Wednesday, May 16, 2018

ധനമെന്ന ആയുധം

https://www.facebook.com/echmu.kutty/posts/817434665102496
https://www.facebook.com/groups/184366481910921/permalink/608576849489880/

അച്ഛന്‍റെ മകളായി ജീവിക്കുന്ന കാലത്താണ് ആ അനുഭവമുണ്ടായത്. അമ്മയുടെ അകന്ന ബന്ധത്തില്‍ പെട്ട ഒരു സഹോദരന്‍ നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലില്‍ ഭക്ഷണം കഴിച്ചിട്ട്, കൊടുക്കാന്‍ പണമില്ലാതെ അപമാനിതനാവുന്ന കാഴ്ച ...

അച്ഛനൊപ്പം മസാലദോശ തിന്നാന്‍ പോയതായിരുന്നു. എന്ത് സവിശേഷ സന്ദര്‍ഭമായിരുന്നു അതെന്ന് ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ല. എന്തായാലും പതിനഞ്ചു തികയും മുമ്പാണ്. പതിനഞ്ചു വയസ്സിനുശേഷം അങ്ങനെ ഒരു കാര്യമുണ്ടായിട്ടില്ല.

അച്ഛന്‍ അവസാനമായി ഒരു ഉമ്മ തന്നതും ആ വയസ്സിനു മുന്‍പാണ്.

എല്ലാവരും ഉച്ചത്തില്‍ തട്ടിക്കയറുന്നതു കണ്ടാണ് മസാലദോശയില്‍ നിന്ന് ഞാന്‍ മുഖമുയര്‍ത്തിയത്. അച്ഛന്‍ നേരത്തെ അത് ശ്രദ്ധിച്ചിരുന്നിരിക്കണം. അച്ഛന്‍റെ മുഖം ചിന്താകുലമായിരുന്നു.

പണമില്ലെന്നറിഞ്ഞിട്ടും എന്തിനു ഭക്ഷണം കഴിച്ചു എന്നതായിരുന്നു അവിടത്തെ പ്രശ്നം. ആ മനുഷ്യന്‍ അതീവദയനീയമായ മുഖത്തോടെ നില്‍ക്കുകയല്ലാതെ ഒരക്ഷരം മറുപടി പറയുന്നുണ്ടായിരുന്നില്ല. വിശപ്പ് അയാളുടെ മാനാഭിമാനങ്ങളെ ചോര്‍ത്തിക്കളഞ്ഞിരിക്കാം. അതുകൊണ്ടു തന്നെ എന്തു പറയുമെന്ന് വിഷമിക്കുകയാവണം. വാക്കുകള്‍ കിട്ടാതെ വേദനിക്കുകയാവണം.

അച്ഛന്‍ അയാളുടെ പണം കൊടുക്കുന്നതും അയാളെ സമാധാനിപ്പിക്കുന്നതും ഞാന്‍ കണ്ടു. വണ്ടിക്കൂലിക്കുള്ള പണവും അച്ഛന്‍ കൊടുത്തുവെന്ന് എനിക്ക് മനസ്സിലായി.

അയാള്‍ അടുത്ത് വന്ന് എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, താന്‍ ഇന്ന ആളാണെന്ന് പറഞ്ഞു. ബന്ധം വിശദീകരിച്ചു. അമ്മയെ അന്വേഷിച്ചു.എനിക്ക് ഒന്നും തോന്നിയില്ല. കാരണം മാതാപിതാക്കളുടെ മിശ്രവിവാഹം നിമിത്തം ബന്ധുക്കളുമായി ഒരടുപ്പവും ഇല്ലാതെ തികച്ചും ഒറ്റപ്പെട്ടാണല്ലോ ഞങ്ങള്‍ വളര്‍ന്നത്. ഞാന്‍ ഒരു മര്യാദച്ചിരി ചിരിക്കുകയും ചുമ്മാ തലയാട്ടുകയും ചെയ്തു.

നനഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ നടന്നകന്നു.

