Thursday, April 12, 2012

നന്മയുടെ ഉയർത്തെഴുന്നേൽപ്പാവണം വിഷുക്കണി


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 ഏപ്രിൽ 6 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

അവന്റെ രാജ്യം വരുന്നതും മഞ്ഞക്കണിക്കൊന്നകൾ പൊന്മോതിരമിടുന്നതുമായ ഈ ഉത്സവാഘോഷവേളയിൽ,ഇങ്ങനെയൊരു തലക്കെട്ട് വായിയ്ക്കുമ്പോൾനന്മ പൂർണമായും മരിച്ചു പോയോ എന്നാണ് ഒരു തർക്കത്തിനായെങ്കിലും ചോദിയ്ക്കുന്നതെങ്കിൽ ഇല്ല എന്നു തന്നെയാണുത്തരം. പൂർണമായും നന്മ ഇല്ലാതായ ഒരു പരിതസ്ഥിതിയിൽ ഇതു പോലെയൊരു  ജീവിതമായിരിയ്ക്കില്ലല്ലോ ആരും തന്നെ നയിയ്ക്കുന്നത്. 

എങ്കിലും നന്മയെക്കുറിച്ചുള്ള പഴയ സങ്കൽ‌പ്പങ്ങൾക്ക് മാറ്റം വന്നു കഴിഞ്ഞിരിയ്ക്കുന്നു. ആത്യന്തികമായ നന്മ, ഒരു പെട്ടിയിൽ അടച്ചുവെച്ച് കാണിയ്ക്കാനാവുന്ന നന്മ എന്തായാലും ഇപ്പോൾ ഇല്ല. കാരണം നന്മ ഒരിയ്ക്കലും നിശ്ചലമായ ഒരു വസ്തുവല്ല. അത് ലംബമായും തിരശ്ചീനമായും ചലിയ്ക്കുന്ന, വളരുന്ന  ഒന്നാണ്. 

അങ്ങനെയൊക്കെയാണെങ്കിലും ക്രിസ്തുവിന്റെ ജീവിത കാലവുമായി ഇക്കാലത്തിന് അടുത്ത ബന്ധമുണ്ടെന്ന സത്യത്തിനു മുൻപിൽ , നമ്മുടെ രാജ്യം അതെ, പാവപ്പെട്ടവന്റേയും സാധാരണക്കാരന്റേയും രാജ്യം ഇന്നും ദൂരെദൂരെയാണെന്ന് അവിടെ കണിക്കൊന്നകൾ ഇലകളടർന്ന് വെറുങ്ങലിച്ച് നിൽക്കുകയാണെന്ന് തോന്നുമാറുള്ള സംഭവങ്ങളാണ് ചുറ്റും നടക്കുന്നത്, ചില ചെറിയ വ്യത്യാസങ്ങളോടെ. 

ഈസ്റ്ററിന്റെ പ്രസക്തി 

രാജാവിന്റെ കൽ‌പ്പന പ്രകാരം ജനങ്ങൾ മുഴുവൻ നേരിട്ടുള്ള ആൾക്കണക്കെടുപ്പിനായി സ്വന്തം വാസസ്ഥലം വിട്ട് ആരംഭിച്ച പാലായനമാണല്ലോ പൂർണ ഗർഭിണിയയിരുന്ന മറിയത്തേയും ജോസഫിനേയും ബത്ലഹേമിലെ കാലിത്തൊഴുത്തിലെത്തിച്ചത്. കഷ്ടപ്പാടുകൾ സഹിച്ച് അങ്ങനെയൊരു യാത്ര നടത്തേണ്ടി വന്നത് രാജാധികാരത്തിന്റെ  കല്ലേ പിളർക്കലായിരുന്നു. ഭരിയ്ക്കുന്നത് ആരായാലും ആ അധികാരത്തിന്റെ താൽ‌പ്പര്യത്തിനനുസരിച്ച് ജനത അന്നും ഇന്നും ആട്ടിത്തെളിയ്ക്കപ്പെടുന്നുണ്ടല്ലോ. നമ്മൾ ഇക്കാലത്ത് ഡാം പണിയാൻ വീടൊഴിയും പോലെ, ആണവ നിലയത്തിനായി നാടൊഴിയും പോലെ, എയർപോർട്ടിനായി ആകാശവും, നേവൽ അക്കാഡമിയ്ക്കായി കടലും, മൾട്ടി നാഷണലുകൾക്ക് കാർ ഫാക്ടറി തുറക്കാൻ കൃഷിയിടങ്ങളും .. അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയോ കാ‍രണങ്ങൾക്കായി.. പാവപ്പെട്ട മനുഷ്യർ കൂടും കുടുക്കയുമായി നാടു വിടേണ്ടി വരുന്നുണ്ട്. ജന്മ നാട്ടിൽ ജീവിയ്ക്കാനാവശ്യമായ തൊഴിലുപാധികളെല്ലാം പലവിധ കാരണങ്ങളാൽ തകർക്കപ്പെട്ട ബംഗാളികളും ഒറീസ്സക്കാരും രാജസ്ഥാനികളും ബീഹാറികളുമായ മനുഷ്യർ ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും സമൃദ്ധമായുണ്ടല്ലോ.

യേശു പിന്നീട് നസ്രേത്തിലേയ്ക്ക് മടങ്ങിപ്പോകുന്നുണ്ടെങ്കിലും നമ്മുടെ കാലത്തെ ജനതയ്ക്ക് അത് സാധ്യമാകുന്നില്ല. പല ആവശ്യങ്ങൾക്കായി കുടിയൊഴിപ്പിയ്ക്കപ്പെടുന്ന ജനത  എവിടെയെല്ലാമോ ചിതറിത്തെറിച്ചു പോകുന്നു. അവരുടേതായിരുന്ന സ്ഥലങ്ങൾ മറ്റെന്തൊക്കെയോ ആകുന്നു, അവിടെ അവർക്ക് സ്ഥാനമില്ലാതെയാവുകയും പുതിയ പുതിയ സ്ഥാനികളും അധികാരികളും വരികയും ചെയ്യുന്നു. ഇറക്കിവിടപ്പെട്ടവരെ നോക്കി അതിർത്തി വളച്ചുകെട്ടിയ ഇടങ്ങൾ അലങ്കാരമാലകളുമായി പുഞ്ചിരിയ്ക്കുന്നു. സമസ്തവും നഷ്ടപ്പെട്ട ദരിദ്ര ജനത നഗരങ്ങളുടെ  പിന്നാമ്പുറങ്ങളിൽ അടിഞ്ഞു കൂടുകയാണ്. അങ്ങനെ പുഴുക്കളെപ്പോലെ മനുഷ്യർ നുരയ്ക്കുന്ന പൊട്ടിയൊഴുകുന്ന വ്രണം പോലെയുള്ള ചേരികൾ പിന്നെയും പിന്നെയും രൂപം കൊള്ളുകയായി. 

യേശു ജനിച്ച കാലത്ത് രാജാവാണല്ലോ ആൺ കുഞ്ഞുങ്ങളെ വധിച്ചു കളയാനുള്ള ഉത്തരവു നൽകിയത്. അത് രാജാവിന്റെ ജീവരക്ഷയെക്കരുതിയായിരുന്നു. രാജ്യം നഷ്ടപ്പെട്ടു പോയേയ്ക്കുമോ എന്ന്  ഭയന്നിട്ടായിരുന്നു. ആരാണീ പുതിയ രാജാവായി പിറന്നിരിയ്ക്കുന്നതെന്ന് അറിയാഞ്ഞിട്ടായിരുന്നു. അവന്റെ രാജ്യം വന്നേയ്ക്കുമെന്ന ഭീതിയിലായിരുന്നു. കസേരയുറച്ചതല്ലേ, ഉറച്ചതായിരിയ്ക്കുകയില്ലേ എന്ന് സംശയം തോന്നിയവൻ അത് ഉറപ്പിയ്ക്കാനായി പിഞ്ചു ചോര കൊണ്ട് ബലിയിടുകയായിരുന്നു.

