അനില്‍
ഓര്‍മ്മകളുടെ ജാലകങ്ങള്‍ ഓരോന്നായി തുറന്നു തരികയാണ്. ഞാന്‍ അതിലൂടെ നോക്കുകയും. നാടു
വിട്ടവന്റെ ,
മറ്റൊരു
നാട്ടില്‍ ജീവിതം തുന്നിയെടുക്കുന്നവന്റെ വേദനിപ്പിക്കുന്ന അഭിമുഖ കാഴ്ചകളാണ്
ഈ ജാലകങ്ങള്‍ക്കുള്ളില്‍ നിറയെ ...
സ്വാസ്ഥ്യം
കെടുത്തുന്ന പല ദൃശ്യങ്ങളും ഈ പുസ്തകത്തിലുണ്ട്. പലപ്പോഴും തീക്ഷ്ണമായ ചെഞ്ചായം
പുരണ്ട വഴിത്താരകള്‍ ശ്വാസം മുട്ടിച്ചുകൊണ്ട്
നമ്മെ എന്തെല്ലാമോ ഓര്‍മ്മിപ്പിക്കുന്നു. നമ്മള് മറക്കാന്‍ ആഗ്രഹിച്ച
പലതും വേദനയുടെ ഉടലുകളായി നമ്മെ തിന്നു തീര്‍ക്കുന്നു.
പതിനെട്ടു
കഥകളുണ്ട് ഈ പുസ്തകത്തില്‍.
വൈഖരി
എന്ന ആദ്യകഥയിലെ അതി തീവ്രമായ നഷ്ടസ്മൃതികള്‍ ആരുടെയും മിഴികളെ നനയിക്കും വിധം
സ്നിഗ്ദ്ധമായി ആത്മാവിലേക്ക് പെയ്തിറങ്ങുന്നു.
തകര്‍ന്നടിഞ്ഞ ധനുഷ്കോടിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയും മകളും..... കടലാഴങ്ങളിലേക്ക് താഴ്ന്ന് പോയ അനന്തനെക്കുറിച്ചുള്ള അമ്മയുടെ ഓര്‍മ്മകളും..... എത്ര മിഴിവോടെയാണ് തെളിഞ്ഞു വരുന്നത്! സംഭാഷണങ്ങളില്‍ അല്പം നാടകീയത തോന്നുമ്പോഴും കഥ നമ്മെ ആകര്‍ഷിക്കാതിരിക്കുന്നില്ല.
രണ്ടാമത്തെ
കഥ അധികം ആരും വിഷയമാക്കിയിട്ടില്ലാത്ത
മോര്‍ച്ചറിയുടെ പരിസരത്തിലാണ്. പ്രമേയത്തിലെ വ്യത്യസ്തതയും
കഥാപരിചരണവും ശവമുറിയിലെ 358 –ആം നമ്പര്‍ പെട്ടിയെ
ശ്രദ്ധേയമാക്കുന്നു. ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍
സാധിക്കാതെ പോകുന്നവരുടെ പ്രതിനിധിയാണ്
കഥയിലെ റോസയ്യ. ഒറ്റമരക്കൊമ്പില് തൂങ്ങിയാടുന്ന ബസന്തിയും ഇരകള്‍ മാത്രമാവാന്‍
വിധിക്കപ്പെട്ട മേല്‍ വിലാസമില്ലാത്തവരും
സ്വാസ്ഥ്യം കെടുത്തുന്നു. ബഹുരാഷ്ട്രക്കുത്തകകള്‍ ഗോദാവരി
ജില്ലയിലെ പരുത്തികൃഷിക്കാരുടെ
ജീവിതങ്ങളിലേക്കു ദുരിതങ്ങളുടെ
വിത്തുകളെ വിതക്കുന്നതെങ്ങനെയെന്ന് അനില്‍ തന്റെ പ്രതിബദ്ധതയെ വെളിപ്പെടുത്തുന്നുണ്ട്.
എങ്കിലും 358 എന്ന നമ്പര്‍ കാണുമ്പോള്‍ റോസയ്യയില്‍ ഗോദാവരീ തടം നിറയുന്നതെന്തെന്ന് അത്ര വ്യക്തമാവുന്നില്ല.
