Wednesday, May 31, 2017

ഓണപ്പുടവയുടെ ഊടും പാവും

https://www.facebook.com/echmu.kutty/posts/464837220362244

ഓണത്തിനും ദീപാവലിക്കും അമ്മീമ്മ കുറച്ചധികം പുതിയ തുണികള്‍ വാങ്ങുമായിരുന്നു. വില കൂടിയ തുണികളൊന്നുമല്ല, പൂക്കളുള്ള ചീട്ടി, വെളുത്ത മല്‍മല്‍, കോടിക്കളറുള്ള ജഗന്നാഥന്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സാധാരണ തുണികള്‍ .. ജഗന്നാഥനും മല്‍മലും ഷിമ്മീസുകളും മറ്റ് അടിവസ്ത്രങ്ങളും തയിക്കാനും ചീട്ടി അഥവാ പരുത്തിത്തുണി ഉടുപ്പുകള്‍ തയിക്കാനും ഉപയോഗിച്ചിരുന്നു.

എന്‍റെ ഒരു സഹപാഠിനിയുടെ അച്ഛനായിരുന്നു പരിസരത്തെ ആസ്ഥാന തയ്യല്‍ക്കാരന്‍. അദ്ദേഹത്തിനു വലിയ ഡിസൈന്‍ സെന്‍സൊന്നും ഉണ്ടായിരുന്നില്ല. ഫ്രില്ലുകള്‍, ബോ, ഷോ ബട്ടണ്‍, എംബ്രോയിഡറി എന്നതിനെയൊക്കെ അദ്ദേഹം പൂര്‍ണമായും അവഗണിച്ചു. എത്ര പറഞ്ഞുകൊടുത്താലും അദ്ദേഹത്തിന്‍റെ തയ്യലില്‍ അമ്മീമ്മ പ്രതീക്ഷിക്കുകയും ആശിക്കുകയും ചെയ്ത ഒരു പൂര്‍ണത കിട്ടിയിരുന്നില്ല. അതുകൊണ്ട് ആ കുപ്പായങ്ങളില്‍ ഞങ്ങളുടെ സൌന്ദര്യം വേണ്ടത്രയും മിന്നിത്തിളങ്ങുന്നില്ലെന്ന് അമ്മീമ്മ വിശ്വസിച്ചിരുന്നു. ഞാനും അനിയത്തിയും പരമ സുന്ദരിമാരും ബഹു മിടുക്കികളുമാണെന്നായിരുന്നു എന്നും അമ്മീമ്മ കരുതിയിരുന്നത്.
ആദിമമനുഷ്യരുടെ പോലെ വിരൂപമായ മുഖവും ശരീരവുമാണ് ഉള്ളതെന്ന് സദാ ചൂണ്ടിക്കാട്ടി, വെളുത്ത നിറത്തിന്‍റേയും കൊഴുത്തുരുണ്ട ശരീരത്തിന്‍റെയും മറ്റും അഹങ്കാരത്തോടെ ഞങ്ങളെ നിരന്തരം നിന്ദിക്കുന്നവരുമായി വണക്കത്തോടെ ഇടപഴകേണ്ട ഗതികേടു വന്നതില്‍ അതുകൊണ്ടു തന്നെ പില്‍ക്കാലത്ത് അമ്മീമ്മ വല്ലാതെ വേദനിക്കുകയും ദു:ഖിക്കുകയും ചെയ്തിരുന്നു.

ഒരു മധ്യവേനല്‍ അവധിക്കാലത്താണ് അമ്മീമ്മ പഴയൊരു തയ്യല്‍ മെഷീന്‍ വാങ്ങിയത്. അല്‍പം ദൂരെയുള്ള ഒരു ബ്രാഹ്മണഗൃഹത്തിലെ പാട്ടിയുടേതായിരുന്നു ആ മെഷീന്‍. കൈകൊണ്ടും കാലുകൊണ്ടും തയിക്കാനുള്ള സൌകര്യം അതിലുണ്ടായിരുന്നു. അതിന്‍റെ എന്തൊക്കെയോ ഭാഗങ്ങള്‍ ഏതോ ഒരു കാലത്ത് വിദേശ നിര്‍മിതമായിരുന്നുവത്രേ. അതിനൊരു സ്പെഷ്യല്‍ രാജകീയ ആഢ്യത്വമുണ്ടെന്ന് ഉടമസ്ഥയായ പാട്ടി അഭിമാനത്തോടെ കരുതിയിരുന്നു.

