Sunday, January 10, 2016

ഓ നെഞ്ചില്‍ നീ താന്‍ പാടും ഗീതങ്കള്‍...

അളവില്ലാത്ത ഭീതിയുടെയും സുരക്ഷിതത്വമില്ലായ്മയുടെയും പെരും നഷ്ടങ്ങളുടെയും ദൈന്യകാലത്തിലാണ് ജീവിതം കടന്നു പോകുന്നത്. കണ്ണീരിന്‍റെ പുഴകള്‍ക്ക് ആരുടേയും ഹൃദയം ദ്രവിപ്പിക്കാന്‍ കഴിയില്ലെന്ന് എപ്പോഴുമെന്ന പോലെ തല നരയ്ക്കാന്‍ തുടങ്ങുമ്പോഴും തീവ്രവേദനയോടെ തിരിച്ചറിയേണ്ടി വരുന്നു. ഏതു നിമിഷവും ജീവിതം തെരുവിലേക്ക് അനാഥമായി വലിച്ചെറിയപ്പെടാമെന്നും ഹാലാത്ത് സെ സംഝോത്താ കരോ എന്ന ഉപദേശമല്ലാതെ മറ്റൊന്നും കിട്ടാനില്ലെന്നും ന്യായം , നീതി ഇതൊക്കെ ഒരിക്കലും തുറക്കാന്‍ പറ്റാത്ത പുസ്തകത്തിലെ തെളിയാത്ത മഷിയില്‍ എഴുതിവെയ്ക്കപ്പെട്ടിട്ടുള്ള വാക്കുകളാണെന്നും വീണ്ടും വീണ്ടും മനസ്സിലാക്കേണ്ടി വരുന്നു.

വാസ്തുശില്‍പികള്‍ക്കൊപ്പമാണ് ഞാന്‍ ജീവിതത്തിലെ അധിക സമയവും ചെലവാക്കിയിട്ടുള്ളത്. അവരില്‍ എക്സ്ന്‍ട്രിക്കുകള്‍ താരതമ്യേനെ വളരെ അധികമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സിരകളില്‍ രക്തത്തിനു പകരം മദ്യം മാത്രം ഓടുന്നവര്‍, സ്ത്രീയുടെ ഗന്ധമേറ്റാല്‍ പോലും എല്ലാ നിയന്ത്രണവും നഷ്ടപ്പെടുന്നവര്‍, പണത്തിനായി ജോലികളില്‍ എത്ര വെള്ളവും ചേര്‍ക്കുന്നവര്‍, ടി വി യുടെ ഒച്ച കൂട്ടിവെച്ച് ഭാര്യയെ ബെല്‍റ്റു കൊണ്ടടിക്കുന്നവര്‍...

എന്നാല്‍ ഇതിന്‍റെ ഒക്കെ മറുപുറമെന്ന പോലെ ഈശ്വരനേക്കാള്‍ നന്മയും ക്ഷമയും പരിഗണനയും സ്നേഹവും അളവില്ലാതെ പ്രകടിപ്പിക്കുന്ന, പരിചയപ്പെടുന്നവരെ എല്ലാം സ്വര്‍ഗത്തേക്കാളും ഉയരത്തിലേക്ക് കൈ പിടിച്ചു കൂട്ടിക്കൊണ്ടു പോകുന്ന അസാധാരണ മനുഷ്യരും എക്സ്ന്‍ട്രിക്കുകളുടെ ഈ വര്‍ഗത്തിലുണ്ട് ...

അങ്ങനെ ഒരാള്‍...

നിലയ്ക്കാത്ത സങ്കടത്തിലും കണ്ണീരിലും പാനിക് അറ്റാക്കുകളിലും മുങ്ങിത്താഴുമ്പോള്‍ ഞാന്‍ ആ ഒരാളെ ഓര്‍ത്തു പോകുന്നു.

നിസ്സാരമായ പ്രശ്നങ്ങളെ വലുതാക്കി വഴക്കുകള്‍ ഉണ്ടാക്കി, ഭാര്യയെ നഷ്ടപ്പെടുത്തുന്നത് ഒരു പുരുഷന് പറ്റാവുന്ന ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു തന്ന ആ ദിവസത്തെപ്പറ്റി ഓര്‍ത്തു പോകുന്നു.

