Tuesday, January 3, 2012

തെണ്ടി മയിസ്രേട്ട്





                                              

അടുത്ത പരിസരങ്ങളിൽ ഇല്ലെന്ന് ഉറപ്പുണ്ടെങ്കിൽ പോലും  വെറുപ്പും അമർഷവും എല്ലാം ഉള്ളിലൊതുക്കി അടക്കത്തിൽ മാത്രമേ ആൾക്കാർ ശകാരിച്ചിരുന്നുള്ളൂ, “തെണ്ടി മയിസ്രേട്ട്“ . മുകളിലൊരാൾ എല്ലാം കാണുന്നുണ്ടെന്ന് പറയുന്നതു പോലെയായിരുന്നു എല്ലാവർക്കും തെണ്ടി മയിസ്രേട്ടിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഓർമ്മ.

കുറുക്കിയ പാലിന്റെ നിറത്തിൽ ഒരു വൃദ്ധ, കിട്ടുന്ന കുപ്പായമൊക്കെ ധരിച്ചിട്ടുണ്ടാവും, മുണ്ടും ഷർട്ടും ബ്ലൌസും അങ്ങനെ, മൂന്നാലു കുപ്പായമെങ്കിലും ഒരേ സമയം ദേഹത്തുണ്ടാവും. കുറച്ച് ജട പിടിച്ച പപ്രച്ച തലമുടി ചിലപ്പോൾ നെറുകന്തലയിൽ കെട്ടി വെച്ചിരിയ്ക്കും അല്ലെങ്കിൽ അഴിഞ്ഞു തൂങ്ങുന്നുണ്ടാവും. ഒരു അലുമിനിയം തൂക്കുപാത്രമാണ് ആകെയുള്ള സമ്പാദ്യം, അതിലാണ് വെള്ളമോ ചായയോ ചോറോ എന്താണു കിട്ടുന്നതെന്ന് വച്ചാൽ അതു കഴിയ്ക്കുന്നത്. ഭിക്ഷയായി ആരെങ്കിലും പണം നീട്ടിയാൽ “ഇനിയ്ക്ക് വേണ്ടാ“ എന്ന് കർശനമായി വിലക്കാൻ അവർക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. തന്നെയുമല്ല പണം നീട്ടിയവരുടെ വീട്ടു പറമ്പിനു ചുറ്റും കണ്ണോടിച്ച്, “ദാ ആ മാങ്ങ തന്നൂടേ“ന്നോ “ആ കടച്ചക്ക തന്നൂടേ“ന്നോ, കാശിനു പകരം വേണ്ടതെന്താണെന്ന് കൃത്യമായി ചൂണ്ടിക്കാണിയ്ക്കാനുള്ള ധൈര്യവും അവർക്കുണ്ടായിരുന്നു.

അന്യായമായ കാര്യങ്ങളെ നിർഭയമായി അവർ ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് അത്യുച്ചത്തിൽ ബഹളം വെയ്ക്കാനും വേണ്ടി വന്നാൽ അശ്ലീലം തന്നെ പറയാനും അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കണ്ണീരൊഴുക്കുന്ന പാവത്തിന്റെ ദുർബലത അവരിൽ തരിമ്പും ഇല്ലായിരുന്നു. സങ്കടം കൊണ്ടും സ്വയം തോന്നുന്ന സഹതാപം കൊണ്ടും തളർന്നു പോകുന്ന, ഒന്നു തുറിച്ചു നോക്കിയാൽ‌പ്പോലും എല്ലാറ്റിനോടും കീഴ്പ്പെടുന്ന സാധാരണ സ്ത്രീകളുടെ ഇടയിൽ ഭിക്ഷക്കാരിയായ അവർ വിപ്ലവ വീര്യത്തോടെ ജ്വലിച്ചു നിന്നു. അവർക്കിടപെടാൻ വയ്യാത്ത ഒരു കാര്യവും നാട്ടിലുണ്ടായിരുന്നില്ല.

വേലത്തിക്കടവിന്റെ പൊന്തയ്ക്കരികിൽ തെങ്ങ് കേറുന്ന കുമാരൻ ഒളിച്ചിരുന്നപ്പോൾ.

കള്ളു കുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിയ്ക്കാതെ തല്ലിച്ചതച്ചപ്പോൾ.

അറബി നാട്ടിൽ പോയി ചോര നീരാക്കുന്ന നാരായണന്റെ കെട്ട്യോൾ ഇത്തിരി തൊലി വെളുപ്പും തേരട്ട മീശയും ചുവന്ന ബൈക്കുമുള്ള നസീറുമായി ചില്ലറ ചുറ്റിക്കളികൾ തുടങ്ങിയപ്പോൾ

അമ്പലത്തിലെ ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോൾ……

എന്നു വേണ്ട നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും അവർ ഇടപെട്ടു, കുറ്റം ചെയ്തവരെന്ന് തോന്നുന്നവരെ തേച്ചാലും കുളിച്ചാലും പോകാത്ത വിധം ചീത്ത പറഞ്ഞ് നാണം കെടുത്തിപ്പോന്നു. കാരണമെന്തായാലും ഒരു പിച്ചക്കാരിയോടുള്ള നിസ്സാരതയും തട്ടി മാറ്റലും അവരോടു കാണിയ്ക്കുവാൻ ആളുകൾ എന്നും മടിച്ചിരുന്നുവെന്നതൊരു സത്യമാണ്.

ആ ഉച്ചത്തിലുള്ള ന്യായവിധികൾ എല്ലാവരിലും ഉൾഭയമുണ്ടാക്കിയിരുന്നിരിയ്ക്കണം.

അന്നുച്ചയ്ക്ക് വല്ലാതെ അലട്ടുന്ന ഒരു തലവേദനയെ കീഴ്പ്പെടുത്താൻ പരിശ്രമിച്ചുകൊണ്ട് കണ്ണുകളിറുക്കിയടച്ച് അകത്തെ മുറിയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു, ഞാൻ.

അമ്മീമ്മ പതിവു പോലെ ഉമ്മറത്തിരുന്ന് പത്രം വായിയ്ക്കുന്നു. പാറുക്കുട്ടി ചവിട്ടു പടികളിന്മേലിരുന്ന് പച്ച ഓല കീറി ചൂലുണ്ടാക്കുകയും രസം പിടിച്ച് സ്വന്തം തല മാന്തി പേനെടുക്കുകയും ചെയ്യുന്നു. ഇടയിൽ അമ്മീമ്മയോട് അയൽ‌പ്പക്ക വിശേഷങ്ങൾ ഇത്തിരി മുളകും മസാലയും പുരട്ടി തട്ടി മൂളിയ്ക്കുന്നതും അല്പാല്പമായി എന്റെ കാതുകളിൽ വീഴുന്നുണ്ടായിരുന്നു.

നട്ടുച്ച സമയം, ഉരുകി തിളയ്ക്കുന്ന മേട മാസ വെയിലിന്റെ ചൂടിലും ആലസ്യത്തിലും നാട്ടിടവഴികൾ ആളൊഴിഞ്ഞ് മയങ്ങിക്കിടന്നു.

അപ്പോഴായിരുന്നു ഉഗ്ര ശബ്ദത്തിലുള്ള അലർച്ച കേട്ടത്. കിളികളുടെ പാട്ടുകളും മുളങ്കൂട്ടത്തിന്റെ മൂളലുമൊഴിച്ചാൽ നിശ്ശബ്ദമായിരുന്ന അന്തരീക്ഷം ആ അലർച്ചയിൽ പ്രകമ്പനം കൊണ്ടു. അമ്മീമ്മയും പാറുക്കുട്ടിയും ചെവിയോർക്കുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി.  ഞാനും ആ ബഹളം ശ്രദ്ധിയ്ക്കാതിരുന്നില്ല.

ബസ്സും ലോറിയും അനവധി വേലക്കാരുമുള്ള വലിയ സ്വത്തുകാരായ കിഴക്കെ മഠത്തിലെ മാട്ടുപൊണ്ണുമായി ( പുത്ര വധു ) തെണ്ടി മയിസ്രേട്ട് വഴക്കുണ്ടാക്കുകയാണ്.  അഭിമാനത്തിന്റെ അസ്ഥിവാരം തകർത്തെറിയാൻ പോന്ന അശ്ലീല കഥകൾ ചരൽ വാരി  വലിച്ചെറിയുന്നതു മാതിരി മഠത്തിന്റെ മുറ്റത്ത് ഇരമ്പിപ്പെയ്തു.

“ശ്ശ്! അയ്യേ! എരപ്പ്ത്തരം!“ പാറുക്കുട്ടിയുടെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് “കുട്ടി ഒറ്ങ്ങ്യോന്ന് നോക്കട്ടേ, ഈ ചീത്ത വാക്കൊന്നും കേട്ട് പഠിച്ചൂടാ …“ എന്ന് ഉൽക്കണ്ഠപ്പെട്ട് എന്നെ പരിശോധിയ്ക്കാൻ അവരുടെ കാലടികൾ മുറിയിലുമെത്തി. ഉറക്കം അഭിനയിച്ച് കിടന്ന എന്നെ ഒന്നു തലോടിയിട്ട് പാറുക്കുട്ടി വീണ്ടും ആ പഴയ ശബ്ദ കോലാഹലത്തിലേയ്ക്ക് തന്നെ മടങ്ങിപ്പോയി.

“നിങ്ങളു ഇങ്ങട് പോര്വോന്നേയ്, ആ തെണ്ടി മയിസ്രേട്ട് കൊറെ ഒച്ചേണ്ടാക്കീട്ട് അയിന്റെ പാട്ടിന് പൊക്കോളും, ഇനി ആ തൊയിരക്കേടിനെ ഇങ്ങടെഴുന്നള്ളിച്ച് , ചായ കൊടുക്കണ്ടാ.“

പാറുക്കുട്ടിയുടെ ശബ്ദമാണ്.

എനിയ്ക്ക് മനസ്സിലായി, അമ്മീമ്മ വഴക്ക് പഞ്ചായത്താക്കി സമാധാനിപ്പിയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്. ഇനി ഇവിടെയാവും ചർച്ചയും വിശദീകരണവും, കൂട്ടത്തിൽ ചായേടെ വെള്ളവും……

ഉച്ചത്തിൽ ചീത്ത വിളിച്ചും മൂക്കു ചീറ്റിയുമാണ് തെണ്ടി മയിസ്രേട്ട് അമ്മീമ്മയ്ക്കൊപ്പം വന്നത്. 

എനിയ്ക്കും പാറുക്കുട്ടിയെപ്പോലെ ഈർഷ്യ തോന്നുന്നുണ്ടായിരുന്നു. മുതിർന്നു വരുന്തോറും അമ്മീമ്മയുടെ ഇമ്മാതിരി സൌഹൃദങ്ങളിൽ എനിയ്ക്ക് താല്പര്യക്കുറവ് വന്നു കഴിഞ്ഞിരുന്നു. പിച്ചക്കാരോടും കൂലിപ്പണിക്കാരോടും ദരിദ്രരോടും ഒക്കെ ഇത്രയധികം അടുപ്പം കാണിയ്ക്കുന്നതും അവരെയൊക്കെ ചായയോ മുറുക്കോ പഴമോ കൊടുത്ത് സൽക്കരിയ്ക്കുന്നതും എന്തിനാണെന്ന് എനിയ്ക്ക് മനസ്സിലായില്ല. പക്ഷെ, അവർ പറയുന്ന കഥകൾ, വിയർപ്പും കണ്ണീരും  രക്തവും പുരണ്ട,  വേദനയുടേയും ദു:ഖത്തിന്റേതുമായ ആവി പാറുന്ന കഥകൾ ഞാനും അമ്മീമ്മയ്ക്കൊപ്പം കേട്ടുപോന്നു. എന്നിട്ടും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഈ കഥകൾ മുഴുവൻ സത്യമായിരിയ്ക്കുമോ എന്ന സംശയം ഞാനും അനിയത്തിയും തമ്മിൽ പങ്കുവെയ്ക്കാൻ തുടങ്ങിയിരുന്നു. പക്ഷെ, ഞങ്ങളുടെ ആ സംശയത്തെ വളമിട്ട് നനച്ച് വളർത്തുവാൻ അമ്മീമ്മ ഒരിയ്ക്കലും അനുവദിച്ചിരുന്നില്ല.

