ഒരേ തൂവൽ
പക്ഷികൾ എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് ( 2012 മെയ് 11)
കഥയിൽ പല
കാലങ്ങളുണ്ട്. അത് അതിനു തോന്നും പോലെ മാറിമറിയും. ഇന്ന് കഴിഞ്ഞാൽ എന്തായാലും
നാളെയാവണമെന്ന് ആരും വാശി പിടിക്കരുത്.
അപ്പോ കഥയിലെ
ഇന്നത്തെ കാലത്തിന്റെ തൊട്ടു മുൻപ്… ഒരിടത്തൊരു നാട്ടിൽ ഇങ്ങനെയൊക്കെയുള്ള പഴഞ്ചൊല്ലുകളുണ്ടായി.
ബാക്കി ഒരു നാട്ടിലും ഇല്ല ഇങ്ങനെ എന്ന് വഴക്കുണ്ടാക്കരുത്, കേട്ടോ. കഥയല്ലേ……ഏതു നാട്ടിലും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഒരു കഥയുണ്ടാവാം…
ചില്ലിക്കാശ് ചെലവില്ല.
കേടു വരില്ല.
തിളപ്പിച്ച്
ആറിയ്ക്കേണ്ട.
പൂച്ച തട്ടിക്കുടിയ്ക്കില്ല.
വായ തുറന്നാൽ, അപ്പോ
കിട്ടും.
പിന്നെ, പിന്നെ...
ഇതിലും നല്ലൊരു
പാൽപാത്രം ഇല്ല.
ഹി….ഹി.
മെഡിക്കൽ കോളേജിൽ
പഠിച്ചയാളാണു ഇതെല്ലാം പറഞ്ഞത്. ഒരിയ്ക്കലും മുലപ്പാലൂറിയിട്ടില്ലാത്ത ഒരു ആൾ.
അയാൾക്കേ ഇങ്ങനെ പറയാൻ പറ്റൂ.
പ്രസവിച്ചിട്ട് രണ്ടായി,
ദിവസം.
സ്ത്രീധനം ബാക്കി
വന്നാലും പെണ്ണ് ആണിനെ പെറാത്ത ദുരിത നഷ്ടമുണ്ടായാലും അത് ഗാന്ധിത്തല എണ്ണിത്തീർക്കണം.
വേണ്ടേ? കടങ്ങളൊന്നും ബാക്കി വെയ്ക്കാൻ പാടില്ല. കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ
പോറ്റാനാണല്ലോ സ്ത്രീധനം. അതും ബാക്കി, പുറമേ ആ പെണ്ണ് ഒരു പെണ്ണിനെയും കൂടി
പെറ്റിട്ടാൽ……ഇതിനൊക്കെ ആരു ചെലവിനു കൊടുക്കാനാണ്? കാശിനു
കാശു തന്നെ വേണം. വേണ്ടേ?
അതാണ് കുഞ്ഞിനെ നീക്കിപ്പിടിച്ച്
അതിന്റെ തന്തയും തറവാടും ഉറഞ്ഞു തുള്ളിയത് . മുലമുട്ടിപ്പ് തന്ത്രത്തിന് പത്രങ്ങളിലും
മാസികകളിലും ഒന്നും ആരും ഇതുവരെ പഠനങ്ങളെഴുതീട്ടില്ല. കിട്ടുന്ന പുസ്തകത്തിലൊക്കെ
നോക്കി, ഒന്നും കണ്ടില്ല. ആരെങ്കിലും കണ്ടാൽ പെണ്ണിനോട് പറയണേ…
മുലപ്പാൽ നിറഞ്ഞു
വീർത്തു നീരു വന്നു മുട്ടി. കക്ഷം വരെ ഉണ്ടായിരുന്നു രണ്ട് നാൾ മുൻപ് പെറ്റ പെണ്ണിന്റെ
മുല.
പോലീസുകാർ അടിവയറ്റിൽ
ഇടിച്ചാൽ മൂത്രം മുട്ടും. ആണിനും പെണ്ണിനും മുട്ടും. അത് സിനിമയിലും ലേഖനത്തിലും
കഥയിലും ഒക്കെ എല്ലാവരും കാണുകയും വായിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട്
മൂത്രം മുട്ടിപ്പ് എല്ലാർക്കും പെട്ടെന്ന് അറിയും. അയ്യോ! കഷ്ടം! അക്രമം! എന്ന്
എല്ലാവരും സങ്കടപ്പെരുമഴയായി പെയ്യും.
മുല മുട്ടിപ്പ്
മുട്ടിയാലേ അറിയൂ. മുട്ടിച്ചാലേ അറിയൂ. പെറ്റവൾ രണ്ടു കൈകളും പൊക്കിപ്പിടിച്ച് അലറിക്കരഞ്ഞു.
തൊണ്ടയടയുവോളം പ്രാകി. ബോധം കെടുവോളം വെറുത്തു. പശുവിന്റെ പാലിനല്ലേ പണമെണ്ണി കിട്ടൂ.
വിറ്റാൽ കാശ് കിട്ടാത്ത മുലപ്പാല് പിഴിഞ്ഞ് പെറ്റ പെണ്ണ് തെങ്ങിൻ ചോട്ടിലൊഴിച്ചു. പിന്നെ
വിളഞ്ഞ ഇളന്നീരിന് മുലപ്പാലിന്റെ രുചി…
മുലമുട്ടിപ്പ് തീരാൻ ഏഴര
സെന്റും അമ്പതിനായിരം രൂപയും. സ്ത്രീധന ബാക്കിയും പിന്നെ പലിശയും ഒക്കെയാവുമ്പോൾ
അതു വേണം. അത്രയെങ്കിലും കൊടുക്കണം. “ആണൊരുത്തനല്ലേടീ? നിന്റൊപ്പം കഴിയണ്ടേ? നീ പെറ്റിട്ട
പെൺകൊച്ചിനു തന്ത വേണ്ടേടീ…“
അപ്പോ സ്വത്തിനൊപ്പം സ്വത്ത്. പണത്തിനൊപ്പം
പണം. അതു കൊടുക്കണം. വാക്കു പറഞ്ഞ കാശും മൊതലും തീർത്ത് കൊടുക്കണം.
‘മഹാപാപീ, അപ്പോ ഈ
വെറുതെ ഒഴുകിപ്പോയ മുലപ്പാലിന്റൊപ്പം ……..‘
‘മുലപ്പാലിനൊപ്പം ……നിന്റമ്മേടെ തലയാടീ, തല. ആരാ പറഞ്ഞത് ആ തള്ളയോട് നിന്നെപ്പോലെ ഒരു
പെണ്ണിനെ പെറ്റു പോറ്റി എന്റെ കഴുത്തീലു ഞാത്തിയിടാൻ?‘
‘കൊടുക്ക് നീ പെറ്റ ഈ
നാശത്തിന് മുലപ്പാല്. എന്തൊരു കീറലാ ഏതു നേരത്തും. ചെവി തല കേട്ടിട്ടില്ല, ഈ നാലു
ദിവസം‘
ഏറ്റവും സുഖകരമായ,
അനുഭൂതി ദായകമായ സ്പർശം ഏതാണ്? ആദ്യ ചുംബനം?
