Tuesday, July 24, 2012

സ്ത്രീകളുടെ സ്വത്ത്


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 മെയ് 18 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

തലമുടി സ്ത്രീകളുടെ സ്വത്താണെന്നും തലമുടി മുറിക്കുന്നതല്ല സ്വാതന്ത്ര്യമെന്നും ടി വിയിൽ ആവർത്തിച്ചു വരുന്ന പരസ്യം കണ്ടിരിക്കുകയായിരുന്നു, ഞാൻ. പരസ്യങ്ങളുടേതായ വിചിത്ര ലോകം സ്ഥൂലാർഥത്തിലും സൂക്ഷ്മാർഥത്തിലും എല്ലാ കാലത്തും പെണ്ണിനെയും അവളുടെ ബുദ്ധിയേയും ചിന്തയേയും ജീവിതപരിതസ്ഥിതികളെയും പരിഹസിച്ചിട്ടേയുള്ളൂ, നിന്ദിച്ചിട്ടേയുള്ളൂ. സജിതാ മഠത്തിൽ എന്ന അനുഗൃഹീത നടിയുടെ ഉശിരൻ പ്രകടനത്തെ സൌന്ദര്യ സംവർദ്ധക വസ്തുക്കളുടെ വിപണി എത്ര സമർഥമായിട്ടാണ്, തീർത്തും നിരുപദ്രവമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വലിയൊരു കെണിയിൽ പെടുത്തി ഉപയോഗിക്കുന്നതെന്ന് അതിശയിക്കുകയായിരുന്നു ഞാൻ. 

സ്ത്രീകൾക്ക് പൊതുവെ അമൂർത്തമായ സ്വത്തുകളാണ് സമൂഹം അനുവദിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ അവയെ തരാതരം പോലെ, വ്യക്തികളുടെ ഇഷ്ടമനുസരിച്ച് പല പല അളവുകോലുകളിൽ മാറ്റുകയുമാവാം. തികച്ചും അമൂർത്തമായതും എന്നാൽ ഈ പ്രപഞ്ചത്തിലെ സകലമാന പെൺജന്മങ്ങൾക്കും നിർബന്ധമായി വേണ്ടതെന്ന് സമൂഹം അനുശാസിക്കുന്നതുമായ എളിമയുടെയും സൌശീല്യത്തിന്റെയും കാര്യമെടുക്കാം. ഓരോ സ്ത്രീയെ സംബന്ധിച്ചും ഓരോന്നാണ് ഈ അമൂർത്തമായ സ്വത്തുകൾ. ജീവിത പരിതസ്ഥിതികൾ മാറുന്നതനുസരിച്ചും വ്യാഖ്യാനിക്കുന്നവരുടെ മനോധർമ്മം പോലെയും മാറി വരുന്നതാണ് അത്. എന്നാൽ ബാങ്കിലെ പണം, പുരയിടം, വസ്തുവകകൾ എന്നു തുടങ്ങുന്ന സ്വത്ത് അങ്ങനെയല്ല. അവ മൂർത്തമാണ്. പക്ഷെ, അത്തരം സ്വത്തുക്കളൊന്നും അങ്ങനെ സുലഭമായി നേരത്തെ പറഞ്ഞ എളിമയും സൌശീല്യവും പോലെ പെണ്ണിന്റേതു മാത്രമാകാറില്ല. ആകണമെന്ന് മതമോ വിശ്വാസമോ ആചാരാനുഷ്ഠാനങ്ങളോ നിയമമോ ഭരണഘടനയോ രാഷ്ട്രീയമോ കലയോ അനുശാസിക്കാറുമില്ല. 

തലമുടിയുടെ നിറവും നീളവും ഉള്ളും കണ്ണിന്റെ ഭംഗിയും തിളക്കവും ചുണ്ടിന്റെ മിനുസവും ചുവപ്പുംഇതൊന്നുമല്ലാത്ത തികച്ചും മൂർത്തമായ പണം, വസ്തുവകകൾ എന്നീ സ്വത്തുക്കളിൽ സ്ത്രീയുടെ പങ്ക് ശരിക്കും എന്താണ്?

