Monday, January 31, 2011

മുഝേ ഹിന്ദി നഹി മാലൂം……….

ദേഷ്യം വരണുണ്ട് നല്ലോണം. അച്ഛനോടും അമ്മ്യോടും മിണ്ടില്ല, ഇനി.
നാറ്റം പിടിച്ച ട്രെയിനിൽ കുടുങ്ങിക്കുടുങ്ങി മൂന്നു ദിവസം എട്ത്തു ഇവിടെത്താൻ. ഇനി ഇന്നാട്ടിലെ ഏതോ ഒരു സ്കൂളിലാത്രെ പഠിയ്ക്കണ്ടത്. എന്തിനാന്ന് ഇത് വരെ മൻസ്സിലായിട്ടില്ല.
ഇതിനെ വീട് ന്ന് പറയാൻ ആര്ക്കാ പറ്റാ?. അച്ചമ്മേടെ വീട്ടിലെ തൊഴുത്ത് ഇതിലും വലുതാ. ഇതിനെ ഒരു കുഞ്ഞി മുറീന്ന് വേണങ്കിൽ പറയാം. അല്ല, പിന്നെ. ഈ കുഞ്ഞി മുറീടെ അടുക്കെള്ള മുറീലൊക്കെ എല്ലാരും പറയണത് ഹെ…… ഹും…… ഹൊ…… ങ്ഹാ…… എന്ന മട്ടിലാ. ഏതെങ്കിലും ഒന്നില് ഒറപ്പിച്ചൂടെ ഇവര്ക്ക്? ഇങ്ങനെ മാറ്റി മാറ്റി പറയണേന്തിനാ? അത് മാത്രല്ല, വഴക്കു കൂടാന്ന് തോന്നും പറയണ കേട്ടാല്. തീരെ ഇഷ്ടായില്ല എന്നു വെച്ചാ ഇഷ്ടായില്ല. അത്ര ന്നെ.
കുഞ്ഞിമുറി വീട്ടില് ഒരു കുടുക്കാസ് കുളിമുറിയും പിന്നെ പൊക്കത്തിലിരുന്ന് അപ്പിയിടണ ഒരു സ്റ്റൂളും ഒക്കെണ്ട്. അതുമ്മേ ഇരിയ്ക്കാൻ ന്തായാലും മനസ്സില്ല. അച്ഛമ്മേടെ വീട്ടിലെ പോലെ തറയിൽ കുന്തിച്ചിരിയ്ക്കണതാണ് വേണ്ടത്. അത്ണ്ടെങ്കിലേ അപ്പീടണുള്ളൂ.
അച്ഛൻ ചിരിച്ചു.
‘വേണ്ടാ, ഇടണ്ട. അത് വയറ്റിലിരുന്നോട്ടെ. അടുത്ത കൊല്ലം സ്കൂൾ പൂട്ടലിന് അച്ഛമ്മേടെ വീട്ടിലെത്തീട്ട് ഇട്ടാ മതി.‘
ചിരിയ്ക്കാണ്ട് കടുപ്പിച്ച് നിന്നു. വേണ്ട, അത്ര കൂട്ടു വേണ്ട. അച്ഛമ്മേടെ കൂടെ പറമ്പിലൊക്കെ നടന്ന് സന്തോഷായി കളിച്ചോണ്ടിരുന്നതാണ്. കാക്കേം പൂച്ചേം പ്രാവും തത്തേം പിന്നെ ബാബുംണ്ടാരുന്നു കളിയ്ക്കാൻ. ബാബൂന് മാത്രേ ബെൽറ്റ്ണ്ടാരുന്നുള്ളൂ. ഒക്കേം കളഞ്ഞ് അച്ഛമ്മേം കുട്ടിയേം കരേപ്പിച്ച് ഈ കുടുസ്സു മുറീല് കൊണ്ടാക്കീട്ട്……………… ചിരിക്ക്യല്ല, നെലോളി കൂട്ടി വാശിട്ത്ത് ഒറ്ക്കെ കരയാണ് വേണ്ടത്.
അപ്പോ ദേ അടുത്ത കൊഴപ്പം വരണു, കുളിയ്ക്കാൻ ചൂട് വെള്ളം വേണ്ടാത്രെ. കാരണം ന്താച്ചാല് ഈ നാട്ടില് ഭയങ്കര ചൂടാണ്, ഉഷ്ണക്കാലത്ത് ആരും ചൂട് വെള്ളത്തില് കുളിയ്ക്കില്ല. ഇവിടെ തണുപ്പ് കാലത്ത് മാത്രേ ചൂടു വെള്ളം വേണ്ടൂ. ‘നിയ്ക്ക് അങ്ങനെ കുളിയ്ക്കണ്ട. ചൂട് വെള്ളത്തി തന്നെ കുളിച്ചാ മതി.’ കുളിമുറീടെ നെലത്ത് ഒറ്റ ഇരുത്തം. ങാഹാ, കുളിപ്പിയ്ക്കണതൊന്ന് കാണട്ടെ. ഉടുപ്പ് അഴിയ്ക്കാണ്ട് തലേല് വെള്ളം ഒഴിയ്ക്കാൻ പറ്റോ? അച്ചമ്മ കുരുമോളു വള്ളീട്ട് തിളപ്പിച്ചാറിച്ച വെള്ളത്തിലാ കുളിപ്പിക്ക്യാ. തോർത്തീട്ട് രാസ്നാദി പൊടി തിരുമ്മും. ഇവ്ടെ കുരുമോള് വള്ളീം ഇല്യ, അച്ഛമ്മേം ഇല്യ, ഇപ്പോ ചൂടുവെള്ളോം കൂടി ഇല്യാന്ന് പറഞ്ഞാലോ?
കുളിയ്ക്കാൻ പോണില്ല. കുളിയ്ക്കാണ്ട് സ്കൂളീപ്പോവാം. അച്ഛന്റെ കൊഞ്ചിപ്പിയ്ക്കല് ഒന്നും വേണ്ട. ഉമ്മ വെച്ചിട്ടൊന്നും ഒരു കാര്യോമില്ല. അച്ഛൻ അമ്മേ വിളിയ്ക്കാണ്ട് പരുങ്ങി നിൽക്കണതെന്താന്ന് അറിയാം, ചീത്ത ശീലങ്ങളാ അച്ചമ്മ പഠിപ്പിച്ചേന്ന് അമ്മ പറയൂലോ എന്ന് പേടിച്ചിട്ടാ…… ട്രെയിനിൽ ഇങ്ങട്ട് വരുമ്പോ തന്നെ അമ്മ അങ്ങനെ പറഞ്ഞു. റൊട്ടി തിന്ന്ല്യാന്ന് വാശിട്ത്ത് കരഞ്ഞപ്പളാ പറഞ്ഞെ. അമ്മേം അച്ഛനും കൂടി ഈ ഉഷ്ണ നാട്ടില് ജോലി ചെയ്യുമ്പോ വാവ അച്ഛമ്മേടെ കൂടെ നിന്ന് ചീത്ത്യായീന്ന്……….
