തങ്ങളേക്കാള്‍ വയസ്സിനു മുതിര്‍ന്നവരെ
ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും കുഞ്ഞുങ്ങളോട് എല്ലാവരും പൊതുവായി പറഞ്ഞുകൊടുക്കാറുണ്ട്. സൂക്ഷ്മമായി
പറയുമ്പോള്‍ അധ്യാപകരെയും
മതാചാര്യന്മാരെയും മറ്റ് ഉയര്‍ന്ന
ഉദ്യോഗസ്ഥരേയും വ്യവസായ വ്യാപാരപ്രമുഖരേയും എന്നിങ്ങനെ എണ്ണമിട്ട് സമൂഹത്തിന്റെ ഉന്നത ശ്രേണികളിലെത്തുന്നവരെ മാത്രമാണ് ആദരവിനും ബഹുമാനത്തിനും അര്‍ഹതയുള്ളവരായി
നമ്മള് കുട്ടികള്‍ക്ക് പരിചയപ്പെടുത്താറ്. ഇങ്ങനെ കള്ളി തിരിച്ച് വലുപ്പത്തേയും
പ്രാധാന്യത്തേയും കുറിച്ച് പറഞ്ഞു
പഠിപ്പിക്കുന്നതുകൊണ്ടാവുമോ എന്തോ ഒരു
കള്ളിയിലും പെടുത്താനാകാത്ത വെറും സാധാരണക്കാരായ
മനുഷ്യരെ ആദരിക്കുകയോ
ബഹുമാനിക്കുകയോ ഒന്നും ചെയ്തില്ലെങ്കിലും അവരെ പരിഗണിക്കുക പോലും ആവശ്യമില്ലെന്ന നിലപാടിലേക്ക് നമ്മളും നമ്മുടെ പുതിയ
തലമുറയും എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്?
ഈയിടെ പ്രധാനപ്പെട്ട ഒരു
നഗരത്തിലെ റെയില്‍ വേ സ്റ്റേഷനിലായിരുന്നു എന്നെ വല്ലാതെ
വേദനിപ്പിച്ച ആ ദൃശ്യം. വളരെ ഭാരമുള്ള പെട്ടികളും പിടിച്ച് കൂന്നു കൂന്നു നടക്കുന്ന ഏകാകിനിയായ വൃദ്ധയെ
നമ്മുടെ യുവകോമളരും തികഞ്ഞ
പരിഷ്ക്കാരികളും ആയ ആണ്‍കുട്ടികള്‍ക്കും
പെണ്‍കുട്ടികള്‍ക്കും കാണാനേ കഴിയുന്നുണ്ടായിരുന്നില്ല. കിതച്ച് കിതച്ച് കോണിപ്പടികള്‍ കയറുന്ന ആ വൃദ്ധയെ ഒന്ന്
സഹായിക്കണമോ എന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആര്‍ക്കും മനസ്സു വരുന്നുണ്ടായിരുന്നില്ല. “ അമ്മൂമ്മേ!
ഞാന്‍ എടുക്കാം പെട്ടികള്‍ “ എന്ന
വാഗ്ദാനവുമായി സഹായഹസ്തം നീട്ടുന്ന
ചെറുപ്പക്കാരെ ഞാന്‍ തീര്‍ച്ചയായും
പ്രതീക്ഷിച്ചു. സ്വന്തം ജീവിതത്തിന്റെ
അസഹ്യമായ ഭാരവും ഏകാന്തതയുമായി അവര്‍
മെല്ലെ മെല്ലെ നിന്നും ഇരുന്നും ഓരോരോ
പടികളായി കയറിക്കൊണ്ടിരുന്നതല്ലാതെ ആരും അവരെ അന്വേഷിച്ച് വരികയുണ്ടായില്ല.
ആവശ്യത്തിനു പണം നല്കാനില്ലാത്തതുകൊണ്ടാവാം പോര്‍ട്ടര്‍മാര്‍ക്കും വൃദ്ധയെ സഹായിക്കാമെന്നൊന്നും തോന്നിയില്ല.
