Monday, February 19, 2018

പ്രണയമധുരത്തിന്‍റെ ഓണനാളുകള്‍

മുതിര്‍ന്ന മക്കളുള്ള അമ്മമാരായിരുന്നു എല്ലാവരും.

വിധവകളായിരുന്നു അവര്‍. ഒരാള്‍ക്ക് നടക്കാന്‍ വയ്യ. മറ്റൊരാള്‍ക്ക് അല്‍പം കാഴ്ചക്കുറവുണ്ട്. തിമിരത്തിന്‍റെ ഓപ്പറേഷന്‍ ചെയ്യണം. ഇനിയുമൊരാള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് ആരംഭിച്ചിട്ടുണ്ട് . ഫ്ലാറ്റുകളില്‍ ജോലിക്കാരികള്‍ക്കൊപ്പം അവര്‍ പാര്‍ക്കുന്നു. മക്കള്‍ ദൂരെ ദൂരെ ... നഗരങ്ങളില്‍ അല്ലെങ്കില്‍ വിദേശത്ത്..

അവര്‍ക്കൊപ്പമിരുന്നു കാപ്പി കുടിക്കുകയായിരുന്നു.

കായ വറുത്തതും ശര്‍ക്കരപുരട്ടിയും ഉണ്ടായിരുന്നു. പിന്നെ ചെണ്ടമുറിയന്‍ പഴം പുഴുങ്ങിയതും. വിവിധ അടുക്കളകളില്‍ നിന്ന് വ്യത്യസ്തതയുള്ള ഓണസ്സുഗന്ധങ്ങള്‍ ഫ്ലാറ്റു സമുച്ചയത്തിന്‍റെ നീളന്‍ വരാന്തകളിലൂടെ ഓണം വന്നോണം വന്നെന്ന് കാറ്റിലലിഞ്ഞുകൊണ്ടിരുന്നു.
ഗ്യാസടുപ്പും പ്രഷര്‍ക്കുക്കറും മിക്സിയും പൈപ്പുവെള്ളവും ഒന്നും ജന്മം കൊണ്ടിട്ടില്ലാത്ത ഓണദിനങ്ങളേയും അവയിലെ പുക മണക്കുന്ന വിയര്‍പ്പിറ്റുന്ന അദ്ധ്വാനത്തേയും പറ്റി അമ്മമാര്‍ വാചാലരായി. കടം വാങ്ങിയും അരിച്ചിട്ടിയും തുണിച്ചിട്ടിയും പിടിച്ചും ഒക്കെ അവര്‍ ഓണമാഘോഷിച്ച കഥകള്‍ ഞാന്‍ കേട്ടു. തുമ്പപ്പൂവും കാശിത്തുമ്പയും കൃഷ്ണകിരീടവും കാക്കപ്പൂവും മുക്കുറ്റിയും തൃക്കാക്കരയപ്പനും ഞങ്ങള്‍ക്കിടയില്‍ വന്ന് പുഞ്ചിരി തൂകി.

ഇന്നവര്‍ ഹൈടെക് അമ്മമാരാണ്. നെറ്റ് ഫോണും ഈ മെയിലുമെല്ലാം ഉപയോഗിക്കുന്നവര്‍. അവര്‍ക്ക് ഫേസ്ബുക്കും വാട്സ് ആപ്പുമുണ്ട് . അതുകൊണ്ടൊക്കെ തന്നെ ഇന്നത്തെ ജീവിതത്തിന്‍റെയും ഓണത്തിന്‍റെയും ഒക്കെ ചില എളുപ്പങ്ങളും ചില കുഴപ്പങ്ങളും അവര്‍ക്കറിയുകയും ചെയ്യാം.

ഈ സൌകര്യങ്ങള്‍ ചെറുപ്പത്തിലുണ്ടായിരുന്നെങ്കില്‍ ... ജീവിതത്തിനു കുറച്ചു കൂടി തുറവി ഉണ്ടായിരുന്നെങ്കില്‍ എന്നവര്‍ പറഞ്ഞപ്പോള്‍ ചില പ്രണയമധുരങ്ങള്‍ തേന്‍തുള്ളികളാവുന്നത് ഞാന്‍ കണ്ടു.

മനോഹരമായിരുന്നു ആ കാഴ്ച . പലവര്‍ണങ്ങളില്‍ ചമച്ച അതിസുന്ദരമായ ഒരു ഓണപ്പൂക്കളമായി ചുളിവുകള്‍ വീണ അമ്മ മുഖങ്ങള്‍ വിടര്‍ന്നു. നരച്ച മുടിയിഴകള്‍ ആ പൂക്കളത്തിലെ നന്ത്യാര്‍വട്ടങ്ങളായി വെണ്‍ശോഭയണച്ചു.