ലോകമെമ്പാടുമുള്ള വിവിധ കണക്കെടുപ്പ് ഏജൻസികളുടെ റിപ്പോർട്ടുകൾ നമുക്ക് വ്യക്തമാക്കിത്തരുന്നത് ഒട്ടും ആശാവഹമായ ഒരു ചിത്രമല്ല. അത്തരം കണക്കുകൾ ഒട്ടും ശരിയല്ലെന്നും ഞാൻ അതു വിശ്വസിക്കുന്നില്ലെന്നും പറയുക ഒരു രീതിയാണ്. അതു പലരും ചെയ്യുന്നതും കാണാറുണ്ട്. പിന്നെ ചിലർ, സ്ത്രീകൾക്ക് എന്തിനാണ് വേറിട്ട ഒരു സ്വത്ത്? പുരുഷന്റെ സ്വത്തെല്ലാം സ്ത്രീയുടേതല്ലേ, സ്ത്രീ എന്താവശ്യപ്പെട്ടാലും അതെല്ലാം പുരുഷൻ ഉടൻ കൊടുക്കുകയില്ലേ എന്ന് കാല്പനികരാകാറുണ്ട്. ഇനിയും ചിലർ പുരുഷനും സ്ത്രീയെപ്പോലെ നിർദ്ധനനും നിസ്സഹായനും ചൂഷിതനും തന്നെയാണ്, അതുകൊണ്ട് സ്ത്രീക്ക് മാത്രമായി ഒരു പ്രശ്നവുമില്ലെന്ന് സിദ്ധാന്തിക്കാറുണ്ട്. ജോലിയും പഠിപ്പുമുള്ള കുറച്ച് സ്ത്രീകളെ പരിചയമുള്ള മറ്റു ചിലരാകട്ടെ സ്ത്രീകൾക്ക് ഇനിയെന്തു പ്രശ്നം? ജോലിയില്ലേ? പഠിപ്പില്ലേ? സ്ത്രീകളിപ്പോൾ പഴയ അമ്മമാരെപ്പോലെ കുടുംബം നോക്കാറൊന്നുമില്ലല്ലോ. ഇനിയും എന്തു വേണമെന്ന് ഒരു പ്രത്യേക തരം വൈദഗ്ദ്ധ്യത്തോടെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യാറുണ്ട്.

എങ്കിലും കുറച്ചു കണക്കുകൾ ചിലതൊക്കെ നമ്മോടു പറയുന്നു. ലോകമാകമാനമുള്ള ജോലി സമയം കണക്കിലെടുത്താൽ അതിൽ അറുപത്തേഴു ശതമാനവും സ്ത്രീകളുടേതാണ്. എങ്കിലും നമ്മൾ പറയുന്നതെന്താ? ഭാര്യക്ക് ജോലിയില്ല, അമ്മക്ക് ജോലിയില്ല എന്നു തന്നെ. ജോലി സമയം  അറുപത്തേഴു ശതമാനമാണെന്നേയുള്ളൂ.  പെണ്ണുങ്ങൾക്ക് ലോകത്തിന്റെ ആകെ  വരുമാനത്തിലെ പത്തു ശതമാനം മാത്രമേ കിട്ടുന്നുള്ളൂ. എന്താ അത്രയും പോരേ പെണ്ണ് സാമ്പത്തിക സുരക്ഷിതത്വം നേടാൻ? പിന്നെ ഉലകത്തിന്റെ പ്രോപ്പർട്ടി കണക്കിലാണെങ്കിൽ സ്ത്രീകളുടേതായി അങ്ങേയറ്റം വെറും രണ്ടു ശതമാനം പ്രോപ്പർട്ടിയേയുള്ളൂ. ആർക്കും പൊതുവേ കാണാനിഷ്ടമില്ലാത്ത പരമദരിദ്രരുടെ കണക്കിലും പെണ്ണുങ്ങൾക്ക് വളരെ മുന്തിയ സ്ഥാനമുണ്ട്. ലോകത്തിലെ ദരിദ്രരിൽ എഴുപതു ശതമാനവും സ്ത്രീകളാണ്. പഴഞ്ചൊല്ലിൽ പറയുന്ന വിദ്യാധനമെന്ന സർവധനാൽ പ്രധാനമായ ധനത്തിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട, ഇദ്ദുനിയാവിലെ നിരക്ഷരരിൽ മൂന്നിൽ രണ്ടു ഭാഗവും തലമുടി സ്വത്തായ പെണ്ണുങ്ങൾ തന്നെ. 

സ്ത്രീകളുടെ പ്രതികരണശേഷിയെ കൂച്ചു വിലങ്ങിടുന്നതിന് അവളുടെ ഇമ്മാതിരിയുള്ള ജീവിത പരിതസ്ഥിതികൾ  എത്രത്തോളം പങ്കു വഹിക്കുന്നതെന്ന് അറിയാതെയും അറിഞ്ഞാൽ തന്നെ മനസ്സിലാക്കാതെയും മനസ്സിലാക്കിയാൽ തന്നെ മനപ്പൂർവം മറന്നു കളഞ്ഞുമാണ് വ്യവസ്ഥാപിത ലോകം മുൻപോട്ടു പോകുന്നത്. തലമുടിയേയും നിറത്തേയും നഖത്തിൽ പുരട്ടുന്ന ചായത്തേയും പറ്റിയുള്ള തല്ലിപ്പൊളി ചർച്ചകളിൽ സ്ത്രീകളെ കുടുക്കിയിടാൻ നിർബന്ധം പുലർത്തുന്നതും നടപ്പ് വ്യവസ്ഥകളുടെ ആരാധകർ തന്നെ. ലേശം പഠിക്കുകയോ അല്പം ധനമാർജ്ജിക്കുകയോ ചില്ലറ സ്വയം പര്യാപ്തതയിലേക്ക് പതുക്കെ നടന്നടുക്കുകയോ ചെയ്യുന്ന പെണ്ണിനെ വിളിച്ചു നിറുത്തി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ്, “പെണ്ണേ, തലമുടി സ്ത്രീയുടെ സ്വത്താണ്, അത് നീട്ടി വളർത്തി വേണം നീയെന്തും ചെയ്യുവാൻ…….“

അതിൽ ചുറ്റിപ്പിടിക്കുന്നതോടെ എത്ര മുന്നോട്ടോടിയാലും എങ്ങനെ ഉശിരോടെ പ്രതികരിച്ചാലും അവളെ നിലയ്ക്ക് നിർത്താനാകും, അമൂർത്തമായും വേണമെങ്കിൽ തികച്ചും മൂർത്തമായും.

