍..‘
ഞാന്‍ രുഗ്മിണിയെ കെട്ടിപ്പിടിച്ചു. പിന്നെ മകളേയും അവളുടെ വരനേയും...

Thursday, January 28, 2016

പോസ്റ്റ് മാസ്റ്ററുടെ മക്കള്‍

ഞങ്ങള്‍ ഒരു പോസ്റ്റ് മാസ്റ്ററൂടെ മക്കളാണ്, അങ്ങനെ ഒരിക്കലും അറിയപ്പെട്ടിട്ടില്ലെങ്കിലും. കാരണം പോസ്റ്റ്മാസ്റ്റര്‍ ഞങ്ങളുടെ അമ്മയായിരുന്നു. ഡോക്ടറായ അച്ഛനുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ ഡോക്ടറുടെ മക്കളായി മാത്രമേ അറിയപ്പെട്ടുള്ളൂ.
പതിനെട്ട് വയസ്സില്‍ ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിക്ക് ചേര്‍ന്ന് കഴിഞ്ഞിരുന്നു അമ്മ, ഗ്രാജുവേഷന്‍റെ റിസല്‍റ്റ് പുറത്തും വരും മുമ്പേ ... (അമ്മയ്ക്ക് ഡബിള്‍ പ്രമോഷന്‍ കിട്ടിയിരുന്നു. അതുകൊണ്ട് രണ്ട് വര്‍ഷം നേരത്തെ പഠിത്തം കഴിഞ്ഞു) പിന്നീട് നാല്‍പതുകൊല്ലം അവര്‍ ആ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തു. പ്രമോഷനും സ്ഥലം മാറ്റവും വരാതിരിക്കാന്‍ വേണ്ടി വകുപ്പ് തല പരീക്ഷകള്‍ എല്ലാം അമ്മ ഒഴിവാക്കി. കുറെ വര്‍ഷങ്ങള്‍ മുടക്കമില്ലാതെ ജോലി ചെയ്താല്‍ നിവൃത്തികേടോടെ അതത് വകുപ്പുകള്‍ കെട്ടിയേല്‍പിക്കുന്ന ഓട്ടോമാറ്റിക് പ്രമോഷന്‍ മാത്രമേ അമ്മയ്ക്ക് കിട്ടിയിട്ടുള്ളൂ. മക്കളുടെ പഠിത്തം, അവരുടെ സുഖസൌകര്യങ്ങള്‍, വീട് നോക്കാന്‍ ആരുമില്ലാതാകുമല്ലോ എന്ന ആധി ... അങ്ങനെ കരിയര്‍ എന്നത് സ്ത്രീയെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ട ഒന്നല്ലല്ലോ, കുടുംബമല്ലേ പ്രധാനം എന്ന നിലപാടില്‍, കരിയറിലോ ഹോബിയിലോ ഒന്നും പ്രോല്‍സാഹിപ്പിക്കാന്‍ ആരുമില്ലല്ലോ എന്ന പരമ സത്യത്തില്‍ അമ്മ എന്നും പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ താഴെത്തട്ടിലെ ഒരു ജീവനക്കാരിയായി തുടര്‍ന്നു. അമ്മയേക്കാള്‍ ജൂനിയര്‍ ആയവരും, പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞവരും ഒക്കെ വകുപ്പ് തല പരീക്ഷകളില്‍ വിജയിച്ച് മേലുദ്യോഗസ്ഥരായി വരികയും അമ്മ ചിലപ്പോഴൊക്കെ ഓഫീസിലും തീര്‍ച്ചയായും സ്വന്തം കുടുംബത്തിലും നിസ്സാരമായ ക്ലാര്‍ക്ക് ജോലിയുടെ പേരില്‍ നിശിതമായി അപഹസിക്കപ്പെടുകയും ചെയ്തു. അമ്മയുടെ കൃത്യമായ വരുമാനം തുച്ഛമെന്ന് എണ്ണപ്പെട്ടു. അമ്മയുടെ നൂറു മാര്‍ക്കുള്ള മാത് മാറ്റിക്സ് ഡിഗ്രിയും അതിനു ലഭിച്ച സ്വരണമെഡലുമൊന്നും ആരും ഒരിടത്തും ഒരുകാലത്തും പരാമര്‍ശിച്ചില്ല... പ്രശംസിച്ചില്ല. ഒന്ന് ഓര്‍മ്മിച്ചതു കൂടിയില്ല.
