Friday, July 30, 2010

ഒരു ഗ്രാം തങ്കത്തിൽ………………… കറുത്ത സ്വർണ്ണം

https://www.facebook.com/groups/1498796040413252/permalink/1591133724512816/

എന്തിനായിരിയ്ക്കും തങ്കക്കുട്ടി അമ്മയെ വരാൻ പറഞ്ഞയച്ചത്?

കപ്പക്കാരി മറിയ അക്കാര്യം പറഞ്ഞപ്പോൾ മുതൽ രമയ്ക്ക് മനസ്സിനു എടങ്ങേറായി. മറിയക്കാണെങ്കിൽ കൂടുതലൊന്നും അറിഞ്ഞു കൂടാ.

വെളിച്ചായ നേരത്ത് തങ്കക്കുട്ടി വേലിയ്ക്കരികെ വന്നു വിളിച്ചുവത്രെ ‘മറിയച്ചേടത്തീ, അമ്മേ ചന്തേല് കാണുല്ലോ, അപ്പോ ഇത്രേടം ഒന്നു വരാമ്പറയണം.‘ അത്രയും പറഞ്ഞ് പെരയ്ക്കകത്തോട്ട് കയറിപ്പോവുകയും ചെയ്തുവത്രെ.

രാവിലത്തെ പങ്കപ്പാടിനിടയ്ക്കായതു കൊണ്ട് മോളോട് ഒന്നും ചോദിച്ചറിയാൻ മറിയയ്ക്ക് അപ്പോ കഴിഞ്ഞതുമില്ല.

‘അവിടെ വിശേഷിച്ചൊന്നൂല്യല്ലോ മറിയേ?‘ എന്ന് ഇതിനിടയ്ക്ക് ഒരു നൂറു കുറി രമ ചോദിച്ച് കഴിഞ്ഞു.

ആ വെപ്രാളം കാണുമ്പോ അന്വേഷിയ്ക്കാതെ പോന്നതിൽ മറിയയ്ക്ക് കലശലായ വിഷമം തോന്നുന്നുണ്ട്.

വെറും പത്തൊൻപത് വയസ്സുള്ള കുട്ടിയെ അങ്ങനെ എടുപിടീന്ന് കല്യാണം കഴിപ്പിയ്ക്കേണ്ട കാര്യമുണ്ടായിരുന്നോ? വല്ല വർക്കീസിലോ മറ്റോ തൂക്കിക്കൊടുപ്പ് ജോലിയോ ജൌളിക്കടയിൽ തുണികളെടുത്ത് കൊടുക്കുന്ന ജോലിയോ ഒക്കെ ചെയ്ത് പത്തു കാശുണ്ടാക്കിയിട്ട് പതുക്കെ പോരേ കല്യാണം എന്നായിരുന്നു രമയുടെ മനസ്സിലിരിപ്പ്.

മറിയയും കൂടി നല്ലോണം ശുപാർശ ചെയ്തിട്ടാണ് തങ്കക്കുട്ടിയെ രാജുവിന് കല്യാണം കഴിപ്പിച്ച് കൊടുത്തത്. അവൻ മറിയേടെ അയൽപ്പക്കക്കാരനാണ്.

പ്ലംബിംഗ് പണിയ്ക്ക് രാജുവിനെ കഴിച്ചേയുള്ളൂ ആരും. നല്ല ആരോഗ്യമുള്ള ചെറുക്കൻ, ചീത്ത സ്വഭാവമൊന്നുമുള്ളതായി മറിയ കേട്ടിട്ടില്ല. അമ്മേം അച്ഛനും അവനും മാത്രം. ചെറുതാണെങ്കിലും ഒരു വീടുണ്ട്. ചേച്ചിയെ നേരത്തെ കല്യാണം കഴിപ്പിച്ചു,

പിന്നെ അവന്റെ അമ്മ ഇത്തിരി നാക്കുകാരിയാണ്. അച്ഛൻ അരകല്ലിന് കാറ്റ് പിടിച്ചത് പോലെ ഇരിയ്ക്കുന്നതാവും തള്ള സാമർഥ്യക്കാരിയാവാൻ കാര്യമെന്ന് മറിയ വിചാരിയ്ക്കാറുണ്ട്.