“ജാനകിയമ്മ സമാധാനിക്കു, ഒക്കെ കഴിഞ്ഞില്ലേ“ അമ്മീമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടി മുഖം വീർപ്പിച്ച് ചായേടെ വെള്ളമുണ്ടാക്കാൻ അകത്തേയ്ക്ക് പോയിട്ടുണ്ടാവണം. 

എന്റെ ഓർമ്മയിൽ അവരെ “തെണ്ടി മയിസ്രേട്ട്“ എന്ന് വിളിയ്ക്കാത്ത ഒരേ ഒരാൾ അമ്മീമ്മയായിരുന്നു, രഹസ്യമായോ പരസ്യമായോ ആ പേര് അമ്മീമ്മ ഉപയോഗിച്ചിരുന്നില്ല. ഞാനോ അനിയത്തിയോ അബദ്ധത്തിലെങ്ങാനും പറഞ്ഞു പോയാൽ അമ്മീമ്മ കലശലായി ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

“എന്നോട് ആ അമ്മ്യാരു പെണ്ണ് എന്താ പറഞ്ഞേന്ന് കേക്കണോ? ഞാൻ പട്ടമ്മാര്ടവിടന്ന് ഒരു തുള്ളി വെള്ളം കുടിയ്ക്കില്ല, അതിനി അവളല്ല അവൾടെ ചത്തു പോയ തന്ത ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് തന്നാലും പട്ടമ്മാരൊക്കെ കെട്ടും കെടയായിറ്റ് ഈ നാട് വിട്ട് പോണത് കാണാനാ ഞാനിങ്ങനെ തെണ്ടി നടക്കണത്.“ 

ഭയങ്കരമായ കിതപ്പും കടുത്ത അന്തക്ഷോഭവുമുള്ള ശാപം പോലത്തെ വാക്കുകൾ.

“പട്ടമ്മാരോട് ഇത്ര പകേള്ള നിങ്ങളെന്ത്നാ പിന്നെ ഈ അമ്മ്യാര് തരണ ചായേം വലിച്ച് കുടിച്ച് ഇവ്ടെ നിൽക്കണേ?“ 

പാറുക്കുട്ടിയുടേതാണ് ചോദ്യം. 

“ചായ ഇബടെ വെച്ചിട്ട് നീയകത്തേയ്ക്ക് പോക്കോ പാറൂട്ടി.“ അമ്മീമ്മ ഒരു നിമിഷം പോലും കളയാതെ പാറുക്കുട്ടിയെ വിലക്കുന്നത് എനിയ്ക്ക് കേൾക്കാം. വലിയൊരു തർക്കമൊഴിവാക്കാനാണ് അമ്മീമ്മ ശ്രമിയ്ക്കുന്നതെന്ന് മനസ്സിലാകുന്നുമുണ്ട്. അമ്മീമ്മയോട് കളിതമാശയൊക്കെ പറയുമെങ്കിലും ആ സ്വരം മാറുന്നത് പാറുക്കുട്ടിയെ എപ്പോഴും ഭീരുവാക്കിയിരുന്നു.

“പോട്ടെ, ജാനകിയമ്മേ. അവളു വിവരല്ലാണ്ട് ഓരോന്നെഴുന്നള്ളിയ്ക്കണതല്ലേ? അത് വിട്ടു കളഞ്ഞിട്ട് ചായ കുടിയ്ക്കു.“

“ചായ ഞാൻ കുടിയ്ക്കാം.പക്ഷെ, പെണ്ണ്ങ്ങൾക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ല. വെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാൽ മനസ്സിലാവണം. ഒരുമേങ്കിലും  വേണം, പെണ്ണങ്ങള്ക്ക്. ഇഞ്ഞി വിവരം ത്തിരി കൊറവാണെങ്കി. അല്ലാണ്ട്  ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്?”

“ജാനകിയമ്മ, ഒക്കെ മറക്കാൻ നോക്കു. അല്ലാണ്ട് ഞാനെന്താ പറയാ‍.“

“ഈ ജന്മത്ത് അത് പറ്റ്ല്യാ.. പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുട്ടിയ്ക്ക്.. അത് എങ്ങനെയാ മറ്ക്കാ.. ഞാൻ പെറ്റ തള്ളയല്ലേ? കല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേൽക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്. കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞു. ന്ന്ട്ട് ചാടിച്ചത്തൂന്നാക്കി. ടീച്ചറ്ക്ക് അറിയോ? എല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്അതിന്റെടേല് എന്റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടെ.“

ഉഗ്രശാപം കേട്ട് സൂര്യൻ ഒരു രക്ഷാമന്ത്രവും തോന്നാതെ ഞെട്ടിപ്പിടഞ്ഞു മുഖം മേഘങ്ങൾക്കിടയിൽ ഒളിപ്പിച്ചു. വെയിൽ മങ്ങിയത് ജനലിലൂടെ കണ്ടുകൊണ്ട് അലസമായി കിടക്കുകയായിരുന്ന ഞാൻ അടിയേറ്റതു പോലെ എഴുന്നേറ്റിരുന്നു പോയി. ഒരമ്മയിൽ നിന്ന് ഇത്രയും കഠിനമായ ശാപ വചസ്സുകൾ ഉതിരുവാൻ  കാരണമായവർ ആരായിരിയ്ക്കും?

അമ്മീമ്മയ്ക്ക് അതറിയാമെന്ന് എന്തുകൊണ്ടോ എനിയ്ക്കൊരു നിമിഷം വെളിപാടുണ്ടായി. 

“ജാനകിയമ്മ, പൊറുക്കു. വേറെ എന്താ ഒരു വഴി? ദിവാകരൻ നായര് എഴ്ത്ത് വല്ലതും അയയ്ക്കാറുണ്ടോ?“ 

“നിങ്ങ്ക്ക് വല്ല പ്രാന്തുണ്ടോ ന്റെ അമ്മ്യാരേ? എഴുത്ത് അയച്ചാ ഞാനത് വായിയ്ക്കോ? പട്ടമ്മാരെ പേടിച്ച്  നാട് വിട്ട് പോയതല്ലേ നായര്? ഞാൻ കൂടെ പോവില്ലാന്ന് തീർത്ത് പറഞ്ഞേര്ന്നു അന്ന്ന്നെ. പിന്നെന്തിനാ എനിയ്ക്ക് എഴുത്ത് അയയ്ക്ക്ണേ?“

“വയസ്സാവ്മ്പോ മനുഷ്യന്റെ മനസ്സ് മാറില്ലേ ജാനകിയമ്മേ“

“അതേയ്, ആണൊരുത്തന്റൊപ്പം കഴിയാത്തോണ്ടാ നിങ്ങ്ക്ക് ഈ വിഡ്ഡിത്തരം തോന്നണത്. പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ല. അത് നിശ്ശംണ്ടോ? അവര്ക്കെന്താ? ആകേം പോകേം  തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ് . അത്രേന്നേള്ളൂ. അപ്പോ ദിവാരൻ നായര്ക്ക് സ്വന്തം മോള് അമ്മൂട്ടീനെ മറ്ക്കാം……. പട്ടമ്മാരോട് പൊറ്ക്കാം, അവര് ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാം. പോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളേ നല്ലോണം പോലെ നോക്കി വളർത്ത്ണ്ട ജോലി തള്ള്ടെ മാത്രം ആയിരുന്നൂന്ന് അലറാം. ആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാം. വിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ…… മീശേം കാലിന്റേടേല് എറ്ച്ചിക്കഷ്ണോം മാത്രള്ള ചെല കാളോൾക്ക്.“

അഭിപ്രായ പ്രകടനങ്ങൾക്ക് ശേഷം മയിസ്രേട്ട് ശക്തിയായി കാർക്കിച്ചു തുപ്പുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

പുരുഷന്മാരെക്കുറിച്ച് സ്ത്രീകൾ ഇങ്ങനെ അരിശം കൊള്ളുകയും പ്രാകുകയും ഒക്കെ ചെയ്യുമ്പോൾ അമ്മീമ്മ വെറുതെ കേൾക്കുക മാത്രം ചെയ്തു പോന്നു. ഒരു പുരുഷനാലും സ്പർശിയ്ക്കപ്പെടാതെ ജീവിച്ച അവർ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ തികച്ചും വിമുഖയായിരുന്നു. ലൈംഗികബന്ധത്തേയും ഗർഭധാരണത്തേയും പ്രസവത്തേയും കുറിച്ചെല്ലാം വിവിധ തരക്കാരായ സ്ത്രീകൾ അമ്മീമ്മയോട് അടക്കിപ്പിടിച്ച് സംസാരിയ്ക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സമയത്ത് ഞാനോ അനിയത്തിയോ അവിടെ പോകുന്നത് അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട്  ആരുടേയും കൃത്യമായ വിവരങ്ങളോ കഥകളോ ഒന്നും ഞങ്ങൾക്കറിയുമായിരുന്നില്ല. 

അങ്ങനെയൊക്കെയാണെങ്കിലും പത്തു പതിനേഴു വയസ്സായിരുന്ന എനിയ്ക്ക്  മയിസ്രേട്ടിന്റെ കഠിന ജീവിതം ഒറ്റ നിമിഷം കൊണ്ട് വെളിവായി. അമ്മൂട്ടിയെ ചതിച്ചത് ഏതു മഠത്തിലെ  മകനാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അവളുടെ മരണത്തിനുത്തരവാദികൾ ആരെല്ലാമാണെന്നും കൂടി അറിഞ്ഞു കഴിഞ്ഞാൽ കനൽ പോലെ ചുവന്നു നീറുന്ന ഒരമ്മയുടെ കഥയ്ക്ക് അടിവരയിടാം. 

പുറത്തു നിന്നും പിന്നെ കുറെ നേരത്തേക്ക് ഒച്ചയൊന്നും കേൾക്കുകയുണ്ടായില്ല. ചായ കുടിച്ച് അമ്മീമ്മയോട് യാത്രയും പറഞ്ഞ് അവർ പടിയിറങ്ങിയിരിയ്ക്കണം. 

എങ്കിലും, പാറുക്കുട്ടിയുടെ ക്ഷോഭം ശമിച്ചിട്ടുണ്ടായിരുന്നില്ല. 

നനവുള്ള തോർത്തുമുണ്ടെടുത്ത്  വിങ്ങുന്ന തലയിൽ ഒരു കെട്ടും കെട്ടി ഞാൻ അമ്മീമ്മയുടെ അടുക്കൽ ചെന്നിരുന്നപ്പോഴായിരുന്നു പാറുക്കുട്ടിയുടെ ഈറ പിടിച്ച ചോദ്യമുയർന്നത്.

“ഞാനറിയാണ്ട് ചോദിയ്ക്കാ, ഇങ്ങനെ പട്ടമ്മാരെ മുഴോൻ തെറീം കേട്ടാലറയ്ക്കണ വാക്കോളും പറഞ്ഞ് നട്ക്കണ ആ തെണ്ടി മയിസ്രേട്ടിന് എന്തിനാ ചായ കൊടുക്കണേ? നിങ്ങക്ക് വല്ല നേർച്ചീണ്ടാ? പട്ടമ്മാരടെ ഒന്നും തിന്ന്ല്യാത്രെ. ന്ന്ട്ട് ഇബ്ട്ന്ന് എന്ത് കൊടുത്താലും വെട്ടിവിഴുങ്ങൂലോ നശൂലം……“

അമ്മീമ്മ പാറുക്കുട്ടിയെ രൂക്ഷമായി നോക്കി, എങ്കിലും ആ നോട്ടത്തിനു ചേരാത്തത്ര മെല്ലെ പറഞ്ഞു.

“നിനക്കറീല്യാ പാറൂട്ടി. ഒരു തീക്കടലാണ് ആ  നെഞ്ചില്, ചൂടു തട്ടിയാ ഈയാമ്പാറ്റ പോലെ കരിഞ്ഞു പോകും ഇന്നാട്ടിലെ പലരും. അമ്മൂട്ടീനെ കഴിച്ചേ ഒരു പെങ്കുട്ടിണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് ചേല്ണ്ടായിരുന്നു. ഗർഭാവണ വരെ അവള് ഒക്കെ ഒളിപ്പിച്ചു. ഗർഭം ഒളിപ്പിയ്ക്കാൻ പറ്റില്ലല്ലോ. വയറ്റിലുണ്ടാക്കിയവൻ അവളെ കല്യാണം കഴിയ്ക്കണംന്ന് ജാനകിയമ്മ കട്ടായം പറഞ്ഞതാ ബ്രാഹ്മണർക്ക് പിടിയ്ക്കാണ്ട് പോയത്. ഇന്നാട്ടിലെ ഒറ്റ ആണൊരുത്തൻ അമ്മൂട്ടീടെ ഭാഗം പറയാൻ ഉണ്ടായില്ല. ചെലവിനു കൊടുക്കണ ആണുങ്ങളെ എതിർത്ത് അവര്ടെ വായിലിരിയ്ക്കണത് കേൾക്കണ്ടാന്ന് വിചാരിച്ച്ട്ടാവും  ഒറ്റ പെണ്ണുങ്ങളും അമ്മൂട്ടീടെ ഭാഗം പറഞ്ഞില്ല. 

