അതി രാവിലെയാണ് നാട്ടിലാകെ വാർത്ത പരന്നത്.
‘തങ്കമ്യാരെ കാണാനില്ലാത്രെ‘
സത്യം പറഞ്ഞാൽ ആരുമത് വിശ്വസിച്ചില്ല.
കാരണമുണ്ട്.
സാധാരണ മനുഷ്യരെ കാണാതാകുന്ന പോലെ തങ്കമ്യാരെ കാണാതാകുമെന്ന് നാട്ടിലാർക്കും തോന്നിയിട്ടില്ല.
നാട്ടുവഴികളിൽ ആകാശത്തു നിന്ന് വീണതു പോലെയോ ഭൂമിയിൽ നിന്ന് മുളച്ചത് പോലെയോ ആണ് ആ സ്ത്രീ പ്രത്യക്ഷപ്പെടാറ്.
നരച്ച ഗോതമ്പ് നിറമുള്ള പുടവ സ്ഥിരമായി ധരിച്ചിരുന്ന അമ്യാർ ഒരിക്കലും ജാക്കറ്റിട്ടിരുന്നില്ല. വെഞ്ചാമരം പോലെ നരച്ച തലമുടിയും, സോഡാക്കുപ്പിയുടെ അടിഭാഗം വെട്ടിവെച്ചതു പോലെയുള്ള ഒരു കണ്ണടയും അവർക്കുണ്ടായിരുന്നു.
മുറുക്കും ചീടയും തേങ്കുഴലും മറ്റും നിറച്ച ഒരു കുട്ടയും ചുമന്ന് നാട്ടിലാകെ അവർ തന്റെ സാന്നിധ്യമറിയിച്ചു.
കാണുന്നവരോടെല്ലാം കുശലം ചോദിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ പോകാൻ ആരേയും അനുവദിച്ചില്ല.
താഴ്ന്ന ജാതിക്കാരെ കാണുമ്പോൾ അമ്യാർക്ക് ചില ശീലങ്ങളൊക്കെയുണ്ടായിരുന്നു. കാലം മാറിയത് അറിയാത്തതു പോലെ, അത് അംഗീകരിക്കാൻ മനസ്സില്ലാത്തതു പോലെ.
അവരെ കാണുമ്പോൾ ഭയന്ന മുഖഭാവത്തോടെ ഒതുങ്ങി വേലിയോട് ചേർന്ന് നടക്കുക, അവരിൽ നിന്ന് മുറുക്കിന്റെ പണം വാങ്ങുമ്പോൾ, നാണ്യങ്ങളാണെങ്കിൽ അവയിൽ വെള്ളം തളിക്കുക, (നോട്ടുകളിൽ വെള്ളം തളിക്കാറില്ലായിരുന്നു) അവരിൽ നിന്ന് ഒന്നും കൈയിൽ വാങ്ങുകയോ അവർക്ക് ഒന്നും കൈയിൽ കൊടുക്കാതിരിക്കയോ ചെയ്യുക, ഇങ്ങനെ ചില ശീലങ്ങൾ.
കുറഞ്ഞ ജാതിക്കാരോട്, അവരുടെ വീട്ടു വിശേഷങ്ങൾ അമ്യാർ അന്വേഷിച്ചിരുന്നില്ലെന്ന് കരുതരുത്. വിവിധ ജാതിക്കാരും തരക്കാരുമായ സ്ത്രീകളോട് മനസ്സു തുറന്ന് സംസാരിച്ച് രസിക്കുന്നതിലായിരുന്നു അവർക്ക് വിശ്രമവും ആനന്ദവും കിട്ടിയിരുന്നത്. അതു കൊണ്ട് ഇന്ന ആൾ, ഇന്ന വീട്ടിലെ കുട്ടി, ഇന്നത് ചെയ്യുന്നു എന്നൊക്കെ നല്ല നിശ്ചയവുമായിരുന്നു.
ജാതിയിൽ താഴ്ന്നവരിലെ മുതിർന്നവർ ഒരിക്കലും തങ്കമ്യാരോട് ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല.
അതുപോലെയാണോ പുതിയ തലമുറയിലെ കുട്ടികൾ?