രാജുവിന് തങ്കക്കുട്ടിയെ കണ്ടപ്പോ ഇഷ്ടമായി. അവന്റെ അമ്മയ്ക്ക് അത്ര പിടിച്ചില്ല. തങ്കക്കുട്ടിയ്ക്കല്ല കുറ്റം. രമേടെ സ്ഥിതിയാണ് കാരണം. അവൾക്ക് കേറിക്കെടക്കാൻ ഒരു വീടും കൂടിയില്ല. ആസ്പത്രീടടുത്ത പുറമ്പോക്കിലൊരു തട്ടിക്കൂട്ട് പെരയിലാണ് താമസം

ആലോചിച്ചാൽ രമേടെ കാര്യം വലിയ കഷ്ടമാണ്. തങ്കക്കുട്ടിയ്ക്ക് ആറുമാസം പ്രായണ്ടായിരുന്നപ്പോളാണ് ഭർത്താവായിരുന്ന പണ്ടാരക്കാലൻ തമിഴത്തീടെ കൂടെ പൊറുതിയായത്. കറുത്തുരുണ്ട ഒരു എണ്ണമൈലിയായിരുന്നു ആ കാക്കാലത്തി. രമേടെ മാതിരി ഒണക്കക്കൊള്ളിയല്ല. നല്ല മൊതലുള്ള ദേഹം.

അവള് അയാളേം കൊണ്ട് നാട് വിട്ടു. പിന്നെ കണ്ടിട്ടില്ല.

രമ ആ കൊശവന്റെ താലീം കഴുത്തിലിട്ട് നെറ്റീലും നെറ്കേലും സിന്ദൂരോം പൂശി മലക്കറി വിറ്റ് കഴിഞ്ഞു കൂടി. അയാള് പോയീന്ന് അവളാരോടും പറയില്ല. ഭർത്താവ് ദാ അപ്പറത്തെ കടേല് പണി ചെയ്യുന്നുണ്ട് എന്ന മട്ടിലാണ് അവളെപ്പോഴും.

അതിലിത്തിരി ലാഭവുമുണ്ട് എന്നു വെച്ചോ. ആണൊരുത്തൻ ചോദിയ്ക്കാനും പറയാനും ഉണ്ടെന്ന് ഭാവിച്ചാ പിന്നെ ബാക്കി ഉണ്ണാക്കന്മാരായ ആണുങ്ങളൊക്കെ ഒരകലത്തില് നിന്നോളും. അല്ലെങ്കിൽ പിന്നെ പറയട്ടെ, വരട്ടെ, തൊടട്ടെ, കെടക്കട്ടെ എന്നും ചോദിച്ച് തൊയിരം തരാതെ പിന്നാലെ കൂടും. വാല് പൊക്കണ കണ്ടാ അറീല്ലേ മനസ്സിലിരിപ്പ്?

തങ്കക്കുട്ടിയെ രാജുവിന് കൊടുക്കാൻ രമ വേഗം സമ്മതിച്ചതും അതുകൊണ്ടാണെന്ന് മറിയയ്ക്ക് നല്ല ബോധ്യമുണ്ട്. ഒരു ആൺ തുണയായല്ലോ.

അവന്റെ വീട്ടുകാർക്ക് പണ്ടം പോരാ, സാരി പോരാ, കല്യാണത്തിന് ആർഭാടം പോരാ എന്നൊക്കെ പലതരം പരാതികളുണ്ടായെങ്കിലും രമ കല്യാണം ഭംഗിയായി നടത്തി.

രാജുവിന് ഒരു മോട്ടോർ സൈക്കിളും മോതിരവും മാലയും കൊടുത്തു.

തങ്കക്കുട്ടീടെ കാതിലും കഴുത്തിലും കൈയിലും പണ്ടങ്ങളൊക്കെ ഇടീച്ച്, ഭേദപ്പെട്ട തുണികളും പാത്രങ്ങളും എരട്ടക്കട്ടിലും മെത്തേം മേശപ്പൊറത്ത് വയ്ക്കണ ഫാനും ഒക്കെയായിട്ടാണ് രാജുവിന്റെ കൂടെ അയച്ചത്. ആ വകയിൽ ഇപ്പോ രണ്ട് ലക്ഷം രൂപ കടവുമുണ്ട്.

വിളുമ്പിൽ ഇത്തിരി സ്വർണക്കസവുള്ള കൈത്തറി സാരിയും ഒരു താലിയും മാലയും മാത്രമാണ് അവൻ തങ്കക്കുട്ടിയ്ക്കായി കൊടുത്തത്.