ആദ്യഭോഗം?
ച്ഛി, അതൊക്കെ
ഏതാണ്ടു പണ്ടാര കഥയിലും പൊട്ടക്കവിതയിലും നേരമ്പോക്കിന്, ജോലിയില്ലാത്തവര് എഴുതി
നിറക്കണത്…..
നീരു മുട്ടിയ മുല
കുടിച്ച്, അതൊരു കാറ്റു പോയ ബലൂണാക്കി, അമ്മൂമ്മയുടെ ഭസ്മ സഞ്ചിയാക്കി ചിരിച്ച
കുഞ്ഞിളം ചുണ്ടിന്റെ സ്പർശത്തോളം ഉണ്ടോ ചുംബനവും
ഭോഗവുമൊക്കെ?
ആ പറഞ്ഞതൊക്കെ കെട്ടുകഥകൾ.
ഉയരത്തിൽ കെട്ടിയ കൊടിക്കൂറകൾ. അതിലെ കീറലും മങ്ങലും നാലാള് കാണണ്ട. ഇനീം ആൾക്കാരു
ആദ്യ ചുംബനത്തിന്റേം കൂടെ കിടന്നതിന്റേം ഗമക്കൊടി
പിടിച്ച് നടക്കേണ്ടേ? മുല മുളയ്ക്കുന്ന പെൺകുട്ടികൾക്കും മീശ കുരുക്കുന്ന ആൺകുട്ടികൾക്കും കേൾക്കുമ്പോൾ
രോമാഞ്ചം വരണ്ടേ?ആദ്യം സീലു പൊട്ടിച്ച കഥ പറയേണ്ടേ?
അതിത്രേള്ളൂ, അത്
നിസ്സാരം എന്ന് പറഞ്ഞാ തീർന്നില്ലേ കുടുംബം, കെട്ടുറപ്പ്, ആവാസ വ്യവസ്ഥ, സദാചാരം?
ഈ ലോകം?
കാശില്ലാത്ത പെണ്ണ് പെറ്റു
കിടക്കരുത്. അതാണ് മുലപ്പാൽ കനം കൂടിയ ഉടുപ്പ് കവിഞ്ഞും പണിസ്ഥലത്തൂടെ ഒഴുകിയത്.
നേർപ്പിച്ച പശുവിൻ പാലും പാൽപ്പൊടി കലക്കിയതും കുടിച്ച് മുലയൂട്ടുന്ന അമ്മമാരുടെ
പടങ്ങളും കണ്ട് കുഞ്ഞ് കിടന്നു.
ധനാർത്തിയേക്കാൾ വലിയ
കറുത്ത പൂച്ചയോ വെളുത്ത പൂച്ചയോ ഉണ്ടോ?
കെട്ടി നിന്ന
മുലപ്പാലു കുഞ്ഞിന് വയറിളക്കും.
കെട്ട സ്ത്രീയുടെ മുല
കുടിച്ച് കുഞ്ഞ് വളരേണ്ടെന്ന് തീരുമാനിയ്ക്കാൻ എത്ര സമയം വേണം? ഗാന്ധിത്തലയുടെ
എണ്ണം തെറ്റിയെന്ന് തോന്നാൻ എത്ര സമയം വേണം? ഭൂമിയുടെ സെന്റ് കണക്ക് പോരാന്ന്
തോന്നാൻ എത്ര നേരം വേണം? ചെല ആണൊരുത്തന്മാർക്ക് തോന്നിയാ പിന്നെ ദൈവത്തിനു തോന്നിയ മാതിരി.
കുട്ടി ആണായാലും
പെണ്ണായാലും തന്തയ്ക്ക് പിറക്കും, അല്ലാതെ തള്ളയ്ക്ക് പിറക്കാറുണ്ടോ? ഇന്നേവരെ ഏതെങ്കിലും ഒരു കുട്ടി തള്ളയ്ക്ക് പിറന്നിട്ടുണ്ടോ?
“പിച്ചിപ്പൂവോ മുല്ല
മാലയോ മുലയിൽ കെട്ടിവെച്ചാൽ പാല് നിൽക്കും പെണ്ണേ…..നീയിങ്ങനെ
കരയണ്ട.“ പെറ്റ കുഞ്ഞുങ്ങളെല്ലാം ഒരോന്നായി ചത്തു കെട്ടു പോയ പ്രാന്തിത്തള്ള
വായനശാലയുടെ തിണ്ണയിലിരുന്ന് ചിരിച്ചു…..പിന്നേം ചിരിച്ചു. “നിന്റെ കുട്ടി ചത്തിട്ടില്ലല്ലോടീ“ന്ന്
അലറിക്കരഞ്ഞു. പ്രാന്തിത്തള്ളയ്ക്ക്
പ്രാന്താണെന്ന് പറഞ്ഞോർക്കാണ് പ്രാന്ത്.
പിച്ചിപ്പൂവും
മുല്ലപ്പൂവും കാണുമ്പോൾ ഇപ്പോഴും കരച്ചിലു വരുന്നത് അതുകൊണ്ടാണ്.
പെട്ടെന്ന് ഈ കഥയില്
കാലം മാറി, ഭാവി കാലം വന്നു.
അങ്ങനെ ഇല്ലാതായ,അകന്നു
നീങ്ങിപ്പോയ പാലൊഴുകും മുലക്കണ്ണുകൾ കീഴ്ചുണ്ടായി തീർന്നു കുഞ്ഞിനു ധൈര്യമായി...കുഞ്ഞ്
സ്വന്തം ചുണ്ടു കുടിച്ച്കുടിച്ച് വളർന്നു, വലുതായി…..
പാൽ കെട്ടി നിറുത്തിയ
തെറ്റിന് പാൽപ്പാത്രത്തിന്റെ ഭംഗി കവർന്ന വലിയ മുഴകൾ എന്റെ തെറ്റല്ലെന്ന് താണു കേണു പറഞ്ഞിട്ടും നഖം വെച്ച് ഇറുക്കുകയും മുള്ളു വെച്ച് കുത്തുകയും
ചെയ്ത് അലറിച്ചിരിച്ചു, ആ ചിരി സൂക്ഷിച്ചു വെച്ചിരുന്നത് പ്രവചിയ്ക്കാൻ
ആരുമില്ലാത്ത ഒരു ഭാവികാലത്തിലായിരുന്നു.
ഈ കഥയിൽ പിന്നൊരു പഴയ
പഴയ ഭൂതകാലമുണ്ട്. അതു മറന്നാലെങ്ങനെയാണ്? എത്രയായാലും വന്ന വഴി മറക്കാൻ പാടില്ല.
