Wednesday, October 27, 2010

അയ്മ്പതു ശതമാനം

വേലായുധൻ കുട്ടീന്ന് പറേണ വേലാട്ടിയ്ക്ക് കള്ള് ഷാപ്പ് കത്തിയ്ക്കാനാ തോന്നണത്.
എല്ലാ കഴുവേറി മക്കളും ഇര്ന്ന് ചിരിക്കന്ന്യാണ്. ചന്ദ്രീടെ കാര്യം പറയുമ്പോ എല്ലാര്ക്കും സന്തോഷം. വേലാട്ടിടെ തിക്ക്മുട്ട് ആര്ക്കും അറിയണ്ട.
കഴിഞ്ഞ തവണ മാർക്കിസ്റ്റുകൾക്ക് ഓട്ട് കൊടുക്കാൻ പാടില്ല്യാര്ന്നു. അതോണ്ടാണ് ഈ കൊഴപ്പം വന്നത്. അച്ചുമ്മാനും പെണറായിയ്ക്കും ഒന്നും വേലാട്ടീന്റെ ദണ്ണം കാണണ്ടല്ലോ. അവര്ടെ വീട്ട്കാരൊക്കെ കുടുമ്മത്തിരുന്നോളുവേരിയ്ക്കും.
കോങ്കറ്സ്സ്കാരായിരുന്നൂന്ന്ച്ചാൽ ഒര് കാലത്തും ങ്ങനെ ചതിയ്ക്കില്ലാര്ന്നൂ.അവര് പെണ്ണ്ങ്ങൾടെ വില്ല് ഇപ്പോ ശര്യാക്കാം ഇപ്പോ ശര്യാക്കാംന്ന് പറേണതല്ലാണ്ട് ഒന്നും ചെയ്ത് ങ്ങ്നെ കഷ്ടപ്പാട്ണ്ടാക്കീല്ല്യാ. ഇനീപ്പൊ വല്ല്തും അങ്ങ്നെ വേണ്ടി വന്നാത്ത്ന്നെ അവര്ടെ സൊന്തം ചെല പെണ്ണ്ങ്ങളെ അവടീം ഇവടീം പേരിന് നിറ്ത്തി കാര്യങ്ങട് തീർത്തേനെ.
ഇതിപ്പോ അങ്ങന്യാണോ? പെണ്ണങ്ങള് മാത്രേള്ളൂ ഈ നാട്ട്ല് എന്ന മട്ട്ലാ ഈ തെരഞ്ട്പ്പ്.
ചന്ദ്രിയോട് സ്ഥാനാർത്തിയാവാൻ സമ്മതല്ല എന്ന് പറ്യ്യാൻ ചട്ടം കെട്ടീരുന്നതാ. എന്നാലും പെണ്ണല്ലേ യാതി. നാലാള് പൊക്കീപ്പോ അങ്ങട് മാനത്ത്ക്ക് പൊങ്ങി.
അവളാത്രെ ഈ വാർഡില് മത്സരിയ്ക്കണ്!
വീട്ട്ല് എത്തട്ടെ, നാലെണ്ണം പൊട്ടിച്ച് ഈ സൂക്കേടാ മാറ്റും. വേലാട്ടിയ്ക്കറീല്ലേ അവളെ നെലയ്ക്ക് നിറ്ത്താൻ.
കാര്യം കുടുമ്മശ്രീല് അവള് ഇണ്ട്. അച്ചാറും പലഹാരോം ഇണ്ടാക്ക്ണ പണീം ചെയ്യ്ണ്ട്. കുറ്റ്ം പറ്യാൻ ഒന്നുല്ല. ആയിരം രൂപയൊക്കെ കിട്ട്ണൂം ഇണ്ട്. അവളുക്ക് തിരോന്തരത്ത് വെച്ച് കുടുമ്മശ്രീ മേടത്തിന്റെ കൈയീന്ന് സമ്മാനോം കിട്ടി.
ആ കാശും കൂടി കൊടുത്ത്ട്ടാ ജോസ്കോല് പോയി കമ്മലും വളേം വാങ്ങീത്. തെകയാത്ത കാശ് ആണിനെപ്പോലെ അന്തസ്സായി വേലാട്ടി കൊട്ത്തു. അവള് പണ്ടം കെട്ടി സന്തോഷിയ്ക്കട്ടെ.
അവള് നല്ല പെണ്ണാണ്. വല്യ വാശ്യൊന്നും കാട്ടീട്ടില്ല. കാട്ടീന്ന് തോന്നിയപ്പളൊക്കെ ചെകിട് അടിച്ച് പൊളിച്ചിട്ടൂണ്ട്ന്ന് വെച്ചോ. ആണിനെ പേടിച്ച് കഴീണം പെണ്ണ്, ന്നാലെ കുടുമ്മത്തിനൊറപ്പ്ണ്ടാവൂ.
കുടുമ്മശ്രീലു ചെന്ന് അച്ചാറും പലഹാരോണ്ടാക്കണ പോലല്ല, പഞ്ചായത്ത്ല് മത്സരിയ്ക്കല്. അത് വേലാട്ടിയ്ക്ക് ഇഷ്ടല്ല.
ആണങ്ങള് പണീം കഴിഞ്ഞ് വരുമ്പോ പെണ്ണങ്ങള് വീട്ട്ല് ഇണ്ടാവണം. ഒരിറ്റ് ചായ വെള്ളത്തിനും ഇത്തിരി ചൂട് വെള്ളം കാച്ചി കുളിപ്പെരേ വയ്ക്കാനും മീൻ വെച്ച് വെളമ്പിത്തരാനും ഒക്കെ. തണപ്പ്ത്ത് ഒന്നു പിടിച്ചൂട്ടി നേർത്തെ കെടക്കണംന്ന് തോന്നിയാ പെണ്ണ് വീട്ട്ല് വേണ്ടേ?
പെണ്ണങ്ങള് ജയ് വിളിച്ച് നാട് നന്നാക്കാൻ ഓടിപ്പാഞ്ഞ് നടന്നാ കെട്യോന്മാര് എന്തെടുക്കുംന്നാ ഈ പാർട്ടീക്കാരു വിചാരിച്ചേ?
ഈറ കൊണ്ട് വേലാട്ടി ആഞ്ഞു തുപ്പി.
അയ്മ്പതു ശതമാനം പെണ്ണ്ങ്ങളാത്രേ പഞ്ചായ്ത്ത്ന്! അപ്പോ അത്രേം കുടുമ്മം തൊലഞ്ഞൂന്നാ അർത്തം. പാർട്ടില് അതിന് പെണ്ണ്ങ്ങളില്ലേ ആവോ? അല്ലെങ്കീ പെണ്ണങ്ങൾടെ വാക്ക് കേക്കണതാണ് കേമംന്ന് വിചാരിയ്ക്കണ ചെല കോന്തമ്മാര് ആണങ്ങൾടെ വീട്ട്ന്ന് പെണ്ണങ്ങളെ എറക്കിയാലും മതിയായിര്ന്ന്.
ഈ വേലാട്ടീന്റെ കുടുമ്മം കലക്കീട്ട് വേണോ വാർഡില് ആളെ നിറ്ത്താൻ.
‘കീഴ്ക്കടെള്ള പെണ്ണ്ങ്ങളെ വേണം മത്സരിപ്പിയ്ക്കാൻ. മ്മ്ടെ മേത്ത് കേറണ പെണ്ണ്ങ്ങള് പറ്റ്ല്യ . അവറ്റ പറഞ്ഞാ കേക്കില്ല.’പാർട്ടി മെമ്പ്ര് പറ്ഞാണ്, വേലാട്ടി കേക്കെ. എന്ന്ട്ട് ഒരു വെടലച്ചിരീം. അത് ഇങ്ങനെ കത്തിക്കെട്ക്കാ വേലാട്ടീന്റെ ഉള്ളില്.
ജയിച്ച്ങ്ങട് ചെന്നാ എന്തൊക്ക്യാവോ അവര് പറഞ്ഞാ കേപ്പിക്കാ?
ഇമ്മ്ടെ നാട്ട്ല് ഇള്ളതൊക്കെ ആണങ്ങളുടെ പാർട്ടികളല്ലേ? ആണങ്ങള് അപ്പ്ടി മയക്കി പഞ്ചാരേട്ട് പറഞ്ഞാലും അവമ്മാരടെ ഉള്ളിലിരുപ്പ് എന്താവുംന്ന് വേലാട്ടിയ്ക്ക് അറീല്ലേ? അതിനു കാലത്ത് വേലാട്ടീം നല്ല ഉശിര്ള്ള ഒരാണല്ലേ?
പെണ്ണങ്ങള് ഭരിച്ചിട്ട് നാടൊന്നും നന്നാവാൻ പോൺല്ല. ഇന്ദ്രാഗാന്ധി ഭരിച്ചു, ജയലളിത ഭരിച്ചു, എന്ത് തേങ്ങ്യാ ഇണ്ടായത്?
