( കുടുംബമാധ്യമത്തിലെ സ്വകാര്യത്തിൽ 2012 ജൂണ്‍ 30 ന്
പ്രസിദ്ധീകരിച്ചത് )
എന്റെ.... എന്റെ മാത്രം എന്ന് ഈ പ്രപഞ്ചത്തിലൊന്നിനെയും കരുതുവാൻ പാടില്ലെന്നും എല്ലാം പങ്കുവെയ്ക്കാനുള്ള മനസ്സു വളര്‍ത്തിയെടുക്കണമെന്നും നിരന്തരമായി ഓര്‍മ്മപ്പെടുത്തപ്പെട്ട ഒരു
ബാല്യകാലമാണു എനിക്കുണ്ടായിരുന്നത്. ആഹാരവൂം പാനീയങ്ങളൂം കഴിക്കുന്നതില്‍ പോലും അതുമായി ബന്ധപ്പെട്ട കൃത്യമായ ചിട്ടകളും രീതികളുമുണ്ടായിരുന്നു. പഴങ്ങളോ പലഹാരങ്ങളോ ശര്‍ക്കര കഷ്ണങ്ങളോ ഒന്നും കടിച്ചൂ തിന്നുവാന്‍ പാടില്ല. പകരം ചെറു കഷണമായി പൊട്ടിച്ച് ഒട്ടും എച്ചിലാക്കാതെ മാത്രമേ കഴിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. വെള്ളം പോലും ഗ്ലാസിൽ നിന്ന് മൊത്തിക്കുടിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല. കഴിക്കുന്ന പലഹാരവും കുടിക്കുന്ന വെള്ളവും പെട്ടെന്ന് അത്യാവശ്യമായി തീരുന്ന മറ്റൊരാള്‍ക്ക് ആ സമയത്ത് തന്നെ കൈമാറാൻ തയാറായിരിക്കണമെന്ന ഉപദേശവൂം എപ്പോഴും കിട്ടിയിരുന്നു. പ്രപഞ്ചത്തിലെ
എല്ലാ വസ്തുക്കളില്‍നിന്നും എപ്പോഴും
പങ്കു പറ്റിക്കഴിയുന്ന നമ്മൾ അങ്ങനെ എക്സ് ക്ലൂസീവ് ആകുന്നത് ഒട്ടും ശരിയല്ലെന്നതിന്റെ ആദ്യ പാഠമായിരുന്നു എനിക്കത്. ചെറുപ്പകാലങ്ങളിൽ തീര്‍ത്താൽ തീരാത്ത
വിരോധവും അമര്‍ഷവും മാത്രമേ ഇത്തരം നിര്‍ബന്ധിത ശീലങ്ങൾ എന്നിലുളവാക്കിയിരുന്നുള്ളൂവെങ്കിലും.
എല്ലാമുണ്ടെങ്കിലും അതിലെന്തെങ്കിലും പങ്കുവെക്കാനുള്ള മനസ്ഥിതി ഉണ്ടാവുന്നത് പലപ്പോഴും അപൂര്‍വമായ ഒരു നന്മ തന്നെയായിരുന്നു ഏതു ദേശത്തും എല്ലാ കാലത്തും. കൊടുക്കുന്നതിലേയും എടുക്കുന്നതിലേയും പ്രാധാന്യങ്ങളിലാകട്ടെ ധനവാനും ദരിദ്രനും കിട്ടിപ്പോരുന്ന പരിഗണനകള്‍ക്ക് തമ്മിൽ മറ്റെല്ലാറ്റിലുമെന്നതു പോലെ വലിയ വ്യത്യാസങ്ങളുമുണ്ട്.
