Sunday, March 14, 2010

…..മ്പ് രാൻ നായർ

https://www.facebook.com/echmu.kutty/posts/159301277582508

സൌന്ദര്യമെന്നാൽ കലാബോധവും വ്റുത്തിയും ലാളിത്യവുമാണെന്ന്  വിശ്വസിച്ചിരുന്ന അപൂർവം മനുഷ്യരിൽ ഒരാളായിരുന്നു …മ്പ് രാൻ നായർ.

മഞ്ഞു പോലെ വെളുത്ത മുണ്ടും ബനിയനും ധരിച്ച്, ഷേവ് ചെയ്ത് മിനുക്കിയ കവിളുകളുമായി തികച്ചും പ്രസന്നമായ മുഖത്തോടെ മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. അദ്ദേഹത്തെ ചൂഴ്ന്ന് എപ്പോഴും വ്റുത്തിയുടെയും വെടിപ്പിന്റേതുമായ ഒരു സുഗന്ധമുണ്ടായിരുന്നു. എല്ലാവരോടും വളരെ സൌമ്യ മധുരമായി  സംസാരിക്കുമ്പോൾ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുള്ളവർ പോലും നിശ്ശബ്ദരായിത്തീരാറുണ്ടായിരുന്നു.

സൈന്യത്തിൽ നിന്ന് പിരിഞ്ഞു പോന്ന ഒരു വെപ്പുകാരനായിരുന്നു നായർ. 

അദ്ദേഹത്തിന്റെ ക്റുശഗാത്രിയായ ഭാര്യ സംസാരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ആടെ, ഈടെ, വന്നിനാ, പോയിനാ എന്നൊക്കെയുള്ള ഭാഷാപ്രയോഗങ്ങൾ ഗ്രാമീണരെ പലപ്പോഴും ചിരിപ്പിച്ചു.

പിരിഞ്ഞപ്പോൾ കിട്ടിയ പണം കൊടുത്താവണം അദ്ദേഹം ഗ്രാമത്തിൽ ചെറിയ വീടുള്ള ഒരേക്കർ പറമ്പ് വാങ്ങിച്ചത്. കുട്ടികളില്ലാത്ത ആ ദമ്പതിമാർ ഗ്രാമീണരുടെ കൌതുക കഥാപാത്രങ്ങളായിരുന്നു.

നായരുടേയോ ഭാര്യയുടേയോ കുടുംബക്കാരായി ആരും തന്നെ ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. നമ്മളൊക്കെ ഇപ്പോൾ വൻ നഗരങ്ങളിൽ ഒരു ഫ്ലാറ്റ് വാങ്ങി തികച്ചും അപരിചിതരായി  നഗരത്തിൽ എത്തിപ്പെടുന്നത് പോലെ അവർ പത്തു മുപ്പത്തഞ്ച് കൊല്ലം മുൻപ് ഞങ്ങളുടെ ഗ്രാമത്തിൽ വന്നു ചേർന്നു.

ഗ്രാമീണരിലധികവും കർഷകരായിരുന്നു. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തവർ. പരിഷ്ക്കാരമൊന്നും അവരെ തീരെ ബാധിച്ചിരുന്നില്ല. അവരുടെ വസ്ത്രങ്ങളിൽ എപ്പോഴും ചെളിയും കറയും പുരണ്ടിരുന്നു. സ്ഥിരമായി ഷേവ് ചെയ്യലോ നഖം മുറിക്കലോ ഒന്നും അവർക്ക് പരിചിതമായിരുന്നില്ല. മേൽക്കുപ്പായമോ പാദരക്ഷകളോ ധരിക്കുന്ന പുരുഷന്മാർ വളരെ വിരളമായിരുന്നു. ദേവുവമ്മയുടെ ചായക്കടയിലിരുന്ന് ചിലരൊക്കെ പത്രം വായിക്കാൻ ശ്രമിച്ചിരുന്നതാണ് ഗ്രാമീണരിൽ ആകെക്കൂടി ഉണ്ടായിരുന്ന ഒരു പരിഷ്ക്കാരം.

