Monday, June 27, 2011

ഒരു പാട്ടോർമ്മ


                                            


(2011 ജൂൺ 27 ന്റെ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച “ ദുരിതകാലത്തിന്റെ പാട്ട് “ എന്ന കുറിപ്പ്.)

പാടാനുള്ള ആഗ്രഹവും പരിശ്രമവുമെല്ലാം അപശ്രുതിയിലാണാരംഭിച്ചത്. ചിട്ടസ്വരത്തിന്റെയോ താനത്തിന്റെയോ ആലാപനത്തിലെത്താതെ അകന്നു പോയ ഗാനങ്ങളുടെ വരികളും സ്വരങ്ങളും താളങ്ങളും എല്ലാം ഓർമ്മകൾ മാത്രമാണെപ്പോഴും.

പാട്ട്, ഏതു ഭാഷയായാലും ഏത് ദേശമായാലും ആരു പാടിയതായാലും ഇഷ്ടമാവും. പാട്ടാസ്വദിച്ച് ഒന്നോ രണ്ടോ വരികൾ അബദ്ധത്തിൽ മൂളിപ്പോകുമ്പോൾ തിക്കും പൊക്കും നോക്കും. ആരെങ്കിലും കേൾക്കുന്നുണ്ടോ? ആ തോന്നൽ വരുമ്പോഴേയ്ക്കും പാട്ട് സ്വിച്ചിട്ടതു പോലെ നിൽക്കുകയും ചെയ്യും. മോഷ്ടിയ്ക്കാൻ പോകുന്നതു പോലെയോ, മറ്റൊരുവളുടെ ഭർത്താവിനെ വശീകരിയ്ക്കാൻ പോകുന്നതു പോലെയോ ഒക്കെയാണ് ഈ പാത്തും പതുങ്ങിയുമുള്ള മൂളിപ്പാട്ട്. പാട്ട് അറിയാമോ എന്നു ചോദിച്ചാൽ, അല്ലെങ്കിൽ സ്വന്തം മൂളിപ്പാട്ട് ആരെങ്കിലും കേൾക്കുന്നുവെന്ന് തോന്നിയാൽ അനുഭവിയ്ക്കേണ്ടി വരുന്ന പരിഭ്രമവും കുറ്റബോധവും അപകർഷവും അത്ര മേൽ ദീനമാണ്.

ഒരു പാപ്പാത്തിയായി വളർന്ന കുട്ടിക്കാലങ്ങളിൽ……

അച്ഛൻ പെങ്ങൾമാർ പാടുമ്പോൾ ലതാ മങ്കേഷ്ക്കറും ആശാ ഭോൺസ്ലേയും തോറ്റു പോകുമെന്ന് വാചാലമായിരുന്ന അച്ഛന്റെ അഭിമാനം, എം ഡി രാമനാഥന്റെ സാഗരഗർജ്ജനമായി വീട്ടിൽ അലയടിയ്ക്കാറുണ്ടായിരുന്നു. റേഡിയോ സിലോണും ഉറുദു സർവീസും ഒരനുഷ്ഠാനം പോലെ നിർബന്ധമായും കേൾപ്പിച്ചു തന്നിരുന്ന കുട്ടിക്കാലത്ത് ‘നീയൊക്കെ പാടുന്നത് പാട്ടാണോ‘ എന്ന പരിഹാസത്തിന്റെ ഉപ്പും പുച്ഛത്തിന്റെ മുളകും ഇട്ട ചോദ്യം മൂളിപ്പാട്ടുകളെ കൂടി ആവിയിൽ വേവിച്ചു.

സൌകര്യം കിട്ടിയ പകലുകളിലെല്ലാം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും സംഗീതം പഠിച്ച, മദ്രാസുകാരി അയല്പക്കത്തെ മാമിയ്ക്ക് ശിഷ്യപ്പെട്ടു നോക്കി. പിച്ച്, ടെമ്പോ, ശ്രുതി, സംഗതി, എല്ലാറ്റിനും പുറമേ മധുരമായ കുയിൽ ശബ്ദം ഇതൊന്നും സ്വന്തമായില്ലെന്ന ആത്മവിശ്വാസക്കുറവിൽ അപ്പോഴും യാതൊരു മാറ്റവുമുണ്ടായില്ല. നൂറു കീർത്തനം ഹൃദിസ്ഥമായപ്പോഴും, ഭയത്തിന്റെയും അപകർഷത്തിന്റേയും തടവിൽ കിടക്കുന്നവർ പരുങ്ങിപ്പരുങ്ങി ചെയ്യുന്നതെന്തു തന്നെയായാലും അതെല്ലാം എന്നുമെന്നും അപൂർണമായിരിയ്ക്കുമെന്ന് മാത്രമാണ് കൃത്യമായി മനസ്സിലായത്.

റിക്രിയേഷൻ ക്ലബ്ബ് വാർഷികത്തിന്, തീർച്ചയായും മാമിയുടെ നിർബന്ധപൂർവമായ പ്രേരണ കൊണ്ടു കൂടിയാണ് ഒരു കീർത്തനം ആലപിയ്ക്കുവാൻ ആദ്യമായി ധൈര്യപ്പെട്ടത്. പന്തുവരാളി രാഗത്തിൽ, ആദി താളത്തിലുള്ള,സ്വാതിതിരുനാൾ കൃതിയായ സാരസാക്ഷ പരിപാലയമാം………. എന്ന കീർത്തനം. പാടുന്നതിനിടയ്ക്ക് സദസ്സിലിരുന്ന ആരോ ഒരാൾ കൂട നിറയെ വിവിധ തരം പഴങ്ങൾ സമ്മാനമായി സമർപ്പിച്ചപ്പോൾ ഒരു മാത്ര നേരം മനം ആഹ്ലാദത്താൽ കവിഞ്ഞൊഴുകി. എന്നിട്ടും ജനം തിങ്ങിയിരുന്ന സദസ്സിനു മുൻപിൽ വിയർത്തൊഴുകുന്നുണ്ടായിരുന്നു, മനസ്സ് പൊട്ടിപ്പിളരുന്നുണ്ടായിരുന്നു, പഠിച്ചുറപ്പിച്ച സപ്ത താളങ്ങളിലെ ഒരു താളവുമല്ലായിരുന്നു ഹൃദയമിടിപ്പിന്.

പക്ഷേ, ആ ഗാന ധിക്കാരത്തിന്റെ ശിക്ഷയായി, മേൽ സ്ഥായിയിൽ ഒരു ശ്രുതിപ്പെട്ടി പൊട്ടിച്ചിതറി. സമ്മാനം കിട്ടിയ പഴങ്ങൾക്ക് പരിഹാസത്തിന്റെയും പുച്ഛത്തിന്റെയും മഞ്ഞച്ച വാക്കുകൾ അകമ്പടി വന്നു.