ഒരു സ്ഥലത്ത് എന്തെങ്കിലും,അത് പണമോ കെട്ടിടമോ ആഹാരമോ എന്തായാലും വളരെ
അമിതമായി കുന്നുകൂടുന്നത് മറ്റൊരു സ്ഥലത്ത് അവ അത്യാവശ്യത്തിനു പോലും
ലഭ്യമാവാതിരിക്കുമ്പോഴാണ്. ഈശ്വരന്റെ അനുഗ്രഹമാണ്,ആ പ്രത്യേക വ്യക്തിയുടെ അതി കഠിനമായ അധ്വാനഫലമാണ്, ആര്‍ക്കുമില്ലാത്ത
ബുദ്ധിയും കഴിവും ഉള്ളതുകൊണ്ടാണ്, എന്നൊക്കെപ്പറഞ്ഞു എത്ര ന്യായീകരിക്കാന്‍ പരിശ്രമിച്ചാലും ഫ്രഞ്ചു
ചിന്തകനായ റൂസ്സോവിന്റെ വാക്കുകളില്‍ പറയുന്നത് പോലെ ഓരോ വന്‍ സമ്പത്തിന്റെ പുറകിലും
മറഞ്ഞിരിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. എങ്കിലും അതിസമ്പന്നന്റെ ഔദാര്യത്തേയും
ദാനശീലത്തേയും എത്രവേണമെങ്കിലുംവാഴ്ത്തിപ്പാടാന് എല്ലാവരും തയാറായിരിക്കും.
കുന്നുകൂടിയിട്ടുള്ള എന്തിന്റേയും വളരെ ചെറിയതും അതീവനിസ്സാരവുമായ ഒരു ശതമാനം മാത്രമാവും
സൌജന്യമായി ചാരിറ്റി എന്ന ഓമനപ്പേരില്‍ നല്കപ്പെടുന്നത്. ഒരു കുന്നിന്
താഴ്വാരത്തിലെ ഖനിജങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയശേഷം അവിടെ ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുന്നതു
മാതിരി ,അല്ലെങ്കില്‍ ഒരു നാടിന്റെ മുഴുവന്‍ ജീവിതമായ നദിയെ
സ്വന്തമാക്കിയശേഷം കുറച്ച് കൂള്‍ബാറുകള്‍ നടത്തുന്നതു പോലെ.........എങ്കിലും വാഴ്ത്തുപാട്ടുകള്‍
ആരുടേയും മനംകുളിര്‍പ്പിക്കും.‘മക്കളുവലുതായി കുറെ പൈസയുണ്ടാക്കീട്ട് അദ്ദേഹത്തെപ്പോലെ ഇല്ലാത്തവര്‍ക്ക്
എന്തെങ്കിലുമൊക്കെ കുറച്ച് ചെയ്യണം.’എന്നു മകനെ ഉപദേശിക്കുന്ന എല്ലാ അമ്മമാരും അച്ഛന്മാരും
ഈ വാഴ്ത്തു പാട്ടുകളില്‍ മനം മയങ്ങിപ്പോകുന്നവരാണ്. ഒരു ദീര്‍ഘ നിശ്വാസത്തോടെ അവര്‍
വാക്കുകള്‍ ഇങ്ങനെ ഉപസംഹരിക്കും‘ഒന്നുമില്ലെങ്കിലും പുണ്യം കിട്ടുമല്ലോ’.
ഒന്നും പ്രതീക്ഷിക്കാതെയാണു സേവനങ്ങളെല്ലാം ചെയ്യുന്നതെന്ന് പറയുമ്പോഴും കുറഞ്ഞ
പക്ഷം പുണ്യമോ സ്വര്‍ഗ്ഗരാജ്യമോ സല്‍പ്പേരോ ഒക്കെ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നത്
വാസ്തവമാണ്. ‘ഞാന്‍ ചെയ്യുന്ന ഇമ്മാതിരി സേവനങ്ങള്‍
ആരെയുംഅറിയിക്കാറില്ല’‘ ഇടതുകൈ ചെയ്യുന്നത് വലതു കൈ അറിയാറില്ല’ എന്ന് പറയുന്നവര്‍ക്ക് പോലും പുണ്യവും സ്വര്‍ഗ്ഗരാജ്യവും
ഒക്കെ വലിയ പ്രലോഭനങ്ങളാകാറുണ്ട്. തന്റെ പ്രവൃത്തി കൊണ്ട് ഒരാളുടെ വേദനയ്ക്ക് അല്‍പ്പം
കുറവു വരുന്നതിനൊപ്പം,നമുക്കും ഒരു നന്മയുണ്ടാകുന്നുണ്ടല്ലോ എന്ന ആശ്വാസം.
വലിയ ദുരിതങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്കായി ഞാനും എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന
മനസ്സമാധാനം. അതൊക്കെയാവണം ഈ സൌജന്യ സേവനങ്ങളില്‍ നിന്ന് നമുക്ക് കിട്ടിപ്പോരുന്നത്.
