Monday, September 19, 2011

പെൺകുട്ടികളുടെ അമ്മ.


(21.08.2011 വർത്തമാനത്തിലെ പെണ്ണിടത്തീൽ പ്രസിദ്ധീകരിച്ചത്)

അമ്മയുടെ ബന്ധത്തിൽ ഉള്ള ഒരു പെരിയപ്പാവിനേയും പെരിയമ്മയേയും കാണാനാണ് അനിയത്തിയുടെ ഒൻപത് വയസ്സായ മകളേയും കൂ‍ട്ടി ഞാൻ ആ ഓൾഡ് ഏജ് ഹോമിൽ പോയത്. അമ്മയുടെ പ്രതിനിധി എന്ന നിലയ്ക്കുള്ള ഒരു സന്ദർശനം.

മനോഹരമായ പൂന്തോട്ടത്തിനു ചുറ്റുമായി നാലഞ്ചു ബ്ലോക്കുകളിൽ പടർന്ന് കിടക്കുന്ന ഒന്നായിരുന്നു അത്. കൌസ്തുഭം, ശ്രീവത്സം, വനമാല എന്നൊക്കെയായിരുന്നു ഓരോ ബ്ലോക്കുകളുടേയും പേരുകൾ. എല്ലാ ബ്ലോക്കുകൾക്കും പിറകിൽ ചീരയും പയറും പടവലവും മത്തനും പാവലും അടങ്ങുന്ന വലിയ വലിയ പച്ചക്കറിത്തോട്ടങ്ങൾ. പൊതുവായ ഒരു പ്രാർഥനാ മന്ദിരം. സോമനെന്ന് പേരുള്ള പാളത്താറുടുത്തവരും അമേരിയ്ക്കയുടെ കൊടിത്തുണിയാൽ തയിച്ച ബർമുഡ ധരിച്ചവരുമായ പുരുഷന്മാരും പതിനെട്ട് മുഴം ചേലയെന്ന് പേരുള്ള കോശാപ്പുടവയുടുത്തവരും സ്ലീവ് ലസ് കമ്മീസും ചോളിയുമണിഞ്ഞ സ്ത്രീകളും അവിടത്തെ അന്തേവാസികളായി കാണപ്പെട്ടു. 

ദോഷമൊന്നും പറയാനില്ലാത്ത നടത്തിപ്പായിരുന്നു ഹോമിന്റേത്. ഭേദപ്പെട്ട രുചിയുള്ള ഭക്ഷണം സമയാസമയങ്ങളിൽ കിട്ടിയിരുന്നു. നിത്യേനയുള്ള പ്രഭാത പൂജയും സന്ധ്യാ വന്ദനവും, എല്ലാ ആഴ്ചയിലും മെഡിക്കൽ ചെക്കപ്പ്, വായിയ്ക്കാൻ തമിഴിലും ഇംഗ്ലീഷിലും പത്രമാസികകൾ, മാസത്തിൽ രണ്ട് തവണ പാട്ടുകച്ചേരിയോ ഭരത നാട്യമോ. അങ്ങനെയങ്ങനെ കാര്യങ്ങൾ മുറ തെറ്റാതെ ഒരു ക്ലോക്കു പോലെ അവിടെ നടന്നുകൊണ്ടിരുന്നു.

വേഷഭൂഷകളിൽ അല്പം അന്തരമുണ്ടായിരുന്നുവെങ്കിലും അനാഥരും വലിച്ചെറിയപ്പെട്ടവരുമാണെന്ന ദൈന്യം എല്ലാ മുഖങ്ങളിലും ചലനങ്ങളിലും ഒരു പോലെ നിഴലിച്ചിരുന്നു. കൂന്നുകൂന്ന് സ്വന്തം കാലടികളിൽ മാത്രം നോക്കി അവരിൽ പലരും നടന്നു. വളരെ ആത്മാർഥമായി പരീക്ഷയ്ക്ക് പഠിയ്ക്കുന്നവരെപ്പോലെ എപ്പോഴും പത്രമാസികകൾ വായിച്ചു. ചിലർ നിറുത്താതെ നാമം ജപിച്ചു. ഇനിയും ചിലർ മിനുമിനാ എന്ന് മാനത്തുകണ്ണന്മാരായി. 

ഉയർന്ന നിലകളിൽ കഴിയുന്ന മക്കൾക്കോ ബന്ധുക്കൾക്കോ ഒന്നും വേണ്ടാതായ കുറെ മനുഷ്യർ . ഭാരിച്ച പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടുമല്ലോ എന്ന് കരുതിയിട്ടാണെങ്കിൽ പ്പോലും ഏറ്റെടുത്ത് പരിചരിയ്ക്കാൻ, മനസ്സിന് തണുപ്പ് പകരുന്ന ഒരു നല്ല വാക്ക് പറയാൻ ആരുമില്ലാതായവർ. 

വാർദ്ധക്യവും ഏകാന്തതയും അനാഥത്വവും നിഴൽ പരത്തിയ ആ മുറ്റത്തും വരാന്തയിലുമായി അനിയത്തിയുടെ മകൾ ഓടിക്കളിച്ചുകൊണ്ടിരുന്നു. അമ്മൂമ്മമാരും അപ്പൂപ്പന്മാരും അവളെ അടുത്ത് വിളിച്ച് സംസാരിയ്ക്കുന്നതിനും ഇത്തിരി കൽക്കണ്ടമോ ഒരു ചെറിയ കഷണം മുറുക്കോ കൊടുത്ത് തലയിൽ തടവി വാത്സല്യം പ്രകടിപ്പിയ്ക്കുന്നതിനും മുതിർന്നു.

എനിയ്ക്ക് മുഖം തരാതെ പെരിയമ്മ പറഞ്ഞു. “എല്ലാര്ക്കും സങ്കടം താൻ. ഇന്ത ഭൂമിയിലെ ആര്ക്കും നമ്മളെ വേണ്ടാമേ എന്ന് നിനയ്ക്ക്മ്പോഴുത്……“
ഞാൻ നേർത്ത് ശോഷിച്ച അവരുടെ കൈത്തണ്ടുകൾ പതിയെ തലോടി.

അപ്പോഴാണ് അടുത്ത മുറിയിൽ നിന്ന് ആ അന്തരീക്ഷത്തിനൊട്ടും ചേരാത്തതു മാതിരി അതീവ പ്രസാദാത്മകമായ ശബ്ദമുയർന്നത്. “ആരത്? ആർ കിട്ടെ പേശറേൾ?“

പെരിയമ്മ “ഓ, നാൻ താൻ“ എന്ന് വിളികേട്ട് എന്നെയും കൂട്ടി അങ്ങോട്ട് നടന്നു.  വിടർത്തിയിട്ട വെൺപട്ടു പോലെയുള്ള വെയിലിൽ  അത്ര നേരം നോക്കിയിരുന്നതു കൊണ്ടാവും മുറിയിലെ ഇരുട്ടിൽ കണ്ണുകൾ തെളിഞ്ഞു കിട്ടാൻ ഒട്ടു സമയമെടുത്തു.

അസാധാരണമായ വിധത്തിൽ പ്രകാശപൂർണമായ ഒരു മുഖമാണ് ഞാനാദ്യം കണ്ടത്. ആ മുഖം ഇരുണ്ട വർണമുള്ള തലയിണയുടെ പശ്ചാത്തലത്തിൽ ദൈവികമായി പരിലസിച്ചു. 

ശയ്യാവലംബിയായ ഒരു സ്ത്രീയായിരുന്നു ആ മുറിയിലെ താമസക്കാരി. ഒരു വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്ന് പോയവർ. ചലനം നിലച്ച ശരീരത്തിന്റെ ചൈതന്യമത്രയും ഉരുക്കൂടിയിരുന്ന മുഖം ഒരു വിടർന്ന ചെന്താമരപ്പൂവിനെ ഓർമ്മിപ്പിച്ചു. 

എന്നെ പരിചയപ്പെടുവാൻ അവർ വലിയ ഉത്സാഹം കാട്ടി. പരിചരിയ്ക്കാൻ കൂടെ നിൽക്കുന്ന, അതൃപ്ത മുഖമുള്ള സ്ത്രീയെക്കൊണ്ട് ഡിഗിരി കാപ്പിയുണ്ടാക്കിച്ചു. ആ സ്ത്രീ ചില ചെപ്പുകളും മറ്റും പരതി എന്തെല്ലാമോ പൊരുക്ക് കാപ്പിയ്ക്കൊപ്പം എനിയ്ക്കായി നീട്ടി.

അവർ ചിരി വിടാതെ സംസാരിയ്ക്കുകയായിരുന്നു.

നിർഭാഗ്യവശാൽ രണ്ട് പെണ്മക്കളുടെ അമ്മയാവാനേ കഴിഞ്ഞുള്ളൂ. നമ്മുടെ ആചാരപ്രകാരം പെൺകുട്ടികൾക്ക് മാതാപിതാക്കന്മാരെ കൂടെ നിറുത്തി ശുശ്രൂഷിയ്ക്കാൻ സാധിയ്ക്കില്ലല്ലോ. പെൺകുട്ടികൾ ഭർത്താവിന്റെ മാതാപിതാക്കന്മാരെ മാത്രമല്ലേ പരിചരിയ്ക്കേണ്ടതുള്ളൂ. ചില വീടുകളിൽ നിന്ന് ചില മനുഷ്യർക്ക് തെരുവുകളിലേയ്ക്കും ശരണാലയങ്ങളിലേയ്ക്കുമുള്ള വാതിലുകൾ അത്തരത്തിലും തുറക്കപ്പെടാറുണ്ടെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു. കണ്ണിൽച്ചോരയില്ലാത്ത  അമ്മാതിരി ആചാരങ്ങളെ മാറ്റേണ്ടതാണെന്ന് ആ പെൺകുട്ടികൾക്ക് തോന്നുന്നുണ്ടാവില്ലേ എന്ന സംശയം മനസ്സിലൊതുക്കി,  അവരുടെ ചിതറി വീഴുന്ന വാക്കുകൾക്ക് ഞാൻ ചെവികൊടുത്തു.

ഭർത്താവ് മരിച്ച് അധികം വൈകാതെ ഈ ഓൾഡ് ഏജ് ഹോമിലേയ്ക്ക് താമസം മാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു. അപകടത്തിൽ തളർന്ന് പോയതും ഇവിടെ വെച്ചു തന്നെ. അതും ഒരു ഭാഗ്യമായിപ്പോയി. തളർച്ചയ്ക്ക് ശേഷം അപേക്ഷിച്ചിരുന്നുവെങ്കിൽ ഈ ഹോം സ്വാഗതം ചെയ്യുമായിരുന്നില്ലല്ലോ. മിടുക്കിയല്ലേ ഞാൻ എന്ന മട്ടിൽ അവർ ആഹ്ലാദിച്ചപ്പോൾ എനിയ്ക്ക് വല്ലായ്മ തോന്നി. നിസ്സഹായതയുടെ പരകോടിയിലും ഉല്ലാസത്തോടെ ചിരിയ്ക്കുന്ന ഈ വിദ്യ ആരാണ് അവരെ പഠിപ്പിച്ചത്?