‘പഴങ്ങളെടുത്ത് നിന്റെയൊക്കെ വായിൽ കുത്തിത്തിരുകാൻ പറ്റുമോ? അതുകൊണ്ട് കൂടേലാക്കിയതല്ലേ? പാവം, പൊതുജനം എന്തൊക്കെ സഹിയ്ക്കണം……‘

അനുഭവങ്ങൾ അധികവും അങ്ങനെയായിരുന്നു, ഒരു തണുത്ത ലോഹം പോലെ ശരീരത്തിലൂടെ തുളച്ചു കയറി തലച്ചോറിനെ എന്നും ആഴത്തിൽ മാന്തിക്കൊണ്ടിരിയ്ക്കുന്നവ. പ്രോത്സാഹനത്തിന്റെ നാനാർത്ഥം നിന്ദയെന്നും പുച്ഛമെന്നും പരിഹാസമെന്നും അതുകൊണ്ടു പാലിയ്ക്കേണ്ട മൌനമെന്നും ഒതുക്കപ്പെടലെന്നുമായിരുന്നു.

പിന്നീട് ഒരു സദസ്സിലും ഒരിയ്ക്കലും പാടിയില്ല. അതിനുള്ള ധീരത നേടാനായില്ല.

എങ്കിലും, പാട്ടുകളെ പൊള്ളിക്കുടന്ന മനസ്സിന്റെ ഭാഗമാക്കി, മനസ്സിനെ ആർക്കും കാണുവാനോ കേൾക്കുവാനോ തൊടുവാനോ കഴിയില്ലല്ലോ എന്ന സമാധാനത്തോടെ. ഒരു പാട്ടിനും അയിത്തം കല്പിച്ചില്ല. അതുകൊണ്ട് ആത്മാവിൽ കൂടു കൂട്ടിയ മൌനത്തിനും ഏകാന്തതയ്ക്കും അനാഥത്വത്തിനും മീതെ അമൃതവർഷിണിയായി ലോകമാകമാനമുള്ള ഗായകരെയും അവർ പാടിയ പാട്ടുകളേയും സ്നേഹിച്ചു. എല്ലാ വരികളെയും സ്വരങ്ങളേയും ഓർമ്മകൾ മാത്രമാക്കി പെട്ടിയിലടച്ചു സൂക്ഷിച്ചു.

ആ ഓർമ്മപ്പെട്ടിയിലെ ഒരു ഗാനം…………

അത് ഞാൻ എന്ന നിസ്സാരതയുമായി ഉള്ളിലുടക്കി കിടന്നു. ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച്, മരണത്തോട് മല്ലിടുന്ന അമ്മയെ കണ്ടുകൊണ്ട്, ആധിയും ഭീതിയും മാത്രം പുതപ്പാക്കി ഉറങ്ങിയിരുന്ന ദുരിതകാലത്താണ് ആ പാട്ട് മനസ്സിലേയ്ക്ക് വന്ന് വീണത്.
സാഹിർ ലുധിയാൻവി എഴുതി , ഖയ്യാമിന്റെ സംഗീതത്തിൽ, മുകേഷ് ആലപിച്ച ഒരു ഗാനം…….

"മേ പൽ ദോ പല് കാ ശായ് റ് ഹും… പല് ദോ പല് മേരി കഹാനി ഹേ…
പല് ദോ പല് മേരി ഹസ്തി ഹേ… പല് ദോ പല് മേരി ജവാനി ഹേ…
മുഝ്സേ പെഹലേ കിത് നേ ശായറ് ആയേ ഓർ ആക്കറ് ചലേ ഗയേ………..
കുച്ഛ് ആഹേ ഭറ്ക്കറ് ലോട്ട് ഗയേ കുച്ഛ് നഗ് മേ ഗാക്കറ് ചലേ ഗയേ………
വോ ഭീ എക് പല് കാ കിസ്സാ ഥേ മേ ഭീ എക് പല് കാ കിസ്സാ ഹും
കൽ തുമ്സേ ജുദാ ഹോ ജാവൂംഗാ വോ ആജ് തുമ്ഹാരാ ഹിസ്സാ ഹും……"

ഇന്ന് നിന്റെ അംശമായ ഞാൻ നാളെ നിന്നോട് യാത്ര പറയുമെന്ന് മുകേഷ് പാടുമ്പോൾ, സങ്കടത്തിന്റെ നീരാളിക്കൈകൾ ഗദ്ഗദങ്ങളുടെ ആഴക്കടലിലേയ്ക്ക് മുക്കിത്താഴ്ത്തുമായിരുന്നു.

*  *  *  *  *  *  *  *  *  

തീർത്തും അപരിചിതമായ അതിവിദൂര സ്ഥലങ്ങളിൽ ഏകാകികളായി കഴിഞ്ഞുകൂടിയിട്ടുള്ളവർക്ക് ഒരുപക്ഷെ, തനിച്ചായിപ്പോകുന്നതിന്റെ പല തരത്തിലുള്ള വേദനകൾ ഉണങ്ങാത്ത വടുക്കളായി മനസ്സിലുണ്ടാവും. തണുത്തിരുണ്ട ഗുഹ പോലെയോ അല്ലെങ്കിൽ കത്തിയമരുന്ന അടുപ്പു പോലെയോ വായും പിളർന്നിരിയ്ക്കുന്ന ഒറ്റമുറിയിലെ താമസക്കാലത്ത്, നമ്മെ കാണുമ്പോൾ സുഖമല്ലേ എന്ന് ചോദിയ്ക്കാൻ ഒരൊറ്റ മനുഷ്യരൂപം പോലും തിരിഞ്ഞ് നിൽക്കാത്ത ഉണങ്ങിയ ദിനങ്ങളിലൂടെ ജീവിതം കടന്ന് പോകുമ്പോൾ പൊടുന്നനെ എല്ലാ പതിവു രീതികളും തെറ്റിച്ചുകൊണ്ട് ഒരപകടമുണ്ടാകുന്നു…. ഒരു വാഹനാപകടം, അല്ലെങ്കിൽ മാർക്കറ്റിലെ ഒരു ബോംബ് സ്ഫോടനം…… അങ്ങനെയെന്തെങ്കിലും. എത്ര നിസ്സാരമാണീ മനുഷ്യ ജീവിതം എന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഓരോ ദുരന്തവും തീമഴയായി പെയ്തിറങ്ങുക.

പരിക്ക് പറ്റിയതും വേദന കാർന്നു തിന്നുന്നതുമായ ശരീരവുമായി ഞാനാരാണെന്നോ എന്താണെന്നോ തെളിയിയ്ക്കാനാവാത്ത അവസ്ഥയിൽ ഒരാശുപത്രിയുടെ വരാന്തയിൽ ചരിഞ്ഞ് കിടക്കുമ്പോൾ…….. ചുറ്റും വേദനയുടെ നിലയ്ക്കാത്ത ഒഴുക്ക്…… കരച്ചിൽ… മനുഷ്യ ജീവിതമെന്ന അതീവ നിസ്സഹായത… കഠിന യാതന തളർത്തിയ അനേകം മുഖങ്ങൾ. വേദന അധികമാവുമ്പോൾ നമുക്ക് ബോധാബോധങ്ങൾ അവ്യക്തമായിത്തീരും. അങ്ങനെയാണ് പലപ്പോഴും പരിശോധനയുടെയും ശുശ്രൂഷയുടെയും ഓർമ്മകൾ കൂടി ഡിലീറ്റ് ചെയ്യപ്പെടുന്നത്.