നടക്കാന്‍ വിഷമമുള്ള അമ്മയാണ് ആദ്യം സംസാരിച്ചത്. പത്താം ക്ലാസ്സും തുന്നലും പഠിച്ചു കഴിഞ്ഞപ്പോഴായിരുന്നു ക്രാഫ്റ്റ്സ് കൂടി പഠിയ്ക്കാനായി ജ്യേഷ്ഠന്‍ അമ്മയെ നിര്‍ബന്ധിച്ചത്. ക്രാഫ്റ്റ്സ് ടീച്ചര്‍ എന്ന തസ്തികയിലേക്കും അപേക്ഷിയ്ക്കാമല്ലോ എന്നായിരുന്നു ജ്യേഷ്ഠന്‍റെ താല്‍പര്യം. അമ്മ വഴങ്ങി. ജ്യേഷ്ഠനൊപ്പം ഇടയ്ക്കെല്ലാം വീട്ടില്‍ വന്നിരുന്ന കൂട്ടുകാരനും ബന്ധുവുമായിരുന്ന ഒരു ചേട്ടനാണ് അമ്മയ്ക്ക് ചില വിപ്ലവ പുസ്തകങ്ങളൊക്കെ കൊടുത്തത്. എന്നു വെച്ചാല്‍ ഗോര്‍ക്കിയുടെ അമ്മയും യൂഗോയുടെ പാവങ്ങളും മറ്റും..

പുസ്തകങ്ങള്‍ വായിച്ചു. മെല്ലെമെല്ലെ ജ്യേഷ്ഠന്‍റെ കൂട്ടുകാരനോട് പ്രത്യേകമായ ഒരു സ്നേഹം... അല്ല ഒരിഷ്ടം.. അതൊന്നുമല്ല..

‘പിന്നെ ... ‘ എന്ന് പ്രേരിപ്പിച്ചു എന്നിലെ കഥക്കള്ളി.

‘ ഇടയ്ക്കെങ്കിലും കാണാന്‍ ഒരു മോഹം.’

അതു പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ക്ക് ശംഖുപുഷ്പത്തിന്‍റെ അരുമയുള്ള നീലിമ... മൃദുലത.

‘ എന്നിട്ട് ? ‘ ഇപ്പോള്‍ അമ്മമാര്‍ക്കും താല്‍പര്യമായി.
‘ ഒന്നുണ്ടായില്ല.. ക്രാഫ്റ്റ്സ് കഴിയും മുന്‍പേ എന്‍റെ കല്യാണം കഴിഞ്ഞു ... പിന്നെ മക്കളായി.. പ്രാരബ്ധങ്ങളായി.. ഭര്‍ത്താവിന്‍റെ കൂടെ ഏകദേശം ഇന്ത്യാരാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങി. പട്ടാളക്കാരന്‍റെ ഭാര്യയാവുമ്പോ അങ്ങനെയല്ലേ രാജ്യസ്നേഹം കാണിക്കാന്‍ പറ്റുള്ളൂ..
എന്നാലും ഒന്നും മറന്നിട്ടില്ല.. എല്ലാ ഉത്രാടത്തിനും കാണാന്‍ വരും.. ഇപ്പോള്‍ എന്നെ പോലെ തന്നെയാണ്. നടക്കാന്‍ വയ്യ. ഭാര്യേം കൂട്ടിയാ വരിക. പറേമ്പോ ഞങ്ങള്‍ ബന്ധുക്കളാണല്ലോ. ഇത്തിരി നേരം സംസാരിച്ചിരിക്കും. ചായയും പഴം നുറുക്കും കഴിക്കും...
എന്നാലും പോണേനു മുമ്പ് ആരും കാണാതെ ആരും അറിയാതെ ഒന്നു നോക്കും... എന്നെ.. അത് ഞാന്‍ മാത്രെ കാണുള്ളൂ..
ഇപ്പൊ എത്ര കാലം കഴിഞ്ഞു... എന്നാലും.. ‘

ഒരു ശംഖുപുഷ്പം കണ്ണെഴുതുന്നത് എനിക്ക് കാണാനായി.

ചെണ്ടമുറിയന്‍ പഴം നുറുക്കിനു നല്ല സ്വാദുണ്ടെന്ന് എന്നെ അഭിനന്ദിച്ചിട്ടാണ്, കാഴ്ചക്കുറവുള്ള കണ്ണുകള്‍ ഒന്നമര്‍ത്തിത്തുടച്ചിട്ടാണ് അമ്മ സംസാരിച്ചു തുടങ്ങിയത്.
‘ അമ്മായിയുടെ മകനായിരുന്നു. അന്നേ വിമാനത്താവളത്തില്‍ ജോലിയില്‍ കയറിയിരുന്നു. വൈക്കേഴ്സ് വിസ്കൌണ്ടും ഡഗ്ലസ് ഡി സിയും ഫൊക്കറും പോലെയുള്ള വിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിരുന്ന കാലത്ത് തന്നെ.. അതുകൊണ്ട് ജോലിയും അന്നേ അകലങ്ങളിലായിരുന്നു.’