ആത്യന്തികമായി ഈ സേവനങ്ങളെല്ലാം തന്നെ മനുഷ്യ നന്മയിലുള്ള നമ്മുടെ വിശ്വാസം
ഊട്ടിയുറപ്പിക്കുന്നതും അതുകൊണ്ടാവണം.
പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍,യുദ്ധവും ആഭ്യന്തര ലഹളകളും ഉണ്ടാവുമ്പോള്‍, പട്ടിണിയും ദാരിദ്ര്യവും പകര്‍ച്ച വ്യാധികളും നടമാടുമ്പോള്‍ എല്ലാം മനുഷ്യ
നന്മ പണമായും ആഹാരമായും വസ്ത്രമായും മരുന്നായും മറ്റും ഒഴുകിയെത്തുന്നത് നമ്മള്
കണ്ടീട്ടൂണ്ട്. എന്നാല്‍ തൊട്ടപ്പുറത്തെ ദരിദ്രരും നഗ്നരും രോഗികളും കൈ
നീട്ടുമ്പോള്‍ ഈയളവില്‍ സഹാനുഭൂതി എല്ലാവരിലും ഉണരാറില്ല. കേടു വന്ന ഭക്ഷണവും
കീറിപ്പറിഞ്ഞ വസ്ത്രങ്ങളും മറ്റും യാതൊരു വിഷമവുമില്ലാതെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍
കഴിയുന്നതും അതുകൊണ്ടാണ്. നമുക്കാവശ്യമില്ലാത്തതിനെയെല്ലാം നമ്മള് ഉപയോഗിക്കാന്‍
തയാറാവാത്തതിനെയെല്ലാം ഒഴിവാക്കിയെടുക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായി ഇവിടെ എല്ലാവരാലും
വാഴ്ത്തപ്പെടുന്ന ചാരിറ്റി അധപതിക്കുന്നു.
സൌജന്യ സഹായം സ്വീകരിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ചു
നേരിട്ടൊരു അനുഭവമുണ്ടായതും കൂടി ഇത്തരുണത്തില്‍ ഓര്മ്മിയ്ക്കാതിരിയ്ക്കാനാവുന്നില്ല.
ഉത്തരാഖണ്ഡിലേ ഭൂകമ്പ ബാധിതരായ, സമസ്തവും നഷ്ടപ്പെട്ട ദരിദ്ര മനുഷ്യരാണു ഗതികേടിന്റെയും
നിസ്സഹായതയുടെയും ആത്മാഭിമാനക്കുറവിന്റെയുമായ ആ മാനസികാവസ്ഥയെക്കുറിച്ച് കണ്ണീരോടെയും
അടഞ്ഞു പോയ തൊണ്ടയോടെയും സംസാരിച്ചത്. തീര്‍ത്തും അപരിചിതമായ ആഹാരത്തിന്റെയും വസ്ത്രങ്ങളുടേയുമെല്ലാം
കൂമ്പാരം കൂടിയ സൌജന്യസഹായസേവനങ്ങള്ക്കുള്ളില് അതീവ നിഷ്ക്കളങ്കമായ നന്ദിയോടെ
നില്‍ക്കുമ്പോഴും സഹായം തേടിക്കൊണ്ടുള്ള ജീവിതത്തെക്കാള്‍ അധ്വാനിച്ച് അഭിമാനമായി കഴിയാനാവുന്ന
ജീവിതമാണു അവര്‍ താല്പര്യപ്പെട്ടത്. അക്കാര്യത്തില്‍ പ്രത്യേകമായി ഗവണ്മെന്റിനും
സന്നദ്ധ സംഘടനകള്‍ക്കും എന്തുചെയ്യാനാകും എന്നറിയാനായിരുന്നു ആ ഗ്രാമീണര്‍ ആഗ്രഹിച്ചത്.
ധനം ഇല്ലാത്തവര്‍, മാത്രമല്ല എന്തു തന്നെ ഇല്ലാത്തവരായായാലും
സമൃദ്ധമായുള്ളവരില്നിന്നും വല്ലപ്പോഴും ലഭ്യമാകുന്ന സൌജന്യം സ്വീകരിച്ച് കഴിഞ്ഞുകൂടുമെന്നും
സ്വന്തമായി അധ്വാനിച്ച് ഒന്നും നേടുകയില്ലെന്നും പറയുന്നത് വെറുതെയാണെന്ന് ആ പാവപ്പെട്ടവര്‍
വിളിച്ചു പറയുകയായിരുന്നു.