തപാല്‍ വകുപ്പില്‍ ചില്ലറയായി ഔട്ട്സോഴ്സിംഗ് തുടങ്ങിയപ്പോഴേ അതായത് ഇന്‍ലന്‍ഡും കാര്‍ഡും കവറുമൊക്കെ വ്യക്തികള്‍ക്ക് വില്‍പന നടത്താന്‍ അനുവാദം കിട്ടിത്തുടങ്ങിയപ്പോഴേ, കൊറിയര്‍ കമ്പനികള്‍ സ്വന്തം സാന്നിധ്യം അറിയിച്ചു തുടങ്ങിയപ്പോഴേ കരാര്‍ ജോലിക്കാരായി ഇ ഡി പായ്ക്കര്‍മാരെ നിയമിച്ചു തുടങ്ങിയപ്പോഴേ ' അമ്മയുടെ ജോലി ഇപ്പോ പോകുമെന്ന് ദാ , ഇപ്പോ പൂട്ടും പോസ്റ്റ് ഓഫീസെന്ന് ‘ ഉള്ള നിസ്സാരമാക്കല്‍ വീട്ടിലെ ഒരു സ്ഥിരം പതിവായിരുന്നു. ഒരാളുടെ ജോലി നഷ്ടപ്പെടുമെന്ന് പറയുന്നത് എത്ര വലിയ ക്രൂരതയാണെന്ന് അന്ന് മനസ്സിലായതിലുമധികം നന്നായി ഇന്നെനിക്ക് മനസ്സിലാവും.. അമ്മ ആ സങ്കടവും ആധിയുമൊന്നും ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ല.
അമ്മ ജോലി ചെയ്തിട്ടുള്ള പല പോസ്റ്റ് ഓഫീസുകളുടേയും വരാന്തകളില്‍ ഞങ്ങള്‍ ഒരുപാട് സമയം ചെലവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഒട്ടിക്കാന്‍ വെയ്ക്കുന്ന കറുത്തതും വെളുത്തതുമായ പശ തിക്കുംപൊക്കും സൂക്ഷിച്ച്, നക്കി നോക്കിയിട്ടുണ്ട്. കിടി കിടി എന്ന് അടിക്കുന്ന റ്റെലഗ്രാമിന്‍റെ മോഴ്സ്കോഡ് ചെറുപ്പത്തിലേ മനസ്സിലാക്കീട്ടുണ്ട്. സ്പീഡ് പോസ്റ്റ് ആ രംഭിച്ചപ്പോള്‍, രാവിലെ ഏഴു മണിക്ക് ഓഫീസിലെത്താന്‍ ധിറുതിപ്പെടുന്ന അമ്മയോട് ഇഡ്ഡലി വായില്‍വെച്ചു തരണമെന്ന് പറഞ്ഞ് വാശി പിടിച്ചിട്ടുണ്ട്. കാഷിന്‍റെ ചുമതലയുള്ള അമ്മയ്ക്ക് വൈകീട്ട് കണക്ക് വേഗം ടാലിയാവണേ, അമ്മയുടെ കൈയില്‍ നിന്ന് പണം നഷ്ടപ്പെടരുതേ എന്നൊക്കെ വിളക്ക് കത്തിച്ച് പ്രാര്‍ഥിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകള്‍ക്ക് പ്രത്യേകമായുള്ള ഒരു ഗന്ധം ഞങ്ങള്‍ക്ക് വളരെയേറെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ടാഗോറിന്‍റെ പോസ്റ്റ് മാസ്റ്റര്‍ എന്ന ചെറുകഥ വായിച്ചതിനുശേഷം അമ്മ ജോലി ചെയ്ത പോസ്റ്റ് ഓഫീസുകളെക്കുറിച്ച് ,അമ്മയുടെ സഹപ്രവര്‍ത്തകരെക്കുറിച്ച് ഒക്കെ എഴുതണമെന്ന് വിചാരിച്ചിട്ടുണ്ട്.
തപാല്‍ വകുപ്പിനോട് ഞങ്ങള്‍ മക്കള്‍ക്ക് ഒത്തിരി സ്നേഹവും ആദരവുമുണ്ട് , നന്ദിയുണ്ട്. മുട്ടാതെ മാമു കിട്ടിയതും പഠിക്കാന്‍ കഴിഞ്ഞതും തപാല്‍ വകുപ്പ് അമ്മയ്ക്ക് കൊടുത്ത ആ ‘നിസ്സാര’ വരുമാനത്തിലാണ്. എല്ലാ മാസവും ഒന്നാം തീയതി ആയാല്‍ അമ്മ ധനികയായിത്തീരുമായിരുന്നു. അന്ന് വൈകുന്നേരം ചായയ്ക്ക് അമ്മ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ ടീ കേക്ക് വാങ്ങിത്തരുമായിരുന്നു....
അമ്മയുടെ ആ ‘തുച്ഛ’ മായ പണം മാത്രമേ ഞങ്ങള്‍ മക്കള്‍ക്ക് എന്നും ലഭിച്ചുള്ളൂ. മറ്റ് ഉയര്‍ന്ന യാതൊരു വരുമാനത്തിനും ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും അര്‍ഹരായിരുന്നില്ല.

