Sunday, December 19, 2010

അന്ത്രു…...

പാതി രാത്രിയിൽ പെയ്ത മഴയ്ക്ക് ഭ്രാന്തായിരുന്നു.
ഹുങ്കാരത്തോടെ വീശിയടിച്ച കാറ്റിൽ മരങ്ങളുടെ കൊമ്പുകൾ ഒടിഞ്ഞു വീണു.
എങ്കിലും രാവിലെയായപ്പോഴേയ്ക്കും മഴക്കോളെല്ലാമകന്ന് മാനം പൂർണമായും തെളിഞ്ഞിരുന്നു.
വാർത്തയറിഞ്ഞ എല്ലാവരും ഞെട്ടിത്തെറിച്ചുപോയി.
‘കുട്ടപ്പൻ നായരെ ആരോ വെട്ടിക്കൊന്നു‘
കള്ളു ഷാപ്പിന്റെ മുൻപിലാണ് ശവം കിടന്നിരുന്നത്. ആയുധമൊന്നും പരിസരത്ത് കണ്ടില്ല. രക്തം വാർന്നൊഴുകിയതെല്ലാം മഴയിൽ ഒലിച്ച് പോയിരിയ്ക്കുന്നു. ആകെ ചളിപിളിയായതുകൊണ്ട് ശവത്തിനരികെ കാൽപ്പാടുകളുമില്ല.
മരം വെട്ടുകാരൻ ശങ്കുരുവും സഹായിയായ ഗോപിയും ആളുകളെ ശവത്തിനരികെ ചെല്ലുന്നതിൽ നിന്നും വിലക്കി.
‘കൊലയാ, കൊല. കളിയ്ക്കണ കളിയല്ല. പോലീസ്കാര് വരട്ടെ. അത് വരെ അനങ്ങാണ്ട് നിക്കണം. അടുത്ത് ചെല്ലണ്ട. കോടതി കേറി ജമ്മം പാഴാവും.‘
എല്ലാവരും കടുത്ത ഭയത്തോടെയും വല്ലാത്ത ഒരു വെറുങ്ങലിപ്പോടെയും മാറി നിന്നു.
കുട്ടപ്പൻ നായരോട് ആർക്കാണ് ഇത്ര വിരോധം?
കുറെ അശ്ലീല തമാശകൾ പറയുമെന്നല്ലാതെ മറ്റൊരു കുഴപ്പവും കാണിയ്ക്കാത്ത ഒരാൾ. ഭാര്യയും മക്കളുമായി കഴിഞ്ഞു കൂടുന്നു. നല്ല ഈശ്വര വിചാരമുള്ളവൻ. തറവാടിയായ സ്ഥാനി. ഇതിനൊക്കെ പുറമേ ഇഷ്ടം പോലെ സ്വത്തും പണവുമുണ്ട്.
ആർക്കും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
പെണ്ണുങ്ങളിൽ ചിലർ പരസ്പരം നോക്കി കണ്ണിറുക്കി. അതു പിന്നെ അങ്ങനെയാണല്ലോ. ആണുങ്ങളുടെ ചില സ്വഭാവങ്ങൾ അവരേക്കാളും നന്നായി പെണ്ണുങ്ങൾക്കാണല്ലോ അറിയുക
കുട്ടപ്പൻ നായർക്ക് ചില്ലറ ദൌർബല്യങ്ങളൊക്കെ ഉണ്ടായിരുന്നു.
വളരെ നേർമ്മയായ ഒറ്റ മുണ്ട് മാത്രം ധരിച്ചുകൊണ്ടുള്ള നാട് ചുറ്റലായിരുന്നു അതിലൊന്ന്. നല്ല വെളുത്ത് തുടുത്തിരുന്ന നായർ ആകാവുന്നത്ര സ്വന്തം ശരീര സൌഭാഗ്യം പ്രദർശിപ്പിച്ചു. സ്ത്രീകളെ കാണുമ്പോൾ, ആളും തരവും വിജനതയും നോക്കി മുണ്ട് ഒന്നഴിച്ച് വിടർത്തി ഉടുക്കാറുമുണ്ടായിരുന്നു.
മറ്റൊരു ദൌർബല്യം ഒന്നു രണ്ട് വീടുകളിൽ അസമയത്ത് കുട്ടപ്പൻ നായർ കയറിച്ചെല്ലുമായിരുന്നു എന്നതാണ്. ആ വീടുകളിൽ വേറെ ചിലരും അങ്ങനെ പോവാറുണ്ടായിരുന്നു. അവിടെ ഉണ്ടായ വല്ല കുഴപ്പവുമായിരിയ്ക്കുമോ കൊലയ്ക്കു നിദാനമായതെന്ന് ഓർമ്മിച്ച് പെണ്ണുങ്ങൾ തല പുകച്ചു.
ആ വീടുകളിലെ പതിവുകാരായ മറ്റ് ആണുങ്ങൾക്കും അല്പാല്പം പരിഭ്രമം തോന്നുന്നുണ്ടായിരുന്നു.
കുട്ടപ്പൻ നായരുടെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി അവർ ഭാര്യ വീട്ടിലാണ്. അവരെ ആരു ചെന്ന് സങ്കടം അറിയിയ്ക്കുമെന്നോർത്തപ്പോൾ ഗ്രാമീണർ വിവശരായി.
നല്ലൊരു സ്ത്രീയാണ് നായരുടെ ഭാര്യ. ഗ്രാമത്തിലെ എല്ലാ സ്ത്രീകളോടും സൌഹൃദം പുലർത്തുന്ന വീട്ടമ്മ. കുട്ടപ്പൻ നായരുടെ ശീലക്കേടുകൾ ഗ്രാമീണർ സഹിച്ചതിനു പുറകിൽ നല്ലവളായ ഭാര്യയുടെ സൌശീല്യവുമുണ്ടെന്നത് ഒരു പരമാർത്ഥമാണ്.
പതിനൊന്ന് മണിയോടടുപ്പിച്ച്, ഒരു ജീപ്പ് നിറയെ പോലീസ് വന്നു.
പോലീസുകാർ ആദ്യം തന്നെ കൂട്ടം കൂടി നിന്ന ഗ്രാമീണർക്ക് നേരെ ലാത്തി വീശി, അവരെ അകറ്റി.
‘ആരെടാ ആദ്യം ശവം കണ്ടത്?‘
കുട വയറും പിരിച്ചുവെച്ച കൊമ്പൻ മീശയുമുള്ള ഒരു പോലീസുകാരൻ ഉറക്കെ ചോദിച്ചു.
മൂത്രമൊഴിയ്ക്കാൻ മുട്ടിയ ഗ്രാമീണർ ശബ്ദിച്ചില്ല.
‘മര്യാദയ്ക്ക് പറഞ്ഞോ. ആരാടാ ഇത് ചെയ്തത്?‘
ഗ്രാമീണരുടെ വിറയൽ പെരു വിരലിൽ നിന്ന് നിറുകന്തലയോളമെത്തി.
‘സത്യം പറഞ്ഞാ എല്ലാർക്കും നല്ലത്, അല്ലെങ്കിൽ ന്താ വേണ്ടേന്ന് ഞങ്ങക്കറിയാം. പോലീസുകാരോട് കളിയ്ക്കല്ലേ, പുതിയേ പുതിയേ കളികള് ഇണ്ടാക്കി കളിപ്പിയ്ക്കണോരാ ഞങ്ങള്………’
ഇത്രയുമായപ്പോൾ രാമൻ മാഷ് പറഞ്ഞു, ‘ഞാനാ ആദ്യം കണ്ടത്, കാലത്ത് അമ്പലത്തിൽക്ക് വരുമ്പോ….‘
ചെറുപ്പക്കാരനായ എസ് ഐ മാഷ്ടെ ശബ്ദ്ം കേട്ട് തിരിഞ്ഞു നോക്കി, അടുത്ത് വന്നു തൊഴുതു.
‘മാഷ്, ഇവിടെ……….ന്നെ ഓർമ്മ്ണ്ടോ? ന്നെ…… പഠിപ്പിച്ചിട്ടുണ്ട്… ഞാൻ ഗോവിന്ദൻ കുട്ടി.‘
അല്പനേരം അയാളെ സൂക്ഷിച്ച് നോക്കിയ മാഷ്ടെ മുഖം തെളിഞ്ഞു.
പിന്നെ കാര്യങ്ങൾ വളരെ വേഗത്തിൽ നീങ്ങി. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ആദ്യ റൌണ്ട് ചോദ്യം ചെയ്യൽ കഴിച്ചുവെങ്കിലും പോലീസുകാർ മര്യാദ കൈ വിട്ടില്ല.
കൊല നടന്നതാരും കണ്ടിട്ടില്ല. കള്ള് ഷാപ്പുകാരൻ ഒമ്പത് മണിയ്ക്ക് ഷാപ്പടയ്ക്കുമ്പോൾ കുട്ടപ്പൻ നായർ കുശലം പറഞ്ഞ് നടന്നു പോയതാണ്.
പിന്നെ നായർക്ക് ഷാപ്പിൽ വരേണ്ട കാര്യമില്ല. ഇനി വേറെ എവിടെയെങ്കിലും വച്ച് കൊന്നതിനു ശേഷം ഇവിടെ കൊണ്ടിട്ടതാകുമോ?