ഉണർന്നത് കൊടും വേദനയുടെ മുള്ളുകളിലേയ്ക്കായിരുന്നു. ഞരങ്ങുകയും മൂളുകയും ചെയ്തപ്പോൾ ഏതോ ഒരു കൈ തലയിൽ തടവി….. “പേടിയ്ക്കാതെ കണ്ണടച്ചുറങ്ങൂ, ഞാനുണ്ട്……. ഞാനുണ്ട്.“ അപ്പോഴും ആ പാട്ടു കേൾക്കുന്നുണ്ടായിരുന്നു

മേ പൽ ദോ പൽ കാ ശായ് റ് ഹും…………. ഏതു പുണ്യമാണ് ഈ വേദനയിൽ തൈലം പുരട്ടാൻ വന്നത്? ഏതു വിരലുകളാണ് തലയിൽ തടവുന്നത്? ഇതാരാണ്?

"………………………………….


കൽ ഓർ ആയേംഗെ നഗ് മോം കി ഖില് തീ കലിയാം ചുന് നെ വാലെ
മുഝ്സെ ബെഹത്തര് കെഹെനെവാലേ തുംസേ ബെഹത്തര് സുന് നെ വാലെ
കല് കോയി മുഝ്കോ യാദ് കരേ………… ക്യോം കോയി മുഝ്കോ യാദ് കരേ………..
മസ് റൂഫ് സമാനാ മേരേ ലിയേ ……. ക്യോം വക് ത് അപ് നാ ബറ് ബാദ് കരേ?"

അന്യന്റെ വേദനയിൽ ഹൃദയം തപിച്ച ആരോ…. ആയിരിയ്ക്കാം ആ വന്നത്. സാഹിർ എഴുതിയതും മുകേഷ് പാടിയതും സത്യമായിരിയ്ക്കാം, കൂടുതൽ നന്നായി ചൊല്ലുന്നവരും കൂടുതൽ നന്നായി കേൾക്കുന്നവരും കടന്ന് വന്നേയ്ക്കാം, ഇപ്പോൾ വന്നതാരെന്ന് ആലോചിച്ച് സമയം വ്യർഥമാക്കേണ്ടതില്ലായിരിയ്ക്കാം… പാട്ടിന്റെ വഴികൾ........... ഒരു പക്ഷെ, ഇങ്ങനെയൊക്കെയുമായിരിയ്ക്കാം.

88 comments:

Rare Rose said...

പതിവ് പോലെ മനസ്സ് തൊട്ടെഴുതി എച്മൂ..ഇഷ്ടായി..

ഉള്ളില്‍ കുരുങ്ങിപ്പോയ പാട്ടുകളുമായി നടക്കുന്ന ഒരുവളെ വാക്കുകളിലൂടെ വ്യക്തമായി കണ്ടു.എത്രയ്ക്കങ്ങ് തളര്‍ന്നാലും മുറുക്കേ പിടിക്കാന്‍,എപ്പഴും കൂടെ കൊണ്ട് നടക്കാന്‍ ഇങ്ങനോരോ വരികള്‍,ഈണങ്ങള്‍ ഒക്കെ മനസ്സ് താനേ കണ്ട്പിടിച്ച് വെയ്ക്കും അല്ലേ?

Echmukutty said...

ഈ പാട്ടിന്റെ മലയാള വിവർത്തനം. എന്റെ സ്വന്തം വിവർത്തനമാണിത്. കൂടുതൽ ഭംഗിയായി ചൊല്ലുന്നവരു ണ്ടെന്ന് കവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
മേ പൽ ദോ പല് കാ ശായ് റ് ഹും പല് ദോ പല് മേരി കഹാനി ഹേ ( ഞാൻ ഒന്നോ രണ്ടോ നിമിഷങ്ങളുടെ കവിയാണ്, എന്റെ കഥയും ഒന്നോ രണ്ടോ നിമിഷങ്ങളുടേതു തന്നെ)
പല് ദോ പല് മേരി ഹസ്തി ഹേ പല് ദോ പല് മേരി ജവാനി ഹേ ( ഒന്നോ രണ്ടോ നിമിഷങ്ങളുടെയാണു എന്റെ ചിരിയും എന്റെ യൌവനവും)
മുഝ്സേ പെഹലേ കിത് നേ ശായറ് ആയേ ഓർ ആക്കറ് ചലേ ഗയേ………..( എന്നേക്കാൾ മുൻപ് എത്രയോ കവികൾ വരികയും വന്നിട്ട് പോവുകയും ചെയ്തു)
കുച്ഛ് ആഹേ ഭറ്ക്കറ് ലോട്ട് ഗയേ കുച്ഛ് നഗ് മേ ഗാക്കറ് ചലേ ഗയേ………(കുറച്ച് പേർ ശോകം നിറച്ച് പോയി കുറച്ച് പേർ പ്രേമഗാനം പാടി യാത്രയായി)
വോ ഭീ എക് പല് കാ കിസ്സാ ഥേ മേ ഭീ എക് പല് കാ കിസ്സാ ഹും (അവരും ഒരു നിമിഷത്തിന്റെ കഥയായിരുന്നു ഞാനും ഒരു നിമിഷത്തിന്റെ കഥ മാത്രം)
കൽ തുമ്സേ ജുദാ ഹോ ജാവൂംഗാ വോ ആജ് തുമ്ഹാരാ ഹിസ്സാ ഹും……(ഇന്ന് നിന്റെ ഭാഗമായ ഞാൻ നാളെ നിന്നെപ്പിരിഞ്ഞ് പോവുകയും ചെയ്യും)
കൽ ഓർ ആയേംഗെ നഗ് മോം കി ഖില് തീ കലിയാം ചുന് നെ വാലെ ( പ്രേമഗാനങ്ങളുടെ വിടരുന്ന പൂക്കൾ തെരഞ്ഞെടുക്കുന്നവർ നാളെ വീണ്ടും വരും.)
മുഝ്സെ ബെഹത്തര് കെഹെനെവാലേ തുംസേ ബെഹത്തര് സുന് നെ വാലെ ( എന്നെക്കാൾ ഭംഗിയായി പറയുന്നവരും നിന്നേക്കാൾ ഭംഗിയായി കേൾക്കുന്നവരും)
കല് കോയി മുഝ്കോ യാദ് കരേ…………ക്യൂം കോയി മുഝ്കോ യാദ് കരേ……….(.നാളേ എന്നെ ആരെങ്കിലും ഓർമ്മിയ്ക്കുന്നത്....എന്നെ എന്തിനാണ് ഓർമ്മിയ്ക്കുന്നത്?)
മസ് റൂഫ് സമാനാ മേരേ ലിയേ …….ക്യോം വക് ത് അപ് നാ ബറ് ബാദ് കരേ? ( തിരക്ക് പിടിച്ച ഈ ലോകം എനിയ്ക്ക് വേണ്ടീ സമയം കളയുന്നതെന്തിന്?)
മുകേഷ് അവസാനമായി റെക്കോർഡ് ചെയ്ത് ഗാനവും സാഹിർ അവസാനമായി എഴുതിയ ഗാനവും ഇതാണ്. ലുധിയാനയിൽ ജനിച്ച് ഡൽഹിയിൽ അല്പകാലം ജോലി ചെയ്ത് സിനിമാ താരമാവാൻ വേണ്ടി ബോംബെയ്ക്കു പോയ മുകേഷ് ചന്ദ് മാത്തൂറിന്റെ വിധി അനവധി തലമുറകൾക്കുള്ള അനുഗ്രഹമെന്ന പോലെ ഗായകനാവാനായിരുന്നു. “ദിൽ ജൽതാ ഹേ തോ ജൽനേ ദേ“ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം. കാല ക്രമേണ പ്രശസ്ത നടൻ രാജ് കപൂറിന്റെ സ്വന്തം ശബ്ദമായി മുകേഷ് ഹിന്ദി സിനിമാ പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടു. “സബ് കുച്ഛ് സീഖാ ഹം നേ,“ “ദോസ്ത് ദോസ്ത് നാ രഹാ,“ “എക് ദിൻ ബിക് ജായേഗാ മാഠി കേ മോൽ“ അങ്ങനെ അനവധി അനശ്വര ഗാനങ്ങൾ അദ്ദേഹം ആലപിച്ചു
സാഹിറിന്റെ അമ്മയായ ശ്രീമതി സർദാർ ബീഗം ഇൻഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടും മുൻപേ, 1934 ൽ സാഹിറിനു വെറും പതിമൂന്നു വയസ്സുള്ളപ്പോൾ,സ്വന്തം ദാമ്പത്യ ജീവിതത്തിലെ കൊടിയ അനീതിയെ കോടതിയിൽ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച വനിതയാണ്. അതുകൊണ്ട് തന്നെ ആ അമ്മയും മകനും അതിരു കവിഞ്ഞ സഹനങ്ങൾക്ക് നിർബന്ധിതരായിത്തീർന്നു. കടുത്ത ദാരിദ്ര്യത്തിലും ജീവൻ നഷ്ടപ്പെടുമോ എന്ന ഭീതിയിലുമാണ് സാഹിർ എന്ന അസാധാരണ പ്രതിഭയായ ഉറുദു കവി വളർന്നത്.
“യേ ദുനിയാ അഗർ മിൽ ഭീ ജായെ തോ ക്യാ ഹേ,“ “ജോ വാദാ കിയാ വോ നിഭാനാ പടേഗാ,“ “യേ മേരി സോഹ് റാ ജഭീ,“ “ആഗേ ഭീ ജാനേ നാ തൂ,“ “കഭീ കഭീ മേരെ ദിൽ മേ………“ഇവയൊക്കെ സാഹിർ എഴുതിയ ചില മനോഹര ഗാനങ്ങൾ മാത്രം.
ജ്ഞാനപീഠം നേടിയ പ്രശസ്ത എഴുത്തുകാരി അമൃതാപ്രീതവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഗാഢമായ സൌഹൃദത്തെക്കുറിച്ച് അവർ ആത്മകഥയിൽ പരാമർശിയ്ക്കുന്നുണ്ട്. ഓർമ്മകൾ വഴിയൊഴിഞ്ഞു പോയ ആ വലിയ എഴുത്തുകാരിയുടെ വസതിയ്ക്കു മുൻപിൽ എനിയ്ക്ക് ചെലവഴിയ്ക്കാൻ കഴിഞ്ഞ ഒരു മധ്യാഹ്നത്തിൽ ……സർവീസ് ലൈനിന്റെ ഒരു വശത്ത് ഒതുങ്ങി നിന്ന് തുണികൾ ഇസ്തിരിയിട്ട് മടക്കുന്ന വൃദ്ധന്റെ റേഡിയോ പാടിക്കൊണ്ടിരുന്നു “മേ പല് ദോ പല് കാ ശായറ് ഹും………..“
തികച്ചും അവിചാരിതമായി………യാദൃച്ഛികമായി………പാട്ടിന്റെ വഴികൾ………

