ദില്ലി
മഹാനഗരത്തില്‍ ജീവിച്ച കാലത്ത് തീസ് ഹസാരി, ഖഡ്ഖഡ് ഡൂമ, പട്യാലഹൌസ്
എന്നീ കോടതികളിലും ദില്ലി
ഹൈക്കോര്‍ട്ടിലും ..... അവസാനം സുപ്രീം കോര്‍ട്ടിലും പല ആവശ്യങ്ങള്‍ക്കായി പലവട്ടം പോകാനിട വന്നിട്ടുണ്ട്. ദയനീയമായ കഷ്ടപ്പാടുകളുടെ ആ ദിവസങ്ങളിലൊന്നിലാണ് അശരണരെയും വേദനിക്കുന്നവരേയും കൈകള്‍ വിടര്‍ത്തി സ്വാഗതം ചെയ്ത്, നെഞ്ചോട് ചേര്‍ത്ത്
ആശ്വസിപ്പിക്കുന്ന നീതിദേവതയുടെ സവിധമായാണ് നമ്മുടെ സുപ്രീംകോടതിക്കെട്ടിടം, ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വയസ്സനായ ഒരു വക്കീല്‍ ഗുമസ്തന്‍ കാരുണ്യത്തോടെ
എനിക്ക് പറഞ്ഞു തന്നത്.
അതീവ
വിചിത്രമായതും വളരെ വേദനയുളവാക്കുന്നതുമായ വിധികള്‍ പലപ്പോഴും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, പാവപ്പെട്ടവരും നിസ്സഹായരുമായ
മനുഷ്യരുടെ വേദനകളെ ഒന്നു കാണാന്‍
തന്നെ വിസമ്മതിച്ച് വര്‍ഷങ്ങളോളം മൌനമായിരുന്നിട്ടുണ്ടെങ്കിലും
സുപ്രീം കോടതി ചിലപ്പോഴൊക്കെ ആ വയസ്സന്‍ വക്കീല്‍ ഗുമസ്തന്‍റെ വാക്കുകളോട് നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അത്തരമൊരു
വിധിയാണ് ഈയിടെ സൂര്യനെല്ലി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത്.
പതിനാറു
വര്‍ഷമായി കഷണം കഷണമാക്കി പിച്ചിച്ചീന്തപ്പെട്ട ഒരു പാവം
പെണ്‍കുട്ടിയെ എവിടേയും കേട്ടുകേള്‍വിയില്ലാത്ത അപൂര്‍വ കാരണങ്ങള്‍ നിരത്തി പാഠം പഠിപ്പിച്ചത് നമ്മള്‍
ജനങ്ങള്‍ തന്നെ അധികാരത്തിലേറ്റിയ കേന്ദ്ര
സംസ്ഥാന ഭരണകൂടങ്ങളാണ്. പുരുഷനെ സ്ത്രീയാക്കാനും
ജീവിച്ചിരിക്കുന്നവരെ കാണാതാക്കാനും വളരെ എളുപ്പത്തില്‍ കഴിയുന്ന വിവിധ അന്വേഷണ ഏജന്‍സികളാണ്. കേസ്
പരിഗണിച്ച് അവസാനമായി വിധി പുറപ്പെടുവിച്ച നീതിപീഠമാകട്ടെ അവളുടെ ജീവിതത്തിന്‍റെ മാത്രമല്ല, ഈ രാജ്യത്തിലെ നിസ്സഹായരും അനാഥരും പീഡിതരുമായ എല്ലാ
മനുഷ്യരുടേയും കൊച്ചു കൊച്ചു ശുഭ പ്രതീക്ഷകളെപ്പോലും പരിപൂര്‍ണമായും തല്ലിക്കെടുത്തി. പതിനാറുകാരിയായ
നീ വേശ്യയും കള്ളിയും മന്ദബുദ്ധിയും നാല്‍പതിലധികം
പുരുഷന്മാര്‍ക്കൊപ്പം രമിച്ചാനന്ദിച്ചവളുമാണെന്ന്
പറയാതെ പറഞ്ഞും ചിരിക്കാതെ ചിരിച്ചും പലരും ആനന്ദിച്ചു. അധിക പങ്കു മാധ്യമങ്ങളും അവയിലെ
ചര്‍ച്ചകളില്‍ സുലഭമായി പ്രത്യക്ഷപ്പെടുന്നവരും മൂര്‍ച്ചയേറിയ
വാക്കുകളാലും നിശ്ചലമായ ഓടയെക്കാള്‍ നാറുന്ന കെട്ട നിരീക്ഷണങ്ങളാലും അവളെ
സാധിക്കുമ്പോഴെല്ലാം കീറിമുറിച്ചു. അവളൂടെ രക്തച്ചാലുകുള്‍ കണ്ട് ഡ്രാക്കുളയെ ലജ്ജിപ്പിക്കുന്ന വിധത്തില്‍ ആഹ്ലാദിച്ചു.
