ഫേസ്
ബുക്കോ ട്വിറ്ററോ പോലെയുള്ള സോഷ്യല്‍ കൂട്ടുകെട്ടുകളിലൊന്നും വലിയ
പങ്കില്ലാത്ത ഒരാളായിരുന്നു ഞാന്‍, ഈയടുത്ത കാലം വരെ.
എങ്കിലും ഇപ്പോള്‍ ചില കൂട്ടുകെട്ടുകളില്‍ ചില്ലറ സാന്നിധ്യമറിയിക്കാന്‍ ഞാനും പരിശ്രമിക്കുന്നുണ്ട്. അധികവും ചെറുപ്പക്കാരുടേതാണീ പുതിയ ലോകങ്ങളെന്നതാണ് എന്നെ വളരെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം . ഒരുപക്ഷെ, ഒട്ടു വൈകിയാണെങ്കിലും ഈ കൂടുകെട്ടുകളെ താല്‍പര്യപൂര്‍വം
പരിഗണിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും
അതു തന്നെയാവും. ഒരു തുള്ളി
വെളളത്തില്‍ പ്രതിഫലിക്കുന്ന ഒരു പൂര്‍ണ സമുദ്ര ചിത്രം പോലെ യുവത്വത്തിന്‍റെ ലോകം
എങ്ങനെ ചിന്തിക്കുന്നുവെന്ന് ഇന്‍റര്‍നെറ്റ്
പറഞ്ഞു തരുന്നു.
ഇന്‍റര്‍നെറ്റ്
കൂട്ടുകെട്ടുകള്‍ ഇക്കാലത്ത് വിപ്ലവവും
ജനകീയ സമരങ്ങളും ആതുരസേവനവും ഏറ്റെടുക്കുന്നുണ്ട്.
വിവിധതരം സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച്
ആവേശത്തോടെ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി ഉത്തരം തേടുകയും ചെയ്യുന്നുണ്ട്.
കുറച്ചുകാലം മുമ്പ് ജന്തര്‍മന്തറില്‍ അണ്ണാഹസാരേ നടത്തിയ അഴിമതി വിരുദ്ധ സമരത്തിലും ഈയടുത്ത കാലത്ത് ഇന്‍ഡ്യാഗേറ്റില്‍ സ്ത്രീ
പീഡനങ്ങള്‍ക്കെതിരേ ഉണ്ടായ ജനകീയ
പങ്കാളിത്തത്തിലുമെല്ലാം വിവിധ സോഷ്യല്‍
കൂട്ടുകെട്ടുകള്‍ക്ക് വലിയ
പങ്കുണ്ടായിരുന്നു. ഇമ്മാതിരി
കൂട്ടുകെട്ടുകളുടെ സാമൂഹിക സ്വാധീനത്തെപ്പറ്റി ഇപ്പോള്‍ എല്ലാവരും കൂടുതല്‍
ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നത് ഒരു സത്യമാണ്. ഇതൊക്കെയാണെങ്കിലും ആ
സ്വാധീനം ചിലപ്പോള്‍ എന്നെ ചിന്താധീനയാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുമുണ്ട്.....
പ്രശ്നങ്ങളിലകപ്പെടുന്ന സ്ത്രീകളോട് മോശമായി
പെരുമാറുന്നവരോ ദുര്‍ബലരെക്കുറിച്ച് അസഭ്യം പറയുന്നവരോ ആയ രാഷ്ട്രീയ നേതാക്കന്മാരും ആത്മീയ നേതാക്കന്മാരും ഒന്നും നമുക്ക് ഒട്ടും
പുതുമയല്ല. പല വിദേശരാജ്യങ്ങളിലും ഉള്ളതു പോലെ അവരെയൊക്കെ അന്വേഷിച്ച് നിയമത്തിന്‍റെ നീളമേറിയ കൈകള്‍ ചെല്ലുമെന്ന ഭീതിയും
നമ്മുടെ രാജ്യത്തില്ല.