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

mirshad said...

വായിച്ചിരുന്നു . . . പാട്ടോര്‍മ്മ എന്ന പേര് ന്യായീകരിക്കുന്ന രീതിയിലുള്ള എഴുത്തുകള്‍ ഇടക്കിടയെ വരാറുള്ളൂ . . അതില്‍ തന്നെ വളരെ നാന്നായ ഒരു ലേഖനമായിരുന്നു ..
ഇത്രയും മാത്രം എഴുതി കമന്റു നിര്‍ത്താം എന്ന് വിജാരിച്ച്ചിരിക്കുംപോലാണ് ചെറിയൊരു പഠനം കണ്ടത് . ഒന്നാമത്തെ കമന്റായി എച്മു എഴുതിയ ലേഖന്‍ പോലത്തെ കമന്റു . . .
ഇത് വരെ കേള്‍കാത്ത ഒരു പാട്ട് , അര്‍ഥം കൂടി കിട്ടിയപ്പോള്‍ കേള്‍ക്കാന്‍ ആഗ്രഹം തോന്നുന്നു . .

ente lokam said...

വായിച്ചിരുന്നു ..

എച്ച്മുവിന്റെ അവതരണവും

സംഗീതം പോലെ

ഉള്ളില്‍ തറക്കുന്നു ...

Anonymous said...

ഞാനിഷ്ടപ്പെടുന്നത് ഈ എഴുത്താണ്.. ഇവിടെ എന്തെഴുതിയാലും എനിക്കേറെ പ്രിയപ്പെട്ടതാണ്... :)

ചെറുത്* said...

ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് പറയാന്‍ തോന്നുന്ന സന്ദര്‍ഭം, പക്ഷേ എങ്ങനെ എന്ന് അറിയണില്ല.

നല്ലത്!

രമേശ്‌ അരൂര്‍ said...

ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒറ്റയ്ക്കായി പോകുമ്പോള്‍ എന്റെ മനസിലെക്കും ഒരു പാട്ട് കടന്നു വരാറുണ്ട് ...ഗുലാം അലിയോ മെഹ്ദി ഹസനോ സപ്തസ്വരങ്ങളെ ആത്മാവില്‍ മധുരമായ് അലിയിച്ചു ചേര്‍ത്ത ഒരു തൊണ്ടയില്‍ നിന്ന് ..
എച്ച്മുവിന്റെ വാക്കുകള്‍ക്കു ഓര്‍മകളുടെ സുഗന്ധമുണ്ട് , വേദനയുടെ നനവുണ്ട്

Sidheek Thozhiyoor said...

"എന്നെക്കാൾ ഭംഗിയായി പറയുന്നവരും നിന്നേക്കാൾ ഭംഗിയായി കേൾക്കുന്നവരും"
നന്നായി പറഞ്ഞു ഈ പാട്ടോര്‍മ്മ , എച്ചുമുവിന്റെ ശൈലി വളരെ ആകര്‍ഷണമാണ്.

അലി said...

ഹൃദയസ്പർശിയായി എഴുതി...
ആശംസകൾ!

Sabu Hariharan said...

എത്ര മനോഹരമായി എഴുതി. ആസ്വദിച്ചു. പഴയ ചില സിനിമാ ഗാനങ്ങൾ വെറും പാട്ടല്ല എന്നും, കേൾക്കുമ്പോഴെല്ലാം, ചിന്തകളുടെ ചില്ലകൾ പിടിച്ച് കുലുക്കുന്ന കവിതകൾ തന്നെയാണെന്ന്‌ സാന്ദർഭികമായി പറഞ്ഞതിനും അഭിനന്ദനം.