പണ്ട് കാലത്ത് അമ്മീമ്മയുടെ തറവാട്ടു മഠത്തില്‍ തുണികള്‍ തയിച്ചിരുന്ന തയ്യല്‍ക്കാരനെ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു കണ്ട് ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു പിന്നീട് അമ്മീമ്മ ചെയ്തത്. സമൃദ്ധമായ വാര്‍ദ്ധക്യത്താല്‍ അതീവ ക്ഷീണിതനായിരുന്നങ്കിലും അമ്മീമ്മയെ പഠിപ്പിക്കാന്‍ അദ്ദേഹം യാതൊരു മടിയും പ്രയാസവും കാണിച്ചില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്‍ഭുതം തോന്നി ... നന്നെ പ്രായമായിട്ടും അദ്ദേഹത്തിന്‍റെ കണ്ണിനു കാഴ്ചക്കുറവോ കൈകള്‍ക്ക് വിറയലോ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചാറു കിലോ മീറ്റര്‍ ദൂരം സൈക്കിള്‍ ചവുട്ടി വന്ന് കിതപ്പോടെ കുറച്ചു നേരം വരാന്തയില്‍ ചുവരും ചാരി വിശ്രമിച്ചിരുന്നു അദ്ദേഹം. വലുപ്പമുള്ള ഇലച്ചീന്തില്‍ അമ്മീമ്മ വിളമ്പിക്കൊടുക്കുന്ന ഉപ്പുമാവും, വെളുത്ത പൂക്കളുള്ള വിദേശ നിര്‍മിതമായ ചില്ലുഗ്ലാസില്‍ ഒഴിച്ചുകൊടുക്കുന്ന തുടുത്ത ചായയും കുറെ സമയമെടുത്ത് കഴിച്ചു തീര്‍ക്കുമായിരുന്നു. അതുകഴിഞ്ഞ് തയ്യല്‍ മെഷീന്‍റെ പുറകിലിരുന്ന് അദ്ദേഹം ഭക്തിപൂര്‍വം കുരിശു വരച്ച് ‘എന്‍റെ ഈശോയേ’ എന്ന് ജപിക്കും. പിന്നെ കത്രികയും ന്യൂസ് പേപ്പറും സ്കെയിലും മാര്‍ക്കിംഗ് ചോക്കും തുണികളുമെല്ലാമായി ഒരു ദടപിടലോടെ അമ്മീമ്മയെ തയ്യല്‍ പഠിപ്പിച്ചു തുടങ്ങും .

വീടിനു പുറത്ത് മേടവെയില്‍ ഉരുകിത്തിളച്ചു കിടക്കും. മുളങ്കൂട്ടങ്ങള്‍ ദീനമായി കരയുന്നുണ്ടാവും. ചെമ്പോത്തും പോത്താംകീരികളും മൈനകളുമെല്ലാം തിളയ്ക്കുന്ന വെയില്‍ കുടിച്ച് മരത്തണലുകളീല്‍ ചാഞ്ഞു മയങ്ങുന്നുണ്ടാവും..