പോലീസുകാർ ടേപ്പ് പിടിച്ച് അളവെടുക്കുമ്പോഴാണ് കണ്ടത്, കുട്ടപ്പൻ നായരുടെ പുലി നഖം കെട്ടിച്ച സ്വർണമാല ഒരു കേടും പറ്റാതെ കഴുത്തിൽ തന്നെ കിടക്കുന്നു! മാത്രവുമല്ല, ഏലസ്സ് കെട്ടിയ അരഞ്ഞാണവും വലത്തെ കൈയിലെ, ഉലക്കച്ചുറ്റ് മോതിരവും ഒക്കെ ശവത്തിന്മേലുണ്ട്. നല്ല പൊലിമയുള്ള കനപ്പെട്ട സ്വർണം!
രാമൻ മാഷ് കാണും മുൻപേ ആരെങ്കിലും ശവം കണ്ടിരുന്നെങ്കിൽ ആഭരണങ്ങൾ അടിച്ച് മാറ്റുമായിരുന്നില്ലേ?
പോലീസ്കാർക്കും ആ വിചാരമായിരുന്നു മനസ്സിൽ. ജനങ്ങൾ കാൺകേ ആഭരണങ്ങളുടെ കണക്കെടുപ്പ് വേണ്ടി വന്നില്ലേ? രഹസ്യമായിട്ടായിരുന്നെങ്കിൽ എന്തെല്ലാം സാധ്യതകളുണ്ടാകുമായിരുന്നു!
‘അപ്പോ കക്കാനല്ല.‘ എസ് ഐ പിറുപിറുത്തു.
ആരായിരിയ്ക്കും? എന്തിനായിരിയ്ക്കും?
വലിയ വാക്കത്തിയും പിടിച്ച്, അല്പമൊരു ഞൊണ്ടലോടെ അന്ത്രു അപ്പോഴാണ് അവിടെ പ്രത്യക്ഷപ്പെട്ടത്.
അനാഥനും ദരിദ്രനുമായ കൂലിപ്പണിക്കാരനാണ് അന്ത്രു. പത്തു വയസ്സുള്ളപ്പോൾ ഒരു പാണ്ടി ലോറിയിൽ കയറി ആ ഗ്രാമത്തിൽ വന്നു പറ്റി. ചില്ലറപ്പണികളൊക്കെ ചെയ്ത് അവിടെത്തന്നെ വളർന്ന് അവൻ ഒരു ഒത്ത ആണായി.
ഏതു നാറ്റം പിടിച്ച പണിയ്ക്കും ഒരു മടിയും അറപ്പും കൂടാതെ അന്ത്രു വരും.
എല്ലാവരും ഉൽക്കണ്ഠയോടെ നിൽക്കുമ്പോൾ അവൻ നേരെ ചെന്ന് എസ് ഐയുടെ മുൻപിലേയ്ക്ക് കൈകൾ നീട്ടിപ്പിടിച്ചു.
അന്ത്രുവോ?
രാമൻ മാഷ് ഒരു താക്കീതിന്റെ ഒച്ചയിൽ വിലക്കി, ‘ഡാ, അന്ത്രൂ നീയെന്ത് വിഡ്ഡിത്തരാ കാട്ട്ണേ? ഇങ്ങ്ട് നീങ്ങിക്ക്.’
വല്ലാത്ത ഒരു തരം ഇളിച്ചു കാട്ടലായിരുന്നു അതിനുള്ള ഉത്തരം.
‘നീയാണോ ഇയാളെ കൊന്നത്?‘ എസ്. ഐ ഇടിവെട്ടും പോലെ ചോദിച്ചു.
‘ആ, അതെ. ഞാന്തന്ന്യാ………‘ അന്ത്രുവിന്റെ മറുപടി വളരെ ശാന്തമായിരുന്നു.
കൂടി നിന്ന എല്ലാവരും വിറച്ചു പോയി.
അന്ത്രു ഒരാളെ കൊല്ലുകയോ? പോലീസുകാരെ കണ്ട് അവന് പ്രാന്തായിപ്പോയെന്നാണ് ഗ്രാമീണർക്ക് ആദ്യം തോന്നിയത്.
കുടവയറൻ പോലീസുകാരൻ അന്ത്രുവിന്റെ വാക്കത്തിയിലേയ്ക്ക് വിരൽച്ചൂണ്ടി അലറി, ‘ഇതോണ്ടാണാടാ നായിന്റെ മോനെ നീ ആളെ കാച്ചീത്?‘
അവൻ ഒരു ഭാവഭേദവുമില്ലാതെ തല കുലുക്കി.
പോലീസുകാർക്ക് അരിശം പുകയുകയായിരുന്നു. ഇങ്ങനെയുമുണ്ടോ മനുഷ്യർ? സ്വർണം എടുത്തില്ല എന്നത് സാരമില്ലാന്നു വെയ്ക്കാം, കത്തിയും പിടിച്ച് കൊലപാതകി തന്നെ മുൻപിൽ വന്ന് നിൽക്കുകയെന്ന് വെച്ചാൽ……..പിന്നെ പോലീസുകാരുടെ പവറ് എങ്ങനെയാണ് ഒന്ന് കാണിയ്ക്കുന്നത്?
ഇതോടെ കേസ് തീർന്നില്ലേ?
ആൾക്കാരെ വിരട്ടി അധികാരത്തിന്റെ ഗമ കാണിച്ച് ചില്ലറ തുട്ടൊക്കെ കൈയിൽ മേടിയ്ക്കാൻ പറ്റിയേനെ അപ്പോഴേയ്ക്കും ഈ നാശം പിടിച്ചവനെ കെട്ടിയെടുത്തല്ലോ.
കൂടുതൽ ചോദ്യങ്ങളൊന്നും അന്ത്രുവിനോട് ചോദിയ്ക്കാതെ ശവം പോസ്റ്റുമാർട്ടത്തിനയക്കാൻ ഏർപ്പാടാക്കിയിട്ട് അവനെ വിലങ്ങു വെച്ച് ജീപ്പിൽ കയറ്റി പോലീസുകാർ സ്ഥലം വിട്ടു.
അവനെ അന്വേഷിച്ച് സ്റ്റേഷനിൽ ആരും വരുന്നില്ലെന്ന് കണ്ടപ്പോഴാണ് ഈ കേസിൽ നിന്ന് യാതൊരു ലാഭവുമുണ്ടാവാൻ പോകുന്നില്ലെന്ന് പോലീസുകാർക്ക് മനസ്സിലായത്.
അവർ അവനെ ചോദ്യം ചെയ്യാൻ തുടങ്ങി.
ആദ്യം ചുടുചുടെന്ന് ഉശിരൻ രണ്ട് പെട കരണക്കുറ്റിയ്ക്ക് കൊടുത്തു. കുടവയറൻ പോലീസുകാരനായിരുന്നു ഏറ്റവുമധികം കലി. അയാൾ മൂന്നാമതും അടിയ്ക്കാനോങ്ങിയപ്പോൾ എസ് ഐ തടഞ്ഞു.
‘മതിയെടോ, കൊന്നൂന്ന് അവൻ പറഞ്ഞല്ലോ, ഇനീപ്പോ അടിച്ച് പറയിപ്പിയ്ക്കാൻ………ബാക്കി കാര്യങ്ങള് അറിഞ്ഞാ പോരേ?‘
അന്ത്രു നിശബ്ദനായി തല കുനിച്ച് നിൽക്കുകയാണ്. അടി കൊണ്ടപ്പോൾ ദേഹമാകെ വെന്തു പുകയുന്നതു പോലെ തോന്നി അവന്. ഇവരിനീം പിടിച്ച് തല്ലുമോ? പോലീസുകാർ ഒരു മന:സാക്ഷിയുമില്ലാത്ത ജന്തുക്കളാണെന്ന് അന്ത്രു കേട്ടിട്ടുണ്ട്.
ഇതു വരെ ഇങ്ങനെ ഒരു തലേലെഴുത്തുണ്ടായിട്ടില്ല.
എസ് ഐ അവന്റെ താടി ലാത്തികൊണ്ട് ഉയർത്തി, എന്നിട്ട് ചോദിച്ചു, ‘എന്തിനാടാ നീ അത് ചെയ്തത്? മര്യാദയ്ക്ക് സത്യം പറഞ്ഞോ, അല്ലാണ്ട് നീ ജീവനോടെ ഇവിട്ന്ന് പോവില്ല.’
‘കുട്ടപ്പ്ൻ നായര് തൊള്ളേത്തോന്നീത് പറഞ്ഞ്പ്പോ സകിച്ചില്ല്, ന്നെപ്പറ്ഞാ സാരല്യാ, ആ ച്ത്തോയ അമ്മേ പറ്ഞ്ഞ്, അപ്പൊ സകിച്ചില്ല്യ്, അതാങ്ങനെ പറ്റീത് ‘
അന്ത്രു പുലമ്പി.
‘ഏതാ ടാ ആ അമ്മ്?‘ കുടവയറൻ പൊലീസ് അറപ്പിയ്ക്കുന്ന ഒരു അശ്ലീലാംഗ്യത്തോടെയാണ് അമറിയത്.
‘വേണ്ടെടോ, ഞാൻ ചോദിക്കാം. താൻ ചെല്ല്.‘ എസ് ഐ സിഗരറ്റ് കത്തിച്ച് വലിയ ഒരു പുകയൂതി അന്ത്രുവിന്റെ മുഖത്തേയ്ക്ക് വിട്ടുകൊണ്ട് സ്വന്തം കീഴുദ്യോഗസ്ഥനെ വിലക്കി.
