Tuesday, November 3, 2009

ഘനമുള്ള പുസ്തകം


ഏഴു വയസ്സുള്ളപ്പോഴാണ് ഞാൻ ഗ്രാമീണ വായനശാലയിൽ പോയിത്തുടങ്ങിയത്.

അമ്മീമ്മയുടെ സഹപ്രവർത്തകനായ അധ്യാപകനായിരുന്നു വായനശാലയുടെ നടത്തിപ്പിൽ പ്രധാനി. രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപും വൈകുന്നേരം സ്കൂൾ കഴിഞ്ഞതിനു ശേഷവും, അദ്ദേഹം വായനശാലയ്ക്ക് വേണ്ടി പ്രയത്നിച്ചുപോന്നു.

പുസ്തകങ്ങൾ ഗ്രാമീണ വായനക്കാർക്ക് തെരഞ്ഞെടുത്ത് കൊടുക്കുന്നതിലും അവയെ ക്റുത്യമായി രജിസ്റ്ററിലും വായനക്കാരുടെ പക്കലുണ്ടാകാറുള്ള  പച്ച നിറമുള്ള കാർഡിലും ശുഷ്ക്കാന്തിയോടെ രേഖപ്പെടുത്തുന്നതിലും മാഷ് തല്പരനായിരുന്നു. പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിലും വായനശാലയ്ക്കായി സംഭാവന പിരിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വിദൂരമായ പട്ടണങ്ങളിലും ഗൾഫിലും മറ്റും ജോലി ചെയ്തിരുന്നവരും മാഷ്ക്ക് പരിചയമുള്ളവരുമായ എല്ലാവരോടും  വായനശാലയുടെ പുരോഗതിയ്ക്ക് വേണ്ടി ഒരു മടിയും കൂടാതെ അദ്ദേഹം സഹായമഭ്യർഥിച്ചു. അതിനായി എല്ലാവർക്കും നിരന്തരം കത്തുകളെഴുതുന്നതിലും മാഷ് സാമർഥ്യം കാണിച്ചിരുന്നു.

ആ ഗ്രാമീണ വായനശാല അദ്ദേഹത്തിന്റെ മാനസ പുത്രനായിരുന്നു. ഗംഭീരമായൊരു സ്ഥാപനമായി അതിനെ വളർത്തിയെടുക്കുക എന്നതായിരുന്നു മാഷ്ടെ സ്വപ്നം.

എല്ലായിടത്തും കാണുമല്ലോ ചില അസൂയക്കാർ, അവരിവിടെയും ഉണ്ടായിരുന്നു. മാഷ്ക്ക് വായനശാലയിൽ നിന്ന് ധാരാളം ധനം ലഭ്യമാകുന്നുണ്ടെന്ന് അവർ ഒളിഞ്ഞും തെളിഞ്ഞും പറയാതിരുന്നില്ല. പക്ഷെ, ഇൻഡ്യാ മഹാരാജ്യത്തെ ഏറ്റവും വലിയ വായനശാലയായി ആ സ്ഥാപനത്തെ വളർത്തിയെടുക്കാൻ മോഹിച്ച മാഷ് ഒരു ആരോപണവും കേട്ടതായിപ്പോലും നടിച്ചില്ല.

അമ്മീമ്മ വായനശാലയുടെ ലൈഫ് മെംബറായിരുന്നു. എപ്പോൾ വേണമെങ്കിലും പുസ്തകങ്ങൾ എടുക്കുവാൻ ഒരു ലൈഫ് മെംബർക്ക് അവകാശമുണ്ടായിരുന്നു. പുസ്തകം വായിക്കുവാൻ ഞാൻ ശാഠ്യം പിടിച്ചപ്പോൾ എന്നെയും കൂട്ടി അവർ   ഒരു ദിവസം വായനശാലയിലെത്തിച്ചേർന്നു.