സുപ്രീം
കോടതിയുടെ കണ്മുന്‍പില്‍ ദില്ലിയില്‍ സംഭവിച്ച ആ മഹാദുരന്തമായിരിക്കണം എട്ടു വര്‍ഷം നീണ്ട ബോധനിദ്രയില്‍ നിന്നു കോടതിയെ ഇപ്പോഴുണര്‍ത്തിയത്.
അല്ലെങ്കില്‍ 2005 ല്‍ ആ പെണ്‍കുട്ടി സമര്‍പ്പിച്ച അപ്പീലിന്മേല്‍ ഇപ്പോഴാണോ ഇങ്ങനെ ഒരു തീരുമാനമുണ്ടാകേണ്ടിയിരുന്നത് ? ഈ നീണ്ട വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ പ്രതികളും മിക്കവാറും
നമ്മുടെ രാജ്യം തന്നെ
ഉപേക്ഷിച്ചിട്ടുണ്ടാവുമെന്ന് ആര്‍ക്കാണറിയാത്തത്? ഇത്തരുണത്തില്‍ വളരെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മറ്റൊരു കേസിലെ പെണ്‍കുട്ടി എന്നെ
ഇനിയും കോടതി കയറ്റരുത് എന്ന് വിലപിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും സാമൂഹിക
പരിതസ്ഥിതിയുടേയും പക്ഷപാതപരമായ ജീര്‍ണ
മുഖത്തെ തന്നെയാണ് വെളിവാക്കുന്നത്.
ഒരു
ന്യായാധിപന് സ്വന്തം ബോധ്യമനുസരിച്ച് തന്‍റെ മുന്‍പില്‍ വരുന്ന പരാതികളില്‍
വിധിയെഴുതാന്‍ മാത്രമുള്ള അധികാരമേ ഭരണഘടനാപ്രകാരം കൈവശമുള്ളൂവെങ്കിലും
നമ്മുടെ പല ന്യായാധിപന്മാരും പലപ്പോഴും അതി ഭയങ്കരമായ അധികാര പ്രകടനങ്ങള്‍
നടത്തുന്നതില്‍ വല്ലാതെ അഭിരമിക്കുന്നവരാണ്. അവരെഴുതിയ വിധിയെ ജനങ്ങളോ മേല്‍ക്കോടതികള്‍ തന്നെയുമോ ചോദ്യം ചെയ്യുന്നതും വിമര്‍ശിക്കുന്നതും
ഒന്നും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. നിയമ
പണ്ഡിതരും നിക്ഷ്പക്ഷരും ആവേണ്ട ന്യായാധിപര്‍ സ്വന്തം ജാതി മത വര്‍ഗ വര്‍ണ ലിംഗബോധങ്ങളുടെ തടവറയില്‍
പെട്ട് ഞാനാണ് എല്ലാം എനിക്കു ശേഷം പ്രളയം
എന്ന ജന്മി മാടമ്പിത്തവുമായി പൊതുജനത്തെ
പലപ്പോഴും അവഹേളിക്കുന്നു. സൂര്യനെല്ലി കേസില്‍ വിധി പറഞ്ഞ ന്യായാധിപന്‍, ഇപ്പോള്‍ നടത്തിയ ഹീനമായ അഭിപ്രായ പ്രകടനമനുസരിച്ച് ആണധികാരത്തിന്‍റേയും ഫ്യൂഡല്‍ മൂല്യങ്ങളുടേയും
