Tuesday, November 8, 2011

വിടാനുള്ളതാണ് തീർത്ത വീടുകളത്രയും


                                                                                     


“ആഗ്രഹപ്രവേശം“ എന്നപേരിൽ മാധ്യമം വാരികയുടെ ഗൃഹം 2011 പതിപ്പിൽ പ്രസിദ്ധീകരിച്ച വിചാരങ്ങളുടെ പൂർണരൂപം
                                                                   
ആഹാരം, വസ്ത്രം, പാർപ്പിടം എന്ന പട്ടികയനുസരിച്ച് മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് വീടെന്ന് കുഞ്ഞുന്നാൾ മുതലേ അയാൾ കേട്ട് പഠിച്ചതാണ്. ആ പാഠഭാഗം മനസ്സിൽ നിന്ന് മായാത്തതുകൊണ്ട് സ്വന്തമായി  വീടില്ലെന്ന് പറയേണ്ടി വരുമ്പോഴൊക്കെയും അയാൾ പരുങ്ങലോടെ, അല്ലെങ്കിൽ ക്ഷമാപണത്തോടെ തല കുനിയ്ക്കും. “അയ്യോ! എന്തുണ്ടായിട്ടെന്താ കേറിക്കെട്ക്കാൻ ഒരു കെടക്കാടം ഇല്ലെങ്കിൽ പിന്നെ..ഇപ്പളും വാടകക്കാ താമസം?  അത് കഷ്ടായി“ എന്നൊക്കെയുള്ള സഹതാപപ്രകടനങ്ങൾ അപ്പോഴാണ് അയാൾക്ക് ധാരാളമായി കേൾക്കേണ്ടി വരാറുള്ളത്.  സമൂഹത്തിൽ മനുഷ്യന്റെ കേമത്തം നിർണയിയ്ക്കുന്ന ഒരു പ്രധാന ഘടകമാണല്ലോ എന്നും വീട്.

മഴയും വെയിലും മഞ്ഞും ഏറ്റ് നരക ജീവിതം നയിയ്ക്കുന്നവർ തലയ്ക്ക് മുകളിൽ ഒരു കൂര ആശിയ്ക്കുന്നത് സ്വാഭാവികമല്ലേ? അഞ്ചുമാസത്തിൽ നാലു തവണ വാടക വീട് മാറേണ്ടി വരുന്ന നിർഭാഗ്യക്കാർ എത്ര ചെറുതായാലും സ്വന്തമായി ഒരു വീട് കൊതിച്ച് പോവുകയില്ലേ? കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും അത്യാവശ്യക്കാരെ ദ്രോഹിച്ചും ആർത്തിക്കാരെ തൃപ്തിപ്പെടുത്തിയും മാത്രമേ നമ്മുടെ വീടുണ്ടാക്കൽ പ്രസ്ഥാനങ്ങളൊക്കെയും എല്ലാ കാലത്തും സഞ്ചരിച്ചിട്ടുള്ളൂ.

ഇമ്മാതിരി ന്യായങ്ങളും ചില്ലറ സാമൂഹ്യ വിമർശനവുമൊക്കെ മനസ്സിലുണ്ടായിട്ടും വീട് വെയ്ക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ തന്നെ സ്വന്തം ഓഫീസിനടുത്ത് എന്നു വെച്ചാൽ ഒരു ഇരുപതു കിലോമീറ്റർ ദൂരത്തിൽ അയാൾ മൂന്നര സെന്റ് പുരയിടം വിലയ്ക്ക് വാങ്ങിച്ചു. അതിൽക്കൂടുതൽ വാങ്ങുവാൻ സാധിയ്ക്കുമായിരുന്നില്ല. സ്വന്തം പേരിൽ നികുതിയടച്ച കടലാസ്സ് കൈയിൽ കിട്ടിയപ്പോൾ അല്പം ഗമയൊക്കെ അയാൾക്കും തോന്നി. ബ്രോക്കറുടെ പുറകെ അലയാനും ബാങ്ക് ലോണെടുക്കാനും ആവശ്യത്തിനും അനാവശ്യത്തിനുമായ കാക്കത്തൊള്ളായിരം സർട്ടിഫിക്കറ്റുകൾ സംഘടിപ്പിയ്ക്കുവാനും ഓടി നടന്നപ്പോൾ തോന്നിയ മടുപ്പും പരവേശവുമൊക്കെ ആ കടലാസ്സ് തുണ്ട് കൈയിൽ കിട്ടിയ നിമിഷം അയാൾ മറന്നു പോയി. “ലോകമേ, നോക്ക് ഞാനും ഇതാ ഒരാളായിരിയ്ക്കുന്നു“ എന്ന മട്ടിൽ അയാൾ ഒന്നു ചിരിച്ചു. ബീഡിയ്ക്കു പകരം ഒരു സിഗരറ്റ് വലിച്ചാലോ എന്ന് തോന്നി. എന്നാലും സിഗരറ്റിന്റെ വിലയോർത്തപ്പോൾ വേണ്ടെന്ന് വെച്ചു. 

അപ്പോൾ ഭൂവുടമസ്ഥനായി. അതുകൊണ്ടായില്ലല്ലോ. അതിലൊരു വീട് വെയ്ക്കേണ്ടേ?ഇന്ത്യാ മഹാരാജ്യത്ത് വീടില്ലാത്തവർ  ഒരുപാടുണ്ട്, സ്വന്തമായി  തലയ്ക്കു മീതെ ഒരു പ്ലാസ്റ്റിക് ഷീറ്റ് പോലുമില്ലാത്തവർ. മഴയേയും വെയിലിനേയും മഞ്ഞിനേയും സ്വന്തം തൊലിയാൽ മാത്രം തടയുന്നവർ. ആ കഴിവും കൂടി ഇല്ലാതാകുമ്പോൾ വഴിയരികിലും മരച്ചുവട്ടിലും കിടന്ന്, വെറുതേ മരിച്ച് പോകുന്നവർ. അയാൾ അത്രയ്ക്ക് മോശക്കാരനല്ല. ഒരു വാടക മുറിയിൽ അയാളും ഭാര്യയും മകനും കഴിഞ്ഞു കൂടുന്നുണ്ട്.

സ്വന്തം വീട്ടിൽ മുൻവശത്തൊരു തുറന്ന വരാന്തയും അതിലൊരു ചാരു കസേരയും അയാളുടെ സ്വപ്നമായിരുന്നു. മൂന്നര സെന്റ് സ്ഥലത്തുണ്ടാക്കുന്ന വീട്ടിലെ തുറന്ന വരാന്ത മുറിയുടെ വലുപ്പം ഭയങ്കരമായി കുറച്ചു കളയുമെന്ന് ഭാര്യ പറഞ്ഞു. “വലിയ മുറി പണിത് ജനലരുകിൽ ചാരു കസേരയിട്ടാൽ പോരേ?“ പോരാ എന്ന് വാശി പിടിയ്ക്കാനൊന്നും അയാൾക്ക്  തോന്നിയില്ല. തുറന്ന വരാന്ത തരുന്ന കാഴ്ചയും അഴിയിട്ട ജനൽ തരുന്ന കാഴ്ചയും ഒരിയ്ക്കലും ഒന്നാവുകയില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. പണിയും മുൻപേ തന്നെ സ്വപ്നവീടിന്റെ നിരർഥകത  മനസ്സിലായിത്തുടങ്ങുകയാണ്. 

കെട്ടിടം പണിയാൻ വേണ്ട സാമഗ്രികൾ ഉണ്ടാക്കുന്നവർക്കും അവ വിപണനം ചെയ്യുന്നവർക്കും നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്കും വേണ്ടി മാത്രമാണ് വീടുകൾ ഉണ്ടാക്കപ്പെടുന്നതെന്ന് പലപ്പോഴും അയാൾക്ക് തോന്നിപ്പോയിട്ടുണ്ട്. ഏറ്റവും നല്ലതും ഏറ്റവും വില കൂടിയതും ആയ പദാർഥങ്ങൾ ഉപയോഗിച്ച് ഏറ്റവും വേഗം നിർമ്മിച്ച വിടുകൾ ആരും താമസിയ്ക്കാനില്ലാതെ ഏറ്റവും നേരത്തെ പൂട്ടിയിടപ്പെടുന്നത് കാണുമ്പോൾ  ഇതിനേക്കാൾ  ഭേദപ്പെട്ട മറ്റൊരു ന്യായം എത്ര ശ്രമിച്ചിട്ടും അയാളുടെ മനസ്സിലുദിച്ചില്ല. പൂട്ടിയിടുവാനായി കെട്ടിടങ്ങൾ പണിയുന്നത് മനുഷ്യരുടെ ഒരു രീതിയാണല്ലോ.

വീടില്ലാത്തവരുടെ എണ്ണം കോടിക്കണക്കിനാണെന്ന് അയാൾ പത്രത്തിൽ വായിച്ചതാണ്.  കുറെക്കാലം ആ സംഖ്യ അയാൾക്ക് വ്യക്തമായി ഓർമ്മിയ്ക്കാൻ കഴിഞ്ഞിരുന്നു. പിന്നെ പല പല തിരക്കുകളിൽ പെട്ട് അതു മറന്നു. വീടില്ലാത്ത ഈ മനുഷ്യരെ പൂർണമായും മറന്നാലേ ഒരു വീടുള്ളവർക്ക് രണ്ടും രണ്ടുള്ളവർക്ക് മൂന്നും നിർമ്മിയ്ക്കുവാൻ കഴിയുകയെന്ന് അയാൾക്കറിയാം. ഇരുപത്തൊന്നു പേർ ഒരു മുറിയിൽ ഉറങ്ങുമ്പോൾ ഒരാൾക്കുറങ്ങുവാൻ ഇരുപത്തൊന്നു മുറികളുണ്ടാക്കുന്നതും അങ്ങനെ തന്നെയാണ്. വീടില്ലാത്തവരെ ഓർമ്മിച്ചുകൊണ്ടിരുന്നാൽ, നമുക്കു സ്വന്തമായി  ഇനിയും ഇനിയും പിന്നെയും പിന്നെയും വീടുകളും, ഫ്ലാറ്റുകളും എങ്ങനെയാണ് പണിയാനാവുക………. വീടുകൾ ആവശ്യമെന്നതിലുപരി ആഡംബരമല്ലേ, സമൂഹത്തിനു മുൻപിൽ അന്തസ്സിന്റെ  പ്രതീകമല്ലേ, നാലും അഞ്ചും ഇരട്ടിയായി മടക്കികിട്ടുമെന്ന് ഉറപ്പ് തരുന്ന സമ്പാദ്യമല്ലേ?

വീട് വെയ്ക്കാൻ കൊതിയായിത്തുടങ്ങിയപ്പോൾ  കാണുന്ന വീടുകളെയെല്ലാം അതീവ കൌതുകത്തോടെ അയാൾ ശ്രദ്ധിച്ചു പോന്നു. സാധാരണയായി ശരിയാണെന്ന് വിശ്വസിയ്ക്കപ്പെട്ടു വരുന്ന പല കാര്യങ്ങളും തെറ്റാവാനുള്ള സാധ്യതയുമുണ്ടെന്ന് അപ്പോഴാണ് അയാൾക്ക് മനസ്സിലായത്. വെറും മണ്ണിൽ പണിത് ഓലയും പുല്ലും മേഞ്ഞ വീടുകൾ കാലങ്ങളായി വലിയ കുഴപ്പമൊന്നുമില്ലാതെ നിലനിൽക്കുന്നത് അയാളെ ശരിയ്ക്കും അൽഭുതപ്പെടുത്തി. സിമന്റും കോൺക്രീറ്റുമില്ലെങ്കിൽ നല്ല ഉറപ്പും ഭംഗിയുമുള്ള വീട് വെയ്ക്കാനാവുകയില്ലെന്ന് അയാൾ എങ്ങനേയോ ഉറച്ച് വിശ്വസിച്ചിരുന്നു! മണ്ണുരുട്ടിവെച്ച് വെട്ടുകല്ല് നിരത്തി ഓല മേഞ്ഞ ഒരു കൊച്ചു വീട്ടിലായിരുന്നു അയാൾ ബാല്യകാലം ചെലവാക്കിയത്. അകത്തും മഴപെയ്തിരുന്ന ആ വീടിന്റെ ചെളിയും അഴുക്കും പുരണ്ട മുറികളും കാറ്റടിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് മറിഞ്ഞു വീണ മുളന്തൂണുമാവണം അയാളെ സിമന്റിന്റേയും കോൺക്രീറ്റിന്റെയും ആരാധകനാക്കിയത്. 