അയാൾ എന്തോ പിറുപിറുത്തുകൊണ്ട് സ്ഥലം വിട്ടു.
‘നിന്റെ അമ്മയ്ക്കാണോടാ നായര് പറഞ്ഞത്?‘ എസ് ഐ കനത്ത ശബ്ദത്തിൽ ചോദിച്ചു.
‘എന്റമ്മ്യായിരുന്നെങ്കി………..നിക്ക്തിനിള്ള യോഗല്ല്യാല്ലോ സാറെ‘………ഇപ്പോൾ അന്ത്രുവിന്റെ ഒച്ച ഇടറി.
‘ടാ, കഴ്വേറി, നിന്റെ നാടകം കാണാനല്ല്, മര്യാദയ്ക്ക് മണി മണി പോലെ ഒള്ള കാര്യങ്ങട് പറഞ്ഞോ. അതാ നല്ലത്. അല്ലെങ്കി എന്റെ തനിക്കൊണം നീയറിയും’ എസ് ഐയ്ക്ക് കോപം വന്നു.
‘ഇന്നലെ രാത്രീക്ക് ഞാമ്മ്ടെ ദേവൂന്റോടെ പോയീര്ന്ന്. ഒന്നിനും ആയിട്ട് പോയതല്ല. പത്ത് പൈസണ്ടായില്ല്യ കൈയില്. പിന്നവള് വല്ലൂം തരോ? കാശ് കൊട്ക്ക്മ്പോ തന്നെ അവളക്ക് ഞാനൊക്കെ വല്ലോണം പോല്യാ. കാശിന് സ്തായിണ്ടാവുല്യാല്ലോ, പണിയ്ല്ലേണ്ടാവാ?
തിണ്ണേല് വെറ്തേ ഇരിക്ക്മ്പ്ളാ കുട്ടപ്പ്ൻ നായര് വന്ന്ത്. ഞാനപ്പോ തന്നെ എറങ്ങിപ്പോന്നു. ന്ന്ട്ട് ആ കള്ള്ഷാപ്പ്ന്റെ വ്രാന്തേല് ഇരിക്ക്യേര്ന്ന് ………’
‘നിന്ക്ക് വീട്ടിപ്പോയി പണ്ടാറടങ്ങാര്ന്ന്ല്യേ?‘
‘സങ്കടാര്ന്ന് സാറെ, അതാ‘
‘ദേവൂന്റവ്ട്ന്ന് ഒന്നും തരാവാഞ്ഞോണ്ട് അല്ല്ടാ, നീ കൊള്ളാലോടാ…. നായിന്റെ മോനെ….. ‘എസ് ഐ ഒരു വൃത്തികെട്ട ചിരിയോടെ, ലാത്തി ഉയർത്തി അന്ത്രുവിന്റെ അടി വയറ്റിൽ ഒരു കുത്തു കൊടുത്തു.
അവൻ പിടഞ്ഞു പോയി
‘അല്ലാ ന്റെ സാറെ, മിനിഞ്ഞാന്നാ ആ മാത്തോത്തെ തറവാട്ട്ലെ അമ്മ മരിച്ച്. കാലുമ്മേ വെഷക്കല്ല് കാച്ചീട്ട് നട്ക്കാൻ പറ്റാണ്ട് ഞാൻ രണ്ടൂസം അവടയ്ക്ക് പോയില്ല്യ്. അപ്പോ ആരും ഒന്ന് തിരിഞ്ഞ് നോക്കീല്ല് ആ അമ്മേ, പൂട്ട്യേ മുറീലു കെടന്ന് ഒരിറ്റ് വെള്ളെറക്കാണ്ട് മരിച്ച് ആ പാവം. അതാരുന്ന് ന്റെ സങ്കടം………
ഇടർച്ചയോടെ അവൻ പറഞ്ഞു.
‘ഞാനാ ഓർമ്മേം വെളിവുല്ലാത്ത അതിനെ നോക്ക്യേർന്ന്തേയ്. ദൂസം അമ്പ്തുർപ്യ തരും, ആ അമ്മേടെ മരുമോള്. കുള്പ്പിക്കേം തുണി അലക്കേം കഞ്ഞി കൊട്ക്കേം വേണം. ഓർമ്മ്ല്യാത്ത ആ അമ്മ തീട്ടം വാരി എറിയ്യും. എപ്പളും തുപ്പലം ഒലിപ്പിയ്ക്കും, ഒക്ക്പ്പാടെ കണ്ടാ നല്ല പ്രാന്ത്ന്നെ’
‘പെയേള്ള പെണ്ണൊര്ത്തീനെ നോക്കാൻ നിന്നെപ്പോലെ ഒത്ത ആണാ പോണ്? വയസ്സായീച്ചാലും പെണ്ണ്ല്ലേ ജാതി? നാട്ട്ല് ഒരു പെണ്ണ്ണ്ടായില്ലേ? അതോ നെനക്ക് ആ മരുമോളേം ഒരു നോട്ടംണ്ടാരുന്നോടാ?‘
‘അയ്യോ ന്റെ പൊന്ന് സാറെ, ഇല്ല്യാത്ത്ത് പറേല്ലെ. ………. അയിന് ബോധല്യല്ലോ. ബോധല്ലെങ്കി ആണും പെണ്ണും തമ്മ്ല് ന്താ ഒരു വെറ്റ്യാസം സാറെ? സൊന്തം പെണ്ണ്ങ്ങളെ ഒരു പ്രാന്തി തള്ള്ടെ തീട്ടോം മൂത്രോം കോരാൻ ആണങ്ങള് വിടോ?അവനാന്റെ ആണങ്ങളെ പെണ്ണ്ങ്ങളും വിടൂല്യാ. ഞാനാരൂല്യാത്തോനല്ലേ ന്റെ സാറെ. നിക്ക് ഏത് പണീം ചീതൂടെ? ന്നെ ആരാ പോണ്ടാന്ന് പറയാൻ…………‘
അന്ത്രു ഇടത്തെ കൈപ്പടം ഉയർത്തി കണ്ണു തുടച്ചു.
‘നിന്റെ പ്രാന്തിത്തള്ള ചത്തതിന് നീയെന്തിനാടാ ആ നായരെ കുത്തീത്?‘ എസ് ഐ അന്ത്രുവിനെ ഉഗ്രമായി നോക്കിക്കൊണ്ട്, മുരണ്ടു. എന്നിട്ട് പല്ലിട തോണ്ടി കാർക്കിച്ചു തുപ്പി.
‘ന്നെ, ന്റെ മോനേന്ന് ഈ ലോകത്ത്ലാകെ വിളിച്ചേക്കണത് ആ അമ്മ്യാ സാറെ, ബോധല്ല്യേരിയ്ക്കും, സൂക്കേടേരിയ്ക്കും, ന്നാലും ഒരു ദൂസം ഞാൻ കുളിപ്പിച്ച് തോർത്തി മുണ്ട് ചിറ്റിയ്ക്കുമ്പോ ന്റെ കയിമ്മ്ല് പിടിച്ച്ട്ട് വിളിയ്ക്കാ ന്റെ മോനേന്ന്…………..
പിന്നേ ഒരൂസം കഞ്ഞി കൊടുക്കുമ്പോ ന്റെ പൊന്നു മോൻ കഞ്ഞ്യുടിച്ചോന്ന് ചോയിച്ച് സാറെ‘
അന്ത്രു വിങ്ങിക്കൊണ്ട് തുടർന്നു.
‘ന്റെ അന്ത്രൂന്നോ… ന്റെ മോനേന്നോ….. ഈ ലോകത്ത്ല് വേറാരും ഒരിക്കേലും ന്നെ വിളിച്ച്ട്ടല്ല്യാ…..
‘ടാ, നിന്റെ കഥാപ്രസംഗം നിറ്ത്തീട്ട് കാര്യം പറഞ്ഞില്ലെങ്കി, നീയെന്റെ കൈയീന്ന് മേടിയ്ക്കും‘ എസ് ഐയ്ക്ക് കലി വന്നു കഴിഞ്ഞിരുന്നു.
അവൻ കുടിനീരിറക്കി, കിതച്ചു.
‘ദേവൂന്റവ്ട്ന്ന് പോന്നേന് ഞായ്ന്ത്നാ മോറും കേറ്റിപ്പിട്ച്ച് നട്ടപ്പാതരയ്ക്ക് ഇവ്ടെ കുത്തിരിയ്ക്ക്ണേന്ന് നായര് ചോയ്ച്ച്. ഇക്കണ്ട നാള് ആ പ്രാന്തി തള്ളടെ ചന്തീമ്മേം മൊലേമ്മേം ഒക്കെ തൊട്ട് സുഖട്ത്ത്ട്ട് മ്ത്യായില്ലേ നിന്ക്ക് ന്നാ പണ്ടാറക്കാലൻ ഇളിച്ചോണ്ട് ചോയച്ച്പ്പോ ന്റെ നെല തെറ്റിപ്പോയീ സാറെ…….. എളീലു വാക്കത്തീണ്ടാർന്നു. ഞായെന്താ കാട്ട്യേന്ന് ഒരു ബോധല്യാണ്ടായി. ഒരു പിശാശന്ന്യാ ന്റെ മുമ്പീ ഇളിച്ച് നിക്കണേന്ന്ങ്ങ്ട് തോന്നി……….
ഓടായിരുന്ന്, അയാള് ദേവൂന്റോട്ന്ന് എറ്ങ്ങി വരണ കണ്ട്പ്പോ തന്നെ ന്റെ കുടീൽക്കങ്ങട് ഓട്യാ മത്യാരുന്ന്………..‘
ഗോവിന്ദൻ കുട്ടി എസ് ഐ അര നിമിഷം പതറിപ്പോയി.
ആ അര നിമിഷത്തിൽ അയാളും ഒരമ്മയുടെ മകൻ മാത്രമായിത്തീർന്നു.