ബസ്സുകളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ പുരുഷന്മാര് ഇരിക്കുന്നതും എഴുന്നേല്ക്കാന്
വിസമ്മതിക്കുന്നതും കാറു വിളിച്ചു പോവാനാവശ്യപ്പെടുന്നതും ഒക്കെ സാധാരണ കാര്യമാണ്. എന്നാല്‍ കുഞ്ഞിനെ ഒക്കത്ത് ചുമക്കുന്ന, ബസ്സിന്റെ കമ്പിത്തൂണില്ച്ചാരി
ആടി ഉലയുന്ന അമ്മയും ബസ്സ് ബ്രേക്കിടുമ്പോള്‍ ഒടിഞ്ഞു വീഴാന്‍ പാകത്തില്‍ അനാരോഗ്യവതിയും വയസ്സിയുമായ അമ്മൂമ്മയും അങ്ങനെ ആരും തന്നെ, തങ്ങള്‍ക്കായുള്ള സീറ്റുകളില്‍ ഉറച്ചിരിക്കുന്ന സ്ത്രീകളുടെ മനസ്സിനെ പോലും പലപ്പോഴും സ്പര്‍ശിക്കാറില്ല. അവര്‍ക്ക് സീറ്റ് നല്കി
എഴുന്നേറ്റു നിന്നാല്‍ പുരുഷന്മാരുടെ
പിച്ചലും തോണ്ടലും സഹിക്കേണ്ടി വരുമെന്നും കഠിനമായ വീട്ടുജോലികള്‍ ചെയ്ത് തങ്ങള്‍ വളരെ ക്ഷീണിതരാണെന്നും ഒക്കെ സ്ത്രീകള്‍ എപ്പോഴും അതിനുള്ള ന്യായങ്ങളായി പറയാറുണ്ടെങ്കിലും, ആരെയെങ്കിലും അങ്ങനെ സഹായിക്കാമെന്നോ പരിഗണിക്കാമെന്നോ അവര്‍ക്കും വിരളമായി തന്നെയേ
തോന്നാറുള്ളൂ.
എല്ലാവര്ക്കും
പ്രത്യക്ഷമായി തന്നെ കൂട്ടുത്തരവാദിത്തമുള്ള കാര്‍ഷിക സംസ്ക്കാരത്തെ മനസ്സില്‍ നിന്നു പോലും കഴിയുന്നത്ര വേഗത്തില്‍ ഇറക്കി വിടുന്നതുകൊണ്ടു
കൂടിയാവുമോ നമ്മള് ഇത്രയധികം താന്നോക്കികള്
ആയിപ്പോകുന്നത് ? മറ്റൊന്നുമില്ലെങ്കിലും മനുഷ്യത്തം
എന്ന പരിഗണന കൂടി നമുക്ക് അന്യമാകുന്നുവോ? കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഫേസ് ബുക്കും മാത്രം മതി എന്നു കരുതുന്ന ഒരു തലമുറയെയാണോ നമ്മള് കഠിനാധ്വാനം
ചെയ്തുവെന്ന് പ്രഘോഷിച്ച് വളര്‍ത്തിയെടുക്കുന്നത്? അവരവരില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നവരും
വേദനിക്കുന്നവരും ഇല്ലെന്ന ഉറച്ച വിശ്വാസത്തിലേക്ക് അതിവേഗം നടന്നടുക്കുന്നവരായി മാറുന്നു നമ്മളെല്ലാവരും തന്നെ. ദരിദ്രരും സഹായം
വേണ്ടവരായ ദുര്‍ബലരും ഒന്നും കേരളത്തില്‍ ഇല്ലെന്നും നമ്മള്
സാധിക്കുമ്പോഴെല്ലാം ഉറക്കെപ്പറയുന്നു.