തങ്കക്കുട്ടിയ്ക്ക് രമ ചാർത്തിച്ച പണ്ടങ്ങളൊക്കെ രാജുവിന്റെ അമ്മ അവര്ക്ക് വിശ്വാസമുള്ള തട്ടാനെക്കൊണ്ട് വന്ന് തൂക്കിയ്ക്കുകയും ഉരച്ച് നോക്കിയ്ക്കുകയും ചെയ്തപ്പോൾ രമയ്ക്ക് മാത്രല്ല മറിയയ്ക്കും നല്ലോണം വിഷമം തോന്നി.

പിന്നെ സമാധാനിച്ചു.

ചെറുക്കന്റെ വീട്ടുകാരല്ലേ? അവർക്കിത്തിരി ഗമയും പൊങ്ങച്ചവും വീറും വാശിയും ഒക്കെ ഉണ്ടാകും. പെൺ വീട്ടുകാർ എപ്പോഴും താഴ്ന്ന് നിൽക്കേണ്ടവരല്ലേ.

രാജു രണ്ട് മാസമായി ദുബായിലേയ്ക്ക് പോയിട്ട്. എഴുത്തും പണവും വന്നു തുടങ്ങീട്ടില്ല. ദുബായിലെത്തീന്ന് പറഞ്ഞു ഒരു ദിവസം അവന്റെ അമ്മ. തങ്കക്കുട്ടിയെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും അവളും വിവരമൊന്നും പറഞ്ഞില്ല.

നല്ല വിശേഷമെന്തെങ്കിലുമാവും കുട്ടിയ്ക്ക് പറയാനുള്ളത്. അതിനാവും അമ്മയോട് വരാൻ പറഞ്ഞത്.

മറിയ രമയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു.

‘ഒക്കെ നല്ലതാവും. വെറുതേ ഓരോന്നാലോചിച്ച് കൂട്ടണ്ട. മൊഖം ഒന്നു തെളിച്ച് പിടിയ്ക്ക്. ഇതിപ്പോ അമ്മേ കാണുമ്പോ കുട്ടി പേടിയ്ക്കുല്ലോ.‘

ബേക്കറിയിൽ നിന്ന് രമ കുറേ മധുര പലഹാരം പൊതിഞ്ഞ് വാങ്ങി. വെറും കൈയോടെ മോളെ കെട്ടിച്ച വീട്ടിലേയ്ക്ക് ചെന്നു കയറുന്നതെങ്ങനെയാണ്? പഴക്കടയിൽ നിന്ന് നേന്ത്രപ്പഴവും മേടിച്ചു.

റേഷൻ കട മുക്കിൽ മറിയയ്ക്കൊപ്പം ബസ്സിറങ്ങുമ്പോൾ രമയ്ക്ക് പരിഭ്രമം തോന്നുന്നുണ്ടായിരുന്നു. പാറക്കോവിലിലേയ്ക്ക് ഒരു വെടി വഴിപാട് നേർന്നു. കുട്ടി സുഖമായിരിയ്ക്കുന്നുവെന്ന് തന്നെ കേൾക്കാൻ ഇട വരണേ!

കാലം വളരെ മോശമാണ്. പണത്തിനോട് എല്ലാവർക്കും ഒരു പോലെ ആർത്തി പെരുത്തിരിയ്ക്കുന്ന കാലം. എപ്പോ വേണമെങ്കിലും എന്തു ദുർബുദ്ധിയും തോന്നാവുന്ന കാലം.

പടിക്കെട്ട് കയറി മുറ്റത്തെത്തിയപ്പോഴേയ്ക്കും തങ്കക്കുട്ടി ഓടി വന്നു.

‘അമ്മേ… അമ്മ വന്നല്ലോ. ഞാൻ ……..‘

രമയുടെ കണ്ണു നിറഞ്ഞു. കുട്ടിയ്ക്ക് വലിയ ക്ഷീണമൊന്നുമില്ല. അവൻ പോയതുകൊണ്ടുള്ള സങ്കടമാവണം മുഖത്തിന് അൽപ്പം വാട്ടമുണ്ട്.

മറിയ ചിരിച്ചു. ‘മോളേ, അമ്മയ്ക്കിത്തിരി നല്ല ചായ ഇട്ട് കൊടുക്ക്. ഉച്ച്യ്ക്ക് ഊണൊന്നും കഴിച്ചിട്ടില്ല. ഞാൻ വീട്ടിലേയ്ക്ക് നടക്കട്ടെ. രമ ഇന്ന് പോണുണ്ടോ?നാളെ നമ്ക്ക്……..’