എരിഞ്ഞടങ്ങാത്ത ചിത ഒരു പ്രവാസിയുടെ ഹൃദയനൊമ്പരമാണ്. അവസാനമായി
സ്വന്തം അമ്മയുടെ മുഖമൊന്ന് കാണാന്‍ സാധിക്കാതെ വേദന കൊണ്ട് പൊട്ടിപ്പിളരുന്ന മകന്റെ
ദുഖം ഈ കഥയിലെ വലിയൊരു കണ്ണീര്‍പ്പാടാണ്. ഒരു പ്രവാസിക്കു മാത്രമേ
ഈ വേദനയുടെ ലാവയെ ഇത്രമാത്രം ഉള്‍ച്ചൂടോടെ കോരിയൊഴിക്കുവാന്‍ കഴിയൂ.
പാപസങ്കീര്‍ത്തനം
എന്ന കഥ വായിച്ച് എത്രമാത്രം അസ്വസ്ഥയായെന്ന് വിവരിക്കാന്‍ കഴിയില്ല.
മനുഷ്യമനസ്സിന് പിശാചിന്റെ മുഖച്ഛായ ഇത്ര എളുപ്പത്തില്‍ കൈവരുമെന്ന് അനില്‍ എഴുതുമ്പോള്‍ വായന
മരവിച്ചു നില്ക്കുന്നു. കഥ ഇക്കാലത്തിന്റെയോ
പാശ്ചാത്യ സംസ്ക്കാരസ്വാധീനത്തിന്റെയോ ഒന്നുമല്ലെന്ന് സ്ത്രീകള്‍ തീര്‍ച്ചയായും തിരിച്ചറിയും. കാരണം
കഥയിലെ അച്ഛനെപ്പോലെ അരുതിലേക്ക് കടന്നു കയറുന്നവര്‍ എന്നും
പ്രപഞ്ചത്തില്‍ ഉണ്ടായിരുന്നു. അമ്മയും മകളും കഥയിലെ അച്ഛനെ ഉപേക്ഷിച്ചതു പോലെ അത്ര എളു
പ്പത്തില്‍ സാധാരണ ബന്ധങ്ങള്‍ പറിച്ചെറിയപ്പെടുകയില്ലെന്നോര്‍ക്കുമ്പോള്‍ നെഞ്ചു പൊടിയുകയും ചെയ്യുന്നു. ഒരു കഥയായി
മാത്രം ഒരിക്കലും വായിച്ചവസാനിപ്പിക്കാന്‍ കഴിയാത്ത പ്രമേയമാണിത്. ഒരുപക്ഷെ, ഈ കഥാ സമാഹാരത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ കഥ ഇതായിരിക്കുമെന്നു തോന്നുന്നു.
മേഘമായ
മധു മാത്യൂസ് പ്രത്യേകതകളുള്ള ഒരു കഥയാണ്.
സ്ത്രീ പുരുഷ സൌഹൃദം
എങ്ങനെയൊക്കയാവാമെന്ന് വളരെ വാചാലമായി അനുവാചകനോട് ചര്‍ച്ച ചെയ്യുന്ന കഥ.
നായകന് പലപ്പോഴും അതിവാചാലതയിലേക്ക് ഊര്‍ന്നു വീഴുന്നുണ്ടെങ്കിലും കഥയുടെ പിരിമുറുക്കം നിലനിറുത്താനും ഊഷ്മളമായ ഒരു സുഹൃത്ബന്ധത്തെ അനാവരണം ചെയ്യാനും അനില്‍
മിടുക്കു കാണിക്കുന്നു. വിദൂരതയില്‍
നിന്നൊഴുകി വരുന്ന ഒരു വിഷാദ ഗാനം
പോലെയാണീ കഥ.
അമ്മ
എന്ന കഥ വളരെ ഹൃദയസ്പര്‍ശിയാണ്. അനാഥമാകുന്ന വൃദ്ധ മാതൃത്വങ്ങള് ഇന്നൊരു സാധാരണ സംഭവം മാത്രം. എത്ര അനുഭവങ്ങള്‍
വേണമെങ്കിലും നമുക്ക് ചുറ്റുമുണ്ടാകും. .