നാലു വയസ്സുള്ളപ്പോൾ തന്നെ മലയാളം, ഇംഗ്ലീഷ് അക്ഷരമാലകൾ തെറ്റു കൂടാതെ എഴുതുവാൻ ഞാൻ പഠിച്ച് കഴിഞ്ഞിരുന്നു. ഒന്നാം ക്ലാസ്സിലെത്തിയ എനിക്ക് രണ്ടാം ക്ലാസ്സിലെ പുസ്തകങ്ങൾ  കൂടി വായിക്കാനും നൂറ് വരെ എണ്ണാനും എഴുതാനുമൊന്നും യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. മലയാളത്തിലെപ്പോലെ ഇംഗ്ലീഷിലെയും തമിഴിലേയും ഒട്ടനവധി കുട്ടിക്കവിതകളും ഞാൻ മന:പാഠമാക്കിയിരുന്നു.

മാത്റുഭൂമി പത്രത്തിൽ വലിയ അക്ഷരങ്ങളിൽ കാണുന്ന വാർത്തകൾ ഞാൻ അഞ്ചു വയസ്സുള്ളപ്പോൾ തന്നെ വായിക്കുവാൻ തുടങ്ങി. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മൌനവായനയും എന്നെ ആഹ്ലാദിപ്പിച്ചിരുന്നു.

അമ്മീമ്മ വീട്ടിൽ സൂക്ഷിച്ച് വച്ചിരുന്ന പഴകി മഞ്ഞച്ച ആനുകാലികങ്ങൾ  പോലും ഞാൻ തപ്പിയെടുത്ത് വായിക്കാൻ ശ്രമിച്ചതോടെ എന്നെ ഒരു വായനശാലയുമായി പരിചയപ്പെടുത്തുവാൻ കാലമായെന്ന് അമ്മീമ്മയ്ക്ക് മനസ്സിലായി. സാധാരണ കുട്ടികളെപ്പോലെ അയല്പക്കങ്ങളിൽ പോയി മതി വരുവോളം കളിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്കില്ലായിരുന്നു.  അച്ഛന്റെ കുറഞ്ഞ ജാതി നിമിത്തം ഭ്രഷ്ടരായി കല്പിക്കപ്പെട്ട  ഞങ്ങൾക്ക്  ഏറെക്കുറെ ഏകാന്തമായ ബാല്യമാണുണ്ടായിരുന്നത്.

വായനയിലേക്ക് എന്നെ അടുപ്പിച്ചത് അറുത്തെടുക്കാവുന്ന ഈ ഏകാന്തതയാണ്. മറ്റ് യാതൊരു അസാധാരണത്വവും എനിക്കില്ലായിരുന്നു.  പുസ്തകങ്ങൾ എന്നെ ആകർഷിച്ചു.  എഴുതാൻ കഴിയുന്നവർക്ക് ശ്രീക്റുഷ്ണന്റേയും ശിവന്റേയും ദേവിയുടെയും ഒക്കെ മുഖച്ഛായയുണ്ടാകുമെന്ന് ഞാൻ കുട്ടിക്കാലത്ത് സങ്കല്പിച്ചുപോന്നു. പാഠപുസ്തകങ്ങളും മറ്റ് ഗ്രന്ഥങ്ങളും രചിക്കുന്നവർ നമ്മെ പോലെ  വെറും സാധാരണ മനുഷ്യരായിരിക്കുമെന്ന് കരുതാൻ എന്റെ കുഞ്ഞു മനസ്സിനു കഴിഞ്ഞില്ല. പിന്നീട്  വർഷങ്ങൾക്കു ശേഷം മദ്യപാനികളും അൽപ്പം പോലും  മര്യാദയില്ലാത്തവരുമായ എഴുത്തുകാരെ പരിചയപ്പെടേണ്ടി വന്നപ്പോഴാകട്ടെ എന്റെ ഹ്റുദയം ആയിരം നുറുങ്ങുകളായി ചിതറിത്തെറിച്ചു.

വായനശാലയിൽ മാഷ് വളരെ ഹ്റുദ്യമായ സ്വീകരണമാണു തന്നത്.