അമ്മീമ്മ അതിയായ ഉല്‍സാഹത്തോടെ തയ്യല്‍ പഠിച്ചുകൊണ്ടിരുന്നു. സൂക്ഷിച്ചില്ലെങ്കില്‍ വിരലില്‍ സൂചി കയറുമെന്ന് ആ അധ്യാപകന്‍ അമ്മീമ്മയെ എപ്പോഴും താക്കീതു ചെയ്യാറുണ്ടായിരുന്നു. ആ വിരട്ടല്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത പേടി തോന്നും. അതുകൊണ്ട് അദ്ദേഹം ക്ലാസ് കഴിഞ്ഞ് പോകുന്നതുവരെ ഞങ്ങള്‍ ഇടയ്ക്കിടെ രാമനാമം ചൊല്ലും. പോരാത്തതിനു അര്‍ജുനന്‍ , ഫല്‍ഗുനന്‍ എന്നും ചൊല്ലുമായിരുന്നു. ഇതൊക്കെയാണെങ്കിലും തയ്യല്‍ പഠിക്കേണ്ട എന്ന് അമ്മീമ്മയോട് ഉറപ്പിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.

സ്ത്രീകളുടെ വസ്ത്രങ്ങളെല്ലാം സാമാന്യം ഭംഗിയായി തയിക്കാന്‍ ആ മധ്യ വേനലവധിക്കാലത്ത് അമ്മീമ്മ പഠിച്ചു. പിന്നീട് വിവിധ തരം തയ്യലുകളുടെ വസന്തകാലമായിരുന്നു വീട്ടില്‍ .
റേഷന്‍ കടയില്‍ നിന്നു കിട്ടുന്ന തുണികളും അമ്മിമ്മയുടെ പഴയ സാരികളും ധാരാളം ഞൊറിവുകളുള്ള പാവാടകളായും ഫ്രോക്കുകളായും രൂപം മാറി. കട്പീസ് സെന്‍ററില്‍ നിന്ന് അമ്മ കൊണ്ടുത്തരുന്ന തുണിക്കഷണങ്ങള്‍ വേണ്ട രീതിയില്‍ യോജിപ്പിച്ച് അമ്മീമ്മ നല്ല ഡിസൈനര്‍ ഉടുപ്പുകള്‍ തയിച്ചു തരുമായിരുന്നു. ആപ്ലിക് വര്‍ക്ക് ചെയ്ത ഭംഗിയുള്ള തലയിണ ഉറകളും കിടക്കവിരികളും അമ്മീമ്മയുടെ വിരലുകളില്‍ നിന്നും ജന്മം കൊണ്ടു. ബംഗാളി സ്ത്രീകള്‍ പഴയ സാരികള്‍ അടുക്കടുക്കായി കൂട്ടിത്തയിച്ചുണ്ടാക്കുന്ന പുതപ്പുകള്‍ അസാമാന്യ കലാവിരുതോടെയാണ് അമ്മീമ്മ നിര്‍മ്മിച്ചത്. ആ പുതപ്പുകള്‍ എനിക്കും അനിയത്തിക്കും ഒരേ പോലെ ഇഷ്ടമായിരുന്നു. അമ്മീമ്മയുടെ പഴയ സാരികള്‍ കൊണ്ട് ഉണ്ടാക്കിയ ആ പുതപ്പുകളില്‍ നിന്ന് ഞങ്ങള്‍ക്ക് സദാ അവരുടെ സുഗന്ധം കിട്ടിപ്പോന്നു. ആ സുഗന്ധം ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന വൈകാരിക സുരക്ഷിതത്വമാകട്ടെ നിസ്സീമമായിരുന്നു.

ഓണത്തിനെന്നല്ല ഒരു ആഘോഷത്തിനും അച്ഛന്‍ അങ്ങനെ കൃത്യമായി തുണികളൊന്നുമെടുക്കാറില്ല. അത്തരം കാര്യങ്ങളിലൊന്നും അച്ഛന് ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല. എങ്കിലും വളരെ വല്ലപ്പോഴും അല്ലെങ്കില്‍ വളരെ ദുര്‍ലഭമായി എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഉടുപ്പുകള്‍ വാങ്ങിത്തരികയും ഉണ്ടായിട്ടുണ്ട്.

