Sunday, September 9, 2012

യോഗം, സമയം, കാലം ...........



                                    

                  


കുടുംബാസൂത്രണക്കാരുടെ പണ്ടത്തെ  പരസ്യമുണ്ടല്ലോ നാം രണ്ട്   നമുക്ക് രണ്ട്  അതുപോലെ   ആദ്യം ഒരു ആൺകുട്ടി, പിന്നെ മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി, അങ്ങനെയായിരുന്നു നാനിക്കുട്ടിയമ്മയുടേയും രാമൻ നായരുടേയും സന്താന ഭാഗ്യം.

നല്ല ആരോഗ്യമുള്ള കുട്ടികൾ, രാമൻ നായർക്ക് ഗ്രാമത്തിലെ ഹൈസ്കൂളിൽ ഗുമസ്തപ്പണി, നാനിക്കുട്ടിയമ്മയ്ക്ക് തറവാട്ട് ഭാഗമായി കിട്ടിയ മുപ്പതു  പറ മുപ്പൂവൽ നിലം, ഒരേക്കർ തെങ്ങും പറമ്പിൽ അടച്ചുറപ്പുള്ള ഒറ്റ നില കെട്ടിടം………നാനിക്കുട്ടിയമ്മയാവട്ടെ  ഉഷാറായി ഗൃഹഭരണം നടത്തുവാൻ കഴിവുള്ള ഒരു ബെസ്റ്റ്  കുടുംബിനിയുമാണ്. ജോലിക്കു പോകണം, സ്വന്തം കാലില്‍ നില്‍ക്കണം എന്ന മാതിരിയുള്ള ഒരു ദുര്‍ വിചാരവും ഇല്ല.

ഇതൊക്കെ പോരേ മനുഷ്യനു സുഖമായി കഴിഞ്ഞു കൂടുവാൻ? മനുഷ്യന്റെ കാര്യമല്ലേ? മതിയെന്നൊരു വിചാരം, അല്ലെങ്കില്‍ തൃപ്തിയെന്നൊരു സാധനം അവനുണ്ടാവില്ലല്ലോ. അങ്ങനെ മനുഷ്യന്‍ തൃപ്തിപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പുരോഗതിയുണ്ടാവില്ലെന്നാണു ലോകമെമ്പാടുമുള്ള മഹാജ്ഞാനികള്‍ ഒക്കെ പറഞ്ഞു കേള്‍പ്പിച്ചിട്ടുള്ളതും . 

രാമൻ നായർക്ക് പട്ടണത്തിലെ സ്കൂളിലേയ്ക്ക് മാറ്റം കിട്ടിയതോടെയാണ് കാര്യങ്ങൾ പിടി വിട്ടു പോയത്. നാല്‍പത്തഞ്ച് കിലോമീറ്റർ ദൂരെ പോയി ജോലി ചെയ്തു വരാൻ  ബുദ്ധിമുട്ടായതുകൊണ്ട് വീടും പറമ്പും  കൃഷിയുമൊക്കെ വിറ്റു തുലച്ച് പട്ടണത്തിലേയ്ക്ക് പോകണ മെന്ന്  വീട്ടുകാരൻ വാശി  പിടിയ്ക്കാനാരംഭിച്ചു.  

ആരോടും പറയാത്ത ഒരു രഹസ്യവും കൂടി രാമൻ നായർക്കുണ്ടായിരുന്നു. ഒരു ഗള്‍ഫ്  സ്വപ്നം.  വിസയ്ക്കായി നഗരത്തിലെ ഒരു  ഏജന്റിന്റെ പക്കൽ കുറച്ച് കാശും കൊടുത്തിട്ടുണ്ട്. നല്ല മണമുള്ള സെന്‍റും പൂശി, തിളങ്ങുന്ന വസ്തങ്ങളും ധരിച്ച് , അറബി  ഭൂമിയിലെയും അറബി വീട്ടിലെയും അറബി ആകാശത്തിലേയും  വിശേഷങ്ങള്‍ വിളമ്പാന്‍ പറ്റുന്ന ആ  ഗമ ഓര്‍ത്ത് അയാള്‍ കോരിത്തരിക്കാറുണ്ടായിരുന്നു.  ഒരു തല്ലിപ്പൊളി സര്‍ക്കാര്‍ സ്കൂളിലെ, പൊടി പിടിച്ച്   ഇരട്ട വാലന്‍ ഓടിക്കളിക്കുന്ന കുറച്ച് ഉണക്ക ഫയലുകളും  നോക്കി,  ക്ലര്‍ക്കായി അവസാനിക്കാനാണോ രാമന്‍ നായര്‍  ഈ ഭൂമിയില്‍ ജനിച്ചത്?  തന്നെയുമല്ല, നാനിക്കുട്ടിയമ്മയെ  ഈ ഗ്രാമത്തിന്റെ അപരിഷ്കൃത രീതികളിൽ നിന്നൊക്കെ മോചിപ്പിയ്ക്കണം. അളിയന്മാരുടെ കൺ വെട്ടത്തിലും മേൽ നോട്ടത്തിലും നിന്ന് രാമൻ നായർക്ക് ഒഴിവാകുകയും വേണം.

തന്നെയും മക്കളേയും കൊന്നാലും സ്വന്തം നാട് വിടില്ല എന്ന് നാനിക്കുട്ടിയമ്മ കട്ടായം പറഞ്ഞു. ഞാൻ ഉശിരുള്ള ഒരു ആണാണെങ്കിൽ നിന്നേം മക്കളേം കൊണ്ട് പട്ടണത്തിലേയ്ക്ക് മാറുമെന്ന് രാമൻ നായരും വെല്ലു വിളിച്ചു.

നായർക്ക് നല്ലോണം വാശികയറി. ങാഹാ, അത്രയ്ക്ക് അഹമ്മതി പാടുണ്ടോ പെണ്ണുങ്ങൾക്ക്? സ്വന്തം തറവാടിന്റെ സാമീപ്യവും ങ്ങളമാരുടെ അതിരറ്റ സ്നേഹവും ജനിച്ചു വളർന്ന നാട്ടിലുള്ള താമസവുമാണ് നാനിക്കുട്ടിയമ്മയുടെ കാര്യപ്രാപ്തിയ്ക്കും വീറിനും മിടുക്കിനുമൊക്കെ കാരണമെന്ന് കല്യാണം കഴിച്ച അന്ന് തന്നെ മനസ്സിലായതാണ്. കഴുത്തിലു താലി വീണാല്‍ നാലഞ്ചു മണിക്കൂറിനകം പെണ്ണിനെ സ്വന്തം വീട്ടില്‍  നിന്നും നാട്ടില്‍   നിന്നും പരിചയക്കാരില്‍ നിന്നും ഒക്കെ  മാറ്റി താമസിപ്പിക്കണം. അല്ലെങ്കില്‍ ഭര്‍ത്താവിനെ  വേണ്ട മാതിരി ബഹുമാനിച്ചില്ലാന്നും സ്നേഹിച്ചില്ലാന്നും  ഒക്കെയാവും ഫലം .   

നാനിക്കുട്ടിയമ്മയെ അങ്ങനെ  മാറ്റിത്താമസിപ്പിക്കാന്‍ പറ്റിയില്ല.   രാമന്‍ നായരുടെ മാതാപിതാക്കന്മാര്‍ നന്നെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടതുകൊണ്ട് ചില ബന്ധുക്കളുടെ സന്മനസ്സിലാണ് അയാള്‍  വളര്‍ന്നതും പഠിച്ചതും ഒക്കെ.  ഈനാട്ടില്‍  ജോലിക്കു വന്ന്  കല്യാണവും തരപ്പെട്ടപ്പോള്‍ പിന്നെ അയാളും ഇവിടം  വിട്ട് എങ്ങും പോയില്ല. 

എന്നുവെച്ച് ആണൊരുത്തന്‍റെ ഒപ്പത്തിനൊപ്പം ആവോ ഒരു പെണ്ണ് എത്രയായാലും?
 
നാനിക്കുട്ടിയമ്മയ്ക്ക് ലേശം മിടുക്ക് കൂടുതലല്ലേ എന്ന്  രാമന്‍ നായര്‍ക്ക് എപ്പോഴും തോന്നാറുണ്ട്. പെണ്ണുങ്ങൾക്ക് എന്ത് കഴിവുണ്ടായാലും ആണുങ്ങളുടെ മുൻപിൽ അല്പം താഴ്ന്ന് വണക്കത്തോടെ  വിനയത്തോടെ നിൽക്കണം. ആണുങ്ങളെ വേണ്ട മാതിരി  ബഹുമാനിച്ച് ശീലിക്കണം. അതാണു  അതിന്റെ ശരി. നാനിക്കുട്ടിയമ്മയ്ക്ക് വണക്കവും ബഹുമാനവും അല്‍പം  കുറവാണോ എന്ന്  ആര്‍ക്കും സംശയം തോന്നുന്ന വിധത്തിൽ രാമൻ നായരുടെ ഒപ്പത്തിനൊപ്പമാണ് എപ്പോഴും നില്പ്.

ഭാര്യ എന്ന നിലയ്ക്ക് ഒരു കുറ്റവും നാനിക്കുട്ടിയമ്മയെ പറ്റി പറയാനില്ല. നല്ല പാചകം, വെടിപ്പും വൃത്തിയുമുള്ള വീട്, രാമൻ നായരുടെ എല്ലാ ആവശ്യങ്ങളും പകലും രാത്രിയും കണ്ടറിഞ്ഞ് ചെയ്യുന്നതിൽ നാനിക്കുട്ടിയമ്മ ഒരു വീഴ്ചയും വരുത്താറുമില്ല.