ചുമക്കാന്‍ അസൌകര്യം തോന്നുന്ന എന്തിനേയും
വഴിയരികില്‍ വലിച്ചെറിയാന്‍ പാകത്തില്‍ ഏക ദിശയില്‍ ചിന്തിക്കുന്നവരാണ്
എന്തുകൊണ്ടോ ഇപ്പോള്‍ പലരും. മഹാഭാരതത്തില്‍, മക്കള്‍ പോയ
ജന്മത്തിലെ ശത്രുക്കളാണെന്ന്
സഞ്ജയന് ധൃതരാഷ്ട്രരോട് പറയുന്നത്
കാലാതിവര്‍ത്തിയായ ഒരു നിത്യസത്യമാവാനേ വഴിയുള്ളൂ. കഥയിലെ അമ്മ അല്പം കൃത്രിമത്വത്തോടെ
സംസാരിക്കുന്നതായി തോന്നുമെന്ന ചില്ലറ കുറവ് ഒഴിവാക്കിയാല്‍ അതി മനോഹരമായി
എഴുതപ്പെട്ട ഒരു രചനയാണിത്. പ്രത്യേകിച്ച്
കഥയുടെ അവസാന ഭാഗം.
ഗ്രീഷ്മം
പേരു പോലെ തൊഴിലില്ലാതാകുന്ന പ്രവാസിയുടെ വേനല്‍
ലോകമാണ്. അവിടെ തണുപ്പിന്റെ
പച്ചപ്പില്ല. ആ ആധി
നെഞ്ചുരുക്കത്തോടെ ഈ കഥയില്‍
പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തിന്റെ ഭാഷയില്‍ എഴുതപ്പെട്ട ഈ വേദനയുടെ
വരികള്‍ വായനക്കാരുടെ ഉള്ളുലച്ചു കളയുന്നു. ഗ്രീഷ്മമെന്ന ഈ വാക്കിന്റെ അര്‍ഥമെന്താണ്? അതു ഉള്ളിലുയര്‍ത്തുന്ന ചിത്രമെന്താണ്? ആവിയുയരുന്ന ഒരു
പകലിനു മേല്‍ ഉഷ്ണം വിതറുന്ന രാത്രിയുടെ പുകയുന്ന
ചിത്രം... കഥയ്ക്ക് ഗ്രീഷ്മമെന്ന പേര്
അന്വര്‍ഥമാവുന്നതങ്ങനെയാണ്. കഥാപാത്രങ്ങള്‍ക്ക് പേരില്ലാത്തതുകൊണ്ട് അവരില്‍
ഞാനും നിങ്ങളും വളരെ എളുപ്പത്തില്‍ പ്രതിഫലിക്കുന്നു.
കണ്ണുകള്‍
ഒരു കുഞ്ഞു കഥയാണ്. നേത്ര ദാനം
മഹാദാനമെന്ന് അനുവാചകനോട് ലളിതമായി, എന്നാല്‍ ഹൃദയസ്പര്‍ശിയായി ഉപദേശിക്കുന്ന കഥ. പെട്ടെന്ന് കഥയെ അങ്ങോട്ട് ഇടിച്ചു നിറുത്തിയ പോലെ
ഒരു അവസാനമായിപ്പോയി എന്നതൊഴിച്ചാല്‍ നല്ലൊരു സന്ദേശം നല്കുന്ന കഥയാണിത്. ആണ് ജന്മം വേണമെന്നും തിളങ്ങുന്ന മിഴികളുള്ള അമ്മു എന്നൊരു പെണ്‍കുട്ടിയെ ഒരിക്കലെങ്കിലും ഒന്നു പെണ്ണു കാണമെന്നും എനിക്ക് ആശ തോന്നിപ്പോയ ഒരു മനോഹര പെണ്ണുകാണല്‍ വിവരണമുണ്ട് ഈ കഥയില്‍, അതും രണ്ടു മൂന്നു വരികളില്‍
ഒതുക്കിയ ഒരു വിവരണം .
ഊന്നുവടികള്‍
എന്ന്
പേരുള്ള കഥയില്‍ പരസ്പരം
ഊന്നുവടികളാവുന്ന വാര്‍ദ്ധക്യത്തിന്റെ, സാറമ്മയുടെയും സാറച്ഛന്റേയും ജീവിതമാണ് അനില്‍ എഴുതുന്നത് . കുട്ടികളെ നോക്കി വളര്‍ത്തുകയും അവര്‍ മുതിര്‍ന്ന്
അവരുടെ ജീവിതത്തിലേക്ക് കടന്നു പോവുകയും
ചെയ്യുമ്പോള്‍ ഒറ്റപ്പെടുന്ന വാര്‍ദ്ധക്യം.