മഴവില്ലിന്റെ വർണ്ണ മനോഹാരിതയെക്കുറിച്ച് അയാൾ കുറെ വായിച്ചിട്ടുണ്ട്. മാനത്തെ മഴവില്ല്  അയാളേയും ആഹ്ലാദിപ്പിയ്ക്കാറുണ്ട്. പക്ഷെ, ആ ഏഴു വർണ്ണങ്ങളുടെ കടുത്ത ചായക്കൂട്ടുകൾ പൂശിയ വീടുകൾ കാണുമ്പോൾ ആഹ്ലാദത്തിനും സൌന്ദര്യത്തിനും പകരം വല്ലായ്മയും വൈരൂപ്യവുമാണുണ്ടാകുന്നതെന്ന് അയാൾ മനസ്സിലാക്കി. ആ വർണ ധാരാളിത്തത്തിന് ആകാശത്തോളം അകലവും വലുപ്പവുമുള്ള ക്യാൻവാസ് വേണമെന്ന് അയാളുടെ കണ്ണുകൾ വേദനിച്ചു.

ഏതെങ്കിലും കല്ലാശാരിയെ വിളിപ്പിച്ച് വലിയ ഒരു മുറിയും അടുക്കളയാവശ്യത്തിന് ഒരു ചായ്പും പണിയിച്ചാൽ മതിയെന്ന് ഭാര്യ അയാളോട് പറഞ്ഞു. അത് പോരെന്ന് അയാൾക്ക് തോന്നി. അല്പം വിവരമൊക്കെയുള്ള ഒരു എൻജിനീയറോട് സംസാരിച്ച്, കുറച്ച് പ്ലാനിംഗോടെ ദുർച്ചെലവുകൾ ഒഴിവാക്കി മൂന്നര സെന്റ് ഭൂമിയിൽ ഭംഗിയുള്ള വീട് നിർമ്മിയ്ക്കാൻ അയാൾക്ക് മോഹമുണ്ട്. നല്ല കല്ലാശാരിയും നല്ല മരാശാരിയും എൻജിനീയർ പറയുന്നതനുസരിച്ച് ജോലി ചെയ്താൽ കൂടുതൽ നല്ല വീടുണ്ടാകുമെന്ന് അയാൾ വിശ്വസിച്ചു. കുറച്ച് ബുദ്ധിമുട്ടിയെങ്കിലും വിവരമുണ്ടെന്ന് അയാൾക്കുറപ്പ് തോന്നിയ ഒരു എൻജിനീയറെ അയാൾ കണ്ടു പിടിയ്ക്കുകയും ചെയ്തു.

അറുനൂറ് ചതുരശ്ര അടി വിസ്തീർണമുള്ള ചെറിയ ഒരു വീടിന്റെ പ്ലാൻ അയാൾക്ക് കിട്ടി. ചെലവ് നന്നെക്കുറച്ച് വീട് പണിതുകൊടുക്കാമെന്ന് അയാളുടെ എൻജിനീയർ വാഗ്ദാനം നൽകുകയുണ്ടായി. നല്ല ഉറപ്പുള്ള അടിസ്ഥാനമുണ്ടാക്കിയാൽ, പിന്നീട് വേണമെങ്കിൽ മുകളിലേയ്ക്ക് ഒന്നോ രണ്ടോ നിലകൾ കൂടി പണിയാമെന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ മനസ്സിൽ തുറന്ന വരാന്തയും ചാരു കസേരയുമടങ്ങിയ സ്വപ്നം വീണ്ടും ഉണർന്നു. നിലത്ത് വിരിച്ച പായിൽ ഉറങ്ങിക്കിടക്കുന്ന മകനെ തലോടിക്കൊണ്ട് അയാൾ ഭാര്യയോട് പറഞ്ഞു. “ഇവൻ വലുതാവുമ്പോ ഇതിന്റെ മീതെ ഒന്നോ രണ്ടോ നെല പണിയാണ്ടിരിയ്ക്കില്ല, എനിയ്ക്കൊറപ്പ്ണ്ട്. മിടുക്കനാ മ്മ്ടെ കുട്ടി”

കരിങ്കല്ല്, മണ്ണ്, മണൽ, നീറ്റുകക്ക, കമ്പി, തടി എന്നീ തറവാട്ടു പേരുകളുള്ള പരിചയക്കാർ അങ്ങനെ അയാളുടെ ജീവിതത്തിൽ കയറി വന്നു. ഇഷ്ടിക, സിമന്റ്, പ്ലൈവുഡ്, പോളീഷ് എന്നീ കുടുംബപ്പേരുകളിൽ പല രൂപത്തിലും ഭാവത്തിലും അവർ അയാളിൽ സ്വാധീനം ചെലുത്താൻ തുടങ്ങി. എവിടെയെല്ലാം ചെന്നാൽ അവരെ ധാരാളമായി കാണാനാകുമെന്ന് അയാൾ ആദ്യം കണ്ടു പിടിച്ചു. അവരെ കൈവശമാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ബാങ്കുകാരിൽ നിന്നും പിണക്കവും ഇടങ്ങേറുകളുമില്ലാതെ എങ്ങനെയെല്ലാം സൂക്ഷ്മതയോടെ ഉപയോഗിയ്ക്കണമെന്ന് പണിക്കാരിൽ നിന്നും കുറേശ്ശെയായി മനസ്സിലാക്കി.

ഒറീസ്സയിൽ നിന്നും ആസ്സാമിൽ നിന്നുമുള്ള പണിക്കാരാണ്  അയാളുടെ വീട് പണിയാൻ വന്നത്. “മമ്മട്ടി ശരിയ്ക്ക് പക്ടോ“ എന്നും “ഈട്ടാ ജൽദി ചുമക്കോ“ എന്നും “സിമന്റ് ഇവിടെ ഡാലോ ഡ്ഡേയ്“ എന്നും അയാൾ ഒരു വീട്ടുടമയുടെ ഗൌരവത്തോടെ പറയാൻ പഠിച്ചപ്പോൾ “വെള്ളം പീനാ“ എന്നും “ജോലി ഹോഗയാ“ എന്നും “വാപ്പസ് പോവാ“ എന്നും പറയാൻ അവരും പഠിച്ചു. സർക്കാർ പണ്ടു മുതലേ പറഞ്ഞു കേൾപ്പിച്ചിരുന്ന “നാനാത്വത്തിലെ ഏകത്വം“ വരുന്ന ഒരു വഴി ഇതാണെന്ന് അയാൾക്ക് മനസ്സിലായി.  അടുത്തിടപഴകാതെ വേറൊരു ഭാഷ പറയുന്നവരും വ്യത്യസ്തമായ രീതികൾ പുലർത്തുന്നവരും പരസ്പരം മനസ്സിലാക്കുന്നതെങ്ങനെയാണ്? നാമെല്ലാം ഭാരതീയർ ആണെന്നും നമ്മളെല്ലാവരും ഒന്നാണെന്നും പെരുക്കപ്പട്ടിക പഠിയ്ക്കും മാതിരി ചൊല്ലിയതുകൊണ്ട് എന്ത് പ്രയോജനം? 

ഒരു ചെറിയ കുട്ടിയെപ്പോലെ വീട് പതുക്കെപ്പതുക്കെ സ്വന്തം രൂപത്തിലേയ്ക്ക് വളർച്ച പ്രാപിയ്ക്കുന്നത് അയാൾ തികഞ്ഞ ഉൽക്കണ്ഠയോടെയും അടക്കിപ്പിടിച്ചിട്ടും പെരുകിപ്പെരുകി വരുന്ന ആഹ്ലാദത്തോടെയും ആസ്വദിച്ചു. കടം അടച്ചു തീർക്കണമല്ലോ എന്ന ആധി വളരുമ്പോഴും വീടിന്റെ ഉയർന്നു വരുന്ന ഭിത്തികളും കണ്ണുകളെന്ന് തോന്നിയ്ക്കുന്ന ജനലുകളും അയാളെ സന്തോഷിപ്പിയ്ക്കാതിരുന്നില്ല. ചിലപ്പോഴെല്ലാം വീട് എന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ടെന്നും കൈകൾ നീട്ടിക്കാട്ടി വാരിയെടുക്കാൻ പറയുന്നുണ്ടെന്നും തോന്നിയിരുന്നു

ഒരു ദിവസം വീട് പണി കാണാൻ വന്ന സഹപ്രവർത്തകനാണ് കൊച്ചു തിരുമേനിയെക്കാണിച്ച് വാസ്തു നോക്കിച്ചില്ലേ എന്ന് ആദ്യമായി അയാളോട് ചോദിച്ചത്. ആ ചോദ്യം കേൾക്കുന്നതു വരെ വാസ്തുവിനെക്കുറിച്ച് അയാൾ അത്ര ഗൌരവമായി ചിന്തിച്ചിരുന്നില്ല.

വാസ്തുവെന്നാൽ കൃത്യമായ വായു സഞ്ചാരവും പ്രകാശ വിന്യാസവുമാണെന്നും അത് വിവിധ ദേശങ്ങളിൽ വിവിധ രീതിയിലായിരിയ്ക്കുമെന്നും അതിന് ഒരു പൊതു നിയമം ഉണ്ടാക്കുക സാധ്യമല്ലെന്നും ആണ് അയാളുടെ എൻജിനീയർ അന്നു പറഞ്ഞത്. പ്രഭു മന്ദിരങ്ങൾക്കും വലിയ വലിയ കെട്ടിടങ്ങൾക്കും ആവശ്യമുള്ള വാസ്തു മാത്രമേ സംസ്കൃത ശ്ലോകങ്ങളിലുള്ളൂ. ചാളയ്ക്കും കുപ്പാടത്തിനും  വേണ്ട വാസ്തുവിനെ പറ്റി ആരും ഒരു ശ്ലോകവുമെഴുതിയിട്ടില്ലെന്ന് പറഞ്ഞ് എൻജിനീയർ അന്ന് കാർക്കിച്ചു തുപ്പുകയും ചെയ്തു. 

അതനുസരിച്ചത് അബദ്ധമായോ എന്ന് ആയിരം തവണയായി മനസ്സിലിട്ട് അളക്കുകയും ചൊരിയുകയും ചെയ്യുകയാണ് അയാളിപ്പോൾ. 