പോലീസൊക്കെ വന്നൂന്നാലും കാശ് കിട്ടിയാ മാറാത്ത കേസുണ്ടോ?ങ്ങനെ ആദർശത്തില് വിശ്വാസളള പോലീസുണ്ടോ നമ്മ്ടെ നാട്ടില്. ജാനകിയമ്മേം മോളും സ്വഭാവശുദ്ധിയില്ലാത്തവരാണെന്ന് പറയാൻ നാട്ടാര്ക്ക് മാത്രല്ല, ദിവാകരൻ നായര്ക്കും ഒരു മടിയും ഉണ്ടായില്ല. കാശും പിന്നെ, പേടീം ഉണ്ടാവും കാരണായിട്ട്.“

പാറുക്കുട്ടി ശബ്ദിച്ചില്ല. കുറച്ചു കഴിഞ്ഞ് ദീർഘ നിശ്വാസത്തോടെ ചോദിച്ചു.

“ഒരു അമ്മ്യാരായിട്ടും ടീച്ചറോട് എന്താ ജാനകിയമ്മയ്ക്ക് ദേഷ്യല്ലാത്തത്?“ 

അമ്മീമ്മ ചിരിച്ചു. വേദന തുളുമ്പുന്ന ചിരി.

“എന്നെ തറവാട്ട് മഠത്തീന്ന് ഇറക്കി വിട്ട ദിവസാ‍ണ് ജാനകിയമ്മ ആദ്യം എന്നോട് മിണ്ടീത്. ഞാൻ പൊഴേച്ചാടിച്ചാവാൻ പോയതായിരുന്നു. അപ്പോ സമാധാനിപ്പിച്ച് ചിത്തീടെ മഠത്തില് കൊണ്ടാക്കീതാ…….. പിന്നെ എന്നെ അന്വേഷിയ്ക്കാത്ത ദിവസണ്ടായിട്ടില്ല. കുട്ടികള് ഇവടെ വന്ന് താമസിയ്ക്കണ വരെ എന്നും രാത്രീല് ഈ വ്രാന്തേല് വന്ന് കെട്ക്കും. ഇന്നാട്ടില് ആരും എന്നോട് മിണ്ടാത്ത മുഖത്ത് നോക്കാത്ത ഒരു കാലണ്ടായിരുന്നു, അന്നും ജാനകിയമ്മ മിണ്ടീരുന്നു. എനിയ്ക്കത് മറക്കാൻ പറ്റില്ല.“

പാറുക്കുട്ടി അമ്മീമ്മയെ നിറഞ്ഞ സ്നേഹത്തോടെയും സഹതാപത്തോടെയും നോക്കിക്കൊണ്ടിരുന്നതല്ലാതെ ചുണ്ടനക്കിയില്ല.

ആരായിരുന്നു ആ കാമുകനെന്ന് അറിയണമെന്നുണ്ടായിരുന്നു എനിയ്ക്ക്. ചോദിച്ചാൽ അമ്മീമ്മ പറയുമോ എന്ന സംശയവും പേടിയും നിമിത്തം എന്റെ അമ്മാതിരി ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ എന്നിൽത്തന്നെ അമർന്നു. 

പിന്നീട് അധിക കാലമൊന്നും ഞാൻ ആ വീട്ടിൽ താമസിച്ചില്ല. ജീവിതത്തിലുണ്ടായ ഒരുപാട് വലിയ മാറ്റങ്ങളുടെ ഉരുൾപ്പൊട്ടലുകളിൽ കുടുങ്ങി ഞാൻ, എല്ലാവരിൽ നിന്നും അകന്നു പോയി. എനിയ്ക്ക് തന്നെയും  നിശ്ചയമില്ലാത്ത കഠിന വഴിത്താരകളിലൂടെ അനാഥമായി എന്റെ ജീവിതം മുടന്തി നീങ്ങി.

ഇപ്പോൾ അനവധി വർഷങ്ങൾക്കു ശേഷം, രണ്ടു ദിവസം മുൻപൊരു തിളയ്ക്കുന്ന ഉച്ചയ്ക്ക്……

വിദേശത്തെ വൻ നഗരത്തിൽ നിന്ന് എന്റെ ഒരു അക്കാ എനിയ്ക്ക് ഫോൺ ചെയ്തിരുന്നു. അക്കാ തേങ്ങിക്കരഞ്ഞുകൊണ്ടാണ് എന്നോട് സംസാരിച്ചത്. ദാമ്പത്യത്തിലെ ഒരിയ്ക്കലും നേരെയാവാത്ത താളപ്പിഴകളും കിടക്ക വിട്ട് എണീയ്ക്കാനാവാത്ത മക്കളുടെ അതീവ വിചിത്രമായ ദീനങ്ങളും ജോലി സ്ഥലത്തെ എണ്ണിയാൽ ഒടുങ്ങാത്ത വെല്ലുവിളികളും ചേർന്ന് അവരുടെ ജീവിതം ഒരു നിത്യ നരകമായിരുന്നു.

“മക്കൾക്ക് വല്ല വിഷവും കൊടുത്തിട്ട് ഞാൻ സൂയിസൈഡ് ചെയ്തുവെന്ന് ചിലപ്പോൾ നീ കേൾക്കും.“

ഒന്നു ഞെട്ടിയെങ്കിലും ഒരു മന്ദബുദ്ധിയ്ക്കു മാത്രം സാധിയ്ക്കുന്ന മനസ്സാന്നിധ്യത്തോടെ അവരെ ആശ്വസിപ്പിയ്ക്കാൻ ഞാൻ ശ്രമിച്ചു. ജീവിതം വളരെ  വിലപിടിപ്പുള്ളതാണെന്നും മറ്റും നോവലുകളിലും കഥകളിലും വായിച്ചിട്ടുള്ളതെന്തെല്ലാമോ പറഞ്ഞു കേൾപ്പിച്ചു. അപ്പോഴാണ് അക്കാ എന്നോട് ചോദിച്ചത്.

“നിനക്ക് വല്ലതും അറിയാമോ? നീ നാട്ടിൽ വളർന്നവളല്ലേ?“

“എന്തറിയാമോ എന്നാണ്..“

“ഞാൻ ഇവിടെയുള്ള ഒരു ജ്യോതിഷിയെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം ജീവിതത്തിൽ തീക്കനൽ‌പ്പാടമായി ഒരു ശാപം വീണുകിടപ്പുണ്ട്. കടലോളം കണ്ണീരു വേണ്ടി വരും അതു കെടുത്തുവാനെന്ന്…… നീ എന്തെങ്കിലും കേട്ടിട്ടുണ്ടോ?“

കൂടുതൽ ഒന്നും കേൾക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. 

മനസ്സിന്റെ തിരശ്ശീലയിൽ വിങ്ങിപ്പൊട്ടുന്ന ഓർമ്മകളും ചോരയിറ്റുന്ന അനുഭവങ്ങളും കാളിമയോടെ നിരന്നു നിന്നപ്പോൾ ഞാൻ തളർന്നിരുന്നു പോയി. 

മഠത്തിൽ നിന്നിറക്കിവിടപ്പെട്ട പെരിയമ്മമാർ പിറന്ന മഠത്തിൽ ഒരിയ്ക്കലും തിരിച്ചു പോകാൻ സാധിയ്ക്കാതെ തെരുവിൽ ഗതികെട്ടു വീണു പോയ അമ്മ.

കാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ ഒരു തുള്ളി വെള്ളം ഇറക്കാനാവാതെ വേദനിച്ചു മരിച്ച മാമാ.

ഭാര്യ ഉപേക്ഷിച്ച അണ്ണാ..

ഗ്യാസ് സ്റ്റൌവിൽ നിന്ന് തീ പിടിച്ചു മരിച്ച ഗർഭിണിയായിരുന്ന അക്കാ..

മക്കളും കൊച്ചുമക്കളും ഭർത്താവും അപകടത്തിൽ മരിയ്ക്കുകയും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്ത മാമി.

ഒരിയ്ക്കൽ പോലും അപ്പാവെ കാണാത്തവരും, നിർബന്ധമായും അമ്മയെ മറക്കേണ്ടി വന്നവരുമായ മക്കൾ..

വൃദ്ധ സദനങ്ങളിൽ മരണത്തെ മാത്രം കാത്തു കഴിയുന്ന, അവസാനമില്ലാത്ത നാമ ജപങ്ങളിൽ മുഴുകിയ താത്താവും പാട്ടിയും .

നീണ്ട മുപ്പതു വർഷങ്ങളിലെ ഒട്ടനവധി സിവിൽ കേസുകൾക്കു ശേഷം ഒരു കല്ലു പോലും ശേഷിയ്ക്കാതെ ഇടിഞ്ഞു തകർന്ന എട്ടുകെട്ട്..അതെല്ലാവരുടേതുമായിരുന്നുഎന്നാൽ എന്റെയും നിന്റെയും എന്ന പിടിവലിയിൽ അത് ആരുടേതുമായില്ല. 

മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകൾക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടർന്ന ജീവിതങ്ങൾ. 

അതിനു ശേഷം എനിയ്ക്ക് ഒട്ടും ഉറങ്ങാൻ സാധിച്ചിട്ടില്ല. യുക്തിയുടെയും ബുദ്ധിയുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും കൂർത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിയ്ക്കുമ്പോൾ പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്റെ മുൻപിൽ ചക്രവാളത്തോളം വലുപ്പമാർന്നു നിൽക്കുന്നു. വിശ്വരൂപം ദൈവങ്ങൾക്കു  മാത്രമാണെന്ന് പറഞ്ഞത് ആരാണ്? കണ്ണീരിനേക്കാൾ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്? മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?

ഭയം വരുമ്പോൾ ചൊല്ലാനായി, ചെറുപ്പന്നേ ഞാൻ മന:പാഠം പഠിച്ച എല്ലാ കവച മന്ത്രങ്ങളും ഇപ്പോൾ മറന്നു പോയിരിയ്ക്കുന്നു……


99 comments:

കുസുമം ആര്‍ പുന്നപ്ര said...

ഞാനാണോ കന്നി വായന. അല്‍പ്പം നീണ്ടതാണേലും ഈ വായന മനസ്സിലൊക്കെ കൊളുത്തിപ്പിടിച്ചു. തെണ്ടി മയിസ്രേട്ട് ഖല്‍ബിനുള്ളിലൂടെ ഒരു കനലു വിതറി കടന്നുപോയി. പ്രിയ കഥാകാരിയ്ക്ക് എന്‍റ നവവത്സരാശംസകള്‍!!!!!!!!!!!!!

the man to walk with said...

മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്…

Best wishes

SHANAVAS said...

ഈ കഥ എച്മുവിന്റെ കയ്യൊപ്പ് പതിഞ്ഞത് തന്നെ..ഇത്രയും വശ്യമായ ഒരു ശൈലി ..ഹോ..എന്നത്തേയും പോലെ മനസ്സിന്റെ കോണില്‍ ദുഃഖം മാത്രം അവശേഷിപ്പിച്ചു ഈ കഥയും..മനസ്സിനെ കൊളുത്തി വലിക്കുന്ന എന്തോ ഒന്ന് എച്ച്മുവിന്റെ കഥകളില്‍ ഉണ്ട്...
എല്ലാ ആശംസകളും..

Pheonix said...

നന്നായിട്ടുണ്ട് ട്ടോ..

Harinath said...

സി.വി. രാമൻപിള്ളയുടെ നോവലാണ്‌ ഓർമ്മയിൽ വന്നത്. അതേ ശൈലി. ഇഷ്ടപ്പെട്ടു. നൊസ്റ്റാൾജിക് ആയ കഥകൾ ഇനിയും ഇങ്ങനെ എഴുതണം.

MURALI NAIR said...

Nannayi to kutee,
MURALI NAIR,
DUBAI

mirshad said...