തമിഴ്മ്മാരും ഹിന്ദീക്കാരും ആണങ്ങളും പെണ്ണങ്ങളും പൊക്കണോം തൂക്കി നമ്മ്ടെ നാട്ട്ലും കൂടി തെണ്ടിത്തിരിഞ്ഞ് വന്ന് കഴീണൂ. തനി പരോശായിട്ട്. കണ്ടാ കഞ്ഞി കിട്ടാത്ത വക. ഇങ്ങനെ കൊറെ ആൾക്കാരെ ഊരു തെണ്ടാൻ വിടീയ്ക്കാനാണാ പെണ്ണങ്ങള് ഭരിയ്ക്ക്ണ്?
വീട്ടിൽ കയറിയതും വേലാട്ടി ഉറക്കെ വിളിച്ചു.
‘ഇവ്ടെ വാടീ നായിന്റെ മോളെ…’
ചന്ദ്രിയ്ക്ക് നല്ല പരിഭ്രമണ്ടായിരുന്നു. വേലാട്ടിയ്ക്ക് ഇഷ്ടല്ല എന്ന് പാർട്ടിക്കാരോട് ആവുന്നത്ര പറഞ്ഞു നോക്കീതാ. കല്യാണീടീച്ചറും കൂടി നിർബന്ധിച്ചപ്പോ എതൃത്ത് നിക്കാൻ പറ്റിയില്ല. കുടുംബശ്രീ ലെ പ്രവർത്തനം ത്ര കേമായത് ടീച്ചറ് പറ്ഞ്ഞൊക്കെ കേട്ടപ്പളാ. തിരോന്തരത്ത് ച്ച് വല്യ മേടത്തിന്റെ കൈയീന്ന് സമ്മാനം മേടിയ്ക്കാൻ പറ്റീതും അതു കൊണ്ടല്ലേ?
ഹാള് നെറച്ചും ആൾക്കാര്ണ്ടാര്ന്നു.
അന്ന്ത്ത് മാതിരി കാത് മൂളണ ഒരു കൈയടി ജീവിതത്തിലിന്നേ വരെ കേട്ട്ട്ട്ല്ല.
ആ സന്തോഷം പറ്ഞ്ഞാ അങ്ങോര്ക്ക് തിരിയില്ല.
കെട്ടും മൂട്ട്ന്ന് മാറിയാ പെണ്ണങ്ങള് മ്മ്ടെ കൈവിട്ട് പെഴച്ച് പോവോന്നാ സകല ആണങ്ങൾടേം ദണ്ണം. ന്റെ കണ്ണ് തെറ്റിയാ ന്റെ പെണ്ണിനേം കൊണ്ട് മറ്റേ ആണ് ഓടോന്ന് പേടിച്ച്ട്ടാ ഓരോ ആണും കഴീണത്. ന്ന്ട്ട് പെണ്ണങ്ങളാ പെണ്ണ്ങ്ങൾടെ ശത്രുക്കള്ന്ന് തൊള്ള പൊളിയ്ക്കേം ചിയ്യും.
പൊറത്തേയ്യ്ക്ക് വന്ന ചന്ദ്രിടെ മൊഖടച്ചാണ് അടി വീണത്.
അവള് തെറിച്ച് പോയി. വേലാട്ടിയ്ക്ക് കലിയാരുന്നു. കലിയടങ്ങോളം അവളെ ചവ്ട്ടിക്കൂട്ടി. അറീന്ന തെറിയോളൊക്കെ അലറി.
കാറലും നെലോളീം കേട്ട് അയലത്ത്കാര്ക്കൊപ്പം കല്യാണി ടീച്ചറും കൃഷ്ണൻ മാഷും വന്നു. മാഷ് വേലാട്ട്യെ പിടിച്ച് മാറ്റി.
വേലാട്ടിയ്ക്ക് ഈറോണ്ട് പ്രാന്ത് കേറി, മാഷ്ടെ മുമ്പിലന്നെ നാലടിയാ കൊടുത്ത്, ചന്ദ്രീടെ ചെപ്പയ്ക്ക്. മാഷും ടീച്ചറും ഒന്ന് പേടിച്ചൂന്ന് കണ്ടപ്പോ വായ തൊറന്നങ്ങട് അലറി.
‘ഇവ്ള് ന്റെ പെണ്ണാ, ഞാൻ ഇവ്ളെ തല്ലും കൊല്ലും, അതെന്റെ ഇഷ്ടാ, ആരാ ചോദിയ്ക്കാൻ വരണ്? ഇവ്ള് ഒരു പഞ്ചായത്ത്നൂല്ല്യാ, അവ്ളെ നിര്ത്തി ആരും ങ്ങനെ ഞെളീണ്ട.‘
അപ്പോ ആരാണ്ടും പറഞ്ഞു, ‘അത് ശര്യാ. അവനാന്റെ വീട്ട് ലെ തല്ലും വഴ്ക്കും മാറീട്ട് ല്ലേ ചന്ദ്രിയ്ക്ക് നാട് നോക്കാമ്പ്റ്റാ. അച്ചാറും പലഹാരോണ്ടാക്കണ മാതിരിയ്ല്ല പഞ്ചായത്ത്ലെ പണീ.’
‘സ്വന്തം കെട്ട്യോനെ ശരിയ്ക്കാക്കാൻ പറ്റാത്തോളാണ് നാട് ശരിയ്ക്കാക്കാൻ പോണ്‘
‘നീയ് സത്യം ചെയ്തു പറേടീ, ഇപ്പോ സത്യം ചെയ്യ്. നീയ് പോൺല്യാന്നു‘ ചന്ദ്രീടെ തലമുടീല് പിടിച്ച് ആട്ടീട്ട്, വേലാട്ടി കൈയോങ്ങി.
ചന്ദ്രി വല്യ് ഒച്ചേല് കരഞ്ഞോണ്ട്, വേലാട്ടി പറഞ്ഞ പോലെ സമ്മതിച്ചു.
മൊഖോം പൊത്തി കൊഴഞ്ഞ് വീണ അവളെ വലിച്ച് അകത്തേക്ക് ഇട്ടിട്ട് വാതല് പൊറത്ത് ന്നും കുറ്റീട്ടു.
‘കൂത്തിച്ചി, പൊറത്തെറങ്ങിയാ അറ്ക്കും ഞാൻ‘
വെറ്ങ്ങ്ലിച്ച് നിന്ന മാഷും ടീച്ചറും ബാക്കി എല്ലാരും പോണ വരെ കാർക്കിച്ച് തുപ്പീം തെറി പറഞ്ഞും മിറ്റത്ത് നടന്ന്.
‘കുടുംബ വഴക്കിലിടപെടരുത്, അതാണ് ശരി. അപ്പോഴേ പറഞ്ഞതല്ലേ? തന്റെ നിർബന്ധം കൊണ്ട് വന്നിട്ട്…….ഞാനിപ്പോൾ നാണം കെട്ടു‘ മാഷ് മടുപ്പ്ല് പിറുപിറുക്ക്ണതും ടീച്ചറ് മുണ്ടാണ്ട് കൂടെ പോയതും കണ്ട്.
അത് കഴിഞ്ഞ് എല്ലാരും പോയപ്പോ വേലാട്ടി വാശിക്ക് തിരിച്ച് ഷാപ്പിലെത്തി. അപ്പ്ഴാച്ചാല് അവ്ട്ത്തെ മുഴോൻ കള്ളും കുടിച്ച് വറ്റിയ്ക്കാൻള്ള ദാഹോണ്ടായി. രണ്ട് കുപ്പിയും കൂടി അകത്താക്കിയിട്ട് വേലാട്ടി മാർക്സിസ്റ്റുകാരെ കുടുമ്മം കലക്ക്യോളെന്ന് പ്രാകി. ടീച്ചറേം മാഷേം പ്രാകീപ്പോ ഇത്തിരി ഒച്ച കൊറ്ച്ചു. ന്തായാലും മ്മ്ടേ അയലക്കം ല്ലേ.
കൈത്തണ്ടയ്ക്ക് നല്ല ബലള്ള വേലാട്ടീടെ പെണ്ണാണ് ചന്ദ്രി. അവള് വീട്ടിനു പൊറത്തിറങ്ങില്ല്യാന്നും അതോണ്ട് വേറാരേങ്കിലും കൊണ്ടന്ന് പഞ്ചായത്താക്കാനും വേലാട്ടി പാർട്ടിയോട് അങ്ങട് പറഞ്ഞാ കൊട്ത്ത്.
നല്ല എരിവുള്ള പാർട്ടിക്കാരൊന്നും അപ്പോ ഷാപ്പില്ണ്ടാരുന്നില്ല. കുറച്ച് തമിഴന്മാരും ഹിന്ദിക്കാരും മാത്രേ ണ്ടാരുന്നുള്ളൂ. അവരൊന്നും വേലാട്ടിയെ ശ്രദ്ധിച്ചൂല്ല.
കുറച്ച് നേരം കൂടി കുത്തിയിരുന്ന് പലതും പുലമ്പിയിട്ട് വേലാട്ടി മുണ്ടഴിച്ച് തലയിൽ കെട്ടി ഇഴഞ്ഞിഴഞ്ഞ് വീട്ടിലേയ്ക്ക് പോയി.
അല്ലാ, ഈ കോലത്ത്ല് വേറെ എങ്ങ്ടാ പോവാമ്പ്റ്റാ?