ഓണത്തിനു അച്ഛന്‍ മേടിച്ചു തന്നതെന്ന് പറഞ്ഞ് സ്കൂളില്‍ എല്ലാവരും പുത്തനുടുപ്പുകള്‍ കാണിക്കുമ്പോള്‍ ഞങ്ങള്‍ അല്‍പം പരവശരാകാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അമ്മയും അമ്മീമ്മയും മേടിച്ചു തന്ന ഉടുപ്പുകളെന്ന് പറയുമ്പോഴും അവയെ തൊട്ടുകാണിക്കുമ്പോഴും വേണ്ടത്ര ഗമ പോരെന്നു തോന്നിയിരുന്നു. അച്ഛന്‍ മേടിച്ചു തന്ന ഉടുപ്പാണെന്ന് പറയുവാന്‍ സാധിക്കുമ്പോഴാണ് ശരിക്കും ഗമ കിട്ടുന്നതെന്നായിരുന്നു അക്കാലത്തൊക്കെ വിചാരം. അങ്ങനെ പറയാന്‍ സാധിക്കാത്തതില്‍ അന്നേരം വല്ലാത്ത സങ്കടവുമുണ്ടായിട്ടുണ്ട്.

ബോംബെ ഡൈയിംഗിന്‍റെയും ഹാന്‍റ്റെക്സിന്‍റെയുമൊക്കെ ക്ലോത്ത് ക്ലബ്ബില്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ പണമടച്ചാണ് ഓണത്തിനും വിഷുവിനുമൊക്കെ അമ്മ ഉടുപ്പ് എടുത്ത് തന്നിരുന്നത്. കട് പീസ് സെന്‍ററിലും എന്‍ ടി സിയിലും ഒക്കെ അമ്മയ്ക്ക് ക്ലോത്ത്ക്ലബ്ബുകളില്‍ അംഗത്വമുണ്ടായിരുന്നു. സ്വന്തം ശമ്പളത്തില്‍ നിന്ന് ഞങ്ങള്‍ മുതിരും വരെ ഇങ്ങനെ എല്ലാക്കൊല്ലവും പണമടച്ചു അമ്മ ഭേദപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങിച്ചു തന്നുകൊണ്ടിരുന്നു.

ഓണത്തിനു എല്ലാവര്‍ക്കും തുണികള്‍ കൊടുക്കുന്നത് അമ്മീമ്മയുടെ പതിവായിരുന്നു. പാലും പച്ചക്കറിയും മറ്റും കൊണ്ടുതരുന്നവര്‍ക്ക്, പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക്, വീട്ടു ജോലിക്ക് സഹായിക്കുന്നവര്‍ക്ക് എല്ലാം അമ്മീമ്മ മറക്കാതെ ജഗന്നാഥന്‍ മുണ്ടും ബ്ലൌസും തോര്‍ത്തുമൊക്കെ ഓണപ്പുടവയായി നല്‍കും. ഞങ്ങള്‍ക്കും പൂക്കളുള്ള ചീട്ടിത്തുണിയുടെ കുപ്പായങ്ങള്‍ തയിച്ചു തരും. എന്നാല്‍ സ്വന്തമായി യാതൊന്നും വാങ്ങുകയില്ല .

