Wednesday, May 23, 2018

പെണ്‍ പാട്ട്...

https://www.facebook.com/echmu.kutty/posts/478139222365377

അഞ്ചുമക്കളുള്ള വിഭാര്യനായ ഒരു ബ്രാഹ്മണന്‍ കല്യാണം കഴിയ്ക്കുന്നത് സ്വാഭാവികം. അയാള്‍ക്ക് അന്‍പത് വയസ്സുണ്ടാവുന്നതും അയാളുടെ മൂത്ത മകനു ഇരുപതു വയസ്സുണ്ടാവുന്നതും തികച്ചും സ്വാഭാവികം. എന്നാല്‍ അയാള്‍ക്ക് ഇരുപത്തഞ്ചുവയസ്സുള്ള വധുവിനെ രണ്ടാം വിവാഹത്തിനു കിട്ടുന്നത്... അത് സ്വാഭാവികമെന്നല്ല അത് അവശ്യം വേണ്ടത് തന്നെയാണെന്ന അഭിപ്രായമാണ് അന്ന് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്...

ഇന്നും ആ അഭിപ്രായത്തില്‍ കാതലായ ഭേദം വന്നിട്ടില്ലല്ലോ.. അല്ലേ.. എവര്‍ ലാസ്റ്റിംഗും എവര്‍ ചാര്‍ജ് ഡും ആണെന്നു പ്രചരിപ്പിക്കപ്പെടുന്ന പുരുഷ ശരീരമുള്ള സെക്‌സ് ദൈവങ്ങള്‍ക്ക് എത്ര പ്രായമായാലും, പങ്കാളിയായ സ്ത്രീ എന്തുകൊണ്ടും ഒരു കൊച്ചു പെണ്‍കുട്ടി തന്നെയായിരിക്കണമെന്നാണല്ലോ എല്ലാവരുടേയും ഉള്ളിലിരുപ്പ്. പെണ്ണിന്റെ പ്രായം എത്ര കുറയുന്നോ അത്രയും നല്ലത്. അതിന്റെ ദൃഷ്ടാന്തങ്ങള്‍ നമുക്ക് ഏതു വഴിയ്ക്ക് നോക്കിയാലും ദൃശ്യവുമാണ്.

അതൊക്കെ പോട്ടേ..

അങ്ങനെ ഒരു അമ്മ്യാരുകുട്ടി പുക്കാത്തില്‍ ( ഭര്‍തൃഗൃഹത്തില്‍ ) വന്നു ചേര്‍ന്നു. ഇരുപത്തഞ്ചു വയസ്സുള്ള അമ്മയ്ക്ക് ഇരുപത് വയസ്സുള്ള മകനുള്‍പ്പടെ അഞ്ചുമക്കള്‍. .. ചെറിയ കുട്ടിയ്ക്ക് കുപ്പിപ്പാല്‍ കൊടുക്കേണ്ട പ്രായം.

ആ ഇരുപത്തഞ്ചുകാരി ഒരു ഗായികയായിരുന്നു. എന്നു പറഞ്ഞാല്‍ മദ്രാസില്‍ വെച്ച് വിധിയാം വണ്ണം കര്‍ണ്ണാടക സംഗീതം അഭ്യസിച്ചിരുന്നു. മാണ്‍പെഴും കുയിലുകള്‍ അവളുടെ തൊണ്ടയില്‍ കൂടുകെട്ടിപ്പാര്‍ത്തു. ഏതു പാട്ടും ഒറ്റത്തവണ കേട്ടാല്‍ അവള്‍ക്ക് ആ രാഗം വശമാകുകയായി.. അവളുടെ തൊണ്ടയിലെ കുയിലുകള്‍ ആ രാഗങ്ങളെ അലങ്കരിയ്ക്കുകയായി..