ആ വാക്കുകളുടെ തീവ്രത എന്നും കെടാതെയിരിക്കട്ടെ ....
വികാരങ്ങളുടെ പാരമ്യത്തിലെ നിര്‍വികാരതയിലേക്ക് ചിന്തിക്കുന്ന (കണ്ണ് തുറന്നിരിക്കുന്ന) ഒരു മനുഷ്യന്‍ എത്തിപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന പച്ചയായ ജീവിതാനുഭവങ്ങള്‍ ...



ഒരെഴുത്തുകാരന്റെ/കാരിയുടെ രചനകള്‍ പഠനവിധേയമാക്കിയാല്‍ അയാളുടെ രചനാ വൈധക്ത്യം മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍ എച്മുവിന്റെ കാര്യത്തില്‍ എച്മിവിനെ തന്നെയാണ്‍ മനസ്സിലാക്കാന്‍ പറ്റുക എന്നു തൊന്നുന്നു . അതായത് എഴുത്തുകളെല്ലാം ചേര്‍ന്ന് എഴുത്തുകാരനെ വരച്ചുകാട്ടുന്നു . . .

Kaithamullu said...
This comment has been removed by the author.
Kalavallabhan said...

പുതുവത്സരാശം സകൾ

ശ്രീ said...

ഈ പുതുവര്‍ഷം ആദ്യം വായിച്ച പോസ്റ്റ്.

കഥ നന്നായെന്നു പറയേണ്ടതില്ലല്ലോ.

പുതുവത്സരാശംസകള്‍ , ചേച്ചീ

Kaithamullu said...

എച്മൂ,
ഞാനിപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ (ശ്രാംബി വളപ്പ്) പൂര്‍വകഥകള്‍ തേടി ചെന്നപ്പോള്‍ (സര്‍പ്പക്കാവ് ഉള്ളതിനാലാണ് അത് വേണ്ടിവന്നത്) എത്തിയത് എച്മു പറഞ്ഞ അതേ സംഭവങ്ങളില്‍. ഇവിടെ വഞ്ചിക്കപ്പെട്ടത് ഒരു പാവം പട്ടര്‍ എന്ന വ്യത്യാസം മാത്രം.

അഭിനന്ദനങ്ങള്‍, എഴുതണമെന്ന് മനസ്സില്‍ തോന്നിയ ഒരു സംഭവം എഴുതിയതിന്, അതും എച്മുവിന്റേത് മാത്രമായ രീതിയില്‍.

പൊട്ടന്‍ said...

എച്ച്മുവിന്റെ ഏറ്റവും മികച്ച കഥയായി എനിക്ക് തോന്നുന്നു. ഒരുപാട് ഡയമെന്‍ഷന്‍ ഉള്ള കഥ. ബ്ലോഗിലെ മികച്ച കഥകളില്‍ ഒന്ന്. ആദ്യ പാരയില്‍ തന്നെ 'തെണ്ടി മൈസ്രേട്ടിന് ഒരു omnipresent ഭാവം, പിന്നെ ഒരു ഒന്നാംതരം കാരിക്കേച്ചര്‍., അവര്‍ വിശ്വരൂപമായി വായനക്കാരന്റെ മനസ്സില്‍ വളരുന്നത്.....

പതിനെഴുവയസ്സുകാരിയുടെ overhearing വഴി വരച്ചുകാട്ടുന്ന കഥാ പശ്ചാത്തല നിര്‍മ്മാണം. വേണ്ടിടത്ത് കുത്തിക്കയറുന്ന സംഭാഷണം കൊണ്ട് ആ കേരിക്കേച്ചരിനെ ഒന്ന് കൂടെ ബലപ്പെടുത്തുന്ന മികവ്.

അമ്മീമ്മ, ജാനകിയമ്മ, പാറുക്കുട്ടി, അമ്മീമ്മയുടെ അക്ക തുടങ്ങി എല്ലാപേര്‍ക്കും നല്‍കുന്ന കൃത്യമായ വ്യക്തിത്വങ്ങള്‍. പെട്ടെന്ന് വായനക്കാരന്റെ ഹൃദയത്തില്‍ കടന്നു ചെല്ലുന്നു.

ഒടുവില്‍, വായനക്കാരന്‍റെ ചിന്തയും കഥപറയുന്ന ആ പതിനേഴുകാരിയുടെ ചിന്തയും ഒന്നാകുമ്പോള്‍ സംതൃപ്തമായ ഒരു പര്യവസാനം വായനക്കാരന് അനുഭവമായി മാറുന്നു.

എച്ച്മുവിനോ, വായനക്കാര്‍ക്കോ അറിയാത്ത കാര്യങ്ങള്‍ അല്ല ഞാന്‍ ഇവിടെ പറഞ്ഞത്.

വായനക്കാരന്‍ എന്നാ നിലയില്‍ സംതൃപ്തി ലഭിക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദവും ആരാധനയും ഉണ്ടാകും.

അത് പങ്കു വച്ച് എന്ന് മാത്രം.

ചന്തു നായർ said...

സന്തോഷം തോന്നി ഈ നല്ല കഥ വായിച്ചപ്പോൾ,ആ രചനാരീതി കണ്ടപ്പോൾ..ഒപ്പം ദുഖവും..ഇമ്മാതിരി മനസ്സിൽ കിടക്കുന്ന കഥാപാത്രങ്ങളെചുറ്റിപ്പറ്റി കഥയെഴുതാനുള്ള സമയക്കുറവിനെക്കുറിച്ചോർത്ത്.... ഉയരുക കുഞ്ഞേ വാനോളം..എഴുതുക കുഞ്ഞേ നല്ല വായനക്കാർക്കായി...ഇവിടെ കഥയെ തലനാരിഴകീറി പരിശോദിക്കുന്നില്ലാ...പറയുന്നുമില്ലാ..പ്രീയ എച്ചുമുക്കുട്ടിക്ക് ആദരവ് നിറഞ്ഞ അഭിനന്ദനങ്ങൾ മാത്രം....

khaadu.. said...

നല്ല ശൈലിയില്‍ നന്നായി എഴുതി... വാക്കുകളുടെ തീവ്രത പ്രത്യേകം പറയേണ്ടിയിരിക്കുന്നു... എല്ലാം കൊണ്ടും നല്ലൊരു കഥ...

സ്നേഹാശംസകള്‍...

ചാണ്ടിച്ചൻ said...

എന്താണ് പറയേണ്ടതെന്നറിയില്ല.....വീണ്ടും മനസ്സിനെ കഠിനമായി മഥിച്ചിരിക്കുന്നു ഈ കഥ....
എന്തൊക്കെ പറഞ്ഞാലും, സാങ്കേതികമായി എത്രയൊക്കെ പുരോഗമിച്ചാലും, നമുക്കൊന്നും ഒരിക്കലും നിര്‍വചിക്കാനാവാത്ത എന്തെല്ലാം ഇനിയുമുണ്ട്, ഈ ലോകത്ത്....

viddiman said...

എല്ലാ നാട്ടിൻപുറങ്ങളിലുമുണ്ടാവും, ഇങ്ങനെ ശാപം പേറുന്ന തലമുറകൾ..

Satheesan OP said...

നല്ല വായന ..നല്ല കഥ ..
പൊട്ടന്‍ മാഷ് പറഞ്ഞതെല്ലാം തന്നെയാണ് എനിക്കും പറയാനുള്ളത് ...
എന്നതെതും പോലെ മുറിവേറ്റ സ്ത്രീ കഥാപാത്രങ്ങളും ..
വളരെ ഇഷ്ടായി ..ആശംസകള്‍

ജന്മസുകൃതം said...

പറയാന്‍ വാക്കുകള്‍ നഷ്ടമാകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. മനസ്സില്‍ വികാരം നിറഞ്ഞു മുറ്റുംപോള്‍.....സന്തോഷമായാലും സങ്കടമായാലും....
ഇപ്പോള്‍ ഒരു നല്ല കഥ വായനയ്ക്കായി തന്നതിന്റെ സന്തോഷം ....അതോടൊപ്പം കഥാ പാത്രങ്ങള്‍ നല്‍കിയ നീറുന്ന വേദന....
ഞാനെന്താണ് പറയേണ്ടത്?
നന്ദി എച്മു.....തുടരുക ഈ സപര്യ....
ആശംസകളോടെ
ലീല ടീച്ചര്‍

പാവത്താൻ said...

പതിവു പോലെ തന്നെ.. മനോഹരമായിരിക്കുന്നു.

പ്രയാണ്‍ said...

തേച്ചാലും മായ്ച്ചാലും പോവാതെ ചില ശാപങ്ങള്‍ ........

keraladasanunni said...

എച്ച്‌മുക്കുട്ടിയുടെ മികച്ച കഥകളില്‍പെടുത്താവുന്ന ഒന്നാണ് ഇത്. നല്ല ശൈലിയും രചനാ വൈഭവവും കഥയെ ഒന്നാന്തരമാക്കി.

Prabhan Krishnan said...

വിശ്വരൂപം ദൈവങ്ങൾക്കു മാത്രമാണെന്ന് പറഞ്ഞത് ആരാണ്? കണ്ണീരിനേക്കാൾ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്? മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?


ഒന്നും പറയാനില്ല.
പതിവുപോലെ കത്തുന്ന എഴുത്ത്.

പുതുവത്സരാശംസകളോടെ....പുലരി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അധികമാരും കടന്നു ചെല്ലാത്ത ഒരിടം കഥാപാശ്ചാത്തലമാക്കിയതിന്റെ കൈപ്പുണ്യമാണീ വരികള്‍ .അതിന്‍റെ മനോഹാരിത ഒരിക്കലും മായാതെ മനസ്സിലുടക്കി നില്‍ക്കുന്നു.
"പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ല. അത് നിശ്ശംണ്ടോ?"
ഇങ്ങിനെയുള്ള ഒട്ടനവധി പ്രയോഗങ്ങള്‍ കഥയെ കണ്ടനുഭവിച്ച ഒരു കാലത്തിന്‍റെ നേര്‍ക്കാഴ്ച്ചയാക്കി. ഈ കഥ എച്ച്മുവിന്റെ ഏറ്റവും നല്ല സൃഷ്ടിയായി മാറാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
അഭിനന്ദനങ്ങളോടെ..

റോസാപ്പൂക്കള്‍ said...

എച്ചുമു.ഈ കഥ വളരെ നന്നായി.മനസ്സിനെ കൊളുത്തി വലിക്കുന്ന കഥാ പാത്രങ്ങള്‍ .കൊളുത്തി വലിക്കുന്ന വാചകങ്ങള്‍.
ഇതെല്ലം എച്ചുവിനു മാത്രം കഴിയുന്നത്.പുതു വല്സരാസംസകള്‍.
2012 എച്ചുവെന്ന ഈ പ്രിയ എഴുത്ത്കാരി ബ്ലോഗുലകത്തിലേതു പോലെ അച്ചടി മാധ്യമത്തിലെയും മുഖ്യ വിഷയമാകുവാന്‍ ആശംസ

സേതുലക്ഷ്മി said...

എച്ച്മുവിന്റെ കഥകള്‍ വായിക്കുമ്പോള്‍ കണ്ണു നിറഞ്ഞ് ഒഴുകാറില്ല. പകരം ഗദ്ഗദം തൊണ്ടയിലിരുന്നു വിങ്ങി വിങ്ങി...

ശ്രീനാഥന്‍ said...

മഠങ്ങൾക്കുമുകളിൽ പെയ്ത ശാപാഗ്നിയുടെ പൊരുൾ കത്തിത്തീരാത്ത കനലെരിയുന്ന കഥാകാരിയുടെ മനസ്സ് ചുരുളഴിച്ചതിന്റെ നടുക്കം വിട്ടുമാറുന്നില്ല, എ ച്ച്മുക്കുട്ടി കഥാകാരിയായത് അമ്മീമ്മ കേട്ട കഥകളെല്ലാം കാതോർത്തതു കൊണ്ടായിരിക്കാമെന്നു തോന്നുന്നു. എന്റെ കുട്ടിക്കാലത്തും ഒരു ജാനകിയമ്മ (വിശ്വസിക്കുമോ, അതു തന്നെയായിരുന്നു അവരുടെ പേർ) എന്റെ അഛമ്മയോട്ടും പിൽക്കാലത്ത് അമ്മയോടും പറഞ്ഞിരുന്ന നാട്ടുകഥകൾ ഒളിഞ്ഞും തെളിഞ്ഞും കേട്ടിരുന്നത് കൌതുകത്തോടെ ഓർത്തു പോയി. പിന്നെ ഞങ്ങളുടെ നാട്ടിൽ വെറുതെ കറങ്ങിനടന്നു സമയം കളയുന്ന കുട്ടികളെ അമ്മമാർ ശകാരിച്ചിരുന്ന വാക്കായിരുന്നു തെണ്ടിമയിസ്രേട്ട്. ഒരു കഥ ഒരു വായനക്കാരനിൽ എത്ര കഥയുണ്ടാക്കുന്നു/ ഓർമിപ്പിക്കുന്നു അല്ലേ? നന്ദി.