എപ്പോഴും വേരുകളും പിന്നെ ഓർമ്മകളും നമുക്കുണ്ടായിരിക്കണം.
മരിക്കൊഴുന്തും
മുല്ലപ്പൂവും കൊഴിച്ചു കളഞ്ഞു ഒരു അമ്മ.
മോരും വെണ്ണയും ദൂരെ
നീക്കി ആ അമ്മ.
കുത്തരിയും പഴയരിയും
കളഞ്ഞു വെളുത്ത അമ്മ.
സ്വന്തം സ്നേഹത്തെ
ഒരുപാടു സ്നേഹിച്ചു അമ്മ.
അപ്പോൾ നാടും വീടും
ശീലവും രുചിയും ഇഷ്ടവും തിരിഞ്ഞു നോക്കാതെ ഒരു ആട്ടും പിന്നെ ഒരു തുപ്പും ഒടുവിലൊരു ചവിട്ടും കൊടുത്ത്
പടി കടന്ന് പോയി.
എന്നിട്ടെന്തുണ്ടായി?
സ്നേഹം സ്നേഹം എന്ന്
കരഞ്ഞു അമ്മ
പട്ടിണി കിടന്നു
അമ്മ,
കഞ്ഞിവെള്ളം കുടിച്ചു
അമ്മ,
അടിയും കൊണ്ടു അമ്മ.
പ്രസവിച്ചപ്പോൾ ആ
അമ്മയ്ക്ക് ഒരു തുള്ളി മുലപ്പാലുണ്ടായിരുന്നില്ല. മുല മുറിച്ചാലുമില്ല പാലെന്ന് നിറഞ്ഞ
പാലുള്ള മുഴുത്ത മുലക്കളിയാക്കിച്ചിരികൾ. അതുകൊണ്ട് അമ്മേടേ കുഞ്ഞിന് മുല
കുടിയ്ക്കാൻ അറിയുമായിരുന്നില്ല. അതിന് ഒരിയ്ക്കലും ആശയും കൊതിയും വന്നില്ല.
മരിക്കൊഴുന്തും മുല്ലപ്പൂവും കുത്തരിയും പഴയരിയും മോരും വെണ്ണയും ഇല്ലെങ്കിലും, നല്ല ചുട്ട അടി ശീലമായ അമ്മ പിന്നെ പട്ടിണി കിടന്നില്ല.
സ്നേഹത്തിന് കരഞ്ഞില്ല. ഒക്കെ ശീലമായാൽ മതി, പെണ്ണുങ്ങൾക്ക്. പിന്നെ ഒരു കുഴപ്പവുമില്ല. അതുകൊണ്ടാണ് താഴെപ്പിറന്നവൾ മ്ണാം മ്ണാം എന്ന് മുല
കുടിയ്ക്കുന്നത് കണ്ട് അന്തം വിട്ട് നിൽക്കാൻ പറ്റിയത്. അടുത്ത വർഷം വന്ന
മുലപ്പാലിന്റെ പുതിയ അവകാശിയെ നോക്കി അവൾ എന്നിട്ടും പല്ലു കടിച്ചു. കൈകാലുകൾ
കുടഞ്ഞ് അലറിക്കരഞ്ഞു.
അപ്പോൾ ആണിനെ അറിയാത്ത,
പെറ്റിട്ടില്ലാത്ത ഒരു വല്യമ്മച്ചിയാണ് അവൾക്ക് പാലില്ലാത്ത മുല കൊടുത്തത്.
അതുകൊണ്ട് അവളായിരുന്നു എന്നും വല്യമ്മച്ചിയുടെ മോളു കുട്ടി.
ആൺപിറന്നവനെന്തിനാണ്
അമ്മയാവാനെന്ന് വല്യമ്മച്ചി….
ഒരു കുഞ്ഞുണ്ടായാൽ
എല്ലാ പെണ്ണുങ്ങൾക്കും മുലപ്പാൽ വരണം. പെണ്ണുങ്ങൾക്കെല്ലാം
മുല കിട്ടിയപ്പോൾ അതും കിട്ടാമായിരുന്നു. ഒന്നാലോചിച്ചു നോക്ക്. ഏതു പെണ്ണ്
വാരിയെടുത്താലും ഏതു കുഞ്ഞിനും മുല കുടിക്കാൻ പറ്റിയിരുന്നെങ്കിൽ…
ഇത് കഥയിലെ ഭൂതവും വർത്തമാനവും
ഭാവിയുമല്ലാത്ത ഒരു സത്യകാലം.
സത്യകാലത്തിൽ ഒക്കെ
ദൈവഹിതം അല്ലേ? ആവോ? ദൈവത്തിനു ഹിതമായത് ആരേ പറഞ്ഞ് തന്നത് ?
ആ ഹിതത്തിനാണോ ഒരു
വീട്ടിൽ പെറ്റ് കിടക്കുന്ന പെണ്ണിന്റെ കുഞ്ഞിനെ കുഴിയിലേക്ക് എടുക്കുന്നത്? അവിടത്തെ
അച്ഛനു കുടിയ്ക്കാൻ പിന്നത്തെ നേരം തള്ളേടെ കണ്ണീര്…ആ
അച്ഛൻ വിങ്ങിവിങ്ങിക്കരയുമ്പോൾ
കണ്ണീരൊലിച്ച് കിണർ നിറഞ്ഞു.
ആ പറഞ്ഞ ദൈവഹിതത്തിനു
തന്നെയാണോ പിന്നൊരു വീട്ടിൽ മുല കുടിയ്ക്കുന്ന കുഞ്ഞിന്റെ തള്ളയെ ചിതയിലേക്ക്
വെയ്ക്കുന്നത്? അവിടത്തെ കുഞ്ഞിനു കുടിയ്ക്കാൻ അന്നേരം ആദ്യം അച്ഛന്റെ കണ്ണീര്..
അതൊരു ചുവന്ന കണ്ണീരായിരുന്നു. കണ്ണീരിന്റെയും കണ്ണീരായിരുന്നു.
ഒക്കെ സുഭിക്ഷമായി.. എന്ത്?
കണ്ണീര് തന്നെ…
ദൈവഹിതം , ഒരു
സംശയവും വേണ്ട.
30 comments:
പട്ടേപ്പാടം റാംജിMay 11, 2012 11:06 AM
കുടിച്ച് വളര്‍ന്നവര്‍ കടിച്ച് പറിക്കുന്നു...
ചിന്തിപ്പിക്കുന്ന ശക്തി എഴുത്തിന്.