ഇങ്ങനെ കുത്തീരുന്നത് അബദ്ധായി, ഇനി ഇപ്പോ പൊക്കത്തിലുള്ള അപ്പി സ്റ്റൂളിൽ തന്നെ ഇരിക്ക്യാ. അല്ലെങ്കി ആകെ മോശാവും. ‘അച്ഛാ, അതുമ്മേ വാവ ഇരിയ്ക്കണെങ്കി കൈ മുറുക്കെ പിടിയ്ക്കണം.‘
അയ്യോ, പാവം അച്ഛൻ! വേഗം പിടിച്ചിരുത്തി, കാര്യൊക്കെ ശട്പുക്കേന്ന് തീർത്തു.
കഴുകാൻ വെള്ളം ഒഴിച്ച്പ്പളല്ലേ, ഹൌ! എന്തൊരു ചുട്ക്ക്നെള്ള വെള്ളാ! അതു ശരി, ഈ വെള്ളാണെങ്കില് കുളിയ്ക്കാൻ ഇദന്നെ ആവാലോ, ഇതിലു പിന്നേം ഇത്തിരി പച്ചള്ളം ഒഴിച്ചാ മതി. ചൂടുകാലത്ത് വെള്ളം പിടിച്ച് വെച്ച് അതു തൺത്തിട്ട് വേണംത്രെ കുളിയ്ക്കാൻ. ഈ നാശം പിടിച്ച നാട്ടില് എന്തിനാവോ വന്ന് താമസിയ്ക്കണത്? ഇനീപ്പോ ന്തായാലും കരേണ്ട, അച്ഛൻ പാവല്ലേ? കുളിപ്പിച്ചോട്ടെ………
ഇന്നാദ്യം പോവല്ലേ സ്കൂളില്? അതോണ്ട് യൂണിഫോം ഇല്ല, അമ്മേടെ നിർബന്ധത്തിന് സിൽക്കു കുപ്പായോം ഷൂസും സോക്സും ഒക്കെ ഇട്ട്……………. ഹൌ! വെയർത്തൊലിയ്ക്കണു. സ്കൂട്ടറില് അമ്മേടേം അച്ഛന്റേം എടേലു അച്ഛനേം കെട്ടിപ്പിടിച്ചിരുന്നു. ഹായ് നല്ല മണണ്ട്, അച്ഛന്റെ ഷർട്ടില്. അമ്മേടെ മൊഖത്ത് വെയില് വീഴുമ്പോ നല്ല തെളക്കം, കാണാൻ ഒര് ഭംഗിയൊക്കെണ്ട് അമ്മയ്ക്ക്. അച്ഛമ്മ പറേണ മാതിരി ശ്രീയില്ലാത്ത കാക്കാലച്ചിയൊന്നുല്ല അമ്മ.
എന്ത് വല്യ റോഡാ, ഇങ്ങനെ നീണ്ട് നീണ്ട് കെടക്ക്ന്നെ. വല്യോരു കറ്ത്ത പായ വിരിച്ച പോല്യാ. ഒരുപാട് വണ്ടികളും പേ പേന്ന് ഹോണടിച്ച്…. ആകെ ബഹളം തന്ന്യാ. ഈ വണ്ടികൾക്കൊന്നും നാട്ടില് ഓടാൻ പറ്റ്ല്യാ. കുഞ്ഞി കുഞ്ഞി വഴികളല്ലേ?
നാമം ചൊല്ലണ മാതിരി മനസ്സില് ഒറപ്പിച്ചിട്ട്ണ്ട്. ഇന്നലെ അമ്മയോട് ചോദിച്ച് പഠിച്ചതാ. മുഝേ ഹിന്ദി നഹി മാലൂം……… മുഝേ ഹിന്ദി നഹി മാലൂം……… ടീച്ചറ്മാരോടും കുട്ട്യോളോടും ആദ്യം ന്നെ ഹിന്ദി അറിയില്ലാന്നു പറഞ്ഞാ പിന്നെ അവര് ഹിന്ദീലു ഓരോന്നു പറഞ്ഞ് പേടിപ്പിയ്ക്കില്ല്യാല്ലോ.
സ്ക്കൂളിലാക്കീട്ട് അമ്മേം അച്ഛനും പോയപ്പോ പേടിയാവാന്തൊടങ്ങി. അപ്പോഴേയ്ക്കും പച്ച സാരിടുത്ത പെൻസിലു പോലത്തെ ടീച്ചറും ചുവന്ന ചുരിദാറ്ട്ട റബർ പോലത്തെ ടീച്ചറും വന്ന് കൈയിൽ ഒരു ചോക്ലേറ്റ് വെച്ച്ന്നു. ഈ ക്ലാസ്സ് മുറീം ചെറ്താ. കുട്ടികള് പറയണതൊന്നും മനസ്സിലാവ്ണില്ല. ഒക്കേം ഹിന്ദി തന്ന്യാ. എല്ലാരടേം ഉടുപ്പൊക്കെ വല്യ പകിട്ടിലാണ്. അമ്മയ്ക്കറിയാം ഇതൊക്കെ. അതല്ലേ വാവേക്കൊണ്ടും സിൽക്ക് കുപ്പായം ഇടീപ്പിച്ചത്.
പെൻസിലു ടീച്ചറ് എന്ത്നാവോ ചുണ്ട്ല് ഇത്ര ചോന്ന പെയിന്റ്ടിച്ചേക്കണത്? പേടിയാവാ, കാണുമ്പോ…. ന്നാലും സാരല്യാ പാവം തന്ന്യാ, പറ്ഞ്ഞ്തൊന്നും മൻസ്സിലായില്ലാന്ന് ഒര് കൊഴപ്പം മാത്രേള്ളൂ, ങാ, പിന്നെ അമ്പാട്ടി തൊഴണ പോലെ നമസ്തേന്ന് പറയാൻ പഠിച്ചു. പിന്നെ റബറ് ടീച്ചറ് വന്നപ്പോ ആകെ കൊഴപ്പായി. ക്ലാസ്സില് മൂത്രൊഴിയ്ക്കണംന്ന് വെച്ച്ട്ട് ഒഴിച്ചതല്ലാ സത്യായിട്ടും അല്ലാ. മൂത്രൊഴിയ്ക്കാൻ വന്നാ ‘മെ ഐ‘ ന്ന് തൊട്ങ്ങ്ണ എന്തോ പറ്യണംന്ന് അമ്മ പഠിപ്പിച്ച് തന്നതാ. അത് മറന്ന് പോയി. ഒന്നിന് പോണം, മൂത്രൊഴിയ്ക്കണംന്നൊക്കെ പറഞ്ഞു നോക്കീ… ടീച്ചറ്ക്ക് തിരിഞ്ഞില്ല, അപ്പോളേയ്ക്കും ഒഴിച്ചും പോയി. നാണക്കേടായി……. വല്യ കുട്ടിയായ്ട്ട് ഇങ്ങനെ പറ്റീലോ. കരച്ചിലു വരണുണ്ട്. ഈ പറ്ഞ്ഞാ തിരിയാത്ത നാട്ട്ല് കൊണ്ട്ന്നാക്കീട്ട്…….. പൊന്നുങ്കട്ടാന്നാ അച്ഛമ്മ വിളിച്ചിരുന്നതേയ്. ഗുരുവായിരപ്പ്നേലും വലുതാ അച്ഛ്മ്മയ്ക്ക് വാവാന്നാ പറ്യാ. അത്ര നല്ല വാവയാ ഇപ്പോ ഇങ്ങനെ നാണക്കേടായി തലേം താത്തി നിൽക്കണത്. അവര് ബത്തമീസ് ബത്തമീസ് എന്ന് പറേണുണ്ട്……….. അതെന്താവോ ഈ ബത്തമീസ്? ടീച്ചറ്ടെ പേരാവ്വോ? പറയാൻ നല്ല രസ്മ്ണ്ട്. ഇനി അതും മറ്ക്കണ്ട, ബത്തമീസ്….. അല്ലല്ല, ബത്തമീസ് ടീച്ചർ.