ജാതിയുടെ പേരിൽ കോപ്രായം കാണിക്കുന്നവരെ അവർ വെറുതെ വിടുമോ?
കുട്ടികൾക്ക് വയസ്സിയുടെ ജാത്യഹങ്കാരവും ധാർഷ്ട്യവും തീരെ സഹിക്കാൻ പറ്റിയില്ല.
അവർ അമ്യാരുടെ സമീപത്തു കൂടി മന:പൂർവം നടന്നു, വഴി നിറഞ്ഞ് നിന്നു.
അപ്പോഴെല്ലാം ആ സ്ത്രീ ഒതുങ്ങി വേലിയോട് പറ്റിച്ചേരാൻ ശ്രമിച്ചു, അതുകൊണ്ട്, നിന്ന നിലയിൽ നിന്ന് അനങ്ങാനാകാതെ നാട്ടു വഴികളിൽ സ്തംഭിച്ച് നിൽക്കേണ്ടിയും വന്നു.
കുറഞ്ഞ ജാതിക്കാരിലെ മുതിർന്നവർ ‘അമ്യാരെ‘ എന്നോ ‘തമ്പുരാട്ടി‘ എന്നോ മാത്രം വിളിച്ചപ്പോൾ അവരുടെ കുട്ടികൾ അങ്ങനെ ആദരിക്കാനൊന്നും തയാറായില്ല.
അമ്പല നടയിലുള്ള കുട്ടന്റെ കടയിലെ റൊട്ടിക്കും ബണ്ണിനുമാണു കുട്ടികൾ വയസ്സിയുടെ മുറുക്കിനേക്കാൾ പ്രാധാന്യം കൊടുത്തത്.
വല്ലപ്പോഴും മുറുക്കോ മറ്റു പലഹാരങ്ങളോ വാങ്ങിയാൽ കുട്ടികൾ ഓരോരുത്തരായി ഓരോ തവണയായി അമ്യാർക്ക് ഒറ്റ രൂപയുടേയും രണ്ട് രൂപയുടേയും നോട്ടുകൾ തറയിലേക്കെറിഞ്ഞു കൊടുത്തു പോന്നു. ഓരോ തവണയും വയസ്സിക്ക് നോട്ട് പെറുക്കുവാനായി അവരുടെ മുൻപിൽ കുനിഞ്ഞ് നിവരേണ്ടിയിരുന്നു.
അപ്പോഴൊന്നും വയസ്സി കുട്ടികളോട് വഴക്കിനു പോയിരുന്നില്ല. എന്നാൽ പഴയ മുറുക്കാണെന്ന് കുട്ടികൾ കുറ്റപ്പെടുത്തുമ്പോൾ മാത്രം കൈയോങ്ങിക്കൊണ്ട് ‘നീ പോടാ രാക്ഷസാ‘ എന്ന് അലറുമായിരുന്നു. കുട്ടികളാകട്ടെ, ആ സമയം കൂക്കിയാർത്തുകൊണ്ട് ഓടിക്കളയും.
പതിനഞ്ചു വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ട ആ സ്ത്രീക്ക്, ഭർത്താവിന്റെ അമ്മയും കൂടി മരിച്ചപ്പോൾ ഏകാന്തത മാത്രമായി കൂട്ടിന്.
എനിക്ക് ഓർമ്മയുള്ളപ്പോൾ തന്നെ ഒരെഴുപത് വയസ്സുകാരിയായിരുന്ന അവർ, ഏകദേശം നാല്പത് വർഷമെങ്കിലുമായി ഒറ്റക്ക് പലഹാരങ്ങൾ ഉണ്ടാക്കി വിറ്റും ചുരുക്കം ചില ബ്രാഹ്മണഭവനങ്ങളിൽ ഭക്ഷണം പാചകം ചെയ്തു കൊടുത്തും ജീവിതം നയിക്കുകയാണ്.
നാട്ടിലെ ബ്രാഹ്മണരെല്ലാം ബോംബെക്കും മദ്രാസിലേക്കുമായി ജീവിതം പറിച്ച് നട്ടിരുന്ന കാലമായിരുന്നു അത്. ബ്രാഹ്മണരുടെ വീടുകൾ മറ്റ് ജാതിക്കാർ വാങ്ങിക്കൊണ്ടിരുന്നു.