യൌവനത്തിന്റെ സാമീപ്യവും കരുതലുമാണ്
ശൈശവത്തിന്റേതെന്ന പോലെ വാര്‍ദ്ധക്യത്തിന്റേയും സുരക്ഷിതത്വം. തിരക്കുകളില്‍ കേമപ്പെടുന്ന യൌവനം പലപ്പോഴും ആ സത്യം
തിരിച്ചറിയാറില്ല. തിരിച്ചറിയും വരെ കാത്തു നില്ക്കാന് വാര്‍ദ്ധക്യത്തിനു അവസരവുമുണ്ടാവില്ല.
പ്രസിദ്ധ
നിരൂപകനായ ശ്രീ എം കെ ഹരികുമാര്‍ ഉചിതമായ
അവതാരികയിലൂടെ ഈ പുസ്തകത്തെ
അലങ്കരിച്ചിട്ടുണ്ട്. പോയ കാല ഓര്‍മ്മകളെ ആയുധമാക്കി വര്‍ത്തമാനകാലത്തെ
നേരിടുന്നതിനെപ്പറ്റി അവതാരികയില്‍ എഴുതുന്ന അദ്ദേഹം അനിലിന്റെ രചനാപരമായ
പ്രത്യേകതയായി ഓര്‍മ്മകളെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
പുസ്തകത്തിലെ
എല്ലാ കഥകളേയും,അല്ലെങ്കില്‍ എല്ലാ
പേജുകളെയും അങ്ങനെ വിശദമായി പരിചയപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ചിത്രം
കണ്ടും പുസ്തകം വായിച്ചും അറിയണം
എന്നാണല്ലോ മഹദ് വചനം. ചിത്രം വെറുതേ
കണ്ടാല്‍ പോരാ സുക്ഷ്മമായി കാണണമെന്നും പുസ്തകം വെറുതേ
വായിച്ചാല്‍ പോരാ നല്ലവണ്ണം മനനം
ചെയ്യണമെന്നുമാണ് ആ വചനത്തിന്റെ പൊരുള്‍. അതുകൊണ്ട്
ഓരോ വായനക്കാര്‍ക്കും
പറയാനുള്ളത് അവരവര്‍ വായിച്ചതിന്റേയും മനനം ചെയ്തതിന്റെയും അനുഭവങ്ങളായിരിക്കും.
അല്ലെങ്കില്‍ ആയിരിക്കണം......
മനോഹരമായ
രൂപകല്പനയോടെ തയാറാക്കിയ ഈ പുസ്തകം പ്രസാധനം
ചെയ്തത് ഫേബിയന്‍ ബുക്സാണ്.
ഒറ്റയിരുപ്പില്‍
വായിച്ച് അവസാനിപ്പിക്കുവാന്‍ സാധിക്കുന്ന ലളിതമായ കഥകളല്ല അനിലിന്റെ. ഈ
പുസ്തകത്തിലെ എല്ലാ കഥകളും അങ്ങനെയാണെന്ന് പറയുന്നില്ലെങ്കിലും വായനയ്ക്കു ശേഷവും
ഒരു നീറ്റലായി വേദനയായി ഉള്ളിലൂറുന്ന വരികള്‍
സ്വാഭാവികതയോടെ എഴുതാന്‍ അനിലിനു സാധിക്കുന്നുണ്ട്. ഇനിയും കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുവാന്‍ തീര്‍ച്ചയായും
വായനക്കാര്‍ക്ക് അവകാശമുണ്ടെന്ന തോന്നല്‍ പകരുന്ന ഒരു കഥാകൃത്താണ് അനില്‍.
നിരവധി
കഥാപുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള അനിലിന്റെ കഥകള്‍ വൈഖരി http://www.manimanthranam.blogspot.ae/ എന്ന ബ്ലോഗിലും വായിക്കാം.
23 comments:
ന്ല്ല പരിചയപ്പെടുത്തല്‍....
‘വൈഖരി‘ വായിക്കാന്‍ കൊതിപ്പിക്കുന്നത്....
കിട്ടുമായിരിക്കും.
