Wednesday, June 3, 2009

ഞാനറിയുന്ന എന്നെ അറിയുന്ന എന്റെ സ്വകാര്യമായ മാധവിക്കുട്ടിക്ക്…





എന്റെ അച്ഛന്റെയോ സാരമായി എന്നെ വളർത്തിയെടുത്ത വല്യമ്മയുടെയോ ചേതനയറ്റ ശരീരങ്ങൾ ഞാൻ കണ്ടില്ല. അക്കാലങ്ങളിൽ ഞാൻ ഏറെ ദൂരെയായിരുന്നു. ഒരുപാട് പണം ചെലവാക്കിയാൽ മാത്രം എത്തിച്ചേരാൻ സാധിക്കുന്നത്രയും ദൂരെ, ഞാൻ വന്നില്ല, ആ ശരീരങ്ങൾ കണ്ടില്ല. കാണാൻ ആഗ്രഹിച്ചുമില്ല. ഞാൻ ജഡങ്ങളെ ഭയപ്പെടുന്നവളാണ്. എന്റെ യുക്തിബോധം എന്നെ തിരുത്തിയാലും, നിശ്ചലമായ കിടത്തം എന്നിൽ പ്രാക്തന ഭീതികളെ നിറയ്ക്കുന്നു.

എങ്കിലും ഞാനിന്നലെ മാധവിക്കുട്ടിയെ കാണുവാൻ ആഗ്രഹിച്ചു, അവിടെ ഓടിയെത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. ആ ശരീരം ആംബുലൻസിൽ എന്റെ മുൻപിലൂടെ കടന്നു പോയി, മുഖം കാണാൻ കഴിഞ്ഞില്ല. വെളുത്ത തുണിയിൽ പൊതിഞ്ഞ ശരീരം മാത്രമെ എനിക്ക് വെളിപ്പെട്ടുള്ളൂ. പൊടുന്നനെ അതിഭയങ്കരമായ ഒരു നഷ്ടബോധം എന്നെയാകെ പിടിച്ചുലച്ചു. എനിക്ക് പൊട്ടിക്കരയണമെന്നു തോന്നി. ആംബുലൻസിലിരുന്നിരുന്ന അവരുടെ മകൻ എം.ഡി. നാലപ്പാടിനോടും കവി രാവുണ്ണിയോടും കരഞ്ഞു വിളിച്ച്, ഒരു സെക്കൻഡിനു ആ മുഖമൊന്നു കാണിച്ച് തരൂ എന്ന് അപേക്ഷിക്കണമെന്നു തോന്നി, പക്ഷെ ഞാൻ സ്തബ്ധയായി നിന്നതെയുള്ളൂ. കണ്ണീർ നിയന്ത്രിച്ച് എന്റെ കണ്ണുകൾ ചുവന്നു, ശബ്ദം അപരിചിതമായിത്തീർന്നു.

ഏപ്രിൽ മാസത്തിൽ മാധവിക്കുട്ടിക്ക് ന്യൂമോണിയയാണെന്നു അറിഞ്ഞപ്പോൾ മുതൽ അവരുടെ തീവണ്ടി കിതച്ച് കിതച്ച് സ്റ്റേഷൻ വിടുവാൻ തുടങ്ങുകയാണെന്ന് എന്നോട് ആരോ ഇടക്കിടെ പറയുവാൻ തുനിഞ്ഞുവെങ്കിലും ഞാൻ കേൾക്കാനൊരുങ്ങിയില്ല. ഭീരുവായ എനിക്ക് എന്നും ഒരു അര വൈദ്യന്റെയും കാൽ ജ്യോതിഷിയുടെയും മനസ്ഥൈര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ദിവസം നീങ്ങും തോറും ഞാൻ നല്ല വാർത്ത മാത്രം പ്രതീക്ഷിച്ചു. അതു കൊണ്ടാണു മേയ് മുപ്പത്തൊന്നാം തിയതിയിലെ പ്രഭാതം എന്നിൽ ആഘാതമായി അലിഞ്ഞമർന്നത്. എന്റെ കരച്ചിൽ തൊണ്ടയിൽ കുരുങ്ങി സ്വയം കുത്തിമരിച്ചു. അങ്ങനെ ഞാൻ ഒന്നും സംഭവിക്കാത്തതു പോലെ സാധാരണമായി ജീവിക്കാൻ ശ്രദ്ധിച്ചു. എങ്കിലും ഇനിയൊരിക്കലും അവരെ ഞാൻ കാണുകയില്ലല്ലോ എന്ന് ഓർമ്മിച്ചപ്പോഴൊക്കെ, അനാഥമായിത്തീർന്ന എന്റെ ആത്മാവിന്റെ പിടച്ചിലാണ് എന്നെ ആ ആംബുലൻസിനു മുൻപിൽ എത്തിച്ചതെന്ന് ഞാൻ കരുതുന്നു.