ഇന്ന് അച്ഛനും, പലപ്പോഴും നിശ്ശബ്ദ സഹായിയായി അമ്മയും, പിന്നെ അച്ഛന്റേയും അമ്മയുടേയും ബന്ധുക്കളും, പഠിത്തം കൂടിയ ഡോക്ടർമാരും എല്ലാം ചേർന്ന് കുഞ്ഞുങ്ങളെ ബലി കഴിയ്ക്കുന്നുണ്ട്. പെൺകുഞ്ഞുങ്ങളെയാണെന്ന് മാത്രം.  സ്ത്രീധനം കൊടുത്ത് കല്യാണം കഴിപ്പിയ്ക്കേണമല്ലോ, ഈ പെണ്ണെന്ന അവസാനിയ്ക്കാത്ത ചെലവിനെ ചുമക്കണമല്ലോ എന്ന് ഭയന്നിട്ടാണ് ഇപ്പോൾ കൊല്ലുന്നത്. അധികവും ഗർഭത്തിലേ വധിയ്ക്കുന്നു, ചുരുക്കം ചിലപ്പോൾ പെൺകുഞ്ഞ് ജനിച്ച ശേഷം നനച്ച തുണി മുഖത്തിട്ടും എരുക്കിൻ പാൽ തൊണ്ടയിൽ ഇറ്റിച്ചും ധാന്യമണികൾ മൂക്കിൽ തിരുകിയും  കൊന്നുകളയുന്നു. പിന്നെയും രക്ഷപ്പെട്ടാൽ അഞ്ചു വയസ്സിനു മുൻപ് ഏതെങ്കിലും വിധത്തിൽ വേണ്ടത്ര ഭക്ഷണം കൊടുക്കാതെയോ, രോഗം വന്നാൽ ചികിത്സിയ്ക്കാതെയോ അവസാനിപ്പിച്ചു കളയുന്നു. കണക്കുകൾ അങ്ങനെയാണ് പറയുന്നത്. 

ചുങ്കക്കാർ ജനങ്ങളോട് മോശമായി പെരുമാറുന്നതിൽ ബൈബിൾകാലവും ഉൽക്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്.  അതിപരിഷ്ക്കാരങ്ങളുടേതായ ഇന്നത്തെക്കാലത്തും കൂടി  ഒരു സ്വതന്ത്ര രാജ്യത്തിലെ  ജനതയായ നമ്മൾ ഗവണ്മെന്റ് നിർദ്ദേശിയ്ക്കുന്നവന്റെ ചൂണ്ടിക്കാണിയ്ക്കുന്നവന്റെ ചുങ്കപ്പുരകളിൽ വരി നിന്ന് നികുതിയും പലിശയും കൊടുക്കുക തന്നെയാണ്, എന്തിനും ഏതിനും.. കൃഷി ചെയ്യാൻ മുതൽ പൊതുവഴി ഉപയോഗിയ്ക്കാൻ വരെ. ഒരു എഴുപതെൺപതു കൊല്ലം മുൻപ് ജാതിയുടെ പേരിലാണ് നമുക്ക് മുന്നിൽ കൃഷിയിടങ്ങളുടെയും വഴികളുടെയും തൊഴിലുകളുടേയും ജീവിതോപാധികളുടെയും എല്ലാം വളച്ചു വാതിലുകൾ അടഞ്ഞിരുന്നത്. എന്നാൽ ഇന്ന് പണത്തിന്റെ പേരിലാണ് ആ വാതിലുകൾ  നമുക്ക് മുൻപിൽ അടയുന്നത്. ശ്രദ്ധയോ പരിചരണങ്ങളോ ആവശ്യമില്ലാത്ത പാവപ്പെട്ടവന്റെ കൃഷിയിടങ്ങളും, അവനു സഞ്ചരിയ്ക്കാനുള്ള പൊട്ടിപ്പൊളിഞ്ഞ വഴികളും, ആ  ദരിദ്രനാരായണന്റെ തകർക്കപ്പെട്ട  ജീവിതോപാധികളും പണക്കാരന്റെ ഗ്ലാമറസായ പ്ലാന്റേഷനുകളുടെയും കറുത്തു മിനുങ്ങുന്ന രാജരഥ്യകളുടെയും, വൻകിട വികസന പദ്ധതികളുടെയും  ഓരങ്ങളിലായി ചളുങ്ങി ഒതുങ്ങിക്കിടക്കുന്നു. ജനതയ്ക്ക് ആനുകൂല്യം നൽകാൻ മടിയ്ക്കുമെങ്കിലും ഭരിയ്ക്കുന്നവർ ചുങ്കക്കാർക്കും ഇടനിലക്കാർക്കും എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. പലതരത്തിൽ ചുങ്കം പിരിച്ച് തടിച്ചു കൊഴുക്കാൻ അവർ വ്യത്യസ്ത നിറങ്ങളിലുള്ള യൂണിഫോമുകൾ ധരിച്ച് നമ്മുടെയെല്ലാവരുടെയും ജീവിതത്തിന്റെ വിവിധ ഇടങ്ങളിൽ സദാ തയാറായി നിൽക്കുന്നു. ഒട്ടും വിശ്വസ്തരല്ലെങ്കിലും വിശ്വസ്തത എന്ന പേരിൽ ഓഫീസുകൾ തുറക്കുന്നു. അവരുടെ നികുതികൾ മിയ്ക്കവയും ഇന്നത്തെ കാലത്ത് മാപ്പാക്കപ്പെടുകയും അവരുടെ കടങ്ങളും പലിശയും എഴുതിത്തള്ളപ്പെടുകയും ചെയ്യുമെങ്കിലും പാവപ്പെട്ട ജനതയുടെ  നികുതിയോ കടമോ പലിശയോ മാപ്പാക്കപ്പെടുന്നില്ല, എഴുതിത്തള്ളപ്പെടുന്നില്ല.

എന്റെ പിതാവിന്റെ ഇടം നിങ്ങൾ കച്ചവടസ്ഥലമാക്കിയല്ലോ എന്ന് ചാട്ട വീശുന്ന കോപാകുലനായ യേശുവിനെ ഒരുപക്ഷെ, ബൈബിളിൽ ഒരിയ്ക്കൽ മാത്രമേ നാം കണ്ടുമുട്ടുകയുള്ളൂ. ആ രൂപം കാലാതിവർത്തിയാണെന്ന് മനസ്സിലാക്കാൻ പലപ്പോഴും കഴിയാതെ വരുമ്പോഴാണ് എന്തും കച്ചവടമാക്കാമെന്നും എങ്ങനെയും ലാഭമുണ്ടാക്കാമെന്നുമുള്ള ആർത്തിയിലേയ്ക്ക് ലോകം നിപതിയ്ക്കുന്നത്. ആ പതനത്തിൽ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് യേശു തന്നെ പഠിപ്പിയ്ക്കുന്നുണ്ട്. ലാഭക്കൊതിയിൽ ആർത്തി പിടിച്ച് അത് മനസ്സിലാക്കാൻ തയാറാണോ എന്നതാണല്ലോ വിലപിടിപ്പുള്ള ചോദ്യം. 

എന്നിട്ടും എല്ലാ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും മീതെ നമ്മുടെ കാലത്തും സ്നാപക യോഹന്നാന്മാർ ഉണ്ടാകുന്നു! അന്നു സ്നാപകയോഹന്നാനോട് ചെയ്തതൊക്കെയും ഇന്നും മുറതെറ്റാതെ എല്ലാ ഭരണകൂടങ്ങളും അനുഷ്ഠിയ്ക്കുന്നുമുണ്ട്. പുതിയ വഴി വെട്ടുകയേ വേണ്ട എന്ന ആക്രോശത്തോടെ അവർ തടയപ്പെടുന്നു. ജയിലിലടയ്ക്കപ്പെടുന്നു. മാറ്റങ്ങൾക്ക് വഴികാട്ടിയും വിളിച്ചുചൊല്ലിയും വരുന്നവരുടെയെല്ലാം തലകൾ നിർദ്ദാക്ഷിണ്യം അറുക്കപ്പെടുന്നു. നമ്മുടെ രാജ്യം വരുന്നത് അന്നും ഇന്നും എളുപ്പമല്ലെന്നർഥം.

അങ്ങനെ ഇല്ലാതാക്കപ്പെടുന്നവരുടെ രക്തത്തിൽ എനിയ്ക്ക് പങ്കില്ലെന്ന് കൈകഴുകുന്ന പിലാത്തോസുമാരാണ് എല്ലാ കാലത്തും അധികമുണ്ടാവുക. ഒന്നിലും ആർക്കും പങ്കില്ല. എല്ലാം മറ്റാരൊക്കേയോ ചെയ്തതാണ്. അതുകൊണ്ട് സംഭവിച്ചു പോകുന്നതാണ്. ഓരോരുത്തരും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നവരാണ്. ഗുണത്തിനും ദോഷത്തിനും പോകാത്തവർ. ചാട്ടവാർ വീശിയവന്റേയും നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാനാഗ്രഹിച്ചവന്റേയും യേശുത്തം കണ്ടാലും വായിച്ചാലും അറിഞ്ഞാലും മനസ്സിലാകാത്തവർ, മനസ്സിലായാലും മറന്നു പോകുന്നവർ. 