ധാരാളം പുസ്തകങ്ങൾ വായിക്കണമെന്നും അവയിൽ നിന്ന് ലഭിക്കുന്ന അറിവാണ് എന്നേക്കും നിലനിൽക്കുന്ന സമ്പത്തെന്നും മറ്റും അദ്ദേഹം പറഞ്ഞു. അമ്മീമ്മയും അദ്ദേഹവും സംസാരിച്ചതു മുഴുവൻ കേട്ടുവെങ്കിലും എല്ലാമൊന്നും എനിക്ക് മനസ്സിലായില്ല. എനിക്ക് നല്ല പുസ്തകങ്ങൾ മാഷ് എടുത്ത് തരുമെന്ന് അമ്മീമ്മ അറിയിച്ചു.

ഞാൻ വായനശാലയെ കൌതുകത്തോടെ കണ്ടു രസിക്കുകയായിരുന്നു. പുസ്തകങ്ങൾ അടുക്കിവെച്ച വലിയ അലമാരികൾ ആ മുറിയിൽ നിരന്നിരുന്നു, സാധാരണയിലധികം നീളവും വീതിയുമുള്ള മേശപ്പുറങ്ങളിലും ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഒരു വശത്തായി വർത്തമാനക്കടലാസ്സുകളും  മാസികകളുമുണ്ടായിരുന്നു. പരിചയം തോന്നിപ്പിക്കുന്ന വശ്യ സുഗന്ധം ആ മുറിയിലാകെ വ്യാപിച്ചിരുന്നു. പിന്നീട് എനിക്കേറ്റവും പ്രിയപ്പെട്ട ഗന്ധങ്ങളിൽ ഒന്നായി അതു മാറി. പഴയതും പുതിയതുമായ പുസ്തകങ്ങളുടെ മണമായിരുന്നു അത്. ഏതു പുസ്തകം കൈയിലെടുത്താലും പേജുകൾക്കുള്ളിൽ മുഖം പൂഴ്ത്തി ഈ മണമനുഭവിക്കാൻ  ഞാൻ ഇപ്പോഴും കൊതിക്കുന്നു. 

പിറ്റേന്ന് വൈകുന്നേരം വായനശാലയിൽ ചെന്ന എനിക്കും ഒരു പച്ച കാർഡും രണ്ട് പുസ്തകങ്ങളും കിട്ടി. മാഷ് നേരിട്ട് എടുത്ത് തന്ന പുസ്തകങ്ങളും പിടിച്ച് വലിയ ഗമയിൽ വീട്ടിലെത്തിയ എനിക്ക് അഞ്ചു വയസ്സുള്ള അനിയത്തിയിൽ നിന്ന് പ്രതീക്ഷിച്ചത്ര ബഹുമാനമൊന്നും കിട്ടിയില്ല. തന്നെയുമല്ല ആ പുസ്തകങ്ങൾ കൈയിലെടുത്ത് അവയുടെ പേജു നമ്പറുകൾ നോക്കിക്കൊണ്ട്, അവൾ പരമപുച്ഛത്തോടെ പറഞ്ഞു.

‘അയ്യേ, ആകെ പത്ത് പേജേ ഉള്ളൂ ഇതില്, ഇത് ഇപ്പൊ വായിച്ച് തീരും. പിന്നെ നീ എന്താ ചെയ്യാ? ഇത്ര കുഞ്ഞിപ്പുസ്തകം വേണ്ടാന്ന് പറയായിര്ന്ന്ല്ലേ മാഷോട്? ഇത് എനിക്കും കൂടി വായിക്കാൻ തെകയില്ല, പിന്നെന്താ കാര്യം? ചോറ് വെക്കണ പാത്രം പോലെ നല്ല കനള്ള ഒരു പുസ്തകം വേണ്ടേ കൊണ്ടരാൻ?

അവളുടെ കണക്ക് അങ്ങനെയാണ്, പാല് വലിയ ഗ്ലാസിലെടുക്കുമ്പോൾ അവൾക്കും കൂടി കുടിക്കാൻ തികയുമല്ലോ. അങ്ങനെ കൂടുതൽ പേജുള്ള പുസ്തകം എടുത്താലല്ലേ അവൾക്കും കൂടി വായിക്കാൻ തികയൂ. പാലും ആഹാരവും പോലെയല്ല പുസ്തകമെന്ന്  അവളെ ബോധ്യപ്പെടുത്താനുള്ള കഴിവൊന്നും എനിക്കുണ്ടായിരുന്നുമില്ല. അതു കൊണ്ട് ഞാൻ വിഷണ്ണയായി നിന്നു.

