Wednesday, December 26, 2012

നോണ്‍സ്റ്റിക് പാത്രവും വെളുത്ത നിറവും


ചെറു പ്രായത്തില്‍ തന്നെ കല്യാണം നടക്കണമെങ്കില്‍ നല്ല വെളു വെളാ എന്ന്  വെളുത്തിരിക്കണം. കല്യാണം കഴിച്ചിട്ട്  ഇനി അബദ്ധത്തില്‍ ഒരു പെണ്‍കുട്ടി പിറക്കുകയാണെങ്കില്‍ അവള്‍ തീര്‍ച്ചയായും  വെളുത്ത കുട്ടിയായിരിക്കണം.
ഇതൊക്കെ എനിക്കു  നല്ല നിശ്ചയമുള്ള കാര്യങ്ങളാണ്. എല്ലാവരും പറയുന്നത് കേട്ടു കേട്ടാണ് വെളുത്ത നിറത്തെപ്പറ്റി എനിക്കിത്ര വിവരം വെച്ചത് കേട്ടൊ. ഈ പറയുന്ന എല്ലാവരും ആരാണെന്ന് ചോദിച്ചാല്‍,  ദൈവത്തിനെ പോലെ സര്‍വശക്തിയുമുള്ള  ഒരു കൂട്ടരാണ് അവര്.    എല്ലായിടത്തും ഉണ്ട്.  എപ്പോഴും അവരെപ്പറ്റി പറയുന്നത് കേള്‍ക്കാം. എന്നാല്‍ ആര്‍ക്കും  ഒരിക്കലും  കാണാന്‍ സാധിക്കുകയില്ല എന്നു മാത്രം.
വെളുക്കാനായി  പലതരം ക്രീമുകളും പച്ച മഞ്ഞളും, ചേനയും ചേമ്പുമൊഴിച്ചുള്ള  സകല ജാതി പച്ചക്കറികളും  പഴങ്ങളും   ചെറുപ്പത്തില്‍ ഞാന്‍  കുറെ തേച്ചു പിടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും  ഇത്തിരി പോലും വെളുത്തില്ല. വീട്ടില്‍ വന്നിരുന്ന അലക്കുകാരി കൊച്ചു  കിടക്കവിരികളും തോര്‍ത്തുകളും മറ്റും  വെളുപ്പിക്കുന്നതു പോലെ എന്നെയും വെളുപ്പിച്ചു  തരുമോ എന്ന്  ഞാന്‍ പലവട്ടം ചോദിച്ചതാണ്. കൊച്ചു വെളുത്ത പല്ലു കാട്ടി ചിരിക്കുകയല്ലാതെ തരാം എന്നൊരിക്കലും പറഞ്ഞില്ല.  വെളുക്കാന്‍ വേണ്ടി ചാരമോ ചുണ്ണാമ്പോ ഒക്കെ കലക്കിയ വെള്ളത്തില്‍ മുങ്ങിയിരിക്കാനും വലിയ ചെമ്പില്‍ തുണികള്‍  പുഴുങ്ങുന്നതിനകത്ത്  ഒളിച്ചിരിക്കാനും ഞാന്‍ ഒരുക്കമായിരുന്നു.
ഇപ്പോള്‍ മനസ്സിലായോ, ഈ ബ്യൂട്ടിപാര്‍ലറുകാര്‍ പറയുന്ന വെളുക്കാനുള്ള ഫ്രൂട്ട് പാക്, വെജിറ്റബിള്‍ പാക്, ബ്ലീച്ചിംഗ്, ആവി പിടിക്കല്‍ ഇതിന്‍റെയൊക്കെ പ്രാഗ്രൂപങ്ങള്‍ നമ്മുടെ വീടുകളില്‍ തന്നെ നേരത്തെ ആരംഭിച്ചതാണെന്ന്. പിന്നെ ടെക്നോളജിയുടെ സഹായം കൂടി വന്നപ്പോഴല്ലേ ഇതൊക്കെ കോടികളുടെ വ്യവസായമായി മാറിയത്.
അതെ, ഓര്‍മ്മകളിലേക്ക് തന്നെ തിരിച്ചു വരാം.  കോടികളും വ്യവസായവും ഒക്കെ അതിനു യോഗമുള്ളവര്‍ നടത്തിക്കൊള്ളും.    
കറുത്തവളെന്ന് തരം കിട്ടുമ്പോഴെല്ലാം എല്ലാവരും വിളിച്ചു. കാക്കകറുമ്പി, കറുത്തമ്മ, കാക്കത്തമ്പുരാട്ടി എന്നൊക്കെയായിരുന്നു എന്‍റെ വിളിപ്പേരുകള്‍.  അപ്പോള്‍ ഞാന്‍ കാക്കയെ നോക്കി ചിരിച്ചു കാട്ടി. കാക്ക  പറഞ്ഞു, സാരമില്ല നിന്‍റെ പല്ലുകളും കണ്ണിന്‍റെ സില്‍വറും നല്ല വെളുത്തതാണ്. എനിക്ക് അങ്ങനെയും ഒരു വെളുപ്പില്ലല്ലോ.   
അത്  ഞാനും സന്തോഷത്തോടെ  സമ്മതിച്ചു.
ക്രീമും പൌഡറുമൊന്നും എന്നെ വെളുപ്പിച്ചില്ല, എന്നാല്‍  പിന്നെ ലേശം കുമ്മായമോ വെളുത്ത പെയിന്‍റോ പരീക്ഷിച്ചാലോ എന്നും ഞാന്‍ വിചാരിക്കാതിരുന്നില്ല. ഉപയോഗിക്കാന്‍  സൌകര്യത്തിനു അതൊന്നും വേണ്ട മാതിരി കൈയില്‍ കിട്ടിയില്ലായിരുന്നു. തന്നെയുമല്ല കുമ്മായമടിക്കാനും പെയിന്‍റടിക്കാനും വരുന്ന ഔസേപ്പിനോടും വേലായുധനോടും ഒക്കെ എങ്ങനെ പറയും എന്നെ വെളുപ്പിച്ചു തരാന്‍ ..........ഛേ! നാണക്കേടല്ലേ അത്?
വളര്‍ന്ന്  പഠിത്തമൊക്കെ  ഒരു പെട്ടിയില്‍  വെച്ചു പൂട്ടി, സര്‍ട്ടിഫിക്കറ്റുകള്‍ അടുക്കിപ്പിടിച്ച്  ജോലിയന്വേഷിക്കുന്ന കാലത്ത്  ഒരു ജ്വല്ലറിയില്‍  സെയില്‍സ് ഗേളിന്‍റെ  ഇന്‍റര്‍വ്യൂവിനു  പോയി.  അത്  നിസ്സാര ജ്വല്ലറിയൊന്നുമായിരുന്നില്ല. തിരുവനന്തപുരത്തെ ശ്രീ  പത്മനാഭസ്വാമിയുടെ  പക്കലൂള്ളതിലും സ്വര്‍ണവും വെള്ളിയും നവരത്നങ്ങളും ഒക്കെ അവരുടെ  അലമാരകളിലുണ്ടായിരുന്നു.  മാലയും  കമ്മലും വളയും വങ്കിയും ഒഡ്യാണവും ചുട്ടിയും  മോതിര വുമൊക്കെ ആയിട്ടായിരുന്നു എന്നു മാത്രം. ലെന്‍സ്  വെച്ചു നോക്കണം, കണക്കെടുക്കണം, ഉരച്ചു നോക്കണം  എന്നൊന്നും പറഞ്ഞ്  ആരും തന്നെ അവരെ ശല്യപ്പെടുത്തിയിരുന്നില്ല. പകരം മനുഷ്യരൊക്കെ   ധാരാളം പണം  തുപ്പലു തൊട്ട് എണ്ണികൊടുത്ത്  ഇതെല്ലാം വാങ്ങിക്കൊണ്ടു പോയി, തിക്കും പൊക്കും  നോക്കി വിവിധ ബാങ്ക് ലോക്കറുകളില്‍, സ്വന്തം പേരുകളിലായി പതുക്കി   വെക്കുക മാത്രം ചെയ്തു .
നല്ല ചുട്ടു പഴുത്ത വെയിലത്ത്  കുറെ  നേരം നടന്നിട്ടാണ്  ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍  ഞാന്‍ കയറി ചെല്ലുന്നത്. ചവുട്ടിയാല്‍ പതുങ്ങുന്ന കാര്‍പ്പെറ്റും സുഖകരമായ തണുപ്പും കണ്ണ് ഫ്യൂസാവുന്ന  ഹൈ വോള്‍ട്ടേജ് തിളക്കങ്ങളും ഒക്കെയായി  ഇന്ദ്രലോകം എന്നോ ദേവലോകം എന്നോ  വിളിക്കാന്‍ പറ്റുന്ന  തരം ഒരു ഓഫീസായിരുന്നു അത്.  ഇന്നത്തെക്കാലത്ത്, വെറും പത്തു ലക്ഷം  രൂപ ചെലവാക്കി നിര്‍മ്മിക്കുന്ന  മോഡുലാര്‍ കിച്ചണില്‍ വഴി തെറ്റി  പറന്നു കയറിയ കാക്കയെപ്പോലെയോ, ഇഴുകി വീഴുന്ന മിനുസവും  പളപളപ്പുമുള്ള  വനിതാ മാഗസിന്‍റെ  സെന്‍റര്‍ പേജില്‍ വീണടിഞ്ഞ  പല്ലിക്കാഷ്ടത്തെ പോലെയൊ ഒക്കെയായി  എന്‍റെ സ്ഥിതി.