ചിരിയും സന്തോഷവും ഒരു വ്യക്തി ശീലമാണെന്ന് അവർ എന്നോട് പറഞ്ഞു. യാത്ര ചെയ്യാനും സ്ഥലങ്ങൾ കാണാനുമുള്ള ആഗ്രഹം അവർക്കുണ്ടായിരുന്നു. ആഴ്ചയിൽ അഞ്ചു ദിവസവും ജോലിയ്ക്ക് പോകുന്ന ഭർത്താവിന് യാത്രയെന്നത്  കഠിന വെറുപ്പുള്ള കാര്യമായതുകൊണ്ട് ഭൂപടങ്ങൾ നോക്കിയും റെയിൽ വേ ടൈം ടേബിൾ വായിച്ചും അവർ ധാരാളം യാത്ര ചെയ്തു. 

“അദ്ദേഹം എനിയ്ക്ക് മുൻപേ പോയതും നന്നായി “ ഞാനും പെരിയമ്മയും ഒന്നും മനസ്സിലാവാതെ കണ്ണിൽക്കണ്ണിൽ നോക്കി. വിധവയായത് നന്നായി എന്ന് പറയുകയാണോ ഒരു സ്ത്രീ? 

“എനിക്കാരോഗ്യമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്കാവും പോലെ ഞാൻ നിറവേറ്റി. ഇപ്പോൾ കൂടെയുണ്ടായാൽ ഒരു ശുശ്രൂഷയും കിട്ടാതെ അദ്ദേഹം കാലഭൈരവനെപ്പോലെ കോപാകുലനാകുമായിരുന്നു.ഞാനാദ്യം പോയിരുന്നെങ്കിലും അദ്ദേഹം കഷ്ടപ്പെടുമായിരുന്നു.ഒരു ദാസിയുടെ സേവയില്ലാതെ അദ്ദേഹത്തിന് കഴിയില്ല.“

എന്റെ എല്ലാ സംശയങ്ങളും ആ നിമിഷം അവസാനിച്ചു.

അനിയത്തിയുടെ മകൾ അപ്പോഴാണ് മുറിയിലേയ്ക്ക് കടന്ന് വന്നത്. കുഞ്ഞിനെക്കണ്ട് അതീവ വാത്സല്യത്തോടെ അവർ ചിരിച്ചു.

“മുത്താനമുത്തല്ലവോ“ എന്ന പഴയ സിനിമാഗാനം അവർ ആലപിച്ചു. ശ്രുതി മധുരമായിരുന്നു അത്. രോഗാതുരമായ ശരീരത്തിൽ നിന്ന് ഇത്ര സുന്ദരമായ ശബ്ദമുണ്ടാകുന്നതെങ്ങനെയെന്ന് എനിയ്ക്ക് മനസ്സിലായില്ല. ഞാൻ അന്തം വിട്ടിരിയ്ക്കുമ്പോൾ കുഞ്ഞ് നിറുത്താതെ കൈയടിച്ചു. അത്യധികം ആഹ്ലാദത്തോടെ അവൾ വിളിച്ച് പറഞ്ഞു. “സിഡിയിൽ കേൾക്കുന്ന മാതിരി, അതേ മാതിരി .ഇനീം പാടൂ …“ ആത്മാർത്ഥതയുടെ വികാരാധിക്യത്താൽ കുഞ്ഞിന്റെ ശബ്ദം ഇടറി.

പെൺകുട്ടികളുടെ മാത്രം അമ്മയായ അവരുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. ആ ചുണ്ടുകൾ വിറയാർന്നു. “ഒരു വാക്ക് ..ഒരു നല്ല വാക്ക് ..നല്ല വാക്കുകൾ കേട്ടാൽ എങ്ങനെയിരിയ്ക്കുമെന്ന്…… “

അവരുടെ  ഒഴുകുന്ന കണ്ണുകൾ പെരിയമ്മ സ്വന്തം സാരിത്തുമ്പ് കൊണ്ട് തുടച്ചു. അപ്പോൾ ശ്രുതി സുഭഗമായ മറ്റൊരു ഗാനമുയർന്നു. “യേ സിന്ദഗീ ഉസീ കി ഹെ.ജോ കിസീ കാ ഹോ ഗയാ……..

പറയാത്തതും കേൾക്കാത്തതുമായ ഓരോ നല്ല വാക്കുകളിലും തലതല്ലുകയായിരുന്നു ഞാൻ. പെണ്മക്കളെ മാത്രം പ്രസവിച്ച ഓരോ അമ്മയേയും കേൾക്കുകയായിരുന്നു ഞാൻ.
-------------------------------

102 comments:

വീകെ said...

പെൺ‌മക്കളെ മാത്രം പ്രസവിച്ചതു കൊണ്ട് അവർക്ക് സന്തോഷിക്കാനുള്ള വകയുണ്ട്. കാരണം ആൺ‌മക്കളായിരുന്നെങ്കിൽ അവരുടേയും അവരുടെ ഭാര്യമാരുടേയും മറ്റും അവഗണനയും പീഢനവും ഏറ്റു വാങ്ങേണ്ടി വന്നേനെ. എങ്കിലും....?!

നാമൂസ് said...

എന്താണ് പറയുക..? എന്ന് ഒരുപിടിയും ഇല്ല. വൃദ്ധസദനങ്ങള്‍ കൂടിവരുന്നുണ്ട്. അമ്മയെ അവിടെ കൊണ്ടിടാന്‍ കഴിയാത്ത മക്കള്‍ ആട്ടിന്‍ കൂട്ടിലോ, പട്ടിക്കൂട്ടിലോ അടക്കുന്നു. ഇത്തരം വാര്‍ത്തകള്‍ ദിനവും പത്രങ്ങളില്‍ വരുന്നു. അമ്മയെന്ന കണ്‍കണ്ട ദൈവത്തെ തെരുവിലുപേക്ഷിച്ച്, ആള്‍ദൈവങ്ങളുടെ അടുത്ത് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മക്കള്‍. ഒരു പട്ടിയുടെ വിലപോലും സ്വന്തം അമ്മക്കു നല്‍കാത്ത ക്രൂരരായ മക്കള്‍. ഹൃദയശൂന്യര്‍ തന്നെ..!!

മെല്ലെപ്പോകുന്നവരുടെ വേഗത്തിലാണ് പോലും ലോകം വികാസം പ്രാപിക്കുന്നതെന്ന തെറ്റായ മതം സ്വീകരിച്ചു വശായിരിക്കുന്നു വര്‍ത്തമാന കാലം. അവിടെ, തന്‍റെ കാലത്തെ ഓടിത്തീര്‍ത്ത്തവര്‍ ഒരധികപ്പറ്റാണെന്ന ലാഭക്കൊതിയുടെ കണക്ക്, ഒരു വൃക്ഷം കണക്കെ സമൂഹത്തിനു തണലേകുന്ന അച്ഛനമ്മമാരെ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ വഴിയുലുപേക്ഷിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നു.

എന്തിനധികം, ഗംഗയുടെ പരിസരങ്ങളില്‍ 'മോക്ഷത്തിന്' എന്ന പേരില്‍ 'ഇഷ്ടബന്ധുക്കളാല്‍' തന്ത്രപൂര്‍വ്വം ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ ദുരന്ത മുഖങ്ങള്‍ ലോകത്തോട്‌ പറയുന്നതെന്താവണം..?

ഇനിയുമൊരു പത്തുനാള്‍ കഴിഞ്ഞാല്‍ 'ലോക വൃദ്ധ' ദിനമാണ് പോലും..!!!!!!!! ഈ കെട്ടകാലത്തിന്‍ സൃഷ്ടിയായി എന്തിനു പിറന്നു ഞാനീ മണ്ണില്‍..?

Viswaprabha said...

ഇതു വായിച്ചപ്പോൾ ആ അമ്മയെ ഇപ്പോൾ തന്നെ ചെന്നു കാണണമെന്നു തോന്നി!

വിടർത്തിയിട്ട വെൺപട്ടുപോലത്തെ എന്റെ വർത്തമാനങ്ങളിൽനിന്നും,ഗദ്ഗദം കുമിഞ്ഞുപൊട്ടി ചിരിയായിപ്പടരുന്ന ആ അഗ്നിപർവ്വതങ്ങളിൽ ചെന്നുപെടുമ്പോൾ മേലാകെ ഉരുകിവീഴാവുന്ന ലാവയിൽപ്പെട്ട് പൊള്ളിച്ചുരുങ്ങുമോ എന്നാശങ്കയുണ്ടു്....
എന്നിട്ടും....

ഒരച്ഛനും അമ്മയും എപ്പോഴും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു: “ആദ്യം നീ പോണോ ഞാൻ പോണോ?”

“നീ മതി”
“വേണ്ട നീ മതി”
അവർ തർക്കിച്ചുകൊണ്ടേയിരുന്നു...

സ്വാർത്ഥർ!


ഒടുവിലൊരുനാൾ അവരിലൊരാൾ പോയപ്പോൾ മറ്റാൾ പറഞ്ഞറിഞ്ഞു:
“ഇനി എനിക്കും ഉടനെ പോവാം. ഞാനില്ലാതെ വിഷമിക്കാൻ, ഇനിയവനില്ലല്ലോ“

വയ്സ്രേലി said...

സൂപ്പർ ലൈക്ക്!!

ente lokam said...

പെണ്ണായി പിറന്നവരും പെണ്മക്കള്‍ക്കു മാത്രം
അമ്മ ആയി പിറന്നവരും...

ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ അല്ലെ?

പക്ഷെ അത് തെളിയിക്കേണ്ടത് കാലം ആണ്‌..അത്
പക്ഷെ പ്രവചനങ്ങള്‍ക്കു അതീതവും...ആ അമ്മമാരുടെ
മനസ്സ് നന്നായി പകര്‍ത്തി..ആശംസകള്‍ എച്മു..

അലി said...

ആൺ‍മക്കളായാലും പെൺ‍മക്കൾ ആയാലും നന്നായി വളർന്നാൽ ശരണാലയങ്ങളിൽ തിരക്കു കുറയും...

കുഞ്ഞൂസ് (Kunjuss) said...

പെണ്മക്കളുടെ അമ്മമാരുടെ ദുഃഖം ഇവിടെ കണ്ടപ്പോള്‍ , പെന്മക്കളില്ലാത്തതില്‍ വളരെയേറെ സങ്കടപ്പെട്ടിരുന്ന ഒരമ്മയെ ഓര്‍ത്തു പോയി. ആ അമ്മയുടെ അടുത്തേക്ക്, മകളായി എത്തിപ്പെടാന്‍ കഴിഞ്ഞ മരുമകളാകാനും ഭാഗ്യമുണ്ടായി.

പോസ്റ്റ്, വര്‍ത്തമാനത്തില്‍ നേരത്തേ വായിച്ചിരുന്നു ട്ടോ...

രമേശ്‌ അരൂര്‍ said...

വാഹ് എച്മൂ ...പെണ്ണാണ്‌ താരം ,,പെണ്ണില്ലെങ്കില്‍ ലോകമുണ്ടോ ? പക്ഷെ ആര് മനസിലാക്കുന്നു ? ഒരു മോള്‍ ഉണ്ടായിരുന്നെങ്കില്‍ .....എന്ന് കൊതിക്കാത്ത ദിവസം ഇല്ല ..:(

മാണിക്യം said...