നിര്‍ലജ്ജമായ കെട്ടുകാഴ്ചയിലൂടെ യഥാര്‍ഥത്തില്‍, ഇന്ത്യയിലെ നീതിയില്‍ വിശ്വസിക്കുന്ന സാമാന്യ
ജനതയെയാണ് ഒന്നായി അപമാനിച്ചിരിക്കുന്നത്. അത്
സൂര്യനെല്ലി പെണ്‍കുട്ടിയോടോ അവള്‍ക്ക്
സംഭവിച്ച ദുരിതപര്‍വത്തിനോടോ രാജ്യമെങ്ങുമുള്ള
സ്ത്രീകളോടോ മാത്രമായ
പരിഗണനയില്ലായ്മയല്ല. ഒരു ബാലികയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയി പലര്‍ക്കും നല്‍കിയവരെ, ഇന്ത്യയില്‍ നിയമം മൂലം നിരോധിക്കപ്പെട്ട ബാല
വേശ്യാവൃത്തിയുടെ ഒഴിവുകഴിവില്‍, വെറും പാവം
പാവം സദാചാരവിരുദ്ധരായി മാത്രം പ്രഖ്യാപിക്കാന്‍ സാധിച്ച മനുഷ്യത്വവിരുദ്ധതയുടെ, ഒടുങ്ങാത്ത ധാര്‍ഷ്ട്യത്തിന്‍റെ
കറുത്ത സത്യമാണ്. അത്
നമ്മിലോരോരുത്തരുടേയും നേര്‍ക്ക് തിരിയുന്ന അനീതിയുടെ ക്രൂരമായ വാള്‍ത്തലപ്പാകാന്‍ ഒരു നിമിഷാര്‍ദ്ധം
പോലും ആവശ്യമില്ലെന്ന് എല്ലാവരും
മനസ്സിലാക്കേണ്ടതുണ്ട്.
ഇത്രയും
വൈകി തുറന്ന നീതിയുടെ വലിയ വാതില്‍ ആ പെണ്‍കുട്ടിയ്ക്കിനി എന്ത് നല്‍കുവാനാണെന്ന് എല്ലാ
മനുഷ്യരേയും പോലെ ഞാനും സംശയിക്കുമ്പോഴും പരിപൂര്‍ണമായും ശുഭാപ്തി വിശ്വാസം
കൈവിടുവാന്‍ എനിക്കു കഴിയുന്നില്ല. അല്ലെങ്കില്‍ അതിനു ഞാന്‍ തയാറാവുന്നില്ല.
കാരണം ഭരണത്തിലും നീതിന്യായ വ്യവസ്ഥകളിലും മാധ്യമങ്ങളിലും എല്ലാം ഒന്നിച്ചു വിശ്വാസം
നഷ്ടപ്പെട്ട, നിസ്സഹായരായ ജനത തീര്‍ച്ചയായും അരാജകത്വത്തി ലേക്കും
അക്രമത്തിലേക്കുമായിരിക്കില്ലേ കൂപ്പുകുത്തുന്നതെന്ന എന്‍റെ ഉള്‍ഭയമാണ്. എല്ലായ്പ്പോഴുമെന്ന പോലെ അത്തരം സന്ദര്‍ഭങ്ങളിലും അതി ഭയങ്കരമായി അതി നിശിതമായി
വില കൊടുക്കേണ്ടി വരുന്നവരായിരിക്കുമല്ലോ പ്രത്യേകിച്ചും പെണ്‍ജന്മങ്ങള്‍.
19 comments:
അവള്‍ ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടു . ഇന്നിതാ ദിനവും പിച്ചിചീന്തുന്നു . തെരുവിലവളെ വാക്ക് കൊണ്ട് വ്യഭിച്ചരിക്കുന്നവരും . സഹതാപം ചൊരിയുന്നു എന്ന് ഭാവിക്കുന്ന മാധ്യമങ്ങളും ..