Friday, January 22, 2016

ഗീതപ്പാവ

ബോബ് ചെയ്ത സ്വര്‍ണത്തലമുടി, ഉണ്ടക്കണ്ണുകള്‍, തുടുത്ത കവിളുകള്‍ .. പിന്നെ ചുവന്ന തൊപ്പി .. തറയില്‍ വെച്ച് ഒന്നനക്കിക്കൊടുത്താല്‍ അവള്‍ ഇങ്ങനെ ശേലില്‍ ആടിക്കളിക്കും.
എന്‍റെ കൂട്ടുകാരന്‍റെ വീട്ടില്‍ അവള്‍ക്ക് വലിയ സ്ഥാനമാണ്. അതറിയാമെന്നതു പോലെ അവള്‍ ഒത്തിരി ഗമയിലാണ് എന്നെ നോക്കുക. ‘ ഹും, എന്താ വിശേഷം ? എന്തിനാ ഇപ്പോ വന്നത് ? ‘ എന്ന മട്ടിലാണ് അവളുടെ രാജകീയമായ ആ ഇരിപ്പ്.
രാവിലെ നാമം ചൊല്ലുകയും ആരതിയുഴിയുകയും ഒക്കെ ചെയ്തു കഴിഞ്ഞാല്‍ കൂട്ടുകാരന്‍റെ അമ്മ അവളെ ഇപ്പോഴും ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ഇടയ്ക്കിടെ പുന്നാരിക്കും. മടിയില്‍ ഇരുത്തും, താടിക്കു പിടിച്ചു കൊഞ്ചിക്കും . .. എന്നിട്ട് എന്നോട് ചോദിക്കും.
‘ ഇവളാരാണെന്ന് നിനക്ക് അറിയുമോ? എന്‍റെ മരുമോളാണിത്.’
‘ അപ്പോള്‍ ഞാനോ? ‘ എന്ന് ഞാന്‍ ഒരിക്കലും ചോദിക്കുകയില്ല.
ബാല്യത്തില്‍ മകന്‍ ഈ പാവയെ മടിയിലിരുത്തി കളിപ്പിച്ചിരുന്നതും അവള്‍ക്ക് ഗീത എന്ന് പേരു വിളിച്ചതും മാമു കൊടുത്തിരുന്നതും ഉടുപ്പിടുവിച്ചിരുന്നതും അവളെ കല്യാണം കഴിക്കുമെന്നു പറഞ്ഞിരുന്നതും അമ്മ സരസമായി സന്തോഷത്തോടെ വിവരിക്കും. അപ്പോള്‍ അമ്മയ്ക്ക് ഒരു ഇരുപത്തഞ്ചുകാരിയുടെ മുഖവും ശബ്ദവുമായിരിക്കും.
അതു കാണുന്നത് ഒരു ആഹ്ലാദമാണ്... പ്രഭാതത്തില്‍ വിടര്‍ന്നു വരുന്ന അനേകം നീര്‍മലരുകളെ കണ്ണു നിറയെ കാണും പോലെയുള്ള ഒരു ആഹ്ലാദം.. അമ്മ കഴിഞ്ഞു പോയ കാലങ്ങളെ ഒരു പാവയിലൂടെ എത്തിപ്പിടിക്കുന്നത്... ഞാന്‍ കാണാത്ത അമ്മയുടെ നിറയൌവനത്തെ ചെന്നു തൊടുന്നത് ... നരച്ച താടിയും തലമുടിയുമുള്ള എന്‍റെ കൂട്ടുകാരന്‍ ഒരു കുഞ്ഞുവാവയായി ആ അമ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങിക്കളിച്ചിരുന്നത്... വാലിട്ടു കണ്ണെഴുതി പൊട്ടുകുത്തിച്ചു തന്നാലേ നഴ്സറിയില്‍ പോവൂ എന്ന് വാശി പിടിച്ചു കരഞ്ഞിരുന്നത്...
അതെല്ലാം പറയുമ്പോള്‍ അമ്മയുടെ കൈകള്‍ ഗീതപ്പാവയെ താലോലിക്കുന്നുണ്ടാവും. കഥകള്‍ ഓരോന്നായി അടുക്കോടെ പറഞ്ഞു പറഞ്ഞ് അമ്മയുടെ തൊണ്ട അടയും.. കണ്ണില്‍ വെള്ളം നിറയും.
‘അന്നൊക്കെ ഞാനായിരുന്നു അവനു എല്ലാം. ഇപ്പോ അവന് എന്നോട് സംസാരിക്കാന്‍ പോലും നേരമില്ല. .. കേട്ടോടീ ഗീതെ’ എന്ന് അമ്മ പാവയോട് പരാതി പറയാതിരിക്കില്ല.
‘ നീ എന്‍റെ മരുമോളായി വരുന്നതും കാത്തിരുന്നതായിരുന്നു ഞാന്‍ .. എന്നിട്ട്.. ‘
അമ്മയ്ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാനിരിക്കുന്ന ഞാന്‍ ചിരിക്കുമ്പോള്‍ അമ്മ വാചകം ഇങ്ങനെ പൂര്‍ത്തിയാക്കും..
‘പേരു മാത്രമേ മാറിയുള്ളൂ. നിന്‍റെ പോലെ മൊട്ടത്തലയും ഉണ്ടക്കണ്ണും തുറിയന്‍കവിളും ഒക്കെ ഇവള്‍ക്കുമുണ്ട്. അതിനും പുറമേ , വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും നിന്നേക്കാള്‍ നന്നായി ആടിക്കളിക്കുകയും ചെയ്യും ‘
എന്നിട്ട് ഒരു തുണ്ടം ഇഡ്ഡലിയോ ഒരു പൊട്ട് ദോശയോ ഒരു കൊഴുക്കട്ടയോ ഒക്കെ അമ്മ എന്‍റെ വായില്‍ വെച്ചു തരും. ഗീതപ്പാവയെ താലോലിക്കുന്ന ഇടതുകൈയുയര്‍ത്തി എന്‍റെ മൊട്ടത്തലമുടി ഒന്നൊതുക്കി വെയ്ക്കും.
പാവം അമ്മ .
മരുമകളാണെങ്കിലും ഗീതപ്പാവ, അമ്മയുണ്ടാക്കി സ്നേഹത്തോടെ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കില്ലല്ലോ.

Wednesday, January 20, 2016

ലട്കേ രോത്തേ നഹി ഹെ ( ആണ്‍കുട്ടികള്‍ കരയാറില്ല )

തനിച്ചായിരുന്നു, അന്നത്തെ യാത്രയിലും ഞാന്‍..

സെക്കന്‍ഡ് എ സി യില്‍ നന്നെ കുറച്ച് മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ. റെയില്‍ വേ നാലാള്‍ക്ക് അനുവദിച്ച സ്ഥലത്ത് അന്ന് മൂന്നാളേ ഉണ്ടായിരുന്നുള്ളൂ. ഞാനും എന്‍റെ എതിരെ സ്വര്‍ണപ്പല്ലു കെട്ടിച്ച, മുഖത്ത് അരുമയായ പാലുണ്ണിയുള്ള ഒരു അമ്മൂമ്മയും മധ്യവയസ്ക്കനെന്നോ ചെറുപ്പക്കാരനെന്നോ ഉറപ്പിക്കാനാവാത്ത ഒരു താടിക്കാരനും ...

അയാളും അമ്മൂമ്മയും അപരിചിതരായിരുന്നു. ഞാനാദ്യം കരുതിയത് അവര്‍ ഒരു കുടുംബത്തിലെയാണെന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിട്ടല്ല. വെറുതേ അങ്ങനെ കരുതി.