പട്ടിണി മനുഷ്യരെ അപമാനിക്കുമെന്ന് ഞാന്‍ കണ്ടു. കച്ചവടം മനുഷ്യരെ വേദനിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ഒരു നേരത്തെ ഭക്ഷണം അത്ര വലിയ ഹോട്ടലിലും പ്രധാന കാര്യമാണെന്ന് ഞാന്‍ പഠിച്ചു. വിളിക്കുമ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെ അമ്മ തരുന്ന ഭക്ഷണം വീടീനു പുറത്തിറങ്ങുമ്പോള്‍ പണം കൊടുത്താല്‍ മാത്രം കിട്ടുന്ന ഒരു ഉല്‍പന്നമാണെന്നും പണമില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നത് ഒരു വലിയ കുറ്റമാവുമെന്നും ഞാന്‍ അറിഞ്ഞു.

അച്ഛനെപ്പറ്റി വളരെ ഉയര്‍ന്ന അഭിപ്രായം തോന്നിയ ഒരു നിമിഷമായിരുന്നു എനിക്കത്. സംഗീതവും രാഷ്ട്രീയവും സിനിമയും പുസ്തകങ്ങളും രോഗീ ചികില്‍സയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിലെന്ന പോലെ ഇമ്മാതിരി മര്യാദകളിലും അച്ഛന്‍ എന്നും മുന്നിലായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ അമ്മയുടെ ബന്ധുക്കളേയും അമ്മയുടെ നാട്ടുകാരേയും എന്നും കാര്യമായിത്തന്നെ അച്ഛന്‍ പരിഗണിച്ചിരുന്നു.

ധനം എന്നെ അതിക്രൂരമായി അപമാനപ്പെടുത്തിയ അനവധി ജീവിതസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്കതിലൊരിക്കലും മറക്കാനാവാത്തത് എന്‍റെ മാതൃത്വത്തിനു വിലയിട്ട വേദനയാണ്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ദരിദ്രനാരായണിക്ക് കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന പ്രഖ്യാപനം... അറിയിപ്പ്.. അത് കേള്‍ക്കുമ്പോള്‍ സര്‍വാംഗം എരിഞ്ഞു കത്തുന്ന ഒരു മുളകിന്‍റെ ചുട്ടുനീറ്റലുണ്ടാകും. മാതൃത്വമെന്നത് ചുമ്മാ ഗര്‍ഭം ധരിച്ച് അങ്ങു പെറ്റാല്‍ കിട്ടുന്ന സുലഭതയല്ല. അത് അതിനുശേഷവും ആവശ്യമുള്ള മറ്റു നൂറായിരം കാര്യങ്ങളും കൂടിച്ചേര്‍ന്നതാണെന്ന് മനസ്സിലാവും.

പിന്നീട് എന്‍റെ എല്ലാ സ്വപ്നങ്ങളിലും യാഥാര്‍ഥ്യങ്ങളിലും ഭ്രമകല്‍പനകളിലും മഞ്ഞപ്പവനും വജ്രഖനികളും കറന്‍സിനോട്ടുകളും നവരത്നങ്ങളും നദികള്‍ പോലെ ഒഴുകി, ഒഴുകിയെന്നേ ഉള്ളൂ. എനിക്കവ കോരിയെടുത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞതേയില്ല. അങ്ങനെയുള്ള എന്നെ അങ്ങു പണക്കാരിയാക്കിക്കളയാമെന്ന് ജീവിതത്തിലിതുവരെ ആരും പറയുകയോ അതിനായി യത്നിക്കുകയോ ഉണ്ടായിട്ടില്ല. എന്‍റെ യത്നങ്ങള്‍ വേണ്ടത്ര വിജയിപ്പിക്കാനാവശ്യമായ മിടുക്കും കഴിവും എനിക്കുണ്ടായിരുന്നതുമില്ല.

ധനമേല്‍പ്പിച്ച ഇത്തരമൊരു ഉണങ്ങാക്കലയുള്ളതുകൊണ്ട് പല വിചിത്രാനു ഭവങ്ങളേയും എനിക്ക് നിറഞ്ഞ പുഞ്ചിരിയോടെ നേരിടാന്‍ കഴിഞ്ഞിട്ടുണ്ട്.

വാടകവീട്ടില്‍ നിന്ന് ഇറക്കിവിടുന്നത് ...