കുഞ്ഞൂസ് (Kunjuss) said...

ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഒറ്റപ്പെട്ടു പോകുമ്പോഴുള്ള വേദനയില്‍ ആശ്വാസമായി ചില വരികള്‍, പാട്ടുകള്‍ ഒക്കെയുണ്ട് എച്മൂ...
എന്നത്തേയും പോലെ മനോഹരമായീ ഈ എഴുത്ത്...!

ശ്രീനാഥന്‍ said...

കുട്ടികളെ പരിഹസിക്കുമ്പോൾ എത്ര ആഴത്തിലാണ് മുറിവേൽക്കുക എന്ന് പലപ്പോഴും പലരും ഓർക്കാറില്ല. പാട്ട് നീറ്റലായി, പാട്ട് അതിവർത്തനമായി ഈ കുറിപ്പിൽ നിറഞ്ഞു നിൽക്കുന്നു. സങ്കടത്തിന്റെ നീരാളിക്കൈകൾ ഗദ്ഗദങ്ങളുടെ ആഴക്കടലിലേയ്ക്ക് … ഇതിനപ്പുറം എങ്ങ്നെ എഴുതും കുയിലേ?

mini//മിനി said...

പാട്ട് നിർത്തരുതായിരുന്നു.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആരെങ്കിലും കുറ്റം പറയുന്നത് കേട്ട് നിര്‍ത്തിയാല്‍ ഈയുള്ളവനോക്കെ എന്നെ നിര്തെണ്ടാതായിരുന്നു ബ്ലോഗ്‌.
പിന്നെയല്ലേ പാടാന്‍ അറിയുന്നവര്‍ പാടാതിരിക്കുന്നത്?
എഴുത്ത് നന്നായി.

SHANAVAS said...

ഈ കുറിപ്പ് മാധ്യമത്തില്‍ വായിച്ചതാണ്. അന്ന് തന്നെ ഞാന്‍ കരുതി, ഇത് ബൂലോകത്തില്‍ വന്നിരുന്നെങ്കില്‍ എന്ന്. സംഗീതത്തെക്കുറിച്ച് സംഗീതാത്മകമായി എഴുതിയ കുറിപ്പ്. തനത് എച്ച്മുക്കുട്ടി ശൈലിയില്‍...നന്നായി. എല്ലാ ആശംസകളും..

Bijith :|: ബിജിത്‌ said...

ചില പാട്ടുകള്‍ അങ്ങിനെയാണ്, വരികള്‍ക്കും സംഗീതത്തിനും ആലാപനത്തിനും അപ്പുറമായ ഒരിഷ്ടം, ഒരു അനുഭവം... പ്രത്യേകിച്ച് ചില പ്രിയപ്പെട്ട / കണ്ണ് നനയിച്ച നിമിഷങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍...

ponmalakkaran | പൊന്മളക്കാരന്‍ said...

നന്നായിട്ടുണ്ട്. ആശംസകൾ.

keraladasanunni said...

നന്നായിട്ടുണ്ട്.

the man to walk with said...

ഒരു പാട്ട് ഒരുപാട് പറയുന്നു ...പാട്ടിനോടൊപ്പം ഒഴുകിവരുന്നത് ഒരു കാലം ..ഒരു ഓര്‍മ ..ഒരു വികാരം ...

ഇഷ്ടായി പോസ്റ്റ്‌ .ആശംസകള്‍

ബിഗു said...

Well Done Chechi. Keep it up

Ravi Menon said...

saahirinum mukeshinum khayyaaminum nalloru tribute aayi echmuvinte kurippu. ee paattu record cheythu adhika naal kazhiyum munpu mukesh ormmayaayi...

ജന്മസുകൃതം said...

ഇഷ്ടായി എച്മു ...ഒത്തിരിയൊത്തിരി

ചാണ്ടിച്ചൻ said...

ഈ എച്ച്മുക്കുട്ടി എന്നെ അസൂയപ്പെടുത്തി അസൂയപ്പെടുത്തി കൊല്ലും!!
എത്ര മനോഹരമാണീ എഴുത്ത്...

ചന്തു നായർ said...

ആശംസകൾ...എഴുത്തിനും ,ഓർമ്മക്കും

jayaraj said...

aashamsakal

Areekkodan | അരീക്കോടന്‍ said...

നല്ല അവതരണം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യമായി എനിക്കൊരു ടേപ്‌ റെകോര്‍ഡര്‍ കിട്ടിയപ്പോല്‍ അതിനൊപ്പം കിട്ടിയ ഒരു സൗജന്യ കാസെറ്റില്‍ ഉണ്ടായിരുന്നു ഈ പാട്ട്‌ എന്റെ അച്ഛന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു പാട്ട്‌

ഓര്‍മ്മകളെ തിരികെ വിളിച്ച ഈ എഴുത്ത്‌ ഇഷ്ടപ്പെട്ടു- എന്റെ അച്ഛനെ ഓര്‍മ്മിപ്പിച്ചതു കൊണ്ട്‌

റോസാപ്പൂക്കള്‍ said...

എച്ചുമോ...
ഇപ്രാവശ്യവും നന്നായി

Kaithamullu said...

വളരെ നാളുകള്‍ക്ക് ശേഷം ആസ്വദിച്ച് വായിച്ചു എച്മുവിന്റെ പാട്ടോര്‍മ്മ!
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ട് ഗായകര്‍ :
1) തലത്ത് 2)മുകേഷ്.
-മനസ്സ് കേഴുമ്പോഴൊക്കെ കൂടെ വന്നിരുന്നാശ്വസിപ്പിക്കുന്ന രണ്ട് ഗായകര്‍.
ആശംസകള്‍!

Salini Vineeth said...

പാടാത്ത പോയ ഒരുപാടു പാട്ടുകള്‍.. അവയിപ്പോ എച്ച്മുക്കുട്ടിയെ ഓര്‍ത്തു കരയുന്നുണ്ടാവുമോ? :(
നന്നായി എഴുതി.. :)

ചേച്ചിപ്പെണ്ണ്‍ said...

"മേ പൽ ദോ പല് കാ ശായ് റ് ഹും… പല് ദോ പല് മേരി കഹാനി ഹേ…
പല് ദോ പല് മേരി ഹസ്തി ഹേ… പല് ദോ പല് മേരി ജവാനി ഹേ…
മുഝ്സേ പെഹലേ കിത് നേ ശായറ് ആയേ ഓർ ആക്കറ് ചലേ ഗയേ………..
കുച്ഛ് ആഹേ ഭറ്ക്കറ് ലോട്ട് ഗയേ കുച്ഛ് നഗ് മേ ഗാക്കറ് ചലേ ഗയേ………

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പഴയ ചില സുന്ദര ഗാനങ്ങള്‍ വീണ്ടം ഓര്‍ക്കാന്‍ കഴിഞ്ഞു.
ഒപ്പം നല്ലൊരു പോസ്റ്റ്‌ വായിക്കാനും....

Renuka Arun said...

Beautiful my little sister
I love love love the way you write

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ വീണ്ടും പാട്ടിന്‍റ പാലാഴി കടഞ്ഞെടുക്കൂ.

കൂതറHashimܓ said...

വായിച്ചു

ബിന്ദു കെ പി said...