അമ്മൂമ്മ സദാ നാമം ജപിച്ചുകൊണ്ടിരുന്നു. ഭക്ഷണപ്പൊതികള്‍ കുറെ കൈവശമുണ്ടായിരുന്നതുകൊണ്ട് ട്രെയിന്‍ പാന്‍ട്രി അമ്മൂമ്മയ്ക്ക് ഒട്ടും വേണ്ടിയിരുന്നില്ല.
എസി യിലെ തണുപ്പുകൊണ്ടാവണം എനിക്ക് എപ്പോഴും വിശന്നു... ഷാളൊക്കെ പുതച്ച് കൂനിക്കൂടിയിരുന്ന് പാന്‍ട്രിയില്‍ നിന്ന് കിട്ടിയ ഭക്ഷണമെല്ലാം ഓരോന്നായി ഞാന്‍ കഴിച്ചു തീര്‍ത്തു.
ഞാനൊരു പെരുവയറിയാണെന്ന് അമ്മൂമ്മ കരുതിയിട്ടുണ്ടാവണം.

ബോബ് ചെയ്ത എന്‍റെ മുടി നോക്കി അമ്മൂമ്മ പറഞ്ഞു... ‘മുടി വെട്ടിക്കളയുന്നത് ഐശ്വര്യക്കേടാണ്...’ ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. വെറുതേ പുഞ്ചിരിക്കുക മാത്രം ചെയ്തു. അമ്മൂമ്മ അപ്പോള്‍ വാചകം ഇങ്ങനെ പൂര്‍ത്തിയാക്കി. ‘ അധികം ഭക്ഷിക്കുന്നതും നന്നല്ല... പ്രത്യേകിച്ച് സ്ത്രീകള്‍...’

ഞാന്‍ പിന്നെയും പുഞ്ചിരിച്ചു.

താടിക്കാരന്‍ ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല... പച്ചവെള്ളം പോലും ഇറക്കാതെ അയാള്‍ ഒരേ ഇരുപ്പിരുന്നു. അയാള്‍ എന്തോ ഗാഢമായ ആലോചനയിലായിരുന്നു, എപ്പോഴും. ആലോചനകളില്‍ ആ ക്ഷീണിച്ച കണ്ണുകള്‍ ഇടയ്ക്കിടെ നിറയുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. എന്തായിരിക്കും അയാളുടെ ജീവിത പശ്ചാത്തലം ? ഇതെന്‍റെ ഒരു ഹോബിയാണ്... വഴിയോരങ്ങളില്‍ കാണുന്ന വീടുകളിലൊക്കെ ജീവിക്കുന്നതായി ഞാന്‍ സങ്കല്‍പിക്കും. കൃഷിയിടങ്ങളില്‍ അദ്ധ്വാനിക്കുന്നതായി വിചാരിക്കും. യാത്രകളില്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ ജീവിതം എന്തായിരിക്കുമെന്ന് ആലോചിക്കും. അങ്ങനെ മണിക്കൂറുകളോളം കൂടു മാറി ചെലവാക്കാന്‍ എനിക്കു സാധിച്ചിരുന്നു...

താടിക്കാരന്‍ തീര്‍ത്തും മൌനിയായത് എന്‍റെ സങ്കല്‍പങ്ങള്‍ക്ക് പ്രോല്‍സാഹനമായി...

മധ്യേന്ത്യയുടെ കടുപ്പമുള്ള മണ്ണിലൂടെ ട്രെയിന്‍ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.

അമ്മൂമ്മ അഞ്ചുമണിക്ക് ഭക്ഷണം കഴിഞ്ഞ് കൃത്യം ആറു മണിയായപ്പോള്‍ മൂടിപ്പുതച്ച് കിടന്നു. താടിക്കാരന്‍ അപ്പോഴാണ് ഞാനിരുന്ന നീളന്‍ സീറ്റിലേക്ക് മാറിയിരുന്നത്.

അയാള്‍ പ്രകടമായും അസ്വസ്ഥനായിരുന്നു.

‘എന്തു പറ്റി’ എന്ന് ചോദിക്കാനൊരുമ്പെട്ടെങ്കിലും ഞാന്‍ പിന്നെയും മടിച്ചു. ചിലര്‍ക്ക് അതിഷ്ടപ്പെടുകയില്ല. ആ ഒറ്റച്ചോദ്യം മതിയാവും യാത്ര മുഴുവന്‍ ഒരു ദു:സ്വപ്നമായിത്തീരാന്‍...
എങ്കിലും പാന്‍ട്രിയില്‍ നിന്ന് സൂപ്പു വന്നപ്പോള്‍ ഞാന്‍ ഒരു കപ്പ് താടിക്കാരനു നീട്ടി. ഒന്നു മടിച്ചിട്ട് അയാള്‍ അതു വാങ്ങി.

‘ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ വിഷാദത്തോടെ പുഞ്ചിരിച്ചു.
 ഊതിയൂതി സൂപ്പു കുടിക്കുന്ന അയാളെ കണ്‍കോണു കൊണ്ട് ശ്രദ്ധിക്കുമ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ കരയുകയാണ്... പതുക്കെ... മെല്ലെ ... ആരുമറിയാതെ...

അയാളുടെ കൈപ്പടത്തില്‍ വളരെ മെല്ലെ തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.

‘ സങ്കടപ്പെടാതിരിക്കു.. എല്ലാറ്റിനും ഒരു വഴിയുണ്ടാവും..’