എച്ചുമുക്കുട്ടി,
മനസ്സില്‍ വളരെ തട്ടി.
പക്ഷെ ഇന്ന് പ്രായമായ എത്രയോ മാതാപിതാക്കള്‍ വൃദ്ധസദനത്തിലും ശരണാലയത്തിലും എത്തപ്പെടുന്നു. നമ്മുടെ നാട്ടില്‍ അത് പ്രാരംഭദിശയിലാണ്.
ഇവിടെ ഒക്കെ 'അമ്മ ഓള്‍ഡ് ഏജ് ഹോമിലാണ്' എന്ന് പറയൂന്നതിനോ അത് കേള്‍ക്കുമ്പോള്‍ കേള്‍വിക്കാര്‍ക്കോ ഒരു വൈക്ലബ്യവും ഇല്ല.

അനാര്‍ക്കലിയിലെ ലതാമങ്കേഷ്ക്കര്‍ പാടിയ
“യേ സിന്ദഗീ ഉസീ കി ഹെ….ജോ കിസീ കാ ഹോ ഗയാ…….. മനോഹരമായ ഗാനമാണ് ഇന്നും പുതുമ മായാത്ത ഗാനം!

siya said...

എച്ചുമോ ,നമ്മള്‍ ജീവിക്കുന്ന സ്ഥലത്തെ സംബന്ധിച്ച തീര്ച്ചയിലായ്മകള്‍.... പിന്നെ ആ വേരുകള്‍ മുറിഞ്ഞു പോകുന്നതും ഒക്കെ വയസാവുമ്പോള്‍ നാം തിരിച്ചറിയൂ .എന്ന് എനിക്ക് തോനുന്നു ..


ആണ്‍ മക്കളും ,പെണ്‍ മക്കളും ഉള്ളവരും ഇതുപോലെ ഓൾഡ് ഏജ് ഹോമിൽ താമസിക്കുന്നതും കണ്ടിട്ടുണ്ട് .അവരോടു നേരിട്ട് സംസാരിക്കാനും അവസരം കിട്ടിയിട്ടുണ്ട് .ചിലര്‍ക്ക് അവിടെ വളരെ സന്തോഷം !!.മരുമകളുടെമുന്‍പില്‍ നിന്നും രക്ഷപ്പെടല്‍ ,വേറെ ചിലര്‍ സ്വന്തമായി ആ വീട്ടില്‍ നിന്നും ഒഴിഞ്ഞു കൊടുക്കുന്നു ..മകനും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാന്‍ വേണ്ടി ....

ഇതെല്ലം കേട്ട് ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എന്നും ഒരേ ചോദ്യം ,..

ഞാന്‍ ഈ പ്രായം ആവുമ്പോള്‍ എവിടെ ആവും ?വയസാം കാലത്ത് മക്കളുടെ കൂടെ താമസിക്കണം എന്നുള്ള ആഗ്രഹവുമായി കഴിഞ്ഞവര്‍ ആയിരുന്നല്ലോ ആ കൂട്ടത്തില്‍ കൂടുതലും ..

ശ്രീനാഥന്‍ said...

ചിരിയും സന്തോഷവും ഒരു വ്യക്തി ശീലമാണെന്ന് അവർ എന്നോട് പറഞ്ഞു ... അങ്ങനെയല്ല, മറ്റു പലതും ഘടകങ്ങളാണ് എന്നു പറയണമെന്നുണ്ട്. എന്തു കാര്യം, അനേകവർഷങ്ങളുടെ പരിശീലനത്തിൽ നിന്നാണവർ ഈ മനോഭാവത്തിൽ എത്തിയത്. ഒരു പൊട്ടിയല്ലല്ലോ (ദാസിയെയാണ് ഭർത്താവിനു വേണ്ടത് എന്ന് തിരിച്ചറിഞ്ഞവൾ താനേ?). പെൺകുട്ടികളുടെ അമ്മ മായാത്ത ഒരു മുദ്ര പതിപ്പിക്കുന്നു.

സങ്കൽ‌പ്പങ്ങൾ said...

ഓള്‍ഡ് എജ് ഹോമു മറ്റും നമ്മുടെ നിത്യ ജിവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ,ഓര്‍മ്മകള്‍ക്ക് നന്ദി.
നല്ല ആഖ്യാനം ,ആശംസകള്‍....

Anees Hassan said...

എച്ചുമുക്കുട്ടി,...
well said

pallikkarayil said...

വളർത്തപ്പെട്ട രീതിയുടെ വൈകല്യം ചിന്തയേയും ജീവിതവീക്ഷണത്തെയും സ്വാധീനിച്ച് “കുള”മാക്കിയതിന്റെ അതീവദയനീയചിത്രം മിഴിവോടെ വർച്ചിട്ടിരിക്കുന്നു.

ചിരിയും സന്തോഷവും വ്യക്തിശീലമാണുപോലും. ശാന്തം..പാവം!

Jazmikkutty said...

ഹാ..എന്തൊരു കഷ്ട്ടം അവരുടെ കാര്യം എന്ന് വിലപിക്കുന്നതിനു മുന്‍പ് 'നമ്മളില്‍ ചിലരെങ്കിലും' ഒന്ന് തിരിഞ്ഞ് നോക്കേണ്ടി വരും അല്ലേ എച്മൂ........
നല്ല വരികളാല്‍ സമ്പന്നമായ മറ്റൊരു നല്ല പോസ്റ്റ്‌ കൂടി എച്മൂ..

ആളവന്‍താന്‍ said...

“യേ സിന്ദഗീ ഉസീ കി ഹെ….ജോ കിസീ കാ ഹോ ഗയാ……"
ചേച്ചീ... വല്ലാണ്ടേ വിഷമം തോന്നി.
പിന്നെ, ക്രാഷ് ലാന്‍ഡിന്‍റെ രണ്ടാം ഭാഗം ഇട്ടിരുന്നു. ദി റിയൽ കാണ്ഡഹാർ!

Anonymous said...

എന്തത്ഭുതം, ഇതേ വിഷയം ഞാനും എഴുതിക്കൊണ്ടിരിക്കയാണ് എച്ച്മൂ. എത്രയോ മാനങ്ങളുള്ള ബൃഹത് വിഷയം, ഒരു പരിധി വരെ പരിഹാരമില്ലാത്ത വിഷയം, എന്നാല്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകേണ്ട വിഷയം.കൗസ്തുഭം, ശ്രീവത്സം, വനമാല എന്നെല്ലാം കേട്ടപ്പോള്‍ ഗുരൂവായൂരാണെന്നു കരുതി, അഡ്രസ്സ് ചോദിക്കാമന്നും കരുതി- ഒരു ഡബിള്‍ റൂം ഇപ്പോഴേ ബുക്ക് ചെയ്യാലോ. തമിഴകമാണല്ലേ.വേണ്ട, തമിഴ് തെരിയലേ...
സോമന്‍, ഡിഗിരി കാപ്പി,പൊരുക്ക് എല്ലാം കൗതുകമുള്ള പുതു പേരുകള്‍.അദ്ദേഹം മുന്നേ പോയതു നന്നായി എന്നു വായിച്ചപ്പോള്‍ ഒരു ചെറുപുഞ്ചിരി ഓര്‍ത്തു.... നല്ല പോസ്റ്റ്.

Anonymous said...

email flw up doesnt show up initially.

കൂതറHashimܓ said...

ശാരീരിക തളർച്ചയിലും കൊച്ചു സന്തോഷങ്ങൾ കണ്ടെത്താനും ചിരിക്കാനും പാടാനും കാണിക്കുന്ന ഉൽസാഹത്തിനു ആ അമ്മക്കെന്റെ സ്നെഹ ഉമ്മകൾ

ശ്രീ said...

പോസ്റ്റ് ഹൃദയസ്പര്‍ശിയായി...

salimhamza said...

എച്ചൂ നന്നായി , നല്ല അവതരണം , അഭിനന്ദനം

mini//മിനി said...

എന്റെ ചുറ്റുപാടും (കണ്ണൂരിൽ) പെണ്മക്കൾക്കാണ് പ്രാധാന്യം. ഒരു പെണ്ണിനെ കിട്ടാൻ നാലും ആറും ആണ്മക്കളുണ്ടായ അമ്മമാരെ എനിക്കറിയാം. വയസുകാലത്ത് പെണ്ണ് മാത്രമേ നോക്കുകയുള്ളു എന്നാണ് ഇവിടെത്തുകാരുടെ അനുഭവം. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ താമസമാണെങ്കിലും സ്വത്ത് ഓഹരി വെക്കുമ്പോൾ പലരും വീട് പെണ്ണിന് നൽകും. എന്നാൽ രണ്ട് പെണ്മക്കളുടെ അമ്മയായ എന്നെ അവർ നോക്കുമെന്ന് ഒരു ഉറപ്പും ഇല്ല. എച്ചുമുവിന്റെ ഉലകം എനിക്ക് ഇഷ്ടമായി.

Bijith :|: ബിജിത്‌ said...

“യേ സിന്ദഗീ ഉസീ കി ഹെ….ജോ കിസീ കാ ഹോ ഗയാ……"

the man to walk with said...

ഒരു വാക്ക് ..ഒരു നല്ല വാക്ക്… ..നല്ല വാക്കുകൾ കേട്ടാൽ എങ്ങനെയിരിയ്ക്കുമെന്ന്…

ഹൃദയസ്പര്‍ശിയായി ..ആശംസകള്‍

ചാണ്ടിച്ചൻ said...

അമേരിക്കയില്‍ ഉയര്‍ന്ന ഉദ്യോഗം വാങ്ങി അച്ഛനമ്മമാരുടെ യശസ്സുയര്‍ത്താന്‍, കുട്ടികളെ ഫോഴ്സ് ചെയ്യുന്നത് നമ്മള്‍...
അവസാനം എന്നെ ആരും നോക്കാനില്ലായെന്നു പറഞ്ഞു വിലപിക്കുന്നതും നമ്മള്‍ തന്നെ...
അല്ലെങ്കിലും, എല്ലാ മനുഷ്യരും ആത്യന്തികമായി സെല്‍ഫിഷ് തന്നെ :-(

Unknown said...

എനിക്കിഷ്റ്റപെട്ടതു പക്ഷെ വിശ്വപ്രഭയുടെ അനുബന്ധം ആണ്. പണതിന്റെ കണക്കു നോക്കി മക്കളൊടുല്ല സ്നെഹതിന്റെ അളവു കോല്‍ നിശ്ചയിക്കുന്ന അമ്മമാരെയും അമ്മയ്ക്കും സഹൊദരിക്കും വേണ്ടി മാത്രം ജീവിക്കുകയും അതിനിടെ അവശ്യം ഉള്ളപ്പോള്‍ ATM മെഷീന്‍ ആയി മാത്രം കെട്ടിയൊനെ കാണുന്നവരെയും കണ്ടിട്ടുല്ലതു കൊണ്ടാകാം...എനിക്കത്ര senti തോന്നാഞതു.

അഭി said...

വായിച്ചപോള്‍ വിഷമം തോന്നി

പോസ്റ്റ്‌ നന്നായി
ആശംസകള്‍

SHANAVAS said...