104 comments:

ബിജിത്‌ :|: Bijith said...

മനസ്സില്‍ കൊണ്ടു കേട്ടോ...
ആ അര നിമിഷത്തില്‍ അയാളും ഒരമ്മയുടെ മകന്‍ മാത്രമായിത്തീര്‍ന്നു
അത് ഓര്‍മിക്കാന്‍ ഒരു അന്ത്രു വേണ്ടി വന്നു അല്ലെ

ഒരു യാത്രികന്‍ said...

എച്മു ദെന്താ ഇത്....പണ്ടാരണ്ടാങ്ങാന്‍. കിടുക്കി ക്കളഞ്ഞു.......സസ്നേഹം

പട്ടേപ്പാടം റാംജി said...

വലിയ ഒരു കഥ എന്ന് എഴുതി കണ്ടപ്പോള്‍ ഞാന്‍ കരുതി നീളം കൂടുതല്‍ ആയിരിക്കും എന്ന്. വായിച്ച് കഴിഞ്ഞപ്പോള്‍ വലിയതാണ് എന്ന് ശരിക്കും തോന്നി. ആരും ഇല്ലാത്താവര്‍ക്ക് എന്ത് പണി സ്വീകരിക്കാനും ആരുടേയും അനുവാദം വേണ്ടല്ലോ..
വീണ്ടും സ്നേഹത്തിന്റെ ഒരു നനുത്ത സ്പര്‍ശം കൂടി.
വളരെ ഇഷ്ടപ്പെട്ടു.

മത്താപ്പ് said...

കളഞ്ഞു പോയ ഉറക്കങ്ങള്‍ക്ക്
അര്‍ഥങ്ങള്‍ ലഭിക്കുന്ന, ചില നേരങ്ങള്‍.....
കഥ ഇഷ്ടമായി....

താന്തോന്നി/Thanthonni said...

പിന്നെ വായിക്കാം

കണ്ണനുണ്ണി said...

Yet another story with your signature...
Cool.. Keep it up

മാണിക്യം said...

"ഞാനാരൂല്യാത്തോനല്ലേ ന്റെ സാറെ.
നിക്ക് ഏത് പണീം ചീതൂടെ?
ന്നെ ആരാ പോണ്ടാന്ന് പറയാൻ…………"
"അന്ത്രു…..." മനസ്സില്‍ തറഞ്ഞു കയറുന്നു ....

കുഞ്ഞൂസ് (Kunjuss) said...

അമ്മയെ അറിയാന്‍,ഒരമ്മയുടെ മോനാണ് എന്നോര്മിക്കാന്‍ അന്ത്രു വേണ്ടി വന്നു....
ഹൃദയസ്പര്‍ശിയായ കഥ, അന്ത്രു മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു എച്മു...

വിനുവേട്ടന്‍|vinuvettan said...

മനസ്സില്‍ തട്ടി...

ismail chemmad said...

amma
randu aksharangal .........
aa randaksharattile sneha kadal...

ente lokam said...

മാതൃത്വത്തിന്റെ മഹത്വം മനസാഷി ഇല്ലാത്തവരുടെ
കണ്ണിലൂടെ നോക്കി അവരെക്കൊണ്ടു തന്നെ അത്
വിളിച്ചു പറയിപ്പിച്ച കഥ.അന്ത്രു,അമ്മ (ഭ്രാന്തി എന്ന് പറയുന്നില്ല)പോലീസ്, ഒന്നും അറിയാതെ എല്ലാം കണ്ടു നില്‍കുന്ന ജനം ഓരോന്നും ഓരോ കഥ പറയുന്നു അവസാനം വരെ..എച്മു അഭിനന്ദനങ്ങള്‍.
(അക്ഷരങ്ങളില്‍ മിസ്സിംഗ്‌ കാണുന്നു.ട്യ്പിങ്ങില്‍.അത് വായനക്ക് കടിഞ്ഞാന്‍ ഇടുന്നു..ഒന്ന് കൂടി നോക്കുക.കുഴപ്പം അവിടെയോ ഇവിടെയോ എന്ന് അറിയില്ല കേട്ടോ.)

കണ്ണൂരാന്‍ / K@nnooraan said...

അമ്മ!
എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!

അന്ത്രു മനസ്സില്‍ തറച്ചല്ലോ എച്മുവേ.

ചാണ്ടിക്കുഞ്ഞ് said...

എച്ച്മുക്കുട്ട്യേ....അത്യുഗ്രന്‍...
ഇത് വായിക്കുമ്പോള്‍, എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത് ഒരു പഴഞ്ചന്‍ ഗ്രാമവും, കൂമ്പന്‍ തൊപ്പിയൊക്കെ വെച്ച പോലീസുമാണ്....എല്ലാ രംഗങ്ങളും വിഷ്വലുകളായി മനസ്സിലൂടെ കടന്നു പോയി....
സംഭാഷണമാണ് ഏറ്റവും പ്രശംസനീയം....ഉപയോഗിച്ച സ്ലാങ്ങ് അഭിനന്ദനങ്ങള്‍ക്കതീതം....എവിടെയൊക്കെയോ ഒരു വിജയന്‍ ടച്ച് ഫീല്‍ ചെയ്തു....
ഈ കഥ എവിടെയെങ്കിലും പ്രസിദ്ധീകരണത്തിനയക്കൂ...

ajith said...