‘മറിയച്ചേട്ത്തി ഇവിടെ ഇരിയ്ക്കോ, ഇത്തിരി കഴിഞ്ഞിട്ട് പോവാം.‘

മറിയക്ക് പൂർത്തിയാക്കാനവസരം കൊടുക്കാതെ തങ്കക്കുട്ടി ഇടയിൽ കടന്നു.

രമ തളർച്ചയോടെയാണ് വരാന്തയിൽ ഇരുന്നത്. അതു കണ്ടപ്പോൾ മറിയയ്ക്കും വിഷമമായി.

തങ്കക്കുട്ടി രണ്ട് പാത്രം നിറയെ ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ടു വന്നു.

കഞ്ഞിവെള്ളം അകത്തു ചെന്നപ്പോൾ രമയ്ക്ക് ഒരാശ്വാസം തോന്നി. മറിയയും ചിറി തുടച്ച് പാത്രം താഴെ വെച്ചു.

‘അമ്മേം അച്ഛനും എവിടെ മക്കളേ? ഉച്ച മയക്കാണോ?‘

തങ്കക്കുട്ടി മിണ്ടിയില്ല. അവൾ താലിയിൽ തെരുപ്പിടിച്ചുകൊണ്ട് എന്തോ ആലോചിയ്ക്കയായിരുന്നു. രമ ചോദ്യമാവർത്തീച്ചപ്പോഴാണു അവളുടെ മറുപടി വന്നത്.

‘അവരിവിടില്ല, നാത്തൂന്റവിടെയ്ക്ക് പോയിരിയ്ക്കാണ്.‘

കൂടുതലൊന്നും പറയാതെ അവൾ കഞ്ഞിപ്പാത്രങ്ങളുമെടുത്ത് അകത്തേയ്ക്ക് പോയി.

ഓ! അപ്പോൾ അതാണു കാര്യം. അവരിവിടില്ല. തനിച്ചിരിയ്ക്കാൻ വിഷമമായിട്ട് അമ്മയെ കൂട്ട് വിളിച്ചതാണ്. അതിനെന്താ? അവർ വരുന്നതു വരെ ഇവിടെ ഇരിയ്ക്കാം. വരാൻ വൈകുകയാണെങ്കിൽ തനിയ്ക്ക് നാളെ പോയാലും മതിയല്ലോ.

വെറുതേ ഓരോന്നാലോചിച്ച് പേടിച്ചു.

രമ ദീർഘമായി നിശ്വസിച്ചു. മറിയ മുറുക്കാൻ പൊതിയഴിച്ച് ഒന്നു മുറുക്കി.

പുറത്തെയ്ക്ക് വന്ന തങ്കക്കുട്ടി സാരി മാറ്റിയിരുന്നു. വലിയൊരു ബാഗും പിടിച്ചിരുന്നു. അവൾ അതിവേഗം വാതിൽ പൂട്ടി താക്കോൽ മറിയയെ ഏൽപ്പിച്ചു.

‘എണീയ്ക്ക് അമ്മേ, നമുക്ക് വീട്ടിൽ പോകാം. അവരു വരുമ്പോ താക്കോല് മറിയച്ചേട്ത്തി കൊടുക്കും.’

‘നീയെന്താ കാട്ട്ണേ? അവരു വരുമ്പോ നീയിവിടെ ഇല്ലാണ്ടിരിയ്ക്കാൻ പാടുണ്ടോ? ഇതെന്താ കുട്ടിക്കളിയാ? കഴുത്തില് താലി വീണാ പിന്നെ ഭർത്താവും അവര്ടെ വീടും അവര്ടെ അച്ഛനുമമ്മേം ഒക്കെയാ പെൺകുട്ടിയ്ക്ക് പ്രധാനം. അല്ലാണ്ട് പെറന്ന വീടല്ല.’

‘അവരാ പറഞ്ഞേ, എന്റെ വീട്ടില് പോയി നിന്നോളാൻ. ഇനി രാജുവേട്ടൻ വരുമ്പോ ഇങ്ങട്ട് വന്നാ മതീന്ന്‘

‘രാജു എന്നാ വരാ?’