വാങ്ങുന്നവരേക്കാള്‍ ആവശ്യം കൊടുക്കുന്നവര്‍ക്കായിത്തീരുന്ന
ഒന്നായി മാറുന്നു ചാരിറ്റി, പലപ്പോഴും. എങ്ങനെയും പണമുണ്ടാക്കുകയും അതില്‍ ഒരു ചെറിയ ഭാഗം പാവപ്പെട്ടവര്‍ക്കായി
ചെലവഴിച്ച് പുണ്യം നേടാമെന്ന് കരുതുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. പുണ്യം
നേടുന്നത് മോശമായ പ്രവൃത്തിയാണെന്നല്ല. കൊടുക്കുന്നവരെ സംബന്ധിച്ച് എപ്പോഴും നല്കാന്
കഴിവുള്ളവര്‍ എന്ന ഉയര്‍ച്ചയും വാങ്ങുന്നവര്‍ക്ക് കൈ നീട്ടി വാങ്ങാനല്ലാതെ ഒന്നും നല്കാന്
കഴിവില്ലാത്തവര്‍ എന്ന താഴ്ചയും എന്തായാലും ചാരിറ്റിയില്‍ സംഭവിക്കുന്നുണ്ട്. അതിനേക്കാള്‍
എന്തുകൊണ്ടും അഭിലഷണീയമായത് ഓരോ മനുഷ്യര്‍ക്കും ആത്മാഭിമാനത്തോടെ നട്ടെല്ലു നിവര്‍ത്തി
നിന്ന് സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ നേടുന്നതിനുള്ള
പരസ്പര സഹായമാണ്. പഴയ ഉടുപ്പുകളുടേയോ. ജന്മദിനപ്പാര്ട്ടികളുടേയോ ഉല്‍സവ
ദിനങ്ങളില്‍ വിളമ്പുന്ന സദ്യയുടേയോ ദാനമായി മാത്രം ആ സഹായം ഒതുങ്ങിപ്പോകരുത്. ജീവിതത്തെ
നേരിടുവാന്‍ ആത്മ വിശ്വാസം ഉള്ളവര്‍ക്ക് ഒരു തരത്തിലുള്ള ചാരിറ്റിയും സ്വീകരിക്കേണ്ടിവരില്ലല്ലോ.
അതിനുള്ള ധൈര്യവും കരളുറപ്പും പരസ്പരം വളര്‍ത്താന്‍ സഹായിക്കുന്നതാവണം ഒരു
ജനതയെന്ന നിലയില്‍ നമ്മള് ചെയ്യേണ്ട ചാരിറ്റി. ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്ക്കുന്ന
ഒരു ജനതയുടെ രാജ്യമാവണം നമ്മുടേത്.
29 comments:
ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്ക്കുന്ന ഒരു ജനതയുടെ രാജ്യമാവണം നമ്മുടേത്.
എച്ചുവോട് ഉലകത്തില്‍ ആദ്യായാണ്..
മറ്റു പലയിടത്ത് നിന്നും വായിച്ചിട്ടുണ്ടെങ്കിലും..
നല്ല ലേഖനം...!
അതെ ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്ക്കുന്ന ഒരു ജനതയുടെ രാജ്യമാവണം നമ്മുടേത്.
ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്ക്കുന്ന ഒരു ജനതയുടെ രാജ്യം ആവെണമെങ്കില് സ്വയം പര്യാപ്തത ഉണ്ടാവണം, അതിനു വിദ്യാഭാസം വേണം, പുസ്തകത്തിന്റെ താളുകളില്‍ നിന്നും കിട്ടുന്ന അക്ഷരാഭ്യാസം അല്ല, ചുറ്റുപാടുകളെ മനസിലാക്കുന്ന, കഴിവുകളും കഴിവുകേടുകളും തിരിച്ചറിയാന്‍ ഉതകുന്ന വിദ്യാഭാസം. സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തനാക്കുന്ന വിദ്യാഭാസം.