പുതിയ ഒരു കഥാകാലം, കഥയുടെ ഒരു പുഷ്കല കാലം എച്മുവിനെപ്പോലുള്ളവരിലാണ് കാണുന്നത്. പാത്രസൃഷ്ടിയും സംഭാഷണങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. നന്നായി മോളെ.

ഹംസ said...

വലിയ കഥ എന്നു മെയിലില്‍ കണ്ടപ്പോള്‍ വന്നു നോക്കിയതാ ചുമ്മാ പറ്റിക്കാന്‍ ചെറിയ കഥയിട്ട് അങ്ങനെ പറഞ്ഞതാണോ എന്നറിയാന്‍ .. ഇത് വലിയ കഥ തന്നെയാണു... ഇന്നതെ ഡ്യൂട്ടി ടൈം കഴിഞ്ഞപ്പോഴാ മെയില്‍ കാണുന്നത് അതുകൊണ്ട് നാളെ വന്ന് വിശദമായി “അന്ത്രു” വായിക്കാം ..

കൊച്ചു കൊച്ചീച്ചി said...

നന്നായി. പതിവുപോലെ.
വേറൊന്നും പറയാനില്ല.

അനില്‍കുമാര്‍. സി.പി. said...

"ഗോവിന്ദൻ കുട്ടി എസ് ഐ അര നിമിഷം പതറിപ്പോയി.
ആ അര നിമിഷത്തിൽ അയാളും ഒരമ്മയുടെ മകൻ മാത്രമായിത്തീർന്നു." - എച്ച്‌മൂ, ഈ കഥയുടെ ആത്മാവ് മുഴുവന്‍ ഈ വരികളിലുണ്ട്. ഗംഭീരമായി.

ശ്രീനാഥന്‍ said...

ന്നാലും ഒരു ദൂസം ഞാൻ കുളിപ്പിച്ച് തോർത്തി മുണ്ട് ചിറ്റിയ്ക്കുമ്പോ ന്റെ കയിമ്മ്ല് പിടിച്ച്ട്ട് വിളിയ്ക്കാ ന്റെ മോനേന്ന്…… അന്ത്രുവിന്റെ ആദ്യമ്മയനുഭവം മനസ്സിലാഴ്ന്നിറങ്ങി. അമ്മക്ക് പറഞ്ഞാൽ ആരും സഹിക്കില്ല എച്ചുമൂ, പ്രത്യേകിച്ച് അന്ത്രുവിനെ പോലെയുള്ളവർ, കുട്ടപ്പൻ നായരെ കേരളത്തിൽ എല്ലായിടത്തും കാണാം, കുട്ടപ്പൻ നായർ ഒരു പകർച്ചവ്യാധിയാണോ എന്നു പോലും തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ. ശീലക്കേടുകൾ ശീലമാക്കിക്കൊണ്ടിരിക്കുന്ന അമ്മപെങ്ങന്മാരില്ലാത്ത ഒരു മുഖ്യ ധാരാ സമൂഹത്തേയും മൂല്യങ്ങളുടെ കാവലാളായി മാറുന്ന പാർശ്വവൽക്കൃത സമൂഹത്തേയും രണ്ട് കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ചതാകുന്നു ഈ കഥയുടെ മേന്മ എന്ന് തിരിച്ചറിയുന്നു!

V P Gangadharan, Sydney said...

തീവ്രമായ പ്രമേയം. മനസ്സില്‍ ആഞ്ഞു കൊള്ളിക്കുന്ന ആഖ്യാനം. പടുഭാഷയിലൂടെതന്നെ വശ്യമായി കഥ പറയാനുള്ള എച്ച്മുവിന്റെ പാടവം സ്തുത്യര്‍ഹം! വായനക്കാര്‍ക്ക്‌ പ്രസ്തുത പടുഭാഷയിലുണ്ടായേക്കാവുന്ന ഗ്രാഹ്യപരിമിതി അവരുടെ അനുഭൂതിയുടെ തീക്ഷ്ണത ഉലയ്ക്കാന്‍ ഇടവരുത്താറുണ്ട്‌. ഈ വസ്തുതയ്ക്ക്‌ പൂര്‍ണ്ണ പരിഹാരം ഇല്ലെങ്കിലും, സംഭാഷണത്തിലെ വാക്കുകള്‍ മാറ്റാതെതന്നെ അവയെ മുറിച്ചെഴുതി വ്യക്തത വരുത്താനാവും എന്നാണെന്റെ വിശ്വാസം.
ഈ കഥാകാരിയിലൂടെ ആവേശിക്കപ്പെടുന്ന സാഹിതീയകലയുടെ പൂര്‍ണ്ണതയിലേക്കുള്ള അഭംഗുരമായ കുതിപ്പില്‍, കല്ലിനും മുള്ളിനും വഴിയില്‍ സ്ഥാനമുണ്ടാകരുതെന്ന്‌ ഈ അഭ്യുദയകാംക്ഷിയുടെ ഇച്ഛ.

ശ്രീ said...

അന്ത്രുവിന്റെ കഥ കണ്ണു നനച്ചു, ചേച്ചീ...

Diya Kannan said...

Echmukutty,

you are great!!! don't know what to say...
All the best wishes for a very talented writer...

hafeez said...

kollam..

റാണിപ്രിയ said...

കരളലിയിപ്പിക്കുന്ന കഥ ...നന്നായി ..

Vayady said...

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ അന്ത്രുവിനെ "ന്റെ മോനെ" എന്നു വിളിച്ച ആ അമ്മയും മകനെ പോലെ അവരെ സ്നേഹിച്ച് ശുശ്രൂഷിച്ച അന്ത്രുവും മനസ്സില്‍ നിന്ന് മായുന്നില്ല. അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ വയ്യാത്ത കുട്ടപ്പന്മാരാണ്‌ നമുക്കു ചുറ്റും.

എച്ചുമു മികച്ച കഥ. അഭിനന്ദനം.

ചേച്ചിപ്പെണ്ണ് said...

ഗോവിന്ദൻ കുട്ടി എസ് ഐ അര നിമിഷം പതറിപ്പോയി.
ആ അര നിമിഷത്തിൽ അയാളും ഒരമ്മയുടെ മകൻ മാത്രമായിത്തീർന്നു.

touching ...:)

അഭി said...

നല്ല കഥ ,
ഇഷ്ടമായി ചേച്ചി

Rare Rose said...

touching എച്മൂ..വേറെന്താ ഞാന്‍ പറയേണ്ടേ.ഒരുപാടിഷ്ടായി..

റോസാപ്പൂക്കള്‍ said...

എച്ചുവിന്റെ ഓരോ കഥയും വിലയുള്ള പാഠങ്ങളാണ് .അത് തന്നെയാണ് ഒരു എഴുത്തുകാരിയുടെ ധര്‍മ്മവും.
ആശംസകള്‍

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

വല്യമ്മായി said...

സ്നേഹത്തിന്റെ ഒരുമിന്നല്‍ പിണര്‍ പാഞ്ഞുപോയ ഒരര നിമിഷം,മൊമന്റ് ഓഫ് ട്രൂത്ത് :)

ഭാനു കളരിക്കല്‍ said...

ത്രസിക്കുന്ന ജീവിതം, ത്രസിക്കുന്ന കഥ. അനുഭവമാണ് മനുഷ്യന്‍. വിശന്നു വലയുന്നവനാണ് വിശപ്പിന്റെ വേദന അറിയുന്നത്. സ്നേഹത്തിനു വേണ്ടി വലയുന്നവന്‍ സ്നേഹത്തിന്റെ വിലയും അറിയുന്നു.

ഹംസ said...

ഏച്ചൂ.. ഇന്നലെ രാത്രി അവസാനം വന്നതും ഇവിടെയാ ഇന്നു രാവിലെ ആദ്യം വന്നതും ഇവിടെയാ....

പെറ്റതല്ലെങ്കിലും അന്ത്രൂന് അത് അമ്മ തന്നെ ആയിരുന്നു അമ്മയെ ചേര്‍ത്ത് തെറി പറഞ്ഞാല്‍ ആരാണേലും കുത്തികൊല്ലില്ലെ.... നല്ല കഥയാട്ടോ ഏച്ചു പറഞ്ഞ പോലെ തന്നെ വലിയ വലിയ കഥ...!

jazmikkutty said...

അമ്മയുണ്ടായിട്ടും അമ്മയുടെ സ്നേഹത്തിനു വിലകല്‍പ്പിക്കാത്തവര്‍ക്ക് മുന്നില്‍ അന്ത്രുവിന്റെ ചിരി ഇളിച്ചു നില്‍ക്കുന്നു...എച്മു ഈ എഴുത്തുകാരിക്ക് നമോവാകം...