' തുമ്പി, വാ തുമ്പക്കുടത്തില്‍' എന്ന പാട്ട്... അവള്‍ പാടിത്തന്നു... ദുംദും ദും ദും ദും ദുതും... എന്ന ശബ്ദം മാത്രം ഉപയോഗിച്ച്... കാരണം അവള്‍ക്ക് മലയാളഭാഷ വഴങ്ങുകയില്ലായിരുന്നു.

അവള്‍ ഗ്രാമത്തിലെ കൂട്ടുമഠങ്ങള്‍ക്കിടയില്‍ കെഴക്കേത്ത് കാരി എന്നറിയപ്പെട്ടു. എന്നുവെച്ചാല്‍ മദ്രാസ് കാരി എന്നര്‍ഥം. കേരളത്തിന്റെ കിഴക്കു ഭാഗത്താണല്ലൊ മദ്രാസ്.. അഥവാ ഇപ്പോഴത്തെ ചെന്നൈ.

അവളൂടേ ഭര്‍ത്താവിനു അങ്ങനെ വലിയ ജോലി ഒന്നുമുണ്ടായിരുന്നില്ല. കുറച്ചു വീടുകളിലെ ചില ചെറിയ നിത്യ പൂജകള്‍ , ഗായത്രി, രുദ്രം, ചമകം ഇവയൊക്കെ ജപിയ്ക്കല്‍.. ലക്ഷാര്‍ച്ചനയ്ക്കും മറ്റും മന്ത്രം ചൊല്ലല്‍.. പിന്നെ കാറ് ഓടിയ്ക്കും.. ജിലെബിയും ലഡ്ഡുവുമുണ്ടാക്കും.. സദ്യവട്ടം ഏല്‍ക്കും..

സ്ഥിരം വരുമാനം ശരിക്കും പറഞ്ഞാല്‍ ഒന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും എപ്പോഴെങ്കിലും കിട്ടിയാല്‍ കിട്ടി എന്ന മട്ടിലായിരുന്നു ജീവിതം.

അതുകൊണ്ട് കപ്പ, കടച്ചക്ക, ചേമ്പ്, ചേന, കാവത്ത് എന്ന കാച്ചില്‍ ഇതൊക്കെ അവര്‍ പുഴുങ്ങി കാന്താരിമുളകും ഉടച്ചു ചേര്‍ത്ത് കഴിച്ചിരുന്നു. ജാതി കൂടീയത് കൊണ്ട് പശി മാറുകയില്ലല്ലൊ. അതിനു എന്തെങ്കിലും കഴിച്ചല്ലേ തീരു..

' അതുകള്‍ അന്ത കപ്പക്കെഴങ്ങും ശാപ്പ്ടും ' എന്ന് മറ്റും ധനികരായ ബ്രാഹ്മണര്‍ ലേശം കുറച്ചിലോടേ മുഖം താഴ്ത്തിപ്പിടീച്ച് പിറൂപിറൂത്തു. ' ആനാലും പൂണല്‍ പോട്ട ബ്രാഹ്മണാള്‍ താനേ' എന്ന് സമാശ്വസിയ്ക്കുകയും ചെയ്തു.

കെഴക്കേത്ത് കാരി ഭയങ്കര കഷ്ടത്തിലായി... ഈ അഞ്ചു മക്കള്‍ക്ക് തിന്നാന്‍ എവിടുന്നു കൊടൂക്കും? എല്ലാവര്‍ക്കും എപ്പോഴും വിശക്കും..

ബ്രാഹ്മണ്യത്തിനു മാത്രമല്ല എല്ലാ ജാതീയതയ്ക്കും എല്ലാ മതങ്ങള്‍ക്കും പൊതുവായി ഒരു കാര്യമുണ്ട്. കാശില്ലാത്തവരെ കണ്ടു കൂടാ. ദൃഷ്ടിയില്‍പെട്ടാല്‍ പോലും ദോഷമുള്ളവരാകുന്നു ദരിദ്രര്‍... .