അവിടെ നിന്നിറങ്ങിപ്പോവുന്നതാണ് നല്ലതെന്ന് മനസ്സിന്‍റെ ഇടതു   ഭാഗം ആജ്ഞാപിച്ചപ്പോള്‍ ആര്‍ത്തി പിടിച്ച  വലതു ഭാഗം ബലമായി  എന്നെ പിടിച്ചു നിറുത്തി. ആര്‍ത്തി എന്നു വെച്ചാല്‍ അവരുടെ ഇന്‍റര്‍വ്യൂ   പരസ്യം  കണ്ടിട്ടുണ്ടായതാണ്. നല്ല ശമ്പളം, യൂണിഫോം, മെഡിക്കല്‍ അലവന്‍സ് , പി എഫ്, ഗ്രാറ്റ്വിറ്റി ......... അങ്ങനെ  ഒരു ഉദ്യോഗാന്വേഷിയെ  തീര്‍ത്തും ലഹരി പിടിപ്പിക്കുന്ന അനവധി വാഗ്ദാന മധു ചഷകങ്ങള്‍. കഴിഞ്ഞില്ല,  ദീപാവലിക്കും  അക്ഷയതൃതീയക്കും  ഒരു സ്വര്‍ണ നാണയം വീതം  സമ്മാനം. ..... ഞാന്‍ ഒരു മുപ്പത്തഞ്ചു കൊല്ലം അവിടെ ജോലി ചെയ്താല്‍ എന്‍റെ പക്കല്‍ എത്ര സ്വര്‍ണനാണയം  ഉണ്ടാവും? ഒരു നാണയം കുറഞ്ഞത് ഒരു പവന്‍ കാണാതിരിക്കുമോ? ഒരു പവന്‍   എന്നാല്‍  എട്ടു ഗ്രാം. അപ്പോള്‍ ആകെ മൊത്തം  എത്ര ഗ്രാം സ്വര്‍ണമുണ്ടാവും എന്‍റടുത്ത് ? ഈ മനക്കണക്ക് പെരുക്കിപ്പെരുക്കി ഞാന്‍ തളര്‍ന്നു എന്നു  പറഞ്ഞാല്‍  മതിയല്ലോ.     
ദേവലോകം പോലെയുള്ള ഓഫീസില്‍ എന്നെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ ഉപവിഷ്ടരായവര്‍  ആരൊക്കെയായിരുന്നുവെന്നോ? സൌന്ദര്യം ഉടലാര്‍ന്നതു മാതിരി, രവിവര്‍മ്മ ചിത്രങ്ങളില്‍ നിന്ന് ഇറങ്ങി വന്ന,  പനങ്കുലത്തലമുടിയുള്ള   ഒരു അപ്സരസ്സ്,  പിന്നെ വൃത്തിയായി വെട്ടിയൊതുക്കിയ താടിയും മുടിയുമായി ജീന്‍സും ജുബ്ബയുമിട്ട, ഇംഗ്ലീഷില്‍ മൊഴിയുകയും ചിന്തിക്കുകയും ചെയ്യുന്ന  ഒരു  ആധുനിക മഹര്‍ഷി , ജാക്കറ്റും കോട്ടും ടൈയും ധരിച്ച്, അദ്ദേഹം  ഒന്നു പുഞ്ചിരിച്ചാല്‍ ആകാശം  ഇടിഞ്ഞു വീഴുമെന്നോ സുനാമി വരുമെന്നോ തെറ്റിദ്ധരിച്ച് , ചീര്‍ത്ത മുഖം ഒന്നും കൂടി വീര്‍പ്പിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് സ്വര്‍ണ മുതലാളി, അതീവ ഗൌരവക്കാരനായ, ദൈവത്തേക്കാളും കേമനായ പൂജാരിയെപ്പോലെ  ഒരു കമ്പ്യൂട്ടര്‍  ഓപ്പറേറ്റര്‍, പലതരം  ഫോണുകള്‍ കൈയിലിട്ട്  അമ്മാനമാടുന്ന,  ഭേദപ്പെട്ട സൌന്ദര്യമുള്ള മറ്റൊരു യുവതി എന്നിവര്‍.
ലോകത്തിലെ പ്രധാന സ്വര്‍ണഖനികളുടെ പേരൊക്കെ പഠിച്ചിരുന്നുവെങ്കിലും പതിവു പോലെ പരീക്ഷകരെ കണ്ടപ്പോള്‍ എന്‍റെ തല ബ്ലാങ്കായി മാറി. കുറച്ചു  നാളത്തെ സ്വര്‍ണ വിലയും പവന്‍  കണക്കിലും തോല കണക്കിലും പ്രത്യേകം പ്രത്യേകം  ഓര്‍മ്മ വെച്ചിരുന്നതും മറന്നു പോയി.  നല്ല വൃത്തിയില്‍ ധരിച്ച വസ്ത്രവും മുഖത്തു ഭംഗിയായി  ഒട്ടിച്ചു വെച്ച ഒരു നൂറു വാട്ട് പുഞ്ചിരിയും  ങാ,  എന്നു വെച്ചാല്‍ ഈ പ്രസന്‍റബ്ള്‍ എന്ന് സായിപ്പ്  പറയുന്ന ആ സംഭവമുണ്ടല്ലോ, അതു തന്നെ , അങ്ങനെ ഒരു  നല്ല  തയാറെടുപ്പിലാണ് ഞാന്‍ ഇന്‍റര്‍  വ്യൂവില്‍ പങ്കെടുക്കുന്നത്.
എന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചത്  ഫോണ്‍ സുന്ദരിയാണ് . അവയൊക്കെ അതിനിസ്സാരം, അവളുടെ കാല്‍പ്പൊടിക്കു പോലും കിട നില്‍ക്കുമോ എല്ലാ സര്‍ട്ടിഫിക്കറ്റും കൂടി ഒന്നിച്ചു തൂക്കിയാലും എന്ന മട്ടില്‍ പെട്ടെന്നു തന്നെ  മടക്കിത്തരികയായിരുന്നു, ചെക്കിംഗ് എന്ന പേരില്‍ സുന്ദരി ചെയ്തത് . മഹര്‍ഷിയും സ്വര്‍ണ മുതലാളിയും ആ സമയത്തെല്ലാം  എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. കുറെ സമയം മൌനമായിരുന്ന മഹര്‍ഷി ഒടുവില്‍ എന്‍റെ പേരില്‍  പോലീസ് കേസൊന്നുമില്ലല്ലോ  എന്ന ഒറ്റച്ചോദ്യത്താല്‍ എന്നെ നിലം പരിശാക്കിക്കൊണ്ട് ഇന്‍റര്‍ വ്യൂ അവസാനിപ്പിക്കുകയും ചെയ്തു.  
പിന്നെയാണ്  അപ്സരസ്സ്  സംസാരിക്കാന്‍ തുടങ്ങിയത്. അധികമൊന്നും അവര്‍  മൊഴിഞ്ഞില്ല കേട്ടോ. നിങ്ങള്‍ എല്ലാം കൊണ്ടും എലിജിബിള്‍ ആണെങ്കിലും ഈ നിറം ഒരു ജ്വല്ലറി ഷോപ്പില്‍  ശരിയാവില്ല. പ്രത്യേകിച്ച്  ഇത്ര ഹൈ പ്രൊഫൈല്‍ ഷോപ്പില്‍.... നിങ്ങള്‍ക്ക് ഒട്ടും ശോഭയില്ല , യൂ നോ... .  അപ്സരസ്സിന്‍റെ ലിപ്സ്റ്റിക്കില്‍ പൊതിഞ്ഞ ചുണ്ടുകളിലൂടെ  പുറപ്പെട്ട  അവസാന വാചകം കാച്ചിയെടുത്ത ഉളിയുടെ അഗ്രത്തില്‍ നിന്നും തെറിച്ചു വീഴുന്ന മരച്ചീളു പോലെയുണ്ടായിരുന്നു....
കറുപ്പ് താന്‍ എനക്ക് പിടിച്ച കളറ് എന്ന പാട്ട്  പിന്നീടാണ്  ശ്രീമതി അനുരാധാ ശ്രീരാം  പാടി പ്രശസ്തമാക്കിയത്.  
ഞാന്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍  പാവം തോന്നിയിട്ടെന്ന പോലെ അപ്സരസ്സ് പറഞ്ഞു. നഴ്സിംഗ് പഠിച്ചിരുന്നെങ്കില്‍ പെട്ടെന്ന് ജോലി കിട്ടുമായിരുന്നു. ധാരാളം കറുത്ത സ്ത്രീകള്‍ നഴ്സ് മാരായി ഇവിടെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്.
ദയയോടെ  പകര്‍ന്നു തന്ന ആ  അറിവിനു, നന്ദിയോടൊപ്പം എന്‍റെ വെളുത്ത പല്ലുകളും കണ്ണിന്‍റെ സില്‍വറും  മുഴുപ്പിച്ച്  കാട്ടി ചിരിച്ച് ഞാന്‍ അപ്സരസ്സിനോട് യാത്ര  ചോദിച്ചു.
കറുത്തിരുന്നാലും പഠിയ്ക്കാത്ത വിദ്യയുടെ കെയറോഫില്‍  എനിക്കെവിടുന്നാണ് ജോലി കിട്ടുക?
 