Reply
Muralee MukundanMay 11, 2012 11:39 AM
നീരു മുട്ടിയ മുല കുടിച്ച്,
അതൊരു കാറ്റു പോയ ബലൂണാക്കി,
അമ്മൂമ്മയുടെ ഭസ്മ സഞ്ചിയാക്കി ചിരിച്ച
കുഞ്ഞിളം ചുണ്ടിന്റെ സ്പർശത്തോളം ഉണ്ടോ ചുംബനവും ഭോഗവുമൊക്കെ?
Reply
SukanyaMay 11, 2012 2:03 PM
ഓരോ കഥയിലെയും വിഷയങ്ങള്‍ എന്നും വ്യത്യസ്തത പുലര്‍ത്തുന്നു.
കഥ പറഞ്ഞ രീതി എച്ച്മുകുട്ടി സ്റ്റൈലില്‍ നിന്നു മാറിയപോലെ.
Reply
ajithMay 11, 2012 4:47 PM
കഥ വായിച്ചു
Reply
കുഞ്ഞൂസ് (Kunjuss)May 11, 2012 5:27 PM
ഈ കഥ വായിച്ചു, എന്താ പറയേണ്ടതെന്ന് അറിയില്ല എച്മൂ...
Reply
കൊമ്പന്‍May 11, 2012 5:50 PM
ശക്തമായ ഭാഷ്യ ത്തിലൂടെ നല്ല പ്രമേയത്തിലൂടെ സാമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന രീതിയില്‍ പറഞ്ഞു ആശംസകള്‍
Reply
പഥികൻMay 13, 2012 8:46 AM
ഹോ ! ഭൂതവും വർത്തമാനവും ഭാവിയുമല്ലാത്ത ഒരു സത്യകാലം....എല്ലാക്കാലത്തും എല്ലായ്പ്പൊഴും...
Reply
Biju DavisMay 13, 2012 8:22 PM
മാതൃദിനത്തില്‍ 'കണ്ണീരിന്റെ സമ്പന്നത'!
നല്ല പോസ്റ്റ്!
Reply
വിനുവേട്ടന്‍May 13, 2012 8:59 PM
ഈർച്ചവാളിന്റെ മൂർച്ചയാണല്ലോ എച്ച്മു വാക്കുകളിൽ... അഭിനന്ദനങ്ങൾ...
Reply
MubiMay 14, 2012 4:28 AM
പശുവിന്റെ പാലിനല്ലേ പണമെണ്ണി കിട്ടൂ. വിറ്റാൽ കാശ് കിട്ടാത്ത മുലപ്പാല് പിഴിഞ്ഞ് പെറ്റ പെണ്ണ് തെങ്ങിൻ ചോട്ടിലൊഴിച്ചു.
Reply
EKGMay 14, 2012 6:00 AM
മുലപ്പാലിന്റെ മഹത്വം കുപ്പിപ്പാല്‍ മാത്രം കുടിച്ചു വളര്‍ന്നവര്‍ക്കറിയില്ലല്ലോ.. നന്നായിട്ടുണ്ട് എച്ച്മുകുട്ടി....
Reply
മുല്ലMay 14, 2012 8:54 AM
സത്യക്കഥ.
അഭിനന്ദനങ്ങള്‍...
Reply
ഒരേ തൂവൽ പക്ഷികൾ എന്ന ബ്ലോഗിൽ ഈ കഥ വായിച്ച് അഭിപ്രായമെഴുതിയവർക്ക് നന്ദി പറഞ്ഞുകൊണ്ട്.............
ayanEvoorMay 14, 2012 6:30 PM
അമ്മയ്ക്ക് പാലില്ലാഞ്ഞതിനാൽ പശുവിൻ പാലു കുടിച്ചു വളർന്നവനാ ഞാൻ.
എന്നാലോ അനിയന്മാരുണ്ടായപ്പോഴൊക്കെ അമ്മയ്ക്ക് നിറച്ചു പാലും!
അമ്മ തന്നെ ദു:ഖത്തോടെ പറഞ്ഞു തന്നിട്ടുള്ളതാ...
അതുകൊണ്ട് അമ്മയോടെനിക്ക് കൂടുതലിഷ്ടം!
Reply
വഴിമരങ്ങള്‍May 20, 2012 1:56 PM
സുഹൃത്തെ എച്ചുമു,
ബന്ന്യാമിന്റെ ആടുജീവിതത്തിനുമുന്‍പുമെവിടെയോ വായിച്ചിട്ടുണ്ട്,ജീവിതത്തില്‍ സംഭവിക്കുവോളം കഥയായിരുന്ന പലതും പിന്നീട് സത്യമായിവരുമ്പോള്‍ അതിന്റെ തീക്ഷ്ണതയില്‍ പകച്ചുപോകുന്നവരെപറ്റി....
പകച്ചുപോകുന്നുകേട്ടൊ ഞാനും...കഥയായികാണാനാകാതെ.
Reply
(പേര് പിന്നെ പറയാം)May 21, 2012 3:40 PM
'ജീന്‍സ്' എന്നൊരു ചെറുകഥാ സമാഹാരം...പാക്കിസ്ഥാന്‍ പെണ്‍കുട്ടികളുടെ കഥകളുടെ സമാഹാരം ആണത്...അതിലെ ആദ്യ കഥയുടെ പേര് -"മുല"
അതില്‍ പറയുന്നത്, മറ്റൊരു സ്ത്രീയുടെ കുട്ടിയ്ക്ക് മുലപ്പാല്‍ കൊടുത്തു എന്ന കുറ്റത്താല്‍ മുല ചെത്തി കളയേണ്ടി വന്ന ഒരുവളുടെ ചിന്തകളാണ്....അതൊരു കുറ്റവും,ആ കുറ്റത്തിന് മുല ചെത്തി കളയുക എന്നത് അവിടത്തെ നിയമവും ആണത്രേ.
"ഒരു കുഞ്ഞുണ്ടായാൽ എല്ലാ പെണ്ണുങ്ങൾക്കും മുലപ്പാൽ വരണം. പെണ്ണുങ്ങൾക്കെല്ലാം മുല കിട്ടിയപ്പോൾ അതും കിട്ടാമായിരുന്നു. ഒന്നാലോചിച്ചു നോക്ക്. ഏതു പെണ്ണ് വാരിയെടുത്താലും ഏതു കുഞ്ഞിനും മുല കുടിക്കാൻ പറ്റിയിരുന്നെങ്കിൽ…"
എന്ന വരി വായിച്ചപ്പോള്‍ എനിയ്ക്ക് ആ കഥയാണ് ഓര്‍മ്മയില്‍ വന്നത്...
ഗംഭീരമായി എഴുതിയിരിയ്ക്കുന്നു...ആശംസകള്‍.
Reply
കഥ വായിച്ചവർക്കെല്ലാം നന്ദിയും സ്നേഹവും......