അവിടെക്കാണ് നായരും ഭാര്യയും താമസിക്കാനെത്തിയത്.

അവർ ഇരുവരും സ്വന്തം പറമ്പിൽ പകലന്തിയോളം ജോലി ചെയ്തു. കുറച്ച് കാലം കഴിഞ്ഞപ്പോൾ നല്ലൊരു പൂന്തോട്ടവും ഒന്നാന്തരമൊരു പച്ചക്കറിത്തോട്ടവും ആ പറമ്പിൽ പ്രത്യക്ഷപ്പെട്ടു. എത്ര നേരം ജോലി ചെയ്താലും അവരുടെ ഉടുപ്പുകളിൽ ചെളി പിടിച്ചിരുന്നില്ല. പണി ആയുധങ്ങളും അവരെപ്പോലെ വെടിപ്പുള്ളവയായിരുന്നു.

വീടിന്റെ വാതിലുകൾക്കും ജനലുകൾക്കും നേർത്ത തുണി കൊണ്ടുള്ള കർട്ടനും വരാന്തയിലെ കൊച്ച് മേശപ്പുറത്ത് ഒരു പിച്ചള മൊന്തയിൽ ഒരു കുല പൂക്കളും അദ്ദേഹം എന്നും സജ്ജീകരിച്ചിരുന്നു. ചെമ്പരത്തിപ്പൂക്കൾ കൊണ്ടും കൂവളക്കായ കൊണ്ടുമുള്ള സർബത്തുകൾ നല്ല ഭംഗിയുള്ള ചില്ലു ഗ്ലാസ്സുകളിൽ പകർന്ന് കൊടുത്ത് നായരുടെ ഭാര്യ എല്ലാവരേയും സൽക്കരിച്ചു.

ഇതൊക്കെ കണ്ട് ഗ്രാമീണർ അൽഭുതം കൂറി.

ഭംഗിയായി അലങ്കരിച്ച സ്വീകരണമുറിയും ഊണുമുറിയും ചില്ലു ഗ്ലാസ്സുകളും കനം കുറഞ്ഞ പിഞ്ഞാണപ്പാത്രങ്ങളും ഒക്കെയുള്ള ചുരുക്കം ചില ഭവനങ്ങളേ അക്കാലത്ത് ഗ്രാമത്തിലുണ്ടായിരുന്നുള്ളൂ. ആ വീട്ടുകാരൊക്കെ വളരെ പഴയ കാലത്തേ സ്ഥാനികളും പഠിപ്പുള്ളവരും സ്വത്തുള്ളവരുമായിരുന്നു.

അവരെപ്പോലെയാണോ പട്ടാളക്കാർക്ക് കാളയിറച്ചിയും മറ്റും വെച്ച് കൊടുത്ത് പുട്ടടിച്ചിരുന്ന നായർ?

‘അവന്റെ ഒലക്കേമ്മ്ലെ ഒരു പരിശ്ക്കാരം‘ എന്ന് ഗ്രാമീണർ നായരെ രഹസ്യമായി പരിഹസിച്ചു.

അല്ലാ, അവരെ കുറ്റപ്പെടുത്തുന്നതിലും അർത്ഥമൊന്നുമില്ല. കാരണം എല്ലാവരും ചെയ്യാൻ മടിയ്ക്കുന്ന  ചില കാര്യങ്ങളൊക്കെയാണ് നായർ പരിശീലിച്ചിരുന്നത്.