കരച്ചില് കണ്ടപ്പോ നാലു ബിസ്ക്കറ്റ് തന്നു, ടീച്ചറ്. അപ്പോ ദേ കുട്ടികള് മൂത്രത്തിന്റെ നനവ് കാട്ടി ചിരിയ്ക്കണ്. കളിയാക്കാ അത് ഒറപ്പാ. പറേണതൊന്നും മൻസ്സിലാവാത്ത ടീച്ചറും അത് പോലത്തെ കൊറ്ച്ച് കുട്ട്യോളും…………. ന്ന്ട്ട് ചിരിയ്ക്കല്ലേ ങ്ങനെ. മറന്ന്ട്ടില്ല്യാ…. നല്ല മുറുക്കനെ ഒച്ചേല് തന്ന്യാ പറഞ്ഞ്ത്… ‘ബത്തമീസ് ടീച്ചർ, മുഝേ ഹിന്ദി………’
അപ്പോ പിന്നേം കൊഴപ്പായി. ആകെ ബഹളം. ടീച്ചറ് തുറുപ്പിച്ച് നോക്കി. ന്ന്ട്ട് ഒരു പിച്ച്, കൈയിമ്മേ. ഹൌ, വേദനേലും കൂടുതല് വെഷമാ ആവണേ…….അവര് എന്തൊക്ക്യൊ ചറു പിറൂന്ന് ഹിന്ദീല് പറേണുണ്ട്. ന്നാലും ഒന്നും കൂടി ഒറ്ക്കെ പറഞ്ഞു ടീച്ചറോട്……… ‘മുഝേ ഹിന്ദി നഹീം മാലും ബത്തമീസ് ടീച്ചർ‘
മൂത്രായ ഉടുപ്പോണ്ട് കണ്ണെങ്ങന്യാ തൊട്യ്ക്കാ? ഒരു ടവ്വലുണ്ടാര്ന്നു, അതുപ്പോ കാണാനൂല്യ. വഴീൽ വീണ് പോയോ ആവോ……… വേഗം പോയ്യാ മതീ അച്ഛമ്മേടേ അടുത്ത്ക്ക്…
ഉച്ച്യാവുമ്പോളേയ്ക്കും സ്കൂള് വിട്ടു. ആ ദേ അച്ഛനും അമ്മേം വന്ന്ണ്ടല്ലോ……. നനഞ്ഞ കുപ്പായം ആരും കാണണ്ട. വേഗം, സ്കൂട്ടറിൽ കേറീരുന്നു. അച്ഛമ്മേടെ വീട്ട്ലേക്ക് ട്രെയിനിൽ പോണംന്ന് ല്യാ. സ്കൂട്ടറിലു പോയ്യാലും മതി.
അമ്മ ഉമ്മയൊക്കെ വെയ്ക്ക്ണ്ട് ‘എന്തേ കണ്ണാ ? എന്താ ദേഷ്യം?‘
മിണ്ടണ്ട, മിണ്ടണ്ട. അമ്മേം അച്ഛനും ഇനി ഒന്നും മിണ്ടണ്ട.
‘ഒരു ബുദ്ധീല്യാത്തവര്ടെ സ്കൂളിലാക്കീട്ട്……. കണ്ണാന്ന് വിളിച്ചാ മതീലോ‘.
‘ആർക്കാ ബുദ്ധീല്യാത്തത് കുട്ടാ?‘
‘ആ സ്കൂളിലെ കുട്ട്യോൾക്കും ടീച്ചർമാര്ക്കും തീരെ ബുദ്ധീല്യാ…… എന്നെ അവര് ഒന്നും പഠിപ്പിയ്ക്കണ്ട. എനിയ്ക്ക് അച്ഛമ്മേടെ അടുത്ത് പോണം. അവ്ടത്തെ സ്കൂളില് മതി പഠിപ്പ്…… ‘നിയ്ക്ക് പോണം. ‘നിയ്ക്ക് പോ……….ണം.‘
‘എന്തു ബുദ്ധീല്യായാ അവരു കാണിച്ചേ? മക്കളു പറ…… അതറിഞ്ഞിട്ട് അച്ഛൻ ടിക്കറ്റൊക്കെ ശരിയാക്കി അച്ഛമ്മേടെ അടുത്ത് കൊണ്ടാക്കാം.‘
‘അവരൊക്കെ എന്നോട് ഹിന്ദീല് മിണ്ടീപ്പോ ഞാൻ പറഞ്ഞു, മുഝേ ഹിന്ദി നഹീ മാലും ന്ന്. അത് കേട്ടിട്ടും അവര് പിന്നേം പിന്നേം എന്നോട് ഹിന്ദീല്ന്നെ മിണ്ടാന്നേയ്.‘
‘അതിന് മക്കളേ അവര്ക്ക് മലയാളം അറിയില്ല, ഹിന്ദി മാത്രേ അറിയൂ.‘
‘മലയാളം അറിയില്ലാന്നോ? അച്ഛമ്മേടെ കൂട്ട്കാരത്തി മായമ്മേടെ വീട്ടിലെ വാവേല്ല്യേ…… ഒന്നരവയസ്സുള്ള വാവ? അവളുക്കും കൂടി മലയാളം അറിയാം. ന്ന്ട്ട് ഈ പെൻസിലും റബ്ബറും പോലത്തെ ടീച്ചർമാര്ക്കും എന്റ്ത്രേം വെല്യ കുട്ട്യോൾക്കും മലയാളം അറീല്ലാന്നോ? ‘നിയ്ക്ക് ഇവിടെ പഠിയ്ക്കണ്ടാ……... നിയ്ക്ക് പോ…………ണം.‘
----------------------------------------------
മുഝേ ഹിന്ദി നഹി മാലൂം --- എനിയ്ക്ക് ഹിന്ദി അറിയില്ല.
ബത്തമീസ്                    ---  മര്യാദയില്ലാത്ത.