“നമുക്കാവശ്യമില്ലാത്തതിനെയെല്ലാം നമ്മള് ഉപയോഗിക്കാന്‍ തയാറാവാത്തതിനെയെല്ലാം ഒഴിവാക്കിയെടുക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായി ഇവിടെ എല്ലാവരാലും വാഴ്ത്തപ്പെടുന്ന ചാരിറ്റി അധപതിക്കുന്നു.”
അങ്ങനത്തെ സഹായമല്ല വേണ്ടത്.
ഊന്നുവടികളില്ലാതെ നിവർന്നു നിൽക്കാൻ കെൽപ്പുള്ള ഒരു ജനതയെ വാർത്തെടുക്കാൻ പറ്റിയ സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്.
നന്നായി പറഞ്ഞിരിക്കുന്നു എച്മൂ..
ആശംസകൾ....
നേരെ തുറന്നുവെച്ച ലേഖനം കണ്ണുതുറപ്പിക്കുന്ന ചിന്തകള്‍ വളച്ചുകെട്ടാതെ അവതരിപ്പിച്ചതാണ് ഏറെ ഇഷ്ടപ്പെട്ടത്.
വളരെ നന്നായി.
ചെറുതിനൊക്കെ അത്യാവശ്യത്തിനുപോലും ഒരു പോസ്റ്റിറക്കാന്‍ പറ്റാതെ പോണത് ഇവ്ടിങനെ എഴുതി കുന്നുകൂട്ടുന്നതുകൊണ്ടാണെന്ന് ഇപ്പഴല്ലെ മനസ്സിലായത് :( എച്ചുമൂന്റെ ബാല്യകാല്യ വിവരണം ഇഷ്ടപെട്ടു. പിന്നെ എഴുത്തിന്റെ ഒരു ശക്തിയും അനുഭവപ്പെടുന്നുണ്ട്. :)
എന്നിരുന്നാലും. ചാരിറ്റി എന്നതിന്റെ ചെറിയൊരു(?) ന്യൂനതയില്‍ നിന്നുകൊണ്ടുള്ള ഈ പോസ്റ്റിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയുന്നില്ല. ചാരിറ്റി എന്ന രൂപത്തിലല്ലെങ്കിലും സമ്പന്നന് മുതലിലിങോട്ട് താഴേ തട്ടിലുള്ളവന് വരെയും പല പല ഊന്നുവടികളുടേയും സഹായത്തോടെ തന്നെയല്ലെ നിവര്‍ന്ന് നില്ക്കണത്. ധൈര്യവും കരളുറപ്പും വേവിച്ച് വിശപ്പ് മാറ്റാന്‍ കഴിയാത്ത കാലത്തോളമെങ്കിലും ഈ ഊന്നുവടികള്‍ എല്ലാവര്ക്കും ആവശ്യമുള്ളത് തന്നെയെന്ന് തോന്നുന്നു. ഒരു പ്രത്യേക വിഭാഗത്തിന് ജീവിതകാലം മുഴുവന്‍ സഹായം ചെയ്തുകൊണ്ടിരിക്കുക എന്നതല്ലല്ലൊ ചാരിറ്റി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മറ്റ് മാര്ഗ്ഗങളില്ലാത്തവര്ക്ക്, സ്വയം നിവര്‍ന്ന് നില്ക്കാനാകുന്നത് വരെ കൊണ്ടുചെന്നെത്തിക്കുന്ന, അല്ലെങ്കില്‍ അത്യാവശ്യ ഘട്ടങളില് ചെയ്യുന്ന സഹായങ്ങള്‍ മാത്രമല്ലെ അത്. അപ്രതീക്ഷിതമായി സകലതും നഷ്ടപെട്ട് പോകുന്ന ചിലര്‍ക്ക്, ഒന്നെണീറ്റിരിക്കാന്‍ പോലും പരസഹായം ആവശ്യം വരുന്നവര്‍ക്ക്, വളര്‍ന്നുവരുന്ന അനാഥബാല്യങ്ങള്ക്കൊക്കെ ഊന്നുവടികളുടെ സഹായത്തോടെ മാത്രെ ഒരു തലം വരെ നിവര്‍ന്ന് നില്ക്കാന് കഴിയുള്ളു. അതിനൊരു സമൂഹം ഒന്നിക്കുമ്പൊ അത് ചാരിറ്റി തന്നെ. ഇത്തരം സഹായങളുടെ തണലില്‍ വളര്‍ന്നുവന്നവരില്‍ കൂടുതലും പരസ്പരം സഹായിക്കാനുള്ള ഒരു മനസ്സുകൂടി വളര്‍ന്നുവരുന്നതായിട്ടാണ് ചെറുതിനനുഭവം ഉള്ളത്.