തവള രാജകുമാരി, നമ്മുടെ  ഹ്റുദയം എന്നീ രണ്ടു പുസ്തകങ്ങളും ഞാൻ  അതിവേഗം വായിച്ചു തീർത്തു. പിറ്റേന്ന് വൈകുന്നേരം സ്ക്കൂൾ വിട്ട് വന്നതിനു ശേഷം ഞാൻ വായനശാലയിൽ പോയി ഈ പുസ്തകങ്ങൾ മാഷെ ഏല്പിച്ചപ്പോൾ സിൻഡർല, ഭീമനും ബകനും എന്നീ രണ്ട് ചെറിയ പുസ്തകങ്ങൾ മാഷ് എനിക്കായി തെരഞ്ഞെടുത്ത് തരികയുണ്ടായി.

ഇത് ഒരു നിത്യപ്പതിവായി മാറുകയായിരുന്നു. മാഷ് പേജുകൾ കുറഞ്ഞ ബാല സാഹിത്യ പുസ്തകങ്ങളാണ് എനിക്ക് തന്നിരുന്നത്. എനിക്ക് കൂടുതൽ പേജുകളുള്ള ഘനം കൂടിയ പുസ്തകങ്ങൾ വായിക്കുവാൻ കലശലായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് മാഷോട് തുറന്നു പറയുവാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അയല്പക്കങ്ങളിലെ മുതിർന്ന ചേട്ടന്മാരും പത്താം ക്ലാസ്സിൽ പഠിക്കുന്നവരുമായ  മുരളിയും രമേശനുമൊക്കെ അലമാര തുറന്ന് ഘനമുള്ള പുസ്തകം എടുക്കുന്ന മാതിരി എനിക്ക് എടുക്കുവാനും സാധിക്കുന്നുണ്ടായിരുന്നില്ല. എന്നെ കാണുമ്പോഴേക്കും മാഷ് ഏതെങ്കിലും പേജു കുറഞ്ഞ പുസ്തകങ്ങൾ തരും. പിന്നെങ്ങനെയാണ് എന്റെ ആഗ്രഹം നിറവേറുക?

ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ഇന്ന് ഘനമുള്ള ഒരു പുസ്തകം വേണമെന്ന് വായ തുറന്ന് പറയണമെന്ന് തീരുമാനിച്ചിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങുകയെങ്കിലും മാഷെ കാണുമ്പോൾ എന്റെ നാവ് പശ വെച്ചതു പോലെ അനങ്ങാതിരിക്കുകയേയുള്ളൂ.

അങ്ങനെ ഒരു ദിവസമാണ് ആ അൽഭുതം സംഭവിച്ചത്. അന്നും ഞാൻ വൈകീട്ട് ഒരു അഞ്ചുമണിയോടെ വായനശാലയിലെത്തി. പുസ്തകം മാഷ്ടെ മുമ്പിൽ മേശപ്പുറത്ത് വെച്ചപ്പോൾ, എന്തോ തിരക്കായി എഴുതുകയായിരുന്ന അദ്ദേഹം  പുസ്തകം  സ്വയം തെരഞ്ഞെടുത്തോളാൻ  എന്നോട് പറഞ്ഞു. എനിക്ക് അതിശയം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. മാഷ് വലതു വശത്തെ അലമാരിയുടെ നേരെ കൈ വീശിക്കാണിക്കുക കൂടി ചെയ്തപ്പോൾ ഞാൻ സ്വയം മറന്നു പോയി. ഒറ്റ ഓട്ടത്തിനു  അലമാരിയുടെ മുമ്പിൽ ചെന്നു നിന്നു ഞാൻ പുസ്തകങ്ങൾ തെരഞ്ഞു. മാഷ് ‘പതുക്കെ പതുക്കെ‘ എന്നു പറഞ്ഞുവെങ്കിലും അതൊന്നും എന്റെ ശ്രദ്ധയിൽ പതിഞ്ഞതേയില്ല.