തികഞ്ഞ ജാതി വിശ്വാസിയും കേറിക്കിടക്കാൻ സ്വന്തമായി ഒരു മുറി പോലുമില്ലാത്തവളുമായ അമ്യാർക്ക് പിന്നെ വാടക മുറികൾ മാറാതിരിക്കാൻ പറ്റുന്നതെങ്ങനെ?
ആറു മാസത്തിൽ അഞ്ച് വാടകമുറികൾ മാറേണ്ടി വന്നപ്പോൾ അവർ ശിവൻ കോവിലിന്റെ നടയിൽ നിന്ന് നെഞ്ചത്തടിച്ചുകൊണ്ട് ചോദിച്ചു. ‘ഉനക്ക് മതി വരലയാ? എന്നെ ഇപ്പടി അലയ വിടറയേ?‘
ശിവൻ ഒന്നും പറഞ്ഞില്ല.
അഞ്ചാമത്തെ വാടക മുറി കോവിലിനു പരിസരത്തിലുള്ള വാര്യത്തെയായിരുന്നു, കൊച്ചു വാരസ്യാരുടെ വാര്യം. അതൊരു ഒറ്റപ്പെട്ട കെട്ടിടമായിരുന്നു.
താമസം തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. കൊച്ച് വാരസ്യാർ എറണാകുളത്ത് താമസിക്കുന്ന മകൾക്കൊപ്പം കഴിയാൻ തന്റെ ഭർത്താവിനെയും കൂട്ടിപ്പോയി. അമ്യാർ വാടകക്ക് പാർക്കുന്നത് കൊണ്ട് വീട് കാവലും കൂടി അങ്ങോട്ട് ഏല്പിച്ച്, സമാധാനത്തോടെയാണ് വാരസ്യാർ പോയത്.
വൈകുന്നേരം കുളിച്ച്, ശിവൻ കോവിലിൽ പോയി വന്ന് അത്താഴമായ നേന്ത്രപ്പഴവും ചുക്കുവെള്ളവും കഴിച്ച്, നാളത്തെ വില്പനയ്ക്ക് വേണ്ട പലഹാരങ്ങൾ കുട്ടയിലടുക്കി വാടകമുറിയുടെ വാതിലുമടച്ചപ്പോഴാണ് അമ്യാർ മുറിയിലെ അതിഥിയെ കണ്ടത്.
മറ്റാരുമല്ല, നല്ല ഒന്നാന്തരം ഒരു മൂർഖൻ പാമ്പ്!!!
പാമ്പ് പത്തി വിതുർത്ത് അമ്യാരുടെ ഉറക്കപ്പായിൽ ചുറ്റിയിരിക്കുകയാണ്!!!
ശ്വാസം മരവിച്ചുപോയ വയസ്സി കൈയിൽത്തടഞ്ഞ പഴയ പുടവ എങ്ങനെയോ പാമ്പിനു നേരെ ആഞ്ഞെറിഞ്ഞു. പതിനെട്ട് മുഴം പുടവയിൽ ഒതുങ്ങിയ പാമ്പിനാകട്ടെ, പെട്ടെന്ന് തന്റെ ഉശിരൊന്നും കാണിക്കാൻ പറ്റിയില്ല.
ആ സമയം നോക്കി വാതിൽ തുറക്കാൻ അവർ ശ്രമിച്ചെങ്കിലും പുടവയിലകപ്പെട്ട പാമ്പ് പത്തി ഉയർത്തി ഉഗ്രമായി ചീറി. വാതിലിനു പുറകിലിരുന്ന മുണ്ടൻ വടിയെടുത്ത്, പാമ്പിനെ തലങ്ങും വിലങ്ങും പ്രഹരിക്കുമ്പോൾ അമ്യാർക്ക് ശരിക്കും ബോധമില്ലായിരുന്നു.
ഭയമാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്.
പാമ്പ്, പുടവയ്ക്കുള്ളിൽ തന്നെയിരുന്ന് സിദ്ധി കൂടി.