ഒത്തിരി കേട്ടിരുന്നു അദ്ദേഹത്തെപ്പറ്റി.. തെലുങ്കും തമിഴും പറയുന്ന മിടുക്കനായ ഒരു പതിനേഴുകാരന്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വാസ്തുവിദ്യ പഠിക്കാനെത്തുകയും മലയാളം നല്ല പച്ചവെള്ളം പോലെ പഠിക്കുകയും സഹപാഠികളില്‍ പലര്‍ക്കും തെലുങ്കും തമിഴും പഠിപ്പിക്കുകയും ചെയ്ത കഥ..

അതിമനോഹരമായ തെലുങ്ക്, തമിഴ് സിനിമാ ഗാനങ്ങള്‍ ഒറിജിനലിനെ വെല്ലുന്ന സൌന്ദര്യത്തികവോടെ ആലപിക്കുന്ന ആ വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ .. മുഹമ്മദ് റാഫിയും യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ആഹ്ലാദത്തോടെ ഒന്നിച്ചു കഴിഞ്ഞിരുന്നുവെന്ന കഥ..
കേട്ടു കേട്ട് അദ്ദേഹത്തെ കാണാന്‍ ഞാന്‍ കാത്തിരുന്നു.

എന്നിട്ട് എത്രയോ വര്‍ഷങ്ങള്‍ അങ്ങനെ ഒന്നൊന്നായി കടന്നു പോയി.. എനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതേയില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം..

വിമാനമിറങ്ങി നേരെ വരുന്നത് വീട്ടിലേക്കാണെന്ന എസ് എം എസ് അറിയിപ്പോടെ സുമുഖനായ ഒരാള്‍ അതീവ സാധാരണക്കാരനെപ്പോലെ യാതൊരു ഗമയുമില്ലാതെ ഗേറ്റ് കടന്നെത്തി. വിദേശത്ത് വലിയ ഉദ്യോഗ പദവികള്‍ വഹിക്കുന്നുവെന്നും ഒരുപാട് ധനികനാണെന്നും മറ്റും അതിനകം ഞാന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.

എന്‍റെ അമ്മീമ്മക്കഥകളും മലയാളം മാസികകളും ഒക്കെ വളരെ താല്‍പര്യപൂര്‍വം മറിച്ചു നോക്കി. കഞ്ഞിയും പയറും ചമ്മന്തിയും ചേര്‍ന്ന, ഞങ്ങളുടെ ലളിതമായ അത്താഴം തികഞ്ഞ സന്തോഷത്തോടെ കഴിച്ചു.

പാട്ടു കേള്‍ക്കണമെന്നായിരുന്നു എന്‍റെ മോഹം.

എന്‍റെ കൂട്ടുകാരനൊപ്പമിരുന്ന് കോളേജ് കഥകള്‍ പറയുന്നതിനിടയ്ക്ക് ഒരു പാട്ട് പാടിത്തരുമോ എന്ന് ഞാന്‍ അക്ഷമയോടെ ഇടയ്ക്ക് കയറി.

അല്‍പ നേരം മൌനമായിരുന്നിട്ട് ആ മനോഹര ശബ്ദത്തില്‍ മറുപടി തന്നു.

'ഇപ്പോള്‍ പാട്ട് വരാറില്ല. പാടാന്‍ കഴിയാറില്ല. '

രാത്രിയുടെ സാന്ദ്രമായ നിശബ്ദതയില്‍ വാക്കുകള്‍ ഉതിര്‍ന്നു വീണുകൊണ്ടിരുന്നു.

' സാധാരണ ഒരു ജീവിതം. ആര്‍ക്കിടെക്റ്റായ ഭാര്യ..രണ്ട് ഓമനക്കുഞ്ഞുങ്ങള്‍. വിദേശത്ത് നല്ല ജോലി. ധാരാളം വരുമാനം.

വഴക്കില്ല.. ചില്ലറ സൌന്ദര്യപ്പിണക്കങ്ങള്‍ ഒഴിച്ചാല്‍ .. അതില്ലാത്ത വീടുകളുണ്ടോ..
എനിക്കവളെ ജീവനായിരുന്നു.'

ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്‍റെ ഹൃദയം വേദനയോടെ പിടഞ്ഞു.

മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്ന് കുറെ വെള്ളം കുടിച്ച്, എല്ലാം കളഞ്ഞു പോയ കോടീശ്വരന്‍റെ ഉദാരതയോടെ ആ വാക്കുകള്‍ മുറിയില്‍ വീണു ചിതറി.