കുറച്ചുനാളായി എച്മുവിന്റെ ബ്ലോഗിൽ വന്നിട്ട്. വന്നത് വെറുതെയായില്ല. ഇത് വായിച്ചപ്പോൾ എന്റെ മനസ്സിലേക്കും കുറേ പാട്ടോർമ്മകൾ തള്ളിക്കയറി വരുന്നു....

പ്രയാണ്‍ said...

.......................

Unknown said...

എച്ച്മുവിന്റെ പാട്ടോര്‍മ്മ മധുരതരമായ ഒരുഅനുഭൂതിയായി വായനക്കാരിലേക്ക്, എത്ര ഹൃദ്യം!
പാട്ടിന്റെ വഴിയെകുറിച്ചുള്ള കമെന്റ്റ്‌ കൂരുതല്‍ അറിവുകള്‍ നല്‍കി.

Unknown said...

ക്യോം വക് ത് അപ് നാ ബറ് ബാദ് കരേ?

നാമൂസ് said...

എച്മുവിന്‍റെ ഉണര്‍ത്തു പാട്ട്.
'പാട്ടോര്‍മ്മയില്‍' കാലമാണ് കഥ പറയുന്നത്. കലഹിക്കുന്ന മനസ്സിന് ഒരാശ്വാസമായി... ജീവിതമെന്നാല്‍ ഇതൊക്കെയുമാണെന്ന് ഉണര്‍ത്തുന്നൊരു പാട്ട്. വല്ലാത്തൊരിഷ്ടം തോന്നുമീ വരികളോട്. നന്ദി.

കൊമ്പന്‍ said...

ഓരോരുത്തരുടെയും മനസ്സില്‍ ഓരോ ഗാനങ്ങള്‍ ഉണ്ട് മറക്കാന്‍ കയിയാത്ത നാം അറിയാതെ പാടുന്ന എയുത്ത് നന്നായിരിക്കിന്നു

prayaan parayippikkaan said...

മനുഷ്യന് മനസിലാക്കാതെ കുറെ എന്തെങ്കിലും വാരി വലിചെഴു തുക എന്നിട്ട് പൊക്കി പറയാന്‍ കുറെ പൂവാലന്മാരും

ajith said...

പാട്ടോര്‍മ്മ..ഇഷ്ടായി
പാട്ട് വിവര്‍ത്തനം അതിലേറെ ഇഷ്ടായി

കൊല്ലേരി തറവാടി said...

ഒരുപാടു കമന്റുകള്‍ എഴുതി ശീലമില്ല എച്ചുമുക്കുട്ടി - കിട്ടിയും...

പക്ഷെ, ഇന്ന്‌ ഇതു വായിച്ചപ്പോള്‍ എന്തോ എഴുതാതിരിയ്ക്കാന്‍ കഴിഞ്ഞില്ല..

അപ്പോഴും എന്താണ്‌ എഴുതേണ്ടതെന്നും എനിയ്ക്കറിയില്ല.

ഒന്നുമാത്രം എഴുതാം.. ഇനിയും എഴുതണം. ഒരുപാട്‌,. ഒരുപാടൊരുപാട്‌...

ഏതൊരു വലിയ ഗായികയുടെ സ്വരമാധുരിയെക്കാള്‍ ഭാവസാന്ദ്രമാണ്‌ അനുഭവങ്ങളുടെ ആലയില്‍ രാകിമിനുക്കിയ മൂര്‍ച്ചയും തിളക്കവുമുള്ള ഈ വാക്കുകളും വരികളും..

Manoraj said...

എച്മു നന്നായിതന്നെ എഴുതി. നാട്ടില്‍ ഈ മാദ്ധ്യമം നേരെ ചൊവ്വെ വായിക്കാന്‍ കിട്ടാത്തത് കൊണ്ട് തന്നെ അച്ചടിമഷി പുരണ്ട എച്മുവിന്റെ ഒട്ടേറെ ലേഖനങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും വളരെ സന്തോഷമുണ്ട്. എച്മു എന്ന എഴുത്തുകാരിയെ ബ്ലോഗിനു പുറത്തുള്ളവരും അംഗീകരിക്കുമ്പോള്‍. ഒന്നോര്‍ക്കുക. ഒരു പക്ഷെ പണ്ട് പാടിയപ്പോള്‍ കിട്ടിയ പഴങ്ങളെ ആക്ഷേപമാക്കിയവരെ പോലെ പലരും ഉണ്ടാവാം. ഇനിയും അത്തരം വാക്കുകളെ വകവെക്കാതെ അത് വെറും ജല്പനങ്ങള്‍ മാത്രമായി കരുതുക. പ്രിയ സുഹൃത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍..

ramanika said...

വോ ഭീ എക് പല് കാ കിസ്സാ ഥേ
മേ ഭീ എക് പല് കാ കിസ്സാ ഹും


ക്യാ ബാത്ത് ഹായ്
ക്യാ ലികവത് ഹായ്
റിയലി ഗ്രേറ്റ്‌ !

കെ.എം. റഷീദ് said...

ഒരു പ്രവാസിയായി
നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമകന്നു
മരുഭൂവാസിയായി
ഇവിടെ ജീവിതം തള്ളി നീക്കുമ്പോള്‍
എന്‍റെ നാവിലും പാട്ട് വരാറുണ്ട് (വടുപ്പാട്ട് പാടാത്ത കഴുതയുണ്ടോ)
നോവിന്റെ നനവുള്ള
ഓര്‍മയുടെ ചെപ്പില്‍ എന്നും ഓര്‍ത്തുവെക്കുന്ന
അനുഭവങ്ങള്‍ ഞങ്ങളുമായി പങ്ക് വെച്ചതിനു
ഒരായിരം നന്ദി

പട്ടേപ്പാടം റാംജി said...

പാട്ടോര്‍മ്മയില്‍ പാട്ടിന്റെ പരിഭാഷ കൂടി നല്‍കിയപ്പോള്‍ പണ്ടത്തെ വേദനക്ക്‌ കൊടുത്ത മറുപടി പോലെ ആ വരികള്‍ തിളങ്ങി.

jayanEvoor said...

നല്ല എഴുത്ത്.
എച്ച്മൂസ് എന്തെഴുതിയാലും അതിൽ തനിമയുണ്ട്.
അഭിനന്ദനങ്ങൾ!

Unknown said...

എച്ച്മുവിന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്. പലപ്പോഴും കമന്റ് ഇടാറില്ലെന്നു മാത്രം.ആഖ്യാന ശൈലി, പണ്ടേ എനിക്കിഷ്ടമാണെന്നു ഞാന്‍ പറഞ്ഞിട്ടുമുണ്ട്. ഇതും വളരെ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍!
-------------------------------------
എന്റെ ഒരഭിപ്രായം: MALAYALAM UNICODE FONTS "RACHANA" Install ചെയ്‌താല്‍ ചില്ലക്ഷരങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നു തോന്നുന്നു.

സ്മിത മീനാക്ഷി said...

ഈ പാട്ടോര്‍മ്മയ്ക്ക് നന്ദി എച്മു..

Lipi Ranju said...

ഈ പാട്ടോർമ്മ, ഇഷ്ടായി എച്മു ...

കൊച്ചു കൊച്ചീച്ചി said...