മൂന്ന് നാൾ മാത്രമേ അടക്കിവെയ്ക്കാനായുള്ളൂ ആ ആശയത്തെ എന്നതാണ് ഉയിർപ്പിന്റെ ഏറ്റവും വലിയ സത്യം. വമ്പിച്ച ജനപിന്തുണയോടെ‌­ - ബറാബാസിനെ മോചിപ്പിയ്ക്കാൻ ആവശ്യപ്പെട്ട ജനപിന്തുണയോടെ – യേശുമാർഗ്ഗം എത്ര അപകടകരമാകാമെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണാധികാരികൾ ആഘോഷപൂർവം നടപ്പാക്കിയ കുരിശുമരണത്തിനും യേശുവിന്റെ ആശയങ്ങളെ തോൽ‌പ്പിയ്ക്കാൻ കഴിഞ്ഞില്ല. അവ ഉയർത്തെണീറ്റു. എന്നും ഉയർത്തെണീയ്ക്കുകയും ചെയ്യും. അതു തന്നെയാണ് എക്കാലവും ഈസ്റ്ററിന്റെ പ്രസക്തി.

വിഷുവിന്റെ ഐശ്വര്യം

വിഷു എന്ന വാക്കിന് സംസ്കൃതത്തിൽ തുല്യം എന്നാണത്രെ അർഥം. രാവും പകലും ഒരുപോലെ ഒരേ സമയമാകുന്നത്, അതായത് പന്ത്രണ്ടു മണിക്കൂർ ആവുന്നത് എന്നർത്ഥം. ചിങ്ങം ഒന്നാം തിയതിയാണ് മലയാളിയുടെ പുതുവർഷാരംഭമെങ്കിലും വിഷുവിന്റെ അന്നു സമൃദ്ധിയുടെ കണി കാണുന്നത്  ഐശ്വര്യമായ് നമ്മൾ വിശ്വസിയ്ക്കുന്നു.

നമ്മുടെ പഴയകാല കാർഷിക സംസ്കൃതിയുടെ ഒരു ഉത്സവമാണ് വിഷു. പുതുവിളകൾ എല്ലാം കണിയൊരുക്കാനായി സജ്ജീകരിച്ച് അതിരാവിലെ ആ സമൃദ്ധി കണികണ്ടുണരുന്ന നന്മ.  വർഷം മുഴുവനുമുള്ള നിറവിനെയാണ് പ്രതീകാത്മകമായി കാണുന്നത്. എല്ലാവർക്കും വയറു നിറയെ ഭക്ഷണം ഉണ്ടാവുക, ധരിയ്ക്കാൻ വസ്ത്രമുണ്ടാവുക, ചെലവാക്കാൻ ധനമുണ്ടാവുക എന്നതൊക്കെ ഒരു വിദൂര പ്രതീക്ഷയായി കണ്ടിരുന്ന ജനതയുടെ സ്വപ്നദൃശ്യമായിരിയ്ക്കാം ആദ്യത്തെ വിഷുക്കണിയുണ്ടാക്കിയത്. 

ഇപ്പോൾ കുറച്ചു പേരെങ്കിലും വിഷു സ്വപ്നം സാക്ഷാത്ക്കരിച്ചിട്ടുണ്ട്. നല്ല ഭക്ഷണവും വസ്ത്രവും ചെലവാക്കാൻ ധനവും പലരുടേയും കൈവശമുണ്ട്. അതു കൂടുതൽ കൂടുതൽ ആൾക്കാർക്കും ഉണ്ടാകട്ടെ എന്നും കണികാണുമ്പോൾ നമുക്ക് ആശിയ്ക്കാം. കൂട്ടത്തിൽ വേരറ്റ് പോവുന്ന നമ്മുടെ കാർഷിക സമൃദ്ധിയെ തിരിച്ചു പിടിയ്ക്കേണ്ടതല്ലേ എന്നും ആലോചിയ്ക്കാം. എല്ലാവർക്കും വിഷുവെന്നതു പോലെ അതും എല്ലാവരും ചേർന്ന് തിരിച്ചു പിടിയ്ക്കേണ്ടതുണ്ട്. 

നമ്മുടെ കാർഷികമേഖല മുൻപൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്തത്രയും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. കഴിഞ്ഞ് പത്തുവർഷത്തിനുള്ളിൽ  ഇന്ത്യാമഹാരാജ്യത്ത് ഏകദേശം എഴുപത്തിയഞ്ച് ലക്ഷം കർഷകരാണ് കൃഷിപ്പണി വേണ്ട എന്നു വെച്ചത്. അത് മറ്റു വരുമാനം കൂടിയ പണികൾ ഇഷ്ടം പോലെ കിട്ടിയതുകൊണ്ടല്ല, കടം കയറി അവർ മുടിഞ്ഞു പോയതുകൊണ്ടാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ അര മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുമുണ്ട്. മേഴ്സിഡസ് ബെൻസ് വാങ്ങാൻ ഏഴു ശതമാനം നിരക്കിലും ഒരു ട്രാക്ടർ വാങ്ങാൻ പതിന്നാലു ശതമാനം നിരക്കിലും ജനങ്ങൾക്ക് വായ്പ നൽകുന്ന സംവിധാനത്തിൽ കർഷകർ മരിയ്ക്കുകയല്ലാതെ വേറെന്തു വഴി? കോടീശ്വരന്മാരുടെ കോർപ്പറേറ്റ് ടാക്സ് എഴുതിത്തള്ളുന്നതു പോലെ എളുപ്പമല്ല, കർഷകരുടെ കടങ്ങൾ മാപ്പാക്കുന്നത്. പാവപ്പെട്ട ജനതയുടെ ഭക്ഷണാവശ്യങ്ങൾ പരിഹരിയ്ക്കുന്നത്. അവർക്ക് ഭക്ഷ്യസുരക്ഷ ഉണ്ടാക്കിക്കൊടുക്കുന്നത്. രാജ്യത്തെ എൺപതുകോടിയോളം ജനങ്ങൾ ദിവസം ഇരുപതു രൂപയിൽ കുറവ് വരുമാനമുള്ളവരായാലും സാരമില്ല, ഡോളർ കണക്കിലുള്ള ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ നമുക്ക് നാലാം സ്ഥാനമുണ്ടല്ലോ ഈ ലോകത്തിൽ!

കർഷകരെ ഇങ്ങനെ നിലം പരിശാക്കിക്കളയുന്ന ഒരവസ്ഥയിലുള്ള രാജ്യത്ത് വിഷു ആഘോഷിയ്ക്കുന്നതിന്റെ പ്രസക്തിയും തുല്യം എന്ന വാക്കിന്റെ അർഥ സമ്പൂർണ്ണത തന്നെയായിരിയ്ക്കണം. അതിലേയ്ക്കുള്ള കാൽ വെപ്പിന് നമ്മൾ ഏറ്റവും പെട്ടെന്ന് തയാറാകണം.

ഈ വർഷവും ഫെബ്രുവരി മാസം അവസാനമാകുമ്പോഴേയ്ക്ക് ഇലകൾ പൊഴിച്ച് പൂത്തുലഞ്ഞ കണിക്കൊന്ന പിഞ്ചിലേ പഴുത്തതു മാതിരി.. കുംഭച്ചൂട് താങ്ങാനാവാതെ ഇലകളെ സമയത്തിനു മുൻപേ ഒഴിവാക്കുന്ന കണിക്കൊന്ന താളം തെറ്റുന്ന പ്രകൃതിയെ നമുക്ക് ചൂണ്ടിക്കാണിയ്ക്കുകയാണ്. ഏപ്രിൽ മാസത്തിൽ വിഷുക്കണിയൊരുക്കുമ്പോൾ പൂത്തുലഞ്ഞ കണിക്കൊന്നയുണ്ടാകുമോ അതോ കാലം പോകെ നമ്മൾ വിഷു  നേരത്തെ ആഘോഷിച്ചു തുടങ്ങുമോ? അല്ലെങ്കിൽ കണിക്കൊന്നയോട് സാമ്യതയുള്ള ഒരു വിദേശപുഷ്പം ഏതെങ്കിലും സ്വകാര്യ കുത്തകക്കമ്പനി ഇറക്കുമതി ചെയ്യുന്നത് വൻ വില കൊടുത്ത് വാങ്ങി കണികാണുകയാവുമോ?

