Friday, May 12, 2017

സ്ത്രീ ശരീരമെന്ന ഒടുങ്ങാത്ത കൌതുകം ...

https://www.facebook.com/echmu.kutty/posts/462990357213597

മനസ്സ് വിങ്ങിപ്പോയതുകൊണ്ടു മാത്രം എഴുതാതിരിക്കാനാവില്ലെന്ന് തോന്നിയതുകൊണ്ടു മാത്രം എഴുതപ്പെടുന്നൊരു കുറിപ്പാണിത്.
ഈ കുറിപ്പ് ഇരുനൂറു വര്‍ഷം മുന്‍പ് മരിച്ചു പോയൊരു പെണ്ണിനെ പറ്റിയാണ്... അവളുടെ ശരീരഭാഗങ്ങളെപ്പറ്റിയാണ്.

ആ പേരു ഓര്‍മ്മ വന്നു കാണും എന്ന വിശ്വാസത്തില്‍ ..

ഒരര്‍ഥത്തില്‍ വേദനിപ്പിക്കപ്പെടുന്ന, നിന്ദിക്കപ്പെടുന്ന ഓരോ പെണ്ണും സാര്‍ ട്ട് ജി ബ്രാട് മാനാണ്... ആ ജീവിതത്തിന്‍റെ അടുത്തും അകലെയുമായ പൊട്ടുകളാണ്.

1816ല്‍ യൂറോപ്പിലെ കഠിനമായ തണുപ്പ് സഹിയ്ക്കാതെ മരിച്ചു പോയ ഒരു ഇരുപത്തേഴുകാരിയാണ് സാര്‍ ട്ട് ജി. മനുഷ്യ സമൂഹത്തില്‍ എന്നും ഒരേ പോലെ കത്തി നില്‍ക്കുന്ന സ്ത്രീ ശരീരമെന്ന ഒടുങ്ങാത്ത കൌതുകത്തിന്‍റെ അതീവ ദയനീയമായ ഇര.
സാര്‍ട്ട്ജി പിറന്നത് ദക്ഷിണാഫ്രിക്കയിലാണ്. ഖൊസിയാന്‍ എന്ന ആഫ്രിക്കന്‍ ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ ജന്മം.

ഇംഗ്ലീഷുകാരും ഡച്ചുകാരും നാനൂറു വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ഈ ഗോത്രക്കാരെ കുറ്റിക്കാട്ടിലെ മനുഷ്യര്‍ എന്നു വിളിച്ചു പോന്നു. അവരെ അടിമകളാക്കി പിടിക്കുന്നതിലും പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യുന്നതിലും അവര്‍ പരസ്പരം മല്‍സരിച്ചു.
അങ്ങനെ ഒരു ദിവസം സാര്‍ട്ജി ഇംഗ്ലീഷുകാരുടെ പിടിയിലായി. ആ ശരീരം കണ്ട നേവല്‍ സര്‍ജനായ സായിപ്പിന്‍റെ തലയില്‍ ഒത്തിരി കാര്യങ്ങള്‍ ഒരേ സമയം തെളിഞ്ഞു. അയാള്‍ സാര്‍ട് ജിയെ വിലയ്ക്ക് വാങ്ങി.

ഖൊസിയാന്‍ ഗോത്രത്തിന്‍റെ ശാരീരിക പ്രത്യേകതകളുമായി പിറന്ന ആ ശരീരത്തെ അയാള്‍ മുഴുവനായും ഉപയോഗിച്ചു...
എന്താണ് ആ ഗോത്രത്തിന്‍റെ പ്രത്യേകത എന്നറിയുമോ?

തൊട്ട് കണ്ണെഴുതാവുന്ന നിറം. കീഴടക്കാനാവാത്ത കുന്നുകള്‍ പോലെ ഉന്തി നില്‍ക്കുന്ന ചന്തികള്‍, സദാ വെല്ലുവിളിക്കുന്ന ഉയര്‍ന്ന മുലകള്‍, നീണ്ടുരുണ്ട് കരുത്തുറ്റ തുടകള്‍, വലുപ്പമേറിയ യോനീതടം..
സായിപ്പ് സാര്‍ ട് ജി യെ ഇംഗ്ലണ്ടിലെത്തിച്ചു .. ഒരു കൂട്ടിലിട്ട് പ്രദര്‍ശനത്തിനു വെച്ചു. ഇംഗ്ലീഷുകാര്‍ പണം നല്‍കി ആ ശരീരം തൊട്ടു രസിച്ചു. അനുഭവിച്ചു തളര്‍ന്നു. പണം കുറെ കൈയില്‍ വന്നു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ സായിപ്പിനു പതുക്കെപ്പതുക്കെയാണെങ്കിലും ഈ പ്രദര്‍ശനം ബോറടിച്ചു തുടങ്ങി..