ഏറ്റവും ഘനമുള്ള  പുസ്തകം എടുക്കാനായിരുന്നു എന്റെ തീരുമാനം. എന്നാൽ ആ പുസ്തകം ഒന്നനക്കി നോക്കാൻ പോലും എനിക്ക് സാധിച്ചില്ല. കുറച്ച് നേരം പണിപ്പെട്ടപ്പോൾ എനിക്ക് പൊക്കിയെടുക്കാൻ പറ്റുന്ന ഒരു പുസ്തകം എന്റെ കൈയിൽ കിട്ടി. അതും പിടിച്ച്  ഭൂലോകം കീഴടക്കിയ ഗമയിൽ ഞാൻ മാഷ്ടെ സമീപം ചെന്നു. മാഷ് പുസ്തകം വാങ്ങി ഒന്നും പറയാതെ കാർഡിൽ രേഖപ്പെടുത്തി തന്നപ്പോൾ എനിക്കുണ്ടായ ആഹ്ലാദത്തിനതിരുകളില്ലായിരുന്നു.

ഞാൻ വീട്ടിലേക്ക് ഓടി, ആ വലിയ പുസ്തകം കാണിച്ച് അനിയത്തിയുടെ മുമ്പിൽ ഒരു ആളാകണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ  എന്റെ കഷ്ടകാലത്തിന് അവൾക്കപ്പോൾ ഇലക്ട്രീഷ്യൻ ട്യൂബ് ലൈറ്റ് ഘടിപ്പിക്കുന്നതും നോക്കി നിൽക്കാനായിരുന്നു താല്പര്യം. പോരാത്തതിന് അയാളുടെ ടൂൾ ബോക്സും അവളുടെ കൈയെത്തുന്ന അകലത്തിലുണ്ടായിരുന്നു. ഞാൻ പുസ്തകം കാണിച്ച് വിളിച്ചിട്ടും അവൾ വന്നില്ല. എന്തായാലും കഥയെന്താണെന്നറിയാൻ വരുമല്ലോ കുറച്ച് കഴിഞ്ഞാൽ, അപ്പോൾ ഘനമുള്ള പുസ്തകവും വായിച്ചുകൊണ്ട് കുറച്ച് നേരമെങ്കിലും അവളെ ശ്രദ്ധിക്കാത്ത മട്ടിലിരിക്കണമെന്നു ഞാൻ തീരുമാനിച്ചു.

ഞാൻ പുസ്തകം ബാലൻസു ചെയ്ത് പിടിച്ചു കൊണ്ട് വായിക്കാനാരംഭിച്ചു.

എനിക്ക് യാതൊന്നും മനസ്സിലായില്ല.

അതിൽ ഞാനുദ്ദേശിച്ചതു പോലെ ഒരു കഥയുണ്ടായിരുന്നില്ല. കുട്ടിക്കവിതകളോ പാട്ടുകളോ ഉണ്ടായിരുന്നില്ല. അതിന് ഒരു ക്രമമോ തുടർച്ചയോ ഇല്ലായിരുന്നു. ചെറിയ അക്ഷരങ്ങളിൽ എന്താണ് ഇത്രയധികം എഴുതി വെച്ചിരിക്കുന്നതെന്ന് എനിക്ക് തീരെ മനസ്സിലായില്ല. പുസ്തകം മലയാള അക്ഷരങ്ങളിലാണ് എഴുതപ്പെട്ടിരുന്നത്. അതീവ ശ്രദ്ധയോടെ ഓരോ അക്ഷരമായി വായിച്ച് നോക്കിയിട്ടും ഒന്നും മനസ്സിലാക്കാൻ സാധിച്ചില്ല.

എന്തിനാണ് ഘനമുള്ള പുസ്തകം ആളുകൾ വായിക്കുന്നത്? 

ഞാൻ തളർന്നു, എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഘനമുള്ള പുസ്തകം ഇത്രയധികം ദ്രോഹിക്കുമെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഞാനീ ഏർപ്പാടിനു പോവില്ലായിരുന്നു.

എനിക്ക് മാഷോടും പിണക്കമുണ്ടായി. മാഷ്ക്ക് എന്നോട് പറയാമായിരുന്നില്ലേ ഈ പുസ്തകം കൊണ്ടുപോകേണ്ടെന്ന്, വായിച്ചാലൊന്നും മനസ്സിലാകുകയില്ലെന്ന്………

പുസ്തകത്തെപ്പോലെ മാഷും എന്നെ പറ്റിച്ചു.