എന്നെ അതിഥികള്‍ക്ക് ആരും തന്നെ പരിചയപ്പെടുത്താതിരിക്കുന്നത്...

വിളിക്കാത്ത കല്യാണത്തിനു അകമ്പടി പോകേണ്ടി വരികയും 'അയ്യോ! ഈ സ്ത്രീയെ ഞങ്ങള്‍ കല്യാണം വിളിച്ചിട്ടില്ലല്ലോ' എന്ന് കേള്‍ക്കുകയും ചെയ്യുമ്പോള്‍ അകമ്പടിക്കു കൊണ്ടുപോയവര്‍ എങ്ങുമെന്നില്ലാതെ ബന്ധുക്കള്‍ക്കിടയില്‍ മറഞ്ഞു പോകുന്നത്...

'അര രൂപ സമ്പാദിച്ചിട്ടുണ്ടോ ജീവിതത്തിലിന്നുവരെ' എന്ന് എപ്പോഴും വിരല്‍ ചൂണ്ടി ചോദിക്കുന്നത്...

എനിക്ക് ധനാര്‍ത്തിയുണ്ടെന്ന് തെളിയിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്...

'ഞാന്‍ അന്യരുടേ ധനം അടിച്ചു മാറ്റാന്‍ നോക്കി'യെന്ന് പ്രഖ്യാപിക്കുന്നത്...

'സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം എടുത്ത് മറ്റുള്ളവരെ സഹായിക്കു..യൂ കാന്‍ എക്സ്പെരിമെന്‍റ് വിത് യുവര്‍ ഓണ്‍ മണി നോട്ട് വിത് അദേഴ്സ് മണി' എന്ന് ഗര്‍ജ്ജിക്കുന്നത്...

ഒത്തിരി ധനം ശരിക്കും ആവശ്യമായിരുന്ന ദൈന്യകാലത്തൊന്നും എനിക്കത് ഒട്ടും ലഭ്യമായില്ല. അതുകൊണ്ട് ന്യായവും നീതിയും ഒന്നും കണക്കിനു വാങ്ങാന്‍ എനിക്ക് കഴിഞ്ഞതുമില്ല.

ധനം, അത്യാവശ്യങ്ങളുള്ളവര്‍ക്ക് ഒരിക്കലും തികയാന്‍ കൂട്ടാക്കാത്തതും കൂട്ടിവെച്ചവര്‍ക്ക് ആരുടെ അത്യാവശ്യത്തേയും എങ്ങനെ വേണമെങ്കിലും നിഷേധിക്കാന്‍ പ്രാപ്തി കൊടുക്കുന്നതുമായ വിചിത്രായുധമാണ്. അത് തരുന്ന സുഖങ്ങളെ മാത്രമല്ല... തരുന്ന സങ്കടങ്ങളേയും വേദനയേയും കൂടി കാണേണ്ടതുണ്ട്..

അമ്മ ആശുപത്രിയില്‍ കിടക്കുന്ന സങ്കടകാലത്ത് ഒരു തവണ എന്‍റെ പക്കല്‍ ബില്ല് അടയ്ക്കാനുള്ള പണം തികഞ്ഞില്ല. ആശുപത്രിയില്‍ നിന്ന് അമ്മയെ ഡിസ് ചാര്‍ജ് ചെയ്യുകയുമാണ്. എന്‍റെ ഹൃദയമിടിപ്പ് അറിയുന്ന ജെന്നി മൂപ്പതിനായിരം രൂപ കൊണ്ടു വന്നു തന്നു. എന്‍റെയും അനിയത്തിയുടേയും പക്കലുണ്ടായിരുന്നതെല്ലാം കൊടുത്തു. ഇനിയും പണം വേണം. ഒരു വഴിയും ഇല്ല. ഒടുവില്‍ പണമില്ലെന്നും അമ്മയെ ആശുപത്രിയില്‍ തന്നെ കിടത്തു എന്നും പണം തന്ന് നാളെ കൊണ്ടുപൊക്കോളാമെന്നും പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ തടഞ്ഞു.