ഞാന്‍:ഗന്ധര്‍വന്‍ said...

മനോഹരം!! ശ്രീനാഥന്‍ സര്‍ പറഞ്ഞതില്‍ അധികം പറയാനില്ലാ.
ആശംസകള്‍!!

പ്രയാണ്‍ said...

ഇനിയും പലരേയും ഒരമ്മയ്ക്കുപിറന്ന മകനാണ് താനുമെന്ന് ഓര്‍മ്മിപ്പിക്കാന്‍ എച്ച്മുക്കുട്ടി കഥ എഴുതിക്കൊണ്ടേയിരിക്കണം. ആശംസകള്‍...................

പഥികന്‍ said...

നല്ല കഥ. പതിവുപോലെ നല്ല എഴുത്തു.

MyDreams said...

തീവ്രമാണ് തീക്ഷന്നമാണ് രചന ...

വായിച്ചെടുക്കാന്‍ ഇത്തിരി കഷ്ട്ടപെട്ടു എന്നിരുന്നാലും വളരെ തുറന്നു എഴുതുന്ന ഈ ആര്‍ജവം കാണുമ്പോള്‍ അതിശയിച്ചു പോകുന്നു

Naushu said...

കഥ ഇഷ്ടമായി....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എച്ച്‌മുക്കുട്ടിയുടെ തൂലികയില്‍
പിറന്ന മറ്റൊരു കഥാസൃഷ്ടി
മനോഹരം...കഥാപാത്രങ്ങളെ
ഞാന്‍ നേരില്‍ കാണുകയായിരുന്നു...
അഭിനന്ദങ്ങള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നന്നായി എഴുതി. ഭാവുകങ്ങള്‍

the man to walk with said...

മനോഹരമായിരിക്കുന്നു
കഥ
അഭിനന്ദനങ്ങള്‍

vipin said...

ഡിസ്പോസ്സിബിള്‍ കാലഘട്ടത്തില്‍ തന്ത തള്ള എന്നൊക്കെയുള്ള വിചാരം അരിഷ്ടിച്ച് കഴിഞ്ഞു കൂടുന്ന ആളുകള്‍ക്കേ ഉള്ളൂ എന്നതാണ്‌ യാഥാര്‍ത്ഥ്യം.....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

സമൂഹത്തിന്റെ ദുഷിപ്പിന്റെ പ്രതിനിധിയായി കുട്ടപ്പൻ നായരും,നന്മയുടെ പ്രതീകമായ അന്ത്രുവും അവന്റെ ആയമ്മയും നിറഞ്ഞുനിൽക്കുന്ന ഒരു വലിയ കഥ..!

അഭിനന്ദനങ്ങൾ കേട്ടൊ

മുകിൽ said...

കഥ നന്നായിരിക്കുന്നു എച്മുക്കുട്ടി. കൂടുതലൊന്നും പറയാനില്ല. ഒരു സാധു ജന്മത്തിന്റെ മനസ്സ്….
നന്നായിരിക്കുന്നു.

sreee said...

കഥ നന്നായി . അന്ത്രുവിനെയും പാവം ഗ്രാമീണരെയും SI യും എല്ലാം കണ്ടത് പോലെ

വേണുഗോപാല്‍ ജീ said...

നന്നായിരുന്നു... മറ്റൊരു എച്ച്മുകുട്ടി ഇഫെക്റ്റ്.....

Muyyam Rajan said...

നന്നായി.അഭിനന്ദനങ്ങള്‍ !

വിപിൻ. എസ്സ് said...

valare nannayi... ullil thatti...enth a parayendathennu sarikkum ariyilla..

jayanEvoor said...

ജീവിതം ചാലിച്ചു ചാലിച്ച് എച്ച്‌മൂസ്....
വളരെ ഇഷ്ടപ്പെട്ടു!

Manoraj said...

എച്മു,

അപാരമായ എന്‍ഡിങ്. ശരിക്കും കഥയുടെ താളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു എന്‍ഡിങ്. സത്യത്തില്‍ അന്ത്രുവും എസ്.ഐയും മാത്രമല്ല, ആ അമ്മയും മനസ്സിനെ വല്ലാതെ കുത്തിനോവിക്കുന്നു. പക്ഷെ, പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളും ഒക്കെ കുട്ടപ്പന്‍ നായരെ പോലെ പേപിടച്ച വര്‍ത്തമാനം പറഞ്ഞിട്ടില്ലെ.. ഇതൊക്കെ വായിക്കുമ്പോള്‍ ശരിക്കും ശരീരത്തില്‍ നിന്നും പടം പൊഴിയുന്നു എന്ന് തോന്നുന്നു. ഒരിക്കല്‍ കൂടെ എച്മു ക്രാഫ്റ്റ് തെളിയിച്ചു. കഥയില്‍ എച്മുവിന്റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു.

salam pottengal said...

പകുതി വരെ ഒരു suspense thriller, പിന്നെ കരളുരുക്കുന്ന ജീവിത നേര്‍ രേഖ. നന്നായി

Abdulkader kodungallur said...

കഥ വലിയത് തന്നെ. നന്നായി എഴുതി

Anonymous said...

കുറെ കണ്ടപ്പോൾ വായിക്കാൻ മടി തോന്നി പക്ഷെ വായിച്ച് കഴിഞ്ഞപ്പോൾ വല്ലാതായി...മനസ്സിൽ അന്ത്രു തന്നെ... മാതൃത്വത്തിന് വില കൽ‌പ്പിക്കാത്ത ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള രചനകൾ ഇനിയും ഉണ്ടാകട്ടെ.. നന്നായി എഴിതിയിരിക്കുന്നു.. ആശംസകൾ

സിദ്ധീക്ക.. said...

വല്ലാത്തൊരു കഥയായിപ്പോയി എച്ചുമ്മോ..അന്ത്രുവിനെ കുറച്ചു ദിവസത്തേക്ക് മറക്കാനാവില്ല ...ഇനിയും പിറക്കട്ടെ വലിയ കഥകള്‍ ...

ബിന്ദു കെ പി said...

ഒന്നും പറയാനില്ല എച്ച്മൂ....വാക്കുകൾ കൊണ്ടുള്ള ഈ മായാജാലത്തിനു മുൻപിൽ എന്റെ വാക്കുകൾ തീർത്തും അപ്രസക്തമാണ്.

അതെ, ഇതൊരു വലിയ കഥ തന്നെ.

Manju Manoj said...

എച്ച്മു... കഥ എന്നാല്‍ ഇതാണ്.... ഭാഷ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്... കഥാപാത്രങ്ങള്‍ വിഷ്വലുകള്‍ ആയി മനസ്സില്‍ നിറയുന്നു.... ഗ്രേറ്റ്‌ എച്മു

chithrangada said...

nannaayi kadha !
kadhaapaathrangal mizhivuttathaayi ............................
abhinandanangal

നല്ലി . . . . . said...

ഒരു കമന്റിടാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നറിയാം എങ്കിലും

ഗോവിന്ദൻ കുട്ടി എസ് ഐ അര നിമിഷം പതറിപ്പോയി.
ആ അര നിമിഷത്തിൽ അയാളും ഒരമ്മയുടെ മകൻ മാത്രമായിത്തീർന്നു.

ഇത്ര പഞ്ചിംഗായി കൊണ്ടു നിര്‍ത്തിയില്ലേ അതിന് അതിനാണ് മാര്‍ക്ക് :-)

അബ്ദുള്‍ ജിഷാദ് said...

ഹൃദയസ്പര്‍ശിയായ കഥ...

സാബിബാവ said...

മനസ്സില്‍ നൊമ്പരം ബാക്കി നിര്‍ത്തിയ കഥ നന്നായി

ഹാപ്പി ബാച്ചിലേഴ്സ് said...

ചേച്ചി, അന്ത്രു ചെയ്തതാണ് ശരി. അത് തന്നെയാണ് ശരി.
അമ്മേം പെങ്ങളേം തിരിച്ചറിയാന്‍ കഴിയാത്ത എല്ലാ കുട്ടപ്പന്‍ "നായ"കള്‍ക്കും ഈ അവസ്ഥ തന്നെ വരണം.
അന്ത്രു മനസ്സില്‍ നിറഞ്ഞു. എച്മൂ ആശംസകള്‍.

നിശാസുരഭി said...

നന്നായിട്ട്ണ്ട് :)
ആശംസകള്‍.