Reply
ചന്തു നായർMay 22, 2012 1:45 PM
മുല മാഹാത്മ്യം വായിച്ചു.വരികളിലെ തീഷ്ണത വല്ലാതെ ആകർഷിച്ചൂ... 6 വയസ് വരെ എന്റെ അമ്മയുടെ മുലപ്പാൽ കുടിച്ച് വളർന്നവളാണു ഞാൻ. (അതുകൊണ്ടാവാം രണ്ട് അറ്റാക്ക് കഴിഞ്ഞിട്ടും ചാവാതെ കിടക്കുന്നത്)കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ പുരയിടത്തിൽ ഒരു മരം മുറിച്ചു. ജോലിക്കാരായി എട്ട് ആണുങ്ങളും 5 പെണ്ണുങ്ങളും. മരത്തിന്റെ 'കാതൽ' നോക്കാൻ പോയ എന്റെ കണ്ണിൽകൊമ്പൊടിഞ്ഞ് കറവീണു.വല്ലാത്ത നീറ്റൽ ഭാര്യയും അമ്മയും ശാക്തിയിൽ വെള്ളം തെറുപ്പിച്ചിട്ടും കണ്ണിലെ കറ പോയില്ലാ..ആരോ പറഞ്ഞു. കുറച്ച് മുലപ്പാലിറ്റിക്കാൻ........ അമ്മയുടെ പാൽ വറ്റിയമുല 'എച്ചുമുന്റെ ഭാഷയിൽ പറഞ്ഞാൽ അതൊരു കാറ്റു പോയ ബലൂണായിരിക്കുന്നു, അമ്മയുടെ ഭസ്മ സഞ്ചി.... പിന്നെയുല്ലത് സ്വന്തം ഭാര്യ...അവളാണേൽ പെറ്റിട്ടുമില്ലാ...പണ്ടാരോ പറഞ്ഞ്കേട്ട പൊട്ട അറിവിനാൽ ( പെറാത്ത പെണ്ണിനും മിലയിൽ പാലുണ്ടാകും) പലരാത്രികളും പലവിധത്തിൽ ഞാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും ങേഹേ...ഒരു തുള്ളിപോലും കിട്ടിയിട്ടില്ലാ...അപ്പൾ അവളിൽ നിന്നും കിട്ടില്ലാ.... പ്രസവം കഴിഞ്ഞ് നിൽക്കുന്ന ബന്ധുജനങ്ങാളാരും ഏഴയലത്തില്ലാ....എന്റെ സങ്കടം കണ്ട് ജോലിക്കായി അവിടെ നിന്നിരുന്ന് 'കാട്ടാക്കട ഇന്ദിര' എന്ന ഗണിക....സാഹിത്യം വേണ്ട അല്ലേ....വേശ്യ( ഈ കഥാപാത്ര ത്തെക്കുറിച്ച് പ്രസിദ്ധനായ വി.കെ.എൻനദ്ദേഹത്തിന്റെ 'അധികാരം' എന്ന നോവലിൽ പരാമർശിച്ചിട്ടുണ്ട്...അതിനെക്കുറിച്ച് പിന്നീടൊരിക്കൽ- അദ്ദേഹത്തിനു ഈ വ്യക്തിയെക്കുറിച്ച് പറഞ്ഞ് കൊടുത്തത് ഞാനല്ലാ കേട്ടോ ?) അവൾ എന്റെ അടുത്തെത്തി"സാറു ഇങ്ങോട്ട് വന്നേ" ഞാൻ അവളെ അനുഗമിച്ചു.അടുത്തൊരു മ്രത്തിൽ അവൾ ചാരിയിരുന്നു.അവൾ എന്നെ അവളൂടെ മടിയിലേക്ക് പിടീച്ച് കിടത്തി...അവളെന്നല്ലാ ഒരു കുഷ്ടരോഗിയാണു അങ്ങനെ പിടിച്ച് കിട്അത്തിയിരുന്നെങ്കലും ഞാൻ അനുസരിക്കുമായിരുന്നു.അത്രക്കാ നീറ്റൽ...അവൾ എന്റെ രണ്ട് കണ്ണുകളിലും നേരിട്ട് മുലപ്പാൽ സ്പ്രേ ചെയ്തു..കണ്ണിന്റെ കടച്ചിൽ മാറി..അതുകൊണ്ടാവാം പോക്കറ്റിൽ ൻഇന്നും 100 രൂപ എടുത്ത് കൊടുത്തു.ഇന്ദിര ഉവാച്:- എന്റെ നായർസാറേ ഇതിനു ഞാൻ പണം വാങ്ങാറില്ലാ....പക്ഷേ ഒരു പുരുഷൻ എന്റെ ശരീരത്തിൽ തൊടണമെങ്കിൽ ചോദിക്കണ കാശ് തന്നേ ഈ ഞാൻ മുണ്ട് മാറ്റൂ.... ഇതെല്ലാം നോക്കി കണ്ട് (അവൾ പറഞ്ഞത് അവൾ കേട്ടില്ലാ) അമ്മയും ഭാര്യയും..ഇവിടെ ഞാൻ മുലപ്പാലിന്റെ മാഹാത്മ്യം അറിഞ്ഞു. ചില്ലിക്കാശ് ചെലവില്ല.
കേടു വരില്ല.
തിളപ്പിച്ച് ആറിയ്ക്കേണ്ട..
പൂച്ച തട്ടിക്കുടിയ്ക്കില്ല.
വായ തുറന്നാൽ, അപ്പോ കിട്ടും.
