(2011 ജൂൺ 27 ന്റെ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച “ ദുരിതകാലത്തിന്റെ പാട്ട് “ എന്ന കുറിപ്പ്.)
പാടാനുള്ള ആഗ്രഹവും പരിശ്രമവുമെല്ലാം അപശ്രുതിയിലാണാരംഭിച്ചത്. ചിട്ടസ്വരത്തിന്റെയോ താനത്തിന്റെയോ ആലാപനത്തിലെത്താതെ അകന്നു പോയ ഗാനങ്ങളുടെ വരികളും സ്വരങ്ങളും താളങ്ങളും എല്ലാം ഓർമ്മകൾ മാത്രമാണെപ്പോഴും.
പാട്ട്, ഏതു ഭാഷയായാലും ഏത് ദേശമായാലും ആരു പാടിയതായാലും ഇഷ്ടമാവും. പാട്ടാസ്വദിച്ച് ഒന്നോ രണ്ടോ വരികൾ അബദ്ധത്തിൽ മൂളിപ്പോകുമ്പോൾ തിക്കും പൊക്കും നോക്കും. ആരെങ്കിലും കേൾക്കുന്നുണ്ടോ? ആ തോന്നൽ വരുമ്പോഴേയ്ക്കും പാട്ട് സ്വിച്ചിട്ടതു പോലെ നിൽക്കുകയും ചെയ്യും. മോഷ്ടിയ്ക്കാൻ പോകുന്നതു പോലെയോ, മറ്റൊരുവളുടെ ഭർത്താവിനെ വശീകരിയ്ക്കാൻ പോകുന്നതു പോലെയോ ഒക്കെയാണ് ഈ പാത്തും പതുങ്ങിയുമുള്ള മൂളിപ്പാട്ട്. പാട്ട് അറിയാമോ എന്നു ചോദിച്ചാൽ, അല്ലെങ്കിൽ സ്വന്തം മൂളിപ്പാട്ട് ആരെങ്കിലും കേൾക്കുന്നുവെന്ന് തോന്നിയാൽ അനുഭവിയ്ക്കേണ്ടി വരുന്ന പരിഭ്രമവും കുറ്റബോധവും അപകർഷവും അത്ര മേൽ ദീനമാണ്.
ഒരു പാപ്പാത്തിയായി വളർന്ന കുട്ടിക്കാലങ്ങളിൽ……
അച്ഛൻ പെങ്ങൾമാർ പാടുമ്പോൾ ലതാ മങ്കേഷ്ക്കറും ആശാ ഭോൺസ്ലേയും തോറ്റു പോകുമെന്ന് വാചാലമായിരുന്ന അച്ഛന്റെ അഭിമാനം, എം ഡി രാമനാഥന്റെ സാഗരഗർജ്ജനമായി വീട്ടിൽ അലയടിയ്ക്കാറുണ്ടായിരുന്നു. റേഡിയോ സിലോണും ഉറുദു സർവീസും ഒരനുഷ്ഠാനം പോലെ നിർബന്ധമായും കേൾപ്പിച്ചു തന്നിരുന്ന കുട്ടിക്കാലത്ത് ‘നീയൊക്കെ പാടുന്നത് പാട്ടാണോ‘ എന്ന പരിഹാസത്തിന്റെ ഉപ്പും പുച്ഛത്തിന്റെ മുളകും ഇട്ട ചോദ്യം മൂളിപ്പാട്ടുകളെ കൂടി ആവിയിൽ വേവിച്ചു.
സൌകര്യം കിട്ടിയ പകലുകളിലെല്ലാം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും സംഗീതം പഠിച്ച, മദ്രാസുകാരി അയല്പക്കത്തെ മാമിയ്ക്ക് ശിഷ്യപ്പെട്ടു നോക്കി. പിച്ച്, ടെമ്പോ, ശ്രുതി, സംഗതി, എല്ലാറ്റിനും പുറമേ മധുരമായ കുയിൽ ശബ്ദം ഇതൊന്നും സ്വന്തമായില്ലെന്ന ആത്മവിശ്വാസക്കുറവിൽ അപ്പോഴും യാതൊരു മാറ്റവുമുണ്ടായില്ല. നൂറു കീർത്തനം ഹൃദിസ്ഥമായപ്പോഴും, ഭയത്തിന്റെയും അപകർഷത്തിന്റേയും തടവിൽ കിടക്കുന്നവർ പരുങ്ങിപ്പരുങ്ങി ചെയ്യുന്നതെന്തു തന്നെയായാലും അതെല്ലാം എന്നുമെന്നും അപൂർണമായിരിയ്ക്കുമെന്ന് മാത്രമാണ് കൃത്യമായി മനസ്സിലായത്.