കെട്ടിട നിര്‍മ്മാണത്തിലെ ചില്ലറ ജോലികളിലും ചെറു വരുമാനത്തിലും ഞാന്‍ കഴിഞ്ഞു പോരുന്ന കാലമായിരുന്നു അത്.    
അക്കാലത്തെ എന്‍റെ ഒരു സുഹൃത്തായിരുന്നു, പൂജ. ഭര്‍ത്താവിനും മകനുമൊപ്പം കഴിഞ്ഞിരുന്ന പൂജയുടെ പ്രധാന ഹോബി, ഇന്‍സ്റ്റാള്‍മെന്‍റില്‍ അടുക്കള പാത്രങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.  ഒഴിവുള്ളപ്പോഴെല്ലാം പൂജയ്ക്കൊപ്പം എല്ലാ  പാത്രക്കടകളിലും ഞാനും പോയി. മിന്നിത്തിളങ്ങുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍  പാത്രങ്ങള്‍ എന്നെയും മോഹിപ്പിക്കാറുണ്ടായിരുന്നു. തേച്ചു മിനുക്കിയ സ്റ്റീല്‍ പാത്രങ്ങള്‍ കമഴ്ത്തി കമഴ്ത്തി  അടുക്കി വെക്കുന്ന ശീലം എന്നിലെ ബ്രാഹ്മണ വേരുകള്‍ എനിക്ക്  തന്നതാവണം.
 ഇഡ്ഡലിയോടും പലതരം ദോശകളോടും സാമ്പാറിനോടും ചട്ണിയോടുമെല്ലാം പഞ്ചാബിയായ പൂജയ്ക്ക് ഒരു തരം ആര്‍ത്തി തന്നെയുണ്ടായിരുന്നു. ഥോഡാ ഓര്‍  സാമ്പാര്‍ മിലേഗാ  എന്ന്  സൌകര്യം കിട്ടുമ്പോഴെല്ലാം അവള്‍ എന്നോട്  ചോദിച്ചു പോന്നു.
അങ്ങനെയാണ് ഒരു ഇഡ്ഡലി കുക്കറും  നോണ്‍സ്റ്റിക് ദോശക്കല്ലും  വാങ്ങി  ഇഡ്ഡലിയും ദോശയും സാമ്പാറും ചട്ണിയുമുണ്ടാക്കി പ്രഭാതങ്ങള്‍ ഒരു  ആഘോഷമാക്കി മാറ്റാന്‍  ഞങ്ങള്‍ തീരുമാനിച്ചത്. അതനുസരിച്ച് ഇഡ്ഡലി കുക്കര്‍ പൂജയും നോണ്‍ സ്റ്റിക് ദോശക്കല്ല് ഞാനും വാങ്ങാമെന്ന് ഉറപ്പിച്ചു. നാലു  മാസം ഇന്‍സ്റ്റാള്‍മെന്‍റില്‍ പണമടച്ച് ഞങ്ങള്‍ കാത്തിരുന്നു.
ഏപ്രില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ചയാണ് എനിക്ക് നോണ്‍സ്റ്റിക് ദോശക്കല്ല് കിട്ടിയത്. അതിന്‍റെ  കറുപ്പു നിറമുള്ള പിടിയും ചുവപ്പു നിറം പൂശിയ പുറം ഭാഗവും ദോശമാവ് കോ രിയൊഴിച്ച്  പരത്താനുള്ള മിന്നിത്തിളങ്ങുന്ന കറുത്ത പ്രതലവുമെല്ലാം കണ്ട് ഞങ്ങള്‍ ആഹ്ലാദ ഭരിതരായി.
നെയ് റോസ്റ്റ്,
മസാല ദോശ,
മൈസൂര്‍ മസാല ദോശ,
ഒണിയന്‍ ഊത്തപ്പം,
പെസറട്ടു,
ഹായ്, പലതരം ദോശകളെപ്പറ്റി സ്വപ്നം കണ്ടും പറഞ്ഞും  ഞങ്ങളുടെ വായില്‍ വെള്ളമൂറി. അരിയ്ക്കും ഉഴുന്നിനുമൊപ്പം  ഉലുവയും ഇഞ്ചിയും കറിവേപ്പിലയും അരച്ചു ചേര്‍ത്ത് നെയ്യൊഴിച്ച്   ചുട്ടു, അമ്മീമ്മ തരാറുള്ള,   കൊതിപ്പിക്കുന്ന മണമുയരുന്ന  ദോശയെപ്പറ്റിയും ഞാന്‍ പൂജയോട് ആര്‍ത്തിയോടെ സംസാരിച്ചു.
വിവിധ തരം കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ ജോലികള്‍  ചെയ്തിരുന്ന,  മിക്കവാറും ആ സൈറ്റുകളില്‍  തന്നെ താമസിച്ചിരുന്ന  എനിക്ക് എപ്പോഴും ചെറിയ  സഹായികള്‍ അവിടെ തന്നെ ഉണ്ടാവാറുണ്ടായിരുന്നു. ഞാന്‍ വിലക്കുമ്പോഴും അവര്‍ എന്‍റെ കൊച്ചുമുറിയില്‍ സ്ഥിരമായി വരികയും  ചില്ലറ  വീട്ടു ജോലികളില്‍ സഹായിക്കുകയും ചെയ്തു പോന്നു. ജോലിയിലുമധികം മനസ്സു തുറന്ന് സംസാരിക്കുന്നതില്‍ അവരെപ്പോലെ ഞാനും ആഹ്ലാദിച്ചു. ഡി നഗരത്തിലെ ബിഷപ്പിനെ കൂട്ട്  മുറിയുടെ വാതില്‍ കുറ്റിയിടാതെ   എനിക്ക്  ജീവിക്കാന്‍ കഴിഞ്ഞ ഒരു  കാലമായിരുന്നു,  അത്.
അതുകൊണ്ടാണ് പൂജയുടെ ചെറിയ അടുക്കളയിലിരുന്നു ദോശയ്ക്ക് മാവരക്കുമ്പോള്‍ മുന്നി വന്ന് എന്‍റെ മുറി  വൃത്തിയാക്കുന്നതില്‍  എനിക്ക് ഒരു പ്രശ്നവുമില്ലാതിരുന്നത്.  എനിക്ക് അവളെ വിശ്വാസമാണെന്ന്  മുന്നിക്കും അറിയാമായിരുന്നുവല്ലോ.
എന്നിട്ടും ദോശമാവരച്ച് തീര്‍ത്ത്  ഞാന്‍ മുറിയിലേക്ക് തിരിച്ചു വന്നപ്പോള്‍  മുന്നി  എന്നോട് കോപിച്ചു.
പാത്രം അടുപ്പില്‍ വെച്ച്  ഉറങ്ങിപ്പോയോ ദീദി? ഇങ്ങനേയും ചെയ്യുമോ നമ്മള്‍ പെണ്ണുങ്ങള്‍. ...? ആരും ചോദിക്കാനും പറയാനും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ......
എന്തു പറ്റി മുന്നീ ?
ഈ തവ ഇങ്ങനെ കരിഞ്ഞ് കരിഞ്ഞ് കറുത്ത് കറുത്ത്.... ഞാന്‍  എത്ര കഷ്ടപ്പെട്ടാണ് അതു തേച്ചുരച്ച് വെളുപ്പിച്ചത്.  ഒരു കഷ്ണം കല്ലിട്ട്  ഉരച്ചിട്ടാണ് ആ കറുപ്പ് പോയത്. ഇപ്പോഴും നോക്കു  അതിന്‍റെ അരികു മുഴുവനും  കറുത്തിരിക്കുന്നത്..... 
ആ നോണ്‍ സ്റ്റിക് ദോശക്കല്ല്,  അതിന്‍റെ കറുപ്പ് കോട്ടിംഗെല്ലാം കഴുകി കളഞ്ഞ് ബേസ് അലുമിനിയത്തിന്‍റെ ഉജ്ജ്വല തിളക്കവുമായി, എന്‍റെ കണ്ണിനെ കുത്തിത്തുളച്ചുകൊണ്ട് മുന്നിയുടെ കൈയിലിരുന്നു ഒരു സെര്‍ച്ച്  ലൈറ്റു പോലെ  മിന്നി.   
പാത്രങ്ങള്‍ കരിയെല്ലാം പോയി വെളുത്തിരിക്കണം. മുന്നി പറഞ്ഞവസാനിപ്പിച്ചു.
അതെയതെ , മനുഷ്യരും പാത്രങ്ങളും ഒക്കെ  എപ്പോഴും വെളുവെളാന്ന്  വെളുത്തിരിക്കണം.
അരച്ചു വെച്ച ദോശമാവും എണ്ണി വെച്ച  ദോശകളും  നുണഞ്ഞിറക്കിയ കൊതികളും  എല്ലാം അങ്ങനെ ഒറ്റയടിക്ക്  ...........
ഹൌ, ഈ വെളുപ്പിന് എന്തൊരു വെളുപ്പ് അല്ലേ?