എന്നാലും ആ ഒപ്പത്തിനൊപ്പം നിൽക്കുന്ന രീതി രാമൻ നായരെ വല്ലാതെ അലട്ടിയിരുന്നു.ഒരു കുറച്ചില്   തോന്നുകയാണ്  അയാള്‍ക്ക് എപ്പോഴും. 

വഴക്ക് മൂത്ത് രാമൻ നായർ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയി. പോവുമ്പോൾ കരയോഗക്കാരോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച നാട്ടുകാരോടും നാനിക്കുട്ടിയമ്മ എന്ന അശ്രീകരം പിടിച്ച സ്ത്രീയ്ക്കുള്ള സകല കുറവുകളേയും കുറിച്ച് വിശദമായി പറയുകയും ചെയ്തു.

അതനുസരിച്ച് നാനിക്കുട്ടിയമ്മ ഒരു നല്ല ഭാര്യയേ അല്ല, ഭാര്യയുടെ ഒരു ചുമതലയും അവർ വേണ്ട വണ്ണം നിർവഹിച്ചിട്ടില്ല. പോരാത്തതിന് അഹങ്കാരിയും അനുസരണയില്ലാത്തവളും കൂടിയാണ്. ആത്മാഭിമാനമുള്ള ആണൊരുത്തന് അവരുടെ നായരായി കഴിയാൻ പറ്റില്ല.

അതു ശരി, നാനിക്കുട്ടിയമ്മ പിന്നെ ആത്മാഭിമാനമില്ലാത്തവളാണോ? അല്ല, അതുകൊണ്ട് അവർ ഒട്ടും സമയം കളയാതെ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തു.

കേസ് ഉഷാറായി നടന്നു.

പക്ഷെ,ഉദ്യോഗസ്ഥനായ ഭർത്താവാണ് രാമൻ നായരെങ്കിലും സ്വത്തും വരുമാനവും ഒക്കെ കണക്ക് നോക്കുമ്പോൾ നാനിക്കുട്ടിയമ്മയ്ക്കാണ് കൂടുതലുള്ളത്. തന്നെയുമല്ല, അഞ്ചു പൈസ രാമൻ നായർ തനിയ്ക്കും മക്കൾക്കും ചെലവിനു തരേണ്ടെന്നും നാനിക്കുട്ടിയമ്മ ചുണയായി കോടതിയിൽ പറഞ്ഞു.

അയ്യേ, നാണക്കേട്. എനിയ്ക്കെന്തിനാ ആ പിച്ചക്കാശ്? ഞാൻ അസ്സലായി അധ്വാനിച്ച് എന്റെ മക്കളെ നോക്കും.

വിവാഹ മോചനം നടന്നു. മാസത്തിൽ രണ്ട് ദിവസം മക്കളെ കാണാൻ രാമൻ നായർക്ക് നാനിക്കുട്ടിയമ്മയുടെ വീട്ടിൽ വരാനുള്ള അനുവാദവും കോടതി നൽകി.

അടിച്ചതിനകത്ത് കയറ്റരുത്, ആ നാണം കെട്ടവനെനാനിക്കുട്ടിയമ്മയുടെ സഹോദരന്മാർക്ക് ഉറച്ച അഭിപ്രായമായിരുന്നു.

ഞങ്ങളല്ലേ വഴക്കായത് ഓപ്പേ? അച്ഛനും മക്കളും കൂടി പിരിയാൻ പറ്റോ? ഒപ്പിട്ടാ തീരണ ബന്ധല്ലല്ലോ അത്…..‘കൂടുതൽ ക്രുദ്ധനായ മൂത്ത സഹോദരനോട് നാനിക്കുട്ടിയമ്മ ചോദിച്ചു.
പിന്നെ ആരും എതിർത്തില്ല.

അങ്ങനെ എല്ലാ മാസവും രണ്ടാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ വൈകുന്നേരം അഞ്ചു മണിയോടെ രാമൻ നായർ നാനിക്കുട്ടിയമ്മയുടെ വീട്ടിൽ ഹാജരായി മക്കളെ കണ്ടുകൊണ്ടിരുന്നു. വരുമ്പോഴെല്ലാം കുട്ടികൾക്ക് മുട്ടായിയോ വല്ല കളിപ്പാട്ടമോ വാഴയ്ക്കാപ്പമോ ഒക്കെ പൊതിഞ്ഞു കൊണ്ടു വന്ന് നൽകുമായിരുന്നു. പണ്ടൊന്നുമില്ലാത്ത ഒരു പുതിയ ശീലമായിരുന്നു അത്.

നാട്ടുകാർക്ക് ആദ്യമൊക്കെ ലേശം കൌതുകമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞ അച്ചീം നായരും തമ്മിലെങ്ങനെയാവും സംസാരിയ്ക്കുന്നതും പെരുമാറുന്നതും എന്ന് ഓർത്ത് എല്ലാവരും അല്പം തല പുകയ്ക്കാതിരുന്നില്ല. ആ പ്രത്യേക വൈകുന്നേരങ്ങളിൽ ഗ്രാമീണർ വേലിയ്ക്കൽ നിന്ന് ഉൽക്കണ്ഠയോടെ നാനിക്കുട്ടിയമ്മയുടെ പുരയിടത്തിനു ചുറ്റും എത്തിനോക്കിക്കൊണ്ടിരുന്നു.

ചിലർ അമ്പലനടയിൽ വെച്ച് രാമൻ നായരോട് കുശലം ചോദിച്ചു, ‘ന്താ നായരേ സുഖല്ലേ? വേറെ കല്യാണോന്നും നോക്ക്ണില്ലേ?‘

രാമൻ നായർക്ക് അത് മഹാ ചേപ്രയായിത്തോന്നി. അപ്പോഴെല്ലാം നാനിക്കുട്ടിയമ്മയോട് കടുത്ത വൈരാഗ്യവും പകയും ണ്ടാകാതിരുന്നില്ല. അവളൊരുത്തിയാണ്……..അവളുടെ വാശിയാണ്……….. അല്ലെങ്കിൽ ഈ നാണം കെട്ട ചോദ്യമൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു. ഈ നശിച്ച നാട്ടിൽ നിന്ന് എന്നേ മാറിപ്പോകാമായിരുന്നു.

നാനിക്കുട്ടിയമ്മയോട് മംഗലം കഴിയ്ക്കേണ്ടേ എന്ന് ആരു ചോദിച്ചാലും അവർ നറും പാല് പോലെ വശ്യമായ പുഞ്ചിരിയോടെ പറയും, ‘വേണം, നല്ലൊരാളെ കിട്ടിയാ അപ്പോ കഴിയ്ക്കാംന്ന് തന്ന്യാ വെച്ചിരിയ്ക്കണേ. എനിയ്ക്കത്ര വയസ്സൊന്നും ആയിട്ടില്ല്യാല്ലോ, കിട്ടും, നല്ലൊരാളെ കിട്ടാണ്ടിരിയ്ക്കില്ല്യ.

ചോദിച്ചവരാരും രണ്ടാമത് നാനിക്കുട്ടിയമ്മയോട് ചോദ്യം ചോദിച്ചില്ല. അവരുടെ ആത്മവിശ്വാസവും തന്റേടവും സകലരേയും പരവശരാക്കിക്കളഞ്ഞു. ഒരു കുറവുമില്ലാത്ത തറവാട്ടുകാരി ചെറുപ്പക്കാരിയെപ്പോലെയല്ലേ രണ്ട് പെറ്റ് ഒരു കല്യാണവും ഒഴിഞ്ഞതിന് ശേഷവും നാനിക്കുട്ടിയമ്മ സംസാരിയ്ക്കുന്നത്?

രാമൻ നായർക്ക് ഗള്‍ഫിൽ പോകാനൊന്നും പറ്റിയില്ല, ഈ നാട്ടിലെ ക്ലർക്കുദ്യോഗം പോലെ അന്തസ്സുള്ള ഒരു പണിയൊന്നും ഏജന്റ് അറബി നാട്ടില് കണ്ട് വച്ചിരുന്നില്ല. വിസയൊക്കെ ശരിയാക്കാം, എന്നാലും എന്ത് ജോലിയും ചെയ്യാൻ തയാറായി ഇരിയ്ക്കണം എന്ന് ആ വിദ്വാൻ പറഞ്ഞത് നായർക്ക് തീരെ പിടിച്ചില്ല. അങ്ങനെ എന്തു നാണം കെട്ട പണീം ചെയ്ത് അറബി നാട്ടില്‍  ജീവിയ്ക്കാന്‍ നായര്‍  ജനിച്ച നാട്ടില്‍  ഒരു എരപ്പനായിട്ടൊന്നുമല്ലല്ലോ കഴിഞ്ഞുകൂടുന്നത്.   സ്ഥാനികളായ മനുഷ്യരെ അങ്ങനെ പരിഹസിച്ചാലോ?
 
ഗള്‍ഫ്  സ്വപ്നം അനന്തമായി നീണ്ടു.

നഗരത്തിലെ വാടക വീട്ടിലും ശല്യമായിരുന്നു നായർക്ക്. ഒരു സ്വസ്ഥതയും തരാതെ, ചെകുത്താന് ഭ്രാന്തു പിടിച്ചാൽ അലറുന്നതു പോലെയുള്ള പാട്ടുകൾ മാത്രം കേട്ട് ആസ്വദിയ്ക്കുന്ന അയല്പക്കമായിരുന്നു ആദ്യം കിട്ടിയത്. പാതിരാത്രിയിലും ഈ കോക്കാൻ പാട്ട് കേട്ടാലേ അവറ്റകൾക്ക് കഴിയാൻ പറ്റൂ.  അങ്ങനെ  രാമൻ നായർ ആദ്യത്തെ വീട് മാറി.

അടുത്ത വീട്ടിൽ എപ്പോഴും പൊട്ടിയൊലിയ്ക്കുന്ന പൈപ്പുകളും ബ്ലോക്കാകുന്ന കക്കൂസുമായിരുന്നു ശല്യം.