ഇന്നും വ്യവസായം എന്ന കൃഷി
ചെയ്യുന്ന തമിഴനില്‍ അനുതാപവും
പരിഗണനയും നിലനില്‍ക്കുന്നതുകൊണ്ടാണോ
എന്നറിയില്ല, ഇതുമാതിരിയുള്ള സന്ദര്‍ഭങ്ങളില്‍ കൂടുതല്‍
പരിഗണനാപൂര്‍വമായ ഇടപെടലുകള്‍ അവര്‍
നടത്തുന്നത്. സാധാരണക്കാരുമായി ഇടപഴകേണ്ടി
വരുമ്പോള്‍ അവരുടെ ആ മനോഭാവം കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നത്. കഠിനമായ
വെയിലുമേറ്റ് തെരുവിലൂടെ നടന്നു പോകുന്ന ഒരു നാടോടി പെണ്‍കുട്ടി സാമാന്യം ഭേദപ്പെട്ട പേരുള്ള ഹോട്ടലില്‍ കയറി വന്ന് മേശപ്പുറത്തിരിക്കുന്ന
ജഗ് എടുത്ത് വെള്ളം കുടിക്കുന്നത് തമിഴന് വളരെ സാധാരണയായി കാണുന്നു. അവളുടെ പൊടി
പിടിച്ച കാലുകളും വൃത്തി കുറഞ്ഞ കൈകളും
ചില്ലിക്കാശു പോലും തരാത്ത ആ ജലോപഭോഗവും
തമിഴന്റെ മനസ്സിനെ തീരെ അലട്ടുന്നില്ല. അത് തികച്ചും സ്വാഭാവികമായ ഒരു കാര്യമല്ലേ എന്ന
മട്ടാണ്. “മക്കളേ, കണ്ണു കാണാന്‍ വയ്യ.. ഇഡ്ഡലിക്കടയെവിടെ?” എന്ന് ആരോടെന്നില്ലാതെ ചോദിക്കുന്ന
വൃദ്ധയെ കൈ പിടിച്ച് കടയില്‍ കൊണ്ടിരുത്തുന്നത് കറുത്തിരുണ്ട് യുവകോമളനായ ഒരു കോളേജു കുമാരനാണ്. ആ അമ്മൂമ്മയുടെ ഭാരമുള്ള സഞ്ചിയും
ചുമന്ന് അവരുടെ കൂടെ നടക്കുവാനും അവനു മടിയുണ്ടാകുന്നില്ല. തീവണ്ടിയിലെ
തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരു വയസ്സന് അപ്പൂപ്പനിരിക്കാന് തന്റെ സ്ഥലമൊഴിഞ്ഞു കൊടുത്ത മുല്ലപ്പൂവും മരിക്കൊളുന്തും ചൂടിയ
കറുമ്പിപ്പെണ്ണും തമിഴത്തി തന്നെയായത് തികച്ചും യാദൃച്ഛികമായിരിക്കാം. എങ്കിലും
അവരുടെ ഭാഷാപ്രയോഗങ്ങളില്‍ മാത്രമല്ല, ഇത്തരത്തിലുള്ള സുജനമര്യാദകള്‍ കാണുമ്പോള്‍
അക്കാര്യങ്ങളിലും തമിഴര്‍ കൂടുതല്‍
സാംസ്ക്കാരിക ഔന്നത്യം പലപ്പോഴും പ്രകടിപ്പിക്കുന്നുവോ
എന്ന് നമുക്ക് സംശയം തോന്നിപ്പോകും.
കാരണം എന്തു തന്നെയായാലും നമ്മളും നമ്മുടെ അടുത്ത തലമുറയും
ഒട്ടും കൈമോശം വരാതെ സൂക്ഷിക്കേണ്ട അഥവാ
ശ്രദ്ധക്കുറവിന്റെ ഭാഗമായി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും
തിരിച്ചു പിടിക്കേണ്ട വിലപിടിപ്പുള്ള കരുതല്‍
ധനമാണീ സാംസ്ക്കാരിക ഔന്നത്യമെന്ന് എനിക്കു തോന്നുന്നുണ്ട്. അന്യരോടുള്ള പരിഗണനയും സന്മനസ്സും പ്രകാശം പരത്തുന്ന അപാരമായ മനുഷ്യത്തം കൊണ്ട് ആരും ഒരിക്കലും നശിച്ചു പോകുന്നില്ലെന്നു മാത്രമല്ല, ഇവയൊന്നുമില്ലാത്തതിന്റെ
പേരില്‍ പലപ്പോഴും ഭീതിദമായ പാഠങ്ങള്‍ കഠിന വേദനയോടെ പഠിക്കേണ്ടിയും
വരാറുണ്ട്.