സ്ത്രീക്ക് ഒരു ശരീരവുമുണ്ട് എന്ന് പറയുന്നതിൽ യതൊരു കുഴപ്പവുമില്ല. മാത്രമല്ല ആ പ്രസ്താവന ഒരു പരമസത്യവുമാണ്. എന്നാൽ ശരീരം മാത്രമാണ് സ്ത്രീ എന്നയിടത്ത് കാര്യങ്ങൾ തികച്ചും അപകടകരമാകുന്നു. അവിടെയാണ് തലമുടി എന്ന സ്വത്ത്, കണ്ണും മൂക്കും ചുണ്ടും ..എന്നു തുടങ്ങി അവയവങ്ങൾ എന്ന സ്വത്ത്, എന്നതു മാത്രമായി സ്ത്രീ മാറിപ്പോകുന്നത്. തമാശയായിട്ടെങ്കിലും ഒന്ന് ആലോചിച്ചു നോക്കു. “വിസ്തൃതമായ നെഞ്ച് പുരുഷന്റെ സ്വത്താ“ എന്ന് ഒരു പ്രമുഖനായ നടൻ പലവട്ടം നമ്മെ ഉദ്ബോധിപ്പിക്കുന്ന ടി വി കാഴ്ച! അത് നമ്മുടെ പൊതുബോധത്തിന് എത്രത്തോളം അനാവശ്യമെന്നും അസംബന്ധമെന്നും അരോചകമെന്നും തോന്നുന്നോ അപ്രകാരമാവേണ്ടേ “തലമുടി സ്ത്രീയുടെ സ്വത്താ“‍ എന്ന തിരുമണ്ടൻ പ്രസ്താവനയും.

ഒറ്റ മണിക്കൂറിൽ തന്നെ അനവധി വട്ടം ആവർത്തിക്കുന്ന കേശസ്വത്ത് കണ്ട് അന്തം വിട്ടിരിക്കുമ്പോൾ അനിയത്തിയുടെ പന്ത്രണ്ടുകാരിയായ മകൾ പറഞ്ഞു. “നാണാവും, ഈ പരസ്യം കണ്ടാൽസ്വത്ത് പഠിപ്പാണ്ന്നോ അറിവാണ്ന്നോ ആരോഗ്യാണ്ന്നോ അങ്ങനെ എന്തെങ്കിലും പറഞ്ഞൂടെ ആ ചേച്ചിക്ക്. മുടീല്ലാത്ത അമ്മൂമ്മമാര്, കാൻസറിന് മരുന്നെടുക്കണ ആന്റിമാര്  അവരൊക്കെ കാണില്ലേ ഈ പരസ്യം. അവരെയൊക്കെ സങ്കടപ്പെടുത്തണോ കൊഴിഞ്ഞു കൊഴിഞ്ഞു പോണ മുടിയെപ്പറ്റി ഇങ്ങനെ മണ്ടത്തരം എഴുന്നള്ളിച്ചിട്ട്……..“

തലമുടിയല്ല സ്ത്രീകളുടെ സ്വത്തെന്ന ആ കൊച്ചു ശബ്ദം കേട്ട് ഞാൻ ആഹ്ലാദിച്ചു. പ്രതീക്ഷകൾക്ക് ഇപ്പോഴും വെട്ടമുണ്ട്.37 comments:

ഓക്കേ കോട്ടക്കൽ said...

സ്ത്രീകളെ വില്പനച്ചരക്കാക്കുന്ന ചില വഷളന്‍ ചിന്തകളോടുള്ള സൌമ്യമായ പ്രതിഷേധം .. കാലിക പ്രസക്തമായ ലേഖനം..

vettathan said...

എത്ര മിടുക്കികളായ പെണ്‍ കുട്ടികളാണ് വിവാഹശേഷം വെറും നിര്‍വ്വികാര പരബ്രഹ്മങ്ങളായി മാറുന്നത്.കഴിഞ്ഞ ദിവസമുണ്ടായ ഒരു സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു.വളരെ മിടുക്കിയായിരുന്നു അവള്‍ .മെറിറ്റില്‍ എം.ബി.ബി.എസ്സും എം.ഡി യുമെടുത്തു.മാതാപിതാക്കളുടെ അരുമ.പക്ഷേ വിവാഹ ശേഷം സ്വന്തം വീട് അവള്‍ക്കന്യമായി.വിദേശ രാജ്യത്തു ഭര്‍ത്താവിനെ സേവിച്ചു ജീവിക്കുന്നു.കഴിഞ്ഞ ദിവസം അവളുടെ അച്ഛന്‍ മരിച്ചു.വന്നു ജഡം കാണുവാന്‍പോലും അവള്‍ക്ക് അനുവാദമുണ്ടായില്ല.വിദ്യാഭ്യാസം ഉണ്ടായിട്ടെന്തു കാര്യം?

sm sadique said...