പോസ്റ്റിലെ പല ഭാഗങള്‍ വായിച്ചപ്പോഴും വിയോജിപ്പും യോജിപ്പും തോന്നുന്നുണ്ട്. പക്ഷെ വാക്കുകളാക്കാന്‍ നോ വഴി! കൂടുതലെഴുതിയാല്‍ എതിര്‍ക്കാന്‍ വേണ്ടി കച്ചകെട്ടിയിറങിയ പോലെ ഫീലും ;) അതോണ്ട് ചെറുത് കീഴടങ്ങി :)
സമൂഹത്തില്‍ അശരണരും ആലംബ ഹീനരും ആയ ഒരു വിഭാഗമുണ്ട്. മഹാമാരികള്‍ വിതച്ചു വിധി പലപ്പോഴും ഇവരെ പിച്ചി ചീന്താന്‍ എത്താറുണ്ട്. അത്തരുണത്തില്‍ ഊന്നുവടിയായി എത്തുന്ന ചാരിട്ടിയെ അവര്‍ക്ക് വേണ്ടെന്നു വെക്കാന്‍ ആവില്ല.
അതെ സമയം ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്ക്കുന്ന ഒരു ജനതയുടെ രാജ്യമാവണം നമ്മുടേത് എന്ന് തന്നെയാണ് ഇന്നാട്ടിലെ ഓരോ പൌരന്റെയും ആഗ്രഹം. അതിനുള്ള അടിത്തറ പണിയേണ്ട ഭരണ വര്‍ഗ്ഗം കോടികള്‍ കട്ട് മുടിച്ചു അഴിക്കുള്ളിലേക്ക് വഴി തേടുന്ന ഇന്നാട്ടില് അതൊരു നടക്കാത്ത സ്വപ്നം മാത്രമായി അവശേഷിക്കയാണ് എന്നതാണ് ദുഖ സത്യം ....
വാങ്ങുന്നവരേക്കാള്‍ ആവശ്യം കൊടുക്കുന്നവര്‍ക്കായിത്തീരുന്ന ഒന്നായി മാറുന്നു ചാരിറ്റി, പലപ്പോഴും. എങ്ങനെയും പണമുണ്ടാക്കുകയും അതില്‍ ഒരു ചെറിയ ഭാഗം പാവപ്പെട്ടവര്‍ക്കായി ചെലവഴിച്ച് പുണ്യം നേടാമെന്ന് കരുതുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും
'ചാരിറ്റി' ശരിക്കും അധപതിചിരിക്കുന്നു. നമുക്ക് വേണ്ടാത്തത് ദാനം ചെയ്യുന്നു അതാണ് ഇന്ന് ചാരിറ്റി. ആ ഒരു നിരീക്ഷണം വളരെ ശരിയാണ്. സ്വാര്‍ഥത തന്നെ ആണ് മിക്ക ധനികരുടെയും ദാന ശീലത്തിന് പിന്നില്‍.....
"വാങ്ങുന്നവരേക്കാള്‍ ആവശ്യം
കൊടുക്കുന്നവര്‍ക്കായിത്തീരുന്ന ഒന്നായി മാറുന്നു ചാരിറ്റി,"
യൂ സെഡ് ഇറ്റ് ...!
അരികിലേ കണ്ണുനീര് തുടക്കാതെ മറുകരകളില്‍
തീര്‍ക്കുന്ന ചിലതില്‍ നിന്നും എന്തു കിട്ടാനാണ് ..
സത്യത്തില്‍ നാമൊക്കെ എത്ര വാദിച്ചാലും ..
അവസ്സാനം പുണ്യം എന്നൊരു ചിന്തയില്‍
കുടുങ്ങി പൊകുന്നുണ്ടല്ലേ ...
കണ്ണു തുറപ്പിക്കുന്നുണ്ട് ഈ വരികള്‍ ..