90 comments:

പാവത്താൻ said...

മനോഹരമായ ഒരു കുഞ്ഞു ലോകം....
അതിന്റെ എല്ലാ നിഷ്കളങ്കസൌകുമാര്യത്തോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

ente lokam said...

പാവം വാവ..പാവം ബതമീസ് ടീച്ചര്‍...ഒരു കുഞ്ഞു
വാവയുടെ നിഷ്കളങ്കമായ കാഴ്ചപ്പാടിലൂടെ ഉള്ള
ഈ യാത്ര വളരെ രസകരം ആയി..അതിനു ചേര്‍ന്ന ഭാഷയും
ചിന്തയും എല്ലാം വളരെ ഭംഗി ആയി തന്നെ അവതരിപ്പിച്ചു..
ആ നിലയില്‍ വില ഇരുത്തിയാല്‍ നല്ല കഥ തന്നെ..
പക്ഷെ എച്ച്മുവിന്റെ കഥകള്‍ ഇതിലും തീവ്രമായ വിഷയങ്ങള്‍
കൈകാര്യം ചെയ്യേണ്ട തൂലിക ആണെന്ന് പറഞ്ഞാല്‍ അത് തെറ്റ് അല്ലല്ലോ?
അഭിനന്ദനങ്ങള്‍...

ajith said...

എച്മു, മെയില്‍ കിട്ടിയ ഉടനെ ഞാനിങ്ങു പോന്നു. ഇതു വായിക്കുന്നതിനു മുന്‍പുള്ള കമന്റ്. വായിച്ചുകഴിഞ്ഞുള്ള അഭിപ്രായം പിറകേ അറിയിക്കാം...

Sidheek Thozhiyoor said...

കുഞ്ഞു വാവയുടെ കൌതുകകരമായ കാഴ്ചപ്പാടുകള്‍ അതിന്റെ എല്ലാ ഭാവവും ഉള്‍ക്കൊണ്ടു അവതരിപ്പിച്ചു , എച്ചുമു ആശംസകള്‍ ..വീണ്ടും വീണ്ടും .

Unknown said...

എച്മു,
തനിക്കിപ്പോഴും, ബാല്യകാലം വിടാന്‍ മനസ്സ് വരുന്നില്ല അല്ലെ? അതും നല്ലതു തന്നെ.
നിത്യ ജീവിതത്തിന്റെ നടുത്തളത്തിലേക്കിറങ്ങിനിന്നു നോക്കിയാല്‍, നമുക്കു ചുറ്റും, അടുത്തും അകലേയും, ജീവിക്കുന്ന കഥകളല്ലേ ഉള്ളൂ?
കഥ ബാല്യാധിഷ്ടിതമാണെങ്കിലും, എഴുത്തു ബാലിശമല്ല. നല്ല ഭംഗിയായിട്ടു കഥ പറഞ്ഞു. ആശംസകള്‍!

പട്ടേപ്പാടം റാംജി said...

അറിയാതെ ആഗ്രഹിക്കാതെ എത്തിപ്പെടുന്ന ചില സാഹചര്യങ്ങള്‍ നിഷ്കളങ്കതയോടെ.
ആശംസകള്‍.

Unknown said...

കഥ അസ്സലായിട്ട്ണ്ട് കെട്ടോ.
പറിച്ച് നടലില്‍ പലര്‍ക്കും നഷ്ടമായ ബാല്യം നന്നായി വരച്ച് കാണിച്ചിരിക്കുന്നു.

Kadalass said...

ഒരു കുഞ്ഞു വാവയുടെ നിഷ്കളങ്കമായ അനുഭവം........
അല്ല..... കഥ.......എന്തായാലും നല്ല വായനാസുഖം നല്കി

ആശംസകള്‍!

A said...

കുഞ്ഞുവാവയുടെ കഥ വളരെ ഇഷ്ടമായി

രമേശ്‌ അരൂര്‍ said...

കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും മനസിലാകി അതുപോലെ എഴുതി ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ് ..
ഈ കഥയുടെ ഓരോ വരിവായിക്കുംപോളും ഒട്ടു മിക്ക വായനക്കാരും ഇതിന്റെ ഒടുവില്‍ എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന് സങ്കല്പ്പിച്ചേക്കാം..ഞാന്‍ സങ്കല്‍പ്പിച്ചു..കാരണം എച്ച്മുവിന്റെ മുന്‍കാല എഴുത്തുകള്‍ അവശേഷിപ്പിച്ച പ്രതീക്ഷയാണത്.അങ്ങനെ പ്രതീക്ഷിക്കുമ്പോള്‍ അല്പം നിരാശയാണ് ഈ കഥ നല്‍കിയതെന്ന് പറയാതെ വയ്യ ..കൂടുതല്‍ ശക്തമായി എഴുതാന്‍ കഴിയട്ടെ :)

smitha adharsh said...

കഥ നന്നായി കേട്ടോ...ഇത് ഞങ്ങള്‍ അധ്യാപകര്‍ ദിവസവും കാണുന്ന കാഴ്ചകള്‍..അച്ഛന്റെയും,അമ്മയുടെയും ട്രാന്സ്ഫെരിനോപ്പം പറന്നെത്തുന്ന കുട്ടികള്‍ വേര് പിടിക്കാന്‍ സമയമെടുക്കും..പെന്‍സിലും,റബ്ബറും പോലത്തെ ടീച്ചര്‍മാര്‍ ക്ഷമയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അവര്‍ക്ക് തോന്നും അച്ഛമ്മേടെ ഓത് പോണംന്ന്..

Muralee Mukundan , ബിലാത്തിപട്ടണം said...

അച്ഛമ്മയിൽനിന്നും പറിച്ചുകൊണ്ടുവന്ന് കൂട്ടിലടച്ച എന്റെ മക്കളുടെ ബാല്യമാണിവിടെ ഞാൻ ദർശിച്ചത്...

പെണ്ണൊരുത്തി എപ്പോഴും പിറുപിറിത്തുകൊണ്ടിരുന്നൂ’അമ്മ പിള്ളേരെ ലാളിച്ച് വഷളാക്കി...വഷലാക്കിയെന്ന്’

എന്നാലും ഞാൻ ഇന്നും ഓർക്കുന്നു മക്കളുടെ അന്നത്തെ ആ വിഹ്വലതകൾ...

എല്ലാം നന്നായി ചിത്രീകരിച്ചിരിക്കുന്നു..കേട്ടോ.

V P Gangadharan, Sydney said...
This comment has been removed by the author.
V P Gangadharan, Sydney said...