ഉദാഹരണത്തിന് പറമ്പിൽ വീഴുന്ന ചപ്പും ചവറുമൊക്കെ കത്തിയ്ക്കാതെ തെങ്ങിന്റേയും മറ്റ് മരങ്ങളുടേയും ചുവട്ടിൽ കുഴിച്ചു മൂടുക, പുല്ലും കളകളും പറിയ്ക്കാതിരിയ്ക്കുക, ഒരു രാസവളവും ഉപയോഗിയ്ക്കാതിരിയ്ക്കുക, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളൊന്നും വാങ്ങാതിരിയ്ക്കുക…… എന്നു വേണ്ട അദ്ദേഹം കാണിയ്ക്കുന്നതൊന്നും ആർക്കും തന്നെ  അത്ര പിടിച്ചിരുന്നില്ല. പുല്ലും കളയും പറിയ്ക്കാത്ത ആ പറമ്പിൽ മൂർഖൻ പാമ്പുകൾ യഥേഷ്ടം വിഹരിയ്ക്കുന്നുണ്ടാവുമെന്ന് ഗ്രാമീണർ ഭയപ്പെട്ടു.

ഒരു തേക്ക് കൊട്ട വച്ചോ, മോട്ടോർ വെച്ചോ വെള്ളം കിണറ്റിൽ നിന്ന് എടുത്ത് , പറമ്പിൽ ആണികൾ (ചാലുകൾ) കീറി നനയ്ക്കുന്നതിനു പകരം നായർ മൺകുടങ്ങളിൽ വെള്ളം നിറച്ച് ഒരു തിരിയുമിട്ട് ചെടികളുടെ തടത്തിൽ വെച്ച് പോന്നു. എന്നിട്ടും പറമ്പിലെ ചെടികൾക്കൊന്നും ഉണക്കം ബാധിച്ചില്ല എന്നത് ഒരൽഭുതമായിരുന്നു.

പുകയിലക്കഷായം സ്പ്രേ ചെയ്തും കീടങ്ങളെ കൈ കൊണ്ട് പെറുക്കിക്കളഞ്ഞും ചില ഉറുമ്പുകളെ വളർത്തിയുമൊക്കെയായിരുന്നു അദ്ദേഹം ആധുനിക കീട നാശിനികളെ ഒഴിവാക്കിയിരുന്നത്.

പക്ഷിക്കാഷ്ഠവും നാൽക്കാലികളുടെ വിസർജ്യവും വളമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ മനുഷ്യ വിസർജ്യവും ഒരു വളമാണെന്ന് നായർ പറഞ്ഞപ്പോൾ ഗ്രാമീണർക്ക് ഛർദ്ദിയ്ക്കാൻ തോന്നി. ഡൽഹിയും ബോംബെയും പോലെയുള്ള വൻ നഗരങ്ങളിൽ അത്തരം വളവും കിട്ടുമെന്നും അത് നമുക്ക് വീടുകളിൽ നാറ്റമൊന്നുമില്ലാതെ തയാറാക്കാനും ഉപയോഗിയ്ക്കാനും പറ്റുമെന്നും  അത് അദ്ദേഹം എല്ലാവർക്കും പഠിപ്പിച്ച് തരാമെന്നും പറഞ്ഞപ്പോൾ ഗ്രാമീണർ കാർക്കിച്ച് തുപ്പി.

ഇതെല്ലാം കേട്ട്, നായരുടെ യാതൊരു സഹായവും ചോദിയ്ക്കാതെ കീഴാറ്റിലെ ഗോപാലൻ നായർ ഒരു പണി പറ്റിച്ചു. വളമാണെന്നല്ലേ പറഞ്ഞത്?

എന്നാൽ ശരി. കുറെ വളം ഗോപാലൻ നായർ സ്വന്തം പറമ്പിലെ മരങ്ങളുടെ കടയിൽ ഇട്ടു കൊടുത്തു.

അതൊരു വൻ പ്രശ്നമായി മാറി. അസഹനീയമായ ദുർഗന്ധം നാലുപാടും പരന്നു.

കീഴാറ്റിലെ വീട്ടിൽ പോയ പക്ഷികളേയും ജന്തുക്കളേയും വേർതിരിച്ചറിയാൻ പറ്റാതെ ഗ്രാമീണർ കുഴങ്ങി.