പുരപ്പണി മിയ്ക്കവാറും തീർന്നതിന്റെ അന്നു രാത്രിയാണ് ഒരു പണിക്കാരൻ ഓടി വന്ന് പറഞ്ഞത്, “ആ ഹിന്ദിക്കാരൻ ചെക്കൻ വിളിച്ചിട്ട് മിണ്ടണില്ല, ഒന്നോടി വരോ…“ കേട്ട പാതി കേൾക്കാത്ത പാതി അയാൾ ഒരു ഷർട്ടെടുത്തിട്ട് അവന്റെ പിന്നാലെ പാഞ്ഞു. കാതിന്റെ തട്ടയിന്മേൽ രണ്ട് കുത്തു പോലെയുള്ള മുറിപ്പാടോടെ വായും തുറന്ന് അവൻ കിടക്കുന്നതു കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി…… അവനിനി ഒരിയ്ക്കലും ഒന്നും പറയുകയില്ലെന്ന്
 
പിന്നെ പോലീസുകാർ വന്നു, രാവിലെ ലേബർ ആപ്പീസിൽ നിന്ന് ഉദ്യോഗസ്ഥർ വന്നു. എല്ലാവരും കൂടി അയാളോട് പതിനായിരം ചോദ്യങ്ങൾ ചോദിച്ചു. കുറച്ച് ഭീഷണിപ്പെടുത്തി. നല്ലോണം ഉച്ചത്തിൽ സംസാരിച്ചു. അതു കഴിഞ്ഞപ്പോൾ കുറെ കടലാസ്സുകളിൽ ഒപ്പ് വെപ്പിച്ചു. പിന്നീടാണ് ശവം പോസ്റ്റ് മോർട്ടം ചെയ്ത് മോർച്ചറിയിലേയ്ക്ക് മാറ്റിയത്. മറ്റ് പണിക്കാരോട്  അന്വേഷിച്ചപ്പോൾ അവന്റെ വീട് ഒറീസ്സയിലെവിടെയോ ആണെന്ന മറുപടി കിട്ടി. ഉടനെ അവിടെ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പക്ഷെ,മൂന്നാലു ദിവസം കഴിഞ്ഞ് അവന്റെ വീട്ടുകാരുടെ മറുപടി എത്തിയപ്പോഴാണ് അയാൾക്ക് വായ മുഴുക്കെ തുറന്ന് ഉറക്കെയുറക്കെ കരയണമെന്ന് തോന്നിയത്. “അവനെ അയയ്ക്കണ്ട,  സംസ്ക്കരിയ്ക്കാൻ അഞ്ചു പൈസയില്ല. അതുകൊണ്ട് …….“ പോലീസുകാരനൊരാൾ അയാൾക്കൊപ്പം ശ്മശാനത്തിൽ വന്നു. അയാൾ  അല്പം മനുഷ്യപ്പറ്റുള്ളവനായിരുന്നുവെന്ന് തോന്നി. അങ്ങനെ അവൻ അവരുടെ കണ്മുന്നിൽ എരിഞ്ഞു ചാമ്പലായി.

എങ്കിലും ആ ചെമ്പിച്ച തലമുടിയും ശോഷിച്ച ശരീരവും അയാളുടെ കണ്ണുകളിൽ കല്ലിച്ച് കിടന്നു. ഭാ‍ര്യയുടെ താലിമാല വിറ്റ് കിട്ടിയ പതിനയ്യായിരം രൂപ അയാൾ അവന്റെ വീട്ടുകാർക്ക് അയച്ചുകൊടുത്തു, കൂട്ടത്തിൽ അവന്റെ ഒരു ടീഷർട്ടും അവൻ വാങ്ങിവെച്ചിരുന്ന നീലനിറമുള്ള  ഒരു പ്ലാസ്റ്റിക് കൊതുകുവലയും. പിന്നീടുള്ള രാത്രികളിൽ അയാൾക്ക് ഉറക്കമേ വന്നില്ല. ആ കൊച്ചു പയ്യന്റെ ജീവനെടുക്കാനായി ഒരു വീട് എന്തിന് പണിതുവെന്ന് ഓർമ്മിച്ചപ്പോഴൊക്കെയും അയാൾ പരവശനായിത്തീർന്നു.

വാസ്തുവിദഗ്ദ്ധനായ കൊച്ചു തിരുമേനിയെ കൊണ്ട് വന്ന് വീട് പരിശോധിപ്പിയ്ക്കണമെന്ന് ഭാര്യ കരഞ്ഞുകൊണ്ട് ശാഠ്യം പിടിച്ചപ്പോൾ അയാൾ മൌനമായി തല കുലുക്കി.

വാസ്തു നോക്കാതെയാണ് മൂന്നര സെന്റിൽ ഈ കെട്ടിടം വെച്ചത്. അതാണ് ദുരിതത്തിനെല്ലാം കാരണമെന്ന് തിരുമേനി പറഞ്ഞു. പാമ്പ് കയറി വന്നതും പണിക്കാരൻ ചെക്കനെ കടിച്ചതും അവൻ മരിച്ചതും വാസ്തു ദോഷമാണെന്ന് തിരുമേനിയ്ക്ക് നല്ല നിശ്ചയമാണ് . ഇപ്പോഴുള്ള അടുക്കള പൊളിച്ച് മാറ്റണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

ഇനിയൊരു അടുക്കള അയാൾ എവിടുന്ന് പണിയാനാണ്? ഇപ്പോൾ തന്നെ കടം മൂക്കിനു മുകളിലായി. സ്വന്തം വീടെന്ന പേരിലും വിശ്വാസത്തിലും എന്നുംകുന്നും കടം അടച്ചാലേ ബാങ്കുകാർ അയാ‍ളെ ഈ വീട്ടിൽ പോലും താമസിയ്ക്കാൻ വിടൂ. അല്ലെങ്കിൽ മോഹിച്ച് പണിയിച്ച ഈ വീട് വിൽക്കണം ..വിട്ടുകളയണം.

വാസ്തു ദോഷമുള്ള ഈ വീട് അയാൾ എങ്ങനെ വിൽക്കും…… അയാൾക്ക് താമസിയ്ക്കാൻ പറ്റാത്ത വീട് മറ്റൊരാൾക്ക് താമസിയ്ക്കാൻ കൊടുക്കുകയോ…….

76 comments:

സ്മിത മീനാക്ഷി said...

മൂന്നര സെന്റും അതിന്‍ മേല്‍ താമസമാക്കാന്‍ മടിക്കുന്ന വാസ്തു ഭഗവാനും... യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കണ്ണു തുറപ്പിക്കുന്ന ലേഖനം. എചുമു വിന്റെ ശൈലി മനോഹരം.

ശ്രീ said...

എല്ലാം കൃത്യമായി നോക്കി വരുമ്പോള്‍ ഒന്നും ചെയ്യാനൊക്കില്ല.

[അയാളും പണിക്കാരും ഹിന്ദി-മലയാളം മിക്സ് ചെയ്ത് സംസാരിയ്ക്കുന്ന ഭാഗം നല്ല രസമായി.]

Unknown said...

വാസ്തുദോഷമില്ലെങ്കിലും ഈ വീട് വിറ്റ് നമുക്ക് എങ്ങോട്ടെങ്കിലും മാറാമെന്ന് ദേ ശ്രീമതി ഇപ്പോള്‍ പറഞ്ഞതേയുള്ളൂ... തെട്ടുപിന്നാലെ ദാ ഈ പോസ്റ്റ്.. നന്നായിരിക്കുന്നു...

khaadu.. said...

വീടില്ലാത്തവരെ ഓർമ്മിച്ചുകൊണ്ടിരുന്നാൽ, നമുക്കു സ്വന്തമായി ഇനിയും ഇനിയും പിന്നെയും പിന്നെയും വീടുകളും, ഫ്ലാറ്റുകളും എങ്ങനെയാണ് പണിയാനാവുക………. വീടുകൾ ആവശ്യമെന്നതിലുപരി ആഡംബരമല്ലേ, സമൂഹത്തിനു മുൻപിൽ അന്തസ്സിന്റെ പ്രതീകമല്ലേ, നാലും അഞ്ചും ഇരട്ടിയായി മടക്കികിട്ടുമെന്ന് ഉറപ്പ് തരുന്ന സമ്പാദ്യമല്ലേ?


വീടില്ലതവരെ കുറിച്ച് ഓര്‍ക്കാന്‍ ആര്‍ക്കാണ് സമയം.. എല്ലാവര്ക്കും അവരവരുടെ കാര്യം കഴിയണം... അത് കഴിഞ്ഞിട്ട് ബാക്കിയുള്ളവരുടെ കാര്യം.. അതാണെങ്കില്‍ ഒരിക്കലും കഴിയുകയുമില്ല...

സാടാരനക്കാരന്റെ വീട് പണിയാനുള്ള ആഗ്രഹവും,അതിനുള്ള പെടപാടും , പുറത്തു നിന്നുള്ള പണിക്കരുടെ സങ്കടകരമായ അവസ്ഥയും , പലതരം ലാഭങ്ങള്‍ മാത്രം കണ്ടു ചിലര്‍ ഉണ്ടാക്കിയ വിശ്വാസ ആചാര പ്രമാണങ്ങളും, എല്ലാം ഭംഗിയായി പറഞ്ഞു..

ആശംസകള്‍...

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ മനസ്സലിയിക്കുന്ന മനോഹരമായ
കഥ. എങ്ങിനേലും ഒരു വീട് എന്ന സ്വപ്നം
ഒപ്പിക്കുമ്പോള്‍ വന്നു കൂടുന്ന പ്രയാസങ്ങള്‍. നന്നായി
വരച്ചു.

mini//മിനി said...

എച്ചുമൂ,, നന്നായിരിക്കുന്നു,, വീട് എന്നത് എനിക്ക് ഒരു സ്വപ്നം തന്നെയായിരുന്നു. വർഷങ്ങളോളം ഇടിഞ്ഞുവീഴാറായ പഴയ ഓലമേഞ്ഞ വീട്ടിൽ താമസിച്ചപ്പോഴുള്ള മാനസീകപ്രയാസം അനുഭവിച്ചവളാണ് ഞാൻ. വീടിനെക്കുറിച്ച് വളരെ മുൻപ് എഴുതിയത് ഇവിടെയുണ്ട്.
വീട്ടുകാരെ കാത്തിരിക്കും വീടുകൾ

ഹരീഷ് തൊടുപുഴ said...

വാസ്തു നോക്കുന്നതും വിശ്വാസം..
നോക്കാത്തതും വിശ്വാസം..

അറ്റ്ലീസ്റ്റ് വീട് പണിയുമ്പോൾ 90% മലയാളികളും അന്ധവിശ്വാസികളായിരിക്കും..
കാരണം ജീവിതത്തിൽ മിക്കാവാറും പേർക്ക് ഒരിക്കലേ വീടു പണിയാൻ സാധിക്കാറുള്ളൂ..

ഭാനു കളരിക്കല്‍ said...

വിടാനുള്ളതാണ് തീർത്ത വീടുകളത്രയും എന്ന ഫിലോസഫിക്കല്‍ തലവാചകത്തോട് കഥ നീതിപുലര്ത്തിയില്ല.

വാസ്തു നോക്കാതെ ഇന്നൊരാളും ഓലക്കുടില്‍ പോലും കെട്ടില്ലെന്നു തോന്നുന്നു. മുഴുത്ത കമ്മ്യൂണിസ്റ്റുകള്‍ പോലും ഹോമവും വാസ്തുവും എല്ലാമില്ലാതെ പണി തുടങ്ങില്ല. സ്വയം ആത്മവിശ്വാസമില്ലാത്ത, ചങ്കുറപ്പില്ലാത്ത ആളുകള്‍ വിശ്വാസങ്ങളെ മറികടക്കാന്‍ ശ്രമിക്കാതെ ഇരിക്കുക തന്നെയാണ് നല്ലത്. അല്ലെങ്കില്‍ കഥയിലെ നായകനെപ്പോലെ അനര്‍ത്ഥങ്ങളില്‍ അടിതെറ്റി വീണുപോകും. യുക്തിവാദികള്‍ എന്നറിയപ്പെട്ടിരുന്ന ആളുകള്‍ മുരത്ത വിശ്വാസികള്‍ ആയി മാറിയ കഥയും ഇതെപോലെയാണ്. അപ്പോള്‍ കഥക്കു അങ്ങനെ കുറേ ചിന്തകള്‍ കൊണ്ടുവരാന്‍ ആകുന്നുണ്ട്. വീടില്ലാത്തവന്റെ ദുഖത്തില്‍ നിന്നും കഥ വഴിമാറി പോകുന്നില്ല എങ്കിലും.

ചാണ്ടിച്ചൻ said...