69 comments:

keraladasanunni said...

കറുപ്പിന് ഏഴഴക് എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. ഏതായാലും നോണ്‍ സ്റ്റിക്ക് തവ വെടുപ്പാക്കിത്തന്ന പണിക്കാരിയെ മറക്കാനാവില്ല.
ചിരിക്കാനും ചിന്തിക്കാനുമുള്ള പോസ്റ്റ്.

Akbar said...

ഒടുവില്‍ ആ കുട്ടി വെളുക്കാന്‍ തേച്ചത് പാണ്ടായി അല്ലെ. മിന്നുന്നതെല്ലാം പൊന്നല്ലെന്നു അവള്‍ക്കു അറിയില്ലല്ലോ.

അനുഭവത്തിന്റെ ചൂടും ചൂരുമുള്ള എഴുത്ത് വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല.

jayanEvoor said...

Thakarppan sambhavam!
This time you made me laugh!!

MINI.M.B said...

ഒന്നും പറയാനില്ല എച്ചുമു.. അവസാനം വരെ അറിഞ്ഞില്ല എന്താ ക്ലൈമാക്സ്‌ എന്ന്. നന്നായി..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ മുന്നി ചെറൂപ്പത്തിൽ പെൺകുട്ടികൾ വെളുത്തിരിക്കണം എന്നു കേൾക്കാത്തതു നന്നായി

അവതാരിക said...

a

അവതാരിക said...

ചിരിപ്പിച്ചു കേട്ടോ ...

കറുപ്പിനെ രണ്ടു സംഭവങ്ങളുമായി കൂട്ടി ചേര്‍ത്തത് ഉഷാര്‍ ..

കറുപ്പിനല്ലേ കൂടുതല്‍ അഴക്‌ ..
********************
നമ്മുടെ മുടി വേളുത്താലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ .

കൂതറHashimܓ said...

വായിക്കാൻ രസൂണ്ട എച്ചുമൂന്റെ എഴുത്തുകൾ

vettathan said...

വളരെ ഗൌരവത്തില്‍ പറഞ്ഞുവന്നിട്ടു അവസാനം ശുദ്ധമായ ഒരു പൊട്ടിച്ചിരി. കറുപ്പിനെക്കുറിച്ചുള്ള ഒരു ബംഗാളി നാടോടിപ്പാട്ട് കേട്ടോളൂ-
"ചന്തം കറുപ്പിന് കുന്തമാണെങ്കില്‍
നാമെന്തിന് കേഴുന്നു കേശം നരയ്ക്കവേ"

പട്ടേപ്പാടം റാംജി said...

പുറം നന്നായി വെളുക്കട്ടെ...!
ബ്ലാക്ക് ബ്യൂട്ടി ആയാലും വൈറ്റ് ബ്യൂട്ടി ആയാലും ഒരു സമയം കഴിഞ്ഞാല്‍ അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ലേ?

SHANAVAS said...

അനുഭവത്തിന്റെ ചൂടും ചൂരുമുള്ള എഴുത്ത്.. സഹായി അടിപൊളി തന്നെ..നോണ്‍ സ്റ്റിക് വരെ വെളുപ്പിച്ച സ്ഥിതിക്ക് എച്മുവും ഒരു കൈ നോക്ക് വെളുക്കാന്‍.. സഹായി ചിലപ്പോള്‍ കല്ല്‌ കൊണ്ട് ഉരച്ചാല്‍ ചിലപ്പോള്‍ വെളുത്താലോ..അല്ലെ?? ബാല്യകാലത്ത് എന്റെ അയ്യര്‍ സുഹൃത്തിന്റെ വീട്ടിലെ ദോശയുടെ രുചി ഓര്‍മ്മ വരുന്നു.. ആശംസകളോടെ..

ധനലക്ഷ്മി പി. വി. said...

വെളുക്കാന്‍ വേണ്ടി ഒഴുക്കിക്കളയുന്ന കോടികള്‍ ...............ഹഹഹ

ചിന്തിപ്പിച്ചു ചിരിപ്പിച്ച ലേഖനം .

"ഹൌ ഈ വെളുപ്പിനെന്തൊരു വെളുപ്പ്‌" ..എച്മു ,തലക്കെട്ട്‌ ഇതായിരുന്നു കുറച്ചുകൂടി നന്നെന്നു തോന്നി..

mayflowers said...

എന്റെ ഒരു നോണ്‍ സ്റ്റിക് പാത്രവും ഇതേ പോലെ ഒരു സഹായി 'വെളുപ്പിച്ചു' തന്നിരുന്നു.അതോര്‍ത്ത് പോയി.
കൂട്ടത്തില്‍ 'വെളുപ്പിനഴക് 'ഭ്രമം നന്നായി വരച്ചു കാട്ടുകയും ചെയ്തു.
എച്ചുമുക്കുട്ടിയുടെ എഴുത്ത് പെരുത്ത് ഇഷ്ട്ടായി കേട്ടോ..

M. Ashraf said...

മാപ്പാക്കാം. മുന്നിക്കില്ലല്ലോ നമ്മുടെ വിജ്ഞാനം. ഇനിയിപ്പോ പേടിക്കേണ്ട, ദോശ ചുടാനും യന്ത്രമായി. നോണ്‍സ്റ്റിക്കും വേണ്ട ഓടും വേണ്ട.
അനുഭവ വിവരണത്തിനു അഭിനന്ദനങ്ങള്‍.

Echmukutty said...

ആദ്യം വന്ന ഉണ്ണിച്ചേട്ടന് നന്ദി. കറുപ്പിനു ഏഴഴകെന്ന് ഞാനും വിശ്വസിക്കുന്നു. മുന്നിയെ മറക്കാന്‍ പറ്റില്ല... അതു വാസ്തവം തന്നെ.

അക്ബര്‍ വന്നതില്‍ സന്തോഷം. പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞ് സന്തോഷിക്കുന്നു.

തന്നെ? ജയന്‍ ഡോക്ടര്‍ ചിരിച്ചതില്‍ സന്തോഷിച്ച് ഞാനും ചിരിക്കുന്നു.

മിനി വായിച്ചതിലും നന്നായി എന്നു പറഞ്ഞതിലും സന്തോഷം കേട്ടോ.


Echmukutty said...

ഡോക്ടര്‍ സാര്‍ പറഞ്ഞത് സത്യം... മുന്നി എങ്കില്‍ എന്നെ വെളുപ്പിക്കുമായിരുന്നുവോ ആവോ?

ദേഹം വെളുത്തും മുടി കറുത്തും ഇരിക്കണം അവതാരികേ.. മുടി വെളുത്താല്‍ മൈലാഞ്ചി, പിന്നെ പല തരം ചായങ്ങള്‍ ഒക്കെ കിട്ടൂലേ കറുപ്പിക്കാന്‍.... വന്നതില്‍ സന്തോഷം കേട്ടൊ.