അനിലേട്ടനെ ഒന്ന് വിളിച്ച് നോക്കട്ടെ :)
വൈഖരിയെ കുറിച്ച് നിറയെ കേട്ടിരിക്കുന്നു. ഇന്നുവരെ വായിക്കാനൊത്തിട്ടില്ല. ഇപ്പോൾ, കല ചേച്ചിയുടെ 'പ്രകോപനം' കൂടിയാകുമ്പോൾ വായിക്കാതെ വയ്യെന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.
ചേച്ചി പറയുന്ന 'ഓർമ്മ'യാണ് പുസ്തകത്തിലെ പ്രതിപാദ്യമെങ്കിൽ,,, " മറവികൾക്ക് മേൽ ഓർമ്മകൾ നടത്തുന്ന പോരാട്ടമാണ് ജീവിതമെന്ന്" ഞാനെവിടെയോ വായിച്ചിട്ടുണ്ട്. അപ്പോൾ, ഓർമ്മകൾ ചർച്ചയാകുന്ന 'വൈഖരി'യിൽ ജീവിതം ഉണ്ടാകുമെന്ന് തീർച്ച.!
എന്തായാലും വായനക്ക് ശേഷം കൂടുതൽ എന്തെങ്കിലും പറയാൻ ആകുമെന്ന് കരുതുന്നു.
പരിചയപെടുത്തല്‍ വൈഖരിയിലേക്ക് അടുപ്പിക്കുന്നു .
ഷാര്‍ജാ പുസ്തകോത്സവത്തില്‍ വച്ച് പ്രിയപ്പെട്ട അനിലെട്ടന്റെ കയ്യപ്പോടെ നേരിട്ട് വാങ്ങിയ പുസ്തകം.
ചില കഥകള്‍ മുന്‍പേ വായിച്ചിരുന്നു. പുസ്തകപ്രകാശനത്തിനു ശേഷം ബ്ലോഗില്‍ എഴുതിയ കഥകള്‍ വളരെ മികച്ചതാണ്.
ആത്മാര്‍ഥമായ ഈ പരിചയപ്പെടുത്തല്‍ അദ്ദേഹത്തിലെ നല്ല എഴുത്തുകാരനെ കൂടുതല്‍ ആളുകള്‍ക്ക് പരിചിതമാക്കും എന്ന് വിശ്വസിക്കുന്നു.
നന്നായി എച്ചുമു ഈ എഴുത്ത്. അനിലിന്റെ കഥകള്‍ 'കൂട്ട'ത്തില്‍ വെച്ചേ എനിക്ക് പരിചയമാണ്. ആശംസകള്‍
വൈഖരിയോ , അതേ കഥകൾ ഉൾപെടുന്ന ബ്ലോഗോ വായിക്കാൻ കഴിഞ്ഞിട്ടില്ല . എന്തായാലും പുസ്തകം കിട്ടുമോ എന്ന് നോക്കട്ടെ . വായിക്കാൻ മോഹിപ്പിക്കുന്ന അവലോകനം എച്മൂ ..
അദ്ദേഹത്തിന്റെ എഴുത്തുകൾ പലപ്പോഴായി ബ്ലോഗിൽ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്..
പുസ്തകം അന്വേഷിക്കണം..
നന്ദി ട്ടൊ, ഈ പരിചയപ്പെടുത്തലിനു..!
വായിക്കണം... ബുക്ക് എന്ന് കിട്ടുമെന്ന് അറിയില്ല..
പുസ്തകം പരിചയപ്പെടുത്തിയത്തില്‍ സന്തോഷം...നന്ദി
ഈ പുസ്തക പരിചയം വളരെ നന്നായി. അനിൽ മാഷുടെ കഥകൾ വൈഖരിയിൽ വായിക്കാറുണ്ട്.
വളരെ നന്ദി എഛ്മൂട്ടി..
നല്ല കഥാകാരനാണ് അനില്‍ കുമാര്‍. വൈഖരിയിലെ കഥകള്‍ വായിക്കാറുണ്ട്. നല്ല ഒരു വായന ഉറപ്പാണ്.....
പുസ്തകം ഇതുവരെ കിട്ടിയിട്ടില്ല. തപ്പിയെടുത്ത് വായിക്കണം. അനിലിന്റെ കഥകള്‍ക്ക് നല്ലൊരു മുഖവുരയാണ് എച്ചുമു നല്‍കിയത്......