ജനങ്ങളുടെ മാനസികാവസ്ഥ മാറണം. വാസ്തുവിന്റെ ശാസ്ത്രം മനസ്സിലാക്കുന്നതിനു പകരം അതൊരു അന്ധവിശ്വാസമായി വളരുന്നതാണ് ഈ കാരണം. എന്തെങ്കിലും ഒരു അശുഭലക്ഷണം ഉണ്ടാകുമ്പോള്‍ അതിനെ ഈ അന്ധവിശ്വാസവുമായി കൂട്ടിക്കുഴക്കും നമ്മള്‍. അതിന്റെ പേരില്‍ പണം പിടുങ്ങാന്‍ ഒരുപാട് ആളുകളും.
പണ്ടൊരിക്കല്‍ ഒരു പാമ്പ് വീടിന്റെ മുറ്റത്ത്‌ കൂടെ പോയത്, ഇടപ്പള്ളിയില്‍ കോഴിനേര്‍ച്ച കൊടുക്കാഞ്ഞിട്ടാണെന്ന് അമ്മക്ക് സംശയം. അതുകൊണ്ട് ആ പാവം കോഴിച്ചാത്തന്റെ ജീവനും പോയി, പണിക്കാരന്‍ പൌലോസ് ചേട്ടന്റെ വയറും നിറഞ്ഞു.

ജന്മസുകൃതം said...

ഓരോ സ്വപ്നങ്ങളും അത് കൈപ്പിടിയില്‍ ഒതുങ്ങുമെന്ന ഘട്ടത്തില്‍ വന്നു ഭവിക്കുന്ന ദുര്നിമിത്തങ്ങളും മനുഷ്യനെ എത്രമാത്രം വേദനിപ്പിക്കുന്നു......സത്യത്തില്‍ ഒരു ജന്മം മുഴുവന്‍ അവന്റെ കഷ്ടപ്പാട് ഒരു വീടിനു വേണ്ടിയല്ലേ.....വീടുണ്ടാകുന്നത് വരെ അതിന്റെ ടെന്‍ഷന്‍ ....വീട് ആയിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ കടം വീട്ടാനുള്ള ടെന്‍ഷന്‍.....സ്വസ്ഥമായ ഒരു ജീവിതം എന്നും സ്വപ്നം തന്നെ .....

jayanEvoor said...

തകര്‍പ്പന്‍ എഴുത്ത് !

(എന്തായാലും വാസ്തു നോക്കാതെ ഒരു വീട് വച്ചു. അഞ്ചാറു കൊല്ലമായിട്ടും പാമ്പിതുവരെ വന്നില്ല!)

കൊച്ചു കൊച്ചീച്ചി said...

ഈ പ്രപഞ്ചത്തിലെ ഭൂമി എന്ന ഗ്രഹത്തില്‍ ശരാശരി എഴുപത്തിയഞ്ചു വര്‍ഷം വാടകയ്ക്കു താമസിക്കാന്‍ അനുവാദം കിട്ടിയ ജന്മങ്ങളാണ് നമ്മളെല്ലാവരും - അത് ഇവിടെ ഡസന്‍ കണക്കിന് കൊട്ടാരങ്ങളുള്ളവനായാലും ശരി, തെരുവുതെണ്ടിയായാലും ശരി. ആ വാടകയുടെ കാലാവധി കഴിഞ്ഞാല്‍ "വിടാനുള്ളതാണ് (നിങ്ങള്‍ ഭൂമിയില്‍) തീര്‍ത്ത വീടുകളത്രയും".

ഈയൊരു ബോധം മനസ്സിലുണ്ടെങ്കില്‍ രക്ഷപ്പെട്ടു.

സങ്കൽ‌പ്പങ്ങൾ said...

വാസ്തു നോക്കാതെ വീടുവച്ചതിന്റെ പൊല്ലാപ്പെനിക്കിതുവരെ തീർന്നില്ല.പണിതിട്ടൂം പണിതിട്ടും പണിതീരുന്നുമില്ല.വാസ്തു നോക്കുന്നതു തന്നെ നല്ലത്.

സേതുലക്ഷ്മി said...

പ്രാരാബ്ധക്കാര്‍ക്കൊക്കെ എന്തു വാസ്തു..!
എഴുത്തു പതിവുപോലെ നന്നായി. ഭാനു പറഞ്ഞ പോലെ പ്രമേയം തലക്കെട്ടിനു ചേരുന്നില്ല എന്നും തോന്നി.

Sheeba EK said...

nannayi echmu.oru veedu -malayaliyude ennetheyum swapnam...enthellam kadambakalanu athinidayil..

Manoraj said...

ഹരീഷ് തൊടുപുഴ പറഞ്ഞതിനോട് യോജിക്കുന്നു. എന്റെ വീട് പണി നടക്കുന്നത് ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ ആണ്. വീടിന്റെ പണി തുടങ്ങും മുന്‍പേ സ്ഥാനക്കാരന്‍ പറഞ്ഞിരുന്നു രണ്ട് വട്ടം തറ പൊളിക്കേണ്ടി വരുമെന്ന്. അത് സംഭവിച്ചു എന്നത് സത്യവുമാണ്. ഒരു വട്ടം കരിങ്കല്ലുമായി വന്ന ലോറി റിവേര്‍സ് എടുത്തത് തറയില്‍ തട്ടിയിട്ട്. മറ്റൊന്ന് പണി നടന്നുകൊണ്ടിരുന്ന തറയിലേക്ക് എന്തോ ഭാരമുള്ള വസ്തു മറിഞ്ഞ് വീണിട്ട്..

ഓഫ് : വീട് എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു കഥയുടെ പണിപ്പുരയിലായിരുന്നു. ഏതാണ്ട് സമാന വിഷയമായതിനാല്‍ ഇനിയിപ്പോള്‍ എന്തൊരോ എന്തോ :(

പട്ടേപ്പാടം റാംജി said...

ഇനിയിപ്പോള്‍ വാസ്തു നോക്കാന്‍ പറ്റില്ലല്ലോ.
കഴിഞ്ഞുപോയി.
നല്ലെഴുത്ത്.

Prasanna Raghavan said...

നല്ല ഭാവനാ സമ്പന്നമായ എഴുത്ത് എച്ചുമൂ:)

സ്വന്തമായി അവനവനില്‍ ആണിനും പെണ്ണിനും വിശ്വാസം ഉണ്ടാകുന്നിടം വരെ ഇതൊക്കെ തുടരും.
‘വാസ്തുവിദഗ്ദ്ധനായ കൊച്ചു തിരുമേനിയെ കൊണ്ട് വന്ന് വീട് പരിശോധിപ്പിയ്ക്കണമെന്ന് ഭാര്യ കരഞ്ഞുകൊണ്ട് ശാഠ്യം പിടിച്ചപ്പോൾ അയാൾ മൌനമായി തല കുലുക്കി.‘
എപ്പോഴും ഈ മന്ദന്‍ റോള്, കഥയിലും കാര്യത്തിലും പെണ്ണിനാണ്, അതു സത്യവുമാണ്.

വീടില്ലാത്തവന്റെ ദുഖം ഒരു ദുഖം തന്നെയാണ്. എന്നാല്‍ എങ്ങനെയെങ്കിലും ഒരു വീടു പണീയാമെന്ന അവസ്ഥ വരുമ്പോള്‍ കിട്ടുന്ന അവസരങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നവരോട് എന്തെങ്കിലും സഹതാപം തോന്നേണ്ടതുണ്ടോ?

സായം സന്ധ്യ said...

ചങ്കിലെ ചോരയൂറ്റി
വീടുണ്ടാക്കി,ഞാന്‍..
ചാഞ്ഞിരിക്കാന്‍,ചേര്ന്ന്‍ മയങ്ങാന്‍
തിണ്ണകളും,തൂണുകളുമുള്ള വീട്..
കവിളമര്‍ത്തിക്കരയാന്‍
മണ്‍ചുമരിന്‍ കുളിരുള്ള വീട്..
നടുമുറ്റത്തിന്‍ തുറവിലൂടെ
ചങ്ങാതി പറന്നകന്നപ്പോള്‍
ഞാന്‍ താലിപ്പോന്നിന്‍റെ
തണുപ്പ് വിറ്റു..
തല വയ്ക്കാനോരു പാളം തേടി..

ഏച്ചുമൂ..ഇനി എവിടേക്കു സങ്കടപ്പെടാന്‍?

പഥികൻ said...

വിടാനുള്ളതാണ് തീർത്ത വീടുകളത്രയും, അതാണ് യാഥർത്ഥ്യം..വാസ്തു ഒരു കാരണം മാത്രം..

നന്നായി പറഞ്ഞു...മനസ്സു വായിക്കുന്ന പോലെ ഒരെഴുത്ത്..

സസ്നേഹം,
പഥികൻ
വീടു പണിഞ്ഞിട്ടില്ലാത്ത..വീടു പണിയില്ലെന്ന് തീരുമാനമെടുത്തിട്ടുള്ള ഒരുത്തൻ

വീകെ said...

ഞാനും ഒരു വീട് പണീതു. വാസ്തു നോക്കാത്തതുകൊണ്ടാവും രണ്ടു കൊല്ലം കൊണ്ടാണു തീർന്നത്. അതുകൊണ്ടെനിക്കു ഗുണമാണു കിട്ടിയത്. ഒന്നിച്ചുണ്ടാക്കേണ്ട കാശ്, രണ്ടു കൊല്ലം കൊണ്ട് ഉണ്ടാക്കി സാവധാനം പണി തീർക്കാൻകഴിഞ്ഞു. അത്രയും കടം മാറിക്കിട്ടി...!

Sandeep.A.K said...

"ആഗ്രഹപ്രവേശം" ഈ തലകെട്ട് എനിക്ക് ഏറെ ഇഷ്ടമായി കല ചേച്ചി.. (ഇത് പോരായിരുന്നോ ഇവിടെയും) ഒരു മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ മനസ്സും ജീവിതത്തിന്റെ ഒരു കണ്ണാടി കാഴ്ചയും.. നന്നായി അവതരിപ്പുച്ചു ചേച്ചി.. പതിവ് പോലെ ഇഷ്ടമായി... പണ്ട് "കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ " എന്ന ഒരു റേഡിയോ തുടര്‍ നാടകം കൊച്ചി ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്നതായി ഓര്‍ക്കുന്നു.. ഞാനൊക്കെ സ്കൂളില്‍ പഠിക്കണ സമയത്താണ്.. അതിലെ കഥയും ഇത് പോലൊന്നായിരുന്നു..

"പ്രഭു മന്ദിരങ്ങൾക്കും വലിയ വലിയ കെട്ടിടങ്ങൾക്കും ആവശ്യമുള്ള വാസ്തു മാത്രമേ സംസ്കൃത ശ്ലോകങ്ങളിലുള്ളൂ."
- ആ എഞ്ചിനീയര്‍ ചുമ്മാ പറഞ്ഞതാണെന്ന് വാസ്തു അറിയുന്നവര്‍ പറയും... എനിക്ക് അന്ധവിശ്വാസങ്ങള്‍ ഒന്നുമില്ല.. എങ്കിലും വാസ്തുവിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ കുറെയൊക്കെ ശരിയാണ് താനും.. ഒന്നുമില്ലെങ്കിലും പഞ്ചഭൂതങ്ങളുടെ വിന്യാസക്രമങ്ങള്‍ അത് വ്യക്തമായി പറയുന്നുണ്ടല്ലോ.. വായും വെളിച്ചവും അല്ലെ എല്ലാ വീടുകളിലും പ്രധാനമായി നോക്കുന്നത്... അതുറപ്പാക്കാന്‍ അറിഞ്ഞോ അറിയാതെയോ വാസ്തു തത്വങ്ങള്‍ എല്ലാ ഗൃഹനിര്‍മ്മാണ ഘട്ടങ്ങ്ളിലും വരുന്നുണ്ട് എന്നാണു എനിക്ക് തോന്നുന്നത്..

Lipi Ranju said...

സ്വന്തമായി വീടെന്ന മോഹം ഒരു തെറ്റല്ല, പക്ഷെ കൊച്ചു കൊച്ചീച്ചി പറഞ്ഞതുപോലെ, എച്ച്മുവിന്റെ പോസ്റ്റിനെ തലവാചകം പോലെ, 'വിടാനുള്ളതാണ് തീർത്ത വീടുകളത്രയും'. എന്ന ബോധമുണ്ടെങ്കില്‍ , എടുത്താല്‍ പൊങ്ങാവുന്ന ഭാരമല്ലേ എടുത്തു തലയില്‍ വയ്ക്കൂ...

ശ്രീനാഥന്‍ said...