അതിനെ വലിച്ച് പുറത്തിടാനുള്ള മന:സാന്നിധ്യമൊന്നും വയസ്സിക്ക് ബാക്കിയുണ്ടായിരുന്നില്ല.
പാമ്പിനെ സംസ്ക്കരിക്കാതെയും കുളിച്ച് ദേഹശുദ്ധി വരുത്താതെയും പച്ചവെള്ളം പോലും കഴിക്കാൻ പാടില്ലാ എന്നു കരുതിയത് കൊണ്ട് ദാഹിച്ച് വലഞ്ഞ് ശവത്തിനു കാവലിരിക്കേണ്ടിയും വന്നു.
ഇന്നലെ വരെ കണ്ട തങ്കമ്യാരെ അല്ല പിറ്റേന്ന് മുതൽ നാട്ടുകാർ കണ്ടത്.
പാമ്പിന്റെ ശവം ദഹിപ്പിക്കണമെന്ന് അവർ വാശി പിടിച്ചു. അതും ബ്രാഹ്മണരുടെ ചുടലയിൽ തന്നെ വേണം. പ്രായശ്ചിത്തമായി എന്തും ചെയ്യാനൊരുക്കമാണ്. വാധ്യാർ പറഞ്ഞാൽ മതി. ആചാരപ്രകാരമുള്ള എല്ലാ കർമ്മങ്ങളും കഴിച്ച് പന്ത്രണ്ടാം ദിവസം അടിയന്തിരവും ചെയ്യണം.
വാധ്യാർക്ക് സത്യത്തിൽ യാതൊന്നും പിടി കിട്ടിയില്ല.
പിന്നെ അസാധാരണമായ ആ വാശി കണ്ടപ്പോൾ അദ്ദേഹം എല്ലാം സമ്മതിച്ചുവെന്നു മാത്രം.
ചുടലയിലേക്ക് സ്ത്രീകൾ മുള മഞ്ചത്തിലേറി മാത്രമേ പോകാറുള്ളൂ എന്ന ആചാരം ഓർമ്മിപ്പിച്ച് പാമ്പിന്റെ ശവഘോഷയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് വാധ്യാർ തങ്കമ്യാരെ കർശനമായി വിലക്കി. താനെല്ലാം ഭംഗിയായി ചെയ്തുകൊള്ളാമെന്ന് അദ്ദേഹം ഉറപ്പു കൊടുത്തു.
ഒരു സന്താനമില്ലാത്ത ബ്രാഹ്മണന്റെ അടിയന്തിരം നടത്തുമ്പോലെയാണു പാമ്പിന്റെ അടിയന്തിരം നടത്തിയത്. അതിനു പുറമേ തങ്കമ്യാരുടെ സുരക്ഷയ്ക്കായി പാമ്പിന്റെ രൂപമുണ്ടാക്കി പൂജിച്ച ഏലസ്സും വാധ്യാർ തയാറാക്കി നൽകി.
വയസ്സിയെ സമാധാനിപ്പിക്കാൻ വാധ്യാർക്ക് കുറേ നാടകം കളിക്കേണ്ടി വന്നു.
അദ്ദേഹത്തെ പൂർണമായും വിശ്വസിച്ച അവരാകട്ടെ ഒരു കുറവും വരുത്താതെ പണം ചെലവാക്കി, വാധ്യാർക്ക് നല്ല ദക്ഷിണയും സമ്മാനിച്ചു.
എങ്കിലും അമ്യാരിൽ വന്ന മാറ്റം കഠിനവും ദയനീയവുമായിരുന്നു.
‘പാമ്പെ കൊന്ന അമ്യാരാക്കും, നാൻ‘ എന്നു പിറുപിറുത്തുകൊണ്ട് ആ തളർന്ന രൂപം നാട്ടിടവഴികളിൽ ചുറ്റിത്തിരിഞ്ഞു തുടങ്ങി. ചുരുക്കം ചില ദിവസങ്ങളിൽ മാത്രം വല്ല മുറുക്കോ ചീടയോ അവരുടെ കുട്ടയിൽ സ്ഥാനം പിടിച്ചിരുന്നു.