ഞാൻ അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് അച്ഛനും അമ്മയും വന്നത്. എന്റെ കൈയിലിരുന്ന പുസ്തകമെന്താണെന്ന് അച്ഛൻ അന്വേഷിച്ചു,

‘ഒന്നും മനസ്സിലാവാത്തൊരു പുസ്തകാ ഇന്നു വായനശാലേന്ന് ഞാനെടുത്തത്‘   നിറഞ്ഞ കണ്ണുകളോടെയുള്ള എന്റെ ഉത്തരം കേട്ടപ്പോൾ അച്ഛൻ ആ തടിയൻ പുസ്തകം വാങ്ങി പേജുകൾ മറിച്ചു.

പിന്നെ കേട്ടത് വീടാകെ കുലുങ്ങുന്ന മാതിരി ഒരു പൊട്ടിച്ചിരിയാണ്.

ആ പുസ്തകം ഒരു നിഘണ്ടുവായിരുന്നു.

16 comments:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ചില കനപ്പെട്ട പുസ്തകങ്ങള്‍‌ ഇപ്പോഴുമില്ലേ? കണ്ടുകൊതിച്ച് മോഹിച്ചെടുത്ത് അവസാനം നിരാശപ്പെടാറില്ലേ? ഈ കുട്ടിത്തം മാറാത്തത് വലിയ പ്രശ്നം തന്നെ എന്നും തോന്നാറില്ലേ?

ശ്രീ said...

ഹ ഹ. അവസാനം ഞാനും അറിയാതെ ചിരിച്ചു പോയി. നല്ല ഓര്‍മ്മകള്‍!

"ഏതു പുസ്തകം കൈയിലെടുത്താലും പേജുകൾക്കുള്ളിൽ മുഖം പൂഴ്ത്തി ഈ മണമനുഭവിക്കാൻ ഞാൻ ഇപ്പോഴും കൊതിക്കുന്നു"

ഈ സ്വഭാവം എനിയ്ക്കുമുണ്ട്, കേട്ടോ. :)

മുകിൽ said...

Nalla katha. rasakaram. idakku nenjil neeral tharatha, inganeyulla oronnu kanunnathu, valare santhosham.

tt said...

Anubhawngal, Eva, sariyaya reethiyil sukshichuvachal, Jeevitathiley Nidhikalay marum. Asooya thonnunnathra adhhikam ormakal/anubhawangal undennunnu thonnunnu. Pinne thante kayyil oru nidhiyundennu oral paranjal oralum viawasikkilla.

Ooro ezhuthum, Kadhakalum vayikkumbozhum asooya kalarnna oru aviswasaneeyatha baki nilkunnu. Chilappol oru tharattu pole, Chilappol duswapnangal poley ....Iniyum ezhuthanam, ellam, .....

ഗൗരിനാഥന്‍ said...

പാവം എച്ചുകുട്ടി

ശ്രീ ഇടശ്ശേരി. said...

ഹൊ ആ മഷക്ക് അതൊന്നു നോക്കാമായിരുന്നു, പക്ഷെ അപ്പോ ഈ ചിരി ഇല്ലാതാവില്ലേ..
നന്നായിരിക്കുന്നു, വിവരണം.

said...

നിഘണ്ടു വായന രസകരമായിരുന്നു....!! കുട്ടികാലത്തു എപ്പോഴും പഠിക്കാന്‍ പറഞ്ഞിരുന്ന മുത്തശ്ശിയെ പറ്റിച്ചിരുന്നതു ഇതുപോലെ ഒരു നിഘണ്ടുവില്‍ തല പൂഴ്തിയിരുന്നാണ്‌... ഒരു നാള്‍ കളവു പിടിക്കപ്പെട്ടപ്പോള്‍ പുതിയ വാക്കുകള്‍ കാണാതെ പഠിക്കയാണെന്നു പറഞ്ഞു വീണ്ടുമൊരു കള്ളം രക്ഷപെടുത്തിയതും ഇന്നലത്തെ പോലെ.... !!