അടുത്ത നിമിഷം എന്‍റെ കൈ അമര്‍ത്തിപ്പിടിച്ചുകൊണ്ട് നെഞ്ചു തകരും പോലെ അയാള്‍ ഏങ്ങലടിച്ചു കരഞ്ഞു. സ്തംഭിച്ചു പോയങ്കിലും കൈ വിടുവിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല... തന്നെയുമല്ല ... തീരേ അപരിചിതനായ ജീവിതത്തിലാദ്യമായി കാണുന്ന അയാളുടെ തലമുടിയില്‍ വിരല്‍ നടത്തുവാനും ‘ പോട്ടേ, സാരമില്ല.. സമാധാനിക്കു’ എന്നൊക്കെയുള്ള ആശ്വാസവാക്കുകള്‍ പറയാനും എനിക്ക് കഴിഞ്ഞു...

അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ ശാന്തനായി....

സ്റ്റാര്‍ ചാനലിലെ ‘ ലട്കേ രോത്തേ നഹി ഹെ’ ( ആണ്‍കുട്ടികള്‍ കരയാറില്ല ) എന്ന പരസ്യം കാണുമ്പോഴെല്ലാം ഞാനോര്‍ക്കും ... നിറയുന്ന കണ്ണുകളും ഉലഞ്ഞ തലമുടിയും... നെഞ്ചു തകരുന്ന ആ ഏങ്ങലും ...

Friday, January 15, 2016

കൂട്ടുകാര്‍ക്കുവേണ്ടി ചുമ്മാ എഴുതിയ കുറച്ചു വരികള്‍..

ഈ ഇംഗ്ലീഷ് പാട്ടും വരികളും എല്ലാവര്‍ക്കും പരിചിതമായിരിക്കും.

യൂ ഡോണ്‍ട് ഹാവ് റ്റു ചേഞ്ച്...
ജോര്‍ജ് ബെന്‍സണ്‍ പാടിക്കൊണ്ടേയിരിക്കുന്നു..

If I had to live my life without you near me
Days would all be empty
The nights would seem so long
With you I see forever wrote oh so clearly
Might have been in love before
But it never felt this strong

My dreams are young we both know
To take us to where we want to go
Hold me now, touch me now
I don't want to live without you

Nothing's gonna to change my love for you
You already know by now how much I love you
One thing you can be sure of,
I'll never ask for more than your love

Nothing's gonna to change my love for you
You already know by now how much I love you
The one that changed my whole life through
But nothing's going to change my love for you

If the road ahead is not so easy
Love will lead the way for once
Like a guiding star
I'll be there for you if you should need me
You don't have to change a thing
I love you just the way you are

Come with me and share the view
I'll help you see forever too
Hold me now, touch me now
I don't want to live without you

ഗോഫിന്‍ ജെറീയുടേയും മാസ്സര്‍ മൈക്കലിന്‍റേയും വരികള്‍... ഒരു പാതിരാത്രിയില്‍ തട്ടിയെണീപ്പിച്ചു ഈ പാട്ട് ആദ്യമായി കേള്‍പ്പിച്ചു തന്നത് അച്ഛനാണ്. വോയിസ് ഓഫ് അമേരിക്കയോ മറ്റൊ ആയിരുന്നു. സിലിണ്ടറുള്ള പച്ചവെളിച്ചം തെളിയുന്ന പഴയ ഫിലിപ്സ് റേഡിയോയില്‍ നിന്ന് ജോര്‍ജ് ബെന്‍സണ്‍ പാടി.. ഗ്രാമി അവാര്‍ഡുകളെക്കുറിച്ച് ആ പാതിരാത്രിയില്‍ അച്ഛന്‍ ആദ്യമായി പറഞ്ഞു തന്നു.

ഗിറ്റാര്‍ പഠിക്കുമ്പോള്‍ ഈ ഗാനം വായിക്കാനാവുക എന്നതായിരുന്നു ഏറ്റവും വലിയ മോഹം. കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നു. എന്നാലും നന്നായി വായിക്കാന്‍, ഗുരുനാഥന്‍റെ മുഖത്തൊരു പുഞ്ചിരിയുണ്ടാക്കാന്‍ ഒന്നും ഒരിക്കലും കഴിഞ്ഞിട്ടില്ല .

ചെന്നൈയില്‍ ഒരു എക്സിബിഷനു പോയപ്പോള്‍ ഒരു ഗിറ്റാറിസ്റ്റ് ഈ ഗാനം തികച്ചും അപ്രതീക്ഷിതമായി വായിച്ചു കേള്‍പ്പിച്ചു. എന്താവും അയാളെ അതിനു പ്രേരിപ്പിച്ചതെന്ന് അറിയില്ല. എന്‍റെ മുഖത്ത് അയാളെ അതിനു പ്രേരിപ്പിക്കുന്ന ഒരു ഭാവമുണ്ടായിരുന്നോ എന്നും അറിയില്ല.
അതൊരു അത്യപൂര്‍വമായ ആനന്ദമായി മനസ്സിനെ സ്പര്‍ശിച്ചു.

എല്ലാവര്‍ക്കും വേണ്ടി എപ്പോഴും സ്വയം നവീകരിക്കേണ്ടുന്ന, തന്നെത്തന്നെ മാറ്റിപ്പണിയേണ്ടുന്ന, സ്വന്തമായി ഒന്നുമൊന്നും കാത്തു സൂക്ഷിക്കാനാവാത്ത അവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് ഈ വരികള്‍ ശമനൌഷധമായേക്കാം.. ജോര്‍ജ് ബെന്‍സണ്‍ ചിലപ്പോഴെങ്കിലും സ്നേഹിതനുമായേക്കാം..

You don't have to change a thing
I love you just the way you are

Sunday, January 10, 2016

ഓ നെഞ്ചില്‍ നീ താന്‍ പാടും ഗീതങ്കള്‍...