പർവതങ്ങൾ നികന്നു തുടങ്ങുന്നതും സമുദ്രം കരയെത്തേടി വരുന്നതും ഭൂമി ആഴത്തിലുള്ള ഉഷ്ണ നെടുവീർപ്പുകൾ വിടുന്നതും എല്ലാം സൂചനകളാണ്. പ്രകൃതി നമുക്ക് താക്കീതുകൾ നൽകുകയാണ്. നിലവിലുള്ള പലതിന്റെയും മാറ്റം അനിവാര്യമാണെന്ന് പറഞ്ഞു കേൾ‌പ്പിയ്ക്കുകയാണ്. ആ മാറ്റങ്ങളുടെ മുന്നണിപ്പോരാളിയാവാനുള്ള യേശുത്തമാണ് കാലം എല്ലാവരോടും ആവശ്യപ്പെടുന്നത്. വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകൾക്കായി, ആദർശങ്ങൾക്കായി അവയെല്ലാം ചേർന്നുണ്ടാക്കുന്ന മാറ്റങ്ങൾക്കായി, നമ്മുടെ രാജ്യം വരാനായി ജീവൻ പോലും ത്യജിയ്ക്കാൻ തയാറാവുന്ന പോരാട്ടമാണ് കാലം ചോദിയ്ക്കുന്നത്. അതിനുള്ള പ്രേരണയും ഒരുക്കവുമാകണം ഉയിർപ്പു തിരുന്നാളും വിഷുക്കണിയും.

അങ്ങനെ ആയിത്തീരട്ടെ.



62 comments:

ശ്രീ said...

വിഷു ആശംസകള്‍, ചേച്ചീ...

mini//മിനി said...

ഐശര്യം നിറഞ്ഞ വിഷു ആശംസകൾ

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നന്നായിരിക്കുന്നു
എഴുത്തിനും പിന്നെ വിഷുവിനും ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഇത്തരം വിഷയങ്ങള്‍ മനസ്സിലാക്കെതയാണ് എന്ന് ഞാന്‍ കരുതുന്നില്ല. എല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെ ലേഖനത്തില്‍ സൂചിപ്പിച്ചത്‌ പോലെ...ചലിക്കുന്നു ഇന്നും.

അങ്ങനെ ഇല്ലാതാക്കപ്പെടുന്നവരുടെ രക്തത്തിൽ എനിയ്ക്ക് പങ്കില്ലെന്ന് കൈകഴുകുന്ന പിലാത്തോസുമാരാണ് എല്ലാ കാലത്തും അധികമുണ്ടാവുക. ഒന്നിലും ആർക്കും പങ്കില്ല. എല്ലാം മറ്റാരൊക്കേയോ ചെയ്തതാണ്. അതുകൊണ്ട് സംഭവിച്ചു പോകുന്നതാണ്. ഓരോരുത്തരും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നവരാണ്. ഗുണത്തിനും ദോഷത്തിനും പോകാത്തവർ. ചാട്ടവാർ വീശിയവന്റേയും നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാനാഗ്രഹിച്ചവന്റേയും യേശുത്തം കണ്ടാലും വായിച്ചാലും അറിഞ്ഞാലും മനസ്സിലാകാത്തവർ, മനസ്സിലായാലും മറന്നു പോകുന്നവർ.

ശക്തമായ ഒരൊരുമയുടെ അടിവര അനിവാര്യമാണെന്നതിന്റെ സന്ദേശം വ്യക്തമാക്കുന്ന ലേഖനം.

പള്ളിക്കരയിൽ said...

ഹ്ര്‌ദയത്തിൽ തൊട്ട ലേഖനം. നന്ദി.

ഉമ്മു അമ്മാര്‍ said...

വളരെ നന്നായി എഴുതി... ചേച്ചിക്ക് എന്റെ വിഷു ആശംസകള്‍...

പ്രയാണ്‍ said...

വിഷു ആശംസകള്‍ ......

anamika said...

വായിച്ചപ്പോള്‍ അഫ്രീന്‍ എന്ന കുഞ്ഞിനെ ഓര്‍മ വന്നു
പെണ്ണായി എന്ന കാരണത്താല്‍ അച്ഛന്റെ ക്രൂരമായ
പീടനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന
അവസാനം ഇന്നലെ നമ്മളോട് വിട പറഞ്ഞ കുഞ്ഞു
അവള്‍ അറിഞ്ഞില്ലല്ലോ
ഇത്ര നീചമായ ലോകത്തിലേക്ക്‌ ആണ്
അവള്‍ പിറന്നു വീണതെന്നു
അനുഭവിക്കെണ്ടാതെല്ലാം മൂന്നു മാസത്തില്‍ അവള്‍ അനുഭവിച്ചു
എത്ര കണി കണ്ടാലും
ഇതൊന്നും മാറില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ വിഷമം വരുന്നു
ചേച്ചി പറഞ്ഞത് സത്യമാണ്
എല്ലാവരും പിലാതോസുമാരാണ് എനിക്ക് പങ്കില്ലെന്ന് പറഞ്ഞു കൈ കഴുകുന്നു
പക്ഷെ അറിഞ്ഞോ അല്ലാതെയോ നമ്മള്‍ എല്ലാം പങ്കാളികളുമാണ്

വിഷു ആശംസകള്‍

ajith said...

Preaching to the converted

എന്നൊരു ചൊല്ലുണ്ട് ഇംഗ്ലിഷില്‍. കാര്യങ്ങള്‍ അറിയാത്തവരൊന്നുമല്ല ആരും

റിനി ശബരി said...

ഒരൊ ആഘോഷവും , തിമിര്‍ക്കുവാന്‍
വേണ്ടി മാത്രമാഘോഷിക്കുന്ന നമ്മുക്ക്
ഈ വരികള്‍ വിപുലമായ ചിന്തകളുടെ
ലോകം തുറന്നിടുന്നു ..
നേരുകള്‍ അപ്പുറത്ത് നമ്മേ നോക്കി പല്ലിളിക്കുമ്പൊഴും
നാം ഒന്നുമറിയാതെ മിഴികളടച്ചിരിക്കുന്നു ..
അകുലതകളാണ് പങ്ക് വച്ചത് ..
അതു ഭാവിലേക്കൊരു നെരിപ്പൊട് കരുതുന്നു
ഉള്ളിന്റെ ഉള്ളില്‍ ..
ആദ്യം നമ്മേ അറിയുക ,ചുറ്റുമുള്ളവരെ അറിയുക
പ്രകൃതിയേ അറിയുക ,ലോകത്തേ അറിയുക
നന്മ മനസ്സില്‍ സൂക്ഷിക്കുക ,നാളത്തേക്ക് വേണ്ടീ
ഇന്നിന്റെ പലതും കാത്ത് വയ്ക്കുക ..
നമ്മുക്ക് കിട്ടിയതെല്ലാം ഇന്നലെയുടെ വിയര്‍പ്പും
അധ്വാനവും , വരദാനവും ആണെന്ന് അറിയുക ..
അല്ലെങ്കില്‍ തിരിച്ചടികള്‍ വന്നു ഭവിക്കുക തന്നെ ചെയ്യും ..
ഒരൊ ഉല്‍സവങ്ങളും ആഘോഷങ്ങളും പ്രകൃതിയേ
അറിഞ്ഞ് കൊണ്ടായിരുന്നു ,ഇന്നതിന്റെ എല്ലാ
രീതികളും നാം തന്നെ തകിടം മറിച്ചു .
ഇന്നിന്റെ സ്വാര്‍ത്ഥ ലാഭത്തിന് നാം നമ്മെ തന്നെ ഒറ്റി കൊടുക്കുന്നു ..
""മേഴ്സിഡസ് ബെൻസ് വാങ്ങാന്‍ ഏഴു ശതമാനം നിരക്കിലും ഒരു ട്രാക്ടര്‍ വാങ്ങാന്‍ പതിന്നാലു ശതമാനം നിരക്കിലും ജനങ്ങള്‍ക്ക് വായ്പ നല്‍കുന്ന സംവിധാനത്തില്‍ കര്‍ഷകര്‍ മരിയ്ക്കുകയല്ലാതെ വേറെന്തു വഴി? കോടീശ്വരന്മാരുടെ കോര്‍പ്പറേറ്റ് ടാക്സ് എഴുതിത്തള്ളുന്നതു
പോലെ എളുപ്പമല്ല, കര്‍ഷകരുടെ കടങ്ങള്‍ മാപ്പാക്കുന്നത്. പാവപ്പെട്ട ജനതയുടെ ഭക്ഷണാവശ്യങ്ങൾ പരിഹരിയ്ക്കുന്നത്. അവര്‍ക്ക് ഭക്ഷ്യസുരക്ഷ ഉണ്ടാക്കിക്കൊടുക്കുന്നത്. രാജ്യത്തെ
എണ്‍പതുകോടിയോളം ജനങ്ങള്‍ ദിവസം ഇരുപതു രൂപയില്‍ കുറവ് വരുമാനമുള്ളവരായാലും സാരമില്ല, ഡോളര്‍ കണക്കിലുള്ള ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍
നമുക്ക് നാലാം സ്ഥാനമുണ്ടല്ലോ ഈ ലോകത്തില്‍!""
ഇരുന്നുണ്ണുന്ന നമ്മളില്‍ ചില അസ്വാരസ്യങ്ങള്‍
തീര്‍ക്കുന്നുണ്ടീ വരികള്‍ ..
എങ്കിലും നേരുന്നു പ്രീയ
കൂട്ടുകാരിക്കും കുടുംബത്തിനും
ഈ വിഷുക്കാലം ഐശ്യര്യസമ്പൂര്‍ണമാകട്ടെ ..