ഉത്രാടത്തിന്‍റെ അന്ന് കൃത്യമായി ഉച്ചയൂണിനു മുമ്പ് ഒരു നെയ്ത്തുകാരന്‍ വീട്ടില്‍ വന്നിരുന്നു. അയാള്‍ കൊണ്ടുവരുന്ന പരുക്കന്‍ സാരിയായിരുന്നു എല്ലാ വര്‍ഷവും അമ്മീമ്മയുടെ ഓണപ്പുടവ. ഞങ്ങള്‍ കുട്ടികള്‍ക്ക് ആ പുടവ ഒട്ടും ഇഷ്ടമായിരുന്നില്ല. പരമ ദയനീയമായിരുന്നു അതിന്‍റെ ഡിസൈന്‍. എല്ലാ വര്‍ഷവും ഒരേ പോലെ ചെറുതും വലുതുമായ കള്ളികള്‍ സാരി മുഴുവന്‍ അങ്ങനെ പടര്‍ന്നു കിടക്കും. സാരിയുടെ മുന്താണിക്കോ ബോര്‍ഡറിനോ ഒന്നും ഒരു എടുപ്പുമുണ്ടാവുകയില്ല. കളര്‍ കോമ്പിനേഷനുകളാകട്ടെ അതിലും പരിതാപകരം. വെളുപ്പോ മങ്ങിയ വെളുപ്പോ ആയിരിക്കും ബേസ് കളര്‍. അതില്‍ മഞ്ഞയോ മങ്ങിയ പച്ചയോ അതുമല്ലെങ്കില്‍ ഓറഞ്ചോ ഒക്കെ യാതൊരു കലാബോധവുമില്ലാതെ നെടുകെയും കുറുകെയും നെയ്തിട്ടുണ്ടാകും. തുണിയാണെങ്കിലോ തികച്ചും പരുക്കന്‍. .. പലവട്ടം അലക്കി അവിടവിടെ നൂലു പൊന്തിയ പോലെ അല്ലെങ്കില്‍ ഉരക്കടലാസ്സ് പോലെ ... വല്ല കര്‍ട്ടനോ ബെഡ് ഷീറ്റോ മറ്റോ ആക്കാനേ ആ സാരി കൊള്ളുകയുള്ളൂ എന്ന് ഞാനും അനിയത്തിയും ഉറച്ചു വിശ്വസിച്ചു.

എന്തിനാണ് അമ്മീമ്മ ഈ പരുക്കന്‍ സാരി വാങ്ങുന്നതെന്നും തിരുവോണത്തിന്‍റെ അന്ന് അതുടുക്കുന്നതെന്നും ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്ന ദിവസം അതുടുത്തുകൊണ്ട് സ്കൂളിലേക്ക് പോകുന്നതെന്നും ഞങ്ങള്‍ക്ക് മനസ്സിലായതേ ഇല്ല.

കുറച്ച് മുതിര്‍ന്നപ്പോള്‍ അതും പറഞ്ഞ് ഞങ്ങള്‍ അമ്മീമ്മയോട് ഉശിരോടെ തര്‍ക്കിച്ചു..

‘സാരീണ്ട് ടീച്ചറെ’ എന്നയാള്‍ പറയുമ്പോള്‍ അമ്മീമ്മ അയാളുടെ പക്കലുണ്ടാവാറുള്ള ചില സാരികളൊക്കെ തൊട്ടു നോക്കും. എന്നിട്ട് ആദ്യം തന്നെ കുറച്ച് തോര്‍ത്തുമുണ്ടുകള്‍ വാങ്ങും.

‘ ടീച്ചറെ, സാരി’ എന്ന് അയാള്‍ വീണ്ടും പറയും.

‘ കൈനീട്ടായിട്ടുള്ള സാരിയാ. ടീച്ചര്‍ക്കാണ് ആദ്യം.. ടീച്ചര്‍ വാങ്ങിയാ മുഴുവനും വിറ്റ് പോവും. സാരി എട്ക്കണം ടീച്ചറെ.. ‘

ഇങ്ങനെയാണ് ആ സാരി വില്‍പന.

അതു കഴിഞ്ഞ് അമ്മീമ്മ അയാള്‍ക്ക് വലിയൊരു നാക്കിലയില്‍ ഗോതമ്പുപായസമടക്കമുള്ള ഉത്രാടസ്സദ്യ വിളമ്പും.

അയാളുടെ വിശ്വാസത്തെ വേദനിപ്പിക്കാന്‍ അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അതൊരു വെറും നല്ല മനസ്സു മാത്രവുമായിരുന്നില്ല. അയാളുടെ അധ്വാനത്തെയും അവര്‍ ഏറെ വില മതിച്ചിരുന്നു. അയാളുടെ അധ്വാനവും വിശ്വാസവും മാത്രമായിരുന്നു ആ അനാകര്‍ഷകമായ ഓണപ്പുടവയുടെ ഊടും പാവും. അതിനെ നിസ്സാരമായിക്കരുതാന്‍ അമ്മീമ്മ തയാറായിരുന്നില്ല. ഞങ്ങള്‍ കുട്ടികളും ആ സാരിയെ അതുകൊണ്ടു തന്നെ നിസ്സാരമായി കാണാന്‍ പാടില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു.