തീവണ്ടിയിലും ബസ്സിലും ഒക്കെ ആള്‍ക്കാര്‍ പാട്ടു പാടി ഭിക്ഷ യാചിക്കുന്നത് മാതിരി, മഹാനായ ത്യാഗരാജര്‍ ഉഞ്ഛവൃത്തിയായി ഗാനമാലപിച്ചു കഴിഞ്ഞതു പോലെ... ഒരു പെണ്ണൊരുത്തിയ്ക്ക് ഗ്രാമത്തില്‍ പാട്ടു പാടി ഭിക്ഷാടനം ചെയ്ത് ജീവിയ്ക്കാന്‍ കഴിയുമോ?

ആണുങ്ങള്‍ പാടുന്നത് മെഹ് ഫില്‍ എന്ന പേരില്‍ കോഴിക്കോടും ഫോര്‍ട്ട് കൊച്ചീലും ഒക്കെ പതിവുണ്ടായിരുന്നുവത്രെ. ഒരു വീട്ടില്‍ ഒത്തുകൂടീ രാത്രിമുഴുവനും സദിരു തന്നെ.. സംഗീത സദ്യ.. മനോഹരമായ വാദ്യവൃന്ദത്തോടെ... സുന്ദരമായ ഗാനങ്ങള്‍ ആലപിയ്ക്കപ്പെടുന്നു. ശ്രോതാക്കളും ആണുങ്ങള്‍ തന്നെ. പെണ്ണുങ്ങള്‍ക്ക് ചായ ഉണ്ടാക്കലും അത്താഴമൊരുക്കലും പിള്ളേരെ നോക്കലും നാളെ കാലത്തെ കാപ്പിക്ക് പലഹാരമുണ്ടാക്കാനുള്ള പരിശ്രമവുമായിരുന്നിരിക്കണം അപ്പോഴൊക്കെ പണീ.

കെഴക്കേത്ത് കാരി എന്തായാലും പാടി ജീവിയ്ക്കാന്‍ , കുടുംബം നടത്തുന്നതില്‍ തന്റെ ഭര്‍ത്താവിനെ അങ്ങനെ സഹായിയ്ക്കാന്‍ തീരുമാനിച്ചു..

രാവിലെ ഒരു പതിനൊന്നുമണിയ്ക്ക് ഊണു കഴിയ്ക്കും പൊതുവേ ബ്രാഹ്മണര്‍ .. പിന്നെ മൂന്നു മണിയാകുമ്പോള്‍ വെട്ടിയാല്‍ മുറിയാത്ത കാപ്പി കുടിയ്ക്കും..

ഊണു കഴിഞ്ഞാല്‍ കാപ്പി വരെയുള്ള സമയം കെഴക്കേത്ത് കാരി മഠങ്ങളില്‍ വന്ന് മഴ പെയ്തു തോര്‍ന്നാലുള്ള കുളിരിന്റെ ശബ്ദത്തില്‍ കീര്‍ത്തനങ്ങളും വര്‍ണങ്ങളൂം പദങ്ങളൂം ജതിസ്വരങ്ങളൂം തില്ലാനകളൂം ഗീതങ്ങളൂം ആലപിച്ചു. ജീവനുരുകുന്ന വിധത്തില്‍ അവയവങ്ങളുരുകുന്ന വിധത്തില്‍ ശ്രുതി സുഭഗമായി അവര്‍ പാടി. പെണ്ണുങ്ങള്‍ മാത്രമേ ആ കച്ചേരി കേട്ടുള്ളൂ. വലിയ വലിയ ഗന്ധര്‍വഗായകരെ അഗ്രഹാരത്തിനു പുറത്തുള്ള കേമപ്പെട്ട മേടകളിലും മറ്റും കേള്‍ക്കാന്‍ കഴിയുന്നതുകൊണ്ട് കോശാപ്പുടവയുടുത്ത കെഴക്കേത്ത് കാരിയുടേ ഗാനങ്ങളെ പുരുഷന്മാര്‍ക്ക് പൊതുവേ പുച്ഛമായിരുന്നു..