75 comments:

ഹംസ said...

അയ്മ്പതു ശതമാനം പെണ്ണ്ങ്ങളാത്രേ പഞ്ചായ്ത്ത്ന്! അപ്പോ അത്രേം കുടുമ്മം തൊലഞ്ഞൂന്നാ അർത്തം.

വേലാട്ടി നീ പറഞ്ഞതാ കാര്യം . അത്രയും കുടുംബം കലങ്ങി.

ഇന്ദിരാഗാന്ധിയും, ജയലളിതയും ഒക്കെ ഭരിച്ചിട്ട് എന്ത് കുന്താണ്ടായത് ..

വേലാട്ടി ഞാന്‍ നിന്‍റെ ഭാഗത്താടാ….

ചന്ദ്രീനെ നാല് പൊട്ടിച്ച് വീട്ടിലെ ഒതുക്കമുള്ള “പൂമുഖ വാതില്‍ക്കല്‍ സ്നേഹം തുളുമ്പുന്ന ഭാര്യ”യാക്ക്… എന്നിട്ട് കുടുംബം ഭരിക്കാന്‍ പറ….

Manoraj said...

ട്രെന്റ് സെറ്റര്‍!!! കഴിഞ്ഞ ദിവസം നാട്ടില്‍ വന്ന ഒരു ബ്ലോഗറുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. കേരളത്തില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പുഞ്ചിരിക്കും വനിതകള്‍ മാത്രം!! എന്റെ നാട്ടില്‍ കമ്യൂണിസ്റ്റുകാരി സീറ്റ് കിട്ടാതിരുന്നപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിയായി.. പലയിടത്തും സ്ത്രീകളെ കിട്ടാനില്ല. മത്സരിക്കാന്‍.. എങ്കിലും അതും ഒരു കഥയാക്കിയ എച്മു കൈയടി അര്‍ഹിക്കുന്നു.

അലി said...

സ്ത്രീ ശാക്തീകരണം! അയ്മ്പത് ശതമാനം കുടുമ്മം തൊലഞ്ഞു. പറയാനുള്ളത് മുഴുവൻ വേലാട്ടി പറഞ്ഞുകഴിഞ്ഞു.

അഭിനന്ദനങ്ങൾ.

സിദ്ധീക്ക് തൊഴിയൂര്‍ said...

അതും പോസ്റ്റി അല്ലെ എച്ചുമു...ഫിഫ്റ്റി ഫിഫ്റ്റി..നല്ല കാര്യമല്ലേ?

kARNOr (കാര്‍ന്നോര്) said...

നാട്ടിലെ മതിലുകളിൽ മൊത്തം കണ്ടത് ഇത്തരം ചന്ദ്രിമാർ തന്നെ..!!. വേലാട്ടിയുടെ മുൻ കരുതൽ ശരിയായിരുന്നെന്ന് കാലം തെളിയിക്കട്ടെ..

ഹനീഫ വരിക്കോടൻ. said...

പാർട്ടിക്കാർക്ക്‌ സീറ്റുതന്നെ പ്രശ്നം. പിന്നെ ഭരണം മിക്കയിടങ്ങളിലും "ആൺകോയ്മ"ക്ക്‌ തന്നെ. അതിനു തക്ക മറുപടി വേലാട്ടി പറഞ്ഞു.

jazmikkutty said...