പിന്നെ, പിന്നെ ഇതിലും നല്ലൊരു പാൽപാത്രം ഇല്ല... എന്ന സത്യം... എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട് മുലപ്പാൽ കുടിക്കണമെന്ന് പക്ഷേ............."ഏതു പെണ്ണ് വാരിയെടുത്താലും ഏതു കുഞ്ഞിനും( ആഗ്രഹമുള്ള മുതിർന്നോക്കും മുല കുടിക്കാൻ പറ്റിയിരുന്നെങ്കിൽ…" എന്ന എച്ചുമിന്റെ എന്റെയും ചിന്തയാകുന്നു. എത് പുരുഷനും പെണ്ണിന്റെ മുല കണാൻ ഇഷ്ടമാണു...ഏറ്റവും സുഖകരമായ, അനുഭൂതി ദായകമായ സ്പർശം ഏതാണ്? ആദ്യ ചുംബനം? ആദ്യഭോഗം?ച്ഛി, അതൊക്കെ ഏതാണ്ടു പണ്ടാര കഥയിലും പൊട്ടക്കവിതയിലും നേരമ്പോക്കിന്, ജോലിയില്ലാത്തവര് എഴുതി നിറക്കണത്....സത്യമാ കുഞ്ഞേ മുലയൂട്ടലാണു മഹത്വമാർന്ന അനുഭൂതി...പിന്നെ എച്ച്മൂ പറഞ്ഞപോലെ മാറിൽ രണ്ട് മുഴവന്നാൽ പിന്നെ ലോകം കീഴടക്കി എന്ന് ധരിക്കുന്ന പെൺകുട്ടികൾ ഇപ്പോൾ നാട്ടിൽ വളരെ ക്കൂടുതലാ.. മിൻപേ ആൾക്കാർ പറഞ്ഞതൊക്കെ കെട്ടുകഥകൾ. ഉയരത്തിൽ കെട്ടിയ കൊടിക്കൂറകൾ. അതിലെ കീറലും മങ്ങലും നാലാള് കാണണ്ട. ഇനീം ആൾക്കാരു ആദ്യ ചുംബനത്തിന്റേം കൂടെ കിടന്നതിന്റേം ഗമക്കൊടി പിടിച്ച് നടക്കേണ്ടേ? ആദ്യം സീലു പൊട്ടിച്ച കഥ പറയേണ്ടേ? മുല മുളയ്ക്കുന്ന പെൺകുട്ടികൾക്കും മീശ കുരുക്കുന്ന ആൺകുട്ടികൾക്കും കേൾക്കുമ്പോൾ രോമാഞ്ചം വരണ്ടേ? കുട്ടിക്ക് കൊടുക്കാത്ർ മാർവ്വിട ഭംഗി നിലനി ർത്താൻ.... ക്ഷീരം ഒഴുക്കി ക്കളയുന്നവർ ശ്രദ്ധിക്കുക...എച്ചുമിന്റെ വാക്കുകൾ..കൂടെ മറ്റ് ചിലരും ഇത് തേടിപ്പിടിച്ച് വായിക്കുക....എച്ചുമുക്കുട്ടീ...ഒരു വലിയ നമസ്കാരം
Reply
moideen angadimugarMay 24, 2012 10:16 PM
കഥയിലൂടെ എച്ചുമുക്കുട്ടി കാര്യമാണു പറഞ്ഞത്.ആശംസകൾ.
Reply
എല്ലാവർക്കും നന്ദി, നമസ്ക്കാരം.......
അഭിപ്രായങ്ങള്‍ വായിക്കാന്‍ വന്നതാ..
മനുഷ്യൻതന്നെ വരുത്തിവയ്ക്കുന്നത്. കഷ്ടം... മൃഗമായി ജനിക്കരുതായിരുന്നോ...
കഥ വായിച്ചു.
...കുട്ടി ആണായാലും പെണ്ണായാലും തന്തേടെയല്ലേ?...
ഞാൻ അറിയുന്ന എന്റെ സമൂഹത്തിൽ (നാട്ടിൽ) കുട്ടി അമ്മയുടെ തറവാടാണ്. പണ്ട് മരുമക്കത്തായം ഉണ്ടായതു കൊണ്ടായിരിക്കാം. തന്തപ്പടി ഔട്ട്,,,
...പിന്നെ പറയാനുള്ള പ്രധാനകാര്യം മുൻപൊരു പോസ്റ്റിൽ എഴുതിയ ഗ്രാമത്തിൽ (കടപ്പുറം ചാലിലാണ്) എന്റെ ജനനം. ആ കടപ്പുറം ചാലിൽ അക്കാലത്ത് പ്രസവിച്ച മിക്കവാറും അമ്മമാരുടെ മുലപ്പാൽ കുടിച്ചാണ് ഞാൻ വളർന്നത്. (അമ്മക്ക് പാൽ കുറവായിരുന്നു) ഞാൻ കരയുമ്പോഴേക്കും എന്റെ ഇളയമ്മ നാടുചുറ്റിയിട്ട് മുലയിൽ പാലുള്ള ഏതെങ്കിലും ഒരുത്തിയെ കണ്ടുപിടിച്ച് വീട്ടിൽ കൂട്ടിവരും.
വീട്ടിൽവെച്ച് എന്റെ അമ്മ അനുജനെ പ്രസവിച്ചപ്പോൾ ആദ്യമായി അവന് മുലപ്പാൽ നൽകിയത് പേറെടുക്കാൻ വന്ന സ്ത്രീയായിരുന്നു. (അവർ പ്രസവിച്ച് മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും എടുത്താണ് ഞങ്ങളുടെ വീട്ടിൽ വന്നത്). ഒരു മുലപുരാണം എന്റെ മനസ്സിൽ കിടപ്പുണ്ട്... നല്ല ലേഖനം..
പെണ്ണായി ജനിച്ചതിന്റെ പേരില്‍..
പണവും സ്വര്‍ണവും പുരയിടവും എല്ലാം നല്‍കി പുരുഷനെന്നു പറയുന്നവനോട് യാചിക്കേണ്ടി വരിക-ഇതാ എന്റെ ശരീരം,നിനക്കിഷ്ടമുള്ളപോലെഉപയോഗിച്ച് നശിപ്പിച്ചു കൊള്ളൂ എന്ന്.
സ്വന്തം ഉടല്‍ പകുത്തു ജനിപ്പിച്ച കുഞ്ഞിനു പാല് കൊടുക്കുന്നതും തീരുമാനിക്കുന്നത് അവന്‍ തന്നെ.
എന്തിനാണ് സത്യത്തില്‍ പെണ്ണായി ജനിക്കുന്നത്..?
വാക്കുകളിലെ തീഷ്ണത അഗ്നിയായി ജ്വലിക്കുന്നു,എച്മു.
മുന്‍പൊരിക്കല്‍ ഇതേ വിഷയത്തില്‍ ഒരു കഥയെഴുതിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാസ്ത്രസാഹിത്യപരിഷത്ത് ക്ലാസ്സുകളില്‍ വച്ച് ഒരദ്ധ്യാപകന്‍ പറഞ്ഞ ഒരു അനുഭവത്തിന്റെ ഓര്‍മ്മയായിട്ട്. മുലപ്പാല് വിറ്റ് ജീവിക്കുന്നവരും (അതി ദാരുണമാണ് ആ അവസ്ഥ) നമുക്കിടയില്‍ ഉണ്ട്. സാഹചര്യം അവരെക്കൊണ്ട് അത് ചെയ്യിക്കുന്നു എന്നതാണ് സത്യം. തുടക്കം എന്ന കഥയില്‍ (http://manorajkr.blogspot.in/2009/11/blog-post.html)അത്തരം ഒരു വിഷയമായിരുന്നു പ്രതിപാദിച്ചിരുന്നത്. സമാനവിഷയമായത് കൊണ്ട് ലിങ്ക് ഇടുന്നു.