മാമിമാര്‍ അരിപ്പെട്ടിയിലും പരിപ്പ് പാത്രത്തിലും മറ്റും സൂക്ഷിച്ചിരുന്ന നാണ്യങ്ങളൂം പൂപ്പല്‍ പിടിച്ച നോട്ടുകളും കെഴെക്കാത്ത് കാരിയ്ക്ക് നല്‍കി. കീറിയ പുടവകളൂം എണ്ണയും ചിലപ്പോള്‍ അരിയും നാളീകേരവും കൊടുത്തു .

ഗൌരീ കല്യാണ വൈഭോഗമേയും ഹിമഗിരി തനയെ ഹേമലതയും വലച്ചി വാചിയും രാരവേണു ഗോപാ ബാലയും സാനിധനീധപ ധാപമയും കര്‍പ്പക വല്ലിയും ശിവനെരിയെ യുമൊക്കെ ഞാനും അനിയത്തിമാരും പരിചയപ്പെട്ടത് കെഴക്കേത്ത് കാരിയുടെ വശ്യമോഹനമായ മധുരസ്വരത്തിലാണ്.

എന്തിനായിരിക്കും ഈ ഭൂമിയില്‍ അങ്ങനൊരു ഗായികയും അവര്‍ കേള്‍പ്പിച്ച പാട്ടുകളുമുണ്ടായത്? അവര്‍ പ്രസവിച്ചിട്ടില്ലാത്ത മക്കള്‍ക്ക് ആഹാരം നല്‍കാന്‍ വേണ്ടി മാത്രമാവണം...

അവര്‍ക്ക് ആരും ഒരവാര്‍ഡും കൊടുത്തില്ല... പൊന്നാടയും പൂച്ചെണ്ടും കിട്ടിയില്ല... ഒരു ഫോട്ടൊ പോലും ആരും എടുത്തിട്ടില്ല.

ഇങ്ങനെയും ചില പെണ്‍ പാട്ടുകള്‍...

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തിനായിരിക്കും ഈ ഭൂമിയില്‍ അങ്ങനൊരു
ഗായികയും അവര്‍ കേള്‍പ്പിച്ച പാട്ടുകളുമുണ്ടായത് ?
അവര്‍ പ്രസവിച്ചിട്ടില്ലാത്ത മക്കള്‍ക്ക് ആഹാരം നല്‍കാന്‍ വേണ്ടി മാത്രമാവണം...

അവര്‍ക്ക് ആരും ഒരവാര്‍ഡും കൊടുത്തില്ല... പൊന്നാടയും പൂച്ചെണ്ടും കിട്ടിയില്ല...
ഒരു ഫോട്ടൊ പോലും ആരും എടുത്തിട്ടില്ല.ആരും അറിയാതെ പോയ , ചെറുപ്പം വിട്ടുമാറാത്ത ,
പെറാത്ത മക്കളെ പോറ്റുവാൻ വേണ്ടി ഇങ്ങനെയും ചില പെണ്‍ പാട്ടുകള്‍ ചരിത്രത്തിൽ ഉണ്ടായിരുന്നു ...!

പട്ടേപ്പാടം റാംജി said...

ബ്രാഹ്മണ്യത്തിനു മാത്രമല്ല എല്ലാ ജാതീയതയ്ക്കും എല്ലാ മതങ്ങള്‍ക്കും പൊതുവായി ഒരു കാര്യമുണ്ട്. കാശില്ലാത്തവരെ കണ്ടു കൂടാ. ദൃഷ്ടിയില്‍പെട്ടാല്‍ പോലും ദോഷമുള്ളവരാകുന്നു ദരിദ്രര്‍... .