മൂന്നാമത്തെ വീട്ടിൽ പോലീസ് റെയിഡ് ഉണ്ടായിട്ടുണ്ടത്രെ, മുൻപ് എപ്പോഴോ. വീടിന്റെ ബ്രോക്കർ ആ വിവരമൊന്നും നായരോട് പറഞ്ഞിട്ടില്ലായിരുന്നു.  പാതിരാത്രിയിൽ ആരെങ്കിലുമൊക്കെ വന്ന് വാതിലിൽ തട്ടി വിളിച്ച്, “നളിനീ, ഞാനാടീ, തൊറക്കടീ  എന്നൊക്കെ പറയുമ്പോൾ ആർക്കാണു സഹിയ്ക്കാൻ പറ്റുക?

പിന്നെ ഭക്ഷണം വലിയ ഒരു ദുരിതമായി മാറി. വീട്ടിൽ നിത്യവും കിണ്ണത്തിൽ എന്തെങ്കിലും  കഴിയ്ക്കാനുണ്ടെങ്കിലേ കാപ്പിക്കടപ്പണ്ടത്തിന് ആശയും  സ്വാദും ഉണ്ടാകൂ എന്ന് നായർക്ക് സ്വയം തോന്നാൻ തുടങ്ങി. ധോബിയ്ക്ക് നായരുടെ വസ്ത്രത്തിന്  അങ്ങനെ സ്പെഷലൊന്നുമില്ലല്ലോ, എല്ലാരുടെയും പോലെ അഴുക്കു വസ്ത്രങ്ങൾ തന്നെ. ധോബിച്ചൊറിയുടെ ശല്യവും കൂടി പാവത്തിനു  സഹിയ്ക്കേണ്ടി വന്നു.

വീട്ടു പണിയ്ക്ക് ഒരു അമ്മയോ പെങ്ങളോ അമ്മായിയോ ചെറിയമ്മയോ ഒന്നും ഇല്ലെങ്കിൽ പിന്നെ ഏറ്റവും ആദായം ഒരു ഭാര്യയുണ്ടാവുന്നതാണ് എന്ന് രാമൻ നായർ മനസ്സിലാക്കി. ഇവരിലാരെങ്കിലുമുണ്ടെങ്കിൽ ഭാര്യയെ  ഒന്നു കളഞ്ഞു നോക്കാമെങ്കിലും ഇവരാരും കൂടെ താമസിയ്ക്കാനില്ലെങ്കിൽ അങ്ങനെ ആട്ടിക്കളയാതിരിയ്ക്കുന്നതാണ് ബുദ്ധിയെന്നും നായർക്ക് തോന്നി. ഒരു പെണ്ണിനെ തോൽ‌പ്പിയ്ക്കാൻ മറ്റൊരു പെണ്ണ് തന്നെ വേണം! വെറുതെയല്ല  നാലു തല തമ്മില്‍  ചേര്‍ന്നാലും നാലു മുല  തമ്മില്‍ ചേരില്ല എന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞത്. 

ഇത്രയുമൊക്കെ ആലോചിച്ചിട്ടാണു  നായർ രണ്ടാമതും കല്യാണം കഴിയ്ക്കാൻ തീരുമാനിച്ചത്. പെണ്ണുങ്ങൾ എത്ര ഭയങ്കരികളാണെന്ന് അയാൾക്ക് ശരിയ്ക്കും മനസ്സിലായതും അപ്പോഴായിരുന്നു. സത്യം മാത്രം അവരോട് ഒരിയ്ക്കലും പറഞ്ഞു പോകരുതെന്ന് നായർ പഠിച്ചു. തന്നെയുമല്ല സ്ത്രീകൾക്ക് ഈ കൊണ്ടാടപ്പെടുന്ന മാതൃത്വമൊന്നും യഥാർത്ഥത്തിലില്ലെന്നും കുഞ്ഞുങ്ങൾ അവരുടെ ജീവന്റെ ജീവനൊന്നുമല്ലെന്നും അയാൾ തിരിച്ചറിഞ്ഞു.

ആലോചനകളുടെ ആദ്യ പാദത്തിൽ തന്നെ രാമൻ നായർ പെൺ വീട്ടുകാരോടും പെണ്ണിനോടും സത്യമെല്ലാം തുറന്നു പറയാറുണ്ടായിരുന്നു. മാസത്തിൽ രണ്ടു തവണ കുട്ടികളെ കാണാൻ പോകാറുണ്ടെന്ന് കേട്ടപ്പോൾ കണ്ണില്‍ എഴുതുന്ന കണ്മഷി കവിളില്‍   വാരിത്തേച്ച പോലെ പെണ്ണുങ്ങളുടെ മുഖം  ഇരുണ്ടു. അപ്പോ കുട്ടികളുടെ അമ്മേം കാണില്ലേ എന്ന്  എല്ലായ്പ്പോഴും പെൺ വീട്ടുകാരും  ചിലപ്പോൾ കല്യാണാര്‍ഥികളായ പെണ്ണുങ്ങൾ നേരിട്ടു തന്നെയും ജീവന്‍ പോകുന്ന  സ്വരത്തില്‍  ഉൽക്കണ്ഠപ്പെട്ടു. കാര്യമെന്താണെന്ന് വെച്ചാൽ കല്യാണം കഴിഞ്ഞാൽ പിന്നെ കുട്ടികളെ കാണാൻ അയാൾ പോകരുത്. അത് പെണ്ണുങ്ങൾക്ക് സഹിയ്ക്കാൻ പറ്റില്ല, ഇനി പെണ്ണുങ്ങൾ വല്ല വിധേനയും സഹിച്ചു കളയാമെന്ന് വെച്ചാൽ തന്നെ അവരുടെ വീട്ടുകാർക്ക് തീരെ സഹിയ്ക്കാൻ സാധിയ്ക്കില്ല.

സ്ത്രീകൾക്ക് വേറൊരു സ്ത്രീ പ്രസവിച്ച കുഞ്ഞുങ്ങളോട് യാതൊരു സ്നേഹവുമില്ലെന്ന് നായർക്ക് ഉറപ്പായി. സ്വന്തം മക്കളെ മാത്രമേ നാഴികയ്ക്ക് നാൽ‌പ്പതു വട്ടം അമ്മത്തം അമ്മത്തം എന്ന്  ജപിയ്ക്കുന്ന ഈ പെൺ വർഗം സ്നേഹിയ്ക്കു. പഠിച്ച കള്ളികളാണ്. ആറേഴു വീട്ടിൽ കയറി പെണ്ണു കണ്ടപ്പോഴേയ്ക്കും നായർക്ക് മടുത്തു കഴിഞ്ഞിരുന്നു. എന്നാലും മുഴുവൻ പ്രതീക്ഷയും കൈവിടാൻ അയാൾ മടിച്ചു. ദല്ലാളുടെ ആശ്വാസ വാക്കുകളായിരുന്നു പ്രധാന കാരണം. ആ വകയിൽ ദല്ലാൾ കുറെ പണം ഈടാക്കുകയും ചെയ്തിരുന്നു.

പതിവു പോലെ അന്നും രണ്ടാമത്തെ ശനിയാഴ്ച രാമൻ നായർ മുസ്ലിം ഹോട്ടലിൽ നിന്ന് രണ്ട് ബിരിയാണിയും ബേക്കറിയില്‍ നിന്ന് കുറച്ച് മധുര പലഹാരങ്ങളും പൊതിഞ്ഞു വാങ്ങി കുട്ടികളെ കാണുവാനെത്തി. ബിരിയാണി കണ്ടപ്പോൾ ശിവന്റേയും ഉഷയുടേയും കണ്ണുകൾ ആഹ്ലാദം കൊണ്ട് വിടർന്നു. രാത്രിയാവാൻ അവർക്ക് തിരക്കാവുകയായിരുന്നു. സന്ധ്യയ്ക്ക് എങ്ങനെ ബിരിയാണി തിന്നും? കുട്ടികളുടെ ആ ആശ കണ്ട് രാമൻ നായർക്ക് പാവം തോന്നി. അടുത്ത തവണയും ബിരിയാണി വാങ്ങിക്കൊണ്ടു വരണമെന്ന് അയാൾ തീരുമാനിച്ചു

മഴ വന്നത് പൊടുന്നനെയായിരുന്നു. വലിയ തുള്ളികളായി അത് ആർത്തിരമ്പി പെയ്തു. കൊള്ളിയാന്‍ മിന്നീട്ടും ശക്തിയായി ഇടി വെട്ടീട്ടും പോലും ഉഷ അയാളോട് ഇറവെള്ളത്തിൽ വഞ്ചിയിറക്കിക്കളിയ്ക്കാൻ കൊഞ്ചി. അയാൾ എങ്ങനെയാണ് വേണ്ടെന്ന് പറയുക? ചെറിയ കുട്ടിയുടെ  ഒരു ആശയല്ലേ? മഴയത്ത് കുട്ടികൾക്കൊപ്പം അയാളും കളിച്ചു. മുണ്ടും കുപ്പായവും  കുറച്ച്  നനഞ്ഞതൊന്നും കാര്യമാക്കിയില്ല. മഴയാവട്ടെ എന്തോ നിശ്ചയിച്ചതു മാതിരി തിരി മുറിയാതെ ഉറച്ചു പെയ്യുക തന്നെയായിരുന്നു. പതിവിലും വേഗത്തിൽ സന്ധ്യയും പിന്നെ ഇരുട്ടും വന്നു. ചീവീടുകളുടേയും തവളകളുടെയും കരച്ചിലുയർന്നു.