എച്മു..ആദ്യം നര്‍മ്മം പോലെ തുടങ്ങി,പിന്നെ കാര്യത്തിലേക്ക് എത്തുംപോളെക്കും,സങ്കടവും ആയി.അമ്പതല്ല,നൂര് ശതമാനം ആക്കിയാലും പുരുഷന്മാരുടെ ഇടയില്‍ സ്ത്രീകള്‍ക്ക് ഒരു ശതമാനം പോലും "സംവരണം" ഇല്ല എന്നത് നഗ്ന സത്യം തന്നെയാണ്..
അതിപ്പം വേലാട്ടി ആണേലും,സംസ്കാരസമ്പന്നനായ ആള്‍ ആയാലും അങ്ങിനെ തന്നെ! ഹംസ പറഞ്ഞത് കേട്ടില്ലേ വെലാട്ടിയുടെ പക്ഷതാണെന്ന്...ഒരു നല്ല കഥ എന്നതിലുപരി വളരെ ചിന്തനീയമായ വിഷയം എച്മു..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഉന്തുട്ടായാലും ഈ നാട്ട് ഭാഷ്യ്ൺഗ്ട് ഇട്ട് പെടച്ചൂലേ...
കലക്കീൻണ്ട്..ട്ടാ‍ാ
“അയ്മ്പതല്ല നൂറാ‍ക്ക്യാലും ഇമ്മടെ പെണ്ണിന്യെ നാട് ബരിക്ക്യാൻ ഇമ്മള് വിട്വോ ?”

Sabu M H said...

ആരു വേണേലും ഭരിച്ചോട്ടേ, സമാധാനവും, വികസനവും ഉണ്ടായാൽ മതിയായിരുന്നു. ഇതിപ്പോ...

ഭാഷ വായിച്ചു ആദ്യം കുറച്ച് വലഞ്ഞു പോയി!.. പിന്നെ ‘ശീലമായി’ എന്നു പറയുന്ന പോലെ എല്ലാം മനസ്സിലായി തുടങ്ങി. അഭിനന്ദനങ്ങൾ.

ente lokam said...

ഓ തള്ളെ ഇതെന്തൊരു പോസ്റ്റ്‌ പോളക്കാന് ..!!!???
ഒരു കുഞ്ചന്‍ നംബയാര്‍ കൂടി ജനിക്കേണ്ട സമയം
ആയല്ലോ എച്മു ..കലി കാലം എന്നല്ലാതെ എന്താ
പറയുക .ഒരു അയ്മ്പത് ശതമാനം .ഒറിജിനല്‍
തിരോന്തോരം, വാക്കുകള്‍ക്കു മൂര്‍ച്ച കൂട്ടി ..
അഭിനന്ദനങ്ങള്‍ .

രമേശ്‌അരൂര്‍ said...

പെണ്ണിന് പെണ്ണ് തന്നെയാണ് പാര എന്ന് കരുതിയാവും (ചന്ദ്രി v /s എച്മു?) വായനക്കാര്‍ ആവേശം കൊണ്ടത്‌ ..പെണ്ണ് നാട്ടിലിറങ്ങിയാല്‍...പൊതു പ്രവര്‍ത്തനം നടത്തിയാല്‍ ,,ഭരണ രംഗത്ത് ശോഭിച്ചാല്‍ അത് സഹിഷ്ണുതയോടെ കാണാന്‍ എത്ര പുരോഗമന വാദിയായ പുരുഷനും ഒന്ന് മടിക്കും ..പെണ്ണ് അങ്ങനെ ഇളകണ്ട എന്ന് അലറുന്നത് കണ്ടില്ലേ പലരും !! ഇന്ദിര ഗാന്ധിയും..ജയലളിതയും ...അന്യന്റെ വീട്ടിലെ പെണ്ണുങ്ങള്‍ പഞ്ചായത്ത് ഭരിക്കുകയോ ,ജീന്‍സും ടോപ്പും ഇട്ടു നടക്കുകയോ ,ഫാഷന്‍ ഷോയില്‍ പങ്കെടുക്കുകയോ ചെയ്തോട്ടെ ഞങ്ങള്‍ കണ്ടു രസിക്കാം ,,വേണമെങ്കില്‍ പുകഴ്ത്താം എന്നൊക്കെ പറയുന്ന പുരുഷ കേസരികള്‍ സ്വന്തം വീട്ടില്‍ സ്ത്രീക്ക് തടവറ തീര്‍ക്കുന്നത്
അഭ്യസ്ത വിദ്യര്‍ ഏറ്റവും അധികമുള്ള കേരളത്തിലും നിത്യ കാഴ്ച ..ഇക്കാര്യത്തില്‍ കൂടുതല്‍ പേരും വേലാട്ടിമാര്‍ തന്നെ ..

മാണിക്യം said...

"കെട്ടും മൂട്ട്ന്ന് മാറിയാ പെണ്ണങ്ങള് മ്മ്ടെ കൈവിട്ട് പെഴച്ച് പോവോന്നാ സകല ആണങ്ങൾടേം ദണ്ണം.
ന്റെ കണ്ണ് തെറ്റിയാ ന്റെ പെണ്ണിനേം കൊണ്ട് മറ്റേ ആണ് ഓടോന്ന് പേടിച്ച്ട്ടാ ഓരോ ആണും കഴീണത്. "

പൗരുഷത്തിന്റെ വീര്യം ഇതാ ഇത്രേ ഉള്ളു....

അന്യന്റെ പെണ്ണിനെ ഒളികണ്ണാലെങ്കിലും നോക്കാത്തവനില്ല അതു കൊണ്ട് തന്നെ വേലാട്ടി പറഞ്ഞത് ന്യായം.

"പെണ്ണങ്ങള് ഭരിച്ചിട്ട് നാടൊന്നും നന്നാവാൻ പോണില്ല."
എന്നാ പിന്നെ തണപ്പ്ത്ത് ഒന്നു പിടിച്ചൂട്ടി നേർത്തെ കെടക്കാം...
പെണ്ണ് വീട്ടില് തന്നെ ഇരിക്കട്ടെ.

എച്ചുമു അയ്മ്പത് ശതമാനം കലക്കിട്ടോ...:)

Vayady said...

എച്ചുമു ഈ പോസ്റ്റിലൂടെ പുരുഷമേധാവിത്വത്തിന്റെ മുഖം മൂടി വലിച്ചു കീറിയിരിക്കുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ച്, അടിച്ചൊതുക്കി സ്ത്രികളെ ഭരിക്കുന്ന പ്രവണത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്നു. ഉന്നത വിദ്യാദ്യാസമുണ്ടായിട്ടു പോലും മിക്ക മലയാളി പുരുഷന്മാരുടേയും ഉള്ളില്‍ "വേലൂട്ടി" ഉറങ്ങിക്കിടക്കുന്നു. അവസരം വരുമ്പോള്‍ തനിനിറം കാട്ടുന്നു. പുരുഷന്റെ നിയന്ത്രണത്തില്‍ പുരുഷന്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ മാത്രം വിധിക്കപ്പെട്ടവളാണോ സ്ത്രീ? അവള്‍ക്ക് സ്വന്തമായ ചിന്തയും അഭിപ്രായവും ഇഷ്ടാനിഷ്ടങ്ങളും ഒന്നും പാടില്ലേ? എന്നിട്ട് ഈ പുരുഷകേസരികള്‍ പറയുന്ന ന്യായീകരണമോ? കുടും‌ബഭദ്രത!! സ്ത്രീ സ്വതന്ത്രമായി ചിന്തിക്കുകയും, ജീവിക്കുകയും ചെയ്യുന്ന കുടുംബത്തിന്റെ ഭദ്രത തകരുന്നെങ്കില്‍ അതിനുത്തരവാദി സ്ത്രീയല്ല. സ്ത്രീ സമത്വം അം‌ഗീകരിക്കാന്‍ തയ്യാറാവാത്ത പുരുഷനാണ്‌.