പ്രസ്തുത ചുറ്റുപാടില്‍, ബദ്തമീസ്‌ (ഈ പദത്തിന്‌ അപരിഷ്കൃതനെന്നും അര്‍ത്ഥമുണ്ട്‌) തന്നെ ആയ ഒരു ബാലമനസിന്റെ ചലനങ്ങള്‍ തന്മയത്വത്തോടെ എച്ച്മുവിന്റെ വിരുതുള്ള പേന പകര്‍ത്തി. കുരുന്നു മനസ്സിന്റെ ചഞ്ചല പ്രയാണം അവരുടെ വാക്കുകളില്‍ തന്നെ പറഞ്ഞുകൊണ്ടുള്ള ഒട്ടേറെ കഥകള്‍ വായിക്കാനിട വന്നതു കൊണ്ടാവാം അവതരണത്തിന്‌ പുതുമ തോന്നിയില്ല. എങ്കിലും ആവേശിപ്പിച്ചെടുത്ത പ്രമേയം ഉല്‍കൃഷ്ടമായി. സംസ്കൃതിയും സമ്പന്നതയും തേടി പുത്തന്‍ സമതലങ്ങളിലേക്ക്‌ പലതും കൈവിട്ടുകൊണ്ട്‌ മേഞ്ഞു പോകുന്ന പോക്കില്‍ പിണഞ്ഞു നില്‍ക്കാവുന്ന ഇഴകളാണ്‌ ആ ബാലന്റെ കുഞ്ഞിക്കാലുകളില്‍ കുടുങ്ങി നില്‍ക്കുന്നത്‌. തന്റെ മനസ്സ്‌ ഇതുവരെ ഗ്രഹിച്ചിട്ടില്ലാത്ത, 'അലംഭാവം' എന്ന പ്രതിഭാസം അച്ചന്റേയും അമ്മയുടേയും കണ്‍വെട്ടത്തുതന്നെ ചുരുട്ടിക്കൂട്ടി എറിയാം എന്നു ഇനിയും തീര്‍പ്പു കല്‍പ്പിക്കാന്‍ അറച്ചു നില്‍ക്കുന്ന ബാലമനസിന്റെ വിടരുന്ന കഥ. വിശദാംശങ്ങളിലേക്കുള്ള കഥാകാരിയുടെ കണ്ണോട്ടം സ്തുത്യര്‍ഹമാണ്‌.
ഇതാ, എച്ച്മുവില്‍ നിന്ന്‌, സരളവും സരസവുമായ വേറൊരു കഥ.

കൊച്ചു കൊച്ചീച്ചി said...

എച്മു എന്തെഴുതിയാലും വായിക്കാന്‍ രസമായിരിക്കും. ഇതില്‍ അല്പം ലഘുവായ വിഷയമാണ് എങ്കിലും എഴുത്തിന്റെ സൌന്ദര്യത്തിന് ഒരു കുറവുമില്ല.

mini//മിനി said...

വാവയെയും വാവക്കഥയെയും വളരെ ഇഷ്ടപ്പെട്ടു. വളരെ നന്നായിരിക്കുന്നു.

Echmukutty said...

പാവത്താന് നന്ദി.
എന്റെ ലോകത്തിന് നന്ദി. ഭാഷയറിയാതെ കഷ്ടപ്പെടേണ്ടി വരുന്ന, പെട്ടെന്ന് സാഹചര്യങ്ങൾ മാറുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അല്പം ലളിതമായി എഴുതി നോക്കിയതാണ്.
അജിത്,
സിദ്ധീക് നന്ദി.
അപ്പച്ചൻ പറഞ്ഞത് ശരി. എനിയ്ക്ക് ഒരു കുഞ്ഞിനെപ്പോലെ കള്ളത്തരമില്ലാതെ, കാപട്യമില്ലാതെ ജീവിച്ച് മരിയ്ക്കാ‍നാണ് ആഗ്രഹം.
രാംജിയുടെ പടമൊക്കെ മാറിയിരിയ്ക്കുന്നു.വന്നു വായിച്ചതിന് നന്ദി.
നിശാസുരഭി വന്നതിൽ സന്തോഷം.
മുഹമ്മദ് കുഞ്ഞിയ്ക്കും സലാമിനും നന്ദി.
രമേശിനെ നിരാശപ്പെടുത്തിയതിൽ വിഷമം ഉണ്ട്. കൂടുതൽ ശക്തമായി എഴുതുവാൻ ശ്രമിയ്ക്കാം. ഈ കഥ അല്പം ലളിതമാക്കാനുള്ള മനപൂർവമായ ഒരു ശ്രമമായിരുന്നു. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

jayaraj said...

तो हम कल ही वापस चलते है, रोना मत .......ह... ह...ह....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു തന്നെ
ഇംഗ്ലണ്ടിലെ പിള്ളേര്‍ ഒന്നര വയസാകുമ്പോഴെക്കും ഇംഗ്ലീഷ്‌ പറയും അത്ഭുതം തന്നെ

:)

...sijEEsh... said...

കഥതന്തു ശക്തമായാലും, ലളിതമായാലും അതിന്റെ details ഇല് എച്മു കാണിക്കുന്ന ശ്രദ്ധ അഭിനന്ദനീയം തന്നെ.

the man to walk with said...

വാവ കഥ മനസ്സില്‍ തൊട്ടു .ഇതു പോലെ ഓരോ ബാല്യവും കുറേ കാലം കഴിയുമ്പോ ..
ഇതെല്ലാം നല്ല ഓര്‍മ്മകള്‍ തന്നെയാവും ...

ആശംസകള്‍

SIVANANDG said...

പിറവിയുടെ കാഠിന്യത്തില്‍ നിന്നു ഇളം മനസ്സിന്റെ നിഷ്കളങ്കതയിലേക്ക്...... ജീവിതയാത്രയിലെ ഒരു മാത്ര മാത്രമായ ആ നിമിഷങ്ങള്‍ക്ക് എത്ര മാതുര്യം.. എച്ചുമു അഭിനന്ദനങ്ങള്‍

മുകിൽ said...

വെള്ളവും വെളിച്ചവും എല്ലാം മാറിയ ഇടത്തേക്കുള്ള പറിച്ചു നടൽ. നന്നായി അവതരിപ്പിച്ചു.
കുഞ്ഞുമനസ്സിന്റെ വിങ്ങീപ്പൊട്ടലുകൾ എല്ലാം നന്നായി.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ഹാജർ ബത്തമീസ് പെൻസിൽ റ്റീച്ചർ :)
നിക്ക് അച്ചമ്മടട്‌ത്ത് പോണ്ടാട്ടോ
അമ്മമ്മേടട്‌ത്ത് മതീ​‍ട്ടോ

Echmukutty said...