എനിക്ക് പാട്ടുപാടാന്‍ പേടിയും ആളുകളുടെ വിമര്‍ശനം കേള്‍ക്കുമ്പോള്‍ വേദനയും തോന്നിയിരുന്ന കാലമുണ്ടായിരുന്നു. എഞ്ചിനീയറിങ്ങിനു ചേര്‍ന്ന് രണ്ടാഴ്ചത്തെ റാഗിങ്ങ് കൊണ്ട് നാണം, പേടി, ബഹുമാനം (അതുണ്ടെങ്കിലല്ലേ നാട്ടുകാരുടെ വിടുവായത്തരം കേട്ട് വിഷമം തോന്നുള്ളൂ) എന്നീ പ്രശ്നങ്ങളെല്ലാം അറബിക്കടല്‍ കടന്നു. ഇന്നിപ്പോള്‍ ഒരു പ്രശ്നവുമില്ല - ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരേക്കാള്‍ തൊലിക്കട്ടിയാ.

ആ പാട്ട് നല്ലൊരു പാട്ടാണ് കേട്ടോ. പണ്ട് എന്റെ കയ്യില്‍ മുകേഷിന്റെ ഒരു കസറ്റ് ഉണ്ടായിരുന്നു. അതിലെ ആദ്യത്തെ മൂന്നു പാട്ടുകള്‍ 'വക്ത് കര്‍താ ജൊ വഫാ', 'കോയി ജബ് തുമ്ഹാരാ ഹൃദയ് തോഡ് ദേ', 'മേ പല്‍ ദോ പല്‍ കാ ശായര്‍' എന്നിവയായിരുന്നു. ഇന്നും നല്ല ഓര്‍മ്മ!

Irshad said...

എഴുത്തു ഇഷ്ടമായി. വിവര്‍ത്തനം വായിച്ചപ്പോള്‍ പാട്ടും.

ജാനകി.... said...

എച്മൂ.......
നന്നായിരിക്കുന്നു.....
പാട്ട് ഇഷ്ടപെടാ‍ത്ത ആരാണുള്ളത്?
അതും മനസ്സിനെ തൊട്ടുനിൽക്കുന്ന,ഓർമ്മകളെ തഴുകിനിൽക്കുന്ന പാട്ടുകളെ...

സീത* said...

സംഗീതം ആത്മാവിനെ വശീകരിക്കും..ഓർമ്മയുടെ സുഗന്ധം കൂടി നിറച്ച് മനോഹരമായ വാക്കുകളിൽ നോവിന്റെ മേമ്പൊടി ചാലിച്ച് വിളമ്പിയപ്പോൾ നല്ലൊരു സദ്യ...മനസ്സിനു...നന്ദി...ആശംസകൾ...
കഭീ...കഭീ...മേരെ മൻ മേം....

അനൂപ്‌ .ടി.എം. said...

ഒരു പാടോര്‍മ്മ!!
എന്നത്തെയും പോലെ എച്ച്മുവിന്റെ ഈ പാട്ടെഴുത്തും ഗംഭീരം.

വാല്യക്കാരന്‍.. said...

വായിച്ചിരുന്നു.
നന്നായിട്ടുണ്ട് ..
ആശംസകള്‍..

മുകിൽ said...

oru paatu pole.....sundaram ezhuthu..

വി.എ || V.A said...

ആ ‘ഗൃഹാതുരത്വം’ ഇല്ലായിരുന്നെങ്കിൽ ഒരു പാട്ടുകാരിയെക്കൂടി കിട്ടുമായിരുന്നു, കഷ്ടം - എന്നാലും വല്ലപ്പോഴുമൊക്കെ ഒന്നു പാടി കേൽ‌പ്പിക്കണേ. നല്ല ‘വെള്ളം ചേർക്കാത്ത പാല്’ വരികളിലാക്കി വിട്ടിരിക്കുന്നു. സഹതാപത്തിന്റേയും നിരാശയുടേയും നേരിയ ഒരു പ്രതിഫലനം........വാഴ്ത്തുക്കൾ......

Muralee Mukundan , ബിലാത്തിപട്ടണം said...

‘അനുഭവങ്ങൾ അധികവും അങ്ങനെയായിരുന്നു, ഒരു തണുത്ത ലോഹം പോലെ ശരീരത്തിലൂടെ തുളച്ചു കയറി തലച്ചോറിനെ എന്നും ആഴത്തിൽ മാന്തിക്കൊണ്ടിരിയ്ക്കുന്നവ. പ്രോത്സാഹനത്തിന്റെ നാനാർത്ഥം നിന്ദയെന്നും പുച്ഛമെന്നും പരിഹാസമെന്നും അതുകൊണ്ടു പാലിയ്ക്കേണ്ട മൌനമെന്നും ഒതുക്കപ്പെടലെന്നുമായിരുന്നു....’

എല്ലായനുഭവങ്ങളും വാരിപ്പുണർന്ന ഒരു ദീനയായ തമ്പുരാട്ടിയാണല്ലോ ഈ എഴുത്തുകാരി.പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത് അതിന്റെ വെണ്ണയേവർക്കും വീതിച്ചു നൽകിയിരിക്കുകയാണല്ലോ ഇത്തവണ..

പാട്ടുകൾ തരുന്ന ആശ്വാസം ഒരു പടുപാട്ടുപോലും പാടാത്ത എനിക്ക് നന്നായി അറിയാം

നന്നാ‍യിടുണ്ട് കേട്ടൊ ഈ സല്ലാപങ്ങൾ കേട്ടൊ എച്ച്മു

ഷമീര്‍ തളിക്കുളം said...

ഇഷ്ടായി....
പതിവുപോലെ മനോഹരം.

Nena Sidheek said...

ഹാവൂ ചേച്ചി , കൊതിയാവുന്നു ഇങ്ങനെ ഒന്നെഴുതാന്‍ ,പക്ഷെ വാക്കുകള്‍ വരുന്നില്ല ചേച്ചീ .

ശ്രീ said...

കുറച്ചു വൈകിയാണെങ്കിലും ഇങ്ങു വന്നു കേട്ടോ, ചേച്ചീ...

സങ്കൽ‌പ്പങ്ങൾ said...

അറിയില്ലയെന്തെഴുതണമെന്ന് ..നന്നായിയെന്നു മാത്രം പറഞ്ഞ് രക്ഷപെടട്ടെ.

yousufpa said...

അന്യന്റെ വേദനയിൽ ഹൃദയം തപിച്ച ആരോ…. ആയിരിയ്ക്കാം ആ വന്നത്. സാഹിർ എഴുതിയതും മുകേഷ് പാടിയതും സത്യമായിരിയ്ക്കാം, കൂടുതൽ നന്നായി ചൊല്ലുന്നവരും കൂടുതൽ നന്നായി കേൾക്കുന്നവരും കടന്ന് വന്നേയ്ക്കാം, ഇപ്പോൾ വന്നതാരെന്ന് ആലോചിച്ച് സമയം വ്യർഥമാക്കേണ്ടതില്ലായിരിയ്ക്കാം… പാട്ടിന്റെ വഴികൾ........... ഒരു പക്ഷെ, ഇങ്ങനെയൊക്കെയുമായിരിയ്ക്കാം.