എത്ര സം‌വരണം ഉണ്ടായാലും നമ്മുടെ നാട്ടിലെ നാട്ടിലെ പുരുഷന്റെ ചിന്താഗതി മനുവിന്റെ കാലത്തു നിന്നും വളരെയൊന്നും പുരോഗമിച്ചിട്ടില്ല.

എച്ചുമുവിന്റെ ജൈത്രയാത്ര തുടരട്ടെ..ആശംസകള്‍.

appachanozhakkal said...

എച്ച്മുകുട്ടി,
എച്ച്മുക്കുട്ടി ആണ് താരം. അസൂയ തോന്നുണ്ട്‌ ട്ടോ!, ഈ പോസ്റ്റ്‌ കണ്ടപ്പോള്‍, ഈ ഭാഷ കണ്ടപ്പോള്‍. എന്റെ മലബാറില്‍,(അങ്ങനെ പറയാനാണ് എനിക്കിഷ്ട്ടം) "ചെറുമക്കള്‍,"കണക്കര്‍,"കള്ളാടി"(ഇപ്പോഴില്ല, ജാതി പറയരുതല്ലോ!)ഇവര്‍ ഉപയോഗിക്കുന്ന ഭാഷയാണ്, എച്ച്മുക്കുട്ടി കലര്‍പ്പില്ലാതെ എഴുതിയത്. എനിക്ക്, VKN നെ(VK നാരയണന്‍കുട്ടി )ഓര്‍മ്മ വന്നു. അദ്ദേഹം മരിച്ചു പോയി എങ്കിലും, അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്നത് തെറ്റാകില്ല. VKN -ഉം, OV വിജയനും, മാധവിക്കുട്ടിയും,(അരുന്ധതി റോയിയെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല)എഴുതിയിരുന്നതുപോലെ, ഒരു പുതിയ ശൈലി,എച്ച്മുക്കുട്ടിക്ക് വഴങ്ങുന്നത് കാണുന്നതില്‍, എനിക്ക് സന്തോഷമുണ്ട്. ഈ പോസ്റ്റിനു വളരെയധികം ആനുകാലിക പ്രസക്തിയുണ്ട്, നന്നായി. I think, and please let me believe that you are on the proper channel. Your works are leading you to a futuristic novelist. please keep it up. എച്ച്മുക്കുട്ടിയുടെ ഒരു നോവല്‍ പ്രസിദ്ധീകരിച്ചു കാണാന്‍ മനസ്സ് ആഗ്രഹിക്കുന്നു. കുടുംബ കലഹമുണ്ടാക്കാന്‍ എഴുതന്നതല്ല, തെറ്റിദ്ധരിക്കരുത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതൊക്കെ എഴുതിയതു വായിച്ചെങ്കിലും സന്തോഷിക്കാമല്ലൊ.

നാടും ഭരണവും ഒക്കെ ഇങ്ങനൊക്കെയെ പോകൂ കാണുന്നില്ലെ അയല്‍പക്കത്ത്‌ കോടികള്‍ ഒഴുക്കി ജനപ്രതിനിധികളെ വിലക്കു മേടിക്കുന്നത്‌.

എച്മു ഏതായാലും കലക്കി

Anees Hassan said...

A new 50:50 hit.

ശ്രീ said...

ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇതു പോലെ എവിടെയൊക്കെ നടന്നു കാണുമോ ആവോ?

ഭാര്യ സ്ഥാനാര്‍ത്ഥിയായതിനാല്‍ വീട്ടിലെ പെണ്ണുങ്ങള്‍ വോട്ട് പിടിയ്ക്കാന്‍ പോയതു കാരണം പണി കഴിഞ്ഞ് വന്നിട്ട് ഫുഡടിയ്ക്കാന്‍ നിവൃത്തിയില്ലാതെ അടുത്തുള്ള ചായക്കടയിലേയ്ക്ക് പോകുന്ന ഒരു പാവം ഭര്‍ത്താവിനെയും ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞു :)

P.Jyothi said...

ദ്‌ന്താപ്പദ്‌. കലക്കീട്ടോ. അങ്ങട് അരച്ചുകലക്കിക്കളഞ്ഞൂ.

V P Gangadharan, Sydney said...

Simply rustic and realistic! Compliments to a story that is tellingly narrated.

Rahul C Raju said...

:-)

യൂസുഫ്പ said...

ഉശിരില്ലാത്ത ചന്ദ്രി എങ്ങനെയാ ഭരണത്തിൽ പങ്കാളി ആവുക?

പഥികന്‍ said...

കഥ ഇഷ്ടായി.

പ്രയാണ്‍ said...

:):) ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടു..........വേലൂട്ടിയെ അല്ല ............ നല്ല സാക്ഷരനായ പാര്‍ട്ടിതൊഴിലാളി കം സര്‍ക്കാരുദ്യോഗസ്ഥന്‍. ഭാര്യയെ ഇലക്ഷനുനിര്‍ത്താന്‍ പാര്‍ട്ടി പറഞ്ഞതിന്റെ രോഷം അയാള്‍ഭാര്യയെ ചീത്തപറഞ്ഞു തീര്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങളൊന്നും നടക്കില്ലത്രെ!
നന്നായി എച്മു..........

ചാണ്ടിക്കുഞ്ഞ് said...

എച്ച്മൂ കൊള്ളാം...ഇന്നത്തെ കാലത്ത് ഒരു വേലാട്ടിമാര്‍ക്കും ഇങ്ങനെ അടിക്കാന്‍ പറ്റില്യാന്നും, ഒരു ചന്ദ്രിയും ഇത്ര മാത്രം അടി കൊള്ളില്ല്യാന്നും ഉറപ്പ്...പിന്നെ കഥക്ക് വേണ്ടിയായത് കൊണ്ട് അതി ഭാവുകത്വം കുഴപ്പമില്ല...
എന്നാലും വായാടീടെ ഒരു രോഷം കണ്ടില്ലേ....ന്താ ഇത്...അള്‍ട്രാ ഫെമിനിസ്റ്റാ...അടങ്ങ്‌ മോളെ അടങ്ങ്‌...ഇപ്പോഴത്തെ പുരുഷന്മാരൊന്നും അത്രയ്ക്ക് ക്രൂരന്മാരല്ല....

ബിജിത്‌ :|: Bijith said...

കിടു. നല്ല സ്വയമ്പന്‍ അവതരണം. ഇന്നിന്റെ കഥ ഇന്നലെയുടെ ഭാഷയില്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കുടുംബ വഴക്കിലിടപെടരുത്.
വെലാട്ടീ കീ ജയ്

Jishad Cronic said...

പോയി പോയി നൂറു ശതമാനം ആകുമോ? എന്നാല്‍ രക്ഷപെട്ടു... എന്നാല്‍ പിന്നെ ഈ പിണങ്ങാറായി, ഉമ്മര്‍ ചാണ്ടി, മുണ്ടൂരാന്‍, എന്നിവരെ ഒന്നും സഹിക്കേണ്ടി വരില്ലല്ലോ ? വെലാട്ടി കലക്കി !

ഭാനു കളരിക്കല്‍ said...