സ്മിത വന്ന് വായിച്ചതിൽ സന്തോഷം.
മുരളിയ്ക്ക് നന്ദി.
വി പി ജിയുടെ അഭിപ്രായത്തിന് നന്ദി, ഇനിയും വന്ന് വായിയ്ക്കുമല്ലോ.
കൊച്ച് കൊച്ചീച്ചിയുടെ അഭിനന്ദനത്തിന് ഒത്തിരി നന്ദി.
മിനി ടീച്ചറെ കണ്ടതിൽ ആഹ്ലാദം.
ജയരാജിന് നന്ദി. ആഹാ,ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോ ഹിന്ദി എഴുതീം കൂടി പേടിപ്പിയ്ക്കുന്നു!
ഇൻഡ്യാ ഹെറിട്ടേജിപ്പോ വരാറേയില്ല. കണ്ടതിൽ വലിയ ആഹ്ലാദം! ഇനീം വരണേ!
സിജീഷിനും ദ് മാൻ റ്റു വാക് വിതിനും പ്രത്യേകം നന്ദി.
എല്ലാവരും തരുന്ന പ്രോത്സാഹനങ്ങൾക്ക് ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞ് കൊണ്ട്...

ജന്മസുകൃതം said...

ഒരു വലിയ പ്രസവവേദന കഴിഞ്ഞ് ക്ഷീണം തീര്ന്നതെ... വാവ സ്കൂളില്‍ പോകാറായി അല്ലേ.
വാവയുടെ മാനസികാവസ്ഥ നന്നായി അവതരിപ്പിച്ചു.
ഏതു കഥാ പാത്രത്തിന്റെയും ആത്മാവുള്‍ ക്കൊണ്ട് ആവിഷ്കരിക്കാനുള്ള എച്ച്മുവിന്റെ നൈപുണ്യം അസാമാന്യം തന്നെ .നമിച്ചിരിക്കുന്നു.

Echmukutty said...

ശിവാനന്ദിന് നന്ദി. കുഞ്ഞു മനസ്സ് കാണാനൊരു ശ്രമം നടത്തി നോക്കിയതാണ് ഞാൻ.
മുകിൽ ഇത്തവണ വേഗം വന്നുവല്ലോ. സന്തോഷം.
റബർ ടീച്ചർ അമ്മമ്മേടെ അടുത്ത് പോയാ മതീ ട്ടൊ ജ്യോതീ.
ലീലടീച്ചർ വന്നതിൽ വലിയ ആഹ്ലാദം. ഇനിയും വരുമല്ലൊ.

yousufpa said...

കുഞ്ഞുമനസ്സിനെ അറിയാത്ത മാതാപിതാക്കൾ..

arjun karthika said...

നര്‍മം , കൊച്ചു ദുഖം ........ നന്നായിരിക്കുന്നു . തുറന്നെഴുതുവാന്‍ സാധിക്കുന്നുവല്ലോ ...... നല്ലത് ....

ഭാനു കളരിക്കല്‍ said...

പെട്ടെന്ന് ഒരു കുഞ്ഞായ പോലെ. എച്ചുമ്മൂന്റെ കഥ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു.
ആദ്യമായി ബോംബെയില്‍ പോയത് ഓര്‍മ്മവന്നു.

പ്രയാണ്‍ said...

പാവം വാവക്കുട്ടി.... നന്നായിട്ടോ. ഡല്‍ഹി അനുഭവാണോ..:)

Naushu said...

പാവം കുട്ടി .....

ചാണ്ടിച്ചൻ said...

കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയില്‍ നിന്നുള്ള കഥപറച്ചില്‍ അത്യുഗ്രന്‍...
ഇത് എച്ച്മുവിന്റെ കഥ തന്നെയാണോ??

ശ്രീ said...

കുട്ടിത്തം നിറഞ്ഞ നല്ലൊരു പോസ്റ്റ്, ചേച്ചീ.
ഇഷ്ടമായി

Bijith :|: ബിജിത്‌ said...

വാവക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഈ പറിച്ചു നടല്‍ ഒരു വിങ്ങല്‍ തന്നെയാ. വാവക്ക് പിന്നേം കരഞ്ഞു പ്രതിഷേധിക്കാം, നമുക്കോ

Umesh Pilicode said...

ആശംസകള്‍!

ആളവന്‍താന്‍ said...

എന്തൊരു സ്വാഭാവികതയാണ് ചേച്ചിയുടെ എഴുത്തിന്...
വീണ്ടും വീണ്ടും ആശംസകള്‍
പിന്നെ പ്രയാണ്‍ ചേച്ചി പറഞ്ഞ പോലെ ഇതൊരു സ്വന്തം അനുഭവഗന്ധം നിറഞ്ഞ കഥയാണോ എന്ന്.....!!

Ismail Chemmad said...

എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു ഈ കഥ .
ആ പ്രായത്തിന്റെ മനസ്സിലെക്കിരങ്ങിയുള്ള രചന , അഭിനന്ദനങ്ങള്‍ എച്മു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സാരല്യ ട്ടോ..
ഭാഷയിലെ നൈര്‍മല്യം രസകരമായി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല വായനാ സുഖം തരുന്ന,
നിഷ്കളങ്കത നിറഞ്ഞ രചനാ ശൈലി...
പതിവു പോലെ എച്ച്‌മുക്കുട്ടിയുടെ നല്ലൊരു കഥ...

Jishad Cronic said...

കഥ വളരെ ഇഷ്ടമായി...

Unknown said...

എച്ച്മുവിന്റെ കഥകള്‍ എന്നും വേറിട്ട്‌ നില്‍ക്കുന്നു. കുഞ്ഞുമാനസ്സിലൂടെ ഉള്ള ഈ സഞ്ചാരവും അസ്സലായി.

Unknown said...

എച്ച്മുവിന്റെ കഥകള്‍ എന്നും വേറിട്ട്‌ നില്‍ക്കുന്നു. കുഞ്ഞുമാനസ്സിലൂടെ ഉള്ള ഈ സഞ്ചാരവും അസ്സലായി.

ശ്രീനാഥന്‍ said...

കുഞ്ഞു മനസ്സു നിറഞ്ഞു നിൽക്കുന്നു കഥയിൽ, പിന്നെ പറിച്ചു നടലിന്റെ നോവ് (ടഗോറിന്റെ ഹോം കമിങ് ഓർത്തു ഞാൻ). അച്ഛമ്മ പറേണ മാതിരി ശ്രീയില്ലാത്ത കാക്കാലച്ചിയൊന്നുല്ല അമ്മ ... അച്ഛൻ അമ്മേ വിളിയ്ക്കാണ്ട് പരുങ്ങി നിൽക്കണതെന്താന്ന് അറിയാം, ചീത്ത ശീലങ്ങളാ അച്ചമ്മ പഠിപ്പിച്ചേന്ന് അമ്മ പറയൂലോ എന്ന് പേടിച്ചിട്ടാ.. ഈ പരസ്പ്പരപൂരകങ്ങൾ നമ്മുടെ പുതിയ കുടുംബത്തിലെ ഒരു പ്രശ്നത്തെ കൃത്യമായി തൊട്ടു! നന്നായി കെട്ടോ!