ഓണാവധിക്കു ശേഷം സ്കൂളിലെ മറ്റ് ടീച്ചര്‍മാര്‍ സ്വര്‍ണക്കസവുള്ള കേരളാസ്സാരിയും അതീവ മൃദുലമായ മറ്റ് പട്ടു സാരികളും ഉടുത്തു വരുമ്പോള്‍ അമ്മീമ്മ മാത്രം ഉരക്കടലാസ്സു പോലെയുള്ള നെയ്ത്തുസ്സാരി ധരിച്ച് സ്കൂളിലെത്തി. യാതൊരു കലാബോധവുമില്ലാത്ത വിചിത്ര നിറങ്ങള്‍ പടര്‍ന്നതും വില കുറഞ്ഞതുമായ ആ ഓണപ്പുടവ ധരിച്ചിട്ടും അവര്‍ ഒരു നക്ഷത്രം പോലെ ജ്വലിച്ചു. അത് തീര്‍ച്ചയായും മറ്റൊരാളുടെ അധ്വാനത്തെ ഒട്ടും ചൂഷണം ചെയ്യാതെ,അതിനെ തികച്ചും വിലമതിക്കുന്ന അവരുടെ മനസ്സിന്‍റെ സൌന്ദര്യം കൊണ്ടു തന്നെയായിരുന്നു.

ആരേയും ഒന്നിനു വേണ്ടിയും ചൂഷണം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു മനസ്സിനുടമയാവുന്നത് ഒട്ടും എളുപ്പമല്ലല്ലോ.

Friday, May 12, 2017

സ്ത്രീ ശരീരമെന്ന ഒടുങ്ങാത്ത കൌതുകം ...

https://www.facebook.com/echmu.kutty/posts/462990357213597

മനസ്സ് വിങ്ങിപ്പോയതുകൊണ്ടു മാത്രം എഴുതാതിരിക്കാനാവില്ലെന്ന് തോന്നിയതുകൊണ്ടു മാത്രം എഴുതപ്പെടുന്നൊരു കുറിപ്പാണിത്.
ഈ കുറിപ്പ് ഇരുനൂറു വര്‍ഷം മുന്‍പ് മരിച്ചു പോയൊരു പെണ്ണിനെ പറ്റിയാണ്... അവളുടെ ശരീരഭാഗങ്ങളെപ്പറ്റിയാണ്.

ആ പേരു ഓര്‍മ്മ വന്നു കാണും എന്ന വിശ്വാസത്തില്‍ ..

ഒരര്‍ഥത്തില്‍ വേദനിപ്പിക്കപ്പെടുന്ന, നിന്ദിക്കപ്പെടുന്ന ഓരോ പെണ്ണും സാര്‍ ട്ട് ജി ബ്രാട് മാനാണ്... ആ ജീവിതത്തിന്‍റെ അടുത്തും അകലെയുമായ പൊട്ടുകളാണ്.

1816ല്‍ യൂറോപ്പിലെ കഠിനമായ തണുപ്പ് സഹിയ്ക്കാതെ മരിച്ചു പോയ ഒരു ഇരുപത്തേഴുകാരിയാണ് സാര്‍ ട്ട് ജി. മനുഷ്യ സമൂഹത്തില്‍ എന്നും ഒരേ പോലെ കത്തി നില്‍ക്കുന്ന സ്ത്രീ ശരീരമെന്ന ഒടുങ്ങാത്ത കൌതുകത്തിന്‍റെ അതീവ ദയനീയമായ ഇര.
സാര്‍ട്ട്ജി പിറന്നത് ദക്ഷിണാഫ്രിക്കയിലാണ്. ഖൊസിയാന്‍ എന്ന ആഫ്രിക്കന്‍ ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ ജന്മം.