‘രണ്ട് മൂന്നു കൊല്ലം കഴീമ്പോ വരും. വരുമ്പോ എന്റെ പണ്ടങ്ങൾക്ക് പകരം പുതിയത് പണീപ്പിച്ച് തരാം എന്നു പറഞ്ഞിട്ട്ണ്ട്.‘

‘ങേ, അപ്പോ നിന്റെ പണ്ടങ്ങള് എന്ത് ചെയ്തു?‘

‘അതൊക്കെ വിറ്റിട്ടാ, രാജുവേട്ടൻ ദുബായിലേയ്ക്ക് പോയത്. താലി മാല മാത്രം വിറ്റിട്ടില്ല. പക്ഷെ, ആ താലീം മാലേം കറ്ത്ത് കറ്ത്ത് വരാ. അമ്മ ഇതൊന്ന് നോക്കിയേ.കണ്ടോ കറത്തിരിയ്ക്കണത്? സ്വർണം മൂന്നു മാസാവുമ്പോഴേയ്ക്കും ഇങ്ങനെ കറ്ക്കോ അമ്മേ?‘

തങ്കക്കുട്ടി ഊരി നീട്ടിയ കറുപ്പുരാശി പടർന്ന മങ്ങിയ മാലയും താലിയും രമയുടെ വിണ്ടു കീറി പരുത്ത കൈവെള്ളയിൽ, ഒരു ചോദ്യചിഹ്നമായി പുളഞ്ഞു .

51 comments:

ഉപാസന || Upasana said...

നന്നായി എഴുതി.
എങ്കിലും തീം പഴയതാണ്
:-)

Manoraj said...

പരുക്കൻ യാതാർത്ഥ്യങ്ങൾ വളരെ പച്ചയോടെ തന്നെ എച്മു പറഞ്ഞു. തങ്കകുട്ടിയേക്കാളും കഥയിൽ ഒരു നീറ്റലായി നിന്നത് രമയാണ്. സ്വർണ്ണം മാത്രമല്ല പെണ്ണും മൂന്ന് മാസം കൊണ്ട് കറുത്ത് വരുമെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിന് നേരെയുള്ള പരിഹാസമായി എച്മു ഇത്.

ശ്രീനാഥന്‍ said...

താലി കാണക്കാണെക്കറുത്തു വരുന്നത് അനുഭവിപ്പിച്ചു, എച്ചു. മനുഷ്യന്‍ വെറുത്തു ജീവിക്കു നാടന്‍ ദുരിതജീവിതം എത്ര സസൂക്ഷ്മം നിങ്ങള്‍ നോക്കിനിന്നിട്ടുണ്ട്! നാടന്‍ ഭാഷ എത്ര സ്വായത്തമാണ് നിങ്ങള്‍ക്ക്! നിങ്ങള്‍ ഉയര്‍ന്നു വരുന്നത് ചേറില്‍ നിന്നു താമരയേന്തി മഹാലക്ഷ്മിയായിട്ടാണ്!

ആളവന്‍താന്‍ said...

“രാജു രണ്ട് മാസമായി ദുബായിലേയ്ക്ക് പോയിട്ട്. എഴുത്തും പണവും വന്നു തുടങ്ങീട്ടില്ല.”
നല്ല എഴുത്ത്, നല്ല ശൈലി, നല്ല കഥ.

ശ്രീ said...

മനോരാജ് മാഷ് പറഞ്ഞതു പോലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ... വേറെ എന്തു പറയാന്‍...

pournami said...

‘നീയെന്താ കാട്ട്ണേ? അവരു വരുമ്പോ നീയിവിടെ ഇല്ലാണ്ടിരിയ്ക്കാൻ പാടുണ്ടോ? ഇതെന്താ കുട്ടിക്കളിയാ? കഴുത്തില് താലി വീണാ പിന്നെ ഭർത്താവും അവര്ടെ വീടും അവര്ടെ അച്ഛനുമമ്മേം ഒക്കെയാ പെൺകുട്ടിയ്ക്ക് പ്രധാനം. അല്ലാണ്ട് പെറന്ന വീടല്ല.’
nala simple language..good one..

ഹംസ said...

എച്ചുമ്മുവിന്‍റെ കഥകള്‍ എല്ലാം യാഥാര്‍ത്ഥ്യങ്ങളുടെ പച്ചയായ അവതരണമാണ്.
അതുകൊണ്ട് തന്നെ ഈ കഥകള്‍ എല്ലാം കുറച്ച് കാലമെങ്കിലും മനസ്സില്‍ നിലനില്‍ക്കാറും ഉണ്ട്..

സന്ധ്യ said...

ലളിതം..മനോഹരം..ദീപ്തം..

പട്ടേപ്പാടം റാംജി said...

പരുക്കന്‍ സത്യങ്ങള്‍ നേരെ ചൊവ്വേ പറഞ്ഞു.
ആശംസകള്‍.

krishnakumar513 said...

പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ .അത് തന്നെ!

Abdulkader kodungallur said...

എച്ചുമു, സത്യങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞ് കല്ലേറു കൊള്ളുന്ന ആളാണു ഞാന്‍ .അതാണെന്റെ ഹോബിയും .മുഖസ്തിതിയുടെ കാര്യത്തിലും ഞാന്‍ പിന്നോക്കമാണ്'.അതുകൊണ്ടു തന്നെ എനിക്കു വായനക്കാരുണ്ടെങ്കിലും കമന്റുകള്‍ കുറവാണ്'. കുട്ടിയുടെ എഴുത്തിന്റെ മുഖമുദ്ര ശാലീനതയാണ്'. ഓരോ സംഭവങ്ങളേയും സാഹചര്യങ്ങള്‍ക്കനുസരിച്ച് അതാതു സ്ലാങ്ങില്‍ അവതരിപ്പിക്കുന്ന കുട്ടിയുടെ കഴിവ് ജന്മസിദ്ധമാണ്'.ദൈവീകമാണ്'. ഈ കഥ വളരെ നന്നായിരിക്കുന്നു. എഴുത്തില്‍ കഠിനമായി അദ്ധ്വാനിച്ചാല്‍ നല്ലൊരു ഭാവിയുണ്ട്. ഭാവുകങ്ങള്‍.

കണ്ണനുണ്ണി said...

കഥയുടെ ഭാഷ കുറെ ഇഷ്ടായി ട്ടോ.. ..
സക്ജെക്റ്റ് കുറെ ഒക്കെ മുന്‍പ് പലരും പറഞ്ഞിട്ടുള്ളത് തന്നെആണെങ്കിലും...

Minesh Ramanunni said...

തന്‍റെ കഥകള്‍ വായിക്കുന്നതിനു മുന്‍പേ ഒരു അസ്വസ്ഥത തുടങ്ങും . ഇന്നെന്തു വേദനയാണ് തന്‍റെ വാക്കുകള്‍ക്ക് സംവദിക്കാന്‍ ഉള്ളത് എന്നാ ചോദ്യം ഉയര്‍ന്നു തുടങ്ങും ആദ്യമേ.
പതിവുപോലെ കഥ പറച്ചിലിന്റെ രീതി നന്നായി. മെല്ലെ മെല്ലെ നെഞ്ചില്‍ എരിഞ്ഞു തുടങ്ങി ദിവസങ്ങളോളം ഉള്ളില്‍ കത്തുന്ന കഥ സങ്കേതം. പ്രമേയത്തില്‍ പുതുമയില്ലെങ്കിലും കഥ പറച്ചിലിന്റെ ഈ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

അനില്‍കുമാര്‍ . സി. പി. said...

പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വിഷയം എച്മുവിന്റെ തനതായ ശൈലിയില്‍, ആ ഗ്രാമ്യഭാഷയില്‍ പറയുന്നതാണ് ഈ കഥയുടെ ചാരുത.

Vayady said...

സ്വര്‍ണ്ണത്തിന്‌ പെണ്ണിനേക്കാള്‍ വില കല്‍‌പ്പിക്കുന്ന ഒരു സമൂഹത്തിലാണ്‌ നമ്മള്‍ ജീവിക്കുന്നത് എന്ന സത്യം എന്നെ ലജ്ജിപ്പിക്കുന്നു. നമുക്കു ചുറ്റും ഇതുപോലെ എത്രയെത്ര രമകളും, തങ്കക്കുട്ടികളും.

"സ്വര്‍‌ണ്ണഭ്രമമില്ലാത്ത മലയാളി" എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നമ്മള്‍‌ ഇനിയും എത്ര നാള്‍‌ കാത്തിരിക്കേണ്ടി വരും?

പതിവുപോലെ എച്ചുമൂന്റെ കഥ നന്നായി. എനിക്ക് ഇഷ്ടമായി.

Manju Manoj said...

നമ്മുടെ നാട്ടില്‍ പതിവായി നടക്കുന്ന കാര്യം,നൂറു വട്ടം കേട്ടിട്ടുമുണ്ട്... എന്നാലും മനസ്സിനെ കൊളുത്തിവലിക്കുന്നു രമയുടെ നിസ്സഹായത. ആണ്മക്കള്‍ ഉള്ള അമ്മമാര്‍ അത്യഗ്രഹികളും പെണ്മക്കള്‍ ഉള്ളവര്‍ നിസ്സഹായരും.. അതാണ് നമ്മുടെ നാട്... കഷ്ടം....വളരെ ഹൃദയസ്പര്‍ശി ആയി എഴുതി എച്ചുമുകുട്ടി....ആശംസകള്‍....

jayanEvoor said...