കിണറിന്റെ വക്കത്ത് ഒരു പൂച്ച വന്നിരുന്നാലും പനമ്പിൽ ഉണക്കാനിട്ട നെല്ലിനു മുകളിലൂടെ കാക്ക പറന്നാലും എല്ലാവരും പരിഭ്രമിയ്ക്കും.

വേറൊന്നും കൊണ്ടല്ല. കീഴാറ്റിലെ വളത്തിൽ ഇരുന്നിട്ടാണോ പൂച്ചയും കാക്കയുമൊക്കെ വരുന്നതെന്ന് ആർക്കറിയാം.?

കോപാകുലരായ ഗ്രാമീണർ മനുഷ്യരുടെ വിസർജ്യം വളമാണെന്ന് പഠിപ്പിച്ച വെപ്പുകാരൻ നായരെ ‘തീട്ടമ്പ് രാൻ നായർ‘ എന്നു വിളിച്ചു.

ഗ്രാമത്തിലെ കുറുമ്പന്മാരായ കുട്ടികൾ സൌകര്യം കിട്ടുമ്പോഴെല്ലാം ആ പേരു വിളിച്ച് അദ്ദേഹത്തെ ചൊടിപ്പിച്ചുകൊണ്ടിരുന്നു.

ഗോപാലൻ നായർ മരങ്ങൾ ഉണങ്ങിയെന്നും പറഞ്ഞ് …മ്പ് രാൻ നായരെ തല്ലാൻ ചെന്നു.

ഗ്രാമസേവകനും നായരെക്കൊണ്ട് വല്ലാതെ പൊറുതി മുട്ടി. അയാൾ വിളിച്ച് കൂട്ടിയിരുന്ന എല്ലാ മീറ്റിംഗുകളിലും നായർ പങ്കെടുത്തു. ഗ്രാമീണർക്ക് തന്റെ ആശയങ്ങളോട് അത്ര അനുഭാവമൊന്നുമില്ലെന്നറിഞ്ഞിട്ടും, ആധുനിക ക്റുഷി രീതികൾ ഭാവിയിൽ വരുത്തിയേക്കാവുന്ന കുഴപ്പങ്ങളെ കുറിച്ച്  അദ്ദേഹം വാചാലമായി സംസാരിച്ചു. എത്ര എതിർപ്പുണ്ടെങ്കിലും നല്ല വടിവൊത്ത മലയാളത്തിൽ നായർ സംസാരിയ്ക്കുമ്പോൾ എല്ലാവരും  വായും തുറന്ന് കേട്ടിരുന്നു പോകും.

അദ്ദേഹത്തെ തോൽപ്പിയ്ക്കാൻ  ഒടുവിൽ  ഗ്രാമീണർ ഒരു വിദ്യ കണ്ടു പിടിച്ചു.

‘അതേയ് കുട്ട്യോളും മക്കളും ല്ലാത്ത ങ്ങ്ക്ക് ഇങ്ങ്നെ പരിശ്ക്കാരൊക്ക്യാവാം. ഒന്നും തോനെണ്ടായില്യാച്ചാലും കൊഴപ്പൊന്നൂല്യാ. രണ്ടാള്ള് തന്ന്ല്ലേള്ളൂ. അത് പോല്യാ ഞങ്ങടെ കാര്യം? മക്കൾടെ അണ്ണാക്കിൽക്ക് വല്ലതും വച്ച് കൊടുക്ക്ണ്ടേ? പാടത്ത്ന്നും പറ്മ്പ്ന്നും വല്ലതും കാശായ്ട്ട് കിട്ടീറ്റ് വേണ്ടേന്നും അവറ്റോളെ വല്ല ഷ്ക്കോള്ളും വിടാൻ?’

അമ്മീമ്മയുമായി തന്റെ  കാർഷിക സങ്കല്പങ്ങൾ ചർച്ച ചെയ്യുവാൻ നായർ ഇഷ്ടപ്പെട്ടു. അമ്മീമ്മയുടെ പറമ്പിലെ ആസ്ഥാന പണിക്കാരനായിരുന്ന ഗോവിന്നന്റെ പിന്തുണയാർജ്ജിക്കുവാൻ അദ്ദേഹത്തിന് ഒട്ടും തന്നെ വിഷമക്കേണ്ടി വന്നില്ല.