khaadu.. said...

അങ്ങനെ ആയിത്തീരട്ടെ...

Areekkodan | അരീക്കോടന്‍ said...

ഈസ്റ്ററും വിഷുവും കൂട്ടിക്കലര്‍ത്തിയുള്ള ഈ കുറിപ്പ് ഇഷ്ടപ്പെട്ടു

ChethuVasu said...

സത്യം എപ്പോഴെങ്കിലും ഉയിര്‍ത്തെഴുന്നെല്‍ക്കും എന്ന് തന്നെ കരുതാം ..

മുകിൽ said...

അല്ലെങ്കിൽ കണിക്കൊന്നയോട് സാമ്യതയുള്ള ഒരു വിദേശപുഷ്പം ഏതെങ്കിലും സ്വകാര്യ കുത്തകക്കമ്പനി ഇറക്കുമതി ചെയ്യുന്നത് വൻ വില കൊടുത്ത് വാങ്ങി കണികാണുകയാവുമോ?

aa saadhyatha theerchayaayum undu.

ജന്മസുകൃതം said...

മാറ്റങ്ങളുടെ മുന്നണിപ്പോരാളിയാവാനുള്ള യേശുത്തമാണ് കാലം എല്ലാവരോടും ആവശ്യപ്പെടുന്നത്. വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകൾക്കായി, ആദർശങ്ങൾക്കായി അവയെല്ലാം ചേർന്നുണ്ടാക്കുന്ന മാറ്റങ്ങൾക്കായി, നമ്മുടെ രാജ്യം വരാനായി ജീവൻ പോലും ത്യജിയ്ക്കാൻ തയാറാവുന്ന പോരാട്ടമാണ് കാലം ചോദിയ്ക്കുന്നത്. അതിനുള്ള പ്രേരണയും ഒരുക്കവുമാകണം ഉയിർപ്പു തിരുന്നാളും വിഷുക്കണിയും.

അങ്ങനെ ആയിത്തീരട്ടെ.
വിഷു ആശംസകള്‍

ChethuVasu said...

ഒരു പടക്കം പൊട്ടിച്ചോട്ടെ..? ഓല പടക്കം ആണ് .. പക്ഷെ അതിനു ഐനിത്തിരി നോക്കിയിട്ട് കാണുന്നില്ല ..!

കൊല്ല പ്പരീക്ഷ കഴിഞ്ഞു വേനലവധിക്ക് സുഖമായി കളിച്ചു നടക്കുമ്പോള്‍ വരുന്ന ഈ ആഘോഷം കുട്ടികളുടെ മാത്രം ആണ് ... പടക്കവും .. (ഓലപ്പടക്കം , ആനപ്പടക്കം . കുത്തിപ്പടക്കം, ഞാലിപ്പടക്കം , ടൈന, അമിട്ട് , ഗുണ്ട് . എന്നിങ്ങനെ )- പിന്നെ , കമ്പിത്തിരി , പൂത്തിരി , മേശപ്പൂവും , തലച്ചക്രം (വിഷു ച്കക്രം ), പിന്നെ നമ്മുട പാമ്പ് ഗുളിക , റോക്കറ്റ് ഇത്യാദി ജഗ പോക സംഭവങ്ങളും ..ഒക്കെ ഒന്നിച്ചു വരുമ്പോള്‍ ആഖോഷിക്കാതെ എങ്ങനെ... ഒക്കെ പണ്ടത്തെ കാര്യമാണ് ഹേ..

അത് കൂടാതെ മെയിന്‍ ഐറ്റം - വിഷുവിനു പുതിയ സിനിമ കാണാം എന്നതാണ് ...പിന്നെ റേഡിയോയില്‍ പാട്ട് കേള്‍ക്കാം .... അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് ....എന്നൊക്കെ ....എന്തായാലും വിഷുവം എന്നത് യാധാര്‍ഥത്തില്‍ മാര്ച് 20 നാണ്‌ . സമരാത്രങ്ങള്‍ അന്നാണ് . അന്ന് ഭൂമത്യ രേഖയില്‍ ഉള്ളവര്‍ക്ക് സൂര്യന്‍ തലയ്ക്കു മുകില്‍ ആയിരിക്കും . പക്ഷെ നമ്മുടെ നാട്ടില്‍ അല്പം തെക്ക് മാറി ആയിരിക്കും സൂര്യനെക്കാണുക , സൂര്യന്‍ പിന്നെയും വടക്കോട്ട്‌ നീങ്ങി നമ്മുടെ തലയുടെ മുകളില്‍ ഏതാനം എങ്കില്‍ കുറച്ചു ദിവസം കൂടെ എടുക്കും, അപ്പോള്‍ നമ്മള്‍ ആഖോഷിക്കുന്നത് യഥാര്‍ത്ഥ വിഷുവം അല്ല മരിച്ചു സൂര്യന്‍ നമ്മുടെ തലയുടെ നേരെ വരുന്ന ദിവസമാണ് . മേടം രാഷിയെലേക്ക് ആശാന്‍ പതുക്കെ കയറി ചെല്ലുന്ന ദിവസം

ഇതേ ദിവസം ആസാമില്‍ ബിഹു ( വിഷു തന്നെ) എന്ന പേരില്‍ ഈ ഉത്സവം ഉണ്ട് ( പണ്ട് ദൂരദര്‍ശന്‍ ഹിന്ദി കേരളത്തിലെ വിഷു വിനെ പറ്റി പറയുന്നതോടൊപ്പം ഈ ആഘോഷത്തെ പറ്റിയും പറയുമായിരുന്നു ).ഈ രണ്ടു ആഖോഷവും ഒരേ ദിവസം ഒരേ പേരില്‍ ആയതിനാല്‍ , ഈ രണ്ടു സംസ്ഥാനത്തിലെ ചില ആളുകള്‍ക്കെങ്ങിലും പ്രാചീന കാലത്ത് പരസ്പര ബന്ധം ഉള്ളതായി വാസു ശങ്കിക്കുന്നു ..കൂടുതല്‍ ചോദിക്കരുത് ! :)

വിഷു ആശംസകള്‍ ! ആകാശത്തിലും ഭൂമിയിലും ഉള്ളവര്‍ക്കെല്ലാം .. സൂര്യ ചന്ദ്രമാര്‍ക്കും , പിന്നെ വാല്‍ നക്ഷത്രങ്ങള്‍ക്കും ക്ഷുദ്ര ഗ്രഹങ്ങള്‍ക്കും അടക്കം ! ! :)

വി.എ || V.A said...