ശ്രീനാഥന്‍ said...

മഠങ്ങൾക്കുമുകളിൽ പെയ്ത ശാപാഗ്നിയുടെ പൊരുൾ കത്തിത്തീരാത്ത കനലെരിയുന്ന കഥാകാരിയുടെ മനസ്സ് ചുരുളഴിച്ചതിന്റെ നടുക്കം വിട്ടുമാറുന്നില്ല, എ ച്ച്മുക്കുട്ടി കഥാകാരിയായത് അമ്മീമ്മ കേട്ട കഥകളെല്ലാം കാതോർത്തതു കൊണ്ടായിരിക്കാമെന്നു തോന്നുന്നു. എന്റെ കുട്ടിക്കാലത്തും ഒരു ജാനകിയമ്മ (വിശ്വസിക്കുമോ, അതു തന്നെയായിരുന്നു അവരുടെ പേർ) എന്റെ അഛമ്മയോട്ടും പിൽക്കാലത്ത് അമ്മയോടും പറഞ്ഞിരുന്ന നാട്ടുകഥകൾ ഒളിഞ്ഞും തെളിഞ്ഞും കേട്ടിരുന്നത് കൌതുകത്തോടെ ഓർത്തു പോയി. പിന്നെ ഞങ്ങളുടെ നാട്ടിൽ വെറുതെ കറങ്ങിനടന്നു സമയം കളയുന്ന കുട്ടികളെ അമ്മമാർ ശകാരിച്ചിരുന്ന വാക്കായിരുന്നു തെണ്ടിമയിസ്രേട്ട്. ഒരു കഥ ഒരു വായനക്കാരനിൽ എത്ര കഥയുണ്ടാക്കുന്നു/ ഓർമിപ്പിക്കുന്നു അല്ലേ? നന്ദി.

ഭാനു കളരിക്കല്‍ said...

വീണ്ടും വേദനിപ്പിക്കുന്ന മറ്റൊരു മഹത്തായ കഥ.
കഥയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ എന്തുകൊണ്ടാണ് എച്ചുമു ശ്രദ്ധിക്കാതെ ഇരിക്കുന്നതെന്നുള്ള ഒരു വിമര്‍ശനം മുന്നോട്ടുവെക്കുന്നു.

മനോജ് കെ.ഭാസ്കര്‍ said...

എച്ചുമുവിന്റെ കൈയ്യൊപ്പു പതിഞ്ഞ മറ്റൊരു കഥകൂടി....
എന്റെയും നിന്റെയും എന്ന പിടിവലിയിൽ ആരുടേതുമാവാതെ പോയ ജീവിതങ്ങള്‍..
സത്യം വിളിച്ചു പറയുന്ന "തെണ്ടി മയിസ്രേട്ട്"..

അഭിനന്ദനങ്ങള്‍ ഒപ്പം

നല്ലൊരു വര്‍ഷവും ആശംസിക്കുന്നു.

വീകെ said...

‘കഥയല്ലിത് ജീവിതം’ എന്നെനിക്കു തോന്നുന്നു.

കഥ മനസ്സിൽ തട്ടി.
ആശംസകൾ...

സുഗന്ധി said...

നല്ലൊരു കഥ തന്നതിനു നന്ദി എച്മൂ.....

Yasmin NK said...

നല്ല കഥ എചുമൂ...വരികള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്.
അഭിനന്ദനങ്ങള്‍...

പട്ടേപ്പാടം റാംജി said...

ശാപങ്ങള്‍ വന്നു വീഴുന്ന വഴികള്‍ വളരെ കണിശമായി കുറെ സംഭവങ്ങളിലൂടെ സുന്ദരമായി തീവ്രമാക്കിയിരിക്കുന്ന കഥ വളരെ ഇഷ്ടപ്പെട്ടു.
കഥാപാത്രങ്ങള്‍ ഒന്നുപോലും മനസ്സില്‍ മായാതെ പതിഞ്ഞു.

siya said...

എച്ചുമോ -എന്നും ഇവിടെ വരുന്ന കഥകള്‍ വായിച്ചു തീരുമ്പോള്‍ ....അവശേഷിക്കുന്നത് ഒന്നും തിരിച്ച് എഴുതാന്‍ കിട്ടാതെ വിഷമിക്കുന്ന എന്നെ ആണ് .
ഇനിയും ഒരുപാടു ഒരുപാടു എഴുതുവാന്‍ ന്‍ കഴിയട്ടെ.സ്നേഹം നിറഞ്ഞ പുതു വര്ഷാശംസകളും ,കൂടെ എല്ലാ നന്മകളും നേരുന്നു .

പഥികൻ said...

നല്ല രചന..ഈ പുതുവത്സരത്തിൽ ആദ്യം വായിച്ച ബ്ലോഗ്....

എല്ലാ‍ ഭാവുകങ്ങളും..

സങ്കൽ‌പ്പങ്ങൾ said...

നല്ല കഥ.മനോഹരമായി പറഞ്ഞു.കേൾക്കാത്തഭാഷയിൽ ആശംസകൾ.

jayanEvoor said...

നല്ല കഥ!


("തെണ്ടി മയിസ്രേട്ട്" ente amma sthiramaayi upayogichirunna oru prayogam! It might have been so common in VALLUVANADU / PALAKKAD those days!)

My malayalam font doesn't work!

ഷാരോണ്‍ said...

കഥ കൊള്ളാം. (ഒത്തിരി ബോറന്‍ ഡയലോഗുകള്‍ ഒന്നും പറയുന്നില്ല)

പൈമ said...

നല്ല വായന തന്നതിന് കിടക്കട്ടെ പൈമയുടെ വക ഒരു കമണ്ട ..ഒരു വ്രെദ്ധയെ തെരുവുകളില്‍ കാണുന്നുണ്ടാവും എന്നാലും ...ഇത്തരം ഒരു കഥതന്തു കിട്ടാന്‍ ബുദ്ധിമുട്ടാണ് ..കഥാകാരിയുടെ തൂലികതുംബിലെ ആ മഷിയോടും ഈ കഥക്കുള്ള നന്ദി അറിയിക്കുന്നു

Pradeep Kumar said...

ഭംഗിയായി എഴുതിയിട്ടുണ്ട് കല...

നിലവാരമുള്ള ഈ കഥയെക്കുറിച്ച് ഞാന്‍ എന്തു പറയാനാണ്... സൂക്ഷ്മനിരീക്ഷണപാടവം പ്രദര്‍ശിപ്പിക്കുന്ന കഥാപരിസര നിര്‍മിതിയും , പരിചിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് രൂപം പ്രാപിക്കുന്ന തിളക്കമുള്ള കഥാപാത്രങ്ങളും, അസ്വാഭാവികത ലവലേശമില്ലാത്ത കഥാസന്ദര്‍ഭങ്ങളും.... കൗമാരക്കാരിയായ ആ കഥാപാത്രത്തിന്റെ മനോവിനിമയങ്ങളിലൂടെയും , പ്രതികരണങ്ങളിലൂടെയും വികസിച്ചു വന്ന കഥയെ പരിസരത്തെയും കാലത്തെയും മാറ്റി പ്രതിഷ്ടിച്ച് പരിസമാപ്തിയിലെത്തിക്കുന്നതും എല്ലാം നല്ല കൈയ്യടക്കത്തോടെ നിര്‍വ്വഹിച്ചിരിക്കുന്നു....

Ismail Chemmad said...

വീണ്ടും വെക്തമായ സ്ത്രീ പക്ഷ എഴുത്തെന്ന ചെറിയ പരിഭവം ഉണ്ടെങ്കിലും , ബൂലോകത്ത് എന്റെ പ്രിയപ്പെട്ട കഥ കാരിയുടെ ഈ കഥയും ശക്തമായ കഥാപാത്രവും മൂര്‍ച്ചയേറിയ വാക്കുകു കൊണ്ടു അത്ഭുതപ്പെടുത്തുന്നു.

വേണുഗോപാല്‍ said...

ഒന്നാം തരം എന്നല്ലാതെ എന്താ പറയാ ...
ഓരോ കഥകളും വായിച്ചു കഴിയുമ്പോള്‍ ഒന്നേ കുറിക്കാന്‍ ഉള്ളൂ ..
വശ്യമായ ആ ആഖ്യാന ശൈലീ ആവര്‍ത്തിക്കുന്നു എന്ന് മാത്രം .
പുതു വര്‍ഷം ഈ എഴുത്തുകാരിക്ക് മികച്ചതാവട്ടെ എന്നാശംസിക്കുന്നു

അനില്‍കുമാര്‍ . സി. പി. said...

വായിച്ചു എച്മു ...

Abdulkader kodungallur said...

എച്ചുമുക്കുട്ടിയുടെ പതിവ് ശൈലിയില്‍ നല്ല നിലവാരം പുലര്‍ത്തുന്ന എഴുത്തിന് അനുഭവത്തിന്റെ ചൂടും ചൂരും പകര്‍ന്നപ്പോള്‍ കേവലം ഒരു കഥയ്ക്കുമപ്പുറം നിര്‍വ്വചിക്കാനാവാത്ത മറ്റൊരു സമസ്യയായി മാറി ഈ സൃഷ്ടി . ഭാവുകങ്ങള്‍ .

Akash nair said...

എച്ച്മുവിന്റെ പോസ്റ്റുകൾ ഏറ്റവും മികച്ചത്.. ഫൈവ് സ്റ്റാർ റേറ്റിംഗ് തന്നെ കൊടുക്കണം.. വാകുകളിലെ തീവ്രതയും എഴുത്തിന്റെ ശൈലിയും അതാണ് എച്ച്മുവിന്റെ പോസ്റ്റുകളുടെ പ്രത്യേകത...
ആശംസകൾ...

Mohiyudheen MP said...

തികഞ്ഞ സ്ത്രീപക്ഷ എഴുത്തുകാരി തന്നെയാണ്‌ കലച്ചേച്ചി എന്നുള്ള വായനക്കാരുടെ അഭിപ്രായത്തിന്‌ ശക്തി പകരുന്ന മറ്റൊരു മനോഹരമായ കൃതി. ഇതൊക്കെ വായിച്ച്‌ അഭിപ്രായം പറയാനുള്ള ശേഷി എനിക്കില്ല. തെണ്‌ടി മജിസ്ടേറ്റിന്‌റെ ജീവിതം മനസ്സിലേക്ക്‌ വല്ലാതെ പതിഞ്ഞു.

ആ ശാപത്തിന്‌റെ അവകാശികള്‍ !

പുരുഷന്‍മാരുടെ ചുമതല തീരുന്ന ഭാഗം എഴുതിയത്‌ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. തെണ്‌ടി മയിസ്റ്റ്രേട്ട്‌ ഒരു കനല്‍ കൂമ്പാരം മുഴുവന്‍ മനസ്സിലിട്ട്‌ നടക്കുകയാണ്‌, തന്നെ അത്തരത്തിലാക്കിയവരെ ജീവിതം മുഴുവന്‍ പ്രാകി നടക്കുകയാണ്‌. അതില്‍ സത്യമുണ്‌ട്‌. അതാണവരുടെ ശക്തി. അഭിനന്ദങ്ങള്‍ ചേച്ചി... എല്ലാവിധ ആശംസകളും..

അല്ല ഈയിടയായി നമ്മുടെ ബ്ളോഗിലേക്കേ കാണാറില്ല. എന്നാലും എനിക്ക്‌ പ്രശ്നമൊന്നുമില്ല കെട്ടോ? തുടക്കത്തില്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്തയാളുകളില്‍ രണ്‌ടാമത്തെയാളാണ്‌ താങ്കള്‍. മാണിക്യവും, എചുമോടും എനിക്ക്‌ നന്ദിയുണ്‌ട്‌. എന്നെന്നും വന്നില്ല്ളേ ലും ഇടക്കൊക്കെ ഒന്ന്‌ വരണം കെട്ടോ ?

mini//മിനി said...

കഥയിലൂടെ ഒരു വ്യക്തിയുടെ ചിത്രം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

പുതുവത്സരാശംസകൾ

Unknown said...