വേലാട്ടിയുടെ മനസ്സാണ് കേരളത്തിലെ പുരുഷകെസരികളില്‍ 90% നും. ഇത്തരക്കാരോട് വാദിച്ചു വാദിച്ച് ഞാന്‍ ഒരു വിധമായി. സംവരണം പുരുഷമേധാവിത്തത്തിനു മേലെ എന്തെങ്കിലും ചലനം സൃഷ്ടിക്കയില്ല. ചന്ദ്രിമാര്‍ തിരിച്ചു തല്ലാന്‍ തുടങ്ങാത്തിടത്തോളം. നമുക്ക് വേണ്ടത് സമ്പൂര്ണ വിപ്ലവമാണ്. ഒരു തുണ്ട് അധികാരമല്ല. പൂര്‍ണ അധികാരം. വീട്ടില്‍ ഭര്‍ത്താവിനെ ഒതുക്കാന്‍ കഴിയാത്തവള്‍ നാട് ഭരിക്കുക സാദ്ധ്യമല്ല.
ഇന്നു സംവരണത്തിലൂടെ അധികാരത്തില്‍ വരുന്നവര്‍ ആണ്‍ കോയ്മ നിലനില്കുന്ന പാര്‍ട്ടികളുടെ വക്താക്കള്‍ മാത്രമാണ്.

എച്ചുമ്മു വളരെ നന്നായിരിക്കുന്നു കഥ. ചാട്ടുളി പോലെ. അഭിനന്ദനങ്ങള്‍ .

the man to walk with said...

നല്ല ശൈലി ഇഷ്ടായി കഥ
ആശംസകള്‍

തെച്ചിക്കോടന്‍ said...

ആകര്‍ഷകമായ ശൈലിയില്‍ നല്ല ഒരു വിഷയം കൈകാര്യം ചെയ്തു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹാവൂ..എന്തൂട്ട് കാച്ചാ കാച്ചണത്...?
സംഗതി കലക്കീണ്ട് ട്ടാ.......

pushpamgad said...

nannayittund.
asamsakal...

Echmukutty said...

എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.
പുരുഷന്റെ മർദ്ദനം ഒട്ടും സഹിയ്ക്കേണ്ടി വന്നില്ലാത്ത സ്ത്രീകൾക്കും സ്ത്രീയെ ഒരു വിധത്തിലും മർദ്ദിച്ചിട്ടില്ലാത്ത പുരുഷന്മാർക്കും ഇത് അസ്വാഭാവികമായും അതി ഭാവുകത്വം നിറഞ്ഞതായും അതുകൊണ്ട് തന്നെ വേലാട്ടിയാണ് ശരി എന്നും തോന്നിയേക്കാമെങ്കിലും അടി കൊള്ളുന്ന കൊള്ളേണ്ടി വരുന്ന സ്ത്രീയെ സംബന്ധിച്ച് അതങ്ങനെയാവാൻ തരമില്ലല്ലോ.
അടിയുടെ ചൂട് ഭയങ്കരമാണ്. എല്ലാ കരുത്തും പ്രതിരോധവും കഴിവുകളും ഉശിരും ആ ചൂടിൽ ഉരുകിയൊലിയ്ക്കും.
ഇതറിയാവുന്നതുകൊണ്ട് എല്ലാ മാറ്റങ്ങളുടെ തുടക്കത്തേയും എന്നും അടികൊണ്ട് ചെറുക്കുവാൻ എല്ലാവരും ശ്രമിയ്ക്കുകയും ചെയ്യും.
മനോഹരമായി കവിതയെഴുതുന്ന ഭാര്യയുടെ ലാപ്ടോപ്പ് ചവുട്ടിപ്പൊട്ടിയ്ക്കുമ്പോൾ, കെ എസ് ചിത്രയേക്കാൾ നന്നായി പാടുന്ന മകളുടെ ശ്രുതിപ്പെട്ടി അടുപ്പിലിട്ട് കത്തിച്ച്, പാട്ട് പുസ്തകം വലിച്ച് കീറുമ്പോൾ,ഭാര്യയുടെ കണ്ണിൽ കത്തിയിറക്കുമ്പോൾ, അവളുടെ കൈപ്പത്തി വെട്ടിയെറിയുമ്പോൾ..................
വേലാട്ടിമാർ എവിടെയെല്ലാമുണ്ടെന്നും ഇല്ലെന്നും ഒരു പോൾ നീരാളിയ്ക്കും പ്രവചിക്കാൻ കഴിയില്ല.
ഇനിയും വായിയ്ക്കുമല്ലോ എന്റെ കൂട്ടുകാർ അല്ലേ?
സ്നേഹത്തോടെ.......

MyDreams said...

നല്ല രസം ഉണ്ട് ...വായിക്കാന്‍ ഇത്തിരി കഷ്ട്ടപെടും വായിക്കാന്‍

എന്നാലും വായിച്ചു

ഒട്ടു മിക്ക ബ്ലോഗിലും ഇത് പോലെ ഉള്ള ഭാഷ ഉപയോഗിക്കുന്നു ?

ശ്രീനാഥന്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...

സംവരണം മാത്രം പ്രശ്നം പരിഹരിക്കില്ല,
ആണിന്റെ മനോഭാവം മാറണം.
 ഇടതു പക്ഷക്കാരുടെ പോലും. സംവരണം
 വന്നാലും പഞ്ചായത്തായാലും പെണ്ണിന്‌
 കവിളിൽ പെട തന്നെ! കാലികമായ ഒരു
 പ്രശ്നത്തെ മുൻ നിർത്തി അതി ശക്ഷമായി 
എച്ചും കുട്ടി കഥ പറഞ്ഞു. മൂർച്ചയുള്ള
 നാടൻ ഭാഷ, കൃത്യമായ പ്രശ്നസമീപനം
 നന്നായി കഥ!

jayanEvoor said...

“മനോഹരമായി കവിതയെഴുതുന്ന ഭാര്യയുടെ ലാപ്ടോപ്പ് ചവുട്ടിപ്പൊട്ടിയ്ക്കുമ്പോൾ, കെ എസ് ചിത്രയേക്കാൾ നന്നായി പാടുന്ന മകളുടെ ശ്രുതിപ്പെട്ടി അടുപ്പിലിട്ട് കത്തിച്ച്, പാട്ട് പുസ്തകം വലിച്ച് കീറുമ്പോൾ,ഭാര്യയുടെ കണ്ണിൽ കത്തിയിറക്കുമ്പോൾ, അവളുടെ കൈപ്പത്തി വെട്ടിയെറിയുമ്പോൾ..................
വേലാട്ടിമാർ എവിടെയെല്ലാമുണ്ടെന്നും ഇല്ലെന്നും ഒരു പോൾ നീരാളിയ്ക്കും പ്രവചിക്കാൻ കഴിയില്ല.”

കഥയും കലക്കി; കമന്റും കലക്കി!

Muyyam Rajan said...

It has morale !

ആളവന്‍താന്‍ said...

അവസരോചിതമായി വന്ന, എച്ച്മുവിന്റെ കയ്യൊപ്പുള്ള കഥ. ഇഷ്ട്ടപ്പെട്ടു.

ബിഗു said...

കാലികമായ വിഷയം സത്യന്ധമായി അവതരിപ്പിച്ചു. എന്റെ ഭാവുകങ്ങൾ :)

ബിന്ദു കെ പി said...