അടുത്ത പ്രാവശ്യം റെയില്‍വേ സ്റ്റേഷനില്‍ കാണുന്ന മസാലച്ചായ വില്പനക്കാരനോട്
ഒരു നന്ദി പറയാനും
തെരുവില്‍ പച്ചക്കറി വില്‍ക്കുന്ന
അമ്മൂമ്മയോട് കുശലം ചോദിക്കാനും ഭിക്ഷ യാചിക്കുന്ന കൊച്ചിനെ
ആട്ടിപ്പായിക്കാതിരിക്കാനും നമുക്ക് ബോധപൂര്‍വം
ശ്രമിക്കാം. നമ്മളെ
അനുകരിക്കുന്ന മക്കളും അപ്പോള്‍
അങ്ങനെ ചെയ്തു തുടങ്ങാതിരിക്കില്ല........
14 comments:
ഹൃദയസ്പര്‍ശിയായൊരു ഓര്‍മ്മപ്പെടുത്തല്‍.
നാം എവിടെയോ കളഞ്ഞുപോയ നന്മമനസ്സിലേയ്ക്ക് ഒന്ന് മടങ്ങിപ്പോയിരുന്നെങ്കില്‍
എച്മുവിന്റെ ചിന്തകള്‍ എന്റേയും ചിന്തകള്‍ തന്നെ
ഇത്തരം നാട്ടുമര്യാദകൾ എവിടെയോ വെച്ച് മലയാളികൾ കളഞ്ഞുകുളിച്ചു,,
ആദ്യവായനയ്ക്കെത്തിയ നല്ല വാക്കുകള്‍ എഴുതിയ അജിത്തേട്ടനു നന്ദി.
മിനിടീച്ചര്‍ക്കും നന്ദി.
ഇതു വായിച്ചപ്പോൾ സത്യമായിട്ടും ആര്യന്മാർ ജർമ്മനിയിൽ നിന്നും വന്നവർ ആണെന്നു തന്നെ തോന്നി
ആ ഉണക്കസംസ്കാരം ഉണ്ടാക്കി വച്ച തീണ്ടലും തൊടീലും - കൊറെ നമ്പൂരിയും ബ്രാഹ്മണനും
തമിഴർ ദ്രാവിഡർ ആണെന്നല്ലെ സങ്കല്പം. അതായിരിക്കും അവരുടെ മനസിൽ ഈ നന്മ
ഇവിടെ വടക്കെ ഇന്ത്യയിൽ ഒരു ഹോട്ടലിൽ ആ പെൺകുട്ടി ഒന്നു വെള്ളം കുടിക്കട്ടെ അപ്പൊ കാണാം കളി
""നമ്മളും നമ്മുടെ അടുത്ത തലമുറയും ഒട്ടും കൈമോശം വരാതെ സൂക്ഷിക്കേണ്ട അഥവാ ശ്രദ്ധക്കുറവിന്റെ ഭാഗമായി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും തിരിച്ചു പിടിക്കേണ്ട വിലപിടിപ്പുള്ള കരുതല്‍ ധനമാണീ സാംസ്ക്കാരിക ഔന്നത്യമെന്ന് എനിക്കു തോന്നുന്നുണ്ട് "".. എനിക്കും ചേച്ചീ , ആണ് പെണ് വ്യത്യാസമില്ലാതെ അതില്‍ നാം ശ്രദ്ധയൂന്നെണ്ടതുണ്ട് . ഒന്നിനും സമയമില്ലാതെ പായുന്ന , അല്ലെങ്കില്‍ മിഴികള്‍ കൊടുക്കാതെ സ്വന്തം സുഖം മാത്രം നോക്കുന്ന ഞാന്‍ ഉള്‍പെട്ട സമൂഹം ഒന്നു തിരിഞ്ഞ് നോക്കുക തന്നെ വേണം , ഒരിറ്റ് തിരികേ എന്തെങ്കിലുമൊരു സഹായം ലഭിക്കാതെ ഒന്നും നല്കനാവാത്ത മനസ്സ് നമ്മള് എവിടെന്നൊ സൃഷ്ടിച്ചെടുത്തിരിക്കുന്നു . അച്ഛനും , അമ്മയും കുട്ടികളുമായുള്ള അന്തരം തന്നെ വര്‍ദ്ധിച്ചിരിക്കുന്നു , കുടുബംത്തില്‍ തന്നെ ആ സ്നേഹനിറങ്ങളില്ലാതെയാകുന്നു . അമ്മൂമ്മമാരും അപ്പുപ്പന്മാരെയും കാണാതെ വളരുന്ന അവര്‍ക്ക് എവിടെന്നാണ് അത്തരം ചിന്തകളുണ്ടാകുക . സ്വാര്‍ത്ഥമനസ്സുകള്‍ രൂപപെടുത്താന്‍ കുഞ്ഞിലേ കുത്തി വയ്ക്കുന്നത് പുതിയ തലമുറയിലേ മാതാപിതാക്കള്‍ തന്നെ .