Unknown said...

അങ്ങനെ ഞാനും ഹിന്ദി പഠിച്ചു "ബത്തമീസ് "......ഹി ഹി ഹി

LiDi said...

അയ്യോടാവാവേ....പൊന്നുങ്കുട്ടാ..സാരല്യാട്ടോ....ഉമ്മ..
:-)

jayanEvoor said...

"ബത്തമീസ് = മര്യാദയില്ലാത്ത...?"


fagavaane! chathichO!
AyyO!
enikkorabaddham patti!!

(Will write it later!)

My malayalam font doesn't work

Anamika said...

enikkaRiyunna oru "vaava"ye Orma varunnu :) echmuvinum enikkum orE vaavaye aaNO aRiyaa?

khader patteppadam said...

ബാല പീഡനം...അതിണ്റ്റെ മൂര്‍ദ്ധന്യാവസ്ഥയിലാണിപ്പോള്‍. നമ്മുടെ സ്വാര്‍ത്ഥതയ്ക്ക്‌ ബലിയാടാവുന്നത്‌ നമ്മുടെ കുഞ്ഞുങ്ങള്‍. ഇത്‌ ഇങ്ങനെയൊരു കാലം.

Manoraj said...

ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്ക ലോകം. വളരെ മനോഹരമാക്കി എച്മു. കുഞ്ഞുവാവക്ക് വരെ മലയാളമറിയാം. അത് കലക്കി. വളരെ സ്വാഭാവികതയുണ്ട് എച്മു.

കുസുമം ആര്‍ പുന്നപ്ര said...

എന്‍റ എച്ചുമെ..എന്തു നിഷ്ക്കളങ്കമായ എഴുത്ത്..വളരെനന്നായിരിക്കുന്നു..ഈകുഞ്ഞുവാവ...പിന്നെ മാതൃഭൂമി കണ്ടു കേട്ടോ.

കൂതറHashimܓ said...

ഇത്തിരി കുഞ്ഞിന്റെ പറച്ചില്‍ നല്ല സരം വായിക്കാന്‍.
കുറെ ഇഷ്ട്ടായി വായന

Anonymous said...

നാടന്‍ നായന്മാരുടെ ഭാഷ നന്നായി...എഴുത്ത് പിന്നെ പറയണ്ടല്ലോ......

വി.എ || V.A said...

Kshamikkanam saare,njaanippOL kollathum thiruvananthapurathumaayi paRannu sancharikkukayaaNu. Naalu maasathe leevil oru kudumbastha Paryatanam. malayalabhaashayOduLLa snEham oru puthiya roopaThilavatharippichathinu prathyEkam abhinandanangaL. atuThuthanne veentum varaam, thaankaLute prasasthi uTharOTharam Vijayikkatte, nandi,nandi.

റോസാപ്പൂക്കള്‍ said...

പ്രായത്തിന്റെ മനസ്സിലെക്കിറങ്ങിയുള്ള രചന

kunju manassin nomparangal...

ലേഖാവിജയ് said...

എല്ലാ ഭാഷയും വഴങ്ങുമല്ലൊ !
സ്ത്രീകളുടെ കുട്ടികളുടെ..
നല്ല കഥ.

Vishnupriya.A.R said...

"മുഝേ നഹി മാലൂം……….(jagathi style ,kilukkam fame )

Anil cheleri kumaran said...

കുട്ടിയുടെ മനസ്സിലെ ചിന്തകൾ അത് പോലെന്നെ വിവരിച്ചിരിക്കുന്നു.

Abdulkader kodungallur said...

അവതരണം നന്നായി . ഭാവുകങ്ങള്‍

ajith said...

പീപ്പീടെ ചമ്മന്തി പോലെ എനിക്കിഷ്ടായി. (പീപ്പി ഇലയ്ക്കാട്ടിലെ ഒരു കഥാ‍പാത്രമാണ്. ഒരു നിഷ്കളങ്കനായ ഗ്രാമീണന്‍. വിവാഹസദ്യകളില്‍ പാചകം തൊഴില്‍, നളപാകം. ഒരുക്കാനൊന്നുമില്ലെങ്കിലും പീപ്പി വെറുതെയൊരു മുളകുചമ്മന്തിയരച്ചാലും അതും സ്വാദേറിയ ഒരു വിഭവമാകും എന്ന് നാട്ടിലെ ചൊല്ല്) എച്മു കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് വളരെ തന്മയത്വമായിട്ടാണ്.

Inji Pennu said...

എച്ചുമ്മാ, ബ്ലോഗൊക്കെ ഓരോ പോസ്റ്റായി വായിക്കുകയാണ്. എഴുതി തകർക്കുകയാണല്ലോ!
ആശംസകൾ! ഈ തീ അണയാതിരിക്കട്ടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കുഞ്ഞു നിഷ്കളങ്കത മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

നന്ദി ആശംസകള്‍

ഹാഫ് കള്ളന്‍||Halfkallan said...
This comment has been removed by the author.
ഹാഫ് കള്ളന്‍||Halfkallan said...

ചേച്ചി പെണ്ണ് ന്റെ ബസ്‌ ന്നാ കണ്ടത് .. നല്ലത് എന്ന് എടുത്തു പറയണ്ടല്ലോ :)

ഇടയ്ക്കിടെ വരാറുണ്ട് ...

ആശംസകള്‍ :)

Junaiths said...

പറിച്ചു /മുറിച്ചു മാറ്റപ്പെടുന്ന ബാല്യത്തിന്റെ നിഷ്കളങ്കത..

വര്‍ഷിണി* വിനോദിനി said...

ഇഷ്ടായി ട്ടൊ...ആശംസകള്‍.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മനസ്സിനെ തൊടുന്ന കഥ...
നന്നായിരിക്കുന്നു!!
ആശംസകള്‍!!

chithrangada said...

എച്മു,
നന്നായിട്ടോ കുഞ്ഞിക്കഥ !
പിന്നെ എപ്പോഴും കാണുന്ന
വൈകാരിക തീവൃതയുള്ള
കഥകളില് നിന്നും വ്യത്യസ്തമായി
ലളിതം സുന്ദരം ........

ആത്മ/പിയ said...

ലച്ചു,

ഈ കഥയും ഇഷ്ടമായി.
അവസാനം ആ കുഞ്ഞിനോടൊപ്പം എനിക്കും കരച്ചില്‍ വന്നു..

ലച്ചു ഈ ബ്ലോഗു ലോകത്തെ ഒരു അല്‍ഭുതമായി തോന്നുന്നു പലപ്പോഴും..

സസ്നേഹം
ആത്മ

കുഞ്ഞൂസ് (Kunjuss) said...

കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതയും വേവലാതിയും വളരെ നന്നായും സ്വാഭാവികമായും എഴുതി.

എച്മുവിന്റെ കിരീടത്തില്‍ ഒരു തൂവല്‍ കൂടി!

നികു കേച്ചേരി said...

പറിച്ചുനടപ്പെടലിന്റെ വേദന കുഞ്ഞനുറുമ്പ്‌ കടിക്കുന്നപോലെ.

വിനുവേട്ടന്‍ said...

മുഝേ ഹിന്ദി... നഹി മാലൂം ... ഹം ... തും .. ദുശ്‌മന്‍ ... ജഗഡാ ... ജഗഡാ... ഓ, ഹിന്ദി അറിയില്ലാന്ന്‌ ഇവന്മാരോട്‌ എങ്ങന്യാ ഒന്ന് പറഞ്ഞ്‌ മനസ്സിലാക്കുക...

നന്നായി കേട്ടോ...

ചന്തു നായർ said...

എച്ചുമുകുട്ടീ.... കലക്കീ...ട്ടോ... ഇപ്പ്പ്പ്ഴാ ഇവിടെ എത്താൻ പറ്റിയത്.... നന്നായി.... കുട്ടികളുടെലോകത്തേക്ക്.. അല്ലല്ല...എന്റെ ബാല്യത്തിലേക്കൊരു പിൻ കാഴ്ച ( ഫാഷ് ബാക്ക് ) നന്ദി....... http://chandunair.blogspot.com/

lekshmi. lachu said...

കുട്ടിത്തം നിറഞ്ഞ നല്ലൊരു പോസ്റ്റ് ..വളരെ ഇഷ്ടമായി

poor-me/പാവം-ഞാന്‍ said...

aap ko sab kuch maalum hai ji..
Good writing ..will be back to read your next post...

Akbar said...

പറിച്ചു നട്ടാല്‍ വേരുപിടിക്കാന്‍ സമയമെടുക്കും. ശീലങ്ങള്‍ മാറ്റാന്‍ വിധിക്കപ്പെട്ട കുഞ്ഞു വാവയുടെ മനോ വികാരങ്ങളെ അതിന്റെ സകല ഭാവാദികളോടെയും വരച്ചു കാട്ടാന്‍ ഈ കൊച്ചു കഥക്കായി. കുഞ്ഞു ലോകത്തെ ക്ക് ഇറങ്ങി വന്നു എഴുതാന്‍ കഥാകാരിക്ക് കഴിഞ്ഞു.

വീകെ said...

നന്നായിരിക്കുന്നു...
കുഞ്ഞു കുട്ടിയുടെ മനസ്സ് തുറന്നു വച്ചിരിക്കുന്നു...

ആശംസകൾ...

mayflowers said...

നാട് വിടുമ്പോഴുള്ള ഒരു കുഞ്ഞു മനസ്സിന്റെ വേവലാതികളും,വെപ്രാളങ്ങളും വളരെ മനോഹരമായി,അതീവ ലളിതമായി എഴുതിയിരിക്കുന്നു.
വലിയ കാര്യങ്ങള്‍ നമ്മള്‍ വലിയവര്‍ക്കു മാത്രമാണ് വലുത്.

Pranavam Ravikumar said...

വായിച്ചു രസിച്ചു...അവതരണം നന്നായിരിക്കുന്നു...!

ഒരില വെറുതെ said...

കുഞ്ഞി കുഞ്ഞി ലോകം എത്ര വലുത്.

said...

കുഞ്ഞുമനസ്സിന്റെ കൊച്ചു നൊമ്പൊരങ്ങള്‍... അറിവുകേട്‌ കൊണ്ടുള്ള അബദ്ധങ്ങള്‍.. പക്ഷെ.. “ദൈവത്തിന്റെ പരിഗണന”കളെക്കാള്‍ മെച്ചം ഒന്നിനും ഇല്ല... കാണാന്‍ വൈകിപ്പോയി... അതുകൊണ്ട് ഇവിടെ കമന്റുന്നു... സമാനതകള്‍ ഇല്ലാത്ത രചന.. അനാഥത്വവും അവഗണനയും പുതുമയല്ലെങ്കിലും അതിലുപരിയും അപമാനിക്കപെടാം എന്ന് മനസ്സിലായി... നന്മകള്‍ നേരുന്നു...

ബെഞ്ചാലി said...

കഥ ഇഷ്ടമായി :)

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇവിടെ എത്താന്‍ ഒരുപാട് വയ്കിപ്പോയി.നന്നായിട്ടുണ്ട്

എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

Anees Hassan said...

കുറേ കാലമായി വന്നിട്ട് .......മനസ്സ് നിറഞ്ഞു പോകുന്നു

SHANAVAS said...

Dear Echmukutty,
You are time and again proving that u are a born writer.Your style is excellent.I will follow u eagerly,as I was late to see your posts.
Congrats,
Shanavas thazhakath.
Punnapra.

ധനലക്ഷ്മി പി. വി. said...

കഥ ഇഷ്ടമായി ..

ദൈവത്തിന്റെ പരിഗണനകള്‍ ബ്ലോഗനയില്‍ വന്നതില്‍ അഭിനന്ദനങ്ങള്‍ ..

ജെ പി വെട്ടിയാട്ടില്‍ said...

echmutteene kaanaan pandu ee vazhikku vannirunnu.
pinne echmutteene njaan marannu.

innu orma vannappol ente mal font pani mudakki.
manassil thonnunna chitrangal kuthi varakkan patunnilla.

pinned varaam ee vazhikku.
ikkollam thrissur poorathinu varika. be my guest.

greetings from trichur

abith francis said...

കുഞ്ഞുവാവ കൊള്ളാട്ടോ...ഞാന്‍ പണ്ട് അച്ഛന്റേം അമ്മേടേം കൂടെ തമിഴ്നാട്ടില്‍ പോയത് ഓര്‍മവന്നു...അന്ന് ഇതിലും വല്യ അങ്കമായിരുന്നു അവിടെ ഞാന്‍ നടത്തിയത്...

നളിനകുമാരി said...

എനിക്ക് ഇപ്പഴും അറീല്ല്യ ഈ ഹിന്ദി എന്നിട്ടാ ഈ കൊച്ചു കുട്ടിക്ക്..ഹല്ലാ പിന്നെ.

Anju Ramesh said...

ഏതോ ഒരു വാവക്കഥ എന്നേ ഇതു പണ്ട് വായിച്ചപ്പോ കരുതിയുള്ളൂ. ഇപ്പൊ മനസ്സിലാകുന്നു എച്മുകുട്ടീടെ വാവകുട്ടിയാണെന്നു..
സംസാരപ്രിയ ആണല്ലോ കുഞ്ഞൂസ്... നിരീക്ഷണബുദ്ധിക്കാരിയും..
മിടുക്കി!!!