....തികച്ചും, നന്മയും ഐശ്വര്യവും കാത്തുസൂക്ഷിക്കാനും, നാനാത്വത്തിൽ ഏകത്വം പരിപാലിക്കാനുമാകണം മനുഷ്യമനസ്സ്. സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കാൻ സദാ പായുകയാണ് പലരും. കൊഴിഞ്ഞുപോകുന്ന ആ നല്ലകാലത്തിന്റെ ഓർമ്മകളുൾക്കൊണ്ട്, ‘യേശു’ത്വം നൽകുന്ന നിഷ്ക്കളങ്കതയും ‘വിഷു’വിന്റെ സമത്വവും ജീവിതത്തിൽ പകർത്തട്ടെ എല്ലാവരും. ഇതുപോലുള്ള എഴുത്തുകളിലൂടെയും അതിനുള്ള പ്രചോദനമുണ്ടാവും. ‘ഒരു നല്ല നാളെ’യിലേയ്ക്ക് യാത്ര തുടരാമെന്ന ആത്മവിശ്വാസത്തോടെ, ‘ഈസ്റ്റർ’, ‘വിഷു’ ആശംസകൾ നേരുന്നു, എല്ലാ സന്മനസ്സുകൾക്കുമായി.......

Pradeep Kumar said...

വിഷു ആശംസകൾ......
നല്ല നിരീക്ഷണങ്ങളാണ് പങ്കുവെച്ചത്.... നന്നായി എഴുതി.

വീകെ said...

"പ്രകൃതി നമുക്ക് താക്കീതുകൾ നൽകുകയാണ്. നിലവിലുള്ള പലതിന്റെയും മാറ്റം അനിവാര്യമാണെന്ന് പറഞ്ഞു കേൾ‌പ്പിയ്ക്കുകയാണ്."

ഇതാണ് സത്യം...!
ഭൂമികുലുക്കം മനുഷ്യർക്ക് പ്രവചിക്കാനോ തടയാനോ ആവില്ലെന്നു പറയുന്നതുപോലെ സത്യം...!!
മനുഷ്യർക്ക് ഒന്നും ചെയ്യാനില്ല.
അത് എത്രയോ മുൻപ് പറഞ്ഞു വച്ചിട്ടുള്ളതാണ്.
“സംഭവാമി യുഗേ യുഗേ...!”

പൈമ said...
This comment has been removed by the author.
പൈമ said...

വിഷു ആശംസകൾ ....

Sidheek Thozhiyoor said...

ഐശ്വര്യപൂര്‍ണ്ണമായ നവവത്സരാശംസകള്‍ക്കൊപ്പം വിഷു ആശംസകളും.
എഴുത്ത് കേമമായി.

മാണിക്യം said...

"വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകൾക്കായി, ആദർശങ്ങൾക്കായി അവയെല്ലാം ചേർന്നുണ്ടാക്കുന്ന മാറ്റങ്ങൾക്കായി, നമ്മുടെ രാജ്യം വരാനായി ജീവൻ പോലും ത്യജിയ്ക്കാൻ തയാറാവുന്ന പോരാട്ടമാണ് കാലം ചോദിയ്ക്കുന്നത്. അതിനുള്ള പ്രേരണയും ഒരുക്കവുമാകണം ഉയിർപ്പു തിരുന്നാളും വിഷുക്കണിയും."
അതെ അങ്ങനെ ആയിത്തീരട്ടെ.!!

നന്മകള്‍ നിറഞ്ഞ പുതുവത്സരാശംസകള്‍!!

ശ്രീനാഥന്‍ said...

ശരിയാണ്. ജോസഫിന്റെയും മേരിയുടേയും പലായനത്തിന്റെ സമാന്തരങ്ങൾ ഇന്ന് വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിൽ കണ്ടെത്താം. ചാട്ടയെന്തിയ കൃസ്തു തന്നെ പ്രശ്നപരിഹാരം. എച്ചുമുക്കുട്ടിക്ക് എന്റെ സ്നേഹപൂർണ്ണമായ വിഷു ആശംസകൾ!

ശ്രീനാഥന്‍ said...

ശരിയാണ്. ജോസഫിന്റെയും മേരിയുടേയും പലായനത്തിന്റെ സമാന്തരങ്ങൾ ഇന്ന് വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിൽ കണ്ടെത്താം. ചാട്ടയെന്തിയ കൃസ്തു തന്നെ പ്രശ്നപരിഹാരം. എച്ചുമുക്കുട്ടിക്ക് എന്റെ സ്നേഹപൂർണ്ണമായ വിഷു ആശംസകൾ!

കൊച്ചു കൊച്ചീച്ചി said...

നന്നായി. വേറൊന്നും പറയാനില്ല. എന്നെങ്കിലുമൊരിക്കല്‍ ഈ ചീട്ടുകൊട്ടാരം തകര്‍ന്നുവീഴും. അന്ന് സ്വന്തം മണ്ണില്‍ അന്നന്നുവേണ്ടുന്ന ഭോജനം കൃഷിചെയ്യാന്‍ കഴിയുന്നവനേ നിലനില്പുണ്ടാകൂ. അതുവരെ കാത്തിരിക്കാം.

Echmukutty said...

ശ്രീ ആദ്യം വന്നല്ലോ. ആഹ്ലാദമുണ്ട് കേട്ടോ ഈ ആദ്യവരവിനും ആശംസകൾക്കും.

മിനി ടീച്ചർക്കും ഉസ്മാൻ ഇരിങ്ങാട്ടിരിയ്ക്കും നന്ദി.

ഗൌരവമായി വായിച്ചല്ലോ രാംജി. ഈ വായനയ്ക്ക് പ്രത്യേകം നന്ദി.

പള്ളിക്കരയിൽ,
ഉമ്മു അമ്മാർ,
പ്രയാൺ എല്ലാവരുടെ വരവിൽ സന്തോഷം. വായനയ്ക്ക് നന്ദി പറയട്ടെ.

Echmukutty said...

അനാമിക പറഞ്ഞത് ഹൃദയം തകർക്കുന്നൊരു വേദനയാണ്. ആ കുഞ്ഞിന്റെ അരുമയായ മുഖം മനസ്സിൽ നിന്ന് മായുന്നില്ല.

അജിത്ജി പറഞ്ഞത് തികച്ചും വാസ്തവം.

റിനി ശബരിയുടെ കമന്റുകൾ വായിയ്ക്കുന്നത് സന്തോഷകരമായ ഒന്നാണ്. വന്നതിൽ വലിയ സന്തോഷം.
ഖാദുവിനും അരീക്കോടനും ചെത്തുവാസുവിനും നന്ദി.
മുകിലിന് നന്ദി.
ലീല ടീച്ചർക്ക് നന്ദി.
ചെത്തുവാസുവിന്റെ വിശദമായ കമന്റ് വളരെ നന്നായി.വിഷു ദിനം തുല്യമാവുന്നതിനെക്കുറിച്ച് വിശദീകരിയ്ക്കണമെന്ന് വിചാരിച്ചിരുന്നു. ഈ കമന്റ് വന്നതോടെ അതാവശ്യമില്ലാതായി. സന്തോഷം കേട്ടൊ.ബിഹു ആഘോഷിയ്ക്കുന്ന ആസ്സാംകാരും മലയാളികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇരുവരും ചോറുരുട്ടി ഉണ്ണുന്നതിനെക്കുറിച്ചും ഒക്കെ പല നിരീക്ഷണങ്ങളും ഉണ്ടല്ലോ.
വി ഏ സാർ,
പ്രദീപ് കുമാർ,
വി കെ,
പൈമ,
സിദ്ധീക്ജി,
മാണിക്യം ചേച്ചി,
ശ്രീനാഥൻ മാഷ്,
കൊച്ചുകൊച്ചീച്ചി എല്ലാവരുടെ വരവിനും അഭിപ്രായങ്ങൾക്കും ആശംസകൾക്കും ഒത്തിരി നന്ദി. ഇനിയും വരുമല്ലോ.

Unknown said...

എച്മു,
ഈസ്റ്ററും വിഷുവും,സാധാരണയായി അടുത്ത ദിവസങ്ങളിലാണുവരുന്നത്‌. എഴുത്ത് നാന്നയിട്ടുണ്ട്; എന്നുമാത്രമല്ല, സന്ദര്‍ഭത്തിനും കാലത്തിനും തികച്ചും അനുയോജ്യവുമാണ്. ധാര്‍മ്മികരോഷം അവകാശപ്പെടുന്നവരെങ്കിലും, പ്രതികരണശേഷിയില്ലാത്ത സ്വാര്‍ത്ഥരായി മാറുകയല്ലേ നാം? എന്നൊരു ചോദ്യം അവശേഷിക്കുന്നു. അഭിനന്ദനങ്ങള്‍!

vettathan said...