സ്ത്രീകൾ ഇതൊന്നും തിരിച്ചറിയപ്പെടാതെ പോകുന്നു (തിരിച്ചറിയപ്പെട്ടിട്ടും പ്രദർശന വസ്തുവാകാൻ നിന്ന് കൊടുക്കുന്നു)എന്നുള്ളതാണ് നമ്മുടെ ദുര്യോഗം;ലോകത്തിന്റെ അവസ്ഥ. കഷ്ട്ടം!

റിനി ശബരി said...

ഒഴുക്കില്‍ വെറുതേ ഒഴുകുന്നു ..
എതിരേ നീന്തുന്നവര്‍ക്ക് ഭൂരിപക്ഷത്തിന്റെ
അതിര്‍ വരമ്പുകള്‍ നിശ്ശ്ചയം ..
ചിലത് സ്ത്രീകള്‍ക്കായി അടിച്ചേല്പ്പിച്ച്
വച്ചിട്ടുണ്ട് , വേറിട്ട ശബ്ദങ്ങള്‍ ഇതുപൊലെ
ഇടക്കുയരുന്നുവെങ്കിലും .......!
അവസ്സാന വരികളിലേ മോളുടെ ചിന്തകളും
ചോദ്യങ്ങളും മനസ്സില്‍ കൊണ്ട് , ശരിയാണ് ..
അതിതുവരെ ഞാനും അലൊചിച്ചിരുന്നില്ല ..

ശ്രീ said...

ആ കൊച്ചു കുട്ടി പറഞ്ഞതിലും ഒരു വലിയ സത്യമുണ്ട്.

sreee said...

“നാണാവും, ഈ പരസ്യം കണ്ടാൽ… സ്വത്ത് പഠിപ്പാണ്ന്നോ അറിവാണ്ന്നോ ആരോഗ്യാണ്ന്നോ അങ്ങനെ എന്തെങ്കിലും പറഞ്ഞൂടെ ആ ചേച്ചിക്ക്"

മുടി കുറയുന്നതും നിറം മങ്ങുന്നതും എല്ലാത്തിന്റെയും അവസാനമെന്നു പഠിപ്പിച്ചു വിടാനുള്ള ശ്രമമല്ലേ ചുറ്റും. കുട്ടികള്‍ക്ക് ഇപ്പോഴുള്ള ഈ തിരിച്ചറിവ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാറാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

Kalavallabhan said...

പ്രതീക്ഷകൾക്ക് ഇപ്പോഴും വെട്ടമുണ്ട്

mini//മിനി said...

എച്ച്‌മു, എന്ത് ചെയ്യാനാണ്? ഒരു ബസ്സിൽ പത്ത് പേർക്കിരിക്കാവുന്ന ഇടം സ്ത്രീകൾക്ക് സംവരണം ചെയ്താൽ മറ്റുള്ളതെല്ലാം പുരുഷന്മാർക്ക് എന്നല്ലെ അലിഖിതനിയമം.
ആണിന് പണമുണ്ടാക്കികൊടുക്കാൻ പരസ്യത്തിന് നിന്ന് കൊടുക്കുന്നതും പെണ്ണ് തന്നെ ആണല്ലൊ,,,!!!!

പട്ടേപ്പാടം റാംജി said...

തലമുടിയല്ല സ്ത്രീകളുടെ സ്വത്തെന്ന ആ കൊച്ചു ശബ്ദം കേട്ട് ഞാൻ ആഹ്ലാദിച്ചു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തിരുവനന്തപുരം ചെന്നൈ വണ്ടിയിലെ ബി എസ്‌ എഫ്‌ വീരനെ കുറിച്ചു വാര്‍ത്ത കേട്ടു വന്നതെ ഉള്ളു.
ഞാന്‍ ഞങ്ങളുടെ കോളനിയിലര്‍ നായ്ക്കളുടെ ചില ലീലാവിലാസങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്‌. അവരുടെ സ്ത്രീകള്‍ എത്ര കെല്‍പ്പുള്ളവരാണ്‌.
ഇഷ്ടമില്ലാത്ത നായ അടുത്തു വന്ന് അനാവശ്യം കാണിച്ചാല്‍ പൊടിപോലും കാണില്ല അവന്റെ.