സ്ത്രീകളെയും
ദുര്‍ബലരേയും അപമാനിക്കുന്ന വചനങ്ങളോ
പ്രസംഗങ്ങളോ ഒന്നും ചെയ്യുന്നവരല്ല പലപ്പോഴും നമ്മെ അനിയന്ത്രിതമായി
ഭയപ്പെടുത്തുക. കാരണം അമ്മാതിരി മനുഷ്യര്‍
സ്വന്തം ദുര്‍ബലമായ നിലപാടുകളെയും
വാദഗതികളേയും വിശദീകരിച്ചുറപ്പിക്കാനെന്ന പോലെയാണ്
അസഭ്യങ്ങളും അശ്ലീലം നിറഞ്ഞ താക്കീതുകളും വിളിച്ചു പറയുന്നത്. ‘ ഒറക്കെ ഒറക്കെ നൊണ പറയലും ഒരൂട്ടം വിചിത്ര ന്യായങ്ങള് പറയലും അല്‍പ്പത്താണെന്ന്
‘ പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്
തികച്ചും ശരിയാണെന്ന് ഇത്തരം
രാഷ്ട്രീയനേതാക്കന്മാരും പ്രാസംഗികരും ആത്മീയ നേതാക്കന്മാരും നമ്മെ
നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. ‘ ചില പഴഞ്ചൊല്ലുകളിലെങ്കിലും ഒട്ടും പതിരില്ല.
‘
എന്നാല്‍ സോഷ്യല്‍ കൂട്ടുകെട്ടുകളെ, വിദ്യാഭ്യാസവും വിവരവുമുള്ള ആധുനിക
തലമുറയുടെ പ്രതിഫലനമായി കാണുമ്പോള്‍
നമുക്ക് അതിരില്ലാത്ത ഭയം തോന്നുമെന്നും
പറയേണ്ടിയിരിക്കുന്നു. അതിനു കാരണം കഠിനമായ സ്ത്രീവിരുദ്ധതയും, ദുര്‍ബല വിരുദ്ധതയും
പറയുന്നവരെ അനുകൂലിച്ച് സംസാരിക്കുന്ന ചെറുപ്പക്കാരുടെ ആധിക്യമാണ്. അടങ്ങി
ഒതുങ്ങി നിന്നില്ലെങ്കില്‍ സ്ത്രീയെ
ഗര്‍ഭം ധരിപ്പിച്ചു കളയുമെന്ന , അങ്ങനെ ശരിപ്പെടുത്തി കളയുമെന്ന ആണ്‍ അഹന്തയുടെ കൊടി പറപ്പിക്കലുകളില്‍
ഇപ്പോഴും അഭിരമിക്കുന്നവര്‍ ......
വേശ്യ എന്നലറിക്കൊണ്ട് സ്ത്രീയെ കണ്ണു
ചുവപ്പിച്ചുകാട്ടിയും കൈയോങ്ങിയും ആണത്തത്തിന്‍റെ
സാമൂഹിക സദാചാരം
പ്രഖ്യാപിക്കുന്നതില്‍ സായൂജ്യമടയുന്നവര്‍ .......... അത്തരം ചെറുപ്പക്കാര്‍ നമ്മുടെ രാജ്യത്തിന്‍റെ അതി കഠിനമായ നിരാശയും ദു:ഖവും അധപതനവും
തന്നെയാണെന്ന് നമ്മള്‍ ആധിപ്പെടേണ്ടി
വരുന്നു. അവരോടാണ് നിരന്തരം ബലാല്‍ക്കാരം ചെയ്യപ്പെടുന്ന പ്രകൃതിയെപ്പറ്റിയും ജെ സി ബികള്‍
മാന്തിയെടുക്കുന്ന കുന്നുകളെപ്പറ്റിയും
മണലൂറ്റുകള്‍ വറ്റിച്ചു കളയുന്ന പുഴകളെപ്പറ്റിയും
ചൂഷണം ചെയ്യപ്പെടുന്ന ദുര്‍ബലരെപ്പറ്റിയും ഒക്കെയുള്ള ആശങ്കകള്‍
പങ്കു വെയ്ക്കുന്നത് !
ജീവനുള്ള
മറ്റൊരു മനുഷ്യ ശരീരത്തെ എന്തു രീതിയില്‍ വേണമെങ്കിലും ചൂഷണം ചെയ്യാമെന്നും
അതിനു പല തരം ന്യായങ്ങള്‍ സൌകര്യം
പോലെ കണ്ടുപിടിക്കാമെന്നും ആ ന്യായങ്ങള്‍ക്കെതിരേ ആരും ഒരു ചെറുവിരല്‍ പോലും അനക്കരുതെന്നും
അനുശാസിക്കുന്ന യുവതലമുറയ്ക്ക് പ്രകൃതിയുടെയും കുന്നിന്‍റേയും പുഴയുടേയും കാടിന്‍റേയും
കാണാവേദനകളും കേള്‍ക്കാക്കരച്ചിലുകളും തിരിച്ചറിയാന്‍ സാധിക്കുമെന്ന്
കരുതുന്നതെങ്ങനെയാണ്?