തന്‍റെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപരമായി വിധി പുറപ്പെടുവിക്കേണ്ടവനാണ് ന്യായാധിപന്‍.പക്ഷേ നമ്മുടെ ജനാധിപത്യത്തില്‍ ഏറ്റവും അപചയം ബാധിച്ച ഒന്നായി കോടതികള്‍ മാറി. സൂര്യനെല്ലിക്കേസിന്‍റെ അപ്പീല്‍ ഇത്രയും വൈകിയതിനും കാരണം അതാണ്. ഇപ്പോള്‍ കോടതിയുടെ ഇടപെടലും എത്രമാത്രം നിയമപരമാണെന്ന് സംശയമുണ്ട്. 15 മിനുട്ടുകൊണ്ട് 150ഓളം പേജുകളുള്ള ഹൈക്കോടതി വിധി ജഡ്ജിമാര്‍ എത്രമാത്രം പരിശോധിച്ചിട്ടുണ്ടാവും?അടുത്തകാലത്ത് റൌഫും ഒരു ഡി.ഐ.ജി യുമായുള്ള സംസാരത്തില്‍ കേസ്സ് നമുക്ക് അനുകൂലമായ ബെഞ്ചിലേക്കു മാറ്റുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.സൂര്യനെല്ലി പെണ്‍ കുട്ടിയെക്കുറിച്ച് പറഞ്ഞാല്‍ ഏതാണ്ട് എല്ലാവരും ,രാഷ്ട്രീയക്കാരും,ചാനല്‍കാരും അടക്കം അവള്‍ക്ക് വേണ്ടിയാണ് ഇടപെടുന്നത് എന്നു ഭാവിക്കുന്ന മിക്കവരും അവളെ മുതലെടുക്കുകയാണ്.
ഒരു ജന്മം മുഴുവന്‍ പീടിപ്പിക്കപ്പെടാന്‍ ദൈവം വിധിച്ചതാണ് ആ പെണ്ണിനെ. ഓരോ എഴുത്തും, ഓരോ ചര്‍ച്ചയും അവളെ കൂടുതല്‍ പീഡിപ്പിക്കുകയാണ്. കഷ്ടം എന്ന് പറയുന്ന പലരും സുധാകരനെ പോലെ മനസ്സില്‍ പറയുന്നുണ്ടാവും. രാഷ്ട്രീയ , സാമ്പത്തിക ശക്തികൊണ്ട് ഒരുപക്ഷെ ഈ കേസ് തേഞ്ഞുമാഞ്ഞ് ഇല്ലതായേക്കാം. കാരണം ഇന്ത്യയിലെ എല്ലാ ഓഫീസും പോലെ നമ്മുടെ കോടതികളും അഴിമതിയുടെ ഇടമാണെന്ന് ഒരുപക്ഷെ ഇപ്പോള്‍ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.
ഒന്ന് പറയട്ടെ ഇന്നിയും അവളെ പീഡിപ്പിക്കരുത്.
നമ്മുടെ നാട്ടില്‍ നമുക്കറിയാവുന്ന സിനിമാ താരങ്ങള്‍,രാഷ്ട്രീയക്കാര്‍ ഇവരില്‍ സമൂഹത്തില്‍ ബഹുമാന്യരായ ചിലര്‍ വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ചവരുണ്ട്.പക്ഷേ സൂര്യനെല്ലിയിലെ ഈ പെണ്കുട്ടി വിവരമില്ലാത്ത പ്രായത്തില്‍ ഒരു ദുഷ്ടന്റെ വാക്കുകള്‍ കേട്ട് ഒളിച്ചോടിപ്പോയത് വേശ്യാ വൃത്തിക്ക്!!!!!!!!! ഒരു പെണ്കുട്ടി വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിചോടുന്നതിനെ ന്യായീകരിച്ചതല്ല ഞാന്‍. പക്ഷേ അവളെ വിളിച്ച ആ പേര് ..അത് വിളിച്ചവര്‍ മാപ്പ് പറഞ്ഞെ പറ്റൂ.