ഇംഗ്ലീഷുകാരും ഡച്ചുകാരും നാനൂറു വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ഈ ഗോത്രക്കാരെ കുറ്റിക്കാട്ടിലെ മനുഷ്യര്‍ എന്നു വിളിച്ചു പോന്നു. അവരെ അടിമകളാക്കി പിടിക്കുന്നതിലും പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യുന്നതിലും അവര്‍ പരസ്പരം മല്‍സരിച്ചു.
അങ്ങനെ ഒരു ദിവസം സാര്‍ട്ജി ഇംഗ്ലീഷുകാരുടെ പിടിയിലായി. ആ ശരീരം കണ്ട നേവല്‍ സര്‍ജനായ സായിപ്പിന്‍റെ തലയില്‍ ഒത്തിരി കാര്യങ്ങള്‍ ഒരേ സമയം തെളിഞ്ഞു. അയാള്‍ സാര്‍ട് ജിയെ വിലയ്ക്ക് വാങ്ങി.

ഖൊസിയാന്‍ ഗോത്രത്തിന്‍റെ ശാരീരിക പ്രത്യേകതകളുമായി പിറന്ന ആ ശരീരത്തെ അയാള്‍ മുഴുവനായും ഉപയോഗിച്ചു...
എന്താണ് ആ ഗോത്രത്തിന്‍റെ പ്രത്യേകത എന്നറിയുമോ?

തൊട്ട് കണ്ണെഴുതാവുന്ന നിറം. കീഴടക്കാനാവാത്ത കുന്നുകള്‍ പോലെ ഉന്തി നില്‍ക്കുന്ന ചന്തികള്‍, സദാ വെല്ലുവിളിക്കുന്ന ഉയര്‍ന്ന മുലകള്‍, നീണ്ടുരുണ്ട് കരുത്തുറ്റ തുടകള്‍, വലുപ്പമേറിയ യോനീതടം..
സായിപ്പ് സാര്‍ ട് ജി യെ ഇംഗ്ലണ്ടിലെത്തിച്ചു .. ഒരു കൂട്ടിലിട്ട് പ്രദര്‍ശനത്തിനു വെച്ചു. ഇംഗ്ലീഷുകാര്‍ പണം നല്‍കി ആ ശരീരം തൊട്ടു രസിച്ചു. അനുഭവിച്ചു തളര്‍ന്നു. പണം കുറെ കൈയില്‍ വന്നു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ സായിപ്പിനു പതുക്കെപ്പതുക്കെയാണെങ്കിലും ഈ പ്രദര്‍ശനം ബോറടിച്ചു തുടങ്ങി..

അങ്ങനെ അയാള്‍ സാര്‍ ട് ജിയെ ഒരു സര്‍ക്കസ്സുകാരനു വിറ്റു. സര്‍ക്കസ്സുകാരന്‍ ചില സര്‍ക്കസ്സുവിദ്യകളൊക്കെ പഠിപ്പിച്ചു.. പഠിപ്പിക്കുമ്പോള്‍ ആകാവുന്ന പോലെയൊക്കെ ശിഷ്യയെ രുചിച്ചു. എന്നിട്ട് പാരീസില്‍ പ്രദര്‍ശനത്തിനു വെച്ചു.

ഫ്രഞ്ചുകാര്‍ക്ക് അല്‍ഭുതം താങ്ങാനായില്ല. അവരും സാര്‍ട്ജിയെ ഭോഗിച്ചുല്ലസിച്ചു. പക്ഷെ, അതെ... സാര്‍ ട്ജി തുണിയുടുക്കാതെ ... തുണിയുടുക്കാനാവാതെ... യൂറോപ്പിലെ കൊടും തണുപ്പില്‍... അതെ, മഞ്ഞിനു സ്വയം തോന്നിക്കാണും ഈ നീറുന്ന ജീവിതം അവസാനിപ്പിച്ചു കൊടുക്കേണ്ട ധര്‍മ്മം തന്‍റെയാണെന്ന് ...
സാര്‍ട്ജി മരിച്ചു. ..
എന്നിട്ടോ..