ആ അനാഥയെച്ചൊല്ലി ആരും വ്യാകുലപ്പെടുവാനുണ്ടായിരുന്നില്ല.
കുട്ടികൾ അമ്യാരുടെ പുറകെ പാട്ടയും കൊട്ടി നടന്നു, അവർക്ക് തമാശക്കളി. അവർ നീട്ടിപ്പാടി,
‘പാമ്പമ്യാരേ മൊട്ടച്ചി
മുറുക്കെടുക്കടീ മൊട്ടച്ചീ
ജാക്കറ്റിടെടീ മൊട്ടച്ചീ
പാമ്പു കടിക്കൂടി മൊട്ടച്ചീ‘
ഒന്നും ശ്രദ്ധിക്കാതെ അമ്യാർ എല്ലായ്പോഴും ആ മൂർഖൻ പാമ്പിനൊപ്പം ഇഴഞ്ഞു കൊണ്ടിരുന്നു.
വീട്ടുടമസ്ഥയായ കൊച്ചു വാരസ്യാർക്കാവട്ടെ ഭയവും വേവലാതിയുമാവുകയായിരുന്നു.
ആലോചിച്ചാൽ കൊച്ചു വാരസ്യാരെയും കുറ്റം പറയാൻ പറ്റില്ല.
തലയ്ക്ക് അല്പം നൊസ്സു പോലെയുള്ള ഒരു അനാഥ തള്ളയെ വീട്ടിൽ താമസിപ്പിക്കാൻ എങ്ങനെയാണ് സാധിക്കുക? എന്തെങ്കിലും പുലിവാലുണ്ടായാൽ ആരാണു സമാധാനം പറയുക?
മൂന്നാലു ദിവസത്തിനുള്ളിൽ വാടക മുറിയൊഴിയണമെന്ന് അവർ തങ്കമ്യാരോട് പറഞ്ഞു. വളരെ സമാധാനത്തിലാണ് കൊച്ചു വാരസ്യാർ സംസാരിച്ചത്. അവരെന്നും ഒരു തികഞ്ഞ മര്യാദക്കാരിയായിരുന്നു.
അമ്യാർ കൊച്ചു വാരസ്യാരെ മിഴിച്ച് നോക്കി, ഒന്നും മനസ്സിലാകാത്തതു പോലെ, എന്നിട്ട് പുലമ്പി. ‘പാമ്പെ കൊന്ന അമ്യാരാക്കും, നാൻ.’
അതും പറഞ്ഞ് പുറത്തേക്കിറങ്ങിയ അവരെ കൊച്ചു വാരസ്യാർ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.
അമ്യാർ ശരവേഗത്തിൽ നടന്നത് ശിവൻ കോവിലിലേക്കായിരുന്നു. നേരെ നടയ്ക്കൽ ചെന്നു നിന്ന് ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്ന ശിവനോട് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു, ‘എതുക്ക് ഇപ്പടി ശെയ്തായ്? ചൊല്ലിയിരുക്കലാമേ, നീ അനുപ്പിനതാക്കുമെന്റ്. പേശാമേ വന്തിരുപ്പേനെ.‘
ശിവൻ എന്നത്തേയും പോലെ നിശ്ശബ്ദനായിരുന്നതേയുള്ളൂ.
പിന്നീട് അമ്യാരെ ആരും കാണുകയുണ്ടായില്ല.
അവരെ കാണാതായപ്പോൾ കൊച്ചു വാരസ്യാർ ആ മുറി പരിശോധിച്ചു.
പഴയ പുടവകളും പാത്രങ്ങളും പലഹാരം അടുക്കി വെക്കുന്ന കുട്ടയും മുണ്ടൻ വടിയും തറയിൽ കിടന്നിരുന്നു.
ജനൽപ്പടിയിൽ മൂന്നാലു ഒറ്റ രൂപാനോട്ടുകളും കുറച്ച് ചില്ലറയുമുണ്ടായിരുന്നു.
ഏകാന്തമായ ആ ജീവിതത്തിന്റെ ബാക്കിപത്രം പോലെ.