കോടതി ഇന്നൊരു കോടാലിപോലെയാണ്.
ആവശ്യസമയത്ത് തക്കതായ ശിക്ഷയും
നടപടികളും , ഇന്ത്യന്‍ കോടതികളില്‍ നിന്നും
പ്രതീക്ഷിക്കരുത് , അതു വിഡിത്തമായി പൊകും .....
അത്രക്ക് കെടുകാര്യസ്ഥതയുള്ളൊരു ഭരണവും
നിയമവുമാണ് നമ്മുടേ , പറഞ്ഞിട്ട് കാര്യമില്ല ...
അതല്ലയെങ്കില്‍ നമ്മുക്ക് " കൃഷ്ണപ്രീയയുടെ" അച്ഛനേ ഓര്‍ക്കാം ..
മലപ്പുറം മഞ്ചേരിയില്‍ , ഏഴു വയസ്സുള്ള മകളേ ക്രൂരമായി
ബലാല്‍സംഗം ചെയ്ത് കൊന്നിട്ട് പൊന്തകാട്ടില്‍ ഉപേക്ഷിച്ച
അയല്‍ വാസിയായ പ്രതിയേ രണ്ടു ദിവസത്തിനുള്ളില്‍ പോലീസ്
പിടിച്ച് കോടതിയിലെത്തിച്ചു , അയാള്‍ സുഖമായി ജാമ്യത്തിലാണോ
പരൊളിലാണോ എന്നറിയില്ല , പുറത്തിറങ്ങീ .. ആ പിഞ്ചു പൈതലിന്റെ
ചോരമണം ഉറയും മുന്നേ തന്റെ മകളേ മാനം കെടുത്തി കൊന്നവനേ
ആ അച്ഛന്‍ നാടന്‍ തോക്കിന് വെടി വച്ച് കൊന്നു .. വര്‍ഷം ഇത്തിരിയായെങ്കിലും
ഇങ്ങനെയൊക്കെ നിയമം കൈയ്യിലെടുത്ത് ചെയ്താലേ ഇനി രക്ഷയുള്ളൂ ....!
സത്യം പറയാലോ , എന്താണ് സത്യമെന്നോ , ഏതാണ് അസത്യമെന്നോ
തിരിച്ചറിയാനാകുന്നില്ല , നൂറായിരം മാധ്യമങ്ങള്‍ , നേരുകളെല്ലാം
സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വളച്ചൊടിച്ചാണ് മുന്നിലെത്തുന്നത് ..
ഇരകള്‍ എന്നും ഇരകള്‍ തന്നെ , ഒന്നും മാറുന്നില്ല , എന്താണ് മുന്നോട്ടുള്ള
അവസ്ഥയെന്ന് അറിയുവാനേ കഴിയുന്നില്ല .. ന്യായാധിപന്മാര്‍ ദൈവങ്ങളല്ലാല്ലൊ
അപ്പൊള്‍ അവിടെയും നമ്മുടെ സമൂഹത്തിന്റെ നാറ്റം കടന്നു ചെല്ലാം , ചെല്ലുന്നുണ്ട് ...
വൈകി കിട്ടുന്നത് , നിഷേധത്തിന് തുല്യം തന്നെ ..!
ഇന്നലെ രാത്രി വായിച്ചിരുന്നു..