ഹാഷിമിനെ കാണാറേയില്ല, ഈ ബ്ലോഗ് വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ഇടയ്ക്ക് വല്ല അഭിപ്രായവും പറഞ്ഞ് എന്നെ പ്രോല്‍സാഹിപ്പിച്ചു കൂടേ ഹാഷിമേ?

വെട്ടത്താന്‍ ചേട്ടനും ചിരി വന്നുവെന്ന് കരുതുന്നു. സന്തോഷം. ബംഗാളിപ്പാട്ട് ഇഷ്ടമായി.

മുകിൽ said...

ennalum oru kunjan sankadam evideyo vannu.... enkilum chirichu, echmukkutti.

Echmukutty said...

ബ്ലാക്ബ്യൂട്ടിയും വൈറ്റ് ബ്യൂട്ടിയും അപ്രസക്തമായാലും വെളുത്തു പോയ തവ ഒരു സത്യമായി അവശേഷിക്കുന്നു, രാംജി. വായിച്ചതില്‍ സന്തോഷം കേട്ടോ.

ഷാനവാസ് ഇക്കക്ക് നന്ദി. മുന്നിയോട് പറഞ്ഞിരുന്നെങ്കില്‍ എന്നേം വെളുപ്പിച്ചേനെ അല്ലേ?

തലക്കെട്ട് ഇടുമ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഭാനുവും ഒരിക്കല്‍ പറഞ്ഞു തന്നിരുന്നു. ഈ തലക്കെട്ട് ചൂണ്ടിക്കാണിച്ചതിനും വായിച്ചതിനും ചിരിച്ചതിനും നന്ദി, ധനലക്ഷ്മി. ഇനിയും വരുമല്ലോ.

ആഹാ! അപ്പോള്‍ മേഫ്ലവേഴസിനും ഉണ്ടായിരുന്നു ഒരു മുന്നി അല്ലേ? എഴുത്ത് ഇഷ്ടമായതില്‍ വലിയ സന്തോഷം കേട്ടോ.

Anonymous said...

Appo Echmu karuthittaa-Photo kandal thonnathilla keto-(Thamasa-thamasa)

Sambhavam nannayi echmoo!!!

MURALI NAIR,DUBAI

വര്‍ഷിണി* വിനോദിനി said...

കറുപ്പിനു അഴക്‌ എന്നെത്ര പൊങ്ങച്ചം പറഞ്ഞാലും വെളുപ്പിനു തന്നെ ആവശ്യക്കാറേറെ....എന്നാലൊ മുടി വെളുക്കാനൊ..സാമ്പത്യകമായി വെളുക്കാനൊ വയ്യ താനും..
ആശംസകൾ ട്ടൊ..!

Unknown said...

പ്രിയപ്പെട്ട ചേച്ചി,
കലക്കി, വളരെ നന്നായി എഴുതി
ഇതെന്താ ആരും മനസ്സിലേക്ക് നോക്കാത്തെ?
അകമാണ് വെളുക്കേണ്ടത്
അകവും പുറവും വെളുത്താല്‍ അത്രയും നല്ലത്.
ഭേഷായി ! വിശന്നിരിക്കുന്ന നേരത്താണല്ലോ ചേച്ചീ ഭാവനയിലേക്ക് പലതരം ദോശകളുടെ രൂപങ്ങള്‍ കുത്തിനിറച്ചത് :)
അവസാനം നോണ്‍ സ്റ്റിക് ദോശക്കല്ല് വെളുപ്പിച്ചപ്പോള്‍ ശരിക്കും ചിരിവന്നു.
പാവം മുന്നി !
സ്നേഹത്തോടെ,
ഗിരീഷ്‌

കൊച്ചു കൊച്ചീച്ചി said...

ഹോ! സമാധാനായി!

ഈ കൊച്ച് ഒരു നാലഞ്ചു പോസ്റ്റായി ഇങ്ങനെ എയറുപിടിച്ച് എഴുതുന്നതുകണ്ടിട്ട്, എപ്പഴാ ഒന്നു ശ്വാസം വിട്വാ ന്ന് ആലോച്ചിച്ചു വെഷമിച്ചിരിക്ക്യായിരുന്നു.

എടയ്ക്കൊക്കെ ഇങ്ങനെ വെറുതേ ചിരിക്കണത് നല്ലതാ, ട്ടോ.

Cv Thankappan said...

ജ്വല്ലറിയിലെ ഇന്‍റര്‍വ്യൂയും,നോണ്‍സ്റ്റിക്‍ പാത്രം വെളിപ്പിക്കലുമെല്ലാം രസത്തോടെ വായിച്ചു.പ്രസവിക്കുന്ന കുഞ്ഞ്‌ വെളുത്തതാകാന്‍ ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് തരംപോലെ കഴിക്കും.
പൊതുവെ വെളുപ്പിനോടള്ള ഭ്രമം ഏറെയാണ്‌.,......
ആശംസകള്‍

ente lokam said...

കറുപ്പും വെളുപ്പും നല്ല സുന്ദരം ആയി
അവതരിപ്പിച്ചു...
ക്ലൈമാക്സ്‌ ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല ..
അത് കൊണ്ട് തന്നെ ശരിക്കും ചിരിച്ചു പോയി
എച്മു...

ഇന്ത്യ ഹെരിറ്റജു കമന്റ് കൂടി ആയപ്പോള്‍
പൂര്‍ത്തി ആയി....അഭിനന്ദനങ്ങള്‍ ....അനുഭവങ്ങള്‍
തമാശകള്‍ ആവുമ്പോള്‍ ഈ വായനക്ക് എന്തൊരു
വെളുപ്പ്‌..!!!!!

ജന്മസുകൃതം said...

angane veluppichchu ennu parayaal mathiyalle...

ajith said...

ഹഹഹ...
ആ മുന്നീടെ കയ്യിലെങ്ങാനും എച്മൂനെ ചെറുപ്പത്തില്‍ കിട്ടണമായിരുന്നു.

തേച്ചുരച്ച് വെളുപ്പിച്ചേനെ

സേതുലക്ഷ്മി said...

കണ്ടോ,ഇപ്പൊ എച്മൂനു മനസ്സിലായില്ലേ, വെളുത്തിരിക്കുന്ന പലരും തേച്ചു വെളുപ്പിച്ച നോണ്‍ സ്റ്റിക്ക് പാത്രം പോലെയാണെന്ന്..
(ഇത്തവണ തമാശയുമായാനല്ലോ പുറപ്പാട്...

ChethuVasu said...

കലക്കിയ കുളവും കളഭം കലക്കിയ കുളവും എന്ന് പറയുമ്പോ ഉള്ള പോലെ ഒരു വ്യത്യാസം മനുഷ്യര്‍ക്ക്‌ പരസ്പരം അളന്നു കുറിക്കുന്നതില്‍ ഉണ്ടെന്നു പൊതുവായി നിരീക്ഷിക്കാന്‍ സാധിക്കും .. എന്നാലും ആനക്ക് അഴക്‌ കറുപ്പ് തന്നെ..വെളുത്ത ആനയെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല ..( വെള്ളാനകളുടെ നാട് സയാം - തായ് ലാന്‍ഡ്‌ എന്ന് പണ്ട് പഠിച്ചിട്ടുണ്ട് ങ്കിലും )

കാര്യം ഇപ്പൊ എല്ലാവന്മാര്‍ക്കും എല്ലവലുമാര്‌ക്കും മെലാനിന്‍ എന്നാ സാധനത്തെ കണ്ണിനു നേരെ കണ്ടു കൂടാ എന്നതാണ് അവസ്ഥ .. ടിയാനെ കുടിയൊഴിപ്പിക്കാന്‍ കയ്യിലെ കാശെല്ലാം മുടക്കി കണ്ണില്‍ കണ്ട കരീം എല്ലാം വാങ്ങിച്ചു കൂൂട്ടുന്നവര്‌ ആണ് ഇന്നുള്ളത് .. എഫ് എം സി ജി സെഗ്മെന്റിന്റെ ഇന്ത്യയിലെ നിലനില്‍പ്പിനു ദക്ഷിണ ഇന്ത്യ എത്ര കണ്ടു സഹായിക്കുന്നു എന്നത് അതിന്റെ സാമ്പത്തിക വശം - അതവിടെ നില്‍ക്കട്ടെ ..!