എച്മുക്കുട്ടീ,വീണ്ടും മനുഷ്യന്റെ നിസ്സഹായാവസ്ഥ തുറന്നു കാണിക്കുന്ന പോസ്റ്റ്‌..പക്ഷെ പെണ്മക്കള്‍ മാത്രം ഉള്ളവര്‍ അല്ല , ആണ്മക്കള്‍ ഉള്ളവരും ഇന്ന് തുല്യ ദുഖിതര്‍ ആണ്..വാര്‍ധക്യത്തിന്റെ ഭാരം പേറാന്‍ ആരും തയ്യാറല്ല...വാര്‍ധക്യത്തില്‍ ഒഴിഞ്ഞ കിളിക്കൂട് പോലെയുള്ള വീടിനേക്കാളും നല്ലത് ഈ വക മന്ദിരങ്ങള്‍ തന്നെ...പെണ്മക്കള്‍ മാത്രമുള്ള എന്നെയും കാത്തിരിക്കുന്നത് ഇതൊക്കെ തന്നെ...ഈ എഴുത്തിന് നമോവാകം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പണ്ടു വാനപ്രസ്ഥം ഉണ്ടായിരുന്നു ഇന്നു വാനവും ഇല്ല വനവും ഇല്ല പ്രസ്ഥവും ഇല്ല

അപ്പൊ ഇതൊക്കെ തന്നെ ആയിരിക്കും വിധി അല്ലെ?

അവതാരിക said...

Echumuu..ഇപ്പോള്‍ വൃദ്ധ സദനത്തിലേക്ക് ആള്‍ക്കാരെ എടുക്കാന്‍ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി നടത്തിപ്പുകാര്‍ ഇറങ്ങിയിട്ടുണ്ട് ..ഈ പശുവിന്‍റെ ഫോട്ടോ മാറ്റിക്കൂടെ ??

Anonymous said...

വോഒവ്

Kalavallabhan said...

..

Manickethaar said...

good one....

Unknown said...

നന്നായി ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എച്ച്മുക്കുട്ടിയില്‍ നിന്ന് വീണ്ടുമൊരു ആകര്‍ഷക രചന !
പെണ്മക്കള്‍ ഉണ്ടായതുകൊണ്ട് മാത്രം ദുഖിക്കാനോ ആണ്മക്കള്‍ ഉണ്ടായത് കൊണ്ട് സന്തോഷിക്കാനോ ആവില്ല.ചിന്തകളും പ്രവര്‍ത്തികളും ആപേക്ഷികമാണ്. എല്ലാം കുടുംബ സമൂഹ ചുറ്റുപാടുകളോട് ബന്ധപ്പെട്ടുകിടക്കുന്നു.

റോസാപ്പൂക്കള്‍ said...

എച്ചുമു, വായിച്ചു,എഴുത്ത് ഇഷ്ടമായി.

മക്കള്‍ ആണാണെങ്കിലും പെണ്ണാണെങ്കിലും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ കടപ്പെട്ടവരാനെന്നാണ് എന്റെ പക്ഷം.നമ്മുടെ നാട്ടിലെ രീതി അനുസരിച്ച്.ആണ്‍ മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നു.ആണ്‍ മക്കളില്ലെന്നു വച്ച് പെണ്മക്കള്‍ മാത്രമുള്ള മാതാ പിതാക്കള്‍ അനാഥരാകണമെന്നാണോ..?ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മതം ഒരു പ്രശ്നമായി വരാം ഒരു പെണ്ണ് വീട്ടില്‍ വരുമ്പോള്‍ അവളുടെ ശരീരത്തിലെ സ്വര്‍ണ്ണത്തിളക്കവും ബാങ്ക് ബാലന്‍സിന്റെ വലിപ്പവും കണ്ടു സന്തോഷിച്ചവര്‍ ഇതും സമ്മതിക്കേണ്ടിയിരിക്കുന്നു

അനില്‍കുമാര്‍ . സി. പി. said...

എച്മൂ, നിറയുന്ന കണ്ണുകളും പൂട്ടി ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കാനേ എനിക്ക് കഴിയുന്നുള്ളല്ലോ..

കുസുമം ആര്‍ പുന്നപ്ര said...

ലച്ചും കുട്ടി.പെണ്‍മക്കളാണേലും ആണ്‍മക്കളാണേലും നോക്കാന്‍ മനസ്സും കൂടി വേണം. ചിങ്ങമാസത്തിലെ തിരുവോണമാണല്ലോ നമുക്ക് ഏറ്റവും പ്രധാനമായിട്ടുള്ള ദിവസം. അന്ന് 7 മക്കളുള്ള ഒരമ്മ ഒരററക്ക് കൂടെയുള്ള ഹോം നേഴ്സുമായി ഓണമുണ്ണുന്നതു കണ്ടു. അതിലെ എടുത്തു പറയത്തക്ക കാര്യം എന്താണെന്നു വെച്ചാല്‍ നാലുമക്കളും വിളിപ്പാടകലെയുള്ള ഒരുവീട്ടില്‍ ഒരുമിച്ചു കൂടി തിരുവോണം കടയില്‍ നിന്നും വരുത്തി ഒരുമിച്ച് കഴിക്കുന്നു. ഓര്‍മ്മക്ക് അല്‍പ്പം പിശകു പറ്റിയ അവര്‍ ഒറ്റക്ക്. ദോഷം പറയരുതല്ലോ അമ്മക്കുള്ള പൊതിച്ചോറ് ആദ്യമേ ഹോം നേഴ്സിന്‍റ കൈവശം ഏല്‍പ്പിച്ചു.

പട്ടേപ്പാടം റാംജി said...

പെണ്‍മക്കളോ ആണ്‍മക്കളോ എന്നതാണ് പ്രശ്നം എന്ന് തോന്നുന്നില്ല. മനസ്സാണ് പ്രധാനം, ഇന്നതെല്ലാവര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു.

നന്നായി എഴുതി.

MOIDEEN ANGADIMUGAR said...

“യേ സിന്ദഗീ ഉസീ കി ഹെ….ജോ കിസീ കാ ഹോ ഗയാ……..

കൊമ്പന്‍ said...

വായിച്ചു ഞാന്‍ എന്താ പറയുക എല്ലാം സങ്കടങ്ങള്‍ തന്നെ

സീത* said...

ഹൃദയത്തെ തൊട്ടുണർത്തിയ പോസ്റ്റ്..സങ്കടമായി ആ അമ്മ മനസ്സിൽ‌...

ഭാനു കളരിക്കല്‍ said...

മുതലാളിത്തം എല്ലാ മാനുഷീക ബന്ധങ്ങളെയും പണത്തിന്റെ മാത്രമായ ബന്ധങ്ങളാക്കി ചുരുക്കുമെന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ക്സ് ചൂണ്ടികാണിക്കുന്നുണ്ട്. മാനുഷീക ബന്ധങ്ങളില്‍, മനുഷ്യരുടെ സ്വഭാവങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ട്. നമ്മുടെ ജീവിതം കൂടുതല്‍ കൂടുതല്‍ സുഖസൌകര്യങ്ങളിലേക്കും ആര്ഭാടങ്ങളിലേക്കും വികസിക്കുമ്പോള്‍ ലാഭകരമല്ലാത്ത എന്തും അനാവശ്യമായി വരുന്നു. വികസിത രാജ്യങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നതുപോലും മാതാപിതാക്കളുടെ ഉത്തരവാദിത്തമല്ല അവര്‍ സ്വയം ലോണെടുത്തോ മറ്റോ പഠിക്കട്ടെ എന്ന അവസ്ഥയിലേക്ക് വരുന്നുണ്ട്. അവര്‍ക്ക് അമ്മ അച്ഛന്‍ ബന്ധങ്ങള്‍ ഇന്നു ചില ദിവസങ്ങളുടെ ആചരണം ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. വൃദ്ധ സദനങ്ങളുടെ കേരളത്തിലെ വര്‍ദ്ധന നമ്മളും ആ ഒരു സംസ്ക്കാരത്തിലേക്ക് വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഈ കാര്യത്തില്‍ പെണ്മക്കള്‍ എന്നോ ആണ്മക്കള്‍ എന്നോ വ്യത്യാസങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഹൃദയ ബന്ധങ്ങള്‍ നഷ്ടമാകുന്ന നമ്മുടെ കാലഘട്ടം മാറിയെ തീരു.

പഥികൻ said...

അതൊക്കെ പണ്ടല്ലേ എച്മൂ...ഇന്നത്തെ കാലത്ത് അച്ചനമ്മമാരെ നോക്കുന്ന കാര്യത്തിൽ ആൺമക്കളും പെണ്മക്കളും ഒരു പോലെ തന്നെ.

സുഹൃത്തായിരുന്ന ഒരു തമിഴ് പെൺകുട്ടി കുട്ടികളുണ്ടാവുമ്പോൾ ആശൈക്കൊരു പെൺകൊടിയും ആസ്തിക്കൊരാൺകൊടിയും വേണമെന്ന് പറഞ്ഞത് ഓർമ വരുന്നു...

ഉണ്ടാകുന്ന ആൺകുട്ടി ആസ്തിക്കുതകുമെന്നുറപ്പില്ലെങ്കിൽ ആശൈക്കനുസരിച്ച് പെൺകുട്ടികൾ ഉണ്ടാകുന്നതു തന്നെ നല്ലത്..

~ ഒരു പെൺകുട്ടിയുടെ അച്ചൻ..

പ്രയാണ്‍ said...

എന്തുപറയാനാണ് എച്മു.....ഞങ്ങള്‍ രണ്ടുപെണ്‍കുട്ടികളൂടെ അമ്മ ഇവിടെയുമുണ്ട്.....ഇപ്പോള്‍ എന്‍റെകൂടെ. എങ്ങിനെയൊക്കെ സന്തോഷിപ്പിക്കാന്‍ നോക്കിയാലും അവസാനം ഒരാണ്‍കുട്ടിയുണ്ടായില്ലല്ലോ (പെണ്‍കുട്ടികളുടെ കൂടെ നില്‍ക്കേണ്ടിവന്നില്ലേയെന്ന)എന്ന സങ്കടം അറിയാതെ പുറത്തുചാടും.

ബഷീർ said...

>>....ഞാനാദ്യം പോയിരുന്നെങ്കിലും അദ്ദേഹം കഷ്ടപ്പെടുമായിരുന്നു.ഒരു ദാസിയുടെ സേവയില്ലാതെ അദ്ദേഹത്തിന് കഴിയില്ല<<


ഈ വരികളില്‍ അടങ്ങിയിരിക്കുന്നു അവരുടെ ജീവിതം..നമുക്ക് ചുറ്റും ഇങ്ങിനെ എത്രയോ കാണാം.. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ സ്വാര്‍ത്ഥനായികൊണ്ടിരിക്കുന്നു... ആണ്മക്കളായാലും പെണ്മക്കളായാലും കരുണയും ദയയും മനസില്‍ വറ്റിയാല്‍ പിന്നെ ഇനിയുമേറേ മന്ദിരങ്ങള്‍ പിറക്കാനിരിക്കുന്നു..


നൊമ്പരപ്പെടുത്തി എച്ച്മുകുട്ടി. :(

yousufpa said...

നോക്കാൻ വേണ്ടപ്പെട്ടവരുണ്ടായിട്ടും അത് നിഷേധിക്കപ്പെട്ടവരും ധാരാളം ഉണ്ട്. സ്വന്തം മകന്റേയും മകളുടേയും വീട്ടിൽ പേയിംഗ് ഗസ്റ്റായി ജീവിച്ച് ഒരു അച്ഛനേയും അമ്മയേയും എനിക്കറിയാം.

കൊച്ചു കൊച്ചീച്ചി said...

എനിക്കുപറയാനുള്ളത് മുകളില്‍ റാംജിയും ഭാനുവും പറഞ്ഞുകഴിഞ്ഞു. എച്ച്മു പതിവുപോലെ നന്നായി എഴുതി.

ഒരു യാത്രികന്‍ said...

പതിവുപോലെ വാക്കുകളുടെ മാന്ത്രികത.....സസ്നേഹം

എറക്കാടൻ / Erakkadan said...