ഫ്രഞ്ചുകാര്‍ ആ ശരീരത്തില്‍ മരുന്നുകള്‍ പുരട്ടി പാരീസിലെ മൂസി ഡി ഹോമി എന്ന മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചു. അതും ബോറടിച്ചപ്പോള്‍ ഒടുവില്‍ വെള്ളക്കാരെ എപ്പോഴും അതിശയിപ്പിച്ച ആ യോനീദളങ്ങളുള്‍പ്പടെ ഫോര്‍മലിനില്‍ ഇട്ട് ലബോറട്ടറിയില്‍ സൂക്ഷിച്ചു.

പിന്നെ കാലം കടന്നു പോയി... ഈസ്റ്ററും ക്രിസ്തുമസ്സും പലവട്ടം വന്നു..

1940കളില്‍ സാര്‍ട് ജിയുടെ ദയനീയമായ കഥ ലോകമറിഞ്ഞു തുടങ്ങിയിരുന്നു. പിന്നീട് കവിതകളും ലേഖനങ്ങളും വന്നു. 1978ല്‍ ഖോസിയന്‍ ഗോത്രക്കാരിയായ ഡയാന ഫെറസ് ‘ നിന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ വന്നിരിക്കുന്നു’ എന്ന തലക്കെട്ടില്‍ എഴുതിയ കവിത ഏറെ വായിക്കപ്പെട്ടു. അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ജെ ഗുള്‍ഡ് എഴുതിയ ലേഖനവും സാര്‍ട്ജിയെ ലോകശ്രദ്ധയില്‍ എത്തിക്കാന്‍ കാരണമായി..

ദക്ഷിണാഫ്രിക്ക സ്വതന്ത്രമായതിനു ശേഷം 1994 ല്‍ നെല്‍സണ്‍ മണ്ടേല തികച്ചും ഔദ്യോഗികമായി നിയമപരമായി സാര്‍ട് ജിയുടെ ഭൌതികാവശിഷ്ടങ്ങളെ തിരിച്ചു തരണമെന്ന് ഫ്രാന്‍സിനോട് ആവശ്യപ്പെട്ടു. എന്നിട്ടും എട്ടു കൊല്ലം ആ ആവശ്യത്തിനു പുറത്ത് അടയിരുന്നതിനു ശേഷമാണ് ഫ്രാന്‍സ് ആ ശരീരഭാഗങ്ങള്‍ കൈമാറിയത്.

ദക്ഷിണാഫ്രിക്ക പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സാര്‍ട്ജിയെ ഖോസിയാന്‍ ഗോത്രാചാരപ്രകാരം സംസ്ക്കരിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനു വേണ്ടിയുള്ള കേന്ദ്രങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക സാര്‍ട്ജിയുടെ പേരു നല്‍കി. കടലോര പരിസ്ഥിതി സം രക്ഷണത്തിനു വേണ്ടി ദക്ഷിണാഫ്രിക്ക ആദ്യം കടലിലിറക്കിയ കപ്പലിന്‍റെ പേരും സാര്‍ട്ജി ബ്രാട് മാന്‍ എന്നാണ്. ...

ആന്ധ്രാപ്രദേശിലെ സ്ത്രീകളുടെ വലുപ്പമേറിയ പിന്‍ഭാഗത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിരിക്കേണ്ടി വന്ന ഒരു നിസ്സഹായതയില്‍... സമൃദ്ധമായ മാറിടങ്ങള്‍ക്കു നേരെയുള്ള കൈനീളലുകളെപ്പറ്റി നൊമ്പരപ്പെടുന്ന ഒരു കണ്ണീരിനിടയില്‍.. സ്ത്രീ ശരീരം എന്ന അവസാനിക്കാത്ത കൌതുകമെന്ന് എണ്ണപ്പെടുന്ന ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും...
വിങ്ങുന്ന ഒരു ഓര്‍മ്മയായി... സാര്‍ ട്ജി ബ്രാഡ് മാന്‍..