വീട്ടിലേയ്ക്ക് വരുമ്പോഴെല്ലാം കുട്ടികളായ ഞങ്ങൾക്ക്, തിന്നുവാൻ പൊട്ട് വെള്ളരിയ്ക്കയോ ചുട്ട നേന്ത്രക്കായോ ഒരൽപ്പം അവലോ അദ്ദേഹം കൊണ്ടു വന്നിരുന്നു. ഞങ്ങളുടെ പഠനത്തെക്കുറിച്ച് അറിയുവാനും അദ്ദേഹവും ഭാര്യയും താല്പര്യം കാണിച്ചിരുന്നു.

തക്കാളി കൊണ്ട് താറാവിനേയും പാവയ്ക്ക കൊണ്ട് ചീങ്കണ്ണിയേയും ഉണ്ടാക്കുവാൻ അദ്ദേഹത്തിന്റെ ഭാര്യ എന്നേയും അനിയത്തിയേയും പഠിപ്പിച്ചു. കൈലേസുകളിൽ അതി മനോഹരമായി പൂക്കൾ തുന്നുവാനും അവർക്കറിവുണ്ടായിരുന്നു.

തികഞ്ഞ കലാബോധമുള്ള, കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള, നല്ല മനുഷ്യരായിരുന്നു അവർ രണ്ടു പേരും.

അത്തരമൊരു വൈകുന്നേരമാണ് ഞാനും അനിയത്തിയും സൈക്കിൾ ഓടിയ്ക്കാൻ പഠിയ്ക്കണമെന്ന് നായർ നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ വീട്ടിൽ പോയാൽ മതിയെന്നും എളുപ്പത്തിൽ പഠിപ്പിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു.

‘മുക്കിലിരിയ്ക്കണ കുറ്റിച്ചൂല് പോലെയാവരുത് പെൺകുട്ട്യോള്. നല്ലോണം ശരീരനങ്ങി കാര്യങ്ങൾ ചെയ്യണം. സൈക്കിൾ ചവിട്ടാനും നീന്താനും ഒക്കെ പഠിയ്ക്കണം. കാലിനും കൈയിനും ബലള്ള പെങ്കുട്ട്യോൾക്ക് സ്വരക്ഷയ്ക്ക് വെഷമം വരില്ല. നല്ല ആരോഗ്യള്ള ശരീരത്തില് നല്ല ആരോഗ്യള്ള മനസ്സ്ണ്ടാവും. അയ്യോ പെങ്കുട്ട്യോളല്ലേ, അതെട്ക്കണ്ട, ഇതെട്ക്കണ്ട, അങ്ങ്ട് നോക്ക്ണ്ട, ഇങ്ങ്ട് നോക്ക്ണ്ട എന്ന് പറയണത് കേക്കാനേ പാടില്ല. സ്വന്തം കാലുമ്മേ ചങ്ക് ഒറപ്പോടെ നിൽക്കണം.’

അദ്ദേഹത്തിന്റെ ഉത്സാഹം കണ്ടപ്പോൾ അമ്മീമ്മ ഞങ്ങളെ സൈക്കിൾ പഠിയ്ക്കുവാനയച്ചു.

അടിമുടി വെടിപ്പും വ്റുത്തിയും തുളുമ്പുന്ന ആ വീട് ഞങ്ങളെ അൽഭുതപ്പെടുത്തി. ലാളിത്യത്തിന്റെ സൌന്ദര്യം ഞങ്ങളുടെ മുൻപിൽ വിടർന്നു നിന്നു.