അളവില്ലാത്ത ഭീതിയുടെയും സുരക്ഷിതത്വമില്ലായ്മയുടെയും പെരും നഷ്ടങ്ങളുടെയും ദൈന്യകാലത്തിലാണ് ജീവിതം കടന്നു പോകുന്നത്. കണ്ണീരിന്‍റെ പുഴകള്‍ക്ക് ആരുടേയും ഹൃദയം ദ്രവിപ്പിക്കാന്‍ കഴിയില്ലെന്ന് എപ്പോഴുമെന്ന പോലെ തല നരയ്ക്കാന്‍ തുടങ്ങുമ്പോഴും തീവ്രവേദനയോടെ തിരിച്ചറിയേണ്ടി വരുന്നു. ഏതു നിമിഷവും ജീവിതം തെരുവിലേക്ക് അനാഥമായി വലിച്ചെറിയപ്പെടാമെന്നും ഹാലാത്ത് സെ സംഝോത്താ കരോ എന്ന ഉപദേശമല്ലാതെ മറ്റൊന്നും കിട്ടാനില്ലെന്നും ന്യായം , നീതി ഇതൊക്കെ ഒരിക്കലും തുറക്കാന്‍ പറ്റാത്ത പുസ്തകത്തിലെ തെളിയാത്ത മഷിയില്‍ എഴുതിവെയ്ക്കപ്പെട്ടിട്ടുള്ള വാക്കുകളാണെന്നും വീണ്ടും വീണ്ടും മനസ്സിലാക്കേണ്ടി വരുന്നു.

വാസ്തുശില്‍പികള്‍ക്കൊപ്പമാണ് ഞാന്‍ ജീവിതത്തിലെ അധിക സമയവും ചെലവാക്കിയിട്ടുള്ളത്. അവരില്‍ എക്സ്ന്‍ട്രിക്കുകള്‍ താരതമ്യേനെ വളരെ അധികമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സിരകളില്‍ രക്തത്തിനു പകരം മദ്യം മാത്രം ഓടുന്നവര്‍, സ്ത്രീയുടെ ഗന്ധമേറ്റാല്‍ പോലും എല്ലാ നിയന്ത്രണവും നഷ്ടപ്പെടുന്നവര്‍, പണത്തിനായി ജോലികളില്‍ എത്ര വെള്ളവും ചേര്‍ക്കുന്നവര്‍, ടി വി യുടെ ഒച്ച കൂട്ടിവെച്ച് ഭാര്യയെ ബെല്‍റ്റു കൊണ്ടടിക്കുന്നവര്‍...

എന്നാല്‍ ഇതിന്‍റെ ഒക്കെ മറുപുറമെന്ന പോലെ ഈശ്വരനേക്കാള്‍ നന്മയും ക്ഷമയും പരിഗണനയും സ്നേഹവും അളവില്ലാതെ പ്രകടിപ്പിക്കുന്ന, പരിചയപ്പെടുന്നവരെ എല്ലാം സ്വര്‍ഗത്തേക്കാളും ഉയരത്തിലേക്ക് കൈ പിടിച്ചു കൂട്ടിക്കൊണ്ടു പോകുന്ന അസാധാരണ മനുഷ്യരും എക്സ്ന്‍ട്രിക്കുകളുടെ ഈ വര്‍ഗത്തിലുണ്ട് ...

അങ്ങനെ ഒരാള്‍...

നിലയ്ക്കാത്ത സങ്കടത്തിലും കണ്ണീരിലും പാനിക് അറ്റാക്കുകളിലും മുങ്ങിത്താഴുമ്പോള്‍ ഞാന്‍ ആ ഒരാളെ ഓര്‍ത്തു പോകുന്നു.

നിസ്സാരമായ പ്രശ്നങ്ങളെ വലുതാക്കി വഴക്കുകള്‍ ഉണ്ടാക്കി, ഭാര്യയെ നഷ്ടപ്പെടുത്തുന്നത് ഒരു പുരുഷന് പറ്റാവുന്ന ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു തന്ന ആ ദിവസത്തെപ്പറ്റി ഓര്‍ത്തു പോകുന്നു.

ഒത്തിരി കേട്ടിരുന്നു അദ്ദേഹത്തെപ്പറ്റി.. തെലുങ്കും തമിഴും പറയുന്ന മിടുക്കനായ ഒരു പതിനേഴുകാരന്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വാസ്തുവിദ്യ പഠിക്കാനെത്തുകയും മലയാളം നല്ല പച്ചവെള്ളം പോലെ പഠിക്കുകയും സഹപാഠികളില്‍ പലര്‍ക്കും തെലുങ്കും തമിഴും പഠിപ്പിക്കുകയും ചെയ്ത കഥ..

അതിമനോഹരമായ തെലുങ്ക്, തമിഴ് സിനിമാ ഗാനങ്ങള്‍ ഒറിജിനലിനെ വെല്ലുന്ന സൌന്ദര്യത്തികവോടെ ആലപിക്കുന്ന ആ വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ .. മുഹമ്മദ് റാഫിയും യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ആഹ്ലാദത്തോടെ ഒന്നിച്ചു കഴിഞ്ഞിരുന്നുവെന്ന കഥ..
കേട്ടു കേട്ട് അദ്ദേഹത്തെ കാണാന്‍ ഞാന്‍ കാത്തിരുന്നു.

എന്നിട്ട് എത്രയോ വര്‍ഷങ്ങള്‍ അങ്ങനെ ഒന്നൊന്നായി കടന്നു പോയി.. എനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതേയില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം..