മറ്റൊരാളെ
ചൂഷണം ചെയ്യാനുള്ള ത്വരയെ, ഏതു
സാഹചര്യത്തിലും കര്‍ശനമായി സ്വയം
നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവാണ് എപ്പോഴും നന്മയൂടെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമായിത്തീരുന്നതെന്ന്
വിശ്വസിക്കുന്നവരുടെ എണ്ണം അപകടകരമായ
വിധത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. അത്
ഭാവിയെക്കുറിച്ചുള്ള ഒട്ടും
പ്രകാശപൂര്‍ണമായ ഒരു ചിത്രമല്ല
തന്നെ.
31 comments:
പുറം കാഴ്ച്ചകളിലൂടെയുള്ള ചിന്തകളാണ് പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ആലോചന കൂടാതെ പുറത്ത് വരുന്നത്. കൂടുതല്‍ അറിയാന്‍ പെട്ടെന്ന്‍ സഹായിക്കുന്ന പുതു മാധ്യമം പല തെറ്റിദ്ധാരണകളും തിരുത്താന്‍ സഹായകമാകുന്നുണ്ട്.
പേടിക്കണം
ശരിക്കും പേടിക്കണം
യുവത്വത്തിന്‍റെ ആവേശം അത്രേയുള്ളൂ,
അല്പംകഴിഞ്ഞാല്‍ മാറ്റം വരും....
ആശംസകള്‍
ദ്രുതഗതിയില്‍ ലോകത്തിന്റെ ഏതു ഭാഗത്തിരിക്കുന്നവരുമായും ആശയങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നതിനായി യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ഒരിടമായി സോഷ്യല്‍ മീഡിയകള്‍ ഈ അടുത്ത കാലം വരെ പ്രവര്‍ത്തിച്ചിരുന്നു. ഈ നിയന്ത്രണമില്ലായ്മ ഒരേ സമയം നല്ലതും ചീത്തയുമായി വര്‍ത്തിക്കുന്നു. ഈ ആശയവിനിമയ സൌകര്യം ഇപ്പോള്‍ പേടിപ്പെടുത്തുന്ന ഒരിടമായി മാറിയതിനു കാരണം ദുരുദ്ദേശത്തോടെ ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ ഇവിടെ ചേക്കേറാന്‍ തുടങ്ങിയതോടെയാണ്. ഇവരില്‍ നല്ലൊരു പങ്ക് വ്യാജ നാമങ്ങളില്‍ നുഴഞ്ഞു കയറുന്ന ഞരമ്പു രോഗികളും, മതഭ്രാന്തന്മാരും, സാമൂഹ്യദ്രോഹികളെ ഒതുക്കാനെന്ന പേരില്‍ പതുക്കെ കയറി വന്ന സൈബര്‍ പോലീസുമാണെന്നതുമാണ് വസ്തുത. ഇവിടെയെല്ലാം വേട്ടയാടപ്പെടുന്നത് മുഖം മൂടി വയ്ക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നെഴുതാനുള്ള ഒരിടമായി സോഷ്യല്‍ മീഡിയയെ സമീപിക്കുന്നവരാണെന്നാണ് പരിതാപകരം. വ്യാജന്മാര്‍ പലപ്പോഴും വഴുതി രക്ഷപ്പെടുന്നതായാണ് കണ്ടു വരുന്നത്. ഈ അവസ്ഥയില്‍ നിന്നും സോഷ്യല്‍ മീഡിയയെ രക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള തികച്ചും അപ്രായോഗികമായ സൈബര്‍ നിയമങ്ങള്‍ക്ക് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്.
പേടിച്ചാലൊളിയ്ക്കാന്‍ കാടില്ലെന്ന് അവര്‍
http://msntekurippukal.blogspot.com/2013/03/blog-post_10.html
ആര്‍ഷഭാരതത്തിന്റെ ചില കാണാപ്പുറങ്ങള്‍
സ്ത്രീകളോട് കാട്ടുന്ന തെമ്മാടിത്തരങ്ങള്‍ക്ക് എതിരെ ഖോരഖോരം പ്രതികരിക്കുന്ന ഈ പുതു സോഷ്യല്‍ മീഡിയ മാന്യന്മാരില്‍ എത്ര ശതമാനം പേര്‍ സാഹചര്യങ്ങളെ മുതലാക്കില്ല എന്നാര് കണ്ടു...