‘ കാണാനൊക്കെ വിഷമം ആയിരുന്നു അല്ലേ..‘ ഞാന്‍ അല്‍പം കുസൃതിയോടെ തിരക്കി.

‘ ഉം. ഇന്നത്തെ പോലെ ഈ കൈവെള്ളയില്‍ വെച്ച് വലുതാക്കി കാണുകയും വിശേഷം പറയുകയും ചെയ്യണ നോക്കിയാ വിദ്യയൊന്നും അന്നില്ലല്ലോ.’

അമ്മയുടെ ഫോണ്‍ നോക്കിയയുടെ ആധുനിക സെറ്റാണെന്ന് എനിക്ക് മനസ്സിലായി.

അമ്മ ഒരു ചെറു പുഞ്ചിരിയോടെ തുടര്‍ന്നു.

‘ എന്‍റെ അച്ഛന്‍ അമ്മായിയോട് പറഞ്ഞു. ഒന്നു രണ്ടു വട്ടം. അമ്മായി ഒന്നും പറഞ്ഞില്ല. പിന്നെ ചോദിയ്ക്കാന്‍ അച്ഛനും മടിയായി. അക്കൊല്ലം അവധിയ്ക്ക് വന്നപ്പോള്‍ ആരും കാണാതെ എന്നോട് നേരിട്ട് തന്നെ ചോദിച്ചു . വീട്ടില്‍ പറയൂ എന്ന് മാത്രമേ ഞാന്‍ മറുപടി പറഞ്ഞുള്ളൂ. അക്കാലത്തൊക്കെ അങ്ങനെയാണ് . ഒന്നും തുറന്നു പറയാന്‍ പാടില്ല. ഒരു മൂളല്‍... ചെറിയ ഒരു തലയാട്ടല്‍.. അതു തന്നെ വളരെക്കൂടുതലാണ്.

അമ്മായിയ്ക്ക് അന്നേരം സ്ത്രീധനം കൂടിയേ കഴിയൂ. അത് അച്ഛനു ഒട്ടും പിടിച്ചില്ല . അങ്ങനെ ആ അവധിക്കാലവും കഴിഞ്ഞു പോയി. പിന്നത്തെ അവധിക്കു മുമ്പേ അച്ഛന്‍ എന്‍റെ കല്യാണം കഴിപ്പിച്ചു . ...

എന്നാലും എല്ലാ തിരുവോണത്തിനും വിളിക്കും.. അല്ലെങ്കില്‍ പൂരാടത്തിന് കിട്ടണ മാതിരി ഒരു കാര്‍ഡയയ്ക്കും... ഫോണ്‍ സൌകര്യായേപ്പിന്നെ വിളിയ്ക്കലാണ് പതിവ്. ബുദ്ധിമുട്ടിലാണ് പാവം. മക്കളായിട്ട് ഒരു മോളേ ഉള്ളൂ. ആ കുട്ടി മിണ്ടില്ല. ... അതുകൊണ്ട് ഭാര്യയ്ക്കും അധികവും മൌനം തന്നെ. ആ കുട്ടി പഠിച്ചിട്ടൊക്കെ ഉണ്ട്.. ജോലീം ഉണ്ട്. പക്ഷെ, കല്യാണം ...’

അമ്മ നിറുത്തി..

ഞാന്‍ മൊഴി എന്ന തമിഴ് സിനിമ ഓര്‍ത്തു.. കോശിശ് എന്ന ഹിന്ദി സിനിമ ഓര്‍ത്തു. സിനിമകള്‍ ജീവിതങ്ങളായി പരാവര്‍ത്തനം ചെയ്യപ്പെടുകയില്ല...
‘ എന്താ തിരുവോണത്തിനു വിളിയ്ക്കണേന്നറിയോ ...’ അമ്മയുടെ വിറയാര്‍ന്ന ശബ്ദത്തില്‍ ഒരു കൌമാര കുതൂഹലം...

ഞാന്‍ ചെവി വട്ടം പിടിച്ചു..

‘അന്നേയ് ..തിരുവോണത്തിന്‍റന്നേയ് ... എന്‍റെ പിറന്നാളാണ്. ‘

മൂന്ന് അമ്മമാരുടെയും പഞ്ചാരച്ചിരിയില്‍ ഏതെല്ലാമോ ആകാശകുസുമങ്ങളാല്‍ അലംകൃതമായൊരു ഓണപ്പൂക്കളം വിടര്‍ന്നു .....

1 comment:

Mahesh Menon said...

അമ്മക്കിളികൂടിന്റെ അനുഭവങ്ങൾ ഇഷ്ടപ്പെട്ടു. ശരിക്കും മനോഹരം.

ആദ്യമായാണ് ഇവിടെ. ബാക്കികൂടെ വായിക്കട്ടെ!