ആദ്യത്തെ ദിവസം സൈക്കിൾ ചരിയാതെ പിടിച്ച് കൊണ്ട് നടക്കേണ്ടതെങ്ങനെ എന്നായിരുന്നു ക്ലാസ്. ഞാൻ ഭയങ്കരമായി കിതയ്ക്കുകയും വിയർത്തൊഴുകുകയും ചെയ്തു. ഈശ്വരാ, ഇതിത്ര കഷ്ടപ്പാടാണെങ്കിൽ സൈക്കിൾ ചവിട്ടുന്നത് എങ്ങനെയായിരിയ്ക്കും?

എല്ലാറ്റിലുമെന്ന പോലെ ഈ വിദ്യയിലും ആദ്യം തിളങ്ങിയത് അനിയത്തിയായിരുന്നു.

ഞാൻ എല്ലാം കഷ്ടിച്ച് മാത്രമേ പഠിച്ചുള്ളൂ. സൈക്കിൾ ചരിച്ച് പിടിച്ചാൽ അതിൽ കയറാനും കിലുകിലെ വിറച്ചുകൊണ്ട് അത് ചവിട്ടാനും നേരെ മുൻപിൽ എന്തു കണ്ടാലും അതിന്മേൽ ചെന്ന് ഇടിച്ച്, തലയും കുത്തി മറിഞ്ഞ് വീഴുവാനും എനിക്ക് സാധിച്ചു.

അതിൽക്കൂടുതൽ സൈക്കിൾ എനിക്ക്  ഒരു കാലത്തും വഴങ്ങിയില്ല.

എങ്കിലും, ആ ഗുരുനാഥൻ എന്റെ കുഞ്ഞു  മനസ്സിൽ മായാത്ത ചില മുദ്രകൾ പതിപ്പിച്ചു.

ആരോഗ്യവും  അഭിമാനവും ആത്മവിശ്വാസവും തുളുമ്പുന്ന മുഖത്തോടെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന  സ്ത്രീകളെ കാണുമ്പോൾ…………………

മനം കവരുന്ന പച്ചപ്പും വർണ്ണാഭമായ പൂക്കളും കാണുമ്പോൾ…………….

അധ്വാനത്തിന്റേയും സൌന്ദര്യബോധത്തിന്റേയും കലയുടേയും സങ്കലനം കാണുമ്പോൾ…………

വ്റുത്തിയും വെടിപ്പുമുള്ള ജീവിത പരിസരങ്ങൾ കാണുമ്പോൾ……………………

അപ്പോഴെല്ലാം അദ്ദേഹം എന്റെ മുൻപിൽ പ്രത്യക്ഷപ്പെടാറുണ്ട്.

30 comments:

മുകിൽ said...

നന്നായിരിക്കുന്നു. നല്ല അവതരണം.

ശ്രീ said...

വളരെ നല്ലൊരു പോസ്റ്റ്, നല്ല വിവരണം. ഇഷ്ടമായി ചേച്ചീ.

krishnakumar513 said...

നല്ല അവതരണം...

വല്യമ്മായി said...

വളരെ നന്നായി ഈ പോസ്റ്റ്.

കൂതറHashimܓ said...

നല്ല രസം വായിക്കാന്‍, ഇഷ്ട്ടായി.. :)

പട്ടേപ്പാടം റാംജി said...

വളരെ വൃത്തിയായി തന്നെ ഒരു ഗ്രാമത്തിലെ രണ്ടുപേരിലുടെ അവിടത്തെ കാര്യാങ്ങള്‍ ഭംഗിയായി
അവതരിപ്പിച്ചിരിക്കുന്നു.അത്യാവശ്യം നര്‍മ്മവും (വളം നല്‍കി നാറ്റിച്ചത്) ഉള്പ്പെടിത്തി നന്നാക്കി.
വൃത്തിയായ ഒരു പോസ്റ്റ്‌.

Vayady said...

എച്ചുമുകുട്ടി...
മാറ്റം അനിവാര്യമാണ്‌. പക്ഷെ മിക്കവര്‍ക്കും അത് പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. അതിനെ ആദ്യം ജനങ്ങള്‍ എതിര്‍ക്കും. പിന്നെ പതുക്കെ...പതുക്കെ അതുമായി പൊരുത്തപ്പെടും. ഇവിടെ നായര്‍ നേരിട്ടതും അതു തന്നെയാണ്‌.