കുട്ടികൾ ഉമ്മറത്തിരുന്നു തന്നെ ബിരിയാണിപ്പൊതി അഴിച്ച് സ്വാദോടെ കഴിയ്ക്കാൻ തുടങ്ങി. കുട്ടികൾ ആഹാരം കഴിയ്ക്കുന്നതും നോക്കിയിരുന്ന് അയാൾ ഒരു സിഗരറ്റ് വലിച്ചു തീർത്തു. കുടയെടുക്കാതെ ഇങ്ങോട്ടിറങ്ങാൻ തോന്നിയ മണ്ടൻ നിമിഷത്തെ പലതവണ മനസ്സിൽ ശപിച്ചു.

മഴ നിന്നാലല്ലേ ഇറങ്ങിപ്പോകാൻ പറ്റൂ. മഴയില്ലെങ്കിൽ നടക്കാമായിരുന്നു. ലാസ്റ്റ് ബസ്സ് പോയാലും വല്ല പാണ്ടി ലോറിയുമെങ്കിലും കിട്ടാതിരിയ്ക്കില്ല

ഉഷ അയാളുടെ മടിയിലിരുന്നു ഉറക്കം തൂങ്ങാൻ തുടങ്ങി, ശിവനും കോട്ടുവായിടുന്നുണ്ടായിരുന്നു. മക്കള് പോയി കിടന്നുറങ്ങിക്കോ, അച്ഛൻ അടുത്താഴ്ച വരാമെന്ന്  പറഞ്ഞ് അയാൾ കുട്ടികളെ അകത്തേയ്ക്കയച്ചു. കുട്ടികള്‍ പോയപ്പോള്‍ ഒരു കാല്‍ ചവിട്ടു പടിയിലേക്കിറക്കി വെച്ചും മറുകാല്‍ വരാന്തയില്‍ തന്നെ ഉറപ്പിച്ചും  പലവട്ടം അയാള്‍ മഴയിലേക്കിറങ്ങിപ്പോകാന്‍ തുനിഞ്ഞു. നാശം....മഴ തുടരുക തന്നെയാണ്.

 രാമന്‍ നായര്‍ക്ക് പ്രപഞ്ചത്തോടു മുഴുവന്‍ വൈരാഗ്യം തോന്നി.

ഭക്ഷണം കഴിയ്ക്കാം. അപ്പോഴേക്കും മഴ മാറും.   അത് നാനിക്കുട്ടിയമ്മയായിരുന്നു. അയാള്‍ ഈര്‍ഷ്യയോടെ മനസ്സില്‍ വിചാരിച്ചു, അതെ, ഇവളോട്  പറഞ്ഞിട്ടാണു മഴ  പെയ്യാന്‍ തുടങ്ങിയത്, അതുകൊണ്ടാണല്ലോ മഴ നില്‍ക്കുന്ന സമയം ഇത്ര കൃത്യമായിട്ട് അറിയുന്നത്. 

അത് കുന്നത്തെ അമ്പലത്ത് ല് പൂരം പൊറ്പ്പാട് അല്ലേ.....ഇന്നാ കൊടികേറ്റം.അപ്പോ ഒരു മഴ പതിവാ......കൊടി കേറിയാ മഴ മാറും, കൊട്ട് കേക്കാല്യ മഴ കാരണം, അല്ലെങ്കി ഞാന്‍ പറയാണ്ട്ന്നെ അറിഞ്ഞേര്ന്ന്  കൊടികേറ്റാന്ന്  നാനിക്കുട്ടിയമ്മ അയാളുടെ  മനസ്സ്   വായിച്ചതു പോലെ തുടര്‍ന്നു. 

അയാള്‍ ഒന്നും മിണ്ടിയില്ല.

തയാറാക്കി വെച്ചിരുന്നതു പോലെ രണ്ട് നിമിഷത്തില്‍ നാനിക്കുട്ടിയമ്മ കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവുമെല്ലാം വിളമ്പിക്കൊണ്ടു വന്നു. എല്ലാം അയാള്‍ക്ക്  വളരെ ഇഷ്ടമുള്ള വിഭവങ്ങള്‍ തന്നെ.  ഒന്നും ഓര്‍ക്കാതെ  അയാള്‍ കഞ്ഞി  കുടിച്ചു പോയി. തല പൊക്കി നോക്കിയപ്പോള്‍   നാനിക്കുട്ടിയമ്മ കണ്ണെടുക്കാതെ ശ്രദ്ധിക്കുകയാണെന്നറിഞ്ഞ് അയാള്‍ക്കല്‍പം ലജ്ജ തോന്നാതിരുന്നില്ല. മോശമായിപ്പോയി.....കഞ്ഞി കിട്ടാത്തവനെപ്പോലെ...പക്ഷെ, സത്യമായും കഞ്ഞിക്കും  പയറിനും ഒരു ഹോട്ടലിലുമില്ലാത്തത്ര സ്വാദുണ്ടായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടു ചുമ്മാ തോന്നിയതുമാവാം. 

നിലവിലുള്ള ഭര്‍ത്താവിന്‍റെ മാത്രമല്ല, ബന്ധമൊഴിഞ്ഞ ഭര്‍ത്താവിന്‍റെ ഹൃദയത്തിലേക്കുള്ള വഴിയും ഉദരത്തിലൂടെയാണെന്ന്  അങ്ങനെ വെളിപ്പെട്ടിട്ടും അതൊരു പഴഞ്ചൊല്ലാവാതിരുന്നത് അത്രയധികം വനിതാ മാസികകള്‍  അക്കാലത്ത് ഇല്ലാതിരുന്നതുകൊണ്ടാവാനേ തരമുള്ളൂ.  

ആഹാരത്തിന്‍റെ രുചിയലിഞ്ഞിറങ്ങിയ  തൊണ്ടയില്‍ നിന്നാണോ അതോ നിറഞ്ഞ വയറില്‍ നിന്നാണോ ആ വിളി ഉയര്‍ന്നതെന്ന് രാമന്‍ നായര്‍ക്ക് മനസ്സിലായില്ല.. 

നാനീ....

കരയോഗം കെട്ടിടം ഇത്ര ചന്തത്തില്‍, അതി ഗംഭീരമായി   പുതുക്കിപ്പണിതത് നാരായണന്‍ കു ട്ടിയാണ്. ഉദ്ഘാടനത്തിനു വന്നതാവട്ടെ  എന്‍ എസ് എസ്സിന്‍റെ ജനറല്‍ സെക്രട്ടറിയും.   എന്തായിരുന്നു സ്വീകരണം! തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കര്‍ണനും പാമ്പാടി രാജനും ഒന്നിച്ചായിരുന്നു ആ എഴുന്നള്ളത്തില്‍ പങ്കെടുത്തത്. മൂന്ന് ആനകളും തലയെടുപ്പില്‍  അങ്ങനെ മല്‍സരിച്ചു നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ കോരിത്തരിച്ചു.  മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ ഗംഭീര തായമ്പകയും നാടടച്ച്  നായന്മാര്‍ക്ക് മുഴുവന്‍ സദ്യയും ഉണ്ടായിരുന്നു. 

കഴിഞ്ഞ നാലഞ്ചു കൊല്ലമായി കുന്നത്തമ്പലത്തിലെ  പൂരം പുറപ്പാടും  നാരായണന്‍ കുട്ടിയുടെ  ചെലവില്‍ തന്നെയാണു നടക്കുന്നത്. എല്ലാ കൊല്ലവും പൂരപ്പകിട്ട്  കൂടിക്കൂടി വരികയാണ്. അടുത്ത കൊല്ലത്ത പൂരത്തിനു അമ്പലത്തിന്‍റെ ശ്രീകോവില്‍ സ്വര്‍ണം പൊതിയും , അതിനുള്ള കാര്യങ്ങള്‍ ഉഷാറായിട്ട് നടക്കുന്നുണ്ട്.  

നാരായണന്‍ കുട്ടിക്ക് ഗള്‍ഫില്‍ അതികേമമായിട്ടുള്ള ബിസിനസ്സാണ്, പണം ഇങ്ങനെ അറബിക്കടലു പോലെ അദ്ദേഹത്തിനു ചുറ്റും അലയടിക്കുന്നു. നാട്ടുകാര്‍ക്ക് പലര്‍ക്കും ഗള്‍ഫില്‍ ജോലിയും   കിട്ടിയിട്ടുണ്ട്. കുന്നത്തെ  ദേവീടെ ഫോട്ടോയ്ക്കൊപ്പം നാരായണന്‍ കുട്ടിയുടെ ഫോട്ടോയും കൂടി നാട്ടുകാരില്‍  ചിലരൊക്കെ പൂജാമുറിയില്‍ വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു.

ഉണ്ടാവും. മനുഷ്യര്‍ക്ക് ജോലീം കാശും കാറും ഒക്കെയായി അന്തസ്സായിട്ട്  കഴിഞ്ഞു  കൂടാന്‍ വഴിയുണ്ടാക്കി കൊടുക്കുന്നയാള്‍ അല്ലെങ്കില്‍ കൊടുക്കുമെന്ന് മനുഷ്യര്‍ക്ക് തോന്നുന്നയാള്‍ ദൈവമോ ദൈവത്തിനൊപ്പമോ ഒക്കെയാവും.അതാണു മനുഷ്യരുടെ വിശ്വാസത്തിന്‍റെ ഒരു രീതി. 

കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍  നാരായണീയവും ഗീതയും മാത്രമല്ല , പഠിപ്പിക്കുന്നത്. വിവിധതരം കൈത്തൊഴിലുകളും പലഹാരപ്പണിയും ഒക്കെയുണ്ട്. വൃദ്ധസദനമുണ്ട്.  നായര്‍ മാട്രിമോണിയല്‍ സര്‍വീസുണ്ട്.   മാര്യേജ് കൌണ്‍സലിംഗും ഉണ്ട്.  നമ്മുടെ നാട്ടില്‍  ഇപ്പോള്‍ വിവാഹമോചനങ്ങള്‍ കടത്തിന്‍റെ  പലിശ പോലെ പെരുകിപ്പെരുകി വരികയാണല്ലോ.  ദേ, ഇപ്പോ വിവാഹമോചനം കിട്ടീട്ട് വേണം  ഒരു  മാറ്റിനിക്കു പോവാന്‍ എന്ന മട്ടില്‍  ഓടിവരുന്ന സ്ത്രീകള്‍ക്ക് നാനിക്കുട്ടിയമ്മയും ഇവളൊഴിഞ്ഞാല്‍ മതി നൂറെണ്ണം ഉണ്ട് എന്‍റെ ലിസ്റ്റില് എന്ന മട്ടില്‍  ബൈക്കില്‍ പാഞ്ഞു  വരുന്ന  പുരുഷന്മാര്‍ക്ക് രാമന്‍ നായരുമാണ് കൌണ്‍സലിംഗ് നടത്തുന്നത്.

ആരും ചിരിക്കുകയൊന്നും വേണ്ട.   അന്നത്തെ ആ തിരി മുറിയാത്ത മഴയെ ബാക്കി  നാട്ടിലുള്ള എല്ലാവരും മറന്നു കളഞ്ഞ മാതിരി അവര്‍ക്ക് രണ്ടാള്‍ക്കും മറക്കാന്‍ പറ്റില്ലല്ലോ. 

എല്ലാറ്റിനും ഒരു യോഗം , സമയം, കാലം ഒക്കെയുണ്ടല്ലോ അല്ലേ? അതിപ്പോള്‍ മിടുമിടുക്കനായ നാരായണന്‍ കുട്ടി ജനിക്കാനായാലും ....... യോഗം,സമയം,കാലം  ഒക്കെ ശരിയാവണ്ടേ? 

ശരിയാവണം.     

79 comments:

ente lokam said...

നാരായണന്‍ കുട്ട്യിടെ ജനനം ഒരു സംഭവം തന്നെ ആക്കില്ലോ?

ഒരു കൊച്ചു സംഭവത്തിന്റെ ഗൌരവം വിടാതെ
തന്നെ നര്‍മം സമകൂട്ട് ചേര്‍ത്ത് ഒരു ഓണ സദ്യ ആവട്ടെ എന്ന് കരുതി ഇത്തവണ അല്ലെ?അല്ലെങ്കിലും ഓണത്തിന് എങ്കിലും എച്ച്മുവിന്റെ കഥ വായിച്ചു മനസ്സ് ഒന്ന് ശാന്തം ആയല്ലോ..പതിവ് ശൈലി വിട്ടത് കൊണ്ട്...അപ്പൊ നര്‍മവും വഴങ്ങും അല്ലെ?ചിരിയിലൂടെ വളരെ അര്‍ഥവത്ത് ആയ ദാമ്പത്യ ബന്ധങ്ങള്‍ക്കിടയിലെ ഇഴയടുപ്പവും അകലവും നന്നായി ചിത്രീകരിച്ചു..അഭിനന്ദനങ്ങള്‍ എച്മു...

Echmukutty said...

ആദ്യ വായനയ്ക്കും കമന്‍റിനും ഒത്തിരി നന്ദി...എന്‍റെ ലോകമേ. ഇനിയും പ്രോല്‍സാഹിപ്പിക്കുമല്ലോ.

കുസുമം ആര്‍ പുന്നപ്ര said...

നല്ല കഥ എച്ചുമെ...നാനി കൊള്ളാം.

vettathan said...

പതിവ് ശൈലി വിട്ടുള്ള അവതരണം.കഥ നന്നായി.ഒരു നല്ല കാരൂര്‍ക്കഥ വായിച്ച സുഖം കിട്ടി.

ഭാനു കളരിക്കല്‍ said...

അടിസ്ഥാനപരമായി സ്നേഹം ഇരുഹൃദയങ്ങളില്‍ ഉറഞ്ഞിരിക്കുന്നുവെങ്കില്‍, അവരെ വേര്‍പ്പെടുത്തുവാന്‍ ബാഹ്യ ശക്തികള്‍ക്ക് സാദ്ധ്യമല്ല. കഥ പറയുന്നതും ആ സത്യത്തെ തന്നെ. നല്ലൊരു പ്രണയ കഥ വായിച്ച സന്തോഷം.

keraladasanunni said...

ഞാനാണ് വലിയവന്‍ എന്നെ ബഹുമാനിക്കണം 
എന്നീ മോഹങ്ങള്‍ സാധിക്കാതെ വന്നപ്പോള്‍ 
വിദ്വേഷമായി, അകല്‍ച്ചയായി. തെറ്റ് മനസ്സിലായതും ഒന്നാവുകയും ചെയ്തു. അപ്പോള്‍ രണ്ടുപേരും അകന്നു നിന്നത് ഒരുതരം നാട്യമാണ്. പതിവുപോലെ നന്നായി എഴുതിയിട്ടുണ്ട്.

Unknown said...

നന്നായി ഇഷ്ടപ്പെട്ടു കഥ
എല്ലാം കാഴ്ചയില്‍ തെളിഞ്ഞു വന്നപോലെ

ആശംസകള്‍
http://admadalangal.blogspot.com/

Joselet Joseph said...

കഥയില്‍ കളിയായി പറഞ്ഞ ഒരുപാട് കാര്യങ്ങള്‍!!!
കൊള്ളാം, ഇഷ്ടമായി

sreee said...

ഇതുപോലുള്ള കഥകള്‍ ഈ ബ്ലോഗില്‍ കണ്ടിട്ട് കുറെയായി .ഇഷ്ടമായി.

Akbar said...

ഹ ഹ ഹ പിരിഞ്ഞു നിന്നപ്പോഴാവും വെറുതെ അല്ല ഭാര്യ എന്ന് അയാള്‍ക്ക്‌ തോന്നിയത്. പിരിഞ്ഞത് പോലെ അവര്‍ ഒന്നിച്ചല്ലോ.

ChethuVasu said...

ഹ ! ആദ്യ പാര്ട്ടിലെ , സയിക്കോ അനാലിസിസ് കലക്കീട്ടുണ്ട് ട്ടാ..! പിന്നെ അവടെ കട്ട് പറഞ്ഞു കാമെറ സെകന്ദ് പാര്‍ട്ടില്‍ ഫോകസ് ചെയ്യുമ്പോ , ഡ്രാമാടിക്ക് ആയിട്ടുണ്ട്‌ ബട്ട് , ശകലം ഓര്‍ഡിനറി ആയിപ്പോയോന്നു രണ്ടാം ഭാഗം എന്ന് സംശയം ..എന്നാലും ആകെ മൊത്തം കൊള്ളാം ... ! സ്ഥിരമായി ആകാശദൂത് കണ്ടിട്ട് ഒരു തവണ രാംജിരാവ് സ്പീകിംഗ് കണ്ടപ്പോ ഉള്ള ഒരാശ്വാസം ;-) ..അപ്പോഴും പതിവ് പോലെ പറയാനുള്ളത് ഇന്റെര്‍വലിനു മുന്‍പ് പറഞ്ഞു തീര്തിട്ടും ഉണ്ട് ..:-) !

സമീരന്‍ said...

കൊള്ളാം.. കൊള്ളാം...
നല്ല കഥ..
നല്ല രസായിട്ട് വായിച്ചു..

ഇതിനാല്ലേ പണ്ട് മോഹന്‍ലാല് ‘എല്ലാറ്റിനും അതിന്‍റേതായ സമയണ്ട് ദാസാ’ ന്ന് പറഞ്ഞത്.

San said...

Its a nice story. !Enjoyed it. So rain is a central character in this story..isn't it?; with out which it would have been incomplete..? would that mean human life a function of probability..?

ramanika said...
This comment has been removed by the author.
ramanika said...

നന്നായി പറഞ്ഞു
നാനിയും നാരായണന്‍ കുട്ടിയും മുന്‍പില്‍ കണ്ടപ്പോലെ
അതെ കഥയല്ല ക്രാഫ്റ്റാണ് കാര്യം !!!!!

September 9, 2012 5:35 PM
Delete

Unknown said...

ഉപ്പ് കൂടിയതിന് വിവാഹമോചനം നേടുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തിന് ഒരു കുഞ്ഞി സന്ദേശം നര്‍മ്മത്തില്‍ പൊതിഞ്ഞ് നന്നായി അവതരിപ്പിച്ചിരിക്കുന്നു

prasanna raghavan said...

ആ തുല്യംതുല്യം വന്നില്ലെങ്കിലേ ആ ആസ്തിത്വ പ്രശ്നമേ അതു നന്നായി പറഞ്ഞുവച്ചിട്ടുണ്ട്. അവസാനം അനുഭവത്തിൽ നിന്ന് കരയോഗ്ഗ കൌൺസലിംഗ്, അതിലൊരു മോഡേൺ ടച്ചുണ്ടെന്നു പ്രതേകം പരയേണ്ടല്ലോ:))

Prabhan Krishnan said...

"...അങ്ങനെ വെളിപ്പെട്ടിട്ടും അതൊരു പഴഞ്ചൊല്ലാവാതിരുന്നത് അത്രയധികം വനിതാ മാസികകള്‍ അക്കാലത്ത് ഇല്ലാതിരുന്നതുകൊണ്ടാവാനേ തരമുള്ളൂ..!"

സീരിയസ്സായി പറഞ്ഞു ചിരിപ്പിച്ചല്ലോ യച്ച്മൂ..!
അക്ഷരങ്ങളുടെ ഈ അനര്‍ഗള പ്രവാഹത്തിന് എന്റെ നല്ല നമസ്കാരം..!

Yasmin NK said...

നന്നായി എചുമൂ. നല്ല കഥ. പറഞ്ഞുവെച്ച രീതിയും ഇഷ്ടമായി.

പൈമ said...

നന്നായിരിക്കുന്നു എച്ചൂമൂ ചേച്ചി ...