എന്നാല്‍ ഇന്നലെ തീവണ്ടിയില്‍ ഇരുന്നപ്പോഴും കണ്ടു പെണ്ണുങ്ങള്‍ കാലത്തുണര്‍ന്നു ആദ്യമെ പല്ലു തേപ്പും മറ്റും കഴിഞ്ഞു വന്നിരുന്ന് മുടി ചീകി ചീകി ഭംഗിയാക്കി പൗഡര്‍ ഇട്ട്‌ നഖവും എല്ലാ വൃത്തിയാക്കി - ഒരു അഴകിയ രാവണി ആകുന്നു. എന്നിട്ട്‌ ഇരിപ്പ്‌.
കയ്യില്‍ ഒരു വനിത മാസികയും കൂടി ആകുമ്പോള്‍ പൂര്‍ത്തിയായി
മദാമ്മപ്പെണ്ണുങ്ങളെ പോലെ ഒതുങ്ങിയ ആരോഗ്യമുള്ള ഒരു ശരീരം അവരിലൊന്നും കാണാനും ഇല്ല.

അവരവര്‍ വിചാരിക്കണം, അല്ലാതെ മറ്റുള്ളവര്‍ വിചാരിച്ചാല്‍ മത്രം നടക്കുമോ?

എച്മു എടുത്തു കാണിക്കുന്ന വിഷയങ്ങളുടെ വൈവിദ്ധ്യം അതിശയിപ്പിക്കുന്നു.

ഇത്രയൊക്കെ അയിട്ടും ഇതിനൊക്കെ എന്തെങ്കിലും പരിഹാരം ആരെങ്കിലും ആരായുന്നുണ്ടൊ?

എന്തിനാ അല്ലെ ?

mattoraal said...

പ്രതികരിക്കണം ,ഒരാള്‍ക്കെങ്കിലും ഒരു പ്രേരണയായാലോ

പഥികൻ said...

“പിന്നെ ഉലകത്തിന്റെ പ്രോപ്പർട്ടി കണക്കിലാണെങ്കിൽ സ്ത്രീകളുടേതായി അങ്ങേയറ്റം വെറും രണ്ടു ശതമാനം പ്രോപ്പർട്ടിയേയുള്ളൂ.”

ഈ കണക്കുകൾ ശരിയാണോ ? ആണെങ്കിൽ അതിന്റെ ഉറവിടം അറിയാൻ ആഗ്രഹമുണ്ട്...

ലേഖനം നന്നായി...എന്നാൽ പൂർണ്ണമായുമില്ല...എന്തുകൊണ്ട് സ്ത്രീകൾക്ക് സ്വത്തില്ലാതാകുന്നു എന്നുകൂടി ചിന്തിച്ചിരുന്നെങ്കിൽ

ajith said...

ഒരു പരിവര്‍ത്തനം വേണം.
ഞാന്‍ കണ്ടിട്ടുള്ള 99%സ്ത്രീകളും “തലമുടി കൊഴിയുന്നേ...” എന്ന് വിലപിച്ച് നടക്കുന്നവരാണ്

ജോയ്‌ പാലക്കല്‍ - Joy Palakkal said...

തലമുടിയല്ല സ്ത്രീകളുടെ സ്വത്തെന്ന പ്രതികരിക്കണം

അതിനെ അംഗീകരിയ്ക്കാന്‍ തയ്യാറെടുക്കുകയും വേണം.അവിടെയാണ്‌ മഹത്വമളക്കപ്പെടുന്നത്‌!!!

Typist | എഴുത്തുകാരി said...

ഞാനും കൂടുന്നു ആ പന്ത്രണ്ടുകാരിയായ മോളുടെ കൂടെ.

കൈതപ്പുഴ said...

ലേഖനം നന്നായി...കാലിക പ്രസക്തമായ ലേഖനം..

പി. വിജയകുമാർ said...

അറിവും സംസ്കാരവും എന്നതിനെക്കാൾ വലുതല്ല തലമുടി!

jayanEvoor said...

ഈ ലോകം ഞങ്ങൾക്കുവേണ്ടിയുള്ളതാണ്. ഞങ്ങൾ ആണുങ്ങൾക്കുവേണ്ടിയുള്ളത്!

Anonymous said...

ivide varumbolan boolokam sthreevirudhamalla ennu thonnunnath.mattu pala blogkalum vaayikkumbol eth noottandilaan jeevikkunnath ennu athishayikkarund.
paranja kaaryangalum ath paranjareethiyum orupaad ishtappettu

Cv Thankappan said...

കൊച്ചുമോള്‍ പറഞ്ഞതിലും കാര്യമുണ്ട്.
ഇന്നെല്ലാവരും ഇത്തരം പരസ്യങ്ങളില്‍
ആകൃഷ്ടരായിരിക്കുകയല്ലേ!!!
ആശംസകള്‍

മുകിൽ said...

അനിയത്തിയുടെ പന്ത്രണ്ടുകാരിയായ മകൾക്കു അഭിനന്ദനങ്ങള്‍!

khaadu.. said...

''നാണാവും, ഈ പരസ്യം കണ്ടാൽ''

ഒട്ടു മിക്ക പരസ്യവും ഇങ്ങനെ തന്നെയല്ലേ...