കഥ നന്നായി പറഞ്ഞു. ഒറീസ്സക്കാരോടുള്ള വർത്താനമൊക്കെ രസകരം, അയാളുടെ മനസ്സിലെ ‘വീടാശ’ ഭംഗിയായി പകർന്നു. എങ്കിലും കഥ പറയുന്നയാളിന്റെ (കഥാനായകന്റെ) ആംഗിളിൽ നിന്നു നോക്കുമ്പോൾ കുഴപ്പമില്ലെങ്കിലും കഥ ചെന്നു ഊന്നുന്നത് (ഒരു പക്ഷേ കഥാകൃത്ത് അറിയാതെ തന്നെ) അന്ധ വാസ്തുവിശ്വാസത്തിലാണ്. എന്തോ എനിക്ക് അത് ദഹിക്കില്ല.കാറ്റും പ്രകാശവും ലഭിക്കണമെന്നതും സൌകര്യവുമല്ലാതെ ഒരു വാസ്തു-അന്ധവിശ്വാസത്തിനും വഴിപ്പെടാതെ വീടു വെയ്ക്കുകയും ഒരു സന്ധ്യാനേരത്ത് ഒരു പൂജയുമില്ലാതെ അവിടെ കയറിക്കൂടുകയും ചെയ്ത എനിക്ക്, മലയാളിയുടെ (വലിയ ഇടതു പക്ഷക്കാരൻ!) ഈ വർദ്ധിച്ചു വരുന്ന വാസ്തു വിശ്വാസം ഉൽക്കണ്ഠയുണ്ടാക്കുന്നുണ്ട്.

Echmukutty said...

സ്മിത ആദ്യം വന്നല്ലോ. സന്തോഷം. വാസ്തു പുരുഷൻ മൂന്നര സെന്റിൽ പാർക്കുന്നത് എങ്ങനെയാണ്? അവിടെ അതിന് സ്ഥലമില്ല. ബീഡി മാറ്റി സിഗരറ്റ് വലിയ്ക്കാനുള്ള ആർഭാടം പോലും താങ്ങാനാവാത്ത മനുഷ്യർക്കേ അവിടെ പാർക്കാൻ പറ്റൂ. നമ്മുടെ വീട്ടിൽ കയറാത്ത വാസ്തു പുരുഷനെ ഭയപ്പെടാനും പാടില്ല.

ശ്രീ വന്നതിൽ സന്തോഷം.എല്ലാം കൃത്യമായാൽ കുഴപ്പമില്ല ശ്രീ. അതിനു അങ്ങനെയാവില്ലല്ലോ. ചിലതു മാത്രം കൃത്യമാവും ബാക്കിയൊക്കെ കൃത്യമാണെന്ന വിശ്വാസവും ഉണ്ടാവും.

മുന്നൂറാൻ നല്ലതെന്ന് അഭിനന്ദിച്ചതിൽ സന്തോഷം.

ഖാദുവിന്റെ ആശംസകൾക്ക് നന്ദി. ഇനിയും വന്ന് വായിയ്ക്കണേ.

കുസുമത്തിന് നന്ദി. വന്നതിൽ സന്തോഷം.

മിനി ടീച്ചറുടെ ആ പോസ്റ്റ് ഞാൻ നേരത്തെ വായിച്ചിട്ടുണ്ട്. ടീച്ചർ അഭിപ്രായം എഴുതിയതിൽ
വലിയ സന്തോഷം.

ഹരീഷേ, വീട് പണിയുമ്പോൾ മാത്രമല്ല, മിയ്ക്കവാറും എല്ലാ സമയത്തും മനുഷ്യരിലധികവും പലതരം അന്ധവിശ്വാസങ്ങളുടെ തടവിലാണ്.അതുകൊണ്ടല്ലേ തടവിൽ കിടക്കാത്തവർ ഇത്ര കുറഞ്ഞു പോയതും അവരെ കാണുമ്പോൾ ലോകം അന്തം വിട്ട് നിൽക്കുന്നതും......

തലക്കെട്ട് ശരിയായില്ല അല്ലേ ഭാനു, എത്രയായാലും നമ്മൾ വിട്ടു കളയേണ്ട ഒന്നാണ് വീട് എന്ന് സൂചിപ്പിയ്ക്കാൻ ശ്രമിച്ചതാണ്. വീടുണ്ടാക്കുനതിന്റെ നിരർഥകത പറയാൻ ശ്രമിച്ചതാണ്. ഇനിയും എഴുതി നോക്കാം. വന്ന്തിലും അഭിപ്രായം എഴുതിയതിലും ഒത്തിരി നന്ദി.

Echmukutty said...

അതെ ചാണ്ടിച്ചാ. വാസ്തു എന്താണെന്ന് ഇവിടെയും എൻജിനീയർ കൃത്യമായി പറയുന്നുണ്ട്. എന്നാലും കേട്ടുറപ്പിച്ചു പോന്ന അന്ധവിശ്വാസങ്ങൾ മനുഷ്യരെ സദാ പിന്തുടരുന്നു. അതാണ് എഴുതാൻ നോക്കിയത്.

ലീല ടീച്ചർ വന്നതിലും അഭിപ്രായം കുറിച്ചതിലും സന്തോഷം.

ജയൻ വന്ന് അഭിനന്ദിച്ചത് സന്തോഷം. വാസ്തു എന്താണെന്ന് എൻ ജിനീയർ പറയുന്നുണ്ടല്ലോ.പാമ്പ് പാവം! അതു വാസ്തു നോക്കിയാലും വരുമെന്നേയ്...അതിനെ ചവിട്ടാനും ദ്രോഹിയ്ക്കാനും ഒന്നും പോവാതിരുന്നാൽ മതി. മനുഷ്യന്മാരുടെ മാതിരി പതിയിരുന്ന് തക്കം പാർത്ത് കടിയ്ക്കാനുള്ള ബുദ്ധിയൊന്നും അതിനില്ല.

അതെ, കൊച്ചുകൊച്ചീച്ചി.ഞാൻ അതു തന്നെയാ പറയാൻ നോക്കിയത്. ശരിയായില്ലേ എന്റെ വിചാരങ്ങൾ?

സങ്കല്പങ്ങളുടെ വീട് വേഗം പൂർണമാകട്ടെ എന്ന് ആഗ്രഹം.

പാവം പൂവെ, എഴുത്ത് നന്നായി എന്ന് പറഞ്ഞതിൽ സന്തോഷം. ഇന്ത്യാ മഹാരാജ്യത്തും പിന്നെ ഈ ഭൂലോകത്തും വീടില്ലാത്ത അനേക കോടി മനുഷ്യരുണ്ട്.തല ചായ്ക്കാൻ ഒരിടമില്ലാത്തവർ.സ്വന്തം തൊലിയാൽ മാത്രം ചൂടിനേയും തണുപ്പിനെയും ഒക്കെ പ്രതിരോധിയ്ക്കുന്നവർ.ആ കഴിവില്ലാതാകുമ്പോൾ ചുമ്മാ മരിച്ചു പോകുന്നവർ...അവർക്കു മുൻപിൽ നിന്നുകൊണ്ട് ഈ സ്ഥലം ശരിയല്ല, ആ സ്ഥലം മോശം എന്നൊക്കെ വിശ്വസിയ്ക്കുന്ന വാസ്തു ആർക്കൊപ്പമാണ് എന്ന് ഞാൻ എപ്പോഴും വിചാരിയ്ക്കാറുണ്ട്. തലക്കെട്ട് ശരിയായില്ല അല്ലേ? ഇനീം പരിശ്രമിയ്ക്കാം ...കൂടുതൽ നന്നാക്കാൻ.

ഈ ഭൂമിയിൽ വീടില്ലാത്ത എല്ലാവരുടെയും സ്വപ്നമാണ് ഷീബ.ഒരു വീട്. ശരിയാണ് ഒത്തിരി കടമ്പകൾ മനുഷ്യരെ വിഷമിപ്പിയ്ക്കുന്നുണ്ട്. വന്നതിൽ വലിയ സന്തോഷം.

Sapna Anu B.George said...

അതിസുന്ദരം...... മനസ്സിൽ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കനുള്ള വെംബൽ.... നന്നായിട്ടുണ്ട് എചുമകുട്ടി

Echmukutty said...

മനോരാജ് വായിച്ചതിൽ സന്തോഷം.അങ്ങനെ ചില പ്രവചനങ്ങളൊക്കെ ചിലപ്പോൾ ശരിയാകും മനു. പിന്നെ കഥ പൂർത്തിയാക്കണേ..എന്തരോ എന്തോ എന്നൊന്നും പറഞ്ഞാൽ പറ്റില്ല.

റാംജി എവിടെയാണ്? കാണാറേയില്ല.അഭിനന്ദനത്തിന് നന്ദി.

എം കേരളം വന്നതിൽ സന്തോഷം.ഇനിയും വരണേ. അഭിനന്ദനത്തിന് നന്ദി. ആ സ്ത്രീ കഥാപാത്രം ഒരു മന്ദിയായി വരുന്നുണ്ടോ? കല്ലാശാരിയെ വിളിച്ച് ഒരു മുറിയും ചായ്പും പണിത് വീടാക്കിയാൽ മതി എന്നും യാഥാർഥ്യബോധം പ്രകടിപ്പിയ്ക്കുന്നുണ്ടല്ലൊ അവർ. പിന്നെ ഈ ദുർ വിനിയോഗം ആരു ചെയ്യുന്നതും ശരിയല്ല തന്നെ.

സായംസന്ധ്യ കരയിയ്ക്കുന്നുവല്ലോ.വരികളിൽ വേദന മാത്രം....

പഥികൻ വന്ന് അഭിനന്ദിച്ചതിൽ സന്തോഷം. എനിയ്ക്കും ഞാൻ പണം ചെലവഴിച്ച് വീടുണ്ടാക്കുകയില്ലെന്ന് ഉറപ്പിയ്ക്കാൻ പറ്റും.കാരണം ഒറ്റപ്പൈസ ധന വരുമാനമില്ലാത്ത വൻ കക്ഷിയാണ് ഞാൻ....ഹ ഹ

വി കെ മിടുക്കന് എന്റെ അഭിനന്ദനങ്ങൾ.

ആഗ്രഹപ്രവേശം ആയിരുന്നു നല്ലത് അല്ലേ സന്ദീപ് ? അതിന്റെ ക്രെഡിറ്റ് മാധ്യമം ടീമിനാണ്.അതാണ് ആ പേരു ഞാനെടുത്തിടാൻ മടിച്ചത്. എന്താണ് വാസ്തുവെന്ന് എൻജിനീയർ വിശദമാക്കുന്നുണ്ടല്ലോ.വന്നതിൽ സന്തോഷം.

ലിപിയുടെ അഭിപ്രായത്തിന് നന്ദി. ആ ബോധം എല്ലാവരിലുമുണ്ടാകട്ടെ ഏറ്റവും വേഗം എന്ന് കരുതാം അല്ലേ?

ശ്രീനാഥൻ മാഷ്ക്കും നന്ദി.വാസ്തു നോക്കി വീടു വെച്ചാലേ ശരിയാകൂ എന്നൊരു സന്ദേശം ഈ വിചാരങ്ങൾ തരുന്നുണ്ടോ? എങ്കിൽ എഴുത്ത് പൊളിഞ്ഞു എന്നല്ലേ..എന്താണ് വാസ്തുവെന്നും തല ചായ്ക്കാൻ ഒന്നുമില്ലാത്തവരുടെ മുൻപിൽ വാസ്തുവിന്റെ റോൾ എന്തെന്നും ഒക്കെ ഈ വിചാരങ്ങളിൽ കോറിയിട്ടിട്ടുണ്ടെങ്കിലും അത് അവ്യക്തമായിപ്പോകുന്നുവോ? വാസ്തു ഇന്ത്യയിൽ മുഴുവൻ പടർന്ന് പിടിച്ചിട്ടുള്ള ഒന്നാണ്. നമ്മുടെ സകല മാഗസിനുകളും ചാനലുകളും എല്ലാം ഭയങ്കര വാസ്തുക്കാരാണ്. കെട്ടിടം പണി അനുഭവങ്ങൾ എഴുതുവാനാണെങ്കിൽ കുറെയുണ്ട്. എന്തായാലും വാസ്തുവിനെ പേടിയ്ക്കാത്തതിൽ വലിയ സന്തോഷം. ഇനിയും വായിയ്ക്കുമല്ലോ.