രാത്രി അവള്‍ ചിക്കന്‍ ബിരിയാണിയുണ്ടാക്കി, ഐസ് ക്രീമും.. അസാധാരണ സ്വാദായിരുന്നു. കുട്ടികള്‍ക്കൊപ്പം ഞാനും വയററിയാതെ കഴിച്ചു. അത് കഴിഞ്ഞ് കാപ്പിയും കുടിച്ചു. കുറച്ചു നേരം ഡിസൈന്‍ ചെയ്തു. അവള്‍ പുതിയ പ്രോജക്ടിന്‍റെ ഡിറ്റെയിലിംഗ് ചെയ്തുകൊണ്ടിരുന്നു. എന്നിട്ട് ഒരു പതിനൊന്നു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്.

ആ വിരലുകള്‍ വിറയ്ക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. വിരലുകള്‍ക്ക് മാത്രമല്ല, പിന്നീട് കേട്ട ശബ്ദത്തിലും വിറയലുണ്ടായിരുന്നു.

' കെട്ടിപ്പിടിച്ചാണ് ഉറങ്ങാന്‍ കിടന്നത്. അവളുടെ തലമുടിയില്‍ ഈ വിരലുകള്‍ കൊണ്ട് പരതിപ്പരതി.. അങ്ങനെ ഞാനും ഉറങ്ങി.

രാവിലെ കുഞ്ഞുങ്ങള്‍ വന്നു വിളിച്ചപ്പോഴാണ് ഞാനുണര്‍ന്നത്. അവള്‍ വശം ചരിഞ്ഞ് കിടക്കുകയായിരുന്നു. ഞാനവളെ അപ്പോഴും ചുറ്റിപ്പിടിച്ചിരുന്നു. എന്നിട്ടും ഞാനറിഞ്ഞില്ല.. അവള്‍ കടന്നു പോയത് ഞാന്‍ പോലും അറിഞ്ഞില്ല.... അവള്‍ തണുത്ത് വിറങ്ങലിച്ച് പോയത് ഈ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല... '

മൊബൈല്‍ ഫോണ്‍ എന്‍റെ നേരെ നീട്ടിത്തരുമ്പോള്‍ ആ വാക്കുകള്‍ ഇങ്ങനെ അവസാനിച്ചു..

' ഞാന്‍ നേരത്തെ പാടിയ പാട്ടുകള്‍ ഇതിലുണ്ട്. കേട്ടോളു.. '

ഫോണ്‍ പാടി.. ആത്മവിശ്വാസത്തിന്‍റെ മുഴക്കമുള്ള മധുര ശബ്ദത്തില്‍..

ഓ നെഞ്ചില്‍ നീ താന്‍ പാടും ഗീതങ്കള്‍..

21 comments:

utto pian said...

എന്താ പറയ്വാ ? :(

Echmukutty said...

ചിലപ്പോ ജീവിതം അങ്ങനെയൊക്കെ നമ്മെ കബളിപ്പിക്കും ....

കുഞ്ഞുറുമ്പ് said...

വിഷമിപ്പിച്ചു :(

കുഞ്ഞുറുമ്പ് said...

വിഷമിപ്പിച്ചു :(

വിനുവേട്ടന്‍ said...

എച്മൂ... !!!

ajith said...

സ്നേഹിക്കുന്ന കൈകളിൽ മരിക്കുന്നത് ഞാൻ സ്വപ്നം കാണുന്ന ഒരു ഭാഗ്യമാണു. എന്നാലും വായിച്ചപ്പോൾ നോവ് തോന്നി

tatoz handmade said...

Vishamam thonni chechi vaayichu kazhinjappol

വേണുഗോപാല്‍ said...

പ്രിയതമന്റെ കൈകളില്‍ കിടന്നു ജീവിതത്തോടു വിട പറയുന്നത് ഭാഗ്യം തന്നെ ... പക്ഷെ ആ മനുഷ്യന്‍റെ തുടര്‍ജീവിതം??? വേദനാജനകം ഈ വരികള്‍

aboothi:അബൂതി said...

ഒരു പുരുഷന് ഈ ഭൂമിയിൽ കിട്ടാവുന്ന എറ്റവും നല്ല കാര്യം, തന്നെ മനസ്സിലാക്കി തന്നോടിണങ്ങി കഴിയുന്ന ഭാര്യയാണ്. എറ്റവും വലിയ നഷ്ടം അങ്ങിനെ ഒരാളെ കിട്ടാതിരിക്കുക എന്നതുമാണ്‌. തീര്ച്ചയായിട്ടും ഞാൻ ഭാഗ്യവാൻ തന്നെയാണു. ഒരു പുരുഷന് തന്റെ ജീവിതത്തിൽ അത്യാവശ്യം വേണ്ട മൂന്ന് കാര്യങ്ങൾ പ്രവാചകൻ എന്നിപ്പറഞ്ഞു. ഒന്ന് നല്ലൊരു ഭാര്യ. രണ്ട്, നല്ലൊരു വാഹനം. മൂന്ന്, നല്ലൊരു ഭവനം.