ആ ബാക്ക് ഗ്രൌണ്ട് കളറില്‍ വായിക്കുമ്പോള്‍ കണ്ണ് കടയുന്നു..പകുതി വായിച്ചു നിര്‍ത്തി

Anil cheleri kumaran said...

വാർദ്ധക്യത്തിന്റെ ആകുലതകൾ കൃത്യമായി പകർന്നിരിക്കുന്നു.

മുകിൽ said...

“അദ്ദേഹം എനിയ്ക്ക് മുൻപേ പോയതും നന്നായി “ ..............ഞാനാദ്യം പോയിരുന്നെങ്കിലും അദ്ദേഹം കഷ്ടപ്പെടുമായിരുന്നു..“
എന്റെ എല്ലാ സംശയങ്ങളും ആ നിമിഷം അവസാനിച്ചു. എന്റെയും..

“ഒരു വാക്ക് ..ഒരു നല്ല വാക്ക്… ..നല്ല വാക്കുകൾ കേട്ടാൽ എങ്ങനെയിരിയ്ക്കുമെന്ന്…… “
എച്മുക്കുട്ടി ജീവിതം വരയ്ക്കുകയാണ്..ക്യാൻവാസ് കൂടുതൽ കൂടുതൽ വലുതാവട്ടെ.

Sathees Makkoth said...

നല്ല പോസ്റ്റ്

Gopakumar V S (ഗോപന്‍ ) said...

ശരിയാണ്, പെരുകുന്ന വൃദ്ധസദനങ്ങൾ...തകരുന്ന ബന്ധങ്ങൾ

Manoraj said...

വല്ലാത്തൊരു കാലം ഇത് വാര്‍ദ്ധക്യപുരാണം.. നന്നായി പറഞ്ഞു. ഭാവവും തീവ്രതയും ചോര്‍ന്ന് പോകാതെ തന്നെ.

രഘുനാഥന്‍ said...

കഥ നന്നായി എച്ചുമു ......
:)

Anonymous said...

പെണ്‍മക്കള്‍ തന്നെയാണ്‌ നല്ലത്‌.എത്ര അകലെ ആയിരുന്നാലും അമ്മമാരെ അവര്‍ ഓര്‍ക്കുക എങ്കിലും ചെയ്യും...

സേതുലക്ഷ്മി said...

പെണ്‍മക്കള്‍ തന്നെയാണ്‌ നല്ലത്‌.എത്ര അകലെ ആയിരുന്നാലും അമ്മമാരെ അവര്‍ ഓര്‍ക്കുക എങ്കിലും ചെയ്യും...

Yasmin NK said...

എന്താ പറയാ..നമ്മുടെയൊക്കെ അവസാനമെങ്ങനെയോ എന്തോ....

റഷീദ് കോട്ടപ്പാടം said...

ആശംസകള്‍....

Unknown said...

.കൗസ്തുഭം, ശ്രീവത്സം, വനമാല.....
കൊള്ളാം ഉപേക്ഷിക്കാന്‍ പറ്റിയ ഇടങ്ങള്‍
മക്കളെ രൊക്കം പണത്തിന്‍റെ വേട്ടക്കാരായി മാറ്റുന്ന
ടാടിയും മമ്മിയും കൌസ്തുബത്തില്‍ കഴിയും

prasanna raghavan said...

'കണ്ണിൽച്ചോരയില്ലാത്ത അമ്മാതിരി ആചാരങ്ങളെ മാറ്റേണ്ടതാണെന്ന് ആ പെൺകുട്ടികൾക്ക് തോന്നുന്നുണ്ടാവില്ലേ എന്ന സംശയം'
എച്ചുമു ആ സംശയത്തേക്കുറിച്ചു ചൊദിച്ചിരുന്നെങ്കിൽ വെറുതെ ഒരാശ.

കാരണം അങ്ങനെ മക്കൾക്കു തോന്നണമെങ്കിൽ അവരെ അതു പഠിപ്പിക്കേണ്ടതും രക്ഷകർത്താക്കളുടെ ചുമതലയല്ലേ?:)
പെണ്മക്കളെ പ്രാപ്തരക്കാൻ എത്ര രക്ഷകർത്താക്കൾ ശ്രമിക്കും. പ്രാപ്തിയില്ലാതെ അവരെങ്ങനെ തീരുമാനങ്ങളെടുക്കും?

പിന്നെ ഓൾഡ് ഏജ് ഹോമിൽ മാത്രമാണോ ഈ ഗൃഹാതുരത. സ്വന്തം വിട്ടിൽ മക്കൾ എന്തൊക്കെ ത്യാഗം ചെയ്താലും അതിലൊന്നും നന്മ കാണാത്ത അവിടം നരകമാക്കുന്ന എത്ര അമ്മമാരെ എനിക്കറിയാം.

പരസ്പരമുള്ള സ്നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഓൾഡ് ഏജ് ഹോം ചില അ വസരങ്ങളിൽ അത്യാവശ്യമാണ്. ഇതാണ് എനിക്കു തോന്നുന്നത്.:)

Lipi Ranju said...

“ഒരു വാക്ക് ..ഒരു നല്ല വാക്ക്… ..നല്ല വാക്കുകൾ കേട്ടാൽ എങ്ങനെയിരിയ്ക്കുമെന്ന്…… “ ഈശ്വരാ ! എനിക്കറിയില്ല എന്ത് പറയണം എന്ന് ! ഇവിടെ ഓരോ തവണ വരുമ്പോഴും എച്മു ഓരോ ജീവിതങ്ങള്‍ കാണിച്ചു തരുന്നു !

A said...

വൃദ്ധരോടുള്ള ചില വീടുകളിലെ സമീപനം കാണുമ്പോള്‍ ഇതിലും നല്ലത് ഓള്‍ഡ്‌ ഏയ്ജ്‌ ഹോം തന്നെ അല്ലെ എന്ന് തിരിച്ചും തോന്നാം. എങ്ങിനെ നോക്കിയാലും പറഞ്ഞതു പോലെ പ്രോഫിറ്റ് ആന്‍ഡ്‌ ലോസ് കണ്ണുകള്‍ കൊണ്ട് മാത്രം നോക്കാന്‍ പഠിക്കുന്ന ഒരു തലമുറയില്‍ നിന്ന് വേറെന്തു വരാനാ? എച്മു ഓരോ തവണ പറയുമ്പോഴും വായനക്കാരന്‍റെ മനസ്സില്‍ ഒരു പുനര്‍വിചിന്തനം നടക്കുന്നു. ഇതിലെ സ്നേഹമറ്റ മനസ്സിന്‍റെ ഉടമ ഞാനാണല്ലോ. ഈ എച്ചുമു കണ്ണാടി കാട്ടി എന്തിനാ എന്‍റെ വൈരൂപ്യം എന്നെ ഓര്‍മ്മിപ്പിക്കുന്നെ?

രാജേഷ്‌ ചിത്തിര said...

good one, echchmoos

സേതുലക്ഷ്മി said...

എച്മൂ..
കഥകളുംഅനുഭവങ്ങളും വളരെ നന്നാവുന്നു.എങ്കിലും ഒരു കാര്യം പറയട്ടെ ?
എച്മു ചിത്രീകരിക്കുന്ന സ്ത്രീകള്‍ പ്രതികരിക്കാനറിയാത്ത,ഏതു അനീതിയേയും സ്വീകരിക്കുന്നവരാണ്.
ഈ ഒരു വശത്തിനുമപ്പുറത്ത് ജീവിതത്തിന്‍റെ ഏതു വെല്ലുവിളികളേയും നേരിടുന്ന ഒരുകൂട്ടം സ്ത്രീകള്‍ ഉണ്ട് എന്ന സത്യംകാണാതെ പോകുന്നതെന്തു കൊണ്ട് ...?

ഗൗരിനാഥന്‍ said...

സങ്കടങ്ങളേതുമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ കൂടെ കയ്യൊപ്പ്, ഇനിയും പെണ്‍കുട്ടികള്‍ ഉണ്ടാവണെ എന്നാഗ്രഹിക്കുന്ന, എല്ലാ പെണ്‍കുട്ടികളെയും എന്റെയായി കരുതുന്ന, ഇനിയും പെണ്ണായി തന്നെ ജനിക്കണെ എന്നാഗ്രഹിക്കുന്ന സന്തോഷത്തോടെയുള്ള ആശംസകള്‍

ajith said...

വായിച്ച് എന്തെഴുതണമെന്നറിയാതെ ഞാന്‍ നില്‍ക്കുന്നു. കഥയെന്ന് ഓര്‍ത്തു. ലേബലില്‍ അനുഭവമെന്ന് കണ്ടപ്പോള്‍ വാക്കു മുട്ടിപ്പോയി

ജെ പി വെട്ടിയാട്ടില്‍ said...

പട്ടേപാടം റാംജി പറഞ്ഞതാണെനിക്കും തോന്നിയത്. ഞാന്‍ ഇത് മൊത്തത്തില്‍ വായിച്ചിട്ടില്ല, അവിടെയും ഇവിടെയുമായി ഓടിച്ചുവായിച്ചു.

ഈ വഴിക്ക് കുറച്ച് നാളുകളായി വരാറില്ല.
ഇനി ഇടക്കിടക്ക് വരാം

Echmukutty said...

വി കെ ആദ്യം തന്നെ വന്നല്ലോ. നന്ദി. ഇനിയും ഇതു പോലെ വേഗം വരണേ! വി കെ എഴുതിയത് ശരിയായിരിയ്ക്കും അങ്ങനെയുള്ള ആണ്മക്കളും ഭാര്യമാരും സുലഭമായിരിയ്ക്കാം. ഭാര്യമാരുടെ അമ്മയച്ഛന്മാരെ നോക്കാനാവില്ലെന്ന് ശഠിയ്ക്കുന്ന ഭർത്താക്കന്മാരുള്ളതു പോലെ....
നാമൂസ് എഴുതിയതു ശരിയെങ്കിലും ആ അമ്മ പകർന്നു തന്ന ആർജ്ജവം മഹത്തായിരുന്നുവെന്ന് പറഞ്ഞുകൊള്ളട്ടെ. അവരുടെ പരിതസ്ഥിതിയിൽ അവർ ആവുന്നത്ര സന്തോഷവതിയായി ജീവിയ്ക്കാൻ പരിശ്രമിയ്ക്കുന്നുണ്ടായിരുന്നു.വായിച്ച് പ്രോത്സാഹിപ്പിച്ചതിന് നന്ദി.
വിശ്വപ്രഭയുടെ സാന്നിധ്യത്തിനും അഭിപ്രായത്തിനും നന്ദി പറയട്ടെ. ഇനിയും വരുമല്ലോ.
വയസ്രേലിയ്ക്കും എന്റെ ലോകത്തിനും നന്ദി.ഇനിയും വരിക.
അലി പറഞ്ഞതു ശരിയാണ്, സ്വന്തം അച്ഛനമ്മമാരെന്നതു പോലെ മറ്റൊരാളുടെ അച്ഛനുമമ്മയും എന്ന് മനുഷ്യർക്ക് വിചാരിയ്ക്കാനാവുന്ന നാളുകളിൽ എന്നൊരു കൂട്ടിച്ചേർക്കലോടെ ആ അഭിപ്രായത്തെ ഞാൻ സ്വീകരിയ്ക്കുന്നു. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
ഭാഗ്യവതിയായ കുഞ്ഞൂസ്സിന് എന്നും എപ്പോഴും തുണയായി എല്ലാ ഭാഗ്യങ്ങളുമുണ്ടായിരിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു. ആശംസകൾക്ക് നന്ദി, ഇനീം വരുമല്ലോ.
രമേശ്, അതാണു സങ്കടം എപ്പോഴും. കിട്ടിയവർക്ക് വിലയില്ലാതെ, കിട്ടാത്തവർക്ക് വില മതിയ്ക്കാനാവാതെ...
മാണിക്യം ചേച്ചിയെ കണ്ടതിൽ സന്തോഷം. ഇവിടെയും ഇപ്പോൾ ഓൾഡ് ഏജ് ഹോമുകൾ ധാരാളമായിട്ടുണ്ട്. അതിൽ കഴിയുന്നവരും ധാരാളം. അത്തരമൊരു ഏർപ്പാട് അനുഗ്രഹവുമാണ്, ഈ കുറിപ്പിലെ അമ്മയെപ്പോലെയുള്ളവർക്ക് പ്രത്യേകിച്ചും...
അതെ, സിയ പറഞ്ഞതു പോലെ ആരൊക്കെ എവിടെയായിരിയ്ക്കും എന്ന തീർച്ചയില്ലായ്മകൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ട്. വായിച്ച് അഭിപ്രായമെഴുതിയതിന് നന്ദി.
ശ്രീനാഥന് നന്ദി.ശരിയായി വായിച്ചതിൽ വലിയ സന്തോഷം.....
സങ്കൽ‌പ്പങ്ങൾക്കും അനീസിനും നന്ദി, ഇനിയും വന്ന് വായിയ്ക്കുമല്ലോ.