തിരിച്ചറിവുകള്‍ ഏകട്ടെ എല്ലാര്‍ക്കും.

ബിഗു said...

നല്ല കഥ. ഭാവുകങ്ങള്‍ :)

keraladasanunni said...

അന്ത്രു നല്ല കഥപാത്രമാണ്. മാതൃത്വത്തിന്‍റെ മഹത്വം മനസ്സിലാക്കിയവന്‍. എസ്. ഐ. ഗോവിന്ദന്‍ കുട്ടിയെ അത് ബോദ്ധ്യപ്പെടുത്താനും
അയാള്‍ക്ക് കഴിഞ്ഞു.

krishnakumar513 said...

കഥ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

nice narration... nalla shaily... manoharamaakki.... abhinandanangal

Vishnupriya.A.R said...

നല്ലൊരു കഥ ...നന്നായി പറഞ്ഞു

pushpamgad said...

kollam.
abinandanangal...

ജുവൈരിയ സലാം said...

നല്ല കഥ. ഇഷ്ടപെട്ടു.

Akbar said...

എച്ച്മു-. അനാഥത്വത്തിന്റെ നിരാലംബതയില്‍ വളര്‍ന്ന അന്ത്രു ആദ്യമായി തന്നെ മോനേന്നു വിളിച്ച, കഞ്ഞികുടിച്ചോന്നു ചോദിച്ച പ്രാന്തിത്തള്ളയില്‍ ഒരമ്മയുടെ നിര്‍മ്മല സ്നേഹമറിയുന്നു. ഭ്രാന്തിന്റെ ഏതോ ഇടവേളയില്‍ ഒരു പക്ഷെ ആ അമ്മയും ഒരു മകന്റെ സ്നേഹസ്പര്‍ശം അന്ത്രുവിലൂടെ ആദ്യമായി അറിഞ്ഞു സ്വബോധത്തോടെ വിളിച്ചതാവാം. അന്ത്രു മാതൃ സ്നേഹത്തിന്റെ നനുത്ത തലോടലില്‍ സ്വയം അവരുടെ മകനാവാന്‍ കൊതിക്കുന്നു. അമ്മയെ തിരിച്ചരിയാത്തവരാല്‍ അപമാനിക്കപ്പെട്ട മാതൃത്വത്തിന് കാവല്‍ നില്‍ക്കുന്നു. അമ്മയെന്ന സത്യത്തെ തിരിച്ചറിയാത്ത, ഭ്രാന്തിയുടെ നഗ്നത പോലും ആസ്വദിക്കുന്ന സാമൂഹിക മൂല്യച്യുതിക്ക് നേരെ മനസ്സിന്റെ കടിഞ്ഞാന്‍ പോയൊരു ദുര്‍നിമിഷത്തില്‍ ആയുധമെടുത്തു പോയത് തന്റെ കര്‍മ്മമായിരുന്നു എന്ന് തിരിച്ചറിഞ്ഞു ഏറ്റു പറയുന്നു.

കാല്‍പനികതക്കും യാഥാര്‍ത്യത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന മനുഷ്യ മനസ്സിന്റെ സമ്മിശ്ര വികാരങ്ങളെ തന്മയത്വത്തോടെ ഒരു കഥയുടെ നൂലില്‍ കോര്‍ത്തിരിക്കുന്നു കഥാകാരി ഈ "വലിയ" ചെറു കഥയില്‍.

എച്ച്ചുമു. കഥ ഉന്നത നിലവാരം പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍.

jayaraj said...

ആ അര നിമിഷത്തില്‍ അയാളും ഒരമ്മയുടെ മകന്‍ മാത്രമായിത്തീര്‍ന്നു.മനസിനെ സ്പര്‍ശിച്ച ഒന്ന്.

ഗന്ധർവൻ said...

“ആ അര നിമിഷത്തിൽ അയാളും ഒരമ്മയുടെ മകൻ മാത്രമായിത്തീർന്നു.“

:0)

junaith said...

അന്ത്രു മനസ്സില്‍ നിന്നും മായുന്നില്ല...

നനവ് said...

നന്നായി എച്ചുമുക്കുട്ട്യേ....പെണ്ണെന്നാൽ കാമം തീർക്കാനുള്ള ഒരു വസ്തു മാത്രമാണെന്നു കരുതുന്നവർക്ക് നല്ല നല്ല സന്ദേശമുണ്ട് കഥയിൽ...

രാജേഷ്‌ ചിത്തിര said...

shudham...:)

കമന്റടി മോഡറേറ്റര്‍ said...

ഡീ…എച്ചുവേ…കഞ്ഞി തിളച്ചെന്ന് നോക്കിക്കേഡീ…നീരേറ്റുപറമ്പിലെ

kollaaaaaaaam,,echuvine pattiyum aro katha ezhuthiyyittund

ramanika said...

അമ്മ അത്രക്ക് നല്ലൊരു വാക്കു വേറെ ഉണ്ടോ
അതുപോലൊരു ബന്ധം വേറെ ഉണ്ടാകുമോ ?

വളരെ മനോഹരം

ഹാപ്പി 2001!

khader patteppadam said...

നാറാണത്തുഭ്രാന്തനിലും അന്ത്രുവിലും കാണുന്നത്‌ ഒരേ തത്ത്വശാസ്ത്രം... നേരിണ്റ്റെ തത്ത്വ ശാസ്ത്രം!

siya said...

കഥ വായിച്ചിരുന്നു ..കമന്റ്‌ പിന്നെ ചെയ്യാം എന്ന് വിചാരിച്ച് ഇത്രയും ദിവസായി ..ഇനിപ്പോള്‍ പറയാന്‍ ബാക്കി ഉള്ളത് സ്നേഹപൂര്‍വ്വം പുതു വര്‍ഷാശംസകള്‍ നേരുന്നു .............

എന്‍.ബി.സുരേഷ് said...

കഥയിലെ ഓരോ മനുഷ്യരിലും ഗ്രാമീണജീവിതം നിറയുന്നുണ്ട്. കൊന്നവനും കൊലപാതകിക്കും ജീവിതത്തിന്റെ പച്ചപ്പൂണ്ട്.

വർത്തമാനത്തിലുണ്ട്.
വർണ്ണനയിലുമുണ്ട് ജീവിതത്തിന്റെ നേർച്ചിത്രങ്ങൾ.

പക്ഷേ സാധാരണ ചുരുക്കത്തിൽ കാര്യങ്ങൾ പറയുന്ന എച്മു വല്ലാണ്ട് വലിച്ചുനീട്ടി.

കൊലപാതകത്തിലേക്ക് നയിക്കുന്ന സത്യം അന്ത്രുവിനെ കൊണ്ട് പറയിപ്പിക്കൽ മാത്രമല്ല ഒരു അനാഥന്റെ സ്നേഹഭരിതമായ മനസ്സ് ഒക്കെ വിവരിക്കൽ ഉദ്ദേശ്യമായിരുന്നു എന്ന് ന്യായീകരിക്കാമെങ്കിലും...

കഥയെ സംഭവസ്ഥലത്ത് വച്ച് തന്നെ ചോദ്യം ചെയ്ത് പറയിപ്പിക്കാമായിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് വലിക്ക് നീട്ടി എസ്.ഐയെ കൊണ്ട് അധികം വർത്തമാനം പറയിപ്പിക്കേണ്ടിയിരുന്നില്ല.

സാധാരണമായ ഒരുപാട് രംഗങ്ങൾ കഥയിൽ കടന്നുവന്നു. മുൻപ് ഒരുപാട് ഇടങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളവ.

കഥയുടെ മൌലികതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമല്ല ഇത് കേട്ടൊ

കളിക്കൂട്ടുകാരി said...

പുതുവത്സരാശംസകള്‍

...sijEEsh... said...

ഇതിപ്പോ മൂന്നാമത്തെ പ്രാവശ്യാ ഈ കഥ വായിക്കനത്..
(വേറൊന്നും പറയണ്ടല്ലോ )

:)

ajith said...

ഒരു കാര്യം പറയാന്‍ വന്നതാ...

വായാടീടെ പുതിയ പോസ്റ്റിലെ എച്മൂന്റെ കമന്റ് വായിച്ച് ഞാന്‍ ബോധം കെട്ട് പോകാത്തത് എന്റെ ഭാഗ്യം. ഇനി ഇത്ര കട്ടിയായിട്ടൊന്നുമെഴുതല്ലേ...

(ചുമ്മാ തമാശ....ഇപ്പൊ വന്നത് പുതിയതെന്തെങ്കിലും ഉണ്ടോന്ന് നോക്കാന്‍.)