ലേഖനം നന്നായി..

A said...

തലമുടിയെ ഒരു സൌന്ദര്യ സ്വത്തായി പുരുഷനും അതിലേറെ സ്ത്രീയും വില മതിക്കുന്നു എന്നുള്ളതാണ് നേര്, അത് തീര്‍ത്തും ശരിയും ആണ്. എന്നാല്‍ ടി വി പരസ്യങ്ങള്‍ മിക്കപ്പോഴും ഈ വികാരങ്ങളെ ചൂഷണം ചെയ്തു വാണിഭം വികസിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്. അവര്‍ക്ക് ഒരു ഫെമിനിസ്റ്റ് കമ്മിറ്റ്മെന്റ് പോയിട്ട്, മിനിമം മാനുഷിക വീക്ഷണം പോലും ഉണ്ടാവാന്‍ ഒരു സാധ്യതയും ഇല്ല.
അതെ സമയം ഈ കാര്യത്തിലൂടെ എച്മു അവതരിപ്പിച്ച യഥാര്‍ത്ഥ വിഷയം വളരെ വലിയതും ഇന്നിന്റെ കാര്യഗൗരവമുള്ള ബൌധിക ചിന്തകളില്‍ കൂടിയ തോതില്‍ ഇടം നേടിക്കൊണ്ടിരിക്കുന്നതും ആകുന്നു. ഒളിമ്പിക് മേളയുടെ ഒത്ത മധ്യത്തിലൂടെ തുണിയില്ലാതെ ഓടുന്നതാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് ധരിപ്പിക്കാന്‍ നടക്കുന്ന പെണ്‍കൂട്ടങ്ങള്‍ ഇവിടെ ഒരു വിപ്ലവവും കൊണ്ട് വരില്ല. അതിനുമപ്പുറം കാതലായ മാറ്റങ്ങള്‍ക്കു കാതോര്‍ക്കുന്നു കാലം.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കണ്ടു,നന്നായി ബോധിച്ചു.അഭിനന്ദനങ്ങൾ....

Mohiyudheen MP said...

സത്യത്തില്‍ എന്തിനാ ഈ പെണ്ണുങ്ങള്‍ തല മുടി നീട്ടി വളര്‍ത്തുന്നത്‌, ലോകത്തെവിടെയുള്ള പെണ്ണുങ്ങളും തലമുടി നീട്ടി വളര്‍ത്തുന്നുണ്‌ട്‌. എന്താണ്‌ കാരണമെന്നാവോ? ആണുങ്ങള്‍ തലമുടി വെട്ടിക്കളയുന്നുമുണ്‌ട്‌. തല മുടി സ്ത്രീകള്‍ക്ക്‌ സൌന്ദര്യം നല്‍കുന്നു... ശരീരത്തിന്‌റെ ഓരോ ഭാഗങ്ങളും നമ്മുടെ സ്വത്താണ്‌. മറ്റ്‌ പരസ്യങ്ങളെല്ലാം കേവലം വാണിജ്യാടിസ്ഥാനത്തിലുള്ളതാണ്‌, സ്ത്രീയുടെ ശരീരം ഒരു വില്‍പനച്ചരക്കാവുന്നിടത്തോളം കാലം ഇത്തരത്തിലുള്ളവ ഇനിയും നാം അനുഭവിക്കും... ഈയടുത്ത കാലത്ത്‌ ഫേസ്‌ ബുക്കില്‍ സ്ത്രീകളിടുന്ന കുട്ടിയുടുപ്പുകളുടെ വലുപ്പത്തെ കുറിച്ച്‌ ഒരു ചര്‍ച്ച നടന്നു... സ്ത്രീകളുടെ മേനി പ്രദര്‍ശന വസ്തുവാകുന്നിടത്തോളം കാലം ഈ കുട്ടിയുടുപ്പിന്‌റെ വലുപ്പം ഇനിയും കുറയും എന്ന് ഞാനും കമെണ്റ്റിട്ടു... ആശംസകള്‍

ഭാനു കളരിക്കല്‍ said...

പരസ്യകലയുടെ ധര്‍മ്മശാസ്ത്രം നുണയെ സത്യമാക്കുക എന്നതാണ്. അത് ശാസ്ത്രങ്ങള്‍ക്കുമേലെ അതിന്റേതായ സ്വന്തം ശാസ്ത്രം ചമയ്ക്കും. അപ്പോള്‍ നമ്മുടെ ശരീരത്തിനു ഇതുവരെ ഇല്ലാത്ത ദുര്‍ഗന്ധം ഉണ്ടാകും. നമ്മുടെ മുടി നമ്മുടെ സ്വത്താകും. കുഞ്ഞുങ്ങള്‍ മണ്ണ് തിന്നു കളിച്ചിരുന്ന തറ കീടാണ്ക്കളുടെ പറുദീസയാകും. കോള്‍ഗേറ്റില്ലാത്ത ചുംബനം അസാദ്ധ്യമാകും. അങ്ങനെ അങ്ങനെ നമ്മുടെ ജീവിതത്തെ എത്രമേല്‍ അവര്‍ മാറ്റി പണിതു.