ഒരു ആള്‍ക്കൂട്ടത്തിന്‍റെ പ്രതികരണമാണ് പലപ്പോഴും ഫെയിസ്ബുക്ക് കൂട്ടായ്മ തരുന്നത്.അതില്‍ ആലോചനയില്ല.വികാരം മാത്രമേയുള്ളൂ. പക്ഷേ സൌഹൃദങ്ങള്‍ നിലനിര്‍ത്താനും പങ്ക് വെയ്ക്കാനും അത് നല്ലൊരു ഉപാധിയാണ്.
വിചാരങ്ങളേക്കാൾ വികാരങ്ങൾ നിയന്ത്രിക്കുന്ന അഭിപ്രായങ്ങളാണ് അവിടെ
പകല്‍ മാന്യരെ പോലെ, വാള്‍ മാന്യരെ കുറേ കാണാം സോഷ്യല്‍ നെറ്റ് വര്‍ക്ക്സില്‍... തനിനിറം കാണാന്‍ മെസ്സേജ്ബോക്സുകളുടെ മറപറ്റി നിന്നാല്‍ മതി. നല്ലവരായ സുഹൃത്തുക്കളെ മറക്കാനാവില്ല എന്നത് മറ്റൊരു വശം. രക്തബന്ധങ്ങളേക്കാള്‍ കെട്ടുറപ്പും ആത്മാര്‍ത്ഥതയുമുള്ളവരും അവിടെയുണ്ട്,വിരലിലെണ്ണാവുന്നവരാണെങ്കിലും.
അന്ന് ഡൽഹിയിൽ മാത്രം യുവജനത മോണിടറിന്റെ മുമ്പിൽ നിന്നും ഇറങ്ങി പ്രതിഷേധിച്ചത് എന്തായിരിക്കും? അതിന് മുന്പും പിന്പും എത്രയോ ക്രൂരത ഉണ്ടായിരിക്കുന്നു?
നിസംശയം പറയാം പ്രതികരണ ശേഷി നഷ്ടപെട്ട , സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഒരു യുവ സമൂഹമാണ് വളർന്നു വരുന്നത്; ഡൽഹിയിലെ പ്രതികരണം മറക്കുക, അത് സംഭവിച്ച് പോയതാണ് .....
നില നില്ക്കുന്ന സമൂഹത്തിന്റെ കണ്ണാടി ചിത്രം തന്നെയാണ് സോഷ്യൽ മീഡിയാകളും. അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിക്കുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ മസ്തിഷ്ക്കം പരിഷ്ക്കരിക്കപ്പെടൂ. ആ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കേണ്ടത് പൊതുജനങ്ങളിൽ സ്വാധീനമുള്ള ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. പ്രത്യയശാസ്ത്ര ബോധമുള്ള ഉന്നത നിലവാരം പുലര്ത്തുന്ന അത്തരം പ്രസ്ഥാനങ്ങൾക്കെ സമൂഹത്തെ ഇളക്കി മറിക്കുന്ന അത്തരം മാറ്റങ്ങൾ കൊണ്ടുവരുവാൻ ആകൂ. എന്റെ പ്രതീക്ഷകൾ ഇപ്പോഴും അത്തരം പ്രസ്ഥാനങ്ങളിൽ മാത്രമാണ്.
പൊതു സമൂഹത്തിൽ സജീവമായിരിക്കുന്ന എല്ലാ സാമൂഹിക പ്രസ്ഥാനങ്ങൾക്കും സോഷ്യൽ വിരുദ്ധർക്കും സോഷ്യൽ മീഡിയാകളിൽ ഇടപെടുവാൻ ബ്രാഞ്ച് കമ്മറ്റികളും ശാഖകളും ബൈഠക്കുകളും ഉണ്ടെന്നുള്ള കാര്യം മറക്കാതിരിക്കുക.
മറഞ്ഞിരുന്ന് , എന്തു പറയുവാനുള്ള ആര്‍ജവം
മുഖപുസ്തകം പൊലുള്ള കൂട്ട്യായ്മകളില്‍ കണ്ടു വരുന്നുണ്ട് ..