ഞാൻ കുറെയേറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്, എന്നെപ്പോലെ ഒരു സാധാരണക്കാരിയെ സംബന്ധിച്ചാണെങ്കിൽ അത് വളരെ അപൂർവമായ ഒരനുഗ്രഹമാണെന്ന് എനിക്കറിയുകയും ചെയ്യാം. എങ്കിലും തൊലിയടർത്തി എറിയപ്പെട്ട എന്റേതു മാതിരിയൊരു ജീവിതത്തിന്റെ രക്തം കിനിയുന്ന അകക്കാമ്പ്, മാധവിക്കുട്ടിയുടെ രചനകളിൽ മാത്രമെ ഞാൻ കണ്ടുള്ളൂ. നുണകൾ എന്ന കൊച്ചുകഥ എന്റെ മനസ്സിന്റെ എക്സറെ ചിത്രമാണ്. നുണ പറയുന്ന സ്വഭാവം അടിച്ചു മാറ്റുന്നവരേയും, കത്തുന്ന സിഗരറ്റിന്റെ കഷ്ണം പറ്റി നിൽക്കുന്ന ചുണ്ടുള്ളവരേയും മാധവിക്കുട്ടിക്ക് എന്നെ കാണാതെ എങ്ങനെ അറിയാൻ കഴിഞ്ഞു? ലോകത്തിന്റെ കാരുണ്യത്തിനും നാട്ടുകൂട്ടപ്പെരുമയുടെ നാവിളക്കലിനുമായി അനാഥമാക്കിയശേഷം, സ്വഭാവഹത്യയുടെ സാക്ഷ്യപത്രമെഴുതിയ പിത്യത്വത്തെക്കുറിച്ച്, ജീവിതമെന്നാൽ അച്ഛന്റെ മക്കളായിപ്പിറന്നതിനുള്ള ശിക്ഷയാണെന്നഴുതിയ മാധവിക്കുട്ടിക്ക് എന്നെ പരിചയമില്ലാതിരിക്കുമോ ? നുണകൾ പറയുന്ന കുഞ്ഞു വളർന്ന് ചേച്ചിയും കാമുകിയും ഭാര്യയും അമ്മയുമാകുമ്പോഴും അവളെ പിന്തുടരുന്ന അയാളുടെ സ്നേഹത്തിന്റെ കുറവുകളെക്കുറിച്ച്, നരിച്ചീറുകളുടെ മണത്തെക്കുറിച്ച്…………., ആത്മാവിലമർന്നു പോയ ഭയത്തെക്കുറിച്ച് ………., അവനവനെ ബലിയാടാക്കുന്ന സത്യസന്ധതയെക്കുറിച്ച്…….. ഞങ്ങൾ ഭയമെന്ന നിശാവസ്ത്രമുടുത്തുകൊണ്ട് ചന്ദനമരങ്ങളുടെ നിഴലിൽ നഷ്ടപ്പെട്ട നീലാംബരി തേടിനടന്നവരായിരുന്നു.

ഞാനറിയുന്ന എന്നെ അറിയുന്ന എന്റെ സ്വകാര്യമായ മാധവിക്കുട്ടിക്ക്………………

7 comments:

മുകിൽ said...

Ente pidachil nilkkatha vedhanayil ethu kannadiyile prathibhimbhamanu. Nannayi, valare nannayi, nee parayunnu, Priyasakhi..

Sulfikar Manalvayal said...

കൂടുന്നു ഞാനും ആ ഓര്‍മകള്‍ക്ക് മുമ്പില്‍ നിന്നൊപ്പം.
അറിയുന്നു ഞാനും ആ വേര്‍പാടിന്റെ നോവുകള്‍ നിന്നൊപ്പം.
സ്മരിക്കുന്നു ഞാനും ആ പുണ്യവതിയുടെ ചിന്തകള്‍ നിന്നൊപ്പം.

ajith said...

മരണം മാറ്റമില്ലാത്തത്

© Mubi said...

പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ച് നന്നായി എഴുതി....

വീണ്ടും വരാം... ആശംസകള്‍

കുഞ്ഞുറുമ്പ് said...

ഏറെക്കാലത്തിനു ശേഷം വീണ്ടും എഴുത്തുകാരിയും എഴുത്തിനെയും ഓർമിച്ചു..ഏറെ ഇഷ്ടം .. ആശംസകൾ

Nalina said...

ഞാൻ എന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗത്തിലേറെ ജീവിച്ചു തീർത്ത നഗരം എറണാകുളം ആണ്. അന്നൊക്കെ എന്റെ കയ്യെത്തും ദൂരത്ത് എന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി ഉണ്ടായിരുന്നു. ഒരു നോക്ക് കാണാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹിത്യമായാലും, സിനിമയായാലും അവരെ വായിക്കുക, അല്ലെങ്കിൽ വെള്ളിത്തിരയിൽ കാണുക. അതിലപ്പുറം നേരിട്ട് കാണാൻ ശ്രമിക്കരുത് എന്നു ഭർത്താവിന്റെ വിലക്ക് ഉള്ളതുകൊണ്ട് എന്റെ ആഗ്രഹം ഞാൻ പതിവുപോലെ ഉള്ളിലടക്കി. ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധത്തോടെ ഇന്നും അവരുടെ വരികളിലൂടെ അവരെ കാണാൻ ശ്രമിക്കുന്നു.
എച്ച്മുവിന്റെ രചനകളിലെ തുറന്നെഴുത്ത് പലപ്പോഴും മാധവിക്കുട്ടിയെ ഓർമിപ്പിക്കുന്നു. അതിനാൽ ഞാൻ എന്നും എന്റെ എച്ച്മുവിനെ സ്നേഹിക്കുന്നു .

jisha said...

Madhavikkutty ye vayichu orthangane irunnittund divasangalolam....innu onnu koody karanju...Nandi vayanubhavathinu....