'എച്മുക്കുട്ടി അമ്മയെ കൊണ്ടുപോയ്ക്കൊള്ളൂ, നാളെയോ മറ്റന്നാളോ സൌകര്യം പോലെ വന്നടച്ചാല്‍ മതി'.

ഞാന്‍ ഞെട്ടിപ്പോയി. എച്മുക്കുട്ടിയെ പരിചയമുള്ളവര്‍... എഴുത്തില്‍ നിന്ന് ഇതിലും വലിയ ഏതൊരംഗീകാരമാണ് എനിക്കാവശ്യം ?

എനിക്ക് വാവിട്ട് കരയാന്‍ തോന്നി.

പുസ്തകങ്ങള്‍ രണ്ടെണ്ണമേ പ്രസിദ്ധീകരിച്ചുള്ളൂ.കഥകള്‍ തെരഞ്ഞെടുക്കാന്‍ മാത്രമല്ല അച്ചടിക്കൂലി നല്‍കാനും വായനക്കാരുണ്ടായി, കൂലി നല്‍കാതെ ഇനി ബുക്ക് പ്രസാധനം ചെയ്യാമെന്ന് വാക്ക് തരാന്‍ പ്രമുഖ പ്രസാധകരുമുണ്ടായി..

'എന്തിനാണെഴുതുന്നത് എഴുതുന്ന പോലെയാണോ നീ ജിവിക്കുന്നത് നീയൊരു കാപട്യക്കാരിയല്ലേ' എന്ന ചോദ്യങ്ങള്‍ക്ക് 'എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല' എന്ന തീര്‍പ്പുകല്‍പ്പിക്കലിനു 'ദരിദ്രനാരായണി'യെന്ന വിളിപ്പേരിന് 'പത്തുകാശുണ്ടാക്കാത്തവള്‍' എന്ന കളിയാക്കലിന് എന്‍റെ ഉത്തരം.

അന്ധേബാബ എനിക്ക് പഠിപ്പിച്ചു തന്ന ഉത്തരം.

'അന്ധേബാബാ കൊ കമ്പള്‍ ദോ ഖാനാ ദോ' എന്ന് ദീനമായി നിലവിളിക്കുമ്പോള്‍ പണം നല്‍കിയാല്‍ സ്വീകരിക്കുമായിരുന്നില്ല അദ്ദേഹം. കമ്പിളിയും ആഹാരവും മതി. അന്ധന് പണമെന്തിനാണെന്ന് അദ്ദേഹം ചോദിക്കും.

ഇന്നും എനിക്ക് കാണാന്‍ ഒത്തിരി ആശയുള്ള ഒരാളാണ് സൌത്ത് ദില്ലിയിലെ ഊടുവഴികളിലൂടേ ദീനനായി അലഞ്ഞിരുന്ന ദയനീയമായി നിലവിളിച്ചിരുന്ന ഭിക്ഷുവായ അന്ധേബാബ....


2 comments:

സുധി അറയ്ക്കൽ said...

എന്തിനെന്നറിയാതെ കണ്ണ്‍ നിറഞ്ഞു ചേച്ചീ........ഞാനിപ്പോള്‍ തന്നെ അമ്മീമ്മക്കഥകള്‍ തപ്പിയെടുത്ത് വായിക്കുമെന്ന്‍ തോന്നുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

പട്ടിണി മനുഷ്യരെ അപമാനിക്കുമെന്ന് ഞാന്‍ കണ്ടു...
കച്ചവടം മനുഷ്യരെ വേദനിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി...
ഒരു നേരത്തെ ഭക്ഷണം അത്ര വലിയ ഹോട്ടലിലും പ്രധാന കാര്യമാണെന്ന് ഞാന്‍ പഠിച്ചു...
വിളിക്കുമ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെ അമ്മ തരുന്ന ഭക്ഷണം വീടീനു പുറത്തിറങ്ങുമ്പോള്‍
പണം കൊടുത്താല്‍ മാത്രം കിട്ടുന്ന ഒരു ഉല്‍പന്നമാണെന്നും, പണമില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നത് ഒരു
വലിയ കുറ്റമാവുമെന്നും ഞാന്‍ അറിഞ്ഞു...!