നേരുകള്‍ ഏതിലെല്ലാം കുരുങ്ങി കിടക്കുന്നു ..
മുന്നില്‍ കാണുന്ന ചിലതിലിന്റെ ഉള്ളിലും
നമ്മുടെ മനസ്സിന്റെ ഉള്ളുകള്‍ കാണുമ്പൊള്‍
ഇത്തിരി ലജ്ജ എനിക്കും തൊന്നുന്നു ...
നന്നായീ , ഒരുപാട് ഇഷ്ടമായീ ഇതു , സത്യം ..
പങ്ക് വെയ്ക്കലിന്റെ പാഠം വീടുകളില്‍ നിന്നു ചെറുപ്പത്തില്‍ ലഭിക്കേണ്ടതാണ്.വലിയ കുടുംബങ്ങളില്‍ അത് സ്വാഭാവികമായി സംഭവിക്കുമായിരുന്നു.ഇന്നത്തെ അണു കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ തന്നെ പറഞ്ഞു കൊടുക്കണം. യഥാര്‍ത്ഥ ചാരിറ്റി കൊട്ടിഘോഷിക്കുന്നതല്ല. എച്മുവിന്റെ കുറിപ്പു ഇഷ്ടപ്പെട്ടു
നല്ല ലേഖനം . ഭംഗിയായി പറഞ്ഞു
'ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്ക്കുന്ന ഒരു ജനതയുടെ രാജ്യമാവണം നമ്മുടേത്
ഓണം ആ മഹാ സങ്കല്പം......
ഓണാശംസകള്‍
ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം
നല്ല ലേഖനം,,
ഒഴുകി ഈ ലേഖനത്തില്‍; ഞാന്‍,,,ആശംസകള്‍ .കല. സി
എച്ച്ചുമുക്കുട്ടീ, ഉറക്കെയുറക്കെ പറയൂ. ഇങ്ങനെയുള്ള ചിന്താഗതികള്‍ തീര്‍ച്ചയായും ശ്രദ്ടിക്കപ്പെടെണ്ടാതാണ്. ചാരിറ്റി ഇനിയും കുറെയേറെ ചര്‍ച്ച ചെയ്യപ്പെടണം. അത് വിശ്വാസസംഹിതയുടെ ഭാഗമായ ചില വിഭാഗങ്ങളില്‍ അടക്കം ഈ കണ്സെപ്ട്ടിനെ ഒരു അട്ടിമറിയ്ക്ക് വേണ്ടിയുള്ള ഉപാധിയാക്കാന്‍ കൊണ്ടുപിടിച്ചു ള്ള ശ്രമങ്ങള്‍ നടക്കുന്ന ഇത്തരുണത്തില്‍ പ്രത്യേകിച്ചും. ഊന്നു വടികള്‍ എറിഞ്ഞു കളയണം ന്നൊന്നും ഈയുള്ളവന് പറയുന്നില്ല, പറഞ്ഞു കൊഴയ്ക്കാന് വിചാരിക്കുന്നുമില്ല.
ലേഖനം നന്നായി എച്മൂ... ചില കാര്യങ്ങളില്‍ വിയോജിപ്പ് തോന്നിയെങ്കിലും ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്ക്കാന് കഴിയുന്ന ഒരു ജനതയാവണം എന്നത് സ്വപ്നം കാണുന്നുണ്ട് ...
എച്ചുമു ചാരിറ്റിയെ വളരെ നന്നായി നിര്‍വചിച്ചു.
ഊന്നുവടികളില്ലാതെ നിവര്‍ന്നു നില്ക്കുന്ന ഒരു ജനതയുടെ രാജ്യമാവണം നമ്മുടേത്.
ഓണാശംസകള്‍...
ശ്രദ്ധേയം ,അഭിനന്ദനങള്‍
ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ് ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............
നല്ല ലേഖനം മുകളില്‍ പറഞ്ഞതൊകെ തന്നെ എനിക്കും പറയാനുള്ളത് , ഓണാശംസകള്‍
വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളാണ് എന്റെ കണ്ണിനു സുഖം!
നീതി നടപ്പാക്കാന്‍ താന്‍ കൂട്ട് നില്‍ക്കാത്തത്തിന്റെ കുറ്റബോധമാണ് ചാരിറ്റി !