നേരിട്ടൊരു വാക്ക് പൊലും പറയുവാനാകാത്ത പലരും
ഇതിലൂടെ ഒളിയമ്പുകള്‍ എറിയുന്നു ...
അതു പൊലെ ഒരു മുതല്‍ കൂട്ട് കൂടിയാണിതെന്നും
ഓര്‍മിക്കാതെ വയ്യ , നല്ല സൗഹൃദങ്ങളും , വിശാലമായ
ചിന്തകള്‍ പകര്‍ത്തുവാനുള്ള ഇടമായും ഇതിനേ കാണാം ...
യുവ തലമുറ അമ്പേ കൂമ്പടഞ്ഞ് പൊയെന്ന് കരുതുക വയ്യ
വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ ചിലത് വന്നു ചേരുന്നതാകാം ..
പണ്ട് സദാചാര ബോധം വരികളില്‍ പ്രകടമായിരുന്നു ...
പച്ചയായ ആവിഷ്കാരങ്ങളേ , കൂട്ടമായി ആക്രമിച്ചിരിന്നു ..
ഇന്ന് അതിനും മാറ്റം വന്നു , തെറ്റുകളില്‍ ശരി കാണാനും
കണ്ണുകള്‍ കൂടി വരുന്നു , തുറന്നെഴുത്ത് എന്ന സുന്ദരമായ
വാക്കില്‍ അവ സുഖദമായ് അഴിഞ്ഞാടുന്നുണ്ട് .. എങ്കിലും
ചിലതില്‍ കാമ്പുള്ളതും , ചിലത് തിരസ്കരിക്കേണ്ടതുമാണ് ..
പേടി കൂടാതെ മുന്നോട്ട് പൊകുവാന്‍ നമ്മുക്കൊരു കാലമുണ്ടാകാം
എന്നാശിക്കാം , പുഴയും , മണ്ണും , മരവും യുവ ഹൃദങ്ങളില്‍
വികാരമാകുവാനും .....
പ്രിയ ചേച്ചി,
കുറിപ്പ് വായിച്ചു. ഇഷ്ടമായി
തെറ്റുകളും ശരികളും എല്ലായിടത്തും ഉണ്ട്.
തിരിച്ചറിവ് ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് തോന്നുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
സോഷ്യൽ മീഡിയാകളിൽ വരുന്നത് ആലോചനയില്ലാത്ത വാചകങ്ങളാണ്. അതേ ആളുടെ അഭിപ്രായം മറ്റൊരിടത്ത് വ്യത്യസ്ത രീതിയിൽ കണ്ടേക്കാം..
ഇതിനൊന്നും ആയുസ്സില്ല.
ആശംസകൾ...
എന്ത് എങ്ങനെ എപ്പോൾ എന്നറിയാൻ ആര്ക്കും കഴിയുന്നില്ല.... ആശങ്ക അടുത്ത തലമുറയെ കുറിച്ചാണ്....
സോഷ്യല്‍ നെറ്റ്വര്‍ക്കിനെ ഞാന്‍ ഏറ്റവും ഭയപ്പെടാനുള്ള കാരണം, നിങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ മാത്രമല്ല, നിങ്ങളേപ്പറ്റി മറ്റുള്ളവര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും നിങ്ങളേപ്പറ്റിയുള്ള രേഖകളായി മാറുന്നു എന്നതാണ്. ആ രേഖകള്‍ നിങ്ങളുടെ ഓരോ life eventനേയും (പ്രണയം, ജോലി ലഭിക്കല്‍, ലോണ്‍ ലഭിക്കല്‍, കരാര്‍ ലഭിക്കല്‍ എന്നിങ്ങനെ അനവധി) ബാധിക്കാന്‍ പോന്നതാണ്.
നല്ല കുറിപ്പ്.