ഉച്ചഭാഷിണി said...

എച്മു സാറേ ..ഇതൊക്കെ ഞാന്‍ ഒന്ന് മൈക്ക് വച്ച് വിളിച്ചു പറഞ്ഞോട്ടെ ,,,ഈ നാടിനെ അങ്ങനെ വെറുതെ വിടാന്‍ പാടില്ല സാറേ ..
നല്ല എഴുത്തിനു ഉച്ചഭാഷിണിയുടെ കൂപ്പുകൈ ..
ഒത്തിരി ഇഷ്ടമായി ..ആശംസകള്‍

Echmukutty said...

പള്ളിക്കരയിൽ വന്നതിൽ സന്തോഷം. എന്തും സഹിച്ച് കുടുംബജീവിതം പുലർത്തുകയാണ് സ്ത്രീധർമ്മമെന്നല്ലേ.....അപ്പോൾ സന്തോഷിയ്ക്കാൻ പഠിയ്ക്കുകയാണ് വേണ്ടത്, പല്ലു തേയ്ക്കാൻ പഠിയ്ക്കുന്നതു പോലെ...
അത്ം ജാസ്മിക്കുട്ടി തിരിഞ്ഞു നോക്കിയാൽ വിഷമമാകും , അതുകൊണ്ട് നോക്കാതിരിയ്ക്കാം..
ആളവൻ താൻ വന്നതിൽ സന്തോഷം, ഞാൻ രണ്ടാം ഭാഗം വായിച്ചൂ കേട്ടൊ.
വലിയ ഒരു വിഷയം തന്നെയാണ് മൈത്രേയീ ഇത്. മൈത്രേയിയുടെ പോസ്റ്റ് വായിയ്ക്കാൻ കാത്തിരിയ്ക്കുന്നു.
ഹാഷിം എഴുതിയത് ശരി, എല്ലാ ദുരിതങ്ങൾക്കും ഇറ്റയിൽ അവർ ഏറ്റവും പ്രസാദവതിയായിരുന്നു, ആ ഓൾഡ് ഏജ് ഹോമിലെ മറ്റാരേയുംകാൾ. ആ മനസ്സ് എന്നെ അതിശയിപ്പിച്ചു.

Echmukutty said...

ശ്രീയ്ക്കും സലിം ഹംസയ്ക്കും നന്ദി.
മിനിടീച്ചർക്കും നന്ദി. ഈ ഉലകം ഇഷ്ടമായി എന്നു എഴുതിയതിൽ സന്തോഷം.
ബിജിത്, ദ് മാൻ ടു വാക് വിത് രണ്ട് പേർക്കും നന്ദി.
ചാണ്ടിച്ചൻ പറഞ്ഞതു പോലെ സ്വന്തം പ്രവൃത്തികളാൽ ഒറ്റപ്പെടൽ ഇരന്ന് വാങ്ങുന്നവരും ഉണ്ട്.
നചികേതസ് എഴുതിയത് വായിച്ചു. അങ്ങനെയുള്ളവർക്കൊപ്പം അങ്ങനെയല്ലാത്തവരും ഉണ്ടെന്നതാണ് സത്യം. അത് കാണാതിരിയ്ക്കുന്നതും ശരിയല്ല.
അഭിയ്ക്കും ഷാനവാസിനും നന്ദി. ഷാനവാസിന് നന്മകൾ മാത്രം നേരുന്നു.
ഇൻഡ്യാ ഹെറിട്ടേജ് വന്നതിൽ സന്തോഷം. വിധിയാർക്കറിയാം, അല്ലേ? ഇതാവാം, അല്ലാതെയുമിരിയ്ക്കാം....
അവതാരികയ്ക്ക് നന്ദി. ആളെടുപ്പുണ്ടെന്ന് ഞാനുമറിഞ്ഞിരുന്നു. എന്നെ ഒരുപാട് ഇഷ്ടപ്പെട്ട, തേച്ചു മിനുക്കിയ ഓട്ടുഗ്ലാസ്സിൽ ചൂടും മധുരവുമുള്ള ചായയുമായി എന്നും കാത്തിരുന്ന ഒരമ്മയുടെ പശുവാണ് ആ ചിത്രത്തിൽ... പശു എന്ന വാക്കിന് എന്റെ ജീവിതവുമായി വേദനിപ്പിയ്ക്കുന്ന ഒട്ടേറെ അർഥങ്ങളുമുണ്ട്. അതാണ് ആ ചിത്രം മാറ്റാത്തത്.

Echmukutty said...

അനോണിമസ്,
കലാവല്ലഭൻ,
മാണിയ്ക്കത്താർ,
മൈ ഡ്രീംസ് എല്ലാവർക്കും നന്ദി, ഇനിയും വന്ന് വായിയ്ക്കുമല്ലോ.
ഇസ്മയിൽ പറഞ്ഞത് ശരി, എല്ലാം ആപെക്ഷികമാണ്. വായിച്ചതിലും അഭിനന്ദിച്ചതിലും ആഹ്ലാദിയ്ക്കുന്നു.
റോസാപ്പൂവേ, കുറിപ്പിന്റെ മർമ്മറിഞ്ഞെഴുതിയതിന് നന്ദി കേട്ടൊ.
അനിൽ വന്നതിൽ സന്തോഷം.ആ അമ്മയുടെ മുൻപിൽ ഞാനും അങ്ങനെ ഇരുന്നു പോയി.
കുസുമം എഴുതിയതു മാതിരിയും നമ്മുടെ അമ്മമാർ കഴിയുന്നുണ്ട്. വായിച്ചതിന് നന്ദി.
ഇനിയും വായിയ്ക്കുമല്ലോ.

Muralee Mukundan , ബിലാത്തിപട്ടണം said...

പുത്തൻ അണുകുടുംബങ്ങളിലെ മക്കളുടെ അമ്മമാരുടെ കഥനം.....മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....

അനുഭവം..? ദെപ്പോ..ദെങ്ങിനേ...?

Echmukutty said...

രാംജിയെ കണ്ടതിൽ സന്തോഷം. പൊതുവേ ഭർത്താവിന്റെ അമ്മയെയും അച്ഛനേയും ശുശ്രൂഷിയ്ക്കാൻ മടിയ്ക്കുന്ന പെൺകുട്ടികളെയും അതുകാരണം അവരെ വൃദ്ധ സദനത്തിൽ ആക്കേണ്ടി വരുന്ന ആ നിസ്സഹായനായ ഭർത്താവിനെയും കുറിച്ച് നമ്മൾ ധാരാളം വായിയ്ക്കാറുണ്ട്. പെൺകുട്ടിയുടെ ജീവിതത്തിൽ ഭർത്താവ്, ഭർതൃഗൃഹം, ഭർത്താവിനെ മാതാപിതാക്കന്മാർ ഇവയ്ക്കെല്ലാമുള്ള പ്രാധാന്യം ആൺകുട്ടികളുടെ ജീവിതത്തിൽ ഭാര്യ, ഭാര്യാഗൃഹം, ഭാര്യയുടെ മാതാപിതാക്കന്മാർ ഇവയ്ക്കൊന്നും ഇല്ല. ഭർതൃഗൃഹത്തിൽ പാർക്കുന്നത് ഭാര്യയുടെ അഭിമാനവും ഭാര്യാഗൃഹത്തിൽ പാർക്കേണ്ടി വരുന്നത് ഭർത്താവിന്റെ അപമാനവുമാണ്. പെൺകുട്ടികളുടെ മാതാപിതാക്കന്മാർക്ക് സ്വന്തം മക്കൾ വാർദ്ധക്യത്തിൽ ശുശ്രൂഷിയ്ക്കണമെന്ന് ഒരു അവകാശമായി ഒരിയ്ക്കലും കരുതാനാവില്ല. ആ ശുശ്രൂഷ അവർക്ക് പെണ്മക്കളുടെ ഭർത്താക്കന്മാരുടെ മഹാമനസ്ക്കതയിൽ വീണു കിട്ടാവുന്ന ഒരു ഭാഗ്യം മാത്രമാണ്. ആ ഒരു മാറ്റമൊഴിവാക്കിയാൽ പിന്നെ രാംജി പറഞ്ഞതു പോലെ മനസ്സില്ലെങ്കിൽ ആണായാലും പെണ്ണായാലും ഒരു കാര്യവുമില്ല.
മൊയ്തീനും കൊമ്പനും സീതയ്ക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുക.

Echmukutty said...

ഇത് ജീവിതം ആർഭാടങ്ങളിലേയ്ക്ക് മാറിയതുകൊണ്ട് മാത്രമല്ല ഭാനു, മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു മനസ്ഥിതിയുടെ പ്രശ്നമായതുകൊണ്ടാണെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. പെരിയമ്മയും അമ്മയും പറഞ്ഞിട്ടുള്ള അനുഭവങ്ങൾ, പെൺകുട്ടികളുടെ ഭർത്താക്കന്മാരാൽ ഇറക്കി വിടപ്പെട്ട പാട്ടിമാർ കരഞ്ഞുകൊണ്ട് പറഞ്ഞിട്ടുള്ള അനുഭവങ്ങൾ ....അതൊന്നും ആധുനിക കാലത്തിന്റെ മാത്രം കഥകളായിരുന്നില്ല.ഒറ്റ മകളായ സ്വന്തം ഭാര്യയുടെ അമ്മയെ നോക്കാനാവില്ലെന്ന് ചെറുപ്പക്കാരനും പ്രൊഫഷണലുമായ ആധുനികൻ അലറുന്നത് കേൾക്കാനും സാധിച്ചു. അത്തരം മരുമകന്മാരെ പരിചയപ്പെടാനുള്ള നിർഭാഗ്യം പെൺകുട്ടികളെ മാത്രം പ്രസവിച്ച അമ്മമാർക്ക് വരാതിരിയ്ക്കട്ടെ.
അതൊന്നും പണ്ട് മാത്രമല്ല പഥികൻ . ഇപ്പോഴും ധാരാളമായി ഉണ്ട്.
അതെ പ്രയാൺ,ആൺകുട്ടിയില്ലെന്ന ആ ബാധ കൂടിയ പോലെയുള്ള ഒഴിവാക്കാനാവാത്ത സങ്കടം ആരുടെ സൌകര്യ്ത്തിനും മേന്മ പ്രദർശനത്തിനുമായി രൂപപ്പെടുത്തിയതാണെന്ന ചോദ്യം ഉന്നയിയ്ക്കുമ്പോൾ നമുക്ക് എന്തുത്തരമാണ് കിട്ടുക?