It is sub conscious acceptance of one being a ccomplice in a crime ..!
അത് കൊണ്ട് ,
ചാരിറ്റി ബിഗിന്‍സ് വിത്ത് ഇന്‍ ജസ്റ്റിസ്
:)
ഞങ്ങളുടെ ഒരു അയല്‍വാസി മുന്‍പ് ഗള്‍ഫിലായിരുന്നു. അയാള്‍ വരുന്നതിനു മുന്‍പ് അയാളുടെ അമ്മ അടുത്തുള്ള ഒരു പുലയിയെ വിളിച്ച് നാല് ഇടങ്ങഴി അരി ദാനമായി നീട്ടി.
കാരണം തിരക്കിയ അവരോട് മകന് വരുന്ന വിവരം പറഞ്ഞപ്പോല്‍ അവര്‍ അതു വാങ്ങാതെ തിരികെ പോയി
(വിമാനത്തില്‍ വരുന്ന മകനു വേണ്ടി ആ അമ്മ എടുക്കുന്ന മുന്‍കൂര്‍ ജാമ്യം)
വെറുതെ അല്ല ചാണക്യന് പറഞ്ഞത് അന്യായമായി സമ്പാദിച്ച ധനം ദാനം ചെയ്തു പുണ്യം കിട്ടും എന്നു വിചാരിച്ചാല്‍ നടപ്പില്ലെന്നു മാത്രമല്ല അതിനുള്ളത് പലിശയായും കിട്ടും എന്ന്
ചാരിറ്റിയും കച്ചവടമാക്കിയ ഒരു ജനാവലിയാണു നാം. എങ്ങനെയാണു മുന്നോട്ടു പോവുക? പ്രസക്തമായ ചിന്തകൾ,തനിമയുള്ള എഴുത്ത്.
വായിച്ച് എന്നെ പ്രോല്‍സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാരോടും നന്ദി പറയട്ടെ... ഇനിയും വായിക്കുമല്ലോ.
ചാരിറ്റി ചെയ്യും പോലെ പ്രധാനമാണ് അതിനു സാധിക്കുന്ന സുഹൃത്തുകളെ അടക്കം അതിലേക്ക് ആകര്‍ഷിക്കുന്നതും അതിന്റെ ഭാഗമാക്കുന്നതും. അത് പബ്ലിസിറ്റിക്ക് വേണ്ടി ആകരുത് എന്ന് മാത്രം.
വ്യക്തിപരമായ ചാരിറ്റിയേക്കാള്‍ ഉപകാരപ്രധമാവുക കൂട്ടായ പ്രവര്‍ത്തനമാണ്.
ഇസ്ളാമിക കാഴ്ചപ്പാടുകള്‍ ധാരാളമുള്ള ഒരു ലേഖനം... ഇടതു കൈ കൊടുക്കുന്നത് വലത് അറിയരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും രാത്രിയിലും പകലിലും കൊടുക്കാമെന്നുമുണ്ട്... :) എന്തായാലും ചാരിറ്റി പാവപ്പെട്ടവന്റെ ഔദാര്യമല്ല മറിച്ച് അവകാശമാണ്.
ഞാനും ഒരു ചാരിറ്റബിള്‍ ട്രസ്റ്റില്‍ പ്രവര്‍ത്തിക്കുന്നു ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്നവര്‍ നാട്ടിലെ പല സൌകര്യങ്ങളും വേണ്ടത്ര ഉപയോഗിച്ചവര്‍ ഒത്തുചേര്‍ന്നു ഒരു ട്രസ്റ്റ് ഉണ്ടാക്കി കഴിയുന്നത്ര പാവങ്ങളെ സഹായിക്കുക അത് മാത്രമാണ് ലക്ഷ്യം പുണ്യവും പബ്ലിസിറ്റിയം ഒന്നും അതില്‍ പെടുന്നില്ല സഹോദരിയുടെ ലേഖനത്തില്‍ പറയുന്നത് പോലെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു പ്രജോദനം നല്ക്കാന് ഞങ്ങള്‍ ശ്രമിക്കുന്നുണ്ട് ഞങളുടെ സഹായം തേടുന്നവര്‍ക്ക്
വളരെ നന്നായി ലേഖനം
Post a Comment