എങ്കിലും ആ മനുഷ്യനിലെ നന്മ എച്ചുമുകുട്ടി തിരിച്ചറിയുകയും, അദ്ദേഹത്തെ സ്നേഹത്തോടെ, ആദരവോടെ ഓര്‍ക്കുകയും ചെയ്തല്ലോ. നല്ല കാര്യം.

നാട്ടിന്‍പുറത്തെ ജീവിതവും, അവിടത്തെ സാധാരണ ജനങ്ങളേയും പരിചയപ്പെടുത്തിയതിന്‌ നന്ദി.

siva // ശിവ said...

ഒരു ബഷീര്‍ക്കഥയുടെ ഓര്‍മ്മകളെ തന്ന പോസ്റ്റ്. നന്നായിരിക്കുന്നു.cretivin

Echmukutty said...

മുകിലിന് സ്വാഗതം, അഭിനന്ദനത്തിന് നന്ദി. ഇനിയും വരുമല്ലോ.
ശ്രീയെ കാണുമ്പോൾ വലിയ സന്തോഷമാണ്.ഇഷ്ടമായി എന്നെഴുതിയതിൽ ആഹ്ലാദം.
ക് റുഷ്ണകുമാറിന് സ്വാഗതവും നന്ദിയും. തുടർന്നും വരുമല്ലോ.
വല്യമ്മായിയ്ക്ക് സ്വാഗതം. അഭിനന്ദനത്തിനു നന്ദി.ഇനിയും വരണേ.
ഹാഷിമിനു ഇഷ്ടപ്പെട്ടുവെന്നറിഞ്ഞ് സന്തോഷിയ്ക്കുന്നു.
രാംജി മറക്കാതെ എന്റെ പോസ്റ്റ് കാണുന്നതിലും പ്രോത്സാഹിപ്പിയ്ക്കുന്നതിലും വലിയ സന്തോഷമുണ്ട്.
വായാടിയോടും കണ്ടതിൽ ആഹ്ലാദവും അഭിപ്രായത്തിനു നന്ദിയും അറിയിയ്ക്കട്ടെ.
ബഷീർക്കഥയുടെ ഓർമ്മകളുണ്ടായി എന്ന് അറിയിയ്ക്കുന്ന ശിവയ്ക്ക് പ്രത്യേകം സ്വാഗതവും നന്ദിയും. ഇനിയും വന്ന് അഭിപ്രായം പറയണേ. വലിയ പ്രോത്സാഹനമാണ് ശിവയുടെ ഈ അഭിപ്രായം.
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്..........

jayanEvoor said...

നല്ല അവതരണം...!

I'm following you!

വാഴക്കോടന്‍ ‍// vazhakodan said...

അവതരണം ഇഷ്ടായി ട്ടോ!

ഏകതാര said...

നന്മ നിറഞ്ഞ വരികള്‍...............
വാരര് മാഷ്ടെ കഥയാ കൂടുതല്‍ ഇഷ്ടപ്പെട്ടത്..........

Echmukutty said...

ജയനു സ്വാഗതം. മറ്റ് ബ്ലോഗുകളിൽ കണ്ട് പരിചയമുണ്ട്. വന്ന് വായിച്ച് പിന്തുടരാൻ തീരുമാനിച്ചതിനു നന്ദിയും സന്തോഷവും അറിയിയ്ക്കട്ടെ.

ഇതാരാണിത്? വാഴക്കോടൻ വളരെ പ്രശസ്തനായ ബ്ലോഗ് ഗുരുവാണെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ഈ ബ്ലോഗിൽ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഇനിയും വരണേ.

ഏകതാരയ്ക്കു സ്വാഗതവും നന്ദിയും. ഇനിയും വരുമല്ലോ. ഇഷ്ടപ്പെട്ടു എന്നെഴുതിക്കാണുമ്പോൾ സന്തോഷം.