പറഞ്ഞു വന്നത് മെലാനിന്‍ ചേട്ടനെ പറ്റി ..ഇന്ന് അവനെ എല്ലാവര്ക്കും ചതുര്തിയാണ് എങ്കിലും , ഇന്നും മനുഷ്യ വംശം എന്നാ ഒരു സംഭവം നില നില്‍ക്കാനും ഈ നമ്മള്‍ ഇവിടെ പല തരാം കസര്‍ത്ത് കാട്ടി ജീവിതം കഴിച്ചു കൂട്ടുവാനും ഒക്കെ കാരണമായത്‌ ഈ ചങ്ങാതി ഒറ്റ ആളുടെ കരുണ കൊണ്ടാണ് എന്ന് എത്ര പേര്‍ക്കറിയാം ..! വീടും കൂടും കൂരയും , കുടയും , തൊപ്പിയും ഒന്നും ഇല്ലാതിരുന്ന ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളില്‍ നമ്മളുടെ പൂര്‍വ്വികരെ അള്‍ട്ര വയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിച്ചു കാന്‍സര്‍ ബാധിച്ചു കൂട്ടത്തോടെ മരിക്കുന്നതില്‍ നിന്നും തടഞ്ഞത് ഈ ഒറ്റ ഒരുത്തന്‍ ആണ് ..! ഇപ്പോഴും പുള്ളിക്കാരന്‍ ആ പണി മുടങ്ങാതെ ചെയ്യുന്നുണ്ട് , ഇത്ര കണ്ടു അധിക്ഷേപം കേട്ടിട്ടും ..!ഇല്ലെങ്കില്‍ കാണാം ആയിരുന്നു കഥ ! എന്നിട്ടിപ്പോ മനുശ്യര്‍ക്കര്‍ക്കും അവനെ വേണ്ടത്രെ !! എങ്ങനെ എങ്കിലും ലവനെ പുകച്ചു പുറത്തു ചാടിക്കാന്‍ ആണ് എല്ലാവര്ക്കും തിടുക്കം ..! കഷ്ടം !

അടര്‍ന്നു വീഴുന്ന ഓസോണ്‍ പാളികള്‍ കാലത്തിന്റെ അനിവാര്യതയാണ് , ഒപ്പം കൂടുതലായി വരുന്ന അള്‍ട്ര വയലറ്റ് ഉയര്‍ന്ന അവൃത്തികളും , അവനെ അങ്ങനെ ഒഴിവാക്കേണ്ട ..കാരണം അവനില്ലാതെ ഭാവി തലമുറയ്ക്ക് രക്ഷയില്ല ..
ഒരു പതിയായിരം വര്ഷം കഴിഞ്ഞാല്‍ ഒരു പക്ഷെ ഭൂമിയില്‍ ശേഷിക്കുന്നവര്‍ കറുത്തവര്‍ മാത്രം ആയിരിക്കും ..! ആഗോള താപനത്തെ പറ്റിയും മറ്റും ഒരു പാട് ചര്‍ച്ചകള്‍ നടക്കുമ്പോഴും ഈ വിപത്തിനെ പറ്റി ലോക ശാസ്ത്ര സമൂഹം ആരും ഒന്നും പറയുന്നില്ല എന്നത് വാസുവിനെ ഉത്കണ്ടപെടുത്തുന്നു .. !പ്രിയ മെലാനിന്‍ ചേട്ടന്‍ , താങ്കളെ ഞങ്ങള്‍ക്ക് ഇനിയും ആവശ്യമുണ്ട് ! ഇത് വരെ ഉണ്ടായിരുന്നതിനെക്കളും ആയിരം ഇരട്ടി അധികം !!

മാധവൻ said...

എച്ചുമു , പശുത്തലക്ക് താഴെയൊട്ടിച്ച ഈസ്റ്റുമാന്‍ കളര്‍ ഫോട്ടോ പ്രകാരം താങ്കള്‍ വെളുത്തവളും സുന്ദരിയുമാണെന്നൊരു സുമോഹന ധാരണ , നിരന്തരം എന്നെ ഇവിടത്തെ പോസ്റ്റുകള്‍ വായിക്കാനും കമന്റുകള്‍ ഇടുവാനും പ്രേരിപ്പിച്ചിരുന്നു ഇനി അതൊക്കെ എന്താകുമോ എന്തോ ;; ..ഇത്ര നിഷ്ടൂരമാണ് സത്യത്തിന്റെ മുഖമെന്ന് കരുതിയില്ല..

എച്ചുമുവിന്റെ പോസ്റ്റ് ആദ്യപകുതിയില് മാധവിക്കുട്ടിയുടെ ചില സ്മരണക്കുറിപ്പുകളെ ഓര്‍മ്മിപ്പിച്ചു ശൈലിയിലും സത്യസന്ധതയിലും.ഹാസ്യപര്യവസായിയായ രണ്ടാം പകുതിയും നന്നേ ബോധിച്ചു ...

പഥികൻ said...

നല്ല ഒഴുക്കുള്ള വിവരണം.....

Muralee Mukundan , ബിലാത്തിപട്ടണം said...

കറുപ്പിന്റെ കരുത്തിനെ കാണാതെ വെളുപ്പിന്റെ വെണ്മ വാരി പൂശിയത് കൊള്ളാം കേട്ടോ എച്മു

mattoraal said...

സൂപ്പര്‍ മര്‌കെറ്റുകളിലെ ഏറ്റവും കൂടുതല്‍ ഇടവും മനുഷ്യരുടെ ഏറ്റവും കൂടുതല്‍ പണവും അപഹരിക്കുന്നത് മുടിക്കും തൊലിക്കും വേണ്ടിയുള്ള ഉത്പന്നങ്ങളാണ് . വെളുപ്പിനോടുള്ള ആര്‍ത്തിയില്‍ നമ്മുടെ അടിമ മനോഭാവവും കൂടിയുണ്ട് . ഇപ്പോള്‍ ആണിന്റെ തൊലിക്കും പെണ്ണിന്റെ തൊലിക്കും വേറെ വേറെ ക്രീമുകളാണ് .ഒരിക്കല്‍ വെളിച്ചം വരും, അന്ന് പറയാം , വെളിച്ചത്തിനെന്തൊരു വെളിച്ചം ..

അഭി said...

ചേച്ചി .. സംഭവം കൊള്ളാട്ടോ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായി വെളുക്കട്ടെ...!

Hashiq said...

ഈ കാഴ്ചപ്പാട് ഇപ്പോള്‍ ഏതാണ്ട് പൂര്‍ണമായും മാറിയിട്ടുണ്ട്. പുറം മുട്ടത്തോട് പോലെ വെളുത്തിരുന്നാലും മണ്ടയിലൊന്നുമില്ലെന്കില്‍ കച്ചവടം നഷ്ടത്തിലാകുമെന്ന് തൊഴിലുടമകള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഗ്ലാമറും തൊലിവെളുപ്പുമാണ് അടിസ്ഥാന മാനദണ്ഡമെന്ന് പണ്ടൊക്കെ ആളുകള്‍ കരുതിയിരുന്ന എയര്‍ഹോസ്റ്റസ്മാരുടെ കാര്യം തന്നെ ഉദാഹരണം...തൊലി എങ്ങനെയിരുന്നാലും ആളുകളുമായി മാന്യമായി പെരുമാറാനുള്ള മനസും കഴിവും. അതുതന്നെ മുഖ്യം.......

പോസ്റ്റ്‌ നന്നായിരിക്കുന്നു. ഒരു ചെറുചിരിയോടെ വായിച്ചുതീര്‍ത്തു.

വീകെ said...

"നിങ്ങള്‍ക്ക് ഒട്ടും ശോഭയില്ല , യൂ നോ... ."
ശോഭയുള്ളവർ എന്തിനാണാവൊ ആഭരണങ്ങൾ അണിയുന്നത്...? അഥവാ ശോഭയില്ലാത്തവർ ആഭരണങ്ങൾ അണിഞ്ഞാൽ ശോഭയുണ്ടാകുമോ..?
ശോഭയുടെ പേരിൽ കിട്ടുന്ന അഭരണത്തിന്റെ മ്യൂല്യത്തിലാണ് എല്ലവരുടേയും കണ്ണ്...!

എന്തായാലും വെളുപ്പിനുള്ള പ്രസക്തി അപാരം തന്നെ...!?

Villagemaan/വില്ലേജ്മാന്‍ said...

കറുപ്പിന് എഴഴകാനെങ്കില്‍ ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനാണെന്നു ഏതോ മിമിക്രിക്കാര്‍ പറഞ്ഞതായി ഓര്‍ക്കുന്നു !

ഞാന്‍ പുണ്യവാളന്‍ said...

വളരെ നല്ല പോസ്റ്റ് ,
കറുപ്പിന് എഴാഴകെന്നു പറയും ചുമ്മാതാ
കറുത്ത ചെക്കനും വെളുത്ത പെണ്ണിനെ തന്നെയാണ് മോഹം

സ്നേഹാശംസകള്‍ @ punyavaalan

the man to walk with said...