വളരെ ആധികാരികമായി പറഞ്ഞ ലേഖനം
എന്തിനെയും ആലോചനയോടെ സമീപിക്കുന്നതാകും ഉത്തമം
ആശംസകള്‍
http://admadalangal.blogspot.com/2013/03/blog-post.html
പരസ്പ്പരം അലക്കിയലക്കി
കറുപ്പിക്കുന്നുണ്ട് സദാച്ചാരം
സോഷ്യല്‍ മീഡിയകള്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ യാതൊരു ഇടപെടലും നടത്താത്ത ഒരു സമയത്ത് നിന്ന് മാറ്റം സംഭവിച്ചു ശക്തമായ ഇടപെടലുകളിലേക്ക് പോയി കൊണ്ടിരിക്കുന്ന സമയമാണ് അതിലെ അപശബ്ദങ്ങളെ അവഗണിച്ചു കാലത്തിന്‍റെ പുതിയ കോലത്തിനോട് ഒപ്പം സഞ്ചരിക്കുക എന്നതാണ് ഇവിടെ പ്രായോഗികം അല്ലാത് ഭ്യപെട്ടു ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല
ഇരകളാകുക ..,പ്രതികരിക്കുക....അതിനു രണ്ടോ മൂന്നോ പക്ഷങ്ങളുണ്ടാകുക.... എല്ലാം ആവർത്തനങ്ങൾ തന്നെ....ആവർത്തനങ്ങൾക്ക് ഒരവസാനം..ഒരൊറ്റതീർപ്പിൽ എത്തുന്ന അവസാനം...അതെന്നാണുണ്ടാകുക...?
ജീവനുള്ള മറ്റൊരു മനുഷ്യ ശരീരത്തെ എന്തു രീതിയില്‍ വേണമെങ്കിലും ചൂഷണം ചെയ്യാമെന്നും അതിനു പല തരം ന്യായങ്ങള്‍ സൌകര്യം പോലെ കണ്ടുപിടിക്കാമെന്നും ആ ന്യായങ്ങള്‍ക്കെതിരേ ആരും ഒരു ചെറുവിരല്‍ പോലും അനക്കരുതെന്നും അനുശാസിക്കുന്ന യുവതലമുറയ്ക്ക് പ്രകൃതിയുടെയും കുന്നിന്‍റേയും പുഴയുടേയും കാടിന്‍റേയും കാണാവേദനകളും കേള്‍ക്കാക്കരച്ചിലുകളും തിരിച്ചറിയാന്‍ സാധിക്കുമെന്ന് കരുതുന്നതെങ്ങനെയാണ്?
അതെ വ്യാകുലമായ ചിന്തകള്‍ തന്നെ എച്ചുമ്മു
സോഷ്യൽ മീഡിയയിൽ വരുന്ന ചെറുപ്പക്കാർ കൂടുതലും അങ്ങിനെ ആണെങ്കിൽ പോലും വരാനുള്ള മാറ്റങ്ങൾക്ക് വഴിയിൽ തങ്ങാൻ ആവില്ല. കോമണ്‍ മാസ്സ് സ്വന്തം നിലക്ക് എന്നും പിന്തിരിപ്പന്മാർ തന്നെയാണ്. അവരെ വിപ്ലങ്ങളിലേക്ക് നയിച്ചത് വിഷിനറി ആയ നേതാക്കളായിരുന്നു. അവരുടെ പിറവിയാണ് ആവശ്യം
വിശ്വസിക്കുന്നവരുടെ എണ്ണം അപകടകരമായ വിധത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. അത് ഭാവിയെക്കുറിച്ചുള്ള ഒട്ടും പ്രകാശപൂര്‍ണമായ ഒരു ചിത്രമല്ല തന്നെ. ശരിയാ....എച്ചുമുക്കുട്ടി...പക്ഷേ ഞൻ ഉൾപ്പെടെയുള്ള അർദ്ധ വയസ്കർ...മുഖപുസ്തകത്തിലും,ടിറ്ററിലും കന്നും നട്ടിരിക്കുന്നൂ....”നാളെയെ ചുമക്കുന്ന ഗർഭത്തിൻ വക്കിൽ കണ്ണും നട്ട് നോക്കിയിരിക്കുന്നു കാലം” പണ്ടെന്നോ ഞനെഴുതിയ ഒരു കവിതയുടെ തുടക്കം ഓർമ്മ വന്നൂ......എച്ചുമുവിന്റെ ചിന്തകൾക്കു നമസ്കാരം..
സ്ത്രീ വിരുദ്ധത മാത്രമല്ല. ജാതി മതങ്ങൾ പറഞ്ഞു പരസ്പരം കലഹിക്കുന്ന തെമ്മാടികളുടെ കൂടി ഇടമായി മാറുന്നു സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ. കാലോചിതമായ ലേഖനം
ath athe
Post a Comment