വായിച്ചു പ്രമേയത്തിന് കഴിയുന്നത്ര ശക്തി പകരാന്‍ ബോധപൂര്‍വ്വം ആഗ്രഹിച്ചിട്ടുണ്ട് എന്ന് വ്യക്തം.- ആന്‍ എക്സിപിരിമെന്റ് വിത്ത് .....?അവതരണ ശൈലിയില്‍ നോണ്‍ കണ്സര്വേടീവ് ആകാനുള്ള ശ്രമം ബോധാപൂര്‍വ്വമാണോ എന്ന സംശയം ജനിപ്പിക്കുന്നു ...വിഷയവും പ്രമേയവും പക്ഷെ ഒരേ മാലയിലെ മുത്തുകള്‍ തന്നെ ..വിഷയങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ചകള്‍ കാണുമ്പോള്‍ ..തുരങ്കത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകാനാടിയുള്ള പ്രശ്നങ്ങളിലേക്ക് -ലഭ്യമല്ലാതെ വരുന്ന കാഴ്ചകളിലേക്ക് - നയിക്കുമോ എന്ന് ഭയപ്പെടുന്നു ..ട്രാക്കിലോടുന്ന ദിശ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തീവണ്ടിയെക്കാളും , കാറ്റില്‍ തെന്നി പറക്കുന്ന പട്ടത്തിന്റെ അനിയന്ത്രിതമായ ചലന സാധ്യതകളാണ് - 360 ഡിഗ്രീ വ്യൂ.. ആണ് ക്രിയാത്മകമായ ഒരു മനസ്സിന് വേണ്ടത് എന്ന് (തികച്ചും വ്യക്തിപരമായി ) കരുതുന്നു .ആശംസകള്‍ .!
Experimenting is fun..and is the only way to evolve..Experimenting with presentation and delivery apart, experimenting with 'perspectives' also ,probably is as important.
Care needs to be taken not to become predictable ..I could be wrong here .I have very little idea about modern literature..Not an ardent reader of books of our times... Yet.....my thoughts penned here...
എച്മൂ,
വായിച്ചു, പൊള്ളുന്ന അക്ഷരങ്ങള്‍. തലയും മുലയും വയ്ക്കാതെ പകുതിയില്‍ മരിച്ചു വീഴുന്ന പെണ്‍ ഭ്രൂണങ്ങള്‍ക്ക് അമ്മിഞ്ഞപ്പാലിനെക്കുറിച്ച് എന്തറിയാം. മനുസ്മൃതിയുടെ കെട്ടുപാടുകള്‍ക്കുള്ളിലാണ് ഇന്നും സ്ത്രീ. ഒന്നിനും സ്വാതന്ത്ര്യമില്ല, ഒന്നിനും അവകാശം പാടില്ല. അച്ഛനും അമ്മയും ജനിച്ച വീടും പിറന്നനാടും പെറ്റ മക്കളും സ്വന്തം ശരീരവും ആത്മാവ് പോലും അവള്‍ക്ക് അന്യം.
"ഏതു പെണ്ണ് വാരിയെടുത്താലും ഏതു കുഞ്ഞിനും മുല കുടിക്കാൻ പറ്റിയിരുന്നെങ്കിൽ…" - class.
Excellent piece of writing. Congrats.
‘കൊടുക്ക് നീ പെറ്റ ഈ നാശത്തിന് മുലപ്പാല്. എന്തൊരു കീറലാ ഏതു നേരത്തും. ചെവി തല കേട്ടിട്ടില്ല, ഈ നാലു ദിവസം‘
ഏറ്റവും സുഖകരമായ, അനുഭൂതി ദായകമായ സ്പർശം ഏതാണ്? ആദ്യ ചുംബനം? ആദ്യഭോഗം?
ച്ഛി, അതൊക്കെ ഏതാണ്ടു പണ്ടാര കഥയിലും പൊട്ടക്കവിതയിലും നേരമ്പോക്കിന്, ജോലിയില്ലാത്തവര് എഴുതി നിറക്കണത്…..
ഒരു കുഞ്ഞുണ്ടായാൽ എല്ലാ പെണ്ണുങ്ങൾക്കും മുലപ്പാൽ വരണം. പെണ്ണുങ്ങൾക്കെല്ലാം മുല കിട്ടിയപ്പോൾ അതും കിട്ടാമായിരുന്നു. ഒന്നാലോചിച്ചു നോക്ക്. ഏതു പെണ്ണ് വാരിയെടുത്താലും ഏതു കുഞ്ഞിനും മുല കുടിക്കാൻ പറ്റിയിരുന്നെങ്കിൽ…
സത്യം പറയട്ടെ എച്ച്മ്മൂ, ഞാനിത് വായിച്ച് അഭിപ്രായം എഴുതാതെ പോയതാ. സാധാരണ അങ്ങനെ പതിവില്ലെങ്കിലും. പക്ഷെ പിന്നെ അവസാനം തോന്നി അങ്ങനെ ഇതുവരെ ചെയ്യാത്ത ഒന്ന് ഇപ്പഴായിട്ട് തുടങ്ങേണ്ട എന്ന്,അങ്ങനെ വന്ന് കമന്റുവാ. തുറന്ന് പറയട്ടെ ഞാനൊരുപാട് പോസ്റ്റുകൾ എച്ച്മ്മുവിന്റെ വായിച്ചിട്ടുണ്ട്. അങ്ങോട്ടൊന്ന് തിരിഞ്ഞു നോക്കീലെങ്കിലും.! അത് നിങ്ങളെഴുതുന്നത് വായിക്കാനുള്ള രസം കൊണ്ടും അതിലെ കാര്യം കണ്ടുമാ. ഇങ്ങനെയൊന്നുമില്ലാതെ വായീ തോന്നിന്ത് എച്ച്മ്മൂ ന് പാട്ട് ന്ന മട്ടിൽ അങ്ങെഴുതിയാ എല്ലാവരും പിടിച്ചങ്ങ് അഭിനന്ദിക്കും എന്ന് കരുതിയോ ? അഭിനന്ദിക്കുമായിരുന്നൂ വല്ല ഗൗരവവും ഇതിലുണ്ടായിരുന്നെങ്കിൽ,വേണ്ട ഹാസ്യം ഉണ്ടായിരുന്നെങ്കിൽ.! ഇതിലെന്താ ഉള്ളേ ? പിന്നെ വലിയൊരു എഴുത്തുകാരിയുടെ സ്വാധീനം വരികളിൽ കൂടി വായനക്കാരായ ഞങ്ങളെ അറിയിക്കേണ്ടത് വായീ തോന്നിയത് എഴുതീട്ടല്ല. എന്തിനും ഏതിനും വ്യക്തമായ കാരണങ്ങളും കാര്യങ്ങളും വേണം. അതാണ് അല്ലാതെ എഴുത്തിലെ പ്രാകൃതമായ വാക്കുകളല്ല എന്നെ ഇത്രയധികം എഴുതിപ്പിച്ചത്. മുലപ്പാൽ വിറ്റ് ജീവിക്കുന്ന വിഷയം ആയിരുന്നെങ്കിൽ മറ്റ് നല്ല രീതിയിൽ എഴുതാൻ കഴിയുമായിരുന്നല്ലോ ?എന്തായാലും ഞാൻ വായിച്ചു,പറയാനുള്ളത് പറഞ്ഞു. ആശംസകൾ.