വെളുപ്പ്‌ തെളിയുമ്പോള്‍ ..പുറം മൂടുന്ന ഒരു കവചം നഷ്ടമാവുന്നു .

Nice
Best wishes

Junaiths said...

കുറേ നാളുകൾക്ക് ശേഷം വേദനിപ്പിക്കാതെ, നോവിക്കാതെ ഒരു പോസ്റ്റ് :)...മുന്നി ഒരു സംഭവം തന്നെ...എത്ര പാടുപെട്ടു കാണും നോൻസ്റ്റിക്കിനെ ഒന്നു വെളുപ്പിക്കാൻ... ദോശ അങ്ങനെ ദോ ശൂ ആയല്ലെ എച്മു.

Shaleer Ali said...

വെളുപ്പിനെ തിരഞ്ഞലയുന്നവര്‍ ...
അതെ വെളുപ്പിന് മാത്രമാണ് ഇന്ന് മാര്‍ക്കറ്റില്‍ വില പേശല്‍ ഇല്ലാത്തത് :(
ഒരു നേര്‍ത്ത ചിരി തന്നു വലിയൊരു സത്യത്തെ വിരല്‍ ചൂണ്ടി കാണിച്ചു തന്നു ... നന്ദി.. ആശംസകള്‍...

ശ്രീനാഥന്‍ said...

നിറം കുറവായതിനാല്‍ ജ്വല്ലറിയില്‍ ജോലികിട്ടാതെ പോയ സംഭവം വളരെ നന്നായി വിവരിച്ചു.ദോശ ക്കല്ല് വെളുപ്പിച്ച കഥ കേട്ട് ചിരിക്കണോ കരയണോ എന്ന് സംശയമായി. മുല്ലനേഴി യുടെ വരികള്‍ ഓര്‍ത്തു:എള്ളിന്‍ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ളു തുടുത്താണ്

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ചിരിയിലൂടെ ചിന്തയിലേക്ക്നയിക്കുന്ന ഒരു പോസ്റ്റ്‌ ...പരസ്യങ്ങളും സിനിമയും ഒക്കെ ചേര്‍ത്തു അങ്ങനെയൊരു ധാരണ ഉണ്ടാക്കി വെച്ചിട്ടുണ്ട് ,പിന്നെ നമ്മള്‍ കൂടുതല്‍ ആള്‍ക്കാരും കറുത്തവര്‍ ആയതും വെളുപ്പിനോട് ഇത്രയും അഭിനിവേശം ഉണ്ടാകാന്‍ കാരണമായിട്ടുണ്ടാകണം ..

ശങ്കരനാരായണന്‍ മലപ്പുറം said...

നല്ല പോസ്റ്റ് !

ചന്തു നായർ said...

കല എന്ന എച്ചുമുക്കുട്ടി വെളുത്ത നിറക്കാരിയെന്നാണ് എന്റെ നിഗമനം.ഇവിടെ ഈ പോസ്റ്റ് വായിച്ച ചിലർ എച്ചുമു കറുത്താതാണെന്നും ആ സങ്കടമാണ് ഇവിടെ പങ്ക് വച്ചതെന്നും ധരിച്ച് വശാ‍യിട്ടുണ്ട്..... എന്നാൽ എച്ചുമൂ തന്നെ ക്കുറി ച്ചല്ല കറുത്ത നിറമുള്ളവരുടെ, മാനസ്സികമായ പ്രയാസങ്ങളെയാണ് അനാവരണം ചെയ്യാൻ ശ്രമിച്ചത്...ഭാരതത്തിൽ,പൊതുവേ കേരളത്തിൽ കറുത്ത നിറമുള്ള പുരുഷനും,സ്ത്രീക്കും ഇത്തരത്തിലുള്ള മാനസ്സികമായ പ്രയാസങ്ങളുണ്ട്. ഓട്ടത്തിലും,കാൽ‌പ്പന്ത് കളിയിലും മിടുക്ക് കാട്ടിയ പി.റ്റി.ഉഷയും,ഐ.എം.വിജയനും കറുത്തിട്ടാണ്. അവരെ ‘നമ്മൾ‘ ഇഷ്ടപ്പെടുന്നെങ്കിലും വെളുത്ത നിറമുള്ള സിനിമാതാരങ്ങളെ(ഉദാഹരണത്തിന്‌ മമ്മൂട്ടി,ഐശ്യര്യാ റായി)അല്ലേ മിക്കവർക്കും ഇഷ്ടം.കറുപ്പിനു ഏഴഴകാണെന്ന് വാദിക്കാമെങ്കിലും...വെളുത്ത നിറക്കാരെയാണ് പലർക്കും ഇഷ്ടം എന്നുള്ളത് സത്യം....അത് മനസ്സിലാക്കിയ എച്ചുമൂ കറുത്തവരുടെ സങ്കടങ്ങൾ ഒരു കഥപോലെ ആവിഷ്ക്കരിച്ചിരിക്കുന്നൂ.വിവിധങ്ങളായ മേഖലകളിലൂടെ സഞ്ചരിക്കുന്ന എച്ചുമുവിന്റെ എഴുത്തിന്‌ എന്റെ നല്ല നമസ്കാരം...ഇനിയും തുടരുക... നവ വാത്സരാശംസകൾ

Manoraj said...

വേദനിപ്പിക്കുന്ന , നൊമ്പരപ്പെടുന്ന ചിരിയായേ എനിക്ക് തോന്നിയുള്ളു.. എച്മു കറുത്തതാണെന്ന് പറഞ്ഞ ജ്വല്ലറിക്കാരിക്ക് നമുക്ക് പണികൊടുക്കാട്ടാ.. നമുക്കവരെ ബ്ലോഗെഴുതി നിലം‌പരിശാക്കാം.. :)

വിനുവേട്ടന്‍ said...

ജ്വല്ലറിയിലെ അനുഭവം പകർന്ന വേദന മുന്നി വെളുപ്പിച്ച തവയുടെ ശോഭയിൽ പൊട്ടിച്ചിരിയായി മാറിപ്പോയി....

നവവത്സരാശംസകൾ....

മാധവൻ said...

ഈശ്വരാ ...ഈ ചന്തുനായരുചേട്ടന്റെ ഒരുകാര്യം ...ചേട്ടാ, ഈ എച്ചുമു കറുത്ത് കരിക്കട്ടകലക്കിയതില്‌ കുളിച്ച കാക്ക പോലെയാണിരിക്കുന്നതെന്നാണ്‌ ബഹുഭൂരിപക്ഷവും ഈ പോസ്റ്റില്‍ നിന്നും നിഗമനിക്കുന്നത്.....
ധരിച്ചു വശായവരെക്കുരിച്ച് ചേട്ടന്‍ ധരിച്ച് വശായതില്‌നിന്നാണ്‌ കരുത്തവര്‌ക്ക് വേണ്ടി ഒരു പോരാട്ടമായിരുന്നു
വെളുത്ത എച്ചുമുവിന്റെ ലക്ഷ്യം എന്ന് മനസ്സിലായത് ....

"ധരിച്ചു വശായവര്‌ മൂര്ധാ ബാദ്
ചന്തുനായര്‍ ചേട്ടന്‍ സിന്ദാബാദ്
എചുമുക്കുട്ടി നീണാല്‍ വാഴട്ടെ "



Sidheek Thozhiyoor said...

കറുപ്പിനഴക്, വെളുപ്പിനഴക്..എന്തായാലും നോണ്‍ സ്റ്റിക് തവ വെളുപ്പിച്ചത് വെളുപ്പിനോടുള്ള മമത തന്നെ..പക്ഷേ മുടി വെളുക്കുന്നത് ആര്‍ക്കും അത്ര താല്പര്യമുള്ളതായി തോന്നുന്നില്ല.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വരാൻ വൈകി. പി. സി പ്രശ്നം.

വായിക്കുമ്പോൾ എവിടെയൊക്കെയോവച്ച് കണ്ണു നിറഞ്ഞു. എഴുത്തിന്റെ ഭംഗിം ഗംഭീരം..

ഉഗ്രൻ

San said...

It seems in Kerala - petty men's own country- managing expectations of people is a tough job indeed.

A word of cation to the author.

Honesty need not always pay you back.!Especially when the world is petty and minds are shallow!

Often one is not judged for what they are , but for what others perceive as what they are !

aboothi:അബൂതി said...

ഹൌ.. എന്താ പറയാനാ? വായിച്ചു തുടങ്ങിയതേ ഓര്‍മയുള്ളൂ. കഴിഞ്ഞതറിഞ്ഞില്ല. പഞ്ഞിമിഠായി വായിലിട്ട പോലെ. പിന്നെയും അതിണ്റ്റെ മധുരം ബാക്കി. എനിക്കിഷ്ടമായി ഈ എഴുത്ത്‌. ഡി നഗരത്തിലെ മേയര്‍ ഒരു പാടു വര്‍ഷങ്ങള്‍ പിറകിലേക്ക്‌ കൊണ്ടു പോയി. ഈ ഓര്‍മക്കു നന്ദി.. :)

നനവ് said...