റിക്രിയേഷൻ ക്ലബ്ബ് വാർഷികത്തിന്, തീർച്ചയായും മാമിയുടെ നിർബന്ധപൂർവമായ പ്രേരണ കൊണ്ടു കൂടിയാണ് ഒരു കീർത്തനം ആലപിയ്ക്കുവാൻ ആദ്യമായി ധൈര്യപ്പെട്ടത്. പന്തുവരാളി രാഗത്തിൽ, ആദി താളത്തിലുള്ള,സ്വാതിതിരുനാൾ കൃതിയായ സാരസാക്ഷ പരിപാലയമാം………. എന്ന കീർത്തനം. പാടുന്നതിനിടയ്ക്ക് സദസ്സിലിരുന്ന ആരോ ഒരാൾ കൂട നിറയെ വിവിധ തരം പഴങ്ങൾ സമ്മാനമായി സമർപ്പിച്ചപ്പോൾ ഒരു മാത്ര നേരം മനം ആഹ്ലാദത്താൽ കവിഞ്ഞൊഴുകി. എന്നിട്ടും ജനം തിങ്ങിയിരുന്ന സദസ്സിനു മുൻപിൽ വിയർത്തൊഴുകുന്നുണ്ടായിരുന്നു, മനസ്സ് പൊട്ടിപ്പിളരുന്നുണ്ടായിരുന്നു, പഠിച്ചുറപ്പിച്ച സപ്ത താളങ്ങളിലെ ഒരു താളവുമല്ലായിരുന്നു ഹൃദയമിടിപ്പിന്.
പക്ഷേ, ആ ഗാന ധിക്കാരത്തിന്റെ ശിക്ഷയായി, മേൽ സ്ഥായിയിൽ ഒരു ശ്രുതിപ്പെട്ടി പൊട്ടിച്ചിതറി. സമ്മാനം കിട്ടിയ പഴങ്ങൾക്ക് പരിഹാസത്തിന്റെയും പുച്ഛത്തിന്റെയും മഞ്ഞച്ച വാക്കുകൾ അകമ്പടി വന്നു.
‘പഴങ്ങളെടുത്ത് നിന്റെയൊക്കെ വായിൽ കുത്തിത്തിരുകാൻ പറ്റുമോ? അതുകൊണ്ട് കൂടേലാക്കിയതല്ലേ? പാവം, പൊതുജനം എന്തൊക്കെ സഹിയ്ക്കണം……‘
അനുഭവങ്ങൾ അധികവും അങ്ങനെയായിരുന്നു, ഒരു തണുത്ത ലോഹം പോലെ ശരീരത്തിലൂടെ തുളച്ചു കയറി തലച്ചോറിനെ എന്നും ആഴത്തിൽ മാന്തിക്കൊണ്ടിരിയ്ക്കുന്നവ. പ്രോത്സാഹനത്തിന്റെ നാനാർത്ഥം നിന്ദയെന്നും പുച്ഛമെന്നും പരിഹാസമെന്നും അതുകൊണ്ടു പാലിയ്ക്കേണ്ട മൌനമെന്നും ഒതുക്കപ്പെടലെന്നുമായിരുന്നു.
പിന്നീട് ഒരു സദസ്സിലും ഒരിയ്ക്കലും പാടിയില്ല. അതിനുള്ള ധീരത നേടാനായില്ല.