താങ്കളുടെ രചനയെ കുറിച്ച്, അതിന്റെ സൌന്ദര്യത്തെ കുറിച്ച്, ഇനിയും ഞാൻ പറഞ്ഞാൽ അത് ആവർത്തന വിരസമായിപ്പോവുകയേ ഉള്ളൂ. എന്നിരുന്നാലും, രാവിലെ കിട്ടിയ ഈ സമ്മാനം, അത് തന്നയാളെ അഭിനന്ദിക്കാതെ വയ്യ.

ഡോ.മനോജ്‌ വെള്ളനാട് said...

ഒന്നും പറയാനില്ലാ.. :(

Mubi said...

:(

Cv Thankappan said...

ഈ കൊച്ചുക്കുറിപ്പിലൂടെ ഒരുസാഗരം ഉള്ളിലേക്ക് ഇരമ്പിവന്നു!
ആശംസകള്‍

റോസാപ്പൂക്കള്‍ said...

സങ്കടായോല്ലോ

Anwar Hussain said...

വാക്കുകൾ പുറത്തേക്കു വരാത്ത സന്ദർഭം ...
ഇത് വായിച്ചു കനത്ത നിശബ്ദത എന്നെയും വന്നു മൂടി...
അന്ന് അവിടെ അനുഭവിച്ച അതേ നിശബ്ദത

Muralee Mukundan , ബിലാത്തിപട്ടണം said...

‘അളവില്ലാത്ത ഭീതിയുടെയും
സുരക്ഷിതത്വമില്ലായ്മയുടെയും പെരും
നഷ്ടങ്ങളുടെയും ദൈന്യകാലത്തിലാണ് ജീവിതം
കടന്നു പോകുന്നത്. കണ്ണീരിന്‍റെ പുഴകള്‍ക്ക് ആരുടേയും
ഹൃദയം ദ്രവിപ്പിക്കാന്‍ കഴിയില്ലെന്ന് എപ്പോഴുമെന്ന പോലെ
തല നരയ്ക്കാന്‍ തുടങ്ങുമ്പോഴും തീവ്രവേദനയോടെ തിരിച്ചറിയേണ്ടി
വരുന്നു. ഏതു നിമിഷവും ജീവിതം തെരുവിലേക്ക് അനാഥമായി വലിച്ചെറിയപ്പെടാമെന്നും “


എച്മുവിന്റെ ചുറ്റുവട്ടത്തൊക്കെ എത്തിപ്പെടുന്ന
ഓരോരുത്തരുടേയും നൊമ്പരങ്ങൾ മുഴുവൻ ഒപ്പിയെടുത്ത്
വായനക്കാർക്ക് മുഴുവൻ പകർന്ന് കൊടുത്ത് , ആയതെല്ലാം
കാഴ്ച്ചവെക്കാനുള്ള ഈ പാടവം തന്നേയാണ് ഒരു എഴുത്തുകാരിയെന്ന
നിലയിൽ എച്മുവിനെ എന്നും വേറിട്ട് നിൽക്കുന്ന വസ്തുത...!

vettathan g said...

ഒരു ദുരന്ത കഥ. ഏച്ചുമു അത് പറഞ്ഞ രീതി,അതി മനോഹരം.

Habby Sudhan said...

ഭാഗ്യവതിയാണ് അവർ... അയാൾ വേദനയാവുന്നു, എച്ചുമ്മുവിന്റെ വാക്കുകളിലൂടെ ..

വീകെ said...

ഭാഗ്യവതിയായിരുന്നു അവർ.
തന്റെ ഭർത്താവിനെ കെട്ടിപ്പിടിച്ച് കിടന്ന് താൻ പോലുമറിയാതെ ഒരു മരണം ...!!

വീകെ said...

ഭാഗ്യവതിയായിരുന്നു അവർ.
തന്റെ ഭർത്താവിനെ കെട്ടിപ്പിടിച്ച് കിടന്ന് താൻ പോലുമറിയാതെ ഒരു മരണം ...!!

കല്ലോലിനി said...

അതെ. അവര്‍ ഭാഗ്യവതിയായിരുന്നു.
പക്ഷേ.... അയാളൊ..?
ഉള്ളു നോവുന്ന കഥ.!!

സുധി അറയ്ക്കൽ said...

എച്മുച്ചേച്ചീ..വിഷമിച്ചല്ലോ.