നല്ല പോസ്റ്റ്

Anil cheleri kumaran said...

വെറും പത്തു ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിക്കുന്ന മോഡുലാര്‍ കിച്ചണില്‍ വഴി തെറ്റി പറന്നു കയറിയ കാക്കയെപ്പോലെ..


:)
രസകരമായ എഴുത്ത്.

ഫാരി സുല്‍ത്താന said...

echmu ഇങ്ങനെയും എഴുതുമല്ലേ. വായിച്ചതും തീര്‍ന്നതും അറിഞ്ഞില്ലാട്ടോ.

പ്രയാണ്‍ said...

എങ്ങിന്യ ആ ശബ്ദം ezhuthuന്ന്നതെന്നെനിക്കറിയില്ല ഏച്ചുമു എന്നാലും ഞാന്‍ ശ്രമിക്കുന്നു... പ്രതീക്ഷിക്കാത്ത് കഥയുടെ പരിസമാപ്തിയില്‍ വന്നതാണത്..... ശ്ലീ..... (ശരിയായില്ല.;))വായ പകുതിതുറന്നൊന്നു കാറ്റുള്ളിലേക്ക് വലിച്ചാല്‍ കേള്‍ക്കാം ഓഡിയോ.

രഘുനാഥന്‍ said...

ഹ ഹ അപ്പൊ എച്ചുമൂനു ചിരിപ്പിക്കാനും അറിയാം അല്ലേ...ജൂവലറിയില്‍ നിന്നും അടുക്കള വഴി വേലക്കാരിയില്‍ വരെ എത്തിയ "തവപുരാണം" രസിപ്പിച്ചു....

പുതുവത്സരാശംസകള്‍

ശ്രീ said...

ഹഹ. മുന്നി ആളു കൊള്ളാമല്ലോ.

പണിക്കര്‍ മാഷ് പറഞ്ഞതു കൊണ്ടാകും ഇത്തവണ കരച്ചിലിനു പകരം ചിരിപ്പിയ്ക്കുന്ന പോസ്റ്റുമായി വന്നത് അല്ലേ? :)

പുതുവത്സരാശംസകള്‍, ചേച്ചീ...

സീത* said...

പാവം നോൺ‌സ്റ്റിക്ക് തവ... കറുത്തുപോയത് അതിന്റെ കുഴപ്പൊന്നുല്യാലോ...മുന്നിയ്ക്കേലും ദയ തോന്നീത് നന്നായി...:)

ഒരു പാട്ട് പാടിക്കോട്ടെ...? “കറുപ്പിനഴക്....”

കുസുമം ആര്‍ പുന്നപ്ര said...

പക്ഷെ എനിയ്ക്കൊരു സംശയം .ആ പ്രൊഫൈല്‍ ഫോട്ടോ എച്ചുമോടെ തന്നെ? അതിലൊരു സുന്ദരിക്കുട്ടിയാണല്ലോ..
നല്ല എഴുത്ത്. പുതുവത്സരാശംസകള്‍

Unknown said...

മെയില്‍ കിട്ടിയിട്ടും വരാന്‍ ഞാന്‍ കുറച്ച് താമസിച്ചു. കുറച്ച് തിരക്കില്‍ ആയിരുന്നു. എന്തായാലും പുതുവത്സരം പിറന്ന നിമിഷത്തില്‍ തന്നെ ഇവിടെ വായിക്കാന്‍ ഞാന്‍ എത്തി.സംഭവം കൊള്ളാം വെളുക്കാന്‍ തേച്ചത് പാണ്ടായി. പക്ഷെ ആദ്യ ഭാഗത്ത്‌ പറഞ്ഞത് എല്ലാം എനിക്ക് മനസ്സിലാക്കാം. ഞാന്‍ അതു അല്പം കൂടുതല്‍ അനുഭവിച്ച ആള്‍ ആണ്. ആ സംഭവം മെയില്‍ അയക്കുമ്പോള്‍ ചോദിച്ചാല്‍ പറയാം കേട്ടോ...

Anonymous said...

karppinezhakannu paranjat ammayanesatyama athariyane ni ninte pazhaya profile fotoyil onnu sookshich nokia mathi courtesy: comsmetics

റോസാപ്പൂക്കള്‍ said...

എച്ചുമു പോസ്റ്റ് നന്നായി. കറുപ്പിന്‍റെയും വെളുപ്പിന്റെയും നിറഭേദങ്ങള്‍ എപ്പോള്‍ വേണം എപ്പോള്‍ വേണ്ട എന്നൊന്നും തിരിച്ചറിയാനാവാത്ത മനുഷ്യര്‍.. നോണ്‍സ്റ്റിക് സംഭവം സഹായികളെ വെച്ചിട്ടുള്ള എല്ലാ വീട്ടമ്മമാര്‍ക്കും പിണഞ്ഞു കാണും.

Pradeep Kumar said...

വെളുപ്പിന് ഈ മഹത്വം കൽപ്പിച്ചു കൊടുത്ത് ആരാണാവോ....ചില കരുത്ത സ്ത്രീകൾക്ക് എന്തൊരു അഴകാണെന്നോ....അവർ കുളിക്കാൻ പോവുമ്പോഴും നമ്മൾ പരിഹസിക്കും - 'കാക്ക കുളിച്ചാൽ കൊക്ക് ആകുമോ'


ഇട്ടിമാളു അഗ്നിമിത്ര said...

എനിക്കിഷ്ടായത് ജ്വെല്ലറി പാര്‍ട്ട് ആണ്.. ചില ഹോസ്പിറ്റലിലെ നഴ്സ്മാരെ കാണുമ്പോള്‍ എനിക്ക് തോന്നാറുള്ളത് അവിടെ ജോലിക്ക് സൌന്ദര്യം ഒരു അളവുകോലാണൊ എന്നാ.. (വായ്നോട്ടത്തില്‍ ഞാന്‍ ഒട്ടും മോശമല്ലെ:))

Unknown said...

good...

അനില്‍കുമാര്‍ . സി. പി. said...

"ഹൌ, ഈ വെളുപ്പിന് എന്തൊരു വെളുപ്പ് അല്ലേ?" :)

കിരണ്‍ said...

ഹായ് കഥ കേൾക്കുന്ന പോലൊരു നല്ല ഒഴുക്കുണ്ട്!

നളിനകുമാരി said...

അങ്ങനെ നോണ്‍ സ്ടിക് ദോശ തവ വെളുത് കിട്ടി..അല്ലെ..?
ഇത് വായിച്ചപ്പോള്‍ പഴയ ഒരു കാര്യം ഓര്മ വന്നു.
എന്റെ മകന്‍ ഹോട്ടല്‍ മാനേജ് മെന്‍റ് കഴിഞ്ഞു ജോലിചെയ്തത് ട്രൈഡെന്‍ന്റ്റ് ഹോട്ടലില്‍ ആയിരുന്നു. സെന്റോഫ് പാര്‍ടിയില്‍ വെച്ച് അതിന്‍റെ മാനേജര്‍ പറഞ്ഞത്,കൂടെ പഠിച്ച ദീപ്തിക്കു അവള്‍ ആഗ്രഹിക്കുംപോലെ എയര്‍ ഹോസ്റെസ്സ് ആകാം.നവീന്‍ എന്ത് ചെയ്യും?( ദീപ്തി വെളുവെളെ വെളുത്ത പഞ്ജാബി പെണ്‍കുട്ടി. നവീന്‍ ഇത്തിരി ഇരുണ്ട നിറം.നവീനും ദീപ്തിയും ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ ഇന്റര്‍ വ്യുവിനു പോയി. നവീന്‍ അവിടെ ജോലിക്ക് കയറി (പിന്നീട് പൈലറ്റ്‌ ആയി). ദീപ്തി ഇന്റര്‍വ്യുവില്‍ പുറത്തായി.ഇപ്പോള്‍ ദീപ്തി ദുബായ് എമിരേറ്റ്സ്ല്‍ എയര്‍ ഹോസ്റെസ്സ് ആയി ജോലിചെയ്യുന്നു. ) അന്ന് ആ മാനേജര്‍ പറഞ്ഞത് വെളുപ്പ്‌ കുറഞ്ഞ നവീന്‍ ഇപ്പോഴും സങ്കടത്തോടെ ഓര്‍ക്കുന്നു..) ആളുകളുടെ ഓരോ വിചാരങ്ങള്‍...