Echmukutty said...

ജ്യോതിക്കും സ്വഭാവങ്ങളിലൊന്നിൽ സാദ്റ്ശ്യം പുലർത്തുന്ന ശ്രീക്കും പ്രത്യേകം നന്ദി. വീണ്ടും വരുമല്ലൊ.

സതിയ്ക്ക് രസകരമായിത്തോന്നിയ ഒരു പോസ്റ്റിടാൻ കഴിഞ്ഞതിൽ സന്തോഷം.

ടിടി ക്ക് സ്വാഗതം.പ്രോത്സാഹനത്തിനു വളരെയേറെ നന്ദി പറഞ്ഞൂ കൊള്ളട്ടെ. പ്രതീക്ഷകൾക്കൊത്ത് എഴുതാൻ എനിക്കും കഴിവുണ്ടാകട്ടെ.

ഗൌരിനാഥനെ കണ്ടതിൽ ആഹ്ലാദം.

ശ്രീ ഇടശ്ശേരിക്ക് സ്വാഗതം. അഭിപ്രായത്തിനു നന്ദി.വീണ്ടും വരുമല്ലൊ.

ചക്കിമോൾടെ അമ്മ ഓർമ്മകൾ പങ്കിട്ടതിൽ സന്തോഷം. ഇനിയും വരുമല്ലോ.

പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി.

ദിയ കണ്ണന്‍ said...

hehe..nice.. :)

Echmukutty said...

ദിയയ്ക്ക് രസകരമായിത്തോന്നിയെന്നതിൽ സന്തോഷം. ഇനിയും ഈ വഴിക്ക് വരുമല്ലോ.

ഉപാസന || Upasana said...

വായന വളരെ നേരത്തേ തുടങ്ങിയിരുന്നല്ലോ. എഴുത്തില്‍ കാണാനുണ്ട് അത്..
:-)

പട്ടേപ്പാടം റാംജി said...

ധാരാളം പുസ്തകങ്ങൾ വായിക്കണമെന്നും അവയിൽ നിന്ന് ലഭിക്കുന്ന അറിവാണ് എന്നേക്കും നിലനിൽക്കുന്ന സമ്പത്തെന്നും മറ്റും അദ്ദേഹം പറഞ്ഞു.

മാഷ്‌ പറഞ്ഞ എല്ലാം കൃത്യമാണെന്ന് ഇന്നിപ്പോള്‍ തെളിയിച്ചു അല്ലെ. നമ്മള്‍ ഇഷ്ടപ്പെടുന്നവര്‍ (ആരായാലും)നമ്മുടെ സങ്കല്പങ്ങല്‍ക്കെതിരായി അവരില്‍ കാണുന്ന നമ്മള്‍ അവരെക്കുറിച്ച് മനസിലാക്കുന്ന സ്വഭാവങ്ങള്‍ നമ്മളില്‍ നിരാശ ജനിപ്പിക്കുന്നു അല്ലെ.
ഞാനും സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ മുഴുവന്‍ സമയവും ലൈബ്രറിയുമായി ബന്ധപ്പെട്ടാണ് നീങ്ങിയിരുന്നത്. ഒരു ആവരേജില്‍ താഴെ മാത്രം ചിന്തകളുണ്ടായിരുന്ന എനിക്ക് നല്ല വായന ഉണ്ടായിരുന്നില്ല. ഒരു പാട് വായിച്ചിരുന്നു. ഹൈസ്കൂള്‍ കാലഘട്ടത്തില്‍ ലൈബ്രറിക്കു വേണ്ടി പുസ്തകങ്ങള്‍ സംഘടിപ്പിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് സ്കൂള്‍ സമയം കഴിഞ്ഞ് ഞാന്‍ ചിലവഴിച്ചിരുന്ന ബാക്കി സമയങ്ങള്‍. ഒരു പാട് നാള്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് ലൈബ്രറെറിയന്‍ ആയും പിന്നീട് ലൈബ്രറി സെക്രട്ടറിയായും തുടര്‍ന്നിട്ടുണ്ട്. അന്ന് പക്ഷെ എന്റെ നാടിന്റെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഈ ലൈബ്രറിയാണ് ഇടപെട്ടിരുന്നത്. വളരെ ക്ലേശങ്ങള്‍ അനുഭവിച്ചാണ് അന്നത് നിലനില്ത്തി പോന്നിരുന്നത്. ഞാനായിരുന്നു അതിലെ ഒരു കൊച്ചുപയ്യന്‍. ഇപ്പോളത് സ്വന്തമായി ഒരു രണ്ടുനില കെട്ടിടവും നിറയെ പുസ്തകങ്ങളും ഉള്ള ഒന്നായി ഞങ്ങളുടെ നഗരത്തിന്റെ ഹൃദയഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ പഴയത് പോലെ വായനക്കാര്‍ ഉണ്ടെന്നതും വളരെ സന്തോഷം നല്‍കുന്നു.ഞങ്ങളുടെ താഷ്ക്കന്റ്റ്‌ തിയ്യറ്റേഴ്സ് & ലൈബ്രറി ഇവിടെ കാണാം.
ഇത് വായിച്ചപ്പോള്‍ ഞാന്‍ ഒരുപാട് എന്റെ ചെറുപ്പത്തിലെ ഓര്‍മ്മകളില്‍ ഒരു പൊങ്ങുതടി പോലെ ഞാന്‍ ഒഴികിയോഴുകി പോയി.
അഭിനന്ദനങ്ങള്‍.