അതറിയിക്കാന്‍ ഇപ്പോഴാണ് സാധിച്ചത് എന്ന് മാത്രം
എവിടെയും ഏച്ചുവിന്റെ വിഷയം മനുഷ്യനിലെ മൂല്യച്യുതി തന്നെ
കഴുത്തരുക്കപ്പെടുന്ന സത്യത്തിന്റെ നീതിയുടെ കരച്ചില്‍ ഇന്നത്തെ ലോകം കേള്‍ക്കുന്നില്ല
കേള്‍ക്കുന്നവരാകട്ടെ കേട്ട ഭാവം നടിക്കുന്നില്ല
ഈ നല്ലെഴുത്തിന്‍ ഒരായിരം അഭിനന്ദനങ്ങള്‍
"ഭരണത്തിലും നീതിന്യായ വ്യവസ്ഥകളിലും മാധ്യമങ്ങളിലും എല്ലാം ഒന്നിച്ചു വിശ്വാസം നഷ്ടപ്പെട്ട, നിസ്സഹായരായ ജനത തീര്‍ച്ചയായും അരാജകത്വത്തി ലേക്കും അക്രമത്തിലേക്കുമായിരിക്കില്ലേ കൂപ്പുകുത്തുന്നതെന്ന എന്‍റെ ഉള്‍ഭയമാണ്."
ചിന്തിപ്പിക്കുന്ന വിഷയം
ആശംസകള്‍
പന്നി കൂടുകളില്‍ നിന്നും സുഗന്ധം ഉയരുക അസാദ്ധ്യം
"ഭരണത്തിലും നീതിന്യായ വ്യവസ്ഥകളിലും മാധ്യമങ്ങളിലും എല്ലാം ഒന്നിച്ചു വിശ്വാസം നഷ്ടപ്പെട്ട, നിസ്സഹായരായ ജനത തീര്‍ച്ചയായും അരാജകത്വത്തി ലേക്കും അക്രമത്തിലേക്കുമായിരിക്കില്ലേ കൂപ്പുകുത്തുന്നതെന്ന എന്‍റെ ഉള്‍ഭയമാണ്."
അതു തന്നെയാണ് സംഭവിക്കാൻ പോകുന്നത്. അതിനു മുൻപായി സമ്പാദിക്കാവുന്നിടത്തോളം സമ്പാദിക്കാൻ രാഷ്ട്രീയക്കാർ നെട്ടോട്ടമോടുകയാണ്...!!
ഒരു ചെറിയ പ്രശ്നങ്ങളിൽ പോലും ജനം തെരുവിലിറങ്ങുന്നതും അക്രമം കാണിക്കുന്നതും എഛ്മുവിന്റെ ഭയം തന്നെയാണ് പറഞ്ഞു തരുന്നത്..!
ഒന്നോ അല്ലെങ്കില്‍ നാലഞ്ചാളോ കൂടി 'തീരുമാനിക്കുന്ന' ഒന്നാണ് നമ്മുടെ കോടതി വിധികള്‍ എന്ന് പറയുന്നത്. സമകാലീന കോടതി വിധികള്‍ കാണിക്കുന്നത് ഇത്തരം തീരുമാനങ്ങള്‍ ആണ്. അപ്പോള്‍ നമ്മളൊക്കെ പറയുന്നത് പോലെ ഒരഭിപ്രായം മാത്രമേ ആകുന്നുള്ളൂ ആ വിധിയും എന്നെനിക്ക് തോന്നുന്നു. അതിനു വലിയൊരു പരിവേഷം നല്‍കി ഇതാണ് എല്ലാം എന്നത് ഭരിക്കുന്നവന്റെ തെറ്റുകള്‍ അല്ലെങ്കില്‍ പ്രമാണിമാരുടെ തെറ്റുകള്‍ മറച്ചുവെക്കാനുള്ള ഒരു മറ മാത്രം എന്നേ കരുതാന്‍ പറ്റു, അങ്ങിനെ ആക്കിത്തീര്ത്തിരിക്കുന്നു.
ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന അവസ്ഥയിലേക്കാണ് പോക്ക് എന്ന് കരുതുന്നതില്‍ തെറ്റില്ല.
"ഭരണത്തിലും നീതിന്യായ വ്യവസ്ഥകളിലും മാധ്യമങ്ങളിലും എല്ലാം ഒന്നിച്ചു വിശ്വാസം നഷ്ടപ്പെട്ട, നിസ്സഹായരായ ജനത തീര്‍ച്ചയായും അരാജകത്വത്തി ലേക്കും അക്രമത്തിലേക്കുമായിരിക്കില്ലേ കൂപ്പുകുത്തുന്നതെന്ന എന്‍റെ ഉള്‍ഭയമാണ്".