ജാനകി.... said...

എച്മൂ...,
മുടി മഹാത്മ്യം വായിച്ചു കേട്ടോ
സഹിക്കാൻ പറ്റാത്ത ആ ഒരു പരസ്യത്തിനെതിരെ ഒന്നും ചെയ്യാൻ പറ്റണില്ലല്ലോ എന്ന് നിസ്സഹായതയോടെ ചിന്തിച്ചട്ട്ണ്ട് ഞാനും....
നന്നായി..കേട്ടോ

Echmukutty said...

പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതിയ എല്ലാവർക്കും നന്ദി. ഇനിയും വായിക്കുമല്ലോ.

M. Ashraf said...

ആദമിനേയും ഹവ്വയേയും ദൈവധിക്കാരം പഠിപ്പിക്കാന്‍ സാത്താനും സ്വീകരിച്ചത് ഇതേ പരസ്യ തന്ത്രമായിരുന്നു.
ഈ കനി തിന്നാല്‍ എന്നെന്നും സ്വര്‍ഗത്തില്‍ താമസിക്കാമെന്ന് പറഞ്ഞാണ് സാത്താന്‍ അവരെ വളച്ചത്. അതോടെ അവരുടെ നഗ്നത വെളിവാകുകയും ചെയ്തു. ഇന്നും അതു പോലെ തന്നെ. നഗ്നതയും പരസ്യവും ഇഴചേര്‍ന്ന് കിടക്കുന്നു.
കാലികപ്രസക്തമായ ചിന്ത. അഭിനന്ദനങ്ങള്‍.

ശ്രീനാഥന്‍ said...

നല്ല ലേഖനം,തലമുടി ഒരു സ്വത്തായി കാണാതെ എച്ചുമുക്കുട്ടിയെ പോലെ എല്ലാ സ്ത്രീകളും മുടി മുറിക്കട്ടെ. കേശപരിചരണത്തിണ് എത്ര സമയമാണ് പെൺകുട്ടികൾ ചെലവാക്കുന്നത്. എച്ചുമുക്കുട്ടി പറഞ്ഞപോലെയുള്ള പരസ്യങ്ങളും പുരുഷന്റെ കേശപ്രശംസയുമൊക്കെ പെണ്ണിനെ ‘മുടിനാരുകൊണ്ട് കഴലു‘ കെട്ടിയിട്ടിരിക്കുകയാണ്!.

Unknown said...

സ്ത്രീ അവളുടെ ശരീരസൌന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അവളുടെ ആ ദൌര്‍ബല്യമാണ് പണമുണ്ടാക്കാന്‍ തലക്കുള്ളില്‍ ആള്‍ താമസമുള്ള എന്നാല്‍ തലയില്‍ മുടിയില്ലാത്ത എണ്ണ ഉണ്ടാക്കാന്‍ അറിയുന്ന പല കിളവന്‍ ബുസിനെസ്സ്മാന്‍ മാരും ചൂഷണം ചെയ്യുന്നത്. സ്വയം മാറു. എങ്കിലേ നിങ്ങള്‍ക്കെക്തിരെ എല്ലാ ചൂഷങ്ങളും മുന്‍വിധികളും മാറ്റാന്‍ സാധിക്കു.

പിന്‍കുറിപ്പ്‌:---
അസുഖങ്ങള്‍ വന്നില്ലെങ്കില്‍ മിക്ക സ്ത്രീകള്‍ക്കും അവസാനം മുടി എങ്കിലും കാണും 'സ്വത്തായി' (ചേച്ചിപറഞ്ഞ സത്യങ്ങളില്‍ ഒന്ന്) എന്നാല്‍ പാവം 'പുരുഷന്മാര്‍...'.... അവസാനം അവനു മുടിപോലും ഉണ്ടാകില്ല... തലയിലെ കഷണ്ടി അല്ലാതെ!!!!

ഗൗരിനാഥന്‍ said...

http://www.nalamidam.com/archives/12074

ചന്തു നായർ said...

മുടീല്ലാത്ത അമ്മൂമ്മമാര്, കാൻസറിന് മരുന്നെടുക്കണ ആന്റിമാര് അവരൊക്കെ കാണില്ലേ ഈ പരസ്യം. അവരെയൊക്കെ സങ്കടപ്പെടുത്തണോ കൊഴിഞ്ഞു കൊഴിഞ്ഞു പോണ മുടിയെപ്പറ്റി ഇങ്ങനെ മണ്ടത്തരം എഴുന്നള്ളിച്ചിട്ട്……..“

keraladasanunni said...

പന്ത്രണ്ടു വയസ്സുകാരിക്കുള്ള ബുദ്ധി മുതിര്‍ന്നവര്‍ക്കില്ലല്ലോ എന്ന വിഷാദമുണ്ട്. ലേഖനത്തില്‍ പറഞ്ഞതുപോലെ ചില പരസ്യങ്ങള്‍ തീര്‍ത്തും അരോചകമാണ്.