SHANAVAS said...

എച്മുവേ, കണ്ണും അടച്ചുപിടിച്ചു വീട് വെച്ചാല്‍ വെച്ച്.അല്ലെങ്കില്‍ അത് നീണ്ടു നീണ്ടു പോകും..ഞങ്ങള്‍ രണ്ടാള്‍ ഒരേ സമയത്താണ് വീട് വെച്ച് തുടങ്ങിയത്.ഞാന്‍ വാസ്തു നോക്കിയില്ല.അവന്‍ വാസ്തു മാത്രം നോക്കി. ഞാന്‍ വീട് താമസിച്ചിട്ടു മൂന്ന് വര്ഷം ആയി. അവന്‍ ഇപ്പോഴും പണിഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഇപ്പോള്‍ വാസ്തു എന്ന നാമം കേട്ടാല്‍ പോലും അവനു പേടിയാണ്..അത്രയ്ക്ക് പൊളിക്കലും കെട്ടലും നടത്തി അവന്‍ ഒരു വഴി ആയി..ലേഖനം അതീവ സുന്ദരം ആയി...ആശംസകള്‍..

ente lokam said...

ഇപ്പൊ വീടിനൊക്കെ എന്താ വില?
ദൈവങ്ങള്‍ക്കും ..!!!
അത് കൊണ്ട് ആവും വാസ്തു ഭഗവാനും,
പാവങ്ങളോട് വീട് വെയ്കുമ്പോള്‍ ഒരു
ഒരു കരുണയും ഇല്ലാത്തതു...
ഈ വീട് വെച്ച വേദന നന്നായി പകര്‍ത്തി
എച്മു...

the man to walk with said...

ഇഷ്ടായി ..കഥ
ആശംസകള്‍...

yousufpa said...

ഒക്കെ ഒരു യോഗാ..അല്ലെങ്കിൽ, എത്ര തവണ പണവുമായി വന്നതാ, ദുബായിൽ നിന്ന് ഞാൻ. ന്നിട്ടെന്താ..? ഇതുവരെ ഒരു കൂര എനിയ്ക്കായിട്ടില്ല.
നല്ല കാറ്റും വെളിച്ചവും ഉണ്ടായാൽ തന്നെ മനസ്സിന്‌ സമാധാനം ണ്ടാവും. അതിന്‌ വാസ്തു പ്രകാരം നിർമ്മിക്കണം എന്നൊന്നും ഇല്ല. സാമാന്യ ബുദ്ധീണ്ടായാൽ മതി.
അയാള്‌ മരിക്കാൻ സമയായിരിക്ക്‌ണു. അത് സർപ്പരൂപേണ വന്നൂന്ന്‌ മാത്രം. അങ്ങനെ മരിക്കാനായിരിക്കും യോഗം.

ramanika said...

balumahendra yude veedu enna cinema ormayyil etthi
വീട് എന്ന ഒരു സ്വപ്നം!

Bindhu Unny said...

നല്ല കഥ. വിശ്വാസം, അതല്ലേ എല്ലാം. :)

Pradeep Kumar said...

നല്ല രസമുണ്ട്.. കാരണം ഞാന്‍ ഇപ്പോള്‍ വീടു പണിഞ്ഞു കൊണ്ടിരിക്കുകയാണ്.പാതി പണി പൂര്‍ത്തിയാക്കി കയറി താമസിക്കുകയും ചെയ്തു.ഇപ്പോള്‍ ഞാന്‍ നേര്‍ക്കു നേര്‍ കാണുകയും,അനുഭവിക്കുകയും,ആലേചിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ അതേപടി എഴുതി വെച്ചാല്‍ പിന്നെ എനിക്ക് രസം തോന്നാതിരിക്കുമോ...

വീടു പണിക്ക് ഞാന്‍ വാസ്തുശാസ്ത്രമൊന്നും നോക്കിയിട്ടില്ല. അതിനു നിര്‍ബന്ധിച്ച അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ യുക്തിവാദി ചമഞ്ഞു... സത്യത്തില്‍ ഇതു തന്നെ ഒപ്പിക്കാന്‍ പെടുന്ന പാട് എനിക്കേ അറിയൂ., അതിനിടയില്‍ അവര്‍ പറയുന്ന പൊല്ലാപ്പു കൂടി വയ്യ എന്നതാണ് എന്റെ യുക്തിവാദത്തിന്റെ രഹസ്യം എന്നത് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ...

തികച്ചും സാധാരണമായ ഒരു ജീവിതാവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന എഴുത്തിന് എന്റെ പ്രണാമം.

ശ്രീനാഥന്‍ said...

‌@ എച്ചുമുക്കുട്ടി- എനിക്ക് ചുറ്റിനും വാസ്തുവിന്റെ പേരിൽ പാവം മനുഷ്യരെ പറഞ്ഞു പറ്റിക്കുന്നവരേയും, വലിയ ഇടതു പക്ഷക്കാരായിരുന്നിട്ടും ഇതിലൊക്കെ വിശ്വസിക്കുന്നവരേയും കണ്ടു കണ്ടുണ്ടായ ഒരു രോഷമോ, നിരാശയോ ഒക്കെ മനസ്സിൽ കിടന്നതു കൊണ്ടാകാം അങ്ങനെ എഴുതിയത്. ഇത്തരം വിഷയങ്ങൾ കഥയിൽ കൈകാര്യം ചെയ്യുമ്പോൾ, നാം എവിടെയാണെന്നതിൽ ആർക്കും സംശയം ഉണ്ടാകരുതെന്നാണെന്റെ വിശ്വാസം. എച്ചുമുക്കുട്ടിക്ക് അന്ധവിശ്വാസമുണ്ടാവില്ല എന്ന് എനിക്ക് ഉറപ്പുതന്നെ. കഥ, വാസ്തു ഒരു പാവത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ദുരന്തം നന്നായി ആവിഷ്ക്കരിച്ചിട്ടുമുണ്ട്. എതിർപ്പ് കുറെക്കൂടെ സ്പഷ്ടമാക്കാമായിരുന്നു എന്നു മാത്രം.

Echmukutty said...

സപ്ന വന്നതിലും അഭിനന്ദിച്ചതിലും സന്തോഷം, ഇനിയും വരണം.

ആഹാ! ഷാനവാസ്ജി യും മിടുക്കൻ തന്നെ. സമ്മതിച്ചിരിയ്ക്കുന്നു. ഇനീം വന്ന് വായിയ്ക്കണേ!

ശരിയാണ് എന്റെ ലോകം പറഞ്ഞത്. വില വളരെക്കൂടുതൽ തന്നെ.അതാവും ചിലപ്പോൾ എല്ലാറ്റിനും കാരണവും.

ദ് മാൻ റ്റു വാക് വിതിന് നന്ദി. ഇനിയും വരിക.

അതെ, യൂസുഫ്പാ എല്ലാം യാദൃച്ഛികതയെന്ന യോഗം തന്നെ.വായിച്ചതിൽ സന്തോഷം.

ആ സിനിമ ഞാൻ കണ്ടിട്ടില്ല, രമണിക. ഏതുകാലത്താണ് അതു വന്നത്? തമിഴിലാണോ? ആരൊക്കെയായിരുന്നു സിനിമയിൽ? രമണിക വായിച്ചതിൽ സന്തോഷം.

ബിന്ദു ഉണ്ണിയ്ക്ക് നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

കണ്ടോ! അപ്പോ പ്രദീപ് കുമാറിന്റെ മനസ്സിൽ ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ കടന്ന് വന്നിട്ടുണ്ട്, വീട് പണിയുമ്പോൾ. സന്തോഷമുണ്ട്, അപ്പോ വിചാരങ്ങൾ വിജയിച്ചു. ഒരു വായനക്കാരൻ ഇങ്ങനെ പറഞ്ഞാൽ മതി...ഒത്തിരി നന്ദിയുണ്ട്. കേട്ടൊ.

ശ്രീനാഥൻ മാഷ് പിന്നേം വന്നതിലും ഈ മറുപടി എഴുതിയതിലും വലിയ സന്തോഷം. ഈ അഭിപ്രായം ശരിയാണ്. കുറെക്കൂടി വ്യക്തതയാവാമായിരുന്നു. ഇനിയും വായിയ്ക്കുമല്ലോ.

prakashettante lokam said...

വാസ്തു എന്ന സങ്കല്പത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ അറിയുന്നവരുണ്ടോ ഈ ഉലകത്തില്‍. അവര്‍ പറയുന്നത് തെറ്റൊ ശരിയൊ എന്ന് റഫര്‍ ചെയ്യാന്‍ പറ്റിയ ഗ്രന്ഥങ്ങളോ മറ്റു ചുറ്റുപാടുകളോ കേരളത്തിലുണ്ടോ എന്ന കാര്യം സംശയമാണ്.

ഇവിടെ തൃശ്ശൂരില്‍ ഒഫീസ് ഉപകരണങ്ങള്‍ വിറ്റു നടന്ന എന്റെ ഒരു പരിചയക്കാരന്‍ ഒരു സുപ്രഭാതത്തില്‍ വാസ്തു കണ്‍സല്‍റ്റന്‍ഡ് ആയി. ഞാന്‍ ഒരിക്കല്‍ ചാറ്റ് റൂമില്‍ വെച്ച് അദ്ദേഹത്തൊട് ചോദിച്ചു. “ എവിടെ നിന്നാ നീയ് നാലുദിവസം കൊണ്ട് ഇത് അഭ്യസിച്ചത്...” എന്നോട് മറുപടിയും പറഞ്ഞില്ല, എന്നെ ഉടനടി ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇത്തരം വാസ്തുശില്പികളും വിലസുന്ന നാടാണ് നമ്മുടെ.പട്ടണങ്ങളില്‍ 2 സെന്റ് സ്ഥലത്തും കടമുറികള്‍ പണിയുന്നു. ലക്ഷങ്ങള്‍ വരുമാനമുള്ള കച്ചവടങ്ങള്‍ പണിയുന്നു. അവിടെ എന്താപത്ത് ഉണ്ടെങ്കിലും ആരും വാസ്തു കണ്‍സല്‍റ്റന്‍ഡിനെ സമീപിക്കുന്നില്ല.

ഹിന്ദുക്കളാണെങ്കില്‍ ഒരു ഗണപതി ഹോമം കഴിപ്പിച്ച് കെട്ടിടത്തില്‍ പ്രവേശിക്കുന്നു.

ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചോളൂ എച്ച്മുട്ടീ. ഒരു വിഷമവും വരില്ല. സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമാറാകട്ടെ എന്റെ കുഞ്ഞിപ്പെങ്ങള്‍ക്ക്.

റോസാപ്പൂക്കള്‍ said...

വാസ്തുവിനെപ്പറ്റി കാര്യമായ അറിവ് എനിക്കില്ല.
ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഒരു പറച്ചിലുണ്ട്.ഈ ഹിന്ദുക്കളുടെ ഒരു കാര്യം ജാതകം നോക്കീട്ടാണോ നമ്മള്‍ കല്യാണം കഴിക്കുന്നത്.ജാതകം എന്നത് ശരിക്കും അന്ധവിശ്വാസം തന്നെ എന്നൊക്കെ.പക്ഷെ വീട് പണി വരുമ്പോള്‍ പ്ലേറ്റ് തിരിക്കും.അപ്പോള്‍ വാസ്തുവും വസ്തുവും ഒക്കെ നോക്കും. എന്തെങ്കിലും കുഴപ്പമുണ്ടായാലോ.വയ്യാവേലി തലയില്‍ വെക്കാന്‍ ഒരു പേടി .

എച്ചുമു കഥ കൊള്ളാം

ചന്തു നായർ said...