പരിചയപെടുത്തലിലൂടെ വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് ,
സമയമെന്ന് പറയുന്നത് ഒന്നിനും തികയുന്നില്ല ..
വായന ഇല്ലാണ്ടായിരിക്കുന്നു എന്ന് തന്നെ പറയാം .
സ്വസ്ഥമായ അന്തരീക്ഷത്തിലേ വായനക്ക്
മനസ്സ് വല്ലാണ്ട് കൊതിക്കുന്നുണ്ട് , ഈയടുത്തായി
എല്ലാ വായനകളും നാട്ടില്‍ വച്ചുള്ള യാത്രകളില്‍ മാത്രമാണ് .
നന്നായി വായിക്കുവാന്‍ പറ്റുന്നതും , അതിനെ കുറിച്ചെഴുതാന്‍
കഴിയുന്നതും ഭാഗ്യം തന്നെ , ഒരൊ പരിചയപെടുത്തലും
ഓര്‍ത്ത് വയ്ക്കുന്നുണ്ട് പലരുടെയും , സമയം കിട്ടുമ്പൊള്‍
എല്ലാത്തിലൂടെയും കടന്ന് പൊകാം എന്ന പ്രതീക്ഷ മാത്രം
അറിഞ്ഞ വരികളേ , അതിനേക്കാള്‍ തീവ്രമായി പകര്‍ത്തി വച്ചു ..
അനില്‍ പാകത വന്ന കഥാകാരനാണ്
എച്മുവിന്റെ അവലോകനം മനോഹരവും
ആശംസകൾ...അനിലിനും...കലയ്ക്കും.........
ഏത് പുസ്തകവും വെറുതേ
വായിച്ചാല്‍ പോരാ നല്ലവണ്ണം
മനനം ചെയ്യണമെന്നുമാണ് ആ വചനത്തിന്റെ പൊരുള്‍. അതുകൊണ്ട് ഓരോ വായനക്കാര്‍ക്കും പറയാനുള്ളത് അവരവര്‍ വായിച്ചതിന്റേയും മനനം ചെയ്തതിന്റെയും അനുഭവങ്ങളായിരിക്കും. അല്ലെങ്കില്‍ ആയിരിക്കണം....
വൈഖരിയിൽ കൂടി
അനിൽ കുമാറിനെ അറിയാമെങ്കിലും
ഒരു കഥാകാരിയുടെ കാഴ്ച്ചപ്പാടിലൂടെയുള്ള
ഈ നോക്കിക്കാണൽ നന്നായിട്ടുണ്ട് കേട്ടൊ
എച്ചുമുവിന്റെ പരിചയപ്പെടുത്തൽ കവിത പോലെ സുന്ദരം
വായിച്ച എന്റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി...
നന്ദിയുടെ ഔപചാരികത ഒഴിവാക്കുന്നു എച്മു.:)
ഒപ്പം ബുക്കിനേ കുറിച്ച് അഭിപ്രായങ്ങൾ എഴുതിയ കൂട്ടുകാരേയും സന്തോഷം അറിയിക്കുന്നു.
വായിച്ചില്ല. സൌകര്യം പോലെ വാങ്ങി വായിക്കണം.
അതിമനോഹരമായ കഥകളെ ക്രാഫ്റ്റ് ചെയ്യുന്നതിൽ വല്ലാത്ത മികവ് കാണിക്കുന്ന എഴുത്തുകാരനാണ് അനിലേട്ടൻ.
മൃദുഭാഷിയും പൊതുവേ മൗനിയുമായ ഈകഥയെഴുത്തുകാരൻ തന്റെ തൂലിക കൊണ്ട് ഓർമ്മകളെ വാചാലമായി വരച്ചിടുന്നത് അതിമനോഹരമായാണ്.
ഈ പുസ്തകം ഇനിയും വായിക്കാനിരിക്കുന്നു.
പരിചയപ്പെടുത്തല്‍ നന്നായി.
വായിപ്പിക്കാന്‍ താല്പര്യം ജനിപ്പിക്കുന്നു.
നോക്കട്ടെ.......
ആശംസകള്‍
നല്ല നിരീക്ഷണം ........
വായിച്ച എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി നന്ദി.
Post a Comment