"ആണൊരുത്തനല്ലേടീ? നിന്റൊപ്പം കഴിയണ്ടേ? നീ പെറ്റിട്ട പെൺകൊച്ചിനു തന്ത വേണ്ടേടീ…“ ഇത് പറയുന്നതു സ്ത്രീയാണ് എച്മു.സ്ത്രീയെ താഴ്ത്തിക്കെട്ടുന്നതിനും അപമാനിക്കുന്നതിനും മുമ്പില്‍ സ്ത്രീ തന്നെയാണ്.എന്തൊരു വിരോധാഭാസം.
എനിക്ക് അമ്മ പറഞ്ഞത് ഓര്‍മ്മ വരുന്നു ...വിശന്നു ഞാന്‍ കരയുമ്പോള്‍ നെഞ്ചോടു ചേര്‍ത്ത് അമ്മ പാലൂട്ടും ...പാല് കുടിച്ചു തുടങ്ങുമ്പോ തന്നെ അമ്മയുടെ വസ്ത്രങ്ങള്‍ മുലപ്പാലില്‍ കുതിരുമായിരുന്നു എന്ന് ....മൂന്നര വയസ്സ് കഴിഞ്ഞപ്പോള്‍ പാലുകുടി എന്റെ പാലുകുടി നിര്‍ത്താം എന്ന് അമ്മ തീരുമാനിച്ചു ...മറ്റു ഭക്ഷണം തന്നു തുടങ്ങുകയും ചെയ്തിരുന്നു ...പക്ഷെ ,എന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ത്തന്നെ അമ്മയുടെ നെഞ്ച് വിങ്ങാന്‍ തുടങ്ങും ,പാല് നിറഞ്ഞു തിങ്ങും ,പാലുകുടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടും അതിനു കഴിയാത്ത അവസ്ഥ ...ഇത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും ...എനിക്ക് തരാനായി സമൃദ്ധമായി പാല് നിറഞ്ഞിരുന്നു അമ്മയുടെ നെഞ്ചില്‍ ....ആ മധുരവും അതിലെ നന്മയും മനസ്സില്‍ പാലാഴിയായി നിറയട്ടെ .....അമ്മ പറയാറുണ്ട് ,പാലൂട്ടുന്ന കാലങ്ങളില്‍ എവിടെ നിന്നെങ്കിലും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ അറിയാതെ പാല് ചുരത്തുന്ന അവസ്ഥയെ കുറിച്ച് ....ഇത് അമ്മമാരുടെ നന്മയും കുഞ്ഞുങ്ങളുടെ പുണ്യവുമാകുന്നു ...മറ്റൊന്നും പകരം വെക്കാനില്ലാത്ത പുണ്യം ,സന്തോഷം ...ചേച്ചിയുടെ എഴുത്ത് അമ്മമാര്‍ക്കും ആ സ്നേഹം മറക്കാത്ത മക്കള്‍ക്കും വേണ്ടിയാവട്ടെ ,ആ പുണ്യം കാത്തു വെക്കുന്നവര്‍ക്ക് വേണ്ടി ....
മുലമുട്ട് അറിഞ്ഞിട്ടുണ്ട്. കുഞ്ഞുമകള്‍ ഓപ്പറേഷന്‍ കഴിഞ്ഞു കിടന്ന ദിവസങ്ങളില്‍. പിഴിഞ്ഞു കളഞ്ഞാലൊന്നും തീരില്ല വിങ്ങലും കഴപ്പും. പിഴിഞ്ഞു, കളയേണ്ടി വന്നില്ല. നഴ്സുമാര്‍ വന്നു ഐസിയുവില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി വാങ്ങിക്കൊണ്ടു പോകുമായിരുന്നു. അവര്‍ക്കറിയാമല്ലോ മുലപ്പാലിന്റെ ഗുണം.
എന്തായാലും ഇതു ലോകത്തിനു പരിചയപ്പെടുത്തിയതു നന്നായി.
(ഇനിയിതു സ്ത്രീ പീഡനത്തിനു ലോകം ആയുധമാക്കുമോ ആവോ!)
പ്രസവമുറിയിലെ പെണ്ണിന്റെ നേര്‍ച്ഛേദം കാണിച്ചു വായനക്കാരെ നടുക്കിയ എച്ച്മുവിന്റെ തൂലിക ഇനിയും ഇങ്ങനെ നെടുച്ഛേദങ്ങള്‍ കാണിച്ചു തന്നുകൊണ്ടിരിക്കട്ടെ..
വായിച്ചു...
വായിച്ചു...
'മുലപ്പാലിന്റെ നിറവ്' ഇഷ്ടമായി!
പൊള്ളുന്ന അക്ഷരങ്ങള്‍കൊണ്ട് എച്ചുമു എഴുത്തുകാരിയുടെ പ്രതിബദ്ധത എന്താണെന്ന് വീണ്ടും വീണ്ടും കാട്ടിത്തരുന്നു .
ശക്തമായ വിഷയം..... ഇടക്ക് ചില ദുരൂഹതകളൊഴിച്ച്......
കഥ വായിച്ചു, അതില്‍ കൂടുതലെന്താ പറയേണ്ടതെന്ന് അറിയില്ല. മനസ്സാണൊ കണ്ണാണൊ നിറഞ്ഞുവിങ്ങുന്നതെന്ന് നിശ്ചയമില്ല.
കഥനത്തില്‍ എച്ചുമുവിന്റെ ഈ പുതിയ രീതി നന്നായിട്ടുണ്ട്.
ഇത് കഥയാണോ അതോ ആരുടേയെങ്കിലും അനുഭവമോ? എന്തായാലും എല്ലാം ഒറ്റശ്വാസത്തില്‍ വായിച്ച് തീര്‍ത്തു... മുലപ്പാലിന്‌റെ മധുരമറിയാത്തവരുണ്‌ടോ?
അമ്മിഞ്ഞപ്പാലിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്നു മൂർച്ചയുള്ള എച്ച്മുവിന്റെ എഴുത്തില്‍ ...!
മനസ്സില്‍ തട്ടിയ എഴുത്ത്... ഒന്നുകൂടി വായിക്കണം...
മനസ്സില്‍ തട്ടിയ എഴുത്ത്... ഒന്നുകൂടി വായിക്കണം...
മുലമുട്ടുകള്‍ മുഴകള്‍ ആകുമ്പോള്‍ മുല വേരോടെ പരിക്കുന്നതാകും ഭാവികാലം
അഭിനന്ദനങ്ങള്‍
ഇവിടെ എന്റെ ചിന്തകള്‍
http://admadalangal.blogspot.com/
വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി......
ഏതു പെണ്ണ് വാരിയെടുത്താലും ഏതു കുഞ്ഞിനും മുല കുടിക്കാൻ പറ്റിയിരുന്നെങ്കിൽ…
Post a Comment