അക്ഷരങ്ങള്‍ കൊണ്ടു തീ ആളി പടര്‍ത്തുന്ന ഭാഷ!അപ്രിയമായ സത്യങ്ങള്‍ മാത്രം വിളിച്ചു പറയുന്ന വിഷയങ്ങള്‍!അര്‍ഹിക്കുന്ന ശ്രദ്ധ എച്മുവിനു ഇനീം കിട്ടീട്ടില്ല!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പതിവുപോലെ തന്നെ ഗംഭീരം...എച്ചുമൂവുടെ കഥകൾക്ക് അഭിപ്രായം പറയാനുള്ള കഴിവില്ല. എന്നാലും പറയുന്നു. മനസ്സിൽ തട്ടി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ വലിയ എഴുത്തുകാരിക്ക് ഒരു നല്ല വർഷം ആശംസിക്കുന്നു

faisu madeena said...

ഒന്നുമില്ല പറയാന്‍ .......

ബഷീർ said...

മനസിന്റെ കോണില്‍ ഒരു നൊമ്പരമവശേഷിപ്പിച്ച ഈ കഥ ഏറെനാളുകള്‍ അവിടെ തന്നെ ഉണ്ടാവും.. നീണ്ടതെങ്കിലും ആകാംക്ഷ കെടാതെ അവസാനം വരെ വായിച്ചു..

Anonymous said...

ethra theeshnamaaya vakkukal

Muralee Mukundan , ബിലാത്തിപട്ടണം said...

“മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്…
ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകൾക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടർന്ന ജീവിതങ്ങൾ....!“

കാളകളെ കാഞ്ഞിരവടി കൊണ്ട് പൊതിരെ പൂശുന്ന പോലെ , നമ്മടെ തനി നാട്ടുഭാഷപ്രയോഗങ്ങൾ കൊണ്ട് , ഒരു ഉശിരൻ പെടക്കലാണ് നടത്തിയിരിക്കുന്നതിവിടെ കേട്ടൊ എച്മു ..!

അല്ലാ..; എച്മുവിനെപ്പോലെ ഇതുപോലെ അടിച്ച് നീറ്റലുണ്ടാക്കുവാൻ ബൂലോഗത്ത് വേറെ ആർക്കാണ് കഴിയുക ..അല്ലേ ?

Anurag said...

വായിച്ചു,വളരെ ഇഷ്ടപ്പെട്ടു

ആത്മ/പിയ said...

കഥ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു...
ഇങ്ങിനെ സമൂഹത്തില്‍ അവഗണിക്കപ്പെട്ട മനുഷ്യരെ അറിയാനും 
മനസ്സിലാക്കാനും, അത് വല്ലാത്ത ഒരു മാസ്മരികതയോടെ വായനക്കാരുടെ 
ഹൃദയത്തില്‍ എത്തിക്കാനും കഴിയുന്നത് വലിയ 
ഒരു ദൈവാനുഗ്രഹമാണ്‍...!
അഭിനന്ദനങ്ങള്‍ ദൈവത്തിന്റ്ര് പ്രിയ എഴുത്തുകാരീ...!

രമേശ്‌ അരൂര്‍ said...

എഴുത്തിലൂടെ നടത്തുന്ന വിമോചന സമരത്തിന് ഐക്യദാര്‍ഢ്യം..ആശംസകള്‍ ..:)

കല്യാണി രവീന്ദ്രന്‍ said...

വളരെ നന്നായിരിക്കുന്നു.. ആശംസകള്‍

Sidheek Thozhiyoor said...

മൂര്‍ച്ചയുള്ള വരികള്‍ കൊണ്ട് വീണ്ടും ഒരു കഥ ഹൃദയത്തില്‍ കോറിയിട്ടു...നീറ്റല്‍ മാറാന്‍ കുറച്ചു സമയമെടുക്കുമെന്ന് തോന്നുന്നു

അലി said...

മനസ്സിലൂടെ ഒരു പോറലേൽപ്പിച്ചുപോയി ഈ കഥ.
പുതുവത്സരാശംസകൾ!

yemceepee said...

എന്നത്തേയും പോലെ എച്ചുമുവിന്‍റെ മനോഹരമായ രചന. വാക്കുകള്‍ പോളിഷ് ചെയ്തു മിനുക്കാതെ കഠിനമായ വികാരതീവ്രതയോടെയും മൂര്‍ച്ചയോടെയും ഉപയോഗിച്ചിരിക്കുന്നു.കൂടുതല്‍ പറയാന്‍ ഞാനാളല്ല .... എല്ലാ ഭാവുകങ്ങളും.

mayflowers said...

ഇതിലെ വരികള്‍ക്ക് അഗ്നിയുടെ ചൂടുണ്ട്.
വായിച്ചു കഴിയുമ്പോഴേക്ക് അതിന്റെ ജ്വാലയില്‍ നമ്മള്‍ കരിഞ്ഞു പോകുന്നു..
തുളുമ്പിപ്പോകാത്ത ഈ ശൈലിയെ അഭിനന്ദിക്കാന്‍ സത്യമായും എനിക്ക് വാക്കുകളില്ല.

Umesh Pilicode said...

:)

മഹേഷ്‌ വിജയന്‍ said...

തെണ്ടി മയിസ്രേട്ടെന്ന കഥാപാത്രം ഒരു നൊമ്പരമായി ഉള്ളിലെവിടെയോ അലയടിക്കുന്നു.....!!
കഥ വളരെ നല്ലതാണ് എന്ന് പറഞ്ഞാല്‍ അത് മതിയാവില്ല എന്ന് തോന്നുന്നു....!!

ente lokam said...

അനീതിക്ക് എതിരെ ശബ്ദം ഉയര്തുന്നവര്‍ എക്കാലത്തും
വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ ആണ്‌..

അവയുടെ അളവ് ഇറങ്ങിതിരിക്കുന്നവരുടെ കുലവും
ഗോത്രവും തുടങ്ങി അടിവേരുകള്‍ പിഴുതു എടുക്കാന് പോന്ന അന്വേഷണ ത്വരയോടെയും ആവും...

എല്ലാവരുടെയും ലക്‌ഷ്യം ഒന്ന് മാത്രം..എങ്ങനെയും പറയുന്നവരുടെ
വായ അടപ്പിക്കുക...അതിനു ഏത് കുത്സിത മാര്‍ഗവും അവര്‍ സ്വീകരിക്കും..

ഒരു സാധാരണകാരിയിലൂടെ ഇത്ര മനോഹരം ആയി ഈ വിഷയം
അവതരിപ്പിച്ച എച്ച്മുവിനു അഭിനന്ദനങ്ങള്‍.......

Unknown said...

കഥ നന്നായിരിക്കുന്നു ..കുറച്ചു നീണ്ടു പോയി
പതിപ് പോലെ ഇതിലും ഒരുപാട് ചോദ്യ ശരങ്ങള്‍ പങ്ക് വെക്കുന്നു കഥാകാരി ....

മൻസൂർ അബ്ദു ചെറുവാടി said...

പതിയെ പറഞ്ഞ് അക്ഷരങ്ങളിലൂടെ വായനയെ അനുഭവമാക്കുന്ന കഥാശൈലി.
ഇവിടെ പറഞ്ഞ കഥ, കഥാപാത്രങ്ങള്‍ എല്ലാം ഇപ്പോഴും എന്‍റെ കൂടെയുണ്ട്.
സ്നേഹവും, വികാരവും, പ്രണയവും, പ്രതിഷേധവും വേദനയും എല്ലാം പങ്കുവെക്കുന്ന കഥ.
നന്നായി ആസ്വദിച്ച രചന. അഭിനന്ദനങ്ങള്‍

കെ.എം. റഷീദ് said...

എച്ച്ചുമ്മു വിന്റെ ബ്ലോഗു ഒരിക്കലും നിരാശമാക്കാറില്ല.
കണ്ണീരിന്റെ നനവും, ജീവിതത്തിന്റെ ഗന്ധവും ഉള്ള കഥ കളാണ് അതില്‍ അതികവും
ഇതെല്ലം ഒരു പുസ്തകമായി പ്രസിദ്ധീകരിചൂടെ.

2012 ബ്ലോഗില്‍ വായിച്ച ഏറ്റവും നല്ല കഥ

മുകിൽ said...

abhinandanangal echmukuty.

സുസ്മേഷ് ചന്ത്രോത്ത് said...

'തെണ്ടിമയിസ്രേട്ട്' കഥവായിച്ചു.എല്ലാവരും പറയും പോലെ ഇതൊരു നല്ല കഥയായി എന്നു പറയാന്‍ എനിക്കു വയ്യ.
കഥയായിട്ടുണ്ടാവാം.ശക്തിയും സൌന്ദര്യവുമുള്ള നല്ല രചനയായില്ല.അതായത് മികച്ച സമകാലിക കഥകളിലൊന്നായില്ല.
എന്നാല്‍,ഓര്‍മ്മയെന്നോ,അനുഭവമെന്നോ ആണ് ലേബലെങ്കില്‍,ഞാന്‍ പറയും ഇത് ഒന്നാന്തരമായിരിക്കുന്നു എന്ന്.അതില്‍ സംശയം വേണ്ട.നല്ലഭാഷയും ഔചിത്യമുള്ള ആഖ്യാനവും.

പ്രദീപ്‌ രവീന്ദ്രന്‍ said...

ഒരു കഥ വായിക്കുമ്പോള്‍ അതിലെ കഥാ സന്ദര്‍ഭങ്ങള്‍ വായനക്കാരന്റെ മുന്നില്‍ വിഷ്വല്‍സ് ആയി തെളിയിക്കുക എന്നത് അസാധാരണ പ്രതിഭ ഉള്ള എഴുതുക്കാര്‍ക്കെ കഴിയു.
ആ അനുഗ്രഹം ഉള്ള ഒരു എഴുത്തുകാരി ആണ് കല. പതിവുപോലെ മനോഹരമായിട്ടുണ്ട് ഈ പോസ്റ്റും.
അപ്പോഴും എനിയ്ക്ക് ആ പഴയ പരാതി ഉണ്ട്. എം. ടി യും, മുകുന്ദനും ഉള്‍പെട്ട മലയാളത്തിന്റെ സുവര്‍ണ കാലഘട്ടത്തിലെ അതെ കഥാ സന്ദര്‍ഭങ്ങള്‍ വീണ്ടും. ആ നിലവാരത്തില്‍ താങ്കള്‍ എത്തുന്നും ഉണ്ട്. അപ്പോഴും ഒരു പുതുമയുടെ അഭാവം ഫീല്‍ ചെയ്യുന്നു.
പിന്നെ വരികള്‍ക്കിടയില്‍ പുരുഷ മേല്ക്കൊയ്മകെതിരെ ഉള്ള അഗ്നി. ശരിയാണ് "ന സ്ത്രീ സ്വാതത്ര്യം അര്‍ഹതി" എന്ന് കരുതി ഇരുന്ന ഒരു കാലഘട്ടം ഉണ്ടാരുന്നു നമുക്ക്. പക്ഷെ ഇപ്പോള്‍ ഒരു പരിധി വരെ അതൊക്കെ മാറിയിട്ടില്ലേ..? ഇപ്പോള്‍ സമൂഹത്തിലെ എല്ലാ തട്ടിലും സ്ത്രീകള്‍ക്ക് അംഗീകാരം ഉണ്ട്. സ്വന്തം വിവാഹത്തിലും, പ്രണയത്തിലും, ജോലിയിലും സ്വന്തം ആയ നിലപാട് സ്വീകരിക്കാന്‍ വലിയൊരു ശതമാനം പെണ്ണ്കുട്ടികള്‍ക്കും ഇന്ന് ആകുന്നുണ്ട്. സാധാരണ ഒരു അന്തരീക്ഷത്തില്‍ സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീ തന്നെ ആണ് എന്നതും ഒരു സത്യം ആണ്. പിന്നെ കേരളത്തിന്‌ പുറത്തു പോകുന്ന (എല്ലാവരും അല്ല ട്ടോ) പെണ്ണ്കുട്ടികള്‍ ഈ സ്വാതന്ത്ര്യം നന്നായി ദുരുപയോഗം ചെയ്യുനും ഉണ്ട്. അതായത് സ്ത്രീപക്ഷ വാദം, സ്ത്രീ പക്ഷ എഴുത്ത് എന്നതൊക്കെ കാലഹരണ പെട്ടതാണ്, പുതിയ ആശയങ്ങളും ചിന്തകളും ആണ് ഇന്നിനു ആവശ്യം.
പിന്നെ ഒരുകാര്യം കൂടി രാജലക്ഷ്മിയും, മാധവികുട്ടിയും ഒഴിച്ചിട്ട സീറ്റുകള്‍ ഇന്നും ശൂന്യമാണ്. ശ്രമിച്ചാല്‍ മലയാളത്തിനു ഒരു നല്ല കഥാകാരിയെ കൂടി കിട്ടും.