മനുഷ്യന്‍ തൃപ്തിപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പുരോഗതിയുണ്ടാവില്ലെന്നാണു ....

സ്വന്തം മക്കളെ മാത്രമേ നാഴികയ്ക്ക് നാൽ‌പ്പതു വട്ടം അമ്മത്തം അമ്മത്തം എന്ന് ജപിയ്ക്കുന്ന ഈ പെൺ വർഗം സ്നേഹിയ്ക്കു. പഠിച്ച കള്ളികളാണ്.


നിലവിലുള്ള ഭര്‍ത്താവിന്‍റെ മാത്രമല്ല, ബന്ധമൊഴിഞ്ഞ ഭര്‍ത്താവിന്‍റെ ഹൃദയത്തിലേക്കുള്ള വഴിയും ഉദരത്തിലൂടെയാണെന്ന്


ഇതൊക്കെയാണ് കൂടുതല്‍ ഇഷ്ട്ടയത്
narmmam cherunnundu tto

പട്ടേപ്പാടം റാംജി said...

മനുഷ്യര്‍ക്ക് ജോലീം കാശും കാറും ഒക്കെയായി അന്തസ്സായിട്ട് കഴിഞ്ഞു കൂടാന്‍ വഴിയുണ്ടാക്കി കൊടുക്കുന്നയാള്‍ അല്ലെങ്കില്‍ കൊടുക്കുമെന്ന് മനുഷ്യര്‍ക്ക് തോന്നുന്നയാള്‍ ദൈവമോ ദൈവത്തിനൊപ്പമോ ഒക്കെയാവും.അതാണു മനുഷ്യരുടെ വിശ്വാസത്തിന്‍റെ ഒരു രീതി.

വളരെ ലളിതമായ വായന കഥയെ കൂടുതല്‍ സുന്ദരമാക്കിയത് പോലെ തോന്നി എനിക്ക്.

Rare Rose said...

രസായി എഴുതീട്ടോ .. ഇഷ്ടായി :)

Pradeep Kumar said...


വായിച്ചു. എച്ചുവുവിന് ഇതിലും നന്നായി എഴുതാമായിരുന്നു എന്നു തോന്നി... എന്റെ വായനയുടെ കുഴപ്പവുമാകാം.

മുകിൽ said...

വീട്ടു പണിയ്ക്ക് ഒരു അമ്മയോ പെങ്ങളോ അമ്മായിയോ ചെറിയമ്മയോ ഒന്നും ഇല്ലെങ്കിൽ പിന്നെ ഏറ്റവും ആദായം ഒരു ഭാര്യയുണ്ടാവുന്നതാണ്..

lalitha sundaram ezhuthu..

Cv Thankappan said...

നന്നായിരിക്കുന്നു കഥ
ഹ് ല്ല ഇതൊരു ചെറുകഥേല് ഒതുങ്ങേ്ണ്ടതല്ലല്ലോ!!ഒരു മെഗാ
സീരിയലിനുള്ള എല്ലാ സ്കോപ്പുമുണ്ട്.
നവരസങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
അഭിനന്ദനങ്ങള്‍
ആശംസകളോടെ

വര്‍ഷിണി* വിനോദിനി said...

മഴയുടെ മൗനം തൊണ്ടയിലൂടിറങ്ങി..
മഴയുടെ കുളിരിൽ മുഖം മൂടികൾ അഴിഞ്ഞു..
വിരഹിണിയും യക്ഷനും ഒന്നായി..:)

ഇഷ്ടായല്ലൊ മഴയുടെ കുസ്രുതി.,!

വര്‍ഷിണി* വിനോദിനി said...

മഴയുടെ മൗനം തൊണ്ടയിലൂടിറങ്ങി..
മഴയുടെ കുളിരിൽ മുഖം മൂടികൾ അഴിഞ്ഞു..
വിരഹിണിയും യക്ഷനും ഒന്നായി..:)

ഇഷ്ടായല്ലൊ മഴയുടെ കുസ്രുതി.,!

വര്‍ഷിണി* വിനോദിനി said...

മഴയുടെ മൗനം തൊണ്ടയിലൂടിറങ്ങി..
മഴയുടെ കുളിരിൽ മുഖം മൂടികൾ അഴിഞ്ഞു..
വിരഹിണിയും യക്ഷനും ഒന്നായി..:)

ഇഷ്ടായല്ലൊ മഴയുടെ കുസ്രുതി.,!

വര്‍ഷിണി* വിനോദിനി said...

മഴയുടെ മൗനം തൊണ്ടയിലൂടിറങ്ങി..
മഴയുടെ കുളിരിൽ മുഖം മൂടികൾ അഴിഞ്ഞു..
വിരഹിണിയും യക്ഷനും ഒന്നായി..:)

ഇഷ്ടായല്ലൊ മഴയുടെ കുസ്രുതി.,!

വര്‍ഷിണി* വിനോദിനി said...

മഴയുടെ മൗനം തൊണ്ടയിലൂടിറങ്ങി..
മഴയുടെ കുളിരിൽ മുഖം മൂടികൾ അഴിഞ്ഞു..
വിരഹിണിയും യക്ഷനും ഒന്നായി..:)

ഇഷ്ടായല്ലൊ മഴയുടെ കുസ്രുതി.,!

വര്‍ഷിണി* വിനോദിനി said...

ഈശ്വരാ,ഇതെന്താ.,
ന്തായാലും ന്റെ വക ഇരിയ്ക്കട്ടെ :)

പ്രയാണ്‍ said...

:):)

സേതുലക്ഷ്മി said...


പഴയ കാലത്തെ കഥയ്ക്ക്‌ പഴയമട്ടിലുള്ള ശൈലി. നര്‍മ്മത്തിന്റെ ആവരണവും. ഈ എച്ച്മൂനെക്കൊണ്ട് തോറ്റു...

വീകെ said...

നന്നായിരിക്കുന്നു എച്മൂട്ടി കഥ..
ഏതിനും ഒരു സമയമുണ്ട് ദാസാ..
ഇത് വളരെ ഹിറ്റ് ആയ ഒരു സംഭാഷണമാണ്.
അതു പോലെ ഈ കഥയും ഹിറ്റാവും...

ചെറിയ ഈഗോകളുടെ പുറത്താണ് മിക്കവാറും ഡൈവേഴ്സുകൾ നടക്കുന്നത്. താൻ പിടിച്ച മുയലിനു നാലു കൊമ്പെന്ന മട്ടിലാണെല്ലാവരും. ആർക്കും ഒന്നു താഴ്ന്നു കൊടുക്കാൻ വയ്യ. സ്വയമൊരു പരിശോധനക്ക് രണ്ടു കൂട്ടരും തെയ്യാറായാൽ തീരാവുന്നതേ ഉള്ളു.
ഈ കഥയും അതാണ് പറയുന്നത്.
ആശംസകൾ...

Sidheek Thozhiyoor said...

ശൈലിക്ക് നല്ല മാറ്റമുണ്ടല്ലോ! അല്‍പ്പം മധുരമൊക്കെ ചേര്‍ത്ത് കാര്യങ്ങള്‍ കൃത്യമായിപ്പറഞ്ഞു.

Bijith :|: ബിജിത്‌ said...

നല്ല കഥ...
ദാമ്പത്യം ഒരു അളവില്ലാത്ത കഥാ തന്തു തന്നെ ;)

SIVANANDG said...

കൊള്ളാം എല്ലാം ചേര്‍ന്നൊരു വായന.

the man to walk with said...

ഇഷ്ടായി
ആസ്വദിച്ചു ..
ആശംസകള്‍

SHANAVAS said...

എച്ച്മുവിന്റെ പതിവ് രീതി വിട്ടുള്ള ഒരു രചനാരീതി.. ഇത് കണ്ണ് നിറയാതെ വായിച്ചു.. നാനി മാര്‍ ആയിരം ആയിരം ഉണ്ടാവട്ടെ.. അപ്പോഴേ ഇവിടത്തെ രാമന്മാര്‍ നാന്നാവുള്ളൂ.. സുന്ദരന്‍ രചന.. ആശംസകള്‍..

Echmukutty said...

കുസുമം നല്ല കഥയെന്നെഴുതിയതില്‍ സന്തോഷം കേട്ടോ. ഇനീം വരണേ..
വെട്ടത്താന്‍ ജിയുടെ നല്ല വാക്കു കേട്ട് ആഹ്ലാദം.
ഭാനു സന്തോഷം പ്രകടിപ്പിച്ചതില്‍ എനിക്കും സന്തോഷം.

പാവത്താൻ said...

നല്ലൊരു കഥ.ലളിതം സുന്ദരം...

കൈതപ്പുഴ said...

നന്നായി എചുമൂ. നല്ല കഥ. പറഞ്ഞുവെച്ച രീതിയും ഇഷ്ടമായി.

കൈതപ്പുഴ said...

നന്നായിരിക്കുന്നു

കൈതപ്പുഴ said...

കൊള്ളാം, ഇഷ്ടമായി

Echmukutty said...

അതെ, ഉണ്ണിച്ചേട്ടാ, ഈ എന്‍റെ വലിപ്പവും എന്‍റെ പ്രൌഡിയും തന്നെയാണല്ലോ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അഭിനന്ദിച്ചതില്‍ സന്തോഷം.
ഗോപന്‍ കുമാര്‍ വായിച്ചതില്‍ സന്തോഷം കേട്ടൊ.
ജോസെലെറ്റിനു കഥ ഇഷ്ടമായി എന്നെഴുതിയതില്‍ എനിക്കും സന്തോഷം.
ശ്രീയ്ക്ക് ഈ കഥ ഇഷ്ടമായല്ലോ അല്ലേ?
അക്ബര്‍ പറഞ്ഞതു ശരി.....അയാള്‍ക്ക് ബുദ്ധി പിരിഞ്ഞു നിന്നപ്പോഴാണു ഉദിച്ചത്.
എല്ലാവര്‍ക്കും നന്ദി. ഇനിയും വായിച്ച് പ്രോല്‍സാഹിപ്പിക്കുമല്ലോ

Echmukutty said...