10 comments:
നന്നായിരിക്കുന്നു എച്മൂ. ഞങ്ങടെ നാട്ടിലെ അഗ്രഹാരത്തില്‍ ഒരു അമ്മുഅമ്യാരുണ്ടായിരുന്നു. അവരെ ഓര്‍മ്മിപ്പിച്ചു പാമ്പമ്യാര്.
kollaam...
valare original ayi thonnunnu.
evideyokeyo kollunnathu polae.
തെറ്റും ശരിയും തമ്മില്‍ വേര്തിരിവില്ലാതായ, മനസാക്ഷി അനാവശ്യവസ്തുവായ ഈ സമൂഹത്തില്‍ അറിയാതെ പറ്റിയ ഒരു കൈപ്പിഴയുടെ പാപഭാരവും ചുമന്നു മറഞ്ഞ അമ്യാര് കാലത്തോടൊപ്പം പഴംകഥയാവുകയാണ്.... നന്മയുടെ ഇത്തിരി വെളിച്ചം സൂക്ഷിക്കുന്ന ഇത്തരം നിഷ്കളങ്ക ഹൃദയങ്ങള്‍ ഇപ്പോഴുമുണ്ടാകുമോ...!? അവതരണം നന്നായിരിക്കുന്നു... !!
നന്നായി എഴുതിയിരിയ്ക്കുന്നു. പഴയ ഏതോ കാലഘട്ടത്തിന്റെ ബാക്കിപത്രം പോലെ പാമ്പമ്യാര്...
Nannayirikkunnu. Nalla ozhukkundu. Ammyarodoppam nadathiyathinu nandi. Kooduthal pratheekshakalode..
വളരെയധികം ഒറ്റപ്പെട്ടു പോയ കുറെ സ്ത്രീകളെ കണ്ടു വളർന്ന ഒരാളാണു ഞാൻ.കുറച്ച് പേർ ജീവിതത്തോട് പൊരുതി നിന്നു,കുറച്ച് പേർ തളർന്നു വീണു,ഇനിയും ചിലർ ജീവിതത്തെ പാതി വഴിയിൽ ഉപേക്ഷിച്ചു.അവരെയൊക്കെ ഓർമ്മിച്ചുകൊണ്ട് എഴുതിയപ്പോഴാണ് പാമ്പമ്യാരുണ്ടായത്.
പിന്നെ ഇപ്പോൾ ഇടക്കിടെ എന്നെ കാണാൻ വരുന്ന മഞ്ഞസ്സാരിയുടുത്ത,കറുപ്പും വെള്ളയും സാൽ വാർ കമ്മീസിട്ട,ബ്രൌണും കറുപ്പും പുള്ളിയുടുപ്പിട്ട പാമ്പുകളും കാരണമാണ്.
ജ്യോതിയ്ക്ക് സ്വാഗതം.അഭിനന്ദനത്തിനു നന്ദി.ഇനിയും വരുമല്ലോ.
ദേവനും സ്വാഗതവും നന്ദിയും അറിയിക്കുന്നു.വീണ്ടും വന്ന് പ്രോത്സാഹിപ്പിക്കുമെന്ന് കരുതട്ടെ.
ചക്കിമോളുടെ അമ്മയ്ക്കും ശ്രീക്കും സതീദേവിയ്ക്കും നന്ദി പറയുന്നു, ഇനിയും വന്ന് കമന്റ് പറയുമല്ലോ
നല്ല കഥ ..വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല .
ഏതോ ഒരു ലോകത്തില്‍ അമ്യരോടൊപ്പം അങ്ങനെ നടക്കുക ആയിരുന്നു .. ഈ എഴുത്തിന്റെ ശക്തി അദ്ഭുതം തന്നെ .
അഭിനന്ദനങ്ങള്‍ എച്മു ...
എച്ച്മുവിന്റെ ഓരോ കഥ വായിക്കുമ്പോഴും ഒരു കഥാപാത്രം മനസ്സില്‍ കുടിയേറുന്നു.
ഈ കഥ ഒന്നുകൂടി പുതിയ പോസ്റായി ഇട്ടുകൂടെ?
നല്ല കഥകള്‍ കൂടുതല്‍ പേര് വായിക്കട്ടെ.
പാമ്പമ്യാർ മനസിൽ സ്ഥാനം പിടിച്ചു.
Post a Comment