എന്തിനാണ് എച്മു ആഷ കൈവെടിയുന്നത്? പതുക്കെയാണെങ്കിലും,ചിലപ്പോള്‍ പരിഹാസ്യമാം വിധം പതുക്കെയാണെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ നടക്കുന്നുണ്ട്.ഒരു ഉദാഹരണം പറയാം.ഡല്‍ഹിക്കടുത്തും യു.പി.യിലും കര്‍ഷകന്റെ ഭൂമി പിടിച്ചെടുത്ത് ഹൌസിങ് കോംപ്ലക്‍സുകളും മറ്റും പണിയാന്‍ കൊടുക്കുന്നുണ്ടായിരുന്നു.ഇപ്പോള്‍ പുതിയ നിയമം വന്നു.അത്തരം കാര്യങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ 30 ഇരട്ടി കൊടുക്കണം.പെങ്കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ആദ്യം സ്ത്രീകള്‍ ബോധവതികളാകണം.വെറും വിദ്യാഭ്യാസം കൊണ്ടുമാത്രം കാര്യമില്ല.വീട്ടില്‍ മക്കളും കൊച്ചുമക്കളുമായി പൊടിപൂരമാണ്.അതാണ് വരാന്‍ വൈകിയത്.

ഓക്കേ കോട്ടക്കൽ said...

ഓരോ ആഘോഷവും പരസ്പര സ്നേഹത്തിന്റെയും പങ്കു വെയ്പ്പിന്റെയും തിരിച്ചറിവിന്റെയും നിമിഷങ്ങളാവണം. എന്നാലേ ആഘോഷം അര്‍ത്ഥപൂര്‍ണമാവുന്നുള്ളൂ.. ഇന്ന് ആഘോഷത്തിന്റെ ആരവങ്ങള്‍ മതില്‍ക്കെട്ടുകള്‍ക്കകത്തെ മനസ്സുകളിലേക്ക് പലപ്പോഴും എതിചെരുന്നില്ലല്ലോ.. നമുക്കതിനു കഴിയട്ടെ..
എല്ലാവര്ക്കും സ്നേഹോഷ്മളമായ വിഷു ആശംസകള്‍.. ..
! വെറുമെഴുത്ത് !
..

the man to walk with said...

നന്മകളുടെ വിഷു ആശംസിക്കുന്നു

റോസാപ്പൂക്കള്‍ said...

എച്ചുമു..വിഷു ആശംസകള്‍
എച്ചുമുവിന്റെ തൂലികയിലൂടെ ഇനിയും ധാരാളം ഉണര്‍ത്തു പാട്ടുകള്‍ ഉയരട്ടെ

A said...

ഈസ്റ്ററിന്റെയും വിഷുവിന്റെയും ആഘോഷ-പ്രസക്തിയെ വര്‍ത്തമാന ദുരിതങ്ങളുടെ പരിഹാര സന്ദര്ഭങ്ങളിലേക്ക് ചേര്‍ത്തു വെച്ച് ചിന്തിച്ച ഈ എഴുത്ത് കാലം ആവശ്യപ്പെടുന്നതാണ്.

ഇവിടെ സര്‍ക്കാരും കോര്‍പറേറ്റും ഒത്തു ചേര്‍ന്ന് ഭൂമിയെ തുരന്ന് പിളര്‍ത്തി നശിപ്പിക്കുമ്പോള്‍ ("വികസന ഘനനം" എന്ന് ഓമനപ്പേര്) നിലനില്‍പ്പിനു വേണ്ടി അതിനെ പ്രതിരോധിക്കുന്ന ചത്തിസ്ഘടിലെ ആദിവാസി നമുക്ക് മാവൊഇസ്റ്റ് ഭീകരനാണ്.
ആദിവാസിയുടെ നിലവിളി ലോകത്തെ കേള്‍പ്പിക്കാന്‍ തുനിയുന്ന അരുന്ധതി റോയ് നമുക്ക് "intellectual terrorist" അഥവാ "ബൌദ്ധിക ഭീകരവാദി"യാണ്.

റ്റി.വിയിലെ ഈസ്റ്റവും വിഷുവും ആണ് നമുക്ക് സുഖപ്രദം.

പൊട്ടന്‍ said...

നന്മയുടെ നന്മയും കര്‍ഷകവൃത്തിയുടെ നന്മയും പരകൃതിയുടെ നന്മയും കാണിയുടെ നന്മയും യേശുവിന്റെ നന്മയും അസ്സലായി.

എഴുത്തിന്റെ നന്മയും ആസ്വദിച്ചു.

ചന്തു നായർ said...

സ്നേഹവും , നന്മയും നിറഞ്ഞ വിഷു ആശംസകള്‍

സേതുലക്ഷ്മി said...

നല്ല ചിന്തകള്‍. എല്ലാ വിഷു,ഈസ്റ്റര്‍ വേളകളിലും ആവര്‍ത്തിച്ച് ഓര്‍ക്കേണ്ടി വരുമോ...?

ഒരില വെറുതെ said...

പിലാത്തോസുമാരാണ്
എല്ലാ കാലത്തും അധികമുണ്ടാവുക

ramanika said...

വിഷു ആശംസകള്‍!!!

ശങ്കരനാരായണന്‍ മലപ്പുറം said...

അങ്ങനെത്തന്നെ ആയിത്തീരട്ടെ!

K Govindan Kutty said...

കൊള്ളാം. അങ്ങനെയൊക്കെ കുടിയേറ്റത്തെയും കൂടുമാറ്റത്തെയും പറ്റിയൊക്കെ ആലോചിച്ചുപോകുമ്പോൾ രസവും വേദനയും തോന്നും. കാല്പനികത്വത്തിന്റെ നിലാവു പരന്ന രസം. അധിനിവേശക്കാരെല്ലാം ഒരു തരം കുടിയേറ്റക്കാരല്ലേ? കുടിയേറ്റക്കാർ ഒരു തരം അധിനിവേശക്കാരും. പിറന്ന മണ്ണീൽ ചടഞ്ഞുകൂടിയവരുടെ ഗതി നോക്കുക, ചരിത്രത്തിലുടനീളം. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി മദിരാശിയിലെ ഹോട്ടലുകളിൽ പാത്രം കഴുകാനും മണൽനാടുകളിൽ മണ്ണു ചുമക്കാനും പോയ മലയാളികളെ ഒരു അധിനിവേശശക്തിയും ആട്ടിയോടിച്ചതല്ല. അവർ അങ്ങനെ നാടു വിട്ടോടിയിരുന്നില്ലെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു? ഈ ചിന്ത മറ്റു സ്ഥലങ്ങളിലേക്കും സന്ദർഭങ്ങളിലേക്കും പകർത്തി നോക്കാമെന്നു തോന്നുന്നു. എന്തായാലും കൊള്ളാം.

അനില്‍കുമാര്‍ . സി. പി. said...

"കർഷകരെ ഇങ്ങനെ നിലം പരിശാക്കിക്കളയുന്ന ഒരവസ്ഥയിലുള്ള രാജ്യത്ത് വിഷു ആഘോഷിയ്ക്കുന്നതിന്റെ പ്രസക്തിയും തുല്യം എന്ന വാക്കിന്റെ അർഥ സമ്പൂർണ്ണത തന്നെയായിരിയ്ക്കണം. അതിലേയ്ക്കുള്ള കാൽ വെപ്പിന് നമ്മൾ ഏറ്റവും പെട്ടെന്ന് തയാറാകണം."

വിഷു ആശംസകള്‍

ഇസ്മയില്‍ അത്തോളി said...

അധിക വായനക്ക് മാറ്റി വെച്ച് പിന്നെ ഇത് വഴി വരാന്‍ മറന്നു .മാധ്യമത്തിലെ സ്വകാര്യം പരസ്യമായി തന്നെ വായിക്കാറുണ്ട് .അവിടെയും ഇവിടെയുമൊക്കെ അച്ചടിച്ചതും വായിക്കാറുണ്ട് .സന്തോഷിക്കാറുമുണ്ട്.
പക്ഷെ ,ബ്ലോഗ്ഗിലാവുമ്പോ വായനക്ക് ചെറിയ ഒരു തടസ്സമുള്ള പോലെ ............കാതലുള്ള എഴുത്തായത് കൊണ്ട് വായിക്കാതെ ഒഴിവാക്കാനും വയ്യ ........പോസ്റ്റുകള്‍ ചില അവസരങ്ങളില്‍ വല്ലാതെ വലുതായിപ്പോകുന്നുവോ ..........?ഇരുപത്തിയാറു ഉപദംശങ്ങളും മൂന്നു പായസവും വല്യ പപ്പടവും ഒന്നായി വിളമ്പിയ ഇലക്കു മുന്നിലെന്ന പോലെ ....................