ഒരു യാത്രികന്‍ said...

ഉള്ളു പൊള്ളുന്ന കഥകള്‍ ഇങ്ങനെ പറയാന്‍ എച്ചുമുവിനെ കഴിയൂ. അഭിനന്ദിക്കാന്‍ വാക്കുകള്‍ പരതുന്നു.......സസ്നേഹം

ഓക്കേ കോട്ടക്കൽ said...

ഒട്ടും അതിശയോക്തി തോന്നിക്കാതെ സാദാ നാട്ടുമ്പുറത്തിന്റെ സാധാരണ കഥ, മനസ്സിനെ കുടുക്കിയിടുന്ന വിധം മികവുറ്റ ശൈലിയില്‍ ജീവിതത്തോടു ഒട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളെ വെച്ച് ഇവിടെ അക്ഷരങ്ങളാക്കിയപ്പോള്‍
തെണ്ടി മയിസ്രേട്ട്
അമൂല്യമായ ഒരു വായനാനുഭവം സമ്മാനിച്ചു.

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി. നന്നായി അവതരിപ്പിച്ചു.

valsan anchampeedika said...

Newyear post interesting. Thank u Echmuttye.

Jyothi Sanjeev : said...

njan ee varsham vaayicha aadhyatthe post. valare nannaayi. nava valsara aashamsakal

Sandeep.A.K said...

കല ചേച്ചിയ്ക്ക്‌ ...
ഈ അനിയന്‍ പുതുവര്‍ഷ നന്മകള്‍ നേരുന്നു...

കഥ ഇഷ്ടമായി എന്ന് തന്നെ പറയാം.. എന്നാല്‍ കഥയുടെ ആദ്യഭാഗം എനിക്ക് അത്ര രസം തോന്നിയില്ല.. ഒരു കഥാപാത്രത്തിന്റെ അവതരണം കഥയില്‍ തന്നെ വരണമെന്നും, രൂപവര്‍ണ്ണനകള്‍ ഒഴുവാക്കാമെന്നും വെറുതെ തോന്നിയെനിക്ക്.. അതൊക്കെ പഴകി പതിഞ്ഞ ആഖ്യാനരീതിയല്ലേ ചേച്ചി.. ഞാന്‍ അപ്പോള്‍ ഓര്‍ത്തത് പാവങ്ങളില്‍ ജീന്‍വാല്‍ജീനെ വര്‍ണ്ണിക്കുന്ന ആ ആദ്യഭാഗം ആണ്... :)

എന്നാല്‍ ഞാന്‍ എന്ന കഥാപാത്രത്തില്‍ കഥ പറഞ്ഞു വരുന്ന ഭാഗം മുതല്‍ മികവ് പുലര്‍ത്തി തുടങ്ങി... കഥയില്‍ വരുന്ന ഓരോ കഥാപാത്രങ്ങളും കഥയുള്ളവരാവുന്നു.. അതിന്റെ പ്രത്യേകവിന്യാസം മികച്ചത് തന്നെ.. അമ്മൂട്ടിയുടെ ഗര്‍ഭത്തിനുത്തരവാദിയാര്..?? എന്നറിയാന്‍ വായനക്കാരന്‍ അവസാനം വരെ ആവേശത്തോടെ വായിച്ചു തീര്‍ക്കുമ്പോള്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു ജാനകിയമ്മയുടെ ശാപത്തിന്റെ ശക്തിയില്‍ തകര്‍ന്നടിഞ്ഞ തറവാടിന്റെ ചിത്രം വായനക്കാരനിലേക്ക് എറിഞ്ഞിട്ടു തരികയാണ് കലചേച്ചി... അതിനു എന്റെ പ്രത്യേകം കയ്യടി.... ആസ്വാദനപ്രദമായി ഈ കഥയും എന്ന് ഒരിക്കല്‍ കൂടി അറിയിക്കുന്നു..

സ്നേഹപൂര്‍വ്വം
സന്ദീപ്‌

Anonymous said...

എച്ചൂ...ഞാന്‍ ഇങ്ങോട്ട് വന്നിട്ട് കുറച്ചായി ലെ?
മനപ്പൂര്‍വം അല്ലാട്ടോ... വായിക്കുന്നുണ്ട്..
മടി വല്ലാതെ പിടി കൂടുന്നു.
പിന്നെ എച്ചുവിനു ഒരു കമ്മന്റ് ഇടുമ്പോള്‍ നന്നായിട്ടുണ്ട് എന്ന് മാത്രം ഇട്ടു പോകാന്‍ എന്റെ മനസ്സ് അനുവദിക്കാറില്ല..
സിയാ പറഞ്ഞത് പോലെ തന്നെയാണ് എന്റെ മനസ്സും അപ്പോള്‍ !
അത്ര നന്നായാണ് എഴുതുന്നത്‌...
ഇത് അത് പോലെ..
ഓരോ കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നത്.. കുളം ആകട്ടെ. മയിസ്ട്രെറ്റ് ആകട്ടെ.. അതിനു എല്ലാം ഒരു എച്മ ടച് ഉണ്ട്..
വായിച്ചു തീര്‍ന്നാലും മനസ്സില്‍ നിന്നും ഇറങ്ങി പോകാന്‍ മടിക്കുന്ന ചില കഥാപാത്രങ്ങള്‍!

പെണ്ണേ... മ്മ..!!

Echmukutty said...

ആദ്യം വന്ന പ്രിയ സുഹൃത്തിന് നന്ദി. തിരിച്ചും നവ വത്സരാശംസകൾ.
മാൻ റ്റു വാക് വിത്,
ഷാനവാസ് ജി,
ഫിയോനിക്സ്,
ഹരിനാഥ്,
മുരളി നായർ വായിച്ച പ്രിയ കൂട്ടുകാർക്കെല്ലാം നന്ദി പറഞ്ഞുകൊള്ളുന്നു.
മിർഷദ് വന്നിട്ട് കുറച്ചായി. എന്നെ മറന്നുവെന്നാണ് കരുതിയത്.ഈ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി.
ഞാനെഴുതുന്ന വരികളിൽ ഞാനുണ്ടെങ്കിലും വരികൾക്കെല്ലാം അപ്പുറത്തുമാണ് ഞാൻ എന്നും. തീവ്രമായി നോവുമ്പോൾ മാത്രമേ എന്തെങ്കിലും എഴുതാൻ പറ്റാറുള്ളൂ.
കലാവല്ലഭനും പുതു വത്സരാശംസകൾ
ആഹാ! ശ്രീ വന്നല്ലോ. സന്തോഷം. പുതു വത്സരാശംസകൾ.
കൈതമുള്ള് വന്നതിൽ വലിയ സന്തോഷം. ചതിയ്ക്കും വഞ്ചനയ്ക്കുമൊന്നും ഒരു കാലത്തും ആൺപെൺ ഭേദമുണ്ടായിട്ടില്ലല്ലോ.അപ്പോൾ പാവം പട്ടരും ജാനകിയമ്മമാരും പല രൂപത്തിലും കാലത്തിലും ആവർത്തിയ്ക്കുന്നു.

Echmukutty said...

ഇത്ര നല്ല വാക്കുകളിൽ കഥയെക്കുറിച്ച് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന പൊട്ടൻ മാഷിന് നന്ദിയും നമസ്ക്കാരവും. ഇനിയും വന്ന് വായിയ്ക്കുമല്ലൊ.
ചന്തുവേട്ടൻ ഇത്തവണ വൈകാതെ വന്നതിൽ വലിയ ആഹ്ലാദം. നല്ല വാക്കുകൾക്ക് നന്ദി.
ഖാദു,
ചാണ്ടിച്ചായൻ,
viddiman,
സതീശൻ ഒ പി
ലീല ടീച്ചർ,
പാവത്താൻ,
പ്രയാൺ,
കേരള ദാസനുണ്ണി,
പ്രഭൻ കൃഷ്ണൻ,
ആറങ്ങോട്ടുകര മുഹമ്മദ്,
റോസാപ്പൂക്കൾ,
സേതുലക്ഷ്മി,
ശ്രീനാഥൻ മാഷ് എല്ലാവർക്കും നന്ദി. ഇനിയും വായിച്ച് പ്രോത്സാഹിപ്പിയ്ക്കുക.
ഭാനു വന്നല്ലോ. കഥയിൽ പരീക്ഷണങ്ങൾ വേണമെന്ന് ആഗ്രഹമുണ്ട്. ശ്രമിയ്ക്കുന്നുമുണ്ട്. വിജയിയ്ക്കുന്നതായി സ്വയം തോന്നാത്തതുകൊണ്ട് ഡിലീറ്റ് ചെയ്തു കളയുന്നു.ഇനിയും ശ്രമിയ്ക്കാം.

Echmukutty said...

മനോജ്,
വി.കെ,
സുഗന്ധി,
മുല്ല,
രാംജി,
സിയയെ കണ്ടിട്ട് കുറച്ച് കാലമായി. വന്നതിൽ വലിയ സന്തോഷം.
പഥികൻ,
സങ്കൽ‌പ്പങ്ങൾ,
ജയൻ,
ഷാരോൺ എല്ലാവർക്കും ഒത്തിരി നന്ദി. ഇനിയും വായിയ്ക്കുക. അഭിപ്രായങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുക. എല്ലാവർക്കും പുതുവത്സരാശംസകൾ.

Echmukutty said...

പ്രദീപ് പൈമ അഭിനന്ദിച്ചതിൽ വലിയ സന്തോഷം കേട്ടൊ.
പ്രദീപ് കുമാറിന്റെ നല്ല വാക്കുകൾക്ക് നന്ദി.
ഇസ്മയിൽ ചെമ്മാട്,
വേണുഗോപാൽ,
അനിൽകുമാർ സി പി,
അബ്ദുൽഖാദർ കൊടുങ്ങല്ലൂർ,
ആകാശ്,
മൊഹിയുദ്ദീൻ,
മിനിടീച്ചർ,
നചി കേതസ് എല്ലാവർക്കും എന്റെ നന്ദിയും നമസ്ക്കാരവും. ഇനിയും വായിയ്ക്കുമല്ലോ.

Echmukutty said...

ഉഷശ്രീയെ കണ്ടിട്ട് കുറെ ദിവസമായി, മറന്നില്ലല്ലോ സന്തോഷം.
ഫൈസു,
ബഷീർ,
കാർവർണം,
മുരളീ ഭായ്,
അനുരാഗ് എല്ലാവരുടേയും നല്ല വാക്കുകൾക്ക് നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
ആത്മ വന്നിട്ട് എത്ര നാളായി? കണ്ടതിൽ വലിയ ആഹ്ലാദം.ഇനിയും വരണേ..
രമേശ്,
കല്യാണി,
സിദ്ധീക് ഭായ്,
അലി ഭായ്,
യെംസീപീ,
മേഫ്ലവേഴ്സ് എല്ലാവർക്കും നന്ദി. സന്തോഷം ഈ നല്ല വാക്കുകൾക്ക്...

നാമൂസ് said...

എച്ച്മുവിന്റെ 'ഇടം' എന്തെന്നു നിരന്തരം പ്രഖ്യാപിക്കപ്പെടുന്നു.

Echmukutty said...