നല്ല ലേഖനം എച്ച്മു ചേച്ചീ . മനസ്സിരുത്തി വായിക്കേണ്ട ഒന്ന് , പ്രാവര്‍ത്തികമാക്കേണ്ട ഒന്ന് .
തമിഴർ പൊതുവെ വൈകാരികതയും ആർജ്ജവവും കൂടിയവരാണ് .അവരുടെ എല്ലാ ആവിഷ്കാരങ്ങളിലും (ജീവിതത്തിലും കലയിലും സാഹിത്യത്തിലും )എല്ലാം അത് പ്രകടമാണ് .പക്ഷെ മലയാളിക്ക് അതും അവരെ പുഛചിക്കാനുള്ള കാരണങ്ങളിൽ ഒന്നുമാത്രം .നേതാക്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ ലോകത്ത് എവിടെയുമുണ്ട് ,നേതാവിനോടൊപ്പം മരിക്കാൻ പോലും തയ്യാറുള്ളവൻ തമിഴകത്ത് മാത്രം
ഇന്‍ഡ്യാ ഹെറിട്ടേജിനറിയാമല്ലോ എന്തു കളിയാവും അവിടെ ഉണ്ടാവുകയെന്ന്... ആ കളി കണ്ടിട്ടും ഉണ്ടാവും..
റിനിയ്ക്ക് നന്ദി...
മറ്റൊരാള്‍ക്കും നന്ദി.. പറഞ്ഞത് ശരിയാണ്... നേതാവിനൊപ്പ്മ് മരിക്കാന്‍ തമിഴനേ കഴിയൂ...
തമിഴ് സമൂഹത്തെക്കുറിച്ച് എച്ചുമു പറഞ്ഞത് നൂറ് ശതമാനവും അംഗീകരിക്കുന്നു.എനിക്ക് പലപ്പോഴും തോന്നിയ കാര്യം തന്നെയാണ് പറഞ്ഞത്. അണ്ണാച്ചി എന്നു പറഞ്ഞ് തമിഴരെ പുച്ഛിക്കുന്ന മലയാളികളോട് പലപ്പോഴും നീരസം തോന്നിയിട്ടുണ്ട്...
സുജന മര്യാദകൾ ഓരോ ദേശക്കാർക്കും ഓരോ രീതിയാണെന്ന് തോന്നുന്നു. ഡൽഹിയിൽ വഴി ചോദിച്ചാൽ തെറ്റായ വഴി പറഞ്ഞു തരും എന്ന് കേട്ടിട്ടുണ്ട്. ബോംബെ ഫോർട്ടിൽ നമ്മൾ വഴി ചോദിച്ചാൽ അവർ ഇരിക്കുന്നതിന് എതിരേ ചൂണ്ടികാണിക്കും. നമ്മുടെ ഒപ്പം വന്ന് നമ്മെ എത്തേണ്ടിടത്ത് എത്തിക്കുന്നവരും ചില ദേശങ്ങളിൽ ഉണ്ട്. എറണാകുളം സ്റ്റേഷനിൽ വെച്ച് ട്രെയിൻ സമയം ചോദിച്ചപ്പോൾ ഒരു ഉദ്യോഗസ്ഥൻ തെറ്റായ സമയം പറഞ്ഞു തന്നു. കുറച്ചു കഴിഞ്ഞ് തിക്കും തിരക്കിലും എന്നെ തേടിവന്നു അയാൾ. ഞാൻ പറഞ്ഞത് തെറ്റായി പോയെന്നും ഇപ്പോൾ ആ ട്രെയിൻ ഇല്ലെന്നും പറഞ്ഞു. വൃദ്ധരും അശരണരും പൊതു ശല്യമായി കാണുന്നവരാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. ദരിദ്രരെ തന്നെ നീക്കം ചെയ്യാൻ ആണല്ലോ ഭരണകൂടങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. മലയാളികൾ പഴയ സവർണ്ണ മനോഭാവം മനസ്സില്‍ പേറുന്നവരാണ്. തീണ്ടൽ അവന്റെ മനസ്സിൽ നിന്നും മാറിയിട്ടില്ല. അമേരിക്കയിൽ ജനിക്കാതെ നശിച്ച കേരളത്തിൽ ജനിച്ചു പോയതിൽ ദുഖിക്കുന്നവരും കുറവല്ല.