Echmukutty said...

ബഷീറിനും യൂസുഫ്പയ്ക്കും കൊച്ചു കൊച്ചീച്ചിയ്ക്കും യാത്രികനും നന്ദി. ഇനിയും വന്ന് വായിയ്ക്കുക.
എറക്കാടൻ എത്ര നാൾ കഴിഞ്ഞാണ് വരുന്നത്! സന്തോഷം കേട്ടൊ. പിന്നെ ബ്ലോഗിന്റെ നിറം മാറ്റാൻ പഠിയ്ക്കട്ടെ, എന്നിട്ട് മാറ്റാം കേട്ടൊ. ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും വായിച്ചു നോക്കണേ, പ്ലീസ്.
കുമാരൻ,
മുകിൽ,
സതീഷ്,
ഗോപൻ,
മനോരാജ്,
രഘുനാഥൻ,
അനോണിമസ് എല്ലാവർക്കും നന്ദി.

Echmukutty said...

ഒരു പാവം പൂവ്,മുല്ല, റഷീദ് എല്ലാവർക്കും നന്ദി, വായിച്ചതിൽ സന്തോഷം.
അത്തരം മാതാപിതാക്കന്മാർ മാത്രമല്ല സുനിൽ കൌസ്തുഭത്തിലുള്ളത്. ആ സത്യം കാണാതിരിയ്ക്കാനാവില്ല.
പ്രസന്നയുടെ അഭിപ്രായം വായിച്ചു. പെണ്മക്കളെ പ്രാപ്തരാക്കാൻ തുനിയാത്ത മാതാപിതാക്കന്മാർ അസംഖ്യം പേരുണ്ട്. ചുരുക്കം ചില മാതാപിതാക്കന്മാർ പെണ്മക്കളെ പ്രാപ്തരാക്കുമ്പോഴും നീ വെറും പെണ്ണ് എന്ന് അധിക്ഷേപിയ്ക്കുകയും അവളുടെ പ്രാപ്തിയുടെ ചിറകുകൾ ഓരോന്നായി മുറിയ്ക്കുകയും ചെയ്യുന്ന സമൂഹവും ഭർതൃഗൃഹങ്ങളുമുണ്ട്. പ്രസന്ന എഴുതിയത് പോലെ മക്കളുടെ ജീവിതം നരകമാക്കുന്ന അമ്മമാർ അനേകമുണ്ട്. പലപ്പോഴും ഓൾഡ് ഏജ് ഹോമുകൾ ആവശ്യവും ആണ്. ഈയനുഭവക്കുറിപ്പിലെ അമ്മ അവിടെയെത്തിയത് ഭാഗ്യമെന്നല്ലേ സന്തോഷിയ്ക്കുന്നത്? എല്ലാ ദുരിതങ്ങൾക്കുമിടയിൽ അവരായിരുന്നു അവിടെ ഏറ്റവും പ്രസാദവതിയായിരുന്നത്. ആ ആർജ്ജവം എന്നെ അൽഭുതപ്പെടുത്തി. ഇനിയും വായിച്ച് അഭിപ്രായങ്ങൾ പറയുമല്ലോ.വന്നതിന് നന്ദി.
ലിപിയ്ക്കും സലാമിനും രാജേഷിനും നന്ദി. ഇനിയും വരുമല്ലോ

Echmukutty said...

ശരിയാണ് പാവം പൂവെ. ജീവിതം മുഴുവൻ പോരാടുന്ന സ്ത്രീകൾ ധാരാളമായിട്ടുണ്ട്. ഒരുപക്ഷെ ഞാൻ പരിചയപ്പെട്ട ഓരോ സ്ത്രീയും പാവം പൂവ് ചൂണ്ടിക്കാണിച്ച ആ വലിയ സത്യമാണ്.
അവരെ സംബന്ധിച്ച് ജീവിയ്ക്കുന്നു എന്നതു തന്നെ ഏതു വെല്ലുവിളിയേയും നേരിടലാണ്.അവർ പ്രതികരിയ്ക്കുന്നത് അവരുടെ ആ പാവം നിറമില്ലാത്ത നീതി കെട്ട ജീവിതം കൊണ്ടുമാണ്. കാരണം അവരുള്ളിടത്തോളം അവരവിടെയുണ്ട് എന്നതാണ് അത്തരം ജന്മങ്ങളുടെ പ്രസക്തി, സെഡാർ മരങ്ങളുടെ വഴിയോരത്തെ വേലിപ്പരുത്തികളെപ്പോലെ....... അവർ കീഴടങ്ങുകയല്ല ആണെന്ന് തോന്നിപ്പിയ്ക്കുക മാത്രമാണ്.നിരന്തരമായി പോരാടുന്ന സ്ത്രീകളെക്കുറിച്ചു എഴുതുവാൻ എനിയ്ക്ക് പ്രാപ്തിയുണ്ടാകും വരെ ക്ഷമയോടെ തുടർന്ന് വായിയ്ക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്....... സ്നേഹപൂർവം...
വളരെക്കാലം കഴിഞ്ഞ് എന്നെ കാണാൻ വന്ന ഗൌരിനാഥന് സ്വാഗതം. എവിടെപ്പോയിരുന്നു ഇത്രയും കാലം? ഈയനുഭവക്കുറിപ്പിലെ അമ്മയ്ക്കും പെൺകുട്ടികൾ ജനിച്ചതിൽ സങ്കടമുണ്ടായിരുന്നില്ല.വായനയിൽ അങ്ങനെ തോന്നുന്നുവെങ്കിൽ ഞനെഴുതിയത് ശരിയായില്ല എന്നാണർഥം.
അജിത്ജി വന്നതിൽ സന്തോഷം.
പ്രകാശേട്ടൻ മുഴുവൻ വായിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു. വന്നതിൽ വലിയ സന്തോഷം.
ഉച്ചഭാഷിണി ആദ്യം വന്നതാണല്ലേ? ഇനീം വരണേ!
ആഹാ! മുരളീ ഭായ് തിരിച്ച് ഇംഗ്ലണ്ടിലെത്തിയോ? ഞാൻ ഓൾഡ് ഏജ് ഹോമിൽ സന്ദർശനത്തിനു പോയതല്ലേ, അപ്പോഴാണീ അനുഭവം....
വായിച്ച് അഭിപ്രായമെഴുതി എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂടുകാർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്....

അവതാരം said...

कल हम बूटे होंगे जाने कहां होंगे ?

ഓര്‍മ്മകള്‍ said...

Valare nannayi ezhuthi....

ചന്തു നായർ said...

എച്ചുമുക്കുട്ടിയേ.....വരാൻ വൈകി...ലിങ്ക് കിട്ടിയിരുന്നില്ലാ...പിന്നെ തിരക്കും കൂട്ടായി... ഈ അനുഭവക്കുറിപ്പ് വായിച്ച് ഞാൻ കുറേ നേരം നിശബ്ദനായി....എന്തു പറയണം ,എന്ത് എഴുതണം...? ....മക്കൾ ഉള്ളവരുടെ ദുഖം,മക്കളില്ലാത്തവരുടെ ദുഖം,പെണ്മക്കളില്ലാത്ത രമേശിന്റെ ദുഖം,കുഞ്ഞുങ്ങളില്ലാത്ത അജിത്തിന്റെ ദുഖം...കമന്റിലൂടെ ഇതൊക്കെ വായിച്ചപ്പോൾ...വീണ്ടും മൌനം മനസ്സിൽ കുടിയേറി..ഞങ്ങൾക്കുമില്ല മക്കൾ...അതുകൊണ്ട് തന്നെ വയസ്സ് കാലത്ത് ആര് നോക്കും എന്ന ചിന്ത ഇതുവരെ ഉണ്ടായിരുന്നില്ലാ...ഈ അനുഭവം( ലേഖനം വായിച്ചപ്പോൾ ഒരു സംശയം..ഞാൻ പോയാൽ പിന്നെ എന്റെ വാമഭാഗത്തെ ആരു നോക്കും..? ഞാൻ വളരെ പണ്ടേ തന്നെ ഒരു തീരുമാനമെടുത്തിട്ടുണ്ട് എപ്പ്ലോൾ അവശ്നായി എന്ന തോന്നൽ ഉണ്ടാകുന്നോ,അല്ലെങ്കിൽ കിടക്കയിൽ വീണു പോകും എന്ന അവസ്ഥ വന്നാൽ അന്നേരം ഞാനീ ലോകം വിടും അതിനുള്ള കര്യങ്ങൾ ഞാൻ ചെയ്ത് വച്ചിട്ടുണ്ട്..ശരണാലയങ്ങൾക്ക് വിട്... പക്ഷേ..ഞാനിവിടെ ഒന്ന് ഉറക്കെ ചിന്തിക്കുന്നൂ..എന്റെ അമ്മക്കും അച്ഛനുമായി അഞ്ച് മക്കൾ ഞാൻ മദ്ധ്യസ്ഥൻ..രണ്ട് പെണ്ണും മൂന്ന് ആണും...അച്ഛൻ മരിച്ചിട്ട് 10 വർഷം...ഇന്നും 80 വയസ്സെത്തിയ അമ്മ എന്റെ കൂടെയാണ് താമസം....കൂടെ..ക്കൂടെ ഓരൊ സഹോദരങ്ങളും എന്റെ അമ്മയെ അവരുടെ വീട്ടിൽ കൊണ്ട് ചെന്ന് നിർത്തും..സ്നേഹവാത്സല്ല്യങ്ങൾ ചൊരിയും( ഒട്ടും കളങ്കമില്ലാതെ)..എനാലും 3,4 ദിവസമൊക്കെകഴിയുമ്പോൾ അമ്മയുടെ ഫോൺ വരും “മക്കളേ...ചന്തു..നീ എപ്പഴാ ഇങ്ങോട്ട് വരിക...അത് സ്ഥിരമായിട്ടുള്ള സൂത്ര വാക്യമാണെന്ന അറിവിൽ അന്ന് വൈകുന്നേരം കാറുമെടുത്ത് ഞാൻ അമ്മയുടെ സന്നിധിയിൽ..ഹാജർ. “ എന്നാ..പിന്നെ രണ്ട് ദിവസം കഴിഞ്ഞ് വരാം” എന്ന് ആ സഹോദരനോടോ, സഹോദരിയോടോ പറഞ്ഞിട്ട് അമ്മ കറിന്റെ മുൻസീറ്റിൽ കയറി ഇരുപ്പ് പിടിക്കും..ചെറു പുഞ്ചിരിയോടെ ഞാൻ കാറ് സ്റ്റാർട്ട് ചെയ്യുമ്പോൾ...പിന്നിൽ തമാശയായി ആ വീട്ടിലെ പെങ്ങൾ പറയുന്നത് കേൾക്കാം “ചാച്ചുക്കുട്ടി മഹാറാണിക്ക്..ചന്തുവിന്റെ കൊട്ടാരത്തിൽ കിടന്നാലേ ഉറ്ക്കം വരൂ...” അമ്മ ചിരിച്ചെന്ന് വരുത്തും...യഥാർത്തത്തിൽ ചന്തുവിന്റേത് കൊട്ടാരമൊന്നുമല്ലാ....ഒരു ചെറിയഒറ്റ നില കെട്ടിടം..പക്ഷേ അതിലെ ഒരു മുറിയിൽ അച്ഛന്റെ ഗന്ധം തങ്ങി നിൽ‌പ്പൊണ്ട്...ആ മുറിയിൽ, അച്ഛൻ കിടന്നിരുന്ന കട്ടിലിൽ കിടന്നാലേ അമ്മക്ക് ഉറക്കം കിട്ടൂ...അതു ഞങ്ങൾക്കെല്ലാം അറിയാവുന്നതുമാണ്..എനിക്ക് ചില പതിവുകളുണ്ട്. രാത്രി....ഭാഗവതപാരായണവും മറ്റും കഴിഞ്ഞ് അമ്മ കിടന്ന് കഴിഞ്ഞാൽ ആ മുറിയിലെ വലിയ വെളിച്ചം അണഞ്ഞാൽ, പിന്നെ പിന്നെ അമ്മയുടെ മുറിയിലെ ടി.വി. പാട്ടും വർത്തമാനവും പറഞ്ഞിരിക്കും...ഞാൻ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അമ്മയുടെ മുറിയിലെത്തും അമ്മ നല്ല ഉറക്കമായിരിക്കും..റ്റി.വി. അണച്ച് ,പുതപ്പ് ശരിയാക്കി പുതപ്പിക്കുന്നത് പോലെ ആ കാലുകൾ തൊട്ട് കണ്ണിൽ വച്ചേ ഞാൻ പുറത്തിറങ്ങുകയുള്ളൂ... അതു പോലെ തന്നെ എന്നും അച്ഛന്റെ ചിത്രത്തിന് മുൻപിൽ വയ്ക്കാറുള്ള കാറിന്റെ താക്കോൽ എടുക്കുമ്പോൾ ആ ചിത്രത്തിൽ തൊഴുതിട്ടേ ഞാൻ പുറത്തിറങ്ങുകയുള്ളൂ....കാരണമുണ്ട്...അവരാണ് നമ്മുടെ ദൈവങ്ങൾ.... അല്ലതെ കല്ലുകളല്ലാ.... ഇടക്ക്, ഒരു ദിവസം ഞൻ അത് കണ്ടത് അർദ്ധമയക്കത്തിലാണ് ,വളരെ താമസിച്ചുറങ്ങുന്ന ഞാൻ താമസിച്ചേ എണീക്കാറുള്ളൂ...ഒരു ഏഴര വെളുപ്പിന് എന്റെ പാദം തൊട്ട് നമിച്ചെഴുന്നെൽക്കുന്ന എന്റെ ഭാര്യയെ..( ഇതു സ്ഥിരം ചെയ്തിരുന്ന കർമ്മമാണെന്ന് മനസ്സിലാക്കാൻ ഞാൻ വൈകി. ജീവിതത്തിൽ എനിക്ക് അവളെ വിഷമിപ്പിക്കാൻ തോന്നുമോ?...നമ്മൾ നമ്മുടെ കുട്ടികൾക്ക് മാത്രുകയാകുക... ശരണാലയങ്ങളിലെ അന്തേവാസികൾ കുറയും.....എന്തോ....? ഇതു വായിച്ചപ്പോൾ ഇത്രയും സത്യങ്ങൾ എഴുതാൻ തോന്നിപ്പോയി...ച് ...എച്ചൂമുക്കുട്ടിയേ...ഇങ്ങനെ പലരെക്കൊണ്ടും..പലകാര്യങ്ങളും ഉറക്കെചിന്തിപ്പിക്കുന്ന ഈ അനുഭവക്കുറിപ്പിന് എന്റെ പ്രണാമം .....നന്മകൾ മാത്രം നേരുന്നൂ...