ഇതിൽ അപ്പുറം ഇനി എന്ത് കമന്റ്?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണ്ണു നിറഞ്ഞൊഴുകി.സംഗീതസാന്ദ്രമായ എഴുത്ത്.പിന്നെ കമന്റ്സില്‍ ഒരു വിവരണം.ഒരുനിമിഷം ഒന്നു നമിക്കുന്നു നിന്നെ ഞാന്‍. .................

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയിക്കണേ മൊളേ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മനസ്സിലേ സംഗീത ദേവത തന്നെയായിരുന്നു ഒരു തലോടലായി വന്നത്. സ്വാന്ത്വനമായ് മാറിയത്? എന്നെ ആ പാട്ട് ഒന്നു കേള്‍ക്കുന്നതു ഞാന്‍?ങൂം???

Anurag said...

ഹൃദയസ്പർശിയായി

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ എച്ച്മു
http://sites.google.com/site/bilathi/vaarandhyam

ഒരു ദുബായിക്കാരന്‍ said...

ആദ്യായിട്ടാ ഇവിടെ..എച്ച്മുവിന്റെ പാട്ടോർമ്മ ഇഷ്ടായി..നല്ല അവതരണം .ആശംസകള്‍

lekshmi. lachu said...

നല്ല അവതരണം.ഇഷ്ടായി..

ഹരീഷ് തൊടുപുഴ said...

അപ്പോൾ..പാടും അല്ലേ!

Vayady said...

അപരിചിതമായ സ്ഥലങ്ങളിൽ അകപ്പെടുമ്പോള്‍ ഉണ്ടാകുന്ന ശ്വാസമുട്ടലും അതുപോലെ നമ്മെ കാണുമ്പോൾ സുഖമല്ലേ എന്ന് ചോദിക്കാൻ ഒരൊറ്റ പരിചയക്കാരു പോലും ഇല്ലാത്തതിന്റെ വിഷമവും ഇവിടെ വന്ന ആദ്യനാളുകളില്‍ ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് എച്ചുമു. ഈ മനോഹരമായ പാട്ട് ഞാന്‍ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്. നല്ലൊരു പാട്ട് കേള്‍പ്പിച്ചതിനും അതിന്റെ അര്‍ത്ഥം പറഞ്ഞു തന്നതിനും നന്ദി എച്ചുമു.

Gopakumar V S (ഗോപന്‍ ) said...

പോസ്റ്റ് വായിച്ചു, പിന്നെ രണ്ടാമത്തെ കമന്റായി അതിന്റെ വ്യാഖ്യാനം കൂടി എഴുതിയപ്പോള്‍ വളരെ നന്നായി... ആശംസകള്‍

ഒരില വെറുതെ said...

ആഴ്ചപ്പതിപ്പില്‍ വായിച്ചിരുന്നു.
പാട്ടും ജീവിതവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍
മറ്റു പലതായി മാറുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞു തീര്‍ക്കാനാവാത്ത അത്തരം ചിലതിലേക്ക് പാലമായി, ഈ കുറിപ്പ്. ഹൃദ്യം. സുന്ദരം.

സഹയാത്രികന്‍...! said...

വളരെ നന്നായെഴുതിയിരിക്കുന്നു...

किसका रास्ता देखे ए दिल ए सौदाई...

നാളെ ഓര്‍മ്മിക്കാന്‍ ആരുണ്ടായാലും ഇല്ലെങ്കിലും, ഇന്ന് ഒപ്പം ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍...

कोई होता जिसको अपना हम अपना कह लेते यारो...

ഭാനു കളരിക്കല്‍ said...

സ്നേഹപൂര്‍വ്വം വളരെ ഏറെ നിര്‍ബന്ധിച്ചാല്‍ മാത്റം പാടുന്ന ഗംഭീര സ്വരത്തിന്റെ ഉടമയായ ദാമോദരന്‍ എന്ന സുഹൃത്തിനെ ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്. ദാമോദരന്‍ പാടുമ്പോള്‍ കാറ്റു പോലും നിശബ്ദമാകുമായിരുന്നു. എന്നിട്ടും ദാമോദരന്‍ പബ്ലിക് വേദികളില്‍ പാടിയില്ല. അത് പോലെ മദ്യം നിറഞ്ഞ ഗ്ലാസുകള്‍ ഉണ്ടെങ്കില്‍ മാത്റം പാടുന്ന ബഷീര്‍. ഹരി മുരളീരവം പാടുന്ന ബഷീറിനെ മറക്കാന്‍ ആവില്ല. ബഷീറിനെയും ദാമോദരനെയും പോലെ അന്ഗീകരിക്കപ്പെടാതെ പോയ എത്രയോ ഗായകര്‍ ഉണ്ടാകും അല്ലേ? മനസ്സിലേക്ക് സംഗീതമായി ഒഴുകിയ ഈ പാട്ടോര്‍മ്മക്ക് വളരെ നന്ദി എച്ചുമു.

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു പ്രശാന്ത സംഗീതം പോലെ ഉദാത്തം.

ഉമാ രാജീവ് said...

വായിച്ചു............ വേദനിച്ചു.

ജെ പി വെട്ടിയാട്ടില്‍ said...

ലളിതമായ ഭാഷയില്‍ ഒരു ഓര്‍മ്മ. വായിച്ചുരസിച്ചു, നല്ല ശൈലി. നല്ല അവതരണം. എല്ലാം കൊണ്ട് മികച്ചത് തന്നെ.

ഈ വഴിക്ക് വന്നിട്ട് കുറച്ചുനാളായി

smitha adharsh said...

നന്നായി.. ഈ എഴുത്ത്..ഞാനും ഓര്‍ത്തു പഴയ പല പാട്ടുകളും, പഴയ പല കാര്യങ്ങളും..

ചില ജന്മ വാസനകള്‍ അങ്ങനെ അയു മനസ്സ് പൊള്ളിച്ചാലും വിട്ടു കളയാന്‍ തോന്നില്ല.

Echmukutty said...

ഈ പാട്ടോർമ്മയിലൂടെ കടന്നു പോയി എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി പറയട്ടെ......
ഇനിയും വായിയ്ക്കുമെന്ന് കരുതിക്കൊണ്ട് സ്നേഹത്തോടെ...

ചിത്ര said...

nannayitund echmukutty..ur words create a silence within..

നളിനകുമാരി said...

സങ്കടം വന്നാല്‍ കണ്ണീരു ഒഴുകിയില്ലെങ്കില്‍ എന്റെ തൊണ്ട വല്ലാതെ വേദനിക്കും.
ഇപ്പോള്‍ ഈ വായന എന്റെ തോന്ടയെ ഞെരുക്കി പൊട്ടിക്കുംപോലെ.
എന്ത് നല്ല ശൈലി...! എന്തൊക്കെ ഓര്‍മ്മകള്‍!
എനിക്ക് ഹിന്ദി വശമില്ല.വിവര്‍ത്തനം ഉള്ളത് കൊണ്ട് അര്‍ത്ഥം പിടികിട്ടി.
ഹൃദയ ദ്രവീകരണ ശക്തിയുള്ള എഴുത്തിനു നമസ്കാരം.എനിക്കൊരു പാട്ട് കേട്ടേ തീരൂ