എച്ച്മൂട്ട്യേ...കലക്കീട്ടോ....

എച്ച്മൂന്റെ ആ കമന്റ് ഇല്ലേ...അതാണ് കമന്റ്! അതിന് 100ൽ 100 !

പട്ടേപ്പാടം റാംജി said...

കെട്ടും മൂട്ട്ന്ന് മാറിയാ പെണ്ണങ്ങള് മ്മ്ടെ കൈവിട്ട് പെഴച്ച് പോവോന്നാ സകല ആണങ്ങൾടേം ദണ്ണം.

നന്നായി ഇഷ്ടപ്പെട്ടു.

ചെറുവാടി said...

വേലാട്ടി വെള്ളമടിച്ചു പറയുന്നത് പലരും വെള്ളമടിക്കാതെ തന്നെ പറയുന്നുണ്ട്.
പഞ്ചായത്ത് ഭരണവും സീരിയലും ഒക്കെയായി പെണ്ണുങ്ങള്‍ ബിസിയായി . ഞങ്ങള്‍ പാവം ആണുങ്ങളുടെ കാര്യം പോക്കാ..

നനവ് said...

നന്നായി എച്ചുമുക്കുട്ട്യേ...വീട്ടിലെ കാര്യങ്ങൾ ശരിക്കു നടക്കാൻ സ്ത്രീകൾ ജോലിക്കൊഴികെ പുറത്തിറങ്ങരുത് എന്ന കേരളീയ മനോഭാവം മാറാതെ ഇവിടെ എന്തു സംവരണം ഉണ്ടായിട്ടും കാര്യമില്ല..വീട്ടുജോലികളിൽ പുരുഷനും അയ്മ്പത് ശതമാനം നിർബന്ധ സംവരണം ഏർപ്പെടുത്തിയാലേ സ്ത്രീകളുടെ കഴിവുകൾ നാട്ടിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്താനാകൂ..

smitha adharsh said...

എച്ചുമു കുട്ടി കലക്കി...വേലാട്ടിമാര്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഇങ്ങനെ എത്ര ചന്ദ്രിമാര്‍ കഷ്ടപ്പെടുന്നു???
സംഭവം കലക്കി ട്ടോ....അയ്മ്പത് ശതമാനത്തിന് നൂറില്‍,നൂറ്

ഒഴാക്കന്‍. said...
This comment has been removed by the author.
Abdulkader kodungallur said...

കാലിക പ്രസക്തിയുള്ള വിഷയം . തനതായ ശൈലിയില്‍ മനോഹരമായ അവതരണം . കഥയില്‍ കവിത ഉറങ്ങുന്നത് പോലെ തോന്നി .അഭിനന്ദനങ്ങള്‍

ramanika said...

കൊള്ളാം !!!!!

ഒഴാക്കന്‍. said...

എച്ചുമുകുട്ടി, ശരിക്ക് പറ നൂറു ശതമാനവും അങ്ങ് വിട്ടു തരട്ടെ :)
പോസ്റ്റ്‌ ഇഷ്ട്ടായി ട്ടോ

vavvakkavu said...

കൊള്ളാം

siya said...

എച്ചുമു..എഴുതിയ കഥയും ,കമന്റ്‌ രണ്ടും കൂടി വായിച്ച് ഞാന്‍ ഒരു നിമിഷം ഞെട്ടി പോയി ..അവതരണം ,ഭാഷ ,ഓരോ വാക്കുകള്‍ എല്ലാം എന്ത് സൂക്ഷ്മമായി എഴുതിവച്ചിരിക്കുന്നു .അഭിനന്ദനം.

Sureshkumar Punjhayil said...

Bharanavum Rashtreeyavum...!

Manoharam, Ashamsakal...!!!

കണ്ണനുണ്ണി said...

ഇഷ്ടാവനുണ്ട് എച്മു കുട്ടിയേ... പ്രമേയങ്ങളിലെ പുതുമയും... അവ അവതരിപ്പിക്കുന്നതിലെ വിത്യസ്തതയും..

ഒരുപാട് ദൂരം പോവും ഇനിയും... ഈ എഴുത്ത്.. ട്ടോ.. സത്യം...

റോസാപ്പൂക്കള്‍ said...

എന്റെ എച്ചുക്കുട്ടിയേ...കലക്കീലോ..
പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ ആഴ്ച നാട്ടില് വന്നപ്പോള് നിറയെ ചിരിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രിമാരുടെ ചിത്രങ്ങള് മാത്രം..ഇവരുടെ വേലാട്ടിമാര് എവിടെപോയോ എന്തോ...അതോ വീട്ടിലിരുന്നു ഭരിക്കാമെന്നു കണക്കു കൂട്ടിക്കാണുമോ....?

ഒരിക്കല് കൂടി അഭിനന്ദനങ്ങള്

Vishnupriya.A.R said...

nalla katha ...all the best

ജുവൈരിയ സലാം said...

50+50

വി.എ || V.A said...

നല്ല രംഗങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. ‘വേലാട്ടി’യുടേയും ‘ചന്ദ്രി’യുടേയും സംഭാഷണവും ആത്മഗതവുമൊഴിച്ച്, ബാക്കി വിവരണങ്ങൾ സാധാരണമായ ശൈലിയിൽ മതിയായിരുന്നില്ലേ?(അത് നാം പറയുന്നതാണല്ലൊ) ‘തമിഴ്മ്മാരും ഹിന്ദീക്കാരും പൊക്കണോംതൂക്കി പരോശായിട്ട് ഊര് തെണ്ടാൻ വന്നിര്ക്ക്ണ്.....‘ഉഗ്രൻ!! ‘ഇവ്ടെ വാടീ നായീന്റെ...’ പകരം പോത്തോ കഴുതയോ....? അവസാനവാചകം അനിർവചനീയം!!!

മുകിൽ said...