mayflowers said...

ഞങ്ങളുടെ നാട്ടിന്‍ പുറത്ത് പോലും വൃദ്ധ സദനങ്ങള്‍ എന്ന കണ്‍സെപ്റ്റ് ജനങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.പക്ഷെ ഒന്നുണ്ട്,പെണ്‍ മക്കളുള്ളവര്‍ ഇവിടെ ഭാഗ്യം ചെയ്തവരാണ്.
പതിവ് പോലെ ഉള്ളം സ്പര്‍ശിക്കുന്ന രചന.

കെ.എം. റഷീദ് said...

ഒരു പാട് അനുഭവങ്ങള്‍ ഉള്ള എച്ചുമുകുട്ടിയുടെ എല്ലാ കഥകളും
ഒന്നിനൊന്നു മെച്ചമാണ് പലതും ഹൃദയത്തില്‍ ഒരു നോവെങ്കിലും
ഏല്‍പ്പിക്കാറുണ്ട്.
ഈ കഥകള്‍ ഒരു പുസ്തക രൂപത്തില്‍ പ്രസിധീകരിച്ചുകൂടെ
ഏതെങ്കിലും പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടോ ?

MINI.M.B said...

ഇന്നലെ കടന്നുപോയത് മറ്റൊരു വയോജനദിനം . ഹൃദയത്തില്‍ തട്ടി..

ജയരാജ്‌മുരുക്കുംപുഴ said...

ammakkilikalude thengalikal........... nannayi paranju.......... bhavukangal.........

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പെണ്മക്കളെ മാത്രം പ്രസവിച്ച ഓരോ അമ്മയേയും ഇവിടെ കാണുന്നു.കൂട്ടത്തിൽ ഈ എന്നെയും......

smitha adharsh said...

Echmukuttee...
as usual "thakarthu"...
makkal,aanaayaalum,pennaayaalum pettu valarthiya ammaye marakkaamo? swarthathayillaathe snehaikkunna oru lokam ennu varum..?

priyag said...

നൊമ്പരം മാത്രം ................കണ്ണീര്‍ മാത്രം ...................

ജാനകി.... said...

എച്ച്മൂ...
വൈകിപ്പോയി...കുറച്ചുനാൾ അനാരോഗ്യം എന്നെ ആശ്ലേഷിച്ചു കൊണ്ട് വിടാതെ പിടികൂടിയിരിക്കയായിരുന്നു..

മനോഹരമായ ഒരു രചന കൂടി....അല്ലേ..
ഭാവിയിലേയ്യ്ക്കു നോക്കിയാൽ ഇങ്ങിനെയൊരു കാഴ്ച്ച എല്ലാവരിലും ആശങ്കകൾ നിറയ്ക്കുന്നുണ്ട്.
എന്നാലും ജീവിതം മുന്നോട്ടു തന്നെ പോകാ‍തെ പറ്റില്ല്ലല്ലൊ....

പെൺകുട്ടികളുടെ അമ്മ എന്നതും ആൺകുട്ടികളുടെ അമ്മ എന്നതും ഈക്കാലത്ത് ഒരുപോലെയാണെന്നു തോന്നുന്നു.

Junaiths said...

എച്മു ഞാന്‍ ആ മുറിയില്‍ കൂടെയുണ്ടായിരുന്നു....അവരുടെ പ്രസന്നമായ മുഖം ...നമ്മുടെ ചെറിയ വൈകല്യങ്ങള്‍ക്ക് പോലും ദൈവത്തെ ശപിക്കുമ്പോള്‍ ഇങ്ങനെയുള്ളവര്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ എന്നയറിവ് ഒരു തരത്തില്‍ ആത്മനിന്ദ ഉണ്ടാക്കുന്നു...

വി.എ || V.A said...

പെണ്ണുങ്ങൾക്ക് ഭർത്താവിന്റെ അഛനമ്മമാരെമാത്രം ശുശ്രൂഷിച്ചാൽ മതിയോ? ഈ തോന്നൽ തിരിച്ച് ഭർത്താവിനുകൂടി ഉണ്ടായാൽ എന്താ കുഴപ്പം? കുറേക്കൂടി ഉറക്കെ ചോദിക്കണേ....ഭാവുകങ്ങൾ......

Anonymous said...

oru cheriya idavelaykku sesham innaan~ boolokatthu kaaledethu vecchath~...vaayicchu ecchmu....nallathu maathrame parayaanullu ennu prathyEkam edutthu parayendathillallo...

oru mosam postenkilum idu ecchumu angine negative comments parayaan oravasaram tharu....

chumma paranjathaatto.... ithupole nalla visahyangalumaayi thudaru..
aduthha postinulla samayamaayallo alle..

Anonymous said...

oru cheriya idavelaykku sesham innaan~ boolokatthu kaaledethu vecchath~...vaayicchu ecchmu....nallathu maathrame parayaanullu ennu prathyEkam edutthu parayendathillallo...

oru mosam postenkilum idu ecchumu angine negative comments parayaan oravasaram tharu....

chumma paranjathaatto.... ithupole nalla visahyangalumaayi thudaru..
aduthha postinulla samayamaayallo alle..

Unknown said...

:)

നോ കമന്റ്സ്.. എന്നല്ലാതെ..

Echmukutty said...

അവതാരം,
ഓർമ്മകൾ,
ചന്തുവേട്ടൻ,
മേ ഫ്ലവേഴ്സ്,
കെ. എം റഷീദ്,
മിനി എം ബി
ജയരാജ് എല്ലാവർക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

Echmukutty said...

ഉഷശ്രീ,
പ്രിയാജി,
ജാനകി,
ജുനയിത്,
വി എ,
അനോനിമസ്,
നിശാസുരഭി എല്ലാവർക്കും നന്ദി.
എഴുതുവാൻ ആത്മവിശ്വാസം തരുന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറയട്ടെ......

Sandeep.A.K said...

"യേ സിന്ദഗീ ഉസീ കി ഹെ….ജോ കിസീ കാ ഹോ ഗയാ…….. "

പരാധീനതകളിലും അവര്‍ ഇത്ര പ്രസരിപ്പോടെ കാണുന്നു... ആ പോസിറ്റീവ് എനര്‍ജി കിട്ടുന്നുണ്ട്‌ വായനയില്‍ ...
കാതുകളില്‍ ലതാജിയുടെ ആ പഴയ ഗാനം വന്നു പതിക്കുന്നു... "അല്‍വിദാ.... അല്‍വിദാ അല്‍വിദാ.."

കലിപ്പ് said...
This comment has been removed by the author.
കലിപ്പ് said...
This comment has been removed by the author.
നളിനകുമാരി said...

ഉയർന്ന നിലകളിൽ കഴിയുന്ന മക്കൾക്കോ ബന്ധുക്കൾക്കോ ഒന്നും വേണ്ടാതായ കുറെ മനുഷ്യർ . ഭാരിച്ച പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടുമല്ലോ എന്ന് കരുതിയിട്ടാണെങ്കിൽ പ്പോലും ഏറ്റെടുത്ത് പരിചരിയ്ക്കാൻ, മനസ്സിന് തണുപ്പ് പകരുന്ന ഒരു നല്ല വാക്ക് പറയാൻ ആരുമില്ലാതായവർ.
ഈശ്വര...നമ്മുടെ സന്ധ്യയില്‍ നാം എങ്ങനെ എവിടെ ആയിരിക്കും...?