അങ്ങനെ അയാള്‍ സാര്‍ ട് ജിയെ ഒരു സര്‍ക്കസ്സുകാരനു വിറ്റു. സര്‍ക്കസ്സുകാരന്‍ ചില സര്‍ക്കസ്സുവിദ്യകളൊക്കെ പഠിപ്പിച്ചു.. പഠിപ്പിക്കുമ്പോള്‍ ആകാവുന്ന പോലെയൊക്കെ ശിഷ്യയെ രുചിച്ചു. എന്നിട്ട് പാരീസില്‍ പ്രദര്‍ശനത്തിനു വെച്ചു.

ഫ്രഞ്ചുകാര്‍ക്ക് അല്‍ഭുതം താങ്ങാനായില്ല. അവരും സാര്‍ട്ജിയെ ഭോഗിച്ചുല്ലസിച്ചു. പക്ഷെ, അതെ... സാര്‍ ട്ജി തുണിയുടുക്കാതെ ... തുണിയുടുക്കാനാവാതെ... യൂറോപ്പിലെ കൊടും തണുപ്പില്‍... അതെ, മഞ്ഞിനു സ്വയം തോന്നിക്കാണും ഈ നീറുന്ന ജീവിതം അവസാനിപ്പിച്ചു കൊടുക്കേണ്ട ധര്‍മ്മം തന്‍റെയാണെന്ന് ...
സാര്‍ട്ജി മരിച്ചു. ..
എന്നിട്ടോ..

ഫ്രഞ്ചുകാര്‍ ആ ശരീരത്തില്‍ മരുന്നുകള്‍ പുരട്ടി പാരീസിലെ മൂസി ഡി ഹോമി എന്ന മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചു. അതും ബോറടിച്ചപ്പോള്‍ ഒടുവില്‍ വെള്ളക്കാരെ എപ്പോഴും അതിശയിപ്പിച്ച ആ യോനീദളങ്ങളുള്‍പ്പടെ ഫോര്‍മലിനില്‍ ഇട്ട് ലബോറട്ടറിയില്‍ സൂക്ഷിച്ചു.

പിന്നെ കാലം കടന്നു പോയി... ഈസ്റ്ററും ക്രിസ്തുമസ്സും പലവട്ടം വന്നു..

1940കളില്‍ സാര്‍ട് ജിയുടെ ദയനീയമായ കഥ ലോകമറിഞ്ഞു തുടങ്ങിയിരുന്നു. പിന്നീട് കവിതകളും ലേഖനങ്ങളും വന്നു. 1978ല്‍ ഖോസിയന്‍ ഗോത്രക്കാരിയായ ഡയാന ഫെറസ് ‘ നിന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ വന്നിരിക്കുന്നു’ എന്ന തലക്കെട്ടില്‍ എഴുതിയ കവിത ഏറെ വായിക്കപ്പെട്ടു. അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ജെ ഗുള്‍ഡ് എഴുതിയ ലേഖനവും സാര്‍ട്ജിയെ ലോകശ്രദ്ധയില്‍ എത്തിക്കാന്‍ കാരണമായി..

ദക്ഷിണാഫ്രിക്ക സ്വതന്ത്രമായതിനു ശേഷം 1994 ല്‍ നെല്‍സണ്‍ മണ്ടേല തികച്ചും ഔദ്യോഗികമായി നിയമപരമായി സാര്‍ട് ജിയുടെ ഭൌതികാവശിഷ്ടങ്ങളെ തിരിച്ചു തരണമെന്ന് ഫ്രാന്‍സിനോട് ആവശ്യപ്പെട്ടു. എന്നിട്ടും എട്ടു കൊല്ലം ആ ആവശ്യത്തിനു പുറത്ത് അടയിരുന്നതിനു ശേഷമാണ് ഫ്രാന്‍സ് ആ ശരീരഭാഗങ്ങള്‍ കൈമാറിയത്.

ദക്ഷിണാഫ്രിക്ക പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സാര്‍ട്ജിയെ ഖോസിയാന്‍ ഗോത്രാചാരപ്രകാരം സംസ്ക്കരിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനു വേണ്ടിയുള്ള കേന്ദ്രങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക സാര്‍ട്ജിയുടെ പേരു നല്‍കി. കടലോര പരിസ്ഥിതി സം രക്ഷണത്തിനു വേണ്ടി ദക്ഷിണാഫ്രിക്ക ആദ്യം കടലിലിറക്കിയ കപ്പലിന്‍റെ പേരും സാര്‍ട്ജി ബ്രാട് മാന്‍ എന്നാണ്. ...