എങ്കിലും, പാട്ടുകളെ പൊള്ളിക്കുടന്ന മനസ്സിന്റെ ഭാഗമാക്കി, മനസ്സിനെ ആർക്കും കാണുവാനോ കേൾക്കുവാനോ തൊടുവാനോ കഴിയില്ലല്ലോ എന്ന സമാധാനത്തോടെ. ഒരു പാട്ടിനും അയിത്തം കല്പിച്ചില്ല. അതുകൊണ്ട് ആത്മാവിൽ കൂടു കൂട്ടിയ മൌനത്തിനും ഏകാന്തതയ്ക്കും അനാഥത്വത്തിനും മീതെ അമൃതവർഷിണിയായി ലോകമാകമാനമുള്ള ഗായകരെയും അവർ പാടിയ പാട്ടുകളേയും സ്നേഹിച്ചു. എല്ലാ വരികളെയും സ്വരങ്ങളേയും ഓർമ്മകൾ മാത്രമാക്കി പെട്ടിയിലടച്ചു സൂക്ഷിച്ചു.
ആ ഓർമ്മപ്പെട്ടിയിലെ ഒരു ഗാനം…………
അത് ഞാൻ എന്ന നിസ്സാരതയുമായി ഉള്ളിലുടക്കി കിടന്നു. ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച്, മരണത്തോട് മല്ലിടുന്ന അമ്മയെ കണ്ടുകൊണ്ട്, ആധിയും ഭീതിയും മാത്രം പുതപ്പാക്കി ഉറങ്ങിയിരുന്ന ദുരിതകാലത്താണ് ആ പാട്ട് മനസ്സിലേയ്ക്ക് വന്ന് വീണത്.
സാഹിർ ലുധിയാൻവി എഴുതി , ഖയ്യാമിന്റെ സംഗീതത്തിൽ, മുകേഷ് ആലപിച്ച ഒരു ഗാനം…….
"മേ പൽ ദോ പല് കാ ശായ് റ് ഹും… പല് ദോ പല് മേരി കഹാനി ഹേ…
പല് ദോ പല് മേരി ഹസ്തി ഹേ… പല് ദോ പല് മേരി ജവാനി ഹേ…
മുഝ്സേ പെഹലേ കിത് നേ ശായറ് ആയേ ഓർ ആക്കറ് ചലേ ഗയേ………..
കുച്ഛ് ആഹേ ഭറ്ക്കറ് ലോട്ട് ഗയേ കുച്ഛ് നഗ് മേ ഗാക്കറ് ചലേ ഗയേ………
വോ ഭീ എക് പല് കാ കിസ്സാ ഥേ മേ ഭീ എക് പല് കാ കിസ്സാ ഹും
കൽ തുമ്സേ ജുദാ ഹോ ജാവൂംഗാ വോ ആജ് തുമ്ഹാരാ ഹിസ്സാ ഹും……"
ഇന്ന് നിന്റെ അംശമായ ഞാൻ നാളെ നിന്നോട് യാത്ര പറയുമെന്ന് മുകേഷ് പാടുമ്പോൾ, സങ്കടത്തിന്റെ നീരാളിക്കൈകൾ ഗദ്ഗദങ്ങളുടെ ആഴക്കടലിലേയ്ക്ക് മുക്കിത്താഴ്ത്തുമായിരുന്നു.
* * * * * * * * *
തീർത്തും അപരിചിതമായ അതിവിദൂര സ്ഥലങ്ങളിൽ ഏകാകികളായി കഴിഞ്ഞുകൂടിയിട്ടുള്ളവർക്ക് ഒരുപക്ഷെ, തനിച്ചായിപ്പോകുന്നതിന്റെ പല തരത്തിലുള്ള വേദനകൾ ഉണങ്ങാത്ത വടുക്കളായി മനസ്സിലുണ്ടാവും. തണുത്തിരുണ്ട ഗുഹ പോലെയോ അല്ലെങ്കിൽ കത്തിയമരുന്ന അടുപ്പു പോലെയോ വായും പിളർന്നിരിയ്ക്കുന്ന ഒറ്റമുറിയിലെ താമസക്കാലത്ത്, നമ്മെ കാണുമ്പോൾ സുഖമല്ലേ എന്ന് ചോദിയ്ക്കാൻ ഒരൊറ്റ മനുഷ്യരൂപം പോലും തിരിഞ്ഞ് നിൽക്കാത്ത ഉണങ്ങിയ ദിനങ്ങളിലൂടെ ജീവിതം കടന്ന് പോകുമ്പോൾ പൊടുന്നനെ എല്ലാ പതിവു രീതികളും തെറ്റിച്ചുകൊണ്ട് ഒരപകടമുണ്ടാകുന്നു…. ഒരു വാഹനാപകടം, അല്ലെങ്കിൽ മാർക്കറ്റിലെ ഒരു ബോംബ് സ്ഫോടനം…… അങ്ങനെയെന്തെങ്കിലും. എത്ര നിസ്സാരമാണീ മനുഷ്യ ജീവിതം എന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഓരോ ദുരന്തവും തീമഴയായി പെയ്തിറങ്ങുക.