തീര്‍ച്ചയായും അതാണ് സംഭവിക്കുക.
ഒരു ന്യായാധിപന് സ്വന്തം ബോധ്യമനുസരിച്ച് തന്‍റെ മുന്‍പില്‍ വരുന്ന പരാതികളില്‍ വിധിയെഴുതാന്‍ മാത്രമുള്ള അധികാരമേ ഭരണഘടനാപ്രകാരം കൈവശമുള്ളൂവെങ്കിലും നമ്മുടെ പല ന്യായാധിപന്മാരും പലപ്പോഴും അതി ഭയങ്കരമായ അധികാര പ്രകടനങ്ങള്‍ നടത്തുന്നതില്‍ വല്ലാതെ അഭിരമിക്കുന്നവരാണ്....
അതാണിതിന്റെയെല്ലാം ഉല്പത്തിക്ക് കാരണം..!
വൈകിയെത്തുന്ന നീതി, നീതിനിഷേധം തന്നെയാണ്. പക്ഷേ, ഈ കേസിൽ നീതി നടപ്പാവുമെന്ന് ഒരു പ്രതീക്ഷയുമില്ല.
ന്നെതിപീഠത്തെ നാം ഉന്നതമായ ഒരു സഭയായിട്ടാണ് കാണുന്നത്. ആ സഭയുടെ വുശുദ്ധി കളഞ്ഞുകുളിക്കുന്ന ന്യായാധിപന്മാരാണ് സത്യത്തെ കുഴിച്ചുമൂടാനുള്ള കുഴിവെട്ടുന്നത്, അവരിൽ നിന്നും നീതി ലഭിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം!
എനിക്ക് ഈ കോടതികളിലും ഇവിടുത്തെ നീതി ബോധം എഴു അയലത്ത് പ്പോലും എത്താത്ത ജഡ്ജ് മാരിലും വിശ്വാസവും ബഹുമാനവും നഷ്ടപെട്ടിരിക്കുന്നു അതുകൊണ്ട് തന്നെ കോടതിക്ക് എടുത്താല്‍ പൊങ്ങാത്ത നിയമത്തെ ഇനി ജനം കയ്യില്‍ എടുക്കട്ടെ അത്തരത്തില്‍ ഒരു വിപ്ലവം ഇവിടെ സാധ്യമാവട്ടെ എന്നതാണ് എന്‍റെ പക്ഷം നല്ല ലേഖനം എച്മു
സൂര്യനെല്ലിപ്പെണ്‍കുട്ടിയുടെ അനുഭവം കണ്ടിട്ട് ഒരു ഫലമുണ്ടായത് ഇത്രമാത്രം.
ഇനിയൊരുത്തിയും എത്ര പേരാല്‍ എത്ര ദിവസം പിച്ചിച്ചീന്തപ്പെട്ടാലും കോടതിയിലേയ്ക്ക് പോകണമോ എന്ന് ആലോചിക്കുക പോലുമില്ല.
അത്രയും സാധിച്ചെടുത്തു നമ്മുടെ പ്രബുദ്ധമായ സമൂഹം
ഇങ്ങിനെ ഒരു പുരുഷന്‍ പറയുന്നതു ആ അവസ്ഥയില്‍ പെടുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാവാം എന്നു വിചാരിക്കാം.ഒരു സ്ത്രീ പറയുമ്പോഴോ? എന്റെ വളരെന്നല്ല ഒരു ഫ്രന്‍റായിരുന്നു എന്നതുകൊണ്ടുമാത്രം അവരോടു വഴക്കു കൂടിയെങ്കിലും പിണങ്ങാന്‍ പറ്റിയില്ല എന്നു സങ്കടത്തോടെ പറയട്ടെ.
പ്രിയപ്പെട്ട ചേച്ചി,,
കുറിപ്പ് വായിച്ചു. ഇഷ്ടമായി
ആശംസകൾ
സ്നേഹത്തോടെ,
ഗിരീഷ്
Post a Comment