നാട്ടുമര്യാദകൾ മലയാളികൾക്കുള്ള ഒരു ബോധവൽക്കരണമാകട്ടേ ഈ ആലേഖനം
നല്ലൊരു ബോധവൽക്കരണം തന്നെ.
പണിക്കർജി പറഞ്ഞതുപോലെ ദ്രാവിഡസംസ്കാരമായതുകൊണ്ടാകും തമിഴന്മാർക് വലുപ്പച്ചെറുപ്പം തോന്നാത്തത് എന്ന് തീർത്തു പറയാനാവില്ല. തമിഴ് നാട്ടിൽ ഹരിജനങ്ങൾക്ക് വഴി നടക്കാൻ പോലും സാധിക്കാത്ത ഗ്രാമങ്ങൾ ഇപ്പോഴുമുണ്ടെന്ന് എവിടെയോ വായിച്ചതോർക്കുന്നു.
ബോംബെയിൽ പണ്ട് ചേരികൾ ഒഴിപ്പിക്കാൻ ഒരു പരിപാടി നടത്തിയിരുന്നത് ഓർക്കുന്നുണ്ടല്ലൊ അല്ലെ?
പെട്ടെന്നു തന്നെ നടത്തിപ്പുകാർക്ക് ബോദ്ധ്യമായി - പണക്കാരുടെ തീട്ടം കോരണം എങ്കിൽ ചേരികൾ അതുപോലെ തന്നെ ഉണ്ടാകണം എന്ന്
അതു കൊണ്ടു തന്നെ ആ പരിപാടിയും അവസാനിച്ചു
അതും ഓർമ്മയുണ്ടല്ലൊ അല്ലെ?
അടിസ്ഥാനപ്രശ്നം അതു തന്നെ ആണ്.
പണമുള്ളവർ ഒരുക്കുന്ന കെണികളിൽ ജാതിയും മതവും മുതലാളിയും തൊഴിലാളിയും എല്ലാം കിടന്ന് ആടി തിമർക്കുന്നു
അത് തമിഴായാലും മലയാളമായാലും അമേരിക്ക ആയാലും ഇറാക്കായാലും എല്ലാം ഒന്നു തന്നെ
പക്ഷെ ഇതൊന്നും മനസിലാവാൻ - അനുഭവിക്കാൻ വിധിക്കപ്പെട്ടവർക്ക് ബോധം ഇല്ല എന്നത് വിധിയാണൊ കർമ്മഫലമാണൊ അതൊ ഇനി അതും പണക്കാരുടെ കളിയാണൊ?
നല്ല ചിന്തകള്‍.
മക്കളെ കൊമ്പത്തെത്തിക്കാനുള്ള തന്ത്രപ്പാടില്‍ 'പഴഞ്ചന്‍'മര്യാദകളെ
പുശ്ചിച്ച്തള്ളിക്കൊണ്ട് വളര്‍ത്തിവലുതാക്കുന്ന മാതാപിതാക്കളാണ് അധികവും...
അപ്പോള്‍ വേണ്ടത്.......
ആശംസകള്‍
Good One...!
Post a Comment