ആന്ധ്രാപ്രദേശിലെ സ്ത്രീകളുടെ വലുപ്പമേറിയ പിന്‍ഭാഗത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിരിക്കേണ്ടി വന്ന ഒരു നിസ്സഹായതയില്‍... സമൃദ്ധമായ മാറിടങ്ങള്‍ക്കു നേരെയുള്ള കൈനീളലുകളെപ്പറ്റി നൊമ്പരപ്പെടുന്ന ഒരു കണ്ണീരിനിടയില്‍.. സ്ത്രീ ശരീരം എന്ന അവസാനിക്കാത്ത കൌതുകമെന്ന് എണ്ണപ്പെടുന്ന ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും...
വിങ്ങുന്ന ഒരു ഓര്‍മ്മയായി... സാര്‍ ട്ജി ബ്രാഡ് മാന്‍..

9 comments:

Rajesh said...

You dont need to go back to centuries to find similarly or more worst tortured woman in India. Recently Soni Sori brought out the story of a practice amongst Indian police forces, which they ardently practice in the tribal belts of Central India, called 'Police Escort' . They would pick up a tribal woman from anywhere, accuse her as a Maoist sympathist or terrorist and then take her from Police station to station, ensuring all policemen 'enjoyed' her.

Unfortunately our Brahminist media dont care for such people. Instead they would write columns about the same police man's heroics when they get special awards. A police offer who was personally behind all the atrocities done to Soni Sori (am sure you would know what was done to her) was given the highest honours by our Govt..

vettathan said...

കൊട്ടിഘോഷിക്കപ്പെടുന്ന സംസ്കാരങ്ങളൊക്കെ ഇത്രയേ ഉള്ളൂ. ആത്യന്തികമായി തീരെ മനുഷ്യപ്പറ്റില്ലാത്ത ഒരു ജീവിയാണ് മനുഷ്യൻ

ലംബൻ said...

ഇതിലും ക്രൂരമായി വ്യഭിച്ചരിക്കപെട്ടിട്ടുള്ള പെണ്ണുങ്ങള്‍ എത്രയോ മുബയിലും കല്‍കട്ടയിലും ഉള്ള ചുമന്ന തെരുവുകളില്‍ ഇപ്പോഴും ജീവിചിരിക്കുണ്ടാക്കും. എത്രയോ എണ്ണം കൊടും പീഡനം ഏറ്റുവാങ്ങി മരിച്ചിട്ടുണ്ടാകും.

വിനുവേട്ടന്‍ said...

മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേക്കുറിച്ച് വായിച്ചിരുന്നു എച്ച്മൂ...

നിസ്സഹായതയുടെയും അപമാനത്തിന്റെയും ഇര... ലജ്ജിക്കാം നമുക്ക്...

സുധി അറയ്ക്കൽ said...

എച്ച്മുച്ചേച്ചീ..സ്വപ്നം പോലെ ഒരു വായന.ഞാനിതുവരെ കേട്ടിട്ടില്ലായിരുന്നു.നല്ല വിഷമം തോന്നി.

Cv Thankappan said...

ഞാനുംവായിച്ചറിഞ്ഞിരുന്നു...
നിസ്സഹായരും,നിരാലംബരുമായവരുടെ ദയനീയച്ചിത്രങ്ങള്‍ എത്രയോ ചരിത്രത്തില്‍...

Bipin said...

ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് എന്നറിയില്ല. ഇതിൽ നിന്നും ഒട്ടും വളർന്നിട്ടില്ല ഇന്നത്തെ സമൂഹം.ഇന്നും സ്ത്രീ ഒരു ഭോഗ വസ്തു. കാമം ശമിപ്പിക്കാൻ വേണ്ടി മാത്രമല്ല. അന്ന് സായിപ്പ് കൂട്ടിലിട്ടു പ്രദർശിപ്പിച്ചു,ഇന്ന് കോർപ്പറേറ്റുകൾ പ്രദർശിപ്പിക്കുന്നു കാശുണ്ടാക്കുന്നു . സ്ത്രീകൾ അതിനു കണക്കു പറഞ്ഞു കാശും വാങ്ങുന്നു.

ramanika said...

സാര്‍ട്ജി വിങ്ങുന്ന ഒരു ഓര്‍മ്മയായി....
ദക്ഷിണാഫ്രിക്കയുടെ അവരോടുള്ള സമീപനം പ്രതീക്ഷ ഉണർത്തുന്നു ....
അറിയാതെ തല താഴ്ന്നു പോകുന്നു .....

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നേ വായിച്ചിരുന്നു ,കുറച്ച് തിരക്കിലായിരുന്നു
ലോകത്തൊട്ട് മിക്കയിടത്തും നിസ്സഹായതയുടെയും അപമാനത്തിന്റെയും
ഇരകളാകുന്നത് സ്ത്രീകൾ തന്നെയാണ് ... !