നല്ല എഴുത്ത്.
പാവം രമ, തങ്കക്കൂട്ടി....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നന്നായിരിക്കുന്നു.വിഷയം സാധാരനമാനെന്കിലും ഭാഷയുടെ ഉപയോഗം മികച്ചതാണ്. എല്ലാ രചനകളിലുമുള്ള നാടന്‍ ഭാഷകളുടെ ഉപയോഗം തീര്‍ത്തും ശ്രദ്ധേയം

Anil cheleri kumaran said...

പാവം..

perooran said...

good story echu

ramanika said...

മനോഹരം !!!!!

ഭാനു കളരിക്കല്‍ said...

എച്ചുമുവിന്റെ കഥകള്‍ ജീവിതത്തിനു നേരെ തിരിച്ചുവച്ച കണ്ണാടിയാണ്. അത് ജീവിതം തന്നെയാണ്.

Faisal Alimuth said...

നാട്ടുചുവയുള്ള നല്ലഭാഷ..!
നേരെചൊവ്വേ പറഞ്ഞിരിക്കുന്നു..!!
ഇഷ്ടമായി...!!

വേണുഗോപാല്‍ ജീ said...

നന്നായിരുന്നൂ....

പൊറാടത്ത് said...

"കറുത്തുരുണ്ട ഒരു എണ്ണമൈലിയായിരുന്നു ആ കാക്കാലത്തി. രമേടെ മാതിരി ഒണക്കക്കൊള്ളിയല്ല. നല്ല മൊതലുള്ള ദേഹം..."

"ഉണ്ണാക്കന്മാരായ ആണുങ്ങളൊക്കെ ഒരകലത്തില് നിന്നോളും. അല്ലെങ്കിൽ പിന്നെ പറയട്ടെ, വരട്ടെ, തൊടട്ടെ, കെടക്കട്ടെ എന്നും ചോദിച്ച് തൊയിരം തരാതെ പിന്നാലെ കൂടും. വാല് പൊക്കണ കണ്ടാ അറീല്ലേ..."


ഇഷ്ടായി...

Naushu said...

നല്ല എഴുത്ത്... നന്നായിരിക്കുന്നു...

അലി said...

എചുമുവിന്റെ പതിവു ശൈലിയിൽ വളച്ചുകെട്ടാതെ പറഞ്ഞ കഥ. നന്നായിരുന്നു.

shaji.k said...

നന്നായിട്ടുണ്ട് എഴുത്ത്,ആശംസകള്‍.

കുഞ്ഞൂസ് (Kunjuss) said...

എച്ചുമുക്കുട്ടിയുടെ തനതായ ശൈലിയില്‍ പറഞ്ഞ കഥ വളരെ ഇഷ്ടായീ ട്ടോ.. രമ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

Anees Hassan said...

പരുക്കന്‍ ....treatment kollam

sPidEy™ said...

നന്നായിട്ടുണ്ട്
ആശംസകള്‍.....

Mukil said...

nannaayirikkunnu echmu.. pathivupole.. santhoshamaanenikku echmuvinte kathakal vaayikkumpol. kannu niranjaalum. nerulla kathayezhuththinte reethi kondaanathu. samvedikkappedunna oru manassundu oronninum pinnil. aasamsakal.

Rare Rose said...

ഇതും ഇഷ്ടായി.ഇതിലെ സങ്കടങ്ങളൊക്കെ ഒരുപാട് പാടിപ്പതിഞ്ഞതാണെങ്കിലും എച്മു എഴുതുമ്പോള്‍ അതിന്റെ താളം വേറിട്ടു കേള്‍ക്കാനാവുന്നു..

അക്ഷരം said...

ഈ സ്ത്രീകള്‍ തന്നെ അല്ലെ സ്വര്‍ണതിനായി ഭലം പിടിയ്കുന്നത് ..
അവതരണം നന്ന് ..

അരുണ്‍ കരിമുട്ടം said...