ചെത്തു വാസൂന്‍റെ കമന്‍റ് എനിക്കിഷ്ടപ്പെട്ടു.കഥ ഇഷ്ടമായി എന്നു കരുതുന്നു.
അതേ, സമീരന്‍ എല്ലാറ്റിനും ഒരു സമയമുണ്ട്.
സാന്‍ ആദ്യമായണല്ലേ?സ്വാഗതം കേട്ടോ. ഇനിയും വരണം. മനുഷ്യ ജീവിതം പലപ്പോഴും സാധ്യതകളുടേയും അവയെ വേണ്ട മാതിരി ഉപയോഗപ്പെടുത്തുന്നതിന്‍റെയും ഒക്കെ ഫലമാകാറുണ്ട്. വായിച്ചതില്‍ സന്തോഷം . ഇനിയും വരുമല്ലോ അല്ലേ?

Echmukutty said...

രമണിക വന്ന് അഭ്പ്രായമെഴുതിയതില്‍ സന്തോഷം.
വിഘ്നേഷിന് നന്ദി. എല്ലാ വിവാഹമോചനവും അതിനിസ്സാര കാരണങ്ങള്‍
കൊണ്ടാണെന്നല്ല.ഇങ്ങനെയുമാവാം എന്നൊരു കഥ പറഞ്ഞുവെന്നു മാത്രം.
പ്രസന്ന ടീച്ചര്‍ പറഞ്ഞത് വാസ്തവമാണ്. വന്നതില്‍ വലിയ സന്തോഷം.
പ്രഭനെ ചിരിപ്പിക്കാന്‍ പറ്റിയല്ലോ, സന്തോഷമായി കേട്ടോ.

Echmukutty said...

മുല്ലയ്ക്ക് നന്ദി കേട്ടൊ. ഇനീം വരണേ...
പൈമ വായിച്ചതിലും സന്തോഷം.
രാംജി വായിയ്ക്കാന്‍ ഇത്തിരി വൈകിയ പോലെ. എങ്കിലും വായിച്ചല്ലോ, സന്തോഷം.
അപൂര്‍വ സൂനം വന്നതില്‍ വലിയ സന്തോഷം..
പ്രദീപ് കുമാറിനു കഥ അത്ര പിടിച്ചില്ല അല്ലേ? ഇനീം നന്നായി എഴുതാന്‍ ശ്രമിക്കണമായിരുന്നു. എന്തായാലും അഭിപ്രായം തുറന്നെഴുതിയതിനു നന്ദി. ഇനീം വായിക്കണേ..
ആ എഴുതിയത് സത്യമല്ലേ എന്‍റെ മുകിലേ? വന്നതില്‍ വലിയ സന്തോഷം കേട്ടൊ.
തങ്കപ്പന്‍ ചേട്ടന്‍ അഭിനന്ദിച്ചതില്‍ സന്തോഷം , നന്ദി. ഇനീം വരണേ.

Echmukutty said...

വര്‍ഷിണി വിനോദിനി എന്‍റെ ബ്ലോഗില്‍ വന്ന് കമന്‍റിടാത്തതില്‍ എനിക്ക് വലിയ സങ്കടം ഉണ്ടായിരുന്നു. ലേറ്റാ വന്താലും സ്റ്റൈലാ വരുവേന്‍ എന്ന് പറഞ്ഞ പോലെ വന്നപ്പോ ദേ എന്തൊരു സ്റ്റൈലിലാ വന്നേന്ന് നോക്കിയേ!. എനിക്കിഷ്ടമായി. ഇനീം വരണേ മറക്കാതെ, പശുക്കുട്ടിയെ കാണാന്‍.....
പ്രയാണ്‍ ചിരിക്കുന്നതു കണ്ടോ....കൊള്ളാം.
സേതുവിനു കഥയും ശൈലിയും ഇഷ്ടപ്പെട്ടുവെന്ന് കരുതട്ടെ.

Echmukutty said...

വിവാഹമോചനങ്ങള്‍ക്ക് ഒരുപാട് കാരണങ്ങളുണ്ട്. അത് ജനറലായി ഒന്നും പറയാന്‍ പറ്റില്ലെന്നാണു എനിക്ക് തോന്നുന്നത്. ഇങ്ങനേം ഒരു കഥയാവാം എന്നു ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ, വി.കെ. വന്നതില്‍ വലിയ സന്തോഷം. ഇനീം വരണേ..
സിദ്ദീക്ജി വന്നതില്‍ സന്തോഷം, ഇനിയും വന്ന് വായിക്കുമല്ലോ.
ബിജിത്,
ശിവാനന്ദ്,
ദ മാന്‍ ടു വാക് വിത് എല്ലാവര്‍ക്കും നന്ദി.
ഷാനവാസ് ഇക്കയ്ക്ക് കഥ ഇഷ്ടമായതില്‍ വലിയ സന്തോഷം.
പാവത്താന്‍,
കൈതപ്പുഴ എല്ലാവര്‍ക്കും നന്ദി, നമസ്ക്കാരം.

Unknown said...

പ്രിയപെട്ട എച്ചുമ്മു ചേച്ചി,

കഥ വായിച്ചു. നല്ലരസം ഉണ്ട്. വളരെ നന്നായി എഴുതി അത്രമാത്രം അറിയാം കൂടുതല്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല.

മുമ്പൊക്കെ ഭര്‍ത്താവിനു ഭാര്യയെക്കാള്‍ പത്ത് പതിനഞ്ചു വയസു മൂപ്പുണ്ടായിരുന്നു. അപ്പോള്‍ ഇത്തിരി ബഹുമാനം ഭര്‍ത്താവിനോട് കാണിക്കുന്നത് സ്വാഭാവികം ആണ്. ഇന്ന് അതെല്ലാം മാറി. അതികം വയസു വ്യത്യാസം ഇല്ല. കൂടാതെ വിദ്യാഭ്യാസവും ഉണ്ട്. അപ്പോള്‍ പരസ്പര ബഹുമാനം ഉണ്ടെങ്കിലെ കാര്യങ്ങള്‍ ശരിയാവൂ. അല്ലെങ്കില്‍ പെട്ടന്ന് അടിച്ചു പിരിയേണ്ടിവരും. അപ്പോള്‍ വിഷമത്തിലാകുന്നത് നിഷ്കളങ്കരായ് കുഞ്ഞുങ്ങള്‍ ആണ്. എനിക്ക് ജയിക്കണം എന്ന വാശിയില്‍ ആ അച്ഛനും അമ്മയും തോല്‍പ്പിക്കുന്നത്‌ തങ്ങളുടെ കുഞ്ഞുങ്ങളെ ആണ്. മുറിവേല്‍പ്പിക്കുന്നത് ആ പിഞ്ചു ഹൃദയങ്ങളില്‍ ആണ്.

സ്നേഹത്തോടെ,

ഗിരീഷ്‌

Muralee Mukundan , ബിലാത്തിപട്ടണം said...

‘പുത്തൻ തലമുറയിലെ നരന്മാർക്കും,നാരിമാർക്കുമൊക്കെ രണ്ടുഗ്രൻ കൌൺസിലറുമാരെയല്ലെ...നാരയണൻ കുട്ടിയുടെ പ്രൊഡക്ഷൻ യോഗത്തിലൂടെ നാട്ടിലെ കരയോഗത്തിന് കൈവന്നത് അല്ലേ‘



ഈ കഥക്ക് അല്ലാ സംഭവത്തിന്
തെച്ചി:രാമചന്ദ്രന്റെ തലയെടുപ്പ്..!

മംഗ:കർണ്ണന്റെ ആകാര വടിവ് ..!

പാമ്പാടി രാജന്റെ ഉയരവും ,ഗമയും ..!


പിന്ന....
നർമ്മം എഴുതുന്നവരുടെ കഞ്ഞിയിൽ കല്ലുവാരിയിടണ്ടാ..കേട്ടൊ എച്മൂ..

Unknown said...

ഒരു മഴ പെയ്യിതിരുന്നുവെങ്കില്‍ ..............

jayanEvoor said...

ഹമ്പമ്പട രാഭണീ!!
രാമ-നാനീയം കലക്കി!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഉഗ്രൻ...................വേറെ ഒരു വാക്കില്ല.
നല്ല വിഷയം...
ഓരൊരുത്തർക്കും ചേരുന്നതു തന്നെയാണ് വിധി തരുന്നത്. അത് മാറ്റാൻ നോക്കുമ്പോഴാണ് അത് മനസ്സിലാവുന്നതും.ഹാസ്യത്തിന്റെ മേമ്പൊടിയും സൂപ്പർ....

Anil cheleri kumaran said...

മഴ തൻ മറ്റൊരു ഗുണം. :)

ഒരു യാത്രികന്‍ said...

ഗൌരവമില്ലാത്ത കഥ എന്ന് പറഞ്ഞു വെങ്കിലും, നല്ല കഥ തന്നെ ഇതും. നര്‍മ്മത്തിന്റെ മേമ്പൊടി കൂടി ആയപ്പോ ഗംഭീരായി.....സസ്നേഹം

Echmukutty said...