വിമാനമിറങ്ങി നേരെ വരുന്നത് വീട്ടിലേക്കാണെന്ന എസ് എം എസ് അറിയിപ്പോടെ സുമുഖനായ ഒരാള്‍ അതീവ സാധാരണക്കാരനെപ്പോലെ യാതൊരു ഗമയുമില്ലാതെ ഗേറ്റ് കടന്നെത്തി. വിദേശത്ത് വലിയ ഉദ്യോഗ പദവികള്‍ വഹിക്കുന്നുവെന്നും ഒരുപാട് ധനികനാണെന്നും മറ്റും അതിനകം ഞാന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.

എന്‍റെ അമ്മീമ്മക്കഥകളും മലയാളം മാസികകളും ഒക്കെ വളരെ താല്‍പര്യപൂര്‍വം മറിച്ചു നോക്കി. കഞ്ഞിയും പയറും ചമ്മന്തിയും ചേര്‍ന്ന, ഞങ്ങളുടെ ലളിതമായ അത്താഴം തികഞ്ഞ സന്തോഷത്തോടെ കഴിച്ചു.

പാട്ടു കേള്‍ക്കണമെന്നായിരുന്നു എന്‍റെ മോഹം.

എന്‍റെ കൂട്ടുകാരനൊപ്പമിരുന്ന് കോളേജ് കഥകള്‍ പറയുന്നതിനിടയ്ക്ക് ഒരു പാട്ട് പാടിത്തരുമോ എന്ന് ഞാന്‍ അക്ഷമയോടെ ഇടയ്ക്ക് കയറി.

അല്‍പ നേരം മൌനമായിരുന്നിട്ട് ആ മനോഹര ശബ്ദത്തില്‍ മറുപടി തന്നു.

'ഇപ്പോള്‍ പാട്ട് വരാറില്ല. പാടാന്‍ കഴിയാറില്ല. '

രാത്രിയുടെ സാന്ദ്രമായ നിശബ്ദതയില്‍ വാക്കുകള്‍ ഉതിര്‍ന്നു വീണുകൊണ്ടിരുന്നു.

' സാധാരണ ഒരു ജീവിതം. ആര്‍ക്കിടെക്റ്റായ ഭാര്യ..രണ്ട് ഓമനക്കുഞ്ഞുങ്ങള്‍. വിദേശത്ത് നല്ല ജോലി. ധാരാളം വരുമാനം.

വഴക്കില്ല.. ചില്ലറ സൌന്ദര്യപ്പിണക്കങ്ങള്‍ ഒഴിച്ചാല്‍ .. അതില്ലാത്ത വീടുകളുണ്ടോ..
എനിക്കവളെ ജീവനായിരുന്നു.'

ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്‍റെ ഹൃദയം വേദനയോടെ പിടഞ്ഞു.

മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്ന് കുറെ വെള്ളം കുടിച്ച്, എല്ലാം കളഞ്ഞു പോയ കോടീശ്വരന്‍റെ ഉദാരതയോടെ ആ വാക്കുകള്‍ മുറിയില്‍ വീണു ചിതറി.

രാത്രി അവള്‍ ചിക്കന്‍ ബിരിയാണിയുണ്ടാക്കി, ഐസ് ക്രീമും.. അസാധാരണ സ്വാദായിരുന്നു. കുട്ടികള്‍ക്കൊപ്പം ഞാനും വയററിയാതെ കഴിച്ചു. അത് കഴിഞ്ഞ് കാപ്പിയും കുടിച്ചു. കുറച്ചു നേരം ഡിസൈന്‍ ചെയ്തു. അവള്‍ പുതിയ പ്രോജക്ടിന്‍റെ ഡിറ്റെയിലിംഗ് ചെയ്തുകൊണ്ടിരുന്നു. എന്നിട്ട് ഒരു പതിനൊന്നു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്.

ആ വിരലുകള്‍ വിറയ്ക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. വിരലുകള്‍ക്ക് മാത്രമല്ല, പിന്നീട് കേട്ട ശബ്ദത്തിലും വിറയലുണ്ടായിരുന്നു.

' കെട്ടിപ്പിടിച്ചാണ് ഉറങ്ങാന്‍ കിടന്നത്. അവളുടെ തലമുടിയില്‍ ഈ വിരലുകള്‍ കൊണ്ട് പരതിപ്പരതി.. അങ്ങനെ ഞാനും ഉറങ്ങി.

രാവിലെ കുഞ്ഞുങ്ങള്‍ വന്നു വിളിച്ചപ്പോഴാണ് ഞാനുണര്‍ന്നത്. അവള്‍ വശം ചരിഞ്ഞ് കിടക്കുകയായിരുന്നു. ഞാനവളെ അപ്പോഴും ചുറ്റിപ്പിടിച്ചിരുന്നു. എന്നിട്ടും ഞാനറിഞ്ഞില്ല.. അവള്‍ കടന്നു പോയത് ഞാന്‍ പോലും അറിഞ്ഞില്ല.... അവള്‍ തണുത്ത് വിറങ്ങലിച്ച് പോയത് ഈ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല... '

മൊബൈല്‍ ഫോണ്‍ എന്‍റെ നേരെ നീട്ടിത്തരുമ്പോള്‍ ആ വാക്കുകള്‍ ഇങ്ങനെ അവസാനിച്ചു..

' ഞാന്‍ നേരത്തെ പാടിയ പാട്ടുകള്‍ ഇതിലുണ്ട്. കേട്ടോളു.. '

ഫോണ്‍ പാടി.. ആത്മവിശ്വാസത്തിന്‍റെ മുഴക്കമുള്ള മധുര ശബ്ദത്തില്‍..

ഓ നെഞ്ചില്‍ നീ താന്‍ പാടും ഗീതങ്കള്‍..

Saturday, January 9, 2016

എച്മുക്കുട്ടി എന്ന പേര്.. പിന്നെ ഒരു പശുക്കുട്ടിയുടെ പടം ...