എച്ചുക്കുട്ടിയുടെ കഥകള്‍ മിക്കതും വായിക്കാറുണ്ട്.എല്ലാം നല്ലതായി മാത്രമേ തോന്നിയിട്ടുള്ളു.ഈ കഥയിലെ കഥാപാത്രങ്ങളും അവയുടെ വ്യക്തിത്വവും ശരിക്ക് വരച്ച് കാട്ടിയിരിക്കുന്നു..എന്‍റെ നാട്ടില്‍ നടന്ന ഒരു സംഭവമായി വളരെ സാദൃശ്യം.

(ഈ ഫോണ്ട് ഒന്ന് ചെറുതാക്കുമോ, സ്വല്പം പ്രൊഫഷണല്‍ ആവട്ടെ)
:)

രസികന്‍ said...

സത്യം.... നന്നായിട്ടെഴുതി

Jishad Cronic said...

നന്നായിട്ടുണ്ട് എഴുത്ത്.

INDULEKHA said...

കഥയും ശൈലിയും അസലയിട്ടോ.:)
ഇത്തവണത്തെ വിവാഹ സ്പെഷ്യല്‍ 'വനിത' വായിച്ചതിന്റെ ഞെട്ടല്‍ ഇത് വരെ മാറിയിട്ടില്ല
വിവാഹം എന്നതിന്റെ പര്യായമായി മാറിയിരിക്കുന്നു സ്വര്‍ണം

Echmukutty said...

എല്ലാവർക്കും നന്ദി, നമസ്ക്കാരം.
ഇനിയും വന്ന് വായിയ്ക്കുമല്ലോ.
ഈ പ്രോത്സാഹനമാണ് പ്രേരണയെന്നറിയിച്ചുകൊണ്ട് എല്ലാ സുഹൃത്തുക്കളോടും ഒരിയ്ക്കൽ കൂടി നന്ദി പറയുന്നു.......

Unknown said...

എച്മു എപ്പോളും ഭയങ്കര സബ്ജെക്ടീവ് ആണ് . മനസ്സില്‍ തട്ടാറുണ്ട് കഥകളും വാക്കുകളും ...
ഭാവുകങ്ങള്‍

മാണിക്യം said...

ഒരു ജീവിതത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് മക്കള്‍ അവരുടെ ഭാവി മാത്രം കണ്ട് എന്തു ത്യാഗവും അതിനു വേണ്ടി സഹിക്കും ..
പക്ഷെ ഇതു പോലെ ഒരുത്തനു കൊടുക്കണൊ പൊന്നു പോലെ വളര്‍ത്തുന്ന മക്കളെ? അതിലും ഭേതം അല്ലെ അവള്‍ക്ക് സ്വന്തമായി വരുമാനം കിട്ടുന്ന ഒരു ജോലിയും സ്വാതന്ത്രവും? ..
എച്ച്‌മൂ നല്ല രീതിയില്‍ എഴുതിയ കഥ..

Echmukutty said...

എല്ലാവരേയും പേരെടുത്ത് പറഞ്ഞ് നന്ദി അറിയിയ്ക്കാത്തത് സമയക്കുറവ് വന്നു പെട്ടതുകൊണ്ടാണ്.
ക്ഷമിയ്ക്കുകയും ഇനിയും വായിയ്ക്കുകയും ചെയ്യുമല്ലോ.

Abdulkader kodungallur said...

പതിവുപോലെ പ്രത്യേക സ്ലാങ്ങില്‍ നന്നായി എഴുതി

jayaraj said...

പച്ചയായ ജീവിതത്തിന്റെ ഒരു ചിത്രമാണിത്. നന്നായിരിക്കുന്നു.

http://pularveela.blogspot.com

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

റോസാപ്പൂക്കള്‍ said...

ഒരു പാവം അമ്മയുടെ ആവലാതികള്‍ എത്ര ഭംഗിയായി അവതരിപ്പിച്ചു. ആ അമ്മയുടെ ഗതി തന്നെയാകുമോ മകള്‍ക്കും..?
അഭിനന്ദനങ്ങള്‍ എച്ചു‍

Pranavam Ravikumar said...

നന്നായി.... ആശംസകള്‍

Ajay said...

The variety of subjects is fantastic, each come with a different hue and flavour.Well done


ajay

Anonymous said...

നന്നായിട്ടുണ്ട്
ആശംസകള്‍..... !!

നനവ് said...

കാര്യങ്ങൾ കഥയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന എച്ചുമുക്കുട്ടീനെ ഞങ്ങൾക്ക് വലിയ ഇഷ്ടാണ്...ഇനിയും മുന്നോട്ട്...ഭാവുകങ്ങൾ...

ajith said...

എച്മുവിന്റെ മാജിക് ടച്