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
ente lokam said...

അവള്‍ക് അപ്പോള്‍ ട്യൂബ് ഫിറ്റ്‌ ചെയ്യന്ന electricianum ടൂള്‍ boxum ആയിരുന്നു താല്പര്യം. എല്ലാം കഴിഞ്ഞു നിഘണ്ടുവില്‍
തല പൂഴ്ത്തി എച്മു ഇരുന്നു.ഘനം
കൂടിയാ ബുക്കും ആയി...നല്ല എഴുത്ത്..
അഭിനന്ദനങ്ങള്‍.

ajith said...

ആഹാ...

സുധി അറയ്ക്കൽ said...

വായനയെ സ്നേഹിക്കുന്ന ഒരു കൊച്ചുകുട്ടി നേരിട്ട്‌ പരിഭവം പറയുന്ന ഒരു ഫീൽ.

വായനശാലയിൽ നിന്നും പുസ്തകം വേണമെന്ന നാലാം ക്ലാസ്സുകാരന്റെ ശല്യം സഹിക്കാൻ വയ്യാതെ അച്ഛൻ എനിക്ക്‌ കൊണ്ടുവന്നു തന്നത്‌ എൻ.എസ്‌.മാധവന്റെ ചൂളൈമേടിലെ ശവങ്ങൾ ആണു.കുഞ്ഞ്‌ എച്മു ഡിക്ഷ്ണറിക്ക്‌ മുന്നിൽ കണ്ണു നിറഞ്ഞിരുന്നതു പോലെ ഞാനും ഇരുന്നു...ഒന്നും മനസിലാകാതെ.പിന്നെ വായിച്ച്‌ കൂട്ടിയതിനു കയ്യും കണക്കുമില്ല.

കേട്ടാൽ ഭ്രാന്തെന്ന് തോന്നുന്ന ഒരു കാര്യം പറയട്ടെ.
ഡീസി കിഴക്കേമുറിയുടെ കാലത്ത്‌ ഡിസി ബുക്സിൽ നിന്നും ഇറങ്ങുന്ന പുസ്തകങ്ങൾക്ക്‌ കൊതിപ്പിക്കുന്ന ,കടിച്ചു തിന്നാൻ തോന്നുന്ന മധുരവും,ആസ്വാദ്യതയുമുണ്ടായിരുന്നു.പിന്നീട്‌ രവി ഡീസി ഇറക്കുന്നവയ്ക്ക്‌ ആ മണം ഇല്ലാതെ വന്നപ്പോൾ വായന ക്രമേണ എന്നിൽ നിന്നും അകന്നു പോയി.
ഇപ്പോൾ ബ്ലോഗിലൂടെ ഞാൻ പണ്ടത്തേതിലും വലിയ വായനക്കാരനായിരിക്കുന്നു.