കല വീണ്ടും കലക്കി........പ്രമേയത്തിന്റെ വ്യത്യസ്ത്ഥതകൊണ്ടും, അവതരണത്തിന്റെ പുതുമ കൊണ്ടും...എച്ചുമൂ എപ്പോഴും ഒരു കാതം മുന്നിലാണു....വാസ്തുവിനെക്കുറിച്ചും,വസ്ത്തുവിനെക്കുറിച്ചും പലരും പറഞ്ഞത് കൊണ്ട് അതിലേക്ക് കടക്കുന്നില്ലാ...... ഭാരതീയർ അന്ധവിശ്വസികളായിക്കൊണ്ടിരിക്കുന്നൂ...അത് മാറണം,മാറ്റണം.....കഥക്ക് എല്ലാ ഭാവുകങ്ങളും......

Anil cheleri kumaran said...

കഥ നന്നായി.

Muralee Mukundan , ബിലാത്തിപട്ടണം said...

അന്ധവിശ്വാസങ്ങൾക്ക് ഇപ്പോൾ അന്ധത കൂടി വരികയാണെന്നുള്ളതിനുള്ള ഉത്തമ ഉദാഹരണങ്ങളാണല്ലോ വാസ്തുവിദ്യക്കാരുടെ എങ്ങുമുള്ള ഈ പൊങ്ങിവളർച്ച കാണിക്കുന്നത്..

ഈയിടെയിവിടെ പോലും ഒരു പൊങ്ങച്ചക്കാരൻ മലയാളി 150 കൊല്ലം മുമ്പ് സായിപ്പ് പണിതിട്ട വീടിന്റെ സ്ട്രക്ച്ചർ അടിമുടി മാറ്റിക്കളഞ്ഞു, നാട്ടിൽ നിന്നൊരു മുറിവൈദ്യൻ വാസ്തുക്കാരനെ കൊണ്ടുവന്നിട്ട്..!

ഉമ്മു അമ്മാര്‍ said...

ഇത് പോലെ ഒരു നാടകം ഒരു മാസം മുന്പ് കേരളീയ സമാച്ചതില്‍ എഴുത്തുകാരന്‍ ബിന്യാമിന്റെ പുതിയ നോവല്‍ മഞ്ഞ വെയില്‍ മരണങ്ങള്‍ പ്രകാശനം ചെയ്യുന്ന ദിവസം കാണിച്ചിരുന്നു ... അദേഹത്തിന്റെ തന്നെ ചെറു കഥയുടെ ദ്ര്ശ്യാവിഷ്ക്കാരം... ഏതായാലും എച്ചുവിന്റെ ഈ എഴുത്ത് കുറച്ചു കൂടി വിസ്തരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി തരുന്നു .. വീട് എന്നത് ഇതൊരു മനുഷ്യന്റെയും ഇടവും വലിയൊരു ആഗ്രഹം ..തന്റെ നാട്ടില്‍ ഇത്തിരി മണ്ണ് അതില്‍ അന്തിയുറങ്ങാന്‍ ഒരു കൂര അത് പലരുടെയും മനസ്സില്‍ പല രൂപത്തിലാകും..എച്ചും കുട്ടീ വീടുണ്ടാക്കി അതും പൂട്ടിയിട്ടു ഇവിടെ വന്നു വാടക കൊടുത്തു ഫ്ലാറ്റില്‍ താമസിക്കുകയാ എന്നിട്ടാ ഈ സുവിശേഷം ... ഏതായാലും എഴുത്ത് അടിപൊളി .. അത് വാസ്തു നോക്കാതെ തന്നെ പറയാട്ടോ ........

mattoraal said...

ശീര്‍ഷകം ഒറ്റവരി കവിതയാണ് ....

വളരെ പ്രസക്തമായ വിഷയം .എച്മു തനത് ശൈലിയില്‍

ഹൃദയസ്പര്‍ശിയായ് പറഞ്ഞു .വൈവിധ്യമുള്ള വിഷയങ്ങള്‍

ഇനിയും പ്രതീക്ഷിക്കുന്നു...സ്നേഹപൂര്‍വ്വം മറ്റൊരാള്‍

ഉമാ രാജീവ് said...

ചന്ദനം മണക്കുന്ന ചന്ദ്രിക മെഴുകിയ ഒരു കുഞ്ഞു വീടിനെ ഇത്രയേറെ ആഗ്രഹിക്കുന്നവര്‍ മലയാളികള്‍ മാത്രമാണോ? വീട് ഒരു വികാരമാക്കി മാറ്റിയവര്‍. അത് കൊണ്ട് തന്നെയാണോ ഈ മുതലെടുപ്പും... നല്ല പോസ്റ്റ്

mayflowers said...

വീടിന്റെ പേരില്‍ എന്തെല്ലാം നടക്കുന്നു..
ഇവിടെയിതാചില വീട്ടുചിന്തകള്‍..

Echmukutty said...

വന്നതിൽ സന്തോഷം പ്രകാശേട്ടാ.വാസ്തു ഒരുപാട് ഗുലുമാലുകൾ ഉണ്ടാക്കുന്ന ഒരു ചെലവ് മേഖലയാണ്. പിന്നെ കുഞ്ഞിപ്പെങ്ങൾ എന്ന് വിളിയ്ക്കുന്നതിന് എന്തു നന്ദി പറയണമെന്നറിയില്ല. ഇനിയും ഈ ഭാഗ്യമുണ്ടാവട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു.

റോസാപ്പൂവ് പറഞ്ഞത് ശരിയാണ്.വായിച്ചതിൽ സന്തോഷം.

ചന്തുവേട്ടൻ വന്നില്ലല്ലോ എന്ന് വിചാരിയ്ക്കുകയായിരുന്നു.

കുമാരൻ,
മുരളിഭായ് രണ്ട് പേർക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

ഉമ്മു അമ്മാർ എന്നെ മറന്നുവെന്നാണ് ഞാൻ വിചാരിച്ചത്. വന്നതിൽ വലിയ സന്തോഷം.

കോണത്താനും ഉമാരാജീവിനും മേഫ്ലവേഴ്സിനും ഒത്തിരി നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

കൊമ്പന്‍ said...

ജീവിത യാതാര്ത്യ ത്തെ വളരെ മനോഹരമായി എയുതി
മൂന്നു സെന്റു സ്ഥലത്തില്‍ വാസ്തു കഴിഞ്ഞു പിന്നെന്തു വസ്തു
ഒരു മുറിയില്‍ ഇരുപതാളുകള്‍ കിടക്കുമ്പോള്‍ ഒരാള്‍ക്ക് കിടക്കാന്‍ ഇരുപതു മുറിയുള്ള വീടുകള്‍ ഒരു പാട് ചിന്തകള്‍ക്ക് വക നല്‍കുന്ന ഒരു പോസ്റ്റ് ആശംസകള്‍

വി.എ || V.A said...

അല്ലേ കുഞ്ഞേ, ആരും ഗൌനിക്കാത്ത ഒരു കൊച്ചുനുറുങ്ങ് ‘...അങ്ങനെ വാസ്തു നോക്കാൻ ഭാര്യ നിർബ്ബന്ധിച്ചപ്പോൾ, അദ്ദേഹം സമ്മതം മൂളി...’- ഒരു പെണ്ണിന്റെ വിശ്വാസത്തിലെ ‘മന്ദത’ MKERALAM പ്രത്യേകം സൂചിപ്പിച്ചു. ഇതിങ്ങനെ സംഭവിക്കുന്നതുതന്നെ. ഈ ‘അദ്ദേഹ’ത്തിൽ പലരും കുടിയിരിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. അവസാനം നല്ല ചോദ്യത്തിൽകൊണ്ടുനിർത്തിയതും ജിജ്ഞാസാവഹമായി. കൊള്ളാം, നല്ല എഴുത്ത്. (അതുപിന്നെ എടുത്തുപറയണോ, അല്ലേ?)

V P Gangadharan, Sydney said...

'വിടാനുള്ളതാണ്‌ തീര്‍ത്ത വീടുകളത്രയും.'
'ആഗ്രഹപ്രവേശം' ചെയ്ത ഈ ശരീരവും ആഗ്രഹനിഗ്രഹത്തില്‍ ചെന്നെത്തുകതന്നെ ചെയ്യുന്നു.
'വീടില്ലാത്തവരെ ഓര്‍മ്മിച്ചുകൊണ്ടിരുന്നാല്‍ നമുക്കു സ്വന്തമായി ഇനിയും ഇനിയും വീടുകളും ഫ്ലാറ്റുകളും എങ്ങിനെ പണിയാനാവും?'
ഈ ചെറിയ ചോദ്യത്തിന്ന്‌ വലീ...യ മറുപടികള്‍ ഭാരതമെന്ന മഹാ...‍ാ‍ രാജ്യത്തിന്റെ നീണ്ട തെരുവുകളില്‍ എമ്പാടും കണ്ടെത്താം. പക്ഷെ എല്ലാം ഉപ്പിന്റെ കനം പേറുന്ന വെറും ധൂളികളായി പൊടിഞ്ഞുവീണു ഇല്ലാതായിക്കൊണ്ടിരിക്കുന്നു...
"അയ്യായിരം കോടി വാരിയെറിഞ്ഞ്‌ പടുത്തുയര്‍ത്തി ആകാശം മുട്ടി നില്‍ക്കുന്ന മണിമാളികയുടെ ചുമരുകളില്‍ ഉണങ്ങാന്‍ കൂട്ടാക്കാതെ പറ്റിക്കിടക്കുന്ന എന്റെ തൊഴിലളികളുടെ വിയര്‍പ്പുകണങ്ങള്‍. അവ സൃഷ്ടിച്ച വിവര്‍ണ്ണ മാലിന്യത്തില്‍ പൂണ്ട്‌ കിടക്കുന്ന സുതാര്യമായ മറുപടികള്‍ മഴവില്‍ വര്‍ണ്ണങ്ങളുള്ള ചായങ്ങളിലൂടെ ഞാന്‍ മറച്ചുവെച്ചത്‌ ലോകരേ നിങ്ങള്‍ക്കു കാണാനാണോ?" അംബാനി ഇങ്ങിനെ ചോദിക്കുന്നത്‌ ചെവിക്കൊള്ളാനുള്ള പ്രാപ്തി ആര്‍ജ്ജിക്കാന്‍ എന്റെ മകന്റെ മകന്‍ ഇനി ജനിക്കണം.

അതിനായി മാത്രമല്ലാതെ ജനിച്ച ഒരു മകന്‍, അതിനുള്ള പ്രാപ്തിയില്ലാതെ പോയ മകന്‍, വീതം പങ്കിട്ടുകിട്ടണമെന്ന് അവകാശം പറയാന്‍ കെല്‍പുകെട്ട ഭാരത പുത്രന്‍....
"അവനെ അയക്കേണ്ട. സംസ്കരിക്കാന്‍ അഞ്ചുപൈസയില്ല. അതുകൊണ്ട്‌...."
കുറ്റിയില്‍ പോലും നാടിന്റെ മേന്മ പിണച്ചിട്ടിരിക്കുന്നു! ഇവിടെ പ്രാരബ്ധം വാത്സല്യത്തെ വിഴുങ്ങുന്നു. മകന്‍ എന്നത്‌ മരത്തില്‍ പണിത ഒരു ശരീരം മാത്രമായി കത്തി ഭസ്മമാകുമ്പോള്‍ ദേവാലയങ്ങള്‍ എങ്ങിനെ കുലുങ്ങാതിരിക്കുന്നു?
പങ്കിലമായ എന്റെ മനസ്സില്‍, അന്ധത ബാധിച്ച എന്റെ കണ്ണുകളില്‍ മനുഷ്യ ജഡത്തെ ചാമ്പലാക്കുന്ന തീക്കനല്‍ തുപ്പിത്തീര്‍ക്കുന്ന പുകപടലത്തില്‍ സര്‍പ്പങ്ങള്‍ പിടഞ്ഞു വീഴുന്നു. വാസ്തുശാസ്ത്രത്തിന്റെ
ദ്രവിച്ച ഓലകള്‍ കെട്ടഴിഞ്ഞ്‌ കാറ്റില്‍ പറക്കുന്നു...
നാം എവിടെ? യുഗമേത്‌? അഭ്യസ്തവിദ്യരായ നമ്മുടെ ചിന്താശക്തി എവിടെ?
എച്ച്മുക്കുട്ടീ, ഇടയ്ക്ക്‌ ഇങ്ങിനെ എന്നെ ഓര്‍മ്മിപ്പിക്കുന്നത്‌ നല്ല കാര്യം.