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi.... aashamsakal.......

Unknown said...

നന്നായിരിക്കുന്നു. നല്ല അവതരണം.

ത്രിശ്ശൂക്കാരന്‍ said...

എച്ചുമോ, നന്നായിട്ടുണ്ട് അവതരണം.

ദീപു said...

നന്നായി...

ദിയ കണ്ണന്‍ said...

nalla vivaranam.....:)

Echmukutty said...

ജയരാജിനും ദിയയ്ക്കും നന്ദി പറയുന്നു. വന്ന് പ്രോത്സാഹിപ്പിയ്ക്കുന്നതിൽ പ്രത്യേകം സന്തോഷം.
അമീൻ,ത്രിശ്ശൂക്കാരൻ,ദീപു സ്വാഗതവും നന്ദിയും അറിയിയ്ക്കട്ടെ. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
എല്ലാവരോടും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്..............

നിധീഷ് said...

വളരെ നന്നായിരിക്കുന്നു... കഥ ആണോ അനുഭവം ആണോ ഇതു എന്നു മനസ്സിലാവുന്നില്ല

Echmukutty said...

നിധീഷിനു സ്വാഗതം. അഭിപ്രായത്തിനു നന്ദി.
കഥയുമാണ് അനുഭവവുമാണ്.
ഇനിയും വന്ന് വായിയ്ക്കുമല്ലോ.

sm sadique said...

നന്മകള്‍ നിറഞ്ഞ ഗ്രാമ വിശുദ്ധി ഈ കഥയില്‍ കാണാം .

Wash'Allan JK | വഷളന്‍ ജേക്കെ said...

അയത്നലളിതമായ വായന. നിഷ്കളങ്കമായ ആവിഷ്കാരം. ഇഷ്ടപ്പെട്ടു...

ആ word verification എടുത്തു കളഞ്ഞൂടെ? എന്നാല്‍ comment ഇടാന്‍ എളുപ്പമാകും..

ചേച്ചിപ്പെണ്ണ്‍ said...

nalla post ...
njanum ishtappedunnu ..
ponthottavum pachakkarithottavum ellaam ,,

ഗൗരിനാഥന്‍ said...

നന്നായീട്ടുണ്ട്...നല്ല വൃത്തിയൂംവെടിപ്പുമുള്ള പോസ്റ്റ്..

Echmukutty said...

സാദിക്കിനും വഷളനും സ്വാഗതം. അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും നന്ദി. ഇനിയും വരുമല്ലോ അല്ലേ?

ചേച്ചിപ്പെണ്ണിനെ കാണാത്തതിൽ വിഷമം ഉണ്ടായിരുന്നു.

ഗൌരിനാഥൻ വന്നതിൽ വലിയ ആഹ്ലാദം.

Sabu Hariharan said...

അപൂർവ്വ ജന്മങ്ങൾ.
ഇഷ്ടപ്പെട്ടു. അദ്ദേഹം ഇപ്പോഴുമുണ്ടോ?

ente lokam said...

സൈക്കിള്‍ കയറാന്‍ പഠിച്ചില്ലെങ്കിലും വളരെ
വലിയ കുറെ കാര്യങ്ങള്‍ പഠിച്ചു അല്ലെ.
വളരെ വലിയ സന്തോഷം തോന്നി ഈ പോസ്റ്റ്‌ വായിച്ചപ്പോഴും..കൊച്ചു കാര്യങ്ങള്‍ വളരെ ഭംഗി
ആയി paranjirikkunnu... ആശംസകള്‍..

ajith said...

ദീര്‍ഘദര്‍ശി നായര്‍

Unknown said...

നല്ല പോസ്റ്റ്‌..,.

ഇത് കഥയാണോ? കഥയില്‍ ചോദ്യം ഇല്ല എന്നാണ് പ്രമാണം. മ്പ് രാന്‍റെ ശിഷ്ട കാലം എങ്ങനെ എന്നറിയാനാ.