Sabu M H said...

‘ന്നെ, ന്റെ മോനേന്ന് ഈ ലോകത്ത്ലാകെ വിളിച്ചേക്കണത് ആ അമ്മ്യാ സാറെ, ബോധല്ല്യേരിയ്ക്കും, സൂക്കേടേരിയ്ക്കും, ന്നാലും ഒരു ദൂസം ഞാൻ കുളിപ്പിച്ച് തോർത്തി മുണ്ട് ചിറ്റിയ്ക്കുമ്പോ ന്റെ കയിമ്മ്ല് പിടിച്ച്ട്ട് വിളിയ്ക്കാ ന്റെ മോനേന്ന്…………..

ഇതിലെല്ലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു..
ഈ വരികൾ ഒന്നു രണ്ടു വട്ടം വായിച്ച ശേഷമാണ്‌ മുന്നോട്ട് പോയത്..

പിശാചിനെ കൊന്നതിനു കേസുണ്ടോ എന്നറിയില്ല്ല..

കഥ മനസ്സിൽ തൊട്ടു.
അന്ത്രൂവിന്റെ ഭാഷ ‘പിടിച്ചെടുക്കാൻ’ ആദ്യം കുറച്ച് ബുദ്ധിമുട്ടി.. പിന്നെ അന്ത്രൂവിന്റെ ഒപ്പം ആയി..

Sabu M H said...

btb, പോലീസുകാരെ അത്ര ഇഷ്ടമല്ല അല്ലെ? :)

mayflowers said...

ഹൃദയസ്പര്‍ശിയായ കഥ.
വായിച്ചു തീര്‍ന്നതറിഞ്ഞില്ല.
അന്ത്രു എന്ന പച്ചമനുഷ്യന്‍ പലരുടെയും കണ്ണ് തുറപ്പിക്കാന്‍ ഉതകും.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

കഥ നന്നയി ഇഷ്ടപ്പെട്ടു!
എല്ലാ ആശംസകളും നേരുന്നു

jayarajmurukkumpuzha said...

aazhathil sparshikkunna avatharanam.... aashamsakal....

Echmukutty said...

ബിജിത്,ഒരു യാത്രികൻ,രാംജി,മത്താപ്പ് എല്ലാവർക്കും നന്ദി.
താന്തോന്നി പിന്നെ വായിച്ചോ ആവോ?
കണ്ണനുണ്ണി, മാണിക്യം ചേച്ചി, കുഞ്ഞൂസ്സ്, വിനുവേട്ടൻ,ഇസ്മയിൽ എല്ലാവരോടും നന്ദി പറയട്ടെ.
എന്റെ ലോകം ചൂണ്ടിക്കാണിച്ച പ്രശ്നം എനിയ്ക്ക് മനസ്സിലായില്ല. എന്റെ സിസ്റ്റത്തീൽ എല്ലാം വ്യക്തമാണ്. ഞാൻ അഞ്ജലി ഓൾഡ് ലിപിയാണുപയോഗിയ്ക്കുന്നത്. എന്തായാലും കൂടുതൽ ശ്രദ്ധിയ്ക്കാം.

Echmukutty said...

കണ്ണൂരാൻ, ചാണ്ടിക്കുഞ്ഞ്,അജിത്ത്, ഹംസ,കൊച്ചുകൊച്ചീച്ചി, അനിൽ,ശ്രീ നാഥൻ, വി.പി. ഗംഗാധരൻ,ശ്രീ, ദിയാ എല്ലാവർക്കും നന്ദി.

Echmukutty said...

ഹഫീസ്,
റാണി പ്രിയ,
വായാടി,
ചേച്ചിപ്പെണ്ണ്,
അഭി,
റെയർ റോസ്,
റോസാപ്പൂക്കൾ,
ഉമേഷ്,
വല്യമ്മായി,
ഭാനു
എല്ലാവരോടും നന്ദി, നന്ദി, നന്ദി.

Echmukutty said...

ഹംസ,
ജാസ്മിക്കുട്ടി,
ഞാൻ ഗന്ധർവൻ,
പ്രയാൺ,
പഥികൻ,
മൈ ഡ്രീംസ്,
നൌഷു,
റിയാസ്,
തണൽ,
ദ മാൻ റ്റു വാക് വിത്,
വിപിൻ,
മുരളി,
മുകിൽ,
ശ്രീ എല്ലാവർക്കും നന്ദി പറയട്ടെ.

തെച്ചിക്കോടന്‍ said...

എച്ച്മുവിന്റെ ശൈലിയില്‍ നല്ല ഒരു കഥകൂടി.
എത്താന്‍ വൈകി!

Echmukutty said...

വേണുഗോപാൽ,
രാജൻ,
വിപിൻ,
ജയൻ,
മനോരാജ്,
സലാം,
അബ്ദുക്ക,
ഉമ്മു അമ്മാർ,
സിദ്ധിക്,
ബിന്ദു,
മഞ്ജു,
ചിത്രാംഗദ,
നല്ലി,
ജിഷാദ്,
സാബിബാവ,
ഹാപ്പി ബാച്ചിലേഴ്സ്,
നിശാ സുരഭി,
ബിഗു,
കേരളദാസനുണ്ണി,
കൃഷ്ണകുമാർ,
സ്നേഹപൂർവം ശ്യാമ എല്ലാവർക്കും നന്ദി.

Echmukutty said...

വിഷ്ണുപ്രിയ,
പുഷ്പാംഗദ്,
ജുവൈരിയാ സലാം,
അക്ബർ,
ജയരാജ്,
ഗന്ധർവൻ,
ജുനയിത്,
നനവ്,
രാജേഷ ചിത്തിര,
കമന്റടി മോഡറേറ്റർ,
രമണിക,
ഖാദർ പട്ടേപ്പാടം,
സിയ എല്ലാവർക്കും നന്ദി.

Echmukutty said...

സുരേഷ്,
കളിക്കൂട്ടുകാരി,
സിജീഷ്,
അജിത്,
സാബു,
മെ ഫ്ലവേഴ്സ്,
മുഹമ്മദ് കുഞ്ഞി വണ്ടൂർ,
ജയരാജ്,
തെച്ചിക്കോടൻ
എല്ലാവർക്കും നന്ദി.

കഥ വായിച്ച് അഭിപ്രായങ്ങൾ എഴുതി എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി പറഞ്ഞുകൊണ്ട്....സ്നേഹത്തോടെ.......

ലിഡിയ said...

നന്നായിട്ടുണ്ടേ...നല്ല ഒഴുന്നുണ്ട് ഭാഷയും എഴുത്തും..ഈ ഉലകത്തിലോട്ട് വീണ്ടും വരാം

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരു പാവം അമ്മ ഒരു പാവം മകന്‍.
ബന്ധങ്ങളുടെ വിലയറിയാത്ത ഇന്നത്തെ സമൂഹത്തിന്റെ പിടലിക്കാണല്ലോ ആ കത്തി വീണത്. നല്ല അവതരണം.

അന്ന്യൻ said...

തുടങ്ങിയതൊരിടത്തു, അവസാനിച്ചത് വേറൊരിടത്തു. കൊള്ളാം.
എന്നാലും പാവം അന്ത്രു, അവനിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നൊ…

നീലത്താമര | neelathaamara said...

ഒരു പാവം സ്ത്രീയുടെ അനുഭവങ്ങളിലൂടെ ആ വേദന മുഴുവന്‍ സ്വയം അനുഭവിച്ച്‌ പ്രതീതി.

പച്ചയായ ആവിഷ്കരണം. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. നല്ലോരു ജീവിത പങ്കാളി ഉണ്ടാകുകയെന്നതാണ്‌ ഏറ്റവും വലിയ ഭാഗ്യം എന്നറിയുന്നു.

Anonymous said...

ഈ ബ്ലോഗ്‌ വായിച്ചിട്ടും വായിച്ചിട്ടും മതിയാവുന്നില്ല ട്ടോ....ലിങ്ക് അയച്ചു തരണം...മറക്കരുത്.....

Satheesan .Op said...

ആദ്യായ ഇവിടെ ..വരാന്‍ വളരെ വൈകിയതുപോലെ ...
എഴുത്ത് വളരെ ഇഷ്ടായി ..

nalina kumari said...

എച്ച്മൂ ആ കൈവിരലുകളില്‍ ഒരു ഉമ്മ...
ആ തൂലികയിലും..

nalina kumari said...

എച്ച്മൂ ആ കൈവിരലുകളില്‍ ഒരു ഉമ്മ...
ആ തൂലികയിലും..