Unknown said...

മനോഹരമായി പറഞ്ഞിരിക്കുന്നു...ആശംസകൾ.

Anurag said...

ആശംസകള്‍...

രാജേഷ്‌ ചിത്തിര said...

good one, again...
congrats

TPShukooR said...

പണ്ടൊക്കെ ഒരു വാസ്തു വിദഗ്ദ്ധനു ഒരു ഏക്കര്‍ സ്ഥലം കാണിച്ച് കൊടുത്താല്‍ അയാള്‍ അതില്‍ ഒരു വീടിനുള്ള സ്ഥലം കാണില്ല. ഇപ്പോള്‍ അഞ്ചു സെന്റുകളില്‍ അങ്ങനെ ഒരു പ്രശ്നമേ കാണുന്നില്ല.
എന്‍റെ വീട് ഞാന്‍ ഒരു ആശാരിയെയും കാണിച്ചില്ല. സുഹൃത്തായ എഞ്ചിനീയര്‍ പ്ലാന്‍ വരച്ചു കുറ്റിയടിച്ചു തന്നു. ഇപ്പോള്‍ സുഖം സുന്ദരം. പണി തീര്‍ന്നു സുഖമായി താമസിക്കുന്നു. ഇനി ദുരന്തങ്ങലോ അനര്‍ഥങ്ങളോ ഉണ്ടായാലും അത് കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുകയുമില്ല. വാസ്തു നോക്കിയ വീട്ടിലുമുണ്ടല്ലോ അനര്‍ത്ഥങ്ങള്‍. ജാതകം നോക്കിയുള്ള വിവാഹമായിട്ടും കലഹങ്ങള്‍ നടക്കുന്നത് പോലെ.
വളരെ പ്രസക്തമായ ലേഖനം.

jintopjoy said...

ആ തിരുമേനിയെ കല്ല്‌ എറിഞ്ഞു കൊല്ലണം അല്ലാതെ എന്താ .......

മുകിൽ said...

പ്രഭു മന്ദിരങ്ങൾക്കും വലിയ വലിയ കെട്ടിടങ്ങൾക്കും ആവശ്യമുള്ള വാസ്തു മാത്രമേ സംസ്കൃത ശ്ലോകങ്ങളിലുള്ളൂ. ചാളയ്ക്കും കുപ്പാടത്തിനും വേണ്ട വാസ്തുവിനെ പറ്റി ആരും ഒരു ശ്ലോകവുമെഴുതിയിട്ടില്ലെന്ന് ......

sariyaanalle..

Unknown said...

കഥ വായിച്ചു; ആശംസകള്‍

ബഷീർ said...

കാലിക പ്രാധാന്യമുള്ള വിഷയം .. നന്നായി
ഇതിലൊന്നും വിശ്വാസമില്ലാത്തവരും ചില സന്ദര്‍ഭങ്ങളിലെങ്കിലും ആശയകുഴപ്പത്തിലാവുന്നത് സ്വാഭാവികം..

MINI.M.B said...

വീട് ഒരു വികാരമാണ്. അത് മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു.

വിധു ചോപ്ര said...

മൂന്നാലു തവണ ശ്രമിച്ചു ഒറ്റയടിക്ക് വായിച്ചു തീർക്കാൻ. പക്ഷേ ഇന്നാണു മുഴുവനുമൊന്ന് വായിച്ചു തീർക്കാൻ പറ്റിയത്. എല്ലാരും നല്ലതാണു പറഞ്ഞത്. വീടുകളെ കുറിച്ച് കുറെ സിനിമകൾ വന്നിട്ടുണ്ട്. പിന്നെ കഥകളും.
എന്നാലും ഈ കഥയിലെ തീം പ്രസക്തമാണ്.
സ്നേഹപൂർവ്വം വിധു

Mohiyudheen MP said...

വാസ്തു ശാസ്ത്രത്തില്‍ വിശ്വസിക്കണോ അതോ വേണ്ടയോ എന്നറിയില്ല, പക്ഷെ വാസ യോഗ്യമല്ലാത്ത സ്ഥലങ്ങളുണ്ട്‌ എന്ന്‌ തോന്നുന്നു, പണ്ട്‌ കാലത്ത്‌ ജന വാസമില്ലാത്ത പ്രദേശങ്ങളെ കുറിച്ച്‌ ആളുകള്‍ കഥകള്‍ മിനഞ്ഞ്‌ ഉണ്ടാക്കാറുണ്ടല്ലോ, ആ കെട്ടു കഥകള്‍ക്കെല്ലാം പിന്നില്‍ മനുഷ്യന്‍ തന്നെയാണ്‌... മനുഷ്യരുടെ കൊള്ളരുതായ്മകള്‍ മറച്ച്‌ വെക്കാനുള്ളതാണ്‌ പേടിപ്പെടുത്തുന്ന കെട്ടു കഥകള്‍... ഞാനും വൈകാതെ ഒരു വാസ്തു ശാസ്ത്ര സംബന്ധമായ ഒരു കുറിപ്പ്‌ എഴുതുന്നുണ്ട്‌

ആസാദ്‌ said...

നൂറു നൂറു കാര്യങ്ങള്‍ വ്യക്തമാക്കിയ, വായിക്കാന്‍ നല്ല രസമുള്ള ഒരു പോസ്റ്റ്‌.

വാസ്ഥു പലര്‍ക്കും ഒരു ആസ്മയാണെന്നു പറയാതെ വയ്യ!

വീടുണ്ടാക്കുന്നതിനെക്കാള്‍ നല്ലത്‌ നാടോടികളായി ജീവിക്കുന്നതാണെന്ന് തോണും.

സാധനങ്ങളുടെ വില കേട്ടാല്‍ പിന്നെ ഒരഞ്ചാറു ദിവസത്തേക്ക്‌ ഗ്ളൂക്കോസും വെള്ളം മാത്രം കുടിച്ച്‌ ജീവിക്കേണ്ടി വരും.

ഒക്കെ സഹിക്കാം. മുനിസിപ്പാലറ്റി ആപ്പീസിലെ സാറമ്മാരുടെ കൊനിഷ്ട്‌ മുഖം കാണണമല്ലോ.

ഹൊ.. ഓര്‍ക്കാന്‍ വയ്യ..

നല്ലൊരു പോസ്റ്റ്‌.. നല്ലൊരു വായനാനുഭവമായിരുന്നു. ആശംസകള്‍!

വിനുവേട്ടന്‍ said...

അന്ധവിശ്വാസങ്ങൾ വരുത്തുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. കാലം മുന്നോട്ട് പോകുംതോറും ജനങ്ങളിൽ അന്ധവിശ്വാസം കൂടിവരുന്ന പ്രവണതയാണിപ്പോൾ കണ്ടുവരുന്നത്.

ഓരോ ദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് കാറ്റും വെളിച്ചവും നന്നായി കയറിയിറങ്ങുന്ന വീടുകൾ നിർമ്മിക്കുവാൻ ഈ പറയുന്ന വാസ്തുവിന്റെയൊന്നും ആവശ്യമില്ല. നല്ലൊരു ആർക്കിടെക്റ്റ് മതിയാകും.

വാസ്തുശാസ്ത്ര പ്രകാരം എല്ലാ കണക്കുകളും നോക്കി നിർമ്മിച്ച വീടുകളിൽ ഒരു മനഃസമാധാനവുമില്ലാതെ അന്വോന്യം ശണ്ഠ കൂടി ജീവിതം തള്ളി നീക്കുന്ന നിരവധി പേരെ എനിക്കറിയാം. ഏത് തരം വീട്ടിലായാലും അവിടെ താമസിക്കാൻ പോകുന്ന ദമ്പതികളുടെ മനഃപൊരുത്തമാണ് പ്രധാനം.

ഞങ്ങളും ഒരു വീട് നിർമ്മിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഒരു വാസ്തുവും നോക്കാതെ. ബന്ധുക്കൾക്കും നാട്ടുകാർക്കും അതിൽ കുറച്ചൊന്നുമല്ല പരാതിയുള്ളത്.

Sidheek Thozhiyoor said...

ഹിന്ദി മലയാളം നന്നായി തിരക്ക് കാരണം എച്ചുമുവിന്റെ ഒന്ന് രണ്ടു പോസ്റ്റുകള്‍ വിട്ടുപോയി വഴിയെ വായിച്ചോളാം .

perooran said...

ഇഷ്ട്ടായീ എച്ചുമൂ,,..!

അനില്‍കുമാര്‍ . സി. പി. said...

എച്മു, ഇതിനു ഞാന്‍ എവിടെയോ അഭിപ്രായം എഴുതിയിരുന്നല്ലോ!

Prabhan Krishnan said...

“വിശ്വാസം അതല്ലേ എല്ലാം..!”

...sijEEsh... said...

:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വാസ്തുവില്‍ ഒരു വസ്തുവുമില്ല
വസ്തുതയുമില്ല
എന്നാല്‍ ഈ കഥ വാസ്തവം വസ്തുനിഷ്ടം.

ശങ്കരനാരായണന്‍ മലപ്പുറം said...

ഇതിന് ഞാന്‍ മുമ്പ് അഭിപ്രായം എഴുതിയില്ലേ? ഏതായാലും നന്നായി എഴുതി കെട്ടോ!

Umesh Pilicode said...

എച്ചുമു ചേച്ചീ... നന്നായി

പൊട്ടന്‍ said...

വായിക്കാന്‍ അല്പം വൈകി.
എല്ലാപേരും ഈ വേദനകളില്‍ ഒന്നെങ്കിലും അനുഭവിച്ചിട്ടിട്ടുണ്ടാകും.
പക്ഷെ, പൂട്ടിയിട്ട വീട് കാണുമ്പോള്‍ എച്ച് ഒന്നുകൂടെ ഓര്‍ക്കണം. പണിതിട്ടും താമസിക്കനാകാതെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സ്ഥലം മാറ്റവുമായി കറങ്ങി നടക്കുന്നവര്‍. വാടകക്ക് കൊടുക്കാനും പേടി.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal........... pls visit my blog and support a serious issue...........

വേണുഗോപാല്‍ said...

പാവങ്ങളെ കുഴക്കുന്ന വാസ്തു ... അതായിരിക്കുന്നു ഇന്ന് നാട്ടിലെ സ്ഥിതി ...
പേരിനു ഒരെണ്ണം ഞാനും വെച്ച് പൂട്ടിയിട്ടിരിക്കയാണ് . ഇത്രയധികം പൈസ കടമെടുത്തു
ഉണ്ടാക്കി പൂട്ടിയിടുക ആരും ആഗ്രഹിക്കില്ല. പക്ഷെ പ്രവാസം മതിയാക്കി നാട്ടില്‍ ചെല്ലുമ്പോള്‍
കേറി കിടക്കാനൊരിടം അന്ന് നിര്‍മിച്ചെടുക്കാന്‍ പെടാപാട് ആയിരിക്കും എന്ന് കരുതി.
ഒരു വീട് എന്ന സ്വപ്നം സാധാരണക്കാരന് ഒരു ബാലികേറാമലയായിരിക്കുന്നു ഇപ്പോള്‍.
നന്നായി എഴുതി . ആശംസകള്‍

Unknown said...

വീട് പൊളിഞ്ഞാലും വേണ്ടില്ല
കലേ നീ വാസ്തു പൊളിച്ചല്ലോ ഇഷ്ടപ്പെട്ടു
നന്നായി

gopan m nair said...

സ്വന്തം വീട്ടിൽ മുൻവശത്തൊരു തുറന്ന വരാന്തയും അതിലൊരു ചാരു കസേരയും അയാളുടെ സ്വപ്നമായിരുന്നു. "
entem ! :)