ഉമേഷ് വന്നാലും ഒന്നും പറയില്ല. എന്നാലും വന്നല്ലോ.
മഹേഷ് വിജയൻ,
എന്റെ ലോകം,
മൈ ഡ്രീംസ്,
മൻസൂർ,
കെ. എം റഷീദ്,
മുകിൽ എല്ലാവരുടേയും നല്ല വാക്കുകകൾക്ക് ഒത്തിരി നന്ദി. ആഹ്ലാദം...
സുസ്മേഷ് വന്നത് വലിയ കാര്യം. പിന്നെ കഥയായില്ല എന്ന് പറഞ്ഞത് ശരിയാവണം. കാരണം സുസ്മേഷിന് കഥയെക്കുറിച്ച് അറിയാവുന്നതു മാതിരി എനിയ്ക്കറിയില്ല തന്നെ. ഭാഷയേയും ആഖ്യാന ഔചിത്യത്തേയും അഭിനന്ദിച്ചതിൽ എനിയ്ക്ക് വലിയ ആഹ്ലാദം.കുറച്ച് കഴിയുമ്പോൾ ഒരു പക്ഷെ, സുസ്മേഷിന് അഭിനന്ദിയ്ക്കാൻ തോന്നുന്ന വിധത്തിലുള്ള ഒരു കഥ എഴുതാൻ എനിയ്ക്ക് കഴിഞ്ഞെങ്കിലോ.....അതിന് എനിയ്ക്ക് കഴിവുണ്ടാകട്ടെ. വന്ന് വായിച്ചതിന് ഒത്തിരി നന്ദി. ഇനിയും പറ്റുമെങ്കിൽ വായിയ്ക്കണേ.....
പ്രദീപ് എഴുതിയതൊക്കെ വായിച്ച് ഞാൻ അന്തം വിട്ടിരിയ്ക്കുകയാണ്. യഥാർഥമായ സ്ത്രീ പക്ഷ വാദവും സ്ത്രീ പക്ഷ എഴുത്തുമൊക്കെ ഉണ്ടായോ എന്നു പോലും സംശയമായിരിയ്ക്കേ, അതു കാലഹരണപ്പെട്ടു എന്ന് പ്രദീപ് എഴുതിയത് എനിയ്ക്ക് മനസ്സിലായില്ല.പിന്നെ വലിയ വലിയ എഴുത്തുകാരുടെ പേരുകൾ എഴുതിയതു വായിച്ചും ഞാൻ അൽഭുതപ്പെടുന്നു....എന്തായാലും വന്നതിലും എന്നെ അഭിനന്ദിച്ചതിലും വലിയ സന്തോഷം. ഇനിയും വന്ന് വായിയ്ക്കുകയും അഭിപ്രായം എഴുതുകയും ചെയ്യുമല്ലോ.
ഒരു യാത്രികൻ,
ഓക്കേ കോട്ടയ്ക്കൽ,
ശങ്കരനാരായണൻ മലപ്പുറം,
വത്സൻ അഞ്ചാം പീടിക,
ജ്യോതി സഞ്ജീവ് എല്ലാവർക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

MINI.M.B said...

മനസിനകത്തെവിടെയോ കൊളുത്തി വലിച്ച പോലെ... എന്തോ ഒരു നീറ്റല്‍....

സിവില്‍ എഞ്ചിനീയര്‍ said...

എന്തിനാണ് ആധുനികതയുടെ പുകമറ?, എന്തിനാണ് പറയാതെ പറയുന്ന വരികള്‍ എഴുതാനുള്ള ബദ്ധപ്പാട്?, എന്തിനാണ് ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ബന്ധമില്ലാതെ വഴുതി പോകുന്ന മോഡേണ്‍ കഥകളുടെ COMPLEX സ്വഭാവം?. . . അങ്ങിനെ ഒന്നും വേണമെന്നില്ല കഥാകാരന്‍/കാരി ആവാന്‍, ആവശ്യമില്ല എന്ന് എച്മു തെളിയിച്ചതാനല്ലോ പല പ്രാവശ്യം.
ഒഴുകുന്ന പുഴ പോലെ സുന്ദരം എന്നൊക്കെ പറഞ്ഞാല്‍ അവര്‍തന വിരസത തോന്നരുത്. . . ഇതിലും നല്ല സാഹിത്യ വര്‍ണന നല്‍കാന്‍ അറിയാമെന്കില്‍ ഞാന്‍ നല്ലൊരു കഥാകാരന്‍ ആയിപോയേനെ
കല ചേച്ചി. . . . .എവിടുന്നാണ് ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങള്‍ കിട്ടുന്നത്?. . . .നോര്‍ത്ത്‌ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നും നേരെ പാലക്കാട്ടേക്ക്. . . . .അസൂയ തോന്നുന്നല്ലോ. . . ഞാന്‍ ഒക്കെ ഇന്നും എന്റെ മനസ്സും ചെറിയ ചിന്തകളും ആയി ഉഴലുക ആണ് . . .

Echmukutty said...

സന്ദീപിനെ കണ്ടില്ലല്ലോ എന്നു കരുതി. വന്നതിൽ സന്തോഷം.അഭിപ്രായം ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയും മെച്ചപ്പെടുത്താൻ ശ്രമിയ്ക്കാം.
ആഹാ! പദസ്വനം കേട്ടിട്ട് കുറച്ചായല്ലോ. സന്തോഷം.നല്ല വാക്കുകൾക്കും ഒടുവിൽ തന്ന സമ്മാനത്തിനും ഒത്തിരി സന്തോഷം.
ഇടമില്ലാത്തവർക്കൊപ്പം മാത്രമായിരുന്നു എന്നും ഇടം. നാമൂസ് വന്നതിൽ സന്തോഷം.
മിനിയെ കണ്ടതിൽ ആഹ്ലാദം. ഇനിയും വരുമല്ലോ.
സിവിൽ എൻ ജിനീയറുടെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി. കൂടുതൽ നന്നായി എഴുതാൻ കഴിവുണ്ടാകട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു.
വായിച്ച് അഭിപ്രായം എഴുതിയ എന്റെ എല്ലാ കൂട്ടുകാർക്കും നന്ദിയും നമസ്ക്കാരവും.....
നല്ലൊരു പുതുവർഷമാകട്ടെ.

mattoraal said...

വ്യത്യസ്തങ്ങളായ കഥാ പരിസരങ്ങള്‍ ,വേറിട്ട്‌ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ .ഓരോ കഥയും കണ്ടുമറന്ന ഒരുപാട് പേരെ ഓര്‍മിപ്പിക്കുന്നു ..ഭാവുകങ്ങള്‍

മാണിക്യം said...

എച്ചുമു സന്തോഷത്താലും സമാധാനത്താലും അയുരാരോഗ്യങ്ങളാലും നിറഞ്ഞ പുതുവത്സരാശംസകള്‍ ആശംസിക്കുന്നു...
"തെണ്ടി മയിസ്രേട്ട്"കത്തിജ്വലിക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍
വാക്കുകള്‍ കൊണ്ട് ഇത്ര തീവ്രതയോടെ ജാനകിയമ്മയെ വായനക്കാരുടെ മനസ്സില്‍ കൊത്തി വച്ചു. ഒരു അമ്മയുടെ മനസ്സിന്റെ ദുഖം - അതില്‍ നിന്ന് ഉയരുന്ന കോപം- അവരുടെ കണ്ണീര്‍ ഈയം ഉരുക്കി ഒഴിക്കുന്ന പോലെ തലയില്‍ വീഴുന്നത്- ആ തറവാട്ടിലുള്ളവര്‍ അനുഭവിക്കുന്നത്, അതെ പൂര്‍വ്വീകരുടെ പാപഫലം തലമുറകള്‍ അനുഭവിക്കും ......
"തെണ്ടി മയിസ്രേട്ട്" വായിച്ചു തീരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു മാനസീക പിരിമുറുക്കം ബാക്കിയാകുന്നു. ശക്തമായ കഥകളുമായി ഇനിയും കടന്നു വരിക ആശംസകള്‍ .....

ഇലഞ്ഞിപൂക്കള്‍ said...

ആദ്യമാണിവിടെ.. ഒരുപാട് കേട്ടറിഞ്ഞ് തേടിപിടിച്ച് വന്നതാണ്‍.., എത്തുവാനിത്രയും വൈകിയതിലുള്ള നിരാശ ബാക്കി.. തീവ്രമായ ഈ കഥപറച്ചില്‍ ഒരുപാടാകര്‍ഷിച്ചു.. കാഥാപാത്രങ്ങളെ എച്മു വായനക്കാരന്‍റെ മനസ്സില്‍ വരച്ചിടുകയല്ല, കൊത്തിവെയ്ക്കുകയാണ്‍.. , മനസ്സ് നിറഞ്ഞ ആശംസകള്‍..

SIVANANDG said...

വളരെ നേരത്തേ എത്തിയിരുന്നു, എല്ലാരും എല്ലാം പറഞ്ഞിരിക്കുന്നു അതു കൊണ്ട് വരവു വച്ചു മടങ്ങുന്നു ഇനി അടുത്തത് പ്രതീക്ഷിച്ചു കൊണ്ട്

Akbar said...

ഈ കഥ വായിക്കാന്‍ വൈകി. ഭ്രാമണ ശാപം എന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവിടെ തിരിച്ചാണ്.

പതിവ് പോലെ മികച്ച അവതരണം.

Arif Zain said...

നിശബ്ദം നിന്നു ഒരു നിമിഷം. വായന തുടങ്ങി അവസാനിക്കും വരെ അതങ്ങനെ തുടര്‍ന്നു. ഇത് വരും കഥയായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. അങ്ങനെ വിശ്വസിക്കാനാണെനിഷ്ടം. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു ജീവിത പരിസരത്തില്‍ നിന്ന് പെറുക്കിക്കൊണ്ട് വന്ന കഥയും കഥാപാത്രങ്ങളും തീരെ മടുപ്പുണ്ടാക്കിയില്ല എന്ന് മാത്രമല്ല, മഹാകൌതുകമാവുകയും ചെയ്തു. കുറെ ദിവസത്തെ കഴുത്തൊടിക്കുന്ന തിരക്കിനൊടുവില്‍ വീണു കിട്ടിയ ഒരു ദിവസമായിരുന്നു ഇന്ന്. അതിലൊരു ഭാഗം പെണ്ടിങ്ങിലായിരുന്ന ബ്ലോഗ്‌ വായനക്ക് നീക്കി വെച്ചത് ഒട്ടും നഷ്ടമായില്ല

സ്മിത മീനാക്ഷി said...

അടുത്ത പോസ്റ്റിനു സമയമായീന്നു ഓര്‍മ്മിപ്പിക്കാന്‍ വന്നതാണ് എച്മൂ..

ഫൈസല്‍ ബാബു said...

നല്ലൊരു കഥ വായിച്ച സന്തോഷത്തോടെ ....

Echmukutty said...

കോണത്താന് നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
മാണിക്യം ചേച്ചിയെ ഈയിടെയായി ഒട്ടും കാണാറില്ല. വന്നതിലും ആശംസകൾ നേർന്നതിലും അഭിപ്രായം എഴുതിയതിലും എല്ലാം വലിയ സന്തോഷം.
എന്നെ തേടിപ്പിടിച്ച് വന്ന് എന്നെഴുതിക്കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്, ഇലഞ്ഞിപ്പൂക്കളേ. നല്ല അഭിപ്രായം കേട്ടതിൽ ആഹ്ലാദം. ഇനീം വരുമല്ലോ.
ശിവാനന്ദ് ജി വന്നല്ലോ. ഇനീം മുടങ്ങാതെ വായിയ്ക്കണേ.
അക്ബർ വന്നില്ലല്ലോ എന്ന് വിചാരിച്ചു. വേദനയിൽ തകർന്നുടയുന്ന ആരും, ഏതു ജാതിയിലെയും മതത്തിലേയും മനുഷ്യരാണെങ്കിലും ശപിച്ചേയ്ക്കും, ശപിയ്ക്കാനുള്ള ബ്രാഹ്മണരിൽ മാത്രമായി ഒതുക്കിയതായി, അങ്ങനെ ബ്രാഹ്മണ ശാപം എന്ന ഭീകരതയെ കുത്തകവകാശമാക്കി കാണിയ്ക്കുന്നതും ജാതിവ്യവസ്ഥയുടെ ഒരു ജീവന തന്ത്രമാണ്, അക്ബർ.മേധാവിത്തം അടിച്ചേൽ‌പ്പിയ്ക്കനുള്ള ഒരു വഴിയാണ്.
ആരിഫിനെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.ആഹ്ലാദം.
സ്മിത ഒടുക്കം എത്തിയല്ലോ, വലിയ സന്തോഷം.
ഫൈസൽ വന്നുവല്ലോ.വായിച്ചതിൽ നന്ദി.ഇനിയും വരുമല്ലോ.
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി ........നമസ്ക്കാരം.

കൊമ്പന്‍ said...

കുറച്ചു വൈകി വന്നു ന്നാലും നല്ലൊരു വിഭവം അല്ലെ കിടിയത്

സുധി അറയ്ക്കൽ said...

വർഷങ്ങൾക്ക്‌ ശേഷമുള്ള വായന.

വായിച്ച്‌ കഴിഞ്ഞപ്പോൾ വല്ലാതെയായി.