"ന്റെ കണ്ണ് തെറ്റിയാ ന്റെ പെണ്ണിനേം കൊണ്ട് മറ്റേ ആണ് ഓടോന്ന് പേടിച്ച്ട്ടാ ഓരോ ആണും കഴീണത്. ന്ന്ട്ട് പെണ്ണങ്ങളാ പെണ്ണ്ങ്ങൾടെ ശത്രുക്കള്ന്ന് തൊള്ള പൊളിയ്ക്കേം ചിയ്യും."
ഹ ഹ ഹ. ഇതു പുടിച്ചു. കൊട് കൈ.
പുതിയ കാൽ വെപ്പിൽ സ്ത്രീകൾ ഒരുപാടു സഹിക്കേണ്ടി വരും. സത്യമാണത്. പക്ഷേ ഈ ചക്രം ഒന്നു രണ്ടു വട്ടം കൂടെ തിരിയട്ടെ. സ്ത്രീകൾ established ആവും. ഇന്ന് സ്ത്രീ കൂടെ ജോലിക്കു പോയില്ലെങ്കിൽ പുരുഷനു വിഷമമാണ്. എങ്ങനെ ജീവിക്കും? പണ്ടാണെങ്കിൽ ചിന്തിക്കാൻ പറ്റില്ല. ഞാൻ വരുമ്പോൾ ‘പൂമുഖവാതിൽക്കൽ പഞ്ചാരക്കിണ്ണവുമായി’ അവൾ ഇല്ലെങ്കിൽ എങ്ങനെ പറ്റും? പക്ഷേ ഇന്നു മാറിയില്ലേ? അതുപോലെ മാറും. മാറണം. അതുകൊണ്ടു ഞാൻ ശുപാപ്തിവിശ്വാസക്കാരിയാണിക്കാര്യത്തിൽ. ഭാര്യ ജോലിക്കാരിയായതുകൊണ്ടു വീട്ടിൽ സുഖങ്ങൾ അല്പം കുറയുന്നതു പോലെ, ഭാര്യ സ്ഥാനാർത്ഥിയായാൽ അല്പം സഹിക്കേണ്ടി വരും. അതിലെന്താണു സങ്കടപ്പെടാൻ? അഭിമാനിക്കാൻ പഠിക്കണം പുരുഷൻ. തന്റെ പെണ്ണിനെപ്രതി അഭിമാനിക്കാൻ പഠിക്കണം. ജീവിതത്തിലെന്തെല്ലാം ബുദ്ധിമുട്ടുകൾ വരുന്നു. അതെല്ലാം സഹിക്കുന്നു. ഇതും സഹിക്കണം. നാടിനുവേണ്ടി മാറാൻ പുരുഷമനസ്സും സ്ത്രീമനസ്സും സജ്ജമാവട്ടെ. ആവും.
എച്മുക്കുട്ടി, ഈ പവൻ മാറ്റുള്ള ഭാഷയ്ക്കും ഈ വിഷയത്തിലുള്ള പുരുഷമനസ്സിന്റെ നെടുംച്ഛേദത്തിനും നമോവാകം!ചിന്തിക്കാൻ ഈ വിഷയം മാളോർക്കു മുന്നിലേക്കിട്ട രീതി മനോഹരം.

kathayillaaththaval said...

എചുമുക്കുട്ട്യെ ,
എഴുത്ത് ഗംഭീരം .
അതിനേക്കാള്‍ ഗംഭീരം മറുപടി .
അസൂയ തോന്നിപ്പോകുന്നു .....
ആശംസകളോടെ .

ഹാപ്പി ബാച്ചിലേഴ്സ് said...

ചേച്ചീ,
അമ്മച്ചീ എന്താ ഇത്?
ഹൊ കിടിലൻ. ഭാഷ തന്നെ സൂപ്പർ. കാണാൻ വൈകി എന്ന സങ്കടം മാത്രം.. എന്നാലും ഇത്രേം വേണായിരുന്നോ, ഇത്രയും വലിയ പുരുഷവിദ്വേഷിയായിരുന്നേൽ ഒരു ബസ്സ് ഇട്ട് ഒരു ചർച്ച നടത്തിയാൽ പോരായിരുന്നോ, ഇങ്ങനെ പോസ്റ്റെഴുതി നാറ്റിക്കണമായിരുന്നോ? എന്തായാലും തികച്ചും നാടകീയമായി തന്നെ അവതരിപ്പിച്ചു. പാവം ചന്ദ്രി. ചാണ്ടിച്ചനെയൊ മറ്റൊ കൂട്ടുപിടിച്ച് സ്ത്രീ വിദ്വേഷ പോസ്റ്റ് ഇറക്കിയാലോ എന്നൊരാലോചന. ഹ ഹ.

എന്നത്തേയും പോലെ കലക്കി.
ആശംസകൾ

തട്ടാൻ said...

ഏച്മുക്കുട്ടി, ഒരു നൊവലെഴുതാനുള്ള വകുപ്പുണ്ട്. പറ്റുമെങ്കില്‍....അതിനുള്ള പണി തുടങ്ങിക്കോ.

കൊച്ചു കൊച്ചീച്ചി said...

ഞാന്‍ "മുകില്‍" പറഞ്ഞതിനോട് യോജിക്കുകയാണ്. ഇതൊക്കെ തുടക്കത്തിലേ നടക്കുള്ളൂ. കൂടുതല്‍ സ്ത്രീകള്‍ "സജീവ രാഷ്ട്രീയത്തിലേക്ക് " വരുന്നതോടെ ഈ വക വിരട്ടൊന്നും നടപ്പാകില്ല. സജീവ രാഷ്ട്രീയമില്ലാത്ത കുടുംബിനികള്‍ വരുമ്പോഴാണ് ചിലര്‍ വിരട്ടി നോക്കുന്നത്.

ഇന്നു പോലും, ഏതെങ്കിലും പക്കാ രാഷ്ട്രീയക്കാരനെ അല്ലെങ്കില്‍ രാഷ്ട്രീയക്കാരിയെ അടിച്ചിട്ട് ആര്‍ക്കെങ്കിലും വഴി നടക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?

കൊച്ചു കൊച്ചീച്ചി said...

ഓ പറയാന്‍ മറന്നു പോയി. ഉഗ്രന്‍ എഴുത്ത്! നല്ല stark visuals!

jayarajmurukkumpuzha said...

valare rasakaramayi...... aashamsakal....

geetha said...

50% pitikkaanjnjitt oraaL matE partykk vote cheytha vaartha pathrathil untaayirunnu. kantille ororutharute manassilirippukal puRathu varunnath.
kalakki echmu.

ajiive jay said...

ishtappettu, congrats

Echmukutty said...

എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി പറയട്ടെ......
സ്നേഹത്തോടെ.

Minesh R Menon said...

മനോഹരമായി ഈ പോസ്റ്റ്‌.
ഗ്രാമ്യ ഭാഷയുടെ ഈ കരവിരുത് അടുത്തകാലത്ത് മറ്റൊരു ബ്ലോഗിലും കണ്ടിട്ടില്ല. അതോടൊപ്പം പ്രമേയവും. കഥകളുണ്ട് എല്ലായിടത്തും. ആ കഥകള്‍ കണ്ടെത്തുന്നതിലുള്ള ഈ കൃതഹസ്തതയെ അഭിനന്ദിക്കുന്നു.
ഇനിയും തുടരുക ഈ യാത്ര.

ഒരു യാത്രികന്‍ said...

എച്മു....പറയാതെ വയ്യ, ഗംഭീരന്‍ ശൈലി. ചെറുകഥയിലെ ഒരു പുതിയ താരോദയം കാണുന്നു......സസ്നേഹം

Anonymous said...

കൊള്ളാം സറ്റയര്‍. നന്നായി പറഞ്ഞു എച്ചമൂ...പെണ്ണുങ്ങള്‍ടെ വില്ല് എന്നു പറഞ്ഞതു പിടി കിട്ടീല്ലാ എച്ച്മൂ...

അന്ന്യൻ said...

വേലാട്ടി വേറെന്താ ചെയ്യേണ്ടിയിരുന്നെ? ഞാൻ വേലാട്ടീടെ കൂടെയാ.

കണ്ണനുണ്ണി said...

പാവം വാവ :(

കന്നഡ ഗൊത്തില്ല ന്നു പറഞ്ഞു നടന്നിരുന്നു ഞാനും അഞ്ചു ആറു വര്ഷം മുന്‍പ്..

കാര്‍ത്ത്യായനി said...

വേലാട്ടി വേറെന്താ കാട്ടാ??? പിന്നല്ലാന്ന്!!!

ajith said...

ശൊല്ലമാട്ടേന്‍, നിനൈത്തതെ ശൊല്ല മാട്ടേന്‍, ഉയിര്‍ പോനാലും ശൊല്ല മാട്ടേന്‍