MINI.M.B said...

പ്രസക്തമായ പോസ്റ്റ്‌. ആശംസകള്‍ നേരുന്നു.

Kattil Abdul Nissar said...

ഗഹനം, തീഷ്ണം , മനോഹരം

Abdulkader kodungallur said...

നന്മ നിറഞ്ഞ, നല്ല സന്ദേശം ഉള്‍ക്കൊള്ളുന്ന നല്ല ലേഖനം . എഴുത്തിന്റെ കരുത്തും ഭാഷയുടെ ശക്തിയും അഭിനന്ദനീയം . ഈസ്റര്‍ , വിഷു ആശംസകള്‍ . ഭാവുകങ്ങള്‍ .

Mohiyudheen MP said...

നല്ല നിരീക്ഷണങ്ങൾ, ആരും ഒന്നും അറിയാത്തവരല്ലെങ്കിലും നല്ല ഒരു ഓർമ്മപ്പെടുത്തലായി.. ആശംസകൾ ചേച്ചി

Myna said...

നല്ല സന്ദേശം. ആശംസകള്‍

Admin said...

എച്ചുമ്മുക്കുട്ടീ... വിഷുവിനു നല്ലവായന തരാന്‍ പറ്റിയ പോസ്റ്റായിരുന്നു. പക്ഷേ വിഷുക്കഴിഞ്ഞ് ഇന്നാണ് ഞാനിതു വായിക്കുന്നതു്.. എന്നാലും ഏകട്ടെ... വൈകിയെത്തുന്ന ഒരു വിഷു ആശംസ...

Unknown said...

വൈകിയ വിഷു ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഉയർത്തെഴുന്നേൽ‌പ്പുദിനത്തിന്റന്ന്
വായിച്ച ഒരു ആംഗലേയ ആർട്ടിക്കിളിൽ പറയുന്നത് ഭാരതീയ കാർഷികമേഖലയാണ് ലോകത്തിൽ ഏറ്റവും മേന്മയോടെ ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നതെന്ന്...!

അപ്പോൾ തീർച്ചയായും
ഒരു നന്മയുടെ ഉയർത്തെഴുന്നേൽപ്പാവണം ഇത്തവണത്തെ വിഷുക്കണി അല്ലേ ..എച്മു

പിന്നെ

വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടിലിവിടേയും
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെയെങ്കിലും ,ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം

M. Ashraf said...

എന്നും പ്രസക്തമായ സന്ദേശം പതിവുപോലെ മനോഹരമായി അവതരിപ്പിച്ചു.
ആശംസകള്‍..

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം. ഓണവും വിഷുവും എല്ലാം നാട്ടിന്‍ പുറങ്ങളില്‍ നിന്നും മാഞ്ഞു പോയിട്ടില്ല..തീരെ.. പക്ഷെ നഗരങ്ങളില്‍ ചാനലുകളില്‍ മാത്രമേയുള്ളു.

കാടോടിക്കാറ്റ്‌ said...

പ്രസക്തമായ അര്‍ത്ഥപൂര്‍ണമായ നിരീക്ഷണങ്ങള് എച്മു. പലായനങ്ങളും കുരിശു മരണങ്ങളും എല്ലാം ഇന്നും തുടര്‍കഥകള്‍. പക്ഷെ, ഉയിര്തെഴുന്നെല്പ്പു മാത്രം ഉണ്ടാവുന്നില്ലല്ലോ! നന്മയുടെ കൊന്നപ്പൂക്കള്‍ വിരിയിക്കാന്‍... ഒരു വാക്കിലൂടെ എങ്കിലും നമുക്കും ചേരാം...ല്ലേ?
ആശംസകളോടെ

കൈതപ്പുഴ said...

നല്ല ലേഖനം

കൊമ്പന്‍ said...

കണ്ണാടിയിലേക്ക് നോക്കാതെ മാളികയിലേക്ക് നോക്കാന്‍ ആണ് നാം പഠിക്കുന്നത് വളരെ ചിന്തനീയ മായ എഴുത്ത് ആശംസകള്‍

SHANAVAS said...

ഇത് മാധ്യമത്തില്‍ വായിച്ചിരുന്നു.. ഇവിടെ വീണ്ടും വായിച്ചു.. എച്മു ടച്ചുള്ള , നല്ല ഒരു പോസ്റ്റ്‌.. ആശംസകളോടെ..

Arif Zain said...

കൃത്യാന്തര ബാഹുല്യങ്ങള്‍ കാരണം ഒരു ബ്ലോഗിലും പോയിരുന്നില്ല അത് കൊണ്ട് തന്നെ ഇപ്രാവശ്യം ഇവിടെ എത്താന്‍ വൈകി. നടപ്പുകാലത്തിന്‍റെ ദയാരഹിതമായ വഴികളില്‍ ചിതറിയ ജീവിതങ്ങള്‍ക്ക് വേണ്ടി രണ്ട് ആഘോഷ വേളകളെ കോര്‍ത്തിണക്കി തയ്യാറാക്കിയ മനോഹരമായ വാഗ്ഹാരം ഹൃദ്യമായി. വളരെ വളരെ നന്ദി എന്ന് മാത്രം പറയട്ടെ.

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja vishu aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane.....

Akbar said...

എങ്കിലും നന്മയെക്കുറിച്ചുള്ള പഴയ സങ്കൽ‌പ്പങ്ങൾക്ക് മാറ്റം വന്നു കഴിഞ്ഞിരിയ്ക്കുന്നു.

വാസ്തവം. ലേഖനം നന്നായി.

വേണുഗോപാല്‍ said...

പർവതങ്ങൾ നികന്നു തുടങ്ങുന്നതും സമുദ്രം കരയെത്തേടി വരുന്നതും ഭൂമി ആഴത്തിലുള്ള ഉഷ്ണ നെടുവീർപ്പുകൾ വിടുന്നതും എല്ലാം സൂചനകളാണ്. പ്രകൃതി നമുക്ക് താക്കീതുകൾ നൽകുകയാണ്.
ഏപ്രില്‍ ആദ്യവാരം മുതല്‍ പാലക്കാടന്‍ മണ്ണിന്റെ ചൂട് നേരിട്ടറിയുന്നു. കാലങ്ങള്‍ക്കു ശേഷം ഇത്രയും പാരമ്യത്തില്‍ എത്തിയ ഈ ചൂട് തന്നെ പ്രകൃതിയുടെ ഒരു താക്കീത് ആണ്. എന്നിട്ടും നാം പഠിക്കുന്നില്ല. എവിടെയും ജെ സി ബി ഭൂമിയുടെ മാറ് കൊത്തി കീറുന്ന കാഴ്ചകള്‍ മാത്രം..

വിളവെടുപ്പ് ഉത്സവം എന്ന് നാം ഘോക്ഷിക്കുന്ന വിഷുവിനു ഇന്ന് തിളക്കമുണ്ടോ. പാടമുണ്ടോ .. കൃഷിയുണ്ടോ ..വിളവുണ്ടോ??? എല്ലാം പേരിനു മാത്രമായി ചുരുങ്ങി. നാളെ തീര്‍ത്തും ഇല്ലാതാകാനും മതി ..

ആ ഇല്ലാതാകലിനു പിന്നില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഞാന്‍ കൂടി ഉണ്ട് എന്നത് ഓരോരുത്തരും അറിയണം.

ചില നല്ല ചിന്തകള്‍ വീണ്ടും അനുസ്മരിപ്പിച്ച ഈ ലേഖനം എച്ച്മുവിന്റെ വിഷു കൈനീട്ടമായി ഞാന്‍ സ്വീകരിക്കുന്നു.നാട്ടില്‍ ആണ് . വരാന്‍ വൈകി. ക്ഷമിക്കൂ

Echmukutty said...

ഈ പോസ്റ്റ് വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും ഒത്തിരി നന്ദി...നമസ്ക്കാരം. ഇനിയും വായിയ്ക്കാൻ എത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്......