വേണുഗോപാല്‍ said...

പരസ്യങ്ങള്‍ക്ക് പുറകെ ചലിക്കുന്ന പാവകളായി സമൂഹം മാറുന്നിടത്തെ ഇത്തരം ചിന്തകള്‍ക്ക് പ്രസക്തിയുള്ളൂ. അനിയത്തിയുടെ മകളെ പോലെ ശരിയാം വിധത്തിലുള്ള ചിന്തകള്‍ ഇന്നത്തെ സമൂഹത്തില്‍ ഭൂരിപക്ഷത്തിനുമുണ്ട്. ആ തിരിച്ചറിവ് അന്യം നില്‍ക്കുന്നിടത്താണ് മനുഷ്യന്‍ ഉപഭോക്തൃ സംസ്കാരം മുന്നിലേക്ക് നീട്ടുന്ന പരസ്യവഴികളില്‍ അന്തിച്ചു നില്‍ക്കുന്നത്. ഇത് വെറും സ്ത്രീകളുടെ കാര്യം മാത്രമാണോ??? പുരുഷന്മാര്‍ക്കും ഇത് ബാധകമല്ലേ??

Echmukutty said...

വായിച്ച എല്ലാവര്‍ക്കും നന്ദി......

മണ്ടൂസന്‍ said...

പിന്നെ ചിലർ, സ്ത്രീകൾക്ക് എന്തിനാണ് വേറിട്ട ഒരു സ്വത്ത്? പുരുഷന്റെ സ്വത്തെല്ലാം സ്ത്രീയുടേതല്ലേ, സ്ത്രീ എന്താവശ്യപ്പെട്ടാലും അതെല്ലാം പുരുഷൻ ഉടൻ കൊടുക്കുകയില്ലേ എന്ന് കാല്പനികരാകാറുണ്ട്. ഇനിയും ചിലർ പുരുഷനും സ്ത്രീയെപ്പോലെ നിർദ്ധനനും നിസ്സഹായനും ചൂഷിതനും തന്നെയാണ്, അതുകൊണ്ട് സ്ത്രീക്ക് മാത്രമായി ഒരു പ്രശ്നവുമില്ലെന്ന് സിദ്ധാന്തിക്കാറുണ്ട്. ജോലിയും പഠിപ്പുമുള്ള കുറച്ച് സ്ത്രീകളെ പരിചയമുള്ള മറ്റു ചിലരാകട്ടെ സ്ത്രീകൾക്ക് ഇനിയെന്തു പ്രശ്നം? ജോലിയില്ലേ? പഠിപ്പില്ലേ? സ്ത്രീകളിപ്പോൾ പഴയ അമ്മമാരെപ്പോലെ കുടുംബം നോക്കാറൊന്നുമില്ലല്ലോ. ഇനിയും എന്തു വേണമെന്ന് ഒരു പ്രത്യേക തരം വൈദഗ്ദ്ധ്യത്തോടെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യാറുണ്ട്.

പഴഞ്ചൊല്ലിൽ പറയുന്ന വിദ്യാധനമെന്ന സർവധനാൽ പ്രധാനമായ ധനത്തിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട, ഇദ്ദുനിയാവിലെ നിരക്ഷരരിൽ മൂന്നിൽ രണ്ടു ഭാഗവും തലമുടി സ്വത്തായ പെണ്ണുങ്ങൾ തന്നെ.

അല്ല ഞാനീ ലേഖനം വിശദമായി വായിച്ചു, ഇനലെ വായിക്കാനെടുത്തപ്പോൾ കമ്പ്യൂട്ടർ ഓഫായിപ്പോയി. ഇപ്പോൾ കണ്ടുതുടങ്ങിയ പുതിയ സൂക്കേടാ. എച്ച്മ്മുക്കുട്ടി വളരെ നല്ലൊരു കുറിപ്പാണ് എഴുതിയിരിക്കുന്നത്. 'വിരിഞ്ഞ നെഞ്ച് പുരുഷന്റെ സ്വകാര്യസ്വത്താ' എന്ന് പറയുന്നത് കേൾക്കുന്ന അതേ അവജ്ഞയോടെയാണ് 'മുടി സ്ത്രീകളുടെ സ്വത്താ' ന്ന് കേൾക്കുന്നതും. നല്ല ലേഖനത്തിനാശംസകൾ.


'തലമുടിയല്ല സ്ത്രീകളുടെ സ്വത്തെന്ന ആ കൊച്ചു ശബ്ദം കേട്ട് ഞാൻ ആഹ്ലാദിച്ചു. പ്രതീക്ഷകൾക്ക് ഇപ്പോഴും വെട്ടമുണ്ട്.'

ഇത് കാരണമായിരിക്കും എച്ച്മ്മുകുട്ടി മുടി നീട്ടി വളർത്താത്തതല്ലേ ? പുടികിട്ടീ.!