ഗിരീഷ് എഴുതിയത് ഒരു തരത്തില്‍ ശരിയാണു. എന്നാല്‍ എന്നു വഴക്കിടുന്ന മാതാപിതാക്കന്മാര്‍ക്കൊപ്പം കഴിയേണ്ടി വരുന്ന കുട്ടികളുടെ ജീവിതത്തിലെ ദുരിതങ്ങള്‍ കുടുംബം രക്ഷപ്പെടുത്തിയതുകൊണ്ടൊന്നും പരൈഹരിക്കാന്‍ പറ്റില്ല. അപ്പോഴും കുട്ടികള്‍ തന്നെ വേദനിക്കാന്‍ ബാക്കിയാവും. അതുകൊണ്ട് നമുക്ക് ഒന്നും ജനറലൈസ് ചെയ്യാന്‍ വയ്യ. വായിച്ചതില്‍ വലിയ സന്തോഷം. ഇനീം വരണേ..
മുരളീ ഭായ് വന്നില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു. അപ്പോള്‍ ഇടയ്ക്ക് ഇച്ചിരി നര്‍മ്മവും എഴുതി നോക്കാം അല്ലേ?
മഴ പെയ്തിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല മൈഡ്രീംസ്...മനസ്സുകള്‍ മാറിയില്ലെങ്കില്‍..
ജയന്‍ അഭിനന്ദിച്ചതില്‍ സന്തോഷം...രാഭണി ഇഷ്ടമായി...
ഉഷശ്രീക്കും കുമാര ഗുരുവിനും നന്ദി. ഇനിയും വരണേ....
ഒരു യാത്രികന്‍ എന്നെ മറന്നുവെന്നാ വിചാരിച്ചത്. ഇപ്പോള്‍ വരാറേയില്ല...കണ്ടതില്‍ സന്തോഷം...
എല്ലാവര്‍ക്കും നന്ദി...


ശ്രീ said...

നേരത്തെ വായിച്ചിരുന്നു, ചേച്ചീ. കമന്റിടാന്‍ ഇപ്പഴാണ് പറ്റിയത്.
:)

Unknown said...

കലക്കീട്ടാ... നാരായണൻ കുട്ടി ജനിച്ചില്ലേലും വേണ്ടില്ല, നാണീം രാമൻ നായരും ഒന്നിച്ചല്ല്.. ത്യപ്തിയായി....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


"ഭക്ഷണം കഴിയ്ക്കാം. അപ്പോഴേക്കും മഴ മാറും.’ അത് നാനിക്കുട്ടിയമ്മയായിരുന്നു. അയാള്‍ ഈര്‍ഷ്യയോടെ മനസ്സില്‍ വിചാരിച്ചു, അതെ, ഇവളോട് പറഞ്ഞിട്ടാണു മഴ പെയ്യാന്‍ തുടങ്ങിയത്, അതുകൊണ്ടാണല്ലോ മഴ നില്‍ക്കുന്ന സമയം ഇത്ര കൃത്യമായിട്ട് അറിയുന്നത്.
‘ "



"സല്‍ക്കാരമേകാനയി പാന്ഥ കേള്‍ക്കെടൊ
തല്‍ക്കാലമിങ്ങില്ല ഗൃഹാധിനായകന്‍
പയോധരത്തിന്റെയുയര്‍ച്ച കണ്ടി
ട്ടീയാധിയെങ്കില്‍ പുലരെഗ്ഗമിക്കാം"
എന്നു പണ്ടൊരു ശ്ലോകം കേട്ടത്‌ ഓര്‍ത്തു പോയി :)
ഭയങ്കര മഴയല്ലെ

ChethuVasu said...

off topic: (എച്മു ക്ഷമി) :

ഇനി എന്തൊക്കെ കേള്‍ക്കണം...!!

എന്റെ കൃഷ്ണാ !!! "ഗോപീ പീന ........"

സദാചാരപ്പോലീസിന്റെ നമ്പര്‍ എവിടെയോ എഴുതി വച്ചിരുന്നു..തപ്പിയെടുക്കേണ്ടി വരുമോ ...!!

MINI.M.B said...

എച്ചുമു... നല്ല വായനാസുഖം നല്‍കി ട്ടോ കഥ.. വലിയ കഥയെങ്കിലും വായിച്ചുതീര്‍ന്നതറിഞ്ഞില്ല.

ഉദയപ്രഭന്‍ said...

നല്ല കഥ. ഒരുപാടിഷ്ടായി. ആശംസകള്‍.

ശ്രീനാഥന്‍ said...

ഹഹഹ! രസമായിട്ടുണ്ട്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കണ്ടൊ കണ്ടൊ നല്ലതു പറഞ്ഞാലും തിരിഞ്ഞെ കേള്‍ക്കൂ ഇതാ ലോകം ഭഗവാനെ

Echmukutty said...

ശ്രീ വന്നില്ലല്ലോ എന്നെ മറന്നോ എന്ന് വിചാരിച്ചിരിക്കയായിരുന്നു, ഞാന്‍.
നാരായണന്‍ കുട്ടിയുടെ ജനനം ആ നാടിനു നന്മയുണ്ടാക്കീലേ? അതാണു എല്ലാറ്റിനും ഒരു യോഗം വേണം എന്ന് പറഞ്ഞത്....സുമേഷ് വാസു വന്ന് അഭിപ്രായമെഴുതിയതില്‍ വലിയ സന്തോഷം.ഇനീം വരണേ...
ഇന്‍ഡ്യാ ഹെറിട്ടേജ് വന്നതില്‍ സന്തോഷം.
ചെത്തു വാസു,
മിനി,
ഉദയപ്രഭന്‍,
ശ്രീനാഥന്‍ മാഷ്,
ഇന്ഡ്യാ ഹെറിട്ടേജ് എല്ലാവര്‍ക്കും നന്ദി. ഇനിയും വായിച്ച് അഭിപ്രായങ്ങള്‍ എഴുതി പ്രോല്‍സാഹിപ്പിക്കുമല്ലോ


Unknown said...

polichootttttaaa

yousufpa said...

നല്ലൊരു മഴ പെയ്തൊഴിഞ്ഞപോലെ......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബെര്‍തെ അല്ല ഫാര്യ
നല്ല വായന തരായി

unnimaya said...

ബ്ലോഗൊക്കെ വായിച്ച് തുടങ്ങിട്ടെ ഉള്ളു.എന്നാലും പറയാതെ വയ്യ ചേച്ചി..ഞാന്‍ നിങ്ങടെ ഫാനായിപ്പോയി!!! :)

Areekkodan | അരീക്കോടന്‍ said...

ആ മഴ പെയ്തത് നന്നായി....

Anonymous said...

RANDU KULAKAL CHERNNAALUM NAALU MULAKAL THAMMIL CHERILLA Chechiii

അനില്‍കുമാര്‍ . സി. പി. said...

നര്‍മ്മത്തില്‍ പൊതിഞ്ഞ് എച്ച്മുവിന്റെ വ്യക്തമായ ചില അഭിപ്രായങ്ങളും ജീവിതവീക്ഷണവും കുടുംബജീവിതത്തിലെ ചില അടിസ്ഥാന പ്രശ്നങ്ങളും ഒക്കെ മനോഹരമായി അവതരിപ്പിച്ചു. പതിപ് ശൈലിയില്‍ നിന്നുള്ള ഈ മാറ്റവും നന്നായി.

Echmukutty said...

ഉമേഷിനു കഥ ഇഷ്ടമായെന്ന് കരുതുന്നു കേട്ടോ.
യൂസുഫ്പായെ കണ്ടതില്‍ സന്തോഷം.
അതെ, ഇസ്മയില്‍. ബെര്‍തെ അല്ല ഫാര്യ. കഥ വായിച്ചതില്‍ സന്തോഷം.
ഉണ്ണിമായേ, എന്‍റെ ഫാനേ...എനിക്ക് സന്തോഷമായി കേട്ടോ. ഇനീം വരണേ..
അരീക്കോടന്‍ ജി വായിച്ചതില്‍ സന്തോഷം.
അനോനിമസിന് നന്ദി.
അനില്‍ വരാന്‍ താമസിച്ചുവല്ലോ. വന്നതില്‍ സന്തോഷം.
കഥ വായിച്ച് എന്നെ പ്രോല്‍സാഹിപ്പിക്കുന്ന എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.....

വേണുഗോപാല്‍ said...

നാണിയമ്മ ഒപ്പത്തിനൊപ്പം നില്‍ക്കരുതായിരുന്നു. പാവം നായരെ കുറച്ചു കാലം വലക്കാന്‍...

എന്നാലും നാണിയമ്മയുടെ ആര്‍ദ്രതയുള്ള ഹൃദയ മഹിമ നായര്‍ ഒടുവിലെങ്കിലും തൊട്ടറിഞ്ഞല്ലോ..

പോസ്റ്റ്‌ അല്‍പ്പം നീളകൂടുതല്‍ ഉണ്ടെങ്കിലും യാതൊരു മുഷിവും കൂടാതെ വായിച്ചു. ആ നാടന്‍ രീതിയിലുള്ള കഥ പറച്ചില്‍ തന്നെ ഹൈലൈറ്റ് ..

ആശംസകള്‍

karakadan said...

...........ഈ രാമന്‍ നായരെ ആണോ പണ്ട് പട്ടി കടിച്ചേ.......... ?

പഥികൻ said...

:) നന്നായി..ഇത്തരം കഥകൾ വായിക്കാനാ എനിക്കിഷ്ടം..

ajith said...

ഒന്നരമാസം അവധിയിലായതുകൊണ്ട് ബ്ലോഗ് വായനയൊക്കെ മുടങ്ങിയിരിക്കുകയായിരുന്നു

ഓരോന്ന് വായിച്ച് വരികയാണ്

കഥ കൊള്ളാമല്ലോ. ഇടയ്ക്കിടെ ചേര്‍ത്തിരിക്കുന്ന വീക്ഷണങ്ങളാണ് കഥയെ എടുപ്പുള്ളതാക്കുന്നത്. വീക്ഷണങ്ങളിലൊന്നും ഒരു തെറ്റും ചൂണ്ടിക്കാണിക്കാനില്ലെന്നുള്ളതും എടുത്ത് പറയേണ്ടുന്നത് തന്നെ

ആശംസകള്‍