പരിക്ക് പറ്റിയതും വേദന കാർന്നു തിന്നുന്നതുമായ ശരീരവുമായി ഞാനാരാണെന്നോ എന്താണെന്നോ തെളിയിയ്ക്കാനാവാത്ത അവസ്ഥയിൽ ഒരാശുപത്രിയുടെ വരാന്തയിൽ ചരിഞ്ഞ് കിടക്കുമ്പോൾ…….. ചുറ്റും വേദനയുടെ നിലയ്ക്കാത്ത ഒഴുക്ക്…… കരച്ചിൽ… മനുഷ്യ ജീവിതമെന്ന അതീവ നിസ്സഹായത… കഠിന യാതന തളർത്തിയ അനേകം മുഖങ്ങൾ. വേദന അധികമാവുമ്പോൾ നമുക്ക് ബോധാബോധങ്ങൾ അവ്യക്തമായിത്തീരും. അങ്ങനെയാണ് പലപ്പോഴും പരിശോധനയുടെയും ശുശ്രൂഷയുടെയും ഓർമ്മകൾ കൂടി ഡിലീറ്റ് ചെയ്യപ്പെടുന്നത്.
ഉണർന്നത് കൊടും വേദനയുടെ മുള്ളുകളിലേയ്ക്കായിരുന്നു. ഞരങ്ങുകയും മൂളുകയും ചെയ്തപ്പോൾ ഏതോ ഒരു കൈ തലയിൽ തടവി….. “പേടിയ്ക്കാതെ കണ്ണടച്ചുറങ്ങൂ, ഞാനുണ്ട്……. ഞാനുണ്ട്.“ അപ്പോഴും ആ പാട്ടു കേൾക്കുന്നുണ്ടായിരുന്നു
മേ പൽ ദോ പൽ കാ ശായ് റ് ഹും…………. ഏതു പുണ്യമാണ് ഈ വേദനയിൽ തൈലം പുരട്ടാൻ വന്നത്? ഏതു വിരലുകളാണ് തലയിൽ തടവുന്നത്? ഇതാരാണ്?
"………………………………….
കൽ ഓർ ആയേംഗെ നഗ് മോം കി ഖില് തീ കലിയാം ചുന് നെ വാലെ
മുഝ്സെ ബെഹത്തര് കെഹെനെവാലേ തുംസേ ബെഹത്തര് സുന് നെ വാലെ
കല് കോയി മുഝ്കോ യാദ് കരേ………… ക്യോം കോയി മുഝ്കോ യാദ് കരേ………..
മസ് റൂഫ് സമാനാ മേരേ ലിയേ ……. ക്യോം വക് ത് അപ് നാ ബറ് ബാദ് കരേ?"
അന്യന്റെ വേദനയിൽ ഹൃദയം തപിച്ച ആരോ…. ആയിരിയ്ക്കാം ആ വന്നത്. സാഹിർ എഴുതിയതും മുകേഷ് പാടിയതും സത്യമായിരിയ്ക്കാം, കൂടുതൽ നന്നായി ചൊല്ലുന്നവരും കൂടുതൽ നന്നായി കേൾക്കുന്നവരും കടന്ന് വന്നേയ്ക്കാം, ഇപ്പോൾ വന്നതാരെന്ന് ആലോചിച്ച് സമയം വ്യർഥമാക്കേണ്ടതില്ലായിരിയ്ക്കാം… പാട്ടിന്റെ വഴികൾ........... ഒരു പക്ഷെ, ഇങ്ങനെയൊക്കെയുമായിരിയ്ക്കാം.