ചെറിയ ബുദ്ധി, ചെറിയ ജീവിതം, ചെറിയ ചെറിയ ആലോചനകള്‍, കുറച്ച് വാക്കുകള്‍ ഇതൊക്കെ വെച്ച് മാത്രമേ കുറച്ചൊക്കെ എഴുതിയിട്ടുള്ളൂ. നിരന്തരമായ അലച്ചിലും അലച്ചിലുകളിലെ ജീവിതവും ആ ജീവിതം എഴുതിപ്പഠിപ്പിച്ച അനുഭവങ്ങളും മാത്രമാണ് എന്നും അടിസ്ഥാനപരമായ കൈമുതല്‍.
എന്തുകൊണ്ട് എച്മുക്കുട്ടി എന്ന പേരെന്ന് അനേഷിക്കുന്നത്... ഒരുപക്ഷെ, ആ പേരിന്‍റെ കൌതുകം കൊണ്ടാവാം ..

എന്‍റെ അമ്മയുടെ മഠത്തില്‍ വളരെക്കാലം ജോലി ചെയ്തിരുന്ന ഒരു അമ്മൂമ്മയുണ്ട്. അവരുടെ പേര് എച്മു എന്നാണ്. അമ്മൂമ്മയുടെ മക്കളും കൊച്ചുമക്കളും എല്ലാം ഇപ്പോള്‍ ഗള്‍ഫിലും ജര്‍മ്മനിയിലും ഒക്കെയാണ്. മക്കള്‍ സമാധാനമായി മരിക്കാന്‍ വിടുന്നില്ലെന്നാണ് അമ്മൂമ്മയുടെ ഇപ്പോഴുള്ള പരാതി. ഇരുമ്പിന്‍റേം സ്റ്റീലിന്‍റേം ഒക്കെ ഗുളികകള്‍ കൊടുത്ത് ഒരു പ്രയോജനവുമില്ലാത്ത അമ്മൂമ്മയെ ഇങ്ങനെ ഉണക്കി വെയ്ക്കുകയാണത്രേ ...

ലക്ഷ്മിക്കുട്ടി എന്ന പേര് താഴ്ത്തപ്പെട്ട ജാതിക്കാര്‍ ഇട്ടാല്‍ സവര്‍ണര്‍ അവരെ എച്മുക്കുട്ടി, എച്ചിക്കുട്ടി, എച്ചുക്കുട്ടി എന്നൊക്കെ വിളിച്ച് വികൃതമാക്കുമായിരുന്നു പഴയ കാലങ്ങളില്‍. എസ് കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ദ്രാവിഡത്തനിമയുള്ള വാക്കുകള്‍ നമ്മള്‍ പലപ്പോഴും തെറി വാക്കുകളായും ഗ്രേഡ് കുറഞ്ഞ വാക്കുകളായും ഉപയോഗിക്കാറുമുണ്ട്.

കല എന്ന സ്വന്തം പേര് ഒരിക്കലും മറക്കാനാവാത്ത സങ്കടങ്ങള്‍ മാത്രമേ തന്നിട്ടുള്ളൂ. അതുകൊണ്ടാണ് എഴുതുമ്പോള്‍ മറ്റൊരു പേര് വേണമെന്ന് ഞാന്‍ മോഹിച്ചത്. സങ്കടങ്ങളെ മറികടക്കാനുള്ള ഒരു ഞുണുക്ക് വിദ്യ..

അമ്മയുടെ മഠത്തില്‍ ജോലി ചെയ്തിരുന്ന ആ അമ്മൂമ്മയുടെ പേരാണ്, ഏറെ വയസ്സു ചെന്ന അമ്മൂമ്മയോടുള്ള ആദരവാണ്, എന്‍റെ ബ്രാഹ്മണ വേരുകളോടുള്ള പ്രതിഷേധമാണ് .. എച്മുക്കുട്ടി.

‘എന്തിനാ പശുക്കുട്ടിയുടെ പടം... ഗോമാതാ പൂജ ചെയ്യുകയാണോ ... സവര്‍ണതയുടെ ചിഹ്നമാണോ ... ആര്യന്മാര്‍ പ്രാധാന്യം നല്‍കിയ ഈ ജീവിയെ എന്തിനു പടമായി സ്വീകരിച്ചിരിക്കുന്നു’ എന്നൊക്കെ ചോദിക്കുമ്പോള്‍..

എന്നെ വളരെ ഏറെ സ്നേഹിച്ച ഒരു അമ്മയുടെ പശുക്കുട്ടിയാണ് ആ പടത്തിലുള്ളത്. തേച്ചു മിനുക്കിയ ഓട്ടു ഗ്ലാസില്‍ ചൂടും മധുരവുമുള്ള ചായയും വാഴയിലച്ചീന്തില്‍ ചുവന്നുള്ളിയും കറിവേപ്പിലയും വറുത്തിട്ട കപ്പപ്പുഴുക്കും ആ അമ്മ എന്‍റെ വയറു നിറയെ കഴിപ്പിച്ചിട്ടുണ്ട്. ആ ദിവസങ്ങളും ആ രുചിയുമൊന്നും ഒരിക്കലും മറക്കുവാന്‍ കഴിഞ്ഞിട്ടില്ല... ഇനി എത്ര വിശേഷപ്പെട്ട വിഭവങ്ങള്‍ കഴിക്കാനായാലും ആ രുചി മറക്കുവാന്‍ കഴിയുകയുമില്ല.

പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിപ്പിടിച്ചിരിക്കുന്ന സങ്കടങ്ങളുടേയും വേദനകളുടേയും നിശ്ശബ്ദതയാണ്... മൌനത്തിന്‍റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്..